ദിശ

നേരിനെ തേടുന്നവര്‍ക്കും നേരിന്റെ വഴിയില്‍ നടക്കുന്നവര്‍ക്കും …

ഇബ്നു ഖല്‍ദൂനും ആധുനിക സാമ്പത്തികശാസ്ത്രവും

ഇബ്നു ഖല്‍ദൂനും ആധുനിക സാമ്പത്തികശാസ്ത്രവും

ആധുibn-khaldun_200_200നിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിറവി 18-ാം നൂറ്റാണ്ടിലാണെന്നാണ് ലോകത്തെങ്ങുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിപ്പിക്കപ്പെടുന്നത്. 1776-ല്‍ പ്രസിദ്ധീകരിച്ച ‘വെല്‍ത്ത് ഓഫ് നേഷന്‍സ്'(An enquiry in to the nature and causes of wealth of nations എന്നാണ് മുഴുവന്‍ പേര്) എന്ന കൃതിയെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയ രീതിയില്‍ വിശകലനം ചെയ്ത ആദ്യഗ്രന്ഥമായും അതിന്റെ കര്‍ത്താവായ ആഡംസ്മിത്തിനെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായും വിശേഷിപ്പിച്ചുവരുന്നു. എന്നാല്‍ വെല്‍ത്ത് ഓഫ് നേഷന്‍സിലും തുടര്‍ന്നു പുറത്തിറങ്ങിയ പല സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രതിപാദിച്ച നിരവധി സിദ്ധാന്തങ്ങളുടെ ഉല്‍ഭവം നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണെന്ന കാര്യം പിന്നീട് ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിറവിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ പുരാതന ഗ്രീക്കിലും റോമിലും അതിലുപരി ഇസ്‌ലാമിക ലോകത്തും ധാരാളം സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നിരവധി ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഒട്ടേറെ സിദ്ധാന്തങ്ങള്‍ക്ക് അടിത്തറപാകുകയും ചെയ്തു. ഇമാം ഗസ്സാലി മുതല്‍ ഇബ്‌നുതൈമിയ്യഃ, ഇബ്‌നുഹസം, ഇബ്‌നു ഖല്‍ദൂന്‍, ശാത്വിബി, അല്‍മഖ്‌രീസി എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.

ക്രി: 14-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളും അവക്ക് ആധുനിക സാമ്പത്തിക ശാസ്ത്രവുമായുള്ള ബന്ധവുമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ക്രി: 1332-ല്‍ തുണീഷ്യയില്‍ ജനിച്ച ഇബ്‌നുഖല്‍ദൂന്‍ (അബ്ദുറഹ്മാന്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നുഖല്‍ദൂന്‍ അല്‍ ഹദ്‌റവി) ക്രി:1406-ല്‍ പരലോകം പ്രാപിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് യഥാര്‍ത്ഥത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ ആണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘വെല്‍ത്ത് ഓഫ് നേഷന്‍സ്’ പ്രസിദ്ധീകരിക്കുന്നതിനും 370 വര്‍ഷം മുമ്പ് മരിച്ച ഇബ്‌നുഖല്‍ദൂന്റെ പല നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും വെല്‍ത്ത് ഓഫ് നേഷന്‍സിലും കാണാവുന്നതാണ്. ഉല്‍പാദനം, ഉപഭോഗം, പ്രദാനം, ചോദനം, ചെലവ്, ഉപയുക്തത, സ്വതന്ത്രകമ്പോളം തുടങ്ങിയ മേഖലയില്‍ ആഡംസ്മിത്ത് പ്രതിപാദിക്കുന്ന അതേ സിദ്ധാന്തങ്ങള്‍ ഇബ്‌നു ഖല്‍ദൂന്റെ മുഖ്യരചനയായ മുഖദ്ദിമഃയിലും കാണാം. പ്രധാനപ്പെട്ട ഏതാനും സംഭാവനകള്‍ മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു.

തൊഴില്‍ മൂല്യസിദ്ധാന്തം (Labour Theory of Value)
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യംപെറ്റി (1623-1687) ആഡംസ്മിത്ത് (1723-1790), ഡേവിഡ് റിക്കാര്‍ഡോ(1772-1823), റോബര്‍ട്ട് മാല്‍തസ്(1766-1834), മാര്‍ക്‌സ് (1818-1883) എന്നിവര്‍ മൂല്യനിര്‍ണയത്തില്‍ തൊഴില്‍ ശക്തിക്കുള്ള പങ്ക് പ്രതിപാദിക്കുന്ന തൊഴില്‍ മൂല്യസിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുണ്ട്. ഏതൊരു സാധനത്തിന്റെയും വിനിമയമൂല്യം അതിലടങ്ങിയ തൊഴില്‍ സമയവും അതിന്റെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആഡംസ്മിത്തിന്റെ സിദ്ധാന്തത്തിന്റെ ഉള്ളടക്കം. മാര്‍ക്‌സ് ഒരുപടികൂടി കടന്ന്, തൊഴിലാളിയാണ് മൂല്യം സൃഷ്ടിക്കുന്നത് എന്നതിനാല്‍ അത് മുഴുവന്‍ അവര്‍ക്ക് തന്നെ അവകാശപ്പെട്ടതാണ് എന്ന് വാദിക്കുകയും മുതലാളി വര്‍ഗം അതില്‍ നിന്ന് ഓഹരിപറ്റുന്നത് ചൂഷണമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് മാര്‍ക്‌സിന്റെ പ്രസിദ്ധമായ മിച്ചമൂല്യ സിദ്ധാന്തം (Surplus Value) മറ്റുമിക്ക സിദ്ധാന്തങ്ങളും ആശയപരമായി ആഡംസ്മിത്തിന്റെതുമായി യോജിക്കുന്നു. ഇബ്‌നുഖല്‍ദൂന്‍, ആഡംസ്മിത്ത് പരാമര്‍ശിച്ച അതേസ്വഭാവത്തില്‍ മുഖദ്ദിമഃയില്‍ ഇത് വിവരിക്കുന്നുണ്ട്. ഇവരണ്ടും താഴെ ചേര്‍ക്കുന്നു.
‘പണംകൊണ്ട് വാങ്ങാന്‍ കഴിയുന്ന വസ്തുക്കള്‍ തൊഴില്‍ ശക്തി ഉപയോഗിച്ചും സ്വന്തമാക്കാം. കാരണം ഏതൊരു സാധനത്തിന്റെയും വിനിമയമൂല്യം അതിലടങ്ങിയ തൊഴില്‍ശക്തിയുടെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുവസ്തു അത്രതന്നെ തൊഴില്‍ മൂല്യം ഉള്‍പെട്ട മറ്റൊരു വസ്തുവുമായി കൈമാറാം. ഏതൊരു വസ്തുവും, അത് വ്യക്തിയുടേതായാലും കൈമാറ്റത്തിനുള്ളതാണെങ്കിലും, അതല്ല ഉപഭോഗവസ്തുവായാലും തൊഴില്‍മൂല്യം കണക്കാക്കി വാങ്ങാനും വില്‍ക്കാനും കഴിയും. അതിനാല്‍ തൊഴിലാണ് കൈമാറ്റം ചെയ്യുന്ന വസ്തുക്കളുടെ യഥാര്‍ത്ഥ മൂല്യം നിര്‍ണയിക്കുന്നത്’ (വെല്‍ത്ത് ഓഫ് നാഷന്‍സ്).
‘തൊഴിലാണ് മൂല്യത്തിന്റെ അടിസ്ഥാനം. സമ്പത്ത് ആര്‍ജ്ജിക്കാനും മൂലധന സ്വരൂപണത്തിനും അത് കൂടിയേ തീരൂ. ഒരു തൊഴില്‍ ചെയ്യാനുള്ള കഴിവ് സ്വന്തമായുള്ള ഏതൊരാള്‍ക്കും അതുപയോഗിച്ച് കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കാനാവുന്നു. മറ്റു വഴികളിലൂടെയും ധനം നേടാം. എങ്കിലും ലാഭവും വേതനവുമാണ് മുഖ്യവരുമാന സ്രോതസ്സുകള്‍. ഇവ രണ്ടും നിര്‍ണയിക്കപ്പെടുന്നത് തൊഴില്‍ ശക്തിക്കനുസരിച്ചാണ്. അതിനാല്‍ മൂല്യത്തിന്റെ അടിസ്ഥാനവും ഇതുതന്നെ.’ (മുഖദ്ദിമഃ)
മനുഷ്യാധ്വാനമാണ് എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനം എന്നതിനാല്‍ മനുഷ്യവിഭവശേഷിയും അധ്വാനശേഷിയും കൂടുതലുള്ള രാജ്യത്ത് ഉല്‍പാദനവും തന്‍മൂലമുള്ള സാമ്പത്തിക വളര്‍ച്ചയും വര്‍ധിക്കുമെന്ന് ഇബ്‌നുഖല്‍ദൂന്‍ സ്ഥാപിച്ചു. മടിയന്മാരുടെ സമൂഹത്തില്‍ മൂല്യവര്‍ധന കുറയുകയും അതുവഴി വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. അഥവാ സീമാന്ത ഉല്‍പാദനക്ഷമത (Marginal Productivity) വര്‍ധിക്കുമ്പോഴാണ് സമൂഹം സമ്പന്നതയിലേക്ക് കാലെടുത്തുവെക്കുക എന്ന് അദ്ദേഹം പ്രസ്താവിച്ചു. ക്ലാസിക്കല്‍ ഏക്കണോമിക്‌സിന്റെ അടിസ്ഥാനമായി ആഡംസ്മിത്ത് പ്രതിപാദിച്ചതും ഇതുതന്നെയായിരുന്നു.

വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടാണ് വേതന നിരക്കില്‍ മാറ്റമെന്ന് (differences in wages in different occupations) വിവരിക്കുന്നത് 1817-ല്‍ പ്രസിദ്ധീകരിച്ച റികാര്‍ഡോവിന്റെ ‘പ്രിന്‍സിപ്പ്ള്‍സ് ഓഫ് പൊളിറ്റിക്കല്‍ എക്കണോമി’ എന്ന ഗ്രന്ഥത്തിലാണ്. ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമഃയില്‍ ഇതേ കാരണങ്ങള്‍ തന്നെ വിവരിച്ചതായി കാണാം. കമ്പോളത്തിന്റെ സ്വഭാവം, തൊഴിലാളികളുടെ സാങ്കേതിക ജ്ഞാനം, സര്‍ക്കാര്‍ നയങ്ങള്‍, തൊഴില്‍ സാഹചര്യങ്ങളിലുള്ള മാറ്റം എന്നീ കാരണങ്ങളാണ് ഇബ്‌നുഖല്‍ദൂന്‍ നിരത്തുന്നത്. തൊഴിലാളികളുടെ പ്രദാനത്തില്‍ ദീര്‍ഘകാലത്തേക്ക് വരുന്ന വര്‍ധനവ് ഉല്‍പാദനം വര്‍ധിപ്പിക്കാനിടയാക്കും. അത്തരമൊരു സാഹചര്യം ലാഭം കുറയാനിടയാക്കും. അതിനാല്‍ ദീര്‍ഘകാലത്തേക്ക് തൊഴിലാളികളുടെ പ്രദാന വര്‍ധന കണക്കാക്കി സാമ്പത്തികാസൂത്രണം നടത്തണമെന്നാണ് ഇബ്‌നുഖല്‍ദൂന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ് നാമേവരും മരിച്ചുപോവുന്നതിനാല്‍ ആസൂത്രണത്തിന്റെ ആവശ്യമില്ലെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ. എം. കെയിന്‍സ് പ്രസ്താവിച്ചിട്ടുള്ളത്.
വിവിധ സ്ഥലങ്ങളിലും രാഷ്ട്രങ്ങളിലും എന്തുകൊണ്ടാണ് ഒരേ തൊഴിലിന് വ്യത്യസ്ത വേതന നിരക്ക് നിലനില്‍ക്കുന്നതെന്ന് ആഡംസ്മിത്ത് വിശകലനം ചെയ്യുന്നുണ്ട്. നഗരങ്ങളുടെ സ്വഭാവം, ജീവിത നിലവാരം, പ്രദേശത്തെ സാമ്പത്തിക സ്ഥിതി തുടങ്ങിയവയാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. ഇംഗ്ലണ്ടിനെയും ബംഗാളിനെയുമാണ് അദ്ദേഹം ഉദാഹരിക്കുന്നത്. എന്നാല്‍ മറ്റു രണ്ട് പ്രദേശങ്ങളെ ഉദാഹരിച്ച് ഇബ്‌നു ഖല്‍ദൂനും ഇതുതന്നെ വിവരിച്ചിട്ടുണ്ട്. തൊഴില്‍ ശക്തിയാണ് രാഷ്ട്രത്തിന്റെ മൂലധനം. വളര്‍ച്ചയും ജീവിത നിലവാരവും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യാവര്‍ധന അധ്വാനശേഷി വര്‍ധിപ്പിക്കുന്നു. രാജ്യത്തിനത് നേട്ടമായി മാറുന്നു. സ്വതന്ത്ര കമ്പോള സംവിധാനം വഴി വ്യക്തികളുടെ സംതൃപ്തിയും രാഷ്ട്രത്തിന്റെ നേട്ടങ്ങളും വര്‍ധിപ്പിക്കാം. ഇതിന്റെയെല്ലാം അടിസ്ഥാനം തൊഴില്‍ ശക്തിയാണെന്നും ഇബ്‌നു ഖല്‍ദൂന്‍ വിവരിക്കുന്നു.

ചോദന സിദ്ധാന്തം (Demand Theory)
ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ചോദനസിദ്ധാന്തത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത് റോബര്‍ട്ട് മാല്‍നസ്, ആല്‍ഫ്രഡ് മാര്‍ഷല്‍, ജെ.ആര്‍ ഹിക്‌സ് തുടങ്ങിയ പ്രമുഖരാണ്. ഉപയുക്തത (Utility) അടിസ്ഥാനമാക്കിയുള്ള മാര്‍ഷലിന്റെ ചോദന നിയമം ഇബ്‌നു ഖല്‍ദൂന്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ചോദനത്തിന്റെ യഥാര്‍ത്ഥ പ്രചോദനം അതില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉപയുക്തതയാണ്. ഉപഭോക്താവ് സാധനങ്ങള്‍ വാങ്ങുന്നത് വിലയും ഉപയുക്തതയും താരതമ്യം ചെയ്താണ്. ഉല്‍പാദനം വര്‍ധിക്കാതെ ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ വിലവര്‍ധനക്ക് കാരണമാവും. നേരെ മറിച്ചാണെങ്കില്‍ വിലകുറയാനും ഇടവരുത്തും. ഇബ്‌നു ഖല്‍ദൂന്റെ ഈ വിശകലനമാണ് ചോദന നിയമത്തിന്റെ അടിസ്ഥാനം.
തൊഴിലാളി ഉല്‍പാദിപ്പിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും വിലയുണ്ട്. കാരണം തൊഴില്‍ ശക്തി സൗജന്യമായി ലഭിക്കില്ല. അതിനും വിലയുണ്ട്. തൊഴിലും വിലക്കനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന ചരക്കായി മാറുന്നു. ഒരു പ്രത്യേക വസ്തുവിന്റെ പ്രദാനം വര്‍ധിക്കണമെങ്കില്‍ ആ വസ്തു ഉല്‍പാദിപ്പിക്കുന്ന തൊഴില്‍ ശക്തിയുടെ പ്രദാനവും ചോദനവും വര്‍ധിക്കണം.

ചോദനത്തെ നിابن خلدونര്‍ണയിക്കുന്ന ഘടകങ്ങളെയും അദ്ദേഹം വിശദീകരിക്കുന്നു. സര്‍ക്കാറില്‍ നിന്നുള്ള ചോദനമാണ് പ്രധാനമായി അദ്ദേഹം വിവരിക്കുന്നത്. പ്രദേശത്തെ വിഭവലഭ്യത, സമ്പന്നത, സമ്പത്തിന്റെ കേന്ദ്രീകൃത സ്വഭാവം, നികുതിഘടന എന്നിവയും രാജ്യത്തെ മൊത്തം ചോദനത്തെ ബാധിക്കുമെന്ന് അദ്ദേഹം എടുത്തുപറയുന്നു. ഉല്‍പാദനച്ചെലവിന് വിലനിര്‍ണയത്തിലും അതുവഴി ചോദനത്തിലുമുള്ള സ്വാധീനവും ഇബ്‌നുഖല്‍ദൂന്‍ വിവരിക്കുന്നു. ഫലഭൂയിഷ്ടമായ ഭൂമിയില്‍ ഉല്‍പാദനച്ചെലവ് കുറവായതിനാല്‍ വില കുറയാനിടയാകും. എന്നാല്‍ ഫലപുഷ്ടി കുറഞ്ഞ ഭൂമിയാണ് കൃഷിക്ക് കൂടുതല്‍ ആശ്രയിക്കുന്നതെങ്കില്‍ ഉല്‍പാദനച്ചെലവ് കൂടുകയും വിലവര്‍ധിക്കാനിടയാകുകയും ചെയ്യും. ജനങ്ങള്‍ക്ക് വരുമാനം വര്‍ധിച്ചാല്‍ ഉപഭോഗം വര്‍ധിക്കും. ഇതാണ് കെയിന്‍സിന്റെ പ്രസിദ്ധമായ ഉപഭോഗ പ്രവര്‍ത്തന സിദ്ധാന്തം. (Consumption Function)

ലാഭസിദ്ധാന്തം (Theory of Profit)
1921-ല്‍ പ്രൊഫ. എഫ്. എച്ച് നൈറ്റ് (FH Knight) എന്ന സാമ്പത്തിക വിദഗ്ധനാണ്, ലാഭത്തിന്റെ അടിസ്ഥാനം സംരംഭകന്‍ വഹിക്കുന്ന സാഹസം (Risk) ആണ് എന്ന് വിശദീകരിച്ചത്. ഇത് Risk Theory (ലാഭത്തിന്റെ സാഹസ സിദ്ധാന്തം) എന്ന് അറിയപ്പെടുന്നു. ഇബ്‌നു ഖല്‍ദൂന്‍ ഇതേ സങ്കല്‍പം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘വ്യാപാരി സാധനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് വാങ്ങി സൂക്ഷിക്കുകയും വിലവര്‍ധിക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നു. അധികമായി ലഭിക്കുന്ന വിലയാണ് ലാഭം. വില ഉയര്‍ന്നില്ലെങ്കില്‍ നഷ്ടവും സംഭവിക്കാം. കുറഞ്ഞ വിലക്ക് വാങ്ങി അധിക വിലക്ക് വില്‍ക്കാനായി വ്യാപാരി വഹിക്കുന്ന സാഹസത്തിന് (Risk) പ്രതിഫലമാണ് ലാഭം’.

അമിത വിലയും വളരെ കുറഞ്ഞ വിലയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് അദ്ദേഹം പ്രതിപാദിച്ചു. സന്തുലിത വില (equilibrium price) എന്ന, ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ സങ്കല്‍പമാണ് ഇവിടെ അദ്ദേഹം നിര്‍ദേശിക്കുന്നത്. സാധനങ്ങള്‍ക്ക് കമ്പോളത്തില്‍ നിര്‍ണയിക്കപ്പെടുന്ന വില സര്‍ക്കാര്‍ സബ്‌സിഡിയിലൂടെ കുറക്കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നില്ല. വിലകുറവുള്ള സാധനങ്ങള്‍ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഇത് കാരണമാവുമെന്ന് അദ്ദേഹം പ്രവചിച്ചു. അമിത വിലയും ഉല്‍പാദനത്തെ തകര്‍ക്കും. ചോദനം കുറയുന്നതിലൂടെയാണിത്. അമിത വിലക്കും ചോദന വര്‍ധനക്കുമുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നു. സുഖഭോഗ വസ്തുക്കളുടെ അമിതോപയോഗം അവയെ അടിസ്ഥാനാവശ്യങ്ങളുടെ പട്ടികയിലേക്കെത്തിക്കുകയും വിലയിലും ചെലവിലും വര്‍ധനക്ക് കാരണമാവുകയും ചെയ്യും. ഉല്‍പാദനം വര്‍ധിക്കാതെ ചോദനം വര്‍ധിക്കുന്നതും ഉല്‍പാദനച്ചെലവിലുണ്ടാവുന്ന വര്‍ധനവും പണപ്പെരുപ്പത്തിന് കാരണമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉല്‍പാദനച്ചെലവ് വില ഉയര്‍ത്തുന്നതിന്റെ Cost push inflation എന്നും ചോദന വര്‍ധന വില ഉയര്‍ത്തുന്നതിനെ Demand pull inflation എന്നും ആധുനിക സാമ്പത്തികശാസ്ത്രം വിശദീകരിക്കുന്നു. ഇതുതന്നെയാണ് ഇബ്‌നു ഖല്‍ദൂനും വ്യക്തമാക്കിയത്.

സ്ഥൂല സാമ്പത്തിക ശാസ്ത്രം (Macro economics)
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനാശയങ്ങള്‍ രൂപപ്പെടുത്തിയത് 1930 കളില്‍ ജെ.എം. കെയിന്‍സ് എന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനാണ്. കെയിന്‍സ് പ്രതിപാദിച്ച മൊത്ത ചോദനം (Aggregate demand), ഫലപ്രദ ചോദനം (effective demand), ഗുണകഫലം (multiplier effect), വരുമാനവും തൊഴിലും തമ്മിലുള്ള തുല്യത (equation of income and employment) തുടങ്ങിയവയെല്ലാം ഇബ്‌നു ഖല്‍ദൂനും പരാമര്‍ശിച്ചതായി കാണാം.
ചോദന വര്‍ധനക്ക് കാരണം ജനസംഖ്യാ വര്‍ധനവാണ്. ഇത് ഉല്‍പാദനം, ലാഭം, നികുതി, സാമ്പത്തിക വളര്‍ച്ച എന്നിവയിലും വര്‍ധനവുണ്ടാക്കും. ലാഭത്തിലുണ്ടാവുന്ന വന്‍ വര്‍ധന രാജ്യത്ത് സമ്പത്തും സമ്പന്നരുടെ എണ്ണവും വര്‍ധിക്കാനിടയാക്കുന്നു. ദേശീയ വരുമാനം ഇതുവഴി വര്‍ധിക്കുന്നു. വരുമാന വര്‍ധനക്കനുസരിച്ച് ചോദനവും മൂലധന സ്വരൂപണവും ഇതുവഴി വര്‍ദ്ധിക്കുകയും അത് വീണ്ടും വരുമാനം ഉയര്‍ത്തുകയും ചെയ്യും. ഇതാണ് പ്രസിദ്ധമായ Multiplier effect (ഗുണകഫലം) എന്ന നിലയില്‍ കെയിന്‍സ് വിശദീകരിക്കുന്നത്. ദേശീയ വരുമാനത്തെകുറിച്ചും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിക്കുന്നുണ്ട്. രാജ്യത്തിലെ മൊത്തം വരുമാനവും ചെലവും തുല്യമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സര്‍ക്കാറിന് പ്രധാന പങ്കുണ്ടെന്ന് ഇബ്‌നു ഖല്‍ദൂന്‍ ഊന്നിപ്പറയുന്നു. സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാറിന്റെ ഇടപെടലിനെകുറിച്ച് ആധുനിക സമ്പദ്ശാസ്ത്രത്തില്‍ ആദ്യമായി പ്രതിപാദിച്ചതും ജെ.എം. കെയിന്‍സ് ആണ്. അതും 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിലൂടെ സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയുടെ പരിമിതി ബോധ്യപ്പെട്ടപ്പോഴായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇടപെടലിനെകുറിച്ചും ധനനയം (Fiscal Policy) സാമ്പത്തിക വളര്‍ച്ചക്കനുഗുണമാവേണ്ടതിനെ സംബന്ധിച്ചും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിച്ചു. ധനനയത്തിന്റെ ഭാഗമായി നികുതി വര്‍ധിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ച കുറയാനിടയാക്കും. ഇത് മൊത്തം വരുമാനം കുറക്കും. സര്‍ക്കാറിന്റെ വരുമാനം ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി നിരക്ക് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ഇബ്‌നു ഖല്‍ദൂന്‍ നിര്‍ദേശിക്കുന്നു. അമിത നികുതി ഉല്‍പാദനക്കുറവിനും അതുവഴി വരുമാനം കുറയാനും ഇടവരുത്തും. നികുതി ചുമത്തുമ്പോള്‍ സന്തുലിത നിലപാടാണ് സ്വീകരിക്കേണ്ടത്. ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഇതു സംബന്ധിച്ച നിയമം ആവിഷ്‌കരിച്ചത് ആര്‍തര്‍ ലാഫര്‍ എന്ന സാമ്പത്തിക വിദഗ്ധനാണ്. ഇതിന്റെ രേഖാ ആവിഷ്‌കാരം ലാഫര്‍ വക്രം (Laffer curve) എന്ന പേരില്‍ അറിയപ്പെടുന്നു. കുറഞ്ഞ നികുതി നിരക്ക് രാഷ്ട്രത്തിന്റെ വരുമാനവും ജനങ്ങളുടെ സംതൃപ്തിയും വര്‍ധിപ്പിക്കും എന്നാണ് അദ്ദേഹത്തിന്റെ നിയമത്തിന്റെ ചുരുക്കം. ഇതുതന്നെയാണ് ഇബ്‌നു ഖല്‍ദൂനും വിശദീകരിച്ചത്.

പണം (Money)
പണത്തിന്റെ പ്രാധാന്യവും മുഖ്യപ്രവര്‍ത്തനങ്ങളും പല സാമ്പത്തിക ശാസ്ത്രജ്ഞരും വിശദീകരിച്ചിട്ടുണ്ട്. പണത്തിന്റെ മുഖ്യധര്‍മങ്ങള്‍ വിനിമയ മാധ്യമം, മൂല്യമാപിനി എന്നിവയാണെന്ന് ഇബ്‌നു ഖല്‍ദൂനും വിശദീകരിക്കുന്നു. സമ്പത്തിന്റെ വാഹനമാണ് പണം. സമ്പത്തിന്റെ സൂക്ഷിപ്പും കൈമാറ്റവും വഴി സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കാണ് പണം വഹിക്കുന്നതെന്ന് ഇബ്‌നു ഖല്‍ദൂന്‍ പ്രസ്താവിച്ചു. ആധുനിക സാമ്പത്തിക ശാസ്ത്രവും ഇതേ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.

വിദേശ വ്യാപാരം (Foreign Trade)
വിദേശ വ്യാപാരത്തെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ വിവരിക്കുന്നു. ജനങ്ങളുടെ ക്ഷേമവും രാഷ്ട്രത്തിന്റെ സമ്പത്തും വര്‍ധിപ്പിക്കാന്‍ വിദേശവ്യാപാരം വഴി സാധിക്കുന്നു. രാജ്യത്തിനകത്ത് ഉല്‍പാദനച്ചെലവ് കൂടിയ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതാവും ലാഭം. വിഭവങ്ങള്‍ ഉല്‍പാദനച്ചെലവ് കുറഞ്ഞ വസ്തുക്കളുടെ ഉല്‍പാദനത്തിന് ഉപയോഗിച്ച് അവ കയറ്റുമതി ചെയ്യുകയും ഉല്‍പാദനച്ചെലവ് കൂടിയ വസ്തുക്കള്‍ ഇറക്കുമതി ചെയ്തും വിദേശ വ്യാപാരം നേട്ടമാക്കി മാറ്റാം. ഇത് വഴി രാഷ്ട്രത്തിന്റെ ഉല്‍പാദനവും വളര്‍ച്ചയും വര്‍ധിക്കുന്നു. കൂടുതല്‍ ഗുണമൂല്യമുള്ള വസ്തുക്കളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധയൂന്നാനും കഴിയും. ഇബ്‌നു ഖല്‍ദൂന്റെ ഇതേ വിവരണമാണ് ആഡംസ്മിത്ത് തന്റെ Comparative advantage theory (താരതമ്യനേട്ട സിദ്ധാന്തം) യിലൂടെ വിശദീകരിക്കുന്നത്. ഡേവിഡ് ഹ്യൂം എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്ന അവസരാത്മക ചെലവ് (oppurtunity cost) എന്ന സങ്കല്‍പവും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിച്ചിട്ടുണ്ട്.

ആഡംസ്മിത്തും ഇബ്‌നു ഖല്‍ദൂനും
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ആഡംസ്മിത്തിന്റെയും ഇബ്‌നു ഖല്‍ദൂനിന്റെയും രചനകള്‍ തമ്മില്‍ പല കാര്യങ്ങളിലുമുള്ള സാമ്യം ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. സ്വതന്ത്രകമ്പോള സമ്പദ്‌വ്യവസ്ഥയാണ് ഇബ്‌നു ഖല്‍ദൂനും മുന്നോട്ടുവെക്കുന്നത്. ആഡംസ്മിത്തിന്റെ സ്വതന്ത്ര കമ്പോള സമ്പദ്‌വ്യവസ്ഥയും സാമ്പത്തിക സ്വതന്ത്ര സങ്കല്‍പവുമാണ് മുതലാളിത്തത്തിന് അടിത്തറ പാകിയത്. കൂടാതെ ആഡംസ്മിത്ത് പ്രതിപാദിച്ച മിക്ക സിദ്ധാന്തങ്ങളും ഇബ്‌നു ഖല്‍ദൂന്റെ രചനകളിലും കാണാം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഷുംപീറ്റര്‍, ആഡംസ്മിത്തിനെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു: ‘ആഡംസ്മിത്ത് സാമ്പത്തിക ശാസ്ത്ര ചരിത്രത്തിലെ അതുല്യനായ പ്രതിഭയാണെന്ന കാര്യം നിഷേധിക്കുന്നില്ല. അദ്ദേഹത്തിനു മുമ്പുള്ള സാമ്പത്തിക ശാസ്ത്ര ചിന്തകള്‍ സ്വാധീനിച്ചിരിക്കാമെങ്കിലും അവ അതേപോലെ പകര്‍ത്തിയെഴുതി എന്നു പറയാനാവില്ല. പഴയ പല ചിന്തകളും പുതിയ കെട്ടിലും മട്ടിലും അദ്ദേഹം അവതരിപ്പിച്ചു. ‘ഇബ്‌നു ഖല്‍ദൂന്റെ ചിന്തകളാണ് ആഡംസ്മിത്തിന്റേതിനേക്കാള്‍ ഒറിജിനല്‍ എന്നു പറയാം. ഇബ്‌നു ഖല്‍ദൂനെ അദ്ദേഹത്തിനു മുമ്പ് ജീവിച്ച പ്ലാറ്റോവിന്റെയും അരിസ്റ്റോട്ടിലിന്റെയും ത്വാഹിറുബ്‌നു ഹുസൈന്റെയും ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം പക്ഷെ പുതിയ സമീപനത്തോടെയാണ് അവ അവതരിപ്പിച്ചത്. എന്നാലും ഇബ്‌നു ഖല്‍ദൂനാണ് ആധുനിക സാമ്പത്തിക ശാസ്ത്ര ചിന്തകളുടെ പലമേഖലക്കും അസ്ഥിവാരമിട്ടത് എന്നുപറയാം’.

ആഡംസ്മിത്തിനും നാല് നൂറ്റാണ്ട് മുമ്പ് ജീവിച്ച ഇബ്‌നു ഖല്‍ദൂന്റെ ചിന്തകള്‍ പലനിലക്കും ആഡംസ്മിത്തിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പഠിച്ച ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ ഒരു പക്ഷെ ഇബ്‌നു ഖല്‍ദൂന്റെ പുസ്തകങ്ങള്‍ കണ്ടിരിക്കാം. അതല്ലെങ്കില്‍ ഗവേഷണ ബിരുദം നേടിയ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ലൈബ്രറയില്‍ ഇബ്‌നു ഖല്‍ദൂന്റെ പേരില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലഭിച്ചിരിക്കാം. മുമ്പ് കാലത്ത് ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുരിശുയുദ്ധങ്ങളിലൂടെ ഇസ്‌ലാമിക ലോകത്ത് കടന്നു ചെന്ന യൂറോപ്യന്‍ സൈനികര്‍ അവിടത്തെ വിജ്ഞാന സമ്പത്ത് യൂറോപ്പിലേക്ക് കടത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്തതായി ചരിത്ര രേഖപ്പെടുത്തുന്നുണ്ട്. ഇബ്‌നു ഖല്‍ദൂന്റെ രചനകള്‍ അങ്ങിനെ ആഡംസ്മിത്തിന് ലഭിക്കാനും സാധ്യതയുണ്ട്. ആഡംസ്മിത്ത് യൂറോപ്പില്‍ ചുറ്റിസഞ്ചരിച്ചപ്പോള്‍ പരിചയപ്പെട്ട ക്യൂനെ അടക്കമുള്ള പ്രമുഖര്‍ വഴിയും ഇത് ലഭിക്കാം. 1730-ല്‍ മുഖദ്ദിമഃ ടര്‍ക്കിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തില്‍ യൂറോപ്പിന്റെ പലഭാഗങ്ങളും ഉല്‍പ്പെട്ടിരുന്നു. അതുവഴിയും ആഡംസ്മിത്തിന് ഇബ്‌നുഖല്‍ദൂന്റെ രചനകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏതായാലും ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിറവിയില്‍ ഇബ്‌നു ഖല്‍ദൂന്റെ പങ്ക് നിഷേധിക്കുക സാധ്യമല്ല.

മുഹമ്മദ് പാലത്ത്
(Islam Padasala/21 November 2013)

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply