രണ്ട് കഥകള്‍, രണ്ട് പാഠങ്ങള്‍

التقوىഒരിടത്ത് സാത്വികനായ ഒരു ഭക്തനുണ്ടായിരുന്നു. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കണിശതയോടെ, സംഘടിതമായി നിര്‍വഹിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വീഴ്ച വരുത്തിയിരുന്നില്ല. പ്രത്യേകിച്ച് പ്രഭാത നമസ്‌കാരം. ഒരിക്കല്‍ പതിവ് പോലെ അദ്ദേഹം പ്രഭാത നമസ്‌കാരത്തിനായി അകലെയുള്ള പള്ളിയിലേക്ക് പുറപ്പെട്ടു.. അല്‍പം വഴിദൂരം പിന്നിട്ടപ്പോള്‍ വഴിയരികില്‍ കെട്ടിക്കിടന്ന ചെളിവെള്ളത്തിലേക്ക് അദ്ദേഹം വീണു. ധൃതിയില്‍ എഴുന്നേറ്റ് അദ്ദേഹം വീട്ടിലേക്ക് തിരിച്ചു പോയി. വസ്ത്രങ്ങള്‍ അഴിച്ച് കഴുകാനിട്ട ശേഷം പുതിയ ജോഡി വസ്ത്രം ധരിച്ച് അദ്ദേഹം വേഗത്തില്‍ പള്ളിയിലേക്ക് തിരിച്ചു. നമസ്‌കാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഓടുന്നതിനിടെയില്‍ അദ്ദേഹം വീണ്ടും വീണു. ഇരുട്ട് ശരിക്കും നീങ്ങിയിരുന്നില്ല. വീണ്ടും ക്ഷമയോടെ എഴുന്നേറ്റ് ആ മനുഷ്യന്‍ വീട്ടില്‍ ചെന്ന് വസ്ത്രങ്ങള്‍ മാറി കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ അരണ്ട വെളിച്ചത്തില്‍ പള്ളിയിലേക്ക് കുതിച്ചു. ഒരല്‍പം പിന്നിട്ടപ്പോള്‍ കുറച്ചകലെ ഒരാള്‍ ഒരു വിളക്കുമായി നില്‍ക്കുന്നത് അദ്ദേഹം കണ്ടു. ‘ഞാന്‍ വെളിച്ചം കാണിച്ചുതരാം’. അയാള്‍ പറഞ്ഞു. അവരിരുവരും കുശലങ്ങള്‍ പറഞ്ഞ് പള്ളിയുടെ അരികിലെത്തി. പെട്ടെന്ന്, വെളിച്ചം കാണിച്ച മനുഷ്യന്‍ പറഞ്ഞു. ‘എന്നാല്‍ ഞാന്‍ പോകട്ടെ’. അപ്പോള്‍ ആ ഭക്തന്‍ ആശ്ചര്യത്തോടെ ചോദിച്ചു. ‘നമസ്‌കരിക്കുന്നില്ലേ ?’. ‘ഇല്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ നിങ്ങളുടെ ശത്രുവായ ഇബ്‌ലീസാണ്. ഞാന്‍ താങ്കളെ നിരീക്ഷിക്കുകയായിരുന്നു. ആദ്യത്തെ തവണ നിങ്ങള്‍ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ മുഴുവനും പൊറുത്തുതന്നു. രണ്ടാമത്തെ തവണ നിങ്ങള്‍ മനം മടുത്ത് വീട്ടില്‍ വെച്ച് നമസ്‌കരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. അവിടെയും നിങ്ങളെന്നെ തോല്‍പ്പിച്ചപ്പോള്‍ അതുവഴി താങ്കളുടെ കുടുംബാംഗങ്ങളുടെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെട്ടു. മൂന്നാമതും അതാവര്‍ത്തിച്ചാല്‍ നാട്ടുകാരുടെ മുഴുവന്‍ പാപവും പൊറുക്കപ്പെടുകയും എനിക്ക് മിത്രങ്ങളില്ലാതായിത്തീരുമെന്നും ഞാന്‍ ഭയന്നു. അതു കൊണ്ടാണ് നിങ്ങളെ സുരക്ഷിതമായി ഞാന്‍ ഇവിടെ എത്തിച്ചത്’.

കഥ 2

الزهد1ഭൗതിക മോഹങ്ങളെല്ലാം വെടിഞ്ഞ് അല്ലാഹുവിനെ ഭയന്ന് ജീവിച്ച ഒരു മനുഷ്യന്റെ കഥയാണിത്. വിരക്തിയിലൂടെ ആത്മീയാനന്ദം കണ്ടെത്തിയ അദ്ദേഹം ഏകദൈവവിശ്വാസത്തിന് കടക വിരുദ്ധമായ ഏത് അത്യാചാരങ്ങളെയും എതിര്‍ത്തിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ ഒരിടത്ത് ജനങ്ങള്‍ ഒരു മരത്തെ വന്ദിക്കുന്ന വാര്‍ത്ത അദ്ദേഹത്തിനടുത്തെത്തി. രോഷം പൂണ്ട ആ സൂഫിവര്യന്‍ ഒരു കോടാലിയെടുത്ത് ആ മരം വെട്ടിമാറ്റാന്‍ ഇറങ്ങി പുറപ്പെട്ടു. ധൃതിയില്‍ മുന്നോട്ട് നടക്കുന്നതിനിടെ പെട്ടെന്ന് വഴിക്ക് കുറുകെ ഒരാള്‍ തടസ്സം നിന്നു. ‘മാറി നില്‍ക്കെടാ’ ് എന്ന് പറഞ്ഞു അദ്ദേഹം അയാളെ തള്ളിയപ്പോള്‍ അയാള്‍ അകലെ തെറിച്ചു വീണു. വീണിടത്തുനിന്നും എഴുന്നേറ്റ് വീണ്ടും പിറകെ ചെന്ന് പറഞ്ഞു; ‘നിങ്ങളെ ആ മരമോ, അതിന് വഴിപാടുകളര്‍പ്പിക്കുന്നവരോ ഒരു ശല്യവും ചെയ്യുന്നില്ലല്ലോ’ അത് കൊണ്ട് ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതല്ലേ നല്ലത്!. ‘ ഇല്ല ഞാന്‍ പിന്‍മാറില്ല. ഇത് ശിര്‍ക്കാണ്.’ തടസ്സം നിന്നയാള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരൂപം പൂണ്ട പിശാചായിരുന്നു. അയാള്‍ തന്ത്രം മാറ്റി. ‘എങ്കില്‍ ഒരു കാര്യം ചെയ്യാം. എല്ലാ ദിവസവും രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്നതിന് മുമ്പ് താങ്കളുടെ തലയണയുടെ അടിയില്‍ നാല് സ്വര്‍ണ്ണനാണയങ്ങള്‍ വെക്കാം. താങ്കളുടെ ജീവിത ചിലവും നടക്കും. ഇബാദത്തിന് ഒരുപാട് സമയവും ലഭിക്കും. ആദ്യം ചെറിയ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും ആ സൂഫിവര്യന് അത് നല്ലതാണെന്ന് തോന്നി. അങ്ങനെ അദ്ദേഹം ആ ഉദ്യമത്തില്‍ നിന്ന് പിന്‍മാറി. പിറ്റേന്ന് എഴുന്നേറ്റ് തലയണയുടെ താഴെ നാണയമുണ്ടോയെന്ന് പരിശോധിച്ചു. ‘ഉണ്ട്’ രാണ്ടാംദിവസവും അത് ലഭിച്ചു. മൂന്നാം ദിവസം നോക്കിയപ്പോള്‍ അയാളുടെ മുഖം കോപം കോപം കൊണ്ട് ചുവന്നു. വാഗ്ദാനം ചെയ്യപ്പെട്ട നാണയം അവിടെയില്ല! അദ്ദേഹം വീണ്ടും കോടാലിയെടുത്ത് മരം വെട്ടിമാറ്റാനായി പുറപ്പെട്ടു. പിശാച് മനുഷ്യരൂപത്തില്‍ വഴിമദ്ധ്യേ നിന്നു. ‘ഛീ മാറെടാ’ സൂഫിവര്യന്‍ അയാളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. പക്ഷെ ഇത്തവണ അകലെക്ക് തെറിച്ചുവീണത് സൂഫിവര്യനായിരുന്നു. ‘ഇതെങ്ങനെ സംഭവിച്ചു?’ അദ്ദേഹം പിശാചിനോട് ചോദിച്ചു. ‘ആദ്യം താങ്കളുടെ ഉദ്ദേശ്യശുദ്ധി കലര്‍പ്പറ്റതായിരുന്നു. അത് കൊണ്ട് ഞാന്‍ പരാജയപ്പെട്ടു. ഇത്തവണ താങ്കള്‍ സ്വര്‍ണ്ണനാണയം കിട്ടാത്തതിന്റെ രോഷത്തിലായിരുന്നു. ഇവിടെ താങ്കളുടെ ആത്മാര്‍ത്ഥത വഴിമാറി അതിനാല്‍ ഞാന്‍ ജയിച്ചു.

ഷംസീര്‍. എ.പി
(islam onlive)

ഭീകര പൂജ

തിരമാലകളെ
കീറി മുറിച്ച്
ആയുധങ്ങളുമായി
ഒരു ഭക്തൻ
രക്ത കൊതിയോടെ
തീരം തേടി വരുന്നുണ്ട്

യുക്തിയില്ലാത്ത ഭക്തി
വിഡ്ഢികൾക്കും
ഭീകരന്മാർക്കും മാത്രം
ചേർന്നതാണ്

രക്ത ദാഹികളായ
ആയുധങ്ങളെ പൂജിക്കാൻ
മനുഷ്യപ്പറ്റുള്ള
ആർക്കാണ് കഴിയുക ?

ഭരണത്തിൻറെ
തണലിലിരുന്ന്
വെറുക്കപ്പെട്ടവരെ
ചുട്ടു കൊന്നവനെ
ജനം തിരിച്ചറിയുന്നുണ്ട്

ശവങ്ങൾ നീക്കം –
ചെയ്യാനൊരുക്കിയ
പാതയും
ജീർണിച്ച ശരീരങ്ങൾ
കൃഷിയിടങ്ങൾക്ക്
വളമായപ്പോൾ
തെളിഞ്ഞ പച്ചപ്പും
മോ(ഡി )ടി കൂട്ടിയിട്ടുണ്ട്

അകക്കണ്ണിൻറെ
കാഴ്ച നഷ്ടപ്പെട്ടവർ
അതു കണ്ടാണ്‌
പുകഴ്ത്തി പാടുന്നത്

ഗാന്ധിജിക്ക്
പഠിച്ചു പാസായവർ
ലോകം നോക്കി നില്ക്കേ
“ഗോഡ്സേ”യുടെ
ആരാധകരായി

കരളു കണ്ടപ്പോൾ
ചിലരൊക്കെ പറഞ്ഞിട്ടുണ്ട്
അത് ചെമ്പരത്തി പൂവാണന്ന്
ഇന്ന് ചെമ്പരത്തി പൂവ്
കാണുമ്പോൾ പലരും പറയുന്നു
അത് കരളാണന്ന്

ചരിത്രത്തിൽ
ശപിക്കപ്പെട്ടവരുടെ
മുൻ നിരയിലേക്ക്
ജനം ഇവരേയും
വലിച്ചെറിയുന്ന നാൾ
അതി വിദൂരമല്ല .

സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
http://sulaimanperumukku.blogspot.ae

ഒരു നെക്ക്‌ലസ്സിന്റെ കഥ

ഞാന്‍ മക്കയുടെ പരിസരത്ത് താമസിക്കുകയായിരുന്നു. ഒരു ദിവസം കടുത്ത വിശപ്പ് എന്നെ പിടികൂടി. അതിനോട് പൊരുതാന്‍ എനിക്കൊന്നും ലഭിച്ചതുമില്ല. അപ്പോഴാണ് പട്ട് തൊങ്ങലുകളുള്ള ഒരു പട്ടു സഞ്ചി കണ്ടത്. ഉടനെ ഞാനതെടുത്ത് വീട്ടില്‍ കൊണ്ടു പോയി. കെട്ടഴിച്ചു. ഒരു മുത്ത് നെക്ക്‌ലസ്സ്. മുമ്പൊരിക്കലും അത്തരമൊന്ന് ഞാന്‍ കണ്ടിരുന്നില്ല.

വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഒരു വൃദ്ധന്‍ ഈ സഞ്ചിയന്യോഷിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ 500 ദീനാര്‍.
‘മുത്തു സഞ്ചി തിരിച്ചു തരുന്നയാള്‍ക്കുള്ളതാണിത്. ‘ അയാള്‍ പറയുന്നു.
ഞാന്‍ സ്വയം പറഞ്ഞു: ഞാന്‍ ദരിദ്രന്‍! അതോടൊപ്പം വിശപ്പും! അതിനാല്‍ ഈ പണം ഞാന്‍ സ്വീകരിക്കും. പ്രയോജനപ്പെടുത്തും. സഞ്ചി തിരിച്ചു കൊടുക്കുകയും ചെയ്യും.

‘ വരൂ!’

ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടു പോയി.

സഞ്ചി, അതിന്റെ തൊങ്ങല്‍, അതിലെ മുത്തുകള്‍, അതിന്റെ എണ്ണം, കെട്ടാനുപയോഗിച്ച കയര്‍ എന്നിവയെല്ലാറ്റിനെയും കുറിച്ച വിശദീകരണങ്ങള്‍ അദ്ദേഹം എനിക്ക് തന്നു. അതിനാല്‍ ഞാന്‍ സഞ്ചി എടുത്തു അയാള്‍ക്ക് കൊടുത്തു. അയാള്‍ 500 ദീനാര്‍ എനിക്ക് തന്നു.

‘ഇത് നിങ്ങളെ തിരിച്ചേല്‍പിക്കുക എന്റെ ബാധ്യതയാണ്. അതിനാല്‍ ഞാന്‍ പ്രതിഫലം വാങ്ങുകയില്ല.’ ഞാന്‍ പറഞ്ഞു.

‘നിങ്ങള്‍ ഇത് വാങ്ങുക തന്നെ വേണം.’ അയാള്‍ വാശി പിടിച്ചു. പക്ഷെ, ഞാന്‍ അത് സ്വീകരിച്ചില്ല.

അയാള്‍ തന്റെ വഴിക്ക് പോയി.

എനിക്ക് ഒന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ മക്ക വിട്ടു. കപ്പല്‍ യാത്ര തുടങ്ങി. കുറച്ച് കഴിഞ്ഞു. കപ്പല്‍ തകര്‍ന്നു. അതിലുണ്ടായിരുന്നവരെല്ലാം മുങ്ങുകയും ധനമെല്ലാം നശിക്കുകയും ചെയ്തു.

കപ്പലിന്റെ ഒരു തുണ്ടത്തിന്മേല്‍ പിടികിട്ടിയ ഞാന്‍ കുറെ സമയം കടലില്‍ തന്നെ അകപ്പെട്ടു. എവിടെക്ക് പോകണമെന്ന യാതൊരു അറിവുമില്ലാതെ.

അനന്തരം ഞാനൊരു ദ്വീപിലെത്തിപ്പെട്ടു. ജനവാസമുള്ളൊരു ദ്വീപ്. അവിടെ ഒരു പള്ളിയില്‍ ഞാനിരുന്നു. എന്റെ ഖുര്‍ആന്‍ പാരായണം കേട്ടതോടെ ദ്വീപ് നിവാസികളെല്ലാം ഓടിയെത്തി. അവര്‍ക്കെല്ലാം ഞാന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കണം.

ഇത് വഴി ഞാന്‍ കുറെ സമ്പാദിച്ചു. പിന്നീട് അവിടെ നിന്ന് ലഭിച്ച ഒരു ഖുര്‍ആന്‍ പേജ് ഞാന്‍ വായിക്കാന്‍ തുടങ്ങി. ഇത് കേട്ട നാട്ടുകാര്‍ അക്ഷരം പഠിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും അത് വഴി വീണ്ടും ഞാന്‍ സമ്പാദിക്കുകയും ചെയ്തു.

പിന്നീട് അവരെന്നോട്:

ഞങ്ങളുടെ കൂട്ടത്തില്‍ ഒരനാഥ പെണ്‍കുട്ടിയുണ്ട്. അവള്‍ക്കല്‍പം ധനവുമുണ്ട്. നിങ്ങളവളെ കല്യാണം കഴിക്കണമാന്നാണ് ഞങ്ങളുടെ ആഗ്രഹം.

ഞാന്‍ വിസമ്മതിച്ചുവെങ്കിലും അവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അവസാനം ആ ബാധ്യത അവര്‍ എന്റെ ചുമലില്‍ കെട്ടിവെക്കുകയും ഞാന്‍ സമ്മതിക്കുകയും ചെയ്തു.

കല്യാണം കഴിച്ച ശേഷം ഞാന്‍ അവളെ ശ്രദ്ധിച്ചു. അവളുടെ കഴുത്തില്‍ ഒരു നെക്ക്‌ലസ് തൂങ്ങുന്നു! അതേ നെക്ക്‌ലസ്!

എന്റെ നോട്ടം നെക്ക്‌ലസ്സില്‍ ഒതുങ്ങി.

അവര്‍ പറഞ്ഞു: ശൈഖ്, ഈ പെണ്‍കുട്ടിയെ ഒന്നു വീക്ഷിക്കുക പോലും ചെയ്യാതെ, അവളുടെ നെക്ക്‌ലസ്സിലേക്ക് മാത്രമുള്ള താങ്കളുടെ നോട്ടം അവളുടെ മനസ്സിനെ തകര്‍ത്തിരിക്കുന്നു.

നെക്ക്‌ലസ്സിന്റെ കഥ ഞാനവരോട് പറഞ്ഞു. അപ്പോള്‍ അവര്‍ ആര്‍ത്തു വിളിച്ചു:

‘ ലാ ഇലാഹ ഇല്ലല്ലാഹ്! അല്ലാഹു അക്ബര്‍!’

ദ്വീപ് നിവാസികളൊന്നടങ്കം കേള്‍ക്കും വിധമായിരുന്നു അത്. ഞാന്‍ കാര്യം തിരക്കി. അവര്‍ പറഞ്ഞു :

‘നിങ്ങളില്‍ നിന്നും ഈ നെക്ക്‌ലസ്സ് വാങ്ങിയത് അവളുടെ പിതാവ് തന്നെയായിരുന്നു. ‘എന്നെ ഈ നെക്ക്‌ലസ്സ് തിരിച്ചേല്‍പിച്ചവനേക്കാള്‍ വിശ്വസ്ഥനായ ഒരു മുസ്‌ലിമിനെയും ഞാന്‍ കണ്ടിട്ടില്ല എന്ന് അയാള്‍ പറയാറുണ്ടായിരുന്നു. ഞങ്ങളിരുവരെയും ഒരുമിപ്പിക്കേണമേ’ എന്നും ‘അയാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ കഴിവ് നല്‍കേണമേ’ എന്നും അയാള്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.’

ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു.
പിന്നീട് അവളുമൊത്ത് കുറെ കാലം ഞാന്‍ കഴിഞ്ഞു. എനിക്ക് രണ്ടു പുത്രന്മാരുമുണ്ടായി. അനന്തരം അവള്‍ മരണപ്പെടുകയും ഞാനും പുത്രന്മാരും നെക്ക്‌ലസ്സ് പൈതൃകമെടുക്കുകയും ചെയ്തു. അവര്‍ മരണമടഞ്ഞതോടെ അത് എന്റേതായി തീര്‍ന്നു. ഒരു ലക്ഷം ദീനാറിന്ന് ഞാന്‍ അത് വിറ്റു. ഇപ്പോള്‍ എന്റെ വശമുള്ളത് അതിന്റെ മിച്ചമാണ്.

By:
ഖാദി അബൂബക്കര്‍ ബസ്സാസ്

(അവലംബം :ത്വബഖാതുല്‍ ഹനാബില)
വിവ : കെ എ ഖാദര്‍ ഫൈസി