പ്രബോധകര്‍ക്ക് വഴിവെളിച്ചമേകുന്ന അനുഭവങ്ങള്‍

gaziഒരു ആശയത്തെ അനുഭവമാക്കിത്തീര്‍ക്കലാണ് പ്രബോധനപ്രവര്‍ത്തനങ്ങള്‍. വേദഗ്രന്ഥങ്ങളിലും പ്രവാചകാധ്യാപനങ്ങളിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ആശയങ്ങളും സാരാംശങ്ങളും ഇതര്‍ക്ക് അനുഭവഭേദ്യമാക്കുന്നിടത്താണ് പ്രബോധകന്‍ വിജയിക്കുന്നത്. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്കുള്ള ഒരു സഞ്ചാരമാണത്. ഈ കുളിര്‍ക്കാറ്റില്‍ ഒരിക്കലും തുറക്കുകയില്ലെന്ന് നാം കരുതിയ വാതിലുകള്‍ നമുക്ക് മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെടും. കടുത്ത ഹൃദയങ്ങള്‍ തരളിതമാകും. ഒരു വലിയ മാറ്റത്തിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെടും. ഇരുളിന്റെയും അജ്ഞതയുടെയും കയത്തില്‍ നിന്ന് സന്മാര്‍ഗത്തിന്റെ ശാദ്വലതീരത്തേക്ക് ഏതൊരു മനുഷ്യനെയും വഴിനടത്തിക്കും. ഇത്തരം വലിയ അനുഭവങ്ങളുടെ ലളിതപാഠങ്ങളാണ് ഇസ്‌ലാമാശ്ലേഷിച്ച നസീം ഗാസിയുടെ ‘ ഒരു പ്രബോധകന്റെ അനുഭവങ്ങള്‍’ എന്ന പുസ്തകം.

ഏതൊരു കാര്യവും വ്യത്യസ്തമായി ആവിഷ്‌കരിക്കുമ്പോഴാണ് വലിയ പ്രതിഫലനങ്ങളുണ്ടാകുന്നത്. ‘നിങ്ങളേക്കാളും വിജയകരമായി ആരെങ്കിലും വല്ലതും ചെയ്യുന്നു എന്നു കാണുമ്പോള്‍-വിശേഷിച്ചും നിങ്ങള്‍ രണ്ടുകൂട്ടര്‍ ഒരേ പണിയാണ് ചെയ്യുന്നതെങ്കില്‍-മനസ്സിലാക്കുക, നിങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ എന്തോ ചെയ്യുന്നുണ്ട്’ എന്ന മാല്‍കം എക്‌സിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

നസീം ഗാസി എന്ന പ്രബോധകന്‍ തന്റെ ജീവിതത്തിന്റെ നാനാതുറകളില്‍ കണ്ടുമുട്ടുന്നവരുമായി നടത്തുന്ന ശ്രദ്ദേയമായ ഇടപെടലുകളാണ് ഈ ഗ്രന്ഥത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിട്ടുള്ളത്. അത്യന്തം അത്ഭുതകരമായ കഥകള്‍ നമുക്കിതില്‍ ഒരു പക്ഷെ വായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷെ, ഒരു വിശ്വാസി എന്ന നിലയില്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രബോധനദൗത്യം ലളിതമായി എപ്രകാരം നിര്‍വഹിക്കാം എന്നതിന് മികച്ച മാതൃകകളാണ് ഈ അനുഭവക്കുറിപ്പുകള്‍. അതിനാല്‍ തന്നെ ഒരു പ്രബോധകന് തന്റെ ജീവിതവഴിത്താരയില്‍ സഹയാത്രികനായും വഴികാട്ടിയായും ഈ ഇടപെടലുകള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.

സ്ഥാനക്കയറ്റം നല്‍കിയ ഉദ്യോഗസ്ഥന് വിശുദ്ധ ഖുര്‍ആന്‍ a-nice-quran-in-a-golden-box-500x487ഉപഹാരമായി നല്‍കിക്കൊണ്ട് ‘ ഇത് വിലപിടിപ്പുള്ളതും അമൂല്യവുമാണെന്ന്’ പറയുന്ന കീഴുദ്യോഗസ്ഥന്‍, വലിയ സമ്മാനം പ്രതീക്ഷിച്ച് പ്രതീക്ഷയോടെ പെട്ടിതുറന്നപ്പോള്‍ ഖുര്‍ആന്‍ കണ്ട് കലികയറുന്ന മേലുദ്യോഗസ്ഥന്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ അസസ്ഥതപ്പെടുകയും ‘ഇത് വിലപിടിപ്പുള്ളതും അമൂല്യവുമാണെന്ന’ ഉദ്യോഗസ്ഥന്റെ പ്രതികരണം ഉറക്കം കിടത്തുകയും ആ രാത്രിയില്‍ തന്നെ ഖുര്‍ആന്‍ പഠനമാരംഭിച്ചുകൊണ്ട് ഖുര്‍ആന്റെ വാഹകനായിത്തീരുന്ന മാസ്മരിക അനുഭവം ഹൃദയഹാരിയായ രീതിയില്‍ ഇതില്‍ നമുക്ക് വായിക്കാം. മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണമാണ് ആദ്യം നടക്കേണ്ടത്, പ്രബോധനപ്രവര്‍ത്തനങ്ങള്‍ വഴിയേ നടക്കും എന്ന വാദത്തിലെ നിരര്‍ഥകത വെളിപ്പെടുത്തുന്ന ഇടപെടല്‍, ബാര്‍ബര്‍ ഷോപ്പിലെ ഇരുപ്പിടത്തില്‍ വെച്ച പുസ്തകം മറിച്ചുനോക്കാനിടയായ സഹോദരന്റെ ജീവിതഗതി തിരിച്ചുവിടുന്നത്, നാമിപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെയെല്ലാം ഹേത നമ്മുടെ മുന്‍ജന്‍മത്തിലെ പാപം കാരണമായാണെന്ന പുനര്‍ജന്മസിദ്ധാന്തത്തിന്റെ മുനയൊടിക്കുന്ന ഉദാഹരണങ്ങള്‍.. തുടങ്ങിയ ലളിതവും സാരസമ്പൂര്‍ണവുമായ ഈ അനുഭവക്കുറിപ്പുകള്‍ പ്രബോധകര്‍ക്ക് വഴിവെളിച്ചമേകുന്നതും ഗുണപാഠാര്‍ഹവുമാണ്. സഈദ് മുത്തന്നൂരിന്റെ സരളമായ മൊഴിമാറ്റം ഈ പുസ്തകത്തിന് കൂടുതല്‍ മാറ്റ്കൂട്ടുകയും ചെയ്യുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ദീകരിച്ച ഈ പുസ്തകത്തിന്റെ വില 50 രൂപയാണ്.

അബ്ദുല്‍ ബാരി കടിയങ്ങാട്
(islam onlive/Aug-02-2014)

ഇസ്‌ലാമിക നാഗരികതയുടെ വേറിട്ട വായന

bookഇസ്‌ലാമിനു വേണ്ടി ‘ജീവിതം ഉഴിഞ്ഞുവെച്ച ആള്‍’ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഡോ. മുഹമ്മദ് ഹമീദുല്ലയുടെ മറ്റൊരു പ്രൗഢ കൃതി കൂടി കൈരളിക്ക് ലഭിച്ചിരിക്കുന്നു. ‘ഇസ്‌ലാം ചരിത്രം സംസ്‌കാരം നാഗരികത’ എന്ന പേരില്‍ അശ്‌റഫ് കീഴുപറമ്പ് ഐ.പി.എച്ചിനു വേണ്ടി മൊഴിമാറ്റം നടത്തിയ ഈ കൃതി ഇതിനകം ഉര്‍ദുവിലും ഇംഗ്ലീഷിലും പ്രചുര പ്രചാരം നേടിയതാണ്.

1980-ല്‍ പാകിസ്താനിലെ ബഹാവല്‍പൂര്‍ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ ഡോ. മുഹമ്മദ് ഹമീദുല്ല പന്ത്രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. വിശുദ്ധ ഖുര്‍ആന്റെ ചരിത്രം, ഹദീസിന്റെ ചരിത്രം, ഫിഖ്ഹിന്റെ ചരിത്രം,അന്താരാഷ്ട്ര നിയമം, എന്താണ് മതം, രാഷ്ട്രീയവും ഭരണസംവിധാനവും, പ്രതിരോധത്തിന്റെ രാഷ്ട്രീയം, പ്രവാചകന്റെ കാലത്തെ വിദ്യാഭ്യാസ രീതി, നിയമനിര്‍മാണവും ജുഡീഷ്യറിയും, റവന്യൂ, കലണ്ടര്‍, ഇസ്‌ലാമിന്റെ പ്രബോധനവും പ്രചാരണവും എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ വിഭജിക്കപ്പെട്ട ഈ കൃതി ഉപര്യുക്ത വിഷയങ്ങളിലെല്ലാം വായനക്കാര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കാന്‍ പര്യാപ്തമാണ്. ഗ്രന്ഥകാരന്റെ മൗലിക ചിന്തയുടെയും ഗവേഷണ പടുത്വത്തിന്റെയും മുദ്ര പതിഞ്ഞ ഈ പുസ്തകം വിവര്‍ത്തകക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ പോലെ അദ്ദേഹത്തിന്റെ കഠിന ശ്രമത്തിന്റെ സാക്ഷാത്കാരമത്രെ. കിട്ടാവുന്നിടത്തോളം ഇസ്‌ലാമിക രചനകളും കൈയെഴുത്ത് പ്രതികളും മറ്റു ഉപാദാനങ്ങളും തേടിപ്പിടിച്ച് പഠനവിധേയമാക്കുന്ന മുഹമ്മദ് ഹമീദുല്ലയുടെ വേറിട്ട ശൈലി ഈ ഗ്രന്ഥത്തെയും വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്.

ഒന്നാം അധ്യായത്തില്‍ തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നിവയെ പറ്റി സവിസ്തരമായി പ്രതിപാദിച്ച ശേഷം വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണത്തിന്റെ വിവിധ ഘട്ടങ്ങളെയും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അവ എത്തിച്ചേര്‍ന്നതിനെയും പറ്റി വിവരിക്കുന്നു. ഒപ്പം വിശുദ്ധ ഖുര്‍ആനെതിരെ ശത്രുക്കള്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നു. 1933-ല്‍ ഗ്രന്ഥകാരന്‍ പാരീസ് യൂനിവേഴ്‌സിറ്റിയിലുണ്ടായിരിക്കെ നടന്ന ഒരു സംഭവം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. മൂന്നു തലമുറകളായി അധ്വാനിച്ച് വിശുദ്ധ ഖുര്‍ആന്റെ 43000 കോപ്പികള്‍ ശേഖരിച്ച് പഠനം നടത്തിയിട്ടും അതിലൊന്നും ഒരൊറ്റ വൈരുധ്യവും കണ്ടെത്താന്‍ ക്രൈസ്തവ പണ്ഡിതന്മാര്‍ക്കായില്ല. എന്നാല്‍, ഇവര്‍ തന്നെ അക്കാലത്ത് ലഭ്യമായിരുന്ന പൂര്‍ണവും അപൂര്‍ണവുമായ, ബൈബിളിന്റെ മുഴുവന്‍ (ഗ്രീക്ക്) കൈയെഴുത്തു പ്രതികളും പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷത്തോളം വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടെത്തിയത്രെ (പേജ് 33). ഫിഖ്ഹിനെക്കുറിച്ച വിശാലമായ ചര്‍ച്ചയില്‍ കാലഘട്ടത്തെ മുന്നില്‍ വെച്ചുകൊണ്ടുള്ള ഇജ്തിഹാദിന്റെ (ഗവേഷണം) ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു. ഒരു സംഭവം ഒരേകാലത്തു തന്നെ വിവിധതരം വ്യാഖ്യാനങ്ങള്‍ക്ക് പാത്രീഭവിക്കുന്നുവെങ്കില്‍, മാറുന്ന കാലത്തിനൊത്ത് ഫിഖ്ഹും മാറണമെന്നത് ബുദ്ധിയുടെ തേട്ടമാണ്. ഇക്കാര്യം അവഗണിക്കുക വയ്യ. മുഹമ്മദ് ഹമീദുല്ലയെ ഉദ്ധരിക്കട്ടെ: ”ഒരു വിഷയത്തില്‍ ഒരുകാലത്തെ പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായം (ഇജ്മാഅ്) പറഞ്ഞുവെന്ന് കരുതുക. ആ അഭിപ്രായത്തിന് അതിന്റേതായ വിലയും പരിഗണനയും ഉണ്ട് എന്നത് നേരാണ്. അതിനര്‍ഥം ലോകാവസാനം വരേക്കും ആ കൂട്ടായ പണ്ഡിതാഭിപ്രായത്തെ ആരും ചോദ്യം ചെയ്തുകൂടാ എന്നല്ല” (പേജ് 85).

dr hamidullah‘രാഷ്ട്രീയവും ഭരണസംവിധാനവും’ എന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ ഏറ്റവും കാതലായ വശമാണെന്ന് പറയാം. ലോകത്തെ ഏറ്റവും പഴക്കമുള്ളതാണ് അറേബ്യന്‍ നാഗരികതയെന്ന് ഈ ഭാഗത്ത് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ഗ്രീക്കും റോമും സ്ഥാപിക്കപ്പെടുന്നതിന് എത്രയോ മുമ്പ് യമന്‍ രാഷ്ട്രം നിലവിലുണ്ടായിരുന്നു. ‘അന്താരാഷ്ട്ര നിയമം’ എന്ന അധ്യായത്തിലും ഇതേക്കുറിച്ച പരാമര്‍ശങ്ങളുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ സെറ്റപ്പിനെപ്പറ്റി ഏറെ വാചാലനാകുന്ന ഗ്രന്ഥകാരന്‍ പ്രവാചകാഗമന കാലത്തുണ്ടായിരുന്ന മക്കയുടെ ‘പാര്‍ലമെന്റി’നെ പറ്റിയും അവിടത്തെ ‘മന്ത്രിമാരെ’ പറ്റിയുമെല്ലാം ചരിത്ര രേഖകളുടെ പിന്‍ബലത്തില്‍ സംസാരിക്കുന്നു. അതോടൊപ്പം നബി(സ)യും അനുചരന്മാരും മക്കയിലെ ഭരണസംവിധാനത്തോട് അനുവര്‍ത്തിച്ച നിലപാടുകളെ പറ്റിയും ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു. മക്കയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മദീനയുടെ അവസ്ഥ. നബി(സ) ആഗതനാവുമ്പോള്‍ രാഷ്ട്ര ഭരണത്തിന്റെ യാതൊരു അടയാളവും മദീനയിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അക്ഷീണ യത്‌നം നടത്തി മദീനയെ ലക്ഷണമൊത്ത ഒരു രാഷ്ട്രമായി പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ചു. ഗോത്ര സഖ്യങ്ങള്‍, വിവര ശേഖരണം, ബദ്ര്‍ യുദ്ധം, യുദ്ധത്തടവുകാര്‍, ഉഹുദ് യുദ്ധം, ഖന്‍ദഖ്, മക്കയിലേക്കുള്ള തീര്‍ഥാടനം, ഹുദൈബിയാ സന്ധി, കരാര്‍ ലംഘനം, മക്കാ വിജയം എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങളിലൂടെ പ്രവാചകന്റെ രാഷ്ട്രീയ ഇടപെടലുകളെ ഗ്രന്ഥകാരന്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ‘പ്രതിരോധത്തിന്റെ രാഷ്ട്രീയം’ എന്ന അധ്യായത്തില്‍.

‘പ്രവാചക കാലത്തെ വിദ്യാഭ്യാസ രീതി’ എന്ന ഭാഗം തന്റെ സമൂഹത്തെ സാക്ഷരരാക്കാന്‍ നബി(സ) നടത്തിയ ശ്രമങ്ങളെയും അവയില്‍ നിന്ന് നാം പകര്‍ത്തേണ്ടുന്ന പാഠങ്ങളെയും പറ്റി വിശദമാക്കുന്നു. ഇസ്‌ലാമിക സംസ്‌കൃതിയിലെ ആദ്യത്തെ ‘റസിഡന്‍ഷ്യല്‍ യൂനിവേഴ്‌സിറ്റി’യായ ‘അസ്സൂഫ്ഫ’ പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന ഒമ്പത് പള്ളികളിലെ വിദ്യാഭ്യാസ രീതികള്‍, ‘മാസ്റ്റര്‍ ടെക്സ്റ്റ് ബുക്ക്’ ആയ വിശുദ്ധ ഖുര്‍ആന്റെ പ്രാധാന്യം എന്നിങ്ങനെ ഈ ഭാഗത്ത് ഇതള്‍ വിരിയുന്നു.

തുടര്‍ന്നുള്ള രണ്ട് അധ്യായങ്ങള്‍ (നിയമനിര്‍മാണങ്ങളും ജുഡീഷ്യറിയും, റവന്യൂ, കലണ്ടര്‍) അരികുപറ്റിയ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രവാചകന്‍ നടത്തിയ ത്യാഗപരിശ്രമങ്ങളുടെ വായനയാണ്. ദൈവിക നിയമങ്ങളുടെ മൗലികതയായ വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തെ പറ്റിയും അധികാരമെന്ന ഉത്തരവാദിത്തത്തെ പറ്റിയും ഈ ഭാഗത്ത് ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്.

‘ഇസ്‌ലാമിന്റെ പ്രബോധനം പ്രചാരണം’ എന്ന അവസാന അധ്യായം പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാം വളര്‍ച്ചയുടെ രാസത്വരകങ്ങള്‍ വരച്ചുകാട്ടുന്നു. ഒപ്പം ‘മുസ്‌ലിംകളല്ലാത്തവരോടുള്ള നിലപാട്’ എന്ന ഉപശീര്‍ഷകവും ഏറെ ശ്രദ്ധേയമാണ്. ഗ്രന്ഥകാരന്റെ വാക്കുകള്‍: ”മുസ്‌ലിംകളല്ലാത്തവരുടെ പരിചരണത്തില്‍ അദ്വിതീയമായ തത്ത്വമാണ് ഇസ്‌ലാം ആവിഷ്‌കരിച്ചത്. ഓരോ മതസമൂഹത്തിനും പൂര്‍ണ സ്വയംഭരണാവകാശമാണ് അത് നല്‍കുന്നത്. വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം മാത്രമല്ല, അവരവരുടേതായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനും ജഡ്ജിമാരെ നിയമിക്കാനും വരെയുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടായിരുന്നു. പൂര്‍ണ ആഭ്യന്തര സ്വയം നിര്‍ണയാവകാശം എന്ന ഈ തത്ത്വം നിരവധി ഖുര്‍ആനിക സൂക്തങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്” (പേജ് 243).

പുതിയകാലത്ത് ഏറെ വിലയിരുത്തപ്പെടേണ്ട ഒരു പുസ്തകമാണിത്. കൂര്‍മബുദ്ധിയുടെ ഉടമയായ ഡോ. മുഹമ്മദ് ഹമീദുല്ല തലമുറകള്‍ക്കായി കരുതിവെച്ച ഇതിലെ ചിന്തയും നിഗമനങ്ങളും നമുക്ക് തീര്‍ച്ചയായും പുതിയ ഉള്‍ക്കാഴ്ച പകരും. നാസര്‍ എരമംഗലത്തിന്റെ കവര്‍ ഡിസൈന്‍ ഉള്‍പ്പെടെ കെട്ടിലും മട്ടിലും മനോഹരമാണ് ഈ കൃതി. എങ്കിലും ‘അലഖി’ന് രക്തപിണ്ഡം എന്നര്‍ഥം പറയുന്ന, കാലഹരണപ്പെട്ട ചിലതെങ്കിലും മുഴച്ചുനില്‍ക്കാതെയുമില്ല. എന്തായാലും ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഒരു മൗലിക പ്രതിഭയുടെ ചിന്താ പദ്ധതികളുമായി സംവദിക്കാന്‍ അവസരൊരുക്കിയ പുസ്തകത്തിന്റെ അണിയറ ശില്‍പികളെ അഭിനന്ദിക്കുന്നു.

ജമാല്‍ കടന്നപ്പള്ളി

(Prabodhanam,2014 ജൂലൈ 04)

ഇസ്‌ലാമിന്റെ സന്ദേശം കൊണ്ട് ഇസ്‌ലാമോഫോബിയയെ നേരിടുക

hamid Mohsin

അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാനും അവരുടെ തെറ്റിധാരണകള്‍ നീക്കാനും വേണ്ടി 2008-ലാണ് സയ്യിദ് ഹാമിദ് മുഹ്‌സിന്‍ ബംഗ്ലളൂരുവില്‍ സലാം സെന്ററിന് തുടക്കം കുറിച്ചത്. അതിന്റെ ആദ്യഘട്ടത്തില്‍  ‘ഖുര്‍ആന്‍ എല്ലാവര്‍ക്കും’ എന്ന തലക്കെട്ടില്‍ നടത്തിയ കാമ്പയിന്‍ ശ്രദ്ധേയമായിരുന്നു. അമുസ്‌ലിംകള്‍ക്കിടയില്‍ ഖുര്‍ആന്‍ വായിക്കാന്‍ പ്രേരണ നല്‍കുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. ഖുര്‍ആന്‍ വായനയിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ട് ബംഗ്ലൂര്‍ സിറ്റിയിലെ പ്രധാനപ്പെട്ട മുപ്പതിടങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സെന്റര്‍ സ്ഥാപിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് അതുണ്ടാക്കിയത്. ഖുര്‍ആന്‍ പരിഭാഷകളും ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച പുസ്തകങ്ങളും അടങ്ങിയ ഗിഫ്റ്റ് പാക്ക് സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ സെന്ററിനെ സമീപിച്ചു. വ്യത്യസ്ത ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ വിവിധ കോടതികള്‍ക്കും പോലീസ് ആസ്ഥാനങ്ങള്‍ക്കും, ലൈബ്രറികള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും സെന്റര്‍ വിതരണം നടത്തുകയും ചെയ്തു. പുസ്തകമേളകളില്‍ സ്റ്റാളുകള്‍ സ്ഥാപിച്ചും ദൈവിക സന്ദേശം ലക്ഷക്കണക്കിന് ആളുകളിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ചിന്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ ഇടപഴകലുകളിലൂടെ അവരുടെ മനസ്സുകള്‍ വായിക്കാനും വലിയ അനുഭവ സമ്പത്ത് നേടാനും മുഹ്‌സിന് സാധിച്ചു. വായനക്കാരുടെ പ്രത്യേകാവശ്യങ്ങള്‍ പരിഗണിച്ച് പുസ്തകങ്ങള്‍ രചിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ അദ്ദേഹം ഇംഗ്ലീഷില്‍ മൂന്ന് പുസ്തങ്ങള്‍ രചിക്കുകയും ചെയ്തു. Follow Me, Islam For You, Islam: Facts vs. Fiction എന്നിവയാണവ. ഉര്‍ദു, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയും ആരാധനകളെയും കുറിച്ച് അവബോധം ഉണ്ടാക്കി കൊണ്ട് ആയിരക്കണക്കിന് കൈകളില്‍ അവ എത്തിയിട്ടുണ്ട്. അവയുടെ ഈ വേര്‍ഷനുകളെല്ലാം ഇന്റര്‍നെറ്റിലും ലഭ്യമാക്കി.തന്റെ അനുഭവങ്ങളെക്കുറിച്ച് മുഹ്‌സിന്‍ സംസാരിക്കുന്നു.

* Islam:islam Facts vs. Fiction എന്ന പുസ്തകം നിങ്ങള്‍ രചിച്ചതാണല്ലോ. ഇതേ വിഷയത്തില്‍ മറ്റു പല എഴത്തുകാരുടെയും പുസ്തകങ്ങളുണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ രചനക്കുള്ള പ്രസക്തിയെന്താണ്?
– ഈ വിഷയത്തില്‍ വേറെയും എഴുത്തുകാര്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചായിരുന്നു അവര്‍ രചന നിര്‍വഹിച്ചത്. ഇസ്‌ലാം-മുസ്‌ലിം കാഴ്ച്ചപ്പാടുകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് 250 പേജുകളുള്ള ഈ പുസ്തകത്തില്‍ ഞാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതൊരു ഖേദപ്രകടനമോ മറുപടി പറച്ചിലോ അല്ല. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെയാണ് ഓരോ കാര്യവും അതില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നുമെല്ലാം അതിന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ക്കെതിരെ  പ്രതിരോധിക്കുന്ന ശൈലിയിലല്ല ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ നവ മനസ്സുകള്‍ക്ക് ഉപകാരപ്പെട്ടേക്കാം.

* ഈ പുസ്തകം രചിച്ചതിന് പിന്നില്‍ താങ്കള്‍ക്ക് പ്രത്യേകമായ എന്തെങ്കിലും ലക്ഷ്യമുണ്ടോ?
– പ്രധാനമായും മൂന്ന് ഘടകങ്ങളാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്. മുസ്‌ലിംകളെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്ന പക്ഷപാതപരമായ ധാരാളം ചരിത്രരചനകള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് അതില്‍ ഒന്നാമത്തേത്. ഇസ്‌ലാം, മുസ്‌ലിം, ശരീഅത്ത്, ഫത്‌വ പോലുള്ള കാര്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് അറിവില്ലെന്നതാണ് രണ്ടാത്തെ പ്രേരകം. പടിഞ്ഞാറന്‍ നാടുകളില്‍ ഒരു വ്യവസായം പോലെ വളരുന്ന ഇസ്‌ലാമോഫോബിയയാണ് മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ ഘടകം. അത് ആളുകളെ ഇസ്‌ലാമില്‍ നിന്ന് ഭീതിയോടെ അകറ്റി നിര്‍ത്തുകയും ഇസ്‌ലാമിനെ കുറിച്ച ഭീകരമായ വാര്‍പ്പുമാതൃകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മറ്റുള്ളവരെ മുസ്‌ലിംകളില്‍ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു. ഇതെല്ലാം സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ത്തുകയും വിഷം കുത്തിവെക്കുകയും ചെയ്യുന്നു.

* ഇസ്‌ലാമോഫോബിയയെ കുറിച്ച് ചെറിയ രൂപത്തില്‍ ഒന്നു വിശദീകരിക്കുമോ?
– ആയുധ നിര്‍മാണ ലോബികള്‍ എപ്പോഴും സമാധാനത്തെ ഭയക്കുന്നു. രാഷ്ട്രങ്ങള്‍ യുദ്ധത്തിന് കോപ്പുകൂട്ടി നിലകൊള്ളുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അതിലൂടെ മാത്രമേ അവര്‍ക്ക് ലാഭം കൊയ്യാനാവൂ എന്ന തിരിച്ചറിവാണതിന് കാരണം. എന്നാല്‍ യുദ്ധം പെട്ടന്ന് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. മനസ്സുകളെ അതിന് വേണ്ടി ഒരുക്കിയെടുക്കണം. ജനങ്ങളെ അതിന് മാനസികമായി തയ്യാറാക്കുന്നതിന് പ്രത്യേക രാഷ്ട്രങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ പ്രചാരണങ്ങള്‍ നടക്കേണ്ടതുണ്ട്. അഫ്ഗാന്‍, ഇറാഖ്, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹതഭാഗ്യരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ന്യായീകരണം കണ്ടെത്തിയത് ഭീകരവാദത്തിന്റെ സിദ്ധാന്തങ്ങള്‍ കൊണ്ടായിരുന്നു. അതിന് വേണ്ടി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഭീകരപ്രവര്‍ത്തനങ്ങളില്‍ കുറ്റവാളികളാക്കി കൊണ്ടുള്ള നിരവധി ഗവേഷണങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഇസ്‌ലാമിന്റെ ചിത്രം വികലമാക്കുന്നതിന് ജിഹാദ്, ഫത്‌വ, ശിയാ, സുന്നി, വഹാബി, സലഫി, ശഹീദ് തുടങ്ങിയ സാങ്കേതിക പദങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇസ്‌ലാമെന്നു കേള്‍ക്കുമ്പോള്‍ താടിവെച്ച ഒരു തോക്കുധാരി ക്രൂരമായ കണ്ണുകളോടെ റോന്തുചുറ്റുന്ന ചിത്രം ഉയര്‍ന്നു വരുന്ന അന്തീക്ഷം അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള യുദ്ധവും മതിയായ പ്രചരണങ്ങള്‍ നടത്തി. ഭീകരതക്കെതിരെയുള്ള യുദ്ധം കൂടുതല്‍ അക്രമണങ്ങളിലേക്കും പ്രതികാര പരമ്പരകളിലേക്കുമാണ് നയിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും സ്ഥാനം പിടിക്കുമ്പോള്‍ അക്രമണോത്സുകമായ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നു.

പാശ്ചാത്യര്‍ ഒരു വശത്ത് ഏകാധിപതികളും സ്വേച്ഛാധിപതികളുമായ മുസ്‌ലിം നാടുകളിലെ രാജാക്കന്‍മാരെ അംഗീകരിക്കുകയും രഹസ്യധാരണയിലൂടെ അവരെ ഉപയോഗപ്പെടുത്തി പ്രദേശത്തെ തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യിക്കുകയുമാണ് ചെയ്യുന്നത്. മിഡിലീസ്റ്റിന്റെ ഹൃദയഭാഗത്ത് അറബ് നാടുകള്‍ അധിനിവേശം നടത്തി ഇസ്രയേലിന് ഇടം നല്‍കിയത് അവരാണ്. ഫലസ്തീനികളുടെ മണ്ണും വെള്ളവും കൈവശപ്പെടുത്തി മതില്‍ കെട്ടി വേര്‍തിരിച്ചിരിക്കുകയാണ് അവര്‍. മധ്യപൗരസ്ഥ നാടുകള്‍ക്കിടിയില്‍ യുദ്ധം ഉണ്ടാക്കുന്നതിനാണ് പാശ്ചാത്യര്‍ ഇതെല്ലാം ചെയ്യുന്നത്. ഭീകരതയെന്ന പിശാചിനെ സൃഷ്ടിക്കുന്നതിന് വേണ്ടി പാശ്ചാത്യര്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണിതെന്ന് പുസ്തകം വരച്ചു കാണിക്കുന്നുണ്ട്. ഭീകരതക്കും അനീതിക്കുമിടയിലെ ബന്ധം പുറത്തു കൊണ്ടുവരികയെന്നതാണ് ഈപുസ്തകത്തിന്റെ ലക്ഷ്യം. ആശയപരമായ കാര്യങ്ങള്‍ അക്രമത്തിലൂടെയല്ല, ബുദ്ധിപരമായാണ് കൈകാര്യം ചെയ്യേണ്ടത്.

islam-1* നിങ്ങളുടെ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതാണ്?
– ഈ പുസ്തകത്തില്‍ പരമാര്‍ശിക്കുന്ന എല്ലാ വിഷയങ്ങളും പ്രധാനം തന്നെയാണ്. എന്നാല്‍ ശ്രദ്ധേയമായ ചില വിഷയങ്ങള്‍ക്ക് അതില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ലോകം ഒരു നാലാം ലോകയുദ്ധത്തിന്റെ വക്കിലാണെന്നത് അവയിലൊന്നാണ്. അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിനും അമേരിക്കയും നടത്തിയതായിരുന്നു മൂന്നാം ലോകയുദ്ധം. അതിനെ തുടര്‍ന്ന് ഊര്‍ജ്ജ സ്രോതസ്സുകള്‍ അന്വേഷിച്ചിറങ്ങിയ അമേരിക്കയുടെ കണ്ണുകള്‍ പതിഞ്ഞത് മിഡിലീസ്റ്റിലെ എണ്ണക്കിണറുകളിലായിരുന്നു. അതുകൊണ്ട് അവിടെ ഒരു യുദ്ധം ഉണ്ടാക്കുന്നതിനുള്ള പ്രേരണകള്‍ അവര്‍ ആരംഭിച്ചു. രണ്ടാമത്തെ ശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ പിരിച്ചു വിട്ടതോടെ തങ്ങളുടെ ‘കൊടിയ ശത്രു’വായി അവര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെ കണ്ടെത്തി, അവക്കെതിരെയായിരുന്നു അവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. സോവിയറ്റുകള്‍ വെളുത്ത തൊലിയുള്ളവരായതു കൊണ്ട് അവരെ ലക്ഷ്യമിടുക  എളുപ്പമായിരുന്നില്ല. അവരുടെ തൊലിയുടെ നിറവും വ്യത്യസ്തമായ ആഹാരരീതിയും വസ്ത്ര ധാരണവും സംസ്‌കാരവും മുസ്‌ലിംകളെ ലക്ഷ്യം വെക്കുകയെന്നത്  എളുപ്പമാക്കി. ടെലിവിഷന്‍ സ്‌ക്രീനുകളിലും, പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും ഈ യുദ്ധം നിറഞ്ഞു നിന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളും പാശ്ചാത്യ പക്ഷമാണ് പിടിച്ചത്. ഇസ്‌ലാമിന് മേല്‍ അത് വെറുപ്പിന്റെ അണുക്കള്‍ കുത്തിവെച്ചു.

* ഈ പുസ്തകം മുസ്‌ലിംകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാണോ?
– യുവസമൂഹത്തിന്റെ മനസ്സില്‍ പാശ്ചാത്യര്‍ സൃഷ്ടിച്ചെടുത്ത ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ തിരുത്തുന്നതിന് സഹായിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ അതിലുണ്ട്. ഇന്നത്തെ മുസ്‌ലിം യുവത ചിന്തിക്കാത്തവരും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്പുറമുള്ള കാര്യങ്ങള്‍ വായിക്കാത്തവരുമാണ്. തങ്ങളുടെ സംസ്‌കാരം, ചരിത്രം,  ആദര്‍ശം, സാഹിത്യം എന്നിവയെക്കുറിച്ചൊന്നും അവര്‍ക്ക് അവബോധമില്ല. നിരവധി വസ്തുതകളാല്‍ ക്രോഡീകരിക്കപ്പെട്ട ഈ പുസ്തകം അവര്‍ക്ക് ഏറെ പ്രയോജനപ്പെടും.

* താങ്കളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
– നമ്മളുമായി അടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. വര്‍ഗീയ ന്യൂനപക്ഷങ്ങള്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്  സമൂഹത്തെ മുഴുവന്‍  സ്വാധീനിക്കാന്‍ ശേഷിയില്ലാത്തവയുമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയൊരു വിഭാഗം സമാധാനവും സൗഹാര്‍ദവും കാംക്ഷിക്കുന്നവരാണ്. അവര്‍ക്ക് ഇസ്‌ലാമിന്റെ ശരിയായ സന്ദേശമെത്തിക്കാതിരിക്കുന്നതിലൂടെ വലിയ അക്രമമാണ് നാം അവരോട് ചെയ്യുന്നത്. എന്നുമാത്രമല്ല നാം അവരോട് എന്തു ചെയ്തു എന്നതിനെ കുറിച്ച് ചിന്തിക്കാത്ത നാം, അവര്‍ നമ്മോട് എന്തു ചെയ്തു എന്നതിനെ കുറിച്ച് അമിത മായി വ്യാകുലപ്പെടുന്ന എന്നത് വളരെ ദുഖകരമാണ്. ഒരു മുസ്‌ലിം വ്യക്തി ചുരുങ്ങിയത് മൂന്ന് പേര്‍ക്ക് ഖുര്‍ആനിന്റെയും പ്രവാചകന്റെയും സന്ദേശമെത്തിച്ചാല്‍ തന്നെ സമൂഹത്തില്‍ അത് വലിയ ഫലമായിരിക്കും ഉണ്ടാക്കുക.

വിവ : അഹ്മദ് നസീഫ്

(Islam Onlive)