ഇബ്നു ഖല്‍ദൂനും ആധുനിക സാമ്പത്തികശാസ്ത്രവും

ആധുibn-khaldun_200_200നിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിറവി 18-ാം നൂറ്റാണ്ടിലാണെന്നാണ് ലോകത്തെങ്ങുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിപ്പിക്കപ്പെടുന്നത്. 1776-ല്‍ പ്രസിദ്ധീകരിച്ച ‘വെല്‍ത്ത് ഓഫ് നേഷന്‍സ്'(An enquiry in to the nature and causes of wealth of nations എന്നാണ് മുഴുവന്‍ പേര്) എന്ന കൃതിയെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയ രീതിയില്‍ വിശകലനം ചെയ്ത ആദ്യഗ്രന്ഥമായും അതിന്റെ കര്‍ത്താവായ ആഡംസ്മിത്തിനെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായും വിശേഷിപ്പിച്ചുവരുന്നു. എന്നാല്‍ വെല്‍ത്ത് ഓഫ് നേഷന്‍സിലും തുടര്‍ന്നു പുറത്തിറങ്ങിയ പല സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രതിപാദിച്ച നിരവധി സിദ്ധാന്തങ്ങളുടെ ഉല്‍ഭവം നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണെന്ന കാര്യം പിന്നീട് ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിറവിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ പുരാതന ഗ്രീക്കിലും റോമിലും അതിലുപരി ഇസ്‌ലാമിക ലോകത്തും ധാരാളം സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നിരവധി ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഒട്ടേറെ സിദ്ധാന്തങ്ങള്‍ക്ക് അടിത്തറപാകുകയും ചെയ്തു. ഇമാം ഗസ്സാലി മുതല്‍ ഇബ്‌നുതൈമിയ്യഃ, ഇബ്‌നുഹസം, ഇബ്‌നു ഖല്‍ദൂന്‍, ശാത്വിബി, അല്‍മഖ്‌രീസി എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.

ക്രി: 14-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളും അവക്ക് ആധുനിക സാമ്പത്തിക ശാസ്ത്രവുമായുള്ള ബന്ധവുമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ക്രി: 1332-ല്‍ തുണീഷ്യയില്‍ ജനിച്ച ഇബ്‌നുഖല്‍ദൂന്‍ (അബ്ദുറഹ്മാന്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നുഖല്‍ദൂന്‍ അല്‍ ഹദ്‌റവി) ക്രി:1406-ല്‍ പരലോകം പ്രാപിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് യഥാര്‍ത്ഥത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ ആണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘വെല്‍ത്ത് ഓഫ് നേഷന്‍സ്’ പ്രസിദ്ധീകരിക്കുന്നതിനും 370 വര്‍ഷം മുമ്പ് മരിച്ച ഇബ്‌നുഖല്‍ദൂന്റെ പല നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും വെല്‍ത്ത് ഓഫ് നേഷന്‍സിലും കാണാവുന്നതാണ്. ഉല്‍പാദനം, ഉപഭോഗം, പ്രദാനം, ചോദനം, ചെലവ്, ഉപയുക്തത, സ്വതന്ത്രകമ്പോളം തുടങ്ങിയ മേഖലയില്‍ ആഡംസ്മിത്ത് പ്രതിപാദിക്കുന്ന അതേ സിദ്ധാന്തങ്ങള്‍ ഇബ്‌നു ഖല്‍ദൂന്റെ മുഖ്യരചനയായ മുഖദ്ദിമഃയിലും കാണാം. പ്രധാനപ്പെട്ട ഏതാനും സംഭാവനകള്‍ മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു.

തൊഴില്‍ മൂല്യസിദ്ധാന്തം (Labour Theory of Value)
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യംപെറ്റി (1623-1687) ആഡംസ്മിത്ത് (1723-1790), ഡേവിഡ് റിക്കാര്‍ഡോ(1772-1823), റോബര്‍ട്ട് മാല്‍തസ്(1766-1834), മാര്‍ക്‌സ് (1818-1883) എന്നിവര്‍ മൂല്യനിര്‍ണയത്തില്‍ തൊഴില്‍ ശക്തിക്കുള്ള പങ്ക് പ്രതിപാദിക്കുന്ന തൊഴില്‍ മൂല്യസിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുണ്ട്. ഏതൊരു സാധനത്തിന്റെയും വിനിമയമൂല്യം അതിലടങ്ങിയ തൊഴില്‍ സമയവും അതിന്റെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആഡംസ്മിത്തിന്റെ സിദ്ധാന്തത്തിന്റെ ഉള്ളടക്കം. മാര്‍ക്‌സ് ഒരുപടികൂടി കടന്ന്, തൊഴിലാളിയാണ് മൂല്യം സൃഷ്ടിക്കുന്നത് എന്നതിനാല്‍ അത് മുഴുവന്‍ അവര്‍ക്ക് തന്നെ അവകാശപ്പെട്ടതാണ് എന്ന് വാദിക്കുകയും മുതലാളി വര്‍ഗം അതില്‍ നിന്ന് ഓഹരിപറ്റുന്നത് ചൂഷണമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് മാര്‍ക്‌സിന്റെ പ്രസിദ്ധമായ മിച്ചമൂല്യ സിദ്ധാന്തം (Surplus Value) മറ്റുമിക്ക സിദ്ധാന്തങ്ങളും ആശയപരമായി ആഡംസ്മിത്തിന്റെതുമായി യോജിക്കുന്നു. ഇബ്‌നുഖല്‍ദൂന്‍, ആഡംസ്മിത്ത് പരാമര്‍ശിച്ച അതേസ്വഭാവത്തില്‍ മുഖദ്ദിമഃയില്‍ ഇത് വിവരിക്കുന്നുണ്ട്. ഇവരണ്ടും താഴെ ചേര്‍ക്കുന്നു.
‘പണംകൊണ്ട് വാങ്ങാന്‍ കഴിയുന്ന വസ്തുക്കള്‍ തൊഴില്‍ ശക്തി ഉപയോഗിച്ചും സ്വന്തമാക്കാം. കാരണം ഏതൊരു സാധനത്തിന്റെയും വിനിമയമൂല്യം അതിലടങ്ങിയ തൊഴില്‍ശക്തിയുടെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുവസ്തു അത്രതന്നെ തൊഴില്‍ മൂല്യം ഉള്‍പെട്ട മറ്റൊരു വസ്തുവുമായി കൈമാറാം. ഏതൊരു വസ്തുവും, അത് വ്യക്തിയുടേതായാലും കൈമാറ്റത്തിനുള്ളതാണെങ്കിലും, അതല്ല ഉപഭോഗവസ്തുവായാലും തൊഴില്‍മൂല്യം കണക്കാക്കി വാങ്ങാനും വില്‍ക്കാനും കഴിയും. അതിനാല്‍ തൊഴിലാണ് കൈമാറ്റം ചെയ്യുന്ന വസ്തുക്കളുടെ യഥാര്‍ത്ഥ മൂല്യം നിര്‍ണയിക്കുന്നത്’ (വെല്‍ത്ത് ഓഫ് നാഷന്‍സ്).
‘തൊഴിലാണ് മൂല്യത്തിന്റെ അടിസ്ഥാനം. സമ്പത്ത് ആര്‍ജ്ജിക്കാനും മൂലധന സ്വരൂപണത്തിനും അത് കൂടിയേ തീരൂ. ഒരു തൊഴില്‍ ചെയ്യാനുള്ള കഴിവ് സ്വന്തമായുള്ള ഏതൊരാള്‍ക്കും അതുപയോഗിച്ച് കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കാനാവുന്നു. മറ്റു വഴികളിലൂടെയും ധനം നേടാം. എങ്കിലും ലാഭവും വേതനവുമാണ് മുഖ്യവരുമാന സ്രോതസ്സുകള്‍. ഇവ രണ്ടും നിര്‍ണയിക്കപ്പെടുന്നത് തൊഴില്‍ ശക്തിക്കനുസരിച്ചാണ്. അതിനാല്‍ മൂല്യത്തിന്റെ അടിസ്ഥാനവും ഇതുതന്നെ.’ (മുഖദ്ദിമഃ)
മനുഷ്യാധ്വാനമാണ് എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനം എന്നതിനാല്‍ മനുഷ്യവിഭവശേഷിയും അധ്വാനശേഷിയും കൂടുതലുള്ള രാജ്യത്ത് ഉല്‍പാദനവും തന്‍മൂലമുള്ള സാമ്പത്തിക വളര്‍ച്ചയും വര്‍ധിക്കുമെന്ന് ഇബ്‌നുഖല്‍ദൂന്‍ സ്ഥാപിച്ചു. മടിയന്മാരുടെ സമൂഹത്തില്‍ മൂല്യവര്‍ധന കുറയുകയും അതുവഴി വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. അഥവാ സീമാന്ത ഉല്‍പാദനക്ഷമത (Marginal Productivity) വര്‍ധിക്കുമ്പോഴാണ് സമൂഹം സമ്പന്നതയിലേക്ക് കാലെടുത്തുവെക്കുക എന്ന് അദ്ദേഹം പ്രസ്താവിച്ചു. ക്ലാസിക്കല്‍ ഏക്കണോമിക്‌സിന്റെ അടിസ്ഥാനമായി ആഡംസ്മിത്ത് പ്രതിപാദിച്ചതും ഇതുതന്നെയായിരുന്നു.

വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടാണ് വേതന നിരക്കില്‍ മാറ്റമെന്ന് (differences in wages in different occupations) വിവരിക്കുന്നത് 1817-ല്‍ പ്രസിദ്ധീകരിച്ച റികാര്‍ഡോവിന്റെ ‘പ്രിന്‍സിപ്പ്ള്‍സ് ഓഫ് പൊളിറ്റിക്കല്‍ എക്കണോമി’ എന്ന ഗ്രന്ഥത്തിലാണ്. ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമഃയില്‍ ഇതേ കാരണങ്ങള്‍ തന്നെ വിവരിച്ചതായി കാണാം. കമ്പോളത്തിന്റെ സ്വഭാവം, തൊഴിലാളികളുടെ സാങ്കേതിക ജ്ഞാനം, സര്‍ക്കാര്‍ നയങ്ങള്‍, തൊഴില്‍ സാഹചര്യങ്ങളിലുള്ള മാറ്റം എന്നീ കാരണങ്ങളാണ് ഇബ്‌നുഖല്‍ദൂന്‍ നിരത്തുന്നത്. തൊഴിലാളികളുടെ പ്രദാനത്തില്‍ ദീര്‍ഘകാലത്തേക്ക് വരുന്ന വര്‍ധനവ് ഉല്‍പാദനം വര്‍ധിപ്പിക്കാനിടയാക്കും. അത്തരമൊരു സാഹചര്യം ലാഭം കുറയാനിടയാക്കും. അതിനാല്‍ ദീര്‍ഘകാലത്തേക്ക് തൊഴിലാളികളുടെ പ്രദാന വര്‍ധന കണക്കാക്കി സാമ്പത്തികാസൂത്രണം നടത്തണമെന്നാണ് ഇബ്‌നുഖല്‍ദൂന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ് നാമേവരും മരിച്ചുപോവുന്നതിനാല്‍ ആസൂത്രണത്തിന്റെ ആവശ്യമില്ലെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ. എം. കെയിന്‍സ് പ്രസ്താവിച്ചിട്ടുള്ളത്.
വിവിധ സ്ഥലങ്ങളിലും രാഷ്ട്രങ്ങളിലും എന്തുകൊണ്ടാണ് ഒരേ തൊഴിലിന് വ്യത്യസ്ത വേതന നിരക്ക് നിലനില്‍ക്കുന്നതെന്ന് ആഡംസ്മിത്ത് വിശകലനം ചെയ്യുന്നുണ്ട്. നഗരങ്ങളുടെ സ്വഭാവം, ജീവിത നിലവാരം, പ്രദേശത്തെ സാമ്പത്തിക സ്ഥിതി തുടങ്ങിയവയാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. ഇംഗ്ലണ്ടിനെയും ബംഗാളിനെയുമാണ് അദ്ദേഹം ഉദാഹരിക്കുന്നത്. എന്നാല്‍ മറ്റു രണ്ട് പ്രദേശങ്ങളെ ഉദാഹരിച്ച് ഇബ്‌നു ഖല്‍ദൂനും ഇതുതന്നെ വിവരിച്ചിട്ടുണ്ട്. തൊഴില്‍ ശക്തിയാണ് രാഷ്ട്രത്തിന്റെ മൂലധനം. വളര്‍ച്ചയും ജീവിത നിലവാരവും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യാവര്‍ധന അധ്വാനശേഷി വര്‍ധിപ്പിക്കുന്നു. രാജ്യത്തിനത് നേട്ടമായി മാറുന്നു. സ്വതന്ത്ര കമ്പോള സംവിധാനം വഴി വ്യക്തികളുടെ സംതൃപ്തിയും രാഷ്ട്രത്തിന്റെ നേട്ടങ്ങളും വര്‍ധിപ്പിക്കാം. ഇതിന്റെയെല്ലാം അടിസ്ഥാനം തൊഴില്‍ ശക്തിയാണെന്നും ഇബ്‌നു ഖല്‍ദൂന്‍ വിവരിക്കുന്നു.

ചോദന സിദ്ധാന്തം (Demand Theory)
ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ചോദനസിദ്ധാന്തത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത് റോബര്‍ട്ട് മാല്‍നസ്, ആല്‍ഫ്രഡ് മാര്‍ഷല്‍, ജെ.ആര്‍ ഹിക്‌സ് തുടങ്ങിയ പ്രമുഖരാണ്. ഉപയുക്തത (Utility) അടിസ്ഥാനമാക്കിയുള്ള മാര്‍ഷലിന്റെ ചോദന നിയമം ഇബ്‌നു ഖല്‍ദൂന്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ചോദനത്തിന്റെ യഥാര്‍ത്ഥ പ്രചോദനം അതില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉപയുക്തതയാണ്. ഉപഭോക്താവ് സാധനങ്ങള്‍ വാങ്ങുന്നത് വിലയും ഉപയുക്തതയും താരതമ്യം ചെയ്താണ്. ഉല്‍പാദനം വര്‍ധിക്കാതെ ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ വിലവര്‍ധനക്ക് കാരണമാവും. നേരെ മറിച്ചാണെങ്കില്‍ വിലകുറയാനും ഇടവരുത്തും. ഇബ്‌നു ഖല്‍ദൂന്റെ ഈ വിശകലനമാണ് ചോദന നിയമത്തിന്റെ അടിസ്ഥാനം.
തൊഴിലാളി ഉല്‍പാദിപ്പിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും വിലയുണ്ട്. കാരണം തൊഴില്‍ ശക്തി സൗജന്യമായി ലഭിക്കില്ല. അതിനും വിലയുണ്ട്. തൊഴിലും വിലക്കനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന ചരക്കായി മാറുന്നു. ഒരു പ്രത്യേക വസ്തുവിന്റെ പ്രദാനം വര്‍ധിക്കണമെങ്കില്‍ ആ വസ്തു ഉല്‍പാദിപ്പിക്കുന്ന തൊഴില്‍ ശക്തിയുടെ പ്രദാനവും ചോദനവും വര്‍ധിക്കണം.

ചോദനത്തെ നിابن خلدونര്‍ണയിക്കുന്ന ഘടകങ്ങളെയും അദ്ദേഹം വിശദീകരിക്കുന്നു. സര്‍ക്കാറില്‍ നിന്നുള്ള ചോദനമാണ് പ്രധാനമായി അദ്ദേഹം വിവരിക്കുന്നത്. പ്രദേശത്തെ വിഭവലഭ്യത, സമ്പന്നത, സമ്പത്തിന്റെ കേന്ദ്രീകൃത സ്വഭാവം, നികുതിഘടന എന്നിവയും രാജ്യത്തെ മൊത്തം ചോദനത്തെ ബാധിക്കുമെന്ന് അദ്ദേഹം എടുത്തുപറയുന്നു. ഉല്‍പാദനച്ചെലവിന് വിലനിര്‍ണയത്തിലും അതുവഴി ചോദനത്തിലുമുള്ള സ്വാധീനവും ഇബ്‌നുഖല്‍ദൂന്‍ വിവരിക്കുന്നു. ഫലഭൂയിഷ്ടമായ ഭൂമിയില്‍ ഉല്‍പാദനച്ചെലവ് കുറവായതിനാല്‍ വില കുറയാനിടയാകും. എന്നാല്‍ ഫലപുഷ്ടി കുറഞ്ഞ ഭൂമിയാണ് കൃഷിക്ക് കൂടുതല്‍ ആശ്രയിക്കുന്നതെങ്കില്‍ ഉല്‍പാദനച്ചെലവ് കൂടുകയും വിലവര്‍ധിക്കാനിടയാകുകയും ചെയ്യും. ജനങ്ങള്‍ക്ക് വരുമാനം വര്‍ധിച്ചാല്‍ ഉപഭോഗം വര്‍ധിക്കും. ഇതാണ് കെയിന്‍സിന്റെ പ്രസിദ്ധമായ ഉപഭോഗ പ്രവര്‍ത്തന സിദ്ധാന്തം. (Consumption Function)

ലാഭസിദ്ധാന്തം (Theory of Profit)
1921-ല്‍ പ്രൊഫ. എഫ്. എച്ച് നൈറ്റ് (FH Knight) എന്ന സാമ്പത്തിക വിദഗ്ധനാണ്, ലാഭത്തിന്റെ അടിസ്ഥാനം സംരംഭകന്‍ വഹിക്കുന്ന സാഹസം (Risk) ആണ് എന്ന് വിശദീകരിച്ചത്. ഇത് Risk Theory (ലാഭത്തിന്റെ സാഹസ സിദ്ധാന്തം) എന്ന് അറിയപ്പെടുന്നു. ഇബ്‌നു ഖല്‍ദൂന്‍ ഇതേ സങ്കല്‍പം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘വ്യാപാരി സാധനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് വാങ്ങി സൂക്ഷിക്കുകയും വിലവര്‍ധിക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നു. അധികമായി ലഭിക്കുന്ന വിലയാണ് ലാഭം. വില ഉയര്‍ന്നില്ലെങ്കില്‍ നഷ്ടവും സംഭവിക്കാം. കുറഞ്ഞ വിലക്ക് വാങ്ങി അധിക വിലക്ക് വില്‍ക്കാനായി വ്യാപാരി വഹിക്കുന്ന സാഹസത്തിന് (Risk) പ്രതിഫലമാണ് ലാഭം’.

അമിത വിലയും വളരെ കുറഞ്ഞ വിലയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് അദ്ദേഹം പ്രതിപാദിച്ചു. സന്തുലിത വില (equilibrium price) എന്ന, ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ സങ്കല്‍പമാണ് ഇവിടെ അദ്ദേഹം നിര്‍ദേശിക്കുന്നത്. സാധനങ്ങള്‍ക്ക് കമ്പോളത്തില്‍ നിര്‍ണയിക്കപ്പെടുന്ന വില സര്‍ക്കാര്‍ സബ്‌സിഡിയിലൂടെ കുറക്കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നില്ല. വിലകുറവുള്ള സാധനങ്ങള്‍ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഇത് കാരണമാവുമെന്ന് അദ്ദേഹം പ്രവചിച്ചു. അമിത വിലയും ഉല്‍പാദനത്തെ തകര്‍ക്കും. ചോദനം കുറയുന്നതിലൂടെയാണിത്. അമിത വിലക്കും ചോദന വര്‍ധനക്കുമുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നു. സുഖഭോഗ വസ്തുക്കളുടെ അമിതോപയോഗം അവയെ അടിസ്ഥാനാവശ്യങ്ങളുടെ പട്ടികയിലേക്കെത്തിക്കുകയും വിലയിലും ചെലവിലും വര്‍ധനക്ക് കാരണമാവുകയും ചെയ്യും. ഉല്‍പാദനം വര്‍ധിക്കാതെ ചോദനം വര്‍ധിക്കുന്നതും ഉല്‍പാദനച്ചെലവിലുണ്ടാവുന്ന വര്‍ധനവും പണപ്പെരുപ്പത്തിന് കാരണമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉല്‍പാദനച്ചെലവ് വില ഉയര്‍ത്തുന്നതിന്റെ Cost push inflation എന്നും ചോദന വര്‍ധന വില ഉയര്‍ത്തുന്നതിനെ Demand pull inflation എന്നും ആധുനിക സാമ്പത്തികശാസ്ത്രം വിശദീകരിക്കുന്നു. ഇതുതന്നെയാണ് ഇബ്‌നു ഖല്‍ദൂനും വ്യക്തമാക്കിയത്.

സ്ഥൂല സാമ്പത്തിക ശാസ്ത്രം (Macro economics)
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനാശയങ്ങള്‍ രൂപപ്പെടുത്തിയത് 1930 കളില്‍ ജെ.എം. കെയിന്‍സ് എന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനാണ്. കെയിന്‍സ് പ്രതിപാദിച്ച മൊത്ത ചോദനം (Aggregate demand), ഫലപ്രദ ചോദനം (effective demand), ഗുണകഫലം (multiplier effect), വരുമാനവും തൊഴിലും തമ്മിലുള്ള തുല്യത (equation of income and employment) തുടങ്ങിയവയെല്ലാം ഇബ്‌നു ഖല്‍ദൂനും പരാമര്‍ശിച്ചതായി കാണാം.
ചോദന വര്‍ധനക്ക് കാരണം ജനസംഖ്യാ വര്‍ധനവാണ്. ഇത് ഉല്‍പാദനം, ലാഭം, നികുതി, സാമ്പത്തിക വളര്‍ച്ച എന്നിവയിലും വര്‍ധനവുണ്ടാക്കും. ലാഭത്തിലുണ്ടാവുന്ന വന്‍ വര്‍ധന രാജ്യത്ത് സമ്പത്തും സമ്പന്നരുടെ എണ്ണവും വര്‍ധിക്കാനിടയാക്കുന്നു. ദേശീയ വരുമാനം ഇതുവഴി വര്‍ധിക്കുന്നു. വരുമാന വര്‍ധനക്കനുസരിച്ച് ചോദനവും മൂലധന സ്വരൂപണവും ഇതുവഴി വര്‍ദ്ധിക്കുകയും അത് വീണ്ടും വരുമാനം ഉയര്‍ത്തുകയും ചെയ്യും. ഇതാണ് പ്രസിദ്ധമായ Multiplier effect (ഗുണകഫലം) എന്ന നിലയില്‍ കെയിന്‍സ് വിശദീകരിക്കുന്നത്. ദേശീയ വരുമാനത്തെകുറിച്ചും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിക്കുന്നുണ്ട്. രാജ്യത്തിലെ മൊത്തം വരുമാനവും ചെലവും തുല്യമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സര്‍ക്കാറിന് പ്രധാന പങ്കുണ്ടെന്ന് ഇബ്‌നു ഖല്‍ദൂന്‍ ഊന്നിപ്പറയുന്നു. സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാറിന്റെ ഇടപെടലിനെകുറിച്ച് ആധുനിക സമ്പദ്ശാസ്ത്രത്തില്‍ ആദ്യമായി പ്രതിപാദിച്ചതും ജെ.എം. കെയിന്‍സ് ആണ്. അതും 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിലൂടെ സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയുടെ പരിമിതി ബോധ്യപ്പെട്ടപ്പോഴായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇടപെടലിനെകുറിച്ചും ധനനയം (Fiscal Policy) സാമ്പത്തിക വളര്‍ച്ചക്കനുഗുണമാവേണ്ടതിനെ സംബന്ധിച്ചും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിച്ചു. ധനനയത്തിന്റെ ഭാഗമായി നികുതി വര്‍ധിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ച കുറയാനിടയാക്കും. ഇത് മൊത്തം വരുമാനം കുറക്കും. സര്‍ക്കാറിന്റെ വരുമാനം ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി നിരക്ക് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ഇബ്‌നു ഖല്‍ദൂന്‍ നിര്‍ദേശിക്കുന്നു. അമിത നികുതി ഉല്‍പാദനക്കുറവിനും അതുവഴി വരുമാനം കുറയാനും ഇടവരുത്തും. നികുതി ചുമത്തുമ്പോള്‍ സന്തുലിത നിലപാടാണ് സ്വീകരിക്കേണ്ടത്. ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഇതു സംബന്ധിച്ച നിയമം ആവിഷ്‌കരിച്ചത് ആര്‍തര്‍ ലാഫര്‍ എന്ന സാമ്പത്തിക വിദഗ്ധനാണ്. ഇതിന്റെ രേഖാ ആവിഷ്‌കാരം ലാഫര്‍ വക്രം (Laffer curve) എന്ന പേരില്‍ അറിയപ്പെടുന്നു. കുറഞ്ഞ നികുതി നിരക്ക് രാഷ്ട്രത്തിന്റെ വരുമാനവും ജനങ്ങളുടെ സംതൃപ്തിയും വര്‍ധിപ്പിക്കും എന്നാണ് അദ്ദേഹത്തിന്റെ നിയമത്തിന്റെ ചുരുക്കം. ഇതുതന്നെയാണ് ഇബ്‌നു ഖല്‍ദൂനും വിശദീകരിച്ചത്.

പണം (Money)
പണത്തിന്റെ പ്രാധാന്യവും മുഖ്യപ്രവര്‍ത്തനങ്ങളും പല സാമ്പത്തിക ശാസ്ത്രജ്ഞരും വിശദീകരിച്ചിട്ടുണ്ട്. പണത്തിന്റെ മുഖ്യധര്‍മങ്ങള്‍ വിനിമയ മാധ്യമം, മൂല്യമാപിനി എന്നിവയാണെന്ന് ഇബ്‌നു ഖല്‍ദൂനും വിശദീകരിക്കുന്നു. സമ്പത്തിന്റെ വാഹനമാണ് പണം. സമ്പത്തിന്റെ സൂക്ഷിപ്പും കൈമാറ്റവും വഴി സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കാണ് പണം വഹിക്കുന്നതെന്ന് ഇബ്‌നു ഖല്‍ദൂന്‍ പ്രസ്താവിച്ചു. ആധുനിക സാമ്പത്തിക ശാസ്ത്രവും ഇതേ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.

വിദേശ വ്യാപാരം (Foreign Trade)
വിദേശ വ്യാപാരത്തെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ വിവരിക്കുന്നു. ജനങ്ങളുടെ ക്ഷേമവും രാഷ്ട്രത്തിന്റെ സമ്പത്തും വര്‍ധിപ്പിക്കാന്‍ വിദേശവ്യാപാരം വഴി സാധിക്കുന്നു. രാജ്യത്തിനകത്ത് ഉല്‍പാദനച്ചെലവ് കൂടിയ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതാവും ലാഭം. വിഭവങ്ങള്‍ ഉല്‍പാദനച്ചെലവ് കുറഞ്ഞ വസ്തുക്കളുടെ ഉല്‍പാദനത്തിന് ഉപയോഗിച്ച് അവ കയറ്റുമതി ചെയ്യുകയും ഉല്‍പാദനച്ചെലവ് കൂടിയ വസ്തുക്കള്‍ ഇറക്കുമതി ചെയ്തും വിദേശ വ്യാപാരം നേട്ടമാക്കി മാറ്റാം. ഇത് വഴി രാഷ്ട്രത്തിന്റെ ഉല്‍പാദനവും വളര്‍ച്ചയും വര്‍ധിക്കുന്നു. കൂടുതല്‍ ഗുണമൂല്യമുള്ള വസ്തുക്കളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധയൂന്നാനും കഴിയും. ഇബ്‌നു ഖല്‍ദൂന്റെ ഇതേ വിവരണമാണ് ആഡംസ്മിത്ത് തന്റെ Comparative advantage theory (താരതമ്യനേട്ട സിദ്ധാന്തം) യിലൂടെ വിശദീകരിക്കുന്നത്. ഡേവിഡ് ഹ്യൂം എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്ന അവസരാത്മക ചെലവ് (oppurtunity cost) എന്ന സങ്കല്‍പവും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിച്ചിട്ടുണ്ട്.

ആഡംസ്മിത്തും ഇബ്‌നു ഖല്‍ദൂനും
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ആഡംസ്മിത്തിന്റെയും ഇബ്‌നു ഖല്‍ദൂനിന്റെയും രചനകള്‍ തമ്മില്‍ പല കാര്യങ്ങളിലുമുള്ള സാമ്യം ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. സ്വതന്ത്രകമ്പോള സമ്പദ്‌വ്യവസ്ഥയാണ് ഇബ്‌നു ഖല്‍ദൂനും മുന്നോട്ടുവെക്കുന്നത്. ആഡംസ്മിത്തിന്റെ സ്വതന്ത്ര കമ്പോള സമ്പദ്‌വ്യവസ്ഥയും സാമ്പത്തിക സ്വതന്ത്ര സങ്കല്‍പവുമാണ് മുതലാളിത്തത്തിന് അടിത്തറ പാകിയത്. കൂടാതെ ആഡംസ്മിത്ത് പ്രതിപാദിച്ച മിക്ക സിദ്ധാന്തങ്ങളും ഇബ്‌നു ഖല്‍ദൂന്റെ രചനകളിലും കാണാം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഷുംപീറ്റര്‍, ആഡംസ്മിത്തിനെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു: ‘ആഡംസ്മിത്ത് സാമ്പത്തിക ശാസ്ത്ര ചരിത്രത്തിലെ അതുല്യനായ പ്രതിഭയാണെന്ന കാര്യം നിഷേധിക്കുന്നില്ല. അദ്ദേഹത്തിനു മുമ്പുള്ള സാമ്പത്തിക ശാസ്ത്ര ചിന്തകള്‍ സ്വാധീനിച്ചിരിക്കാമെങ്കിലും അവ അതേപോലെ പകര്‍ത്തിയെഴുതി എന്നു പറയാനാവില്ല. പഴയ പല ചിന്തകളും പുതിയ കെട്ടിലും മട്ടിലും അദ്ദേഹം അവതരിപ്പിച്ചു. ‘ഇബ്‌നു ഖല്‍ദൂന്റെ ചിന്തകളാണ് ആഡംസ്മിത്തിന്റേതിനേക്കാള്‍ ഒറിജിനല്‍ എന്നു പറയാം. ഇബ്‌നു ഖല്‍ദൂനെ അദ്ദേഹത്തിനു മുമ്പ് ജീവിച്ച പ്ലാറ്റോവിന്റെയും അരിസ്റ്റോട്ടിലിന്റെയും ത്വാഹിറുബ്‌നു ഹുസൈന്റെയും ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം പക്ഷെ പുതിയ സമീപനത്തോടെയാണ് അവ അവതരിപ്പിച്ചത്. എന്നാലും ഇബ്‌നു ഖല്‍ദൂനാണ് ആധുനിക സാമ്പത്തിക ശാസ്ത്ര ചിന്തകളുടെ പലമേഖലക്കും അസ്ഥിവാരമിട്ടത് എന്നുപറയാം’.

ആഡംസ്മിത്തിനും നാല് നൂറ്റാണ്ട് മുമ്പ് ജീവിച്ച ഇബ്‌നു ഖല്‍ദൂന്റെ ചിന്തകള്‍ പലനിലക്കും ആഡംസ്മിത്തിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പഠിച്ച ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ ഒരു പക്ഷെ ഇബ്‌നു ഖല്‍ദൂന്റെ പുസ്തകങ്ങള്‍ കണ്ടിരിക്കാം. അതല്ലെങ്കില്‍ ഗവേഷണ ബിരുദം നേടിയ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ലൈബ്രറയില്‍ ഇബ്‌നു ഖല്‍ദൂന്റെ പേരില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലഭിച്ചിരിക്കാം. മുമ്പ് കാലത്ത് ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുരിശുയുദ്ധങ്ങളിലൂടെ ഇസ്‌ലാമിക ലോകത്ത് കടന്നു ചെന്ന യൂറോപ്യന്‍ സൈനികര്‍ അവിടത്തെ വിജ്ഞാന സമ്പത്ത് യൂറോപ്പിലേക്ക് കടത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്തതായി ചരിത്ര രേഖപ്പെടുത്തുന്നുണ്ട്. ഇബ്‌നു ഖല്‍ദൂന്റെ രചനകള്‍ അങ്ങിനെ ആഡംസ്മിത്തിന് ലഭിക്കാനും സാധ്യതയുണ്ട്. ആഡംസ്മിത്ത് യൂറോപ്പില്‍ ചുറ്റിസഞ്ചരിച്ചപ്പോള്‍ പരിചയപ്പെട്ട ക്യൂനെ അടക്കമുള്ള പ്രമുഖര്‍ വഴിയും ഇത് ലഭിക്കാം. 1730-ല്‍ മുഖദ്ദിമഃ ടര്‍ക്കിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തില്‍ യൂറോപ്പിന്റെ പലഭാഗങ്ങളും ഉല്‍പ്പെട്ടിരുന്നു. അതുവഴിയും ആഡംസ്മിത്തിന് ഇബ്‌നുഖല്‍ദൂന്റെ രചനകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏതായാലും ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിറവിയില്‍ ഇബ്‌നു ഖല്‍ദൂന്റെ പങ്ക് നിഷേധിക്കുക സാധ്യമല്ല.

മുഹമ്മദ് പാലത്ത്
(Islam Padasala/21 November 2013)

എന്റെ ആദ്യറമദാന്‍ വിസ്മയാവഹം

by മര്‍ജാന – റഷ്യ
——————-
muslims-observe_200_200എന്റെ ജീവിതത്തിലെ ആദ്യറമദാനായിരുന്നു അത്. നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഒത്തിരി ആശങ്ക തോന്നാതിരുന്നില്ല. പകല്‍മുഴുവന്‍ ഭക്ഷണവും പാനീയവും ഒഴിവാക്കി കഴിഞ്ഞുകൂടുന്നതെങ്ങനെയെന്നതായിരുന്നു എന്റെ ചിന്ത. എന്റെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും തദ്‌സംബന്ധിയായ പ്രശ്‌നങ്ങളും പ്രയാസങ്ങളും എന്നോട് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. ശാരീരികാവശ്യങ്ങളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഒഴിവാക്കുന്നതിലെ അര്‍ഥശൂന്യതയെപ്പറ്റി ചിലര്‍ വിമര്‍ശിച്ചു. ഭക്ഷണവും പാനീയവും ദീര്‍ഘസമയം ഒഴിവാക്കുമ്പോള്‍ അള്‍സര്‍ പിടിപെടുമെന്നും പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും അവരെന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. വ്രതാനുഷ്ഠാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ എത്രമാത്രം അവര്‍ ശ്രമിച്ചുവോ അത്രത്തോളം നോമ്പുപിടിക്കണമെന്ന എന്റെ നിശ്ചയദാര്‍ഢ്യം വര്‍ധിച്ചുവന്നു.

മുസ്‌ലിംസമൂഹവും അതിന്റെ അടയാളങ്ങളും ഉള്ള ഒരു നാട്ടില്‍നിന്നും തികച്ചും വ്യത്യസ്തമായി മുസ് ലിംകളെയൊന്നും കാണാത്ത ഒരു അമുസ് ലിംഭൂരിപക്ഷരാജ്യത്ത് നോമ്പനുഷ്ഠിക്കുകയെന്നുപറഞ്ഞാല്‍ വളരെ പ്രയാസകരമായിരുന്നു. ഇസ് ലാമിലേക്ക് തൊട്ടുമുമ്പ് കടന്നുവന്നതിനാലും മുസ്‌ലിംസുഹൃത്തുക്കള്‍ എണ്ണിപ്പറയാനില്ലാത്തതിനാലും വിരസമായി റമദാന്‍ കടന്നുപോകുമോയെന്ന് ഞാന്‍ ഭയപ്പെട്ടു. എന്റെ പരിചയക്കാരായ ആളുകള്‍, റമദാനിലാണ് ഇപ്പോഴുള്ളതെന്നറിയുമ്പോള്‍ പകല്‍മുഴുവന്‍ ഭക്ഷണമൊന്നും ഇല്ലാതെ എങ്ങനെ കഴിഞ്ഞുകൂടുമെന്ന് സഹതാപം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

യഥാര്‍ഥത്തില്‍ അനുഷ്ഠാനം എന്ന നിലയ്ക്ക് അത്രയൊന്നും പ്രയാസകരമായിരുന്നില്ല റമദാന്‍ നോമ്പ്. എന്നാല്‍, അടുത്തസുഹൃത്തുക്കളുടെ സന്തോഷനിമിഷങ്ങളില്‍ പങ്കുകൊള്ളാനാകില്ലല്ലോയെന്നത് അങ്ങേയറ്റം വിഷമകരമായിരുന്നു. അതിനാല്‍ എനിക്ക് എന്റെതായ സന്തോഷങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. റമദാന്‍ അതിന് നല്ല ഒരു അവസരമായിരുന്നു. അശരണര്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കുക, രോഗികളെ ആശ്വസിപ്പിക്കുക ഇതിലൂടെയെല്ലാം സന്തോഷം കണ്ടെത്തി. റമദാന്‍ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ. വല്ലപ്പോഴുമൊക്കെ ഏതെങ്കിലും മുസ്‌ലിംസഹോദരനെ കാണുമ്പോള്‍ പതിന്‍മടങ്ങ് സന്തോഷം തോന്നിയിരുന്നു.

ഇടയ്ക്ക് മാര്‍ക്കറ്റില്‍ പോയി തിരികെ വീട്ടിലെത്തി പൊതിയഴിച്ചുനോക്കുമ്പോള്‍ മുസ്‌ലിംസെയില്‍സ്മാന്‍ അധികമായി വെച്ചിട്ടുള്ള സമ്മാനങ്ങള്‍ കാണാറുണ്ട്. അതൊരുപക്ഷേ, ആപ്പിളോ അല്ലെങ്കില്‍ പീച്ചുപഴമോ ഒക്കെ ആയിരിക്കും. ആളുകള്‍ക്ക് എന്തെങ്കിലും നന്‍മചെയ്യണമെന്ന ആഗ്രഹത്തെ അത് പ്രചോദിപ്പിക്കാറുണ്ട്.

റമദാന്റെ ആദ്യദിനങ്ങള്‍ പോഷണക്കുറവിന്റെ പ്രയാസം അനുഭവപ്പെട്ടേക്കാം. നോമ്പുതുറയുടെ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം വെക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇസ് ലാമിലേക്ക് വരുന്നതിനുമുമ്പ് എന്റെ കൂട്ടുകാര്‍ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ‘മുസ് ലിംകള്‍ പകല്‍ പട്ടിണികിടക്കുമെങ്കിലും രാത്രിയില്‍ വയര്‍നിറച്ച് കഴിക്കുന്നവരാണ്.’ അതുപക്ഷേ, റമദാനിന്റെ ചൈതന്യത്തിനെതിരാണ്. ഇസ് ലാമിലേക്ക് കടന്നുവന്ന ആദ്യമായി നോമ്പനുഷ്ഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം നോമ്പുതുറസമയത്ത് ഭക്ഷണപാനീയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയെന്നത് അല്‍പം പ്രയാസകരമായിരിക്കും. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നമുക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കുകമാത്രമാണ് നമ്മുടെ മുമ്പിലെ പോംവഴി.’ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'(അല്‍അഅ്‌റാഫ്:31)

ആദ്യനോമ്പിനെത്തുടര്‍ന്ന് വയറുവേദനയും വയറിളക്കവും പിടിച്ചതിനെത്തുടര്‍ന്ന് എന്റെ ഇഫ്താര്‍ ഭക്ഷണക്രമത്തില്‍ ചിലമാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ നിര്‍ബന്ധിതയായി. ശരിയായ റമദാന്‍ ഭക്ഷണക്രമത്തിന് ഞാന്‍ പ്രവാചകന്‍തിരുമേനി(സ)യുടെ ചര്യ പരതി. മുഹമ്മദ് നബി(സ) പറഞ്ഞു:’തന്റെ വയറിനേക്കാള്‍ മോശമായ മറ്റൊരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. ആദം സന്തതിക്ക് തന്റെ നടുനിവര്‍ത്താന്‍ ഏതാനും ഉരുളകള്‍ മതി. ഇനി അവന് ഏറെ ആവശ്യമുണ്ടെങ്കില്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും ശേഷിക്കുന്നത് വായുവിനും വേണ്ടി ഒഴിച്ചിടട്ടെ!'(തിര്‍മിദി, ഇബ്‌നുമാജഃ).

പ്രവാചകചര്യയനുസരിച്ച് ഒരാള്‍തന്റെ വ്രതം അവസാനിപ്പിക്കുന്നത് കാരക്ക ഉപയോഗിച്ചായിരിക്കണം. ഇനി കാരക്കയില്ലെങ്കില്‍ കുറച്ച് വെള്ളം കുടിച്ചുകൊണ്ടാകാം. ഇപ്രകാരം നോമ്പുതുറന്നശേഷം മഗ് രിബ് നമസ്‌കരിക്കുന്നു. ശേഷമാണ് ഭക്ഷണം കഴിക്കുക. നബിതിരുമേനി(സ) പറഞ്ഞു:’ആരെങ്കിലും നോമ്പ് തുറക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അത് കാരക്ക ഉപയോഗിച്ചാകട്ടെ. ഇനി കാരക്ക കിട്ടിയില്ലെങ്കില്‍ വെള്ളം കുടിച്ചെങ്കിലും അത് നിര്‍വഹിക്കട്ടെ. കാരണം അത് ശുദ്ധിയാണ്.’ ഇത്തരം പ്രവാചകനിര്‍ദ്ദേശങ്ങള്‍ അറിയാനിടവന്നപ്പോള്‍ ഞാന്‍ കാരക്ക ഭക്ഷിക്കാന്‍ തുടങ്ങി. അതോടെ കഠിനമായ വിശപ്പ് കെട്ടടങ്ങി. എല്ലാം തിന്ന് വയറുനിറക്കുന്നതിനുപകരം ഈ ഒരു രീതി സ്വീകരിച്ചത് ആത്മനിയന്ത്രണത്തിന് സഹായിച്ചു. മാത്രമല്ല, തുടര്‍ന്നുള്ള ദിനങ്ങളില്‍ നോമ്പ് വളരെ എളുപ്പമായിത്തീരുകയുംചെയ്തു.

ഒരു ദിവസം എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ എന്നോട് ചോദിച്ചു:’താങ്കള്‍ ഒന്നുംതന്നെ തിന്നില്ലെന്നോ? ആരും താങ്കളെ കാണാത്ത അവസ്ഥയിലും ഒന്നും തിന്നാറില്ലെന്നോ?’ അവരുടെ ചോദ്യം എന്നില്‍ ചിരിയുയര്‍ത്തി. നോമ്പ് എന്നാല്‍ കേവലം അന്ന-പാനീയ-ഭോഗങ്ങളുപേക്ഷിക്കല്‍ മാത്രമല്ലെന്ന് ഞാന്‍ വിശദീകരിച്ചു. മുസ് ലിംകള്‍ അല്ലാഹുവിന് വേണ്ടിയാണ് നോമ്പനുഷ്ഠിക്കുന്നത്. ഓരോ വിശ്വാസിയും തന്നാലാകുംവിധം മനസ്സിനെയും ശരീരത്തെയും തിന്‍മകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നു. റമദാനില്‍ അത്തരം വ്യക്തികള്‍ക്ക് കിട്ടുന്ന അനുഗ്രഹത്തെ ഉപമിക്കാനാകില്ല. ഭക്ഷണവും പാനീയവും മാത്രം ഉപേക്ഷിക്കുന്നതോടൊപ്പം തന്നെ അല്ലാഹുവിന് സമര്‍പ്പിക്കുമ്പോള്‍ മാത്രമേ റമദാനിന്റെ ചൈതന്യം സ്വാംശീകരിക്കാനാകൂ എന്ന് വിശ്വാസികള്‍ക്കറിയാം. അങ്ങനെ സത്കര്‍മങ്ങള്‍ക്കായി സദാ മത്സരിക്കുന്ന മനസ്സുമായാണ് അവര്‍ റമദാനെ സജീവമാക്കുന്നത്.

ഖുദ്‌സിയായ ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു:’അല്ലാഹു സുബ്ഹാനഹു വ തആലാ പറഞ്ഞു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്, നോമ്പൊഴികെ. അത് എനിക്കുള്ളതാണ് നാമാണതിന് പ്രതിഫലം നല്‍കുക.'(മുസ്‌ലിം)

റമദാനിലെ രാത്രികളില്‍ ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായങ്ങള്‍ മനഃപാഠമാക്കാന്‍ കഴിഞ്ഞപ്പോളുണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അറബി എഴുതാനോ വായിക്കാനോ അറിയാതിരുന്ന വ്യക്തിയെന്ന നിലക്ക് ഇതെല്ലാംവലിയ നേട്ടമായിരുന്നു. മനഃപാഠമാക്കാന്‍ ഒത്തിരി ബുദ്ധിമുട്ടിയെങ്കിലും അതിന് പ്രചോദനമേകിയത് റമദാനാണെന്നതില്‍ തര്‍ക്കമില്ല. മനഃപാഠമാക്കിയവ നമസ്‌കാരത്തില്‍ ഓതുമ്പോള്‍ അത് പകര്‍ന്നുതന്നിരുന്ന നിര്‍വൃതി വിവരിക്കാന്‍ വാക്കുകളില്ല.

ബുഖാരിയിലും മുസ് ലിമിലും വന്നിട്ടുള്ള ഹദീഥില്‍ ഇപ്രകാരം കാണാം.’നോമ്പനുഷ്ഠിക്കുന്നവന് രണ്ടു സന്തോഷങ്ങളുണ്ട്. അതിലൊന്ന് നോമ്പുതുറയുടെ വേളയാണ്. രണ്ടാമത്തേത് തന്റെ നോമ്പിന്റെ ഫലമായി റബ്ബിനെ കണ്ടുമുട്ടുമ്പോഴാണ്.’ ആദ്യറമദാനില്‍ ഇതുരണ്ടും ഞാന്‍ അനുഭവിച്ചു.

ആ റമദാനില്‍ എന്റെ വികാരങ്ങളെ, ആഗ്രഹങ്ങളെ ,കാമനകളെ ഒക്കെ നിയന്ത്രിക്കാന്‍ ഞാന്‍ പഠിച്ചു. ക്ഷമയുടെ പാഠങ്ങള്‍ ഞാന്‍ അഭ്യസിച്ചു. റമദാനിനുമുമ്പ് ഞാന്‍ ഒട്ടേറെ സമയം പാഴാക്കിയിരുന്നു. വായനയിലൂടെയും പഠനത്തിലൂടെയും മനസ്സിനെ പ്രബൂദ്ധമാക്കുന്നതിനുപകരം ടിവി സീരിയലും പാട്ടും മൊബൈല്‍സംഭാഷണവുമായി ഞാന്‍ സമയം പാഴാക്കാറുണ്ടായിരുന്നു. റമദാനില്‍ ഇതിനെല്ലാം അറുതിവരുത്തി. പകരം, ഖുര്‍ആന്‍ വായിക്കുകയും ആശയം മനസ്സിലാക്കുകയും പ്രാര്‍ഥിക്കുകയുമായിരുന്നു. ഇടക്ക് ഇസ് ലാമിക് സെന്ററില്‍ ചെന്ന് ക്ലാസുകള്‍ കേള്‍ക്കുകയും ഇസ് ലാമിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയുംചെയ്തു.

റമദാനിനെ അവഗണിക്കുന്ന മുസ് ലിംകളെക്കുറിച്ച് ഓര്‍ത്ത് വേദനതോന്നുന്നു. അവര്‍ റമദാനിന്റെ അനുഗ്രഹങ്ങളെ ബോധപൂര്‍വം അവഗണിക്കുകയാണ്. റമദാനിന്റെ ഓരോ നിമിഷത്തിലും തന്റെ നാഥങ്കല്‍നിന്ന് അനുഗ്രഹവര്‍ഷം ഉണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍. കഴിഞ്ഞുപോയ ഒരു നിമിഷവും തിരിച്ചുവരില്ലല്ലോ.
(Islam Padasala, 2014 jul 07)

ഖുര്‍ആന്‍ ലളിതസാരത്തിന്റെ ചരിത്രം

വാണിദാസ് എളയാവൂര്
———————————-
ഇസ്‌ലാമിക സംസ്‌lalithasaram_0കൃതിയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഒരു വിദ്യാര്‍ഥിയെപ്പോലെ ഇന്നും ഞാന്‍ ശ്രമിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആനിന് ഒട്ടേറെ മലയാള പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വസ്തുതകളെ ഋജുവായി സമീപിക്കുന്നവയല്ല അവയില്‍ ഭൂരിഭാഗവും. ഒട്ടും ലളിതമല്ലാതെ, സങ്കീര്‍ണ്ണമായാണ് അതിന്റെ ആവിഷ്‌കാരം. ബ്രാക്കറ്റുകള്‍ ഇട്ട് അര്‍ഥം വിശകലനം ചെയ്യുന്ന വായന പലപ്പോഴും സുഗമമാകാറുമില്ല. ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അനുഭവമാണത്. ഖുര്‍ആന്‍ അര്‍ഥസംപുഷ്ടി നഷ്ടമാകാതെ ലളിതമായ ഒരാഖ്യാനമുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ശൈഖ് മുഹമ്മദ് കാരകുന്ന് എന്നെ ഒരു വലിയ ദൗത്യമേല്‍പ്പിച്ചത്. ‘വിശുദ്ധ ഖുര്‍ആന് ലളിതമായ ഒരു പരിഭാഷ വേണം. അത് നിങ്ങള്‍ തന്നെ ചെയ്യണം.’ ഇസ്‌ലാമിക സംസ്‌കൃതിയെ കുറിച്ച്, അതിന് മുമ്പ് തന്നെ ഞാന്‍ ധാരാളം പ്രഭാഷണം നടത്തിയിട്ടുണ്ട്. ഒട്ടേറെ പുസ്തങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം ഖുര്‍ആന്‍ പോലെ വിശിഷ്ടവും പ്രമാണികവുമായ ഗ്രന്ഥത്തിന് മലയാള ഭാഷ്യം ചമക്കാന്‍ കഴിയുമോ?

പരിഭാഷ നടത്തണമെങ്കില്‍ ഇരു ഭാഷകളിലും നല്ല പ്രാവീണ്യം വേണം. എനിക്കതില്ല എന്നെനിക്ക് നന്നായി അറിയാം. ഇസ്‌ലാമിക സാംസ്‌കാരിക ധാരയും, സാമൂഹ്യാന്തരീക്ഷവും ഉള്‍ക്കൊണ്ട ഒരു ജീവിത രീതിയുമല്ല എന്റേത്. മുസ്‌ലിമല്ലാത്ത ഒരുവന്‍ ഖുര്‍ആനിന് ഭാഷ്യം ചമച്ചാല്‍ അത് ശരിയാകുമോ എന്ന സംശയം വേറെയും. പക്ഷെ, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ വാക്കുകളെ നിരാകരിക്കാനും ഏറെ വിഷമം. ഒടുവില്‍ എന്റെ ആശങ്കകള്‍ മുഴുവന്‍ അദ്ദേഹത്തിന് മുന്നില്‍ തുറന്നു വെച്ചു. അദ്ദേഹമാകട്ടെ ആത്മവിശ്വാസമേകി എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എനിക്കതിന് കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതെങ്ങനെ ഉണ്ടായി എന്ന് ഇപ്പോഴുമെനിക്കറിയില്ല.

‘നമുക്കൊരു പരീക്ഷണം നടത്തി നോക്കാം.’ അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ ആദ്യ അധ്യായത്തിലെ സൂക്തങ്ങള്‍ ഏകദേശം പരിഭാഷപ്പെടുത്തി അദ്ദേഹം എനിക്ക് അയച്ചു തരും. ഞാനതു വായിച്ചു നോക്കി, ഭാവഗരിമ ചോരാതെ, ലളിതമായി ആവിഷ്‌കരിക്കണം. ഇതായിരുന്നു തീരുമാനം. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ കൊറിയര്‍ എത്തി. ആദ്യ അധ്യായത്തിലെ സൂക്തങ്ങള്‍ എന്നാലാവും വിധം ലളിതമായി, മൂലകൃതിയോട് നീതി പുലര്‍ത്തി ഞാന്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തിന് അയച്ചു കൊടുത്തു. എന്താകും പ്രതികരണമെന്ന ആശങ്കയായിരുന്നു പിന്നീട്. കൊറിയര്‍ കിട്ടി അധികം താമസിയാതെ അദ്ദേഹം ഫോണ്‍ ചെയ്തു. ‘ഇതാണ് വേണ്ടത്. ഈ രീതിയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാം.’ അദ്ദേഹം പകര്‍ന്നുതന്ന ആത്മവിശ്വാസം ആവേശം പകരുന്നതായിരുന്നു.

പിന്നീടൊരുlalithsaram തപസ്യയായിരുന്നു. നിത്യേനെ അദ്ദേഹത്തിന്റെ കൊറിയര്‍ വരും. ഞാനത് രൂപപ്പെടുത്തി തിരിച്ചയക്കും. 114 അധ്യായങ്ങളിലായി 6236 സൂക്തങ്ങളാണ് ഖുര്‍ആനിലുള്ളത്. അത് ബ്രാക്കറ്റുകളും വിശദീകരണങ്ങളുമില്ലാതെ ലളിതമായും സാരം കൈവിടാതെയും പരിഭാഷപ്പെടുത്തുന്നത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. രണ്ടേമുക്കാല്‍ കൊല്ലത്തെ നിരന്തര സാധന കൊണ്ടാണ് ആ പരിഭാഷ പൂര്‍ത്തിയായത്. ‘ഡയലോഗ് സെന്റര്‍ കേരളയാണ് ‘ഖുര്‍ആന്‍ ലളിതസാരം’ എന്ന ആ പരിഭാഷ പ്രസാധനം ചെയ്തത്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (IPH) ആണ് വിതരണം നടത്തുന്നത്. ‘ഖുര്‍ആന്‍ ലളിതസാരത്തിന്’ വലിയ സ്വീകാര്യതയാണ് വിവിധകോണുകളില്‍ നിന്നും ലഭിച്ചത്. ലക്ഷക്കണക്കിന് കോപ്പികളാണ് ചെലവായത്. ഇന്നും സ്വീകാര്യത നിലനില്‍ക്കുന്നുവെന്ന് പറയുന്നതില്‍ എനിക്ക് ഏറെ അഭിമാനവും സന്തോഷവുമുണ്ട്.

ഏറെ തെറ്റിധരിപ്പിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക സംസ്‌കൃതി എന്നാണ് എന്റെ പക്ഷം. മഹത്തായ ആദര്‍ശങ്ങളെ സ്വന്തം താല്‍പ്പര്യത്തിനായി പലരും വളച്ചൊടിക്കുകയാണ്. ഒരു ചെറിയ കാര്യം മാത്രം നോക്കൂ. ‘സ്ത്രീ’ക്ക് സ്വാതന്ത്ര്യമോ? എന്തിനത്? എന്ന് വാദിക്കുന്ന ഇസ്‌ലാമിക പണ്ഡിതരും അനുയായികളുമൊക്കെയുണ്ട്. അതവരുടെ വാദമാണ്. ഖുര്‍ആന്റേതല്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പങ്കാളിത്തമാണ് ഖുര്‍ആന്‍ നല്‍കുന്നത്. പ്രവാചകന്റെ കാലത്ത് യുദ്ധഭൂമിയിലെ ഉപദേശക സമിതിയില്‍ വരെ സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ട്. പാതിരാത്രിയില്‍ പള്ളിയില്‍ പോകണം എന്ന് വാദിക്കുന്നവര്‍; പൊതുസ്ഥലങ്ങളില്‍ ഒരു മറയിട്ട് അപ്പുറമിപ്പുറം മാത്രമേ സ്ത്രീയും പുരുഷനും ഇരിക്കാന്‍ പാടുള്ളൂ എന്ന് ഉറപ്പിച്ചു പറയുന്നവര്‍. ഇവരൊക്കെ അവരവരുടെ വാദവും നയവുമാണ് നടപ്പാക്കുന്നത്. അതൊരിക്കലും ഇസ്‌ലാമിക സംസ്‌കൃതിയുടെ ഭാഗമല്ല.

ഇസ്‌ലാമിക ദര്‍ശനങ്ങളെ വിശകലനം ചെയ്ത് ഒട്ടേറെ പുസ്തകങ്ങള്‍ എഴുതാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അപ്പോഴും ‘ഖുര്‍ആന്‍ ലളിതസാരം’ എങ്ങനെ കഴിഞ്ഞുവെന്ന് അത്ഭുതത്തോടെയാണ് ഞാനിന്നുമോര്‍ക്കുന്നത്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ സ്‌നേഹമസൃണമായ നിര്‍ബന്ധവും അദ്ദേഹം പകര്‍ന്നു തന്ന ആത്മവിശ്വാസവുമില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ‘ഖുര്‍ആന്‍ ലളിതസാരം’ പിറക്കുമായിരുന്നില്ല എന്ന് നന്ദിയോടെ ഞാനിന്നുമോര്‍ക്കുന്നു.
കടപ്പാട് : കേരളശബ്ദം
(Islam Onlive,Jul-07-2014)