പ്രബോധകര്‍ക്ക് വഴിവെളിച്ചമേകുന്ന അനുഭവങ്ങള്‍

gaziഒരു ആശയത്തെ അനുഭവമാക്കിത്തീര്‍ക്കലാണ് പ്രബോധനപ്രവര്‍ത്തനങ്ങള്‍. വേദഗ്രന്ഥങ്ങളിലും പ്രവാചകാധ്യാപനങ്ങളിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ആശയങ്ങളും സാരാംശങ്ങളും ഇതര്‍ക്ക് അനുഭവഭേദ്യമാക്കുന്നിടത്താണ് പ്രബോധകന്‍ വിജയിക്കുന്നത്. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്കുള്ള ഒരു സഞ്ചാരമാണത്. ഈ കുളിര്‍ക്കാറ്റില്‍ ഒരിക്കലും തുറക്കുകയില്ലെന്ന് നാം കരുതിയ വാതിലുകള്‍ നമുക്ക് മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെടും. കടുത്ത ഹൃദയങ്ങള്‍ തരളിതമാകും. ഒരു വലിയ മാറ്റത്തിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെടും. ഇരുളിന്റെയും അജ്ഞതയുടെയും കയത്തില്‍ നിന്ന് സന്മാര്‍ഗത്തിന്റെ ശാദ്വലതീരത്തേക്ക് ഏതൊരു മനുഷ്യനെയും വഴിനടത്തിക്കും. ഇത്തരം വലിയ അനുഭവങ്ങളുടെ ലളിതപാഠങ്ങളാണ് ഇസ്‌ലാമാശ്ലേഷിച്ച നസീം ഗാസിയുടെ ‘ ഒരു പ്രബോധകന്റെ അനുഭവങ്ങള്‍’ എന്ന പുസ്തകം.

ഏതൊരു കാര്യവും വ്യത്യസ്തമായി ആവിഷ്‌കരിക്കുമ്പോഴാണ് വലിയ പ്രതിഫലനങ്ങളുണ്ടാകുന്നത്. ‘നിങ്ങളേക്കാളും വിജയകരമായി ആരെങ്കിലും വല്ലതും ചെയ്യുന്നു എന്നു കാണുമ്പോള്‍-വിശേഷിച്ചും നിങ്ങള്‍ രണ്ടുകൂട്ടര്‍ ഒരേ പണിയാണ് ചെയ്യുന്നതെങ്കില്‍-മനസ്സിലാക്കുക, നിങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ എന്തോ ചെയ്യുന്നുണ്ട്’ എന്ന മാല്‍കം എക്‌സിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

നസീം ഗാസി എന്ന പ്രബോധകന്‍ തന്റെ ജീവിതത്തിന്റെ നാനാതുറകളില്‍ കണ്ടുമുട്ടുന്നവരുമായി നടത്തുന്ന ശ്രദ്ദേയമായ ഇടപെടലുകളാണ് ഈ ഗ്രന്ഥത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിട്ടുള്ളത്. അത്യന്തം അത്ഭുതകരമായ കഥകള്‍ നമുക്കിതില്‍ ഒരു പക്ഷെ വായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷെ, ഒരു വിശ്വാസി എന്ന നിലയില്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രബോധനദൗത്യം ലളിതമായി എപ്രകാരം നിര്‍വഹിക്കാം എന്നതിന് മികച്ച മാതൃകകളാണ് ഈ അനുഭവക്കുറിപ്പുകള്‍. അതിനാല്‍ തന്നെ ഒരു പ്രബോധകന് തന്റെ ജീവിതവഴിത്താരയില്‍ സഹയാത്രികനായും വഴികാട്ടിയായും ഈ ഇടപെടലുകള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.

സ്ഥാനക്കയറ്റം നല്‍കിയ ഉദ്യോഗസ്ഥന് വിശുദ്ധ ഖുര്‍ആന്‍ a-nice-quran-in-a-golden-box-500x487ഉപഹാരമായി നല്‍കിക്കൊണ്ട് ‘ ഇത് വിലപിടിപ്പുള്ളതും അമൂല്യവുമാണെന്ന്’ പറയുന്ന കീഴുദ്യോഗസ്ഥന്‍, വലിയ സമ്മാനം പ്രതീക്ഷിച്ച് പ്രതീക്ഷയോടെ പെട്ടിതുറന്നപ്പോള്‍ ഖുര്‍ആന്‍ കണ്ട് കലികയറുന്ന മേലുദ്യോഗസ്ഥന്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ അസസ്ഥതപ്പെടുകയും ‘ഇത് വിലപിടിപ്പുള്ളതും അമൂല്യവുമാണെന്ന’ ഉദ്യോഗസ്ഥന്റെ പ്രതികരണം ഉറക്കം കിടത്തുകയും ആ രാത്രിയില്‍ തന്നെ ഖുര്‍ആന്‍ പഠനമാരംഭിച്ചുകൊണ്ട് ഖുര്‍ആന്റെ വാഹകനായിത്തീരുന്ന മാസ്മരിക അനുഭവം ഹൃദയഹാരിയായ രീതിയില്‍ ഇതില്‍ നമുക്ക് വായിക്കാം. മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണമാണ് ആദ്യം നടക്കേണ്ടത്, പ്രബോധനപ്രവര്‍ത്തനങ്ങള്‍ വഴിയേ നടക്കും എന്ന വാദത്തിലെ നിരര്‍ഥകത വെളിപ്പെടുത്തുന്ന ഇടപെടല്‍, ബാര്‍ബര്‍ ഷോപ്പിലെ ഇരുപ്പിടത്തില്‍ വെച്ച പുസ്തകം മറിച്ചുനോക്കാനിടയായ സഹോദരന്റെ ജീവിതഗതി തിരിച്ചുവിടുന്നത്, നാമിപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെയെല്ലാം ഹേത നമ്മുടെ മുന്‍ജന്‍മത്തിലെ പാപം കാരണമായാണെന്ന പുനര്‍ജന്മസിദ്ധാന്തത്തിന്റെ മുനയൊടിക്കുന്ന ഉദാഹരണങ്ങള്‍.. തുടങ്ങിയ ലളിതവും സാരസമ്പൂര്‍ണവുമായ ഈ അനുഭവക്കുറിപ്പുകള്‍ പ്രബോധകര്‍ക്ക് വഴിവെളിച്ചമേകുന്നതും ഗുണപാഠാര്‍ഹവുമാണ്. സഈദ് മുത്തന്നൂരിന്റെ സരളമായ മൊഴിമാറ്റം ഈ പുസ്തകത്തിന് കൂടുതല്‍ മാറ്റ്കൂട്ടുകയും ചെയ്യുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ദീകരിച്ച ഈ പുസ്തകത്തിന്റെ വില 50 രൂപയാണ്.

അബ്ദുല്‍ ബാരി കടിയങ്ങാട്
(islam onlive/Aug-02-2014)

Published by

akm

സ്വദേശം പാലക്കാട്‌ ജില്ലയിലെ കപ്പൂര്‍ പഞ്ചായത്തില്‍പ്പെട്ട പറക്കുളം. ഇസ്‌ലാമിക പഠനത്തിലും അറബി സാഹിത്യത്തിലും ബിരുദം. വിവാഹിതന്‍, നാല് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *