Dec
29
2009

സത്യാന്വേഷികള്‍ക്ക് പകല്‍വെളിച്ചംപോലെ

അല്‍ബഖറ:164
*ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന
ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്നു
വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും
പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി
നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം
തെളിവുകളുണ്ട്; സംശയമില്ല.

 ആലുഇംറാന്‍:൧൯൦
*ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക്
ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.

അല്‍റഅദ്: ൨,൩,4
*നിങ്ങള്‍ കാണുന്ന താങ്ങോന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍ അല്ലാഹുവാണ്.
പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു.
എല്ലാം നിശ്ചിത കാലോരിധിയില്‍ ചരിച്ചു കൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം
നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു.
നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഡബോധമുളളവരാകാന്‍.
*അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി;
നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട്‌ ഇണകളെ സൃഷ്ടിച്ചു. അവന്‍
രാവുകൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.
*ഭൂമില്‍ അടുത്തടുത്തുള്ള ഖണ്ധങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്.
ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനക്കുന്നത് ഒരേ
വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റു ചിലതിന്റെതിനേക്കാള്‍ നാം
വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.

ആശ്ശൂറാ: 29

*ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതുംഅല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങില്‍ പെട്ടവയാണ്. അവനിച്ച്ചിക്കുമ്പോള്‍ അവരെയൊക്കെഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍.

 അല്‍ജാസിയ: ൩,൪,൫,13 
*തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക്‌ എണ്ണമറ്റ തെളിവുകളുണ്ട്.
   നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും, 
അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്. 
 *  രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്നു ജീവിതവിഭവം 
ഇറക്കിത്തരുന്നതില്‍; അതുവഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ 
ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്. 
  *  ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു.  
എല്ലാം അവനില്‍നിന്നുള്ളതാണ്.  തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും
ധാരാളം തെളിവുകളുണ്ട്. 
 
അര്‍റൂം: ൨൨,൨൩,൨൪,൨൫     
*ആകാശഭൂമികളുടെ സൃഷ്ടിപ്പ്; നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലേയും വൈവിധ്യം;
ഇവയും അവന്റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക്
ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.
 *  രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ട് മനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി
തെളിവുകളുണ്ട്.
 *  നിങ്ങള്‍ക്ക് പേടിയും പൂതിയുമുണര്‍ത്തുന്ന മിന്നല്‍പിണര്‍ കാണിച്ചുതരുന്നതും  മാനത്തുനിന്ന് 
വെള്ളമിറക്കിതന്ന് അതിലൂടെ ഭൂമിയെ അതിന്റെ മൃതാവസ്ഥക്ക് ശേഷം ജീവനുള്ളതാക്കുന്നതും
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ഒട്ടേറെ 
തെളിവുകളുണ്ട്. 
 *  ആകാശഭൂമികള്‍ അവന്റെ ഹിതാനുസാരം നിലനില്‍ക്കുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ 
പെട്ടതാണ്. പിന്നെ അവന്‍ ഭൂമിയില്‍നിന്ന് നിങ്ങളെയൊരു വിളി വിളിച്ചാല്‍ 
പെട്ടെന്ന് തന്നെ നിങ്ങള്‍ പുറത്തുവരും.
 
യൂനുസ്: ൫,൬
*അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന്
അവന്‍ വൃദ്ധിക്ഷയങ്ങള്‍  നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ
എണ്ണവും കണക്കും അറിയാന്‍. യഥാര്‍ഥ നിഷ്ടമായല്ലാതെ  അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല.
കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.
 *  രാപ്പലുകള്‍ മാറിമാറി വരുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച
മറ്റെല്ലാത്തിലും ശ്രദ്ധ പുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്.
ആശ്ശൂറാ: ൩൨,൩൩
*കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍ 
പെട്ടവയാണ്. 
  *  അവനിച്ച്ചിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കി നിര്‍ത്തുന്നു. അപ്പോള്‍ ആ 
കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നു പോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും 
നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. 
 
ലുഖ്‌മാന്‍: 31  
*നീ കാണുന്നില്ലേ, കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ
 അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്‌. 
നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം 
തെളിവുകളുണ്ട്.  
  
 
അല്‍അന്‍ആം:൯൫,൯൬,൯൭,൯൮,99
* ധാന്യമണികളെയും പഴക്കുരുകളെയും പിളര്‍ക്കുന്നവന്‍ അല്ലാഹുവാണ്.
ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെ ഉല്‍പ്പാദിപ്പിക്കുന്നതും  ജീവനുള്ളതില്‍നിന്ന്  
ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവന്‍ തന്നെ. ഇതൊക്കെ ചെയ്യുന്നവനാണ്
അല്ലാഹു. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
  * പ്രഭാതത്തെ വിടര്‍തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമവേളയാക്കി;
സൂര്യചന്ദ്രന്‍മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും.  പ്രതാപിയും എല്ലാം 
അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം. 
  *  കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണാന്‍ നക്ഷത്രങ്ങളെ 
സൃഷ്ടിച്ചതും അവന്‍ തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചു
തരുന്നു.          
     *  ഒരേയൊരു സതയില്‍നിന്നു നിങ്ങളെയൊക്കെ സൃഷ്ടിച്ചുണ്ടാക്കിയതും 
അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസസ്ഥലവും ഏല്‍പ്പിക്കപ്പെടുന്ന ഇടവുമുണ്ട്. 
ഈ തെളിവുകളൊക്കെയും നാം വിവരിച്ചു തരുന്നത് കാര്യം മനസ്സിലാക്കുന്ന ജനത്തിന് 
വേണ്ടിയാണ്.  
   *  അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം ഇറക്കിയത്. അങ്ങനെ അതുവഴി നാം 
സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ പച്ചപ്പുള്ള 
ചെടികള്‍ വളര്‍ത്തി; അവയില്‍നിന്നു ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ 
കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിതോട്ടങ്ങളും ഒലീവും
റുമ്മാനും ഉണ്ടാക്കി. ഒരുപോലെയുള്ളതും, എന്നാല്‍ വ്യത്യസ്തങ്ങളുമായവ. 
അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി
നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.     
 
   
ഫാത്വിര്‍: ൨൭,൨൮ 
*അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിച്ചത് നീ കാണുന്നില്ലേ? അതുവഴി നാനാനിറമുള്ള  
പലയിനം പഴങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും
ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍.  കറുത്തിരുണ്ടതുമുണ്ട്.    
   *  മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്ത വര്‍ണമുള്ളവയുണ്ട്.
തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍
മാത്രമാണ്, സംശയമില്ല. അല്ലാഹു പ്രതാപിയാണ്; ഏറെ പൊറുക്കുന്നവനും.
 
അന്നഹ്ല്‍: ൧൦,൧൧,൧൨,൧൩,൧൪,൧൫,൧൬,൧൭
*അവനാണ് മാനത്തുനിന്ന് വെള്ളമിറക്കിയത്. നിങ്ങള്‍ക്കുള്ള കുടിവെള്ളമതാണ്.
നിങ്ങള്‍ കാലികളെ മേയാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്. 
  *  അതുവഴി അവന്‍ നിങ്ങള്‍ക്ക് കൃഷിയും ഒലിവും ഈന്തപ്പനയും മുന്തിരിയും 
മുളപ്പിച്ചു തരുന്നു, എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന് 
ഇതിലെല്ലാം  ധാരാളം തെളിവുകളുണ്ട്.   
  *  അവന്‍ രാപ്പകലുകളെയും സൂര്യച്ചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിതന്നു. 
അവന്റെ കല്പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു. 
ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്.
 *   അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കായി വിവിധവര്‍ണങ്ങളില്‍ നിരവധി വസ്തുക്കള്‍
സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. പാഠമുള്‍ക്കൊള്ളൂന്ന ജനത്തിന് അവയിലും മഹത്തായ
തെളിവുണ്ട്.
  *  അവന്‍ സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിതന്നു. നിങ്ങലതില്‍നിന്നു പുതുമാംസം
ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും. കപ്പല്‍ അതിലെ
 അലമാലകളെ കീറിമുറിച്ച്‌ സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ. നിങ്ങള്‍ അല്ലാഹുവിന്റെ 
ഔദാര്യം  തേടാന്‍ വേണ്ടി; നിങ്ങള്‍ അവനോട് നന്ദി കാണിക്കുന്നവരാകാനും. 
   * ഭൂമിളില്‍ ഊന്നിയുറച്ചു നില്‍ക്കുന്ന മലകള്‍ നാം സ്ഥാപിച്ചിരിക്കുന്നു; ഭൂമി നിങ്ങളെയും
കൊണ്ട് ആടിയുലയാതിരിക്കാന്‍. അവന്‍ പുഴകളും പെരുവഴിക ളുമുണ്ടാക്കി, നിങ്ങള്‍
നേര്‍വഴി പ്രാപിക്കാന്‍. 
  *  കൂടാതെ വേറെയും വഴിയടയാളങ്ങളുണ്ട്. നക്ഷത്രങ്ങള്‍ മുഖേനയും അവര്‍ 
വഴി കണ്ടെത്തുന്നു. 
  *  അപ്പോള്‍ പടച്ചവന്‍ പടക്കാത്തവരെപ്പോലെയാണോ? 
 നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
അന്നംല്‍: ൮൬
*അവര്‍ കാണുന്നില്ലേ, അവര്‍ക്ക് ശാന്തി കൈവരിക്കാന്‍ നാം രാവിനെ ഉണ്ടാക്കിയത്;
പകലിനെ പ്രഭാപൂരിതമാക്കിയതും? സംശയമില്ല, വിശ്വസിക്കുന്ന ജനത്തിന് അതില്‍
ധാരാളം തെളിവുകളുണ്ട്.
 
അര്‍റൂം: ൨൦,൨൧
*നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളിതാ മനുഷ്യരായി ലോകത്ത്
വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്.
*അല്ലാഹു നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിച്ചു തന്നു, നിങ്ങള്‍ക്ക്‌
സമാധാനത്തോടെ ഒത്തു ചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും
ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല,
വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.
 
അന്നഹ്ല്‍: ൭൮
*അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് ഒന്നും അറിയാത്തവരായി 
പുറത്തേക്കു കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്ചകളും 
ഹൃദയങ്ങളും നല്‍കി, നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. 
 
അസ്സുമര്‍: ൪൨
*മരണവേളകളില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും
 മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചു  വെക്കുന്നതും 
അവന്‍ തന്നെ. അങ്ങനെ താന്‍ മരണം വിധിച്ച ആത്മാക്കളെ അവന്‍ 
പിടിച്ചുവെക്കുന്നു.  മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. 
ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. 
 
യൂനുസ്: ൨൪
*ഐഹികജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്ന് നാം മഴ പെയ്യിച്ചു, അതുവഴി ഭൂമിയില്‍
സസ്യങ്ങള്‍ ഇട കലര്‍ന്ന് വളര്‍ന്നു; മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി
അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ
അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി,
അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം
നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടില്ലാത്ത വിധം.
ചിന്തിച്ചു മനസ്സിലാക്കുന്ന ജനതയ്ക്ക് വേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍
വിശദീകരിക്കുന്നത്.
 
 
 
Written by akm in: Uncategorized |

No Comments »

RSS feed for comments on this post. TrackBack URL

Leave a comment

Anti-Spam Quiz:

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server