Jan
30
2010

ജീവകാരുണ്യം തിരുമൊഴികളില്‍

ദൈവത്തിന്റെ കാരുണ്യം നൂറു മടങ്ങാണ്. അതില്‍ ഒരംശം മാത്രമേ മനുഷ്യര്‍ക്കും
ഭൂതഗണങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മനുഷ്യര്‍ പരസ്പരം പ്രദര്‍ശിപ്പിക്കുന്ന
ആര്‍ദ്രതയും ജന്തുക്കള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന
വാല്‍സല്യവുമൊക്കെ ഈയൊരു അംശം മാത്രമാകുന്നു. ബാക്കി തൊണ്ണൂറ്റൊമ്പത്
അംശവും ദൈവം തന്റെ ദാസന്മാര്‍ക്കായി അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌.

ആളുകളോട് കരുണ കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല.

പാവങ്ങള്‍ക്കും വിധവകള്‍ക്കും വേണ്ടി ഓടിനടക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍
ധര്‍മയുദ്ധം ചെയ്യുന്നവനെപ്പോലെയാകുന്നു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു:
“ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.”

വയറൊട്ടിയ ഒരൊട്ടകത്തിന്റെ അരികിലൂടെ നടന്നുപോയപ്പോള്‍ പ്രവാചകന്‍
പറഞ്ഞു: “ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക.
അവയെ സഞ്ചാരത്തിന്‌ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും
ആരോഗ്യത്തോടെ സംരക്ഷിക്കുക.”

അന്ത്യദിനത്തില്‍ ദൈവം പറയും: “മനുഷ്യപുത്രാ, ഞാന്‍ രോഗിയായിക്കിടന്നപ്പോള്‍
നീ എന്നെ സന്ദര്‍ശിച്ചോ?” അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: “നാഥാ, ജഗന്നിയന്താവായ
നിന്നെ ഞാന്‍ എങ്ങനെയാണ് രോഗസന്ദര്‍ശനം നടത്തുക.” ദൈവം പറയും: ” എന്റെ
ഒരു ദാസന്‍ രോഗിയായി കിടപ്പിലായിരുന്നത് നീ അറിഞ്ഞിരുന്നില്ലേ? എന്നിട്ട് നീ
അവനെ സന്ദര്‍ശിച്ചോ? അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവന്റെ ചാരത് എന്നെ നിനക്ക്
കണ്ടെത്താമെന്ന് നിനക്കറിഞ്ഞുകൂടെ!” ദൈവം പറയും: “മനുഷ്യപുത്രാ, ഞാന്‍ നിനക്ക്
അന്നം നല്‍കി. എന്നാല്‍ നീ എന്നെ ഊട്ടിയോ?” മനുഷ്യന്‍ ചോദിക്കും: ” പ്രപഞ്ചങ്ങളായ
പ്രപഞ്ചങ്ങളുടെയൊക്കെ നാഥനായ നിന്നെ ഞാന്‍ എങ്ങനെയാണ് ഊട്ടുക!” അപ്പോള്‍
ദൈവം പറയും: ” എന്റെ ഒരു ദാസന്‍ നിന്നോട് ആഹാരം ചോദിച്ചില്ലേ? എന്നിട്ട്
നീ അവന്‌ അന്നം നല്‍കിയോ? നിനക്കറിഞ്ഞുകൂടെ, നീ അവന്‌ അന്നം നല്‍കിയിരുന്നെങ്കില്‍
എന്നെ അവിടെ കണ്ടെത്താമെന്ന്.” ദൈവം പറയും: ” മനുഷ്യപുത്രാ, ഞാന്‍ ദാഹജലം
ചോദിച്ചപ്പോള്‍ നീ എനിക്ക് തണ്ണീര്‍ നല്‍കിയോ?” മനുഷ്യന്‍ ചോദിക്കും: “വിശ്വനാഥനായ
നിനക്ക് ഞാന്‍ ദാഹജലം നല്‍കുകയോ!” അപ്പോള്‍ ദൈവം പറയും: “എന്റെ ഒരു ദാസന്‍
ദാഹിച്ചു പൊരിഞ്ഞപ്പോള്‍ നീ അവന്‌ പാനജലം നല്‍കിയോ? എങ്കില്‍ അവന്റെ ചാരത്ത്
എന്നെ നിനക്ക് കണ്ടെത്താന്‍ കഴിയുമെന്ന് അറിഞ്ഞുകൂടായിരുന്നോ?”

(മരുഭൂമിയുടെ വചനപ്രസാദം)

Written by akm in: Uncategorized |

No Comments »

RSS feed for comments on this post. TrackBack URL

Leave a comment

Anti-Spam Quiz:

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server