Mar
06
2010
0

വിശ്വാസിയും സമൂഹവും

* സജ്ജന സമ്പര്‍ക്കമുള്ളവന്‍ കസ്തൂരിവാഹകനെപ്പോലെയാണ്. അയാള്‍ നിനക്ക് ചിലപ്പോള്‍
സൌജന്യമായി കസ്തൂരി തരും. അല്ലെങ്കില്‍ നിനക്കത് അയാളില്‍നിന്ന് വിലകൊടുത്തു വാങ്ങാം.
അതൊന്നുമില്ലെങ്കില്‍ത്തന്നെ നിനക്കതിന്റെ പരിമളം ആസ്വദിക്കുകയെങ്കിലും ചെയ്യാം.
എന്നാല്‍ ദുര്‍വൃത്തരുമായി സഹവസിക്കുന്നവന്‍ കൊല്ലക്കടയില്‍ ഉല ഊതുന്നവനെപ്പോലെയാണ്.
അയാള്‍ നിന്റെ വസ്ത്രം കരിക്കും. അതല്ലെങ്കില്‍ നിനക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വരും.

* മൂന്നു നാളിലേറെ ഒരാള്‍ തന്റെ സഹോദരനോട് പിണങ്ങി നില്‍ക്കരുത്. ആദ്യം സലാം പറഞ്ഞ്‌
അഭിവാദ്യം ചെയ്ത്‌ പിണക്കം അവസാനിപ്പിക്കുന്നവനാരോ അവനാണ് അവരില്‍ ഉത്തമന്‍.

* ജനങ്ങള്‍ക്ക്‌ കടംകൊടുത്ത് സഹായിക്കുന്ന ഒരാളുണ്ടായിരുന്നു. കടം പിരിക്കുന്ന തന്റെ
ജീവനക്കാരനോട് അയാള്‍ പറയും: ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അവര്‍ക്ക് വിട്ടുകൊടുത്തേക്കുക.
നാളെ ദൈവവും നമ്മോടു വിട്ടുവീഴ്ച ചെയ്തേക്കാം. മരിച്ചു ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍
അയാളുടെ പാപങ്ങളൊക്കെ പൊരുത്തുകൊടുത്തിരുന്നു.

*മടക്കിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ കടംവാങ്ങുന്നവന്റെ കടം ദൈവം വീട്ടിക്കൊടുക്കും.
അപരനെ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അവനെത്തന്നെയായിരിക്കും
ദൈവം നശിപ്പിക്കുക.

*കടബാധ്യത തീര്‍ക്കാതെ ഉത്തമര്‍ണനെ വട്ടം കറക്കുന്നവന്‍ അക്രമിയാണ്.

*ദൈവമാര്‍ഗത്തില്‍ ജീവത്യാഗം ചെയ്താല്‍ പാപങ്ങള്‍ പൊരുക്കപ്പെടുമോ എന്ന് ചോദിച്ച
ആളോട് പ്രവാചകന്‍ പറഞ്ഞു: ഉവ്വ്, പിന്തിരിഞ്ഞോടാതെ ക്ഷമയോടെ മുന്നേറി
വധിക്കപ്പെട്ടാല്‍- കടബാദ്ധ്യത ഒഴികെ.

* ഒരുവന്‍ തന്റെ സഹോദരന് നിവൃത്തിക്കെത്തിയാല്‍ അല്ലാഹു അവന്റെ
നിവൃത്തിക്കെത്തുന്നതാണ്. സഹോദരന്റെ ക്ലേശം ലഘൂകരിച്ച് കൊടുക്കുന്നവന്
അന്ത്യനാളില്‍ അവന്റെ ക്ലേശം അല്ലാഹുവും ലഘൂകരിച്ച് കൊടുക്കും.
സഹോദരന്റെ ന്യൂനത പരസ്യമാക്കാതെ മറച്ചുവെച്ചാല്‍ പരലോകത്ത് അവന്റെ
ന്യൂനതയും ദൈവം വെളിവാക്കാതെ സൂക്ഷിക്കും.

* പരസ്പരം സ്നേഹത്തിലും ആര്‍ദ്രതയിലും വിശ്വാസികളുടെ ഉപമ
ശരീരം പോലെയാണ്. ഒരു അവയവം വ്രണിതമായാല്‍ ശരീരം മുഴുവന്‍
ഉറക്കമിളച്ചും പനിപിടിച്ചും അത്നോട് സഹതപിക്കുന്നു.

* ആളുകളുമായി ഇടപഴകി ദുരിതങ്ങള്‍ സഹിച്ചു ജീവിക്കുന്ന വിശ്വാസിയാണ്
ആളുകളില്‍നിന്ന് അകന്ന്‌ ദുരിതങ്ങളൊന്നുമില്ലാതെ സ്വസ്ഥനായി ജീവിക്കുന്ന
വിശ്വാസിയേക്കാള്‍ ഉത്കൃഷ്ടന്‍.

(നബിമൊഴികള്‍)

Written by akm in: Uncategorized |
Jan
30
2010
0

ജീവകാരുണ്യം തിരുമൊഴികളില്‍

ദൈവത്തിന്റെ കാരുണ്യം നൂറു മടങ്ങാണ്. അതില്‍ ഒരംശം മാത്രമേ മനുഷ്യര്‍ക്കും
ഭൂതഗണങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മനുഷ്യര്‍ പരസ്പരം പ്രദര്‍ശിപ്പിക്കുന്ന
ആര്‍ദ്രതയും ജന്തുക്കള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന
വാല്‍സല്യവുമൊക്കെ ഈയൊരു അംശം മാത്രമാകുന്നു. ബാക്കി തൊണ്ണൂറ്റൊമ്പത്
അംശവും ദൈവം തന്റെ ദാസന്മാര്‍ക്കായി അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌.

ആളുകളോട് കരുണ കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല.

പാവങ്ങള്‍ക്കും വിധവകള്‍ക്കും വേണ്ടി ഓടിനടക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍
ധര്‍മയുദ്ധം ചെയ്യുന്നവനെപ്പോലെയാകുന്നു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു:
“ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.”

വയറൊട്ടിയ ഒരൊട്ടകത്തിന്റെ അരികിലൂടെ നടന്നുപോയപ്പോള്‍ പ്രവാചകന്‍
പറഞ്ഞു: “ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക.
അവയെ സഞ്ചാരത്തിന്‌ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും
ആരോഗ്യത്തോടെ സംരക്ഷിക്കുക.”

അന്ത്യദിനത്തില്‍ ദൈവം പറയും: “മനുഷ്യപുത്രാ, ഞാന്‍ രോഗിയായിക്കിടന്നപ്പോള്‍
നീ എന്നെ സന്ദര്‍ശിച്ചോ?” അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: “നാഥാ, ജഗന്നിയന്താവായ
നിന്നെ ഞാന്‍ എങ്ങനെയാണ് രോഗസന്ദര്‍ശനം നടത്തുക.” ദൈവം പറയും: ” എന്റെ
ഒരു ദാസന്‍ രോഗിയായി കിടപ്പിലായിരുന്നത് നീ അറിഞ്ഞിരുന്നില്ലേ? എന്നിട്ട് നീ
അവനെ സന്ദര്‍ശിച്ചോ? അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവന്റെ ചാരത് എന്നെ നിനക്ക്
കണ്ടെത്താമെന്ന് നിനക്കറിഞ്ഞുകൂടെ!” ദൈവം പറയും: “മനുഷ്യപുത്രാ, ഞാന്‍ നിനക്ക്
അന്നം നല്‍കി. എന്നാല്‍ നീ എന്നെ ഊട്ടിയോ?” മനുഷ്യന്‍ ചോദിക്കും: ” പ്രപഞ്ചങ്ങളായ
പ്രപഞ്ചങ്ങളുടെയൊക്കെ നാഥനായ നിന്നെ ഞാന്‍ എങ്ങനെയാണ് ഊട്ടുക!” അപ്പോള്‍
ദൈവം പറയും: ” എന്റെ ഒരു ദാസന്‍ നിന്നോട് ആഹാരം ചോദിച്ചില്ലേ? എന്നിട്ട്
നീ അവന്‌ അന്നം നല്‍കിയോ? നിനക്കറിഞ്ഞുകൂടെ, നീ അവന്‌ അന്നം നല്‍കിയിരുന്നെങ്കില്‍
എന്നെ അവിടെ കണ്ടെത്താമെന്ന്.” ദൈവം പറയും: ” മനുഷ്യപുത്രാ, ഞാന്‍ ദാഹജലം
ചോദിച്ചപ്പോള്‍ നീ എനിക്ക് തണ്ണീര്‍ നല്‍കിയോ?” മനുഷ്യന്‍ ചോദിക്കും: “വിശ്വനാഥനായ
നിനക്ക് ഞാന്‍ ദാഹജലം നല്‍കുകയോ!” അപ്പോള്‍ ദൈവം പറയും: “എന്റെ ഒരു ദാസന്‍
ദാഹിച്ചു പൊരിഞ്ഞപ്പോള്‍ നീ അവന്‌ പാനജലം നല്‍കിയോ? എങ്കില്‍ അവന്റെ ചാരത്ത്
എന്നെ നിനക്ക് കണ്ടെത്താന്‍ കഴിയുമെന്ന് അറിഞ്ഞുകൂടായിരുന്നോ?”

(മരുഭൂമിയുടെ വചനപ്രസാദം)

Written by akm in: Uncategorized |
Jan
23
2010
0

ഖുര്‍ആനിലെ മനുഷ്യന്‍

അല്‍ബഖറ:൩൦-39
നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: “ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ
നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: “ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും
ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്?ഞങ്ങളോ നിന്റെ മഹത്വം
കീര്‍തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു:
“നിങ്ങളറിയാത്തത്‌ ഞാനറിയുന്നു.”
അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകലെടെ മുന്നില്‍
പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: “നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍
സത്യം പറയുന്നവരെങ്കില്‍?”
അവര്‍ പറഞ്ഞു: “കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചു തന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല.
എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.”
അല്ലാഹു പറഞ്ഞു: ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക.” അങ്ങനെ ആദം
അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: “ആകാശഭൂമികളില്‍
ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍
തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും
ഞാനറിയുന്നുവെന്നും?”
നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: “നിങ്ങള്‍ ആദമിന്ന് സാഷ്ടാംഗം ചെയ്യുക.”
അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു; ഇബലീസ് ഒഴികെ. അവന്‍ വിസമ്മതിച്ചു;
അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ സത്യനിഷേധികളില്‍
പെട്ടവനായി. നാം പറഞ്ഞു: “ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക.
അതില്‍നിന്നു ഇരുവരും യഥേഷ്ടം സുഭിക്ഷമായി ആഹരിച്ച് കൊള്ളുക. പക്ഷെ,
ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.”
എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും
അവരുണ്ടായിരുന്നിടത്തുനിന്ന് പുറത്താക്കി. അപ്പോള്‍ നാം കല്‍പ്പിച്ചു:
“ഇവിടെനിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക്
കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും.”
അപ്പോള്‍ ആദം തന്റെ നാഥനില്‍നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി
അല്ലാഹു അദ്ദേഹത്തിന് പാപമോചനമേകി. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും
ദയാപരനുമാണവന്‍.
നാം കല്‍പിച്ചു: “എല്ലാവരും ഇവിടെനിന്നിറങ്ങിപ്പോകണം. എന്റെ മാര്‍ഗദര്‍ശനം
നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും;
ദു;ഖമില്ലാത്തവരും.”
“എന്നാല്‍ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും
ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്‍. അവരതില്‍
സ്ഥിരവാസികളായിരിക്കും.”

*അല്‍അഅറാഫ്‌: ൧൦,൧൧
” നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സൌകര്യമൊരുക്കിതന്നു. ജീവിതവിഭവങ്ങള്‍ തയ്യാറാക്കിത്തരികയും
ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
“തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട്
പറഞ്ഞു: “ആദമിനെ പ്രണമിക്കുക.” അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല.”

*അല്‍ ഇന്ശി ഖാഖ് : ൧൬-൧൯
“ഞാനിതാ സത്യം ചെയ്യുന്നു; സൂര്യാസ്തമായ സമയത്തെ ശോഭ കൊണ്ട്.
രാത്രിയും അതുള്‍ക്കൊള്ളൂന്നത് കൊണ്ടും.
ചന്ദ്രന്‍ സാക്ഷി- അത് പൂര്‍ണത പ്രാപിക്കുമ്പോള്‍.
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചു കൊണ്ടിരിക്കും.”

*അദ്ദാരിയാത്:൧-൬
“പൊടി പറത്തുന്നവ സാക്ഷി.
കനത്ത മേഘങ്ങളെ വഹിക്കുന്നവ സാക്ഷി.
തെന്നി നീങ്ങുന്നവ സാക്ഷി.
കാര്യങ്ങള്‍ വീതിച്ചു കൊടുക്കുന്നവ സാക്ഷി.
നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച.
ന്യായവിധി നടക്കുകതന്നെ ചെയ്യും.”

*ലുഖ്‌മാന്‍:൨൦
നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തി
തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും.
എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ
അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.”

*അസ്സജദ: ൭-൯
” താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത്
കളിമണ്ണില്‍ നിന്നാണ്.
പിന്നെ അവന്റെ സന്താനപരമ്പരയെ നിസ്സാരമായ വെള്ളത്തിന്റെ സത്തില്‍നിന്നുണ്ടാക്കി.
പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി.
എന്നിട്ട് തന്റെ ആത്മാവില്‍നിന്നു അതിലൂതി.
നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു.
എന്നിട്ടും നന്നേ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.”

*അല്‍മുഅമിനൂന്‍: ൧൨-൧൪
“മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്നു സൃഷ്ടിച്ചു.
പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായൊരിടത്ത് സ്ഥാപിച്ചു.
അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി.
അതിനു ശേഷം മാംസത്തെ എല്ലുകലാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു.
പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു.
ഏറ്റംനല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.”

*ത്വാഹാ:൮൨
“പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍
പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക്
നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊരുത്തുകൊടുക്കും.”

*അല്‍അഅറാഫ്‌: ൨൪,൨൫
“അല്ലാഹു കല്പിച്ചു:”ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും.
ഭൂമിയില്‍ നിങ്ങള്‍ക്ക് താമസസൌകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.”
അവന്‍ പറഞ്ഞു: നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും.അവിടെത്തനെ മരിക്കും.
അവിടെനിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.”

*അല്‍ഇന്‍സാന്‍:൨,൩
“മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണത്തില്‍നിന്നു സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍.
അങ്ങനെ നാമവനെ കേള്‍വിയും കാഴ്ച്ചയുമുള്ളവനാക്കി.
ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു.അവനു നന്ദിയുള്ളവനാകാം.
നന്ദി കെട്ടവനുമാകാം.”

*അന്നജ്‌മ്: ൩൧,൩൨
” ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റെതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്ത്തനങ്ങള്‍ക്കൊത്ത
പ്രതിഫലം നല്‍കാനാണത്. സദ്‌വൃത്തര്‍ക്ക് സദ്‌ഫലം സമ്മാനിക്കാനും.”

*അല്മുല്‍ക്:2
“മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങലിലേറ്റം മികച്ചവനാരെന്ന്
പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.”

*അന്നാസിആത്ത്:൩൭-൪൧
“അപ്പോള്‍ ആര്‍ അതിക്രമം കാണിക്കുകയും,
ഈ ലോകജീവിതത്തിനു അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്, തീര്‍ച്ച.
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ചകളില്‍ നിന്ന്
വിലക്കി നിര്‍ത്തുകയും ചെയ്തുവോ,
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.”

*അല്‍അന്‍ആം :൧൦൪
“നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ച തരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു.
ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്റെ ഗുണം അവന്‌ തന്നെയാണ്.
ആരെങ്കിലും അന്ധത നടിച്ചാല്‍ അതിന്റെ ദോഷവും അവന്‌ തന്നെ. ഞാന്‍ നിങ്ങളുടെ
സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല.”

*അശ്ശംസ്: ൭-൧൦
ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.
അങ്ങനെ അതിന്‌ ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.
തീര്‍ച്ചയായും ആത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.
അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.”

*അല്‍കഹ്ഫ്:൫൦
“നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം:”നിങ്ങള്‍ ആദാമിന് സാഷ്ടാംഗം പ്രണമിക്കുക.”
അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍പെട്ടവനായിരുന്നു. അവന്‍ തന്റെ നാഥന്റെ
കല്‍പന ധിക്കരിച്ചു. എന്നിട്ടും നിങ്ങള്‍ എന്നെ വെടിഞ്ഞ് അവനെയും അവന്റെ
സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്.
അക്രമികള്‍ക്ക് അല്ലാഹുവിന് പകരം കിട്ടിയത് വളരെ ചീത്ത തന്നെ.”

*ഇബ്റാഹീം:൨൨
“വിധിതീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാചു പറയും: “അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ്
നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നകിയിരുന്നു. പക്ഷെ ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍
ഒരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നു മാത്രം. അപ്പോള്‍ നിങ്ങളെനിക്ക്
ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തെണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി.
എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ
അല്ലാഹുവിന് പങ്കാളിയാക്കിയതിനെ ഞാനിതാ നിഷേധിക്കുന്നു.” തീര്‍ച്ചയായും അക്രമികള്‍ക്ക്
നോവേറിയ ശിക്ഷയുണ്ട്.”

*അത്തീന്‍:൪,൫,൬
“തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.
പിന്നേ നാമവനെ പതിതരില്‍ പതിതനാക്കി.
സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍കര്‍മങ്ങള്‍ അനുഷ്ടിച്ചവരെയും ഒഴികെ.
അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.”

*അല്‍ ഇസ്റാഅ: ൬൭,100
“കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവേക്കൂടാതെ നിങ്ങള്‍
വിളിച്ചു പ്രാര്‍ഥിയ്ക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ
കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍ നിന്ന് തിരിഞ്ഞു കളയുന്നു.
മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ.”
“പറയുക: എന്റെ നാഥന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ അധീനതയിലായിരുന്നുവെങ്കില്‍
ചെലവഴിച്ചു തീര്‍ന്നുപോകുമോയെന്ന് പേടിച്ച്‌ നിങ്ങളത് മുറുക്കിപ്പിടിക്കുമായിരുന്നു.
മനുഷ്യന്‍ പറ്റെ പിശുക്കന്‍ തന്നെ.”

*അല്‍ആദിയാത്;൬,൭
“തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്.
ഉറപ്പായും അവന്‍തന്നെ ഈ നന്ദികേടിന് സാക്ഷിയാണ്.”

*അന്നിസാ:൨൮
“അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.”

*അല്‍ ഇസ്റാ:൭൦
“ഉറപ്പായും ആദംസന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കരയിലും കടലിലും
സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമാവിഭവങ്ങള്‍ ആഹാരമായി നല്‍കി.
നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക്‌ മഹത്വമേകുകയും ചെയ്തു.”

അല്‍മആരിജ്:൧൯-൨൨
“മനുഷ്യന്‍ ക്ഷമ കെട്ടവനായാണ്‌ സൃഷ്ടിക്കപ്പെട്ടത്.
വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.
നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടി വെക്കും.
നമസ്കരിക്കുന്നവരൊഴികെ.”

*ഹൂദ്‌ :൯-൧
” നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത്
എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദി കെട്ടവനുമായിത്തീരുന്നു.
അഥവാ നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും:
” എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.” അങ്ങനെ അവന്‍ ആഹ്ലാദഭരിതനും
അഹങ്കാരിയുമായിത്തീരുന്നു.
സഹനമവലംബിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.
അവര്‍ക്കാണ് പാപമോചനം. മഹത്തായ പ്രതിഫലവും.”

*അല്‍ഫജ്ര്‍: ൧൫,൧൬
“എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും
അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.”
എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം
പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ
നിന്ദിച്ചിരിക്കുന്നു.”

*അല്‍അസ്ര്‍:
“കാലം സാക്ഷി.
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും;
സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം
ഉപദേശിച്ചവരുമൊഴികെ.”
** ** ** ** ** **

Written by akm in: Uncategorized |

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server