യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷ പരിഷ്‌കരിക്കുന്നു

quran_yusufali_200_200ന്യൂഡല്‍ഹി: ഖുര്‍ആന് അബ്ദുല്ലാ യൂസുഫ് അലി ഇംഗ്ലീഷില്‍ തയ്യാറാക്കിയ പരിഭാഷ പ്രശസ്ത പത്രപ്രവര്‍ത്തകനും അറബി- ഇംഗ്ലീഷ് പണ്ഡിതനുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ പരിഷ്‌കരിക്കുന്നു. 1938ല്‍ പ്രസിദ്ധീകരിച്ച പരിഭാഷയില്‍ ചില പിഴവുകള്‍ കണ്ടതിനെ തുടര്‍ന്നാണ് അത് സവിസ്തരം സംശോധനം നടത്തുന്നത്. സൗദി രാജാവായിരുന്ന ഫഹദിന്റെ ധനസഹായത്തോടെ അച്ചടിച്ച് ലോകത്തു വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന പരിഭാഷ പിന്നീട് മുഹമ്മദ് തഖിയുദ്ദീന്‍ ഹിലാലിയും മുഹമ്മദ് മുഹ്‌സിന്‍ ഖാനും ചേര്‍ന്നു പരിഷ്‌കരിച്ചെങ്കിലും ഇപ്പോഴും അതില്‍ ചില പിഴവുകളും ദുര്‍ഗ്രാഹ്യതയുമുണ്ടെന്ന് ഡോ. സഫറുല്‍ ഇസ്‌ലാം പറഞ്ഞു.

അല്‍ അസ്ഹറിലും കെയ്‌റോയിലും പിന്നീട് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലും പഠിച്ച ഖാന്‍ പ്രശസ്ത പണ്ഡിതനായ വഹീദുദ്ദീന്‍ ഖാന്റെ പുത്രനും മില്ലി ഗസറ്റ് പത്രാധിപനുമാണ്. 1872ല്‍ മുംബൈയിലെ ദാവൂദി ബോറ കുടുംബത്തില്‍ ജനിച്ച യൂസുഫ് അലി അറബിയിലും ഇംഗ്ലീഷിലും മികച്ച പണ്ഡിതനായിരുന്നു. മുഹമ്മദ് മാര്‍മാഡ്യുക് പിക്താളിനെപ്പോലെ പൊതുവില്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്ന ഖുര്‍ആന്‍ പരിഭാഷകരില്‍ പ്രമുഖനാണ് യൂസുഫ് അലി. 1953ല്‍ ലണ്ടനില്‍ അന്തരിച്ചു.
(Islam Padasala/01 September 2014)