പരീക്ഷണങ്ങളെ പ്രതിരോധിക്കുക

മനുഷ്യജീവിതത്തിലെ ദൈവികനടപടിക്രമങ്ങളുടെ ഭാഗമെന്നോണം പ്രബോധകന്‍മാര്‍ പരീക്ഷിക്കപ്പെടാനിടയുണ്ട്. അല്ലാഹുവിന്റെ യുക്തിയുടെ തേട്ടമായും സത്യപ്രബോധകന്‍മാരുടെ മനസ്സിലുള്ള യഥാര്‍ഥവിശ്വാസവും നിസ്വാര്‍ഥതയും പുറത്തുകൊണ്ടുവരേണ്ടതിനായും തദ്വാരാ അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനായുമൊക്കെ ആവാം ഇത്യാദി പരീക്ഷണങ്ങള്‍. അത്തരം ഘട്ടങ്ങളില്‍ പരീക്ഷണങ്ങളെ ആത്മപീഢകളായി പ്രബോധകന്‍മാര്‍ തെറ്റിദ്ധരിക്കരുത്. അതേസമയം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ വേണ്ട സാധ്യമായതും ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചതുമായ രക്ഷാമാര്‍ഗങ്ങള്‍ പ്രയോഗിച്ചുനോക്കേണ്ടതുമുണ്ട്. സത്യപ്രബോധന സരണിയില്‍ പരീക്ഷണങ്ങളുണ്ടാകുമെന്നും അപ്പോള്‍ ക്ഷമിക്കേണ്ടിവരുമെന്നും പറയുന്നതിന്റെ ഉദ്ദേശ്യം പ്രബോധകന്‍ പ്രബോധനദൗത്യത്തിന്റെ സഹചാരിയായി ക്ഷമയെന്ന മനോജ്ഞമായ സ്വഭാവഗുണത്തെ കൊണ്ടുനടക്കാനും വാഗ്ദത്തം ചെയ്യപ്പെട്ട അന്തിമസഹായം ലഭിക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കാനും വേണ്ടിയാണ്. സ്വയം നാശത്തിലേക്കും ആത്മനിന്ദയിലേക്കും എടുത്തുചാടുക എന്നത് ഇസ്‌ലാമില്‍ അഭിലക്ഷണീയമായ കാര്യമല്ല. നിന്ദകരും പീഡകരുമായ മിഥ്യയുടെ വക്താക്കള്‍ക്ക് തല കൊടുക്കാന്‍ പാടില്ല എന്നതുപോലെ സ്വകരങ്ങളെ നിങ്ങള്‍ നാശത്തിലേക്കിടരുത് (അല്‍ബഖറ 195) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍(സ) നല്‍കിയ ഒരു നിര്‍ദേശം ഇങ്ങനെയാണ്: ‘ആത്മനിന്ദ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. ‘എങ്ങനെയാണ് ദൈവദൂതരേ ഒരാള്‍ ആത്മനിന്ദ കാട്ടുക?’ അനുചരന്‍മാര്‍ തിരക്കി. തിരുമേനി പ്രതിവചിച്ചു: ‘താങ്ങാനാവാത്ത പരീക്ഷണങ്ങള്‍ ക്ഷണിച്ചുവരുത്തി അത് സഹിക്കുക’.

റോമക്കാരുമായുള്ള യുദ്ധത്തിന് നിയുക്തമായ സൈന്യത്തിന്റെ നായകനായി നിശ്ചയിക്കപ്പെട്ട ഉസാമത്തുബ്‌നു സൈദിനെ നബിതിരുമേനി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: ‘നിങ്ങളൊരിക്കലും ശത്രുവുമായുള്ള ഏറ്റുമുട്ടലിന് കൊതിക്കരുത്. അവരാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണോ എന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ നിങ്ങളിങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ, ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്ന് ഞങ്ങളെ നീ തടുക്കേണമേ. അവരുമായുള്ള യുദ്ധം നീ പ്രതിരോധിക്കേണമേ’. വിശ്വാസികളോട് അല്ലാഹു കാട്ടിയ ഔദാര്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്:’ വിശ്വാസികളില്‍നിന്ന് യുദ്ധത്തെ അകറ്റിനിര്‍ത്താന്‍ അല്ലാഹു മതി’. യുദ്ധം ഒഴിഞ്ഞുപോവുക എന്നത് അല്ലാഹുവിന്റെ ഇടപെടലിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും അത് വിശ്വസികളോടുള്ള ദൈവികഔദാര്യമായി കാണേണ്ടതാണെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. യുദ്ധം എന്നത് പ്രയാസവും വേദനയുമാണല്ലോ.
ഇത്തരുണത്തില്‍ സത്യപ്രബോധനദൗത്യമേറ്റെടുത്ത ഓരോരുത്തരും രണ്ട് സുപ്രധാന യാഥാര്‍ഥ്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ഒന്ന്: ഇസ്‌ലാമിന്റെ പ്രചാരണത്തിനും വിജയത്തിനും പ്രയോജനകരമാവാത്ത യാതൊന്നിനും സ്വന്തം കഴിവും അധ്വാനവും വിനിയോഗിക്കാതിരിക്കുക. ഇന്നയാള്‍ സത്യപ്രബോധനത്തിനായി ഒരു പാട് പ്രയാസം സഹിച്ചു, ത്യാഗംചെയ്തു എന്നൊക്കെ ജനങ്ങള്‍ ആരെയെങ്കിലും കുറിച്ച് പറഞ്ഞു നടന്നു എന്നതുകൊണ്ട് ഇസ്‌ലാമിന് പ്രത്യേകിച്ചൊരു മെച്ചവുമുണ്ടാകാന്‍ പോകുന്നില്ല. അതേസമയം ഇന്നയിന്ന ലക്ഷ്യത്തോടെ ഇന്നയിന്ന പ്രേരകങ്ങളാല്‍ ചരിത്രനിയോഗമെന്ന അര്‍ഥത്തിലാണ് പീഡനങ്ങളും പ്രയാസങ്ങളും ഒരാള്‍ സഹിച്ചതെങ്കില്‍ അതില്‍ കാര്യമുണ്ട്. ഒരു പ്രബോധകന്റെ സ്വത്വമെന്നത് അവന്റെ അധികാരപരിധിയില്‍പെട്ടതല്ല. അല്ലാഹുവിന്റെ അധികാരപരിധിയില്‍ പെട്ടതാണ്. ഭ്രംശമാര്‍ഗികള്‍ പരിചയിച്ച ആത്മഹത്യാപരവും പ്രതിലോമകരവുമായ മാര്‍ഗം പിന്തുടര്‍ന്ന് പ്രബോധകന്‍മാര്‍ സ്വയം വിനാശത്തിന്റെ പാത സ്വീകരിക്കാന്‍ പാടുള്ളതല്ല.

രണ്ട്: പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും നേരെ സ്വീകരിക്കേണ്ട സ്വയംപ്രതിരോധത്തിന്റെയും അവയ്ക്കുമുന്നില്‍ അടിയറവു പറയാതിരിക്കുന്നതിന്റെയും അനിവാര്യത :
സത്യപ്രബോധനത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ പ്രവാചകതിരുമേനി സ്വന്തം ജീവിതത്തിലൂടെ ഈ യാഥാര്‍ഥ്യം പ്രായോഗികമായി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. എക്കാലത്തും എവിടെയുമുള്ള സമസ്ത പ്രബോധകന്‍മാര്‍ക്കും പ്രസ്തുത പ്രവാചകമാതൃക ഒരു കെടാദീപമായി അവശേഷിക്കാന്‍വേണ്ടികൂടിയാണ് ദൈവദൂതന്‍ അത് സ്വാനുഭവങ്ങളിലൂടെ അത് കാണിച്ചുതന്നത്. മക്കയില്‍നിന്ന് അബ്‌സീനിയയിലേക്ക് വിശ്വാസികളോട് പലായനം നടത്താന്‍ കല്‍പിച്ചത് തങ്ങളുടെ വിശ്വാസദര്‍ശനം കാത്തുരക്ഷിക്കാനും ഖുറൈശീപീഡനങ്ങളില്‍നിന്ന് സ്വയം രക്ഷതേടാനും വേണ്ടിയായിരുന്നു. സാധ്യത തുറന്നുകിട്ടിയാല്‍ പരീക്ഷണങ്ങളെ പ്രതിരോധിക്കല്‍ ബാധ്യതയായി കാണണമെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ കഴിയുമെന്നിരിക്കെ പീഡനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സ്വയം നിന്നുകൊടുക്കുക എന്നത് അഭിലക്ഷണീയമല്ല എന്ന് മാത്രമല്ല, അനുവദനീയം കൂടിയല്ല എന്ന് മനസ്സിലാക്കേണ്ടതുമുണ്ട്. ‘മുഅ്ത’ യുദ്ധമുഖത്ത് നിന്ന് മുസ്‌ലിംസൈന്യത്തെയും കൊണ്ട് ഖാലിദ് ബ്‌നു വലീദ് പിന്‍വാങ്ങുകയും മദീനയിലേക്ക് തിരിച്ചുവരികയുംചെയ്ത സന്ദര്‍ഭത്തില്‍ പ്രസ്തുത നടപടിയെ വിശ്വാസികളില്‍ ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. യുദ്ധമുഖത്തുനിന്ന് നടത്തിയ വിലക്കപ്പെട്ട ഒളിച്ചോട്ടം തന്നെ അതെന്ന് മറ്റുചിലര്‍ പരിഹസിച്ചു:’ഛെ, എന്തൊരു ഒളിച്ചോട്ടം! ദൈവമാര്‍ഗത്തില്‍ നിന്നല്ലേ നിങ്ങള്‍ ഒളിച്ചോടിയത്’ എന്നുകൂടി അവര്‍ പറഞ്ഞുകളഞ്ഞു. അപ്പോള്‍ ദൈവദൂതര്‍ ഇടപെട്ട് കൊണ്ട് പറഞ്ഞു:’അവര്‍ ഒളിച്ചോടിയതല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ മറ്റൊരു പോരാട്ടത്തിനായി എടുത്തുചാടിയതാണ്’. യുദ്ധരംഗത്തുനിന്നുള്ള ഖാലിദ് ബ്‌നുല്‍ വലീദിന്റെയും സൈന്യത്തിന്റെയും പിന്‍വാങ്ങലും മദീനയിലേക്കുള്ള തിരിച്ചുവരവും വളരെയേറെ ദീര്‍ഘദൃഷ്ടിയോടെയാണ് ദൈവദൂതന്‍ നോക്കിക്കണ്ടത്. സത്യപ്രബോധനത്തിന്റെ ധീരമായ ചരിത്രപ്രയാണത്തില്‍ പ്രസ്തുത പിന്‍വാങ്ങലിനും തിരിച്ചുവരവിനും സ്വയം പ്രതിരോധത്തിന്റെയും തുടര്‍വിജയത്തിന്റെയും ഒരു രീതിശാസ്ത്രമുണ്ടെന്ന് നബിതിരുമേനി ബോധ്യപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വളരെയേറെ പ്രയോജനം കിട്ടാനിടയുള്ള മറ്റൊരു പോരാട്ടത്തിനും സജ്ജമാകാനായിരുന്നു ഖാലിദും സംഘവും മുഅ്ത പോര്‍ക്കളം ഉപേക്ഷിച്ചതും യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതുമെന്ന് ചുരുക്കം.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

അന്തിമസമാധാനത്തിന് ഇസ് ലാമിന്റെ വിഭാവനകള്‍

അന്തിമസമാധാനം ലക്ഷ്യമിടുന്ന ഇസ്‌ലാം അതിന്റെ വാക്കിലും പ്രവൃത്തിയിലും ശാന്തിയുടെ വഴികള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. കേവലമായ ലക്ഷ്യപ്രഖ്യാപനമോ അവ്യക്തമായ പൊങ്ങച്ചം പറച്ചിലോ അല്ല ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സമാധാനം. നന്മകളെ ജീവിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റം കൊണ്ടുവരികയും ചെയ്യുകയാണ് ഇസ്‌ലാമിന്റെ രീതി. ചിന്തകള്‍ വഴി തിരിയുന്നതും സമാധാനത്തിന്റെ പേരില്‍ അവകാശലംഘനങ്ങളും കരിനിയമങ്ങളും കളംനിറഞ്ഞാടുന്നതും നിരപരാധികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതും സന്മനസ്സുള്ളവര്‍ പോലും കാണാതെ പോവുന്ന വര്‍ത്തമാനകാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഇത് ഇങ്ങനെത്തന്നെയാണോ വേണ്ടത്? ഇത് എവിടെ ചെന്നുനില്‍ക്കും ? സമാധാനം ഉണ്ടാവണമെങ്കില്‍ അതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷവും ഉണ്ടാവണം. നീതിക്കും അവകാശങ്ങള്‍ക്കും വിലയുള്ള, വിവേചനമില്ലാത്ത ഭരണം വേണം. സമാധാനത്തിന്റെ അടിത്തറയെക്കുറിച്ചുള്ള അന്വേഷണം രണ്ടുകാര്യങ്ങളിലാണ് എത്തിനില്‍ക്കുക; സമൂഹക്രമവും ധാര്‍മികഗുണങ്ങളും. ഇവരണ്ടും ദുര്‍ബലമായാല്‍ സമാധാനം അകന്നുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കലങ്ങിമറിഞ്ഞ ലോകത്ത് പല കാരണങ്ങളാല്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ബിന്ദുവായി മാറിയിരിക്കുന്നു മുസ്‌ലിം സ്വത്വം. ലോകത്തു മുഴുവന്‍ സമാധാനം തകര്‍ക്കുന്ന ശക്തികളായി അവര്‍ വിലയിരുത്തപ്പെടുന്നു. ബാഹ്യശക്തികള്‍ വിജയകരമായി മുസ്‌ലിംകളെ തമ്മിലടിപ്പിക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ഭരണകൂടങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു. കൃത്രിമ സംഭവങ്ങളിലൂടെ ലോകമനസ്സാക്ഷിയെ മാറ്റിമറിക്കുന്ന കാര്യത്തില്‍ ഈ ശക്തികള്‍ വിജയിക്കുകയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളും വര്‍ഗീയവത്കരിക്കുന്നതിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോ മുസ്‌ലിമും താന്‍ മുസ്‌ലിമാണെന്നു തിരിച്ചറിയാന്‍ നിര്‍ബന്ധിതരായി.ചിലര്‍ പൊതുരംഗത്ത് നിഷ്‌ക്രിയരായി മാറിയിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തെ പൂര്‍ണമായി വിസ്മരിച്ച് മതാചാരങ്ങളുടെ പുതിയ പതിപ്പുകള്‍ തേടിപ്പോകുന്നു വലിയൊരു വിഭാഗം. അതിനു കൊഴുപ്പേകാന്‍ പലതരം ദല്ലാളുമാര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അസംതൃപ്തരായ അല്‍പം ചിലര്‍ സംശയിക്കേണ്ട പശ്ചാത്തലമുള്ള സംഘങ്ങളില്‍ ചെന്നുചേരുകയും ചെയ്യുന്നു.

ദൈവത്തെ നിരസിച്ച് മതത്തില്‍ നിന്നകന്നു ജീവിച്ചവര്‍ പോലും ഇതില്‍നിന്നൊഴിവല്ല. ഈ തിരിച്ചറിവിനോട് വ്യത്യസ്തങ്ങളായ രീതിയിലാണ് മുസ്‌ലിംകള്‍ പ്രതികരിക്കുന്നത്. ചിലര്‍ ഭയരോഗത്തിന് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുചിലര്‍ ശത്രുവിനോടൊപ്പം നിന്ന് സുരക്ഷിതരാവാന്‍ ശ്രമിക്കുന്നു.

മുസ്‌ലിമായി ജീവിക്കുന്നത് എങ്ങനെ? ഇസ്‌ലാമില്‍ തുടരുന്നത് ഏതു രൂപത്തില്‍? അതിന്റെ ഉന്നതമായ രൂപം എന്ത്? ഈ കാര്യങ്ങള്‍ ഗൗരവമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ സമാധാനത്തിന്റെ മൂലകങ്ങളായ സാമൂഹക്രമത്തിനും ധാര്‍മികഗുണങ്ങള്‍ക്കും ഇസ്‌ലാം നല്‍കിയ പ്രായോഗിക രൂപം അറിയുകയും ഇസ്‌ലാമിനെത്തന്നെ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. ധാര്‍മികതക്ക് പ്രാവര്‍ത്തികമായ മുഖം നല്‍കിയ മതമാണ് ഇസ്‌ലാം. അവിടെ ധാര്‍മികത വാക്കുകളിലോ ഭാവഹാവാദികളിലോ ഒതുങ്ങുന്നില്ല. അതു സന്യാസമോ ജീവിതവിരക്തിയോ അല്ല. ജീവിതത്തില്‍ ദൈവവിചാരവും സത്യസന്ധതയും വിശുദ്ധിയും നിലനിര്‍ത്തുന്നതാണ് ധാര്‍മികത.

എല്ലാ നല്ല ഗുണങ്ങളുടെയും മാതാവായി സത്യസന്ധതയെ മനസ്സിലാക്കാം. സത്യം എത്ര കടുത്തതാണെങ്കിലും അതു പിന്‍പറ്റാനുള്ള പരിശീലനം മതത്തിന്റെ ഒന്നാംപാഠമായി സ്വീകരിക്കാന്‍ തയ്യാറാവണം. സത്യം അനേഷിച്ചറിഞ്ഞാല്‍ മാത്രം പോരാ അതോടൊപ്പം നിലകൊള്ളുകകൂടി വേണമെന്ന് മഹാന്മാര്‍ പറഞ്ഞത് എത്ര സത്യം! പുതിയലോകത്തെ മതസാമൂഹികരാഷ്ട്രീയമാധ്യമ പ്രവര്‍ത്തകര്‍ അതുള്‍ക്കൊണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

ഖൈബര്‍യുദ്ധ വിജയത്തിനുശേഷം അവിടത്തെ താമസക്കാരായ ജൂതന്മാരില്‍നിന്നു നികുതിപിരിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് ഒരു അനുചരനെ ചുമതലയേല്‍പ്പിച്ചു. ഖൈബറിലെത്തിയ അദ്ദേഹത്തെ ആ നാട്ടുകാര്‍ പാരിതോഷികങ്ങള്‍ നല്‍കി വശത്താക്കാന്‍ ശ്രമം നടത്തി. റോമില്‍നിന്നു വരുന്ന നികുതിപ്പിരിവുകാര്‍ക്ക് കൈകൂലി കൊടുക്കുന്ന ശീലമുണ്ടായിരുന്നു അവര്‍ക്ക്. അതില്ലെങ്കില്‍ അവര്‍ അമിതമായ നികുതി അടിച്ചേല്‍പ്പിക്കും. തന്നെയും അതുപോലെ കണ്ട ജൂതന്മാരോട് പ്രവാചകന്റെ പ്രതിനിധി കുപിതനായി. ‘നിങ്ങളെന്താണ് എന്നെക്കുറിച്ചു വിചാരിച്ചത്? എന്റെ ജീവനേക്കാളും ഞാന്‍ സ്‌നേഹിക്കുന്ന ഒരു വ്യക്തിക്കു വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. നിങ്ങളെയാണെങ്കില്‍ എനിക്കു പട്ടികളെക്കാളും പന്നികളെക്കാളും വെറുപ്പുമാണ്. എന്നാല്‍പോലും അര്‍ഹമായതില്‍ കൂടുതല്‍ ഒരു പൈസ പോലും നിങ്ങളില്‍നിന്നു ഞാന്‍ കവര്‍ന്നെടുക്കില്ല. അങ്ങനെയൊരു ഭയം ഞങ്ങളില്‍ ഒരാളെക്കുറിച്ചും നിങ്ങള്‍ക്കു വേണ്ട. ഈ സംസാരംകേട്ട് വയോധികനായ ഒരു ജൂതന്‍ പറഞ്ഞു: ‘ഇതുപോലുള്ള ആളുകള്‍ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നത്’.

ഈ വാക്കുകള്‍ ഖുര്‍ആനില്‍ കാണാം: വസ്തുതകള്‍ അവരുടെ താല്‍പര്യങ്ങളെ പിന്‍പറ്റുകയായിരുന്നുവെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവ മുഴുവനും ധ്വംസിക്കപ്പെടുമായിരുന്നു. (23:71) ജൂതന്റെ വാക്കുകള്‍ ഖുര്‍ആനില്‍ വന്നുവെന്നല്ല പറയുന്നത്. സാര്‍വലൗകികമായ സത്യമാണ് അയാള്‍ പറഞ്ഞത്. അത് ഖുര്‍ആനിലും പ്രതിഫലിക്കുന്നുവെന്നേയുള്ളൂ. താല്‍ക്കാലികമായ ഇച്ഛകള്‍ക്ക് അടിപ്പെടാതിരിക്കല്‍, സാമ്പത്തിക വിശുദ്ധി, ലൈംഗിക വിശുദ്ധി, മനസ്സിന്റെ ശുദ്ധി, വാക്കുപാലിക്കല്‍, കരാറുകള്‍ മാനിക്കല്‍, പ്രതിജ്ഞ പുലര്‍ത്തല്‍, ദുര്‍ബലനെ സഹായിക്കല്‍, അപകടങ്ങള്‍ക്കു മുന്നില്‍ ഉറച്ചുനില്‍ക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ധാര്‍മ്മികത വേണം. ഈ ധാര്‍മികതക്ക് രണ്ടുവശങ്ങളുണ്ട്; മൂല്യങ്ങളും നിയമങ്ങളും. ഹൃദയത്തില്‍ കുടികൊള്ളുന്നതും ഒരാളുടെ സ്വഭാവമായി മാറുകയുംചെയ്യുന്ന ഗുണങ്ങളാണ് മൂല്യങ്ങള്‍. അവ വ്യക്തികളെ ശക്തരാക്കും. അവരില്‍ ആത്മവിശ്വാസവും തന്റേടവും വളര്‍ത്തും.

പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കപ്പെടുന്നവയാണ് നിയമങ്ങള്‍. അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍ കൊണ്ടുമാത്രം ധാര്‍മികമൂല്യങ്ങള്‍ നിലനില്‍ക്കുമെന്നു കരുതരുത്. അങ്ങനെയാവുമ്പോള്‍ അവസരം കിട്ടിയാല്‍ ദുഃസ്വഭാവങ്ങള്‍ പുറത്തുചാടും. മൂല്യങ്ങളും നിയമങ്ങളും രണ്ടാണെന്നു മനസ്സിലാക്കുക. ഇന്ന് മതകേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് നിയമങ്ങളുടെ മേഖലയിലാണെന്നു കാണാം. അവരുടെ പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസവും തര്‍ക്കങ്ങളുമെല്ലാം നിയമങ്ങളുടെ അടിത്തറയില്‍ തന്നെ. മൂല്യങ്ങള്‍ പരിശീലിക്കാനും പരിശീലിപ്പിക്കാനും ആളില്ലാതെയായിമാറി. ആന്തരികമായ സ്വഭാവഗുണങ്ങള്‍ ഇല്ലാത്തതുകാരണം നിയമങ്ങളുടെ അടിത്തറയില്‍ നല്‍കുന്ന പ്രാഥമിക സദാചാരപാഠങ്ങള്‍ പോലും ഫലവത്താവാതെ പോവുകയാണ്. പഠിക്കുന്നവനിലും പഠിപ്പിക്കുന്നവനിലും അതില്ലാത്ത അവസ്ഥ.

ഇസ്‌ലാം ലക്ഷ്യമിടുന്ന സമാധാനത്തിന്റെ വീടു നിര്‍മ്മിക്കാന്‍ ധാര്‍മികതയോടൊപ്പം തന്നെ അതിന് അനുഗുണമായ സാമൂഹികക്രമവും കൂടിയേതീരൂ. നീതിയും സത്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന സാമൂഹികക്രമം. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത വിവേചനമില്ലാത്ത സമൂഹം. മതം കൈകാര്യം ചെയ്യുമ്പോള്‍ ഈ വശം ശ്രദ്ധിക്കാതെപോവുകയോ അതല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്. ഇസ്‌ലാമിനെ വ്യക്തിഗത സംസ്‌കരണത്തിനു മാത്രം ഉപയോഗിക്കുന്നതു കാരണം അത് ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാകാര്യങ്ങളും വ്യക്തികളിലേക്ക് ഒതുങ്ങി. സക്കാത്ത് പലിശനിരോധനം തുടങ്ങിയ സാമ്പത്തിക ക്രമീകരണങ്ങളും എല്ലാ അര്‍ത്ഥത്തിലുമുള്ള നീതിയും ഇസ്‌ലാം നിര്‍ദ്ദേശിച്ചുവെങ്കിലും അവ വ്യക്തിഗത അനുഷ്ഠാനങ്ങളായി മാറി. സ്വഭാവ സംസ്‌കരണത്തിന്റെ കൊച്ചുകൊച്ചു നിര്‍ദ്ദേശങ്ങളായി പരിഗണിക്കപ്പെടുന്ന പലകാര്യങ്ങളും സമൂഹക്രമത്തെ സാരമായി ബാധിക്കുന്ന തത്വങ്ങളായി കാണാന്‍ സാധിക്കാതെ പോവുന്നത് അതുകൊണ്ടാണ്.

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ആഹാരം കഴിക്കുന്നവന്‍ തന്നില്‍ പെട്ടവനല്ലായെന്ന പ്രവാചകന്റെ വാക്കുകളില്‍ അയല്‍പക്കബന്ധത്തിന്റെ പവിത്രതക്കപ്പുറം മറ്റൊരു സന്ദേശം വായിക്കാന്‍ നമുക്കു കഴിയുന്നില്ല. ഒരുവീട്ടില്‍ പട്ടിണിയും അടുത്തവീട്ടില്‍ സുഭിക്ഷതയുമെന്ന സ്ഥിതിവിശേഷം കടുത്ത അസന്തുലനത്തിന്റെ ലക്ഷണമാണ്. ഈ അസന്തുലലിതാവസ്ഥ ഉള്ളിടത്ത് ഇസ്‌ലാമില്ല എന്നല്ലേ പ്രവാചകന്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം?

ഈ ഖുര്‍ആന്‍ വാക്യമൊന്നു വായിച്ചുനോക്കൂ:

സത്യവിശ്വാസികളേ! നിങ്ങള്‍ക്കു നാം ഉപജീവനമായി നല്‍കിയതില്‍ നിന്ന് മേന്മയുള്ളത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവിനു നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ വഴിപ്പെടുന്നത് അവനുമാത്രമാണ് എന്നുണ്ടെങ്കില്‍. (2:172)

അല്ലാഹുവിന്റെ ഔദാര്യപ്രകടനം മാത്രമായി കാണുന്ന ഈ വചനത്തില്‍ വിപ്ലവകരമായ ഒരു നിര്‍ദ്ദേശം അടങ്ങിയിട്ടില്ലേ? ഇല്ലെങ്കില്‍ എന്തിനാണ് ഈ വചനത്തിന്റെ അവസാനഭാഗം ഇത്ര ഗൗരവസ്വഭാവം കാണിക്കുന്നത്. വെറുമൊരു ഔദാര്യം വെച്ചുനീട്ടുകയല്ല ഇവിടെ. വിശ്വാസത്തെയും ആരാധനയേയും തന്നെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ അവസാനിക്കുന്ന ഈ സംസാരം ചില സമ്പ്രദായങ്ങളെ ചോദ്യംചെയ്യുന്നുണ്ട്.

മേന്മയേറിയ എന്തും ഉപരിവര്‍ഗ്ഗത്തിനു മാത്രമായി നീക്കിവെച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ആ ശീലത്തെ തച്ചുടക്കാനുള്ള പ്രേരണയായി ഈ വചനത്തെ കാണുമ്പോള്‍ അതിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥസമ്പൂര്‍ണ്ണത ലഭിക്കുന്നു. തനിക്കു ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ഒരാള്‍ വിശ്വസിയാവുകയില്ല എന്നു പ്രവാചകന്‍ പറയുമ്പോള്‍ അവിടെയൊരു ഉപഭോഗ പുത്തന്‍രീതിതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. ഇസ്‌ലാം വിഭാവനചെയ്യുന്ന സാമൂഹികക്രമത്തിന്റെ സ്വഭാവം ഇത്തരം വചനങ്ങളില്‍ മിന്നിമറയുന്നു. ആചാര്യന്മാര്‍ ഇസ്‌ലാമിനെ വ്യക്തികളിലേക്ക് ഒതുക്കിയതു കാരണം അതിനു പ്രവര്‍ത്തനക്ഷമത ഉണ്ടാവുന്നില്ല.

ഇസ്‌ലാം വെറുമൊരു പുരോഹിതമതമായി മാറുന്നത് ഇവിടെയാണ്. വിഭാഗീയതയും കാര്‍ക്കശ്യവും പുരോഹിതമതത്തിന്റെ സംഭാവനകളാണ്. ചീഞ്ഞളിഞ്ഞ എന്തും വിറ്റഴിക്കാനുള്ള കമ്പോളമായി ഇസ്‌ലാം മാറുന്നതും അതിന്റെ തണലില്‍ത്തന്നെ. സാമൂഹികക്രമം അജണ്ടയിലില്ലാതെ പ്രവര്‍ത്തിക്കുന്ന പുരോഹിതമതം പ്രാഥമികസദാചാരം ഇല്ലാതാക്കുമെന്ന് അതിന്റെ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ട ശക്തികളോട് ഏറ്റുമുട്ടാതെ സമാധാനം കൈവരില്ല എന്നകാര്യത്തില്‍ തര്‍ക്കം വേണ്ട. പക്ഷേ, പുരോഹിതമതത്തിന്റെ ചുവടുപിടിച്ച് ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ വിഭാഗീയതക്ക് ആയുധമണിയിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ അഭ്യന്തര വംശശുദ്ധീകരണം നടത്തുന്നു അവര്‍.

സമാധാനത്തിന്റെ വീട് ആത്യന്തികമായി ലഭ്യമാകുന്നത് പരലോകത്തുതന്നെ. ‘അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളും കുറ്റപ്പെടുത്തലുകളും അവര്‍ അവിടെ കേള്‍ക്കുകയില്ല. ശാന്തി ശാന്തി എന്നു പറയപ്പെടുന്നതല്ലാതെ. (ഖുര്‍ആന്‍ 56:25,26) ആത്മീയതക്കു വേണ്ടി ഒരു സാങ്കല്‍പിക ലോകം സൃഷ്ടിക്കേണ്ട കാര്യമില്ല. അല്ലാഹുവും മലക്കുകളുമെല്ലാം അടങ്ങുന്ന ഉപരിലോകം ഈ കൊച്ചുഭൂമി അടങ്ങുന്ന ബൃഹത്പ്രഞ്ചത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. മനുഷ്യന് അതു കാണാന്‍ കഴിയുന്നില്ല എന്നേയുള്ളൂ. പക്ഷേ മറ്റൊരു രീതിയില്‍ മനുഷ്യന്‍ അതു കാണാന്‍ തുടങ്ങിയിരിക്കുന്നു.

കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നാസ നടത്തിയ ഗവേഷണങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ ഭൂമിയെപ്പോലെയുള്ള, എന്നാല്‍ അതിലും അനേകമിരട്ടി വലുപ്പമുള്ള, നിവരവധി ഗ്രഹങ്ങള്‍ നമ്മുടെ ഈ ഗാലക്‌സിയില്‍ തന്നെയുണ്ട്. അവ മഞ്ഞില്‍മൂടി കിടക്കുകയാണ്.

അല്ലാഹു എല്ലാം തയ്യാര്‍ ചെയ്ത് സൂക്ഷിച്ചുവെച്ചിരിക്കുന്നു; നമുക്കുവേണ്ടി. ആദ്യം ഒരു ഗ്രഹം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മറ്റൊന്ന്. പിന്നീടത് പരശ്ശതമുണ്ട് എന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍ നാസ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഒരു ശാസ്ത്രലേഖനത്തില്‍ കാണുന്നത് ഭൂമിയിലെ മണല്‍ത്തരികളുടെയത്ര എണ്ണം മനുഷ്യാവാസയോഗ്യമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നാണ്. പക്ഷേ നമുക്ക് അവിടെയെത്താന്‍ കഴിയില്ല. അവയില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹം ഇവിടെനിന്ന് പന്ത്രണ്ട് പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. അതായത് മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും വേഗതയേറിയ വാഹനം ഉപയോഗിച്ചാലും അവിടെയെത്താന്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ യാത്ര ചെയ്യണം. അവിടെയെത്താന്‍ കൊതി തോന്നുന്നു. ഈ ശരീരമാണ് അതിനു തടസ്സം. മരണത്തോടെ ആ പരിമിതികള്‍ അവസാനിക്കുന്നു. മാന്യമായി ഇവിടെ ജീവിച്ചാല്‍ മാന്യമായി അവിടെയെത്താം. ഇല്ലെങ്കില്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടത്തിലേക്ക്. ഈ ഭൂമിയില്‍ സമാധാനത്തിന്റെ വീടിനു ശ്രമിച്ചാല്‍ അന്തിമ സമാധാനം അല്ലാഹു നല്‍കും.

കടപ്പാട്: thejasdaily.com

ഭയപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്

ഫാഷിസം ഒരായിരം വട്ടം കൊമ്പു കുലുക്കിയാലും സത്യവിശ്വാസികളെന്ന നിലയില്‍ നാം പതറാനോ ചിതറാനോ പാടില്ല. ഡോ: യൂസുഫുല്‍ ഖറദാവി തന്റെ വിഖ്യാതമായ ‘വിശ്വാസവും ജീവിതവും’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ‘മനശാന്തിക്ക് ഒരേയൊരു വഴിയേ ഉള്ളൂ. അത് അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമാണ്. ആത്മാര്‍ത്ഥമായ, ഉറച്ച വിശ്വാസം. സന്ദേഹവും കാപട്യവും കലരാത്ത വിശ്വാസം. സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ചരിത്ര പാഠങ്ങള്‍ അതിന്ന് പിന്‍ബലമേകുന്നു. പക്ഷപാതം ബാധിക്കാത്ത കാഴ്ചയുള്ള ഏത് മനുഷ്യനും അത് കാണാം. തന്നിലും തനിക്ക് ചുറ്റിലും. അസ്വസ്ഥതയും ഇടുക്കവും വിഭ്രാന്തിയും അധമ ബോധവും നഷ്ട ചിന്തയും നമുക്കില്ല. അതൊക്കെയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കൂടപ്പിറപ്പുകളാകുന്നു. ഭോഗവസ്തുക്കളും ആസ്വാദന വിഭവങ്ങളും നിറഞ്ഞിരുന്നിട്ടു കൂടി അവരുടെ ജീവിതത്തിന് രുചിയോ സ്വാദോ ഇല്ല. കാരണം അവയുടെയൊന്നും അര്‍ത്ഥം അവര്‍ക്ക് പിടി കിട്ടുന്നില്ല. അവയുടെ രഹസ്യം അവര്‍ക്ക് മനസ്സിലാവുന്നില്ല. പിന്നെയെങ്ങനെ മനസ്സിന് ശാന്തി ലഭിക്കും?

വാനലോകത്തു നിന്നൊഴുകിയെത്തുന്ന തെന്നലാണ് ശാന്തി. ജനങ്ങള്‍ ചഞ്ചലചിത്തരാവുമ്പോള്‍ വിശ്വാസികള്‍ ദൃഢചിത്തരാവാന്‍, ജനങ്ങള്‍ അസംതൃപ്തരാവുമ്പോള്‍ വിശ്വാസികള്‍ സംതൃപ്തരാവാന്‍, ജനങ്ങള്‍ സംശയിക്കുമ്പോള്‍ വിശ്വാസികളില്‍ ദാര്‍ഢ്യം പകരാന്‍, ജനങ്ങള്‍ വെപ്രാളപ്പെടുമ്പോള്‍ വിശ്വാസികള്‍ക്ക് സഹനശക്തി ലഭിക്കാന്‍, ജനങ്ങള്‍ അതിക്രമം കാണിക്കുമ്പോള്‍ വിശ്വാസികള്‍ സഹിഷ്ണുത പാലിക്കുവാന്‍, ദൈവം വിശ്വാസികളിലേക്ക് മനശാന്തിയുടെ ഇളം തെന്നലയക്കുന്നു.’

അതെ, സര്‍വ്വ ശക്തനായ അല്ലാഹു സദാ കൂടെ തന്നെ ഉണ്ടെങ്കില്‍ പിന്നെ നമുക്കെന്തിന് ഭയം?എന്തിന് ദുഃഖം? എന്തിനാണ് നിരാശ? ‘വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.’ (ഖുര്‍ആന്‍: 9:42)

പാപങ്ങള്‍ നമ്മെ പരാജയപ്പെടുത്തുമ്പോള്‍

മനുഷ്യരെന്ന നിലയില്‍ വീഴ്ച്ചകള്‍ സംഭവിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ തെറ്റുകള്‍ക്ക് നേരെയുള്ള ആളുകളുടെ സമീപനം വ്യത്യസ്തമാണ്. ചിലരെയെല്ലാം അവരുടെ തെറ്റുകള്‍ ദൈവിക സരണിയില്‍ നിന്നും തെറ്റിച്ചു കളയുന്നു. അതേസമയം മറ്റുചിലര്‍ പശ്ചാതപിച്ചു പാപമോചനം തേടിയും അവയെ മറികടന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നു.

ചിലരെയെല്ലാം അവരുടെ പാപങ്ങളും തെറ്റുകളും ബന്ധിക്കുകയാണ് ചെയ്യുന്നത്. അവനെ അവ നിഷ്‌ക്രിയനാക്കുകയും മാനസികമായി തകര്‍ക്കുകയും അവന്റെ മേല്‍ പൂര്‍ണ ആധിപത്യം നേടുകയും ചെയ്യുന്നു. എല്ലാ സല്‍കര്‍മങ്ങളില്‍ നിന്നും അതവനെ അറുത്തുമാറ്റുന്നു. സന്മാര്‍ഗത്തിനും അവനുമിടയില്‍ അവ മതില്‍ തീര്‍ക്കുകയും ചെയ്യുന്നു.

തെറ്റ് സംഭവിച്ചതിന് ശേഷം പിശാചിന് തന്നെ വിട്ടുകൊടുക്കുന്നവരാണ് മറ്റൊരു വിഭാഗം. വീണ്ടും വീണ്ടും അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. പശ്ചാത്താപത്തിലും സംസ്‌കരണത്തിലുമുള്ള നിരാശയാണ് അതിലേക്കവനെ എത്തിക്കുന്നത്. അപ്പോള്‍ മനുഷ്യന്‍ പടിപടിയായി സന്‍മാര്‍ഗത്തില്‍ നിന്ന് അകലുകയും തിന്മയുടെ ശക്തികളിലേക്ക് പടിപടിയായി അടുക്കുകയും ചെയ്യുന്നു. അതിന്റെ കറ അല്‍പാല്‍പമായി അവന്റെ മനസ്സില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഒരു വിശ്വാസിയെ തെറ്റിലകപ്പെടുത്താനുള്ള ഒരവസരവും പിശാച് പാഴാക്കുകയില്ല. അത് പശ്ചാത്താപത്തെ സംബന്ധിച്ച് അവനില്‍ നിരാശയുണ്ടാക്കുകയും മനസ്സിനെ ഇടുങ്ങിയതാക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വിശ്വാസത്തില്‍ നിന്ന് തന്നെയത് അവനെ അകറ്റുന്നു. അപ്പോള്‍ തെറ്റുകളും കുറ്റങ്ങളും ഓരോന്നായി അവനില്‍ ജന്മമെടുക്കുന്നു. അപ്പോള്‍ സന്‍മാര്‍ഗത്തില്‍ ചരിക്കാന്‍ പറ്റിയ ആളല്ല താനെന്ന് പറഞ്ഞ് മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അകലുന്നു. പാപത്തില്‍ അകപ്പെടുന്ന പലര്‍ക്കും അതില്‍ നിന്നും മോചനം സാധിക്കാറില്ല. നിരന്തരമുള്ള തിന്മകളിലേക്കുള്ള വാതിലാണ് അതവനില്‍ തുറക്കുന്നത്. ആരെങ്കിലും അതിനൊരു വിരാമമിട്ട് അല്ലാഹുവില്‍ അഭയം തേടിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്.

അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവനോട് അവന്‍ നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പിക്കുക. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്‌കൃതനാവുമായിരുന്നില്ല.” (അന്നൂര്‍: 21) ഇതില്‍ പറഞ്ഞിരിക്കുന്ന പിശാചിന്റെ കാല്‍പാടുകള്‍ അവനുണ്ടാക്കുന്ന പ്രേരണകളാണെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഖതാദ പറയുന്നു: എല്ലാ തെറ്റുകളും പിശാചിന്റെ കാല്‍പാടുകളാണ്.

അതിനുള്ള പരിഹാരവും അല്ലാഹു നമുക്ക് നിര്‍ദേശിച്ചു തന്നിട്ടുണ്ട്: ”നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നുവല്ലോ. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍, അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു” (ആലുഇംറാന്‍: 133-136)

പശ്ചാത്തപിച്ചും പാപമോചനം തേടിയും തെറ്റില്‍ നിന്ന് ഉടന്‍ ഊരിപ്പോരാനുള്ള കല്‍പനയാണിതില്‍. തെറ്റുകള്‍ പൊറുത്തുകൊടുക്കുന്നവും പാപമോചനം ചെയ്യുന്നവനുമാണ് അല്ലാഹുവെന്ന് മനസ്സിലാക്കണം. തെറ്റുകളോട് ഉദാസീനത കാണിച്ച് പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരുകയല്ല വിശ്വാസി വേണ്ടത്. അതിന് പകരം ഉടന്‍ അതിന് ചികിത്സ നല്‍കുകയാണ് വേണ്ടത്.

അല്ലാഹു പറയുന്നു: ”ഒരുവന്‍ ഒരു തിന്മ പ്രവര്‍ത്തിക്കാനിടയായി, അല്ലെങ്കില്‍ തന്നോടുതന്നെ അധര്‍മം ചെയ്തുപോയി; എന്നാലും പിന്നെ, അവന്‍ അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഏറെ പൊറുക്കുന്നവനായും ദയാപരനായുംതന്നെ കണ്ടെത്തുന്നതാകുന്നു.” (അന്നിസാഅ്: 110)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”എന്നാല്‍, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം പാപമോചനമര്‍ഥിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല.” (അല്‍അന്‍ഫാല്‍: 33)

പാപങ്ങളെ പരിഹരിക്കേണ്ടതെങ്ങിനെയെന്ന് പ്രവാചക വചനങ്ങളും പഠിപ്പിച്ചു തരുന്നുണ്ട്. അബൂഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു:
അനസ് ബിന്‍ മാലികില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ”എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, ആകാശ ഭൂമികള്‍ക്കിടയിലുള്ളതെല്ലാം നിറയുവോളം നിങ്ങള്‍ പാപങ്ങള്‍ ചെയ്താലും നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. മുഹമ്മദിന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ തെറ്റു ചെയ്യുന്നില്ലെങ്കില്‍ തെറ്റു ചെയ്യുകയും പാപമോചനം തേടുകയും ചെയ്യുന്ന സമൂഹത്ത് അവന്‍ കൊണ്ടുവരും, അവര്‍ക്കവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.”

മനസ്സിന്റെ ഒരുക്കമാണ് പ്രധാനം

ഓരോ വര്‍ഷവും നമ്മെ തേടിയെത്തുന്ന വിശിഷ്ടാതിഥിയാണ് റമദാന്‍ എന്ന് പറയാറുണ്ട്. ഏതൊരു അതിഥിയെ സ്വീകരിക്കാനും മുന്നൊരുക്കം നടത്തുന്നവരാണ് നമ്മള്‍. അതിഥിയുടെ സ്ഥാനത്തിനും പദവിക്കുമനുസരിച്ച് സ്വീകരണത്തിന്റെ ഊഷ്മളതയിലും മുന്നൊരുക്കത്തിലും ഏറ്റവ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികം. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന റമദാന്‍ എന്ന അതിഥിയെ സ്വീകരിക്കാന്‍ എത്രത്തോളം നാം ഒരുങ്ങിയിട്ടുണ്ട്? അതല്ല, നമുക്ക് ഭാരമായിട്ടാണോ ആ വിശിഷ്ടാതിഥി കടന്നു വരുന്നത്? റജബിലും ശഅ്ബാനിലുമെല്ലാം റമദാന് വേണ്ടി നാം പ്രാര്‍ഥിച്ചിട്ടുണ്ടെങ്കില്‍, എത്രത്തോളം ആത്മാര്‍ത്ഥമായിരുന്നു ആ പ്രാര്‍ഥനകള്‍? പ്രവാചകാനുചരന്‍മാരുടെ നാവുകള്‍ ഈ പ്രാര്‍ഥന ഉരുവിട്ടപ്പോള്‍ അതിലുള്ള അവരുടെ ആത്മാര്‍ത്ഥത ശഅ്ബാനിലെ സുന്നത്തു നോമ്പുകളും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കര്‍മങ്ങളുമായി പ്രതിഫലിച്ചു. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രാര്‍ഥനയുടെയും റമദാനിനോടുള്ള താല്‍പര്യത്തിന്റെയും ആത്മാര്‍ത്ഥത ഈ വൈകിയ വേളയിലെങ്കിലും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടതിനെ ചൊല്ലി വിലപിക്കാനോ നിരാശപ്പെടാനോ അല്ല, മറിച്ച് നഷ്ടം നികത്തുന്നതിന് വരുംനാളുകളെ ഉപയോഗപ്പെടുത്താന്‍ നഷ്ടപ്പെട്ടന്ന തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടതുണ്ടല്ലോ.

റമദാനെ സ്വീകരിക്കുന്നതിന് ഭൗതികമായ അര്‍ത്ഥത്തില്‍ നമ്മുടെ ചുറ്റുപാടെല്ലാം ഒരുങ്ങുന്നത് നാം കാണുന്നു. മസ്ജിദുകളും മുസ്‌ലിം വീടുകളും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അങ്ങാടികള്‍ വരെ അതിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ വലിയ ഒരുക്കം നടക്കേണ്ടത് വിശ്വാസിയുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് അതിന് വേണ്ടി എന്ത് ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നാണ് ആത്മവിചാരണക്ക് വിധേയമാക്കേണ്ട കാര്യം. ഇന്നലെകളേക്കാള്‍ നല്ലൊരു ഇന്നിനെയും ഇന്നിനേക്കാള്‍ നല്ലൊരു നാളെയെയും അല്ലാഹുവിനോട് തേടുന്നവരാണ് വിശ്വാസികള്‍. സ്വാഭാവികമായും കഴിഞ്ഞ റമദാനിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു റമദാനിനെ തേടുന്നവരും അതിനായി പണിയെടുക്കുന്നവരും ആയിരിക്കണം വിശ്വാസി. കാരണം ഇന്നലെകളെക്കാള്‍ നല്ലൊരു ഇന്നിനെ തേടുന്ന വിശ്വാസി പരോക്ഷമായി അല്ലാഹുവുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. എന്റെ ഇന്നിനെ ഇന്നലെകളേക്കാള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഏര്‍പ്പെടാം എന്നതാണ് ആ കരാര്‍. യാതൊരു വിധ പ്രവര്‍ത്തനവും ചെയ്യാതെ കേവലം പ്രാര്‍ഥനയെ അവലംബിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

തൊട്ടുമുമ്പിലെത്തി നില്‍ക്കുന്ന റമദാനിനെ ഇതുവരെയുള്ള നമ്മുടെ ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാക്കി മാറ്റണമെന്ന് ആഗ്രഹിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ മറ്റേതൊരു മാസത്തെയുമെന്ന പോലെ നമ്മുടെ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാതെ അത് കടന്നു പോകുമെന്നതില്‍ തര്‍ക്കമില്ല. ആഹാരസമയത്തിലെ മാറ്റത്തിനപ്പുറം മറ്റൊരു സ്വാധീനവും നമ്മുടെ ജീവിതത്തില്‍ അതുണ്ടാക്കുകയില്ല. വിശപ്പിനും ദാഹത്തിനും അപ്പുറം മറ്റൊരു നേട്ടവുമില്ലാത്ത നോമ്പുകാരില്‍ അകപ്പെടാതിരിക്കാന്‍ അതാവശ്യമാണ്. വിശുദ്ധ റമദാനില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ അവനേക്കാള്‍ വലിയ നഷ്ടകാരിയില്ലെന്നാണ് പ്രവാചകവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ മായ്ച്ചുകളയാനുള്ള പല മാര്‍ഗങ്ങളും അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യക്ക് ഏറെ നന്മകളുണ്ടെങ്കിലും നമ്മുടെ ആസൂത്രണങ്ങളെയെല്ലാം തെറ്റിക്കാന്‍ ശേഷിയുള്ള ഇരുതല മൂര്‍ച്ചയുള്ള വാളാണതെന്ന് നാം കരുതിയിരിക്കണം. മൊബൈലും വാട്ട്സപ്പും ഫേസ്ബുക്കുമെല്ലാം നമ്മെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം. അവക്ക് കൃത്യമായ പരിധി നിശ്ചയിച്ച് അതിന്നുള്ളില്‍ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും നിര്‍ബന്ധ നമസ്‌കാരങ്ങളെ പോലും അത് കവര്‍ന്നെടുത്തേക്കും. നമ്മെ അടക്കിഭരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇച്ഛകളെ നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള പരിശീലനം കൂടിയാണ് റമദാന്‍ എന്ന് നാം തിരിച്ചറിയണം. എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മെച്ചപ്പെട്ട ഒരു റമദാനെ സ്വീകരിക്കാനും ഏറ്റവും നന്നായി യാത്രയയക്കാനും അല്ലാഹു നമ്മെ തുണക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

ഇസ്‌ലാമിക നാഗരികതയില്‍ കുടുംബ ബന്ധത്തിനുള്ള വില

ഡോ: രഗിബ് അസ്സര്‍ജാനി
കുടുംബം എന്നത് മാതാപിതാക്കളിലും മക്കളിലും പരിമിതപ്പെട്ട് കിടക്കുന്ന ഒന്നല്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണത്. അതില്‍ പിതൃസഹോദരന്‍മാരും സഹോദരിമാരും അമ്മാവന്‍മാരും അമ്മായിമാരും അവരുടെയെല്ലാം മക്കളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കുടുംബത്തെയാണ് ഇസ്‌ലാമിക നാഗരികത വിഭാവനം ചെയ്യുന്നത്. അവര്‍ക്കെല്ലാം അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് നന്മ ചെയ്യുകയും അവരോട് ബന്ധം പുലര്‍ത്തുകയും ചെയ്യണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. വളരെയധികം പ്രതിഫലമുള്ള അതിനെ ശ്രേഷ്ഠഗുണങ്ങളുടെ അടിസ്ഥാനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല കുടുംബ ബന്ധം മുറിക്കുന്നവന് ശക്തമായ ശിക്ഷയെ കുറിച്ച മുന്നറിയിപ്പും നല്‍കുന്നു. കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ സ്രഷ്ടാവായ അല്ലാഹുവുമായി ചേര്‍ക്കുന്ന ബന്ധമായിട്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ആര്‍ അത് ചേര്‍ക്കുന്നുവോ അവന്‍ അല്ലാഹുവമായി ബന്ധം ചേര്‍ത്തിരിക്കുന്നു, ആര്‍ അത് വിഛേദിക്കുന്നുവോ അല്ലാഹുമായുള്ള ബന്ധം അവന്‍ വിഛേദിച്ചിരിക്കുന്നു.

വിശാലമായ അര്‍ത്ഥത്തിലുള്ള ഈ കുടുംബത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിധികളും വ്യവസ്ഥകളും ഇസ്‌ലാം സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പര ആശ്രയം, ചെലവിന് കൊടുക്കാനുള്ള സംവിധാനം, അനന്തരാവകാശ വ്യവസ്ഥ തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ബന്ധുക്കളോട് നന്മയില്‍ വര്‍ത്തിക്കുകയും സാധ്യമാകുന്നത്ര നന്മകള്‍ അവര്‍ക്ക് വേണ്ടി ചെയ്യുകയുമാണ് കുടുംബ ബന്ധം ചേര്‍ക്കല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്രകാരം അവര്‍ക്ക് ദ്രോഹകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും തടയുകയും ചെയ്യലും അതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഇടക്കിടെ അവരെ സന്ദര്‍ശിക്കലും സുഖവിവരങ്ങള്‍ അന്വേഷിക്കലും സമ്മാനങ്ങള്‍ നല്‍കലും, അവരിലെ ദരിദ്രരെ സഹായിക്കലം രോഗികളെ സന്ദര്‍ശിക്കലും, ക്ഷണം സ്വീകരിക്കലും, അവര്‍ക്ക് ആതിഥ്യമരുളലുമെല്ലാം ഇതിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണ്. അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകുന്നത് പോലെ അവരുടെ വേദനകളില്‍ ആശ്വാസമേകാനും നമുക്ക് സാധിക്കണം. ഇത്തരത്തില്‍ സമൂഹത്തിലെ ചെറിയ ഘടനയായ കുടുംബത്തിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിന് കീഴില്‍ വരുന്നവയാണ്.

വ്യാപകമായ നന്മകളുടെ കവാടമാണിത് തുറക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തെ അത് ശക്തിപ്പെടുത്തുകയും മുറുകെ പിടിക്കുകയും ചെയ്യുന്നു. അതിലെ ഓരോ അംഗത്തിനും ആശ്വാസവും ശാന്തതയും അനുഭവിക്കാന്‍ സാധിക്കുന്നു. കാരണം തന്റെ ബന്ധുക്കള്‍ സ്‌നേഹവും ശ്രദ്ധയുമായി തനിക്ക് ചുറ്റും ഉണ്ടെന്നും ആവശ്യ സമയത്ത് അവര്‍ സഹായിക്കുമെന്നുമുള്ള ബോധമാണ് അവന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുക.

ബന്ധുക്കള്‍ക്ക് നന്മ ചെയ്യണമെന്നും അവരോട് നല്ല ബന്ധം കാത്തു സൂക്ഷിക്കണമെന്നുമുള്ള വിശുദ്ധ ഖുര്‍ആന്റെ കല്‍പനയാണ്. ‘അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (അന്നിസാഅ് : 36)

കുടുംബ ബന്ധം ചേര്‍ക്കുന്ന ഒരാളുമായി അല്ലാഹു ബന്ധം ചേര്‍ക്കുന്നു എന്നാണ് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുന്നത്. അതിലൂടെ അവന് ധാരാളം അനുഗ്രഹങ്ങളും നന്മകളും കൈവരികയും ചെയ്യുന്നു. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ കാണാം : ‘അല്ലാഹു പറഞ്ഞു : ഞാന്‍ കാരുണ്യവാനാണ്, ഇത് റഹ്മ് (കുടുംബബന്ധം), എന്റെ നാമത്തില്‍ നിന്നാണ് ഞാനതിന് പേര് നല്‍കിയിരിക്കുന്നത്. ആര് അതിനെ ചേര്‍ത്തുവോ ഞാന്‍ അവനുമായി ബന്ധം ചേര്‍ത്തിരിക്കുന്നു. ആര്‍ അതിനെ മുറിച്ചുവോ ഞാന്‍ അവനുമായി ബന്ധം മുറിച്ചിരിക്കുന്നു.’

കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് ഐഹിക വിഭവങ്ങളില്‍ വിശാലത ലഭിക്കുമെന്നും ആയുസ്സ് നീട്ടികൊടുക്കുമെന്നും പ്രവാചകന്‍(സ) സന്തോഷ വാര്‍ത്ത് അറിയിച്ചിട്ടുണ്ട്. പ്രവാചകന്‍(സ)യില്‍ നിന്ന് കേട്ടതായി അനസ് ബിന്‍ മാലിക്(റ) റിപോര്‍ട്ട് ചെയ്യുന്നു : ‘വിഭവങ്ങളില്‍ വിശാലത ആഗ്രഹിക്കുന്നവരും, ആയുസ്സ് നീട്ടികിട്ടാന്‍ ആഗ്ഹിക്കുന്നവരും കുടുംബബന്ധം ചേര്‍ക്കട്ടെ.’

അതേസമയം തന്നെ കുടുംബബന്ധം വിഛേദിക്കുന്നതിനെ കടുത്ത പാപമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. കാരണം ജനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധമാണ് അവിടെ മുറിക്കപ്പെടുന്നത്. പകരം അവിടെ ശത്രുതയും വിദ്വേഷവും നിറക്കപ്പെടുന്നു. ബന്ധുക്കള്‍ക്കിടയിലെ കെട്ടുറപ്പിനെ അത് തകര്‍ക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപത്തെ കുറിച്ച ശക്തമായ താക്കീതാണ് ഖുര്‍ആന്‍ നല്‍കുന്നത്. ‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.’ (മുഹമ്മദ് : 22-23)

ജുബൈര്‍ ബിന്‍ മുത്ഇം പ്രവാചകന്‍(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു : ‘കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ബന്ധങ്ങള്‍ ഉപേക്ഷിക്കലും ബന്ധുക്കള്‍ക്ക് ഗുണവും നന്മയും ചെയ്യാതിരിക്കലുമാണ് കുടുംബബന്ധം വിഛേദിക്കല്‍. വളരെ ഗുരുതരമായ പാപമാണിതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. പരസ്പരം സഹകരിച്ചും ഇണങ്ങിയും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടിയാണ് ഇത്തരം വ്യവസ്ഥകളെല്ലാം ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. ‘പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് പ്രയാസമുണ്ടായാല്‍ മുഴുവന്‍ ശരീരവും ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു.’ എന്ന പ്രവാചക വചനം യാഥാര്‍ത്ഥ്യമാക്കേണ്ടതും അതിലൂടെയാണ്.

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍
ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറക്കുന്നതിന് മുമ്പ് അതിലെ മലിനമായ വെള്ളം ഒഴിവാക്കി അതിനെ ശുദ്ധിയാക്കേണ്ടതുണ്ട്. നിറഞ്ഞിരിക്കുന്ന പാത്രം പുതുതായി ഒന്നിനെയും ഉള്‍ക്കൊള്ളുകയില്ല. അതില്‍ ഒഴിക്കുന്ന ഓരോ തുള്ളി വെള്ളവും വെറുതെ പാഴാവുകയാണ്. വിശുദ്ധ റമദാന്‍ മാസത്തെ കാത്തിരിക്കുകയും, ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് ആര്‍ജ്ജിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസി തന്റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇസ്‌ലാമിന് നിരക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. സംസ്‌കാരത്തിനും ചുറ്റുപാടിനും അനുസരിച്ച് ഈ മാലിന്യങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പറയുക പ്രയാസമാണ്. അതില്‍ നിന്നും ചില ഉദാഹരണങ്ങള്‍ മാത്രമാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. അതുമായി തുലനപ്പെടുത്തി ഓരോ മുസ്‌ലിമും തന്റെ ഉള്ളിലെ രോഗം എന്താണെന്ന് തിരിച്ചറിയുകയും റമദാനിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ പാത്രത്തെ സജ്ജമാക്കി വെക്കുകയും ചെയ്യട്ടെ.

1. അനാവശ്യ തര്‍ക്കം
അല്ലാഹുവിനെ സ്‌നേഹിക്കുകയും അല്ലാഹു സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളുടെ പ്രധാന വിശേഷണമാണ് അവര്‍ പരസ്പരം നൈര്‍മല്യത്തോടെ പെരുമാറുന്നവരായിരിക്കുമെന്നത്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു.” (അല്‍മാഇദ: 54)
അല്ലാഹുവിനും അവന്റെ ദൂതനും അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അനാവശ്യമായ തര്‍ക്കം. നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: ”ആളുകളില്‍ കടുത്ത കുതര്‍ക്കികളെയാണ് അല്ലാഹു ഏറ്റവുമധികം വെറുക്കുന്നത്.” (ബുഖാരി) അന്യായമായ കാര്യത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇവിടെ ഉദ്ദേശിച്ചത്. ന്യായമായ ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് അത് തടസ്സമല്ല. പ്രതിയോഗിയോട് അന്യായം പ്രവര്‍ത്തിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ അതിന് വേണ്ടി ഉറച്ചു നിലകൊള്ളണം.

2. രഹസ്യങ്ങള്‍ പ്രചരിപ്പിക്കലും വ്യാജ വാഗ്ദാനവും
ഒരാളെ വാക്കുകൊണ്ടോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്. മറ്റൊരാളെ സംബന്ധിച്ച രഹസ്യം പരസ്യപ്പെടുത്തുന്നത് പോലുള്ള ഏതൊരു പ്രവര്‍ത്തനവും അതില്‍ പെട്ടതാണ്. ഒരാള്‍ നിങ്ങളെ വിശ്വസിച്ച് അയാളുടെ രഹസ്യം നിങ്ങളുമായി പങ്കുവെക്കുകയും എന്നിട്ട് നിങ്ങളത് ആളുകളോട് പറഞ്ഞ് അയാളെ താറടിക്കുകയും ചെയ്യുന്നത് എത്രത്തോളം വലിയ വഞ്ചനയാണ്. എത്ര ഗുരുതരമായ കുറ്റമാണ് അതിലൂടെ ചെയ്യുന്നത്. നബി(സ) പറയുന്നു: ”ഒരാള്‍ ഒരു കാര്യം സംസാരിക്കുകയും എന്നിട്ട് ചുറ്റുപാടിലേക്ക് തിരിഞ്ഞുനോക്കുകയും (മറ്റാരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍) ചെയ്താല്‍ അതൊരു വിശ്വസിച്ചേല്‍പിക്കലാണ്.”
വ്യാജ വാഗ്ദാനങ്ങളെ കുറിച്ച് നബി(സ) താക്കീത് നല്‍കുന്നത് നോക്കൂ: ”നാല് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അവനില്‍ കാപട്യത്തിന്റെ അംശമുണ്ട്. സംസാരിച്ചാല്‍ കളവു പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക. തര്‍ക്കിച്ചാല്‍ അസഭ്യം പറയുക എന്നിവയാണവ.”

3. ആവശ്യമില്ലാത്ത സംസാരം
യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തെ കുറിച്ച സംസാരം വലിയ വിപത്തുകളിലൊന്നാണ്. അങ്ങനെ അവന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഓരോ വാക്കിന്റെ പേരിലും അവന്‍ വിചാരണ ചെയ്യപ്പെടും. ഒരു സംസാരം കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കില്‍ പിന്നെ ദോഷത്തിനാണ് അതില്‍ കൂടുതല്‍ സാധ്യത. കാണുന്നവരോടെല്ലാം എവിടെ നിന്നാണ് നീ വരുന്നത്, എവിടേക്കാണ് പോകുന്നത്? എന്നെല്ലാമുള്ള ചോദ്യം അനാവശ്യമാണ്. ഒരുപക്ഷേ അത് താങ്കളോട് വെളിപ്പെടുത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോള്‍ അയാള്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാവുന്നു. താങ്കളെ സംബന്ധിക്കാത്ത ഒരു ചോദ്യം ചോദിച്ച് ആ തെറ്റിനുള്ള സാഹചര്യം ഒരുക്കിയത് താങ്കളാണ്. നബി(സ) പറഞ്ഞു: ”തന്നെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ നല്ല ഇസ്‌ലാമിന്റെ ഭാഗമാണ്.” (തിര്‍മിദി)

4. അസൂയ
മറ്റുള്ളവരുടെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോവാനുള്ള ആഗ്രഹമാണത്. അസൂയാലുവിനെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന മാരക രോഗമാണത്. അതിന്റെ ഫലമായി സമൂഹത്തില്‍ നിന്നും മൂല്യങ്ങളും മനുഷ്യത്വവും ഇല്ലായ്മ ചെയ്യപ്പെടും. മനസ്സിലെ അഗ്നിയാണത്. അതവിടെ ജ്വലിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും പകയും വിദ്വേഷവും ഗൂഢാലോചനും ജന്മമെടുക്കും. വന്‍പാപങ്ങളുടെ തലത്തിലേക്ക് അതവനെ എത്തിക്കുന്നു. നബി(സ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളുടെ രോഗം നിങ്ങളിലേക്കും ഇഴഞ്ഞുകയറുന്നു. അസൂയയും വിദ്വേഷവുമാണത്. മുണ്ഡനം ചെയ്തു കളയുന്നതാണത്. മുടി മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ദീനിനെ മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചാണ്.” (അബൂദാവൂദ്)

5. അഹങ്കാരം
അല്ലാഹു പറയുന്നു: ” ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചുനടക്കുന്നവരുടെ കണ്ണുകളെ ഞാന്‍ എന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് തെറ്റിച്ചുകളയുന്നതാണ്.” (അല്‍അഅ്‌റാഫ്: 146)
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഹദീല്‍ പറയുന്നു: ”ഹൃദയത്തില്‍ അണുതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”
‘അഹങ്കാരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഒരുക്കപ്പട്ടിരിക്കുന്നതെന്ന് നരകം പറയുന്നു’ എന്ന് മറ്റൊരു ഹദീസില്‍ കാണാം. നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ”ധിക്കാരികളും അഹങ്കാരികളുമായിട്ടുള്ളവര്‍ അന്ത്യദിനത്തില്‍ അണുവിന്റെ രൂപത്തില്‍ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിന്റെ അടുക്കലുള്ള നിന്ദ്യതയുടെ പേരില്‍ ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുന്നു.”

6. കോപം
കോപത്തിന്റെ തീ അണക്കാന്‍ ആര്‍ക്കാണ് സാധിക്കുക? സ്വന്തത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? ദേഷ്യം വരുമ്പോള്‍ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതാര്‍ക്കാണ്? തന്റെ രോഷം അല്ലാഹുവിന് വേണ്ടി മാത്രമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ ഇതിനെല്ലാം നിങ്ങള്‍ സാധിക്കും. അല്ലാഹു പറയുന്നു: ”സ്വര്‍ഗം ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.” (ആലുഇംറാന്‍: 134)
ദുരഭിമാനവും ആത്മപ്രശംസയും അഹങ്കാരവുമാണ് കോപത്തിന്റെ പ്രധാന കാരണങ്ങള്‍. അത്തരം ചീത്തഗുണങ്ങള്‍ വെടിയുന്നതിന് പരിശ്രമവും അല്ലാഹുവുമായുള്ള ബന്ധവും ദൈവഭക്തിയുള്ള ആളുകളുമായുള്ള സഹവാസവും ആവശ്യമാണ്.

7. പരദൂഷണം
മരിച്ച മനുഷ്യന്റെ മാംസം തിന്നുന്നതിനോടാണ് ഖുര്‍ആന്‍ പരദൂഷണത്തെ ഉപമിച്ചിട്ടുള്ളത്. ‘ഒരാളെ കുറിച്ച് അയാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയലാണ്’ പരദൂഷണം. വളരെ നിന്ദ്യമായിട്ടുള്ള സ്വഭാവമാണത്. അല്ലാഹു പറയുന്നു: ”ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്.നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ?നിങ്ങളതു വെറുക്കുകയാണല്ലോ.” (അല്‍ഹുജുറാത്ത്: 12)
നബി(സ) പറഞ്ഞു: ”ഓരോ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.” (മുസ്‌ലിം)

8. ഏഷണി
നബി(സ) പറയുന്നു: ”ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” (മുസ്‌ലിം) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”ഏഷണിയുമായി നടക്കുന്നവര്‍ സ്‌നേഹിതന്‍മാര്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും നിരപരാധികളെ തെറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.”

9. പിശുക്ക്
അല്ലാഹു ആക്ഷേപിച്ചിട്ടുള്ള ഗുണമാണ് പിശുക്ക്. നബി(സ) റമദാനില്‍ വീശുന്ന കാറ്റിനെ പോലെ ഉദാരനായിരുന്നു. പിശുക്കെന്ന ഗുണം സ്വഹാബിമാരുടെ ജീവിതത്തിലും കാണാനാവുകയില്ല. ചരിത്രം ഒരിക്കലും പിശുക്കന്‍മാരെ കുറിച്ച് നല്ലത് പറയുകയുമില്ല. അല്ലാഹു പറയുന്നു: ”സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍.” (അല്‍ഹശ്ര്‍: 9)
മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹു തങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളില്‍ പിശുക്കുകാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്ക് ഗുണകരമാണെന്നു കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്ക് വളരെ ദോഷകരമാകുന്നു. പിശുക്കി സമ്പാദിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവര്‍ക്കു കണ്ഠവളയമായിത്തീരും.” (ആലുഇംറാന്‍: 180)
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവരെ അത് നശിപ്പിച്ചിട്ടുണ്ട്. രക്തം ചിന്താനും നിഷിദ്ധങ്ങളെ അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചു.”

10. അസഭ്യം, അശ്ലീലം, ശകാരം, ശാപം
നബി(സ) പറയുന്നു: ‘നിങ്ങള്‍ അശ്ലീലത്തെ സൂക്ഷിക്കുക, അശ്ലീലമായ വാക്കുകളും പ്രവൃത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ”വിശ്വാസി കുത്തുവാക്ക് പറയുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്ലേച്ഛവര്‍ത്തമാനം പറയുന്നവനോ അല്ല.”
വൃത്തികെട്ട വാക്കുകളും പ്രയോഗങ്ങളുമാണ് അസഭ്യം കൊണ്ടുദ്ദേശിക്കുന്നത്. പൊതുവെ അങ്ങാടികളിലും മറ്റും സമയം ചെലവഴിക്കുന്ന വിവരംകെട്ടവരാണ് അത്തരം വര്‍ത്തമാനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ സദ്‌വൃത്തരായവരെ സംബന്ധിച്ചടത്തോളം അത്തരം വര്‍ത്തമാനം പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അസഹ്യമായിരിക്കും.

ഇസ്‌ലാമിക ദര്‍ശനം

ഇസ്‌ലാമിക ലോകത്തെ സുപ്രധാനമായ ഒരു ബൗദ്ധിക സംഭാവനയാണ് ഇസ്‌ലാമിക ദര്‍ശനം. അറബിയില്‍ അല്‍ഹിക്മഃ അല്ലെങ്കില്‍ അല്‍ഫല്‍സഫഃ എന്നറിയപ്പെടുന്നു. മതം എന്ന പദംകൊണ്ട് സാധാരണ വ്യവഹരിക്കപ്പെടുന്നതിനപ്പുറമുള്ള ഒരു ജീവിത ദര്‍ശനവും ജീവിതരീതിയും സാമൂഹിക -രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥിതിയുമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ ആറ് വിശ്വാസ പ്രമാണങ്ങളും (അല്ലാഹു, മലക്, ദൈവദൂതന്മാര്‍, വേദഗ്രന്ഥം, പരലോകം, വിധി എന്നിവയിലുള്ള വിശ്വാസം) പഞ്ചസ്തംഭങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് കര്‍മരീതികളും (സത്യസാക്ഷ്യ പ്രഖ്യാപനം, നമസ്‌കാരം, സകാത്, നോമ്പ്, ഹജ്ജ്) ആണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറ. തത്ത്വചിന്ത ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇസ്‌ലാമിന്റെ ഉത്തരം കണിശവും വ്യക്തവുമാണ്. ദര്‍ശനം അഥവാ ഫിലോസഫി എന്ന വാക്കിന് അറിവിനെ സ്‌നേഹിക്കുക (Philos: സ്‌നേഹം, Sophia: ജ്ഞാനം) എന്നാണര്‍ഥം. അനുഭവങ്ങളുടെയും പരീക്ഷണ-നിരീക്ഷണങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ ലഭിക്കുന്ന അറിവിലൊതുങ്ങുന്നില്ല ദര്‍ശനപരമായ ജ്ഞാനം. ജീവിതത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണത്.
പ്രസിദ്ധരായ ദാര്‍ശനികരെല്ലാം ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. സത്യാന്വേഷണമാണ് ദര്‍ശനത്തിന്റെ ലക്ഷ്യം. പ്രപഞ്ചത്തെയും ജീവിതത്തെയും സം ന്ധിക്കുന്ന സത്യം പൂര്‍ണമായി അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന വെളിപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ തത്ത്വം. അതിനാല്‍ മനുഷ്യന്‍ അത് സ്വയം ചിന്തിച്ചു കണ്ടുപിടിക്കേണ്ടതില്ല. എന്നാല്‍ ദൈവിക യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിന് പ്രപഞ്ച നിരീക്ഷണവും ചിന്തയുമാണ് മാര്‍ഗമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധം വ്യക്തമാക്കുന്നുണ്ട്.
ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള ബൗദ്ധികാന്വേഷണങ്ങളാണ് ഇസ്‌ലാമിക ദര്‍ശനം എന്നര്‍ഥം. തത്ത്വചിന്ത ജീവിതത്തെ സംബന്ധിക്കുന്നതാകയാല്‍ ജീവിതവുമായി ബന്ധപ്പെടുന്ന സമസ്ത പ്രശ്‌നങ്ങളും ഇസ്‌ലാമിക ദര്‍ശനത്തിന്റെ പരിധിയില്‍ വരും. ഇവയോരോന്നും വ്യത്യസ്ത വിജ്ഞാനശാഖകളായി വികാസം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസത്തെ സംബന്ധിക്കുന്ന ശാസ്ത്രം അല്‍അഖാഇദ് എന്നും കര്‍മാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രം ഫിഖ്ഹ് എന്നും ധര്‍മശാസ്ത്രം അഖ്‌ലാഖ് എന്നും വ്യവഹരിക്കപ്പെടുന്നു. ദര്‍ശനത്തിന്റെ പഠന മേഖലയായ സത്താമീമാംസ ഇതില്‍ വിശ്വാസ ശാസ്ത്രവുമായാണ് ബന്ധപ്പെടുന്നത്. മൂല്യ മീമാംസയും സൗര്യ ദര്‍ശനവും സ്വതന്ത്ര പഠന ശാഖകളായി വികസിച്ചിട്ടില്ല. എന്നാല്‍ ഖുര്‍ആനില്‍നിന്നും ഹദീഥുകളില്‍നിന്നും തദ്‌സംന്ധമായ ഇസ്‌ലാമിക വീക്ഷണങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കും.
ജ്ഞാന മീമാംസയില്‍ വഹ്‌യ് (ദിവ്യബോധനം) അറിവിന്റെ ദൈവിക ഉറവിടമായി അംഗീകരിക്കപ്പെടുന്നു. സംവേദനേന്ദ്രിയങ്ങള്‍ വഴിയും യുക്തിചിന്തയിലൂടെയും മനുഷ്യന്‍ ആര്‍ജിക്കുന്ന അറിവ് അതിന് താഴെയാണ് വരുന്നത്. അറിവുകളുടെയെല്ലാം സ്രോതസ്സ് സര്‍വജ്ഞനായ അല്ലാഹുവാണെന്നതാണ് ഇസ്‌ലാമിക ജ്ഞാന മീമാംസയുടെ കാതലായ തത്ത്വം. പരലോക വിശ്വാസത്തിലധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ ധര്‍മമീമാംസ. മനുഷ്യന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉത്തരവാദിയാകുന്നു. ദൈവത്തിനു മുമ്പാകെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പുനരുത്ഥാനത്തിനു ശേഷമുള്ള അന്തിമ വിചാരണാ വേളയില്‍ ഉത്തരം ബോധിപ്പിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അല്ലാഹു സൗന്ദര്യം ഇഷ്ടപ്പെടുന്നു എന്നതാണ് ഇസ്‌ലാമിന്റെ സൗന്ദര്യ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ തത്ത്വത്തിന്റെ സമൂര്‍ത്താവിഷ്‌കാരങ്ങളാണ് ഇസ്‌ലാമിക കലകള്‍.

മേല്‍പറഞ്ഞ തത്ത്വങ്ങള്‍ ഇസ്‌ലാമിക ലോകത്ത് ദര്‍ശനത്തിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ടു തുടങ്ങിയത് ഗ്രീക്കോ-അലക്‌സാണ്ട്രിയന്‍ ദര്‍ശന പദ്ധതികളുമായി അറബ് – മുസ്‌ലിം പണ്ഡിതന്‍മാര്‍ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ്. മൂന്നാം/ഒമ്പതാം ശതകത്തിലാണ് യവന ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. യവന ചിന്തയെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വായിക്കാനാണ് പ്രമുഖരായ മുസ്‌ലിം ദാര്‍ശനികര്‍ ശ്രമിച്ചത്.
ഇത് ദര്‍ശന ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവിന് തുടക്കം കുറിച്ചു. എന്നാല്‍ ഇസ്‌ലാമിന്റെ അംഗീകൃത തത്ത്വങ്ങളില്‍നിന്ന് വ്യതിചലിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതമീമാംസാ വിശാരദര്‍ ഇവര്‍ക്കെതിരെ പ്രതിരോധനിര സൃഷ്ടിച്ചു. സ്വൂഫികളും ശീഇകളും പൊതുവേ തത്ത്വചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രസിദ്ധ ദാര്‍ശനികനായമുല്ലാ സ്വദ്‌റ(സ്വദ്‌റുദ്ദീന്‍ ശീറാസി)യുടെ രചനകളില്‍ ശീഈ സ്വാധീനം പ്രകടമാണ്. ഇമാം ഗസ്സാലി ഇസ്‌ലാമിക ദൈവശാസ്ത്രത്തെയും തത്ത്വചിന്തയെയും ആത്മീയതയെയും അസാമാന്യമായ പ്രാഗല്ഭ്യത്തോടെ സമന്വയിപ്പിച്ചു. ഫാറാബി, ഇബ്‌നുസീനാ, ഇബ്‌നുറുശ്ദ് തുടങ്ങിയവര്‍ ദര്‍ശനത്തിന് പ്രഥമ സ്ഥാനം കല്പിച്ചവരാണ്. മതമീമാംസകരും തത്ത്വചിന്തകരും തമ്മില്‍ നടന്ന ഖണ്ഡന മണ്ഡനങ്ങള്‍ ഇസ്‌ലാമിക ധൈഷണിക ജീവിതത്തെ ഉന്‍മിഷത്താക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഇസ്‌ലാമിലെ വിവിധ വിശ്വാസ ധാരകളെ പ്രതിനിധീകരിക്കുന്ന ആദ്യകാല അവാന്തര വിഭാഗങ്ങളുടെ ആവിര്‍ഭാവവും ദാര്‍ശനിക പദ്ധതികളുടെ പ്രചാരവും തമ്മില്‍ ബന്ധമുണ്ട്.

ഖുര്‍ആന്‍ സൃഷ്ടിയാണോ, പാപികള്‍ക്ക് നരകമോക്ഷമുണ്ടോ, വിധി ബന്ധിതമായ മനുഷ്യന്ന് സ്വതന്ത്രമായ ഇഛാശക്തിയുണ്ടോ, മതനിയമങ്ങള്‍ക്കടിസ്ഥാനമായി യുക്തിയെ സ്വീകരിക്കാമോ തുടങ്ങിയ തര്‍ക്കങ്ങളാണ് വിവിധ മതചിന്താപ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത്. വിധിവാദികള്‍, വിധിനിഷേധികള്‍, സൃഷ്ടിവാദികള്‍, മുര്‍ജിഅഃ, മുഅ്തസിലഃ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇങ്ങനെ ഉദയം ചെയ്തു. ശീഈ പ്രസ്ഥാനത്തില്‍നിന്നുടലെടുത്ത ഇസ്മാഈലികള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയങ്ങള്‍ക്ക് ദര്‍ശനത്തിന്റെ വര്‍ണവും ഛായയും നല്കിയവരാണ്. ഉമവീ, അബ്ബാസീ കൊട്ടാരങ്ങളിലെ ക്രൈസ്തവ-യഹൂദ ഭിഷഗ്വരന്‍മാരും അറബ്‌ലോകത്തെ തത്ത്വചിന്തയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചവരാണ്. മുആവിയഃയുടെ ചികിത്സകനായിരുന്ന ഇബ്‌നുഅഥാല്‍ നെസ്റ്റോറിയ ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ച അലക്‌സാണ്ട്രിയന്‍ സ്വദേശിയായ ഭിഷഗ്വരന്‍ അബ്ദുല്‍ മലികിബ്‌നു അബ്ഹാന്‍ അല്‍കിനാനി, ബസ്വ്‌റഃക്കാരനായ യഹൂദ വൈദ്യന്‍ മാസര്‍ജവൈഹ് തുടങ്ങിയവര്‍ അറബ് ഗ്രന്ഥലോകത്തേക്ക് തത്ത്വചിന്ത കൊണ്ടുവന്നവരില്‍ പെടുന്നു. ഇസ്‌ലാം മത പണ്ഡിതന്മാര്‍ ക്രൈസ്തവരുമായുള്ള സംവാദങ്ങളില്‍ ഖുര്‍ആന്നും നബിവചനങ്ങള്‍ക്കും പുറമേ ദാര്‍ശനിക കൃതികളെയും അവലം മാക്കി. അതിനാല്‍ ആദ്യകാല ഇസ്‌ലാമിക ദാര്‍ശനികരില്‍ മൂന്ന് വ്യത്യസ്ത സ്വാധീനങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. ഒന്ന് അരിസ്റ്റോട്ടലിയന്‍ തത്ത്വചിന്ത; രണ്ട്, നിയോപ്ലാറ്റോണിക് ചിന്ത; മൂന്ന്, ഇസ്‌ലാമിക ചിന്ത.

അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

ഇന്‍ജീല്‍

ഈസാനബിക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത വേദം. ഖുര്‍ആനിലും ഹദീസിലും ഇന്‍ജീലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇംഗ്ലീഷില്‍ ‘ഗോസ്പല്‍'(Gospel) എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ബൈബിളിലെ പുതിയ നിയമം എന്ന ഭാഗമാണ് ഇതുകൊ ണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൂടാ.
പുതിയ നിയമം യേശുവിന്റെ ശിഷ്യന്‍മാരില്‍ ചിലരുടെ ഓര്‍മകളില്‍നിന്ന് എടുത്ത് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാ രമാണ്. അതില്‍തന്നെ പ്രധാനമായും മാര്‍ക്കോസ്, യോഹന്നാന്‍, ലൂക്കാ, മത്തായി എന്നിവരുടെ സുവിശേഷങ്ങള്‍ മാത്രമേ കത്തോലിക്കാ സഭ അംഗീകരിക്കുന്നുള്ളൂ. ബാര്‍നബാസ് ക്രിസ്തു ശിഷ്യന്‍മാരുടെ സുവിശേഷങ്ങളെ സഭ തള്ളിക്കളഞ്ഞ
ട്ടുമുണ്ട്. ക്രിസ്തുമതത്തില്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ട യവന- റോമന്‍ സങ്കല്‍ പങ്ങളെയും ത്രിയേകത്വം തുടങ്ങി പഴയനിയമത്തില്‍ കാണാന്‍കഴിയാത്ത ആശയങ്ങളെയും ഖണ്ഡിക്കുന്ന പ്രസ്താവങ്ങള്‍ അടങ്ങിയ സുവിശേഷങ്ങള്‍ പില്‍ക്കാലത്ത് സഭക്ക് അസ്വീകാര്യമായിത്തീര്‍ന്നതാണ് ഇത്തരമൊരു തിരസ്‌കാരത്തിന് കാരണമായത്.

അല്ലാഹുവില്‍നിന്ന് ഈസാ നബിക്ക് ലഭിച്ച വെളിപാടുകളുടെ സമാഹാരം അദ്ദേഹം ഗ്രന്ഥരൂപത്തില്‍ മനുഷ്യര്‍ക്ക് സമര്‍പ്പി ച്ചിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്ക് സംശയമുണ്ട്. ഇന്‍ജീല്‍ മുദ്രണംചെയ്യപ്പെട്ടത് യേശുവിന്റെ തിരുഹൃദയത്തിലാ യിരുന്നു എന്ന് വാദിക്കുന്നവരാണ് നല്ലൊരു വിഭാഗം. അദ്ദേഹം പറഞ്ഞുകൊടുത്തതില്‍ ചിലത് പില്‍ക്കാലത്ത് ഓര്‍മയില്‍ നിന്നെടുത്ത് രേഖപ്പെടുത്തുക മാത്രമാണ് ശിഷ്യര്‍ ചെയ്തത്. അതുകൊണ്ട് മുഹമ്മദിന് ഖുര്‍ആന്‍ പോലെയാവുകയില്ല യേശു വിന് പുതിയ നിയമം. അതിന്, കവിഞ്ഞാല്‍ ഹദീസുകളുടെ സ്ഥാനമേ കല്‍പിച്ചുകൊടുത്തുകൂടൂ. ഖുര്‍ആനില്‍ ഇന്‍ജീലിനെ ക്കുറിച്ച് പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങള്‍ ഇവയാണ്:

തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ് (അല്‍അഅ്‌റാഫ് 157).

സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു; മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു(ആലുഇംറാന്‍ 3,4)

അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും(ആലുഇംറാന്‍ 48).
ഇതുപോലെ ഇന്‍ജീലിനെക്കുറിച്ച് ഖുര്‍ആനില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പരാമര്‍ശമുള്ളതായി ചില പഠനങ്ങളില്‍ കാണാം.
ഇന്‍ജീല്‍, വേദക്കാരുടെ അടുക്കല്‍ ഇല്ലായിരുന്നു. അത് യേശുവിന്റെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെട്ടതും സാന്ദര്‍ഭികമായി മാത്രം ശിഷ്യര്‍ക്ക് അവിടുത്തെ നാവില്‍നിന്ന് കിട്ടിയതുമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നതിനായി വിമര്‍ശകര്‍ ചൂണ്ടി ക്കാട്ടുന്നത്, ഇന്‍ജീലില്‍ ക്രിസ്ത്യാനികള്‍ കൈകടത്തലുകള്‍ നടത്തി എന്ന് ഖുര്‍ആനില്‍ത്തന്നെ പറഞ്ഞ പരാമര്‍ശത്തെയാണ്. ഇന്‍ജീല്‍ അവരുടെ കൈകളില്‍ എത്തിപ്പെട്ടെങ്കിലല്ലേ അതിലവര്‍ക്ക് മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ.

ഇന്‍ജീല്‍ ഹീബ്രു ഭാഷയിലാണ് അവതരിച്ചതെന്ന് സ്വഹീഹുല്‍ ബുഖാരിയില്‍ , വറഖത്ബ്‌നു നൗഫലിന്റെ കഥ ഉദ്ധരിച്ച സ്ഥലത്ത് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇമാം സമഖ്ശരി തന്റെ ‘കശ്ശാഫ്’ എന്ന ഗ്രന്ഥത്തില്‍ ഇന്‍ജീല്‍ അവതരിച്ചത് റമദാന്‍ 13-നാണ് എന്ന് പറയുന്നു. വേറെ ചിലര്‍ റമദാന്‍ 18 ന് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചില രേഖകള്‍ പ്രകാരം പുതിയ നിയമത്തിന്റെ നിവേദകന്‍മാരായ മാര്‍ക്കോസ്, യോഹന്നാന്‍, മത്തായി, ലൂക്കാ എന്നിവര്‍ ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യത്വം ലഭിക്കാത്തവരായിരുന്നു എന്നും കാണാന്‍ കഴിയുന്നുണ്ട്. യേശുവിന്റെ അപ്പോ
സ്തലന്‍മാരായി ഖുര്‍ആന്‍ വിശേഷിപ്പിച്ച ‘ഹവാരിയ്യൂന്‍’ എന്ന വിശിഷ്ടരില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല.

ഖുര്‍ആന് മുമ്പ് അവതീര്‍ണമായ വേദങ്ങളില്‍ ഒടുവിലത്തേതാണ് ‘ഇന്‍ജീല്‍’ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നു ന്നു. മുഹമ്മദ് നബിക്ക് തൊട്ടുമുമ്പ് വന്ന വേദം നല്‍കപ്പെട്ട പ്രവാചകന്‍ ഈസാ നബിയായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ ക്കുമിടക്കുള്ള കാലയളവില്‍ അവതരിച്ച ഏതെങ്കിലും വെളിപാട് പുസ്തകത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ല.

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാത്തതും ഇബ്‌റാഹീമിന്റെ താവഴിക്ക് പുറത്തുള്ളതുമായ ഏതെങ്കിലും പ്രവാചകന് ലഭിച്ച വെളിപാടിനെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ലാതിരിക്കുന്നതില്‍ അസ്വാഭാവികതയില്ല. ഇബ്‌റാഹീമി പരമ്പരക്ക് പുറ
ത്തുള്ള പ്രവാചകന്‍മാരെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നില്ലല്ലോ.

പഠിക്കാനും പകര്‍ത്താനുമുള്ളതാണ് ഖുര്‍ആന്‍

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ تَعَالَى، يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

അബൂഹുറയ്‌റ(റ)യില്‍ നിന്ന്. നബി(സ) പറഞ്ഞു: ഒരു സംഘം ആളുകള്‍ അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ഭവനത്തില്‍ സംഗമിച്ച് ആശയം ഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം നടത്തുകയും അത് ചര്‍ച്ച ചെയ്ത് പഠിക്കുകയുമാണെങ്കില്‍ അവരുടെ മേല്‍ ശാന്തി വര്‍ഷിക്കും. ദിവ്യകാരുണ്യം അവരെ മൂടും. മലക്കുകള്‍ അവരെ ആവരണം ചെയ്യും. അല്ലാഹു അവരെ കുറിച്ച് തന്റെയടുക്കലുള്ളവരോട് പറയും. (അബൂദാവൂദ്)

اجْتَمَعَ : ഒരുമിച്ചുകൂടി
قَوْم : ജനത, സംഘം
بَيْت (ج) بُيُوت : വീട്
يَتْلُون : അവര്‍ പാരായണം ചെയ്യുന്നു
يَتَدَارَسُون : ചര്‍ച്ച ചെയ്ത് പഠിക്കുന്നു
نَزَلَ : ഇറങ്ങി
سَكِينَة : ശാന്തി
غَشِيَ : മൂടി
رحمة : കാരുണ്യം
حَفَّ : വലയം ചെയ്തു, പൊതിഞ്ഞു
ذَكَرَ : പറഞ്ഞു, പ്രസ്താവിച്ചു

ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷകാഘോഷത്തില്‍ നാം പല തവണ പങ്കെടുത്തു. പക്ഷേ ഈ കാലയളവിനുളളില്‍ നാം ഖുര്‍ആനെ എത്രത്തോളം അടുത്തറിഞ്ഞിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമല്ലേ? ആശയം ഗ്രഹിക്കാതെയുള്ള കേവലപാരായണം ഖുര്‍ആനോടുള്ള പരിഗണനയുടെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ. അല്ലാഹു പറയുന്നു: (നബിയേ) താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്ന ഗ്രന്ഥം അനുഗ്രഹീതമാണ്. ആളുകള്‍ ഇതിലെ ആയത്തുകളെ കുറിച്ച് പഠിക്കാനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകുന്നതിനും വേണ്ടിയാണിത് (സ്വാദ്: 29). ഖുര്‍ആന്റെ ഈ അവതരണ ലക്ഷ്യത്തോട് നാം നീതി പുലര്‍ത്തുന്നുണ്ടോ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ആ ഗണത്തില്‍ ഞാന്‍ വേണ്ടതില്ല എന്നാണോ നാം തീരുമാനിക്കേണ്ടത്?

ചിന്തിക്കാനും പഠിക്കാനും ആലോചിക്കാനും ഗ്രഹിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണല്ലോ ഖുര്‍ആന്‍. എന്നാല്‍ ഖുര്‍ആനല്ലാതെ ഏതും പഠിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. എത്ര വര്‍ഷം/സമ്പത്ത് വേണമെങ്കിലും അതിന് ഞാന്‍ ചെലവഴിക്കും. പക്ഷേ ഖുര്‍ആന്‍ ഓതിയാല്‍ തന്നെ ധാരാളമല്ലേ. പിന്നെയെന്തിന് വെറുതെ റിസ്‌ക് എടുക്കണം. അതിനാല്‍ അത് പഠിച്ചില്ലെങ്കിലും കുഴപ്പമില്ല; ഈ ചിന്ത പൈശാചികമല്ലേ എന്തുകൊണ്ടാണ് ഖുര്‍ആന്‍ പഠനം നാം പ്രാഥമിക ഘട്ടത്തില്‍ അവസാനിപ്പിക്കുന്നത് അത് യഥാര്‍ഥത്തില്‍ ഖുര്‍ആനെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ 23 വര്‍ഷം ആട്ടും തുപ്പും പരിഹാസവും പീഡനങ്ങളും സഹിച്ച് ഈ ഖുര്‍ആനിക പ്രകാശം നമുക്ക് പകര്‍ന്ന് തന്ന പ്രവാചകന്‍ അത് സഹിക്കുമോ? അദ്ദേഹം അല്ലാഹുവിനോട് പരാതിപ്പെടുകയില്ലേ എന്റെ നാഥാ എന്റെ ഈ ജനത ഈ ഖുര്‍ആനിനെ അവഗണിച്ചു എന്ന് (അല്‍ഫുര്‍ഖാന്‍: 30) ഖുര്‍ആന്‍ തന്നെയും നമുക്കെതിരെ സാക്ഷി നില്‍ക്കുകയില്ലേ. നബി(സ) പറഞ്ഞു: ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷിയാണ് (മുസ്‌ലിം). പത്രം വായിക്കാനെടുക്കുന്നതിന്റെ പത്ത് ശതമാനം സമയം പോലും ഖുര്‍ആന്‍ പഠിക്കാന്‍ വിനിയോഗിക്കാത്തവര്‍ അതിനെ അവഗണിക്കുകയല്ലേ ചെയ്യുന്നത്?

ഖുര്‍ആന്‍ ഗ്രഹിക്കേണ്ടതില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടോ മൂന്നില്‍ കുറഞ്ഞ നാളുകള്‍ക്കകം ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നത് പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു. അതിന് നബി(സ)പറഞ്ഞ ന്യായം അത്രവേഗത്തില്‍ ഓതിയാല്‍ അത് ഗ്രഹിക്കാനാവില്ല എന്നാണ്. (അബൂദാവൂദ്, തിര്‍മിദി)
ഇബ്‌നു മസ്ഊദ് പറയുന്നു: ഞങ്ങളിലൊരാള്‍ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി).
ഖുര്‍ആന്‍ 4 തവണ ചോദിക്കുന്നു: തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ (അല്‍ഖമര്‍). എന്താണ് ഈ ചോദ്യത്തിന് താങ്കളുടെ മറുപടി?

ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കാത്തവരെ അല്ലാഹു വിമര്‍ശിക്കുന്നതുനോക്കൂ: അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ? (മുഹമ്മദ്: 24)

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സത്യവിശ്വാസിയുടെ ചിത്രം നോക്കിയാല്‍ തന്നെ ഖുര്‍ആന്‍ ഇഷ്ടമുള്ളവര്‍ പഠിച്ചാല്‍ മതി എന്ന ചിന്തയുടെ പൊള്ളത്തരം മനസ്സിലാവും. ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും (അന്‍ഫാല്‍: 2), ചര്‍മങ്ങള്‍ രോമാഞ്ചമണിയും (അസ്സുമര്‍: 23) സ്വര്‍ഗനരകങ്ങളെ കുറിച്ചും വിവിധ തരത്തിലുള്ള ശിക്ഷകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ ഒരേ താളത്തില്‍ നിര്‍വികാരതയോടെ ഓതിപ്പോകാന്‍ സത്യവിശ്വാസിക്ക് സാധിക്കില്ല എന്നര്‍ഥം. എങ്കില്‍ നമ്മുടെ അവസ്ഥയോ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് നിങ്ങള്‍ എന്ന മുന്നറിയിപ്പിന്റെ അര്‍ഥമെന്തായിരിക്കും?
ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത ഉപരിസൂചിത ഹദീസില്‍ നിന്ന് സുവ്യക്തമാണ്. അത്ര പ്രാധാന്യമുള്ള മറ്റൊരു പഠനവുമില്ല. പക്ഷേ നമുക്ക് മറ്റു പലതും പഠിക്കാനുണ്ട്; തിരക്കാണ്; സമയമില്ല. ഖുര്‍ആന്‍ പഠിക്കാന്‍ ബഹുമുഖ സംവിധാനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പഠനത്തിന് തടസ്സം നില്‍ക്കുന്ന വിധമുള്ള ശാരീരികമോ ബുദ്ധിപരമോ ആയ അവശതകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇക്കാലത്ത് ഖുര്‍ആന്‍ പഠനത്തില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഖുര്‍ആനിന്റെ അക്ഷരങ്ങളിലൂടെ മാത്രം വിഹരിച്ച് കാലം കഴിക്കുന്നത് ഒരു ആപത്‌സൂചനയായിട്ടാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്: നിങ്ങളിലൊരു വിഭാഗം വരും. അവരുടെ നമസ്‌കാരം, നോമ്പ്, മറ്റു കര്‍മങ്ങള്‍ എന്നിവയുമായി തുലനം ചെയ്തുനോക്കുമ്പോള്‍ നിങ്ങളുടേത് വളരെ നിസ്സാരമായി തോന്നും. അവര്‍ ഖുര്‍ആന്‍ ഓതും. അത് അവരുടെ തൊണ്ടക്കപ്പുറത്തേക്ക് കടക്കുകയില്ല. വില്ലില്‍ നിന്ന് അമ്പ് പോകുന്നതുപോലെ അവര്‍ ദീനില്‍ നിന്ന് പുറത്തുപോകും.(ബുഖാരി, മുസ്‌ലിം)

ഖുര്‍ആനെ ഹൃദയത്തിന്റെ വസന്തമാക്കാന്‍, മനസ്സിന്റെ പ്രകാശമാക്കാന്‍, മനോവ്യഥകളുടെ സാന്ത്വനമാക്കാന്‍ നാം പ്രാര്‍ഥിക്കുന്നു. പക്ഷേ പ്രവര്‍ത്തനമോ അതിനാല്‍ ഖുര്‍ആന്‍ പഠനം നമ്മുടെ നിത്യജീവിതത്തിന്റെ അജണ്ടകളില്‍ നാം ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അത് ഖുര്‍ആനോടുള്ള നീതി പുലര്‍ത്തലിന്റെ ഭാഗവും ഒപ്പം, അതുല്യമായ പുണ്യകര്‍മവുമാണ്.

വരുന്ന റമദാനെങ്കിലും ഖുര്‍ആന്‍ പഠനത്തിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആ പഠനം മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് പ്രചോദനമാവട്ടെ.