സൗഭാഗ്യം ABDUL RAZAK

Just another Www.ipcblogger.net Blogs weblog

റമദാന്‍ വിട പറയുമ്പോള്‍.

റമദാന്‍ വിട പറയുമ്പോള്‍.

റംസാന്‍

റമദാന്‍ വിട പറയുമ്പോള്‍.

വര്‍ഷത്തിലൊരിക്കലെങ്കിലും കണക്കെടുപ്പ് നടത്തുകയോ, വിറ്റുവരവുകളും ലാഭചേതങ്ങളും ഒത്തുനോക്കുകയോ ചെയ്യാത്ത  ബിസിനസ് സംരംഭം കുത്തുപാളയെടുക്കാന്‍ അധികകാലം വേണ്ടിവരില്ല. കൃത്യമായ ഓഡിറ്റിങ് നടത്താത്തവര്‍ വര്‍ഷം പ്രതി കുമിഞ്ഞുകൂടുന്ന നഷ്ടം അറിയാതിരിക്കുകയെന്ന ഗര്‍ത്തത്തിലേക്കാണ് പലപ്പോഴും ചെന്ന് ചാടുക. ഇപ്രകാരംതന്നെയാണ് മനുഷ്യജീവിതത്തിന്റെയും അവസ്ഥ. ഇടക്കിടെ കണക്കെടുപ്പും ആത്മവിചാരണയും നടക്കുന്നില്ലെങ്കില്‍ ജീവിതയാത്ര നഷ്ടക്കച്ചവടത്തിലാണ് അവസാനിക്കുക. അതിനാലാണ് മതങ്ങള്‍ ആരാധനകളിലൂടെ ജീവിതത്തിന്റെ കണക്കെടുപ്പും വീണ്ടെടുപ്പും നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ദൈവഭക്തിയാല്‍ തിളക്കമാര്‍ന്നതും കറപുരളാത്തതുമായ സംശുദ്ധ ജീവിതം വീണ്ടെടുക്കാന്‍ നിശ്ചയിക്കപ്പെട്ട ഇസ്‌ലാമിലെ വാര്‍ഷിക കണക്കെടുപ്പ് മാസമാണ് വിശ്വാസികള്‍ക്ക് പുണ്യ റമദാന്‍.

റമദാന്‍ പരിസമാപ്തിയിലേക്ക് നീങ്ങിയിരിക്കെ, ഈ കണക്കെടുപ്പില്‍ എത്രകണ്ട് വിജയിച്ചുവെന്ന ചോദ്യമാണ് ഓരോ വിശ്വാസിയെയും അലട്ടേണ്ടത്. ഒട്ടേറെ അനുഗ്രഹങ്ങളുമായാണ് റമദാന്‍ മാസമെന്ന അതിഥി കടന്നുവന്നത്. വ്രതാനുഷ്ഠാനം മുഖേന നേടിയെടുക്കേണ്ട ദൈവഭക്തി എന്ന വിശാല ജീവിത നിലപാട് എത്രമാത്രം ആര്‍ജിച്ചെടുക്കാനായി എന്നാണ് വിശ്വാസികളുടെ ചിന്തകള്‍. ഹിതവും അഹിതവും പരിഗണിക്കാതെ എന്തും വെട്ടിപ്പിടിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്ന ലോകത്ത് വെടിയലിന്റെ കരുത്ത് പരിശീലിപ്പിക്കുകയായിരുന്നു വ്രതം.

തുടര്‍ജീവിതത്തില്‍ റമദാന്റെ സദ്ഫലങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നത് അനുസരിച്ചായിരിക്കും, റമദാന്‍ തനിക്ക് ഉപകാരപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം. പകല്‍നേരത്ത് അന്നപാനീയങ്ങളും ലൈംഗീക വേഴ്ചയും ഉപേക്ഷിക്കുക മാത്രമായിരുന്നില്ല വിശ്വാസികള്‍. അസൂയ, പക, ഈര്‍ഷ്യം, കോപം തുടങ്ങിയ ദുഷ്ചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാതിരുന്ന മാസമാണത്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ഏറെ അപകടം സൃഷ്ടിക്കുന്ന തന്റെ നാക്കിനും വാക്കിനും അവനിട്ട ബ്രേക്ക് മാതൃകാപരമാണ്.

വ്രതം വഴി കരഗതമായ ഭക്തിയും അടുക്കും ചിട്ടയും കൈമോശം വരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ഇനി വിശ്വാസികള്‍ക്ക് ആവശ്യം. അതിനുവേണ്ടി റമദാനില്‍ ചെയ്ത സല്‍ക്കര്‍മങ്ങള്‍, സ്വീകരിക്കേണമേ എന്ന് കരുണാമയനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ട അവസാന സമയമാണ് കടന്നുപോകുന്നത്. പ്രവര്‍ത്തനവും പ്രാര്‍ഥനയും ഒന്നിച്ചുണ്ടാവുമ്പോഴാണ് ദൈവം കര്‍മങ്ങള്‍ സ്വീകരിക്കുന്നത്. ഒപ്പം റമദാനില്‍ വന്നുപോകാനിടയുള്ള പാകപ്പിഴകള്‍ക്ക് പാപമോചനം തേടുന്നതും കര്‍മങ്ങള്‍ സ്വീകാര്യമാകാനുള്ള മാര്‍ഗമാണ്.

നമസ്‌കാരം നിര്‍വഹിച്ച ഉടന്‍ എല്ലാ വിശ്വാസികളും പറയേണ്ട ആദ്യവാക്യം ‘അസ്തഗ്ഫിറുല്ല’ എന്നാണ്. ദൈവമേ എനിക്ക് പൊറുത്തുതരുക എന്നര്‍ഥം. അഥവാ താന്‍ നിര്‍വഹിച്ച ഈ നമസ്‌കാരത്തില്‍ വല്ല പാളിച്ചകളും സംഭവിച്ചെങ്കില്‍ അത് മാപ്പാക്കണമെന്ന് സാരം. അതേപ്രകാരം, റമദാന്റെ അവസാന സമയങ്ങളിലും ആ മാസത്തില്‍ സംഭവിച്ചു പോയേക്കാവുന്ന പാകപ്പിഴവുകള്‍ക്ക് പാപമോചനം തേടുന്നവരാകണം വിശ്വാസികള്‍.

ഖുര്‍ആനെ കൂടുതല്‍ മാറോട് ചേര്‍ത്തുപിടിക്കാന്‍ റമദാനില്‍ ഏറെനേരം ചെലവഴിച്ചിട്ടുണ്ട് വിശ്വാസികള്‍. വരുംകാലങ്ങളില്‍ ആ വെളിച്ചം അവര്‍ക്ക് വഴികാട്ടണം. മനുഷ്യമനസ്സിന്റെ അകത്ത് കുടികൊള്ളുന്ന പൈശാചിക ശക്തികള്‍ക്കെതിരില്‍ മാത്രമല്ല വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുന്നത്. പുറംലോകത്ത് ചുടലനൃത്തം ചവിട്ടുന്ന തിന്മയുടെ വൈതാളികര്‍ക്കെതിരില്‍കൂടിയായിരുന്നു. ലോകം തിന്മയുടെ തമ്പ്രാക്കന്മാരുടെ പിടിയിലമരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ചങ്കൂറ്റത്തോടെയാണ് അവര്‍ റമദാനെ യാത്രയാക്കുന്നത്.

ദാനധര്‍മങ്ങളില്‍ ഏറെ ഉദാരതയോടെയാണ് റമദാനില്‍ വിശ്വാസികള്‍ ജീവിച്ചത്. ദൈവം നല്‍കിയ സമ്പത്ത് ഒരു ലുബ്ധുമില്ലാതെ അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി ഒറ്റക്കും സംഘടിതമായും അവര്‍ ചെലവിട്ടുകൊണ്ടിരുന്നു. അതില്‍ ജാതി മത ഭേദങ്ങള്‍ അവര്‍ പരിഗണിച്ചില്ല. ഉള്ളത് പകുത്തുനല്‍കി ഇല്ലാത്തവന്റെ കണ്ണീര്‍ തുടക്കുമ്പോള്‍ നരകവിമോചനത്തില്‍ മാത്രമായിരുന്നു പ്രതീക്ഷ. റമദാനില്‍ നേടിയെടുത്ത സദ്ഗുണങ്ങള്‍ അടുത്ത റമദാന്‍ വരെയെങ്കിലും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഓരോ വിശ്വാസിയും ഇപ്പോള്‍ പുതുക്കേണ്ടത്.  … ഈദ് ആശംസകള്‍.

കടപ്പാട്: മാധ്യമം

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply