തിങ്കള്‍, 19 മാര്‍ച്ച് 2012 15:27
ചോദ്യം: അമുസ് ലിം മാതാപിതാക്കളോടുള്ള മക്കളുടെ സമീപനം എങ്ങനെയാവണം ?
ഉത്തരം: മാതാപിതാക്കളോട്, അവര്‍ മുസ് ലിമായാലും അമുസ് ലിമായാലും ഏറ്റവും മാന്യമായ രീതിയില്‍ ബന്ധം വെച്ചുപുലര്‍ത്താനാണ് ഇസ് ലാം ആവശ്യപ്പെടുന്നത്. അവരോട് മാന്യമായി പെരുമാറണമെന്നും അനുസരിക്കണമെന്നും അവരെ വേദനിപ്പിക്കുന്ന വാക്കോ പ്രവര്‍ത്തിയോ യാതൊന്നും സന്താനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടെന്നുമാണ് ഇസ് ലാമിന്റെ പാഠം.
അല്ലാഹു പറയുന്നു: ‘അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!’(അല്‍ഇസ്‌റാഅ്: 23).
തിരുസുന്നത്തും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ നിന്ന് നിവേദനം. കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠകരമായതേതാണെന്ന് ഞാനൊരിക്കല്‍ പ്രവാചകനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നമസ്‌കാരം കൃത്യസമയത്തിന് നിര്‍വഹിക്കുക.’ ‘പിന്നെയേതാണ് പ്രവാചകരേ ?’ ഞാന്‍ വീണ്ടും ചോദിച്ചു. ‘മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വഹിക്കുക.’ പ്രവാചകന്റെ മറുപടി. ‘അതിനുശേഷമോ ?’ ‘ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരം.’
ഇവ്വിഷയത്തില്‍ ശൈഖ് ജമാല്‍ ഖുതുബ് (അല്‍ അസ്ഹര്‍ ഫത് വാ കമ്മറ്റിയുടെ മുന്‍ തലവന്‍) പറയുന്നത് ഇപ്രകാരമാണ്:
മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ തുല്യമാണ്, അവര്‍ മുസ് ലിമാണെങ്കിലും അമുസ്‌ലിമാണെങ്കിലും. ഏതു നിലയിലും സ്‌നേഹം, വാല്‍സല്യം, അനുസരണം, ബഹുമാനം, സംരക്ഷണം ഇവയെല്ലാം അവര്‍ക്ക് മക്കളില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങളാണ്. അവര്‍ അമുസ് ലിമാണെങ്കിലും പെരുമാറ്റത്തില്‍ മികച്ച നിലവാരം പുലര്‍ത്തണമെന്നാണ് അല്ലാഹു കല്‍പിക്കുന്നത് : ‘നിനക്കറിവില്ലാത്ത വല്ലതിനെയും എന്നോട് പങ്കു ചേര്‍ക്കണമെന്ന് അവര്‍ ഇരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍, അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരുമായി നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം പിന്തുടരുകയും ചെയ്യുക. പിന്നെ, എന്റെയടുത്തേക്കാണു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കും’ (ലുഖ്മാന്‍:15).
മാതാപിതാക്കളോടുള്ള മക്കളുടെ സമീപനം എങ്ങനെയായിരിക്കണമെന്നതിന്റെ വ്യക്തമായ ചിത്രം (ഇഹലോകത്ത് നീ അവരുമായി നല്ലനിലയില്‍ സഹവസിക്കുകയും) വരച്ചു കാണിക്കുന്നുണ്ടീ സൂക്തം. എന്നാല്‍ തങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു സമീപനം അവരുടെ ഭാഗത്തുനിന്നുണ്ടായാല്‍ സന്താനങ്ങള്‍ക്ക് അവരെ അനുസരിക്കാതിരിക്കാവുന്നതാണ്.
സുന്നത്തിലും ഇതിന് വ്യക്തമായ മാതൃകകളുണ്ട്. അസ്മാഅ് ബിന്‍ത് അബൂബക്കര്‍ (റ) പറയുന്നു: എന്റെ അവിശ്വാസിയായ ഉമ്മ (അബൂബക്കര്‍(റ) ഇവരില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു) പ്രവാചകനും ഖുറൈശികളും തമ്മിലുള്ള സന്ധി സമയത്ത് എന്നെ കാണാന്‍ വന്നു. കാണണമെന്ന അതിയായ ആഗ്രഹത്തോടെ എന്റയടുക്കല്‍ വന്ന ഉമ്മയോട് എനിക്ക് ഇടപഴകാനവുമോയെന്ന് അപ്പോള്‍ ഞാന്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: ‘നീ ഉമ്മയുമായി നല്ല നിലയില്‍ ബന്ധം പുലര്‍ത്തിക്കൊള്ളുക’ (ബുഖാരി, മുസ് ലിം).
മാതാപിതാക്കളോട്, അവര്‍ തങ്ങളുടെ ആദര്‍ശം അംഗീകരിക്കുന്നവരല്ലെങ്കിലും മക്കള്‍ ഏറ്റവും നല്ലനിലയില്‍ ഇടപെടണമെന്നാണ് മേല്‍ഹദീസും നമ്മെ പഠിപ്പിക്കുന്നത്. അഥവാ, സന്താനങ്ങള്‍ മാതാപിതാക്കളോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു. മാതാപിതാക്കളോട് നിറവേറ്റപ്പെടേണ്ട നിര്‍ബന്ധ കടങ്ങളാണത്, പ്രത്യേകിച്ച് അവരുടെ വാര്‍ദ്ധക്യ കാലത്ത്. എന്നാലതൊരു സാമ്പത്തിക ബാധ്യതയല്ല താനും.
