Category Archives: الأيمان – imaan

ദൈവഭയവും വിശ്വാസവും

മഹാപണ്ഡിതനായിരുന്ന സുഫ്‌യാനു ഥൗരിക്ക് മക്കയിലേക്കുള്ള യത്രാ മധ്യേ കുറേ ദൂരം ഒട്ടകക്കട്ടിലില്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടായി. ആസമയത്ത് അദ്ദേഹം വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു ആളുകള്‍ ചോദിച്ചു: ”പശ്ചാതാപം കൊണ്ടാണോ താങ്കള്‍ കരയുന്നത്?” സുഫായാനു ഥൗരി പറഞ്ഞു:” ചെയ്തുപോയ പാപങ്ങള്‍ ഓര്‍ത്തല്ല; എന്റെ ഈമാന്റെ ദൃഢതയും ആത്മാര്‍ഥതയും ഓര്‍ത്താണ്. ‘വ്യക്തി സ്വയം ആര്‍ജിക്കുന്ന ജാഗ്രത സത്യവിശ്വാസത്തിന്റെ സദ്ഫലങ്ങളില്‍ പ്രധാനമാണ.് നിത്യജീവിതത്തില്‍ പുലര്‍ത്താറുള്ള ജാഗ്രതയേക്കാള്‍ പ്രധാനമാണ് സത്യവിശ്വാസം ഉള്‍ക്കൊള്ളുന്നതോടെ സംഭവിക്കുന്നത്. കേവലമായ അര്‍ഥത്തില്‍ ഗണിക്കപ്പെടുന്ന നഷ്ടമല്ല, സത്യവിശ്വാസിയുടെ നഷ്ടങ്ങള്‍. നേട്ടങ്ങളും അങ്ങനെ തന്നെ.

പണ്ഡിതനായ ഹാതിം അസമ്മ് ഒരു ദിവസം പള്ളിയിലെത്തിയപ്പോഴേക്കും ജമാഅത്ത് നമസ്‌കാരം കഴിഞ്ഞുപോയിരുന്നു. അത് അദ്ദേഹത്തെ അത്യധികം ദുഃഖിതനാക്കി. ഒന്നുരണ്ടുപേര്‍ വന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചപ്പോള്‍ ഹാതിമിന്റെ പാതികരണം ഇങ്ങനെയായിരുന്നു: ”എന്റെ പുത്രന്‍ മരിച്ചാല്‍ ദുഃഖത്തില്‍ പങ്കുചേരാന്‍ ബല്‍ഖ് പട്ടണത്തിലുള്ളവരെല്ലാം വരുമായിരുന്നു. എന്നാല്‍ എനിക്ക് ജമാഅത്ത് നമസ്‌കാരം നഷ്ടപ്പെട്ടിട്ട് വെറും രണ്ടുപേര്‍ മാത്രമാണ് എന്നോടൊപ്പം ദുഃഖിച്ചത്. ജനങ്ങളുടെ കണ്ണില്‍ ദീനിന്റെ നഷ്ടം നിസ്സാരമായിരിക്കുന്നു. ദുനിയാവിന്റെ നഷ്ടമാണ് അവര്‍ക്ക് പ്രധാനം!” വിശ്വാസ ദാര്‍ഢ്യത്തിന്റെ ലക്ഷണമാണത്. സാമാന്യ രീതിയിലുള്ള വീക്ഷണമല്ല അവര്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നല്‍കുന്നത്. ഇഹലോകത്ത് പുത്രന്‍ നഷ്ടപ്പെട്ടാല്‍ പരലോകത്ത് അത് ഗുണം ചെയ്യും. ഇഹലോകത്ത് നഷ്ടപ്പെട്ട ജമാഅത്ത് നമസ്‌കാരം പരലോകത്ത് നന്മയായിത്തീരില്ല എന്ന ചിന്ത ഉള്ളുരുക്കുന്ന ജാഗ്രതയായി മാറുകയാണിവിടെ. ഇങ്ങനെ സ്വന്തത്തെ കുറിച്ച് പുലര്‍ത്തുന്ന സൂക്ഷ്മതയുടെ പേരാണ് തഖ്‌വ. ദോഷങ്ങളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും അകന്ന് സൂക്ഷ്മത പാലിച്ച് അതുവഴി നരകശിക്ഷയില്‍നിന്ന് സ്വയം മോചനം നേടുന്ന പ്രക്രിയയാണ് തഖ്‌വ. പരസ്യമെന്നോ രഹസ്യമെന്നോ വ്യത്യാസമില്ലാത്ത സൂക്ഷ്മതാ ബോധമാണ് പരമമായ തഖ്‌വ അഥവാ ദൈവഭക്തി. പരസ്യമായി തിന്മയില്‍ മുഴുകിയവരായിരുന്നു ഇസ്‌ലാമിന്ന് മുമ്പുള്ള അറബി ജനത. പിന്നീട് അവര്‍ രഹസ്യമായിപ്പോലും തിന്മചെയ്യാത്തവരായി. മാത്രമല്ല രഹസ്യമായി ചെയ്തുപോയ തിന്മയുടെ പേരില്‍ പശ്ചാത്തപിച്ച് ശിക്ഷ പരസ്യമായി ചോദിച്ച് വാങ്ങുന്നവരായി മാറി. ഇതില്‍പരം ദൈവഭക്തി ഏതാണ്? അത്തരം ഒരു തഖ്‌വയിലേക്ക് നയിക്കുന്നത.് കളങ്കങ്ങളേല്‍ക്കാതെ പരിശുദ്ധനായി ജീവിക്കാനുള്ള പരിശീലനം ഈമാന്‍ നല്‍കുന്നു.

ജീവിതത്തെ മലിനപ്പെടുത്തുന്നതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല; സത്യവിശ്വാസത്തിന് ക്ഷതമേല്‍പിക്കുന്ന യാതൊന്നും അംഗീകരക്കാത്തതുപോലെ. തിന്മകള്‍ ആത്യന്തികമായി കേടുവരുത്തുന്നത് സത്യവിശ്വാസത്തിന്റെ പരിശുദ്ധിയെയാണ്. അനസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകനെ സമീപിച്ച് സഹാബികള്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് തുറന്നുപറയാന്‍ പ്രയാസമായിത്തോന്നുന്ന ചില സംഗതികള്‍ മനസ്സില്‍ തോന്നുന്നു. എന്തുകൊണ്ടാണത്?” ”അങ്ങനെ ഉണ്ടാകാറുണ്ടോ?” അവിടുന്ന് ചോദിച്ചു. ”അതെ” ”എങ്കില്‍ അത് വിശ്വാസ ദാര്‍ഢ്യത്തിന്റെ തെളിവാണ്.” എന്ന് തിരുമേനി വിശദീകരിച്ചു. എണ്ണിപ്പറയാനുള്ള കാര്യങ്ങളേക്കാള്‍ ചെയ്ത് വിശദീകരിക്കാനുള്ള കാര്യങ്ങളാണ് ഈമാന്‍. ഏതാനും വിശ്വാസകാര്യങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമല്ല ഈമാന്‍. അല്ലാഹുവെ സംബന്ധിച്ച അറിവ് ഈമാന്‍ ആകണമെന്നില്ല. ഈമാന്‍ ഗാഢമായി ഉള്ളിലേക്ക് പ്രവേശിച്ച ഉണര്‍വാണ്. ആ ഉണര്‍വ് ഹൃദയത്തേയും കര്‍മത്തേയും ശുദ്ധീകരിക്കണം. ഈ ശുദ്ധിയാണ് സത്യവിശ്വാസത്തില്‍ പ്രധാനം. സത്യവിശ്വാസത്തിന്റെ ഫലമായി വ്യക്തിയില്‍ നിറഞ്ഞുകാണേണ്ട സ്വഭാവങ്ങളെ പ്രവാചകന്‍ ഉണര്‍ത്തുന്നു.: ”ഈമാന്‍ എഴുപതിലേറെ ശാഖകളാകുന്നു. അവയില്‍ ഏറ്റവും ശ്രേഷ്ഠം ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന വാക്യമാണ്. ഏറ്റവും താഴെയുള്ളത് വഴിയില്‍നിന്ന് തടസ്സങ്ങള്‍ നീക്കലുമാണ്. ലജ്ജ ഈമാനിന്റെ ഒരു ശാഖയാകുന്നു.”

“വിധിവിശ്വാസം ‘

വിധിവിശ്വാസം -ഖദ്‌റിലുള്ള വിശ്വാസം- എന്നും ആളുകളെ കുഴക്കിയിട്ടുണ്ട്. മത വിജ്ഞാനം കുറഞ്ഞ സാധാരണക്കാരെ മാത്രമല്ല; ചില പണ്ഡിതന്‍മാരെ പോലും അത് പ്രയാസപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇത് പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സൌകര്യം കുറവായിരിക്കും. സമഗ്രമായ ഒരു കാഴ്ചപ്പട് രൂപപ്പെടുത്താനുള്ള ക്ഷമ കാണിക്കാത്തതാണ്‌ പണ്ഡിതന്മാരുടെ കുറ്റം.

വിവരം കുറഞ്ഞ ആളുകള്‍ വൈരുദ്ധ്യം നിറഞ്ഞ ഒരു വിശ്വാസമാണിതെന്ന് കരുതുന്നു. സാധാരണക്കാര്‍ക്ക് എളുപ്പം വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ അവരെ വഴിതെറ്റിക്കാന്‍ വേണ്ടി ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ഇതില്‍ കയറിപ്പിടിക്കാറുണ്ട്.

മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതേ സമയം ആളുകളെ സന്മാര്‍ഗ്ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നതും അല്ലാഹുവാണെന്നും ഖുര്‍ആനിലുണ്ട്. ഇത് വൈരുദ്ധ്യമല്ലേ എന്നാണ്‌ വിമര്‍ശകരുടെ ചോദ്യം.

എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവണെന്നും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. പിന്നെ എവിടെയാണ്‌ മനുഷ്യന്ന് സ്വാതന്ത്ര്യം അവശേഷിക്കുക എന്നും അവര്‍ ചോദിക്കുന്നു. ആരാണ്‌ സ്വര്‍ഗ്ഗത്തിലെന്നും നരകത്തിലെന്നും അലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണല്ലോ ഇസ്‌ലാമിന്റെ വിശ്വാസം. ആ ‘വിധിക്ക്’ മാറ്റം വരില്ലെന്നും പറയുന്നു. അപ്പോള്‍ ചിലരെ സ്വര്‍ഗ്ഗത്തിലും മറ്റു ചിലരെ നരകത്തിലും ഇടാന്‍ മുന്‍കൂട്ടി തന്നെ തീരുമാനിച്ച അല്ലാഹു കാരുണ്യവാനാകുന്നതെങ്ങനെ എന്നാണ്‌ മറ്റൊരു ചോദ്യം.

അല്ലാഹുവിന്റെ ഗ്രന്‍ഥമായ വിശുദ്ധ ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്‍ നിന്ന് മുക്ത്മാണെന്ന് അത് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്; മാത്രമല്ല, വൈരുദ്ധ്യമില്ലായ്‌മ അത് ദൈവികമാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഖുര്‍ആന്‍ വ്യഖ്യാതാക്കളുടെയും മതപണ്ഡിതന്മാരുടെയും വ്യാഖ്യാന മിടുക്ക് കൊണ്ട് വൈരുദ്ധ്യം ചെത്തി മിനുക്കി ഇല്ലാതാക്കുകയാണെന്നാണ്‌ വിമര്‍ശകന്മാരുടെ ആക്ഷേപം. പിശാച് ദൈവത്തിന്റെ സൃഷ്ടി അല്ലെന്നോ അവന്‍ ദൈവത്തിന്റെ തുല്യനായ എതിരാളിയാണെനോ ഇസ്‌ലാം സിദ്ധാന്തിക്കുന്നില്ല. പിശാചിന്ന് മുമ്പില്‍ ദൈവം തോറ്റുപോയെന്ന കാഴ്ചപ്പാടും ഇസ്‌ലാമിനില്ല. അതേ സമയം അല്ലാഹു അവന്നനുവദിച്ച പരിധിയില്‍ നിന്ന് കൊണ്ട് തന്റെ ദുഷ്‌കൃത്യം ചെയ്യാന്‍ പിശാചിന്ന് കഴിയും. മനുഷ്യന്ന് ദുര്‍ബോധനം നല്‍കി അവനെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണ്‌ പിശാച് ചെയ്യുക. അതാകട്ടെ അല്ലാഹുവിന്റെ അധികാരത്തിലുള്ള കടന്നു കയറ്റമല്ല; അവന്‍ അനുവദിച്ചതനുസരിച്ച് സംഭവിക്കുന്നതാണ്‌.

മനുഷ്യനെ വഴിതെറ്റിക്കാന്‍ ശ്രമിക്കാനുള്ള അവസരം പിശാചിന്ന് നല്‍കിയ അല്ലാഹു മനുഷ്യന്‍ നരകത്തില്‍ പോകുന്നത് തടയാതിരുന്നത് ക്രൂരതയല്ലേ എന്നണ്‌ മറ്റൊരു ചോദ്യം. ഇത് തടയാന്‍ അല്ലഹു ഒരുക്കിവച്ച മഹാസംരംഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ആ സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാത്തവര്‍ക്ക്, അങ്ങനെ തോന്നും; അത് അവരുടെ തന്നെ കുറ്റം കാരണമായാണ്‌; അവര്‍ തിരിച്ചറിയുന്നില്ലെങ്കിലും.

പിശാചിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ അല്ലാഹുവിന്ന് കഴിയാതെ പോകുന്നു എന്ന ഒരാക്ഷേപം അല്ലാഹുവിനെ കുറിച്ച് ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഇത് പറയുപോള്‍ അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണ്‌ പിശാച് എന്ന കാര്യം ഇവര്‍ മറന്നു പോകുന്നു; സ്വന്തം സൃഷ്ടിയെ നിയന്ത്രിക്കണമെന്നോ നശിപ്പിക്കാമെന്നോ ഉദ്ദേശിച്ചാല്‍ ദൈവത്തിന്ന് കഴിയില്ലെന്നോ? വിശ്വാസികളോട് തര്‍ക്കിക്കാന്‍ മാത്രമെങ്കിലും ദൈവ ശാസ്ത്രം പഠിക്കാന്‍ ഇവര്‍ ശ്രമിക്കാത്തതെന്താണ്‌?

വിമര്‍ശകര്‍ പറയുന്നു: ” അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു (ഖുര്‍ആന്‍) പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. ”

ഈ ആരോപണം ശരിയല്ല; കാരണം, അല്ലാഹു മനുഷ്യനെ ഇച്ഛാസ്വാതന്ത്ര്യം നല്‍കി സര്‍ഷ്ടിച്ചത് അവനെ പരീക്ഷണ വിധേയനാക്കാനാണ്‌. അല്ലാഹു എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കിയാല്‍

പിന്നെ എങ്ങനെയാണ്‌ പരീക്ഷണം നടക്കുക? അപ്പോള്‍ അല്ലാഹു ആരെയും നേര്‍മര്‍ഗ്ഗത്തിലാക്കാന്‍ പാടില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അവന്റെ ഉത്തരവാദിത്തബോധത്തിന്റെയും താല്‍പര്യമതാണ്‌.

വിമര്‍ശകര്‍ പറയുന്നു: “എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു.”

ഇതും ശരിയല്ല; കാരണം, എല്ലാ മനുഷ്യര്‍ക്കും ഇച്ഛാ സ്വാതന്ത്ര്യം നല്‍കണമെന്നും ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കണമെന്നുമാണ്‌ ദൈവം ഇച്ഛിച്ചത്. ആരെങ്കിലും നരകത്തിലേക്കുള്ള വഴി തെരഞ്ഞെടുത്താല്‍ അല്ലാഹു അവനെ തടയുകയില്ല; മാത്രമല്ല ആ വഴിക്ക് അവനെ നയിക്കുകയും ചെയ്യും. അതേ പോലെ തന്നെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുന്നവനെ ആ വഴിക്കും നയിക്കും.

ഒരു വിമര്‍ശകന്‍ പറയുന്നു: “ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല.”

ഈ ആരോപണവും പരമാബദ്ധമാണ്‌. ഓരോ മനുഷ്യനും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എത്തിചേരുകയെന്ന കര്യം അല്ലാഹു നേരത്തെ ഒരു ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. എന്ന് വച്ചാല്‍, അല്ലാഹു അങ്ങനെ തീരുമാനിച്ചുവെന്നല്ല. മറിച്ച് ഓരോരുത്തര്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യം അവര്‍ എങ്ങനെ വിനിയോഗിക്കുമെന്ന് അല്ലാഹുവിന്ന് മുന്‍കൂട്ടി അറിയാം. ആ അറിവനുസരിച്ചാണ്‌ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഇന്നവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ ഇന്നവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ എന്ന് അല്ലാഹു തീരുമാനിക്കുന്നില്ല. ഉണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടില്ല.

വിധിവിശ്വാസത്തിന്റെ യാഥര്‍ത്ഥ്യമെന്താണെന്ന് നമുക്ക് നോക്കാം. താഴെ പറയുന്നവ ശ്രദ്ധിക്കുക:

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.

2. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.

3. ഓരോ കാര്യത്തിലും രണ്ടിന്റെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം. അതനുസരിച്ചാണ്‌ അവന്‍ വിധി കല്‍പ്പിക്കുക.

4. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌. അഥവാ ദൈവേച്ഛയനുസരിച്ചാണ്‌ മനുഷ്യേച്ഛ നടപ്പില്‍ വരുന്നത്.

5. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.

6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.

7. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.

8. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.

9. മനുഷ്യ കഴിവിന്നതീതമായതോ അവന്റെ നിയന്ത്രണത്തിലില്ലാത്തതോ ആയ ഒന്നിന്റെയും ഉത്തരവാദിത്തം അല്ലഹു മനുഷ്യനെ ഏല്‍പ്പിച്ചിട്ടില്ല.

10. മനുഷ്യനെ വഴിതെറ്റിക്കാനുള്ള ‘അധികാരം’ അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.

11. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.

12. പിശാചിനെ സംബന്ധിച്ച്, പ്രവാചകന്‍മാരിലൂടെയും വേദങ്ങളിലൂടെയും അല്ലാഹു നേരത്തെ തന്നെ മനുഷ്യന്ന് താക്കീത് നല്‍കിയിട്ടുണ്ട്.

13. അത്കൊണ്ട് പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.

14. നന്മയാകട്ടെ തിന്മയാകട്ടെ തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.

15. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.

16. പ്രപഞ്ചത്തില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.

17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.

18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര്‌ സ്വര്‍ഗ്ഗത്തില്‍ ആര്‌ നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ്‌ അല്ലാഹു ചെയ്തിട്ടുള്ളത്.

ഇവിടെ ചൂണ്ടിക്കാണിച്ച ഈ വസ്തുതകള്‍ ചര്‍ച്ചാ വിധേയമാകേണ്ടതുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഇവിടെ ഉദ്ധരിച്ചിട്ടില്ല. അവ ചര്‍ച്ചയ്ക്കിടയില്‍ ആകാമെന്ന് വിചാരിക്കുകയാണ്‌. വിധി വിശ്വസത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താങ്കള്‍ക്ക് പറയാനുള്ളവ കേള്‍ക്കാനും വിലയിരുത്താനും അറിഞ്ഞുകൂടാത്തവ പഠിക്കാനും എനിക്ക് താല്‍പര്യമുണ്ട്.

ആശൂറാഅ്‌ നോമ്പും നഹ്‌സ്‌ വിശ്വാസവും: صوم عاشوراء

മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും ഇസ്‌ലാമുമായി ബന്ധമുള്ളതല്ല. പല കാലങ്ങളിലായി പല സമൂഹങ്ങളില്‍ നിന്നും പകര്‍ന്ന ആചാരങ്ങള്‍ അവയിലുണ്ട്‌. ഒരു സമൂഹം ഒന്നടങ്കം ഇസ്‌ലാമിലേക്കു വരികയും എന്നാല്‍ ഇസ്‌ലാം എന്തെന്ന്‌ കൂടുതല്‍ പഠിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവരില്‍ അവശേഷിക്കുന്ന ആചാരങ്ങള്‍ മുസ്‌ലിംകളായ ശേഷവും കൊണ്ടുനടക്കാറുമുണ്ട്‌. യഥാര്‍ഥത്തിലുള്ള വിശ്വാസാചാരങ്ങളെ വികലമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരുമുണ്ട്‌. ഇവയില്‍ പലതും മതാചാരങ്ങളാണെന്ന ധാരണയില്‍ അറിവില്ലാത്ത ജനത അനുഷ്‌ഠിക്കുകയാണ്‌. മുഹര്‍റം മാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെ.

ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം ആദരണീയമായി അല്ലാഹു നിശ്ചയിച്ചതാണ്‌. ആകാശഭൂമികള്‍ സംവിധാനിച്ചതു മുതല്‍ മാസങ്ങള്‍ പന്ത്രണ്ടായി അല്ലാഹു നിശ്ചയിച്ചത്‌ പ്രകൃതിയിലെ ഒരു അന്യൂന വ്യവസ്ഥയാണ്‌. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ്‌ എന്ന്‌ അല്ലാഹു നമ്മെ അറിയിക്കുന്നു. (വി.ഖു. 36) അല്ലാഹുവിന്റെ മാസം (ശഹ്‌റുല്ലാഹ്‌) എന്നാണ്‌ മുഹര്‍റത്തിന്‌ നബി(സ) നല്‌കിയ വിശേഷണം (ബുഖാരി). ആദരണീയമാസത്തില്‍ അതിക്രമങ്ങളോ യുദ്ധമോ ചെയ്യുന്നത്‌ നിഷിദ്ധമാണ്‌.

നാലു മാസങ്ങള്‍ ഏതൊക്കെയെന്ന്‌ നബി(സ) വിശദീകരിച്ചു. ഹജ്ജും അതിനു വേണ്ടിയുള്ള യാത്രകളും മറ്റുമായി ബന്ധപ്പെട്ട ദുല്‍ഖഅ്‌ദ്‌, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ്‌ എന്ന മറ്റൊരു മാസവുമാണ്‌ ഈ പവിത്ര മാസങ്ങള്‍. ഈ മാസങ്ങളുടെ ആദരണീയത നിലനിര്‍ത്തുന്നവരായിരുന്നു പ്രവാചകന്‌ മുമ്പുണ്ടായിരുന്ന ജാഹിലിയ്യ കാലത്തെ അറബികളും. അല്ലാഹു ആദരിച്ച `ചിഹ്നങ്ങളെ’ ആദരിക്കുന്നത്‌ ഭക്തിയുടെ ഭാഗമാണെന്ന്‌ (22:32) ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

മുഹര്‍റം മാസത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ഈ മാസം പത്താം ദിനം `ആശൂറാഅ്‌’ എന്നറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജാഹിലിയ്യ കാലത്ത്‌ ഖുറൈശികള്‍ ആശൂറാഅ്‌ വ്രതമെടുത്തിരുന്നു. മുഹമ്മദ്‌ നബിയും (പ്രവാചകത്വത്തിനു മുമ്പ്‌) ഈ നോമ്പ്‌ അനുഷ്‌ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ്‌ നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ആശൂറാഅ്‌ വ്രതം അനുഷ്‌ഠിക്കുകയും അനുയായികള്‍ക്ക്‌ വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനമായ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ്‌ ഐച്‌ഛികമായി പരിഗണിച്ചു. (ബുഖാരി)

ഫറോവയുടെ മര്‍ദനത്തില്‍ നിന്നും പീഡനത്തില്‍ നിന്നും എന്നെന്നേക്കുമായി മൂസാ(അ)യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയത്‌ മുഹര്‍റം പത്തിനായിരുന്നു എന്ന്‌ ഹദീസില്‍ കാണാം. മുഹര്‍റം ഒന്‍പതിനും താന്‍ നോമ്പ്‌ അനുഷ്‌ഠിക്കുമെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്രയും കാര്യങ്ങള്‍ മുഹര്‍റവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യങ്ങളാണ്‌.

എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ `മുഹര്‍റം’ സംബന്ധിച്ച ധാരണകളും ആചാരങ്ങളും ഇതില്‍ നിന്നും തികച്ചും വ്യത്യസ്‌തവും പ്രമാണവിരുദ്ധവുമാണ്‌. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ്‌ കാണുന്നത്‌. മുഹര്‍റത്തിലെ ആദ്യ പത്തു ദിവസം `നഹ്‌സ്‌’ അഥവാ ദുശ്ശകുനമായി ചില മുസ്‌ലിംകള്‍ കണക്കാക്കുന്നു! ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കു കാല്‍വെയ്‌പ്‌ ഈ ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു! വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസം തുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭമുഹൂര്‍ത്തമായി മുസ്‌ലിം സമുദായം ഈ പത്തുദിവസങ്ങളെ കണക്കാക്കുന്നു! ഇസ്‌ലാമിക പ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഒരു വിശ്വാസമാണിത്‌. അല്ലാഹു ആദരിച്ച ദിവസങ്ങള്‍ നമ്മള്‍ ദുശ്ശകുനമായി കണക്കാക്കുകയോ? ഏടിലുള്ളത്‌ എന്താണെന്നറിയാത്ത എത്രയെത്ര നാട്ടുനടപ്പുകള്‍! ഇസ്‌ലാമില്‍ ജാഹിലിയ്യത്തിനു സ്ഥാനമില്ല.

മുഹമ്മദ്‌ നബിയുടെ പ്രവാചകത്വത്തിനു മുമ്പ്‌ ആ സമൂഹത്തില്‍ നടന്നിരുന്ന ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടു. ചില കര്‍മങ്ങള്‍ കുറ്റമറ്റതാക്കി. ഉദാഹരണത്തിന്‌ ആശൂറാഅ്‌ നോമ്പുതന്നെ. ഹജ്ജ്‌ ഖുറൈശികള്‍ ചെയ്‌തിരുന്നു. അതിലുള്ള ബഹുദൈവാരാധനാപരമായ തല്‍ബിയത്തും നഗ്നപ്രദക്ഷിണം പോലുള്ള തോന്നിവാസങ്ങളും ഇഫാദത്തിലെ വി ഐ പി പരിഗണന പോലുള്ള ആഢ്യത്വവും ഒഴിവാക്കുകയുണ്ടായി.

ജാഹിലിയ്യാകാലത്തുണ്ടായിരുന്ന അനേകം ആചാരങ്ങള്‍ നബി(സ) നിരാകരിക്കുകയും നിഷിദ്ധമാക്കുകയും ചെയ്‌തു. ശകുനം നോക്കലും ലക്ഷണം നോക്കലും സ്വഫര്‍ മാസത്തിന്‌ നഹ്‌സ്‌ കല്‌പിക്കലും മറ്റും അതില്‍ പെട്ടതാണ്‌. നബി(സ) അക്കാര്യം അര്‍ഥശങ്കയ്‌ക്കിടമില്ലാത്തവിധം പ്രഖ്യാപിച്ചു: `ലക്ഷണം നോക്കലോ സ്വഫര്‍ നഹ്‌സോ സാംക്രമികരോഗം ഭയന്നോടലോ പാടില്ല.’ ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ കാണാം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി(സ) നിഷിദ്ധമാക്കിയതും മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറി! എന്നാല്‍ ഇത്‌ സ്വഹാബികള്‍ മുഖേനയോ താബിഉകള്‍ മുഖേനയോ വന്നുകിട്ടിയതല്ല. പില്‌ക്കാലത്ത്‌ മറ്റു പലരില്‍ നിന്നും കടന്നുകൂടുകയും അക്കാലത്തെ പണ്ഡിതന്മാര്‍ അതു വിലക്കാതിരിക്കുകയും ചെയ്‌തു. പ്രമാണനിബദ്ധമായ വിവേചനത്തിനു കഴിയാത്ത സാധാരണക്കാര്‍ വേണ്ടതും വേണ്ടാത്തതും ആചാരമാക്കി. ഇരുട്ടില്‍ വിറകുകെട്ടിയവന്‍ പാമ്പിനെയും കൂട്ടിക്കെട്ടി തലയിലെടുത്തുവെച്ചതു പോലെ!

പ്രവാചകനു ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ചില അന്തഃഛിദ്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടുന്നതില്‍ പങ്കുവഹിച്ചു. അലി(റ)യുടെ പേരില്‍ വ്യാജമായി സംഘടിക്കപ്പെട്ട ശീഅ വിഭാഗത്തിന്‌ ഇതില്‍ വലിയ പങ്കുണ്ട്‌. ശീഅ എന്ന ഒരു വിഭാഗം ഉടലെടുക്കാന്‍ കാരണക്കാരായ അമവികളില്‍ ചിലര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്നു മാറാന്‍ കഴിയില്ല. മുഹര്‍റത്തിലെ ദുശ്ശകുന ചിന്തയുമായി ഇതിനെന്തുബന്ധം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌.

മൂന്നാം ഖലീഫ ഉസ്‌മാനി(റ)ന്റെ ഭരണകാലത്ത്‌ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണം, ഖലീഫാവധം, അലി(റ), മുആവിയ(റ) എന്നിവരുടെ ഇരട്ട ഖിലാഫത്ത്‌, മുസ്‌ലിംകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, മധ്യസ്ഥത, വഞ്ചനയിലൂടെ അധികാരമുറപ്പിക്കല്‍, നാലാം ഖലീഫയുടെ വധം തുടങ്ങി ഒരുപാട്‌ അരുതായ്‌മകള്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായി. അമവീ ഖലീഫമാര്‍ തങ്ങളുടെ ആസ്ഥാനം മദീനയില്‍ നിന്ന്‌ ദിമശ്‌ഖി(ഡമസ്‌ കസ്‌)ലേക്കു മാറ്റി. മുആവിയയ്‌ക്ക്‌ ശേഷം മകന്‍ യസീദ്‌ അധികാരമേറ്റു. കുടുംബാധിപത്യത്തില്‍ എതിര്‍പ്പുണ്ടായി. അലി(റ)യുടെ മകന്‍ ഹുസൈന്‍(റ)പോലുള്ള ചില പ്രമുഖര്‍ ഖിലാഫത്തിലെ ദുഷ്‌പ്രവണതകളെ എതിര്‍ത്തു. കൂഫക്കാര്‍ ഹുസൈനെ(റ) അങ്ങോട്ടു ക്ഷണിച്ചു. മുതിര്‍ന്ന സ്വഹാബികളുടെ വിലക്കുകള്‍ പരിഗണിക്കാതെ അദ്ദേഹം കൂഫയിലേക്കു പുറപ്പെട്ടു. യസീദിന്റെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ പട്ടാളം കര്‍ബലയില്‍ വെച്ച്‌ ഹുസൈനെ(റ) തടഞ്ഞു. ന്യായമായ ആവശ്യങ്ങളോ സന്ധിവ്യവസ്ഥകളോ അംഗീകരിക്കാതെ പ്രവാചകന്റെ പേരമകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അത്‌ ഒരു മുഹര്‍റം പത്തിനായിരുന്നു. ഹിജ്‌റ വര്‍ഷം 61ല്‍. അഥവാ പ്രവാചകന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടുകഴിഞ്ഞിട്ട്‌.

ഇപ്പറഞ്ഞത്‌ ചരിത്രം. ചരിത്രത്തിലെ അപ്രിയസത്യം. ഈ സംഭവത്തോെടയാണ്‌ യഥാര്‍ഥത്തില്‍ ശീഅ ഒരു കക്ഷിയായി രംഗത്തുവരുന്നത്‌. ഹുസൈന്‍(റ) വധിക്കപ്പെട്ട ദിവസം അവര്‍ `കരിദിന’മായി കണക്കാക്കിയെങ്കില്‍ അത്‌ സ്വാഭാവികം. എന്നാല്‍ മതത്തില്‍ അത്‌ ആചാരമായിക്കൂടാ. ശീഅകള്‍ ഇന്നും മുഹര്‍റം ആചരിക്കുന്നത്‌ `രക്തപങ്കില’മായിട്ടാണ്‌. `സ്വയംപീഡനം’ നടത്തി കോമരം പോലെ ദേഹത്തു നിന്ന്‌ ചോരയൊലിപ്പിക്കുന്നത്‌ ഇസ്‌ലാമികമല്ല. ശീഅകള്‍ നടത്തുന്ന ആ ദുഃഖാചരണമായിരിക്കാം പ്രസ്‌തുത പത്തുദിവസം ദുശ്ശകുനമായി കണക്കാക്കാന്‍ കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ മറ്റു മുസ്‌ലിംകളും ഇക്കാര്യം സ്വന്തം ആചാരമായി കാണുന്നു! കതിരേത്‌, പതിരേത്‌ എന്നു തിരിച്ചറിയാത്ത കുഞ്ഞാടുകളും അവരെ സ്വന്തം താല്‌പര്യത്തിനനുസരിച്ച്‌ മേയ്‌ക്കുന്ന പൗരോഹി ത്യവും മുസ്‌ലിം സമൂഹത്തിലും കടന്നുവരികയാണെന്നു തോന്നുന്നു!

ജാഹിലിയ്യത്തിലെ ശകുന- ദുശ്ശകുന വീക്ഷണം ശീആ അടിത്തറയോടു കൂടി കടന്നുവന്നിട്ട്‌ നൂറ്റാണ്ടുകള്‍ പഴക്കം ചെന്നപ്പോള്‍ ഒഴിവാക്കാനാവാത്ത ആചാരമായി മാറിയത്‌ മുസ്‌ലിം സമുദായത്തില്‍! ഇതെത്ര മാത്രം വേദനാജനകമാണ്‌! കക്ഷി-സംഘടനാ വിഭാഗീയതകള്‍ക്കതീതമായി സമുദായത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്തേണ്ട ഒരു സംഗതിയാണിത്‌.

“നബിയേ, പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്‌ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിച്ചുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.” (16:103,104) വിശുദ്ധഖുര്‍ആനിന്റെ മുന്നറിയിപ്പ്‌ മറക്കാതിരിക്കുക

പരലോകം اليوم الآخرة والقدر

ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍ എന്നൊക്കെ നാം പറയാറുണ്ടല്ലോ. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മുടെ ശരീരമാണോ? ഒരിക്കലുമല്ല. ജീവന്‍ നഷ്ടപ്പെടുന്നതോടെ ഞാനും നീയും ഇല്ലാതാകുന്നു. അപ്പോള്‍ പിന്നെ എന്താണ്? ജീവനാണോ? എങ്കില്‍ എന്താണ് ജീവന്‍? ജീവനുള്ളതെല്ലാം മനുഷ്യനല്ലല്ലോ. സന്തോഷം, ദുഃഖം, സ്നേഹം, വെറുപ്പ് പോലുള്ള വികാരങ്ങള്‍ നാം അനുഭവിക്കാറുണ്ട്. സ്നേഹിക്കുകയും വെറുക്കുകയും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നത് ജീവനാണോ? സസ്യങ്ങളുള്‍പ്പടെ ജീവനുള്ളവക്കെല്ലാം ഇത്തരം വികാരങ്ങളുണ്ടോ?
ഇവ്വിധമുള്ള അന്വേഷണങ്ങള്‍ മനുഷ്യന് ശരീരവും ജീവനും മാത്രമല്ല ഉള്ളതെന്ന സത്യം നമ്മെ ബോധ്യപ്പെടുത്തും. ശരീരത്തെ ചൈതന്യവത്താക്കുന്നത് ആത്മാവാണ്. സ്നേഹം, ദുഃഖം പോലുള്ള വികാരങ്ങള്‍ അതിന്റെ ഓരോ‘ഭാഗമാണ്. ഇത്തരം വികാരങ്ങള്‍ വിശകലനം ചെയ്യാനാവില്ലല്ലോ. നാം മാതാവിനെയും സഹോദരിയെയും ഭാര്യയെയും മകളെയും അയല്‍ക്കാരനെയും ‘ഭക്ഷണത്തെയും കളിയെയും സനേഹിക്കാറുണ്ട്. ഈ സ്നേഹമെല്ലാം ഒരുപോലെയല്ല. ഒരു സ്നേഹത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നതെന്തന്നും എങ്ങനെയെന്നും ആര്‍ക്കും വിശദീകരിക്കാനാവില്ല. അപ്രകാരം തന്നെ അത്തരം വികാരങ്ങളുടെ പ്രഭവകേന്ദ്രമായ ആത്മാവും എന്തെന്ന് വിശദീകരിക്കാനാവില്ല. ഖുര്‍ആന്‍ പറയുന്നു: ആത്മാവിനെകുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. വിജ്ഞാനത്തില്‍നിന്ന് വളരെകുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ. (ഖുര്‍ആന്‍ 17:85)
ശാരീരികപങ്കാളിത്തമില്ലാതെ തന്നെ ആത്മീയാനുഭവങ്ങളുണ്ടാവാറുണ്ട്. സ്വപ്നം ഏറ്റം നല്ല ഉദാഹരണമാണ്. സ്വപ്നത്തില്‍ പാമ്പുകടിച്ചതായോ വീണ് കാലുമുറിഞ്ഞതായോ സ്വപ്നം കണ്ടാല്‍ ആത്മാവ് അതിന്റെ വേദനയും ദുഃഖവും അനുഭവിക്കുന്നു. പഞ്ചേന്ദ്രിയബാഹ്യമാണല്ലോ സ്വപ്നം.
ആത്മാവിന് നാശമില്ല. മരണത്തോടെ അത് ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നുവെന്നുമാത്രം. അതോടെ അതനശ്വരത നേടുകയും ചെയ്യുന്നു. അതോടൊപ്പം ഒരു വസ്തുത നാം തിരിച്ചറിയുന്നു. മനുഷ്യ ജീവിതമിവിടെ വളരെ ഹ്രസ്വമാണ്. മഹാഭാരതം പറയുന്നപോലെ ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ ക്ഷണികം.

മനുഷ്യരെല്ലാം മരണത്തിലൂടെ ‘ഭൂമുഖത്ത്നിന്ന് തിരോഭവിക്കുന്നു. തങ്ങളുടെ കര്‍മഫലം ഏറ്റുവാങ്ങിക്കൊണ്ടല്ല ആരും മരണമടയുന്നത്. അനേകായിരം മനുഷ്യരെ കൊന്ന കൊലയാളികളും കൊടും ക്രൂരന്മാരും ഈ ലോകത്തുണ്ടായിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഒരാളെ കൊന്നാല്‍ പരമാവധി നമുക്കയാളെ പകരം കൊല്ലാന്‍ സാധിച്ചേക്കാം. പക്ഷേ, അങ്ങനെ നാം കൊല്ലുന്നത് കൊണ്ട്മാത്രം നീതി നടപ്പാക്കപ്പെടും എന്ന് പറയുക സാധ്യമല്ല. ഞാന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ പ്രയാസം അനുഭവിക്കുന്നത് എന്റെ സഹധര്‍മ്മിണിയും മക്കളുമാണ്. എന്നെ കൊന്ന കൊലയാളിക്ക് വധശിക്ഷ വിധിക്കുന്നതുകൊണ്ടുമാത്രം അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടുകയില്ല. ആരാണോ കൊല്ലപ്പെടുന്നത് അവരിലൂടെ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കപ്പെടുന്നവര്‍ക്ക് ഘാതകന്‍ വധിക്കപ്പെടുന്നത് പരിഹരമായി മാറുന്നില്ല. എന്നിട്ടും നീതിന്യായ കോടതികളും നിയമനടപടികളും വേണ്ടിവന്നത് ‘ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ അതനിവാര്യമായതിനാലാണ്.

ഏതൊരാളും നീതി നടക്കണമെന്ന് കൊതിക്കുന്നു. അതേ സമയം, ഒരിക്കലും ഇവിടെ നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യമല്ല. പത്തും നൂറും ആയിരവും പതിനായിരവും ലക്ഷവും കോടിയും ആളുകളെ കൊന്നവരെ ആര്‍ക്കാണ് ഇവിടെ ശിക്ഷിക്കാന്‍ കഴിയുക? അതുപൊലെതന്നെ നന്മ ചെയ്തവര്‍ക്ക് അര്‍ഹമായ രക്ഷയും ഇവിടെ ലഭിക്കാറില്ല. ഇത് രണ്ടും കിട്ടണമെന്ന് കൊതിച്ചുകൊണ്ടിരിക്കെത്തന്നെ അതു നടക്കാതെ, മനുഷ്യജീവിതം ഇവിടെ ഒടുങ്ങുകയാണ്. എത്ര അദ്ഭുതകരമായ ഒരു സൃഷ്ടി സംവിധാനത്തിന്റെ പര്യവസാനമാണിത് എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

മനുഷ്യന്റെ ഘടന ഒരു നിമിഷമൊന്ന് ആലോചിച്ചു നോക്കൂ നാം ജീവിക്കുന്ന ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. ഒരേ വായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും ഒരേ ഭൂമിക്കു മുകളില്‍ സൂര്യനു കീഴെ കഴിയുകയും ചെയ്യുന്ന ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളെപ്പോലെയുള്ള മുഖമില്ല. രണ്ട് കൈകൊണ്ട് പൊത്തിയാലൊതുങ്ങുന്ന കൊച്ചു സ്ഥലമാണല്ലോ മനുഷ്യന്റെ മുഖം. എന്നാല്‍ നമ്മെപ്പോലെ മറ്റാരെങ്കിലുമുണ്ടോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഹജ്ജ് വേളയില്‍ ഒത്തുകൂടുന്നു. നമ്മുടെ നാട്ടുകാരെ അവിടെ കണ്ടാല്‍ നാം നിഷ്പ്രയാസം അവരെ തിരിച്ചറിയുന്നു. ശബരിമലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷങ്ങള്‍ ഒത്തുകൂടിയാല്‍ നാം നമ്മുടെ നാട്ടുകാരനെ പ്രയാസമില്ലാതെ മനസ്സിലാക്കുന്നു. കാരണം അവരെപ്പോലെ, നമ്മെപ്പോല ഇവിടെ വേറെ ആരുമില്ല. ഒരു നിമിഷം നിങ്ങള്‍ നിങ്ങളുടെ കൈവിരലുകളിലേക്കൊന്ന് സൂക്ഷിച്ചുനോക്കൂ! നിങ്ങളുടെ തള്ളവിരല്‍! എത്ര ചെറുതാണാ പ്രദേശം! സമര്‍ത്ഥനായ ഒരു ചിത്രകാരന് അത്ര ചെറിയ സ്ഥലത്ത് ഒരു വസ്തുവിന്റെ എത്ര രൂപം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു നിമിഷം ആലോചിച്ചുനോക്കൂ.! എന്നാല്‍ ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. എന്നിട്ടും ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളുടേതുപോലൊരു കൈവിരലില്ല. എന്നല്ല മരിച്ചുപോയ കോടാനുകോടി മനുഷ്യരിലോ, ജനിക്കാനിരിക്കുന്ന കോടാനുകോടിയിലോ ആര്‍ക്കും നമ്മുടേതുപോലൊരു കൈവിരല്‍ ഇല്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടാണല്ലോ, പ്രമാണങ്ങളില്‍ തെളിവിനായി നമ്മുടെ കൈവിരലടയാളങ്ങള്‍ രേഖപ്പെടുത്തുന്നത്. 14 നൂറ്റാണ്ടുമുമ്പ് പ്രപഞ്ചനാഥന്‍ പറഞ്ഞു. “മനുഷ്യന്റെ വിരല്‍ക്കൊടി വരെ കൃത്യമായി നിര്‍മ്മിക്കാന്‍ കഴിയുന്നവനല്ലോ നാം” ” (ഖുര്‍ആന്‍ 75:4)

കൈവിരലുകളുടെ ഈ സവിശേഷത ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഖുര്‍ആന്‍ അതിലേക്കു വെളിച്ചം വീശിയിട്ടുണ്ടെന്നര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടേയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറുകോടിയുടെ തലയിലെ പതിനായിരക്കണിന് മുടിയില്‍ നിന്ന്, അഥവാ ലോകത്തിലെ കോടാനുകോടി തലമുടിയില്‍നിന്ന് പരിശോധനയിലൂടെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നതാണ് നമ്മുടെ ഓരോരുത്തരുടേയും തലമുടി. അപ്രകാരം തന്നെ നമ്മുടെ സിരകളിലൂടെ പതിനായിരക്കണക്കിന് തുള്ളിരക്തം ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും ലോകത്തിലെ അറുനൂറുകോടി മനുഷ്യരുടെ സിരകളിലൂടെ ഒഴുകുന്ന അസംഖ്യം രക്തകണങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് നമ്മുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയും. നമ്മുടെ ഓരോരുത്തരുടേയും ശരീരത്തില്‍ ഓരോ ഗന്ധമുണ്ട്. ഒരാളുടെ ശരീരത്തിലെ ഗന്ധംപോലെ, മറ്റാരുടേയും ശരീരത്തിന് ഗന്ധമില്ല. അത്കൊണ്ടാണല്ലോ, കുറ്റവാളികളെ പിടികൂടാന്‍ പരിശീലനം സിദ്ധിച്ച നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ വാസനയെ ഉപയോഗപ്പെടുത്തുന്നത്. ഇത്രമാത്രം ശാസ്ത്രീയവും ആസൂത്രിതവുമായാണ് സൃഷ്ടികര്‍മ്മം നടന്നുവെന്ന് ഇതൊക്കെയും അസന്നിഗ്ധമായി വ്യക്തമാക്കുന്നു. ഇത്രയേറെ വിദഗ്ദമായി സംവിധാനിക്കപ്പെട്ട മനുഷ്യന്റെ അന്ത്യം അര്‍ത്ഥശൂന്യവും അനീതിപരവുമായിത്തീരുക തീരെ സംഭവ്യമല്ല. അതിനാല്‍, നീതിപൂര്‍വ്വമായ ഒരു പര്യവസാനം ഉണ്ടാകേണ്ടതുണ്ട്.

മനുഷ്യന്‍ അവന്റെ കര്‍മഫലം അനുഭവിക്കുകതന്നെ വേണം. അതാണ് നീതിയുടെ തേട്ടം. അതേസമയം, ഭൂമിയില്‍ വെച്ചത് സാധ്യമല്ല എന്ന് നാം മനസ്സിലാക്കുന്നു. ഇസ്ലാം നമ്മോട് പറയുന്നു: മരണം എല്ലാറ്റിന്റെയും അന്ത്യമല്ല; മറിച്ച് അതൊരു മാറ്റം മാത്രം. ജീവിതം അവിരാമം തുടരുകതന്നെ ചെയ്യും. മരണശേഷം മറുലോകത്ത് വച്ചാണ് മനുഷ്യന്ന് അവന്റെ കര്‍മ്മഫലം അനുഭവിക്കേണ്ടി വരിക. ഓരോ മനുഷ്യന്നും അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഉണ്ടാവുക. “”ഓരോ മനുഷ്യനും അവന്‍ സമ്പാദിച്ചതിനു ബാധ്യസ്ഥനാണ് ” (ഖുര്‍ആന്‍ 74:38) “” ആരെങ്കിലും അണു അളവ് നന്മചെയ്താല്‍ അതിന്റെ ഫലമനുഭവിക്കും, ആരെങ്കിലും അണുഅളവ് തിന്മചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലവും ” (ഖുര്‍ആന്‍ 99:11) അതിനാല്‍ ദൈവം നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ പ്രതിഫലമായി ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗം ലഭിക്കും. അവന്‍ വിലക്കിയ വഴിയിലൂടെ സഞ്ചരിച്ചാലോ, അവന്‍ താക്കീതു ചെയ്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.

ഇവ്വിധം ഒരു പരലോകമില്ലെങ്കില്‍ നമ്മെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ അവനും, അല്ല പ്രകൃതിയാണെങ്കില്‍ അതും കൊടിയ ക്രൂരനും കടുത്ത വിവേചനവും അനീതിയും കാണിക്കുന്നവനുമാണെന്ന് പറയേണ്ടി വരും. കാരണം, ജനം പലതരക്കാരായാണ് പിറന്നുവീഴുന്നതും ജീവിക്കുന്നതും. അവരില്‍ കണ്ണുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. കാലും കയ്യും ഉള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, കരുത്തരുണ്ട്, ദുര്‍ബലരുണ്ട്, രോഗികളുണ്ട്, ആരോഗ്യവാന്‍മാരുണ്ട്, പണക്കാരുണ്ട്, പാവങ്ങളുണ്ട്, പ്രതിഭാശാലികളുണ്ട്, സാമാന്യ ബുദ്ധികളുണ്ട്, മന്ദബുദ്ധികളുണ്ട്, മരണശേഷം ഒരു മറുലോകമില്ലെങ്കില്‍ അന്ധന്മാരും വികലാംഗരും രോഗികളും ദുര്‍ബ്ബലരും മന്ദബുദ്ധികളുമൊക്കെ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും എന്താണൊരു പരിഹാരമുള്ളത്.? അനീതിക്ക് എവിടെയാണ് അറുതിയുണ്ടാവുക? മരണത്തോടെ ജീവിതം ഒടുങ്ങുമെങ്കില്‍ എല്ലാവര്‍ക്കും ജനനം മുതല്‍ മരണം വരെ ജീവിതം ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കേണ്ടതല്ലെ? എന്നാല്‍ അതുണ്ടാവില്ലെന്നത് അനിഷേധ്യമത്രെ. അതുകൊണ്ടുതന്നെ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യ ജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവനില്ല. പണ്ഡിതന്റെ ചുമതല പാമരനില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്തം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. തദനുസൃതമായി ഓരോരുത്തരിലും അര്‍പ്പിതമായ ചുമതലകളുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ജീവിതത്തിലെ രക്ഷാ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുക. അതിനാല്‍ മരണശേഷം മറുലോകമില്ലെങ്കില്‍ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍ അനീതിപരമാവുകയുള്ള. അനശ്വരമായ പരലോകം അനിഷേധ്യമാണെന്നതിനാല്‍ അംഗവൈകല്യവും ആരോഗ്യാവസ്ഥയിലെ അന്തരവും ധൈഷണിക നിലവാരത്തിലെ വ്യത്യാസവുമൊന്നും ദൈവനീതിക്കു തീരെ വിരുദ്ധമാവുന്നില്ല.

നിങ്ങള്‍ എവിടെയെങ്കിലും ഒന്നുതൊട്ടാല്‍ തൊട്ടിടത്ത് നിങ്ങളുടെ കൈവിരലടയാളങ്ങള്‍ പതിയുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിച്ചാല്‍, അതിന്റെ തെളിവായി നിങ്ങളുടെ ശരീരത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അപ്രകാരം തന്നെ നിങ്ങളുടെ വാക്കുകള്‍ ഇവിടെ നശിക്കാതെ നിലനില്‍ക്കുന്നു. അതായത്, മനുഷ്യന്റെ കര്‍മ്മങ്ങളൊക്കെയും വളരെ കണിശമായും സൂക്ഷ്മമായും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എല്ലാം അവന് അനുകൂലമായോ പ്രതികൂലമായോ മരണശേഷം പരലോകത്ത് സാക്ഷ്യം വഹിക്കുന്നു. രേഖപ്പെടുത്തപ്പെടാതെ, മനുഷ്യന്റെ ഒരു വാക്കുമിവിടെ ഉണ്ടാകുന്നില്ലെന്ന് വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മരണശേഷം മനുഷ്യന്‍ തന്റെ കര്‍മ്മങ്ങള്‍ക്കനുസൃതമായി സ്വര്‍ഗമോ നരകമോ ഏറ്റുവാങ്ങേണ്ടിവരും. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് ബാധ്യസ്ഥനായിരിക്കും. (ഖുര്‍ആന്‍: 52: 21) അണുതൂക്കം നന്മ ചെയ്തവന്‍ അതുകാണും. അണുതൂക്കം തിന്മ ചെയ്തവന്‍ അതും കാണും. ണ്ടമനുഷ്യരില്‍ ഇവ്വിധം കര്‍മ്മഫലം അനുഭവിക്കുന്ന ഇടമാണ് മരണാനന്തരമുള്ള പരലോകം.

പ്രവാചകന്മാര്‍ الإيمان بالملائكة والرسل

ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാ ചകാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാനും മനുഷ്യരില്‍നിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാരാണ് പ്രവാചകന്‍മാര്‍. വളരെ പരിശുദ്ധരും സംസ്കാര സമ്പന്നരും സല്‍സ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവര്‍. സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകന്‍മാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവര്‍ക്ക് മാതൃകാ യോഗ്യരായവര്‍ മാത്രമേ പ്രവാചകന്‍മാരാകൂ.

വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകന്‍മാരുടെ ദൌത്യം. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്‍മാര്‍ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. അവര്‍ ആരാധിക്കപ്പെടുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു. ദിവ്യസന്ദേശം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാകാര്യങ്ങളിലും അവര്‍ സാധാരണ മനുഷ്യര്‍തന്നെയാണ്. ചിലപ്പോള്‍ പ്രവാചകന്റെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തം എന്ന നിലയില്‍ ചില ദിവ്യാത്ഭുതങ്ങള്‍ പ്രവാചകന്‍മാരിലൂടെ പ്രത്യക്ഷപ്പെട്ടേക്കാം. മൂസാ പ്രവാചകന്റെ വടി ഒരു ഉദാഹരണം. ദൈവം നിര്‍ദേശിക്കുന്ന സമയത്ത് അത് നിലത്തിട്ടാല്‍ സര്‍പ്പമായിത്തീരുമായിരുന്നു. ഇത്തരം സിദ്ധികള്‍ പക്ഷേ പ്രവാചകന്‍മാരുടെ സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. ദൈവം കല്‍പ്പിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ. മനുഷ്യരിലേറ്റം ഔന്നത്യവും മഹത്വവുമുള്ളവരാണ് പ്രവാചകന്‍മാര്‍. ആ മഹത്വമൊന്നും അവരെ ദൈവദാസന്‍ എന്ന അവസ്ഥയില്‍നിന്ന് ദൈവമോ ദൈവത്തിന്റെ മക്കളോ പങ്കാളികളോ ആക്കി ഉയര്‍ത്തുന്നില്ല.

പൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ടെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 25-ഓളം പ്രവാചകന്‍മാരുടെ പേരേ അത് പരാമര്‍ശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകന്‍മാരായി അംഗീകരിക്കേണ്ടത് മുസ്ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ പല കാലങ്ങളിലും സ്ഥലങ്ങളിലുമായി വന്നിട്ടുണ്ടെന്നാണ് ചരിത്രം

മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യാനുള്ള വെളിപാട് ലഭിച്ചവരെല്ലാം പ്രവാചകന്‍മാരാകുന്നു. മൌലികമായി ഒരേ തത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ ദൈവദൂതാരും പ്രബോധനം ചെയ്തിരുന്നത്. ഒരു സമൂഹത്തില്‍ തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകാര്‍ വരാറുണ്ടായിരുന്നു. ഒരേ കാലത്തു തന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി ഒന്നിലധികം പ്രവാചകാര്‍ ആഗതരായ ചരിത്രവുമുണ്ട്. പൂര്‍വപ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനാണ് അധിക പ്രവാചകാരും വന്നത്. പൂര്‍വപ്രവാചകന്റെ പൈതൃകങ്ങളും വേദവും തീരെ വിസ്മൃതമായിപ്പോയ സാഹചര്യങ്ങളില്‍ ആഗതരാകുന്ന പ്രവാചകാരോടൊപ്പം പുതിയ വേദവും നിയമവ്യവസ്ഥയും അവതരിച്ചിരുന്നു. അത്തരം പ്രവാചകാരെ സാങ്കേതികമായി റസൂല്‍-ദൈവദൂതന്‍-എന്നാണ് വിളിക്കുക. പുതിയ വേദവും നിയമവ്യവസ്ഥയും ഇല്ലാത്ത പ്രവാചകനെ നബി എന്നും വിളിക്കുന്നു.

വേദം ഏറ്റുവാങ്ങി ജനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൌത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദം സൂചനകളിലൂടേയും രൂപ കങ്ങളിലൂടേയും അവതരിപ്പിച്ച സത്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തില്‍ സാക്ഷാ ത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകന്‍മാരാണ്. ഈ രീതിയിലുള്ള വേദാര്‍ഥപ്രകാശനത്തില്‍ അവര്‍ക്ക് തെറ്റുപറ്റുകയില്ല. അഥവാ വല്ല പിശകും പിണഞ്ഞാല്‍ ദൈവം ഇടപെട്ട് വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അര്‍ത്ഥത്തില്‍ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകന്‍മാര്‍. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകന്‍മാര്‍ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്ലാമില്‍ ഇതിനെ സുന്നത്ത് അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു.

ഖുര്‍ആന്‍ അന്തിമ വേദമായ അതേ കാരണങ്ങളാല്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനുമാകുന്നു. ലോകജനതക്ക് അന്ത്യനാള്‍ വരേക്കുമുള്ള ദൈവദൂതനായിട്ടാണദ്ദേഹം നിയോഗിക്കപ്പെട്ടത്. മുഹമ്മദ് നബിയെപ്പറ്റി ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുള്ളത്.’ (34:28) അദ്ദേഹത്തിനവതരിച്ച വേദമായ ഖുര്‍ആനും അതിന്റെ പ്രായോഗികവ്യാഖ്യാനമായി അദ്ദേഹം കാഴ്ചവെച്ച ജീവിതചര്യയും വിസ്മൃതമാവുകയോ വികലമാവുകയോ ചെയ്യാതെ ലോകാവസാനംവരെ നിലനില്‍ക്കുന്നതാണ്. അത് തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കാനും പ്രചരിപ്പിക്കാനുമുള്ള ബാധ്യത അദ്ദേഹത്തിന്റെ അനുയായികളില്‍ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിനുശേഷം പ്രവാചകന്‍മാര്‍ വരുന്നതല്ല. ഖുര്‍ആനിലെ 33ാം അധ്യായത്തിലെ 40ാം സൂക്തത്തില്‍ ദൈവം അത് വ്യക്തമാക്കി, “ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷാരിലാരുടേയും പിതാവല്ല. പ്രത്യുത, അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അന്തിമനുമാകുന്നു.”

മലക്കുകള്‍

അല്ലാഹുവിന്റെ വിശിഷ്ട സൃഷ്ടിവര്‍ഗ്ഗങ്ങളിലൊന്നാണ് മലക്ക്. പ്രപഞ്ചത്തെ അഭംഗുരം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് മലക്കുകളുടെ മുഖ്യദൌത്യം. ഋതുഭേദങ്ങള്‍, ജനിമൃതികള്‍ തുടങ്ങി ചരാചരങ്ങളിലുണ്ടാകുന്ന സകലമാന ചലനങ്ങളും പരിണാമങ്ങളും ദൈവേച്ഛയനുസരിച്ച് ഉളവാക്കികൊണ്ടിരിക്കുന്നത് മലക്കുകളാണ്. മനുഷ്യരില്‍ നിന്നും അല്ലാഹു തന്റെ ദൂതരായി തെരഞ്ഞെടുക്കുന്ന പ്രവാചകന്‍മാര്‍ക്ക് ദിവ്യബോധനം-വെളിപാടുകള്‍-എത്തിച്ചുകൊടുക്കുന്നതും മലക്കുകള്‍ തന്നെ. ജിബ്രീല്‍ (ഗബ്രിയേല്‍) എന്ന മലക്കാണ് മുഹമ്മദ് നബിക്ക് ദൈവിക സന്ദേശങ്ങള്‍ എത്തിച്ചിരുന്നത്.

മലക്കുകള്‍ പാപേച്ഛകളില്‍നിന്നും ദൈവധിക്കാരത്തില്‍നിന്നും പരിശുദ്ധരായ സൃഷ്ടികളാകുന്നു. അവര്‍ സദാ ദൈവാജ്ഞകളനുസരിക്കുകയും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കുന്നില്ല. മലക്കുകളില്‍ വിശ്വസിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു.

ഹൈന്ദവ-യവന ഇതിഹാസങ്ങളില്‍ ദേവാരായി സങ്കല്‍പ്പിക്കപ്പെടുന്നത് മലക്കുകളെയാണ്. ദേവാര്‍ ദൈവത്തിന്റെ ബന്ധുക്കളോ സഹായികളോ സ്വതന്ത്രമായ അധികാരങ്ങളും കഴിവുകളുമുള്ള ഉപദൈവങ്ങളോ ആണെന്നാണ് അവരുടെ സങ്കല്‍പം. ഇസ്ലാമിനു മുമ്പ് വിഗ്രഹാരാധകരായ അറബികള്‍ മലക്കുകളെ ദൈവത്തിന്റെ പെണ്‍മക്കളായിട്ടാണ് കരുതിയിരുന്നത്. മലക്കുകള്‍ക്ക് മനുഷ്യരുടെ ഭാഗധേയം നിശ്ചയിക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ആപത്തുകളകറ്റാ നുമുള്ള കഴിവുണ്ടെന്ന് വിശ്വസിച്ച് അവര്‍ മലക്കുകളെ ആരാധിക്കുകയും നേര്‍ച്ച-വഴിപാടുകളര്‍പ്പിക്കുകയും ചെയ്തിരുന്നു. ദൈവപുത്രിമാരെ പ്രീതിപ്പെടുത്തുന്നതിലൂടെ ദൈവവുമായി സമ്പര്‍ക്കം സ്ഥാപിക്കാമന്നും പുരാതന അറബികള്‍വിശ്വസിച്ചു.

ഇസ്ലാം ഇത്തരം സങ്കല്‍പങ്ങളെ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകള്‍ മറ്റെല്ലാ സൃഷ്ടികളുമെന്നപോലെ അവന്റെ അടിമകള്‍ തന്നെയാകുന്നു. അവര്‍ക്ക് ദൈവത്തിന്റെ കഴിവുകളിലോ അവകാശാധികാരങ്ങളിലോ യാതൊരു പങ്കുമില്ല. ദൈവത്തിന്റെ ആജ്ഞകളനുസരിക്കുന്നതില്‍നിന്ന് കടുകിട വ്യതിചലിക്കാന്‍ അവര്‍ക്കാവുകയുമില്ല. സ്വതന്ത്രമായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുക മലക്കുകളുടെ പ്രകൃതിയേയല്ല.

മലക്കുകള്‍ ദൈവത്തിന്റെ പെണ്‍മക്കളും ദിവ്യശക്തിയുള്ള ആരാ ധ്യരുമാണെന്ന സങ്കല്‍പ്പത്തെ നിഷേധിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. “കരുണാമയനായ ദൈവം സന്തതികളെ സ്വീകരിച്ചിട്ടുള്ളതായി അവര്‍ ഘോഷിക്കുന്നു. ഇല്ല, അവര്‍ മലക്കുകള്‍ ആദരണീയരായ ദൈവദാസന്‍മാരാകുന്നു.” (21: 26) “പരമകാരുണികന്റെ അടിമകളായ മലക്കുകളെ അവര്‍ സ്ത്രീകളായി സങ്കല്‍പ്പിക്കന്നു. അവരെ സ്ത്രീകളായി സൃഷ്ടിച്ചതിന് ഇവര്‍ സാക്ഷികളാണോ?” (43: 19)

ഓരോ മനുഷ്യന്റെയും കൂടെ അവന്റെ ഓരോ കര്‍മങ്ങളും രേഖപ്പെടുത്തുന്ന മലക്കുണ്ട്. വിചാരണാനാളില്‍ ആ മലക്ക് ഈ കര്‍മരേഖകള്‍ ദൈവസമക്ഷം സമര്‍പ്പിക്കുന്നു. ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: “മനുഷ്യന്‍ ഒരു വാക്ക് ഉച്ചരിക്കുകപോലും ചെയ്യുന്നില്ല; അത് നിരീക്ഷിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്ന മലക്ക് കൂടെയില്ലാതെ.” (58: 18) “നിങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന ആദരണീയരായ എഴുത്തുകാര്‍. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നു.” (87: 10-12)

മലക്കുകള്‍ അതിഭൌതിക സൃഷ്ടികളാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് അവര്‍ അദൃശ്യരാകുന്നു. അവരുടെ സത്തയെന്ത്, രൂപമെന്ത് എന്നൊന്നും വേദങ്ങളില്‍ പറയുന്നതിനപ്പുറം മനുഷ്യര്‍ക്ക് മനസ്സിലാക്കാനാവില്ല. ഖുര്‍ആനാകട്ടെ അതൊന്നും വിശദീകരിച്ചിട്ടുമില്ല. മലക്കുകള്‍ ദൈവത്തിന്റെ സൃഷ്ടികളാണ്, അടിമകളാണ്, ആദരണീയരായ ആജ്ഞാനുവര്‍ത്തികളാണ്, പരിശുദ്ധരാണ് ഇത്രയേ വേദത്തില്‍നിന്ന് വ്യക്തമാകുന്നുള്ളൂ.

വേദങ്ങള്‍

മാനവമാര്‍ഗദര്‍ശനാര്‍ഥം നിയുക്തരായ ദൈവദൂതന്‍മാരിലൂടെ ലഭിച്ച സന്‍മാര്‍ഗപ്രമാണങ്ങളാകുന്നു വേദങ്ങള്‍. ദൈവം ഈ പ്രമാണങ്ങള്‍ മലക്കുകള്‍ മുഖേന ദൈവദൂതാരെ പഠിപ്പിക്കുന്നു. ദൈവദൂതാര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. അവരത് ഹൃദിസ്ഥമാക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. നിരവധി ദൈവദൂതാര്‍ക്ക് വേദം ലഭിച്ചിട്ടുണ്ട്. “സാര്‍ഗസുവിശേഷകരും ദുര്‍മാര്‍ഗത്തിനെതിരെ താക്കീതുകാരുമായി അല്ലാഹു പ്രവാചകാരെ നിയോഗിച്ചുകൊണ്ടിരുന്നു. സത്യത്തെക്കുറിച്ച് മനുഷ്യര്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നിപ്പുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു കൊണ്ടിരുന്നു.” (ഖുര്‍ആന്‍ 2: 213)

ദൈവവും മനുഷ്യനുമാണ് എല്ലാ വേദങ്ങളുടേയും പ്രമേയം. മനുഷ്യന്‍ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു, അവന്റെ ജീവിതധര്‍മമെന്ത്, അത് പൂര്‍ത്തീകരിക്കേണ്ടതെങ്ങനെ, ധര്‍മപാലനത്തിന്റെ ഗുണമെന്ത്, ധര്‍മലംഘനത്തിന്റെ ഭവിഷ്യത്തെന്ത്, സത്യവും നീതിയുമെന്താണ്, അവ സാക്ഷാത്കരിക്കേണ്ടതെങ്ങനെയാണ്, ആരാണ് ദൈവം, അവനും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ത്…തുടങ്ങി മനുഷ്യ ജീവിതത്തിന്റെ മൌലിക പ്രധാനമായ പ്രശ്നങ്ങളെല്ലാം വേദങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ജീവിതമൂല്യങ്ങളുടെ അടിസ്ഥാന സ്രോതസ്സാണ് വേദം. ദൈവത്തില്‍നിന്നിറക്കപ്പെട്ട എല്ലാവേദങ്ങളിലും വിശ്വസിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്.

ഇബ്റാഹിം, മൂസാ, ദാവൂദ്, ഈസാ തുടങ്ങിയവര്‍ മുഹമ്മദ് നബിക്ക് മുമ്പ് വേദം ലഭിച്ച പ്രവാചകന്‍മാരില്‍ പ്രമുഖരാണ്. മൂസാ പ്രവാചകന് ലഭിച്ച വേദത്തെ തൌറാത്ത് എന്നും ഈസാ പ്രവാചകന് ലഭിച്ച വേദത്തെ ഇഞ്ചീല്‍ എന്നും ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അറബികള്‍ക്ക് അപരിചിതമായ സെമിറ്റിക്കേതര വേദങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ഇന്ത്യയിലും ചൈനയിലും ഇറാനിലുമെല്ലാം വേദങ്ങളിറങ്ങിയിട്ടുണ്ട് എന്ന ധാരണയെ ശരിവെക്കുന്നുണ്ട്. പൂര്‍വ വേദങ്ങളില്‍ ചിലത് ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെട്ടിരിക്കുന്നു. നിലനില്‍ക്കുന്ന വേദങ്ങള്‍തന്നെ മനുഷ്യകൈകടത്തലു കള്‍ക്ക് വിധേയമായതായും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. എല്ലാ സത്യവേദങ്ങളു ടെയും മൌലികസന്ദേശം ഒന്നുതന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ (98:4,5) വ്യക്തമാക്കിയിരിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടേയും വൈവിധ്യം വിശദാംശങ്ങളില്‍ ആവശ്യപ്പെടുന്ന വ്യത്യാസങ്ങളേ അവ തമ്മില്‍ ഉണ്ടായിരിന്നുള്ളൂ. വേദങ്ങള്‍ക്കിടയില്‍ ഇതിലപ്പുറമുള്ള വൈരുധ്യങ്ങള്‍ കാണപ്പെടുന്നുവെങ്കില്‍ അത് വേദവാഹകരുടെ കൈകളിലൂടെ വന്നുചേര്‍ന്നതാണ്.

തൌറാത്തിനെയും ഇഞ്ചീലിനെയും (ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇവയിലെ ചിലഭാഗങ്ങളുണ്ട്) വേദങ്ങളായി ഖുര്‍ആന്‍ അംഗീകരിക്കുന്നു. ആ വേദങ്ങള്‍ അവതരിപ്പിച്ച പ്രവചനങ്ങളുടെ സാക്ഷാത്കാരമാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അന്തിമവേദമായ ഖുര്‍ആന്റെയും ആഗമനമെന്നും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. എല്ലാ വേദങ്ങളുടേയും-സന്‍മാര്‍ഗപ്രമാണങ്ങളുടേയും സമാപനസമുച്ഛയമാണ് ഖുര്‍ആന്‍. വേദത്തിന്റെ ഏറ്റവും ഒടുവിലത്തേയും ആധികാരികവുമായ പതിപ്പ്. ഭാഷകളും ദേശങ്ങളും പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടുകയും ജീവിതസംസ്കാരങ്ങളും ദര്‍ശനങ്ങളും തമ്മില്‍ ആഗോളാടിസ്ഥാനത്തില്‍ വിനിമയമാരംഭിക്കുകയും ചെയ്ത ചരിത്രസന്ധിയില്‍ അവതരിച്ച ഖുര്‍ആന്‍ മനുഷ്യരാശിക്കാകമാനമുള്ളതാണ്. ദൈവം പ്രവാചകനോട് പറയുന്നു. “ഈ ഉപദേശം നാം നിനക്കവതരിപ്പിക്കുന്നത് മനുഷ്യവര്‍ഗത്തിനുവേണ്ടിയുള്ള സന്‍മാര്‍ഗപാഠങ്ങള്‍ നീ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കാനാണ്. ”(ഖുര്‍ആന്‍ 16: 44)

ഖുര്‍ആനിനെ ഭേദഗതിക്കും വിസ്മൃതിക്കും നഷ്ടത്തിനും അതീതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദൈവം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: “ഇത് സുരക്ഷിത ഫലകങ്ങളില്‍ സൂക്ഷിക്കപ്പെട്ട മഹത്തായ ഖുര്‍ആന്‍ ആകുന്നു.” (85: 21, 22) “നാമാകുന്നു ഈ വേദം അവതരിപ്പിച്ചിട്ടുള്ളത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാകുന്നു.” (15:9) കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി നേരിയ വ്യത്യാസം പോലുമില്ലാതെ ഖുര്‍ആന്‍ അതിന്റെ മൌലികവിശുദ്ധിയോടെയും തനിമയോടെയും നിലനില്‍ക്കുന്നത് ഈ ദൈവികവചനത്തിന്റെ സാഫല്യമാകുന്നു. കാലവും ദേശവും സാഹചര്യവുമൊക്കെ എത്ര മാറിയാലും ശരി ഖുര്‍ആന്റെ അക്ഷരങ്ങള്‍ക്ക് മാത്രമല്ല ആശയങ്ങള്‍ക്കും യാതൊരു മങ്ങലും ഏല്‍ക്കുന്നില്ല. അതിനാല്‍ ഖുര്‍ആനുശേഷം പുതിയൊരു വേദം ആവശ്യമില്ലാതായിരിക്കുന്നു. മുഹമ്മദ്നബിക്കുശേഷം എല്ലാ തലമുറകളും സത്യത്തിന്റെയും ധര്‍മത്തിന്റെയും ദൈവികപ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനെയാണ്. പതിനഞ്ച് നൂറ്റാണ്ടുകളായി മുസ്ലിം സമൂഹം തങ്ങളുടെ ധര്‍മശാസ്ത്രത്തിന്റെയും നിയമവ്യവസ്ഥകളുടേയും അടിസ്ഥാന സ്രോതസ്സായി അംഗീകരിക്കുന്നതും അനുസരിക്കുന്നതും ഖുര്‍ആനെയാണ്.

നിലവിലുള്ള മിക്ക വേദങ്ങളുടേയും മൂലഭാഷ മൃതമായിരിക്കുന്നു. എന്നാല്‍ ഖുര്‍ആനിന്റെ ഭാഷ വലിയൊരു ജനസമൂഹത്തിന്റെ സംസാ രഭാഷയായി ഇന്നും സജീവമായി നിലനില്‍ക്കുന്നു. അതിനാല്‍ ഖുര്‍ആന്‍ അതിന്റെ മൂലഭാഷയില്‍തന്നെ ഇപ്പോഴും വായിക്കപ്പെട്ടുകൊണ്ടും പഠി ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. പ്രവാചകന്‍മാരുടേയും പുരോഹിതന്‍മാരുടേയും വചനങ്ങളും വേദപണ്ഠിതാരുടെ വ്യാഖ്യാനങ്ങളും കൂടിക്കലരാതെ ശുദ്ധ ദൈവവചനങ്ങളുടെ സമാഹാരമായി നിലനില്‍ക്കുന്നുവെന്നതും ഖുര്‍ആനിനെ ഇതര വേദങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സവിശേഷതയാണ്. ഖുര്‍ആന്‍ സംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയുമാണ്. ഏതെങ്കിലും വംശത്തേയോ ദേശത്തേയൊ അല്ല എന്നതും അതിന്റെ മാത്രം പ്രത്യേകതയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആശയങ്ങളോ അന്ധവിശ്വാസങ്ങളോ അന്യായമായ നിയമങ്ങളോ സഭ്യേതരമായ ആഖ്യാനങ്ങളോ ഖുര്‍ആനില്‍ കാണപ്പെടുകയില്ല. പൂര്‍വവേദങ്ങളില്‍ കടന്നുകൂടിയ അത്തരം സംഗതികളെ തിരുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതിലെ തത്വങ്ങളും നിയമങ്ങളുമെല്ലാം സയുക്തികവും സംസ്കൃതവും സത്യസന്ധവും നീതിപൂര്‍വകവും എക്കാലത്തും അനുകരണീയവുമാകുന്നു. മുഴു ജീവിത മേഖലയിലും മാനവരാശിക്ക് മാര്‍ഗദര്‍ശകവും.