Category Archives: അതിരുകള്‍

ജാതിവ്യവസ്ഥ

സിനിമാ നടനും ബി.ജെ.പിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പുനര്‍ ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടത്തിയ പ്രസ്താവനയും അടുത്ത ജന്മത്തില്‍ പട്ടിയായി ജനിച്ചാല്‍ മതിയെന്ന പാലക്കാട്ടുകാരനായ ദലിത് പൂജാരി ബിജു നാരായണന്റെ പ്രസ്ഥാവനയും ജാതിയെ കുറിച്ചുള്ള ചില ചോദ്യങ്ങളിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടു പോവുന്നു. വേദങ്ങള്‍ പഠിച്ച് അമ്പലത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ തന്ത്രിയാവണമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹം തീര്‍ച്ചയായും നല്ലതും സദുദ്ദേശ്യപരവുമാണെന്ന് നമുക്ക് വിശ്വസിക്കാം. കാരണം ആത്മീയമായ കര്‍മങ്ങള്‍ ചെയ്യുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും ഒരു മനുഷ്യന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റായ ഒരു സംഗതിയല്ല. മറിച്ച് ഏറെ നന്മയുള്ളതും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആത്മീയമായ ഉല്‍കര്‍ഷ ലഭിക്കുന്നതുമാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലാതായി തീരുന്നത് അതിലടങ്ങിയ സവര്‍ണാധിപത്യ ബോധവും ജാതീയതയെ അരക്കിട്ടുറപ്പിക്കുവാനുമുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ഒരു ശ്രമം അടങ്ങിയതിനാലാണ്. തൊട്ടപ്പുറത്ത് ബിജു നാരായണന്‍ എന്ന ദലിതന്‍ വേദം പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പേരില്‍, താന്ത്രിക വിദ്യകരസ്ഥമാക്കി അമ്പലത്തില്‍ ശാന്തിക്കാരനായതിന്റെ പേരില്‍ വെട്ടി പെരിക്കേല്‍പിക്കപ്പെട്ട് മാരകമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭയത്തിന്റെ പാതാളത്തിലേക്ക് വീണ ആ മനുഷ്യന്‍ ആക്രമികളെ പറഞ്ഞ് കൊടുക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ്. ഇനിയൊരു ജന്മമുണ്ടെങ്കിലൊരിക്കലും ദലിതനായി ജനിക്കരുത് പകരം പട്ടിയായി ജനിക്കണം കാരണം ദലിതനേക്കാള്‍ പരിഗണന പട്ടിക്ക് സമൂഹം നല്‍കുന്നുണ്ട് എന്ന് ബിജു നാരായണന്‍ എന്ന ദളിത് ശാന്തിക്കാരന് വിലപിക്കേണ്ടി വരുന്നു. അത്രമാത്രം കെട്ട ഒരു ജാതി ബോധത്തില്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്ഥിതിയില്‍ നിന്ന് കൊണ്ട് സുരേഷ് ഗോപി നടത്തുന്ന പ്രസ്ഥാവനയുടെ അന്തക്കേട് എത്ര വലുതാണ്. മാത്രമല്ല പട്ടിയേക്കാള്‍ തരം താണ ജീവിയായി മനുഷ്യരിലെ ഒരു വിഭാഗത്തെ കാണാന്‍ മാത്രം ജാതീയത പഠിപ്പിക്കുന്നുവെങ്കില്‍ ആ ജാതീയത നിലനില്‍ക്കണമെന്നാണൊ സുരേഷ് ഗോപി ആഗ്രഹിക്കുന്നത്.

ചരിത്രത്തില്‍ കടന്ന് പോയ മഹാരഥന്‍മാര്‍ കേരളീയ നവോത്ഥാനത്തിന്റെ മുമ്പേ നടന്നവര്‍ അഥവാ ശ്രീ നാരായണ ഗുരുവും വി.ടി ഭട്ടതിരിപ്പാടും അടങ്ങിയ മഹാ മനീഷികള്‍ ഏത് ജാതി വ്യവസ്ഥക്കെതിരെയാണൊ പോരാടിയത് ആ ജാതി വ്യവസ്ഥ തുടരണം എന്ന ആഗ്രഹം വെച്ച് പുലര്‍ത്താന്‍ മാത്രം ഇടുങ്ങിയ ഒരു മനസ്സിന്റെ ഉടമയായി ഈ സിനിമാ നടന്‍ മാറരുതായിരുന്നു. മാനവിക വിരുദ്ധമായ ഒരാശയത്തെ അഥവാ ജാതീയമായ കാഴ്ചപ്പാടുകളെ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് എറിഞ്ഞ് ഉയര്‍ന്ന സാംസ്‌കാരിക ബോധം പുലര്‍ത്തുന്ന മനുഷ്യനിലേക്ക് വികസിക്കുന്നതിന് പകരം തീര്‍ത്തും പ്രതിലോമപരവും അമാനവികവുമായ ഒരു ആശയത്തില്‍ ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ മാനസിക നിലവാരം അദ്ദേഹം ഇപ്പോള്‍ എത്തിപ്പെട്ട കൂടാരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ആശയ പ്രകാശനത്തിനനുസൃതമാണ്. ശ്രീ നാരായണ ഗുരുവിന്റെ ജയന്തി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മനുഷ്യരായ മുഴുവന്‍ മനുഷ്യരും ജാതി വിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ്. അങ്ങിനെ ചരിത്രത്തില്‍ അപമാനിക്കപ്പെട്ട മനുഷ്യന് വേണ്ടി നാരായണ ഗുരു നടത്തിയ ഐതിഹാസിക ജാതി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പിന്‍തുടര്‍ച്ച സംഭവിക്കുന്നതിന് പകരം മനുഷ്യനെ വിഭജനത്തിന്റെ മതില്‍ കെട്ടുകളില്‍ ഒതുക്കിയിടുന്ന ജാതി ബോധത്തെ വാരിപ്പുണരുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു പ്രവൃത്തിയാണ്.

മനുഷ്യനെ നഗ്‌നമായ വിഭജനത്തിന് വിധേയമാക്കുന്ന ഒരു തത്വസംഹിതയാണ് ജാതീയത. ജാതീയതയും വിഭാഗീയതയും ചരിത്രത്തില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് തന്നെ ഈ ജീര്‍ണതയെ തച്ചുടക്കാന്‍ ചരിത്രത്തില്‍ ഇടപെട്ട മഹാരഥന്മാരെ ഇകഴ്ത്തുന്നതായി തീരുകയാണ് പുനര്‍ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന പ്രസ്താവനയിലൂടെ സംഭവിക്കുന്നത്. പന്തിഭോജനത്തിലൂടെ ജാതിരഹിത ജീവിതത്തിന്റെ മാനിഫെസ്റ്റോയുടെ പ്രകാശനമായിരുന്നു നാരായണ ഗുരു നടത്തിയത്. മാത്രമല്ല അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ കേവലം ദൈവശാസ്ത്ര പരമായ ഒരു പ്രവൃത്തി ആയിരുന്നില്ല, മറിച്ച് ഒരു അധികാര കേന്ദ്രത്തെ തുടച്ചു നീക്കലായിരുന്നു. ഈയര്‍ഥത്തില്‍ കൂടുതല്‍ പുരോഗമിച്ച മനുഷ്യനെ വിഭാവന ചെയ്ത ഗുരുവിന്റെ ദര്‍ശനത്തെ ഏറ്റെടുക്കുന്നതിന് പകരം മനുഷ്യത്വ വിരുദ്ധമായ ഒരു പിന്തിരിപ്പന്‍ ദര്‍ശനത്തെ ആഗ്രഹിക്കുന്നത് മനുഷ്യത്വത്തിലും ഉയര്‍ന്ന മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് യോജിച്ചതല്ല.

യഥാര്‍ത്ഥ മതമൂല്യങ്ങളെ തള്ളിക്കളയുകയും വംശീയതയെ മൂല്യ ദര്‍ശനമായി ഉയര്‍ത്തി കൊണ്ട് വരികയും ചെയ്യുന്ന ഒരു ആശയമാണ് ജാതീയത. ജാതിക്കതീതമായി മനുഷ്യരെ കാണാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ നന്മയുള്ളവനാകുന്നത്. ഭൂതകാല യാഥാസ്ഥിതികത്തിലേക്കുള്ള തിരിച്ച് പോക്കിന്റെ യുക്തിയെ ചോദ്യം ചെയത് മനുഷ്യനെ വിഭജിക്കുന്ന കാടത്തത്തിനെതിരെ ഉയരേണ്ടത് മാനവികമായ ആശയമാണ്. ഒരു വലിയ കാര്യം താന്‍ പറഞ്ഞു എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്ഥാവനയിലൂടെ സത്യത്തില്‍ സംഭവിക്കുന്നത് ഭൂതകാല യാഥാസ്ഥിതികത്വത്തിന്റെ മിഥ്യാബോധത്തെ പേറുകയാണ്. ജാതി ഒളിവിലാണെന്നും അത് അപ്രത്യക്ഷമായി എന്നും നമുക്ക് വിശ്വസിക്കാന്‍ പാകത്തിലുള്ള ഒരു സാമൂഹിക ക്രമം സ്വപ്നം കാണുന്നതിന് പകരം ജാതി ബോധത്തിന്റെ സങ്കുചിതത്വത്തിലേക്ക് വഴുതി വീഴുന്നത് അത്യന്തം അപകടകരമാണ്. അത് നാം വളര്‍ത്തിയെടുത്ത ജാതിരഹിതമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പത്തിനെതിരാണ്. ജാതി അപ്രസക്തമാവുന്ന, എല്ലാ മനുഷ്യരെയും ഒരു പോലെ കാണുന്ന ഒരു ലോകത്തിലേക്കുള്ള പ്രയാണമാണ് നാം വിഭാവന ചെയ്യേണ്ടത്. കണ്ണാടി പ്രതിഷ്ഠയിലൂടെ പൗരോഹിത്യത്തെ ഒഴിവാക്കിയ ശ്രീ നാരായണ ഗുരു ആരാധന സമ്പ്രദായത്തെ ലളിതവല്‍കരിക്കുകയാണ് ചെയതത്.

ഫ്യൂഡല്‍ സമ്പ്രദായത്തിലെ മൂല്യവ്യവസ്ഥകളെ താങ്ങി നിര്‍ത്തുന്ന പ്രസ്ഥാവനകള്‍ ഉപേക്ഷിച്ച് അതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പുതിയൊരു ആശയമായിരുന്നു സുരേഷ് ഗോപി മൂന്നാട്ട് വച്ചതെങ്കില്‍ മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ലോകത്തിലേക്ക് അത് വികസിക്കുമായിരുന്നു. അബ്രാഹ്മണനായി ജനിച്ചവര്‍ക്ക് പൂജാതി കര്‍മങ്ങള്‍ ചെയ്യുവാന്‍ ഈ ജന്മത്തില്‍ സാഫല്യം കിട്ടാന്‍ പടപൊരുതുന്നതിന് പകരം അടുത്ത ജനത്തില്‍ പൗരോഹിത്യത്തിലെ കുത്തക ലോകത്തില്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്നത് എത്ര പിന്തിരിപ്പനും പ്രതിലോമപരമായ നിലപാടുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. പപ്പടം ഒന്നിച്ച് പൊടിച്ച് പുതിയൊരു പന്തിഭോജനം ഇനിയും ചരിത്രത്തില്‍ സൃഷ്ടിക്കേണ്ടവര്‍ യാഥാസ്ഥിക പൗരോഹിത്യം ഊട്ടി വളര്‍ത്തിയ അസ്പൃശ്യതയുടെ തത്വശാസ്ത്രം നെഞ്ചേറ്റുകയല്ല വേണ്ടത്. മനുഷ്യത്വത്തിന്റെ സൗന്ദര്യത്തെ ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നത് നിഷ്ടൂരമായ ജാതി സങ്കല്‍പത്തില്‍ നിന്ന് കുതറി മാറുമ്പോഴാണ് എന്ന ബോധ്യത്തിലേക്ക് എത്തിച്ചേരാന്‍ നാം ഇനിയും എത്ര വികസിക്കണം. ഇവിടെ ഒരാള്‍ അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കണമെന്ന് പറയുന്നത് ആ മനുഷ്യന്‍ എത്തിപ്പെട്ട നിസ്സഹായതയുടെ ആഴക്കടലില്‍ നിന്നുള്ള നിലവിളിയാണ്. ഈ നിലവിളി ഒരു വേള ഒരു വിമോചന ആശയമായി വികസിച്ച് എല്ലാ മനുഷ്യര്‍ക്കും തുല്ല്യതയോടെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകത്തിനുള്ള മുറവിളിയായി പരിണമിക്കാം. അപ്പുറത്ത് ബ്രാഹ്മണ ജന്മത്തെ ആഗ്രഹിക്കുന്നയാള്‍ ദൗതിക ലോകത്തിലെ സുഖാസ്വദനത്തിന്റെ മടുപ്പില്‍ നിന്ന് വിമുക്കി നേടി ആലസ്യ പൂര്‍ണമായ സവര്‍ണാധിപത്യ ലോകത്തേക്കുള്ള പ്രയാണത്തെ കാത്തിരിക്കുന്നു.

ഇസ്രായേല്‍ ചങ്ങാത്തം നമ്മെ ഇവിടെ എത്തിക്കും?

ഭീകരവാദം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തെ ചട്ടമ്പി രാഷ്ട്രമാണ് ഇസ്രായേല്‍. ബ്രിട്ടന്‍ അമേരിക്കന്‍ അച്ചുതണ്ട് യു.എന്നിനെ മറയാക്കി ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിച്ച പിറവി തന്നെ അനീതിയുടെ ജീര്‍ണതയില്‍ മുളച്ച പിതൃശൂന്യരാഷ്ട്രമാണ് ഇസ്രായേല്‍. മിഡിലീസ്റ്റിന്റെ ‘കറുത്ത സ്വര്‍ണം’ ഊറ്റിയെടുത്ത് കൊഴുക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മേഖലയില്‍ ഇങ്ങനെ ഒരു തെമ്മാടി രാജ്യം അനിവാര്യമായിരുന്നു.

പ്രസിദ്ധ ശാസ്ത്രജ്ഞനും ജൂതനും കൂടിയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഫ്രഞ്ച്കമ്യൂണിസ്റ്റ് ബുദ്ധിജീവിയായിരുന്ന റജാരോഡി, വിഖ്യാത സാഹിത്യ പ്രതിഭകളായ ഓര്‍ഹാന്‍ പാമുക്ക്, ഗുന്തര്‍ഗ്രാസ്, എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ എഡ്വേര്‍ഡ് സഈദ്, ആഗോള രംഗത്തെ അതികായരായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ജമാല്‍ അബ്ദുന്നാസിര്‍, മാര്‍ഷല്‍ ടീറ്റോ… ആരാണ് ഇസ്രായേലിനെയും അവരുടെ കൊടുംവംശീയതയെയും വര്‍ഗീയതയെയും തള്ളിപ്പറയാതിരുന്നിട്ടുള്ളത്?

പര്‍വ്വതീകരിക്കപ്പെടുന്ന ‘ഹോളോകോസ്റ്റ്’ പോലും അരങ്ങേറിയത് മുസ്‌ലിം രാഷ്ട്രങ്ങളിലായിരുന്നില്ല, യൂറോപ്പിലായിരുന്നു. (ഇസ്‌ലാമിക ഭരണവ്യവസ്ഥിതി നിലനിന്നിടങ്ങളിലെല്ലാം ജൂതന്യൂനപക്ഷങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെട്ടതായാണ് ചരിത്രം) പക്ഷെ എന്നിട്ടും യൂറോപ്പ് ജൂതന് ഭൂമി നല്‍കിയില്ല. ആ പാപഭാരവും മററുള്ളവരുടെ പിരടിയില്‍ വെച്ചുകെട്ടി.

ഫലസ്തീനില്‍ കടന്നു കയറി ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു. പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കി. അവരുടെ വീടും ഭൂമിയും സമ്പത്തും കവര്‍ന്നു. തീര്‍ന്നില്ല, ജോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളെ കൂടി അക്രമിച്ചു. അവരുടെ ഭൂമി കൂടി ഈ അധിനിവേശ രാഷ്ട്രം സ്വന്തത്തോട് കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം നോക്കുകുത്തിയായ യു.എന്‍ ആകപ്പാടെ ചെയ്തത് ഈ ആഗോള ചട്ടമ്പിയെ ‘താക്കീത് ‘ ചെയ്യുന്ന കുറേ പ്രമേയങ്ങള്‍ പാസാക്കലായിരുന്നു. പക്ഷെ അതൊന്നും തെല്ലും മുഖവിലക്കെടുക്കാതെ സയണിസ്റ്റ് ഭീകര രാഷ്ട്രം ചവറ്റുകൊട്ടയില്‍ എറിഞ്ഞു.

ദേര്‍യാസീന്‍, സബ്‌റ-ശത്തീല പോലുള്ള കൊടുംഭീകര കൂട്ടകുരുതികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ ഇസ്രായേലിനെ തുടക്കം മുതലേ നമ്മുടെ രാഷ്ട്രം അതിശക്തമായി എതിര്‍ത്തിരുന്നു. സ്വന്തം പാസ്‌പോര്‍ട്ടുകളില്‍ പോലും ഇസ്രായേലിനെ ബഹിഷ്‌കരിക്കല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു ഇന്ത്യ. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വരെ ഈ മൂല്യനിഷ്ഠമായ ഈ പാരമ്പര്യത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. പക്ഷെ തുടര്‍ന്നു വന്ന ചില ഭരണാധികാരികള്‍ ഒളിഞ്ഞും തെളിഞ്ഞും ജൂത ഭീകരരാഷ്ട്രത്തെചേര്‍ത്തു പിടിച്ചു. കഴിഞ്ഞ എന്‍.ഡി.യെ സര്‍ക്കാറാവട്ടെ നിരവധി കരാറുകളിലൂടെ ഇസ്രായേലിന് മാന്യത നല്‍കി. ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നു വരാന്‍ അവര്‍ക്ക് വാതില്‍ തുറന്നിട്ടു. മൊസാദ് എന്ന കൊടുംഭീകര ജൂത ചാരസംഘത്തിനു പോലും അഹിംസയുടെ സ്വന്തം നാട്ടില്‍ വിഹരിക്കാനായി. (യഥാര്‍ത്ഥത്തില്‍ മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ആ ക്രമണം, വിവിധ സ്‌ഫോടനങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയവയിലെല്ലാം ഇസ്രായേലിനുള്ള റോള്‍ ഇന്ന് പരസ്യമായ രഹസ്യമാണ്. അതെ കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഭാഷയില്‍ ലഭ്യമാണ്.)

അമേരിക്കക്ക് നിരങ്ങി നീങ്ങാന്‍ തക്ക ലോകത്തെ പാകപ്പെടുത്തിയെടുക്കുന്നതിലും തിരിച്ചും ജൂത രാഷ്ട്രം വഹിക്കുന്ന പങ്ക് ആര്‍ക്കും അജ്ഞാതമല്ല. ഖേദകരമെന്നു പറയട്ടെ, ആ കൊടുംഭീകരരാഷ്ട്രത്തെയാണ് ഇപ്പോള്‍ നരേന്ദ്ര മോദി പരസ്യമായിത്തന്നെ കെട്ടിപ്പണര്‍ന്നിരിക്കുന്നത്. നമ്മുടെ പരമ്പരാഗത മിത്രങ്ങളായ ഫലസ്തീന്‍ മണ്ണിലേക്ക് മോദി തിരിഞ്ഞു നോക്കിയില്ലായെന്നതും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് ചരിത്രത്തിന്റെ അനിവാര്യതയാകാം. സയണിസവും സംഘ് ഫാഷിസവും ലക്ഷ്യം വെക്കുന്ന കൊലയാളി രാഷ്ടീയത്തിന്റെ വൃത്തികെട്ട പൂര്‍ണിമ.

നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ഏകാധിപതികള്‍ തീര്‍ത്ത കത്തിമുനകളില്‍ ലോകം രക്തം വാര്‍ത്ത ഇന്നലെകള്‍ ധാരാളം കഴിഞ്ഞു പോയിട്ടുണ്ടല്ലോ.
ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി, ബെന്യമിന്‍ നെതന്യാഹു അച്ചുതണ്ട് മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം തീര്‍ത്തും ഏകധ്രുവ ലോകത്തിന്റേതാണ്. അധിനിവേശത്തിന്റെയും സ്‌റ്റേറ്റ് ഭീകരവാദത്തിന്റേതുമാണ്. ഇതാവട്ടെ മഹത്തായ നമ്മുടെ നാട് പുലര്‍ത്തിപ്പോന്ന ജനാധിപത്യ, മതേതര, ചേരിചേരാ നയങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

പരിണാമവാദം

പരിണാമം

ഖണ്ഡിതമായി തെളിയി ക്കപ്പെട്ട ശാസ്ത്ര സത്യങ്ങ ള്‍ക്ക് വിരുദ്ധ മായതൊ ന്നും ഇസ്ലാമിലില്ലെന്നത് തീര്‍ത്തും ശരിയാണ്. എന്നാല്‍, ശാസ്ത്രനിഗമന ങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീ യമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്. പരിണാമം രണ്ടിനമാണെന്ന് ജീവശാ സ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങ ളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല.

എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശ പ്പെടു ന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമ വാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്.

“പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന് പറഞ്ഞത് സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്. അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്ക്ക് കഴിഞ്ഞിട്ടുണ്ട്”(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33). പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: “വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണിക ളാല്‍ ചേര്‍ക്ക പ്പെട്ടി ട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്…”

“എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ് തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടി യിരിക്കാവുന്ന വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്.

ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.”(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധര ണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23). m”ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായ ത്തിന്റെ തലക്കെട്ട് ‘ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി’ എന്നാണ്. ഫോസില്‍ ശൃംഖലയിലെ വിടവുക ളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം.

അദ്ദേഹം എഴുതി: ‘വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്” (ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30). “ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്ക മേറിയ പാലിയോ സോയിക് കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന് പ്രത്യക്ഷ പ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു.

സിലൂറിയന് തൊട്ടുമുമ്പുള്ള ക്രസ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന് സമ്മതിച്ചുകൊണ്ട് ഡാര്‍വിന്‍ എഴുതുന്നു: ‘ഈ വിസ്തൃത മായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു കാണുന്നില്ലെന്ന ചോദ്യത്തിന് സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല”(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ്, 313. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).

ചാള്‍സ് ഡാര്‍വിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ് എം. റൂപ്പ് എഴുതുന്നു: “തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ് ഡാര്‍വിന്‍ പറഞ്ഞത്.

ഡാര്‍വിനുശേഷം നൂറ്റിരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെ യേറെ വികസിച്ചിട്ടുണ്ട്. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം ഫോസില്‍ സ്പീഷ്യസുകളുണ്ടെങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്. വിരോ ധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ” (Conflicts between Darwinism and Paloeantology Bullettin Field Museum of Natural History: 50 Jan 1979, P: 22 ഉദ്ധരണം Ibid പുറം 23).

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല 1982-ല്‍ പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡി ന്റെ ഡാര്‍വിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: “ഡാര്‍വിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയ മനോ ഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു”(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).

പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റീഫന്‍ ഗൌള്‍ഡും നീല്‍സ് എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാ സം നഷ്ടപ്പെട്ടതിനാല്‍ പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദി കള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസ ന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്.

പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സണ്‍ എഴുതിയ കത്തിലിങ്ങനെ കാണാം: “പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ് ? ഒരു പക്ഷേ, ആയിരിക്കാം. ഒരുപക്ഷേ അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും എങ്ങനെയാണ് പിന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ പരീക്ഷണ വിധേയമാക്കാനാവില്ല” (1979 ഏപ്രില്‍ 10-ലെ Scopes II The Great Debate pp. 14-15. ഉദ്ധരണം: Ibid പുറം 68).

പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍ പാറ്റേഴ്സന്റേത്. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: “പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെ ങ്കിലും ഒന്നിനെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ഉള്‍പ്പെടുത്തുമായിരുന്നു.

അത്തര പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റിനെക്കൊണ്ട് ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന് താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക് എവിടെനിന്ന് ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നല്‍കാനാവില്ല.”( Ibid ]pdw 68)ശാസ്ത്രത്തിന്റെ കണ്ടെത്തലുകളൊക്കെ ഡാര്‍വിനി സത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് അടുത്തകാലം വരെ ശക്തമായി വാദിച്ചിരുന്ന ഡോ. എ.എന്‍. നമ്പൂതിരിപോലും മറിച്ചുപറയാന്‍ നിര്‍ബന്ധിതനാവുകയുണ്ടായി.

അദ്ദേഹം എഴുതി: “ശാസ്ത്രരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഊര്‍ജസ്വലമായി നിലനിര്‍ത്താനും ഡാര്‍വിനിസത്തിനു ഇതുവരെ കഴിഞ്ഞു. അടുത്തകാലത്താണ് ചിത്രം മാറിയത്. ഇപ്പോഴും ഡാര്‍വിനിസ ത്തിന്റെ പ്രഭയ്ക്ക് പൊതുവെ മങ്ങലേറ്റിട്ടില്ല. എങ്കിലും ജീവന്റെ ചരിത്രത്തിലെ ചില ഘട്ടങ്ങളിലെങ്കിലും പരിണാമത്തിന്റെ പ്രവര്‍ത്തനരീതി ഡാര്‍വിന്‍ സങ്കല്‍പത്തിന് അനുയോജ്യമല്ല എന്ന സൂചനകളുണ്ട്. ഡാ ര്‍വിനിസം നേരിടുന്ന ആദ്യത്തെ പ്രതിസന്ധി.” (ഡാര്‍വിനിസം വഴിത്തിരിവില്‍, കലാകൌമുദി 1076, പേജ് 19).

ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍ പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന് ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം.”

ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുകൂല വ്യതിയാനങ്ങളെ പ്രകൃ തിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു. അനുകൂലഗുണ ങ്ങള്‍ സ്വരൂപിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു” എന്നാണ് ഡാര്‍വിനിസത്തിന്റെ വാദം.

ഇതു ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെസസ്തനികളിലെത്തുകയും ചെയ്തതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്. ഈ വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

1860 മെയ് 22-ന് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സസ്യശാ സ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക് എഴുതി: “കത്തുകളില്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സി ലാകുന്നതിനനുസരിച്ച് എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമി ക്കുന്നുവെങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ കഴിയാ തെ പോയതാണ്.”

(ഫ്രാന്‍സിസ് ഡാര്‍വിന്‍ എഡിറ്റു ചെയ്ത The life and letters of Charls Darwin എന്ന കൃതിയില്‍നിന്ന്, എന്‍. എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 18,19). പരിണാമവാദികള്‍ ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെ ഫോസിലുകള്‍ കണ രോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികള്‍ ചേര്‍ത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുക യുണ്ടായി. അതോടെ മൃഗഛായയുള്ള നിയാണ്ടര്‍താല്‍ മനുഷ്യന്റെ കഥയും കണ്ണിയും അറ്റുപോയി കഥാ വശേഷമായി.

പകരമൊന്നു വയ്ക്കാനിന്നോളം പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല. ഇപ്രകാരംതന്നെയാണ് ഹല്‍ട്ട് മനുഷ്യ ന്റെ കഥയും. മനുഷ്യനും ആള്‍ക്കുരങ്ങനുമിടയിലെ പ്രസിദ്ധമായൊരു കണ്ണിയായാണ് പരിണാമവാദികള്‍ ഹല്‍ട്ട് മനുഷ്യനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് മനുഷ്യന്റെ തലയോട്ടില്‍ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ അര്‍ധ മനുഷ്യ ഫോസിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയു ണ്ടായി.

ഇതെല്ലാം പരിണാമവാദത്തെ കഥാവശേഷമാക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്ന ത്. ചുരുക്കത്തില്‍, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബല മോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്.

അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്ലാം അംഗീകരിക്കു ന്നു ണ്ടോ എന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലര്‍ഥമുള്ളൂ.

ഭയപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്

ഫാഷിസം ഒരായിരം വട്ടം കൊമ്പു കുലുക്കിയാലും സത്യവിശ്വാസികളെന്ന നിലയില്‍ നാം പതറാനോ ചിതറാനോ പാടില്ല. ഡോ: യൂസുഫുല്‍ ഖറദാവി തന്റെ വിഖ്യാതമായ ‘വിശ്വാസവും ജീവിതവും’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ‘മനശാന്തിക്ക് ഒരേയൊരു വഴിയേ ഉള്ളൂ. അത് അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമാണ്. ആത്മാര്‍ത്ഥമായ, ഉറച്ച വിശ്വാസം. സന്ദേഹവും കാപട്യവും കലരാത്ത വിശ്വാസം. സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ചരിത്ര പാഠങ്ങള്‍ അതിന്ന് പിന്‍ബലമേകുന്നു. പക്ഷപാതം ബാധിക്കാത്ത കാഴ്ചയുള്ള ഏത് മനുഷ്യനും അത് കാണാം. തന്നിലും തനിക്ക് ചുറ്റിലും. അസ്വസ്ഥതയും ഇടുക്കവും വിഭ്രാന്തിയും അധമ ബോധവും നഷ്ട ചിന്തയും നമുക്കില്ല. അതൊക്കെയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കൂടപ്പിറപ്പുകളാകുന്നു. ഭോഗവസ്തുക്കളും ആസ്വാദന വിഭവങ്ങളും നിറഞ്ഞിരുന്നിട്ടു കൂടി അവരുടെ ജീവിതത്തിന് രുചിയോ സ്വാദോ ഇല്ല. കാരണം അവയുടെയൊന്നും അര്‍ത്ഥം അവര്‍ക്ക് പിടി കിട്ടുന്നില്ല. അവയുടെ രഹസ്യം അവര്‍ക്ക് മനസ്സിലാവുന്നില്ല. പിന്നെയെങ്ങനെ മനസ്സിന് ശാന്തി ലഭിക്കും?

വാനലോകത്തു നിന്നൊഴുകിയെത്തുന്ന തെന്നലാണ് ശാന്തി. ജനങ്ങള്‍ ചഞ്ചലചിത്തരാവുമ്പോള്‍ വിശ്വാസികള്‍ ദൃഢചിത്തരാവാന്‍, ജനങ്ങള്‍ അസംതൃപ്തരാവുമ്പോള്‍ വിശ്വാസികള്‍ സംതൃപ്തരാവാന്‍, ജനങ്ങള്‍ സംശയിക്കുമ്പോള്‍ വിശ്വാസികളില്‍ ദാര്‍ഢ്യം പകരാന്‍, ജനങ്ങള്‍ വെപ്രാളപ്പെടുമ്പോള്‍ വിശ്വാസികള്‍ക്ക് സഹനശക്തി ലഭിക്കാന്‍, ജനങ്ങള്‍ അതിക്രമം കാണിക്കുമ്പോള്‍ വിശ്വാസികള്‍ സഹിഷ്ണുത പാലിക്കുവാന്‍, ദൈവം വിശ്വാസികളിലേക്ക് മനശാന്തിയുടെ ഇളം തെന്നലയക്കുന്നു.’

അതെ, സര്‍വ്വ ശക്തനായ അല്ലാഹു സദാ കൂടെ തന്നെ ഉണ്ടെങ്കില്‍ പിന്നെ നമുക്കെന്തിന് ഭയം?എന്തിന് ദുഃഖം? എന്തിനാണ് നിരാശ? ‘വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.’ (ഖുര്‍ആന്‍: 9:42)

ചോദ്യം: സ്ത്രീയുടെ ശബ്ദം ഔറത്താണോ ? പുരുഷന്‍മാര്‍ക്ക് സ്ത്രീയുടെ പാട്ട് ശ്രവിക്കാമോ ?

ചോദ്യം: സ്ത്രീയുടെ ശബ്ദം ഔറത്താണോ ? പുരുഷന്‍മാര്‍ക്ക് സ്ത്രീയുടെ പാട്ട് ശ്രവിക്കാമോ ?

—————

ഉത്തരം: വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്‌നിമാരെ സംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (ഖുര്‍ആന്‍ 33: 32).

സ്ത്രീകളുടെ ശബ്ദം ഔറത്തല്ലെന്ന് ഈ ഖുര്‍ആനിക വചനത്തിന് മനസ്സിലാക്കാവുന്നതാണ്. കാരണം, ഇവിടെ ഒരു പുരുഷന്‍മാരോടും നിങ്ങള്‍ സംസാരിക്കരുത് എന്നല്ല അല്ലാഹു കല്‍പിക്കുന്നത്. മറിച്ച്, സ്ത്രീകളോടും പുരുഷന്മാരോടും സംസാരിക്കുമ്പോള്‍ ഇസ് ലാമിക മര്യാദകള്‍ പാലിക്കണമെന്നും പുരുഷന്‍മാരില്‍ മോഹമുണര്‍ത്തുന്ന രീതിയിലുള്ള ശൈലിയോ ശബ്ദമോ ചേഷ്ടയോ സ്വീകരിക്കരുതെന്നുമാണ്.

പ്രവാചക കാലത്ത് അനുചരരിലെ സ്ത്രീ – പുരുഷന്‍മാര്‍ പരസ്പരം ആശയവിനിമയം നടത്തിയതിന്റെയും, പ്രവാചക സദസ്സില്‍ സ്വഹാബിമാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കെ തങ്ങളുടെ കുടുംബപ്രശ്‌നങ്ങളിലും മറ്റും അവര്‍ ചോദ്യങ്ങള്‍ ആരാഞ്ഞതിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ആയിശ (റ) സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അധ്യാപനം നടത്തി. നൂറുകണക്കിന് സ്ത്രീ പുരുഷ അനുചരര്‍ അവരില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രാവചകന് ശേഷം പ്രഭാഷണത്തില്‍ എറ്റവും മികച്ച വനിതയായിരുന്ന ആയിശ(റ)യെന്ന് സ്വഹാബാക്കളും മറ്റും സാക്ഷ്യപ്പെടുത്തുന്നു. അഥവാ, സ്ത്രീയുടെ ശബ്ദം ഇസ് ലാമില്‍ ഔറത്താണെന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

ഇനി, സത്രീകള്‍ ആലപിക്കുന്ന വിഷയത്തില്‍ ഒരു വിഭാഗം പണ്ഡിതര്‍ അത് പൂര്‍ണമായി ഹറാമാണെന്ന വിധിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രമാണങ്ങളുടെ സൂക്ഷമ പരിശോധനയില്‍ ഈ അഭിപ്രായം പ്രബലമല്ല. പെണ്‍കുട്ടികള്‍ പാടിയ വിവാഹ ചടങ്ങില്‍ പ്രവാചകന്‍ (സ) പങ്കെടുത്തതായി വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സദസ്സിലെ പ്രവാചകന്റെ സാന്നിധ്യം ഉള്ളതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ച് പാട്ടിന്റെ വരികളില്‍ അവര്‍ ഇങ്ങനെയും ചേര്‍ത്തു: ‘ഭാവിയെക്കുറിച്ചറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങള്‍ക്കിടയിലുണ്ട്’. എന്നാല്‍ ഇത് കേട്ടയുടനെ ആ വരികള്‍ തിരുത്താനും പാട്ട് തുടരാനും അദ്ദേഹം നിര്‍ദേശിച്ചു.

പുരുഷന്‍മാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് പാടാന്‍ അനുമതിയില്ലെങ്കില്‍ പ്രവാചകന്‍ ആ വിവാഹ സദസ്സില്‍ അങ്ങനെ നിര്‍ദേശിക്കുമായിരുന്നില്ല. മാത്രമല്ല, നബി (സ) പാട്ട് കൃത്യമായി ശ്രദ്ധിക്കുകയും അത് തിരുത്തിയെന്നതും സ്ത്രീകള്‍ക്ക് ആലപിക്കാമെന്നതിന്റെ സൂചനയാണ്.

എങ്കിലും, മറ്റുള്ളവരില്‍ അധാര്‍മിക വിചാരങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ സ്ത്രീകള്‍ കൊഞ്ചിക്കുഴഞ്ഞ് വര്‍ത്തമാനം പറയുന്നതും മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

ലൈംഗികാസക്തികളെ നിയന്ത്രിക്കുന്നതെങ്ങനെ?

‘അമിതമായ ലൈംഗികാസക്തി എന്നെ വല്ലാതെ ആകുലപ്പെടുത്തുന്നു. എങ്ങനെ അതിനെ നിയന്ത്രിച്ചു നിര്‍ത്താം?’ പതിനേഴ് വയസ്സുള്ള ഒരു അമേരിക്കന്‍ യുവതിയുടെ ചോദ്യമാണിത്. വളരെ പ്രസക്തമായ ചോദ്യമാണ് യുവതി ചോദിച്ചിരിക്കുന്നത്. എന്നാല്‍ അത്ര ലളിതമായി മറുപടി പറയാന്‍ കഴിയുന്ന ഒന്നല്ല ഇത്. കഴിയുന്നതും വേഗത്തില്‍ വിവാഹം കഴിക്കണമെന്നാണ് ആദ്യമായി സൂചിപ്പിക്കാനുള്ളത്. ലൈംഗിക ഭ്രമത്തില്‍ നിന്ന് നിന്ന് മുക്തിനേടാനുള്ള അനുവദനീയവും മികച്ചതുമായ മാര്‍ഗ്ഗം അതുതന്നെയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം യുവതീയുവാക്കള്‍ വൈകാരികമായും മാനസ്സികമായും സാമ്പത്തികമായും വിവാഹത്തിന് തയ്യാറെടുത്ത് തുടങ്ങണമെന്ന് ആമുഖമായി സൂചിപ്പിക്കട്ടെ.

അല്‍പം ഗൗരവപൂര്‍വ്വം കാണേണ്ട കര്‍മ്മം തന്നെയാണ് വിവാഹം. ലൈംഗികാസക്തി ശമിപ്പിക്കാനായി മാത്രമല്ല വിവാഹം കഴിക്കേണ്ടത്. സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ പ്രായപൂര്‍ത്തിയായ രണ്ടാത്മാക്കള്‍ തമ്മിലുള്ള കരാറാണ് വൈവാഹിക ബന്ധം. വിവാഹമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ. സുരക്ഷിത സമൂഹത്തിന് ആരോഗ്യപൂര്‍ണ്ണമായ കുടുംബങ്ങളാണാവശ്യം. ആരോഗ്യപൂര്‍ണ്ണമായ വിവാഹബന്ധങ്ങളില്‍ നിന്നേ അതു സാധ്യമാകുകയുള്ളൂ. അതിനായി വിവാഹത്തിന് എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ നല്ല ജീവിതപങ്കാളിയാകാം എന്നതിനെ സംബന്ധിച്ച് ഇസ്‌ലാമികവും ഇതരവുമായ കൃതികളെ അവലംബിച്ച് തയ്യാറെടുത്ത് തുടങ്ങേണ്ടതാണ്.

രണ്ടാമതായി, ലൈംഗികാസക്തിയില്‍ നിന്ന് എങ്ങനെ മുക്തി നേടാം എന്നതല്ല ഇവിടത്തെ പ്രശ്‌നം. ലൈംഗികത എന്നത് പ്രകൃതിപരവും അത്ഭുതപരവുമായ ദൈവത്തിന്റെ വരദാനമാണ്. അനുവദനീയ മാര്‍ഗ്ഗത്തിലേ അത് വിനിയോഗിക്കാവൂ എന്ന് മാത്രം. മനുഷ്യര്‍ അത്തരം അനുവദിക്കപ്പെട്ട പരിധികള്‍ ലംഘിക്കുമ്പോഴാണ് ഈ ലോകത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ദൃശ്യമാകുന്നത്. വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ പരലോകത്തേക്ക് എന്താണ് ബാക്കിവെക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ലൈംഗികത വാണിജ്യവല്‍ക്കകരിക്കപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പവിത്രമായൊരു സംഗതിയായല്ല അത് കണക്കാക്കപ്പെടുന്നത്. ലൈംഗികത എങ്ങും വ്യാപിച്ചിരിക്കുന്നു. അതിനെ ഒരു വാണിജ്യ ആയുധമായി ഉപയോഗിക്കുന്നവര്‍ നാമേവരുടെയും മനസ്സില്‍ ലൈംഗികാഭിനിവേശം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. താമസിയാതെ നാമതിന് അടിപ്പെട്ടുപോകുന്നു. പിന്നീട് നമ്മുടെ പ്രധാന ശ്രദ്ധ അതുമാത്രമായി മാറുന്നു. അവസാനം ദുര്‍ബലവും മ്ലേഛവുമായ വൈകാരികാവസ്ഥയിലേക്ക് നാമെത്തിപ്പെടുന്നു.

ആത്മനിയന്ത്രണമാണ് ആദ്യം വേണ്ടത്. ദിവാസ്വപ്നങ്ങളിലും തന്നെ വിസ്മയിപ്പിക്കുന്ന ഏത് കാര്യങ്ങളിലും മനസ്സ് എളുപ്പത്തില്‍ ചെന്നുചാടുന്നു. അവിടെയാണ് നമ്മുടെ ആസക്തികള്‍ വിസ്മയത്തിന്റെയും ദിവാസ്വപ്‌നത്തിന്റെയും രൂപത്തില്‍ വര്‍ത്തിക്കുന്നത്. വിസ്മയിപ്പിക്കുന്നവ യാഥാര്‍ത്ഥ്യങ്ങളല്ല എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രശ്‌നവും. നമ്മുടെ മനസ്സില്‍ മാത്രമാണവ കുടികൊള്ളുന്നത്. അവിടെ സംഭവിക്കുന്നതില്‍ വിശ്വസിക്കാന്‍ നാം പ്രേരിതരാകുന്നു. അതുകൊണ്ട് തന്നെ വാസ്തവ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നേടത്തേക്ക് അത് നമ്മെ കൊണ്ടെത്തിക്കുന്നു. വളരെ വൈകിമാത്രമേ നാം ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാറുള്ളൂ. പിന്നീട് ഖേദിക്കേണ്ടിവരുന്ന അത്തരം ഒരുപാട് കാര്യങ്ങള്‍ അതിനകം നാം ചെയ്തുകഴിഞ്ഞിട്ടുണ്ടാകും. ആയതിനാല്‍ മായാലോകത്ത് അനന്തമായി വിഹരിക്കാന്‍ നമ്മുടെ മനസ്സിനെ കയറൂരി വിട്ടുകൂടാ. മനസ്സ് നമ്മുടെ അധീനതയിലാകണം. എന്നാല്‍ അധികമാളുകളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാറില്ല. നിര്‍മ്മാണാത്മകമായ കാര്യങ്ങളില്‍ മനസ്സിനെ വ്യാപൃതമാക്കുകയും ദൈവസ്മരണകൊണ്ട് മനസ്സിനെ സദാ അലങ്കരിക്കുകയും ചെയ്യലാണ് അതിനുള്ള മാര്‍ഗ്ഗം. മാനസ്സിക ദൗര്‍ബല്യം അനുഭവപ്പെട്ടാല്‍ ദൈവസ്മരണകൊണ്ട് അത്തരം ദൗര്‍ബല്യത്തില്‍ നിന്ന് രക്ഷപ്രാപിക്കാനാണ് നാം ശ്രമിക്കേണ്ടത്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെയും നമ്മുടെ മനസ്സിനെയും തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എത്രയും വേഗം നമ്മുടെ ശ്രദ്ധയെ വഴിതിരിച്ച് വിടുകയും വേണം. അല്ലാഹുവിനെ സംബന്ധിച്ച ചിന്തയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കലായിരിക്കും ഏറ്റവും നല്ലത്. ദൈവത്തെ സ്മരിക്കുന്ന മനസ്സ് ഏത് ബാഹ്യദുര്‍മന്ത്രണങ്ങളില്‍ നിന്നും സുരക്ഷിതവും ശാന്തമായിരിക്കും. മനസ്സ് നിന്റേതാണ്, അതിനെ നിയന്ത്രിക്കേണ്ടവന്‍ നീ തന്നെയാണ്. അത് നിന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് നീ അധപതിച്ച് പോകരുത്.

മൂന്നാമതായി, അത്തരം മായാലോകത്തേക്ക് നമ്മെ കൊണ്ടത്തിക്കുന്ന അന്തരീക്ഷങ്ങളില്‍ നിന്ന് ബോധപൂര്‍വം മാറിനില്‍ക്കുക. അത്തരം വൃത്തികെട്ട ദൃശ്യങ്ങളുള്ള ചാനല്‍ പരിപാടികളും ചലചിത്രങ്ങളും കാണുന്നത് ഉപേക്ഷിക്കുകയാണ് വേണ്ടത്. ലൈംഗികാസക്തികളെ ഉദ്ദീപിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ബഹിഷ്‌കരിക്കുക. ലൈംഗിക ബന്ധിതമല്ലാത്ത വിനോദങ്ങളില്‍ മനസ്സിനെ വ്യാപൃതമാക്കുക.

ലൈംഗികത പ്രധാനവും എന്നാല്‍ സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതുമായ കാര്യമാണ്. മായിക വിസ്മയങ്ങള്‍ വ്യാജമാണ്, നമ്മുടെ ആഗ്രഹചാപല്യങ്ങളില്‍ മാത്രം കുടികൊള്ളുന്ന വിസ്മയലോകം മാത്രം. അപ്രകാരം തന്നെ അതിനെ മനസ്സിലാക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുള്ള മികച്ച മാര്‍ഗ്ഗം എങ്ങനെ എവിടെ നിന്ന് അത്തരം ചിന്തകള്‍ കടന്നുവരുന്നു എന്ന് മനസ്സിലാക്കുകയും ജ്ഞാനത്തിലൂടെയും ദൈവികസ്മരണയിലൂടെയും അച്ചടക്കപൂര്‍ണ്ണമായ ജീവിതത്തിലൂടെയും മനസ്സിന്റെ നിയന്ത്രണം തന്റെ വരുതിയിലാക്കാന്‍ വേണ്ടത് ചെയ്യുകയുമാണ്.

ലൈംഗിക പീഡനങ്ങള്‍

പീഡനങ്ങള്‍ കാരണംസത്രീകള്‍ക്ക് നേരെ നടക്കുന്ന ഭീകരതകളിലൊന്നാണ് അവര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍. അത് അവളുടെ ശരീരത്തെയും മനസിനെയുമെല്ലാം ബാധിക്കുന്നതാണ്. അവമതിക്കുന്ന വാക്കുളാലോ , ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ അവളുടെ ശരീരത്തില്‍ നടത്തുന്ന സ്പര്‍ശനത്തിലൂടെയോ ആവാമത്. പലപ്പോഴും ടെലിഫോണിലൂടെ വിളിച്ചുള്ള ശല്ല്യപ്പെടുത്തലുമാകാം അത്.
ലൈംഗിക പീഡനങ്ങള്‍

പീഡനമെന്ന പ്രതിഭാസം വളരെ വ്യാപകമാണെങ്കിലും അതിന്റെ കൃത്യമായ കണക്കുകള്‍ എവിടെയും ലഭ്യമല്ലെന്നതാണ് യാഥാര്‍ഥ്യം. അതിന്റെ പ്രധാന കാരണം തങ്ങള്‍ പീഡനത്തിനിരയാകുന്നുവെന്ന് തിരിച്ചറിയുന്നവര്‍ വളരെ കുറവാണ് എന്നതും അത് തിരിച്ചറിയുന്നവര്‍ തന്നെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി അത് വളരെ രഹസ്യമാക്കിവെക്കുന്നതുമാണ്. അതില്‍ തന്നെ പരാതിപ്പെടുന്നവരുടെ എണ്ണവും വളരെ തുച്ഛമാണ്. തനിക്കും കുടുംബത്തിനും അതുണ്ടാക്കുന്ന അഭിമാനക്ഷതം ഓര്‍ത്ത് അതിനെ മറച്ചുവെക്കാനാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്.
പെണ്‍കുട്ടികള്‍ ഇന്ന് ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും പീഡനം ഏല്‍ക്കുന്നവരാണ്. സന്തുഷ്ടമായ വിവാഹ ജീവിതത്തിനത് തടസ്സമാകുമെന്നതിനാല്‍ പലതും ആരും അറിയാതെ പോകുന്നു. അങ്ങാടികളിലും ആശുപത്രികളും മറ്റു പൊതുസ്ഥലങ്ങളിലുമെല്ലാം അവള്‍ പീഡനത്തിന് വിധേയയാകുന്നു. ഒരു തവണ പീഡനത്തിന് വിധേയരായ പലരെയും അത് വെച്ച് തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് വീണ്ടും പീഡിപ്പിക്കുന്ന സംഭവങ്ങളും വിരളമല്ല. എന്നാല്‍ പീഡനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെക്കുന്ന സമൂഹങ്ങളുണ്ട്. അവളാണ് അതിന് പുരുഷന്‍മാര്‍ക്ക് പ്രേരണ നല്‍കുന്നത് എന്നതാണ് അവരുടെ ന്യായം.

പ്രശ്‌നത്തിന്റെ കാരണങ്ങള്‍
തങ്ങളുടെ തന്നെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും കാരണം ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകളും ഉണ്ട്. സമൂഹത്തിന്റെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും കൈവെടിഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവരാണവര്‍. അവര്‍ അറിഞ്ഞുകൊണ്ടോ അല്ലാതെയോ പീഡിപ്പിക്കപ്പെടുന്നതിന് കാരണക്കാരികളാകുന്നവരാണ്. ദുര്‍ബലമായ പുരുഷമനസുകളെ അത് പ്രലോഭിപ്പിക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും സമൂഹത്തില്‍ മതനിഷ്ഠയോ മൂല്യങ്ങളെ പരിഗണിക്കുകയോ ചെയ്യാത്ത യുവാക്കള്‍ ഉണ്ടായിരിക്കുമ്പോള്‍ അതിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അശ്ലീല ചാനലുകളും സിനിമകളും അതിന് പ്രേരകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.

പണ്ഡിതന്‍മാരുടെ ഉപദേശം
മതരംഗത്തെയം കര്‍മ്മശാസ്ത്ര മേഖലയിലെയും പണ്ഡിതന്‍മാര്‍ ഉപദേശിക്കുന്നത് നമ്മുടെ സന്താനപരിപാലത്തെ കുറിച്ചുള്ള ഒരു പുനര്‍വിചിന്തനത്തിനാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുമ്പോള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിനാണ് അവര്‍ ആവശ്യപ്പെടുന്നത്. അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും നിഷിദ്ധമായ കാര്യങ്ങളും അനുവദനീയമായ കാര്യങ്ങളും അവരെ പഠിപ്പിക്കുകയും വേണം. മൂല്യങ്ങളും സല്‍സ്വഭാവവും അവരില്‍ വളര്‍ത്തിയെടുക്കണം. അവരുടെ ജീവിതത്തെ നശിപ്പിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും സംരക്ഷണം നേടുന്നതെങ്ങനെയെന്നും അവരെ പഠിപ്പിക്കണം. കുടുംബത്തില്‍ മക്കളോടുള്ള ബന്ധം ശക്തവും അവര്‍ക്ക് നിര്‍ഭയത്വം ഉറപ്പ് നല്‍കുന്നതായിരിക്കണമെന്നതും വളരെ പ്രധാനമാണ്. തങ്ങള്‍ക്കേല്‍ക്കുന്ന മോശപ്പെട്ട അനുഭവങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കുന്ന അന്തരീക്ഷം കുടുംബത്തിലുണ്ടായിരിക്കണം.

ഇസ്‌ലാം മറ്റുള്ളവര്‍ക്ക് പവിത്രത നല്‍കുന്നു
തന്റെ സഹോദരനെ ആദരിക്കാന്‍ മനുഷ്യനെ ഇസ്‌ലാം പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് പവിത്രതയുണ്ടെന്നും അതൊരിക്കലും ലംഘിക്കപ്പെടരുതെന്നും ഇസ്‌ലാം നിര്‍ബന്ധം പിടിക്കുന്നു. ജീവന്‍, സമ്പത്ത്, അഭിമാനം തുടങ്ങിയവക്കെല്ലാം പവിത്രതയുണ്ട്. ഈ അടിസ്ഥാനങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ മനുഷ്യര്‍ അറിഞ്ഞിരിക്കണം. ഒരു കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് സമയങ്ങളില്‍ മാതാപിതാക്കളുടെ മുറിയില്‍ കയറുന്നതിന് അനുവാദം ചോദിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. പ്രഭാതത്തിന് മുമ്പുള്ള സമയം, ഉച്ചഭക്ഷണത്തിന് ശേഷം, രാത്രി ഭക്ഷണത്തിന് ശേഷമുള്ള സമയം തുടങ്ങിയവയാണവ. ലളിതമായ ഈ അധ്യാപനത്തിലൂടെ മറ്റുള്ളവര്‍ക്കുള്ള പവിത്രത കുട്ടികളെ പഠിപ്പിക്കുകയാണ്. അത് മാതാപിതാക്കളോ സഹോദരങ്ങളോ ആണെങ്കില്‍ പോലും ലംഘിക്കരുതെന്ന് അവരെ പഠിപ്പിക്കുന്നു. ഈ പവിത്രതയില്‍ നിന്ന് ആരും ഒഴിവല്ലെന്ന് അവരെ അനുശാസിക്കുന്നു. ഇപ്രകാരം ഞാന്‍ മറ്റുള്ളവരുടെ പവിത്രത കാത്തുസൂക്ഷിക്കുമ്പോള്‍ അവര്‍ എന്റെ പവിത്രതയും സൂക്ഷിക്കും. അതിലൂടെ നിര്‍ഭയമായ ഒരു ജീവിതം സാധ്യമാകും. ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്ന ഒറ്റപ്പെട്ട ആളുകളുണ്ടാവും, അത്തരക്കാരുടെ വൃത്തം വളരെ ഇടുങ്ങിയതാവുകയും അവര്‍ക്ക് തെറ്റിലേക്ക് എത്തുന്നതിന് ധാരാളം തടസ്സങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എല്ലാ തരത്തിലും രൂപത്തിലുമുള്ള അശ്ലീലതയോടും ഇസ്‌ലാം പോരാടുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ വ്യക്തിക്കും തന്റെ മനുഷ്യത്വവും മാന്യതയും സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. നമ്മില്‍ ഓരോരുത്തരും സന്താനങ്ങളെ ഇസ്‌ലാമികാധ്യാപനങ്ങള്‍ അനുസരിച്ച് വളര്‍ത്തുകയെന്നത് ഉത്തരവാദിത്വമായി ഏറ്റെടുക്കണം. അവരുടെ സമയങ്ങള്‍ പ്രയോജനപ്രദമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടുകയും വേണം. ഓരോരുത്തരും മറ്റുള്ളവരെ പവിത്രതയോടെ നോക്കികാണുമ്പോള്‍ അവര്‍ക്ക് അതിനെ ചെറിയതോതില്‍ പോലും ലംഘിക്കാന്‍ സാധിക്കുകയില്ല.

മക്കള്‍ സദാചാര ബോധമുള്ളവരാവാന്‍

മക്കള്‍ സദാചാര ബോധമുള്ളവരാവാന്‍

മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും വഴി മക്കളുടെ കൈകളില്‍ എത്തുന്ന വീഡിയോ ക്ലിപ്പുകളെയും ചിത്രങ്ങളെയും കുറിച്ച് വളരെ വേദനയോടെ സംസാരിച്ച് ഒരാള്‍ എന്റെയടുത്ത് വന്നു. തീര്‍ത്തും അശ്ലീലമാണ് അവയില്‍ പലതും. മിക്കതും ലജ്ജയെ ഇല്ലാതാക്കുന്നതാണ്. കുട്ടികള്‍ കാണുന്ന ആനിമേഷന്‍ ചിത്രങ്ങളില്‍ പോലും നാമിന്ന് കാണുന്നത് കാമുകീ കാമുകന്‍മാര്‍ക്കിടയിലെ ചുംബനങ്ങളും വസ്ത്രമുരിയുന്നതും ആലിംഗനങ്ങളും സ്‌നേഹ പ്രകടനങ്ങളുമാണെന്ന് പറഞ്ഞു കൊണ്ട് അയാള്‍ തുടര്‍ന്നു: ‘എന്റെ ചെറിയ മകള്‍ ആവശ്യപ്പെടുന്നത് എല്ലാ ദിവസവും ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നത് പോലെ അവളുടെ ചുണ്ടില്‍ ഞാന്‍ ഉമ്മ കൊടുക്കണമെന്നാണ്.’

ഞാന്‍ അയാളോട് പറഞ്ഞു: മക്കളെ സദാചാര ബോധമുള്ളവരായി വളര്‍ത്തല്‍ സന്താനപരിപാലന രംഗത്ത് ഇന്ന് രക്ഷിതാക്കളനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ സദാചാരവും ലജ്ജയും പഠിപ്പിക്കേണ്ട രക്ഷിതാക്കള്‍ തന്നെ അത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യുന്ന തലതിരിഞ്ഞ അവസ്ഥയാണ് ചിലപ്പോഴെല്ലാം കാണപ്പെടുന്നത്. ഞാന്‍ പറഞ്ഞതിനെ ശരിവെച്ചു കൊണ്ട് അയാള്‍ പറഞ്ഞു: ഒരു ബോയ്ഫ്രണ്ട് ഇല്ലാത്തതിന്റെ പേരില്‍ കൂട്ടുകാരികള്‍ കളിയാക്കാറുണ്ടെന്ന് എന്റെ മകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാര്‍ ക്ലാസ്സില്‍ കൊണ്ടുവരുന്ന അശ്ലീല ചിത്രങ്ങളെ കുറിച്ച് മകനും പറഞ്ഞിട്ടുണ്ട്. അതുമാത്രല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ചുംബനങ്ങള്‍ കൈമാറുക വരെ ചെയ്യുന്നു. ഇതിനൊക്കെ എന്ത് പരിഹാരമാണുള്ളത്?

കുട്ടികളെ സദാചാരത്തില്‍ ലജ്ജയുള്ളവരായി വളര്‍ത്തണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യം images (2)സ്ത്രീ പുരുഷ ബന്ധത്തില്‍ അല്ലാഹു വിലക്കിയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് സദാചാരം. രണ്ട് തരം വികാരങ്ങളാണ് അല്ലാഹു മനുഷ്യന് നല്‍കിയിരിക്കുന്നത്. ഒന്ന് അവന്റെ ആമാശയവുമായി ബന്ധപ്പെട്ടതാണ്. തിന്നാനും കുടിക്കാനുമുള്ള വികാരമാണത്. സന്താനപരമ്പര നിലനിര്‍ത്തുന്നതിന് വേണ്ടി സംവിധാനിച്ചിരിക്കുന്ന ലൈംഗിക വികാരമാണ് രണ്ടാമത്തേത്. ഒന്നാമത്തേത് ജീവിക്കാന്‍ വേണ്ടിയാണെങ്കില്‍ രണ്ടാമത്തേത് പരമ്പര നിലനിര്‍ത്താനാണ്.

സദാചാരത്തിലും ലജ്ജയിലും മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവല്‍ വളരെ പ്രധാനമാണ്. മക്കളുടെ ചെവികളില്‍ സദാചാരവുമായി ബന്ധപ്പെട്ട പദങ്ങള്‍ (ഉദാ: ശരീരം മറക്കല്‍, നാണം, ലജ്ജ, മാനം) ഇടക്കിടെ കേട്ടുകൊണ്ടിരിക്കണം. ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സ്വഭാവികമായും സദാചാരത്തിന്റെ അര്‍ഥം അവര്‍ മനസ്സിലാക്കും. കുട്ടികള്‍ വലുതാകുമ്പോള്‍ കിടപ്പറയില്‍ നിന്ന് അവരെ മാറ്റിക്കിടത്തലാണാ മറ്റൊരു കാര്യം. അതോടൊപ്പം ബെഡ്‌റൂമിലേക്ക് കടന്നു വരുമ്പോള്‍ അനുവാദം ചോദിക്കാന്‍ അവരെ പഠിപ്പിക്കണം. ചാരിത്ര്യശുദ്ധിയുടെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കലാണ് മറ്റൊരു കാര്യം. യൂസുഫ് നബിയുടെയും മര്‍യം ബീവിയുടെയുമെല്ലാം ചരിത്രങ്ങള്‍ അതിനുദാഹരങ്ങളാണ്. സഭ്യമല്ലാത്ത ഒരു സന്ദര്‍ഭമോ അല്ലെങ്കില്‍ അശ്ലീല ചിത്രമോ കണ്‍മുന്നില്‍ പെടുമ്പോള്‍ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്ന് മക്കളെ നാം പഠിപ്പിക്കേണ്ടതുണ്ട്. ഒന്നുകില്‍ അതില്‍ നിന്ന് കണ്ണുതിരിക്കാം. അല്ലെങ്കില്‍ അവിടം വിട്ടുപോകാം. അതുമല്ലെങ്കില്‍ അത് പ്രദര്‍ശിപ്പിച്ച ആളോട് അത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ധീരമായി നമ്മുടെ നിലപാട് വ്യക്തമാക്കാം.

‘രണ്ട് താടകള്‍ക്കിടയിലുള്ള ഒന്നിന്റെയും, രണ്ട് തുടകള്‍ക്കിടയിലുള്ള ഒന്നിന്റെയും കാര്യത്തില്‍ എനിക്ക് ഉറപ്പു തരുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പു തരാം.’ എന്ന പ്രവാചക വചനം മക്കളെ ഓര്‍മപ്പെടുത്തണം. നാവിന്റെയും ലൈംഗികാവയവത്തിന്റെയും നിയന്ത്രണം ആത്മനിയന്ത്രണം ആവശ്യമുള്ള ശ്രമകരമായ പ്രവര്‍ത്തനമാണ്. കാരണം മനുഷ്യന്റെ വികാരവുമായിട്ടാണ് അവ രണ്ടും ബന്ധപ്പെട്ടു കിടക്കുന്നത്.

സമൂഹത്തിന്റെ സദാചാരവും ധാര്‍മികതയും സംരക്ഷിക്കുന്നതിന് ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ എന്നെ വളരെയേറെ ആകര്‍ഷിച്ച ഒന്നാണ് അനറ്റോളിയയിലെ വിവാഹ നിയമം. വിവിധ ഖണ്ഡികകളുള്ള അതിലെ ചില ഖണ്ഡികകള്‍ എടുത്തുപറയേണ്ടതാണെന്ന് തോന്നുന്നു. നിര്‍ബന്ധിത വിവാഹത്തെ കുറിച്ച് വിവരിക്കുന്ന ഒന്നാം വകുപ്പില്‍ യുവാക്കളുടെ വിവാഹ പ്രായം 18നും 25നും ഇടക്കാണെന്ന് വ്യക്തമാക്കുന്നു. 25 വയസ്സായിട്ടും വിവാഹം കഴിക്കാത്ത യുവാവിന് വിവാഹിതനാകുന്നത് വരെ സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കാനാവില്ലെന്നാണ് നിയമത്തിന്റെ ആറാം ഖണ്ഡിക അനുശാസിക്കുന്നത്. 25 വയസ്സായിട്ടും ന്യായമായ കാരണമൊന്നുമില്ലാതെ വിവാഹം കഴിക്കാത്തവരുടെ വരുമാനത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് കാര്‍ഷിക ബാങ്കില്‍ അടക്കണമെന്നാണ് നാലാം ഖണ്ഡികയില്‍ പറയുന്നത്. വിവാഹ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത ദരിദ്രരായ ആളുകളുടെ വിവാഹത്തിന് വേണ്ടിയാണ് ആ പണം നീക്കിവെക്കുന്നത്. വിവാഹിതനായ ഒരാള്‍ ദീര്‍ഘയാത്രയില്‍ ഭാര്യയെ കൂടെ കൂട്ടാന്‍ സാധിക്കാതെ വരികയാണെങ്കില്‍ യാത്രക്കിടയില്‍ രണ്ടാമതൊരു വിവാഹം ചെയ്യാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നാണ് നിയമത്തിന്റെ അഞ്ചാം ഖണ്ഡിക വ്യക്തമാക്കുന്നത്. പ്രസ്തുത നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. മുസ്തഫ കമാലിന്റെ കാലത്ത് സമൂഹത്തിന്റെ ധാര്‍മിക സുരക്ഷക്കും യുവാക്കള്‍ വഴിപിഴക്കാതിരിക്കുന്നതിനും വിവാഹം എളുപ്പമാക്കുന്നതിനും സ്വീകരിച്ചിരുന്ന നിയമത്തിന്റെ ചില വശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സദാചാരവും ചാരിത്ര്യവും ഒരു സാമൂഹ്യ വിഷയമാണ്. അതുറപ്പാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ വീട്ടിലും സ്‌കൂളിലും സമൂഹത്തിലും ഉണ്ടാവേണ്ടതുണ്ട്. ഒരു കാര്യം തെറ്റാണെന്നോ നിഷിദ്ധമാണെന്നോ യുവാക്കളോട് പറയുന്നത് കൊണ്ട് മാത്രം അത് പൂര്‍ത്തിയാവുന്നില്ല. സമ്പൂര്‍ണമായ സന്താന പരിപാലന വ്യവസ്ഥയിലൂടെ മാത്രമേ സദാചാര തകര്‍ച്ചയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനാവൂ.

ബ്രോക്കര്‍

കച്ഇടനിലക്കാരന്‍ചവടത്തില്‍ ഇടനിലക്കാരായി ബ്രോക്കര്‍മാര്‍ ഉണ്ടാകുന്നത് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നുണ്ടോ ?

മറുപടി : കച്ചവടത്തിലോ മറ്റ് വ്യാപാര ഇടപാടുകളിലോ മധ്യവര്‍ത്തിയായി ഒരാളുണ്ട് എന്നതിലും അയാള്‍ തന്റെ ജോലിക്ക് പ്രതിഫലം വാങ്ങുന്നതിലും പ്രശ്‌നമില്ല. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യാന്‍ പാടില്ല.

കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും സൗജന്യമായി ലഭിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. പ്രവാചകന്‍ (സ) ചര്യയില്‍ ഇതിന് ഉദാഹരണമുണ്ട്. പ്രവാചകന്‍ (സ)യുടെ കാലത്ത് ഒരാള്‍ തന്റെ സാധനങ്ങള്‍ വില്‍ക്കുന്നതിനായി മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. മറ്റൊരാള്‍ അയാള്‍ മാര്‍ക്കറ്റിലെത്തുന്നതിന് മുമ്പ് അയാളോട് കച്ചവടത്തില്‍ ഏര്‍പെടാന്‍ ശ്രമിച്ചു. ചെറിയ വിലക്ക് അയാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വലിയ വിലക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ അയാളെ തടഞ്ഞു. (ബുഖാരി)

വില്‍ക്കുന്നവന്‍ മാര്‍ക്കറ്റിലെത്തി നിലവിലെ മാര്‍ക്കറ്റ് നിലവാരത്തിനനുസരിച്ച് ചരക്ക് വില്‍ക്കേണ്ടതിനായിരുന്നു പ്രവാചകന്‍ മാര്‍ക്കറ്റിന് പുറത്തുള്ള വില്‍പനയെ തടഞ്ഞത്. ജനങ്ങള്‍ക്ക് മുതല്‍ മുടക്കില്ലാതെ കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമായിരുന്നെങ്കില്‍ പ്രവാചകന്‍ അപ്രകാരം അദ്ദേഹത്തെ തടയുമായിരുന്നില്ല. ഇന്നത്തെ സങ്കീര്‍ണമായ സാമ്പത്തിക ക്രമത്തില്‍ മധ്യവര്‍ത്തികളായ ബ്രോക്കന്മാരെ പൂര്‍ണമായും ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ അത്തരത്തിലുള്ള ബ്രോക്കന്മാരെ നിയന്ത്രിക്കാനും സൗജന്യമായി വിവരങ്ങള്‍ ലഭിക്കുന്ന മറ്റു സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനും സാധിക്കും

കുട്ടികളിലെ അക്രമവാസന പരിഹരിക്കാം

കുദേഷ്യംഅക്രമണോത്സുകമായ പരിപാടികളാണ് അവന്‍ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. മറ്റൊരിക്കല്‍ എന്റെയടുത്തെത്തിയ ഭര്‍ത്താവിന്റെ പ്രശ്‌നം ഭാര്യയുടെ അക്രമണ സ്വഭാവവും പെരുമാറ്റത്തിലെ പരുഷതയുമായിരുന്നു. അവളുടെ ചെറുപ്പകാലത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉമ്മ അവളെ വല്ലാതെ അടിക്കാറുണ്ടായിരുന്നു എന്നതാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നിത്യവും നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. കുട്ടികളില്‍ അക്രമണോത്സുക സ്വഭാവം കാണുമ്പോള്‍ അത് പരിഹരിക്കാന്‍ സഹായകമാകുന്ന ഏതാനും കാര്യങ്ങളാണ് വായനക്കാരന്റെ മുന്നില്‍ വെക്കുന്നത്.

1. അക്രമണോത്സുക സ്വഭാവത്തിന്റെ കാരണമെന്താണെന്ന് നാം അന്വേഷിക്കണം. ഒരുപക്ഷേ അത് അവര്‍ കാണുന്ന അക്രമണോത്സുകത വളര്‍ത്തുന്ന ടെലിവിഷന്‍ പരമ്പരകളോ സിനിമകളോ ആവാം. അക്രമ സ്വഭാവത്തിനുടമകളായ മാതാപിതാക്കളോ ബന്ധുക്കളോ ആയ ആരെങ്കിലും ഉണ്ടാക്കിയ സ്വാധീനമോ ആവാം. ഒരിക്കല്‍ അക്രമത്തിന്റെ രീതി സ്വീകരിച്ച് അതിലൂടെ തന്റെ ആവശ്യം നേടിയെടുത്ത് തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആ രീതി തന്നെ അവംലംബിക്കുന്നവരുമാകാം. അവരുമായി സംസാരിച്ച് ടെലിവിഷന്‍ പരമ്പരകളെയും വ്യക്തികളെയും അനുകരിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് പ്രധാനം.

2. നമ്മുടെ പ്രവാചകന്‍(സ) തന്നോട് ദ്രോഹം ചെയ്തവരോടും തെറ്റുകാരോടും എങ്ങനെയായിരുന്നു പ്രതികരിച്ചിരുന്നതെന്ന് അക്രമണോത്സുക സ്വഭാവമുള്ള വ്യക്തിയെ ബോധ്യപ്പെടുത്തണം. ചില സന്ദര്‍ഭങ്ങില്‍ തന്റെ അവകാശം വാങ്ങിയിരുന്ന നബി(സ) ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണ് ചെയ്തിരുന്നത്. മറ്റു ചിലപ്പോള്‍ പുറമെ നിന്നുള്ള മറ്റൊരാളുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് ചെയ്തിരുന്നത്. എല്ലായ്‌പ്പോഴും ഒരുപോലെയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യം ‘യാതൊന്നിലും സൗമ്യതയുണ്ടാകില്ല, അത് അതിനെ അലങ്കരിച്ചിട്ടല്ലാതെ. യാതൊന്നില്‍ നിന്നും സൗമ്യത ഊരിപ്പോകുന്നില്ല, അതിനെ വിരൂപമാക്കിയട്ടല്ലാതെ’ എന്നാണ്.

3. ഒരു കുട്ടി അല്ലെങ്കില്‍ വ്യക്തി അക്രമസ്വഭാവം വെടിയണമെന്ന നിര്‍ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ അവനിഷ്ടപ്പെട്ട കാര്യങ്ങള്‍ വിലക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ അവന്‍ ശാരീരികമായോ വാക്കുകളാലോ ഉപദ്രവിച്ചവരോട് ക്ഷമാപണം നടത്താന്‍ അവനെ നിര്‍ബന്ധിക്കാം.

4. കുട്ടികളെ അക്രമി, തെമ്മാടി, വികൃതി എന്നൊന്നും വിളിക്കരുത്. മാറ്റിയെടുക്കാന്‍ പറ്റാത്തവിധം ആ ഗുണങ്ങള്‍ കുട്ടിയില്‍ ഉറച്ചു പോകുന്നതിനത് കാരണമാകും.

5. ശക്തി പ്രകടിപ്പിക്കാന്‍ കുട്ടികളില്‍ ഉണ്ടാവുന്ന താല്‍പര്യം കായികശേഷി ആവശ്യമുള്ള വിനോദങ്ങളില്‍ അവരെ പങ്കെടുപ്പിച്ചു കൊണ്ട് പരിഹരിക്കണം. മാര്‍ഷല്‍ ആര്‍ട്‌സുകളും മലകയറ്റം, ഓട്ടമത്സരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണ്. അക്രമപ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്ന കുട്ടിയിലെ ഊര്‍ജ്ജത്തെ ഇത്തരത്തില്‍ തിരിച്ചു വിടാം.

6. കുട്ടിയെ ശ്രവിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കല്‍ അക്രമണോത്സുകതക്ക് ചികിത്സ നല്‍കുന്നതില്‍ വളരെ പ്രധാനമാണ്. അവരിലുള്ള ആത്മസംഘര്‍ഷങ്ങളുമായി അവര്‍ ഒറ്റപ്പെടുന്നതും താന്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നതലും മറ്റുള്ളവരുമായിട്ടുള്ള അമിതമായ താരതമ്യവുമാണ് മിക്കപ്പോഴും അക്രമണോത്സുകതയുടെ കാരണങ്ങളായി മാറാറുണ്ട്.

7. കുട്ടിയുടെ അക്രമണോത്സുകതയെ ചികിത്സിക്കുന്ന ആള്‍ അക്രമണോത്സുകനാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന്റെ പേരില്‍ അവനെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം അക്രമമാണെന്ന പാഠമാണ് പകര്‍ന്നു നല്‍കുന്നത്. കള്ളത്തെ കള്ളം കൊണ്ട് ചികിത്സിക്കുന്നത് പോലെയാണത്. സ്വഭാവം കൂടുതല്‍ ചീത്തയാക്കുകയാണത് ചെയ്യുക. എന്തിന് അത് ചെയ്തു എന്ന് അവനോട് ചോദിക്കുകയും സംവദിക്കുകയുമാണ് വേണ്ടത്. പിന്നെ അക്രമണത്തിന്റേതല്ലാത്ത രീതിയില്‍ എങ്ങനെ തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാമെന്ന് അവനെ പഠിപ്പിക്കണം.

8. പലപ്പോഴും ആക്രമണ സ്വഭാവം ദേഷ്യപ്രകടനത്തിന്റെ ഭാഗമായിട്ടാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ദേഷ്യമെന്ന വികാരത്തെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് കുട്ടിയെ പഠിപ്പിക്കണം. ദേഷ്യം വരുമ്പോള്‍ എന്തു ചെയ്യണമെന്നും അതിന്റെ ശരിയായ പ്രകടനം എങ്ങനെയാണെന്നും അവന് മനസ്സിലാക്കാന്‍ സാധിക്കണം.

9. മക്കളോടുള്ള മാതാപിതാക്കളുടെ ഉച്ചത്തിലുള്ള ശകാരവും അട്ടഹാസവും നിര്‍ത്തേണ്ടത് കുട്ടികളിലെ അക്രമണോത്സുകതക്കുള്ള ചികിത്സയില്‍ വളരെ പ്രധാനമാണ്. സ്വഭാവം മാറ്റുന്നതിലുള്ള പ്രധാന മാര്‍ഗമാണ് അതിന് മാതൃകയാവല്‍.

10. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ പലപ്പോഴും അവഗണിക്കുന്ന ആയുധമാണ് പ്രാര്‍ഥന. സന്താനപരിപാലനത്തില്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹരിക്കാനാവാത്ത കാര്യങ്ങള്‍ പ്രാര്‍ഥനകളാല്‍ പരിഹരിക്കപ്പെട്ട എത്രയോ സംഭവങ്ങളുണ്ട്. മക്കള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന മൂന്ന് പ്രാര്‍ഥനകളിലൊന്നാണെന്ന് പ്രവാചകന്‍(സ) നമ്മോട് പറഞ്ഞിരിക്കുന്നു. മര്‍ദിതന്റെ പ്രാര്‍ഥനയും യാത്രക്കാരന്റെ പ്രാര്‍ഥനയുമാണ് മറ്റു രണ്ടെണ്ണം.