Category Archives: അനുഭവം

ഭാവിലോകം മുസ്‌ലിംകളുടേത് – റഷ്യന്‍ ഓര്‍തഡോക്‌സ് പുരോഹിതന്‍

മോസ്‌കോ: ഭാവിലോകം മുസ്‌ലിംകളുടേതായിരിക്കുമെന്ന് റഷ്യന്‍ ഓര്‍തഡോക്‌സ് ആര്‍ച് പുരോഹിതനായ ദ്മിത്രി സ്മിര്‍നോവ്. തിരിച്ച് എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കാത്ത ദാനധര്‍മങ്ങളും മനുഷ്യക്ഷേമപ്രവര്‍ത്തനങ്ങളും ചെയ്യുന്നത് മുസ്‌ലിംകള്‍ മാത്രമാണെന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. വൃദ്ധയായ ക്രൈസ്തവവനിത തന്നോട് പങ്കുവെച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് താനിത് പറയുന്നത്. വൃദ്ധയെ ചര്‍ച്ചില്‍ കൊണ്ടാക്കുന്ന മുസ്‌ലിം ടാക്‌സി ഡ്രൈവര്‍മാര്‍ ഒരിക്കലും പൈസ വാങ്ങിയിരുന്നില്ലെന്നും എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് പൈസ മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആത്മവിമര്‍ശമുന്നയിച്ചു. ‘ഒരു കുട്ടി തന്റെ അമ്മയില്‍നിന്ന് പൈസ ആവശ്യപ്പെടില്ല. പ്രത്യേകിച്ചും അവര്‍ പ്രാര്‍ഥനക്കായി പോകുമ്പോള്‍ എന്നാണ് മുസ്‌ലിം ഡ്രൈവര്‍മാര്‍ പറയുക. അതേസമയം ക്രിസ്ത്യന്‍ഡ്രൈവര്‍മാര്‍ പറയുക’ഇതെന്റ ജോലിയാണ്’ എന്നാണ്’ – ദ്മിത്രി സ്മിര്‍നോവ് പറഞ്ഞു.

‘വാസ്തവത്തില്‍ മുസ്‌ലിം ആഘോഷവേളയില്‍ അവരുടെ പ്രാര്‍ഥനാസ്ഥലങ്ങളിലേക്ക് കടന്നുചെല്ലാന്‍ ആളുകള്‍ ഭയപ്പെടുന്നു. പതിനായിരക്കണക്കായ മുസ്‌ലിംചെറുപ്പക്കാര്‍ സാഷ്ടാംഗംവീണ് ദൈവത്തോട് പ്രാര്‍ഥിക്കുന്ന കാഴ്ചയാണ് അവരെ ഭയപ്പെടുത്തുന്നത്. അതേസമയം നമ്മുടെ ചെറുപ്പക്കാര്‍ എവിടെയാണ്?’ ദ്മിത്രി സ്മിര്‍നോവ് വിശ്വാസികളോടായി ചോദിച്ചു.

റമദാന് ശേഷം എന്ത്?

റമദാന് ശേഷം എന്ത്?

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ശേഷം എന്താണ് നമ്മുടെ സ്ഥിതി? റമദാനിനെ നാം നന്നായി തന്നെ സ്വീകരിച്ചു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ വളരെ ഭംഗിയായും കൃത്യമായും ചെയ്തതിനു പുറമെ സുന്നത്തുകളും നിര്‍വഹിച്ചു. ആരാധനകളുടെ മാധുര്യം ആസ്വദിച്ചു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്തു. എല്ലാ നമസ്‌കാരങ്ങളും ജമാഅത്തായി തന്നെ നമസ്‌കരിച്ചു. അല്ലാഹു വിരോധിച്ച മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടു നിന്നു.

എന്നാല്‍ റമദാനിനു ശേഷം നമ്മുടെ അവസ്ഥ അങ്ങനെതന്നെയാണോ? റമദാനില്‍ ഇബാദത്തുകളില്‍ നാം കാണിച്ച ആവേശം റമദാന് ശേഷവും നമുക്കുണ്ടോ? ആ ആരാധനകളില്‍ നിന്ന് നമുക്ക് ലഭിച്ച ആത്മീയ അനുഭൂതി ഇന്നും നമുക്ക് ലഭിക്കുന്നുണ്ടോ?
നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിവ. നമ്മില്‍ അധിക പേരും ഇനി മുതല്‍ സുബ്ഹിന്റെ ജമാഅത്തില്‍ പങ്കെടുക്കില്ല. നമ്മില്‍ എത്ര പേര്‍ ഖുര്‍ആന്‍ പാരായണം ഇനിയും തുടരും? റമദാനില്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കാണിച്ച ശുശ്കാന്തി ഇനി നമ്മില്‍ എത്ര പേര്‍ക്കുണ്ടാവും? സംശയമില്ല. ഇനി നമ്മില്‍ അധിക പേരും സുന്നത്തുകള്‍ നിര്‍വഹിക്കുകയില്ല. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് നാം മോചനം ആഗ്രഹിക്കുന്നുണ്ടോ? റമദാനിന്റെ ആത്മീയ ചൈതന്യവും, ഭയ ഭക്തിയും തുടര്‍ന്നും നില നിര്‍ത്തണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? റമദാനില്‍ നാം അനുഷ്ഠിച്ച കര്‍മ്മങ്ങള്‍ക്ക് ലഭിച്ച ഇരട്ടിയിരട്ടി പ്രതിഫലങ്ങള്‍ നമുക്കിനി പ്രതീക്ഷിക്കാന്‍ വയ്യ. എന്നു കരുതി, ഇനി നമ്മുടെ നന്മകളും ഇബാദത്തുകളും കുറയ്ക്കാമെന്നാണോ?
റമദാന്‍ അവസാനിക്കുന്നതോടെ നമ്മുടെ അനുഷ്ഠാനങ്ങളില്‍ നാം നിര്‍വഹിക്കാതിരിക്കുന്നത് നോമ്പും തറാവീഹ് നമസ്‌കാരവും മാത്രമാണ്. എന്നാല്‍ നോമ്പു കാലത്തും നാം ചെയ്ത നിരവധി സല്‍ക്കര്‍മ്മങ്ങളും ഇബാദത്തുകളും ജീവിതത്തില്‍ ഇനിയും തുടരേണ്ടതുണ്ട്. അല്ലങ്കില്‍ റമദാന്റെ യഥാര്‍ത്ഥ ഉദ്ധേശ്യം നിറവേറ്റപ്പെടാതെ പോകും. ഈ മാസത്തിലൂടെ നാം സംഭരിച്ച ഈമാനിക ആവേശവും ഊര്‍ജ്ജവും വരുന്ന പതിനൊന്ന് മാസക്കാലത്തെക്കും ഉപയോഗപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഈ മാസം അവസാനിക്കുന്നതോടെ നിലച്ചു പോകേണ്ടതല്ല നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍.
റമദാനിന് ശേഷം നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്ഥിരതയുണ്ടാകാനും, റമദാനിലൂടെ നാം നേടിയെടുത്ത ആത്മീയ ഔന്നിത്യം നില നിര്‍ത്തുവാനുമുള്ള ചില നിര്‍ദേശങ്ങളാണ് ചുവടെ. ഇതില്‍ ഏറ്റവും പ്രധാനം കര്‍മ്മങ്ങളെ തുടര്‍ച്ചയായി ചെയ്യാനും അതില്‍ സ്ഥിരത നില നിര്‍ത്താനുമുള്ള സഹായം അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കുകയെന്നതാണ്. അല്ലാഹുവിന്റെ സന്മര്‍ഗവും അതില്‍ തന്നെ ഉറച്ച് നില്‍ക്കാനുള്ള ഉതവിയും തേടിക്കൊണ്ടിരിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ‘ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ, നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.’
2. അല്ലാഹുവിന്റെ ദീനിനെ കുറിച്ചും പ്രവാചക സുന്നത്തിനെ കുറിച്ചും കൂടുതല്‍ പഠിക്കുക. അത്തരം ക്ലാസ്സുകളില്‍, സംരംഭങ്ങളില്‍ പങ്കാളികളാവുക. ആ ഈമാനികാവേശം നിലനിര്‍ത്തുക.
3. സഹാബികളുടെയും മഹാന്മാരുടെയും ചരിത്രം സ്മരിക്കുക. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗ്ഗത്തില്‍ അവരര്‍പ്പിച്ച ത്യാഗ പരിശ്രമങ്ങള്‍ മനസ്സിലാക്കി അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുക.

dinlen_kare_13
റമദാനിന് യാത്രയയപ്പ്

പ്രിന്റ് ഈ മെയിdinlen_kare_13
സുകൃതങ്ങളുടെ മാസം അതിന്റെ താളുകള്‍ മടക്കി, ചമയങ്ങളഴിച്ച് വെച്ചിരിക്കുന്നു. അതിന്റെ വേര്‍പാടില്‍ നാം വേദനിക്കേണ്ടതുണ്ട്. അതിനെ യാത്രയാക്കുമ്പോള്‍ കണ്ണുകള്‍ നിറയേണ്ടതുണ്ട്.
റമദാന്റെ വേര്‍പാടില്‍ നാമെങ്ങനെ വേദനിക്കാതിരിക്കും! ഇനിയൊരു റമദാന്‍ നമുക്ക് ലഭിക്കുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. റമദാന്‍ യാത്രയാവുമ്പോള്‍ നമ്മുടെ കണ്ണുകള്‍ എങ്ങനെ നിറയാതിരിക്കും! റമദാനിലെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല. റമദാനില്‍ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും മാസം അകന്നുപോകുമ്പോള്‍ നാം വേദനിക്കാതിരിക്കുന്നതെങ്ങിനെ?

ചിലര്‍ ആദരിക്കുകയും വേറെചിലര്‍ അപമാനിക്കുകയും ചെയ്ത റമദാന്‍ മടങ്ങിയിരിക്കുന്നു. ഒരു പക്ഷേ അത് നമുക്ക് അനുകൂല സാക്ഷിയോ പ്രതികൂല സാക്ഷിയോ ആയേക്കാം. നോമ്പെടുത്ത് നമസ്‌കരിച്ച് സദ്കൃത്യങ്ങള്‍ ചെയ്ത് റമദാനെ ആദരിച്ചവര്‍ക്ക് അത് അനുകൂലസാക്ഷ്യം നല്‍കുന്നതാണ്. തിന്മചെയ്തും, വീഴ്ച വരുത്തിയും, അതിനെ അവഗണിച്ചവര്‍ക്ക് പ്രതികൂല സാക്ഷിയായിരിക്കും അത്.
റമദാന്‍ അല്ലാഹു നല്‍കിയ മഹത്തായ ഓഫറുകളുള്ള കമ്പോളമായിരുന്നു. അതില്‍ ലാഭം കൊയ്തവര്‍ നേട്ടം കൈവരിക്കുകയും, നഷ്ടപ്പെട്ടവര്‍ ദൗര്‍ഭാഗ്യവാന്മാരായിത്തീരുകയും ചെയ്തിരിക്കുന്നു.
റമദാന്‍ യാത്രയായിരിക്കുന്നു. വിജയികളുടെ ഹൃദയങ്ങള്‍ സന്തോഷം നിറഞ്ഞൊഴുകുന്നു. കര്‍മങ്ങള്‍ സ്വീകരിച്ചവരുടെ ജീവിതം ആനന്ദപൂര്‍ണമായിരിക്കുന്നു. കുറ്റവാളികളുടെ ജീവിതം എത്ര നിന്ദ്യകരമാണ്! വീഴ്ച വരുത്തി തെറ്റുകള്‍ ചെയ്തവര്‍ അപമാനിക്കപ്പെട്ടവര്‍ തന്നെ.
റമദാനുവേണ്ടി നാം എന്തെല്ലാം കര്‍മങ്ങള്‍ സമര്‍പിച്ചുവെന്ന കാര്യത്തില്‍ നാം ഗൗരവതരമായ ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. റമദാനില്‍ നാം എന്തെല്ലാം പ്രയോജനങ്ങള്‍ കരഗതമാക്കി? എന്തെല്ലാം വീഴ്ചകള്‍ വരുത്തി? നന്മ ചെയ്തവന്‍, അവയില്‍ പ്രതീക്ഷയുള്ളവന്‍ അല്ലാഹുവിനെ വാഴ്‌ത്തെട്ട. കര്‍മങ്ങള്‍ സ്വീകരിക്കാനും, നന്മയില്‍ മുന്നേറാനും അവന്‍ നാഥനോട് പ്രാര്‍ത്ഥിക്കട്ടെ. വീഴ്ച വരുത്തിയവന്‍ നാഥങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും കര്‍മനിരതനായി മുന്നോട്ടുവരികയും ചെയ്യട്ടെ.
നോമ്പുകാരന്‍ എത്ര വേഗത്തിലാണ് റമദാനെ യാത്രയാക്കുന്നത്! എത്ര പെട്ടന്നാണ് റമദാന്‍ കഴിഞ്ഞുപോവുന്നത്! ചിന്തിക്കുന്നവര്‍ക്ക് തീര്‍ത്തും ദൃഷ്ടാന്തമുണ്ടതില്‍. ‘അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്’. (അന്നൂര്‍ 44.) കഴിഞ്ഞ ദിവസം നാം റമദാനെ സ്വീകരിക്കുകയായിരുന്നു, അതിനെ നമ്മിലെത്തിക്കാന്‍ ലോകതമ്പുരാനോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഇന്ന് നാം വേദനയോടെ അതിനെ യാത്രയാക്കുന്നു. അതിന്റെ വേര്‍പാടില്‍ ദുഖം പങ്കുവെക്കുന്നു. എത്ര പെട്ടന്നാണ് ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയത്! എത്ര വേഗത്തിലാണ് മാസങ്ങളും വര്‍ഷങ്ങളും കടന്നുപോവുന്നത്!
ആയുസ് എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാനാവില്ല. അവയൊരിക്കലും മടങ്ങി വരികയുമില്ല. അതിനാല്‍ ജീവിതത്തിലെ ദിനങ്ങളെ അവ നഷ്ടപ്പെടുംമുമ്പ് നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് പറഞ്ഞത് ഇപ്രകാരമാണ്:’രാപ്പകലുകള്‍ നിന്നില്‍ പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. അതിനാല്‍ നീ അവയില്‍ കര്‍മനിരതനാകുക’.
കര്‍മങ്ങള്‍ വിലയിരുത്തപ്പെടുന്നത് അതിന്റെ അവസാനങ്ങളിലാണ്. അതിനാല്‍ റമദാന്റെ പര്യവസാനം പാപമോചനവും പശ്ചാത്താപവും നിറയട്ടെ. സല്‍കര്‍മങ്ങളുടെ അവസാനമാണ് പാപമോചനം. അല്ലാഹു തന്റെ പ്രവാചകനോട് പറഞ്ഞത് ഇപ്രകാരമാണ് :’അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍; നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്’.(അന്നസ്വ്ര്‍)
ഹജ്ജ് നിര്‍വഹിച്ചവരോട് അതിനുശേഷം പാപമോചനം തേടാനാണ് അല്ലാഹു കല്‍പിച്ചത്. ‘പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ’.(അല്‍ബഖറ 199).
കര്‍മത്തെ ഏറ്റവും നല്ല രൂപത്തില്‍ പൂര്‍ത്തീകരിക്കുന്നതിലായിരുന്നു പൂര്‍വ സൂരികള്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ തിരസ്‌കരിക്കപ്പെടുമോയെന്ന് അവര്‍ ഭയന്നിരുന്നു. വിശ്വാസികളെ വിശേഷിപ്പിച്ച് കൊണ്ട് അല്ലാഹു പറയുന്നു:’തങ്ങളുടെ നാഥങ്കലേക്ക് തിരിച്ചുചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനം ചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍’.(അല്‍മുഅ്മിനൂന്‍ 60).
റമദാനെ യാത്രയാക്കുമ്പോള്‍ കര്‍മങ്ങളുടെ സ്വീകാര്യതയെക്കുറിച്ച ആശങ്ക നമ്മെ അലട്ടിയേ മതിയാകൂ. അലി(റ) പറയുന്നു:’കര്‍മങ്ങളേക്കാള്‍ നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത് അതിന്റെ സ്വീകാര്യതയിലാണ്. അല്ലാഹു പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ ‘തീര്‍ച്ചയായും ദൈവബോധമുള്ളവരില്‍ നിന്നാണ് അവന്‍ -കര്‍മങ്ങള്‍- സ്വീകരിക്കുക’.

ബംഗ്ലാദേശ് : മതേതരത്വത്തിന്റെ മറവില്‍ നീതിനിഷേധം

glm-asamപട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, ശിശുമരണം, നിരക്ഷരത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ലോകത്തേറ്റവും മോശമായ രാജ്യങ്ങളിലൊന്നായ ബംഗ്‌ളാദേശില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഹസീന വാജിദിന്റെ അവാമി ലീഗ് സര്‍ക്കാര്‍ ഭരണത്തിന്റെ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ, ജീവല്‍പ്രധാനമായ ഈ യാഥാര്‍ഥ്യങ്ങളുടെ നേരെ തീര്‍ത്തും കണ്ണടച്ചു കഴിഞ്ഞ അഞ്ചുവര്‍ഷം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത് ഒരേയൊരു കാര്യത്തില്‍ മാത്രം; രാഷ്ട്രീയ പ്രതിയോഗികളെ, വിശിഷ്യ ഇസ്‌ലാമിക പാര്‍ട്ടികളെ വകവരുത്തുക എന്ന ഏകയിന അജണ്ടയില്‍. 1971ല്‍ പാകിസ്താനുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്ര ബംഗ്‌ളാദേശ് രൂപവത്കരിക്കാന്‍ കിഴക്കന്‍ പാകിസ്താനില്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ മുക്തി ബാഹിനി ഇന്ത്യന്‍ സൈന്യത്തിന്റെ പൂര്‍ണ സഹകരണത്തോടെ നടത്തിയ യുദ്ധത്തില്‍ പാകിസ്താനോടും പാക് സൈന്യത്തോടുമൊപ്പം നിന്നവരെ രാജ്യദ്രോഹികളും യുദ്ധക്കുറ്റവാളികളുമായി പ്രഖ്യാപിച്ചുകൊണ്ട്, അവരില്‍ അവശേഷിച്ചവരെ പിടികൂടി വിചാരണ ചെയ്ത് പരമാവധി ശിക്ഷ നല്‍കാന്‍ അന്താരാഷ്ട്ര യുദ്ധക്കുറ്റ െ്രെടബ്യൂണല്‍ സ്ഥാപിച്ചതാണ് ഹസീനാ സര്‍ക്കാര്‍ അഭിമാനപൂര്‍വം എടുത്തുപറയുന്ന മഹത്കൃത്യം.

ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ പിളര്‍ത്തി മറ്റൊരു രാഷ്ട്രം സ്ഥാപിക്കാനുള്ള യത്‌നം സ്വാതന്ത്ര്യസമരമാവുന്നതും വിഘടനവാദമാവുന്നതും കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. അവാമി ലീഗിന്റെ കാഴ്ചപ്പാടുതന്നെയായിരുന്നു ശരി എന്ന് ബംഗ്‌ളാദേശിന്റെ കാര്യത്തില്‍ സമ്മതിച്ചുകൊടുത്താലും നാല്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, മറുപക്ഷത്തുനിന്നവരെന്ന് ആരോപിക്കപ്പെടുന്നവരെ പിടികൂടി സ്വതന്ത്രവും നീതിപൂര്‍വവുമായി വിചാരണപോലും നടത്താതെ അതിക്രൂരമായി ശിക്ഷിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും എന്നതാണ് ചോദ്യം. ബംഗ്‌ളാദേശിലെ ഏറ്റവും ശക്തവും സുഘടിതവുമായ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയാണിവിടെ പ്രതിക്കൂട്ടില്‍. കഴിഞ്ഞ ഖാലിദാ സിയ സര്‍ക്കാറില്‍ പങ്കാളിയായിരുന്ന ഈ പാര്‍ട്ടിയോടൊപ്പം പട്ടാളഭരണത്തിനെതിരെ ജനാധിപത്യ പുനസ്ഥാപനത്തിനായി പ്രക്ഷോഭം നടത്തിയ ചരിത്രം അവാമി ലീഗിനുണ്ട്. 1991ല്‍ പതിനെട്ട് എം.പിമാരുണ്ടായിരുന്ന ജമാഅത്തെ ഇസ്‌ലാമിയെ മൂന്നു മന്ത്രിസ്ഥാനം ഓഫര്‍ നല്‍കി ഭരണപങ്കാളിത്തത്തിന് ഹസീന വാജിദ് ക്ഷണിച്ചതും മറക്കാന്‍ സമയമായിട്ടില്ലാത്ത സംഭവം. യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ െ്രെടബ്യൂണല്‍ നിയമം കൊണ്ടുവന്നത് 1973ലാണ്. അതില്‍പിന്നെ അവാമി ലീഗ് പലവട്ടം അധികാരത്തില്‍ വന്നിട്ടുണ്ട്. അപ്പോഴൊന്നും ജമാഅത്ത് നേതാക്കളെ ശിക്ഷിക്കാന്‍ മെനക്കെടാതിരുന്ന അവാമി ലീഗ് സര്‍ക്കാര്‍ ഇത്തവണ അതിന് തയാറായതിന്റെ പിന്നില്‍ കടുത്ത പ്രതിവാഞ്ഛക്കപ്പുറം രാഷ്ട്രാന്തരീയ ഗൂഢാലോചനയും ശക്തമായ ബാഹ്യപ്രേരണയുമുണ്ടെന്ന് വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താന്‍ വയ്യ.

ബംഗ്‌ളാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായിരുന്ന പ്രഫസര്‍ ഗുലാം അഅ്‌സമിനെ െ്രെടബ്യൂണല്‍ 90 വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശിക്ഷിച്ചതാണ് പുതിയ വാര്‍ത്ത. 91ാമത്തെ വയസ്സില്‍ ശയ്യാവലംബിയായി കഴിയുന്ന ഒരു വന്ദ്യവയോധികനെ, രാജ്യദ്രോഹം, ബലാത്സംഗം, കൂട്ടക്കൊല തുടങ്ങിയ 61 കുറ്റങ്ങള്‍ ചുമത്തി വിചാരണ പ്രഹസനം നടത്തിയ െ്രെടബ്യൂണല്‍ അദ്ദേഹത്തിന് വധശിക്ഷ വിധിക്കാഞ്ഞത് പ്രായം പരിഗണിച്ചാണത്രേ! ഇപ്പറഞ്ഞ കുറ്റകൃത്യങ്ങളൊക്കെയും നടന്നകാലത്ത് ഗുലാം അഅ്‌സം രാജ്യത്തുണ്ടായിരുന്നതേയില്ല എന്ന സത്യം പാടെ മറച്ചുവെച്ചാണ് വിധി. വിചാരണയിലെ നീതിബോധവും നിഷ്പക്ഷതയും ശക്തമായി ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. പ്രോസിക്യൂഷന്‍ ഭാഗത്ത് എത്രപേരെ വേണമെങ്കിലും സാക്ഷികളായി ഹാജരാക്കാം. ഗുലാം അഅ്‌സമിനെതിരെ 16 സാക്ഷികളാണ് വിസ്തരിക്കപ്പെട്ടത്. എന്നാല്‍, പ്രതിഭാഗം സാക്ഷിയായി ഗുലാം അഅ്‌സമിന്റെ മകന്‍ മാത്രമാണ് ഹാജരാക്കപ്പെട്ടത്! വിചാരണ പ്രഹസനം നടത്തിയ െ്രെടബ്യൂണലിന് പേരിട്ടത് ഇന്റര്‍നാഷനല്‍ വാര്‍ െ്രെകംസ് െ്രെടബ്യൂണല്‍ എന്നായിരുന്നെങ്കിലും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം അതിന് ലഭിച്ചിട്ടില്ല. നിരവധി മനുഷ്യാവകാശ സംഘടനകള്‍ അതിന്റെ സാധുത ചോദ്യം ചെയ്തിട്ടുമുണ്ട്. പ്രതിഭാഗം അഭിഭാഷകര്‍ക്ക് നിയമോപദേശം നല്‍കിക്കൊണ്ടിരുന്ന ലണ്ടനിലെ ടോബി കാഡ്മാന്‍ എന്ന നിയമവിദഗ്ധന് ബംഗ്‌ളാദേശിലേക്ക് പ്രവേശിക്കാനോ കക്ഷികളെ കാണാനോ അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം യു.എന്‍ പ്രതിനിധിയോട് പരാതിപ്പെട്ടിട്ടുണ്ട്. തുടക്കം മുതല്‍ക്കേ ബംഗ്‌ളാദേശ് സര്‍ക്കാര്‍, വിചാരണയിലെ മൗലികനീതിയും ശരിയായ നടപടിക്രമവും ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. യുദ്ധക്കുറ്റങ്ങള്‍ക്കായുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്റ്റീഫന്റാപ് വിചാരണയില്‍ ‘താന്‍ സന്തുഷ്ടനല്ല’ എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാലും ഇന്ത്യയിലേത് ഉള്‍പ്പെടെ രാഷ്ട്രാന്തരീയ മീഡിയ പൊതുവെ ബംഗ്‌ളാദേശിലെ ഈ ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിന്റെയും നീതിനിഷേധത്തിന്റെയും പക്ഷത്താണ്. കാരണം ഹസീനാ സര്‍ക്കാര്‍ മുന്നില്‍ ‘മതേതരം’ എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു. മുസ്‌ലിം രാജ്യങ്ങളില്‍ മതേതരം എന്ന ബാനറില്‍ ആര് എന്തു ചെയ്താലും ന്യായീകരിക്കപ്പെടും എന്നതാണല്ലോ ഈജിപ്തില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട ജനകീയ പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുതല്‍ ബംഗ്‌ളാദേശിലെ ഗുലാം അഅ്‌സം വരെയുള്ളവരുടെ അനുഭവം വിളിച്ചോതുന്നത്.
കടപ്പാട് : madhyamam.com

ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ മടങ്ങുന്നു

mursi-by-people-2
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്
സൈനിക അട്ടിമറി നടത്തി മുര്‍സിയെ പുറത്താക്കുയും തടവിലാക്കുകയും ചെയ്ത സൈനിക തലവന്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ നടപടി ഒട്ടും ശരിയല്ലാത്തതാണ്. എന്നാല്‍ ഈജിപ്ത് അതിന്റെ ജനതയുടെ രക്തവും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും അതിന് വിലയായി നല്‍കേണ്ടി വരുമെന്നതാണ് പ്രശ്‌നം. എല്ലാ തരത്തിലും ഇത് ദുരന്തം തന്നെയാണ്.

തന്റെ ചുരുങ്ങിയ ഭരണകാലയളവില്‍ മുര്‍സിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. പ്രസ്തുത തെറ്റുകള്‍ എത്ര തന്നെ വലുതാണെങ്കിലും സൈന്യത്തിന്റെയും അതിന്റെ അട്ടിമറിയുടെയും തെറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ നിസ്സാരമാണ്. രാജ്യത്ത് രക്തപുഴ ഒഴുകുന്നതിനും നൂറുകണക്കിന് ഒരുപക്ഷേ ആയിരക്കണക്കിന് ജീവനുകള്‍ ഹനിക്കപെടാനും അത് കാരണമായേക്കാം. തങ്ങളുടെ പ്രസിഡന്റിന് തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലക്ഷകണക്കിന് ഇസ്‌ലാമിസ്റ്റുകള്‍ വ്യത്യസ്ത മൈതാനങ്ങളില്‍ നിലകൊള്ളുകയാണ്. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അക്രമത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും അതിന് മുതിര്‍ന്നേക്കാം. അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും ലിബിയയിലും യമനിലുമെല്ലാം നാമത് കണ്ടവരാണ്.

സൈന്യത്തിന്റെ പക്കല്‍ ആയുധങ്ങളും ടാങ്കുകളും വിമാനങ്ങളുമെല്ലാം ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇരമ്പി വരുന്ന ജനത്തിന് മുന്നില്‍ അവര്‍ക്കെന്ത് ചെയ്യാന്‍ സാധിക്കും. പതിനായിരകണക്കിന് ആളുകളെ അവര്‍ കൊന്നൊടുക്കുമോ?

നൂറുകണക്കിന് വര്‍ഷം നമ്മോട് ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും കുറിച്ച് ക്ലാസെടുത്ത പാശ്ചാത്യ ലോകത്തിന്റേത് കാപട്യം തന്നെയാണ്. ഇസ്രയേലിന്റെ ജനാധിപത്യത്തെയാണവര്‍ പുകഴ്ത്തുന്നത്. ജനാധിപത്യത്തിനും ബാലറ്റ് പെട്ടികള്‍ക്കും എതിരെ നടന്ന ഈ അട്ടിമറിയോട് എന്തുകൊണ്ടവര്‍ മൗനം പാലിക്കുന്നു. ഈ ജനാധിപത്യത്തില്‍ വിജയം ഇസ്‌ലാമിസ്റ്റുകള്‍ക്കായി എന്നതാണോ അതിന് കാരണം. അല്ലെങ്കല്‍ അവരുടെ രാഷ്ട്രീയവും പദ്ധതികളും പ്രദേശത്ത് നടപ്പാക്കാന്‍ സഹായകമാകുന്ന അവരുടെ മാനദണ്ഡപ്രകാരമുള്ള കക്ഷികളുടെ ഒരു ജനാധിപത്യത്തോടൊപ്പമാണോ അവര്‍? അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം ഇതില്‍ വീണു. ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ വാദിക്കുന്ന ലിബറലിസ്റ്റുകളുടെ വാദങ്ങളും തകര്‍ന്നു. തന്റെ ആദര്‍ശവും മൂല്യങ്ങളും അടിസ്ഥാനങ്ങളുമെല്ലാം ഉപേക്ഷിച്ച് പാശ്ചാത്യന്റെ അടിസ്ഥാനങ്ങള്‍ എടുത്തണിയലാണ് പാശ്ചാത്യന്റെ വീക്ഷണത്തിലെ ലിബറലിസം. വാഷിംങ്ടണും അതിന്റെ സംരക്ഷകരും മുന്നോട്ട് വെക്കുന്നത് അതാണ്.

പാശ്ചാത്യ ലിബറലിസത്തിന്റെ ഉല്‍പന്നങ്ങളിലൊന്നായ മുഹമ്മദ് ബറാദഈ ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. സൈനിക അട്ടിമറിയെ പിന്തുണക്കുന്നതിന് വേണ്ടി താന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെയും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷണര്‍ കാതറീന്‍ അഷ്‌തോനെയും ബന്ധപ്പെട്ടിരുന്നു എന്നാണ് ബറാദഇ അതില്‍ പറഞ്ഞത്. അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം. ഇതോടൊപ്പം തന്നെ ഇസ്‌ലാമിസ്റ്റുകളോട് ചായ്‌വ് പുലര്‍ത്തുന്ന ആറ് ടെലിവിഷന്‍ ചാനലുകള്‍ അടക്കുന്നതിനും ഈ ലിബറലിസ്റ്റ് പിന്തുണ നല്‍കി.

ജനാധിപത്യത്തിന്റെയും ബാലറ്റ് പെട്ടികളുടെയും വക്താക്കള്‍ – ഇസ്‌ലാമിസ്റ്റുകളെന്ന് അവരെ നാം വിളിക്കുന്നില്ല – പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും മൈതാനങ്ങളിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തിരിച്ചു കൊണ്ടുവരാനാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിന് വേണ്ടി രക്തസാക്ഷികളാകാനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുന്നതിനും അതിന്റെ പ്രതീകങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും പകരം അതിന്റെ നിയമസാധുതയെ സഹായിക്കാന്‍ സൈന്യം രംഗത്ത് വരുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പ്രകടനങ്ങളിലൂടെയും ടി.വി സ്‌ക്രീനുകളിലൂടെയും നിയമസാധുതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നതിന് പകരം അതായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇസ്‌ലാമിക ഗ്രൂപുകളിലുള്ള തീവ്രവിഭാങ്ങള്‍ക്കാണ് സൈനിക അട്ടിമറി ഗുണം ചെയ്യുക. ജനാധിപത്യത്തെ നിരസിക്കുകയും അതിനെ ‘പാശ്ചാത്യന്‍ അനാചാരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത് അല്‍-ഖാഇദയും മറ്റ് സംഘങ്ങളുടെയും വാക്കുകള്‍ ഇതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക ഖിലാഫത്തില്‍ നിന്നുത്ഭവിക്കുന്ന ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കാന്‍ ബാലറ്റ് പെട്ടികള്‍ക്ക് പകരം ആയുധങ്ങളെയായിരിക്കും അവര്‍ അവലംബിക്കുക.

മധ്യമനിലപാട് സ്വീകരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായിരിക്കും ഇതിന് ഇരകളാവുക. അവരുടെ വാക്കുള്‍ ജനങ്ങള്‍ക്കിയില്‍ കേള്‍ക്കപ്പെടുകയില്ല. കാരണം മിതനിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അക്രമം വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗമാണവര്‍ സ്വീകരിക്കുന്നത്. തെരെഞ്ഞെടുക്കാത്ത പ്രസിഡന്റിനെ അവരോധിച്ചപ്പോഴും ശൂറാ കൗണ്‍ിസില്‍ പിരിച്ചുവിട്ടപ്പോഴും, യാതൊരു നിയമവും പാലിക്കാതെ അറസ്റ്റുകള്‍ നടന്നപ്പോഴും നാമത് കണ്ടതാണ്.

ഏത് കുറ്റത്തിന്റെ പേരിലാണ് അവര്‍ മുര്‍സിയെ വിചാരണ ചെയ്യുക, ഒരു കുറ്റവാളിയെ പോലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത്? ഒരു ജീവനെയും ഹനിക്കാത്ത, ഒരു ജുനൈഹ് പോലും മോഷ്ടിക്കാത്ത വ്യക്തിയാണദ്ദേഹം. തന്റെ സ്വന്തക്കാരെ ഒരു സ്ഥാനത്തും അദ്ദേഹം അവരോധിച്ചില്ല. റാബിഅത്തുല്‍ അദവിയ്യയിലും മറ്റിടങ്ങളിലെയും പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അനുയായികളാണ്. ഒരു മണിക്കൂറോളം അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. വിട്ടുവീഴ്ച്ചയുടേതല്ലാത്ത ഒരു പദവും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ശ്രവിച്ചിട്ടില്ല. രക്തചൊരിച്ചിലുണ്ടാകുന്നതില്‍ അതീവ ജാഗ്രത അദ്ദേഹം കാണിച്ചിരുന്നു. ഈജിപ്തിന്റെയും അതിലെ ജനങ്ങളുടെയും പ്രതാപം വീണ്ടെക്കാനായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിന്റെ വ്യാവസായിക മേഖലയെയും കാര്‍ഷിക മേഖലയെയും സജീവമാക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

ജനാധിപത്യത്തെയും പ്രസിഡന്റെ തെരെഞ്ഞെടുപ്പിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ നിലവില്‍ ഈജിപ്ത് ഭരിക്കുന്ന സൈനിക ഭരണകൂടത്തെ ആര് വിശ്വസിക്കും? തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ശൂറാ കൗണ്‍സിലിനെയും പിരിച്ചു വിട്ട് നിന്ദിച്ചവരാണവര്‍. ഈ മഹാ അപരാധത്തിന് ശേഷം ആര് ബാലറ്റ് ബോക്‌സുകളിലേക്ക് തിരിച്ചു പോകും?

ഇഖ്‌വാന്റെ പലനിലപാടുകളോടും നമുക്ക് വിയോജിപ്പുണ്ട്. അവരുടെ ഭരണത്തിലാണ് ഇസ്രയേല്‍ എംബസി അടച്ച് പൂട്ടുകയും അംബാസഡറെ പറഞ്ഞയക്കുയും ചെയ്തത്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ നില്‍ക്കാനാവില്ല. അതിന്റെ പേരില്‍ അവരില്‍ നിന്നുള്ള പ്രസിഡന്റിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുമാവില്ല. അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണം എന്നാണ് നാം ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. അദ്ദേഹത്തെ പുറത്താക്കണമെന്നുള്ളവര്‍ തെരെഞ്ഞെടുപ്പിനെയായിരുന്നു ആശ്രയിക്കേണ്ടത്.

ഈജിപ്തിലും അവിടത്തെ ജനങ്ങളിലും ഒരു ആഭ്യന്തര യുദ്ധത്തെ നാം ഭയക്കുന്നു. അവിടത്തെ ദരിദ്രരുടെ കാര്യത്തിലാണ് കൂടുതല്‍ ഭയം. പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്ന അവര്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഒരുരുള പോലും കണ്ടെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ വ്യാജ ലിബറലിസത്തെ അവര്‍ സ്വീകരിക്കില്ലെന്നു തന്നെയാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍ അതിനുള്ള വഴികള്‍ അത് തുറന്നിടും. സൈനിക അട്ടിമറി വിയോജിപ്പുകളുടെ ആഴം കൂട്ടും. രാജ്യത്തെയത് ആഭ്യന്തര യുദ്ധത്തിലേക്ക് എത്തിക്കും.

വിവ : നസീഫ് തിരുവമ്പാടി

മൂസാ(അ)യുടെ അനന്തരാവകാശികള്‍ വിപ്ലവം നയിച്ച നാട്ടിലൂടെ

മൂസാ(അ)യുടെ അനന്തരാവകാശികള്‍ വിപ്ലവം നയിച്ച നാട്ടിലൂടെ
എഴുതിയത് : റൗദ മുഹമ്മദ് യൂസുഫ്
images
ഉന്നത വിദ്യാഭ്യാസം എവിടെയായിരിക്കണം എന്നതിനെ സംബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഞാന്‍ ചിന്തിച്ച് തുടങ്ങിയിരുന്നു. അങ്ങനെയാണ് ഞാന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഈജിപ്ത് തെരെഞ്ഞടുക്കുന്നത്. അതൊരുതെറ്റായ തീരുമാനമായിരുന്നുവെന്ന് എനിക്കഭിപ്രായപ്പെടേണ്ടി വന്നിട്ടില്ല. കാരണം, ആരാജ്യം എനിക്കൊരുപാട് സുഹൃത്തുക്കളെ തന്നു, നല്ല കുറെ കാഴ്ചപാടുകളും.

ആറുവര്‍ഷം ഞാന്‍ ജീവിച്ച മൂസാ(അ)യുടെ മണ്ണ്, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിവേകമുള്ള യുവാവെന്ന നിലക്ക് എനിക്കൊരുപാട് ജീവിതാനുഭവങ്ങള്‍ തന്നു. ഞാന്‍ സന്ദര്‍ശിച്ച മറ്റു രാജ്യങ്ങളേക്കാള്‍ സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ ഈജിപ്ത് എന്റെ മൗലികചിന്തങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കി.

ആദ്യ കാല്‍വെപ്പ്
പരമ്പരാഗത മലേഷ്യന്‍ പെണ്‍കുട്ടിയായിരുന്ന ഞാന്‍ അതിന് മുമ്പ് പാശ്ചാത്യന്‍ ജീവിതരീതിയല്ലാതെ മറ്റൊന്നും പരിചയിച്ചിട്ടുണ്ടായിരുന്നില്ല. ഈജിപ്ത് എനിക്കാദ്യം അമ്പരപ്പാണ് സമ്മാനിച്ചത്. ഫഌറ്റുകളും ട്രാഫിക് സിഗ്നലുകളുമായി നിയന്ത്രിത ജീവിതം നയിച്ചിരുന്ന എനിക്ക് പൊടിപറക്കുന്ന ശബ്ദമുഖരിതമായ, ഇടുങ്ങിയ ഹോസ്റ്റല്‍ മുറികളുള്ള ഈജിപ്ത് അമ്പരപ്പുണ്ടാക്കി.

ആഫ്രിക്കയുടെ എല്ലാ വന്യതയും ഉള്‍ച്ചേര്‍ന്ന ഈജിപ്തിന്റെ ഭാഷയും സംസ്‌കാരവും ഭൂമിശാസ്ത്രപരമായ കാലാവസ്ഥകളും ഉള്‍ക്കൊള്ളുകയെന്നത് എന്നെ സംബന്ധിച്ചേടത്തോളം പ്രയാസകരമായിരുന്നു. എന്നാല്‍, ഈജിപ്തിനെ അറിയാനും പഠിക്കാനുമുള്ള ആകാംഷ ആ രാജ്യത്ത് എന്നെ വീണ്ടും പിടിച്ച് നിര്‍ത്തി.
ബുദ്ധിമുട്ട നിറഞ്ഞതായിരുന്നു ഒരുമാസത്തോളം നീണ്ട കൈറോ ജീവിതം. ഇരുപത് മില്യണ്‍ ജനങ്ങളെ പ്ലാസ്റ്റിക് കൂട്ടിനുള്ളില്‍ കുത്തിനിറച്ച പോലെ യാണ് ഈജിപ്ത് എനിക്ക് അനുഭവപ്പെട്ടത്.

മലേഷ്യയുടെ മൊത്തം ജനസംഖ്യ ഈജിപ്തിന്റെ തലസ്ഥാന നഗരിയില്‍ തന്നെയുണ്ട്.
പിന്നീട് അലക്‌സാണ്ട്രിയയിലേക്ക് മാറിയപ്പോഴാണ് ഇടുങ്ങിപ്പിടിച്ച ജീവിതത്തിന് താല്‍ക്കാലിക ആശ്വാസം ലഭിച്ചത്. കൈറോ കഴിഞ്ഞാല്‍ പ്രധാന ഭരണകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അലക്‌സാണ്ട്രിയ ഈജിപ്തിറ്റിന്റെ ആദ്യ തലസ്ഥാന നഗരിയായിരുന്നു. നാലുമില്യണ്‍ മാത്രം ജനസംഖ്യയുള്ള ശാന്തവും സുന്ദരവുമായ പട്ടണം. ബീച്ചാണ് അലക്‌സാണ്ട്രയയുടെ സൗന്ദര്യം. മെഡിറ്ററേനിയന്‍ കടലിലെ സൂര്യാസ്തമനം കാണാതെയും ബീച്ചിലെ കുളിര്‍കാറ്റേല്‍ക്കാതെയും അലക്‌സാണ്ട്രിയയുടെ സൗന്ദര്യം വിലയിരുത്തുക സാധ്യമല്ല. പുതുതായി പണിത പിതിമൂന്ന് നിലകളുള്ള ‘ബിബിലോത്തിക്ക അലക്‌സാണ്ട്രിന’ എന്ന ബില്‍ഡിംഗിലാണ് ഞാന്‍ താമസിച്ചത്. അറബ് ലോകത്തെ ഏറ്റവും വലിയ ലൈബ്രറിയിലേക്ക് അവിടുന്ന് ഇരുനൂര്‍ മീറ്റര്‍ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.

ദുഃഖങ്ങള്‍
അലക്‌സാണ്ട്രിയയിലെ സന്തോഷങ്ങള്‍ താല്‍ക്കാലികമായിരുന്നു. പട്ടിണി വാഴുന്ന ഈജിപ്ത്യന്‍ തെരുവ് ആരെയും അസ്വസ്ഥപെടുത്തും. ഈജിപ്തിന്റെ സംസ്‌കാരത്തെ പാശ്ചാത്യവല്‍ക്കരിക്കുന്നത് നിസാഹതയോടെയാണ് ഈജിപ്ഷ്യര്‍ കണ്ടിരുന്നത്. നിരാശരായ ജനത. അനീതി നിറഞ്ഞ സാമ്പത്തികാവസ്ഥ, ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെയുള്ള അന്യായ പീഡനം, കപടരാഷ്ട്രീയ പ്രവര്‍ത്തനം, അഴിമതി എന്നിവകൊണ്ട് അവര് പൊറുതിമുട്ടി. ഒരുവശത്ത് അതിസമ്പന്നരും മറുവശത്തെ അതിദാരിദ്ര്യം പേറുന്നവരും ഈജിപ്തിന്റെ സാമ്പത്തിക അസമത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഈജിപ്ഷ്യന്‍ ജനതയുടെ പോരാട്ടവും തിരിച്ചറിവും മനസിലാക്കിയാല്‍ ഈജിപ്ത് ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലപ്പുറം മറ്റെന്തൊക്കെയോ ആണെന്ന് നമുക്ക് തോന്നും.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നാലാം വര്‍ഷം ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചു. എങ്ങും അരാജകത്വം നടമാടി ഭീതിയോടെയല്ലാതെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നില്ല. ക്രമിനല്‍ കുറ്റങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. രാഷ്ട്രീയപ്രവര്‍ത്തകരെ പ്രത്യേകിച്ചും ഇസ്‌ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും സാധാരണമായി. മുതിര്‍ന്ന ഓഫീസര്‍മാരിലുള്ള അഴിമതി ആരോപണം വ്യാപകമായി.
എനിക്ക് പ്രാദേശിക ഭാഷ അറിഞ്ഞിരുന്നതിനാല്‍ ആശയ കൈമാറ്റം എളുപ്പമായിരുന്നു. എന്റെ താമസസ്ഥലത്ത് നിന്ന് ഏകദേശം നാല്‍പത്തൊന്ന് കിലോമീറ്റര്‍ യാത്ര ചെയ്താണ് അറബി പഠിച്ചിരുന്നത്. മധ്യവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു എന്റെ അധിക ചങ്ങാത്തവും. ഇതെന്നില്‍ മതവികാരം വളര്‍ത്താനിടയാക്കി. ഈജിപ്തുകാര്‍ ഈജിപ്തിന്റെ സാംസ്‌കാരിക പെരുമയിലും മതവിശ്വസത്തിലും തല്‍പരരായിരുന്നതിനാല്‍ അതെന്നെയും സ്വാധീനിച്ചു.

മാറ്റത്തിന്റെ പ്രാര്‍ത്ഥന
2009ല്‍ ഞാന്‍ അലക്‌സാണ്ട്രിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. അര്‍ത്ഥ പൂര്‍ണമായ ഓര്‍മകള്‍ ബാക്കിവെച്ച് ഈജിപ്തിനോട് വിടപറഞ്ഞു. പക്ഷെ 2011 ജനുവരിയില്‍ എല്ലാ പ്രര്‍ത്ഥനകളും സഫലമായത് പോലെ, ഈജിപ്തില്‍ വസന്തം വിരിഞ്ഞു. 18 ദിവസത്തെ സാധാരണക്കാരുടെ വിപ്ലവ സ്വപ്‌നം അങ്ങനെ പൂര്‍ത്തിയായി. അങ്ങനെ ഫറോവന്‍അനന്തരാവകാശികളെ തുരത്തി, മൂസയുടെ അനന്തരാവകാശികള്‍ വിജയം വരിച്ചു.

വാര്‍ധക്യത്തില്‍ ഓര്‍ത്തുവെക്കേണ്ടത്‌

“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ‘ഛെ’ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്നിട്ട് “എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ” എന്ന്‌ നീ പ്രാര്‍ഥിക്കുകയും ചെയ്യുക.” (ഖുര്‍ആന്‍ 17 – 23 , 24)

വാര്‍ധക്യത്തില്‍ ഓര്‍ത്തുവെക്കേണ്ടത്‌
വാര്‍ധക്യത്തിലെത്തിയ റോബര്‍ട്‌സ്‌ പ്രഭുവിന്റെ ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫറോട്‌ അദ്ദേഹം പറഞ്ഞതിങ്ങനെ: “എന്റെ മുഖം അത്ര സുന്ദരമല്ല. എങ്കിലും നിങ്ങളുടെ കഴിവനുസരിച്ച്‌ ഫോട്ടോ എടുത്തോളൂ. എന്നാല്‍, എന്റെ മുഖത്തെ ചുളിവുകള്‍ മാറ്റിക്കളയരുത്‌. കാരണം, അവയാണ്‌ എന്റെ ജീവിതത്തിന്റെ നേട്ടങ്ങള്‍.”

അനേകം ജീവിതാനുഭവങ്ങളില്‍ കൂടി കടന്നുപോയതിന്റെ സമ്പാദ്യങ്ങളാണ്‌ വാര്‍ധക്യത്തിന്റെ അടയാളങ്ങളെന്ന ഓര്‍മപ്പെടുത്തലാണിത്‌. അഭിമാനത്തോടെയുള്ള ഈ സ്വരം വാര്‍ധക്യത്തിലെത്തിയ അധികമാളുകളില്‍ നിന്നും കേള്‍ക്കാറില്ല. ജീവിത സായാഹ്നത്തെ ശാപമായി കാണാതെ, കൂടുതല്‍ ഉത്സാഹത്തോടെ മുന്നേറാനുള്ള ഊര്‍ജമായി കരുതുന്നവര്‍ക്ക്‌ യൗവ്വനം തീരാത്ത മനസ്സ്‌ കൈവരും. യൗവനത്തിലേ വൃദ്ധരാകുന്നവര്‍ക്കിടയില്‍ വാര്‍ധക്യത്തിലും യുവാവായി ജീവിക്കാന്‍ അങ്ങനെയുള്ളവര്‍ക്ക്‌ സാധിക്കും. ജീവിത സായാഹ്നത്തെ മനോഹരമാക്കാന്‍ നാലു ഉപദേശങ്ങള്‍ നല്‌കപ്പെടാറുണ്ട്‌.

1). യാഥാര്‍ഥ്യത്തെ അംഗീകരിക്കുക. ജീവിതത്തിലെ അനിവാര്യമായ ഒരവസ്ഥയായി വാര്‍ധക്യത്തെ കാണുക. നിഷേധിക്കുകയോ ഒളിച്ചോടുകയോ ചെയ്യാതെ പക്വതയുള്ള മനോഭാവം പുലര്‍ത്തുക.

2). ഹൃദയത്തില്‍ യുവത്വം സൂക്ഷിക്കുക. ഉന്മേഷവും ഉത്സാഹവും സംരക്ഷിക്കുക. പണ്ടൊരാള്‍ പറഞ്ഞു: I am 70 years young -ഞാന്‍ എഴുപത്‌ വയസ്സുള്ള യുവാവാണ്‌. നിഷേധഭാവത്തില്‍ നിരാശയോടെ ജീവിക്കാതെ പ്രതീക്ഷയോടെയുള്ള ജീവിതമാണിത്‌. ജയിലില്‍ കഴിഞ്ഞ വൃദ്ധനായ ഒരാള്‍ എഴുതി: “പഴയ കാലത്തെ മറന്ന്‌ പുതിയകാലം സ്വപ്‌നം കണ്ട്‌ ഞാന്‍ ജീവിക്കുന്നു.”

3). സേവനങ്ങള്‍ ചെയ്യാനും നല്ല കര്‍മങ്ങള്‍ ചെയ്യാനും ഉത്സാഹിക്കുക. എല്ലാം കഴിഞ്ഞുവെന്ന്‌ ചിന്തിച്ച്‌ കഴിഞ്ഞുകൂടരുത്‌. വാര്‍ധക്യത്തില്‍ പല രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച മഹാന്മാരെക്കുറിച്ച്‌ ഒരാള്‍ പഠനം നടത്തുകയുണ്ടായി. അറുപതും എഴുപതും കഴിഞ്ഞവര്‍ പോലും കാര്യക്ഷമത കൈവിടാതെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അതില്‍ പറയുന്നു. ഗ്‌ളാസ്റ്റണ്‍ എണ്‍പത്തിമൂന്നാം വയസ്സില്‍ ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായി. മൈക്കല്‍ ആഞ്ചലോ `അന്ത്യ ന്യായവിധി’ എന്ന ലോകപ്രസിദ്ധ ചിത്രം രചിച്ചത്‌ അറുപത്തിയാറാം വയസ്സിലാണ്‌. വാര്‍ധക്യത്തിലും നേട്ടങ്ങള്‍ കൈവരിച്ച അനേകം ആളുകളുണ്ട്‌.

4). ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ഓരോന്നായി കടന്നുനീങ്ങുമ്പോള്‍ മരണത്തെയും അതിന്നപ്പുറമുള്ള മഹത്വത്തെയും നാം മുന്നില്‍ കാണണം. വാര്‍ധക്യത്തിലെത്തിയ ഒരാളുടെ പ്രാര്‍ഥനയുണ്ട്‌. എല്ലാവര്‍ക്കും പ്രചോദനമായിരിക്കും അത്‌: “എന്റെ ദൈവമേ, ഞാന്‍ വാര്‍ധക്യത്തിലേക്ക്‌ എത്തുകയാണെന്ന്‌ ഞാന്‍ അറിയുന്നതിനെക്കാള്‍ നീ അറിയുന്നുണ്ട്‌. ഞാന്‍ നിന്നോട്‌ തേടുന്നു: അമിതമായ സംസാരപ്രിയത്തില്‍ നിന്ന്‌ എന്നെ കാത്തുകൊള്ളേണമേ. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ഞാന്‍ നേരെയാക്കുമെന്നുള്ള വ്യാമോഹത്തില്‍ നിന്നും എന്നെ മോചിപ്പിക്കേണമേ, എന്നെ ചിന്താശീലനാക്കേണമേ. എന്റെ വിജ്ഞാനം പ്രയോജനപ്പെടുത്താനും ജീവിത സായാഹ്നത്തിലും നല്ല സ്‌നേഹിതന്മാരെ ലഭിക്കാനും നീ സഹായിക്കേണമേ. വസ്‌തുക്കള്‍ വളച്ചുകെട്ടിയോ വലിച്ചുനീട്ടിയോ പറയാതെ വസ്‌തുനിഷ്‌ഠമായി പറയാന്‍ സഹായിക്കേണമേ. എന്റെ വേദനകളെയും രോഗങ്ങളെയും പറ്റി പറയാതെ നാവിനെ നിയന്ത്രിക്കേണമേ. എന്തെന്നാല്‍ അവ വര്‍ധിക്കുന്നതോടൊപ്പം മറ്റുള്ളവരെ അറിയിക്കാനുള്ള ആഗ്രഹവും വര്‍ധിക്കുന്നു. മറ്റുള്ളവരുടെ സംസാരം ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സ്‌ നീ നല്‌കേണമേ. ഇഷ്‌ടത്തോടെയും സന്തോഷത്തോടെയും ജീവിപ്പിക്കേണമേ. ജീവിതത്തിന്റെ നല്ല വശങ്ങള്‍ ആസ്വദിക്കാനും അവ നഷ്‌ടപ്പെടുത്താതിരിക്കാനും എന്നെ സഹായിക്കേണമേ.”

സ്ഥിരോത്സാഹമാണ്‌ വാര്‍ധക്യത്തെയും ജീവിതത്തെയാകെയും സന്തോഷമുള്ളതാക്കുന്നത്‌. തളര്‍ച്ചകളില്‍ പിന്മാറാതെ, തകര്‍ച്ചയില്‍ പതറാതെ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ക്കേ സാധിക്കൂ. നൂറു മീറ്റര്‍ ഓട്ടക്കാരനും മാരത്തോണ്‍ ഓട്ടക്കാരനും തമ്മില്‍ വ്യത്യാസമുണ്ട്‌. നൂറുമീറ്റര്‍ ഓട്ടക്കാരന്‍ ആദ്യത്തെ കുതിപ്പില്‍ മുന്നേറുന്നു. എന്നാല്‍ മാരത്തോണ്‍ ഓട്ടക്കാരന്‍ വിജയിക്കുന്നതിന്റെ കാരണം, ഓരോ കിലോമീറ്റര്‍ പിന്നിടുമ്പോഴും പിടിച്ചുനില്‌ക്കാനുള്ള നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും കൊണ്ടാണ്‌. മാരത്തോണ്‍ ഓട്ടമാണ്‌ നമ്മുടെ ജീവിതം.

സ്ഥിരോത്സാഹത്തോടെ മുന്നേറാനുള്ള പിന്തുണയാണ്‌ വിശുദ്ധ ഖുര്‍ആന്‍ നല്‌കുന്നത്‌. നര ബാധിച്ചിട്ടും പ്രതീക്ഷ കൈവിടാതെ പ്രാര്‍ഥിക്കുന്ന സകരിയ്യാ നബി(അ), ജീവിതസായാഹ്നത്തിലും വിപ്ലവജ്വാലയായി ശോഭിച്ച ഇബ്‌റാഹീം നബി(അ), രോഗംകൊണ്ടും വാര്‍ധക്യം കൊണ്ടും വിഷമിച്ച അയ്യൂബ്‌ നബി(അ), യഅ്‌ഖൂബ്‌ നബി(അ) എന്നിവരെ ഖുര്‍ആന്‍ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

you can not control the length of your life, but you can control its breadth, depth and height (ആയുസ്സ്‌ വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. കിട്ടിയ ആയുസ്സ്‌ അര്‍ഥവത്താക്കാന്‍ കഴിയും) എന്നൊരു പഴഞ്ചൊല്ലുണ്ട്‌. ആദരിക്കപ്പെടേണ്ടവരാണ്‌ വാര്‍ധക്യത്തിലെത്തിയവര്‍. അവരുടെ ജീവിതാനുഭവങ്ങള്‍ ശേഖരിക്കേണ്ടവരാണ്‌ പുതുതലമുറ. നല്ല ചിന്തയും നല്ല ശീലവും കൊണ്ട്‌ വാര്‍ധക്യം ധന്യമാകട്ടെ. ഓര്‍ക്കുക; “ഇരുന്ന്‌ തുരുമ്പിക്കുന്നതിനേക്കാള്‍ ഉത്തമം പ്രവര്‍ത്തിച്ച്‌ തേഞ്ഞുപോകുന്നതാണ്‌.”

“ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന്‌ എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്‍റെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷ എന്നും വിവരമറിയിക്കുക.” (ഖുര്‍ആന്‍)

“കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍ മുഴക്കമുണ്ടാക്കുന്ന) കളിമണ്ണില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.” (ഖുര്‍ആന്‍)

razak
__._,_.___

മാതാപിതാക്കന്മാര്‍

സ്‌നേഹത്തിന്റെ നിറകുടമായ ഉമ്മമാരെ വെറുക്കുന്ന നിമിഷം മുതല്‍ ഒരു മനുഷ്യന്‍ നശിക്കാന്‍ തുടങ്ങും. അതിനാല്‍ ‘ഗുരുത്വം’ മൂന്നക്ഷരം മാതാപിതാക്കളുടെ വായയില്‍നിന്ന് നേരിട്ട് വാങ്ങാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം ജീവിതത്തില്‍ എന്തെല്ലാമുണ്ടായാലും ഒരു നിറമില്ലായ്മ തീര്‍ച്ചയായും അനുഭവപ്പെടും. തീര്‍ച്ച.