Category Archives: അബ്ബാസികള്‍ islamic history – الدولة العباسية

അബ്ബാസികളുടെ പതനം سقوط الدولة العباسية islamic history


അബ്ബാസീഭരണകൂടം ഹി. 132 മുതല്‍ 656 വരെ ഭരണം നടത്തി. അതില്‍ ഹിജ്റ 247 മുതലുള്ള രണ്ടാംഘട്ടം അബ്ബാസികളുടെ അധഃപതനകാലമായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഭരണകൂടം ദുര്‍ഭലമാവുകയും ആഭ്യന്തരഛിദ്രത ശക്തിപ്പെടുകയും ചെയ്തു. അബ്ബാസീ ഭരണകര്‍ത്താക്കള്‍ മുഴുവനും ദുര്‍ബലരും അയോഗ്യരുമായിരുന്നെന്ന് പറയാനാവില്ല. എന്നാല്‍ മുഅ്തസിമിന്റെ കാലംതൊട്ട് ശക്തി പ്രാപിച്ചുവന്ന തുര്‍ക്കികളുടെ സ്വാധീനം അബ്ബാസികളുടെ ശക്തിക്ഷയത്തിനുകാരണമായി.

അബ്ബാസീഭരണം സ്ഥാപിക്കുന്നതില്‍ പേര്‍ഷ്യന്‍വംശജരുടെ പങ്കാളിത്തമുണ്ടായിരുന്നു. മഅ്മൂനിനുശേഷം ഇവരുടെ ഭരണസ്വാധീനം കൂടുതല്‍ ശക്തമായി. പേര്‍ഷ്യന്‍വംശജരുടെ വര്‍ദ്ധിച്ചുവന്ന സ്വാധീനം ഭയന്ന മുഅ്തസിം തുര്‍ക്കികളെ മുന്നോട്ടുകൊണ്ടുവന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിട്ടു. അബ്ബാസികളുടെ കാലത്ത് തുര്‍ക്കീവംശജര്‍ ധാരാളമായി ഇസ്ലാം ആശ്ളേഷിച്ചിരുന്നു. മുഅ്തസിം കിഴക്കനതിര്‍ത്തിയില്‍നിന്ന് ആയിരക്കണക്കിന് തുര്‍ക്കികളെ പട്ടാളക്കാരായും ചിലരെ സ്വന്തം അംഗരക്ഷകരായും നിയമിച്ചു. ക്രമേണ തുര്‍ക്കികള്‍ സൈന്യത്തില്‍ സ്വാധീനം നേടുകയും അവരുടെ ഗൂഢാലോചനയാല്‍ ഖലീഫ മുതവക്കില്‍ വധിക്കപ്പെടുകയും ചെയ്തു.

തുര്‍ക്കീ പട്ടാളക്കാരിലും സൈനിക മേധാവികളിലും നിരവധി അമുസ്ലിംകളും ഉണ്ടായിരുന്നു. പട്ടാളത്തിലെ മുസ്ലിംകള്‍ത്തന്നെ ശരിയായ ഇസ്ലാമിക ശിക്ഷണം നേടിയവരായിരുന്നില്ല. പേര്‍ഷ്യന്‍ വംശജരായ അമീറുമാരെയും മന്ത്രിമാരെയും പോലെ തുര്‍ക്കികളും തങ്ങളുടെ വംശീയ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കി. ഇവര്‍ക്കൊന്നും ഇസ്ലാമിന്റെ നിലനില്‍പ്പോ ഇസ്ലാമിക സമൂഹത്തിന്റെ ന•യോ മുഖ്യലക്ഷ്യമായിരുന്നില്ല. ഇതു ഭരണാധികാരികളിലും സൈന്യത്തിലും ഐക്യബോധം നഷ്ടപ്പെടാന്‍ കാരണമായി.

മുതവക്കിലിനുശേഷം ഹി. 247 നും 333 നുമിടക്ക് മുന്‍തസിര്‍ ബില്ലാഹി മുതല്‍ മുതഖി ബില്ലാഹി വരെ 11 ഖലീഫമാര്‍ ഭരണം നടത്തി. തുടര്‍ന്ന് ഹി. 334 മുതല്‍ 547 വരെയുള്ള ഭരണകാലത്തെ അസ്വാതന്ത്യ്രകാലഘട്ടം എന്നും ഹി. 547 മുതല്‍ 656 വരെ വീണ്ടും സ്വയംഭരണ കാലഘട്ടമെന്നും ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.

മുതവക്കിലിനുശേഷം തുര്‍ക്കീ അമീറുമാര്‍ ഖലീഫമാരുടെ കല്‍പനകള്‍ ധിക്കരിച്ചു തുടങ്ങി. പല ഖലീഫമാരെയും ഇവര്‍ അധികാരത്തില്‍നിന്ന് താഴെ ഇറക്കി. ചിലരെ വധിച്ചു. മുതവക്കിലിനുശേഷമുള്ള 8 വര്‍ഷത്തിനിടയില്‍ 4 ഖലീഫമാര്‍ സിംഹാസനത്തിലേറുകയും താഴെ ഇറങ്ങുകയും ചെയ്തു. ഇങ്ങനെ അബ്ബാസീ ഭരണകൂടം ദുര്‍ബലമായി. ഇതുമനസ്സിലാക്കിയ മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണമാര്‍ അവരുടെ പ്രദേശങ്ങളില്‍ സ്വേഛാനുസൃതം ഭരണം നടത്തി. ഖലീഫയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ പലപ്പോഴുമവര്‍ സന്നദ്ധരായിരുന്നില്ല.
പതനത്തിന്റെ മറ്റൊരു പ്രധാന കാരണമായിരുന്നു എത്യോപ്യക്കാരുടെയും കറാമിത്തകളുടെയും കലാപം.

ഇറാഖിലെ എത്യോപ്യക്കാരായ അടിമകളെ സംഘടിപ്പിച്ച് ഒരു ഇറാനിയുടെ നേതൃത്വത്തില്‍ ഇറാഖിന്റെ തെക്കുഭാഗവും കൂസിസ്ഥാനും കീഴടക്കിയ കലാപക്കാര്‍ മുസ്ലിംകള്‍ക്കെതിരെ കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ലക്ഷക്കണക്കിന് പൌരന്മാര്‍ ഇവരുടെ കൈയ്യാല്‍ വധിക്കപ്പെട്ടതായി പറയപ്പെടുന്നു. ഹി. 255 മുതല്‍ 270 വരെ ഈ യുദ്ധം നീണ്ടുനിന്നു.

ബസറയിലെ കുര്‍മുത്ത് എന്ന് പേരായ ഒരാള്‍ ഒരു പുതിയ മതത്തിന് തുടക്കം കുറിച്ചു. കുര്‍മുതിയ്യ അഥവാ കറാമിത്ത എന്ന പേരില്‍ അത് അറിയപ്പെടുന്നു. ഹി. 278 ലാണ് ഇവരുടെ ആക്രമണം തുടങ്ങുന്നത്. സിറിയയും ഇറാഖിന്റെ തെക്കുഭാഗവും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കലാപം . ഹി. 317 ല്‍ ഹജ്ജ് കാലത്ത് ഇവര്‍ മക്കയില്‍ തീര്‍ത്ഥാടകരെ കൊലചെയ്യുകയും കഅ്ബയിലെ ഹജറുല്‍ അസ്വദ് ബസ്വറയുടെ തെക്കുള്ള തങ്ങളുടെ ആസ്ഥാനത്തേക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഫാത്വിമീ ഭരണാധികാരി ഉബൈദുല്ലയുടെ കല്‍പനപ്രകാരമാണ് ഹജറുല്‍ അസ്വദ് തിരികെ കഅ്ബയില്‍ എത്തിച്ചത്.

അധഃപതനകാലത്തെ ഭരണാധികാരികളില്‍ ചിലരെല്ലാം യോഗ്യരും നല്ലവരുമായിരുന്നു. മുഹ്തദീ ബില്ലാഹി(ഹി.255 ‏‏‏‏‏ 256) ഇവരില്‍ പ്രമുഖനായിരുന്നു. “എന്നെ ഉമറുബ്നു അബ്ദുല്‍ അസീസിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ അനുവദിക്കൂ. അബ്ബാസികളിലും ഒരു ഉമറുബ്നു അബ്ദില്‍ അസീസ് ഉണ്ടാവട്ടെ” എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പക്ഷേ, തുര്‍ക്കികളും ഇസ്ലാമിക വ്യവസ്ഥയെ ഭയപ്പെട്ടിരുന്ന അമീറുമാരും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതെ അദ്ദേഹത്തെ തടവിലാക്കി.

മുഹ്തദിയെ തടവിലാക്കിയ തുര്‍ക്കികള്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ ജനങ്ങളെ അവര്‍ക്കു പരിചയമില്ലാത്ത മാര്‍ഗത്തില്‍ നടത്താന്‍ ശ്രമിക്കുന്നതെന്തിനാണ്? അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “അവരെ നബിയുടെയും അവിടുത്തെ കുടുംബക്കാരുടെയും സച്ചരിതരായ ഖലീഫമാരുടെയും മാര്‍ഗത്തില്‍ നടത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഇതുകേട്ട തുര്‍ക്കികളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “നബിയോ? നബിയോടപ്പമുണ്ടായിരുന്നത് ലോകകാര്യങ്ങളില്‍ വരക്തരും പരലോകാസക്തരുമായ ഒരു ജനവിഭാഗമായിരുന്നു. പക്ഷേ, താങ്കളോടൊപ്പമുള്ളത് പരലോകസംബന്ധമായ ബാധ്യതകളെക്കുറിച്ച് ബോധമില്ലാത്ത തുര്‍ക്കികളും കസറുകളും മറ്റുമാണ്. ഭൌതികനേട്ടങ്ങള്‍ ആര്‍ജിക്കുകയല്ലാതെ മറ്റൊരു ലക്ഷ്യവും അവര്‍ക്കില്ല.”

ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നബിയുടെയും സ്വഹാബത്തിന്റെയും ജീവിതമാതൃകയെപ്പറ്റിയും ഇസ്ലാമിക ജീവിതവ്യവസ്ഥയെപ്പറ്റിയും വേണ്ടത്ര ധാരണയില്ലാത്ത അന്നത്തെ മുസ്ലിംസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സ്ഥിതി എത്രമാത്രം അനിസ്ലാമികമായിക്കഴിഞ്ഞിരുന്നു എന്നതിന് ഈ സംഭവം മാത്രം മതിയാകും.

അധഃപതനകാലത്ത് ഏറ്റവുമധികം ശോഭിച്ച വ്യക്തി ഖലീഫ മുഅ്തമിദിന്റെ സഹോദരനും സേനാനായകനുമായ മുവഫ്ഫിക് ആയിരുന്നു. എത്യോപ്യക്കാരുടെ കലാപം അവസാനിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനും ഖലീഫയുമായിരുന്ന മുഅ്തദിദ് അബ്ബാസീ ഖിലാഫത്തിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്തു. അദ്ദേഹം തുര്‍ക്കികളുടെ ശക്തി നിയന്ത്രിച്ചു. അറേബ്യ, ഇറാഖ്, പശ്ചിമ ഇറാന്‍, അര്‍മീനിയ എന്നിവ ഉള്‍പ്പെട്ട വിശാലമായ ഭൂപ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. ഈജിപ്തിലെയും സിറിയയിലെയും തൂലൂനി ഭരണകൂടം അബ്ബാസികളുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ഇദ്ദേഹത്തെത്തുടര്‍ന്ന് ഖലീഫയായ മുഖ്തഫി ബില്ലാഹിയുടെ കാലത്ത് ഈജിപ്തിലും സിറിയയിലും അബ്ബാസികളുടെ നേരിട്ടുള്ള ഭരണം നിലവില്‍വന്നു. തുടര്‍ന്നുവന്ന മുഖ്തദിര്‍ ബില്ലാഹി 25 വര്‍ഷം ഭരണം നടത്തി. കലാപങ്ങളും കുഴപ്പങ്ങളും നിറഞ്ഞ ആ കാലത്ത് മദ്യപാനവും ധൂര്‍ത്തും ആഡംബരവും മൂലം ഭരണരംഗം മലീമസമാക്കപ്പെട്ടു.

മുസ്ലിം രാഷ്ട്രത്തെ ബാധിച്ച ധാര്‍മിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റപ്പെട്ട പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് ബാഗ്ദാദിലും മറ്റു ചില സ്ഥലങ്ങളിലും നടന്നിരുന്നു.

വോള്‍ഗാ നദീതീരത്തെ തുര്‍ക്കികളുടെ നഗരമായ ബുള്‍ഗാറില്‍ (ബള്‍ഗേറിയ) ഇസ്ലാം പ്രചരിച്ചത് ഇക്കാലത്തായിരുന്നു. വോള്‍ഗാ തീരത്ത് നിലവില്‍വന്ന ഈ മുസ്ലിം രാഷ്ട്രം രണ്ട് നൂറ്റാണ്ടുകാലം നിലനിന്നു.

ഭരണകര്‍ത്താക്കളുടെ ആഡംബരജീവിതവും അയോഗ്യതയും അമീറുമാരുടെ സ്വാര്‍ഥതയും ധാര്‍മികച്യുതിയും കാരണം സാമ്രാജ്യത്തിന്റെ അതിരുകള്‍ ചുരുങ്ങിവന്നു. ഖാഹിര്‍ ബില്ലാഹി, റാദീ ബില്ലാഹി എന്നിവരുടെ ഖിലാഫത്തിനുശേഷം മുഅഖി ബില്ലാഹി (ഹി. 329 ‏‏‏‏‏ 333) യുടെ കാലമായപ്പോഴേക്കും ഭരണസംവിധാനം പൂര്‍ണമായും താറുമാറായിക്കഴിഞ്ഞിരുന്നു.

അവസാനം ദക്ഷിണ ഇറാഖിലെ ബനൂബുവൈഹ് ഭരണത്തലവന്‍ ഹി. 334 ല്‍ ബാഗ്ദാദ് കീഴടക്കി.
കേവലം പേരിനുമാത്രം അന്ന് ഖിലാഫത്ത് നിലനിന്നു. ഇസ്ലാമിക വ്യവസ്ഥിതിയുടെ അനിവാര്യ ഘടകമായി ഖിലാഫത്തിനെ മുസ്ലിംകള്‍ കണക്കാക്കിയിരുന്നതിനാല്‍ അധികാരമില്ലാതിരുന്നിട്ടും ഒരാള്‍ക്കുപിറകേ മറ്റൊരാളായി ഖലീഫമാര്‍ ചുമതലയേറ്റിരുന്നു. രണ്ടു നൂറ്റാണ്ടിലധികം (ഹി. 334 ‏‏‏‏‏ 547) ഈ അവസ്ഥ തുടര്‍ന്നു. 547 ല്‍ ഒരിക്കല്‍ ക്കൂടി അബ്ബാസികളുടെ സ്വതന്ത്രഭരണം ഇറാഖില്‍ നിലവില്‍വന്നു. ഹി. 656 വരെ ഇതു തുടര്‍ന്നു. രാഷ്ട്രത്തിന്റെ പൂര്‍വപ്രതാപം വീണ്ടെടുക്കാന്‍ അവര്‍ക്കുകഴിഞ്ഞില്ല. 656 ല്‍ താര്‍ത്താരികളുടെ ബാഗ്ദാദ് ആക്രമണത്തോടുകൂടി ഈ ഭരണകൂടവും നാമാവശേഷമായി.

നബി(സ)യുടെ കാലത്ത് നിലവില്‍വന്ന ഇസ്ലാമിക രാഷ്ട്രം ഖിലാഫത്തുര്‍റാഷിദക്കും ഉമവീ ഖിലാഫത്തിനും ശേഷം അബ്ബാസീ ഖിലാഫത്തിന്റെ അന്ത്യഘട്ടത്തില്‍ അതീവദുര്‍ബലമാവുകയും, ഒടുവില്‍ താര്‍ത്താരികളുടെ കൈയ്യാല്‍ അതിന്റെ അന്ത്യം സംഭവിക്കുകയും ചെയ്തു.

മുഅ്തസിം ബില്ലാഹ് معتصم بالله )

മുഅ്തസിം ബില്ലാഹ്
(ഹി. 218 ‏‏‏‏‏ 227)
മഅ്മൂനിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അബുല്‍ഇസ്ഹാഖ് മുഹമ്മദ്, മുഅ്തസിം ബില്ലാഹ് എന്ന പേരില്‍ ഭരണമേറ്റു.

ബഗ്ദാദില്‍നിന്ന് 75 നാഴിക അകലെ ടൈഗ്രീസിന്റെ തീരത്ത് സാമര്‍റാ അഥവാ സുര്‍റ മന്‍ റആ എന്ന പേരില്‍ അതിമനോഹരമായ ഒരു നഗരം അദ്ദേഹം പണിതു. ഗംഭീരവും മനോഹരവുമായ ഈ പട്ടണത്തിലേക്ക് തലസ്ഥാനം മാറ്റി. ബാഗ്ദാദിനോടു കിടപിടിക്കത്തക്ക പുരോഗതി നേടിയ ഈ പട്ടണമായിരുന്നു ഹിജ്റ 221 മുതല്‍ 279 വരെ അബ്ബാസീ ഭരണകൂടത്തിന്റെ ആസ്ഥാനം. പിന്നീട് ബാഗ്ദാദിലേക്കുതന്നെ തലസ്ഥാനം വീണ്ടും മാറ്റുകയാണുണ്ടായത്.

നാവികസേനയെ അദ്ദേഹം ശക്തിപ്പെടുത്തി. തുര്‍ക്കികളുടെ ഒരു സൈന്യം രൂപീകരിച്ചു. റോമന്‍ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചു. ക്രീമിയയിലെ ബാബക്കിന്റെ കലാപം അദ്ദേഹം അടിച്ചമര്‍ത്തി. സ്വന്തമായി ഒരു മതം സ്ഥാപിച്ച് മുസ്ലിംകള്‍ക്കെതിരെ കലാപം നടത്തുകയായിരുന്നു ബാബക്. ബാബക്കിനെ ബന്ധനസ്ഥനാക്കുകയും വധിക്കുകയും ചെയ്തു.

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)

മഅ്മൂന്‍العباسية) مامون الرشيد) Islamic history


(ഹി. 198 ‏‏‏‏‏ 218, ക്രി. 813 ‏‏‏‏‏ 833)

ഹാറൂന്‍ അല്‍ റഷീദ് മരണപ്പെട്ടപ്പോള്‍ മൂത്തമകന്‍ അമീന്‍ ഖലീഫയായി. ഹാറൂന്‍ തന്റെ സാമ്രാജ്യത്തെ രണ്ടു ഭാഗങ്ങളാക്കി വിഭജിച്ച് ഇറാഖ് മുതല്‍ ആഫ്രിക്ക വരെയുള്ള ഭാഗം അമീന്റെയും പേര്‍ഷ്യന്‍ പ്രദേശങ്ങളും സിന്ധും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന പൌരസ്ത്യ ഭാഗത്തിന്റെ ചുമതല സഹോദരന്‍ മഅ്മൂനിന്റെയും കീഴിലാക്കിയിരുന്നു. അമീന്‍ ബാഗ്ദാദ് കേന്ദമാക്കി ഭരണം നടത്തി. മര്‍വ് ആയിരുന്നു മഅ്മൂന്റെ ആസ്ഥാനം.

സുഖലോലുപനും ആഡംബരപ്രിയനുമായിരുന്നു അമീന്‍. ഇദ്ദേഹം ഭരണകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. പ്രധാനമന്ത്രയായ ഫദ്ല്‍ ഇബ്നു റബീഅ് ആണ് യഥാര്‍ഥത്തില്‍ ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്.

ഭരണനിപുണനായ മഅ്മൂന്‍, പൌരസ്ത്യഭാഗത്ത് വളരെ വേഗം ജനപ്രീതി നേടി. ഇത് അമീനിനെ അസ്വസ്ഥനാക്കി. അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് ഇത് കാരണമായി. തുടര്‍ന്ന് അമീന്‍ മഅ്മൂനിനെ അധികാരസ്ഥാനത്തുനിന്ന് ഒഴിവാക്കി. അതിനുശേഷം കരീടാവകാശിയായി തന്റെ മകന്‍ മൂസയെ നിശ്ചയിച്ചു. മഅ്മൂന്‍ ഖലീഫയുടെ ഉത്തരവ് കൂട്ടാക്കാതെ സൈന്യവുമായി പുറപ്പെട്ടു. അമീനിന്റെ സേനയുമായി ഏറ്റുമുട്ടി. അമീനിന്റെ സൈന്യം പരാജയപ്പെടുകയും അമീന്‍ വധിക്കപ്പെടുകയും ചെയ്തു. ഹിജ്റ 194 മുതല്‍ 198 വരെയായിരുന്നു അമീനിന്റെ ഭരണകാലം. അമീനിന്റെ വധത്തെത്തുടര്‍ന്ന് മഅ്മൂന്‍ ഖലീഫയായി അധികാരമേറ്റു.

ഖലീഫയായി സ്ഥാനമേറ്റ മഅ്മൂന്‍ ശീആ വിഭാഗത്തെ അനുനയ മാര്‍ഗത്തിലൂടെ പാട്ടിലാക്കി. ഇതുമൂലം അദ്ദേഹം ഒരു ശീഈ പക്ഷപാതിയായി ചിത്രീകരിക്കപ്പെടുകയും ബാഗ്ദാദില്‍ അബ്ബാസീ രാജകുമാരന്മാരുടെ നേതൃത്വത്തില്‍ കലാപം തുടങ്ങുകയും ചെയ്തു. മഅ്മൂന്‍ തന്റെ ആസ്ഥാനം മര്‍വില്‍നിന്ന് ബഗ്ദാദിലേക്കു മാറ്റുകയും കലാപത്തെ തന്ത്രപരമായി അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 14 വര്‍ഷക്കാലം ഏറെക്കുറെ ശാന്തിയും സമാധാനവും രാജ്യത്ത് നിലനിര്‍ത്തി സദ്ഭരണം കാഴ്ചവെക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

രാജ്യനിവാസികളോട് നീതിപൂര്‍വം പെരുമാറിയ മഅ്മൂന്‍ ഉദ്യോഗങ്ങളില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാതിനിധ്യം നല്‍കിയിരുന്നു. ദര്‍ബാറില്‍ അദ്ദേഹത്തിന് ഒരു ഉപദേശക സമിതി ഉണ്ടായിരുന്നു. ഇതില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നു. ഭരണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ജനങ്ങളുടെ വിഷമങ്ങളും ആവലാതികളും ശാന്തമായി കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇതിനായി എല്ലാ ഞായറാഴ്ചകളിലും രാവിലെ മുതല്‍ ഉച്ചവരെ സമയം മാറ്റി വെച്ചിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ന്ന നീതിബോധം പ്രശംസനീയമായിരുന്നു.

ഒരിക്കല്‍ ഒരാള്‍ മഅ്മൂനിനെതിരെ കോടതിയില്‍ ഒരു കേസ് കൊടുത്തു. മഅ്മൂനിന് കോടതിമുമ്പാകെ ഹാജരാകേണ്ടിവന്നു. ഭൃത്യന്മാര്‍ കോടതിയില്‍ അദ്ദേഹത്തിനുവേണ്ടി പരവതാനി വിരിക്കുവാനൊരുങ്ങി. ന്യായാധിപന്‍ അതു തടഞ്ഞു. അദ്ദേഹം പറഞ്ഞു: “കോടതിയില്‍ വാദിയും പ്രതിയും തുല്യരാണ്. ആരോടും വിവേചനം കാണിച്ചുകൂടാ.” ജഡ്ജിയുടെ ഈ പ്രഖ്യാപനം ഖലീഫയില്‍ അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു. ഖലീഫ ജഡ്ജിക്കു ശമ്പളം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

പ്രജകളോട് അദ്ദേഹം യാതൊരുവിധ വിവേചനവും കാണിച്ചിരുന്നില്ല. ലാളിത്യവും എളിമയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.

ഒരു ജനതയുടെ സര്‍വതോന്‍മുഖമായ പുരോഗതിയുടെ അടിസ്ഥാനഘടകം വിദ്യാഭ്യാസമാണെന്ന് മഅ്മൂന്‍ മനസ്സിലാക്കിയിരുന്നു. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സ്ഥിരമായ സംവിധാനമുണ്ടാക്കി. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവയുടെ സുഗമമായ നടത്തിപ്പിന് വരുമാനമുള്ള നിലങ്ങള്‍ പതിച്ചുകൊടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസപ്രോത്സാഹനത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ശേഖരിച്ച് അവ അറബിഭാഷയിലേക്ക് തര്‍ജ്ജുമ ചെയ്തു. ഇവ പഠിക്കുവാന്‍ സൌകര്യങ്ങളുണ്ടാക്കി. വിവര്‍ത്തനഗ്രന്ഥത്തിന്റെ തൂക്കത്തിനു സ്വര്‍ണവും വെള്ളിയും വിവര്‍ത്തകര്‍ക്കു കൂലി നല്‍കിയിരുന്നതായി പറയപ്പെടുന്നു. മഅ്മൂന്‍ പണ്ഡിതനായിരുന്നു. ഖുര്‍ആന്‍ അദ്ദേഹത്തിനു മനഃപാഠമായിരുന്നു. കലാ‏‏‏‏‏വൈജ്ഞാനിക രംഗങ്ങളിലും ഗണിത‏‏‏ഗോള ശാസ്ത്രങ്ങളിലും അദ്ദേഹം അതീവ തല്‍പരനായിരുന്നു. ഗോളശാസ്ത്രത്തെപ്പറ്റി പഠിക്കുവാന്‍ പ്രത്യേകം വിദ്യാലയം സ്ഥാപിച്ചിരുന്നു. 20 വര്‍ഷത്തെ ഭരണത്തിനു ശേഷം നാല്‍പത്തി എട്ടാമത്തെ വയസ്സില്‍ മഅ്മൂന്‍ അന്തരിച്ചു.

ഹാറൂണ്‍ അല്‍ റഷീദ് هارون الرشيد – الدولة العباسية Islamic history


(ഹി. 170 ‏‏‏‏‏ 193, ക്രി. 786 ‏‏‏‏‏ 809)

മഹ്ദിക്കുശേഷം പുത്രന്‍ മുഹമ്മദുല്‍ ഹാദി ഹി. 169 ല്‍ അധികാരമേറ്റു. ഒരുവര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹാദിയുടെ മരണത്തെ തുടര്‍ന്ന് 22 വയസ്സുമാത്രമുണ്ടായിരുന്ന സഹോദരന്‍ ഹാറൂണ്‍ അല്‍റഷീദ് അധികാരമേറ്റു. ഹാറൂന്‍ അല്‍റഷീദ് 23 വര്‍ഷം ഭരണം നടത്തി. അബ്ബാസീ ഖലീഫമാരില്‍ ഏറ്റവുമധികം പ്രശസ്തി നേടിയ ഇദ്ദേഹത്തിന്റെ ഭരണം അബ്ബാസികളുടെ സുവര്‍ണകാലഘട്ടമായി അറിയപ്പെടുന്നു.

മതകാര്യങ്ങളില്‍ നിഷ്ഠയും ദൈവഭക്തിയുമുള്ള ആളായിരുന്നു ഹാറൂന്‍ അല്‍ റഷീദ്. അദ്ദേഹം പണ്ഡിതന്മാരോട് ആദരവും വൈജ്ഞാനിക മേഖലയില്‍ അതീവതാല്‍പര്യവും കാണിച്ചിരുന്നു. സാധാരണ നമസ്കാരത്തിനു പുറമെ ദിനേന നൂറു റകഅത്ത് സുന്നത്ത് നമസ്കരിക്കുകയും അഗതികള്‍ക്ക് ആയിരം ദിര്‍ഹം ദാനം ചെയ്യുകയും പതിവാക്കിയിരുന്നു. ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്ത് രക്തസാക്ഷിത്വം വരിക്കാനുള്ള മോഹവും സൂക്ഷ്മതയോടുകൂടിയ ജീവിതവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.

നീതിമാനായ ഭരണാധികാരിയായാണ് ഹാറൂന്‍ അല്‍ റഷീദ് അറിയപ്പെടുന്നത്. ഇമാം അബൂഹനീഫയുടെ പുത്രനായ ഖാദി അബൂയൂസുഫ് ആയിരുന്നു അദ്ദേഹത്തിന്റെ ചീഫ് ജസ്റിസ്. ‘താങ്കള്‍ ഉറച്ച വ്യക്തിത്വമുള്ള ഒരു നല്ല മനുഷ്യനാണ്’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഖലീഫ ഇദ്ദേഹത്തെ ചീഫ് ജസ്റിസായി നിയമിച്ചത്. അബൂയൂസുഫ് തന്നെയായിരുന്നു മറ്റു ജഡ്ജിമാരെ നിയമിച്ചിരുന്നത്.

രാജ്യനിവാസികളോട് അന്യായം പ്രവര്‍ത്തിക്കാതെയും അവിഹിതമായി സമ്പത്ത് വസൂലാക്കാതെയും ഭരണം നടത്തുന്നതിനുള്ള മാര്‍ഗങ്ങളും നിയമങ്ങളും വിവരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെഴുതുവാന്‍ ഖലീഫ അബൂയൂസുഫിനോട് ആവശ്യപ്പെട്ടു. അതുപ്രകാരം അദ്ദേഹം ‘കിതാബുല്‍ ഖറാജ്’ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചു. ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രത്തിലെ സാമ്പത്തിക മേഖല കൈകാര്യം ചെയ്തത്.

അന്യഭാഷകളിലെ മഹദ്ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജുമ ചെയ്യുവാന്‍ ഖലീഫ മന്‍സൂര്‍ തുടങ്ങിവെച്ച പരിശ്രമം ഹാറൂണ്‍ അല്‍ റഷീദ് തുടര്‍ന്നു. ഇതിനായി ‘ബൈതുല്‍ ഹിക്മത്ത്’ എന്ന പ്രശസ്തമായ സ്ഥാപനം അദ്ദേഹം ആരംഭിച്ചു. യോഗ്യരായ പണ്ഡിതരെയും വിവര്‍ത്തകരെയും ഇതില്‍ നിയമിച്ചിരുന്നു. വൈജ്ഞാനിക സാംസ്കാരിക നാഗരിക പുരോഗതിക്ക് മാതൃകയായിരുന്നു ഈ കാലഘട്ടം.

റോമാസാമ്രാജ്യത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ഏഷ്യാമൈനറിന്റെ അതിര്‍ത്തിയില്‍ സുസജ്ജമായ കോട്ടകള്‍ അദ്ദേഹം നിര്‍മിച്ചു. സിറിയന്‍ തീരത്ത് പട്ടാളബാരക്കുകള്‍ സ്ഥാപിച്ചു. റോമക്കാര്‍ അബ്ബാസീ ഭരണത്തിനു നല്‍കിവന്ന കരം ഹാരൂന്‍ അല്‍ റഷീദ് അധികാരത്തില്‍ വന്നശേഷം നല്‍കാന്‍ വിസമ്മതിച്ചു. മുമ്പ് നല്‍കിയ കരം മടക്കിക്കൊടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യമുന്നയിച്ച് റോമന്‍ ഭരണാധികാരി അയച്ച കത്തിന് ഖലീഫ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘ഈ കത്തിനുള്ള മറുപടി നീ കേള്‍ക്കുകയില്ല. മറിച്ച് കണ്ണുകൊണ്ട് നീയതു കാണും’.

ഹാറൂണ്‍ അല്‍ റഷീദ് ഒരു വന്‍സൈന്യവുമായി പുറപ്പെട്ട് റോമക്കാരുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ട റോമന്‍ ഭരണാധികാരി വീണ്ടും കരം നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ യാത്രയില്‍ തുര്‍ക്കിയിലെ അങ്കാറ, ഖൂനിയ എന്നീ നഗരങ്ങള്‍ ഹാറൂന്‍ അല്‍ റഷീദ് കീഴടക്കി.

അബ്ബാസികളുടെ കാലത്താണ് ഖലീഫമാര്‍ മന്ത്രിമാരെ നിയമിച്ചു തുടങ്ങിയത്. യഹ്യബിന്‍ ഖാലിദില്‍ ബര്‍മകിയും അദ്ദേഹത്തിന്റെ പുത്ര•ാരായ ഫദ്ല്‍, ജഅ്ഫര്‍ എന്നിവരും ഹാറൂണ്‍ അല്‍ റഷീദിന്റെ സമര്‍ഥരായ മന്ത്രിമാരായിരുന്നു. ഇവര്‍ ബറാമിക്കുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഖലീഫ ഗവര്‍ണര്‍മാര്‍ക്കും ഇതരഭരണാധികാരികള്‍ക്കും അയക്കുന്ന കത്തുകള്‍ തയ്യാറാക്കുക, ഖലീഫയുടെ നിര്‍ദേശമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുക, ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഇവയെല്ലാമായിരുന്നു മന്ത്രിമാരുടെ ചുമതലകള്‍.

ഉത്തരാഫ്രിക്കയിലെ ട്രിപ്പോളി (ലിബിയ), അള്‍ജീരിയ, തുനീഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ തലസ്ഥാന നഗരമായ ബാഗ്ദാദില്‍നിന്നും വളരെ അകലെയായതിനാല്‍ അവിടത്തെ ഭരണച്ചുമതല ഇബ്റാഹീമുബ്നു അഗ്ലബിനു ഹാറൂന്‍ അല്‍ റഷീദ് ഏല്‍പ്പിച്ചു കൊടുത്തു. അബ്ബാസീ ഭരണകൂടത്തിനു കീഴ്പ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളും ഭരണം നടത്തിയത്. ഖൈറുവാനായിരുന്നു അവരുടെ ആസ്ഥാനം. സിസിലി ദ്വീപ് പിടിച്ചടക്കുകയും ഇറ്റലിയുടെ ദക്ഷിണഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ഇവരുടെ നാവിക ശക്തിയെ അതിജയിക്കുന്ന മറ്റൊരു ശക്തി റോമന്‍ ഉള്‍ക്കടലില്‍ അന്നില്ലായിരുന്നു. 23 വര്‍ഷക്കാലം ഭരണം നടത്തിയ ഹാറൂന്‍ അല്‍ റഷീദ് നാല്‍പത്തിഅഞ്ചാമത്തെ വയസ്സില്‍ മരണമടഞ്ഞു.

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം

മുഹമ്മദുല്‍ മഹ്ദി الدولة العباسية – محمد المهدي


(ഹി. 158 ‏‏‏‏‏ 169, ക്രി. 775 ‏‏‏‏‏ 785)

മന്‍സൂറിന്റെ മരണശേഷം പുത്രന്‍ മുഹമ്മദുല്‍ മഹ്ദി ഭരണമേറ്റു. ലോലഹൃദയനും സുഖലോലുപനുമായിരുന്നെങ്കിലും ഉത്തരവാദിത്വബോധമുള്ള ഭരണാധികാരിയായിരുന്നു ഇദ്ദേഹം. മന്‍സൂറിന്റെ കാലത്ത് നടന്ന കലാപങ്ങളില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ അക്രമമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായവര്‍ക്ക് അദ്ദേഹം തിരിച്ചുകൊടുത്തു. അക്രമങ്ങള്‍ക്ക് അറുതിവരുത്തുകയും നീതിയും ന്യായവും നടപ്പിലാക്കുകയും ചെയ്തതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് മഹ്ദി പ്രിയപ്പെട്ടവനായിരുന്നു. മുസ്ലിം സമൂഹത്തില്‍ വിശ്വാസവ്യതിയാനത്തിന് ശ്രമം നടത്തിക്കൊണ്ടിരുന്ന സിന്‍ദീഖുകളുടെ ആദര്‍ശങ്ങളെ ഖണ്ഡിക്കുകയും ഇസ്ലാമിക ദര്‍ശനങ്ങളെ സ്ഥാപിക്കുകയും ചെയ്യുന്ന കൃതികള്‍ എഴുതിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു.

പത്തുവര്‍ഷം നീണ്ടുനിന്ന മഹ്ദിയുടെ ഭരണത്തില്‍ രാജ്യത്ത് സമാധാനവും ക്ഷേമവും കളിയാടി. അതിര്‍ത്തിയില്‍ റോമന്‍ ആക്രമണത്തെ ശക്തിയായി നേരിട്ടു. ഹിജറ 165 ല്‍ മുസ്ലിം സൈന്യം റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഖുസ്തന്‍ത്വീനിയ്യയില്‍ (കോണ്‍സ്റാന്റിനോപ്പിളില്‍) പ്രവേശിച്ചു. റോമാ ചക്രവര്‍ത്തി വര്‍ഷം തോറും കപ്പം കൊടുക്കാമെന്ന ഉടമ്പടിയിലാണ് യുദ്ധം അവസാനിച്ചത്. മഹ്ദിയുടെ പുത്രനും കേവലം 17 വയസ്സ് മാത്രം പ്രായമുള്ള ധീരനായ ഹാറൂന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇദ്ദേഹമായിരുന്നു പില്‍ക്കാലത്ത് ഹാറൂണ്‍ അല്‍റഷീദ് എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നത്

അബൂജഅ്ഫര്‍ അല്‍ മന്‍സൂര്‍ الدواة العباسة – ابو جعفر المنصور


(ഹി. 136 ‏‏‏‏‏ 158)

മന്‍സൂര്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരണം നടത്തി. അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ഭദ്രമാക്കിയത് അദ്ദേഹമാണ്. എതിരാളികളെ നിര്‍ദാക്ഷിണ്യം നേരിട്ട മന്‍സൂര്‍ സാധാരണ ജനങ്ങളോട് നീതിപൂര്‍വം പെരുമാറി. ഗവര്‍ണര്‍മാരില്‍നിന്ന് നീതിലഭിക്കാത്ത പൌരന്മാര്‍ക്ക് ഖലീഫയെ നേരില്‍കാണാന്‍ അവസരം നല്‍കിയിരുന്നു. ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരിക്കല്‍ അദ്ദേഹം കഷ്ണം വെച്ച വസ്ത്രം ധരിച്ചിരിക്കുന്നതു കണ്ട് ഭൃത്യ ചോദിച്ചു. ‘ഖലീഫയായിട്ടും കഷ്ണം വെച്ച വസ്ത്രമോ?’ അദ്ദേഹത്തിന്റെ മറുപടി ഒരു കവിതയായിരുന്നു.

‘മേല്‍മുണ്ട് പഴകിയതും കുപ്പായം കഷ്ണം വെച്ചതുമാകുമ്പോഴാണ് പുരുഷന് അന്തസ്സ് വര്‍ദ്ധിക്കുക.’

അന്തുലുസ് ഒഴികെ ഉമവികളുടെ അധീനതയിലുണ്ടായിരുന്ന എല്ലാ പ്രദേശങ്ങളിലും മന്‍സൂര്‍ അബ്ബാസീ ഭരണം ഉറപ്പിച്ചു. അന്തുലുസ് കീഴടക്കുവാനുള്ള മന്‍സൂറിന്റെ ശ്രമം വിഫലമായി. അവിടെ ഉമവീ രാജകുമാരന്‍ അബ്ദുര്‍റഹ്മാന്‍, ഉമവീകുടുംബത്തി ന്റെ സ്വതന്ത്ര ഭരണം സ്ഥാപിച്ചു. ഇമാം ഹസന്റെ സന്തതികളില്‍ പെട്ട മുഹമ്മദുബ്നു അബ്ദുല്ലയുടെ നേതൃത്വത്തിലും അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീമുബ്നു അബ്ദുല്ലയുടെ നേതൃത്വത്തിലും നടന്ന ശീഈ കലാപങ്ങളെ മന്‍സൂര്‍ അടിച്ചമര്‍ത്തി. ഉമവികളുടെ അധീനത്തിലുള്ള മിക്ക പ്രദേശങ്ങളും പിടിച്ചടക്കി അബ്ബാസികള്‍ക്കു ഭരണം നേടിക്കൊടുത്ത സൈന്യാധിപന്‍ അബൂമുസ്ലിമുല്‍ ഖുറാസാനിയുടെ വധം ഇക്കാലത്തെ ഒരു സംഭവമായിരുന്നു. ഖുറാസാനിയുടെ സ്വാധീനം അളവറ്റ് വര്‍ദ്ധിച്ചുവെന്നും അയാളുടെ അനുയായികള്‍ക്ക് അലിയുടെ സന്താനപരമ്പരയോടാണ് കൂടുതല്‍ അനുഭാവമെന്നും മനസ്സിലാക്കിയ മന്‍സൂര്‍ തന്ത്രപരമായി ഖുറാസാനിയെ വധിക്കുകയാണ് ചെയ്തത്.

ഹി. 155 ല്‍ റോമക്കാരുടെ ആക്രമണത്തെ ഭരണകൂടം ധീരമായി നേരിട്ടു. റോമന്‍ സേനയെ പരാജയപ്പെടുത്തുകയും മുസ്ലിംരാഷ്ട്രത്തിനു കപ്പം നല്‍കാന്‍ റോമന്‍ ചക്രവര്‍ത്തി കൈസര്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

സച്ചരിതരായ ഖലീഫമാരുടെ കാലത്ത് മദീനയും ഉമവീ കാലഘട്ടത്തില്‍ ദമസ്കസുമായിരുന്നു ഭരണകൂടത്തിന്റെ ആസ്ഥാനം. അബ്ബാസീ ഭരണം ആരംഭിച്ചതോടെ ആസ്ഥാനമായി ടൈഗ്രീസ് നദീതീരത്ത് ബഗ്ദാദ് എന്ന പേരില്‍ ഒരു പുതിയ പട്ടണം മന്‍സൂര്‍ നിര്‍മിച്ചു. ആസൂത്രിതമായി നിര്‍മിക്കപ്പെട്ട ബഗ്ദാദ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലിയ പട്ടണമായി മാറി.

വിജ്ഞാനപ്രചാരണത്തില്‍ മന്‍സൂര്‍ അതീവതാല്‍പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ദര്‍ബാറില്‍ കലാ‏‏‏‏‏സാഹിത്യ‏‏‏‏‏ശാസ്ത്ര നിപുണര്‍ ഒത്തുകൂടിയിരുന്നു. ഗ്രന്ഥരചനക്ക് അദ്ദേഹം പ്രോത്സാഹനം നല്‍കി. സിറിയന്‍ പേര്‍ഷ്യന്‍ ഗ്രീക്ക് സംസ്കൃത ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജുമ ചെയ്യിച്ചു. വൈദ്യശാസ്ത്രം, തത്വചിന്ത, വാനശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ ഇവയില്‍പ്പെടും.

ഇമാം അബൂഹനീഫയുടെ കര്‍മശാസ്ത്രം ക്രോഡീകരിക്കപ്പെട്ടത് മന്‍സൂറിന്റെ ഭരണകാലത്താണ്. പില്‍ക്കാലത്ത് ഹനഫീ മദ്ഹബിന്റെ പ്രചാരണത്തിന് അടിത്തറപാകിയ ഈ മഹത്തായ ശ്രമം മുസ്ലിം ലോകത്ത് നിലവിലുണ്ടായരുന്ന അവ്യക്തതയ്ക്ക് പരിഹാരമായ പ്രഥമ ഉദ്യമമായിരുന്നു.

ഇമാം മാലികിന്റെ പ്രശസ്ത ഹദീസ് ഗ്രന്ഥമായ മുവത്വഃ രചിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. മുസ്ലിം സമൂഹത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ച ഉല്‍കൃഷ്ട ഗ്രന്ഥമായിരുന്നു മുവത്വഃ.

അബുല്‍അബ്ബാസ് അസ്സഫ്ഫാഹ് الدولة العباسية ابو العباس

അബുല്‍അബ്ബാസ് അസ്സഫ്ഫാഹ്
(ഹി. 132 ‏‏‏‏‏ 136)

അബൂമുസ്ലിമുല്‍ ഖുറാസാനിയുടെയും അബ്ദുല്ലാഹിബ്നുഅലിയുടെയും നേതൃത്വത്തില്‍ നടന്ന സംഘട്ടനങ്ങള്‍ അവസാനത്തെ ഉമവീഭരണാധികാരി മര്‍വാനുബ്നുമുഹമ്മദിന്റെ അന്ത്യത്തില്‍ കലാശിക്കുകയും തുടര്‍ന്ന് അബ്ബാസീസേന ദമസ്കസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ഉമവീ ഭരണത്തിന് തിരശ്ശീല വീണു. ഹാശിം കുടുംബത്തിന്റെ ശാഖയായ അബ്ബാസികളില്‍ അബുല്‍അബ്ബാസ് അസ്സഫ്ഫാഹ് എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്ലാഹിബ്നു മുഹമ്മദായിരുന്നു ആദ്യത്തെ അബ്ബാസീ ഖലീഫ. നാലുവര്‍ഷക്കാലമാണ് ഇദ്ദേഹം ഭരണം നടത്തിയത്. ഇറാഖിലെ അന്‍ബാര്‍ പട്ടണമായിരുന്നു ആസ്ഥാനം.

‘സഫ്ഫാഹ്’ എന്നാല്‍ രക്തദാഹി എന്നാണര്‍ഥം. ദമസ്കസ് പിടിച്ചടക്കിയ അബ്ബാസീസേന ഉമവീപക്ഷക്കാരായിരുന്ന പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഭയാനകമായ ഈ കൂട്ടക്കൊലയില്‍നിന്ന് കുട്ടികളെപ്പോലും ഒഴിവാക്കിയില്ല. സഫ്ഫാഹിന്റെ വലംകയ്യായിരുന്ന അബൂമുസ്ലിമുല്‍ ഖുറാസാനിയുടെ നേതൃത്വത്തില്‍ വളരെയധികം നിഷ്ഠൂരകൃത്യങ്ങ നടന്നു. സമര്‍ഥനും യോഗ്യനുമായ ഖലീഫ അബുല്‍അബ്ബാസ് ‘സഫ്ഫാഹ്’ എന്ന് വിളിക്കപ്പെട്ടത് ഈ സംഭവത്തെ തുടര്‍ന്നായിരുന്നു. അബ്ബാസീഖിലാഫത്തിന് അടിത്തറപാകിയ സഫ്ഫാഹിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ ഭരണം ഏറ്റെടുത്തു.