Category Archives: ഇന്ത്യയില്‍ ഇസ്ലാമിന്റെ പ്രചാരം

അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ ഔറംഗസീബ്

ഭൂമിയില്‍ മനുഷ്യ പ്രതിനിധാനത്തിന്റെ സന്ദേശമറിയിച്ചും സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വഴങ്ങിയും ഭരണം നടത്തിയവരായിരുന്നു ഖുലഫാഉ റാശിദ (സച്ചരിതരായ ഭരണാധികാരികള്‍). അല്ലാഹുവിന്റെ കല്‍പനകള്‍ ആവും വിധം നടപ്പിലാക്കി നീതിനിഷ്ഠവും സംസ്‌കാരസമ്പന്നവും ഉജ്ജ്വലവുമായൊരു സാമൂഹികക്രമം ആ മഹാരഥന്മാര്‍ പടുത്തുയര്‍ത്തി. സാമൂഹിക നീതിയും സദാചാര മൂല്യങ്ങളും പൂത്തുലഞ്ഞ ആ കാലഘട്ടത്തില്‍, അയല്‍നാടുകളില്‍ പോലും അതിന്റെ ശോഭനമായ മുഖം തെളിഞ്ഞ് നിന്നു. ഖലീഫമാരുടെ കാലശേഷം വന്ന ഭരണാധികാരികളില്‍ അധികവും തങ്ങളുടെ മുന്‍ഗാമികള്‍ വരച്ചിട്ട ഭരണമാര്‍ഗ്ഗത്തില്‍ നിന്ന് അകന്ന് സഞ്ചരിച്ചപ്പോഴും ഉമറുബ്‌നു അബ്ദില്‍ അസീസ്, നൂറുദ്ദീന്‍ മഹ്മൂദ് സങ്കി, സലാഹുദ്ദീന്‍ അയ്യൂബി പോലുള്ള ചുരുക്കം ചിലര്‍ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഖുലഫാഉ റാശിദയെ അനുസ്മരിപ്പിച്ചിട്ടുണ്ട് (നിര്‍ഭാഗ്യവശാല്‍, അതിന്റെ ഉദാത്തമായൊരു തുടര്‍ച്ച ഇസ്‌ലാമിക സമൂഹത്തില്‍ പിന്നീട് ഉയിരെടുത്തിട്ടില്ല) അക്കൂട്ടത്തില്‍ ഖലീഫമാരുടെ മികവാര്‍ന്ന ചര്യകളും കരുത്തുറ്റ ഭരണ സംവിധാനങ്ങളുമായി പില്‍ക്കാലത്ത് ഇന്ത്യ ഭരിച്ച മുഗള്‍ ഭരണാധികാരിയായിരുന്നു maxresdefault. ഹിജ്റ പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി 52 വര്‍ഷം ഇന്ത്യാ ഉപഭൂഖണ്ഡം അദ്ദേഹം ഭരിച്ചു (AD 1658 – 1707). ആ കാലയളവില്‍ ഇന്ത്യയെ വളരെ കൂടുതല്‍ വിപുലീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യദ്രോഹികളയും ശത്രുക്കളെയും നിഷ്‌കാസനം ചെയ്തും, സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തിയ ഔറംഗസീബിന്റെ ഇന്ത്യ, നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്തെ ദിനരാത്രികളെ ഓര്‍മ്മിപ്പിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘ഖുലഫാഉ റാശിദയുടെ ശേഷിപ്പ്’, ‘ഖലീഫമാരില്‍ ആറാമന്‍’എന്നിങ്ങനെയാണ് ഔറംഗസീബിനെ പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ അലി തന്‍ത്വാവി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ എല്ലാ അലങ്കാരങ്ങളോടും കൂടി രാജ്യം വാഴുമ്പോഴും സ്വജീവിതത്തെ ധാര്‍മ്മിക സനാതന മൂല്യങ്ങള്‍കൊണ്ട് സമ്പന്നമാക്കിയിരുന്നു ഔറംഗസീബ്.

1618 ഒക്‌ടോബര്‍ 24 ന് ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് ‘അധികാരത്തിന്റെ അലങ്കാരം’എന്നാണര്‍ഥം. സര്‍വ്വമാന സൗഭാഗ്യങ്ങളും സുഖലോലുപതയും മേളിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും ‘മുംതാസ് മഹല്‍’ എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു ഔറംഗസീബിന്റെ മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ദീനീനിഷ്ഠ മുറുകെ പിടിച്ചിരുന്നു. ആയോധനകലയിലും കായികക്ഷമതയിലും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം വളരെ വിശ്രുതമാണ്. ഒരിക്കല്‍ പിതാവ് ഷാജഹാനും സഹോദരങ്ങളുമൊത്ത് കുട്ടിയായ ഔറംഗസീബ് ഒരു ഉത്സവത്തിന് പോയി. ഉത്സവത്തിലെ മുഖ്യയിനം ആനയോട്ട മത്സരമായിരുന്നു. പെട്ടന്ന്, ഒരാന ഗോദയില്‍ നിന്നും ഔറംഗസീബിന്റെ നേര്‍ക്ക് പാഞ്ഞടുത്തു. അദ്ദേഹം ഇരുന്ന കുതിരയെ ആന അക്രമിക്കുകയും ഔറംഗസീബ് നിലംപതിക്കുകയും ചെയ്തു. ഉടനെ ചാടിയെണീറ്റ് ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് ആ ‘കൊച്ചുരാജാവ്’ മദയാനയുടെ നേരെ വാളോങ്ങി. അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ വന്ന് ആനയെ വിരട്ടിയോടിച്ചു.

ഔറംഗസീബിന്റെ പിതാമഹനായിരുന്നു അക്ബര്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ തത്വസംഹിത അവതരിപ്പിച്ചു. ‘ദീനെ ഇലാഹി’യെന്ന പുത്തന്‍ മതത്തിലേക്ക് ധാരാളമാളുകള്‍ ഇസ്‌ലാമില്‍ നിന്നും മതപരിത്യാഗികളായി. ഇത്തരത്തിലുള്ള പരിഷ്‌കരണ പ്രഹസനങ്ങള്‍ നടത്തിയ അക്ബര്‍ വിവാദങ്ങളുടെ തോഴനായിട്ടാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മൗലാനാ അഹ്മദ് സര്‍ഹിന്ദി കടന്നുവരികയും ദൈവപ്രോക്തമായ സത്യദീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആളുകളെ ആട്ടിത്തെളിക്കുകയും ചെയ്തു. അക്ബറിന്റെ കാലശേഷം, കുട്ടിയായിരുന്ന ഔറംഗസീബിന്റെ മതപഠനം ഏറ്റെടുത്തത് മൗലാനാ മുഹമ്മദ് മഅ്‌സൂം സര്‍ഹിന്ദി ആയിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഔറംഗസീബ്, വിശുദ്ധ ഖുര്‍ആന്‍ അക്ഷരശുദ്ധിയോടെ പാരായണം ചെയ്യുകയും ഒട്ടനവധി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് ഷാജഹാനോടൊപ്പം ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ യുദ്ധതന്ത്രവും സൈനികമികവും അദ്ദേഹം സ്വായത്തമാക്കി.

ഷാജഹാന്റെ മക്കളില്‍ മൂന്നാമനായിരുന്നു ഔറംഗസീബ്. ശുദാഅ്, മുറാദ് ബ്‌നു ബഹ്ശ്, എന്നിവരായിരുന്നു മുതിര്‍ന്ന സഹോദരങ്ങള്‍. ശുജാഅ് ബംഗാളിന്റെയും മുറാദ് ഗുജറാത്തിന്റെയും അധികാരം ഏറ്റെടുത്തപ്പോള്‍ ഔറംഗസീബ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ദുക്ന്‍ എന്ന സ്ഥലത്തെ അധികാരിയായി. ഷാജഹാന്റെ കാലത്തെ സൈനികമേധാവിയായിരുന്ന ഔറംഗസീബ്, നിരവധി വീരചരിതങ്ങള്‍ രചിക്കുകയും രാജ്യത്ത് സുശക്തമായ ഒരു ഭരണക്രമം നടപ്പില്‍ വരുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ, ഔറംഗസീബിന്റെ പ്രിയമാതാവ് മുംതാസ് നിര്യാതയായി. അവരുടെ നിത്യഹരിത സ്മരണക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പൊതുഖജനാവില്‍ നിന്നും ധാരാളം പണമൊഴുക്കി താജ്മഹല്‍ നിര്‍മ്മിച്ചു. ആഭ്യന്തര കലഹവും കലാപവും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കിയപ്പോഴും ഷാജഹാന്‍ പ്രിയതമയുടെ മണ്ണറയിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്നു. സുല്‍ത്താന്റെ ഇത്തരം നിരുത്തരവാദിത്തപരമായ നിലപാടുകള്‍ക്കെതിരില്‍ മൂത്തപുത്രനായ ശുജാഅ് പ്രതിഷേധിക്കുകയും ഭരണം അട്ടിമറിക്കുകയും അധികാരം ഏറ്റെടുക്കുകയും ചെയ്തു. ധാര്‍മ്മിക മൂല്യങ്ങള്‍ തൊട്ടുതീണ്ടാത്ത കേവലം ഭൗതിക തല്‍പരനായ രാജാവായിരുന്നു ശുജാഅ്. അക്ബറിന്റെ കാലത്തെ ഇരുള്‍പടര്‍ന്ന സാമൂഹികാന്തരീക്ഷം സ്ഥാപിക്കാനുള്ള ശുജാഇന്റെ കുത്സിതശ്രമങ്ങളെ ഔറംഗസീബ് നഖശിഖാന്തം എതിര്‍ത്തു. പിന്നീട് അധികാരം ഏറ്റെടുത്ത ഔറംഗസീബ്, തന്റെ ധൂര്‍ത്തനായ പിതാവിനെ അധികാരഭ്രഷ്ടനാക്കുകയും ആഗ്ര കോട്ടയില്‍ തടവിലിടുകയും ചെയ്തു. ഔറംഗസീബ് സുല്‍ത്താനായതോടെ, താജ്യമെങ്ങും സന്തോഷവും സമാധാനവും പുഷ്‌കലമായി. നീതിയും സമത്വവും സമഞ്ജസമം പൂത്തുലഞ്ഞ ആ നാളുകളില്‍ രാജ്യനിവാസികള്‍ ഖുലഫാഉ റാശിദയുടെ കാലത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുകയായിരുന്നു.

അധികാരമേറ്റടുത്തതിന്റെ ഒന്നാം നാള്‍ മുതല്‍ സുദീര്‍ഘമായ 52 വര്‍ഷക്കാലം പോരാട്ടത്തിന്റെ കനല്‍പഥങ്ങളിലൂടെയാണ് ഔറംഗസീബ് സഞ്ചരിച്ചത്. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. തന്റെ ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു. പലയിടങ്ങളിലായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ മുഗള്‍ സാമ്രാജ്യത്വത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. അതോടൊപ്പം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരാതരം നികുതികള്‍ അദ്ദേഹം ഒഴിവാക്കി. അമുസ്‌ലിംകള്‍ക്ക് ജിസ്‌യ (ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ അമുസ്‌ലിം പൗരന്‍മാര്‍ നിര്‍ബന്ധമായും നല്‍കേണ്ട നികുതി) നിര്‍ബന്ധമാക്കിയെങ്കിലും തങ്ങളുടെ മേലുള്ള മറ്റു നികുതികള്‍ ഒഴിവാക്കിയതില്‍ സന്തുഷ്ടരായിരുന്നു അവര്‍. അതിനുപുറമെ, തരിശുഭൂമികള്‍ ഫലഭൂയിഷ്ടമാക്കി അതില്‍ കൃഷിയിറക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഓരോ ഗവര്‍ണര്‍മാരെ നിയമിക്കുകയും ഉയര്‍ന്ന തസ്തികകളില്‍ നിന്ന് അമുസ്‌ലിംകളെ നീക്കം ചെയ്തും തന്റെ ഉദ്യോഗസ്ഥ വൃന്ദത്തെ പുനഃസംഘടിപ്പിച്ചു. ഔറംഗസീബ് നിയമിച്ച ഉദ്യോഗസ്ഥര്‍ തദ്ദേശീയരുടെ അവസ്ഥാന്തരങ്ങളെ കുറിച്ച് പഠിക്കുകയും അവ സുല്‍ത്താനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യനിവാസികളുടെ പരിഭവങ്ങളും പരിവേദനകളും കേള്‍ക്കുന്നതിനു വേണ്ടി ദിനംപ്രതി മൂന്ന് തവണ അവര്‍ക്കുമുന്നില്‍ വരാറുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

മുഗള്‍ സാമ്രാജ്യത്വത്തിന്റെ അധിപനായിരുന്നിട്ടും ഭൗതികവിരക്തിയുടെ ആള്‍രൂപമായിരുന്നു ഔറംഗസീബ്. അധികാരത്തിന്റെ ആഢ്യത്വവും അഹന്തയും അദ്ദേഹത്തെ തെല്ലും വശംവദനാക്കിയിരുന്നില്ല. രാജകൊട്ടാരത്തില്‍ സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് നിര്‍ത്തലാക്കുകയും ഇസ്‌ലാമിന്റെ അഭിവാദന രീതി (സലാം പറയല്‍) സ്വീകരിക്കാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ കണിശത പുലര്‍ത്തുകയും അതിനു കടകവിരുദ്ധമായ മുഴുവന്‍ വ്യവഹാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഔറംഗസീബ്, രാജ്യത്തേക്ക് മദ്യം ഇറക്കുമതി ചെയ്യുന്നത് അപ്പാടെ നിരോധിച്ചു. രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ അനവധി മദ്‌റസകളും മസ്ജിദുകളും സ്ഥാപിക്കുകയും യാത്രക്കാര്‍ക്ക് വേണ്ടി ധാരാളം സത്രങ്ങളും പടുത്തുയര്‍ത്തിയ പരഷേമ തല്‍പരനായ ഭരണാധികാരിയായിരുന്നു ഔറംഗസീബ്. അങ്ങനെ ശബളിമയാര്‍ന്ന നാഗരികതയുടെയും ശോഭനയാര്‍ന്ന ഭരണത്തികവിന്റെയും ഈറ്റില്ലമായി ഇന്ത്യ മാറി. മുഗള്‍ പൈതൃകത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാക്കിസ്ഥാനിലെ ലാഹോറിലുള്ള ബാദുഷാ മസ്ജിദ്. അതിന്റെ പ്രൗഢമായ പ്രവേശനകവാടത്തില്‍ മുഗള്‍ വാസ്തുശില്‍പ വിദ്യകള്‍ സുന്ദരമായി കൊത്തിവെച്ചിട്ടുണ്ട്. പള്ളിയുടെ പ്രവിശാലമായ മുറ്റത്ത് ആബാലവൃന്ദം ആളുകള്‍ പ്രാര്‍ഥനക്കും മറ്റുമായി ഒരുമിച്ച് കൂടാറുണ്ട്.

അങ്ങേയറ്റത്തെ ഇച്ഛാശക്തിയും കര്‍മ്മോത്സുകതയും ഇഴകിച്ചേര്‍ന്ന ഔറംഗസീബിന്റെ ഭരണരീതി ചരിത്രകാരന്മാരുടെ പ്രശംസ പിടിച്ചുപറ്റി. പണ്ഡിതനും സൂഫിവര്യനുമായ അലി തന്‍ത്വാവി തന്റെ വിശ്വവിഖ്യാത കൃതിയായ ‘ചരിത്രപുരുഷന്മാര്‍ ‘ എന്ന ഗ്രന്ഥത്തിലൂടെ ഔറംഗസീബിനെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്: ‘മറ്റു ഭരണാധികാരികളില്‍ നിന്നും ഔറംഗസീബ് വ്യതിരിക്തനാകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, പൊതു ഖജനാവില്‍ നിന്നും നയാ പൈസ അനാവശ്യമായി ഉപയോഗിച്ചിട്ടില്ല. രണ്ട്, ശരീഅത്ത് നിയമങ്ങളെ ഒരൊറ്റ വിജ്ഞാന കോശമാക്കി ഔറംഗസീബ് ക്രോഡീകരിച്ചു’. ഇങ്ങനെയുള്ള ചടുലമായ പ്രവര്‍ത്തനങ്ങളും ധീരമായ നയനിലപാടുകളും ഇഴകിച്ചേര്‍ന്ന ഭരണമായിരുന്നു ഔറംഗസീബ് കാഴ്ച്ചവെച്ചത്. അദ്ദേഹത്തിന്റെ ഭരണം ഇന്നും ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ജീവിതമഖിലം ഇസ്‌ലാമിന്റെ കളഭക്കൂട്ടില്‍ ഒപ്പിയെടുത്ത ചിട്ടയാര്‍ന്ന ജീവിതശൈലിയായിരിന്നു ഔറംഗസീബിന്റേത്. 1707 മാര്‍ച്ച് 3ന് മുഗള്‍ ഭരണകൂടത്തിലെ അവസാന കണ്ണിയും ഐഹിക ജീവിതത്തോട് വിടപറഞ്ഞു. ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഔറംഗസീബ് ദീപ്തസ്മരണകളാല്‍ പ്രശോഭിച്ചു നില്‍ക്കുന്ന വിളക്കുമാടമാണ്. അവസാനമായി അദ്ദേഹം വസിയ്യത്ത് ചെയ്തത്, ‘അഞ്ചു രൂപയുടെ കഫന്‍പുടവയില്‍ സാധാരണക്കാരുടെ കൂടെ എന്നെ മറമാടണം’ എന്നായിരുന്നു. ആ മഹാരഥന്റെ നിര്യാണത്തോടെ മുഗള്‍രാജവംശത്തിന്റെ ആണിക്കല്ല് ഇളകാന്‍ തുടങ്ങി. അധികാരം ദുര്‍ബലരായ രാജാക്കന്‍മാര്‍ കൈയാളിയതോടെ മുഗള്‍സാമ്രാജ്യം നാമ മാത്രമായിത്തീര്‍ന്നു. അവസാന രാജാവ് സുല്‍ത്താന്‍ ബഹദൂര്‍ഷാ രണ്ടാമന്റെ കാലത്ത് 1857ല്‍, സാമ്രാജ്യത്വ അധിനിവേശത്തെ തുടര്‍ന്ന് ശേഷിച്ചവയും ഇല്ലാതായി.
(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

പൂജ ലാമയുടെ സത്യാന്വേഷണം

നേപ്പാള്‍ മുന്‍സിനിമാ നടിയും മോഡലുമായിരുന്ന പൂജ ലാമയുടെ സത്യാന്വേഷണം)

ചോ: താങ്കളെ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രചോദിപ്പിച്ചതെന്താണ്?

പൂജ: ഞാന്‍ ബുദ്ധമതവിശ്വാസികളുടെ കുടുംബത്തിലാണ് ജനിച്ചത്. ഒരു വര്‍ഷം മുമ്പ് മറ്റുമതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് പഠിക്കണമെന്ന് തീരുമാനിച്ചു. തദടിസ്ഥാനത്തില്‍ ഹിന്ദുയിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം എന്നിവയെ താരതമ്യംചെയ്തുകൊണ്ടുള്ള പഠനം തുടങ്ങി. ഈ പഠനത്തിനിടക്ക് ദുബായ്, ഖത്വര്‍ എന്നീ നാടുകള്‍ സന്ദര്‍ശിച്ചവേളയില്‍ അവിടത്തെ ഇസ്‌ലാമികനാഗരികത എന്നെ വല്ലാതെയാകര്‍ഷിച്ചു. ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഉദ്‌ഘോഷിക്കുന്ന ഏകത്വമാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം പോലെ മറ്റൊന്ന് ഇതരദര്‍ശനങ്ങളിലില്ല.

ചോ: മാധ്യമങ്ങള്‍ ഇസ്‌ലാമിനെ ഭീകരതയുടെ പ്രത്യയശാസ്ത്രമായാണ് താറടിച്ചുകാണിക്കുന്നത്. ഇതിനെ താങ്കള്‍ എങ്ങനെയാണ് നേരിട്ടത്?

പൂജ: എന്റെ ഇസ്‌ലാംസ്വീകരണത്തിന് ഇപ്പറഞ്ഞ മാധ്യമപ്രോപഗണ്ടയും പ്രേരിപ്പിച്ചുവെന്നതാണ് വാസ്തവം. ഞാന്‍ പഠിച്ചുമനസ്സിലാക്കിയതല്ല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. മനുഷ്യസ്‌നേഹവും സമാധാനവും നീതിയും സംസ്ഥാപിക്കാന്‍ ഇസ്‌ലാമിനോളം അനുയോജ്യമായ മറ്റൊരു ദര്‍ശനവുില്ല.

ചോ: സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളില്‍പെട്ടയാളാണല്ലോ താങ്കള്‍. ഒരിക്കല്‍ ആത്മഹത്യക്കുപോലും ശ്രമിക്കുകയുണ്ടായി. അതെക്കുറിച്ച് പറയാമോ?

പൂജ: ഞാന്‍ മൂന്നുതവണ വിവാഹിതയായി എന്നും ആദ്യഭര്‍ത്താവിലെ കുട്ടി എന്റെ അമ്മയോടൊപ്പമാണെന്നും മറ്റും എരിവുംപുളിയുംചേര്‍ത്ത് വാര്‍ത്തപടച്ചുവിട്ട മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല. അതവരുടെ പത്രസ്ഥാപനത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട വിഷയമാണ്. പക്ഷേ, വില്‍പന വര്‍ധിപ്പിക്കാനായി കള്ളം പടച്ചുവിട്ടത് എന്നെ വളരെയേറെ മുറിവേല്‍പിച്ചു. ആളുകള്‍ അതെല്ലാം എന്റെ പ്രസിദ്ധിക്കുവേണ്ടിയുള്ള നാടകങ്ങളാണെന്ന് എന്നെ കുറ്റപ്പെടുത്തി. ഞാന്‍ അങ്ങേയറ്റം ദുഃഖിതയായ സമയത്താണ് ആത്മഹത്യചെയ്താലോയെന്ന് തോന്നിയത്. എന്നാല്‍ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മതഗ്രന്ഥങ്ങള്‍ വായിക്കുകയും അങ്ങനെ ഇസ്‌ലാമില്‍ എത്തിപ്പെടുകയുമായിരുന്നു. എന്റെ ഭൂതകാലം ഞാന്‍ മറന്നുകഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ എല്ലാ പുഴുക്കുത്തുകളില്‍നിന്നും മുക്തമായ സന്തുഷ്ടജീവിതംനയിക്കുന്നു.

ചോ: പൂജാ, ഇസ്‌ലാംസ്വീകരണത്തിനുശേഷം താങ്കളുടെ വേഷവിധാനത്തിലടക്കം പതിവുരീതികള്‍ക്ക് മാറ്റം വന്നു. കഴിഞ്ഞകാലചെയ്തികളെയോര്‍ത്ത് ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ടോ?

പൂജ: എന്നെ ഇനി പൂജ എന്നുവിളിക്കല്ലേ. അതെന്റെ ഭൂതകാലമാണ് ഇപ്പോള്‍ ഞാന്‍ അംനാ ഫാറൂഖിയാണ്. കഴിഞ്ഞകാലം ഒട്ടനേകം മാനസികസമ്മര്‍ദ്ദങ്ങളുടേതായിരുന്നു. മദ്യവും സിഗരറ്റുമായിരുന്നു എനിക്ക് അന്ന് അഭയം. ചിലപ്പോഴൊക്കെ ബോധംമറയുമാറ് മദ്യപിച്ചിരുന്നു. ഘനാന്ധകാരം സമ്മാനിച്ച വിഷാദത്തിന്റെ ഇരുളിലായിരുന്നു ഞാന്‍. ഇസ്‌ലാംപകര്‍ന്നുനല്‍കിയ സന്തോഷം എന്നെ എല്ലാ ചീത്തസ്വഭാവങ്ങളില്‍നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ ദീനിവിരുദ്ധമായ കാര്യങ്ങളൊന്നും തന്നെചെയ്യാറില്ല.

ചോ: ഇസ്‌ലാംസ്വീകരണത്തിന് തയ്യാറായത് എപ്പോഴാണ്?

അംന: എനിക്ക് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ഒട്ടേറെ ബുദ്ധവിശ്വാസികളായ സുഹൃത്തുക്കളുണ്ട്. ഞാന്‍ ദുഃഖിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അവരാണ് എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍തന്ന് പ്രചോദിപ്പിച്ചത്. ഞാന്‍ വായനതുടങ്ങി. ഒരിക്കല്‍ ഞാന്‍ ഇസ്‌ലാമികപഠനക്ലാസില്‍ പങ്കെടുത്തു. അവിടെവെച്ച് എന്റെ ഹൃദയം തുറക്കപ്പെട്ടു. അല്ലാഹുവിനെയല്ലാതെ ഒരു മനുഷ്യനെയും ഭയപ്പെടേണ്ടതില്ലെന്ന് ഞാനന്ന് തിരിച്ചറിഞ്ഞു. ആ സമയത്താണ് ഞാന്‍ ഇസ്‌ലാംസ്വീകരിച്ചത്.

ചോ: താങ്കളുടെ ഇസ്‌ലാംസ്വീകരണത്തോട് കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു ?

അംന: ഇസ്‌ലാം സ്വീകരിച്ചയുടന്‍ ഞാനക്കാര്യം ഇന്ത്യയിലെ ഡാര്‍ജിലിങിലുണ്ടായിരുന്ന എന്റെ കുടുംബത്തെ അറിയിച്ചു. അമ്മ പൂര്‍ണപിന്തുണ അറിയിച്ചു. എന്റെ കുടുംബത്തിന്റെ അഭിപ്രായംഇതായിരുന്നു:’ പ്രിയപ്പെട്ടവളേ, നീ ശരിയായ പാത തെരഞ്ഞെടുത്തു. നിന്നെ സന്തോഷവതിയായി ക്കാണുന്നതില്‍ ഇപ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.’ എല്ലാ ദുഃശീലങ്ങളില്‍നിന്നും മുക്തയായി എന്നെ അവര്‍കണ്ടപ്പോള്‍ ആദര്‍ശപരിവര്‍ത്തനത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

ചോ: താങ്കള്‍ ഏതോ മുസ്‌ലിംചെറുപ്പക്കാരനുമായി സ്‌നേഹത്തിലാണെന്നും വിവാഹിതയായെന്നും അതാണ് ഇസ്‌ലാം പരിവര്‍ത്തനത്തിന് പിന്നിലുള്ളതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തിരുന്നു. അത് സത്യമാണോ?

അംന: അടിസ്ഥാനരഹിതങ്ങളായ വാര്‍ത്തകളാണതെല്ലാം. എന്റെ കൂട്ടുകാരില്‍ ചിലര്‍ മുസ്‌ലിംകളാണ്. എന്നുവെച്ച് അവരിലൊരാളുമായി ഞാന്‍ പ്രേമത്തിലായിയെന്നും വിവാഹംകഴിക്കാനായി ഇസ്ലാംസ്വീകരിച്ചെന്നും പറയുന്നത് ശുദ്ധഭോഷ്‌കാണ്. ഇപ്പോള്‍ ഞാനൊരു മുസ്‌ലിമാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഒരു വിവാഹജീവിതം എനിക്കാവശ്യമാണ്. വിവാഹവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും അറിയിക്കുകയുംചെയ്യും.

ഇന്ത്യയില്‍ ഇസ്ലാമിന്റെ പ്രചാരം

cheraman-mosque
ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചതിനെക്കുറിച്ചും ഇന്ത്യഭരിച്ച മുസ്ലിം ഭരണാധികാരികളെപ്പറ്റിയും വ്യാപകമായ തെറ്റിദ്ധാരണകളുണ്ട്; എന്ന് മാത്രമല്ല ചരിത്രമെന്ന പേരില്‍ ഇതുസംബന്ധമായി രേഖപ്പെടുത്തിയ വസ്തുതകള്‍ മിക്കതും അവാസ്തവങ്ങളാണ്. ഇന്ത്യയുടെ ചരിത്രം ആദ്യമായി എഴുതിയ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അവരുടെ അപ്രഖ്യാപിത നയം ചരിത്രരചനയിലും കടത്തിക്കൂട്ടുകയുണ്ടായി. ഹിന്ദുക്കളെ മുസ്ലിംകള്‍ക്ക് എതിരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ മുസ്ലിം ചരിത്രത്തെയും സമീപിച്ചത്. അങ്ങനെയാണ് നിര്‍ബന്ധ ഇസ്ലാംമതപ്രചാരണത്തിന്റെയും ക്ഷേത്രകവര്‍ച്ചയുടെയും നിറം പിടിപ്പിച്ച നുണകള്‍ ചരിത്രമെന്ന പേരില്‍ രേഖപ്പെടുത്തപ്പെട്ടത്.
ഇന്ത്യയുടെ ചരിത്രം എഴുതിയ പില്‍ക്കാല ഇന്ത്യക്കാരും ബ്രിട്ടീഷുകാരുടെ ചുവടുപിടിച്ചാണ് ആ കൃത്യം നിര്‍വഹിച്ചത്. ഇന്ത്യയില്‍ ഇസ്ലാമിന്റെ പ്രചാരണ ചരിത്രം സത്യസന്ധമായി ഇന്നേവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. മുസ്ലിം ഭരണാധികാരികളുടെ സൈനിക നീക്കങ്ങളും ഭരണനടപടികളുമാണ് ഇസ്ലാമിന്റെ പ്രചാരണമായി പലരും എഴുതിവെച്ചിരിക്കുന്നത്. മുസ്ലിം ഭരണാധികാരികള്‍ നടത്തിയ നിര്‍ബന്ധ മതപരിവര്‍ത്തനമാണ് ഇന്ത്യയില്‍ ഇസ്ലാമിന്റെ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന ശുദ്ധ അസംബന്ധവും ചരിത്രമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
യഥാര്‍ഥത്തില്‍ ആദ്യകാല മുസ്ലിം ഭരണാധികാരികള്‍ക്ക് മതപരിവര്‍ത്തനങ്ങളില്‍ തീരേ താല്‍പര്യമുണ്ടായിരുന്നില്ല. സാമ്രാജ്യവികസനം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മുസ്ലിം ആധിപത്യം, പ്രത്യേകിച്ചും മുഗളരുടെ കാലത്ത്, ശക്തിപ്പെട്ടപ്പോള്‍ ഇസ്ലാമിന്റെ സ്വാധീനവും സുസ്ഥിതിയും ഭദ്രമായി എന്നത് വസ്തുതയാണ്. എന്നാല്‍ മുസ്ലിം ഭരണാധികാരികളുടെ ബലപ്രയോഗംമൂലം ഇസ്ലാമിന് കാര്യമായൊരു പുരോഗതിയും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മുസ്ലിം അധികാരകേന്ദ്രങ്ങളായിരുന്ന ദല്‍ഹിയിലും ആഗ്രയിലുമൊക്കെ ആദ്യകാലത്ത് മുസ്ലിംകളുടെ എണ്ണം പരിമിതമായിരുന്നത് ഇതിനാലാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. മുസ്ലിം ഭരണാധികാരികളുടെ കാലത്ത് ദല്‍ഹിയില്‍ മൊത്തം ജനസംഖ്യയുടെ പത്തില്‍ ഒരു ഭാഗമേ മുസ്ലിംകളുണ്ടായിരുന്നുള്ളൂ. ആഗ്രയില്‍ കാല്‍ഭാഗം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഇസ്ലാം ഏറ്റവും മഹത്തരവും ശാശ്വതവുമായ വിജയം നേടിയത് രാഷ്ട്രീയമായി അത് വളരെ ദുര്‍ബലമായിരുന്ന കാലത്തും സ്ഥലങ്ങളിലുമാണ്. ദക്ഷിണേന്ത്യയും കിഴക്കന്‍ ബംഗാളുമൊക്കെ ഇതിന് ഉദാഹരണമാണ്. ഇവിടങ്ങളിലൊക്കെ ഇസ്ലാം പ്രചരിച്ചത് നിസ്വാര്‍ഥരായ സ്വൂഫീ പ്രബോധകന്‍മാരുടെ ശ്രമഫലമായിട്ടാണ്.
സാമ്രാജ്യവികസനവും കവര്‍ച്ചയും ലക്ഷ്യമാക്കി വീരശൂര പരാക്രമികളും സാഹസികരുമായ ചില മുസ്ലിം രാജാക്കന്‍മാര്‍ ഇന്ത്യയില്‍ എത്തി എന്നത് യാഥാര്‍ഥ്യംതന്നെയാണ്. മതപ്രബോധനമായിരുന്നില്ല അവരുടെ ലക്ഷ്യം. പ്രബോധകന്മാരെയോ പണ്ഡിതന്മാരെയോ അവര്‍ കൂടെ കൊണ്ടുവന്നിരുന്നുമില്ല. തൈമൂറും മഹ്മൂദ് ഗസ്നിയും ഈ വിഭാഗത്തില്‍ പെടുന്ന രാജാക്കന്മാരാണ്. സാമ്രാജ്യത്വ മോഹങ്ങള്‍ക്കായി ഇസ്ലാമിനെ അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ ഭരണാധികാരികളോടുള്ള ഭയം കാരണമോ അല്ലെങ്കില്‍ അവരില്‍നിന്ന് ആനുകൂല്യം നേടിയെടുക്കാനോ വേണ്ടി ചില അമുസ്ലിംകള്‍ മതം മാറിയിട്ടുണ്ടാവാം. എന്നാല്‍ അത്തരം പരിവര്‍ത്തനങ്ങള്‍ ക്ഷണികവും സൈന്യം പിന്‍വാങ്ങുന്നതോടെ അവസാനിക്കുന്നതും ആയിരുന്നു. ഖല്‍ജികളും തുഗ്ലഖുകളും ലോദികളും മതകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവണ്ണം യുദ്ധത്തിലായിരുന്നു. ഭരണാധികാരികള്‍ പൊതുവേ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിരുന്നില്ല എന്നതാണ് വസ്തുത.
മുസ്ലിം ഭരണാധികാരികളിലേറെയും ഹിന്ദു പ്രജകളോട് സ്നേഹവും സഹിഷ്ണുതയും കാട്ടിയവരാണ്. സുഗമമായ ഭരണത്തിന് എല്ലാ വിഭാഗം പ്രജകളുടെയും സഹകരണം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഈ ഭരണാധികാരികള്‍ പ്രജകള്‍ക്കിടയില്‍ വിവേചനം കല്‍പിച്ചിരുന്നില്ല. അവര്‍ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുകയും ഹിന്ദുക്കളുടെ മതകാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്തു. രാജാവിന്റെ പ്രീതിക്കും താല്‍പര്യസംരക്ഷണത്തിനുമായി ഇസ്ലാം സ്വീകരിച്ച ചില ഹിന്ദുക്കളുഎണ്ട്. മുഗള്‍ ഭരണകാലത്ത് കുറേ രജപുത്രര്‍ ഇസ്ലാം സ്വീകരിച്ചത് അങ്ങനെയാണ്. അവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴും മുസ്ലിമായി തുടരുന്നു. അവധിലെ പ്രഭുക്കളായ ബച്ച്ഗോത്തി ഇങ്ങനെ ഇസ്ലാം സ്വീകരിച്ച ഗോത്രങ്ങള്‍ക്ക് ഉദാഹരണമാണ്. നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഔറന്‍ഗസീബും ടിപ്പു സുല്‍ത്വാനും വരെ ഹിന്ദുക്കളോട് മാന്യമായി പെരുമാറിയവരായിരുന്നു.
മുസ്ലിം ഭരണാധികാരികളുടെ ബോധപൂര്‍വമായ ശ്രമങ്ങളില്ലാതിരുന്നിട്ടു പോലും ഇന്ത്യയില്‍ ഇസ്്ലാമിന്റെ പ്രചാരണം എളുപ്പമാക്കിയത് ഹിന്ദുസമൂഹത്തിലെ ഉച്ചനീചത്വങ്ങളും ചാതുര്‍വര്‍ണ്യവും മറ്റുമാണ്. കീഴ്ജാതിക്കാരെയും അവര്‍ണരെയും ഉന്നത ജാതിക്കാര്‍ അടിമകളാക്കി വെച്ചിരിക്കുകയായിരുന്നു. ഇത്തരം ഒരു പരിതഃസ്ഥിതിയില്‍ അവര്‍ണര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ഇസ്ലാം മോചനമന്ത്രമായിത്തീര്‍ന്നു. തങ്ങളുടെ സാമൂഹിക പതിതത്വത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ കൂട്ടംകൂട്ടമായി ഇസ്ലാം സ്വീകരിച്ചു.
മുസ്ലിം സ്ത്രീകളുമായുള്ള വിവാഹവും ഹിന്ദക്കളുടെ മതപരിവര്‍ത്തനത്തിന് കാരണമായിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയും തമ്മിലെ വിവാഹം ഇസ്ലാം അനുവദിക്കുന്നില്ല. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മിക്കപ്പോഴും ഹിന്ദുവായിരുന്നു മതം മാറിയിരുന്നത്. ധനിക മുസ്ലിംകള്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന ഹിന്ദു കുട്ടികളും മുസ്ലിംകളായിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ സ്വജാതിയില്‍നിന്ന് പുറത്താക്കപ്പെടുന്നവര്‍ ഇസ്ലാമിലാണ് അഭയം കണ്ടെത്തിയിരുന്നത്.