Category Archives: ഇഷ്ട്ടം

ഐഹിക പ്രേമവും കാപട്യവും

ഐഹിക വിഭവങ്ങളും അവയുടെ ആധിക്യവും മുനാഫിഖുകളെ (കപടന്‍മാര്‍) വശീകരിക്കുന്നു. വലിയ വീടുകളും കൊട്ടാരങ്ങളും തോട്ടങ്ങളും ഫലങ്ങളും അവര്‍ ഉടമപ്പെടുത്തിയ സമ്പത്തും ബിസിനസും കമ്പനികളുമെല്ലാം അവരെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും. ദൈവിക മാര്‍ഗത്തിലുള്ള സമരത്തിന് വിളിക്കപ്പെട്ടാല്‍ വിശ്വാസമുള്ള മനസ്സുകള്‍ റബ്ബിനെ കണ്ടുമുട്ടാനുള്ള രക്തസാക്ഷ്യത്തിന്റെ പ്രതിഫലം നേടാനുമുള്ള താല്‍പര്യത്താല്‍ ധൃതിപ്പെട്ട് അതിന്നായി പുറപ്പെടും. പ്രവാചകന്‍മാര്‍ക്കും സദ്‌വൃത്തരായ ആളുകള്‍ക്കും ഒപ്പമാണ് രക്തസാക്ഷികളുടെ സ്ഥാനമെന്ന് മനസ്സിലാക്കുന്ന അവര്‍ തങ്ങളുടെ സമ്പത്തും സന്താനങ്ങളുമെല്ലാം അല്ലാഹുവിന്റെ അധീനതയിലും സംരക്ഷണത്തിലുമാക്കി പുറപ്പെടുന്നവരായിരിക്കും.

എന്നാല്‍ നശിച്ചു പോകുന്ന നൈമിഷികമായ കാര്യങ്ങളാല്‍ ശാശ്വത നേട്ടങ്ങളെ കുറിച്ച് അശ്രദ്ധരായ ഒരു വിഭാഗമുണ്ട്. മിനുത്ത മെത്തകളിലും ഈ ലോകത്തിന്റെ ആനന്ദങ്ങളിലും സുഖങ്ങളിലുമാണ് അവര്‍ക്ക് താല്‍പര്യം. വിശ്വാസത്തിന്റെ ദൗര്‍ബല്യം താല്‍ക്കാലിക ആസ്വാദ്യതകള്‍ അവര്‍ക്ക് മനോഹരമാക്കി തോന്നിപ്പിക്കും. പിന്നോട്ടടിക്കാനും സ്ത്രീകള്‍ക്കൊപ്പം ഒതുങ്ങിക്കൂടാനും അതവരെ പ്രേരിപ്പിക്കും. ജീവിതത്തിന്റെ ഉന്നതമായ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ അവരുടെ ബുദ്ധി പരാജയപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥ സന്തോഷത്തിന് പിന്നിലെ രഹസ്യം കണ്ടെത്തുന്നതില്‍ അവരുടെ മനസ്സും പരാജയപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു: ”ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ വധിക്കപ്പെടുകയോ മരിച്ചുപോവുകയോ ചെയ്യുന്നുവെങ്കില്‍ അതുവഴി അല്ലാഹുവിങ്കല്‍നിന്നു ലഭിക്കാനിരിക്കുന്ന പാപമോചനവും അനുഗ്രഹവും, ഇക്കൂട്ടര്‍ സംഭരിച്ചുകൊണ്ടിരിക്കുന്നതിനെക്കാളെല്ലാം എത്രയോ ഉത്കൃഷ്ടമാകുന്നു. ” (ആലുഇംറാന്‍: 157) കപടന്‍മാരുടെ നേതാവ് ഇബ്‌നു സലൂലിന്റെയും കൂട്ടാളികളുടെയും കാര്യത്തില്‍ അവതരിപ്പിക്കപ്പെട്ട സൂക്തമാണിത്. പ്രവാചകനൊപ്പം യുദ്ധത്തിന് പോകുന്നതില്‍ നിന്ന് പിന്തിരിയുകയും വഞ്ചന കാണിക്കുകയും ചെയ്ത അവര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരെ കുറിച്ച് പറഞ്ഞു: ”ഞങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല. ” (ആലുഇംറാന്‍: 168) അവരുടെ മൂഢമായ ഈ വിശ്വാസത്തിന് വായടപ്പന്‍ മറുപടി നല്‍കുകയാണ് ഖുര്‍ആന്‍. അല്ലാഹു പറയുന്നു:
”നിങ്ങളുടെ കൂട്ടത്തില്‍, (പടയൊരുക്കത്തിന്) പ്രതിബന്ധം സൃഷ്ടിക്കുന്ന ആളുകളെ അല്ലാഹു നന്നായറിയുന്നുണ്ട്: തങ്ങളുടെ സഹോദരന്മാരോട്, ‘ഞങ്ങളുടെ കൂടെ വരൂ’എന്നാവശ്യപ്പെടുന്നവരെ, യുദ്ധത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ത്തന്നെ പേരിനു മാത്രം പങ്കെടുക്കുന്നവരാണവര്‍. ” (അല്‍അഹ്‌സാബ്: 18)
”നിങ്ങള്‍ യുദ്ധമുതലുകള്‍ കൈവശപ്പെടുത്താനാണ് പോകുന്നതെങ്കില്‍, ഈ പിന്‍മാറിപ്പോകുന്നവര്‍ തീര്‍ച്ചയായും പറയും: ‘ഞങ്ങളെക്കൂടി നിങ്ങളോടൊപ്പം വരാനനുവദിക്കൂ. ‘അവരാഗ്രഹിക്കുന്നത് അല്ലാഹുവിന്റെ ശാസനയെ മാറ്റിമറിക്കാനാണ്. അവരോട് തുറന്നു പറയുക: ‘നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊപ്പം വരാനാവില്ല. അല്ലാഹു നേരത്തേതന്നെ അത് അരുള്‍ചെയ്തിട്ടുണ്ട്. ‘അപ്പോഴവര്‍ പറയും: ‘അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാട്ടുകയാണ്. ‘ (എന്നാലോ അതസൂയയുടെ പ്രശ്‌നമല്ല) പ്രത്യുത, ഈ ജനം യാഥാര്‍ഥ്യം വളരെക്കുറച്ചേ മനസ്സിലാക്കുന്നുള്ളൂ. ” (അല്‍ഫത്ഹ്: 15)

മെനഞ്ഞെടുത്ത വിചിത്രമായ ന്യായങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കുടുംബവും സമ്പത്തും മുസ്‌ലിംകള്‍ക്കെല്ലാം ഉള്ളതല്ലേ? അതുകൊണ്ട് സമരവും സമര്‍പ്പണവുമൊന്നും വേണ്ടതില്ല എന്നാണോ? എത്ര ബുദ്ധിശൂന്യന്‍മാരാണ് ഇക്കൂട്ടര്‍! നിഷേധത്തിന്റെ ശക്തികള്‍ക്ക് അധര്‍മത്തിനും ബലപ്രയോഗത്തിലൂടെ ലോകത്ത് തങ്ങളുടെ മേധാവിത്വം അടിച്ചേല്‍പ്പിക്കാനും വേണ്ടി പോരാടുന്ന സൈന്യങ്ങളില്ലേ? ദൈവിക മാര്‍ഗത്തെ പ്രതിരോധിക്കുന്നതിന് കോടികള്‍ അവര്‍ ചെലവഴിക്കുന്നില്ലേ?

ഭൂമിയില്‍ ഇബ്‌ലീസും പിശാചുക്കളും ഇല്ലായിരുന്നെങ്കില്‍ മുനാഫിഖുകളാകുമായിരുന്നു അതിലെ പിശാചുക്കളും ഇബ്‌ലീസും എന്ന് മുമ്പ് ആരോ പറഞ്ഞത് വളരെ പ്രസക്തമാണ്.

ന്യായമായ കാരണമില്ലാതെ -ശാരീരിക ദൗര്‍ബല്യം, രോഗം, ചെലവിന് പോലും വകയില്ലാതിരിക്കുക – ദൈവിക മാര്‍ഗത്തിലെ സമരത്തില്‍ നിന്ന് പിന്തിരിയുന്നത് മുനാഫിഖുകളുടെ അടയാളമാണ്. അല്ലാഹു പറയുന്നു: ”ദുര്‍ബലരും രോഗികളും, ജിഹാദിനു പോകാന്‍വേണ്ട ചെലവിനു വഴി കണ്ടെത്താത്തവരും ഒഴിഞ്ഞുനില്‍ക്കുന്നുവെങ്കില്‍ അതില്‍ കുറ്റമൊന്നുമില്ലഅവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും നിഷ്‌കളങ്കമായ ഗുണകാംക്ഷയുള്ളവരാണെങ്കില്‍. ഇത്തരം സജ്ജനങ്ങളെ ആക്ഷേപിക്കാന്‍ ഒരു ന്യായവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിന്നെ സമീപിച്ച്, ഞങ്ങള്‍ക്ക് വാഹനം കിട്ടുമാറാക്കണമെന്ന് അപേക്ഷിച്ചവരും ഇപ്രകാരം നിരപരാധികളാകുന്നു. നിങ്ങള്‍ക്ക് വാഹനം ഏര്‍പ്പെടുത്താന്‍ സാധിക്കുന്നില്ലല്ലോ എന്ന് നീ പറഞ്ഞപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ തിരിച്ചുപോയതായിരുന്നു. അപ്പോള്‍ അവര്‍ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. സ്വന്തം ചെലവില്‍ ജിഹാദിനു പോകാന്‍ കഴിവില്ലാത്തതില്‍ അതീവ ദുഃഖിതരായിരുന്നു അവര്‍. സമ്പന്നരായിരുന്നിട്ടും ജിഹാദില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കാന്‍ നിന്നോട് അപേക്ഷിച്ചവരെക്കുറിച്ചു മാത്രമാകുന്നു ആക്ഷേപമുള്ളത്. വീട്ടില്‍ ഇരിക്കുന്നവരില്‍ ഉള്‍പ്പെടാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. അല്ലാഹു അവരുടെ ഹൃദയങ്ങളിന്മേല്‍ മുദ്രവെച്ചു. അതുകൊണ്ട് (അവരുടെ ഈ നിലപാട് അല്ലാഹുവിന്റെ സന്നിധിയില്‍ എന്തു ഫലമാണുളവാക്കുകയെന്ന്) ഇപ്പോള്‍ അവര്‍ തീരെ അറിയുന്നില്ല. ” (അത്തൗബ: 91-93)
”പ്രവാചകാ, നേട്ടം എളുപ്പത്തില്‍ ലഭിക്കുന്നതും യാത്ര അനായാസവുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ പിമ്പെ പോരാന്‍ സന്നദ്ധരാകുമായിരുന്നു. പക്ഷേ, അവര്‍ക്ക് ഈ വഴിദൂരം ദുസ്സഹമായിരിക്കുന്നു. അവര്‍ അല്ലാഹുവില്‍ ആണയിട്ട് പറയും: ‘ഞങ്ങള്‍ക്കു സാധ്യമായിരുന്നെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം വരുമായിരുന്നു. അവര്‍ അവരെത്തന്നെ ആപത്തിലെറിഞ്ഞുകൊണ്ടിരിക്കുകയാണ്. കള്ളംതന്നെയാണവര്‍ പറയുന്നതെന്ന് അല്ലാഹു നല്ലവണ്ണമറിയുന്നുണ്ട്.
പ്രവാചകാ, അല്ലാഹു നിനക്ക് മാപ്പുതന്നിരിക്കുന്നു. നീ അവര്‍ക്ക് ഇളവ് നല്‍കിയതെന്തിന്? (ഇളവ് നല്‍കരുതായിരുന്നു;) അങ്ങനെ സത്യവാന്മാരാരെന്ന് നിനക്കു വെളിപ്പെടുമായിരുന്നു; വ്യാജന്മാരെ തിരിച്ചറിയുകയും ചെയ്യുമായിരുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നതില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ഒരിക്കലും നിന്നോട് അപേക്ഷിക്കുകയില്ല. അല്ലാഹു ഭക്തന്മാരെ നന്നായറിയുന്നു. ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുക അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാത്തവരും ഹൃദയങ്ങളില്‍ സന്ദേഹം പുലര്‍ത്തുന്നവരും സന്ദേഹത്തില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നവരും മാത്രമാകുന്നു. യഥാര്‍ഥത്തില്‍ നിങ്ങളോടൊപ്പം പുറപ്പെടാനുദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ അവരതിനുവേണ്ടി ഒരുക്കങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍, അവര്‍ പുറപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍, അവന്‍ അവരെ ആലസ്യത്തില്‍ തടഞ്ഞുെവച്ചു. കുത്തിയിരിക്കുന്നവരോടൊപ്പം ഇരുന്നുകൊള്ളുക എന്നു പറയപ്പെടുകയും ചെയ്തു. അവര്‍ നിങ്ങളുടെ കൂടെ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു നാശമല്ലാതെ ഒന്നും വര്‍ധിപ്പിക്കുമായിരുന്നില്ല. നിങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാന്‍തന്നെ അവര്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തിലാകട്ടെ അവര്‍ക്ക് ചെവികൊടുക്കുന്ന പലരും ഉണ്ടുതാനും. അല്ലാഹു ആ ധിക്കാരികളെ നന്നായി അറിയുന്നു. ഇതിനു മുമ്പും ഇക്കൂട്ടര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിന്നെ പരാജയപ്പെടുത്തുന്നതിന് അവര്‍ സകലവിധ തന്ത്രങ്ങളും മാറിമാറി പയറ്റിക്കഴിഞ്ഞിട്ടുള്ളതുമാണ്അങ്ങനെ അവരുടെ അഭീഷ്ടത്തിനു വിരുദ്ധമായി സത്യം സമാഗതമാവുകയും അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തു. അവരില്‍ ഇപ്രകാരം പറയുന്ന ചിലരുണ്ട്: ‘എനിക്ക് ഇളവു തന്നാലും. എന്നെ കുഴപ്പത്തിലാക്കാതിരുന്നാലും’എന്നാല്‍ ഇതാ, കുഴപ്പത്തില്‍ത്തന്നെയാണ് അവര്‍ അകപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും നരകം, ഈ നിഷേധികളെ വലയംചെയ്തിരിക്കുന്നു. ” (അത്തൗബ: 42-49)

തബൂക് യുദ്ധത്തില്‍ നിന്ന് വിട്ടുനിന്ന മുനാഫിഖുകളെ കുറിച്ചാണ് മുകളിലെ സൂക്തങ്ങള്‍ വിവരിക്കുന്നത്. ചെറിയ യാത്രയും എളുപ്പത്തില്‍ നേട്ടം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവര്‍ വിട്ടുനില്‍ക്കുമായിരുന്നില്ല. പ്രയാസകരമായ യാത്രയും ശത്രുക്കളുടെ കാഠിന്യവും കരുതിയാണ് അവര്‍ വിട്ടുനിന്നത്. എന്നാല്‍ ദൈവമാര്‍ഗത്തിലെ സമരത്തില്‍ നിന്ന് വിട്ടുനിന്ന ഇക്കൂട്ടര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.

അല്ലാഹു പറയുന്നു: ”പടയില്‍നിന്ന് പിന്മാറിയവര്‍ ദൈവദൂതനെ അനുഗമിക്കാതെ വീട്ടിലിരുന്നതില്‍ സന്തുഷ്ടരായിരിക്കുന്നു. ദൈവികമാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരംചെയ്യുന്നത് അവര്‍ക്കസഹ്യമായി. അവര്‍ ജനത്തോടു പറഞ്ഞു: ‘ഈ കൊടും ചൂടില്‍ പുറപ്പെടരുത്. ‘ ഇക്കൂട്ടരോടു പറയുക: ‘നരകാഗ്‌നി അതിനെക്കാള്‍ ചൂടേറിയതാകുന്നു. ‘ കഷ്ടം, അവര്‍ക്ക് ആ ബോധം ഉണ്ടായിരുന്നുവെങ്കില്‍! ഇപ്പോള്‍ ഇക്കൂട്ടര്‍ ചിരിയൊന്നു കുറച്ചുകൊള്ളട്ടെ. ധാരാളം കരയട്ടെ. കാരണം, അവര്‍ നേടിവെച്ചിട്ടുള്ള തിന്മകളുടെ പ്രതിഫലം (അവരെ കരയിക്കുന്നതു) തന്നെയാകുന്നു. ” (അത്തൗബ: 81-82)

അവരുടെ വിചിത്രമായ കാരണത്തെ അല്ലാഹു ഖണ്ഡിക്കുകയാണ് ഈ സൂക്തത്തിലൂടെ. കഠിനമായ ഈ ചൂടില്‍ യുദ്ധത്തിന് പോകേണ്ട എന്നായിരുന്നു അവര്‍ പരസ്പരം മന്ത്രിച്ചത്. എന്നാല്‍ നരകത്തീ ഇതിലേറെ ചൂടുള്ളതാണെന്ന മറുപടിയാണ് അല്ലാഹു നല്‍കുന്നത്. തുടര്‍ന്ന് അവരുടെ വായടപ്പിച്ചു കൊണ്ട് ‘അതുകൊണ്ട് അല്‍പം മാത്രം ചിരിച്ചാല്‍ മതി, കൂടുതല്‍ കരയട്ടെ’ എന്ന് ശക്തമായ താക്കീതും നല്‍കുന്നു. അതായത് ഈ ലോകത്ത് അവര്‍ കുറച്ച് ചിരിക്കട്ടെ, എന്നാല്‍ പരലോകത്ത് അവരുടെ ദുര്‍വൃത്തികള്‍ കാരണം ദീര്‍ഘമായി അവര്‍ കരയേണ്ടി വരും.

ഐഹിക വിഭവങ്ങള്‍ ദൈവമാര്‍ഗത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരാളെ അശ്രദ്ധനാക്കുന്നുവെങ്കില്‍ മഹാവിപത്താണത്. പരീക്ഷണങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ സഹനം കൈക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അല്ലാഹു പറയുന്നു: ”ഓരത്തുനിന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചില ജനങ്ങളുമുണ്ട്. ഗുണം സിദ്ധിക്കുകയാണെങ്കില്‍ സംതൃപ്തരായി. വല്ല ദോഷവും ബാധിച്ചാലോ, അപ്പോള്‍ തിരിഞ്ഞുകളയുന്നു. അവന്ന് ഇഹവും പരവും നഷ്ടപ്പെട്ടിരിക്കുന്നു. അതത്രെ തെളിഞ്ഞ നഷ്ടം. ” (അല്‍ഹജ്ജ്: 11)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”ചില ആളുകളുണ്ട്; അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു’എന്ന്. പക്ഷേ, അല്ലാഹുവിന്റെ കാര്യത്തില്‍ മര്‍ദിക്കപ്പെട്ടാലോ അപ്പോള്‍ ജനങ്ങളാലുള്ള ദ്രോഹത്തെ അവര്‍ അല്ലാഹുവിന്റെ ശിക്ഷപോലെ കരുതിക്കളയുന്നു. ഇനി നിന്റെ നാഥങ്കല്‍നിന്ന് സഹായവും വിജയവും സമാഗതമാവുകയാണെങ്കില്‍, ഇതേ ആളുകള്‍തന്നെ പറയും: ‘നിശ്ചയം, ഞങ്ങള്‍ നിങ്ങളോടൊപ്പമാണല്ലോ. ‘ലോകരുടെ മനോഗതങ്ങള്‍ നല്ലവണ്ണമറിയുന്നവനല്ലയോ അല്ലാഹു! നിശ്ചയം, സത്യവിശ്വാസികളാരെന്നും കപടന്മാരാരെന്നും അല്ലാഹുവിന് കണ്ടറിയുകതന്നെ ചെയ്യേണ്ടതുണ്ട്. ” (അല്‍അന്‍കബൂത്ത്: 10-11)

സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുകയോ അനുഗ്രഹങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ അതില്‍ സന്തോഷിക്കുന്നത് കാപട്യത്തിന്റെ വ്യക്തമായ അടയാളമാണ്. വല്ല ദുരിതവുമാണ് അവര്‍ക്ക് സംഭവിക്കുന്നതെങ്കില്‍ അതില്‍ രോഷം കൊള്ളുകയും തകര്‍ന്നു പോവുകയും ചെയ്യും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രയാസങ്ങള്‍ സഹിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിരിക്കുകയില്ല. പരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിക്ക് ഗുണകരമാണ്. എന്നാല്‍ അതില്‍ സഹനം കൈക്കൊള്ളാന്‍ സാധിക്കാത്ത മുനാഫിഖിന് അത് ഗുണകരമായിരിക്കില്ല. വിശ്വാസിക്ക് അതിലൂടെ അല്ലാഹുവിന്റെ സാമീപ്യവും സ്‌നേഹവും ലഭിക്കുകയും അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെടുകയും ചെയ്യും. പ്രാര്‍ഥനയും അതിലെ ആത്മാര്‍ഥതയും അവര്‍ മനസ്സിലാക്കുകയും അല്ലാഹുവിന്റെ സഹായത്തില്‍ സന്തോഷിക്കുകയും ചെയ്യും. അവന്‍ അല്ലാഹുവിന്റെ വിധിയില്‍ സഹനം കൈക്കൊള്ളുകയും തൃപ്തിപ്പെടുകയും നന്ദി കാണിക്കുകയും ചെയ്യും. ഈ ദുരിതത്തിന്റെ നാളുകള്‍ നീങ്ങി സന്തോഷത്തിന്റെ നാളുകള്‍ വരുമെന്ന ഉറച്ച വിശ്വാസം അവന്റെ ഉള്ളിലുണ്ട്. അതേസമയം ഐഹികമായ വല്ല നേട്ടവുണ്ടായാല്‍ അതില്‍ സന്തോഷിക്കുന്ന കപടന്‍മാര്‍ അത് തടയപ്പെട്ടാല്‍ രോഷം കൊള്ളുകയും ദുഖിക്കുകയും ചെയ്യും.

വിവ: നസീഫ്‌

ഇസ്തിഗ്ഫാറും ജീവിതസമൃദ്ധിയും

عَنِ ابْنِ عَبَّاسٍ، أَنَّهُ حَدَّثَهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ لَزِمَ الِاسْتِغْفَارَ، جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا، وَمِنْ كُلِّ هَمٍّ فَرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ ഇസ്തിഗ്ഫാര്‍ പതിവാക്കിയാല്‍ അവന് എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനമേകും. എല്ലാ വ്യഥകളില്‍ നിന്നും അല്ലാഹു മുക്തി നല്‍കും. അവന്‍ വിചാരിക്കാത്ത മാര്‍ഗേണ അവന് ജീവിത വിഭവങ്ങള്‍ നല്‍കും (അബൂദാവൂദ്, ഇബ്‌നു മാജ).

لَزِمَ : പതിവാക്കി, ശീലമാക്കി
ضِيق : ഞെരുക്കം
مَخْرَج : മോചനം
هَمّ : മനോവ്യഥ
فَرَج : മുക്തി
رَزَقَ : വിഭവം നല്‍കി
يحتسب : വിചാരിക്കുന്നു

നിശ്ചിത കാലം ഭൂമിയില്‍ ജീവിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യനെ അല്ലാഹു പലതരം ഉത്തരവാദിങ്ങള്‍ ഏല്‍പിച്ചിട്ടുണ്ടല്ലോ. തഖ്‌വ എന്ന ഇന്ധനമില്ലാതെ അവയൊന്നും യഥാവിധി നിറവേറ്റാനാവില്ല. നമസ്‌കാരം, നോമ്പ്, ഹജ്ജ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, പ്രാര്‍ഥന, ഇസ്തിഗ്ഫാര്‍ മുതലായവ തഖ്‌വയെ ഉല്‍പാദിപ്പിക്കുന്ന കര്‍മങ്ങളാണ്.

ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനപ്രാര്‍ഥന ഒരു ശീലമാക്കണമെന്നാണ് ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നത്. അത് വിശ്വാസിയുടെ ജീവിതം ശുദ്ധീകരിക്കും. അവനില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചകളും ന്യൂനതകളും പാപങ്ങളും അതുവഴി പരിഹരിക്കപ്പെടും. മാത്രമല്ല, ദുരിതങ്ങളും ദുഃഖങ്ങളും അകറ്റി ആശ്വാസവും പ്രതീക്ഷയും നല്‍കുകയും ചെയ്യും. കൂടാതെ നിനച്ചിരിക്കാത്ത വിഭവങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടും. ഇഹപര നേട്ടങ്ങള്‍ ലഭ്യമാക്കിത്തരുന്ന ഒരു പ്രക്രിയയാണ് ഇസ്തിഗ്ഫാര്‍ എന്ന് ചുരുക്കം.

ഇസ്തിഗ്ഫാറിന്റെ സല്‍ഫലങ്ങള്‍ അനാവരണം ചെയ്യുന്ന ചില സൂക്തങ്ങള്‍ നമുക്ക് പരിശോധിക്കാം. ഹൂദ് നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തു നിന്ന് സമൃദ്ധമായ മഴ വര്‍ഷിപ്പിച്ചുതരും. നിങ്ങളുടെ ഇപ്പോഴത്തെ ശക്തി വര്‍ധിപ്പിച്ചു തരും (ഹൂദ് 52).

നൂഹ് നബിയുടെ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. (നിങ്ങള്‍ അപ്രകാരം ചെയ്താല്‍0 അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായ മഴ വര്‍ഷിപ്പിച്ചു തരും. സമ്പത്തും സന്താനങ്ങളും നല്‍കിക്കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊഴുക്കിത്തരും (നൂഹ് 10-12).

ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക. അങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. എങ്കില്‍ ഒരു നിശ്ചിത കാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവം നല്‍കും. ശ്രേഷ്ഠത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ശ്രേഷ്ഠതക്കൊത്ത പ്രതിഫലമുണ്ട് (ഹൂദ് 3).

ഇസ്തിഗ്ഫാറിന്റെ ഈ ഇഹപര നേട്ടങ്ങള്‍ മുന്‍നിര്‍ത്തി പ്രവാചകന്‍ നിത്യേന അനേകം തവണ ഇസ്തിഗ്ഫാര്‍ നടത്താറുണ്ടായിരുന്നു. പാപസുരക്ഷിതനായ പ്രവാചകന്റെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ കാര്യം ഗൗരവത്തില്‍ ആലോചിക്കേണ്ടതില്ലേ.

നബി(സ) പറഞ്ഞു: അല്ലാഹുവാണ് സത്യം, ഒരു ദിവസം ഞാന്‍ എഴുപതില്‍പരം തവണ അല്ലാഹുവോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു(1) (ബുഖാരി).

അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഒരേ സദസ്സില്‍ വെച്ച് നാഥാ, എനിക്ക് നീ പൊറുത്തുതരേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണല്ലോ എന്ന് 100 തവണ റസൂല്‍ പ്രാര്‍ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണിക്കണക്കായിരുന്നു(2) (അബൂദാവൂദ്, തിര്‍മിദി)
ഇബ്‌നു മസ്ഊദില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും സര്‍വനിയന്താവുമായ അവനല്ലാതെ ഇലാഹില്ല. ഞാന്‍ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു എന്ന് വല്ലവനും പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും; അവന്‍ രണാങ്കണത്തില്‍ നിന്ന് ഓടിപ്പോയവനാണെങ്കിലും(3) (അബൂദാവൂദ്).

യുദ്ധക്കളത്തില്‍ നിന്ന് പേടിച്ചോടുക എന്നത് വന്‍പാപമായിട്ടാണ് ഇസ്‌ലാം ഗണിക്കുന്നത്. അതുപോലും പൊറുക്കപ്പെടും എന്ന വലിയ പ്രതീക്ഷ ഈ വചനത്തില്‍ കാണാം. അതുപോലെ സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്നറിയപ്പെടുന്ന ഒരു പ്രാര്‍ഥനയും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: ദൃഢവിശ്വാസത്തോടെ പകല്‍ വല്ലവനും അതുപയോഗിച്ച് പ്രാര്‍ഥിച്ച് അന്ന് സന്ധ്യക്കുമുമ്പേ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗവാസികളില്‍ പെടും. ഉറച്ച പ്രതീക്ഷയോടെ രാത്രിയില്‍ ഈ പ്രാര്‍ഥന നിര്‍വഹിക്കുന്നവന്‍ പ്രഭാതത്തിനുമുമ്പ് മരണപ്പെട്ടാല്‍ അവനും സ്വര്‍ഗവാസികളില്‍ പെടും(4) (ബുഖാരി).

ജീവിതത്തിന്റെ സുരക്ഷിതമായ മുന്നോട്ടുപോക്കിന് ആധാരമായ ഘടകങ്ങളില്‍ ഒന്നായി സത്യവിശ്വാസി ഇസ്തിഗ്ഫാറിനെ കാണണം. ആത്മസംസ്‌കരണത്തിലും അതിന്റെ വിമലീകരണത്തിലും ഇസ്തിഗ്ഫാറിന്റെ പങ്ക് സദാ ഓര്‍ക്കണം; തെറ്റുകളും വീഴ്ചകളും സംഭവിക്കാന്‍ സാധ്യതയുള്ളവന്‍ എന്ന നിലയിലാണ് ഇസ്‌ലാം മനുഷ്യനെ കാണുന്നത്. ജീവിതത്തിലെ പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരവും അപ്രതീക്ഷിതമായി ജീവിതവിഭവങ്ങള്‍ ലഭ്യമാവാനുള്ള മാര്‍ഗവും കൂടിയാണ് ഇസ്തിഗ്ഫാര്‍ എന്ന് തിരിച്ചറിയണം.

………….
1. قَالَ أَبُو هُرَيْرَةَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «وَاللَّهِ إِنِّي لَأَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ فِي اليَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّةً»
2. عَنِ ابْنِ عُمَرَ، قَالَ: إِنْ كُنَّا لَنَعُدُّ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْمَجْلِسِ الْوَاحِدِ مِائَةَ مَرَّةٍ: «رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ»
3. بِلَال بْنَ يَسَارِ بْنِ زَيْدٍ، مَوْلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: سَمِعْتُ أَبِي، يُحَدِّثُنِيهِ عَنْ جَدِّي، أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” مَنْ قَالَ: أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ، وَأَتُوبُ إِلَيْهِ، غُفِرَ لَهُ، وَإِنْ كَانَ قَدْ فَرَّ مِنَ الزَّحْفِ ”
4. عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:” سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ ” قَالَ: «وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الجَنَّةِ»

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്

എന്നേക്കാള്‍ സുന്ദരിയായ ഏതെങ്കിലും സ്ത്രീയുണ്ടോ?’ എന്ന് തമാശയായി അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു. അല്‍പസമയത്തെ മൗനത്തിന് ശേഷം അയാള്‍ പറഞ്ഞു: ‘എനിക്കറിയില്ല’.
അവള്‍: എന്നാല്‍ എന്നേക്കാള്‍ ശ്രേഷ്ഠയായ ഏതെങ്കിലും സ്ത്രീ?
ഭര്‍ത്താവ്: എനിക്കറിയില്ല.
അവള്‍: അല്ലെങ്കില്‍ എന്നേക്കാള്‍ ലാളിത്യമുള്ള ഏതെങ്കിലും സ്ത്രീ?
ഭര്‍ത്താവ്: എനിക്കറിയില്ല.
അവള്‍: എന്തുകൊണ്ട് നിങ്ങള്‍ക്കറിയില്ല?
ഭര്‍ത്താവ് പറഞ്ഞു: അതെ, എനിക്കറിയില്ല. നീ എന്നോടൊപ്പമുണ്ടാകുമ്പോള്‍ എങ്ങനെയാണ് മറ്റു സ്ത്രീകളിലേക്ക് ഞാന്‍ നോക്കുക? എന്റെ കണ്ണുകള്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സുന്ദരിയായ സ്ത്രീ നീയായിരിക്കെ നിന്നേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകളുണ്ടോ എന്ന് എങ്ങനെ എനിക്കറിയും? ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും ശ്രേഷ്ഠയായവള്‍ നീയായിരിക്കെ നിന്നേക്കാള്‍ ശ്രേഷ്ഠയായിട്ടുള്ളവരെ എനിക്കെങ്ങനെ അറിയാനാവും? എന്റെ മുഴുവന്‍ വികാരങ്ങളും നീ കവര്‍ന്നെടുത്തിരിക്കെ നിന്നേക്കാള്‍ നൈര്‍മല്യം മറ്റൊരാളില്‍ എനിക്കെങ്ങനെ കാണാനാവും? പ്രിയപ്പെട്ടവളേ… നിന്റെ സ്‌നേഹം എന്നെ അന്ധനാക്കിയിരിക്കുകയാണ്. അപ്പോള്‍ നീയല്ലാത്തവരെ കാണാന്‍ എനിക്കെങ്ങനെ സാധിക്കും?

ഭാര്യയോട് അവളുടെ ഗുണവിശേഷണങ്ങളെ കുറിച്ച് വളരെയേറെ സംസാരിച്ചു കൊണ്ടിരുന്ന ഒരാളുടെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. തന്നെ അങ്ങേയറ്റം വിശേഷിപ്പിക്കുന്നത് കേട്ട അവള്‍ ചോദിച്ചു: നിങ്ങളെന്നെ അമിതമായി പ്രശംസിക്കുകയാണല്ലോ, അതേസമയം എന്റെ അയല്‍ക്കാര്‍ എന്നെ ഒരു സാധാരണ സ്ത്രീയായിട്ടാണല്ലോ കാണുന്നത്!
അയാള്‍ പറഞ്ഞു: കാരണം, നിന്നെ സ്‌നേഹിക്കുന്ന എന്റെ കണ്ണുകള്‍ കൊണ്ടല്ല അവര്‍ കാണുന്നത്.

ഇടക്കിടെ ഇണക്ക് അപ്രതീക്ഷിതമായി സന്തോഷങ്ങള്‍ സമ്മാനിക്കുന്ന പുരുഷനായി നീ മാറണം. നീ അവളെ സ്‌നേഹിക്കുന്നുവെന്ന് അറിയിക്കുന്ന അപ്രതീക്ഷിത കാര്യങ്ങള്‍ അവള്‍ക്കായി നീ ഒരുക്കണം. അവളിഷ്ടപ്പെടുന്ന ഒരു ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള നിര്‍ദേശം വെക്കാം. അല്ലെങ്കില്‍ അവളിഷ്ടപ്പെടുന്ന സ്ഥലത്തേക്ക് ഒരു യാത്രയാവാം.

mother-daughter-jpg-image-470-246. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പ്രസന്നവദനനായി അവളോട് സലാം ചൊല്ലാന്‍ നിനക്ക് കഴിയണം. പിന്നെ അവളോടുള്ള നിന്റെ സ്‌നേഹം കുറിക്കുന്ന വാക്കുകളുമുണ്ടാവണം. എപ്പോഴും പുഞ്ചിരിയോടെയായിരിക്കണം ഇണയെ അഭിമുഖീകരിക്കേണ്ടത്.

ഇണകളോടുള്ള പെരുമാറ്റത്തില്‍ പ്രവാചകന്‍(സ)യെയാണ് നീ മാതൃകയാക്കേണ്ടത്. പ്രസന്ന വദനനായിരുന്നു അദ്ദേഹം. കണ്ണുകളില്‍ നോക്കി അവളെന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനും അത് പൂര്‍ത്തീകരിച്ചു കൊടുക്കാനും നീ ശ്രമിക്കണം. ഒരു പെരുന്നാള്‍ സുദിനത്തില്‍ പ്രവാചക സന്നിധിയില്‍ അബ്‌സീനിയയില്‍ നിന്നുള്ള സംഘത്തിന്റെ കുന്തങ്ങളും പരിചയുമപയോഗിച്ചുള്ള വിനോദം നടക്കുകയാണ്. അപ്പോള്‍ നബി(സ) പ്രിയ പത്‌നി ആഇശ(റ)നോട് ചോദിക്കുന്നു: ‘നീയിത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ അവരെ പ്രവാചകന്‍(സ) തന്റെ പിന്നില്‍ നിര്‍ത്തി മതിവരുവോളം അത് ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കി. അവര്‍ക്കത് കണ്ടു മടുത്തപ്പോള്‍ നബി(സ) ചോദിച്ചു: ‘മതിയായോ?’ അവര്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ നീ പൊയ്‌ക്കൊള്ളൂ’ എന്ന് അദ്ദേഹം അനുമതി നല്‍കിക്കൊണ്ട് പറഞ്ഞു.

പട്ടില്‍ പൊതിഞ്ഞ മൃതദേഹം

അനന്തരമായി കോടിക്കണക്കിന് രൂപയുടെ സമ്പത്ത് ലഭിച്ച മനുഷ്യന്‍ ആവലാതിപ്പെടുന്നത് ജീവിതത്തില്‍ ഒരു സന്തോഷവുമില്ലെന്നാണ്. എന്റെയടുക്കല്‍ വന്ന് അയാള്‍ പറയുന്നു ജീവിതം മടുത്തിരിക്കുന്നു. ഇത്തരം ആവലാതികള്‍ പലരില്‍ നിന്നും നാം എത്രയോ കേട്ടുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിധവയായി സ്ത്രീയില്‍ നിന്നും വിവാഹമോചനത്തിന് ശേഷം വല്ലാത്ത ശൂന്യത അനുഭവിക്കുന്ന വിവാഹമോചിതയില്‍ നിന്നുമത് കേട്ടിട്ടുണ്ട്. വിവാഹം കഴിക്കാത്ത യുവാവില്‍ നിന്നും ചെറിയ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമത് കേട്ടിട്ടുണ്ട്. ധനികരില്‍ നിന്നെന്ന പോലെ ദരിദ്രരില്‍ നിന്നും അതുണ്ടായിട്ടുണ്ട്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഞാന്‍ ചോദിച്ചു പോവുകയാണ്: സന്തോഷത്തോടെ ജീവിക്കാന്‍ നമ്മില്‍ ആര്‍ക്കാണ് അറിയുക?

സന്തോഷത്തോടെ ജീവിക്കാനുള്ള പാഠങ്ങള്‍ നമ്മുടെ സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ലഭിച്ചിട്ടുണ്ടോ? അതല്ലെങ്കില്‍ സന്തോഷകരമായ ജീവിതത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളില്‍ നിന്നോ പരിശീലന പരിപാടികളില്‍ നിന്നോ നമുക്കത് കിട്ടിയിട്ടുണ്ടോ? അതുമല്ലെങ്കില്‍ സന്തോഷത്തോടെ ജീവിക്കാനുള്ള പരിശീലനം നേടിയാണോ നാം ഈ ലോകത്തേക്ക് വന്നിട്ടുള്ളത്?

സ്വയം സന്തോഷിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അങ്ങാടിയില്‍ പോയി കയ്യിലുള്ള പണം ചെലവഴിച്ച് ആ നിമിഷങ്ങളുടെ സന്തോഷം അനുഭവിച്ച സ്ത്രീയെ എനിക്കറിയാം. ദുഖം വരുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തെ യാത്രകള്‍ നടത്തി സന്തോഷിക്കുന്ന ആളെയും എനിക്കറിയാം. എന്നാല്‍ അതാണോ സന്തോഷം കൊണ്ടുദ്ദേശിക്കുന്നത്? ആരോഗ്യപരമോ സാമ്പത്തികമോ ആയ പരാധീനതകള്‍ അനുഭവിക്കുമ്പോള്‍ ഒരാള്‍ക്ക് സന്തോഷിക്കാന്‍ സാധിക്കുമോ? സന്തോഷമെന്നത് നാം സൃഷ്ടിച്ചെടുക്കേണ്ട ഒന്നാണോ അതല്ല നമ്മിലേക്ക് തനിയെ വരുന്നതോ? സന്തോഷം ഏതെങ്കിലും നിര്‍ണിത സമയത്ത് മാത്രമുള്ളതാണോ അതല്ല നിലനില്‍ക്കുന്നതാണോ? എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്ന ചോദ്യം ഉയര്‍ന്നപ്പോഴെല്ലാം എന്നിലേക്ക് കടന്നുവന്നിട്ടുള്ള ചോദ്യങ്ങളാണിത്.

ഈ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിക്കൊണ്ട് വളരെ മനോഹരമായി ഇബ്‌നുല്‍ ഖയ്യിം സന്തോഷത്തെ തരംതിരിച്ചിട്ടുണ്ട്. ‘മിഫ്താഹു ദാറുസ്സആദ’ (സന്തുഷ്ട ഭവനത്തിന്റെ താക്കോല്‍) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണത്. സന്തുഷ്ട ഭവനം കൊണ്ടദ്ദേഹം ഉദ്ദേശിക്കുന്നത് സ്വര്‍ഗവും അല്ലാഹുവിന്റെ തൃപ്തിയുമാണ്. അതില്‍ സന്തോഷത്തെ മൂന്നായി തരംതിരിക്കുന്നു. ഒന്ന്, ബാഹ്യമായ സന്തോഷം. സമ്പത്ത് കൊണ്ടോ ഇച്ഛകളെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാലോ ഉള്ള സന്തോഷമാണത്. കടമെടുത്ത സന്തോഷം എന്നാണതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കാരണം അധികം ദൈര്‍ഘ്യമില്ലാത്ത താല്‍ക്കാലിക സന്തോഷമാണത്. സമ്പത്ത് ലഭിക്കുമ്പോള്‍ കുറച്ച് കാലത്തേക്ക് അയാള്‍ക്ക് അതിന്റെ സന്തോഷമുണ്ടാകും. പിന്നെ അത് നഷ്ടപ്പെട്ട് മറ്റെന്തെങ്കിലും കാര്യത്തില്‍ സന്തോഷം തേടുന്നവനായി അവന്‍ മാറും. സന്തോഷത്തിന്റെ ബാഹ്യകാരണം നീങ്ങിയാല്‍ അതിനൊപ്പം അവരുടെ സന്തോഷവും നീങ്ങിപ്പോകും. സാമ്പത്തിക നഷ്ടം സംഭവക്കലും ഇതുവരെ ഒരുമിച്ചു കൂട്ടിയ മുഴുവന്‍ സമ്പത്തും ചെലവഴിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന മാരക രോഗമോ മറ്റ് പരീക്ഷണോ ബാധിക്കലും അതിനുദാഹരണങ്ങളാണ്.

ശാരീരികവും ആരോഗ്യപരവുമായ സന്തോഷമാണ് രണ്ടാമത്തേത്. അവയവങ്ങളുടെ ഘടനയും ഭംഗിയും പേശികളുടെ ബലവുമായി ബന്ധപ്പെട്ടതാണിത്. ആളുകള്‍ തങ്ങളുടെ രൂപത്തിലും ഘടനയിലും മാറ്റം വരുത്താന്‍ സമയവും പണവും ചെലവഴിക്കുന്നത് പ്രസ്തുത മാറ്റങ്ങള്‍ സന്തോഷം പകരുമെന്ന വിശ്വാസത്തിലാണ്. സ്വന്തം രൂപത്തിലും ജീവിതത്തിലും സന്തോഷമില്ലെന്ന ആവലാതിയുമായി എന്റെയടുക്കല്‍ വന്ന ഒരു സ്ത്രീയെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. പത്തിലേറെ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ അവര്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ആ അവര്‍ക്ക് സന്തോഷമില്ല. ഒരിക്കല്‍ നല്ല ശരീരഘടനയും നീളവുമുള്ള ഒരു യുവാവ് എന്റെയടുക്കല്‍ വന്നു. ശാരീരിക ഘടനയിലുള്ള സന്തോഷമാണ് ഉറച്ച പേശികളുള്ള ആ യുവാവ് തേടുന്നത്. താനുദ്ദേശിച്ച പോലെയെല്ലാം ശരീരം മാറ്റിയെടുത്തിട്ടും അവന്‍ സന്തുഷ്ടനായിട്ടില്ല.

ഇബ്‌നുല്‍ ഖയ്യിം യഥാര്‍ഥ സന്തോഷം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാണ് മൂന്നാമത്തേത്. ആത്മീയവും മാനസികവുമായ സന്തോഷമാണത്. മനുഷ്യന്റെ ജീവിതത്തിനൊപ്പം ആരംഭിച്ച് മരണത്തിന് ശേഷവും തുടരുന്ന സ്ഥായീ സ്വഭാവമുള്ളതാണത്. അവന്‍ നേടുന്ന പ്രയോജനപ്രദമായ അറിവിലൂടെയാണത്. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹമടക്കമുള്ള കാര്യങ്ങള്‍ അവന്‍ പഠിക്കുന്നു. ദൈവിക വിധിയെയും അതിലെ ഗുണദോഷങ്ങളെയും എങ്ങനെ സമീപിക്കണമെന്നും അവന്‍ മനസ്സിലാക്കുന്നു. ജീവിത്തിലെ പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന് അവനറിയാം. ഈ അര്‍ഥത്തില്‍ ഒരാള്‍ മെലിഞ്ഞവനാവട്ടെ തടിച്ചവനാവട്ടെ, ദരിദ്രനാവട്ടെ ധനികനാവട്ടെ, ഏത് അവസ്ഥയിലും മനുഷ്യനൊപ്പം നിലനില്‍ക്കുന്ന ഒന്നാണത്. ജീവിത സാഹചര്യങ്ങളില്‍ എന്ത് മാറ്റം സംഭവിച്ചാലും അവന്‍ സന്തുഷ്ടനായിരിക്കും. ഐഹിക ലോകത്തുള്ള ആ സന്തോഷം ഖബര്‍ ജീവിതത്തിലും പരലോകത്തും അവന്റെ കൂടെയുണ്ടാവും.

ഇതാണ് സന്തോഷത്തിന്റെ അര്‍ഥവും തരവും. ഇരുലോകത്തെയും സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന പണ്ഡിതന്‍മാര്‍ അതിനെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. പ്രമുഖ സാഹിത്യകാരനായ മന്‍ഫലൂതി അദ്ദേഹത്തിന്റെ ‘നള്‌റാത്ത്’ല്‍ അതിനെ കുറിച്ച് പറയുന്നു: മനുഷ്യരെല്ലാം ശരീരത്തിന്റെ സന്തോഷം മാത്രം തേടുന്നവരാണ്. ആത്മാവിന്റെ സന്തോഷം അവര്‍ അന്വേഷിക്കുന്നില്ല. മൃദുലമായ പട്ടില്‍ കഫന്‍ ചെയ്ത മൃതദേഹത്തെ പോലെയാണവര്‍. അതിന്റെ ഉള്ള് പ്രാണികളുടെയും പുഴുക്കളുടെയും താവളമാണ്. അതുകൊണ്ട് ബാഹ്യസൗന്ദര്യത്തിന് മുമ്പ് ആന്തരിക സൗന്ദര്യത്തെയാണ് നാം പരിഗണിക്കേണ്ടത്. ശരീരത്തിന്റെ സന്തോഷത്തേക്കാള്‍ ആത്മാവിന്റെ സന്തോഷത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്.downloa1

നല്ല സൗഹൃദം

കൂട്ടുകാര്‍ക്കിടയില്‍വെറുക്കപ്പെട്ടവനാവാതിരിക്കാന്‍

നല്ല സൗഹൃദം
. സൗഹൃദങ്ങളുടെയോ ബന്ധങ്ങളുടെയോ കുഴപ്പമല്ല അത്. മറിച്ച് ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. കണ്ണാടി ഒരാളുടെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്നത് പോലെയാണ് ആളുകളുമായുള്ള നമ്മുടെ ബന്ധങ്ങളും. സൗഹൃദങ്ങളെ നരകവും വേദനയുമാക്കി മാറ്റുകയും കൂട്ടുകാര്‍ക്കിടയില്‍ താങ്കള്‍ വെറുക്കപ്പെട്ടവനാക്കുകയും ചെയ്യുന്ന ആറ് തരം ഇടപഴകലുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആ കാര്യങ്ങള്‍ വെടിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും ഇണക്കത്തിന്റെയും ഉറവകളാക്കി ബന്ധങ്ങള്‍ മാറ്റാം.

ഒന്ന്, മറ്റുള്ളവരെ അമിതമായി ആക്ഷേപിക്കാതിരിക്കുക. ഏത് സമയത്തും കൂട്ടുകാരെ അവരുടെ നിലപാടുകളുടെയും സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും പേരില്‍ ആക്ഷേപിക്കുന്നത് കൂട്ടുകാര്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം ഇല്ലാതാക്കും. എന്നാല്‍ ശാന്തമായും ബുദ്ധിപരമായും നീണ്ട ഇടവേളകള്‍ക്കിടയില്‍ ആക്ഷേപിക്കുന്നതില്‍ തെറ്റില്ല. താങ്കള്‍ ഉന്നയിക്കുന്ന ആക്ഷേപം എത്രതന്നെ ശരിയാണെങ്കിലും അത് അമിതമാകുന്നത് കൂട്ടുകാരെ അകറ്റുകയാണ് ചെയ്യുക. കൂട്ടുകാരന് തെറ്റ് ചെയ്യാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ ബന്ധം നല്ല നിലയില്‍ തുടരുന്നതിന് അവരുടെ ചില വീഴ്ച്ചകള്‍ക്ക് നേരെ നാം കണ്ണടക്കേണ്ടതുണ്ട്.

രണ്ട്, നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ, അവയോട് മറ്റുള്ളവര്‍ വിയോജിക്കുമ്പോള്‍ ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും സ്വാതന്ത്ര്യവും വിശാലതയും അനുവദിക്കുന്നതാണ് സൗഹൃദത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് വാദിക്കുന്നുവെങ്കില്‍ സ്‌നേഹിക്കുന്ന കൂട്ടുകാരനെ ദ്രോഹിക്കല്‍ സ്‌നേഹത്തിന്റെ അടയാളമല്ലെന്ന് അവനോട് പറയുക. ഒരാള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അവനോട് ചെയ്യുന്ന ദ്രോഹമാണ്.

മൂന്ന്, കൂട്ടുകാര്‍ക്ക് മാര്‍ക്കിടുകയോ അവര്‍ക്ക് പ്രത്യേക മുദ്ര ചാര്‍ത്തി കൊടുക്കുകയോ ചെയ്യരുത്. ഈ സ്വഭാവം മറ്റുള്ളവര്‍ നിങ്ങളെ വെറുക്കുന്നതിനും നിങ്ങളില്‍ നിന്ന് അകലുന്നതിനും കാരണമാകും. കൂട്ടുകാരെയെല്ലാം ഒരേ മൂശയില്‍ വാര്‍ത്തെടുത്ത് അതിനനുസരിച്ച് ഇടപഴകാനാണ് ഈ സ്വഭാവത്തിലൂടെ നിങ്ങള്‍ ശ്രമിക്കുന്നത്. ഒരാളെ ദേഷ്യക്കാരനായി നിങ്ങള്‍ മുദ്രകുത്തുന്നു, മറ്റൊരാളെ സ്വാര്‍ഥനായും, മൂന്നാമതൊരാളെ കള്ളം പറയുന്നവനായും, നാലാമതൊരാളെ വഞ്ചകനായും നിങ്ങള്‍ മുദ്രകുത്തുന്നു. കാലം മുന്നോട്ടു പോകുമ്പോള്‍ അനുഭവസമ്പത്തിലൂടെ മാറ്റം വരുന്നതാണ് മനുഷ്യന്റെ ജീവിതം. മുമ്പുണ്ടായിരുന്ന സ്വഭാവം തെറ്റാണെന്ന് അംഗീകരിച്ച് അത് തിരുത്തിയിട്ടു ണ്ടാവും. കൂട്ടുകാരെ നിലനിര്‍ത്തണമെങ്കില്‍ നാം ഇഷ്ടപ്പെടുന്ന രീതിയില്‍ അവരോട് പെരുമാറുന്നതിന് പകരം അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ നാം അവരോട് പെരുമാറേണ്ടത് അനിവാര്യമാണ്.

നാല്, എപ്പോഴും താങ്കള്‍ മാത്രമാണ് ശരി അവര്‍ തെറ്റിലാണ് എന്ന് തോന്നിപ്പിക്കും വിധം അമിതമായി വിമര്‍ശിക്കരുത്. മറിച്ച് നല്ല രീതിയില്‍ സംവദിച്ച് അവരുടെ ഹൃദയം കീഴടക്കാനായിരിക്കണം നമ്മുടെ ശ്രമം. സമ്മര്‍ദം ചെലുത്താതെ, കല്‍പനയുടെ സ്വരവും ദേഷ്യവും ഒഴിവാക്കി തെറ്റും ശരിയും ബോധ്യപ്പെടുത്താന്‍ നാം ശ്രമിക്കണം. നിലപാടുകളുടെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. അത് മനസ്സിലാക്കാതെ അവരെ ഖണ്ഡിക്കാന്‍ മുതിരരുത്.

അഞ്ച്, ഓരോ മനുഷ്യനും ഒട്ടേറെ സവിശേഷതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ധാരാളം നന്മകള്‍ ഓരോരുത്തരിലുമുണ്ടാകും. ഓരോ കൂട്ടുകാരന്റെയും നന്മകളെ ഉപയോഗ പ്പെടുത്താനും അവരിലെ ദോഷവശങ്ങളെ അവഗണിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ഒരു മനുഷ്യനും പൂര്‍ണനല്ല എന്നത് തന്നെ കാരണം. പുതിയ അനുഭവങ്ങളെ ഭയക്കുകയല്ല വേണ്ടത്. ഓരോ കാര്യങ്ങളില്‍ നിന്നും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്ക ണം.

ആറ്, ഭൗതിക വിഭവങ്ങള്‍ ധാരാളമുള്ള സമ്പന്നരായ കൂട്ടുകാര്‍ മാത്രമാണ് സന്തോഷം നല്‍കുകയെന്നത് മൂഢവിശ്വാസമാണ്. കാരണം സന്തോഷത്തിന് സമ്പത്തുമായി ഒരു ബന്ധവുമില്ല. ധനികനാവട്ടെ ദരിദ്രനാവട്ടെ അയാളുടെ മനസ്സ് നിങ്ങളുടെ മനസ്സുമായി ഇണങ്ങുമ്പോഴാണ് നിങ്ങള്‍ സന്തുഷ്ടനാകുന്നത്. അതിലുപരിയായി അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുള്ള സൗഹൃദങ്ങളാണ് ഉത്തമമായ സൗഹൃദം.

ഈ ആറ് കാര്യങ്ങളോടൊപ്പം അവസാനമായി ഓര്‍മപ്പെടുത്താനുള്ളത്, കൂട്ടുകാരുടെ വികാരങ്ങളെ മാനിക്കുകയും അതിനെ വ്രണപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളുടെ വിശേഷണങ്ങള്‍ നബി(സ) വിവരിച്ചപ്പോള്‍ ഉകാശ(റ) ചോദിച്ചു: അക്കൂട്ടത്തില്‍ ഞാനുണ്ടാകുമോ അല്ലാഹുവിന്റെ ദൂതരേ? അതെയെന്ന് നബി(സ) മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സഹാബി ചോദിച്ചു: ഞാന്‍ അക്കൂട്ടത്തിലുണ്ടോ? നബി(സ) പറഞ്ഞു: അക്കാര്യത്തില്‍ ഉക്കാശ നിന്നെ മുന്‍കടന്നിരിക്കുന്നു. സുഹൃത്തുക്കളെ നിലനിര്‍ത്തുന്നതിനുള്ള കഴിവാണിത് പ്രകടമാക്കുന്നത്.

പ്രവാചകചര്യയിലെ പെരുന്നാള്‍ നമസ്‌കാരം

അബൂദര്‍റ് എടയൂര്‍

പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാന കര്‍മം പെരുന്നാള്‍ നമസ്‌കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു മൈതാനിയില്‍ ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ടും പ്രൗഢഗംഭീരമായി പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിക്കുക എന്നതാണ് പ്രവാചക തിരുമേനി(സ) പഠിപ്പിച്ച മഹിത മാതൃക. അതിനാല്‍, സമൂഹത്തിന്റെ പാതിയായ സ്ത്രീകളെ അവഗണിച്ചു കൊണ്ട് പൂരുഷകേന്ദ്രീകൃത ആഘോഷമാക്കി പെരുന്നാളിനെ ചുരുക്കുകയും പെരുന്നാള്‍ നമസ്‌കാരം മൈതാനിയില്‍ വെച്ച് നിര്‍വഹിക്കുകയെന്ന സുന്നത്തിനോട് വിമുഖത കാണിക്കുകയും ചെയ്യുന്നത് അപലപനീയമാണ്.

നബി(സ) നിര്‍വഹിച്ച പെരുന്നാള്‍ നമസ്‌കാരത്തെ കുറിച്ച വിശദാംശങ്ങളാല്‍ ഹദീസ് ഗ്രന്ഥങ്ങള്‍ സമ്പന്നമാണെങ്കിലും ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ച് ഒരു സുന്നത്തിനെ തള്ളാന്‍ ചിലര്‍ക്ക് യാതൊരു സങ്കോചവുമില്ല. നബി(സ)യുടെ കാലത്ത് മദീനയില്‍ ഒരു പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ലാതിരുന്നതുകൊണ്ടാണ് പ്രവാചകന്‍ മുസ്വല്ലയില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത് എന്നൊക്കെയാണ് അവരുടെ വ്യാഖ്യാനം. യഥാര്‍ഥത്തില്‍ ഈ വാദം തെറ്റാണ്. മദീനയില്‍ മസ്ജിദുന്നബവിക്ക് പുറമെ മസ്ജിദുല്‍ ഖിബ്‌ലത്തൈന്‍, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ് തുടങ്ങി നിരവധി പള്ളികള്‍ ഉണ്ടായിരുന്നുവെന്ന് ഹാഫിദ് ഇബ്‌നുഹജര്‍ അല്‍-അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തുന്നു. ഇന്നത്തെ പോലെ പലപള്ളികളിലായി അവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാമായിരുന്നു. എന്നാല്‍ അവരതു ചെയ്തില്ല. മറിച്ച് അവരെല്ലാം മൈതാനിയില്‍ (മുസ്വല്ല) വെച്ചാണ് അത് നിര്‍വഹിച്ചത്. മഴ പോലുള്ള ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ പള്ളിയില്‍ വെച്ചും നമസ്‌കരിക്കാം. അപ്രകാരം പ്രവാചകന്‍ ചെയ്തതായി ഒരു റിപ്പോര്‍ട്ടുണ്ട്. അത് പ്രബലമാണെങ്കില്‍ തന്നെ മുസ്വല്ലയില്‍ വെച്ചുള്ള നമസ്‌കാരമാണ് ശ്രേഷ്ഠം എന്നാണ് അത് വ്യക്തമാക്കുന്നത്. (മഴ കാരണം പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ നടത്തിയെന്ന ഹദീസ് ബലഹീനമാണെന്ന് ഇബ്‌നുഹജര്‍ അസ്ഖലാനി ബുലൂഗുല്‍ മറാമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)

പ്രവാചകന്‍ പതിവായി മൈതാനിയില്‍ വെച്ചാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നതെന്ന് എല്ലാ ഹദീസ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു. ഉദാഹരണം: അബൂസഈദില്‍ ഖുദ്‌രി പറയുന്നു: ‘നബി(സ) ഫിത്വ്ര്‍ പെരുന്നാളിലും ബലി പെരുന്നാളിലും മുസ്വല്ലയിലേക്ക് (ഈദ്ഗാഹിലേക്ക്) പുറപ്പെടുമായിരുന്നു.” (ബുഖാരി, മുസ്‌ലിം)
അബ്ദുല്ലാഹ് ബിന്‍ ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ പെരുന്നാള്‍ ദിവസം രാവിലെ മുസ്വല്ലയിലേക്ക് പുറപ്പെടും. കൈയില്‍ ഒരു വടിയുമുണ്ടാകും. മുസ്വല്ലയില്‍ എത്തിയാല്‍ അത് മുമ്പില്‍ നാട്ടിവെച്ച് നമസ്‌കരിക്കും. കാരണം മുസ്വല്ല മുമ്പില്‍ മറയൊന്നുമില്ലാത്ത വിധം വളരെ വിശാലമായിരുന്നു. (ബുഖാരി, മുസ്‌ലിം)

പ്രസ്തുത ഹദീസുകളുടെ അടിസ്ഥാനത്തില്‍ മുസ്വല്ലയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കലാണ് സുന്നത്തെന്നും അതാണ് ശ്രേഷ്ഠമെന്നും ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ശറഹുസ്സുന്നയില്‍ ഇമാം ബഗവിയും മിര്‍ഖാത്തില്‍ ശൈഖ് അലി അല്‍ഖാരിയും ഇക്കാര്യം വിവരിക്കുന്നുണ്ട്. പ്രവാചകന്‍ ഈദുല്‍ഫിത്വ്‌റിനും ഈദുല്‍ അദ്ഹാക്കും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നുവെന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി ശറഹു മുസ്‌ലിമില്‍ പറയുന്നു: പെരുന്നാള്‍ നമസ്‌കാരത്തിന് മുസ്വല്ലയിലേക്ക് പോകലാണ് അഭികാമ്യമെന്നും പള്ളിയില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍ അതാണ് ശ്രേഷ്ഠകരമെന്നും അഭിപ്രായപ്പെടുന്നവര്‍ക്ക് ഇത് തെളിവാണ്. നമ്മുടെ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ രണ്ട് വീക്ഷണങ്ങളുണ്ട്. ഒരു വിഭാഗം മൈതാനമാണ് ശ്രേഷ്ഠമെന്ന് പറയുന്നു. രണ്ടാമത്തെ വിഭാഗം ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണെങ്കില്‍ പള്ളിയാണ് ശ്രേഷ്ഠം എന്ന് അഭിപ്രായപ്പെടുന്നു (ശറഹുമുസ്‌ലിം). എന്നാല്‍ അത്തരം പള്ളികളില്ലാത്തതിനാല്‍ രണ്ട് വീക്ഷണങ്ങളും ഒരേ ബിന്ദുവില്‍ സംഗമിക്കുന്നതായി കാണാം.

പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയാണ് ശ്രേഷ്ഠമെന്നും മസ്ജിദുന്നബവി വിശാലമല്ലാതിരുന്നതുകൊണ്ടാണ് പ്രവാചകന്‍ മുസ്വല്ലയിലേക്ക് പോയതെന്നുമുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഇമാം ബൈഹഖി അസ്സുനനുല്‍ കുബ്‌റായില്‍ ഉദ്ധരിച്ച ദുര്‍ബലമായ ഒരു റിപോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് അത്തരമൊരു വാദം ഉന്നയിക്കപ്പെടുന്നത്. ബുഖാരിയും നസാഈയുമുള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാര്‍ അസ്വീകാര്യനായി വിധിയെഴുതിയ ആളാണ് അത് നിവേദനം ചെയ്തിട്ടുള്ളത്. അതോടൊപ്പം പ്രവാചകന്റെ പള്ളി മദീനയിലെ വിശ്വാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളും വിധം വിശാലമായിരുന്നില്ല എന്ന വാദം ബാലിശമാണ്. മഴ കാരണം ഒരിക്കല്‍ നബി(സ) പളളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കരിച്ചു എന്ന നിവേദനം തന്നെ ഈ വാദത്തെ ഖണ്ഡിക്കുന്നു. അതുപോലെ തിരുമേനി ജുമുഅ നിര്‍വഹിച്ചിരുന്നത് പള്ളിയിലായിരുന്നു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നു. ജുമുഅക്കും പെരുന്നാളിനും സംഗമിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പറയത്തക്ക അന്തരമൊന്നുമുണ്ടായിരുന്നുമില്ല.

അപ്രകാരം തന്നെ പള്ളിയാണ് ശ്രേഷ്ഠമെങ്കില്‍ മസ്ജിദുല്‍ ഹറാം ഒഴികെയുള്ള പള്ളികളില്‍ വെച്ചുള്ള ആയിരം നമസ്‌കാത്തേക്കാള്‍ ശ്രേഷ്ഠമാണ് എന്റെ ഈ പള്ളിയിലെ ഒരു നമസ്‌കാരം എന്ന് പ്രവാചകന്‍ തന്നെ പരിചയപ്പെടുത്തിയ മസ്ജിദുന്നബവി ഒഴിവാക്കിക്കൊണ്ട് പതിവായി മുസ്വല്ലയില്‍ വെച്ച് അദ്ദേഹം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കില്ലായിരുന്നു. മറിച്ച് പള്ളി വിശാലമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുക. പള്ളിയിലുള്ള നമസ്‌കാരമാണ് ശ്രേഷ്ഠമെന്നിരിക്കെ, പള്ളി വിശാലമാക്കാന്‍ ശ്രമിക്കാതെ പ്രവാചകന്‍ ശ്രേഷ്ഠമല്ലാത്ത മൈതാനിയില്‍ വെച്ച് അത് നിര്‍വഹിച്ചുവെന്ന് സങ്കല്‍പിക്കുക സാധ്യമല്ല.

പ്രവാചകന്‍ സ്ഥിരമായി ഒരു പള്ളിയിലാണ് ജുമുഅ നിര്‍വഹിച്ചിരുന്നത് എന്നതിനാല്‍ ഒരു പ്രദേശത്ത് ഒന്നിലധികം ജുമുഅ പാടില്ല എന്ന് ശാഫിഈകള്‍ അഭിപ്രായപ്പെടുന്നു. അതേസമയം പ്രവാചകന്‍ പതിവായി പെരുന്നാള്‍ നമസ്‌കരിച്ചിരുന്നത് മൈതാനിയിലായിരുന്നുവെന്നത് അവരുടെ വീക്ഷണത്തില്‍ അതിന്റെ ശ്രേഷ്ഠതക്ക് തെളിവില്ലായെന്നത് വിചിത്രം തന്നെ.

ഇമാം ശാഫിഈ അല്‍-ഉമ്മില്‍ പറയുന്നു: മദീനയില്‍ പ്രവാചകനും തിരുമേനിയുടെ ശേഷക്കാരും മഴപോലുളള കാരണങ്ങളില്ലെങ്കില്‍ ഇരു പെരുന്നാള്‍ സുദിനങ്ങളിലും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നതായി നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. മക്ക ഒഴികെയുള്ള നാടുകളിലെ ആളുകള്‍ അപ്രകാരമാണ് ചെയ്തിരുന്നത്. മക്കയുടെ വിസ്തൃതിക്കുറവും മസ്ജിദുല്‍ ഹറാമിന്റെ വിശാലതയും അതിന് കാരണമായി ചൂണ്ടിക്കാണിച്ച ശേഷം അദ്ദേഹം തുടര്‍ന്ന് പറയുന്നു: എന്നാല്‍ ഏതെങ്കിലും പ്രദേശത്തെ പള്ളി പെരുന്നാള്‍ ദിനത്തില്‍ ആളുകളെ ഉള്‍ക്കൊള്ളുംവിധം വിശാലമാണെങ്കില്‍ അതുപേക്ഷിച്ച് പോകുന്നത് അഭികാമ്യമല്ല. വിശാലമല്ലെങ്കില്‍ അതില്‍ നമസ്‌കരിക്കുന്നത് നാം വെറുക്കുകയും ചെയ്യുന്നു.

ശാഫിഈ മദ്ഹബ് ഒഴികെയുളള മൂന്ന് മദ്ഹബുകളും പെരുന്നാള്‍ നമസ്‌കാരം മൈതാനിയില്‍ നിര്‍വഹിക്കലാണ് സുന്നത്തെന്നും ന്യായമായ കാരണങ്ങളില്ലാതെ പള്ളിയില്‍ വെച്ച് അത് നിര്‍വഹിക്കല്‍ കറാഹത്താണെന്നുമുള്ള വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്. പ്രവാചകനോ സച്ചരിതരായ ഖലീഫമാരോ കാരണമില്ലാതെ മൈതാനിയില്‍ വെച്ചുള്ള നമസ്‌കാരം ഒഴിവാക്കിയിട്ടില്ല.

പള്ളികള്‍ക്ക് മറ്റു പ്രദേശങ്ങളേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന വസ്തുത ആരും നിഷേധിക്കുന്നില്ല. പക്ഷേ, എല്ലാ ഇബാദത്തുകള്‍ക്കും ഉത്തമം പള്ളിയാണെന്ന് ഇസ്‌ലാം പറയുന്നില്ല. ഉദാഹരണമായി റവാതിബ് സുന്നത്തുകള്‍. അവ നിര്‍വഹിക്കാന്‍ ഉത്തമം പള്ളിയല്ല, മറിച്ച് സ്വന്തം വീടാണ്. ഇപ്രകാരം തന്നെയാണ് പെരുന്നാള്‍ നമസ്‌കാരങ്ങളും. അതിന് പള്ളികളേക്കാള്‍ ശ്രേഷ്ഠം ഈദുഗാഹുകളാണ്. ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ വ്യാഖ്യാനം ഈദ്ഗാഹ് വിമര്‍ശകര്‍ക്ക് ഈ വിഷയകമായി വായിച്ചുനോക്കാവുന്നതാണ്. നിരവധി ഹദീസുകള്‍ പെരുന്നാള്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട് അതില്‍ കാണാം. അതുപോലെ ഈ വിമര്‍ശകര്‍ തന്നെ പ്രസിദ്ധീകരിച്ച ഇഹ്‌യാ ഉലൂമിദ്ദീന്‍ പരിഭാഷയില്‍ ഇങ്ങനെ വായിക്കാം: ‘മക്കയും ബൈത്തുല്‍ മഖ്ദിസും ഒഴികെയുള്ള രാജ്യങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മൈതാനിയിലേക്ക് പോകലാണ് ഏറ്റവും നല്ലത്. മഴയുള്ള ദിവസമാണെങ്കില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നതിന് ദൂഷ്യമില്ല.” (ഇഹ്‌യാ ഉലൂമിദ്ദീന്‍ പരിഭാഷ 5:97, എം വി കുഞ്ഞി അഹ്മദ് മുസ്‌ലിയാര്‍ മുദരിസ്)

മുഹ്‌യുദ്ദീന്‍ ശൈഖ് പറയുന്നു: ‘പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത് നടത്തുകയാണ് ഏറ്റവും ഉത്തമം. കാരണമില്ലാതെ പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നത് വെറുക്കപ്പെട്ടതാണ്. സ്ത്രീകള്‍ ഹാജറാകുന്നതില്‍ തെറ്റില്ല.” (അല്‍ഗുന്‍യത്ത് 2:127)

ഇബ്‌നുഖുദാമ പറയുന്നു: നബി(സ) അവിടുത്തെ തന്നെ പള്ളി ഒഴിവാക്കിക്കൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. തിരുമേനിക്ക് ശേഷം അവിടുത്തെ ഖലീഫമാരും അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്. അടുത്തു നില്‍ക്കുന്നതും ഏറ്റവും നല്ലതും ഉപേക്ഷിച്ചിട്ട്, വിദൂരത്തുള്ളതും നന്മ കുറഞ്ഞതും നബി(സ) ചെയ്യുക എന്നത് അസംഭവ്യമാണ്. അവിടുന്ന് തന്റെ സമുദായത്തിന് ഉത്തമമായതിനെ ഉപേക്ഷിക്കല്‍ നിയമമാക്കുകയില്ല. നബി(സ)യെ പിന്തുടരുവാനും അനുഗമിക്കാനുമാണല്ലോ നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്. കല്‍പിക്കപ്പെട്ടത് അപൂര്‍ണവും വിരോധിക്കപ്പെട്ടത് പൂര്‍ണവുമാവുക എന്നത് സംഭവ്യമല്ലല്ലോ. ഒരു കാരണവുമില്ലാതെ നബി(സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഏത് ദേശത്തായാലും ഏത് കാലത്തായാലും പള്ളി ഇടുങ്ങിയതായാലും വിശാലമായതായാലും ജനങ്ങള്‍ മുസ്വല്ലയില്‍ വെച്ചായിരുന്നു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. പള്ളിക്ക് വീടിനേക്കാള്‍ ശ്രേഷ്ഠയുണ്ടായിരിക്കെ തന്നെ സുന്നത്ത് നമസ്‌കാരം നബി(സ) വീട്ടില്‍ വെച്ചായിരുന്നു നമസ്‌കരിച്ചിരുന്നത്. അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തോട് പറയപ്പെടുകയുണ്ടായി: ദുര്‍ബലരും അന്ധന്‍മാരും പള്ളിയില്‍ ഒരുമിച്ചുകൂടിയിട്ടുണ്ട്. അതിനാല്‍ താങ്കള്‍ക്ക് അവരെയും കൊണ്ട് നമസ്‌കരിച്ചൂകൂടേ? അപ്പോള്‍ അലി(റ) പറഞ്ഞു: ഞാന്‍ സുന്നത്തിന് എതിര് ചെയ്യണമോ? നമുക്ക് മുസ്വല്ലയിലേക്ക് തന്നെ പുറപ്പെടാം. (കിതാബുല്‍ മുഗ്‌നി : 3/260)

ഇമാം ശഅ്‌റാനി പറയുന്നു : പെരുന്നാള്‍ നമസ്‌കാരം നാട്ടിലുള്ള പുറംസ്ഥലങ്ങളില്‍ വെച്ച് നിര്‍വഹിക്കല്‍ സുന്നത്താണെന്ന് ഇജ്മാഅ് ഉണ്ട്. അതില്‍ പങ്കെടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പള്ളിയില്‍ വെച്ച് അത് നിര്‍വഹിക്കാം. (അല്‍ മീസാനുല്‍ കുബ്‌റാ : 1/77)

സഹാബികള്‍ എല്ലാവരും ഒത്തൊരുമിച്ച് ജമാഅത്തിന് കൂടിയത് പെരുന്നാള്‍ ദിവസത്തിലാണെന്ന കണ്ടെത്തലിന് പ്രാമാണികമായ യാതൊരു പിന്‍ബലവുമില്ല. വാദത്തിന് വേണ്ടി പള്ളി നിറഞ്ഞുകവിഞ്ഞു എന്ന് സമ്മതിച്ചാല്‍ തന്നെ ബാക്കിയുള്ളവര്‍ പള്ളിയുടെ പുറത്ത് വെച്ച് നമസ്‌കരിച്ചാല്‍ മതിയല്ലോ. നോമ്പുകാലത്തെല്ലാം പള്ളി നിറഞ്ഞുകവിയുമ്പോള്‍ അങ്ങനെയാണല്ലോ നാം ചെയ്യാറുള്ളത്.

സമസ്ത എ.പി വിഭാഗം നേതാവ് ഫസല്‍ പൂക്കോയ തങ്ങള്‍ പള്ളി ഒഴിവാക്കി സ്വന്തം വീട്ടുമുറ്റത്ത് ഈദ് ഗാഹ് സംഘടിപ്പിക്കുകയും ജനങ്ങള്‍ പള്ളി ഒഴിവാക്കി അവിടേക്ക് നമസ്‌കരിക്കാന്‍ വരികയും ചെയ്ത കഥ സുന്നി വോയ്‌സ് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു: കോഴിക്കോട്ടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു ജിഫ്‌രി ഹൗസ്. ചെറുപ്പം മുതലേ ഇവിടെ കണ്ടുവരുന്നത് പെരുന്നാള്‍ ദിവസം ആത്മീയമായ ഒരാവേശത്തോട് കൂടിയുള്ള ഒത്തുകൂടലിന്റെ വേദിയായിട്ടാണ്. കുറ്റിച്ചിറയിലെയും പരിസരത്തെയും വലിയ ജനാവലി ഇവിടെ എത്തിച്ചേരും. ഉപ്പാപ്പയുടെ സാമീപ്യം അവര്‍ക്കെന്തോ പ്രത്യേക ആവേശമായിരുന്നു. മാത്രമല്ല ജിഫ്‌രി ഹൗസിന്റെ മുറ്റത്ത് പെരുന്നാള്‍ നമസ്‌കാരവും നടന്നു വരുന്നു. കോഴിക്കോട്ടെ കച്ചവടക്കാരായ മുസ്‌ലിം പ്രമാണിമാരില്‍ അധികവും അതില്‍ പങ്കെടുത്തിരുന്നു. ജൗളി മുതലാളിമാര്‍, അരിക്കച്ചവടക്കാര്‍ തുടങ്ങിയവരൊക്കെ പണ്ടുമുതലേ ഏഴ് മണിക്ക് മുമ്പുതന്നെ പെരുന്നാള്‍ നമസ്‌കാരത്തിന് ജിഫ്‌രി ഹൗസിലെത്തും. പല പ്രമുഖ പണ്ഡിതന്മാരും ഇവിടെ പെരുന്നാള്‍ ഖുത്വുബ നിര്‍വഹിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. (സുന്നിവോയ്‌സ് : 2001 ഡിസംബര്‍ 1-30) ഈ വിവരണത്തില്‍ നിന്നെല്ലാം പെരുന്നാള്‍ നമസ്‌കാരത്തിന് ശ്രേഷ്ഠം പള്ളിയാണന്നത് പുത്തന്‍വാദമാണെന്ന് തെളിയുന്നു.

പെരുന്നാള്‍ സ്ത്രീ പുരുഷ ഭേദമന്യേ വിശ്വാസികളുടെ മുഴുവന്‍ ആഘോഷമാണ്. പെരുന്നാളിന്റെ അകക്കാമ്പാകട്ടെ പെരുന്നാള്‍ നമസ്‌കാരവും. അതില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നത് പ്രവാചകചര്യക്കെതിരാണ്. ആര്‍ത്തവകാരികള്‍ പോലും അതില്‍ സന്നിഹിതരാവട്ടെ എന്ന പ്രവാചകനിര്‍ദ്ദേശം മാനിച്ച് നാം അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന വേഷവിധാനങ്ങളോടെയാവണമെന്ന് മാത്രം. സ്ത്രീകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുസ്വല്ലയിലേക്ക് പോകുന്നതിന്റെ നിയമസാധുത നിരവധി പ്രബലമായ ഹദീസുകളില്‍ നിന്ന് സ്പഷ്ടമാണെന്നിരിക്കെ ചിലര്‍ അതേപ്പറ്റി അജ്ഞത നടിക്കുകയാണ്. ഉമ്മുഅത്വിയ്യയുടെ ഹദീസ്തന്നെ മതിയായ തെളിവാണ്.

ഉമ്മു അത്വിയ്യയില്‍ നിന്ന് നിവേദനം : ഈദുല്‍ ഫിത്വ്‌റിലും ഈദുല്‍ അദ്ഹായിലും കന്യകമാരെയും ഋതുമതികളെയും അന്തപുര(മറയില്‍ കഴിയുന്ന) സ്ത്രീകളെയും പുറത്തേക്ക് (മുസ്വല്ലയിലേക്ക്) കൊണ്ടുപോകാന്‍ റസൂല്‍ ഞങ്ങളോട് കല്‍പിച്ചിരുന്നു. എന്നാല്‍ ആര്‍ത്തവകാരികള്‍ നമസ്‌കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. അവര്‍ നന്മക്കും (നന്മയുടെ സദസ്സിലും) മുസ്‌ലിംകളുടെ പ്രാര്‍ഥനക്കും സാക്ഷികളാവണം. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരുത്തിക്ക് മൂടുപടമില്ലെങ്കിലോ? അവളുടെ സഹോദരി തന്റെ മൂടുപടം അവളെ ധരിപ്പിക്കട്ടെ അവിടുന്ന് പറഞ്ഞു. (ബുഖാരി, മുസ്‌ലിം)

പെരുന്നാള്‍ നമസ്‌കാരം മൈതാനിയിലാക്കിയതിന് പിന്നില്‍ വലിയ യുക്തിയുണ്ട്. ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസിവിശ്വാസിനികളും കുട്ടികളും വര്‍ഷത്തില്‍ രണ്ട് തവണ ഒരിടത്ത് ഒരുമിച്ചുകൂടുകയും ഒരേവിധം തക്ബീര്‍ ധ്വനികള്‍ മുഴക്കി, ഒരു ഇമാമിന്റെ പിന്നില്‍ അണിനിരന്ന് ഒരേ ഹൃദയത്തോടെ പ്രാര്‍ഥന നിര്‍വഹിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ സന്തുഷ്ടരായി ആനന്ദം പങ്കുവെക്കുക എന്നതാണത്. അപ്പോഴാണ് പെരുന്നാള്‍ പെരുന്നാളാകുന്നത്. അതിനാലാണ് വസ്ത്രം കടം വാങ്ങിയിട്ടെങ്കിലും സ്ത്രീകള്‍ അവര്‍ അശുദ്ധിയുള്ളവരാകട്ടെ, അല്ലാതിരിക്കട്ടെ പെരുന്നാള്‍ നമസ്‌കാരസ്ഥലത്ത് എത്തുകയും വിശ്വാസികളുടെ പ്രാര്‍ഥനക്കും നന്മക്കും സാക്ഷികളാവുകയും ചെയ്യട്ടെ എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. അതുപോലെ പള്ളിയില്‍ വരാന്‍ പറ്റാത്തവര്‍ക്കും ഈദ്ഗാഹില്‍ വരാമല്ലോ. പ്രവാചകന്റെ ചര്യയെ പിന്തുരുന്നതിലാണ് വിശ്വാസികളുടെ വിജയം കുടികൊള്ളുന്നത്. ‘അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളി കേള്‍ക്കുവിന്‍ ദൈവദൂതന്‍ നിങ്ങളെ സജീവരാക്കുന്നതിലേക്കു വിളിക്കുമ്പോള്‍ മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ടെന്നറിഞ്ഞിരിക്കുവിന്‍..” (അല്‍അന്‍ഫാല്‍ : 24)

സ്‌നേഹസാഹോദര്യത്തിന്റെ കഥപറയുന്നു ഗുജറാത്തിലെ ഈ മനാഭായി വങ്കാറും റഹ്മത്തുല്ലായും

സബര്‍കന്ദ്(ഗുജറാത്): ഇരുപത് വര്‍ഷംമുമ്പ് കുഷ്ഠംപിടിപെട്ടതിനെത്തുടര്‍ന്ന് എല്ലാവരും അവഗണിച്ച മനാഭായി വങ്കാറിനെ നിറഞ്ഞ പുഞ്ചിരിയോടെ അയല്‍പക്കത്തെ റഹ്മത്തുല്ലായും ഹലീമ ദാപായും സ്വീകരിക്കുകയായിരുന്നു. ഇന്നലെ മനാഭായി വങ്കാര്‍ മരണപ്പെടുമ്പോള്‍ ആ മുഖത്ത് തരിമ്പും വേദനയോ ഒറ്റപ്പെട്ടുവെന്ന നിരാശാബോധമോ കാണാനുണ്ടായിരുന്നില്ല. തന്റെ മതാചാരപ്രകാരമുള്ള എല്ലാ ശേഷക്രിയകള്‍ക്കും റഹ്മത്തുല്ലായുടെ കുടുംബം സജ്ജീകരണംനടത്തി സംസ്‌കരിക്കുകയായിരുന്നു.

മനാഭായിയുടെ രോഗം ഈ അടുത്ത കാലത്ത് മൂര്‍ഛിച്ചപ്പോള്‍ അവര്‍ നരോളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖംഭേദമായതിനെത്തുടര്‍ന്ന് ‘സഹയോഗ് കുഷ്ഠയജ്ഞ ട്രസ്റ്റ്’ നടത്തുന്ന ആശ്രമത്തില്‍ ചേര്‍ത്തു. അതിനിടയിലാണ് മരണവാര്‍ത്ത റഹ്മതുല്ല അറിഞ്ഞത്. ഉടന്‍ ആശ്രമത്തില്‍ചെന്ന് ഭൗതികശരീരം ഏറ്റുവാങ്ങുകയായിരുന്നു.’ആരോരുമില്ലാതെ അത് സംസ്‌കരിക്കപ്പെടാന്‍ ഞങ്ങളിഷ്ടപ്പെട്ടില്ല. അദ്ദേഹം ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നുവല്ലോ.’ റഹ്മത്തുല്ലാ പറയുന്നു.

ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി, ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ വംശീയഹത്യയ്ക്ക് റഹ്മത്തുല്ലായെപ്പോലെയുള്ളവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ കനലുകള്‍ കോരിയിടാനായില്ല എന്ന മനുഷ്യസാഹോദര്യത്തിന്റെ കഥയാണ് ഗുജറാതില്‍നിന്ന് കേള്‍ക്കാന്‍ കഴിയുന്നത്. ഏവരും അടുക്കാന്‍ ഭയപ്പെടുന്ന കുഷ്ഠംപോലെയുള്ള മാരകരോഗം പിടിപെട്ട ആളുകളെ സംരക്ഷിക്കാനും പരിചരിക്കാനും നിറഞ്ഞമനസ്സോടെ കടന്നുവരുന്ന സഹൃദരായ ആളുകള്‍ ഈ ഭൂമിയിലിനിയും എത്രയോ ഉണ്ട് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇതിലൂടെ വെളിവാകുന്നത്.

‘മരണംവരിച്ച കുഷ്ഠരോഗിയുടെജഡം ആരുംതന്നെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കാറില്ല. ഭയംഅവരെ പിന്തിരിപ്പിക്കുന്നു. അതേസമയം റഹ്മത്തുല്ലയുടെ സ്‌നേഹം ഹൃദയാന്തരാളങ്ങളില്‍നിന്നുള്ളതാണെന്നതാണ് വസ്തുത.’ആശ്രമത്തിലെ അധികാരിയായ സുരേഷ് സോണി പറയുന്നു.

പുരുഷ ഹൃദയം കീഴടക്കാന്‍

ഇണയെ എങ്ങനെ താനല്ലാത്ത മറ്റാരിലേക്കും തിരിയാത്ത ഒരാളാക്കി മാറ്റാം? പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു ചോദ്യമാണിത്, പ്രത്യേകിച്ചും സ്ത്രീകള്‍. ജോലി സ്ഥലത്തോ അല്ലെങ്കില്‍ സോഷ്യല്‍ വെബ്‌സൈറ്റുകള്‍ വഴിയോ പുരുഷന്‍ ഒരു സ്ത്രീയുമായി ഇടപഴകുന്നത് കാണുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യക്ക് ആശങ്കയും ഭയവുമുണ്ടാകുന്നു. തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീ തട്ടിയെടുക്കുമോ എന്ന ഭയമായിരിക്കും അവളെ അപ്പോള്‍ ഭരിക്കുക. മറ്റൊരു സ്ത്രീയുമായി ബന്ധമില്ലാതിരിക്കാന്‍ എങ്ങനെ അദ്ദേഹത്തിനെ ഹൃദയത്തെ കീഴ്‌പ്പെടുത്തി തന്റെ സ്വന്തമാക്കാമെന്ന ചിന്തയാണ് ഊണിലും ഉറക്കിലും അവളില്‍. സ്ത്രീകളില്‍ മാത്രം പരിമിതപ്പെട്ടു കിടക്കുന്ന ഒരു വിഷയമില്ലിത്. ഇത്തരത്തില്‍ ഭാര്യമാരെ കുറിച്ച് ആശങ്കപ്പെടുന്ന പുരുഷന്‍മാരെയും കാണാം. എന്നാല്‍ ഈ ലേഖനം സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള മറുപടിയാണ്. സഹോദരിമാരോട് വളരെ രഹസ്യമായി നിങ്ങളുടെ ചെവിയില്‍ പറയാനുള്ള കാര്യം പുരുഷനെ കീഴടക്കലും പുരുഷ ഹൃദയം കീഴടക്കലും രണ്ടായിട്ട് തന്നെ നിങ്ങള്‍ മനസ്സിലാക്കണം. ഒന്നാമത്തേത് അസാധ്യമാണ്. അതിന് ശ്രമിച്ചാല്‍ ദാമ്പത്യജീവിതം നരകമായി മാറുകയാണ് ചെയ്യുക. ബന്ധനത്തില്‍ ശ്വാസം മുട്ടുന്നതായിട്ടാണ് ഭര്‍ത്താവിനത് അനുഭവപ്പെടുക. എന്നാല്‍ പുരുഷ ഹൃദയം കീഴ്‌പ്പെടുത്തുക എന്നത് സാധ്യമായ കാര്യമാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിയുകയെന്നത് അതിനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. പുരുഷ ഹൃദയം നേടിയെടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുകയും വെറുക്കുന്നവയില്‍ നിന്ന് വിട്ടുനില്‍ക്കലുമാണ്. പുരുഷഹൃദയം കീഴ്‌പ്പെടുത്താനുള്ള പൊതു തത്വമായിട്ടിതിനെ കാണാം. ഇനി മിക്ക പുരുഷന്‍മാരും ഇഷ്ടപ്പെടുന്ന ആറ് കാര്യങ്ങള്‍ പറയാനാണ് ഉദ്ദേശിക്കുന്നത്.

ഒന്ന്, അവന്‍ ഒരു കൂട്ടുകാരിയായിട്ടാണ് സ്‌നേഹിക്കുന്നത്. പുരുഷന്‍ സ്ത്രീയെ സ്‌നേഹിക്കുന്നത് അവളെ തന്റെ കൂട്ടുകാരിയായി ലഭിക്കുന്നതിനാണ്. ഒന്നും മറച്ചു വെക്കാതെ അവളോട് സംസാരിക്കാന്‍ അവന് സാധിക്കണം. അതിന് സാധിക്കാതെ വരുമ്പോഴാണ് മറ്റു ബന്ധങ്ങളിലവന്‍ അഭയം തേടുന്നത്. ഭര്‍ത്താവിന്റെ സംസാരം കേള്‍ക്കുമ്പോള്‍ അതിനെ മാറ്റി വെച്ച് തന്റെ തന്റെ വ്യക്തിപരമായ കാര്യം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് മിക്ക സ്ത്രീകളും. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ നിരത്തി അവസാനം അദ്ദേഹത്തിന്റെ സംസാരത്തെ വിചാരണ ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. തന്നെ വളരെയധികം ആര്‍ഷിച്ച ഏതെങ്കിലും സ്ത്രീയെ കുറിച്ച് അയാളെന്തെങ്കിലും മിണ്ടിയിട്ടുണ്ടെങ്കില്‍. അതിനോട് വളരെ കടുത്ത നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന്റെ പേരില്‍ ആക്ഷേപിക്കുകയും ബഹിഷ്‌കരിക്കുക വരെ ചെയ്‌തേക്കും. അപ്പോള്‍ പുരുഷന്‍ തീരുമാനിക്കുന്ന ഇനി മേലില്‍ അവളോട് സംസാരിക്കില്ലെന്ന്. ഇത്തരത്തില്‍ മൗനിയായി പോകുന്ന പുരുഷന്‍ തന്നെ വിചാരണ ചെയ്യാതെ, താന്‍ പറയുന്നത് കേള്‍ക്കുന്ന, ഒരു സ്ത്രീയെ അന്വേഷിക്കും.

രണ്ട്, അദ്ദേഹത്തിന്റെ ചരിത്രം മനസ്സിലാക്കുക. ഓരോരുത്തര്‍ക്കും അവന്‍ കഴിഞ്ഞു പോന്ന ഒരു ചരിത്രമുണ്ടായിരിക്കും. പ്രത്യേകിച്ചും കൗമാരത്തിന്റെയും യൗവനത്തിന്റെയും ഘട്ടങ്ങള്‍. ധാരാളം ഓര്‍മകളും സംഭവങ്ങളും ബന്ധങ്ങളുമെല്ലാം നിറഞ്ഞതായിരിക്കുമത്. ഇഷ്ടപ്പെട്ടതെല്ലാം ചെയ്തിരുന്ന കാലമാണത്. ഒരു സ്ത്രീ പുരുഷ ഹൃദയം കീഴടക്കാന്‍ ഉദ്ദേശിച്ചാല്‍ ആദ്യം അദ്ദേഹത്തിന്റെ ചരിത്രം മനസ്സിലാക്കിയിരിക്കണം. എന്നാല്‍ അതിന് വേണ്ടി ചുഴിഞ്ഞന്വേഷണം നടത്തുകയുമരുത്. എന്തൊക്കെയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്, എന്തെല്ലാമാണ് ഇഷ്ടമില്ലാത്തത്, പ്രത്യേകിച്ചും വൈകാരിക കാര്യങ്ങളില്‍ അവള്‍ അറിഞ്ഞിരിക്കണം. പിന്നെ അറിഞ്ഞിരിക്കേണ്ടത് ജീവിതത്തിലെ ഭക്ഷണം പോലുള്ള കാര്യങ്ങളിലെ ഇഷ്ടാനിഷ്ടങ്ങളാണ്.

മൂന്ന്, അവന്‍ ആശ്വാസവാക്കുകള്‍ ഇഷ്ടപ്പെടുന്നു. മിക്കപ്പോഴും പുരുഷന്‍ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതില്‍ അസ്വസ്ഥപ്പെടുന്നവനായിരിക്കും. ഓരോ ദിവസവും ഒട്ടനവധി വെല്ലുവിളികളും പ്രയാസങ്ങളും സമ്മര്‍ദങ്ങളും അവന്‍ നേരിടുന്നു. ഈ പ്രയാസങ്ങളില്‍ സ്ത്രീ അവനെ ആശ്വസിപ്പിക്കുന്നതാണ് അവന്‍ ആഗ്രഹിക്കുന്നത്. അവളുടെ തൊട്ടുതലോടി കൊണ്ടുള്ള സംസാരവും ആശ്വാസവാക്കുകളും ചിരിയുമെല്ലാം അവന്റെ പ്രയാസങ്ങളെ ലഘുകരിക്കുന്നു. എന്നാല്‍ പലപ്പോഴും ചില സ്ത്രീകള്‍ ഇക്കാര്യം വേണ്ട പോലെ ചെയ്യാറില്ല. അങ്ങനെ വരുമ്പോള്‍ വീടിന് പുറത്ത് സമ്മര്‍ദങ്ങളെ നേരിടുന്ന പുരുഷന്‍ വീടിനകത്തും അവക്കിടയില്‍ തന്നെ ജീവിക്കുന്നവനായി മാറുന്നു. പലപ്പോഴുമായി എത്രയോ ആളുകള്‍ ഇക്കാര്യത്തില്‍ അവരുടെ പരിഭവം എന്നോട് പറഞ്ഞിട്ടുണ്ട്. പുരുഷനെ മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിപ്പിക്കുന്നതിലെ ഏറ്റവും ശക്തമായ ഒരു പ്രേരകമാണിത്. ഒന്നുകില്‍ അവന്‍ നിഷിദ്ധമായ വൈവാഹിക ബന്ധത്തിലെത്തിപ്പെടും, അല്ലെങ്കില്‍ അനുവദനീയമായ രീതിയില്‍ ഒരു രണ്ടാം ഭാര്യയെ സ്വീകരിക്കും.

നാല്, പുരുഷന്‍ മടുപ്പുള്ളവനാണ്. മിക്ക പുരുഷന്‍മാരും നിരന്തരം മാറ്റവും ജീവിതത്തില്‍ പുതുമയും ഇഷ്ടപ്പെടുന്നവരാണ്. അതേസമയം മിക്ക സ്ത്രീകളും ഒരു കാര്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. കുറച്ച് കാലം പിന്നിടുമ്പോള്‍ വിവാഹത്തിലും പുരുഷന്‍ മാറ്റത്തിന് ആഗ്രഹിക്കുന്നതായി നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ബഹുഭാര്യത്വത്തിന് ശരീഅത്ത് അനുമതി നല്‍കുന്നതിന് പിന്നിലെ യുക്തിയും ഒരു പക്ഷെ ഇതായിരിക്കാം. അതുകൊണ്ട് ഭക്ഷണം ഒരുക്കുന്നതിലും വീട്ടിലെ ഫര്‍ണീച്ചറുകള്‍ സെറ്റ് ചെയ്യുന്നതിലും വസ്ത്രധാരണത്തിലും രൂപത്തിലും ദാമ്പത്യബന്ധത്തില്‍ വരെ പുതുമകള്‍ കാഴ്ച്ച വെക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം. പുരുഷനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നായിരിക്കാം ഇത്. പെട്ടന്ന് തന്നെ മാറ്റങ്ങള്‍ സ്വീകരിച്ച് പുതുമകള്‍ കാഴ്ച്ച വെക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കഴിവ് തന്നെയുണ്ട്. ഭര്‍ത്താവിനോട് സ്‌കൈപ്പിലൂടെ കൊഞ്ചുന്ന ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ട്. അയാള്‍ വളരെ നന്നായി അത് ആസ്വദിക്കുന്നുമുണ്ട്. കാരണം അവന്റെ യൗവനത്തിലെ ഓര്‍മകള്‍ മടക്കി കൊണ്ടുവരികയാണത് ചെയ്യുന്നത്. പ്രത്യേകിച്ചും യുവത്വകാലത്ത് പെണ്‍കുട്ടികളുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നവര്‍ക്ക് വിവാഹത്തോടെ നഷ്ടമാകുന്ന ആ അന്തരീക്ഷം മടക്കി കൊണ്ടു വരികയാണത് ചെയ്യുന്നത്.

അഞ്ച്, ആദരവും പരിഗണനയും. പുരുഷ ലോകത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ് ആദരവും പരിഗണനയും ലഭിക്കുക എന്നത്. താന്‍ സംസാരിക്കുമ്പോള്‍ അതിനിടയില്‍ കയറുന്നത് അവനിഷ്ടപ്പെടില്ല. ഒരു തീരുമാനമെടുത്താല്‍ മറ്റുള്ളവര്‍ അതിനെ മാനിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. തന്റെ നിര്‍ദേശത്തിന് പരിഗണന ലഭിക്കണമെന്നും അതിന്റെ പേരില്‍ മക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും അടുത്ത് താന്‍ പരിഹസിക്കപ്പെടുന്നതും തന്റെ പേരിന് കളങ്കം വരുന്നതും അവന്‍ ഇഷ്ടപ്പെടുന്നില്ല. വളരെ നിസ്സാരമായ സന്ദര്‍ഭങ്ങളില്‍ ഭാര്യ വേണ്ടത്ര ആദരവ് നല്‍കാത്തതിന്റെ പേരില്‍ എത്രയെത്ര വിവാഹമോചനങ്ങളാണ് നടക്കുന്നത്! ഈ അന്തരീക്ഷത്തില്‍ അല്‍പം ബുദ്ധി പ്രയോഗിക്കുകയാണെങ്കില്‍ സ്ത്രീക്ക് പുരുഷ ഹൃദയം നേടിയെടുക്കാന്‍ സാധിക്കും. അവളുദ്ദേശിക്കുന്നത് നേടിയെടുക്കാനും അതിലൂടെ അവള്‍ക്ക് സാധിക്കുന്നു.

ആറ്, അദ്ദേഹത്തിന്റെ ശക്തിയും തന്റെ ദൗര്‍ബല്യവും ബോധ്യപ്പെടുത്തുക. മക്കള്‍ ഉണ്ടായി കഴിയുമ്പോള്‍ മിക്ക സ്ത്രീകളുടെയും ശ്രദ്ധ പൂര്‍ണമായും അവരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഇത് ഭര്‍ത്താവില്‍ ഒറ്റപ്പെടലിന്റെയും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള തോന്നലുണ്ടാക്കുന്നു. ഇതിനെ മറികടന്ന് ഭര്‍ത്താവിന്റെ മനസ്സ് നേടാന്‍ ഏറ്റവും നല്ല മാര്‍ഗം തന്റെ ദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ്. ഭര്‍ത്താവിന്റെ സഹായം ആവശ്യമില്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ആവശ്യം തനിക്കുണ്ടെന്ന തോന്നല്‍ അദ്ദേഹത്തിലുണ്ടാക്കാന്‍ സാധിക്കണം. ഞാന്‍ ശക്തനാണ് എന്ന തോന്നലുണ്ടാകുന്ന പുരുഷന്‍ അവളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ജീവിതകാര്യങ്ങളില്‍ സഹായിക്കുകയും ചെയ്യും. അതിലൂടെ അദ്ദേഹത്തിന് തന്റെ പുരുഷത്വം ആസ്വദിക്കാനാവുന്നതോടൊപ്പം പരസ്പര ബന്ധം ശക്തിപ്പെടുക കൂടി ചെയ്യും. ‘നിങ്ങളാണ് എന്റെ എല്ലാ ആശ്രയവു അവലംബവും’ എന്നര്‍ത്ഥമുള്ള വാക്കുകള്‍ അതിനായി ഉപയോഗിക്കാം. അത്തരം വാക്കുകള്‍ ജീവിതത്തില്‍ അവന്‍ മറക്കുയില്ലെന്ന് മാത്രമല്ല, അവളെ സേവിക്കാനുള്ള ത്വര എപ്പോഴും സജീവമായിരിക്കുകയും ചെയ്യും.

വിവ : ഉമ്മു അയാശ്‌

വിവാഹവും മാതാവിന്റെ സമ്മതവും

അവിവാഹിതയായ ഒരു യുവതിയാണ് ഞാന്‍. ഇഷ്ടപ്പെട്ട വരനെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടോ ? എന്റെ മാതാവ് ജീവിച്ചിരിപ്പുണ്ട്. അവര്‍ എന്നെ ഈ വിവാഹത്തില്‍ നിന്ന് വിലക്കുന്നു. അദ്ദേഹം (പ്രതിശ്രുതവരന്‍) ഒരു വിവാഹം കഴിച്ച ആളാണ് എന്നാണ് ഉമ്മയുടെ തടസ്സവാദത്തിന് കാരണം. മാതാവിന്റെ സമ്മതവും ഇഷ്ടവുമുള്ള വരനെ മാത്രമേ എനിക്ക് വിവാഹം കഴിക്കാന്‍ പാടുള്ളൂ ? അയാളുടെ രണ്ടാം ഭാര്യയാകുന്നതില്‍ എനിക്ക് പ്രയാസമില്ലെന്നുണ്ടെങ്കില്‍ മാതാവിന് എന്നെ ഇതില്‍ നിന്ന് തടയാനുള്ള അധികാരമുണ്ടോ?

ഉത്തരം: ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുന്‍ജിദ്

വിവാഹത്തിനുള്ള വിലായത്ത് (കൈകാര്യകര്‍ത്തൃത്വം)പിതാവിനോ പിതാമഹനോ സഹോദരനോ ഒക്കെയാണ് ഇസ്്‌ലാം വകവെച്ച് കൊടുത്തിട്ടുള്ളത്. മാതാവിന് – അവര്‍ എത്ര സ്‌നേഹനിധിയാണെങ്കിലും – വിലായത്തില്ല. താങ്കള്‍ ആഗ്രഹിക്കുന്ന വിവാഹത്തില്‍ നിന്ന് തടയാനുള്ള അധികാരവുമില്ല. പക്ഷേ മാതാവ് എന്ന നിലക്ക് അവരെ അനുസരിക്കേണ്ട ബാധ്യതയുണ്ട് എന്നത് മറക്കാവതല്ല. അവരോട് സംഗതികള്‍ തുറന്നുപറയുക. പ്രതിശ്രുത വരന്‍ മതബോധമുള്ളവനും സദ്‌സ്വഭാവിയുമാണെ ന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ടും അവര്‍ സമ്മതിക്കുന്നില്ലെimagesങ്കില്‍ അവരെ അനുസരിക്കുകയാണ് വേണ്ടത്.

എന്തിനു നാം പുഞ്ചിരിക്കാതിരിക്കണം?

Cutest-Baby-Boy-Pictures-Cute-Smile-1024x768ഇസ്‌ലാം ഒരു മതമെന്നതിനേക്കാള്‍ ഉപരി ഒരു ജീവിത പദ്ധതി കൂടിയാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള നമ്മുടെ ജീവിതം എവ്വിധമായിരിക്കണമെന്ന് മാത്രമല്ല ഉറങ്ങുമ്പോള്‍ പോലും നാം എങ്ങനെയാണ് കിടക്കേണ്ടതെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇരുപത്തിനാലു മണിക്കൂറും നമുക്ക് ആജ്ഞാനിര്‍ദ്ദേശങ്ങള്‍ നല്‍കി നമ്മെ അലോസരപ്പെടുത്തുന്നതല്ല ഇസ്‌ലാമിക ജീവിത ചര്യ. മറിച്ച് ജീവിതം ലളിതമാക്കുകയും ആസ്വാദ്യമാക്കുകയും ചെയ്യുന്നതാണത്. ഇഹപര ജീവിതത്തെ ആനന്ദകരമാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് നിസാരമെന്ന് തോന്നാവുന്ന പുഞ്ചിരിയെ കുറിച്ച് പോലും ഇസ്‌ലാം വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നത്. നമുക്ക് ഏറെ ബുദ്ധിമുട്ടുകളൊന്നും കൂടാതെ നിര്‍വഹിക്കാനാവുന്നതാണ് പുഞ്ചിരി. നമ്മുടെ കണ്ണുകളിലും ചുണ്ടിലും ഒരു ചെറിയ മാറ്റം വരുത്തുന്നതിലൂടെ നമുക്ക് നിര്‍വഹിക്കാവുന്ന ഒരു ചെറിയ കര്‍മ്മം. എന്നാല്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്ന ഒരു കര്‍മ്മം കൂടിയാണത്. പുഞ്ചിരി മനസിന്റെ ഭാരം കുറക്കുകയും ആത്മാവിന് വിശാലത നല്‍കുകയും ചെയ്യുന്നു.
സ്ഥിരമായി പ്രസന്നവദനനായിരുന്ന പ്രവാചകന്റെ പുഞ്ചിരി വിശ്വാസികള്‍ക്ക് ആനന്ദദായകമായിരുന്നു. പ്രവാചകന്റെ വിനയപൂര്‍ണമായ സ്വഭാവത്തെ കുറിച്ചും വശ്യമായ പുഞ്ചിരിയെകുറിച്ചും പ്രവാചക അനുചരന്‍മാരുടെ നിരവധി ഉദ്ധരണികള്‍ നമുക്ക് കാണാം. അബ്ദുല്ല ഇബ്‌നു ഹാരിസ് പറയുന്നു : ‘പ്രവാചകന്‍ ചിരിക്കുന്നത് പോലെ പുഞ്ചിരിച്ചു കൊണ്ടല്ലാതെ ഞാനൊരാളെയും കടന്നു പോയിട്ടില്ല. സഹോദരനെ നോക്കി പുഞ്ചിരിക്കുന്നത് ദാനമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്’ (തിര്‍മിദി). ജരീര്‍ ഇബ്‌നു അബ്ദുല്ല പറയുന്നു : ‘ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പ്രവാചകനെ കാണാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്ക്് അനുവാദം ലഭിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയല്ലാതെ പ്രവാചകന്‍ എന്നെ നോക്കിയിട്ടില്ല’ (മുസ്‌ലിം). പ്രവാചകന്റെ കൂടെ സഹവസിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രവാചക അനുചരന്റെ മറുപടി ഇങ്ങനെയായിരുന്നു : ‘അതെ, ധാരാളം തവണ. പ്രവാചകന്‍ പ്രഭാത നമസ്‌കാരം കഴിഞ്ഞ ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ നമസ്‌കരിച്ചിടത്തുതന്നെ ഇരിക്കും. സൂര്യനുദിച്ചാല്‍ അദ്ദേഹം എഴുന്നേല്‍ക്കുകയും സ്വഹാബികളുമായി സംസാരിക്കുകയും ചെയ്യും. പ്രവാചകന്റെ സംസാരം കേട്ട് സ്വഹാബികള്‍ ചിരിക്കുമ്പോള്‍ പ്രവാചകന്‍ നൈര്‍മല്യത്തോടു കൂടി പുഞ്ചിരിക്കും’. (മുസ്‌ലിം).
സത്സ്വഭാവത്തിലും വിനയത്തിലും പ്രവാചകനെ കവച്ചു വെക്കാന്‍ ഒരാളുമില്ല. പ്രവാചക പത്‌നി ആയിശ (റ) പറഞ്ഞത് പ്രവാചകന്റെ ജീവിതം ഖുര്‍ആന്‍ ആയിരുന്നു എന്നാണല്ലോ. അഥവാ ഖുര്‍ആനിക അധ്യാപനങ്ങളെ മുറുകെ പിടിച്ച ജീവിതമായിരുന്നു പ്രവാചകന്റേത്. പ്രവാചകന്റെ ഈ ജീവിതവും വ്യക്തിത്വവുമാണ് നാം നമ്മുടെ ജീവിതത്തിന് മാതൃകയാക്കേണ്ടത്. പ്രവാചകന്റെ കൂടെ പത്ത് വര്‍ഷം ജീവിച്ച ഒരു അനുചരന്‍ പറയുന്നു : ‘പ്രവാചകന്റെ കൂടെയുള്ള എന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും പരുഷമായ ഒരു വാക്കു പോലും എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഒരിക്കല്‍ പോലും പ്രവാചകന്‍ ദേഷ്യപ്പെട്ട് പെരുമാറുന്നതും ഞാന്‍ കണ്ടിട്ടില്ല. വളരെ സൗമ്യമായി മാത്രം സംസാരിക്കുന്ന പ്രവാചകന്‍ അങ്ങേയറ്റം വിനയാന്വിതനായിരുന്നു’. കാണുന്നവരെയെല്ലാം പുഞ്ചിരിയോടു കൂടി അഭിമുഖീകരിക്കുകയെന്നത് പ്രവാചകന്റെ ഒരു സഹജഗുണമായിരുന്നു.
നമ്മള്‍ നിസാരമെന്ന് കരുതുന്ന ചില ചെറിയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ഒന്നാണ് പുഞ്ചിരി. പ്രവാചകന്‍ (സ) പുഞ്ചിരിയിലൂടെ തന്റെ അനുചരന്‍മാരെ മാത്രമല്ല അവിശ്വാസികളെ പോലും കൈയ്യിലെടുത്തുവെങ്കില്‍ പുഞ്ചിരിയിലൂടെ സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ നമുക്കുമാവും. സന്തോഷം പരസ്പര പങ്കുവെക്കുന്നതിന്റെ സാമ്പ്രദായിക രീതിയെന്നതിലപ്പുറം സൗഹൃദത്തിന്റെയും ഉന്നതമായ സംസ്‌കാരത്തിന്റെയും കൂടി ചിഹ്നമാണ് പുഞ്ചിരി. അത് ഹൃദയമിടിപ്പ് താഴ്ത്തുകയും രക്തസമ്മര്‍ദ്ധം കുറക്കുകയും ചെയ്യും. വേദനസംഹാരികളുടെ ഉപയോഗമില്ലാതെ തന്നെ ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് മുക്തിനേടാന്‍ പുഞ്ചിരിയിലൂടെ സാധ്യമാകുന്നതോടൊപ്പം മനസിന് ശാന്തി ലഭിക്കാനും അതു കാരണമാകുന്നു. പുഞ്ചിരി ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുഞ്ചിരി ശീലമാക്കിയവരുടെ ശരീരം സദാ സമയം ശാന്തമായിരിക്കുന്നത് കൊണ്ട് ശാരീരിക പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. അതോടൊപ്പം മനുഷ്യന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലും പുഞ്ചിരിക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. യൗവനം നിലനിര്‍ത്തുന്നതിനും ആയുര്‍ദൈഘ്യത്തിനും പുഞ്ചിരി കാരണമാകുന്നു. പുഞ്ചിരി മുഖമുദ്രയാക്കുന്നതിലൂടെ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം ആര്‍ജിക്കാന്‍ കഴിയുന്നതോടൊപ്പം അതിന്റെ ഗുണങ്ങള്‍ മറ്റുള്ളവരിലേക്കു കൂടി പ്രസരിപ്പിക്കാനും നമുക്ക് സാധിക്കും.
ആരെ കണ്ടുമുട്ടിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സലാം പറയുന്നത് പ്രവാചകന്റെ ചര്യയായിരുന്നു. ഇന്ന് നമുക്കിടയില്‍ വ്യാപകമായപോലെ കളിതമാശകളില്‍ ഏര്‍പ്പെട്ടു കൊണ്ടുള്ള പൊട്ടിച്ചിരികളും അട്ടഹാസങ്ങളുമായിരുന്നില്ല പ്രവാചകന്റെ പുഞ്ചിരി. പ്രവാചകന്‍ കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം കളിചിരികളിലും തമാശകളിലും ഏര്‍പ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതു വെറും നര്‍മ്മം മാത്രമായിരുന്നില്ല. ചിന്തോദ്ദീപകവും ധാര്‍മ്മിക മര്യാദകള്‍ പാലിക്കുന്നതുമായ നര്‍മ്മങ്ങളായിരുന്നു പ്രവാചകന്റേത്. തെറ്റായ കാര്യങ്ങള്‍ വിവരിച്ചും മറ്റുള്ളവരുടെ അഭിമാനത്തിന് വ്രണപ്പെടുത്തുന്ന തരത്തിലുള്ള തമാശകള്‍ പറുന്നതും പ്രവാചകന്റെ സ്വഭാവമായിരുന്നില്ല. ‘ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളങ്ങള്‍ പറയുന്നവന് നാശമെന്ന്്’ പ്രവാചകന്‍ പറയാറുണ്ടായിരുന്നു.

വിവ : ജലീസ് കോഡൂര്‍