Category Archives: ഉഥ്മാനികള്‍ ISLAMIC HISTORY دولة عثمانية

അഞ്ചാം ഘട്ടം المرحلة الخامسة لسلطنة العثمانية

(5) (1255/1839 1339/ 1923)
സുല്‍ത്വാന്‍ അബ്ദുല്‍ മജീദിന്റെ സ്ഥാനാരോഹണത്തോടെ ഉഥ്മാനീ സല്‍ത്വനത്. അതിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പതനാവസ്ഥയാണ് ഈ ഘട്ടം മുഖ്യമായും പ്രതിനിധീകരിക്കുന്നത് ഏങ്കിലും 85 വര്‍ഷം തുടര്‍ന്നും അത് നിലനിന്നു. ഈ കാലയളവില്‍ സാമ്രാജ്യം ആഭ്യന്തരവും വൈദേശികവുമായ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നു. ഉഥ്മാനീ ഭൂപ്രദേശങ്ങളധികവും യൂറോപ്യന്‍ ഭൂഷണിക്കു മുമ്പില്‍ പിടിച്ചുനില്ക്കാന്‍ നന്നേ പാടുപെട്ടു. ഒന്നാം ലോകയുദ്ധത്തോടെ അത് പ്രധാനമായും തുര്‍കിയില്‍ മാത്രമായി ചുരുങ്ങി ഈ ഘട്ടത്തിലാണ് തുര്‍കികളില്‍ ദേശീയബോധം തലപൊക്കിയത്. യൂറോപ്യന്‍ മാതൃകയിലുള്ള പരിഷ്കാരങ്ങള്‍ (തന്‍ളീമാത്) നടപ്പിലാക്കപ്പെട്ടതും ഈ ഘട്ടത്തിലാണ്. അതിന്റെ ഭാഗമായി ഇസ്ലാമിക ലോകത്തെ ആദ്യത്തെ പാര്‍ലമെന്റ് തുര്‍കിയില്‍ നിലവില്‍ വന്നു.

ഈ ഘട്ടം തുടങ്ങുന്നത് സുല്‍ത്വാന്‍ അബ്ദുല്‍ മജീദിന്റെ ഭരണത്തോടെയാണ്. പിതാവ് മഹ്മൂദ് രണ്ടാമന്റെ മരണശേഷം 1839-ല്‍ അബ്ദുല്‍ മജീദ് ഉഥ്മാനീ സുല്‍ത്വാനാവുമ്പോള്‍ 17 വയസ്സ് പ്രായമായിരുന്നു. മുഹമ്മദ് അലി പാഷയുടെ സൈന്യത്തിന്റെ വിജയകരമായ മുന്നേറ്റം കാരണം സല്‍ത്വനത് ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു അപ്പോള്‍. ചെറുപ്രായക്കാരനായ സുല്‍ത്വാനെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ ആദ്യഘട്ടത്തില്‍ പ്രാപ്തരായ മന്ത്രിമാരോ ഭരണതന്ത്രജ്ഞരോ ഉണ്ടായിരുന്നില്ല. തന്മൂലം അധികാരം ഇസ്തംബൂളിന്റെ വിദേശ രാഷ്ട്ര പ്രതിനിധികളുടെ കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. ബ്രിട്ടീഷ് അംബാസിഡറായിരുന്ന സര്‍, സ്റാഫോര്‍ഡ്, സുല്‍ത്വാന്റെ മേല്‍ അമിത സ്വാധീനം നേടി.

നസ്വീബൈനില്‍ നടന്ന യുദ്ധത്തില്‍ ഉഥ്മാനീ സൈന്യം ഈജ്പ്ഷ്യന്‍ സൈന്യത്താല്‍ രണ്ടാമതും തോല്പിക്കപ്പെട്ടതും അഹ്മദ് പാഷയുടെ മേതൃത്വത്തിലുള്ള തുര്‍കി നാവിക വ്യൂഹം ഈജിപ്ഷ്യന്‍ നാവികപ്പടയില്‍ ചേര്‍ന്നതും തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൈന്യം നടത്തിയ മുന്നേറ്റങ്ങളും യൂറോപ്യന്‍ രാഷ്ട്രങ്ങളെ അസ്വസ്ഥ്യപ്പെടുത്തി. ഇസ്തബൂള്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ആധിപത്യത്തിലാകുന്നതോടെ തങ്ങള്‍ക്ക് ഭീഷണിയായിത്തീരുന്ന പുതിയ ഒരു ഇസ്ലാമിക ശക്തി രൂപംകൊള്ളുമെന്ന് അവര്‍ ഭയപ്പെട്ടു. റഷ്യ, ഇംഗ്ളണ്ട്, ഫ്രാന്‍സ്, ആസ്ട്രിയ, പ്രഷ്യ എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മാധ്യസ്ഥശ്രമവുമായി മുന്നോട്ടുവന്നു. ഇതിനിടയില്‍ സല്‍ത്വനതുമായി ചെയ്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തില്‍ ഇബ്റാഹീം പാഷയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്ന് ഇസ്തംബൂളിനെ രക്ഷിക്കാന്‍ റഷ്യ സൈന്യത്തെ അയച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മാധ്യസ്ഥശ്രമം സുല്‍ത്വാന്‍ അംഗീകരിച്ചതിനെതുടര്‍ന്ന് പ്രസ്തുത രാഷ്ട്രങ്ങളുട പ്രിതിനിധികള്‍ സമ്മേളിച്ച് പ്രശ്നപരിഹാരത്തെപ്പറ്റി ചര്‍ച്ച ചെയ്ത് മുഹമ്മദ് അലി പാഷക്ക് വകവെച്ചുകൊടുക്കേണ്ട ഭൂപ്രദേശങ്ങളുടെ കാര്യത്തില്‍ അവര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. ബ്രിട്ടനും ആസ്ട്രിയയും സിറിയ ഉഥ്മാനീ സല്‍ത്വനതിന് തിരിച്ചുനല്കണമെന്ന് വാദിച്ചപ്പോള്‍ ഫ്രാന്‍സും റഷ്യയും നാലു സിറിയന്‍ പ്രവിശ്യകള്‍ മുഹമ്മദ് അലി പാഷക്ക് നല്കണമെന്ന പക്ഷക്കാരായിരുന്നു. റഷ്യ സല്‍ത്വനതുമായി ചെയ്ത പ്രതിരോധ ഉടമ്പടിയില്‍ ഉറച്ചുനില്ക്കുന്നതായി പ്രഖ്യാപിച്ചു. ഈ അവസരത്തില്‍ ഫ്രാന്‍സും ഇംഗ്ളണ്ടും റഷ്യന്‍ അധിനിവേശത്തില്‍ നിന്നും ഈജിപ്ഷ്യന്‍ ആക്രമണത്തില്‍ നിന്നും സല്‍ത്വനതിനെ രക്ഷപ്പെടുത്താന്‍ തങ്ങളുടെ കപ്പല്‍പ്പടക്ക് ഡാര്‍ഡനല്ലിലേക്ക് പ്രവേശനം നല്കണമെന്ന് സുല്‍ത്വാനോടാവശ്യപ്പെട്ടു. എന്നാല്‍ റഷ്യ സല്‍ത്വനതുമായുളള ബന്ധം വിഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സുല്‍ത്വാന്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും ആവശ്യം നിരാകരിച്ചു. ഇത്തരത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പരസ്പര ഭിന്നതമൂലം സല്‍ത്വനതിനും മുഹമ്മദ് അലി പാഷക്കുമിടയിലെ മാധ്യസ്ഥശ്രമം നീണ്ടുപോയി. അവസാനം ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഈ വിഷയത്തില്‍ കുടുത്ത അഭിപ്രായവ്യത്യാസം. മുഹമ്മദ് അലി പാഷക്കെതിരിലുള്ള ഒരു നീക്കത്തിനും ഫ്രാന്‍സ് തയ്യാറായിരുന്നില്ല. ഈജിപ്തും സിറിയയും എന്നന്നേക്കുമായും അത്വിന, ത്വര്‍സൂസ് എന്നീ പ്രദേശങ്ങള്‍ ജീവിതകാലത്തേക്ക് മാത്രമായും മുഹമ്മദ് അലി പാഷക്ക് നല്കണമെന്നായിരുന്നു ഫ്രാന്‍സിന്റെ ആഗ്രഹം. ബ്രിട്ടനാവട്ടെ മുഹമ്മദ് അലിക്ക് ഈജിപ്ത് മാത്രം നല്കാനേ സമ്മതിച്ചിരുന്നുള്ളൂ. എങ്കിലും ഫ്രാന്‍സിനെ തൃപ്തിപ്പെടുത്താന്‍ ദക്ഷിണ സിറിയയുടെ പകുതിഭാഗം കൂടി മുഹമ്മദ് അലി പാഷയുടെ ഭരണകാലത്തേക്ക് മാത്രം നല്കാന്‍ ബ്രിട്ടന്‍ തയ്യാറായി. ഫ്രാന്‍സ് ഈ നിര്‍ദേശവും തള്ളിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഒരു യോജിപ്പിലെത്താനായില്ല.

ബ്രിട്ടന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ താന്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ സുല്‍ത്വാന് മടക്കിക്കൊടുക്കാനും തന്റെ സൈന്യത്തെ ഈജിപ്തിലേക്ക് തന്നെ പിന്‍വലിക്കാനും ശ്രമിക്കുന്നതായി മുഹമ്മദ് അലി പാഷ അറിഞ്ഞപ്പോള്‍ അതിനെ ശക്തിയുപയോഗിച്ച് നേരിടാന്‍ അദ്ദേഹം തയ്യാറായി. ഹിജാസിലും മറ്റുമുള്ള സൈന്യത്തെയെല്ലാം സിറിയയില്‍ കേന്ദ്രീകരിച്ചു. ജനങ്ങള്‍ക്ക് സായുധ പരിശീലനം നല്കി. ഇതിനിടയില്‍ 1840-ല്‍ ആസ്ട്രിയയുടെ ആവശ്യപ്രകാരം ലണ്ടനില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സമ്മേളിച്ചു. ഫ്രാന്‍സും ഇംഗ്ളണ്ടിന്റെ കീഴില്‍ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ ഭിന്നിപ്പ് രൂക്ഷമാവുകയാണുണ്ടായത്. സിറിയ മുഴുവന്‍ സ്ഥിരമായി മുഹമ്മദ് അലി പാഷക്ക് നല്കമമെന്ന വാദത്തില്‍ ഫ്രാന്‍സ് ഉറച്ചുനിന്നു. ഇംഗ്ളണ്ട് അതിനെ ശക്തിയായി എതിര്‍ത്തു. അതിനശേഷം ഫ്രാന്‍സ് നേരിട്ട് ഉഥ്മാനീ സല്‍ത്വനതുമായും മുഹമ്മദ് അലി പാഷയുമായും ബന്ധപ്പെട്ടു. മുഹമ്മദ് അലിക്ക് സിറിയ വിട്ടുകൊടുക്കാന്‍ ഫ്രാന്‍സ് സുല്‍ത്വാനെ അല്പം ഭീഷണിയോടെ നിര്‍ബന്ധിച്ചു. സല്‍ത്വനതിനെയും ഇംഗ്ളണ്ടിനെയും നേരിടാന്‍ മുഹമ്മദ് അലി പാഷക്ക് ഫ്രാന്‍സ് സഹായം വാഗ്ദത്തം ചെയ്തു. ഇതേത്തുടര്‍ന്ന് ബ്രിട്ടന്‍ റഷ്യ, പ്രഷ്യ, ആസ്ട്രിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു കരാറിന് രൂപം നല്കി. ഇതനുസരിച്ച് മുഹമ്മദ് അലി പാഷ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുനല്കാനും അതിനായി ശക്തിപ്രയോഗിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. റഷ്യ, ആസ്ട്രിയ, ഇംഗ്ളണ്ട് എന്നീ രാഷ്ട്രങ്ങളുടെ നാവികപ്പടക്ക് ഇസ്തംബൂളിനെതിരിലുള്ള ഈജിപ്ഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഡാര്‍ഡനല്ലില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്നും ഈ കരാര്‍ വ്യക്തമാക്കി. കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ബ്രിട്ടന്‍ ലബ്നാന്‍ നിവാസികളെ ഈജിപ്ഷ്യന്‍ ഭരണകൂടത്തിനെതിരില്‍ കാലപത്തിന് പ്രേരിപ്പിച്ചു. എന്നാല്‍ കലാപങ്ങള്‍ ഈജിപ്ഷ്യന്‍ സൈന്യം അടിച്ചമര്‍ത്തി.

സിറിയ വിട്ടുകൊടുക്കാനുള്ള കരാറിലെ വ്യവസ്ഥ മുഹമ്മദ് അലി പാഷ അംഗീകരിച്ചില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് സൈന്യം ബൈറൂതിലെത്തി. ഈജിപ്ഷ്യന്‍ സൈന്യത്തിനെതിരെ കനത്ത ആക്രമണമഴിച്ചുവിട്ടു. ബ്രിട്ടീഷ് നാവികപ്പട അലക്സാണ്ട്രിയയിലെത്തി മുഹമ്മദ് അലിയെ ഭീഷണിപ്പെടുത്തി. യൂറോപ്യന്‍ ശ്ക്തികള്‍ക്കെതിരെ പൊരുതാന്‍ അശക്തനായതിനാല്‍ തന്റെ സൈന്യത്തെ സിറിയയില്‍ നിന്നു പിന്‍വലിച്ചു. തുടര്‍ന്ന് 1841-ല്‍ നിലവില്‍ വന്ന സന്ധിപ്രകാരം ഈജിപ്തില്‍ മുഹമ്മദ് അലി പാഷ ഉഥ്മാനീ സല്‍ത്വനതിന് കീഴില്‍ പാരമ്പര്യ ഭരണാധികാരിയായി അംഗീകരിക്കപ്പെട്ടു. സിറിയന്‍ പ്രദേശങ്ങളില്‍ നിന്നും ഈജിപ്ഷ്യന്‍ സൈന്യം പിന്‍മാറുക, ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ അംഗസംഖ്യ 18000 ആയി ചുരുക്കുക, ഈജിപ്തിന്റെ വരുമാനത്തിന്റെ 25% ഇസ്തംബൂളിന് വാര്‍ഷിക കപ്പമായി നല്കുക എന്നിവയായിരുന്നു ഈ സന്ധിയിലെ മറ്റു വ്യവസ്ഥകള്‍.

(2) രണ്ടാം ഘട്ടം (813/1412973/1566) دولة عثمانية مرحلة الثانية


ഉഥ്മാനീ സല്‍ത്വനതിലെ ഏറ്റവും പ്രഗല്‍ഭരായ ഭരണാധികാരികള്‍ ജന്മമെടുത്തതും സല്‍ത്വനത് അതിന്റെ പരമകാഷ്ഠ പ്രാപിച്ചതും ഈ ഘട്ടത്തിലാണ്. അബ്ബാസികളില്‍നിന്ന് ഉഥ്മാനികളിലേക്കുള്ള ഖിലാഫത്തിന്റെ കൈമാറ്റവും ഈ ഘട്ടത്തിലെ ശ്രദ്ധേയമായ സംഭവമാണ്. മംഗോളുകളുടെ ആക്രമണവും തുടര്‍ന്നുള്ള അധികാര വടംവലിയും കാരണം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ ഉഥ്മാനീ സാമ്രാജ്യം തകര്‍ന്നുപോയി എന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് ഒന്നാമന്‍ (1412-1421) കയ്യില്‍ അധികാരം ഭദ്രമായതോടെ സല്‍ത്വനത്തിന്റെ യശസ്സ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തപ്പെട്ടു. എട്ടു വര്‍ഷത്തെ ഭരണകാലത്ത് സുല്‍ത്വാന്‍ മുഹമ്മദ് ഉഥ്മാനികള്‍ക്ക് നഷ്ടപ്പെട്ട പല പ്രദേശങ്ങളും തിരിച്ചുപിടിച്ചു. കൊട്ടാരത്തില്‍ ബായസീദ് നിയമിച്ചിരുന്ന ക്രിസ്ത്യന്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി. ഉഥ്മാനീ സല്‍ത്വനത്തിന്റെ രണ്ടാം സ്ഥാപകനായി ഇദ്ദേഹം അറിയപ്പെടുന്നു.
ഇദ്ദേഹത്തിന്റെ കാലത്ത് യുദ്ധങ്ങള്‍ താരതമ്യേന കുറവായിരുന്നു. സന്ധിയുടെയും അനുനയത്തിന്റെയും പ്രവര്‍ത്തന ശൈലിയാണ് സുല്‍ത്വാന്‍ സ്വീകരിച്ചത്. തകര്‍ന്നുകഴിഞ്ഞ ഒരു സാമ്രാജ്യം പുന8സ്ഥാപിക്കാന്‍ ഈ നയം ആവശ്യമായിരുന്നു. നേരത്തെ തന്റെ സഹോദരന്‍ മൂസക്കെതിരെ ബൈസാന്തിയന്‍ ചക്രവര്‍ത്തിയുമായി സുല്‍ത്വാന്‍ സന്ധിയിലേര്‍പ്പെട്ടിരുന്നു. ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടെ സഹായം കൊണ്ടുമാത്രമാണ് സുല്‍ത്വാന്‍ മുഹമ്മദിന് അധികാര വടംവലിയില്‍ അതിനാല്‍ കോണ്‍സ്റ്റാന്റിനോപ്പിളുമായുള്ള സൌഹൃദം അദ്ദേഹം മരണം വരെ നിലനിര്‍ത്തി. ബൈസാന്തിയില്‍ നിന്ന് ഉഥ്മാനികള്‍ പിടിച്ചെടുത്തിരുന്ന പ്രദേശം ചക്രവര്‍ത്തിക്ക് മടക്കിക്കൊടുത്തു. യൂറോപ്പിലെ നാവിക ശക്തിയായിരുന്ന വെനീസ് സുല്‍ത്വാനുമായി സന്ധിക്ക് തയ്യാറായി. ഉഥ്മാനികള്‍ക്ക് കീഴിലുള്ള വലാച്ചിയ, അല്‍ബേനിയ, ബോസ്നിയ എന്നീ പ്രദേശങ്ങള്‍ അങ്കാറാ യുദ്ധത്തിന് ശേഷം വിഘടിച്ച്പോവുകയും അവുടങ്ങളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ നിലവില്‍വരികയും ചെയ്തിരുന്നു. മുഹമ്മദ് ഒന്നാമന്‍ അധികാരത്തിലേറിയതോടെ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമെന്നും തങ്ങളുടെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്നും ഈ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ ഭയപ്പെട്ടു. അവര്‍ തങ്ങളുടെ ദൂതന്മാരെ സുല്‍ത്വാന്റെ കൊട്ടാരത്തിലെക്ക് പറഞ്ഞയച്ചു. സുല്‍ത്വാന്‍ അവരുമായും സമാധാന സന്ധികളില്‍ ഒപ്പുവെച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി യൂറോപ്പില്‍ സമാധാനാന്തരീക്ഷം നിലനിന്നു. ഈ സന്ധികളൊന്നും തന്നെ ഉഥ്മാനീ സല്‍ത്വനതിന്റെ കീഴടങ്ങലായിരുന്നില്ല. മറിച്ച്, വരാനിരിക്കുന്ന പടയോട്ടങ്ങള്‍ക്ക് ശക്തി സംഭരിക്കാന്‍ വേണ്ടി ശക്തി അവസ്ഥ സൃഷ്ടിക്കലായിരുന്നു.
യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി ഏഷ്യാമൈനറിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ തിമൂറിന്റെ മരണത്തിന് ശേഷം ഉയര്‍ന്നുവന്ന ഭരണകൂടങ്ങളുമായി സൌഹൃദബന്ധം സ്ഥാപിച്ചു. എന്നാല്‍ 818/1415-ല്‍ ഈജിയന്‍ കടലില്‍ ഗാലിപ്പോളിക്കടുത്തുവെച്ച് ഉഥ്മാനീ നാവികസൈന്യവും വെനിഷ്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഉഥ്മാനികള്‍ പരാജയപ്പെടുകയും അവരുടെ നാവികസേനക്ക് സാരമായ നാശമേല്‍ക്കുകയും ചെയ്തു. എങ്കിലും സുല്‍ത്വാന്‍ വെനീസുമായുള്ള സന്ധി പുതുക്കി. 1419-ല്‍ ഉഥ്മാനീ സൈന്യം ഡാന്യൂബ് നദി മുറിച്ചുകടന്ന് വലാച്ചിയ കീഴടക്കി.
ആഭ്യന്തര രംഗത്ത് ഈ കാലയളവില്‍ രണ്ട് പ്രശ്നങ്ങളാണ് അദ്ദേഹം നേരിട്ടത്. ഒന്നാമത്തേത് ജൂതന്മാരുടെ ഗൂഢ ശ്രമങ്ങളായിരുന്നു. ബദ്റുദ്ദീന്‍ എന്ന പേരുള്ള ഒരാള്‍ മുര്‍തദ്ദായി. ഇദ്ദേഹം നേരത്തെ ഒരു ജൂതനായിരുന്നു. പിന്നീട് ഇസ്ലാം സ്വീകരിച്ചെങ്കിലും വെറും ബാഹ്യപ്രകടനം മാത്രമായിരുന്നു അത്. മുര്‍തദ്ദായിത്തീര്‍ന്ന ബദ്റുദ്ദീന്‍ മറ്റൊരു ജൂതനുമായിച്ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ജൂത ആശയങ്ങള്‍ പ്രചരിപ്പിച്ചു. ക്രിസ്ത്യാനികളില്‍നിന്നും മുസ്ലിംകളില്‍നിന്നും ധാരാളം പേരെ ഇവര്‍ക്ക് അനുയായികളായി ലഭിച്ചു. എന്നാല്‍ ഈ ശ്രമങ്ങളെ സുല്‍ത്വാന്‍ അടിച്ചമര്‍ത്തി. അങ്കാറായുദ്ധത്തില്‍ തിമൂറില്‍നിന്നു രക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത സുല്‍ത്വാന്റെ സഹോദരന്‍ മുസ്ത്വഫാ ഭരണാധികാരം ആവശ്യപ്പെട്ട് തിരിച്ചെത്തിയതായിരുന്നു രണ്ടാമത്തെ സംഭവം. ചില സാമന്ത ഭരണാധികാരികള്‍ മുസ്ത്വഫാക്ക് സൈനിക സഹായം നല്‍കി. മുസ്ത്വഫാ ഗാലിപ്പോളിക്കടുത്തുള്ള തെസ്സാലി ആക്രമിച്ചു കീഴടക്കി. സുല്‍ത്വാന്റെ കീഴില്‍ ഉഥ്മാനീ സൈന്യം സലോനിക്കയില്‍വെച്ച് മുസ്ത്വഫായെ നേരിട്ടു. പരാജയപ്പെട്ട മുസ്ത്വഫാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അഭയം തേടി. ബൈസാന്തിയന്‍ ചക്രവര്‍ത്തി മുസ്ത്വഫായെ സുല്‍ത്വാന് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അതിന് പകരം അയാളെ ബന്ധിയായി സൂക്ഷിച്ചുകൊള്ളാമെന്ന് സുല്‍ത്വാനോട് കരാര്‍ ചെയ്തു. അതിന് പകരമായി സുല്‍ത്വാന്‍ നിശ്ചിത തുക ചക്രവര്‍ത്തിക്ക് മാസാന്തം അയച്ചുകൊടുത്തു.
മക്ക8യിലെ അമീറിന് നിശ്ചിത തുക വര്‍ഷാന്തം അയച്ചുകൊടുക്കുന്ന സമ്പ്രദായം സുല്‍ത്വാന്‍ മുഹമ്മദ് ആരംഭിച്ചു. സാഹിത്യ സംരക്ഷകനായ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഉഥ്മാനികളില്‍ സാഹിത്യാഭിരുചിക്ക് തുടക്കം കുറിക്കപ്പെട്ടത്. തുര്‍കി ചരിത്രത്തില്‍ ചിലീപി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ബറൂസ8 പള്ളിയിലെ ഇമാം സുലൈമാന്‍ ചിലീപി (മ. 825/1423) തന്റെ അനശ്വരമായ മൌലിദ് ഗാനം ഇദ്ദേഹത്തിന്റെ കാലത്താണ് രചിച്ചത്. 824/1421ല്‍ മുഹമ്മദ് ഒന്നാമന്‍ അന്തരിക്കുകയും പുത്രന്‍ മുറാദ് രണ്ടാമന്‍ അധികാരമേറ്റെടുക്കുകയും ചെയ്തു.
മുറാദ് രണ്ടാമന്‍ തന്റെ ഭരണം ആരംഭിച്ചത് ഖിര്‍മാന്‍ ഭരണാധികാരിയുമായി സന്ധിചെയ്തികൊണ്ടാണ്. ഹംഗറിയുമായി അഞ്ചു വര്‍ഷത്തേക്ക് സമാധാനക്കരാര്‍ നിലവില്‍വന്നു. ഏഷ്യാമൈനറില്‍ വിഘടിച്ചു നിന്നിരുന്ന പ്രദേശങ്ങളെ പിടിച്ചെടുക്കാന്‍ പറ്റിയ അവസരം സൃഷ്ടിക്കാനായിരുന്നു മുറാദ് രണ്ടാമന്‍ കരാറുകളില്‍ ഏര്‍പ്പെട്ടത്. ഈ അവസരത്തില്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തി ഇമ്മാനുവല്‍ രണ്ടാമനും നുരുപാധിക യുദ്ധമില്ലാകരാര്‍ ഒപ്പ്വയ്ക്കാന്‍ സുല്‍ത്വാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, പ്രസ്തുത കരാര്‍ നടപ്പാക്കുമെന്നതിന് ഉറപ്പ് ലഭിക്കാന്‍ സുല്‍ത്വാന്റെ രണ്ടു സഹോദരന്‍മാരെ ബന്ദിയായി നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. തന്റെ കീഴില്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന മുറാദിന്റെ പിതൃസഹോദരന്‍ മുസ്ത്വഫയെ മോചിപ്പിക്കുമെന്ന് ഇമ്മാനുവല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ആവശ്യങ്ങള്‍ക്ക് മുറാദ് രണ്ടാമന്‍ അനുകൂലമായി പ്രതികരിക്കാതിരിന്നപ്പോള്‍ ഇമ്മാനുവല്‍ മുസ്ത്വഫായെ ഒരു നാവിക സൈന്യവുമായി ഉഥ്മാനീ സല്‍ത്വനതിനെ ആക്രമിക്കാന്‍ പറഞ്ഞയച്ചു. ഉഥ്മാനീ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ബൈസാന്തിയയില്‍നിന്നും പിടിച്ചെടുക്കപ്പെട്ട പ്രദേശങ്ങളും കോട്ടകളും ചക്രവര്‍ത്തിക്ക് തിരിച്ചുനല്‍കുമെന്നായിരുന്നു മുസ്ത്വഫായും ഇമ്മാനുവല്‍ ചക്രവര്‍ത്തിയും തമ്മിലുള്ള വ്യവസ്ഥ.
മുസ്ത്വഫാ ബൈസാന്തിയന്‍ സൈന്യവുമായി ഗാലിപ്പോളി ഉപരോധിച്ചു, തലസ്ഥാനമായ അദിര്‍8നയിലേക്ക് മുന്നേറി. സുല്‍ത്വാന്‍ മുറാദ് രണ്ടാമന്‍ തന്റെ മന്ത്രിയായിരുന്ന ബായസീദ് പാഷയുടെ നേതൃത്വത്തില്‍ മുസ്ത്വഫായെ നേരിടാന്‍ സൈന്യത്തെ നിയോഗിച്ചു. എന്നാല്‍ മുസ്ത്വഫാ ഉഥ്മാനീ സൈന്യത്തോട് താനാണ് സുല്‍ത്വാന്‍ പദവിക്ക് മുറാദിനേക്കാള്‍ അര്‍ഹനെന്നും അതിനാല്‍ തന്നെ അനുസരിക്കണമെന്നും ആവശ്യപ്പെട്ടു. ഉഥ്മാനീ സൈന്യം മുസ്ത്വഫാക്ക് വഴങ്ങുക മാത്രമല്ല തങ്ങളുടെ സൈന്യാധിപന്‍ ബായസീദ് പാഷായെ വധിക്കുകയും ചെയ്തു. സൈന്യവുമായി മുറാദിനെ നേരിടാന്‍ മുസ്ത്വഫാ മുന്നേറിയെങ്കിലും യുദ്ധത്തില്‍ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. മുസ്ത്വഫായെ തനിക്കെതിരില്‍ തിരിച്ചുവിട്ട ബൈസാന്തിയന്‍ ചക്രവര്‍ത്തിക്കെതിരെ പ്രതികാരം ചെയ്യാന്‍ സുല്‍ത്വാന്‍ മുറാദ് തീര്‍ച്ചപ്പെടുത്തി. തെര
ഞ്ഞെടുക്കപ്പെട്ട 20,000 പടയാളികളുമായി അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിക്കുകയും ശക്തമായ ആക്രമണം നടത്തുകയും ചെയ്തു. എന്നാല്‍ ഏഷ്യാമൈനറില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചതിനാല്‍ ഉപരോധം അവസാനിപ്പിക്കേണ്ടിവന്നു.
മുറാദിന്റെ ഇളയ സഹോദരന്‍ മുസ്ത്വഫാ ഏതാനും സാമന്ത ഭരണാധികാരികളുടെ പിന്തുണയോടെ സുല്‍ത്വാനെതിരില്‍ സംഘടിപ്പിച്ച കലാപമാണ് ഏഷ്യാമൈനറിലെ പുതിയ കുഴപ്പങ്ങള്‍ക്ക് കാരണം. സുല്‍ത്വാന്‍ കലാപം അടിച്ചമര്‍ത്തുകയും സഹോദരനെ വധിക്കുകയും ചെയ്തു. തുടര്‍ന്ന് തിമൂറിന്റെ ആക്രമണത്തിന് ശേഷം സ്വാതന്ത്യ്രം നേടിയിരുന്ന ഏഷ്യാമൈനറിലെ ഗര്‍മിയാന്‍, ഖസ്ത്മുനി, സന്‍ത്ശ, സ്വാറൂഖാന്‍, ഹുമൈദ് തുടങ്ങിയ പ്രദേശങ്ങള്‍ക്കൊണ്ട് തന്റെ മേല്‍ക്കൊയ്മ അദ്ദേഹം വീണ്ടും അംഗീകരിപ്പിച്ചു. യൂറോപ്പില്‍ ഡാന്യൂബ് നദിയുടെ വലതുകരയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ലഭിച്ചു. പ്രസ്തുത നദി ഉഥ്മാനീ സല്‍ത്വനതിനും ഹംഗറിക്കുമുടയിലുള്ള അതിര്‍ത്തിയായി അംഗീകരിക്കപ്പെട്ടു. ഉഥ്മാനുകള്‍ക്കെതിരില്‍ യുദ്ധം ചെയ്യല്‍ അസാധ്യമെന്ന് മനസ്സിലാക്കിയ സെര്‍ബിയന്‍ ഭരണാധികാരി വാര്‍ഷിക കപ്പം നല്‍കാമെന്നും യുദ്ധസമയത്ത് സൈനിക സഹായം നല്‍കാമെന്നും സമ്മതിച്ചു. തന്റെ പുത്രിയെ സുല്‍ത്വാന്‍ മുറാദിന് വിവാഹം ചെയ്തുകൊടുത്തു. ഹംഗറി രാജാവുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്തു. 1430-ല്‍ ഉഥ്മാനീ സൈന്യം യൂറോപ്പില്‍ സാലോനിക്കയും അല്‍ബേനിയയും കീഴടക്കി.
ഹംഗറിയുടെ പ്രേരണയോടെ വലാച്ചിയന്‍ ഭരണാധികാരി ഡ്രാക്കൂളും സെര്‍ബിയന്‍ രാജാവും ഉഥ്മാനികള്‍ക്കെതിരില്‍ കലാപം നടത്തി. സുല്‍ത്വാന്‍ രണ്ടുപേരെയും കീഴ്പ്പെടുത്തുകയും ഹംഗറിയുടെ ചില പ്രദേശങ്ങള്‍ ജയിച്ചടക്കുകയും ചെയ്തു. സെര്‍ബിയന്‍ രാജാവ് വീണ്ടും ധിക്കാരം കാണിച്ചപ്പോള്‍ സെര്‍ബിയന്‍ തലസ്ഥാനമായ ബല്‍ഗ്രേഡിനടുത്തുള്ള സമന്തരിയ പട്ടണം ഉഥ്മാനികള്‍ കീഴടക്കി. ജോര്‍ജ് ഹംഗറിയില്‍ അഭയം തേടി. ബല്‍ഗ്രേഡ് ഉപരോധിച്ചെങ്കിലും സെര്‍ബിയന്‍ സൈന്യത്തിന്റെ പ്രതിരോധം കാരണം ഉഥ്മാനികള്‍ക്ക് പിന്തിരിയേണ്ടിവന്നു. ഇതേത്തുടര്‍ന്ന് ഉഥ്മാനീ പടയോട്ടം ട്രാന്‍സില്‍വാനിയായിലേക്ക് തിരിച്ചുവിട്ടു. ഹംഗറീ രാജാവിന്റെ കീഴിലായുരുന്ന ഹെര്‍മന്‍ സ്റ്റഡ് ഉപരോധിച്ചു. ഈ പ്രദേശത്തെ ഭരണാധികാരി ഹംഗറീ സൈന്യത്തിന്റെ സര്‍വസൈന്യാധിപനായിരുന്ന ഹുന്‍യാഡിയായിരുന്നു. ഇദ്ദേഹവും സൈന്യവും ഉഥ്മാനികളെ പരാജയപ്പെടുത്തി. സൈന്യാധിപന്മാരടക്കം 20,000 ഉഥ്മാനീ ഭടന്മാര്‍ കൊല്ലപ്പെട്ടു. അവശേഷിച്ചവര്‍ ഡാന്യൂബ് നദിക്കരയിലേക്ക് പിന്‍വാങ്ങി. പരാജയവാര്‍ത്തയറിഞ്ഞ സുല്‍ത്വാന്‍ ശിഹാബുദ്ദീന്‍ പാഷയുടെ നേതൃത്വത്തില്‍ 80,000 പടയാളികളുള്ള ഒരു സൈന്യത്തെ അയച്ചുകൊടുത്തു. എന്നാല്‍ ഈ സൈന്യത്തെയും ഹംഗറിയന്‍ സൈന്യം പരാജയപ്പെടുത്തി. മാത്രമല്ല, സെര്‍ബിയയിലെ നേശ് പട്ടണത്തില്‍വെച്ച് സുല്‍ത്വാന്‍ മുറാദ് നേതൃത്വം കൊടുത്തിരുന്ന മറ്റൊരു ഉഥ്മാനീ സൈന്യവും ഹംഗറിയോട് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹംഗറിയുമായി ഉഥ്മാനികള്‍ക്ക് സന്ധിചെയ്യേണ്ടിവന്നു. ഇതു പ്രകാരം വലാച്ചിയ, സമന്തരിയ എന്നീ പ്രദേശങ്ങളില്‍നിന്ന് ഉഥ്മാനികള്‍ പിന്‍വാങ്ങി. അതിപോലെ ഹംഗറിയുമായി 10 വര്‍ഷത്തേക്കുള്ള സമാധാന കരാറില്‍ ഒപ്പിട്ടു. തുടര്‍ച്ചയായ പരാജയങ്ങളും മൂത്തമകന്‍ അലാഉദ്ദീന്റെ മരണവും കാരണം സുല്‍ത്വാന്‍ മുറാദ് ഭരണം പുത്രന്‍ മുഹമ്മദിനെ ഏല്‍പ്പിച്ച്, വുശ്രമ ജീവിതത്തിനായി ഏഷ്യാമൈനറിലേക്ക് തിരിച്ചു.
മുറാദ് അധികാരത്തില്‍നിന്ന് ഒഴിഞ്ഞ ഈ അവസരം ഉപയോഗപ്പെടുത്തി ഉഥ്മാനികളെ ആക്രമിക്കാന്‍ പോപ്പിന്റെ പ്രതിനിധി കര്‍ദിനാള്‍ സീസാറീനി ഹംഗറി രാജാവ് വ്ളാഡിസ്ളാവിനേയും സൈന്യാധിപന്‍ ഹുന്‍യാസിയെയും പ്രേരിപ്പിച്ചു. മുസ്ലിംകളോട് നേരത്തെ ചെയ്ത സമാധാന കരാര്‍ ലംഘിക്കുന്നത് തെറ്റല്ലെന്നും കര്‍ദിനാള്‍ അവരെ ധരിപ്പിച്ചു. ഹംഗറി സൈന്യം ഡാന്യൂബ് കടന്നു വാര്‍ന പട്ടണത്തിലെത്തി. ഉഥ്മാനികളുടെ കാവല്‍ സൈന്യത്തെ തുരത്തി മുസ്ലിംകളെ കൂട്ടക്കൊല ചെയ്തു. ഇതേത്തുടര്‍ന്ന് സുല്‍ത്വാനോട് വീണ്ടും അധികാരത്തില്‍ തിരിച്ചുവന്ന് ഹംഗറിക്കെതിരായുള്ള യുദ്ധത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ സല്‍ത്വനതിലെ പ്രധാനികള്‍ ആവശ്യപ്പെട്ടു. സുല്‍ത്വാന്‍ സൈന്യവുമായിവന്ന് വഞ്ചകരായ ഹംഗറിയെ നേരിട്ടു. ഹംഗറി രാജാവും അദ്ദേഹത്തിനു പ്രേരണ നല്‍കിയ കര്‍ദിനാളും വധിക്കപ്പെട്ടു. അവരുടെ സൈനിക കേന്ദ്രങ്ങളെല്ലാം അതീനപ്പെടുത്തി. 1444-ലായിരുന്നു ഈ വിജയം.
ഇതിനുശേഷം സുല്‍ത്വാന്‍ അധികാരത്തില്‍നിന്നു വിട്ടുനിന്നെങ്കിലും യനിച്ചിരി സൈന്യം കലാപം സൃഷ്ടിച്ചതിനാല്‍ വീണ്ടും അധികാരമേറ്റെടുത്തു. ഉഥ്മാനീ സൈന്യം സുല്‍ത്വാന്റെ പുത്രന്‍ മുഹമ്മദിനെ ധിക്കരിക്കുകയും അദിര്‍8ന പട്ടണം കൊള്ളയടിക്കുകയും ചെയ്തു. സുല്‍ത്വാന്‍ ഈ സൈനിക കലാപം അമര്‍ച്ചചെയ്തു. സൈന്യം വീണ്ടും കലാപം സൃഷ്ടിക്കാതിരിക്കാന്‍ അവരെ ഗ്രീസുമായി യുദ്ധം ചെയ്യാന്‍ പറഞ്ഞയച്ചു. മൂരിയായിലെ ചക്രവര്‍ത്തി ഉഥ്മാനീ സൈന്യത്തെ തടഞ്ഞുനിര്‍ത്താന്‍ കൊറിന്ത് എന്ന സ്ഥല്ത്ത് കോട്ട പണിതു. എന്നാല്‍ ഉഥ്്മാനീ സൈന്യം പീരങ്കി ഉപയോഗിച്ച് കോട്ട തകര്‍ക്കുകയും കൊറിന്ത് പട്ടണം കീഴടക്കുകയും ചെയ്തു. ഇതാണ് ഉഥ്മാനികള്‍ ആദ്യമായി പീരങ്കി ഉപയോഗിച്ച സന്ദര്‍ഭമെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മൂരിയ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള പടയോട്ടം നടക്കുന്നതിനിടയില്‍ അല്‍ബേനിയയില്‍ ഇസ്കന്ദര്‍ ബേഗിന്റെ നേതൃത്വത്തില്‍ കലാപം രൂപംകൊണ്ടതിനാല്‍ പ്രസ്തുത ഉദ്യമം ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും അവര്‍ വാര്‍ഷിക കപ്പം നല്‍കാന്‍ നിര്‍ബന്ധിതരായി.
മുറാദിന്റെ അവസാനകാലത്ത് യൂറോപ്പിലെ ക്രൈസ്തവര്‍ ഒരു സംയുക്ത സൈന്യത്തെ രൂപീകരിച്ച് ഉഥ്മാനികളെ നേരിട്ടു. കൊസോവോയില്‍ നടന്ന ഈ യുദ്ധത്തില്‍ വിജയം ഉഥ്മാനികള്‍ക്ക് തന്നെയായിരുന്നു. 1488-ല്‍ നടന്ന ഈ യുദ്ധത്തോടെ ഉഥ്മാനികള്‍ യൂറോപ്പില്‍ അജയ്യ ശക്തിയായി മാറി. സെര്‍ബിയയും ബോസ്നിയയും പൂര്‍ണമായും സുല്‍ത്വാന്റെ മേധാവിത്വം അംഗീകരിച്ചു. എങ്കിലും അല്‍ബേനിയയില്‍ ഇസ്കന്ദര്‍ ബേഗ് ഉയര്‍ത്തിവിട്ട കലാപം പൂര്‍ണമായും നുയന്ത്രിക്കാന്‍ സുല്‍ത്വാനായില്ല. കലാപക്കാര്‍ക്കെതിരെ സൈനിക സജ്ജീകരണം നടത്തുന്നതിനിടയില്‍ സുല്‍ത്വാന്‍ മുറാദ് അന്തരിച്ചു. അനന്തരം 855/1451-ല്‍ പുത്രന്‍ മുഹമ്മദ് രണ്ടാമന്‍ ഉഥ്മാനീ സുല്‍ത്വാനായി അധികാരമേറ്റെടുത്തു.

(അവലംബം: ഇസ്ലാമിക വിജ്ഞാനകോശം. വാള്യം. 6 പേജ്: 377)

2. ഭരണചരിത്രം- عثمانية خلافة islamic history


ഉഥ്മാനീ സല്‍ത്വനത്തിന്റെ ഭരണചരിത്രത്തെ പ്രധാനമായും അഞ്ചു ഘട്ടങ്ങളായി തിരിക്കാം. ആദ്യഘട്ടത്തില്‍ (687/1288-804/1402) സല്‍ത്വനത്തിന്റെ സംസ്ഥാപനവും അതിന്റെ പ്രാഥമിക വികാസവുമാണ് നടക്കുന്നത്. മംഗോളുകളുടെ ആക്രമണത്തില്‍ സല്‍ത്വനത്ത് താല്‍ക്കാലികമായി ശിഥിലമാകുന്നതോടെ ഈ ഘട്ടം അവസാനിക്കുന്നു. ഈ കാലഘട്ടത്തിലെ ഭരണാധികാരികള്‍ താഴെ പറയുന്നവരാണ്:
ഉഥ്മാന്‍ ഖാന്‍ (687/1288 726/1326)
ഊര്‍ ഖാന്‍ (726/1326 760/1359)
മുറാദ് ഒന്നാമന്‍ (760/1359 791/1389)
ബായസീദാ ഒന്നാമന്‍ (791/1389 804/1402)
മംഗോള്‍ ആക്രമണവും ബായസീദ് ഒന്നാമന്റെ മരണവും കാരണം 1402 മുതല്‍ 1412 വരെയുള്ള 10 വര്‍ഷക്കാലം സല്‍ത്വനത്തില്‍ അരാജകത്വം നിലനിന്നു. ബായസീദിന്റെ പുത്രന്മാര്‍ക്കിടയിലെ അധികാര വടംവലിയും യുദ്ധവുമായിരുന്നു ഈ കാലയളവ് മുഴുവന്‍.
രണ്ടാമത്തെ ഘട്ടത്തില്‍ (813/1412 973/1566) സല്‍ത്വനത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. അത് കൂടുതല്‍ ശക്തവും വിസ്തൃതവുമായി യൂറോപ്പില്‍ വിയന്ന വരെ ജയിച്ചടക്കി. ഇതിനെ സല്‍ത്വനതിന്റെ ശക്തിയുടെ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നു. ഈ ഘട്ടത്തിലെ ഭരണാധികാരികള്‍:
മുഹമ്മദ് ഒന്നാമന്‍ (813/1412 824/1421)
മുറാദ് രണ്ടാമന്‍ (824/1421 855/1451)
മുഹമ്മദ് രണ്ടാമന്‍ (855/1451 886/1481)
ബായസീദ് രണ്ടാമന്‍ (886/1481 918/1512)
സലീം ഒന്നാമന്‍ (926/1512 926/1520)
സുലൈമാന്‍ അല്‍ഖാനൂനി (926/1520 973/1566)
മൂന്നാമത്തെ ഘട്ടത്തില്‍ (973/1566 1115/1703) ഉഥ്മാനികളുടെ സാമ്രാജ്യ വികസനം നിലച്ചു. എങ്കിലും തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞു. യൂറോപ്പില്‍ അവര്‍ക്ക് ഹംഗറി നഷ്ടപ്പെട്ടതോടെ ഈ ഘട്ടം അവസാനിക്കുന്നു.
ഈ ഘട്ടത്തിലെ ഭരണാധികാരികള്‍
സലീം രണ്ടാമന്‍ (973/1566 982/1574)
മുറാദ് ഒന്നാമന്‍ (982/1574 1003/1595)
മുഹമ്മദ് മൂന്നാമന്‍ (1003/1595 1012/1604)
അഹ്മദ് ഒന്നാമന്‍ (1012/1604 1026/1617)
മുസ്ത്വഫാ ഒന്നാമന്‍ (1026/1617 1027/1618)
ഉഥ്മാന്‍ രണ്ടാമന്‍ (1027/1618 1031/1622)
മുസ്ത്വഫാ ഒന്നാമന്‍ (വീണ്ടും) (1031/1622 1032/1623)
മുറാദ് നാലാമന്‍ (1032/1623 1049/1640)
ഇബ്റാഹീം ഒന്നാമന്‍ (1049/1640 1058/1648)
മുഹമ്മദ് നാലാമന്‍ (1058/1648 1099/1687)
സുലൈമാന്‍ രണ്ടാമന്‍ (1099/1687 1102/1691)
അഹ്്മദ് രണ്ടാമന്‍ (1102/1691 1106/1695)
മുസ്ത്വഫാ രണ്ടാമന്‍ (1106/1669 1115/1703)
നാലാമത്തെ ഘട്ടത്തില്‍ (1115/1703 1255/1839) സാമ്രാജ്യം കൂടുതല്‍ ദുര്‍ബലമായി. പല പ്രവശ്യാ ഭരണാധികാരികളും സാമന്തരാജാക്കന്മാരും ശക്തരാവുകയും വിഘടിച്ചുപോവികയും ചെയ്തു. ഈ ഘട്ടത്തിലെ ഭരണാധികാരികള്‍ താഴെ പറയുന്നു.
അഹ്മദ് മൂന്നാമന്‍ (1115/1703 1143/1730)
മഹ്മൂദ് ഒന്നാമന്‍ (1143/1730 1168/1754)
ഉഥ്മാന്‍ മൂന്നാമന്‍ (1168/1754 1171/1757)
മുസ്ത്വഫാ മൂന്നാമന്‍ (1171/1757 1187/1774)
അബ്ദുല്‍ ഹമീദ് ഒന്നാമന്‍ (1187/1774 1203/1789)
സലീം മൂന്നാമന്‍ (1203/1789 1221/1807)
മുസ്ത്വഫാ നാലാമന്‍ (1221/1807 1223/1808)
മഹ്മൂദ് രണ്ടാമന്‍ (1223/1808 1255/1839)
ഉഥ്മാനീ സല്‍ത്വനത്തിന്റെ അവസാനഘട്ടം പാശ്ചാത്യ മാതൃകയിലുള്ള സാംസ്കാരികവും ഭരണപരവുമായ പരിഷ്കാരങ്ങള്‍കൊണ്ട് ശ്രദ്ധേയമാവുന്നു. ഈ ഘട്ടം തന്‍ളീമാത് യുഗം എന്നപേരില്‍ അറിയപ്പെടുന്നു. ഈ ഘട്ടത്തിലെ ഭരണാധികാരികള്‍:
അബ്ദുല്‍ മജീദ് (1255/1839 1277/1861)
അബ്ദുല്‍ അസീസ് (1277/1839 1293/1876)
മുറാദ് അഞ്ചാമന്‍ (1293/1876)
അബ്ദുല്‍ ഹമീദ് രണ്ടാമന്‍ (1293/1876 1325/1909)
മുഹമ്മദ് അഞ്ചാമന്‍ (1325/1909 1334/1918)
മുഹമ്മദ് ആറാമന്‍ (1334/1918 1338/1922)
അബ്ദുല്‍ മജീദ് രണ്ടാമന്‍ (ക്രി. 1922 1923)
മേല്‍പറഞ്ഞ എല്ലാ സുല്‍ത്വാന്‍മാരും പടയാളി എന്നര്‍ഥം വരുന്ന ഗാസി എന്ന പദം തങ്ങളുടെ പേരിന്റെ കൂടെ ചേര്‍ത്തു പറഞ്ഞിരുന്നു.

ഉഥ്മാനികള്‍ -1) ഉദ്ഭവം بداية الدولة العثمانية


ഉഥ്മാനികള്‍ വംശപരമായി തുര്‍കികളാണ്. ഉഥ്മാന്‍ ഖാന്റെ പിതാവായിരുന്ന ഉര്‍ത്വുഗ്റുല്‍ മധ്യേഷ്യയിലെ ഖുവാരിസ്മ് എന്ന പ്രദേശത്ത് വസിച്ചിരുന്ന ഖായീ എന്ന തിര്‍കി ഗോത്രത്തിലെ അംഗമായിരുന്നു. ഉര്‍ത്വുഗ്റുലിന്റെ പിതാവ് സുലൈമാന്‍ ഷാ(കുന്ദോസ് അല്‍ബ്) ആയിരുന്നു പ്രസ്തുത ഗോത്രത്തിന്റെ തലവന്‍. ബാഗ്ദാദ് തകര്‍ത്ത മംഗോളുകളുടെ ആക്രമണ ഭീഷണി കാരണം സുലൈമാന്‍ ഷാ തന്റെ ഗോത്രവുമായി ഏഷ്യാമൈനറിലേക്ക് യാത്രയായി. വഴിമധ്യേ യൂഫ്രട്ടീസ് നദിയില്‍ അദ്ദേഹം മുങ്ങിമരിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാര്‍ വഴിപിരിഞ്ഞപ്പോള്‍ മൂന്നാമത്തെ പുത്രനായ ഉര്‍തുഗ്റുല്‍ ഖായി ഗോത്രത്തിന്റെ നേതൃത്വമേറ്റെടുത്തു. 400 കുടുംബങ്ങളുള്ള തന്റെ സംഘവുമായി ഏഷ്യാമൈനറിലേക്ക് അദ്ദേഹം യാത്ര തുടര്‍ന്നു. വഴിമധ്യേ അങ്കാറ പട്ടണത്തിനടുത്തെത്തിയപ്പോള്‍ രണ്ട് സൈന്യങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അതില്‍ ഒരു സൈന്യം എണ്ണത്തില്‍ കുറവും ദുര്‍ബലവുമായിരുന്നു. എതിര്‍സൈന്യം അംഗബലമുള്ളതും ശക്തവുമായിരുന്നു. ഉര്‍ത്വുഗ്റുല്‍ തന്റെ കീഴിലുള്ള ചെറിയ അശ്വസേനയുമായി ദുര്‍ബലസൈന്യത്തോടൊപ്പം ചേരുകയും ധീരമായ ഒരു പോരാട്ടത്തിലൂടെ പ്രബല സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ദുര്‍ബല സൈന്യം ഖൂനിയ8യിലെ സല്‍ജൂഖീ സുല്‍ത്വാന്‍ അലാഉദ്ദീന്റെതായിരുന്നു. പ്രബല സൈന്യം മംഗോളുകളുടേതും. പ്രബല സൈന്യം ബൈസാന്തിയന്‍ സൈന്യമായിരുന്നുവെന്ന് ചില ചരിത്രകാരന്മാരും ഖുവാരിസ്മ് ഷായുടെ സൈന്യമായിരുന്നുവെന്ന് വേറെചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. യാസീജമന്‍ എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്. ഉര്‍ത്വുഗ്റുലിന്റെയും സംഘത്തിന്റെയും തക്കസമയത്തുള്ള സഹായം ലഭിച്ചതുകൊണ്ട് മാത്രമാണ് പ്രസ്തുത യുദ്ധത്തില്‍ സുല്‍ത്വാന്‍ അലാഉദ്ദീന് വിജയം നേടാന്‍ കഴിഞ്ഞത്. ഇതിന് പ്രത്യുപകാരമായി അലാഉദ്ദീന്‍ ഉര്‍ത്വുഗ്റിലിനും ഗോത്രത്തിനും, തന്റെ സാമ്രാജ്യത്തിന്റെയും ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെയും ഇടയിലുള്ള പ്രദേശം പതിച്ചു നല്‍കി. യക്കീശഹ്ര്‍, ബിലാജിക്, കോതാഹിയ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2000 ച.കി.മീ. വിസ്തീര്‍ണമുള്ള ഒരു ഭൂവിഭാഗമായിരുന്നു ഇത്. തുടര്‍ന്ന് അയല്‍പ്രദേശങ്ങളിലെ രാജാക്കന്മാര്‍ക്കെതിരെ അലാഉദ്ദീന്‍ നയിച്ച യുദ്ധങ്ങളില്‍ ഉര്‍ത്വുഗ്റുലും സംഘവും പങ്കെടുക്കുകയും പല വിജയങ്ങളും നേടിക്കൊടുക്കുകയും ചെയ്തു. ഓരോ സൈനിക വിജയാനന്തരവും സുല്‍ത്വാന്‍ അദ്ദേഹത്തിന് ഓരോ പ്രദേശം പതിച്ചുനല്‍കിക്കൊണ്ടിരുന്നു.

687/1288-ല്‍ ഉര്‍ത്വുഗ്റുല്‍ അന്തരിച്ചപ്പോള്‍ മൂത്ത പുത്രനായ ഉഥ്മാന്‍ ഖാനെ ഉര്‍ത്വുഗ്റുലിന്റെ പിന്‍ഗാമിയായി നിശ്ചയിച്ചു. പിതാവിനെപ്പോലെ ഉഥ്മാന്‍ ഖാനും സല്‍ജൂഖികളെ സഹായിക്കുന്ന നയം തുടര്‍ന്നു. 699/1300-ല്‍ മംഗോളുകള്‍ ഏഷ്യാമൈനര്‍ ആക്രമിക്കുകയും ഖൂനിയ8യിലെ സല്‍ജൂഖി ഭരണത്തിന് അന്ത്യം കുറിക്കികയും ചെയ്തു. മംഗോളുകളുമായുള്ള യുദ്ധത്തില്‍ സുല്‍ത്വാന്‍ അലാഉദ്ദീനും പുത്രന്‍ ഗിയാഥുദ്ദീനും വധിക്കപ്പെട്ടു. സല്‍ജൂഖീ ഭരണകൂടം തകര്‍ന്നപ്പോള്‍ അതിന്റെ സ്ഥാനത്ത് ധാരാളം ചെറിയ ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. ഉഥ്മാന്‍ ഖാന്‍ ഈ ചെറുഭരണകൂടങ്ങളില്‍ ചിലതിനെ തന്റെ പ്രദേശത്തോട് കൂട്ടിച്ചേര്‍ത്ത് ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചു. യകീശഹ്ര്‍ തന്റെ തലസ്ഥാനമായി തെരഞ്ഞെടുക്കുകയും സല്‍ജൂഖികളുടെ ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക തന്റെ ഭരണകൂടത്തിന്റെ ഔദ്യോഗിക പതാകയായി സ്വീകരിക്കുകയും ചെയ്തു. ഈ ഭരണകൂടമാണ് ഉഥ്മാനീ സാമ്രാജ്യമായി വികസിക്കാനും അറിയപ്പെടാനും തുടങ്ങിയത്.