Category Archives: ഉമവികള്‍ Islamic history

ഉമവീ ഖിലാഫത്തിന്റ പതനം نهاية خلافة العباسية


ഉമവീ കുടുംബത്തിലെ അധികാര മത്സരത്തിനുപുറമെ ഭരണനേതൃത്വം കരസ്ഥമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മറ്റു ചില വിഭാഗങ്ങളുമുണ്ടായിരുന്നു. ഹാശിം കുടുംബത്തിലെ രണ്ടു ശാഖകളായ അലവികളും അബ്ബാസികളുമാണ് അക്കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. നാലാം ഖലീഫ അലി(റ)വിന്റെ പിന്‍ഗാമികളെന്ന നിലക്ക് ഭരണം തങ്ങളുടെ അവകാശമാണെന്ന് കരുതിയവരായിരുന്നു അലവികള്‍. ഉമവീഭരണത്തിന്റെ ആരംഭം മുതലേ അവരിലെ പ്രധാനവ്യക്തികള്‍ രഹസ്യമായി ആളുകളെ തങ്ങളുടെ ഭാഗത്തേക്കാകര്‍ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിവിധ ഉമവീഖലീഫമാര്‍ അവരെ ചിലപ്പോള്‍ അനുനയത്തിലൂടെയും മറ്റു ചിലപ്പോള്‍ ബലം പ്രയോഗിച്ചും അടക്കി നിര്‍ത്തുകയാണ് ചെയ്തിരുന്നത്. എങ്കിലും ഇറാഖ്‏‏‏‏‏പേര്‍ഷ്യന്‍ പ്രദേശങ്ങളിലും യമന്‍‏‏‏‏‏ഈജിപ്ത് തുടങ്ങിയ നാടുകളിലും ജനങ്ങള്‍ക്ക് അവരോടുള്ള അനുഭാവം വ്യാപിച്ചു. ദുര്‍ബലരായ ഉമവീഖലീഫമാര്‍ ഭരണത്തിലേറിയ കാലങ്ങളില്‍ അലവികളുടെ ജനപിന്തുണ ശക്തിപ്പെടുകയും ചെയ്തു. അലവികളുടെ നേതാവായിരുന്ന മുഹമ്മദുല്‍ ബാഖിര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ ശക്തനായ നേതാവില്ലാത്തതിനാല്‍ ഹാശിം കുടുംബത്തിലെ മറ്റൊരു ശാഖയായ അബ്ബാസികളില്‍ പെട്ട മുഹമ്മദ് ബിന്‍ അലിയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രംഗത്തുവന്നത്. അതിനെത്തുടര്‍ന്ന് അബ്ബാസികളും ഖലാഫത്തിനര്‍ഹത അവകാശപ്പെടുകയും അതിനനുകൂലമായി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവന്നു.

അങ്ങനെയിരിക്കെയാണ് മര്‍വാനുബ്നു മുഹമ്മദിന്റെ ഭരണകാലത്ത് പേര്‍ഷ്യന്‍ പ്രദേശമായ ഖുറാസാനിലെ പ്രമുഖനായ അബൂമുസ്ലിമുല്‍ ഖുറാസാനീ അബ്ബാസീ വംശത്തിലെ തലവനായിരുന്ന ഇബ്രാഹീമുബ്നു മുഹമ്മദിനുവേണ്ടി രംഗത്തിറങ്ങിയത്. അബൂമുസ്ലിം സൈന്യവുമായി ഖുറാസാനില്‍ സ്വാധീനമുറപ്പിക്കുകയും സമീപപ്രദേശങ്ങളിലെല്ലാം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

ഇബ്രാഹീമുബ്നു മുഹമ്മദിനെ ഉമവീ ഭരണകൂടം തടവിലാക്കുകയും തന്റെ അന്ത്യം അടുത്തു എന്ന് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം സഹോദരനായ അബുല്‍അബ്ബാസിനെ കുടുംബത്തിലെ അടുത്തനേതാവായി നിശ്ചയിച്ചു. അബുല്‍ അബ്ബാസ് കൂഫയിലെ ഗവര്‍ണറെ സ്ഥാനഭ്രഷ്ടനാക്കി അവിടെ അധികാരം ഉറപ്പിച്ചു. കടുത്ത പക്ഷപാതിയും ക്രൂരനുമായിരുന്നെങ്കിലും സമര്‍ഥനായ സംഘാടകനായിരുന്ന അബൂമുസ്ലിമുല്‍ ഖുറാസാനി ‘മാവറാഅന്നഹ്റും’ പേര്‍ഷ്യന്‍ ഭൂപ്രദേശങ്ങളധികവും ഇറാഖും കീഴടക്കി. സാബ് നദീ തീരത്തുവെച്ച് മര്‍വാനുബ്നുമുഹമ്മദിന്റെ സേനയെ നേരിട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട മര്‍വാന്‍ പിന്തിരിഞ്ഞോടിയെങ്കിലും വധിക്കപ്പെട്ടു. ഉമവികളുടെ ആസ്ഥാനം ദമസ്കസ് സേന കയ്യടക്കി. ഇതോടെ ഹി. 132 ല്‍ ഉമവീ ഭരണത്തിന് അന്ത്യം കുറിക്കുകയും ബനൂഹാശിമിന്റെ ഒരു ശാഖയായ അബ്ബാസികളുടെ ഭരണം നിലവില്‍ വരുകയും ചെയ്തു.

മര്‍വാനുബ്നു മുഹമ്മദ്


(ഹി. 127 ‏‏‏‏‏ 132)

ഉമവീ വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു മര്‍വാനുബ്നു മുഹമ്മദ്. സമര്‍ഥനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. അങ്ങേയറ്റം ശിഥിലമായിക്കഴിഞ്ഞ ആഭ്യന്തര രംഗം ഭദ്രമാക്കുവാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വിജയിച്ചില്ല. രാജകുടുംബത്തിനുള്ളിലെ അധികാര വടംവലി ഒരുഭാഗത്ത്. മറുഭാഗത്ത് ഉമവികളും ഹാശിംകുടുംബവും രണ്ടു ചേരികളായിത്തിരിഞ്ഞ് പോരാടുന്നു. രാജ്യം കലാപകലുഷിതമായിരുന്നു. ഇസ്ലാം തുടച്ചു നീക്കിയ ഗോത്രവര്‍ഗ ഭിന്നതകള്‍ ശക്തിപ്പെട്ടു വന്നു. രാഷ്ട്രത്തിന്റെ ശക്തി ക്ഷയിക്കാന്‍ ഇത് കാരണമായി. ഉമവീ കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം ദമസ്കസ് ആയിരുന്നു. ഇവിടം രാജകുടുംബത്തിന്റെ കലാപഭൂമിയായി മാറിയതിനാല്‍ മര്‍വാനെ അനുകൂലിക്കുന്നവര്‍ കൂടുതലുള്ള ഹര്‍റാനിലേക്ക് തലസ്ഥാനം മാറ്റി. ദമസ്കസുകാര്‍ ഒന്നടങ്കം മര്‍വാനെതിരെ തിരിയാന്‍ ഇതു കാരണമായി.

വലീദ് രണ്ടാമന്‍

വലീദ് രണ്ടാമന്‍
ഹിശാമിന്റെ പിന്‍ഗാമിയായി അധികാരമേറ്റത് വലീദ് രണ്ടാമനായിരുന്നു. അബ്ദുല്‍ മലികിന്റെ പുത്രന്‍ യസീദായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ദുര്‍ബലനും സുഖലോലുപനുമായിരുന്നു വലീദ് രണ്ടാമന്‍. അദ്ദേഹത്തിന്റെ ഭരണത്തില്‍ സഹികെട്ട ജനങ്ങള്‍ കൊട്ടാരത്തില്‍ കടന്ന് വലീദിനെ വകവരുത്തി. എതിരാളികള്‍ അദ്ദേഹത്തിന്റെ കഥ കഴിക്കാനായി കൊട്ടാരത്തിലെത്തിയപ്പോള്‍ കതകടച്ച് മുസ്ഹഫ് എടുത്ത് പാരായണം ചെയ്തുകൊണ്ട് വലീദ് പറഞ്ഞു: ‘ഉസ്മാനെപ്പോലെ ഞാനും ഖുര്‍ആന്‍ പാരായണത്തിനിടയില്‍ വധിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം.’

വലീദ് രണ്ടാമനുശേഷം പുത്രന്‍ യസീദ് മൂന്നാമന്‍ ഭരണം ഏറ്റെടുത്തു. കുത്തഴിഞ്ഞു താറുമാറായിക്കൊണ്ടിരുന്ന ഭരണരംഗം ഇസ്ലാമികവത്കരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, ഭരണം ഉറപ്പിക്കാനദ്ദേഹത്തിനുകഴിഞ്ഞില്ല. അധികാരത്തിനായി മത്സരിച്ചുകൊണ്ട് പലരും രംഗത്തുവന്നു. ആറുമാസം കഴിഞ്ഞപ്പോഴേക്കും യസീദ് മരണമടഞ്ഞു.

യസീദിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീമുബ്നു വലീദ് അധികാരമേറ്റു. രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ അധികാരത്തിനുവേണ്ടി കിടമത്സരവും ആഭ്യന്തര കലഹവും ശക്തിയായി. നാലുമാസം നീണ്ടുനിന്ന ഇബ്രാഹീമിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അബ്ദുല്‍ മലികിന്റെ പൌത്രന്‍ മര്‍വാനുബ്നു മുഹമ്മദ് അധികാരം പിടിച്ചെടുത്തു.

യസീദുബ്നു അബ്ദില്‍മലിക് يزيد بن عبد الملك

ഉമറുബ്നു അബ്ദില്‍ അസീസിനുശേഷം യസീദ് രണ്ടാമന്‍ അധികാരമേറ്റെടുത്തു. തന്റെ സഹോദരന്‍ യസീദായിരിക്കണം ഖിലാഫത്ത് ഏറ്റെടുക്കേണ്ടതെന്ന് സുലൈമാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.

അധികാരം ഏറ്റെടുത്ത ഉടനെ അദ്ദേഹം ഉമറുബ്നു അബ്ദില്‍ അസീസിന്റെ സദ്പാത പിന്‍പറ്റുവാന്‍ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. പക്ഷേ, വിനോദപ്രിയനായ യസീദിന് മുന്‍ഗാമികളുടെ സദ്ഗുണങ്ങളോ സിദ്ധിവിശേഷങ്ങളോ ഇല്ലായിരുന്നു. സുഖലോലുപനായ യസീദ് ഭരണരംഗത്ത് ശോഭിച്ചില്ല. നാല് കൊല്ലവും നാല് മാസവും ഭരണം നടത്തിയ ഇദ്ദേഹം ഉമവി കാലഘട്ടത്തിലെ ഏറ്റവും ദുര്‍ബലനായ ഭരണാധികാരിയായിരുന്നു

ഉമറുബ്നു അബ്ദില്‍ അസീസ് عمربن عبد العزيز Islamic history – razak


(ഹി. 99 ‏‏‏‏‏ 101, ക്രി. 717 ‏‏‏‏‏ 719)

അബ്ദുല്‍മലികിന്റെ സഹോദരനും ഈജിപ്ത് ഗവര്‍ണറുമായിരുന്ന അബ്ദുല്‍അസീസുബ്നു മര്‍വാന്റെ മകനായിരുന്നു ഉമര്‍. ഉമര്‍ഫാറൂഖിന്റെ പൌത്രിയായിരുന്നു ഇദ്ദേഹത്തിന്റെ മാതാവ്. ഹി. 62 ല്‍ ഉമര്‍ ജനിച്ചു. ജീവിത വിശുദ്ധിയിലും അധികാരവിനിയോഗത്തിലും ഫാറൂഖിന്റെ മഹത്തായ പാരമ്പര്യം ഇദ്ദേഹം പിന്തുടര്‍ന്നതിനാല്‍ ‘ഉമര്‍ രണ്ടാമന്‍’ എന്ന പേരില്‍ വിഖ്യാതനായി. പിതാവിന്റെ ആദര്‍ശനിഷ്ഠയും പാണ്ഡിത്യവും ഭരണ നിപുണതയും അടുത്തറിഞ്ഞു വളര്‍ന്ന ഉമറിന് ചെറുപ്പം മുതല്‍ ന•യോട് അടങ്ങാത്ത ആഭിമുഖ്യമായിരുന്നു. പണ്ഡിതന്മാരുടെയും സാഹിത്യകാരന്മാരുടെയും മറ്റു മഹത്തുക്കളുടെയും സമ്മേളനമായിരുന്ന പിതാവിന്റെ സഭയുമായുള്ള അടുത്ത ബന്ധവും അവരുടെ ശിക്ഷണവും ചെറുപ്പം മുതല്‍ത്തന്നെ സ്വഭാവമഹിമയുടെ ഉറവിടമാകാന്‍ ഉമറിനെ സഹായിച്ചു. ചെറുപ്പത്തില്‍ത്തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഉമര്‍ മദീനയില്‍ പ്രഗത്ഭപണ്ഡിതന്മാരില്‍നിന്ന് ഫിഖ്ഹും ഹദീസും പഠിച്ചു. കവിയും സാഹിത്യകാരനുമായിരുന്നു ഉമര്‍.

വലീദിന്റെ ഭരണകാലത്ത് 7 വര്‍ഷം അദ്ദേഹം മദീനയില്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. നീതിനിഷ്ഠമായ ഭരണം അക്കാലത്ത് അദ്ദേഹം കാഴ്ചവെക്കുകയുണ്ടായി. മസ്ജിദുന്നബവിയുടെ വിപുലീകരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

സുലൈമാനുബ്നു അബ്ദില്‍ മലിക് തന്റെ പിന്‍ഗാമിയായി ഉമറുബ്നു അബ്ദുല്‍ അസീസിനെ നിശ്ചയിച്ചതായി വസ്വിയത്ത് എഴുതിവെച്ചുകൊണ്ടാണ് മരണമടഞ്ഞത്. പക്ഷേ, ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത ഖിലാഫത്ത് ഏറ്റെടുക്കുവാന്‍ ഉമര്‍ തയ്യാറായില്ല. അദ്ദേഹം ഇപ്രകാരം പറഞ്ഞു:

‘ജനങ്ങളേ, എന്റെയോ മുസ്ലിംസമൂഹത്തിന്റെയോ അഭിപ്രായം ആരായാതെ ഖിലാഫത്തിന്റെ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഞാനിതാ ഖിലാഫത്ത് ഒഴിയുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതാരെയാണോ അയാളെ ഖലീഫയായി തിരഞ്ഞെടുത്തുകൊള്ളുക.’

ജനങ്ങള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തെത്തന്നെ ഖലീഫയായി തിരഞ്ഞെടുക്കുകയാണുണ്ടായത്. ജനങ്ങള്‍ ഏകകണ്ഠമായി ബൈഅത്തു ചെയ്യാന്‍ സന്നദ്ധരായതോടുകൂടി അദ്ദേഹം അതിനു വഴങ്ങുകയും ഖിലാഫത്ത് ഏറ്റെടുക്കുകയും ചെയ്തു. ഖിലാഫത്ത് ഏറ്റെടുത്തതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ നയപ്രഖ്യാപനം നടത്തി. അത് ഇപ്രകാരമായിരുന്നു.

‘ജനങ്ങളേ, ഖുര്‍ആനിനുശേഷം മറ്റൊരു വേദമില്ല. മുഹമ്മദ്(സ)നു ശേഷം മറ്റൊരു ദൂതനുമില്ല. അല്ലാഹു അനുവദനീയമാക്കിയതെല്ലാം അന്ത്യനാള്‍ വരെ അനുവദനീയം തന്നെ. അവന്‍ നിഷിദ്ധമാക്കിയതെല്ലാം അന്ത്യനാള്‍ വരെ നിഷിദ്ധവും. ഞാന്‍ വിധികര്‍ത്താവല്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ നടപ്പിലാക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ പുതുതായി യാതൊന്നും ഉണ്ടാക്കുന്നവനല്ല. മുന്‍ഗാമികളെ പിന്തുടരുന്നവന്‍ മാത്രമാണ്. ഞാന്‍ നിങ്ങളേക്കാള്‍ ഒട്ടും ഉല്‍കൃഷ്ടനല്ല. ഒരു സാധാരണ മനുഷ്യന്‍മാത്രം. പക്ഷേ, നിങ്ങളേക്കാള്‍ ചുമതലകള്‍ എന്നില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിച്ച് ആരെയും അനുസരിക്കാവതല്ല.’

ഭരണപരിഷ്കാരങ്ങള്‍

ഉമറുബ്നു അബ്ദില്‍ അസീസ് ആദര്‍ശധീരനായ ഭരണാധികാരിയായിരുന്നു. ഇസ്ലാമിന്റെ സമ്പൂര്‍ണമായ സംസ്ഥാപനമായിരുന്നു അദ്ദേഹം ലക്ഷ്യമാക്കിയത്. സാമ്രാജ്യവികസനത്തെക്കാള്‍ തന്റെ സാമ്രാജ്യത്തില്‍ ഇസ്ലാമിക ഭരണവും ജനങ്ങളില്‍ ജീവിതക്രമവും ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുന്‍ഭരണാധികാരികളുടെ നയവൈകല്യവും ആദര്‍ശരാഹിത്യവും മൂലം രാജ്യത്ത് നിലനിന്ന അനിസ്ലാമികത തുടച്ചുനീക്കുന്നതിന് മുഖ്യമായും അദ്ദേഹം ഊന്നല്‍ നല്‍കി.

പൊതുമുതലിന്റെ അവിഹിത ഉപയോഗം തടയുവാന്‍ നിയമം കൊണ്ടുവരികയാണ് ആദ്യമായി അദ്ദേഹം ചെയ്തത്. തനിക്ക് അനന്തരാവകാശമായി ലഭിച്ച സമ്പത്തെല്ലാം രാഷ്ട്രഖജനാവില്‍ ലയിപ്പിച്ചുകൊണ്ട് ഈ മഹത്തായ പരിഷ്കരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. തുടര്‍ന്ന് തന്റെ ഭാര്യ ഫാത്വിമബിന്‍ത് അബ്ദുല്‍ മലികിന്റെ സ്വര്‍ണാഭരണങ്ങളും മറ്റും ഖജനാവിലടക്കാന്‍ ഖലീഫ ആവശ്യപ്പെട്ടു. ഖലീഫയുടെ കുലീനയായ ധര്‍മപത്നി അതനുസരിക്കുകയും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്യുകയും സഹായിയായി വര്‍ത്തിക്കുകയും ചെയ്തു. രാജകുടുംബാംഗങ്ങള്‍ക്ക് അനധികൃതമായി ലഭിച്ചിരുന്ന മുഴുവന്‍ സമ്പത്തും അദ്ദേഹം മടക്കിവാങ്ങി യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കി. രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കി വന്ന പെന്‍ഷന്‍ സാധാരണക്കാരുടേതിനു തുല്യമാക്കി പുതുക്കി നിശ്ചയിച്ചു. രാജകുടുംബാംഗങ്ങള്‍ ചിലര്‍ ശത്രുക്കളായി മാറിയിട്ടും അദ്ദേഹം തന്റെ തീരുമാനം പൂര്‍ണമായി നടപ്പിലാക്കുക തന്നെ ചെയ്തു.

തന്റെയും തന്റെ കുടുംബത്തിന്റെയും നിത്യച്ചെലവിന് അത്യാവശ്യമായി വേണ്ടിവന്ന തുക മാത്രമേ അദ്ദേഹം പൊതുഖജനാവില്‍നിന്ന് സ്വീകരിച്ചിരുന്നുള്ളൂ. ഭരണാധികാരിയായിരുന്നിട്ടും പൊതുജീവിതത്തില്‍ അദ്ദേഹം കൈക്കൊണ്ട സൂക്ഷ്മതയ്ക്ക് ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. ഒരിക്കല്‍ പൊതുവിതരണത്തിന് കുറേ ആപ്പിള്‍ ലഭിച്ചു. അതിന്റെ വിതരണവേളയില്‍ ഖലീഫയുടെ ഇളയപുത്രന്‍ അതില്‍നിന്ന് ഒന്നെടുത്ത് തിന്നാന്‍ തുടങ്ങി. ഖലീഫ ആ ആപ്പിള്‍ കുട്ടിയില്‍ നിന്ന് പിടിച്ചുവാങ്ങി. കുട്ടി കരഞ്ഞുകൊണ്ട് ഉമ്മയുടെ അടുത്തെത്തി. ഉമ്മ അങ്ങാടിയില്‍നിന്ന് ഒരാപ്പിള്‍ വാങ്ങി കുട്ടിക്കുകൊടുത്ത് കുട്ടിയുടെ സങ്കടം അകറ്റി. വീട്ടിലെത്തിയ ഖലീഫയോട് ഭാര്യ അതേക്കുറിച്ചന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘ കുഞ്ഞിന്റെ വായില്‍ നിന്നല്ല; എന്റെ ഹൃദയത്തില്‍നിന്നാണ് ആ ആപ്പിള്‍ ഞാന്‍ തട്ടിപ്പറിച്ചത്. മുസ്ലിംകളുടെ ആപ്പിളിനുവേണ്ടി അല്ലാഹുവിന്റെ മുമ്പാകെ എനിക്കു നില്‍ക്കേണ്ടിവരുമെന്ന വിചാരം കൊണ്ടാണ് ഞാനത് ചെയ്തത്.’ വ്യക്തി ജീവിതത്തിലെ തികഞ്ഞ സംശുദ്ധി നീതിപൂര്‍വം ഭരണം നടത്തുവാന്‍ അദ്ദേഹത്തിന് ആത്മബലം നല്‍കി.

വലീദിന്റെ കാലത്ത് നടത്തിയിരുന്ന പൊതുക്ഷേമപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കൂടുതല്‍ ശക്തിപ്പെടുത്തി. പാതയോരങ്ങളില്‍ വഴിയമ്പലങ്ങള്‍ സ്ഥാപിച്ചു. രോഗികളായ യാത്രക്കാര്‍ക്ക് രണ്ടു ദിവസവും അല്ലാത്തവര്‍ക്ക് ഒരു ദിവസവും അവയില്‍ സൌജന്യമായി താമസിക്കാന്‍ അനുവദിച്ചിരുന്നു. രാജ്യത്ത് അവശത അനുഭവിക്കുന്നവരുടെ കണക്കെടുത്ത് അവര്‍ക്കുമുഴുവന്‍ പെന്‍ഷന്‍ അനുവദിച്ചു. നിര്‍ധനരായ ആളുകളുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഏര്‍പ്പാടു ചെയ്തു. ഉമറുബ്നു അബ്ദുല്‍ അസീസ് തന്റെ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും ഇസ്ലാമികമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട എല്ലാ ഏര്‍പ്പാടുകളും കര്‍ശനമായി നിരോധിച്ചു. സ്ത്രീകള്‍ പൊതുകുളിപ്പുരകളില്‍ പ്രവേശിക്കുന്നത് നിരോധിക്കുകയും പുരുഷന്മാര്‍ ശരീരം മിച്ചുകൊണ്ട് കുളിക്കണമെന്ന് അനുശാസിക്കുകയും ചെയ്തു.

നീതിയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഗവര്‍ണര്‍ ഹജ്ജാജുബ്നു യൂസുഫിന്റെ ഉരുക്കുമുഷ്ടി ഭരണസമ്പ്രദായം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഹജ്ജാജ് നിയമിച്ച പ്രവിശ്യാഉദ്യോഗസ്ഥരെ അധികാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഉല്‍കൃഷ്ട ഭരണത്തിന്റെ അടിസ്ഥാനം കയ്യൂക്കും അക്രവുമല്ലെന്നും നീതിയും ന്യായവുമാണെന്നും അദ്ദേഹം തെളിയിച്ചു. ശിക്ഷകള്‍ നീതിപൂര്‍വമാകണമെന്നു നിഷ്കര്‍ഷിച്ചുകൊണ്ട് ഗവര്‍ണര്‍മാര്‍ക്ക് ഇപ്രകാരം അദ്ദേഹം നിര്‍ദേശം നല്‍കി: ‘ശരീഅത്തു പ്രകാരം കുറ്റം സ്ഥിരീകരിക്കപ്പെട്ടശേഷമല്ലാതെ ശിക്ഷ നല്‍കരുത്. സത്യം കൊണ്ട് ജനങ്ങളെ നന്നാക്കാനാകുന്നില്ലെങ്കില്‍ പിന്നെ മറ്റെന്തുകൊണ്ടാണ് അവരെ നന്നാക്കുക!’ ഖുറാന്‍സാന്‍കാരെ ചമ്മട്ടിയും വാളുമല്ലാതെ മറ്റൊന്നുകൊണ്ടും നേരെയാക്കാന്‍ സാധ്യമല്ലെന്ന് ഖുറാസാനിലെ ഗവര്‍ണര്‍ ഖലീഫയ്ക്ക് എഴുതി. ഉമറുബ്നു അബ്ദുല്‍ അസീസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘വാളും ചമ്മട്ടിയും മാത്രമേ ഖുറാസാന്‍കാരെ നേരെയാക്കുകയുള്ളൂ എന്ന താങ്കളുടെ അഭിപ്രായം തെറ്റാണ്. സത്യത്തിനുംനീതിക്കും അവരെ നന്നാക്കാന്‍ കഴിയും. സാധ്യമാകുന്നത്ര അവ രണ്ടുംകൊണ്ടുതന്നെ അവരെ നേരെയാക്കുക.’

നീതിനിര്‍വഹണകാര്യത്തില്‍ മുസ്ലിം‏‏‏‏‏അമുസ്ലിം വേര്‍തിരിവ് ഉണ്ടായിരുന്നില്ല. ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാരുടെ അവകാശങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. വലീദിന്റെ ഒരു പുത്രന്‍ ഒരു ക്രിസ്ത്യാനിയില്‍നിന്ന് പിടിച്ചെടുത്ത ഭൂമി കൈവശം വെച്ചിരുന്നു. തന്റെ പിതാവ് തന്നതാണ് എന്നായിരുന്നു അയാളുടെ വാദം. പക്ഷേ, ഉമറുബ്നു അബ്ദില്‍ അസീസ് അത് അംഗീകരിച്ചില്ല. എന്റെ പിതാവിന്റെ സമ്മതിപത്രത്തേക്കാള്‍ പ്രാമാണികമാണ് അല്ലാഹുവിന്റെ ഗന്ഥം’ എന്നു പറഞ്ഞുകൊണ്ട് ഖലീഫ ആ ഭൂമി ക്രിസ്ത്യാനിക്ക് നല്‍കുകയുണ്ടായി.

ഇസ്ലാം സ്വീകരിച്ച ദിമ്മികളില്‍നിന്ന് ജിസ്യ വാങ്ങുന്ന സമ്പ്രദായം അദ്ദേഹം നിര്‍ത്തലാക്കി. ഇതു മൂലം ഖജനാവിലേക്കുള്ള വരുമാനം ഗണ്യമായി കുറയുന്നതായി ഈജിപ്ത് ഗവര്‍ണര്‍ ഖലീഫയെ അറിയിച്ചു. ഖലീഫ ഗവര്‍ണര്‍ക്ക് എഴുതി: ‘വിശ്വാസികളില്‍നിന്ന് ജിസ്യ ഈടാക്കരുത്. മാര്‍ഗദര്‍ശകനായിട്ടാണ് മുഹമ്മദ്(സ) നിയോഗിക്കപ്പെട്ടിട്ടുള്ളത്. കരം പിരിവുകാരനായിട്ടല്ല.’ ഇത്തരത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ സദ്ഭരണത്തിന്റെ ഫലമായി ഇസ്ലാം എന്ന ജീവിത വ്യവസ്ഥയില്‍ ആകൃഷ്ടരായി ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി. മറ്റു നാടുകളിലെന്നപോലെ സിന്ധിലും സമീപപ്രദേശങ്ങളിലും ഇസ്ലാം പ്രചരിച്ചു. രാജാദാഹിറിന്റെ പുത്രന്‍ ജയ്സിംഗ് ഇസ്ലാമിന്റെ മഹത്തായ ദര്‍ശനം ഉള്‍ക്കൊണ്ട് ഇസ്ലാം ആശ്ളേഷിച്ചത് അന്നാട്ടില്‍ ഇസ്ലാം വ്യാപകമായി പ്രചരിക്കാന്‍ നിമിത്തമായി.

സക്കാത്ത് വ്യവസ്ഥാപിതമായി അദ്ദേഹം നടപ്പിലാക്കി. ധാനധര്‍മങ്ങള്‍ സ്വീകരിക്കാന്‍ ആളില്ലാത്തവിധം ജനജീവിതം അഭിവൃദ്ധിപ്പെട്ടിരുന്നു. വിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും അദ്ദേഹം പ്രത്യേകം പരിഗണിച്ചു. പഠിതാക്കള്‍ക്ക് പഠനസഹായം ഏര്‍പ്പെടുത്തി. അലക്സാണ്ട്രിയ, അന്തോക്കിയ, ഹര്‍റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ടാക്കി. പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ നേതൃത്വത്തില്‍ ചികിത്സാഗ്രന്ഥരചന നടത്തി. വ്യാജഹദീസുകളുടെ പ്രചാരണം തടയാന്‍ ഹദീസ് ക്രോഡീകരണത്തിന് തുടക്കം കുറിച്ചു. ദര്‍ബാറില്‍ ഉണ്ടായിരുന്ന കവികളെ പ്രബോധനത്തിലേക്കു തിരിച്ചുവിട്ടു. ഇതിന്റെ ഉല്‍കൃഷ്ടഫലങ്ങള്‍ പ്രബോധന രംഗത്ത് ദൃശ്യമായി. അദ്ദേഹത്തിന്റെ തന്ത്രപരമായ ഇടപെടല്‍ക്കൊണ്ട് ഖവാരിജുകള്‍ പ്രസ്താവ്യമായ യാതൊരു കുഴപ്പവും ഉണ്ടാക്കിയിരുന്നില്ല

ഒരിക്കല്‍ പേര്‍ഷ്യയില്‍നിന്നുവന്ന ഒരു സ്ത്രീ ഫ്രാന്‍സ്വരെ വ്യാപിച്ചുകിടക്കുന്ന പ്രവിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ അധിപനായ ഉമറുബ്നു അബ്ദില്‍ അസീസിനെ കാണാന്‍ പുറപ്പെട്ടു. ഖലീഫയുടെ വീട് അന്വേഷിച്ചെത്തിയ അവര്‍ക്ക് ഓലമേഞ്ഞ ഒരു വീടാണ് കാണാന്‍ കഴിഞ്ഞത്. അവര്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വീട്ടിനകത്തുകണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. ഒരാള്‍ ചുമര്‍മണ്ണ് തേച്ച് വൃത്തിയാക്കുന്നു. പര്‍ദ്ദയണിയാത്ത ഒരു സ്ത്രീ സമീപത്തുനിന്ന് ആവശ്യമായ സാധനങ്ങള്‍ എടുത്തുകൊടുക്കുന്നു. ‘അമീറുല്‍ മുഅ്മിനീന്റെ വീട്ടില്‍ ജോലിചെയ്യുന്ന സ്ത്രീ എന്താണ് പര്‍ദ്ദയണിയാത്തത്?’ പേര്‍ഷ്യക്കാരി സംശയം പ്രകടിപ്പിച്ചു.

വീട്ടുകാരന്‍ മറുപടി പറഞ്ഞു: ‘ഞാനാണ് ഉമറുബ്നു അബ്ദില്‍ അസീസ്. ഇത് എന്റെ ഭാര്യ ഫാത്വിമയും.’

ഇസ്ലാമിക രാഷ്ട്രത്തില്‍ സ്വേഛാധിപത്യം അവസാനിപ്പിച്ച് ഖിലാഫത്ത്വ്യവസ്ഥ പുനഃസ്ഥാപിച്ചതിന്റെ സദ്ഫലങ്ങള്‍ സാമ്രാജ്യത്തിലെങ്ങും പ്രകടമായി. എവിടെയും സുഖവും സുസ്ഥിതിയും കളിയാടി. മുന്‍ഭരണാധികാരികളുടെ കാലത്ത് പൊതുഖജനാവില്‍നിന്ന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയിരുന്നവര്‍ സ്വാഭാവികമായും ഈ പരിഷ്കരണങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഖിലാഫത്ത് വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് അവര്‍ക്ക് അസഹനീയമായിരുന്നു. അവരില്‍ ചിലര്‍ ധനം നല്‍കി ഖലീഫയുടെ ഭൃത്യനെ സ്വാധീനിച്ചതായി പറയപ്പെടുന്നു. ഖലീഫ കുടിക്കുന്ന പാനീയത്തില്‍ അയാള്‍ വിഷം കലര്‍ത്തി. അത് കഴിച്ചതോടെ ഉമറുബ്നു അബ്ദില്‍ അസീസ് രോഗബാധിതനായി.

രോഗവിവരം നാടെങ്ങും പരന്നു. ജനങ്ങള്‍ ദുഃഖാകുലരായി. നല്‍കിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. രോഗം കഠിനമായി. തന്റെ അന്ത്യം അടുത്തുവെന്ന് അദ്ദേഹത്തിന് ബോധ്യമായി. ദയ്റുസംആനിലെ ഭൂവുടമയായ ക്രൈസ്തവ സുഹൃത്തിനോട് തനിക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരു വര്‍ഷത്തേക്ക് വാങ്ങി. മറവുചെയ്ത് ഒരു വര്‍ഷത്തിനു ശേഷം അവിടെ കൃഷി ചെയ്യാവുന്നതാണെന്ന് അറിയിച്ചു. പിന്‍ഗാമികള്‍ തന്റെ ശ്മശാനം തീര്‍ഥാടനകേന്ദ്രമാക്കാതിരിക്കാനാണ് ദീര്‍ഘദൃഷ്ടിയായ ആ മഹാനുഭാവന്‍ ഇങ്ങനെ ചെയ്തത്. തന്റെ 11 പുത്രന്മാരെയും 3 പുത്രിമാരെയും അടുത്തു നിര്‍ത്തി അദ്ദേഹം അവരോടു പറഞ്ഞു: ‘ പൊന്നു മക്കളേ, നിങ്ങളുടെ പിതാവിന്റെ മുന്നില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ധനം സമ്പാദിച്ച് നരകം വരിക്കുക. അല്ലെങ്കില്‍ ദാരിദ്യ്രം സഹിച്ച് സ്വര്‍ഗം സമ്പാദിക്കുക. രണ്ടാമത്തെ വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ഞാന്‍ നിങ്ങളെ വിശുദ്ധവേദഗ്രന്ഥം അവതരിപ്പിച്ച അതേ അല്ലാഹുവിനെ ഏല്‍പ്പിക്കുന്നു. അവന്‍ സുകൃതവാന്മാരെ സംരക്ഷിക്കുക തന്നെ ചെയ്യും.’ തുടര്‍ന്ന് ഖുര്‍ആനിലെ ഖസ്വസ് എന്ന അധ്യായത്തിലെ താഴെ വിവിരിക്കുന്ന അര്‍ഥം വരുന്ന സൂക്തം ഓതി.

‘ഭൂമിയില്‍ ഔന്നിത്യവും നാശവും ഉദ്ദേശിക്കാത്തവര്‍ക്കാണ് നാം അന്ത്യഭവനം നല്‍കുക. ഉത്തമമായ പരിണാമം സൂക്ഷ്മശാലികള്‍ക്കത്രേ.’

അധികം താമസിയാതെ അന്ത്യമുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന് 39 വയസ്സായിരുന്നു.

സുലൈമാനുബ്നു അബ്ദില്‍മലിക് سليمان بن عبد الملك

വലീദിനുശേഷം സഹോദരന്‍ ഖലീഫയാകണമെന്ന് പിതാവ് അബ്ദുല്‍മലിക് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതനുസരിച്ച് മരണശേഷം സുലൈമാന്‍ സ്ഥാനാരോഹണം ചെയ്തു. രണ്ടരവര്‍ഷമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. മുന്‍ഖലീഫമാരുടെ കാലത്ത് പ്രശസ്ത വിജയങ്ങള്‍ നേടിയ മൂന്ന് സേനാനായകന്മാരുടെ ദാരുണമായ അന്ത്യമായിരുന്നു ഇക്കാലത്ത് എടുത്തുപറയേണ്ട സംഭവം. പേര്‍ഷ്യന്‍ നാടുകള്‍ വിജയിച്ചടക്കിയ ഖുതൈബ ഏതോ തെറ്റിദ്ധാരണമൂലം ഖലീഫക്കെതിരെ കലാപത്തിനൊരുങ്ങി. സൈന്യം ഖലീഫയുടെ ഭാഗത്താവുകയും സ്വന്തം സൈന്യത്തിന്റെ കയ്യാല്‍ത്തന്നെ ഖുതൈബ കൊല്ലപ്പെടുകയും ചെയ്തു.

ഹജ്ജാജുബ്നു യൂസുഫിനുശേഷം കൂഫയില്‍ അധികാരമേറ്റ ഗവര്‍ണര്‍ ഹജ്ജാജിന്റെ വിരോധിയായിരുന്നു. ഇദ്ദേഹം അധികാരമേറ്റയുടന്‍ മുഹമ്മദ് ബ്നു ഖാസിമിനെ സിന്ധില്‍നിന്ന് തിരിച്ചു വിളിക്കുകയും തടവിലാക്കുകയും ചെയ്തു. ആ ധീരകേസരി തടവറയില്‍ കിടന്നാണ് അന്ത്യശാസനം വലിച്ചത്.

മൂസബ്നുനുസൈര്‍ അന്യായമായി സ്വത്തു സമ്പാദിച്ചു എന്ന പേരില്‍ ഖലീഫ അദ്ദേഹത്തെ വിചാരണ ചെയ്തു. സമ്പത്തുമുഴുവന്‍ കണ്ടുകെട്ടി. ഇദ്ദേഹത്തിന്റെ അവസാന നാളുകള്‍ വളരെ വിഷമം പിടിച്ചതായിരുന്നു.

സുലൈമാന്റെ സഹോദരന്‍ മസ്ലമത്തുബ്നു അബ്ദുല്‍മലികിന്റെ നേതൃത്വത്തില്‍ കോണ്‍സ്റാന്റിനോപ്പിള്‍ ഉപരോധിച്ചെങ്കിലും അത് വിജയിച്ചില്ല. ഈ സംഭവത്തില്‍ മുസ്ലിം സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി.

മതഭക്തനും സല്‍കര്‍മിയുമായിരുന്നു സുലൈമാന്‍. അദ്ദേഹം ചെയ്ത ഏറ്റവും പ്രശംസനീയമായ കൃത്യം മഹാനായ ഉമറുബ്നു അബ്ദുല്‍ അസീസിനെ തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചതായിരുന്നു.

വലീദുബ്നു അബ്ദുല്‍ മലിക് ,وليد بن عبد الملك(Islamic history)


(ഹി. 86 ‏‏‏‏‏ 96, ക്രി. 705 ‏‏‏‏‏ 715)

അബ്ദുല്‍ മലികിന്റെ മരണത്തെ തുടര്‍ന്ന് ഹിജ്റ 86 ല്‍ അദ്ദേഹത്തിന്റെ പുതന്‍ വലീദ് അധികാരത്തിലേറി. ഹിജ്റ 86 മുതല്‍ 96 വരെ ഭരണം നടത്തിയ വലീദ് ഇസ്ലാമികരാഷ്ട്രം വളരെ വിസ്തൃതമാക്കുകയും ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് സാമ്രാജ്യവിപുലീകരണത്തിനും സദ്ഭരണം കാഴ്ചവെച്ചതിനും ഏറെ സഹായിച്ചത് ധീരരും പ്രതിഭാസമ്പന്നരുമായ നിരവധി സൈന്യനായകന്മാരുടെയും ഗവര്‍ണര്‍മാരുടെയും കൂട്ടായപ്രവര്‍ത്തനമായിരുന്നു. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ മലിക്, ഹജ്ജാജുബ്നു യൂസുഫ്, മൂസബ്നു നുസൈര്‍, മുഹമ്മദ് ബ്നു ഖാസിം, ഖുതൈബ ബ്നു മുസ്ലിം, മുഹല്ലബ്നു അബിസഫ്റ തുടങ്ങിയവരുടെ ധീരമായ നേതൃത്വം എടുത്തുപറയാവുന്നതാണ്.

പേര്‍ഷ്യന്‍ പ്രദേശത്ത് ജയ്ഹൂന്‍ നദി കടന്ന് ബുഖാറ, സമര്‍ഖന്ത്, കീവ്, കശ്ഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ജയിച്ചടക്കി രാഷ്ട്രത്തിന്റെ അതിര്‍ത്തി ചൈന വരെ വികസിച്ചത് ഖുതൈബയുടെ നേതൃത്വത്തിലായിരുന്നു.

സിന്ധ് ഇസ്ലാമിക രാഷ്ട്രത്തില്‍

ലങ്കാ രാജാവ് ഖലീഫക്കയച്ച സമ്മാനങ്ങളുമായി അറേബ്യയിലേക്കു പോകുകയായിരുന്ന കപ്പല്‍ സിന്ധിന്റെ തീരത്തുവെച്ച് ആക്രമിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന ധാരാളം മുസ്ലിംകളെ ബന്ധികളാക്കുകയും ചരക്കുകള്‍ മുഴുവന്‍ കവര്‍ച്ച ചെയ്യുകയുമുണ്ടായി. ബന്ധനസ്ഥരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു ഖലീഫ സിന്ധിലെ രാജാവിനു കത്തെഴുതി. പക്ഷേ, രാജാവ് അത് കാര്യമാക്കിയില്ല. തുടര്‍ന്ന് ആദര്‍ശദീരനായ 17 വയസ്സുമാത്രം പ്രായമുള്ള മുഹമ്മദ് ബ്നു ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. സിന്ധിന്റെയും മുള്‍ത്താന്റെയും ഭരണാധികാരിയായിരുന്ന രാജാദാഹിറിനെ അതിരൂക്ഷമായ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ദാഹിറിനെ വധിച്ച സൈന്യം ബന്ദികളെ മോചിപ്പിക്കുകയും സിന്ധും മുള്‍ത്താനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക ദര്‍ശനത്തോടു ജനങ്ങള്‍ക്കു താല്‍പര്യം ജനിപ്പിക്കും വിധം നീതിനിഷ്ഠവും മാതൃകാപരവുമായ ഭരണം മുഹമ്മദ്ബ്നു ഖാസിമിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി.

സ്പെയിനിലേക്ക്

അന്തുലുസ് എന്നറിയപ്പെട്ടിരുന്ന സ്പെയിനും പോര്‍ച്ചുഗലും ഭരണം നടത്തിയിരുന്നത് ക്രൈസ്തവ രാജാവായ റോഡ്രിഗ്സ് ആയിരുന്നു. ഇദ്ദേഹത്തിന്റെ മര്‍ദ്ദകഭരണത്തിനെതിരെ അന്തലുസിലെ ഒരു ക്രൈസ്തവ നേതാവ് ഉത്തരാഫ്രിക്കയിലെ മുസ്ലിംഗവര്‍ണറായ മൂസബ്നുനുസൈറിനോട് സഹായാഭ്യര്‍ഥന നടത്തി. ഖലീഫയുടെ അനുമതിയോടെ ഗവര്‍ണര്‍ ഒരു സൈന്യത്തെ താരിഖ്ബ്നു സിയാദിന്റെ നേതൃത്വത്തില്‍ അന്തുലുസിലേക്ക് അയച്ചു. ലക്ക താഴ്വരയില്‍ വെച്ച് റോഡ്രിഗ്സിന്റെ 40000 ഭടന്മാരും (ഒരുലക്ഷമെന്നും ചില ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്) താരിഖിന്റെ 12000 ഭട•ാരും തമ്മില്‍ നിര്‍ണായകമായ ഘോരയുദ്ധം നടന്നു. റോഡ്രിഗ്സിന്റെ ദുര്‍ഭരണം അവസാനിപ്പിക്കുവാന്‍ ഒരുവിഭാഗം സൈനികര്‍ അറബികളെ സ്വാഗതം ചെയ്തു. താരിഖിന്റെ യുദ്ധതന്ത്രത്തിനും ധീരതയ്ക്കും മുന്നില്‍ പതറിപ്പോയ ക്രൈസ്തവ സൈന്യം ദയനീയമായി പരാജയപ്പെടുകയു റോഡ്രിഗ്സ് വധിക്കപ്പെടുകയും ചെയ്തു. ഇതിനകം മൂസബ്നു നുസൈറും സൈന്യസമേതം താരിഖിനൊപ്പം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുറഞ്ഞ കാലത്തിനകം അന്തുലുസ് പ്രദേശങ്ങള്‍ മുഴുവന്‍ കീഴ്പ്പെടുത്തുകയും പിരണീസ് പര്‍വതനിര കടന്ന് ഫ്രാന്‍സിന്റെ അതിര്‍ത്തിയിലെത്തുകയും ചെയ്തു. തുടര്‍ന്നുള്ള സാഹസിക മുന്നേറ്റത്തിന് ഖലീഫ വലീദിന്റെ അനുമതി ലഭിക്കുകയുണ്ടായില്ല. ഈ ഉദ്യമം മുസ്ലിംകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ യൂറോപ്പുമുഴുവന്‍ അന്നേ ഇസ്ലാമിക ഭരണത്തിന്‍ കീഴിലാകുമായിരുന്നു.

താരിഖും സൈന്യവും ഉത്തരാഫ്രിക്കയില്‍ നിന്ന് അന്തുലുസിലേക്കുള്ള യാത്രയില്‍ മുറിച്ചുകടന്ന കടലിടുക്ക് ജബലുതാരിഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. പിന്നീട് അത് ജിബ്രാള്‍ട്ടര്‍ എന്നായിത്തീര്‍ന്നു.

ഏഷ്യാമൈനര്‍ ഭാഗത്ത് ഖലീഫയുടെ സഹോദരന്‍ മസ്ലമത്തുബ്നു അബ്ദുല്‍ മലികിന്റെ നേതൃത്വത്തില്‍ റോമക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു. നിരവധി പ്രദേശങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തോട് ചേര്‍ക്കപ്പെട്ടു. നാവിക മേഖലയിലും ഒട്ടേറെ യുദ്ധങ്ങള്‍ ഇക്കാലത്ത് നടന്നു പടിഞ്ഞാറെ റോമന്‍ ഉള്‍ക്കടലിലുള്ള ബല്‍യാര്‍ക്ക് ദ്വീപ് പിടിച്ചെടുത്തത് ഇക്കാലത്തായിരുന്നു.

അന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വിസ്തൃതിയുള്ള ഇസ്ലാമിക രാഷ്ട്രമായി ഖലീഫ വലീദിന് രാഷ്ട്രത്തെ വികസിപ്പിക്കുവാന്‍ കഴിഞ്ഞു.

ക്ഷേമപ്രവര്‍ത്തനങ്ങള്‍

നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കീര്‍ത്തികേട്ടതായിരുന്നു വലീദിന്റെ ഭരണം. ഗതാഗതത്തിനു പുതിയ പാതകള്‍ നിര്‍മിക്കുകയും ഉള്ളവ നന്നാക്കുകയും ചെയ്തു. പാതകള്‍ക്കരികില്‍ നാഴികക്കുറ്റികള്‍ സ്ഥാപിച്ചു. വഴിയരികില്‍ കിണറുകള്‍ കുഴിക്കുകയും യാത്രക്കാര്‍ക്കായി അതിഥിമന്ദിരങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ആരോഗ്യരംഗത്തും മുന്നേറ്റമുണ്ടായി. പലയിടങ്ങളിലും ആശുപത്രികള്‍ സ്ഥാപിച്ചു. ചികിത്സാസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

രാജ്യത്ത് യാചന നിരോധിക്കുകയും അഗതികള്‍ക്ക് നിത്യച്ചെലവു നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. അന്തരെ നയിക്കുവാനും സേവിക്കുവാനും ആളുകളെ ഏര്‍പ്പെടുത്തി. അഗതികളുടെയും അനാഥരുടെയും സംരക്ഷണത്തിനും അവരുടെ വിദ്യാഭ്യാസത്തിനും സംവിധാനങ്ങളുണ്ടാക്കി. പണ്ഡിതന്മാര്‍ക്കും കര്‍മശാസ്ത്രജ്ഞര്‍ക്കും പെന്‍ഷനും അര്‍ഹരായ മറ്റാളുകള്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു.

ഖുര്‍ആന്‍ മനഃപ്പാഠമാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. റമദാനില്‍ നോമ്പുകാര്‍ക്ക് പള്ളികളില്‍ ഭക്ഷണം നല്‍കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. വലീദിന്റെ സഹായികളില്‍ പ്രമുഖനായ ഹജ്ജാജുബ്നു യൂസുഫ് ഇറാഖ്, ഇറാന്‍, തുര്‍ക്കിസ്ഥാന്‍, സിന്ധ് തുടങ്ങിയ വിസ്തൃതമായ ഭൂവിഭാഗങ്ങളുടെ ഗവര്‍ണറായിരുന്നു. അറബി ലിബിക്കു പുള്ളികളും സ്വരചിഹ്നങ്ങളും നല്‍കിയത് ഹജ്ജാജായിരുന്നു. ഉമവീഭരണം സുഭദ്രമാക്കിയ അദ്ദേഹം 20 വര്‍ഷക്കാലം ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. സ്പെയിന്‍ കേന്ദ്രമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഇസ്ലാമിക കലാശാലകള്‍ നിര്‍മിച്ചുകൊണ്ട് യൂറോപ്യര്‍ക്ക് വെളിച്ചം പകരാന്‍ കഴിഞ്ഞത് വലീദിന്റെ കാലത്തെ എടുത്തുപറയാവുന്ന നേട്ടമാണ്.

മസ്ജിദുന്നബവി കമനീയമായി പുതുക്കിപ്പണിതു. തലസ്ഥാന നഗരിയായ ദമസ്കസില്‍ അല്‍ജാമിഉല്‍ ഉമവി എന്ന പേരില്‍ നിര്‍മിച്ച മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നിലകൊള്ളുന്നു. റോമാസാമ്രാജ്യത്തില്‍ നിന്നു വന്ന നയതന്ത്രപ്രതിനിധി ഈ പള്ളികണ്ടിട്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മുസ്ലിംകളുടെ പുരോഗതി കുറച്ചുകാലമേ ഉണ്ടാകൂ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഈ കെട്ടിടം കണ്ടിട്ട് അവര്‍ മരണമില്ലാത്ത ജനതയാണെന്നാണ് തോന്നുന്നത്.’

മുആവിയ II, മര്‍വാന്‍ ഇബ്നുഹകം مروان بن الحكم -التاريخ الاسلامي


(ഹി. 64 ‏‏‏‏‏ 65)

ദുര്‍ബലനും രോഗിയുമായ മുആവിയ രണ്ടാമന് സിറിയക്കാര്‍ ബൈഅത്തു ചെയ്തെങ്കിലും ഖലീഫയാകുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 40 ദിവസം ഖലീഫസ്ഥാനം വഹിച്ച മുആവിയ പിന്‍ഗാമിയെ നിശ്ചയിക്കുവാനുള്ള അധികാരം സമുദായത്തെ ഏല്‍പ്പിച്ചു. അധികാരം പൂര്‍ണമായി നഷ്ടപ്പെടുമോ എന്ന് ഉമവികള്‍ ഭയപ്പെട്ടു. അതിനാല്‍ അവര്‍ മൂന്നാം ഖലീഫ ഉസ്മാനുബനു അഫ്ഫാന്റെ സെക്രട്ടറിയായിരുന്ന മര്‍വാനുബ്നു ഹഖമിനെ ഖലീഫയായി തിരഞ്ഞെടുത്തു. ഹിജ്റ 64 ദുല്‍ഖഅദില്‍ മര്‍വാനുബ്നുഹകം സിറിയയിലെ ഖലീഫയായി. അപ്പോള്‍ സിറിയ ഒഴിച്ച് ഇസ്ലാമിക രാഷ്ട്രത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം അബ്ദുല്ലാഹിബ്നു സുബൈറിന്റെ ഖിലാഫത്തിന്‍ കീഴിലായിരുന്നു.

കേവലം 9 മാസത്തെ ഭരണത്തിനു ശേഷം ഹിജ്റ 65 റമദാനില്‍ മര്‍വാന്‍ മരണമടഞ്ഞു. പിന്‍ഗാമിയായി മര്‍വാന്‍ നിശ്ചയിച്ചതനുസരിച്ച് മകന്‍ അബ്ദുല്‍ മലിക് ഖിലാഫത്തേറ്റെടുത്തു

യസീദ് يزيد بن معاوية 3(Islamic History)

യസീദ്
(ഹി. 60 ‏‏‏‏‏ 64, ക്രി. 680 ‏‏‏‏‏ 684)

മുആവിയക്കു ശേഷം ഖലീഫയെ മുസ്ലിംകള്‍ കൂടിയാലോചിച്ച് നിശ്ചയിക്കണം എന്ന ഉപാധിയോടെയാണ് ഹസന്‍ബിന്‍അലി(റ) മുആവിയയ്ക്ക് ഖിലാഫത്ത് ഒഴിഞ്ഞുകൊടുത്തത്. എന്നാല്‍ ഈ കരാര്‍ ലംഘിച്ചുകൊണ്ട് മുആവിയ തന്റെ മകന്‍ യസീദിനെ പിന്‍ഗാമിയായി നിശ്ചയിച്ചു. യസീദിനെ ഖലീഫയായി നിശ്ചയിച്ച നടപടിയെ പ്രമുഖ സ്വഹാബിമാരായ അബ്ദുല്ലാഹിബ്നു ഉമര്‍(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്നു സുബൈര്‍(റ), അബ്ദുര്‍റഹ്മാനുബുനു അബീബക്കര്‍(റ), ഹുസൈനുബ്നു അലി(റ) തുടങ്ങിയവര്‍ ശക്തിയായി എതിര്‍ത്തു. അബ്ദുര്‍റഹ്മാനുബ്നുഅബീബകര്‍ ഇങ്ങനെ തുറന്നടിച്ചു: “സ്വന്തം മക്കളെ പിന്‍ഗാമിയാക്കുന്നത് അബൂബക്കറിന്റെയും ഉമറിന്റെയും മാതൃകയല്ല. കിസ്റയുടെയും കൈസറിന്റെയും മാതൃകയാണ്.” ഈ എതിര്‍പ്പുകളും സ്വഹാബിമാരുടെ നിര്‍ദേശങ്ങളും മുആവിയ മുഖവിലയ്ക്കെടുത്തില്ല. സ്വപുത്രന്‍ യസീദിനെ ഖലീഫയായി നിശ്ചയിച്ചുകൊണ്ട് ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഖിലാഫത്തില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള മാറ്റത്തിനു വഴിമരുന്നിടുകയാണ് മുആവിയ ചെയ്തത്. എഴുപത്തി അഞ്ചാമത്തെ വയസ്സില്‍ മുആവിയ മരണമടഞ്ഞു.

മുആവിയയുടെ മരണത്തെത്തുടര്‍ന്ന് മകന്‍ യസീദ് ഖലീഫയായി സ്ഥാനമേറ്റു. സ്വമേധയാ ബൈഅത്ത് ചെയ്യാത്തവരോട് അധികാരമുപയോഗിച്ച് നിര്‍ബന്ധപൂര്‍വം അനുസരണപ്രതിജ്ഞ വാങ്ങുന്ന രീതിയാണ് യസീദ് സ്വീകരിച്ചത്. മദീനയില്‍ അനുസരണപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്നവരില്‍നിന്നു ബൈഅത്തു വാങ്ങാന്‍ അവിടുത്തെ ഗവര്‍ണറായിരുന്ന വലീദുബ്നു ഉത്തുബക്ക് യസീദ് ശക്തമായ നിര്‍ദേശം നല്‍കി. സമ്മര്‍ദ്ദത്തിനു വഴങ്ങി അബ്ദുല്ലാഹിബ്നു അബ്ബാസും അബ്ദുല്ലാഹിബ്നു ഉമറും ബൈഅത്തു ചെയ്തെങ്കിലും അബ്ദുല്ലാഹിബ്നു സുബൈര്‍ വിസമ്മതിക്കുകയും മക്കയിലേക്കു പോവുകയും ചെയ്തു.

ഹിജ്റ 26 ല്‍ ജനിച്ച യസീദ് ഗ്രാമത്തിലാണ് വളര്‍ന്നത്. മുപ്പത്തിനാലാമത്തെ വയസ്സില്‍ ഖലീഫയായി അധികാരമേറ്റ യസീദിന് വിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കാനുള്ള നയതന്ത്രജ്ഞതയോ അനുഭവസമ്പത്തോ ജീവിത വിശുദ്ധിയോ ഇല്ലായിരുന്നു.

കര്‍ബലാ സംഭവം

യോഗ്യരായ സ്വഹാബിമാരെ ഒഴിവാക്കി യസീദ് ഖിലാഫത്ത് ഏറ്റെടുത്തത് മുസ്ലിം സമൂഹം ഇഷ്ടപ്പെട്ടില്ല. യസീദിനെ അംഗീകരിക്കാത്ത ധീരനായ ഹുസൈനുബ്നു അലിക്കു (നബിയുടെ പുത്രി ഫാത്വിമയുടെ പുത്രന്‍) കൂഫാനിവാസികള്‍ പിന്തുണ പ്രഖ്യാപിച്ചു. ഭരണം ഏറ്റെടുക്കാന്‍ അവര്‍ ഹുസൈന്‍(റ)വിനെ അവിടേക്കു ക്ഷണിച്ചു. ദീര്‍ഘമായ കത്തിടപാടുകള്‍ക്കുശേഷം ബൈഅത്തു സ്വീകരിക്കാന്‍ തന്റെ പ്രതിനിധിയായി മുസ്ലിമുബ്നു ഉഖൈലിനെ അദ്ദേഹം കൂഫയിലേക്കയച്ചു. മുസ്ലിമില്‍നിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹുസൈന്‍(റ) തന്റെ അനുയായികളും കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എണ്‍പതുപേര്‍ വരുന്ന സംഘവുമായി മക്കയില്‍നിന്ന് കൂഫയിലേക്കു തിരിച്ചു. സ്വഹാബികളില്‍ പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഇമാം ഹുസൈന്‍ പിന്മാറിയില്ല.

കാര്യങ്ങള്‍ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിര്‍ദയനുമായ അബ്ദുല്ലാഹിബ്നു സിയാദിനെ കൂഫയിലെ ഗവര്‍ണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇബ്നു സിയാദിനെ ഭയപ്പെട്ട കൂഫക്കാര്‍ ഇമാം ഹുസൈനു നല്‍കിയ പിന്തുണ പിന്‍വലിക്കുകയും മുസ്ലിമുബ്നു ഉഖൈലിനെ പിടികൂടാന്‍ ഇബ്നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാള്‍ മുസ്ലിമിനെ ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്ലിമിന്റെ മരണവാര്‍ത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈന്‍ മക്കയിലേക്കുതന്നെ മടങ്ങിപ്പോകാന്‍ ഒരുങ്ങി. എന്നാല്‍ വധിക്കപ്പെട്ട മുസ്ലിമിന്റെ കുടുംബക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കൂഫയിലേക്കു യാത്ര തുടര്‍ന്നു.

ഹുസൈനും സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് ‘കര്‍ബല’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇബ്നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താന്‍ വന്നതെന്നും അവര്‍ക്കാവശ്യമില്ലെങ്കില്‍ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈന്‍ അവരെ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ ഇബ്നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കല്‍പനയെന്ന് സൈനിക നേതാവ് അിറയിച്ചു. അപ്പോള്‍ ഹുസൈന്‍ ഇപ്രകാരം പറഞ്ഞു: “ഒന്നുകില്‍ യസീദിനെ ചെന്നു കാണാന്‍ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരില്‍ സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചു കൊള്ളാം. അല്ലെങ്കില്‍ മടങ്ങിപ്പോകാനോ അതിര്‍ത്തിയിലേക്കുപോയി ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക.”

പക്ഷേ, ഹുസൈന്റെ ഒരു ഉപാധിയും ഇബ്നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമയുടെ പുത്രന്‍ ധീരനായ ഹുസൈന്‍ ബിന്‍ അലി(റ) ജീവന്‍ നല്‍കി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നില്‍ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്മാര്‍ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ഹുസൈന്റെ പുത്രന്‍ ബാലനായ സൈനുല്‍ ആബിദീനും സ്ത്രീകളും മറ്റു കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈന്റെ അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്നു സിയാദിന്റെ അടുക്കലെത്തി. ഇബ്നു സിയാദ് അവരെ ദമസ്കസില്‍ യസീദിന്റെ അടുക്കലേക്കയച്ചു.

ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഈ സംഭവം നടന്നത് ഹിജ്റ 61 മുഹര്‍റം 10 ന് ആയിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലവുമായി ബന്ധപ്പെടുത്തി ‘കര്‍ബലാ സംഭവം’ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.

ഹര്‍റ സംഭവം

ഇമാം ഹുസൈന്‍(റ)നെയും കുടുംബാദികളെയും ക്രൂരമായി രക്തസാക്ഷികളാക്കിയ സംഭവം മുസ്ലിം ലോകത്തിനു സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുന്നതിനപ്പുറമായിരുന്നു. അതിനാല്‍ മദീനയില്‍ ഇതിനു ശക്തമായ പ്രതികരണമുണ്ടായി. മദീനക്കാര്‍ യസീദിനു നല്‍കിയ അംഗീകാരം പിന്‍വലിച്ചു. മാത്രമല്ല, അബ്ദുല്ലാഹിബ്നു സുബൈറിനെ ഖലീഫയായി ബൈഅത്തു ചെയ്യുകയും ചെയ്തു. യസീദിന്റെ ഗവര്‍ണറായ ഉസ്മാനെ അവര്‍ നാട്ടില്‍നിന്ന് ആട്ടിയോടിച്ചു.

ഈ സംഭവ വികാസങ്ങള്‍ അറിഞ്ഞയുടനെ യസീദ് ഉഖ്ബയുടെ നേതൃത്വത്തില്‍ പന്ത്രണ്ടായിരം പേരടങ്ങുന്ന സൈന്യത്തെ മദീനയിലേക്കയച്ചു. മദീനക്ക് വെളിയില്‍ ‘ഹര്‍റ’ എന്ന സ്ഥലത്തെത്തിയ സേന മദീനയിലെ ജനങ്ങള്‍ക്കു കീഴടങ്ങുവാന്‍ മൂന്നു ദിവസത്തെ സാവകാശം നല്‍കി. മദീനക്കാര്‍ വഴങ്ങാതെ വന്നപ്പോള്‍ സേന മദീനയില്‍ അതിക്രമിച്ചു കടന്നു. മൂന്നു ദിവസം അവിടെ അവര്‍ കൊള്ളയും കൂട്ടനരമേധവും നടത്തി. മുമ്പൊരിക്കലും മുസ്ലിം സേന സാധാരണ ജനങ്ങളോട് ഇത്ര ക്രൂരമായി പെരുമാറിയിട്ടില്ല. നിരവധി സ്വഹാബികളുടെ മരണത്തിനും മദീനാ പട്ടണത്തിന്റെ തകര്‍ച്ചക്കും കാരണമായ ഈ സംഭവം ‘ഹര്‍റസംഭവം’ എന്ന പേരിലറിയപ്പെടുന്നു.

മക്ക ഉപരോധവും യസീദിന്റെ അന്ത്യവും

അബ്ദുല്ലാഹിബ്നു സുബൈറിനെ ഖലീഫയായി അംഗീകരിച്ച മക്കയിലും ഈജിപ്തിലും ഇറാഖിലും അദ്ദേഹത്തിന്റെ ഖിലാഫത്ത് നിലവില്‍ വന്നു. യസീദിന്റെ സേന മക്കയിലേക്കു തിരിച്ചു. വഴിക്കുവെച്ച് സൈന്യാധിപന്‍ മുസ്ലിം മരണപ്പെട്ടു. തല്‍സ്ഥാനം ഹുസൈനുബ്നു നുമൈര്‍ ഏറ്റെടുത്തു. ഉപരോധത്തിനു വഴങ്ങാതിരുന്ന മക്കക്കാരുമായി ഏറ്റുമുട്ടി ‘മിന്‍ജനീഖ്’ (പീരങ്കി പോലുള്ള ഒരായുധം. വെടിയുണ്ടക്കു പകരം വലിയ പാറക്കല്ലുകള്‍ തൊടുത്തുവിടുന്നത്) ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ കഅ്ബക്കുപോലും സാരമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ അതിനിടെ ദമസ്കസില്‍ യസീദിന്റെ മരണവാര്‍ത്ത അറിഞ്ഞ സൈന്യം ആക്രമണം മതിയാക്കി തിരിച്ചുപോയി.

നാലുകൊല്ലത്തെ ഭരണത്തിനുശേഷം ഹി. 64 ല്‍ മരണമടഞ്ഞ യസീദ് തന്റെ മകന്‍ മുആവിയ രണ്ടാമനെയാണ് പിന്‍ഗാമിയായി നിയമിച്ചത്.

ഉമവി കാലഘട്ടം التاريخ الاسلامي – خلافة بني امية

ഉമവി
(ഹി. 41‏‏‏ ‏‏132, ക്രി. 661 ‏‏‏‏ ‏750)

നബിയുടെ കാലത്ത് ഖുറൈശി പ്രമാണിമാരിലൊരാളായിരുന്ന അബൂസുഫ്യാന്റെ പിതാമഹന്‍ ഉമയ്യത്തുബ്നു അബ്ദുശംസിന്റെ സന്താനപരമ്പരയാണ് ബനൂഉമയ്യ, അഥവാ ഉമവികള്‍. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം ഹിജ്റ 41 മുതല്‍ 64 വരെ മുആവിയയുടെ കുടുംബവും 65 മുതല്‍ 132 വരെ ബനൂഉമയ്യയിലെ മറ്റൊരു ശാഖയായ മര്‍വാന്റെ കുടുംബവും ഭരണം നടത്തി. മുആവിയ അടിത്തറയിട്ട ഈ ഭരണകാലഘട്ടം ‘ഖിലാഫത്തുബനീഉമയ്യഃ’ എന്നപേരിലാണ് അറിയപ്പെടുന്നത്.