Category Archives: കുടുംബം

ഇസ്‌ലാമിക നാഗരികതയില്‍ കുടുംബ ബന്ധത്തിനുള്ള വില

ഡോ: രഗിബ് അസ്സര്‍ജാനി
കുടുംബം എന്നത് മാതാപിതാക്കളിലും മക്കളിലും പരിമിതപ്പെട്ട് കിടക്കുന്ന ഒന്നല്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണത്. അതില്‍ പിതൃസഹോദരന്‍മാരും സഹോദരിമാരും അമ്മാവന്‍മാരും അമ്മായിമാരും അവരുടെയെല്ലാം മക്കളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കുടുംബത്തെയാണ് ഇസ്‌ലാമിക നാഗരികത വിഭാവനം ചെയ്യുന്നത്. അവര്‍ക്കെല്ലാം അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് നന്മ ചെയ്യുകയും അവരോട് ബന്ധം പുലര്‍ത്തുകയും ചെയ്യണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. വളരെയധികം പ്രതിഫലമുള്ള അതിനെ ശ്രേഷ്ഠഗുണങ്ങളുടെ അടിസ്ഥാനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല കുടുംബ ബന്ധം മുറിക്കുന്നവന് ശക്തമായ ശിക്ഷയെ കുറിച്ച മുന്നറിയിപ്പും നല്‍കുന്നു. കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ സ്രഷ്ടാവായ അല്ലാഹുവുമായി ചേര്‍ക്കുന്ന ബന്ധമായിട്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ആര്‍ അത് ചേര്‍ക്കുന്നുവോ അവന്‍ അല്ലാഹുവമായി ബന്ധം ചേര്‍ത്തിരിക്കുന്നു, ആര്‍ അത് വിഛേദിക്കുന്നുവോ അല്ലാഹുമായുള്ള ബന്ധം അവന്‍ വിഛേദിച്ചിരിക്കുന്നു.

വിശാലമായ അര്‍ത്ഥത്തിലുള്ള ഈ കുടുംബത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിധികളും വ്യവസ്ഥകളും ഇസ്‌ലാം സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പര ആശ്രയം, ചെലവിന് കൊടുക്കാനുള്ള സംവിധാനം, അനന്തരാവകാശ വ്യവസ്ഥ തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ബന്ധുക്കളോട് നന്മയില്‍ വര്‍ത്തിക്കുകയും സാധ്യമാകുന്നത്ര നന്മകള്‍ അവര്‍ക്ക് വേണ്ടി ചെയ്യുകയുമാണ് കുടുംബ ബന്ധം ചേര്‍ക്കല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്രകാരം അവര്‍ക്ക് ദ്രോഹകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും തടയുകയും ചെയ്യലും അതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഇടക്കിടെ അവരെ സന്ദര്‍ശിക്കലും സുഖവിവരങ്ങള്‍ അന്വേഷിക്കലും സമ്മാനങ്ങള്‍ നല്‍കലും, അവരിലെ ദരിദ്രരെ സഹായിക്കലം രോഗികളെ സന്ദര്‍ശിക്കലും, ക്ഷണം സ്വീകരിക്കലും, അവര്‍ക്ക് ആതിഥ്യമരുളലുമെല്ലാം ഇതിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണ്. അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകുന്നത് പോലെ അവരുടെ വേദനകളില്‍ ആശ്വാസമേകാനും നമുക്ക് സാധിക്കണം. ഇത്തരത്തില്‍ സമൂഹത്തിലെ ചെറിയ ഘടനയായ കുടുംബത്തിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിന് കീഴില്‍ വരുന്നവയാണ്.

വ്യാപകമായ നന്മകളുടെ കവാടമാണിത് തുറക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തെ അത് ശക്തിപ്പെടുത്തുകയും മുറുകെ പിടിക്കുകയും ചെയ്യുന്നു. അതിലെ ഓരോ അംഗത്തിനും ആശ്വാസവും ശാന്തതയും അനുഭവിക്കാന്‍ സാധിക്കുന്നു. കാരണം തന്റെ ബന്ധുക്കള്‍ സ്‌നേഹവും ശ്രദ്ധയുമായി തനിക്ക് ചുറ്റും ഉണ്ടെന്നും ആവശ്യ സമയത്ത് അവര്‍ സഹായിക്കുമെന്നുമുള്ള ബോധമാണ് അവന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുക.

ബന്ധുക്കള്‍ക്ക് നന്മ ചെയ്യണമെന്നും അവരോട് നല്ല ബന്ധം കാത്തു സൂക്ഷിക്കണമെന്നുമുള്ള വിശുദ്ധ ഖുര്‍ആന്റെ കല്‍പനയാണ്. ‘അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (അന്നിസാഅ് : 36)

കുടുംബ ബന്ധം ചേര്‍ക്കുന്ന ഒരാളുമായി അല്ലാഹു ബന്ധം ചേര്‍ക്കുന്നു എന്നാണ് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുന്നത്. അതിലൂടെ അവന് ധാരാളം അനുഗ്രഹങ്ങളും നന്മകളും കൈവരികയും ചെയ്യുന്നു. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ കാണാം : ‘അല്ലാഹു പറഞ്ഞു : ഞാന്‍ കാരുണ്യവാനാണ്, ഇത് റഹ്മ് (കുടുംബബന്ധം), എന്റെ നാമത്തില്‍ നിന്നാണ് ഞാനതിന് പേര് നല്‍കിയിരിക്കുന്നത്. ആര് അതിനെ ചേര്‍ത്തുവോ ഞാന്‍ അവനുമായി ബന്ധം ചേര്‍ത്തിരിക്കുന്നു. ആര്‍ അതിനെ മുറിച്ചുവോ ഞാന്‍ അവനുമായി ബന്ധം മുറിച്ചിരിക്കുന്നു.’

കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് ഐഹിക വിഭവങ്ങളില്‍ വിശാലത ലഭിക്കുമെന്നും ആയുസ്സ് നീട്ടികൊടുക്കുമെന്നും പ്രവാചകന്‍(സ) സന്തോഷ വാര്‍ത്ത് അറിയിച്ചിട്ടുണ്ട്. പ്രവാചകന്‍(സ)യില്‍ നിന്ന് കേട്ടതായി അനസ് ബിന്‍ മാലിക്(റ) റിപോര്‍ട്ട് ചെയ്യുന്നു : ‘വിഭവങ്ങളില്‍ വിശാലത ആഗ്രഹിക്കുന്നവരും, ആയുസ്സ് നീട്ടികിട്ടാന്‍ ആഗ്ഹിക്കുന്നവരും കുടുംബബന്ധം ചേര്‍ക്കട്ടെ.’

അതേസമയം തന്നെ കുടുംബബന്ധം വിഛേദിക്കുന്നതിനെ കടുത്ത പാപമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. കാരണം ജനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധമാണ് അവിടെ മുറിക്കപ്പെടുന്നത്. പകരം അവിടെ ശത്രുതയും വിദ്വേഷവും നിറക്കപ്പെടുന്നു. ബന്ധുക്കള്‍ക്കിടയിലെ കെട്ടുറപ്പിനെ അത് തകര്‍ക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപത്തെ കുറിച്ച ശക്തമായ താക്കീതാണ് ഖുര്‍ആന്‍ നല്‍കുന്നത്. ‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.’ (മുഹമ്മദ് : 22-23)

ജുബൈര്‍ ബിന്‍ മുത്ഇം പ്രവാചകന്‍(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു : ‘കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ബന്ധങ്ങള്‍ ഉപേക്ഷിക്കലും ബന്ധുക്കള്‍ക്ക് ഗുണവും നന്മയും ചെയ്യാതിരിക്കലുമാണ് കുടുംബബന്ധം വിഛേദിക്കല്‍. വളരെ ഗുരുതരമായ പാപമാണിതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. പരസ്പരം സഹകരിച്ചും ഇണങ്ങിയും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടിയാണ് ഇത്തരം വ്യവസ്ഥകളെല്ലാം ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. ‘പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് പ്രയാസമുണ്ടായാല്‍ മുഴുവന്‍ ശരീരവും ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു.’ എന്ന പ്രവാചക വചനം യാഥാര്‍ത്ഥ്യമാക്കേണ്ടതും അതിലൂടെയാണ്.

മാനസികമായ സ്വാതന്ത്ര്യം

മകന്‍ രണ്ടു പക്ഷികളെ നന്നായ് പാലും തേനും കൊടുത്തു വളര്‍ത്തി , കൂട് ബദ്രമായി അടച്ചു പോടറ്റുന്നതിനിടയില്‍ ഒരു ദിവസം കൂട് അടക്കാന്‍ അവന്‍ മറന്നു. ഉടനെ കൂടും വെള്ളവും ധാന്യവുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് പക്ഷികള്‍ പറന്നുയര്‍ന്നു. അത് സ്വാതന്ത്ര്യത്തിന്റെ സ്വഛവായു തേടിക്കൊണ്ടുള്ള പുറപ്പാടായിരുന്നു. ‘സ്വാതന്ത്ര്യം ജീവനേക്കാക്കാള്‍ വിലപ്പെട്ടതാണെ’ന്ന് ആ പറവകള്‍ അവനോട് പറയുന്നുണ്ടായിരുന്നു.

മാനസികമായ സ്വാതന്ത്ര്യം എന്നത് മനുഷ്യന്റെ അന്തരംഗത്തെ എല്ലാ സമ്മര്‍ദ്ധങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും മോചനം തേടലാണ്. എല്ലാ സ്വാന്ത്ര്യവും ഞാന്‍ പൂര്‍ണമായി ആസ്വദിക്കുന്നു എന്ന് ആരെങ്കിലുംya-allah വാദിക്കുന്നുണ്ടെങ്കില്‍ അവന്‍ തികഞ്ഞ തെറ്റിദ്ധാരണയിലാണ്. അവന്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും നിരവധി ബന്ധനങ്ങള്‍ക്കടിപ്പെട്ടു കിടക്കുകയാണ്. മനുഷ്യന്റെ ചലനങ്ങള്‍ തന്നെ അവന്റെ നിയന്ത്രണത്തിലല്ല എന്നതാണ് യാഥാര്‍ഥ്യം.

സ്വാതന്ത്ര്യം ഓരോരുത്തരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അവ നേടിയെടുക്കാനും സാക്ഷാല്‍കരിക്കാനും പരിശ്രമക്കുന്നതനുസരിച്ചാണ് അതില്‍ വ്യത്യാസപ്പെടുന്നത്. ഓരോരുത്തരും അവരുടെ അവരുടെ കാഴ്ചപ്പാടനുസരിച്ച് അവരുടെ നിലപാടുകള്‍ പ്രഖ്യാപിക്കകയാണ് ചെയ്യുന്നത്. മനുഷ്യരില്‍ ബന്ധനങ്ങള്‍ ആഗ്രഹിക്കുകയും അവക്ക് കീഴ്‌പ്പെടുകയും ചെയ്യുന്നവരുണ്ട്. ദീര്‍ഘകാലത്തെ അടിമത്വത്തിന് ശേഷം മോചിപ്പിക്കപ്പെട്ട അടിമകളില്‍ ചിലര്‍ യജമാനന്റെ അടിമത്വത്തില്‍ തന്നെ കഴിയാന്‍ താല്‍പര്യപ്പെട്ടത് ഇതിനാലാണ്. സ്വാതന്ത്ര്യം എന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബോധപൂര്‍വം എതിര്‍ക്കലോ ബഹളം വെക്കലോ അല്ല. അല്ലെങ്കില്‍ ഒരു സംഗതി പുതുതായത് കൊണ്ടോ, വ്യക്തിയോടോ സംഘടനയോടോ ഭരണകൂടത്തോടോ പ്രകടിപ്പിക്കുന്ന കേവല പ്രതികരണങ്ങളും സ്വാതന്ത്ര്യത്തില്‍ പെടുകയില്ല.

വൈവാഹികമായ ബന്ധനങ്ങള്‍, ജോലിയുടെയ ബന്ധനം, വൈജ്ഞാനികവും ചിന്താപരവും പ്രബോധനപരവുമായ ചിന്താധാരകളുടെ ബന്ധനം, ഭരണത്തിന്റെയും അണികളുടെയും ഭൂരിപക്ഷത്തിന്റെയും സുഹൃത്തുക്കളുടെയും ബന്ധനങ്ങള്‍, ഇപ്രകാരം നിരവധി ബന്ധനങ്ങളുമായിട്ടാണ് മനുഷ്യജീവിതം മുന്നോട്ടു പോകുന്നത്. അതിനു പുറമെയാണ് മനസ്സിന്റെ ഉള്ളിലെ നിരവധി ബന്ധനങ്ങള്‍… മനസിന്റെ പിശുക്കില്‍ നിന്നും രക്ഷ പ്രാപിച്ചവര്‍ ആരോ അവരാണ് വിജയികള്‍ എന്ന് അല്ലാഹു വിവരിച്ചത് അതിനാലാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി ധാരാളം ആളുകള്‍ പ്രക്ഷോഭം നയിക്കുന്നു, എന്നാല്‍ അതില്‍ നിന്ന് അത് ആസ്വദിക്കാന്‍ വളരെ കുറച്ച് പേര്‍ക്കേ സാധിക്കുന്നുള്ളൂ.

അല്ലാഹുവിന് പൂര്‍ണമായ അടിമത്വം അര്‍പിക്കുന്നതോടെ മനുഷ്യന്‍ മറ്റെല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തമാകുന്നു. പിന്നീട് അവന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഇഛക്കനുസൃതമായിരിക്കും. ആ സമര്‍പ്പണത്തിലൂടെ മറ്റെല്ലാ ബന്ധനങ്ങളെയും അതിജയിച്ചുകൊണ്ട് മുന്നോട്ട് പോകാനും മാനുഷികമായ സ്വാതന്ത്ര്യം അനുഭവിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തില്‍ മനുഷ്യര്‍ തന്നെ പോലെയുള്ള മനുഷ്യരെ അടിമപ്പെടുത്തിയ എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് ഇഹപര വിജയം സാക്ഷാല്‍കരിക്കാനാണ് പ്രവാചകന്മാര്‍ ആഗതമായത്.

മുസ് ലിം വനിതക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ ?

മുസ് ലിം വനിതക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ ?

സ്ത്രീ നിയമനിര്‍മാണസഭയിലേക്ക് മത്സരിക്കുന്നത് അനുവദനീയമാണോ ? ഒരു വിശദീകരണം തരുമെന്ന് പ്രതീക്ഷിക്കുന്നുvote
——————-
ഉത്തരം: പുരുഷനെപ്പോലെ സ്ത്രീയും മതനിയമങ്ങള്‍ ബാധകമാകുന്ന വ്യക്തിയാണ്. അല്ലാഹുവിനെ ആരാധിക്കുക, അവന്റെ ദീന്‍ നിലനിര്‍ത്തുക, നിര്‍ബന്ധകര്‍മങ്ങള്‍ അനുഷ്ഠിക്കുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുക, അല്ലഹു നിശ്ചയിച്ച പരിധികള്‍ പാലിക്കുക, അവന്റെ മാര്‍ഗത്തിലേരക്ക് പ്രബോധനം ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീയുടെയും ബാധ്യതയാണ്. അല്ലാഹുവിന്റെ എല്ലാ കല്‍പനകളും ‏‏‏‏‏ പുരുഷന്മാരോട് മാത്രമുള്ള സംബോധനകളൊഴിച്ച് ‏‏‏‏‏ സ്ത്രീയോടും കൂടിയുള്ളതാണ്. അല്ലാഹു മനുഷ്യരേ എന്നോ, സത്യവിശ്വാസികളേ എന്നോ സംബോധന ചെയ്യുമ്പോള്‍ സ്ത്രീയും അതിലുള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല

. ഒരിക്കല്‍ തിരുമേനി ‘ജനങ്ങളേ’ എന്നു വിളിച്ചപ്പോള്‍ ഉമ്മുസലമഃ അത് കേട്ടു. അവര്‍ എന്തോ ജോലിത്തിരക്കിലായിരുന്നു. അവര്‍ വേഗം തിരുമേനിയുടെ വിളിക്കുത്തരം നല്‍കാന്‍ ഓടിവന്നു. അവരുടെ ഉത്തരം നല്‍കാനുള്ള ധൃതികണ്ട് ചിലര്‍ അത്ഭുതം പ്രകടിപ്പിച്ചു. അപ്പോള്‍ ഉമ്മുസലമഃ പറഞ്ഞു: “ഞാന്‍ ജനങ്ങളില്‍പെട്ട ആളാണ്.”

മതകല്‍പനകള്‍ ബാധകമാകുന്നതില്‍ സ്ത്രീ പുരുഷനെപ്പോലെത്തന്നെയാണെന്നതാണ് പൊതുവായ അടിസ്ഥാനതത്വം. എന്നാല്‍ പുരുഷനെ വേര്‍തിരിച്ചുപറഞ്ഞത് അതിലുള്‍പ്പെടുകയില്ല. അല്ലാഹു പറയുന്നു: “നിങ്ങളില്‍ ഓരോ വിഭാഗവും മറ്റേ വിഭാഗത്തില്‍നിന്നുല്‍ഭവിച്ചതാകുന്നു.” (ആലുഇംറാന്‍: 195). തിരുമേനി പറഞ്ഞു: “തീര്‍ച്ചയായും സ്ത്രീകള്‍ പുരുഷ•ാരുടെ ഉടപ്പിറപ്പുകളാകുന്നു.” (അഹ്മദ്, തിര്‍മിദി, അബൂദാവൂദ്)

സമൂഹത്തിന്റെ ഉദ്ധരണം, സംസ്കരണം എന്നീ ഉത്തരവാദിത്തങ്ങള്‍ സ്ത്രീയെയും പുരുഷനെയും അല്ലാഹു ഏല്‍പിച്ചു. അതിനാണ് ഇസ്ലാമിന്റെ സാങ്കേതികഭാഷയില്‍ ‘നന്മകല്‍പിക്കലും തിന്മവിരോധിക്കലും’ എന്നു പറയുന്നത്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ നന്മകല്‍പിക്കുകയും തിന്മയില്‍നിന്ന് വിലക്കുകയും നമസ്കാരം മുറപോലെ നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.” (അത്തൌബ: 67)

ഖുര്‍ആന്‍ ഇവിടെ സത്യവിശ്വാസികളുടെ സ്വഭാവം എടുത്തുപറഞ്ഞിരിക്കുകയാണ്. നേരത്തെ ഖുര്‍ആന്‍ കപടവിശ്വാസികളുടെ സ്വഭാവം എടുത്തുപറഞ്ഞു: “കപടവിശ്വാസികളും കപടവിശ്വാനികളും ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും സദാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നു.” (അത്തൌബ: 67)

കപടവിശ്വാസിനികള്‍ കപടവിശ്വാസികളുമായിച്ചേര്‍ന്ന് സമൂഹത്തെ ദുഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, സത്യവിശ്വാസിനികള്‍ സത്യവിശ്വാസികളോടൊപ്പം ചേര്‍ന്ന് സമൂഹത്തെ നന്നാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

തിരുമേനിയുടെ കാലത്ത് സ്ത്രീകള്‍ ഈ ദൌത്യം നിര്‍വഹിച്ചിരുന്നു. തിരുമേനിയെ സത്യപ്പെടുത്തിയും പിന്തുണച്ചും ആദ്യമായുയര്‍ന്ന ശബ്ദം ഖദീജ എന്ന സ്ത്രീയുടേതായിരുന്നു. ഇസ്ലാമിലെ ആദ്യ രക്തസാക്ഷി അമ്മാറിന്റെ മാതാവായ സുമയ്യയായിരുന്നു.

ചില സ്ത്രീകള്‍ തിരുമേനിയോടൊപ്പം ചേര്‍ന്ന് ഉഹ്ദിലും ഹുനൈനിലും മറ്റും യുദ്ധം ചെയ്തിട്ടുണ്ട്. ബുഖാരിയിലെ ഒരധ്യായത്തിന്റെ പേര് ‘സ്ത്രീകളുടെ’ യുദ്ധം എന്നണ്.

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും തെളിവുകള്‍ പരിശോധിക്കുന്ന ഒരാള്‍ക്ക് അതിലെ നിയമങ്ങള്‍ ഇരുവിഭാഗത്തിനുമാണെന്ന് കാണാന്‍കഴിയും. എന്നാല്‍ പ്രകൃതിപരമായ കാരണത്താല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വേര്‍തിരിച്ചു പറഞ്ഞത് ഇതിലുള്‍പ്പെടുകയില്ല. അതിനാല്‍ സ്ത്രീക്ക് ആര്‍ത്തവം, ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍, ശിശുപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേകനിയമങ്ങളുണ്ട്.

കുടുംബത്തിന്റെ നേതൃപരമായ ഉത്തരവാധിത്വം പുരുഷനാണ്. സ്ത്രീക്ക് ചെലവിന് കൊടുക്കുകയും അവളെ സംരക്ഷിക്കുകയും ചെയ്യേണ്ടത് അവന്റെ ഉത്തരവാദിത്വമാണ്.

അതുപോലെ അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളുണ്ട്. അവിടെ പുരുഷന് രണ്ടുസ്ത്രീകളുടേതിന് തുല്യമായ ഓഹരി ലഭിക്കും. അതിലെ യുക്തി വളരെ വ്യക്തമാണ്. അത് പുരുഷനും സ്ത്രീയും തമ്മിലുള്ള ഉത്തരവാദിത്വത്തിന്റെയും സാമ്പത്തികബാധ്യതയുടെയും അടിസ്ഥാനത്തിലുള്ള വിഭജനമാണ്. അതുപേലെ സാമ്പത്തികവും സാമൂഹികവുമായ വ്യവഹാരങ്ങളില്‍ സാക്ഷിപറയുന്നത് സംബന്ധിച്ച നിയമങ്ങളുണ്ട്. രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമാക്കിയിരിക്കുന്നു. അതാകട്ടെ ജനങ്ങളുടെ അവകാശങ്ങളും മാന്യതയും പരിഗണിച്ച് തെളിവുകളില്‍ കൂടുതല്‍ ഉറപ്പ് വരുത്താന്‍വേണ്ടിയാണ്.

ഇക്കാരണത്താല്‍ പ്രസവം, മുലയൂട്ടല്‍ എന്നീ വിഷയങ്ങളില്‍ ഒരു സ്ത്രീയുടെയും സാക്ഷ്യവും സ്വീകരിക്കുന്നത് കാണാം.

തെളിവുകള്‍ പരിശോധിക്കുമ്പോള്‍

സ്ത്രീ പാര്‍ലമെന്റിലേക്കും ജനപ്രതിനിധിസഭയിലേക്കും മത്സരിക്കുന്നതിന്റെയും, ശര്‍ഇന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ ഈ ദൌത്യത്തിന് തിരഞ്ഞെടുക്കുന്നതിന്റെയും നിയമസാധുത പരിശോധിക്കുന്നത് ഈ അടിസ്ഥാനത്തിലായിരിക്കണം.

ചിലര്‍ ഇതിനെ നിഷിദ്ധവും വന്‍പാപവുമായി കാണുന്നു. പക്ഷേ, ഒരു കാര്യം ഹറാമാണെന്നു പറയാന്‍ ഖണ്ഡിതമായ തെളിവുവേണം. ഭൌതികകാര്യത്തിലെ അടിസ്ഥാം ‏‏‏‏‏ ഹറാമാണെന്നു കാണിക്കുന്ന തെളിവില്ലെങ്കില്‍ ‏‏‏‏‏ അത് ഹലാലാണ്. അപ്പോള്‍ ഇക്കാര്യം ഹറാമാണെന്ന് പറയുന്നവരുടെ തെളിവെന്താണ്?

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണമോ?

“നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുക” എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ അത്യാവശ്യഘട്ടങ്ങളിലല്ലാതെ വീടുവിട്ട് പുറത്തുപോകരുതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ഈ സൂക്തത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ബോധ്യമാകുന്നു:

1. സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകുന്നതുപോലെ, ഈ സൂക്തം പ്രവാചക പത്നിമാരെയാണ് അഭിസംബോധന ചെയ്യുന്നത്. പ്രവാചക പത്നിമാര്‍ക്ക് മറ്റു സ്ത്രീകള്‍ക്കില്ലാത്ത നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. അതുകൊണ്ട് അവരില്‍ ഒരാളുടെ കര്‍മത്തിന്റെ പ്രതിഫലം ഇരട്ടിയാണ്. അത് പോലെ ഒരു തെറ്റ് ചെയ്താല്‍ ഇരട്ടി ശിക്ഷയും ലഭിക്കും.

2. ഈ സൂക്തം ഉള്ളതോടുകൂടിത്തന്നെ പ്രവാചകപത്നി ആഇശ വീട്ടില്‍നിന്ന് പുറത്തിറങ്ങുകയും ജമല്‍യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. അത് തന്റെ മതപരമായ ബാധ്യതയാണെന്ന് കരുതിയതിനാലാണ് അവര്‍ അപ്രകാരം ചെയ്തത്. ഉസ്മാന്റെ ഘാതകരോട് പ്രതികാരം ചോദിക്കാന്‍ വേണ്ടിയായിരുന്നു അത്. അവരുടെ കണക്കുകൂട്ടല്‍ പിഴച്ചു എന്നത് വേറെ കാര്യം.

3. സ്ത്രീ യഥാര്‍ഥത്തില്‍തന്നെ തന്റെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിരിക്കുന്നു. അവള്‍ സ്കൂളുകളിലേക്കും കോളേജിലേക്കുമൊക്കെ പോകുകയുണ്ടായി. വിവിധ ജീവിത രംഗങ്ങളില്‍ ‏‏‏‏‏ ഡോക്ടറായും അധ്യാപികയായും ഇന്‍സ്പെക്ടറായും മാനേജരായും എല്ലാം ‏‏‏‏‏ അവള്‍ പ്രവര്‍ത്തിക്കുന്നു. കാര്യമായ ഒരെതിര്‍പ്പും ഉണ്ടായില്ല. സ്ത്രീക്ക് മര്യാദകള്‍ പാലിച്ച് പുറത്തുപോയി പ്രവര്‍ത്തിക്കാമെന്ന് ഏതാണ്ടെല്ലാവരും അംഗീകരിച്ചിരിക്കുന്നു.

4. മതനിഷ്ഠ പാലിക്കുന്ന മുസ്ലിം വനിതകള്‍, പര്‍ദ്ദയില്ലാത്തവരും മതനിഷേധികളുമായ സ്ത്രീകളെ നേരിടാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവരും. ചിലപ്പോള്‍ സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യം, സ്ത്രീക്ക് പൊതുരംഗത്തേക്ക് വരാന്‍ അനുവാദം നല്‍കുന്ന വ്യക്തിപരമായ ആവശ്യത്തേക്കാള്‍ വലുതും പ്രധാനവുമായിരിക്കും.

5. സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിടുന്നത് ഒരു ഘട്ടത്തില്‍ ‏‏‏‏‏ നിര്‍ണിതമായ ശിക്ഷ വിധിക്കുന്നതിനുമുമ്പ് ‏‏‏‏‏ അനാശാസ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട സ്ത്രീക്കുള്ള ശിക്ഷയായിരുന്നു. അല്ലാഹു പറയുന്നു: “അപ്പോള്‍ നിങ്ങളവരെ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നതുവരെ” (അന്നിസാഅ്: 15). അപ്പോള്‍ അതെങ്ങനെയാണ് മുസ്ലിം സ്ത്രീയുടെ സ്ഥായിയായ വിശേഷണമാവുക?

തെറ്റിന്റെ പഴുതടയ്ക്കല്‍

പ്രശ്നത്തെ ‘പഴുതടയ്ക്കുക’ എന്ന വീക്ഷണത്തില്‍ നോക്കിക്കാണുന്നവരുണ്ട്. സ്ത്രീ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പുരുഷന്മാരുമായി കൂടിക്കലരാനും ചിലപ്പോള്‍ അവരോടൊത്ത് തനിച്ചിരിക്കാനും ഇടയാകും. ഇത് ഹറാമാണ്. അപ്പോള്‍ ഹറാമിലേക്ക് നയിക്കുന്ന കാര്യവും ഹറാമാണ്. ഇതാണവരുടെ വാദം.

തി•യുടെ പഴുതടയ്ക്കേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, പഴുതടയ്ക്കലിലെ തീവ്രത, അത് തുറന്നിടുന്നതിലെ തീവ്രതപോലെത്തന്നെയാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ അതിനെത്തുടര്‍ന്ന് ധാരാളം നന്മകള്‍ നഷ്ടമാവുകയും ചെയ്യും. അത് ഭയപ്പെടുന്ന തിന്മയേക്കാള്‍ എത്രയോ കൂടുതലായിരിക്കും.

ഫിത്നയും ഫസാദും ഉണ്ടാകുമെന്ന് ഭയപ്പെട്ടതിന്റെ പേരില്‍ സ്ത്രീ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവര്‍ ഇതൊരു തെളിവായി ഉദ്ധരിക്കാറുണ്ട്. അങ്ങനെയാവുമ്പോള്‍ മതബോധമുള്ളവരുടെ ധാരാളം വോട്ടുകള്‍ നഷ്ടമാവുന്നു. അതാകട്ടെ മതനിഷേധികള്‍ക്കെതിരില്‍ ഉപയോഗിക്കേണ്ട വോട്ടുകളാണ്. പ്രത്യേകിച്ച് മതതല്‍പരല്ലാത്ത സ്ത്രീകളുടെ വോട്ടുകളാണ് മറുഭാഗം ഉപയോഗപ്പെടുത്തുന്നത്.

ഒരു കാലത്ത് പണ്ഡിതന്മാര്‍ സ്ത്രീ വിദ്യാഭ്യാസത്തിന് എതിരുനില്‍ക്കുകയുണ്ടായി. പെണ്‍കുട്ടികള്‍ സ്കൂളിലും കോളേജിലും പോകുന്നതിനെ അവര്‍ എതിര്‍ത്തു. അതും പഴുതടയ്ക്കലിന്റെ ഭാഗമായിട്ടായിരുന്നു. ചിലര്‍ പറഞ്ഞു: പെണ്‍കുട്ടികള്‍ വായിക്കാന്‍ പഠിച്ചോട്ടെ, എഴുതാന്‍ പഠിക്കരുത്. എഴുത്ത് പഠിച്ചാല്‍ പ്രേമലേഖനം എഴുതും. പക്ഷേ, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് വാദിക്കുന്ന തരംഗം വിജയിക്കുകയും വിദ്യാഭ്യാസം സ്വയം തി•യല്ലെന്നും മറിച്ച്, ധാരാളം നന്മകള്‍ക്ക് കാരണമായിത്തീരുമെന്നും തിറിച്ചറിയുകയുണ്ടായി.

അതുകൊണ്ട് നമുക്ക് പറയാനുള്ളതിതാണ്: മതബോധമുള്ള മുസ്ലിംവനിത ‏‏‏‏‏അവള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്താല്‍ ‏‏‏‏‏ ഇസ്ലാമിന്റെ കല്‍പനയോട് എതിരാവുന്ന, പുരുഷന്മാരുമായി കൂടിക്കലരുന്നത് ഒഴിവാക്കേണ്ടതാണ്. അഥവാ, കുണുങ്ങിയുള്ള സംസാരം, പര്‍ദ്ദ ആചരിക്കാതിരിക്കല്‍, രക്തബന്ധുവല്ലാത്ത പുരുഷന്റെ കൂടെ തനിച്ചിരിക്കല്‍, ഒരു നിയന്ത്രണവുമില്ലാതെ പുരുഷന്മാരുമായി കൂടിക്കലരല്‍ എന്നവയെല്ലാം ഉപേക്ഷിക്കണം. മതബോധമുള്ള മുസ്ലിം വനിതകള് ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കും തീര്‍ച്ച.

സ്ത്രീ പുരുഷനെ ഭരിക്കല്‍

സ്ത്രീ നിയമനിര്‍മാണസഭയിലേക്ക് മത്സരിക്കുക എന്നാല്‍ സ്ത്രീ പുരുഷന്റെമേല്‍ അധികാരം വാഴുകയാണെന്നു പറഞ്ഞ് ചിലരതിനെ എതിര്‍ക്കുന്നു. അത് വിലക്കപ്പെട്ടതാണെന്നും, ഖുര്‍ആന്‍ അംഗീകരിച്ച കാര്യം, പുരുഷന്‍ സ്ത്രീയുടെമേല്‍ ആധിപത്യം വാഴലാണെന്നുമാണ്. അപ്പോള്‍ എങ്ങനെയാണ് നാം ഈ അവസ്ഥ മാറ്റിമറിക്കുകയും സ്ത്രീ പുരുഷന്റെ മേല്‍ അധികാരം വാഴുന്നവരാകുകയും ചെയ്യുക?

രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:

ഒന്ന്: നിയമനിര്‍മാണ സഭയിലേക്കെത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ പരിമിതമാണ്. ബഹുഭൂരിപക്ഷവും പുരുഷന്മാരായിരിക്കും. ഈ ഭൂരിപക്ഷമാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ഒരു കാര്യം വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് അവരാണ്. അപ്പോള്‍ സ്ത്രീ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ സ്ത്രീ പുരുഷന്റെ മേല്‍ അധികാരം വാഴുകയാണെന്ന് പറയാന്‍ കഴിയുകയില്ല.

രണ്ട്: പുരുഷന്‍ സ്ത്രീയുടെ മേല്‍ അധികാരം വാഴുന്നു എന്ന് ഖുര്‍ആനില്‍ പറഞ്ഞത്, അത് ദാമ്പത്യജീവിതത്തിലാണ്. അതായത്, പുരുഷന്‍ കുടുംബത്തിന്റെ നായകനാണ്. അവനാണ് കുടുംബത്തിന്റെ ഉത്തരവാദിത്വമേല്‍ക്കുന്നത്. അല്ലാഹു പറയുന്നു: “പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്.” (അന്നിസാഅ്: 34)

‘പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിച്ചതുകൊണ്ടും’ എന്ന വാക്കിന്റെ സാരം, അത് കുടുംബത്തിനുമേലുള്ള നിയന്ത്രണാധികാരമാകുന്നു. അത് അല്ലാഹു പുരുഷന് നല്‍കിയ സ്ഥാനമാണ്. അല്ലാഹു പറയുന്നു: “സ്തരീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകളുള്ളതുപോലെത്തന്നെ അവര്‍ക്ക് ന്യായപ്രകാരം അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാളുപരി ഒരു പദവിയുമുണ്ട്.” (അല്‍ബഖറ: 228)

പുരുഷന്‍ കുടുംബനായകനായതോടുകൂടിത്തന്നെ സ്ത്രീക്ക് അവളുടേതായ ഭാഗധേയവുമുണ്ട്. കുടുംബത്തെ ബാധിക്കുന്ന വിഷയത്തില്‍ അവളുടെ അഭിപ്രായം ആരായണം. കുട്ടിയുടെ മുലകുടി നിര്‍ത്തുന്ന കാര്യത്തില്‍ അപ്രകാരം ചെയ്യണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുകയുണ്ടായി. അല്ലാഹു പറയുന്നു: “ഇനി അവരിരുവരും കൂടിയാലോചിച്ച് തൃപ്തിപ്പെട്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താനുദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും കുറ്റമില്ല.” (അല്‍ബഖറ: 233)

അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ തിരമേനി ഇപ്രകാരം പറഞ്ഞു: “പെണ്‍കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ സ്ത്രീകളുമായി കൂടിയാലോചിക്കുക.” അതായത്, അവരുടെ വിവാഹ കാര്യത്തില്‍ നിങ്ങള്‍ സ്ത്രീകളുമായി കൂടിയാലോചിക്കുക.

എന്നാല്‍ കുടുംബവൃത്തത്തിനു പുറത്ത് ചില സ്ത്രീകള്‍ പുരുഷന്മാരുടെമേല്‍ വിലക്കുന്ന നിയമമൊന്നും ഉണ്ടായിട്ടില്ല. മറിച്ച്, പുരുഷന്റെമേല്‍ മൊത്തമായി ആധിപത്യം ചെലുത്തുന്നതാണ് വിലക്കപ്പെട്ടത്.

അബൂബക്റില്‍നിന്ന് ബുഖാരി ഉദ്ധരിച്ച “തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പിച്ച സമുദായം വിജയിക്കുകയില്ല” എന്ന ഹദീസ്, അത് സമുദായത്തിന്റെ മേല്‍ മൊത്തം അഥവാ, രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ‘അവരുടെ കാര്യം’ എന്ന വാക്ക് അതാണ് സൂചിപ്പിക്കുന്നത്. അഥവാ, അവരുടെ നേതൃത്വത്തിന്റെ കാര്യവും പൊതുഭരണത്തിന്റെ കാര്യവുമാണ് പറയുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ സ്ത്രീ അധികാരം ഏറ്റെടുക്കുന്നതില്‍ കുഴപ്പമില്ല. ഉദാ: ഫത്വ, ഇജ്തിഹാദ്, വിദ്യാഭ്യാസം, ഹദീസ് നിവേദനം, മാനേജ്മെന്റെ എന്നിങ്ങനെ. പണ്ഡിതന്മാര്‍ ഏകോപിച്ച് പറഞ്ഞതനുസരിച്ച് ഇത്തരം കാര്യങ്ങളില്‍ സ്ത്രീക്ക് നേതൃത്വം ഏറ്റെടുക്കാം. കാലാകാലങ്ങളില്‍ അപ്രകരം സംഭവിച്ചിട്ടുണ്ട്. ഹദ്ദിന്റെയും ഖിസ്വാസിന്റെയും കേസുകളിലൊഴിച്ച് സ്ത്രീയുടെ സാക്ഷ്യത്തിന്റെ പേരില്‍ വിധിപറയാമെന്ന് അബൂഹനീഫ പറഞ്ഞിരിക്കുന്നു. അതൊടൊപ്പം പിന്‍ഗാമികളായ ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഹദ്ദിലും ഖിസ്വസിലും സ്ത്രീയുടെ സാക്ഷ്യം പരിഗണിക്കാം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇബ്നുല്‍ഖയ്യിം ‘അത്തുറുഖുല്‍ ഹികമിയ്യ’യില്‍ അത് രേഖപ്പെടുത്തുകയും ത്വബ്രി അതംഗീകരിക്കുകയും ചെയ്തു. ഇബ്നു ഹസമും അതംഗീകരിച്ചു. ഇതിന്റെയര്‍ഥം, സ്ത്രീ ഖാദിസ്ഥാനം ഏറ്റെടുക്കുന്നത് വിലക്കുന്ന വ്യക്തമായ തെളിവൊന്നുമില്ല എന്നതാണ്. അല്ലെങ്കില്‍ ഇബ്നു ഹസം അത് മുറുകെപ്പിടിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും പതിവുപോലെ മറ്റുള്ളവരോട് അതിന്റെ പേരില്‍ ശണ്ഠകൂടുകയും ചെയ്യുമായിരുന്നു.

മേല്‍പറഞ്ഞ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ കാരണംതന്നെ അത് പൊതുഭരണമാണെന്ന് കുറിക്കുന്നു. പേര്‍ഷ്യക്കാരുടെ ചക്രവര്‍ത്തി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ബൂറാന്‍ ബിന്‍ത് കിസ്റായെ അവര്‍ രാജ്ഞിയായി അവരോധിച്ചു. അപ്പോഴാണ് തിരുമേനി മേല്‍പറഞ്ഞ വാക്കുകള്‍ പറഞ്ഞത്.

സന്തുഷ്ട സംതൃപ്ത ദാമ്പത്യം

സന്തുഷ്ട സംതൃപ്ത ദാമ്പത്യം ആഗ്രഹിക്കുന്നവര്‍ അറിയേണ്ടത്…

പങ്കാളികളുടെ സ്വഭാവസവിശേഷതകളാല്‍ ഒരുപക്ഷേ സ്വര്‍ഗമോ അല്ലെങ്കില്‍ നരകമോ ആയേക്കാവുന്ന, ഇസ്‌ലാമിലെ തികച്ചും മൂല്യവത്തും ദൈവികവുമായ ജീവസ്ഥാപനമാണ് ദാമ്പത്യം. പലപ്പോഴും പരാജിതദാമ്പത്യത്തിലെ പങ്കാളികള്‍ തങ്ങളുടെ തെറ്റുകളെ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനുപകരം ആത്മവിശ്വാസം നഷ്ടപ്പെട്ട് മറ്റുള്ളവരെയും സാഹചര്യങ്ങളെയും കുറ്റപ്പെടുത്താനാണ് വെമ്പല്‍കൊള്ളുന്നത്. വേറെ ചിലര്‍ സംതൃപ്തദാമ്പത്യം ഒരു സൗഭാഗ്യമായിമാത്രം കാണുന്നവരാണ്. യഥാര്‍ഥത്തില്‍ ഇതാണോ വസ്തുത ? ഇത്തരമൊരു ചിന്താഗതിയുമായി ഈ ലോകത്ത് നമുക്ക് ജീവിക്കാനാകുമോ? നമ്മുടെ തെറ്റുകളെ സമ്മതിക്കാതെ നിരുത്തരവാദിത്വപരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എത്രനാള്‍ കഴിയും ? എന്നല്ല, അല്ലാഹുവിന്റെ കല്‍പനകളെ പിന്‍പറ്റാതെ തന്നിഷ്ടപ്രകാരംജീവിച്ച് ഒടുക്കം എല്ലാ പഴിയും അവനുമേല്‍ ചൊരിയുന്നത് ദീനിനിഷേധമല്ലാതെ മറ്റെന്താണ്?

സ്‌നേഹം,കാരുണ്യം , ആശ്വാസം, സംതൃപ്തി

Continue reading

ഉത്തമയായ ഭാര്യ

. ഭര്‍ത്താവിനു അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.
2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.
4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.
7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.
9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
12. നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം…1231308_629723793728176_840515923_n

സന്തുഷ്ട ജീവിതം ഇസ്‌ലാമിന്റെ ലക്ഷ്യം

സന്തുഷ്ട ജീവിതം ഇസ്‌ലാമിന്റെ ലക്ഷ്യംsaaada
എല്ലാ ദര്‍ശനങ്ങളും തത്വചിന്തകളും വിജ്ഞാനീയങ്ങളും ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ ഐശര്യമാണ്. അവരുടെയെല്ലാം പ്രവര്‍ത്തനത്തിന്റെയും ഉത്ഭവത്തിന്റെയും അച്ചുതണ്ട് മനുഷ്യനാണ്. എന്നാല്‍ മനുഷ്യന് സന്തോഷം നല്‍കുന്നതില്‍ ഈ വിജ്ഞാനീയങ്ങള്‍ക്കും തത്വചിന്തകള്‍ക്കും അബദ്ധം പിണഞ്ഞാല്‍ അവ പരാജയമെന്ന് വിധിയെഴുതും. ഇസ്‌ലാം എന്നത് ഒരു മാനവിക മതമാണ്. നിര്‍ണിതമായ ചില മൂല്യങ്ങള്‍ മനുഷ്യരിലും സമൂഹത്തിലും സന്നിവേശിപ്പിച്ചു കൊണ്ട് മനുഷ്യന്റെ സന്തോഷവും ജീവിത വിജയവും സാക്ഷാല്‍കരിക്കാനാണ് അത് അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായത്. മനുഷ്യരുടെ ഇഹ-പര വിജയമാണ് ആത്യന്തികമായി അതു മുന്നോട്ട് വെക്കുന്നത്.

വിജയത്തിന്റെ നിദാനമാണ് ഇസ്‌ലാമിക നിയമങ്ങള്‍
റോഡരികിലുള്ള ട്രാഫിക് സിഗ്നലുകള്‍ വാഹനമോടിക്കുന്നവര്‍ക്കും സഞ്ചരിക്കുന്നവര്‍ക്കും സുരക്ഷിതത്വത്തോടെ ലക്ഷ്യത്തിലെത്താന്‍ വേണ്ടി സ്ഥാപിച്ച നിയമ വ്യവസ്ഥകളാണെന്ന് നമുക്കറിയാം. അല്ലാഹു മനുഷ്യരെ ഭൂമുഖത്തേക്കയച്ചപ്പോള്‍ ആഹ്വാനം ചെയ്തു. ‘ ഈ മാര്‍ഗദര്‍ശനം ആരെങ്കിലും പിന്‍പറ്റിയാല്‍ അവര്‍ ഭയപ്പെടുകയോ വ്യസനിക്കുകയോ വേണ്ടിവരികയില്ല’. ശാരീരികവും മാനസികവുമായ സുരക്ഷിതത്വം നല്‍കി ഇഹപരലോകത്ത് പൂര്‍ണമായ സൗഭാഗ്യം നല്‍കുന്നതിനാണ് അല്ലാഹു മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കുകയും നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്. ശരീഅത്തിന്റെ പൊതു ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടവ മനുഷ്യന്റെ പൂര്‍ണമായ ഐശര്യമാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യന്റെ ഐശ്വര്യമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് എന്നതിന് ഖുര്‍ആനിലും ഹദീസിലും നിരവധി തെളിവുകള്‍ കാണാം. ‘നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു.’ (അന്നഹല്‍ 90) സാമൂഹികവും വ്യക്തിപരവുമായ വിജയം സാക്ഷാല്‍കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്ലാഹു ഈ മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഉല്‍കൃഷ്ടമായ ജീവിതത്തിനനിവാര്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രവാചകന്‍ (സ) വിവരിക്കുന്നതായി കാണാം. ‘ നിങ്ങള്‍ ഊഹത്തെ കരുതിയിരിക്കുക. ഊഹിച്ച് പറയുക എന്നത് ഏറ്റവും വ്യാജമായ സംസാരമാണ്. നിങ്ങള്‍ ചൂഴ്ന്നന്വേഷിക്കരുത്, അസൂയ വെച്ചുപുലര്‍ത്തരുത്, വിദ്വേഷം പ്രകടിപ്പിക്കരുത് അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരന്മാരായിത്തീരുക’. (ബുഖാരി) സമൂഹത്തില്‍ ഉണ്ടായിരിക്കേണ്ട സംസ്‌കാരത്തെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.

മനുഷ്യര്‍ക്ക് നന്മ വരുത്തുകയും ഉപദ്രവം തടയുകയും ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം നിലകൊള്ളുന്നത്. ‘സ്വയം പീഡനമോ പരപീഡനമോ പാടില്ല. ഉപദ്രവം തടയലിനാണ് ഉപകാരം സിദ്ധിക്കുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്.പൊതു ഉപദ്രവം തടയുന്നതിനായി പ്രത്യേക ഉപദ്രവം സഹിക്കണം, എളുപ്പമാക്കുക ഞെരുക്കമുണ്ടാക്കരത്’ എന്നു തുടങ്ങിയ കര്‍മശാസ്ത്ര പൊതുതത്വങ്ങള്‍ പ്രകാശിപ്പിക്കുന്നത് മനുഷ്യരുടെ ഐശര്യമാണ്.

സമൂഹത്തിലെ എല്ലാ വ്യക്തികളും പരസ്പര സഹവര്‍തിത്വത്തോടെ ജീവിക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുക എന്നത് അതിന്റെ സാമ്പത്തിക ശാസ്ത്രമാണ്. എന്നാല്‍ ജനങ്ങളുടെ സമ്പാദിക്കാനുള്ള പ്രകൃതിപരമായ ത്വരയെ ഇസ്‌ലാം അംഗീകരിക്കുകയും ചെയ്യുന്നു.
പശ്ചാത്യന്‍ സംസ്‌കാരം പോലെ സമൂഹത്തെ പരിഗണിക്കാതെ വ്യക്തികേന്ദ്രീകൃതമായതോ, വ്യക്തികളെ അംഗീകരിക്കാതെ സമൂഹത്തെ മാത്രം പരിഗണിക്കുന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറിച്ച് വ്യക്തിയുടെയും സമൂഹത്തിന്റെയും ഐശര്യമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ദര്‍ശനം. മനുഷ്യന്‍ ആത്മാവും ശരീരവും കൂടിയ ജീവിയാണ്. ഇവ രണ്ടും ഇബാദത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുക. ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുറുകെ പിടിച്ചു ഉല്‍കൃഷ്ട ജീവിതം നയിക്കുന്നതിലൂടെ ഐശര്യപൂര്‍ണമായ ജീവിതം സാധ്യമാകുകയുള്ളൂ.
അവലംബം : www.islamweb.net

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

പ്രാര്‍ഥനകള്‍

images du

മനുഷ്യരുടെ എല്ലാആവശ്യങ്ങളും നിറവേറ്റാനും അവരെ ആപത്തുകളില്‍നിന്നും ദോഷങ്ങളില്‍ നിന്നും രക്ഷിക്കാനും കഴിവുള്ളത് സൃഷ്ടാവായ അല്ലാഹുവിനു മാത്രമാണ്.അതിനാല്‍ നമ്മുടെ എന്താവശ്യവും സാധിക്കാനും ദോഷങ്ങള്‍ തടുക്കാനും അല്ലാഹുവോടു മാത്രമേപ്രാര്‍ഥിക്കാവൂ. اُدعُوني أستَجِب لَكُم (നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം) എന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ (البقرة: 186) أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ
(എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ സമീപസ്ഥനാണ്. എന്നോട് പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്കും) എന്നും ഖുര്‍ആനില്‍ കാണാം. അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്.
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (الجن: 18)
(ആരാധനാലയങ്ങള്‍ അല്ലാഹുവിന്റെ ഉടമയിലാണ്. ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരാളോടും നിങ്ങള്‍ പ്രാര്‍ഥിക്കരുത്). മനുഷ്യര്‍ ബോധപൂര്‍വമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങള്‍ പൊറുക്കാനും സല്‍കര്‍മമനുഷ്ഠിച്ച് ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതുപോലെ ഐഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനും അവനോട് പ്രാര്‍ഥിക്കാം. രോഗം സുഖപ്പെടാനും, ദാരിദ്ര്യവും കഷ്ടപ്പാടും നീങ്ങാനും, പരീക്ഷയില്‍ വിജയിക്കാനും ജീവിതത്തില്‍ സന്തോഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാര്‍ഥിക്കാവുന്നതാണ്. വിവിധകാര്യങ്ങള്‍ക്ക് നബി(സ) അല്ലാഹുവോട് പ്രാര്‍ഥിച്ചതായുംപ്രാര്‍ഥനകള്‍പഠിപ്പിച്ചതായും ഹദീഥുകളില്‍നിന്ന് ഗ്രഹിക്കാം. അല്ലാഹുവില്‍ പൂര്‍ണമായ വിശ്വാസത്തോടെയും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാര്‍ഥിക്കേണ്ടത്. ദുഷ്‌കര്‍മങ്ങളില്‍ നിന്നും നിഷിദ്ധ സമ്പാദ്യങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് പരിശുദ്ധഹൃദയത്തോടെ പ്രാര്‍ഥിക്കുന്നവര്‍ക്കാണ് പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുക. ഇങ്ങനെ പ്രാര്‍ഥിക്കുന്നവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു വിധത്തിലായിരിക്കുമെന്ന് റസൂല്‍(സ) അറിയിച്ചിട്ടുണ്ട്. ഒന്നുകില്‍ പ്രാര്‍ഥിച്ച കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കില്‍ മറ്റൊരനുഗ്രഹം നല്‍കുകയോ ദോഷം തടുക്കുകയോ ചെയ്യും. അല്ലാത്തപക്ഷം അത് പരലോകത്ത് നല്കാനായി നീട്ടിവെക്കും. മൂന്നുതരത്തിലായാലുംപ്രാര്‍ഥനകൊണ്ട് ഗുണം സിദ്ധിക്കുമെന്നര്‍ഥം. വിവിധപ്രാര്‍ഥനകള്‍പോലെവ്യത്യസ്തസന്ദര്‍ഭങ്ങളില്‍അല്ലാഹുവിനെസ്മരിക്കുകയുംപ്രകീര്‍ത്തിക്കുകയും ചെയ്യാനായിറസൂല്‍(സ) പഠിപ്പിച്ച ദിക്‌റുകളും തസ്ബീഹുകളുമുണ്ട്. അവയിലൂടെ അല്ലാഹുവിനെസ്മരിക്കുകയും സ്തുതിക്കുകയും വേണം. ഖുര്‍ആന്‍ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا. وَسَبِّحُوهُ بُكْرَةً وَأَصِيلًا (الأحزاب: 41، 42)
(സത്യവിശ്വാസികളേ, നിങ്ങള്‍അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.)
പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാന്‍ കൂടുതല്‍ അര്‍ഹമായ സന്ദര്‍ഭങ്ങളും ശ്രേഷ്ഠസമയങ്ങളുമുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കുശേഷം, നോമ്പുതുറക്കുമ്പോള്‍, രാത്രിയുടെ അന്ത്യയാമങ്ങളില്‍ തുടങ്ങിയവ അതില്‍പ്പെടുന്നു. നമസ്‌കാരാനന്തര പ്രാര്‍ഥന ഉത്തരം ലഭിക്കാന്‍ ഏറെ അര്‍ഹമാണ്. അബൂഉമാമ(റ)പറയുന്നു:
قِيلَ : يَا رَسُولَ اللَّهِ ، أَيُّ الدُّعَاءِ أَسْمَعُ ؟ قَالَ : ” جَوْفَ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ ”
(അല്ലാഹുവിന്റെദൂതരേ, ഉത്തരം ലഭിക്കാന്‍ കൂടുതല്‍ അര്‍ഹമായപ്രാര്‍ഥന ഏതാണ് എന്ന ചോദ്യം വന്നു.നബി(സ) പറഞ്ഞു:പാതിരാ നേരത്തും നിര്‍ബന്ധന മസ്‌കാരങ്ങള്‍ക്കുശേഷവും.)
(സല്‍മാനില്‍നിന്ന്‌നിവേദനം.നബി(സ)പറഞ്ഞു:നിങ്ങളുടെ നാഥന്‍ലജ്ജാശീലനാണ്, ഉദാരനാണ്. തന്റെ നേരെ അടിമ ഉയര്‍ത്തിയ കൈ വെറുതെ മടക്കാന്‍ അവന്‍ ലജ്ജിക്കുന്നു.)
അല്ലാഹുവിനെ സ്തുതിച്ചും അവനെ പ്രകീര്‍ത്തിച്ചും നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയും വേണം പ്രാര്‍ഥന തുടങ്ങാന്‍. വിനയവും വിധേയത്വവും പ്രകടിപ്പിച്ചും ഹൃദയസാന്നിധ്യം ഉറപ്പുവരുത്തിയുമാവണം അത്. കുറ്റകരമായ കാര്യത്തിനോ ബന്ധവിച്ഛേദത്തിനോ ആവരുത് പ്രാര്‍ഥന. ഉത്തരം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചും ഉത്തരം ലഭിക്കുന്നതു വൈകിപ്പോകുന്നു എന്ന ദുഷ്ചിന്തയില്ലാതെയും വേണം അത്.

ദൈനംദിന പ്രാര്‍ഥനകള്‍

dua

ഉറക്കം ഉണരുമ്പോള്‍
الحَمْدُ لله الذِي أحيَانا بَعْدَ ما أمَاتنَا وإِلَيْهِ النُشُور (بخاري)
(ഞങ്ങളെ രമിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിന് സര്‍വ്വസ്തുതിയും. അവനിലേക്ക് തന്നെയാണ് പുനരുജ്ജീവിപ്പിക്കുന്നതും.)
പ്രഭാതത്തിലെ പ്രാര്‍ഥനകള്‍
أصْبَحْناَ وأَصْبَحَ المُلْكُ لله ربِّ العَالمِين، اللهمَّ إنِّي أَسْأَلُكَ خَيرَ هَذا اليَومِ وَفَتْحَهُ ونَصْرَهُ ونُورَهُ وَبَرَكَتَهُ وهُداهُ وَأَعُوذُ بكَ مِنْ شرِّ مَا فِيهِ وَشَرِّ مَا بَعْدَهُ (ابوداود)
(ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചു. ലോകത്തിന്റെ ആധിപത്യം മുഴുവന്‍ സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു. അല്ലാഹുവേ, ഈ ദിനത്തിലെ നന്മയും വിജയവും സഹായവും പ്രകാശവും അനുഗ്രഹങ്ങളും സന്മാര്‍ഗവും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ദിനത്തിലുള്ള എല്ലാത്തിന്റെയും അതിനുശേഷമുള്ള എല്ലാത്തിന്റെയും ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുകയും ചെയ്യുന്നു.)
اللهُمّ بِكَ أَصْبَحْنَا وَبِكَ أمْسَيْنَا وَبِكَ نَحْيى وَبِكَ نَمُوتُ وَاِلَيْكَ النُّشُورَ (ترمذي)
(അല്ലാഹുവേ, നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ ജീവിക്കുന്നു, മരിക്കുന്നു, പുനരുജ്ജീവിപ്പിക്കപ്പെടുന്നതും നിന്നിലേക്ക് തന്നെയാണ്.)
أَصْبَحْنَا عَلَى فِطْرَةِ الإِسْلاَم وَكَلِمة الإخْلاص وعلى دينِ وَعَلَى دِينِ نَبِيِّنَا مُحَمّد صلّى الله عَلَيْهِ وَسَلّم وَعَلى مِلّةِ أَبِينَا اِبْرَاهِيمَ حَنِيفًا وَمَا كانَ مِنَ المُشْرِكِين (أحْمد، دارمي)
(ഇസ്‌ലാമിന്റെ പ്രകൃതിയിലും നിഷ്‌കളങ്കതയുടെ വചനത്തിലും നമ്മുടെ നബി മുഹമ്മദിന്റെ(സ) ദീനിലും ഋജുമാനസനായ, ബഹുദൈവവിശ്വാസികളില്‍ ഉള്‍പ്പെടാത്ത നമ്മുടെ പിതാമഹന്‍ ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തിലുമായി നാമിതാ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു.)
രാവിലെയും വൈകുന്നേരവും
بِسْمِ الله الّذِي لا يَضُرّ مَعَ اسْمِهِ شَيْءٌ في الأرْضِ وَلا في السّمَاءِ وَهُوَ السّمِيعُ العَلِيمُ،
(ആരുടെ നാമത്തോടെ ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു വസ്തുവും ഉപദ്രവിക്കുകയില്ലയോ ആ അല്ലാഹുവിന്റെ നാമത്തില്‍, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രേ.)
പ്രാര്‍ഥനകളുടെ നേതാവെന്ന് പേരുള്ള താഴെ പറയുന്ന പ്രാര്‍ഥന രാവിലെയും വൈകുന്നേരവും ചൊല്ലുന്നതിന് വലിയ പ്രാധാന്യമുണ്ട്.
اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإنَّهُ لا يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
(അല്ലാഹുവേ, നീ എന്നെ സൃഷ്ടിച്ച നാഥനാണ്. നീയല്ലാതെ ഒരു ആരാദ്യനുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ അടിമയാണ്. എന്റെ കഴിവിന്റെ പരമാവധി നിന്റെ കല്‍പനയും നിന്നോടുള്ള കരാറും അനുസരിച്ച് ഞാന്‍ നിലകൊള്ളുന്നതാണ്. എന്റെ പ്രവൃത്തിയുടെ ദോഷത്തില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുന്നു. നീ എനിക്ക് ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ നിന്നോട് ഞാനിതാ സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. നീയല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ മറ്റാരുമില്ല.)

വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍
മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ആദ്യം ‘ബിസ്മില്ലാഹ്’ എന്നും പിന്നെ
اللهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبْثِ والخَبَائِثِ (مُتفق عليه)
(അല്ലാഹുവേ, മ്ലേഛതകളില്‍ നിന്നും മ്ലേഛമായവയില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു) എന്നും പറയണം.
വിസര്‍ജനസ്ഥലത്ത് നിന്ന് പുറത്ത് കടന്നാല്‍ غَفْرَانَكَ (അല്ലാഹുവേ, നിന്റെ മാപ്പ് ഞാനാവശ്യപ്പെടുന്നു) എന്ന് നബി(സ) പ്രാര്‍ഥിച്ചിരുന്നതയി ആഇശ(റ) പ്രസ്താവിക്കുന്നു.
الحمد لله الذي أذهب عني الأذى وعافاني
(എന്നില്‍ നിന്നും ഉപദ്രവത്തെ നീക്കുകയും സൗഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും)
വസ്ത്രം ധരിക്കുമ്പോള്‍
الحَمْدُ لله الذِي كَسَانِي هَذا وَ رَزَقَنِيه من غَيْرِ حَوْلِ مِنِّي وَ لَا قُوَّةٍ
(എന്റെ കഴിവോ ശക്തിയോ കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും അതെനിക്കു നല്‍കുകയും ചെയ്ത അല്ലാഹുവിനു സര്‍വസ്തുതി.)
اللهُمَّ لَكَ الحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلَكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
(അല്ലാഹുവേ, നിനക്ക് സ്തുതി. നീയാണ് എനിക്കിത് ഉടുപ്പിച്ചത്. ഇതിന്റെ നന്മയും എന്തിനുവേണ്ടി ഇത് നിര്‍മ്മിക്കപ്പെടുവോ അതിന്റെ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. അതിന്റെ ദോഷത്തില്‍ നിന്നും അതെന്തിനു വേണ്ടി ഉണ്ടാക്കിയതാണോ അതിന്റെ ദോഷത്തില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു.)
കണ്ണാടിയില്‍ നോക്കുമ്പോള്‍
اللهمّ كَمَا أَحْسَنْتَ خَلْقِي فَأَحْسِنْ خُلُقِي
(അല്ലാഹുവേ, എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ എന്റെ സ്വഭാവവും നന്നാക്കേണമേ.)
ഭക്ഷണം കഴിക്കുമ്പോള്‍
ഭക്ഷണപാനീയങ്ങള്‍ കഴിക്കാനാംരംഭിക്കുമ്പോള്‍ ‘ബിസ്മില്ലാഹി’ എന്നു ചൊല്ലല്‍ പ്രധാന സുന്നത്താകുന്നു.
ആരംഭത്തില്‍ അത് പറയാന്‍ വിട്ടുപോകുന്ന പക്ഷം بِسْمِ الله أَوَّلَهُ وآخِرَهُ (ആദ്യം മുതല്‍ അവസാനം വരെ അല്ലാഹുവിന്റെ നാമത്തില്‍) എന്നു പറയണം.
ഭക്ഷണത്തിന് ശേഷം
الحَمْدُ لله الذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنّي ولا قُوّةٍ
(ഇതെനിക്ക് ഭക്ഷിപ്പിച്ചവനും എന്റെ കഴിവോ ശക്തിയോ കൊണ്ടല്ലാതെ എനിക്കിത് നല്‍കിയവനുമായി അല്ലാഹുവിന് സര്‍വസ്തുതി.)
الحَمْدُ لله الذِّي أَطْعَمَنَا وَسَقَانَا ، وَجَعَلَنَا مُسْلِمين
(ഞങ്ങളെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ഞങ്ങളെ മുസ്‌ലിംകളാക്കിത്തീര്‍ക്കുകയും ചെയ്ത അല്ലാഹുവിനു സര്‍വസ്തുതി.)
ആതിഥേയന് വേണ്ടിയുള്ള പ്രാര്‍ഥന
اللهُمَّ بَارِكْ لَهُم فِيمَا رَزَقْتَهُم، وَاغْفِر لَهُم ، وَارْحَمْهُم
(അല്ലാഹുവേ, ഇവര്‍ക്ക് നീ നല്‍കിയതില്‍ വര്‍ധനവ് നല്‍കുകയും ഇവര്‍ക്ക് പൊറുത്തുകൊടുക്കുകയും കാരുണ്യം വര്‍ഷിക്കുകയും ചെയ്യേണമേ.)
തുമ്മിയാല്‍
തുമ്മിയാല്‍ الحَمْدُ لله (അല്ലാഹുവിന് സര്‍വസ്തുതി) എന്ന് പറയണം. അത് കേള്‍ക്കുന്നവര്‍ يَرحَمُكَ الله (അല്ലാഹു നിങ്ങളോട് കരുണ ചെയ്യട്ടെ) എന്ന് പ്രാര്‍ഥിക്കണം. അപ്പോള്‍ തുമ്മിയയാള്‍ يَهْدِيكُمُ الله ويُصْلِحُ بَالَكُم (അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കുകയും നിങ്ങളുടം സ്ഥിതി നന്നാക്കുകയും ചെയ്യട്ടെ) എന്നു പറയണം.
ഇഷ്ടപ്പെട്ട വസ്തു കണ്ടാല്‍
ما شاء الله لا قوة إلا بالله
(അല്ലാഹു ഉദ്ദേശിച്ചതാണ്, അല്ലാഹുവിനല്ലാതെ ഒരു ശക്തിയുമില്ല)
അപ്രകാരം ഇഷ്ടപെടാത്ത കാര്യങ്ങള്‍ കാണുമ്പോള്‍
الحمد لله على كل حال
(ഏതവസ്ഥയിലും അല്ലാഹുവിന് സ്തുതി) എന്നും പറയണം.
സദസ്സ് പിരിയുമ്പോള്‍
سبحانك اللهم بحمدك أشْهَدُ أَنْ لا إله إلا أنت أستغفرك وأتوب إليك
(അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പാപമോചനത്തിനര്‍ഥിക്കുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)
വീട്ടില്‍ നിന്ന് പുറത്ത് പോവുമ്പോള്‍
بسم الله ، توكلت على الله ، لاحول ولاقوة إلا بالله
(അല്ലാഹുവിന്റെ നാമത്തില്‍ അവനില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു. അവനല്ലാതെ ഒരു ശക്തിയും കഴിവുമില്ല.)
പ്രദോഷത്തില്‍
وَأَمْسَى الْمُلْكُ لِلَّهِ رب العالمين اللهم إني رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ فتحها ونصرها ونورها وبركتها وهُدَاهَا وأَعُوذُ بِكَ مِنْ شَرِّ مَا فِيهَا وَشَرِّ مَا بَعْدَهَا.
(ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചു. ലോകത്തിന്റെ ആധിപത്യം മുഴുവന്‍ സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു. അല്ലാഹുവേ, ഈ രാത്രിയുടെ നന്മയും വിജയവും സഹായവും പ്രകാശവും അനുഗ്രഹങ്ങളും സന്മാര്‍ഗവും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാത്രിയിലുള്ള എല്ലാത്തിന്റെയും അതിനുശേഷമുള്ള എല്ലാത്തിന്റെയും ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുകയും ചെയ്യുന്നു.)
اللهم بك أمسينا، وبك أصبحنا، وبك نحيا، وبك نموت، وإليك المصير
(അല്ലാഹുവേ, നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചു. നിന്റെ സഹായത്താല്‍ ഞങ്ങള്‍ ജീവിക്കുന്നു, മരിക്കുന്നു, പുനരുജ്ജീവിപ്പിക്കപ്പെടുന്നതും നിന്നിലേക്ക് തന്നെയാണ്.)

ഉറങ്ങാന്‍ നേരത്ത്
اللهمَّ بِاسْمِكَ أَمُوتُ وَأَحْيَا
(അല്ലാഹുവേ, നിന്റെ നാമത്തോടെ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.)
بِسْمِكَ ربِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ ، إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
(നാഥാ.. നിന്റെ നാമത്തില്‍ ഞാനെന്റെ പാര്‍ശ്വം വെച്ചിരിക്കുന്നു. ഞാന്‍ അതുയര്‍ത്തുന്നതും നിന്റെ നാമത്തില്‍ തന്ന. നീ ആത്മാവിനെ പിടിച്ചുവെക്കുന്ന പക്ഷം അതിനു കരുണ ചെയ്യേണമേ. അതിനെ വിട്ടയക്കുകയാണെങ്കില്‍ നിന്റെ സജ്ജനങ്ങളായ ദാസന്‍മാരെ സംരക്ഷിക്കുന്ന പ്രകാരം അതിനെ നീ സംരക്ഷിക്കുകയും ചെയ്യേണമേ.)
اللهم أَسْلَمْتُ نَفْسِي إِلَيْكَ، وَوَجَّهْتُ وَجْهِي، وَأَلْجَأْتُ ظَهْرِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ؛ رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ.
(അല്ലാഹുവേ, എന്നെ ഞാന്‍ നിനക്ക് വിധേയനാക്കിയിരിക്കുന്നു. എന്റെ മുഖം നിന്നിലേക്ക് തിരിച്ചിരിക്കുന്നു. എന്റെ കാര്യം നിന്നെ ഏല്‍പിച്ചിരിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചേര്‍ത്തുവെച്ചിരിക്കുന്നു. നിന്നെ ഭയന്നും നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ചും. നിന്നില്‍ നിന്ന് നിന്നിലേക്കല്ലാത്ത ഒരു അഭയവും രക്ഷയുമില്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ നിയോഗിച്ച പ്രവാചകനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.)
രാത്രി ഉറക്കത്തില്‍ ഭയപ്പെട്ടാല്‍
ആദ്യമായി أعوذ بالله من الشيطان الرجيم (ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ അഭയം തേടുന്നു) എന്നു പറയണം. പിന്നെ ഇങ്ങനെ പ്രാര്‍ഥിക്കുക:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ
(അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന അവന്റെ കോപത്തില്‍ നിന്നും അവന്റെ ശിക്ഷയില്‍ നിന്നും അവന്റെ അടിമകളുടെ ഉപദ്രവത്തില്‍ നിന്നും പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്നും അവര്‍ എന്നെ സമീപിക്കുന്നതില്‍ നിന്നും ഞാന്‍ അഭയം തേടുന്നു.)
രാത്രി ഉറക്കമുണര്‍ന്നാല്‍
لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير الحمد لله وسبحان الله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله ثم قال اللهم اغفر لي
(അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ ഏകനാണ്. അവന്നൊരു കൂട്ടുകാരുമില്ല. അവന്നാണ് ആധിപത്യം. സര്‍വസ്തുതിയും അവന്നുതന്നെ. അവന്‍ എല്ലാറ്റിനും കഴിവുറ്റവനത്രേ. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. സര്‍വസ്തുതിയും അല്ലാഹുവിനത്രേ. അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയുമില്ല. അല്ലാഹുവേ, എനിക്ക് പൊറുത്തുതരേണമേ.)
ഉറക്കം വരാതെ വിഷമിച്ചാല്‍
اللهم غارت النجوم ، وهدأت العيون ، وأنت حي قيوم لا تأخذك سنة ولا نوم ، يا حي يا قيوم أهدئ ليلي ، وأنم عيني
(അല്ലാഹുവേ, നക്ഷത്രങ്ങള്‍ മറഞ്ഞു. ദൃഷ്ടികള്‍ വിശ്രമം പൂണ്ടു. നീയാകട്ടെ സജീവനും എല്ലാറ്റിനും മേല്‍നോട്ടം വഹിക്കുന്നവനുമാണ്. മയക്കമോ ഉറക്കമോ നിന്നെ ബാധിക്കുകയില്ല. സജീവനും സ്വയം നിലനില്‍ക്കുന്നവനുമായ നാഥാ, എന്റെ രാത്രി സമാധാന പൂര്‍ണമാക്കുകയും എന്റെ നേത്രത്തില്‍ നിദ്ര നല്‍കുകയും ചെയ്യേണമേ.)

ജീവിതവീക്ഷണം

പ്രപഞ്ചവും അതിലെ വസ്തുക്കളും അതിനെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും എല്ലാം തന്നെ ദൈവം സൃഷ്ടിച്ചതാണ്. മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷസൃഷ്ടിയുമാണ്. അവന്റെ ശരീരം ഭൗമധാതുക്കളാല്‍ സംഘടിക്കപ്പെട്ടിരിക്കുന്നു; അതേ സമയം അവന് അഭൗമികമായ ആത്മാവുമുണ്ട്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് മനുഷ്യന്റെ സവിശേഷസ്ഥാനം. ദൈവത്തിനു പകരക്കാരന്‍ എന്ന അര്‍ഥത്തിലല്ല ഇത്. മറിച്ച്, ദൈവത്തിന്റെ ധാര്‍മികനിയമങ്ങളും, വിധിവിലക്കുകളും പാലിച്ച് അവന് ഹിതകരമായ ദിശയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവന്‍ എന്ന അര്‍ഥത്തിലും, പ്രവര്‍ത്തന തിരഞ്ഞെടുപ്പുസ്വാതന്ത്ര്യമുള്ള സകല കാര്യങ്ങളിലും ദൈവത്തെ പരമമായ മാനദണ്ഢമാക്കി ദൈവത്തിനുവേണ്ടി എല്ലാം ചെയ്യുന്നവന്‍ എന്ന അര്‍ഥത്തിലുമാണിത്. ഈ വിധേയത്വത്തിന്റെ പ്രത്യക്ഷവും അല്ലാത്തതുമായഎല്ലാ ആവിഷ്‌കാരങ്ങളെയുമാണ് ‘ഇബാദത്ത്’ എന്ന് പറയുന്നത്. ആരാധനകളും കര്‍മങ്ങളും സാമൂഹികരാഷ്ട്രീയവ്യവഹാരങ്ങളും സാമ്പത്തികഇടപാടുകളും സേവനങ്ങളും വികാരവിചാരങ്ങളും പെരുമാറ്റവും എല്ലാം അതിലുള്‍പ്പെടും. ”വിധേയത്വവും അല്ലാഹുവിനുമാത്രമാക്കി അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല. ഒപ്പം നമസ്‌കാരം നിഷ്ടയോടെ നിര്‍വഹിക്കാനും സകാത്ത്്് നല്‍കാനും അതാണ് ചൊവ്വായ ജീവിതക്രമം.” (ഖുര്‍ആന്‍. 98:5). ”ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ട് ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (ഖുര്‍ആന്‍ 51:56) ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായിരിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവും ബുദ്ധിപരവുമായ യോഗ്യതകളും കഴിവുകളും മനുഷ്യനു ദൈവം നല്‍കിയിരിക്കുന്നു. തിരിച്ചു പറഞ്ഞാല്‍ മനുഷ്യന്റെ സവിശേഷഗുണങ്ങളുടെ ലക്ഷ്യം അവന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധ്യം പൂര്‍ത്തീകരിക്കുക എന്നതാണ്. കരുണ, നീതി, സൃഷ്ടിപരത, യുക്തിഭദ്രത, നന്മ തുടങ്ങിയ അനേകം വിശിഷ്ടങ്ങളായ ദൈവീകഗുണങ്ങള്‍ക്ക് ഭൂമിയില്‍ സാക്ഷിനില്‍ക്കുക എന്നതാണ്. മനുഷ്യനെ ”വിശിഷ്ടമായ ഘടനയില്‍” സൃഷ്ടിച്ചുവെന്നും (ഖുര്‍ആന്‍ 95:4), അവന് ”കണ്ണും,നാക്കും ചുണ്ടും നല്കി”യെന്നും നന്മതിന്മകളുടേതായ ”രണ്ടു പാതകള്‍ കാണിച്ചുകൊടുത്തുവെന്നും” (90:810), ശ്രവണ ദര്‍ശന ശേഷിയും ചിന്താ ശേഷിയും നല്കിയെന്നും (67:24), അവനെ പേന കൊണ്ട് പഠിപ്പിച്ചുവെന്നും (96:45) ദൈവം ഓര്‍മിപ്പിക്കുന്നു.എന്നിട്ടും മനുഷ്യന്‍ നന്ദി കാണിക്കുന്നില്ലെന്ന് ചൂണ്ടികാട്ടുന്നു. ഇതരസൃഷ്ടികളില്‍ നിന്നും മനുഷ്യന്റെ ശാരീരികപ്രവര്‍ത്തനങ്ങളില്‍ ദൈവികനിയമങ്ങളോടുള്ള വിധേയത്വം പ്രകടവും അലംഘനീയവുമാണ്. എന്നാല്‍ ബോധപൂര്‍വമായ അനുസരണം കൂടി മനുഷ്യനില്‍ നിന്ന് ദൈവം ആവശ്യപ്പെടുന്നു. അതിനായി മനുഷ്യന് ഇച്ഛാശക്തിയും സ്വാതന്ത്യ്രവും മാര്‍ഗദര്‍ശനവും നല്‍കിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഈ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക മലക്കുകള്‍ പ്രകടിപ്പിച്ചുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ ആജ്ഞകളെ ആനുസരിക്കാതിരിക്കാനാവാത്ത മലക്കുകളില്‍നിന്ന് ഭിന്നമായി മനുഷ്യന് ഇച്ഛാ സ്വാതന്ത്യം നല്‍കിയിരിക്കുന്നു. അത് അവന്റെ ഉത്തരവാദിത്തം കൂടിയാണ്. അവന്റെ മഹത്വവും അതാണ്. കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ് ശരിയായത് ചെയ്യുകയാണ് അവന്റെ കടമ. ”മനുഷ്യമക്കളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കരയിലും കടലിലും വാഹനങ്ങളേകി. ഉത്തമവിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.”(ഖു. 17 : 70) മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. ”മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്‌നബി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതം നന്മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്മ ദിവ്യമാണ്; തിന്മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ നന്മയില്‍നിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ നന്മയോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. ”മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു.” (ഖുര്‍ആന്‍ 91:810) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്. സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാതിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്‌ലാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു. ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്. ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൗതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്‌ലാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാധ്യത ദൈവത്തോടുമാത്രമാണ്. 426869_135294686592061_100003345921958_163447_31872816_n

നില്‍ക്ക്, വിവാഹം കഴിക്കാന്‍ വരട്ടെ !

എഴുതിയത് : ഡോ. അനീസാ നാദിര്‍
islam-marriage
നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ? ന്യൂനാല്‍ ന്യൂനപക്ഷം ചിലര്‍ വിവാഹം കഴിക്കാനിഷ്ടപ്പെടാത്തവരാണ്. അതേസമയം അധികമുസ്‌ലിംകളും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതായിരിക്കും. ചിലര്‍പറയും ‘കല്യാണം കഴിക്കാനുള്ള പ്രായമായിട്ടുണ്ട്. കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു’ എന്ന്. വേറെ ചിലരാകട്ടെ, ഉമ്മയും ബാപ്പയും നിര്‍ബന്ധിച്ചുതുടങ്ങി എന്നാണ് ന്യായം പറയുക. വീട്ടിലെ അന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം എന്ന നിലക്കാണ് മറ്റുചിലര്‍ വിവാഹത്തെ കാണുന്നത്.
സൗന്ദര്യം, ബുദ്ധി, സമ്പത്ത് എന്നിങ്ങനെ ഇണയെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡം കല്‍പിക്കുന്നവരുണ്ട്. ചില മുസ്‌ലിംയുവാക്കളാകട്ടെ, വിവാഹമെന്നത് പ്രവാചകചര്യയാണെന്നും അതുകൊണ്ടുതന്നെ അല്ലാഹുവിനുള്ള ഇബാദത്താണെന്നും മനസ്സിലാക്കുന്നു. നല്ല വിവാഹജീവിതം, കുടുംബസ്ഥിരത, പരസ്പരസൗഹൃദം എന്നിവ കാംക്ഷിച്ചാണ് ചിലര്‍ വിവാഹത്തെ സമീപിക്കുന്നത്.
വിവാഹജീവിതത്തിന്റെ ഗൗരവം തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും സമയമാകുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കാമെന്നും കരുതുന്ന ഒട്ടേറെപ്പേര്‍ ഇപ്പോഴുമുണ്ട്. വിവാഹജീവിതത്തിലെ സങ്കീര്‍ണതകളില്‍പെട്ട് അതൊരു നരകജീവിതമാക്കിത്തീര്‍ക്കേണ്ട എന്നാണ് അത്തരക്കാര്‍ കരുതിപ്പോരുന്നത്.
ഒരാള്‍ താന്‍ വിവാഹത്തിന് തയ്യാറായിട്ടുണ്ടെന്നും വിവാഹംചെയ്യാനുദ്ദേശിക്കുന്ന വ്യക്തി തനിക്കനുയോജ്യനാണെന്നും എങ്ങനെ തിരിച്ചറിയും ? അതറിയാന്‍ ആദ്യം സ്വന്തത്തെപ്പറ്റി അവബോധത്തിലെത്തേണ്ടതുണ്ട്. വ്യക്തിപരമായി തനിക്കുള്ള സിദ്ധികളെന്തെന്നും ഇനിയും നന്നാക്കിയെടുക്കേണ്ട സ്വഭാവഗുണങ്ങളെന്തെന്നും വിലയിരുത്തണം. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുംവിധമാണോ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതെന്നും ഭാവി ഇണയുമൊത്ത് എവ്വിധമുള്ള ബന്ധമാണുണ്ടാവുകയെന്നും തീരുമാനമുണ്ടാകണം.
1. മറ്റൊരാളുമായി ജീവിതം പങ്കുവെക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
2. വ്യക്തിപരമായും കുടുംബപരമായും നിങ്ങള്‍ ആര്‍ജിക്കാനുദ്ദേശിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി, പരസ്പരം വിട്ടുവീഴ്ചയോടെ ഒത്തൊരുമിച്ച് പങ്കാളിത്തകുടുംബജീവിതത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധനാണോ നിങ്ങള്‍ ?
3. സന്തോഷകരവും ആരോഗ്യകരവുമായ ഒരു ദാമ്പത്യജീവിതത്തിന് നിങ്ങള്‍ക്കാണ് കൂടുതല്‍ സംഭാവന ചെയ്യേണ്ടതുണ്ടാവുക എന്നതിനെപ്പറ്റി ധാരണയുണ്ടോ?

തയ്യാറെടുപ്പ്
വിവാഹപൂര്‍വകൗണ്‍സിലിങ് വിവാഹിതരാകാനൊരുങ്ങുന്നവര്‍ക്ക് വളരെ സഹായകരമായ ഒന്നാണ്. നല്ല ദാമ്പത്യജീവിതത്തിന് അവശ്യം വേണ്ടതെന്തെന്നതിനെപ്പറ്റിയുള്ള നല്ല ചിത്രം നല്‍കാന്‍ അത് നമ്മെ സഹായിക്കുന്നു. ചിലസമുദായനേതാക്കള്‍ കൗണ്‍സിലിങ് ലഭിച്ചിട്ടില്ലാത്ത വ്യക്തികളെ വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നു. താനും പ്രതിശ്രുതവധുവും എട്ടാഴ്ച നീണ്ടുനിന്ന ദാമ്പത്യപൂര്‍വക്ലാസില്‍ പങ്കെടുത്തതായി ഒരിക്കല്‍ ഒരു ക്രിസ്ത്യന്‍യുവാവ് പറയുകയുണ്ടായി. മുസ് ലിംസമൂഹത്തിലും പ്രവാചകകാലഘട്ടത്തിലേതുപോലെ ദാമ്പത്യജീവിതക്ലാസുകള്‍ പുനരവതരിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അത്തരംക്ലാസുകളില്‍ ആശയവിനിമയവൈദഗ്ധ്യം, കുടുംബച്ചിലവുകളിലെ ബജറ്റ് നിയന്ത്രണം, പ്രശ്‌നപരിഹാര-സംഘര്‍ഷലഘൂകരണവിദ്യ തുടങ്ങിയവയില്‍ അവഗാഹം പകര്‍ന്നുനല്‍കുന്നു. ഇവയെല്ലാം തന്നെ ദാമ്പത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. അവയോടൊപ്പംതന്നെ വൈകാരികഅടുപ്പം, ലൈംഗികത എന്നിവ കൂടി കൈകാര്യംചെയ്യുന്നതായിരിക്കും അത്തരം ക്ലാസുകള്‍.

അനുയോജ്യമായ ഇണ:
നിങ്ങള്‍ വിവാഹംകഴിക്കാനുദ്ദേശിക്കുന്ന വ്യക്തിയെ തീരുമാനമായാല്‍ ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിക്കുന്നത് ഉത്തമമാണ്. അതുപോലെ ത്തന്നെ ഏറ്റവുമടുത്ത സുഹൃത്തുക്കളോടും കുടുംബബന്ധുക്കളോടും ഉപദേശനിര്‍ദേശങ്ങള്‍ ആരായുന്നത് ഉപകരിക്കും. വിവാഹംകഴിക്കാനുദ്ദേശിക്കുന്ന വ്യക്തിയെപ്പറ്റി മഹല്ല് ഇമാമിന് ധാരണയുണ്ടാകേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അവരുടെ സ്വഭാവങ്ങളെയും പ്രകൃതങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ചെറുക്കനും പെണ്ണും അനുയോജ്യരാണോ എന്ന് തീരുമാനിക്കാനാകും.
ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് വിവാഹം. സമൂഹത്തിന്റെ അടിത്തറയും ദീനിന്റെ അര്‍ധഭാഗവുമാണത്. എന്നിട്ടും വിവാഹജീവിതത്തിനുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ തൊഴില്‍ കരസ്ഥമാക്കാനുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് നാം ആയുസിലേറെയും ചിലവഴിക്കുന്നത്. അതിനാല്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുംമുമ്പ് വഴിത്തിരിവ് സൃഷ്ടിക്കുന്ന ജീവിതത്തെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്യാന്‍ ഇനിയും യുവത മടികാണിച്ചുകൂടാ.