Category Archives: കുട്ടികള്‍

മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍;

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اعْدِلُوا بَيْنَ أَوْلاَدِكُمْ ، فِي النُّحْلِ كَمَا تُحِبُّونَ أَنْ يَعْدِلُوا بَيْنَكُمْ فِي الْبِرِّ ، وَاللُّطْفِ.

നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേനദം. നബി(സ) പറഞ്ഞു: സമ്മാനം നല്‍കുമ്പോള്‍ മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍; സ്‌നേഹവും കാരുണ്യവും നിറഞ്ഞ പെരുമാറ്റത്തില്‍ അവര്‍ നിങ്ങളോട് നീതി കാണിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതുപോലെ (സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, അസ്സുനനുല്‍ കുബ്‌റാ/ബൈഹഖി)

عَدَلَ : നീതി കാണിച്ചു
بَيْنَ : ഇടയില്‍
وَلَدٌ (ج) أَوْلَاد : സന്താനം
نُحْلٌ : സമ്മാനം, പാരിതോഷികം, ദാനം
أَحَبَّ : ഇഷ്ടപ്പെട്ടു
بِرٌّ : നന്മ, അനുസരണം, സ്‌നേഹം നിറഞ്ഞ പരിചരണം
لُطْفٌ : ദയ, കാരുണ്യം, അനുകമ്പ, സൗമ്യത

ഖുര്‍ആന്‍ പറയുന്നു: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. (അന്നിസാഅ് 11)
അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ നിങ്ങള്‍ നീതി നടപ്പാക്കുന്നവരാകുവിന്‍. (അന്നിസാഅ് 135)
നബി(സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുവിന്‍.(1) നബി(സ) പറഞ്ഞു: നിങ്ങളുടെ മക്കള്‍ക്കിടയില്‍ നിങ്ങള്‍ നീതി പുലര്‍ത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു; നിങ്ങള്‍ പരസ്പരം നീതി പുലര്‍ത്തുന്നത് അവന്‍ ഇഷ്ടപ്പെടുന്നതുപോലെ.(2)
നബി(സ) പറഞ്ഞു: ഓരോരുത്തരോടും അവരില്‍ അര്‍പ്പിതമായ ചുമതലകളെ കുറിച്ച് അല്ലാഹു ചോദിക്കും. അത് കൃത്യമായി പാലിച്ചുവോ അതല്ല അതില്‍ അപാകത കാണിച്ചുവോ എന്ന്. കുടംബ നാഥന്‍ അയാളുടെ കുടുംബത്തെ കുറിച്ചും ചോദ്യം ചെയ്യപ്പെടും.(3)

ഇസ്‌ലാം ലോകത്തിന് സമര്‍പ്പിക്കുകയും അനുശാസിക്കുകയും ചെയ്ത മാനവിക മൂല്യങ്ങളിലൊന്നാണ് മക്കള്‍ക്കിടയിലെ നീതിപാലനം. നബി(സ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുവിന്‍.(4)

സമ്മാനം, സ്‌നേഹം, വാല്‍സല്യം, പരിഗണന, ആവശ്യനിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ഉത്തമശിക്ഷണത്തിന്റെ അടിസ്ഥാനമാണ്. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ദാനത്തിന്റെ/സമ്മാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍.(5)

ന്യായമായ കാരണങ്ങളില്ലാതെ ഏറ്റവ്യത്യാസം കാണിക്കാതിരിക്കല്‍, തുല്യമായ പരിഗണന നല്‍കല്‍ എന്നിവയെല്ലാം മക്കള്‍ക്കിടയിലെ നീതിയുടെ പ്രത്യക്ഷ ഭാവങ്ങളാണ്. അനസി(റ)ല്‍ നിന്ന് നിവേദനം. ഒരാള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അന്നേരം അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോന്‍ അവിടെ വന്നു. ഉടനെ അദ്ദേഹം ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു ചുംബിക്കുകയും മടിയിലിരുത്തുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോള്‍ അവിടെയെത്തി. അപ്പോള്‍ അവളെ അദ്ദേഹം തന്റെ അരികിലിരുത്തി. അന്നേരം നബി(സ) പറഞ്ഞു: താങ്കള്‍ അവര്‍ക്കിടയില്‍ നീതി കാണിച്ചില്ല.(6)

സഹാബികളെല്ലാം ഈ സല്‍സ്വഭാവങ്ങള്‍ പിന്‍പറ്റിയിരുന്നു. മക്കളോട് നീതി പുലര്‍ത്തിയിരുന്നു. മക്കളെ ചുംബിക്കുന്ന വിഷയത്തില്‍ പോലും അവര്‍ വിവേചനം കാണിച്ചിരുന്നില്ല. പരസ്പരം പകയും വെറുപ്പുമില്ലാതെ മക്കള്‍ വളരാന്‍ വേണ്ടിയുള്ള ജാഗ്രതയുടെ ഭാഗമായിരുന്നു അത്. ഈ ആശയത്തിലേക്ക് പ്രവാചകന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേനം. അദ്ദേഹം പറയുന്നു: എന്റെ പിതാവ് എന്നെയും കൂട്ടി നബിയുടെ അടുക്കല്‍ ചെന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ സമ്പത്തില്‍ നിന്ന് ഇന്നയിന്നതെല്ലാം നുഅ്മാന് ഞാന്‍ സമ്മാനിച്ചതിന് താങ്കള്‍ സാക്ഷ്യം വഹിക്കണം.’ പ്രവാചകന്‍ ചോദിച്ചു: ‘നുഅ്മാന് കൊടുത്തത് പോലെ താങ്കളുടെ എല്ലാ മക്കള്‍ക്കും കൊടുത്തിട്ടുണ്ടോ?’ അദ്ദേഹം, ഇല്ല എന്ന് പ്രതിവചിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘എങ്കില്‍ ഇതിന് മറ്റാരെയെങ്കിലും താങ്കള്‍ സാക്ഷിയാക്കുക’. എന്നിട്ട് നബി(സ) ചോദിച്ചു: ‘താങ്കളോടുള്ള ബാധ്യതാനിര്‍വഹണത്തില്‍ മക്കളെല്ലാം ഒരുപോലെയാവുന്നത് താങ്കള്‍ക്ക് സന്തോഷകരമാണോ?’ അദ്ദേഹം പറഞ്ഞു: ‘അതെ’. പ്രവാചകന്‍ പറഞ്ഞു: ‘എങ്കില്‍ ഇങ്ങനെ ചെയ്യരുത്.'(7)

മക്കളോടുള്ള പെരുമാറ്റത്തിലും ഇടപാടുകളും നീതി കാണിച്ചാല്‍ മാത്രമേ മാതപിതാക്കളോടുള്ള ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കാന്‍ അവരെല്ലം ഒരുപോലെ സന്നദ്ധമാവുകയുള്ളൂ എന്നര്‍ഥം.

മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ ദമ്പതികള്‍ തമ്മില്‍ സാധ്യമായത്ര സഹകരിക്കണം. നീതി പുലര്‍ത്തുന്നവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ആകര്‍ഷകമായ പ്രതിഫലമുണ്ടാവുമെന്ന് പ്രവാചകന്‍ വാഗ്ദാനം ചെയ്യുന്നു. നബി(സ) പറഞ്ഞു: നിശ്ചയം നീതി കാണിക്കുന്നവര്‍ അല്ലാഹുവിന്റെ അടുക്കല്‍ പ്രകാശത്തിന്റെ മിമ്പറുകളില്‍ (ഉന്നത സ്ഥാനങ്ങളില്‍) ആയിരിക്കും. അവര്‍ പ്രതാപവാനും കാരുണ്യവാനുമായ അല്ലാഹുവിന്റെ വലതുഭാഗത്തായിരിക്കും. അവര്‍ വിധി പറയുന്നതിലും കുടുംബത്തിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലര്‍ത്തുന്നവരാണ്.(8)

—————————
1- اتَّقُوا اللَّهَ وَاعْدِلُوا فِى أَوْلاَدِكُمْ (صَحِيحُ مُسْلِم)
2- إِنَّ اللَّهَ تَعَالَى يُحِبُّ أَنْ تَعْدِلُوا بَيْنَ أَوْلاَدِكُمْ كَمَا يُحِبُّ أَنْ تَعْدِلُوا بَيْنَ أَنْفُسِكُمْ (سُنَنُ الدَّارَقُطْنِي)
3- عَنْ أَنَسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : إِنَّ اللَّهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ ، أَحَفِظَ ذَلِكَ أَمْ ضَيَّعَ ؟ حَتَّى يُسْأَلَ الرَّجُلُ عَلَى أَهْلِ بَيْتِهِ (السُّنَنُ الْكُبْرَى لِلنَّسَائِي)
4- حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ حَدَّثَنَا حَمَّادٌ عَنْ حَاجِبِ بْنِ الْمُفَضَّلِ بْنِ الْمُهَلَّبِ عَنْ أَبِيهِ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ يَقُولُ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « اعْدِلُوا بَيْنَ أَوْلاَدِكُمْ اعْدِلُوا بَيْنَ أَبْنَائِكُمْ »
5- عَنِ بن عَبَّاسٍ عَنِ النبي صلى اللَّهُ عليه وسلم قال سَوُّوا بَيْنَ أَوْلادِكُمْ في الْعَطِيَّةِ
6- عَنْ أَنَسٍ، أَنَّ رَجُلًا كَانَ جَالِسًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَجَاءَ بُنَيٌّ لَهُ، ” فَأَخَذَهُ فَقَبَّلَهُ وَأَجْلَسَهُ فِي حَجْرِهِ، ثُمَّ جَاءَتْ بُنَيَّةٌ لَهُ، فَأَخَذَهَا وَأَجْلَسَهَا إِلَى جَنْبِهِ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” فَمَا عَدَلَتْ بَيْنَهُمَا ”
7- عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ انْطَلَقَ بِى أَبِى يَحْمِلُنِى إِلَى رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَ يَا رَسُولَ اللَّهِ اشْهَدْ أَنِّى قَدْ نَحَلْتُ النُّعْمَانَ كَذَا وَكَذَا مِنْ مَالِى. فَقَالَ « أَكُلَّ بَنِيكَ قَدْ نَحَلْتَ مِثْلَ مَا نَحَلْتَ النُّعْمَانَ ». قَالَ لاَ. قَالَ « فَأَشْهِدْ عَلَى هَذَا غَيْرِى – ثُمَّ قَالَ – أَيَسُرُّكَ أَنْ يَكُونُوا إِلَيْكَ فِى الْبِرِّ سَوَ Continue reading

കുട്ടികള്‍ വായിച്ചുവിളയാന്‍ 10 നിര്‍ദേശങ്ങള്‍

തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചെലവിടാനാകുന്നില്ലെന്ന മിക്കവാറും രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ആവലാതിയാണ്. അത്തരം പരാതികളില്‍ സ്വയം നീറിപ്പുകയാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും എത്രമാത്രം മൂല്യവത്താക്കാന്‍ കഴിയുന്നുവെന്നാണ് ചിന്തിക്കേണ്ടത്. അവരോടൊപ്പമുള്ള സമയംകുട്ടികള്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിക്കണം. തങ്ങളുടെ സാമീപ്യം കുട്ടികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്.

താഴെസൂചിപ്പിച്ചിട്ടുള്ള ചില രീതികള്‍ പ്രയോഗിക്കുകയാണെങ്കില്‍ അത് കുട്ടികളില്‍ പഠനത്തോട് താല്‍പര്യവും വായനയോട് ആഭിമുഖ്യവും സൃഷ്ടിക്കും.

1. എല്ലാദിവസവും കുട്ടികള്‍ക്ക് വായിച്ചുകൊടുക്കുക. കുട്ടികള്‍ നിങ്ങളുടെ ശരീരത്തോട് മുട്ടിയുരുമ്മി ഇരിക്കുംവിധമായിരിക്കണം വായിച്ചുകൊടുക്കേണ്ടത്. കിടക്കാന്‍ പോകുന്ന സമയം അതിന് ഉപയോഗപ്പെടുത്താവുന്നതാണ്.

2. കുട്ടി എത്രചെറുതാണെങ്കില്‍ പോലും കാര്യങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള ശേഷി അവരില്‍ വളര്‍ത്തിയെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, ‘നിന്റെ മൂക്കെവിടെ,’ തുടര്‍ന്ന് ‘ഉമ്മയുടെ മൂക്കെവിടെ’ എന്നൊക്കെ ചോദിക്കാം. അല്ലെങ്കില്‍ കുട്ടിയുടെ മൂക്കില്‍ തൊട്ട് ‘ഇതെന്താണ്’ എന്ന് ചോദിക്കാം.

3.കുട്ടിയോടൊപ്പമുള്ള വായന നിങ്ങള്‍ എത്രമാത്രം ആസ്വദിക്കുന്നുവെന്ന് അവരോട് വ്യക്തമാക്കുക. കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുക. ഇത്തരത്തില്‍ എത്രമാത്രം സമയം ചെലവഴിച്ചുവെന്ന് കണക്കുകൂട്ടുക.

4. കുട്ടികള്‍ക്ക് വായിച്ചുകൊടുക്കുമ്പോള്‍ അതില്‍ ഒരു കഥാപ്രസംഗകന്റെ ഭാവഹാവാദികള്‍ വരുത്തുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് ആ വായന വളരെ ഹരംപകരുമെന്നതില്‍ യാതൊരുസംശയവുമില്ല.

5. സംശയങ്ങള്‍ക്ക് നിവൃത്തിവരുത്തുന്നതും ചോദ്യോത്തരങ്ങള്‍ ഉള്ളതും ആയിരിക്കണം വായനാസമയം. കഥപറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടികള്‍ ഉന്നയിക്കുന്ന സംശയങ്ങളെ നിരുത്സാഹപ്പെടുത്താതെ മറുപടി നല്‍കുക. നിങ്ങളുടെ മനസ്സില്‍ ഉചിതമെന്ന് തോന്നുന്ന ചോദ്യങ്ങളും ചോദിക്കാം.

6. വീണ്ടും വീണ്ടും വായിച്ചുകൊടുക്കുക. വളരെ ഇഷ്ടപ്പെട്ട കഥകള്‍ കുട്ടികള്‍ വീണ്ടുംവീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നത് മറക്കാതിരിക്കുക. ഒട്ടുംതന്നെ മടുപ്പുകാണിക്കാതെ നൂറാംതവണയും വായിച്ചുകൊടുക്കുക. ആവര്‍ത്തിച്ചുള്ള വായന കുട്ടികളുടെ ഭാഷാസിദ്ധിയെ പരിപോഷിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

7. കുട്ടികള്‍ക്ക് എഴുതാനുള്ള രീതികളും പഠിപ്പിച്ചുകൊടുക്കാം. കുട്ടികള്‍ പുസ്തകത്തില്‍ നോക്കുമ്പോള്‍ എങ്ങനെ ഇടത്തുനിന്ന് വലത്തോട്ട് വായിക്കുന്നുവെന്നും വാക്കുകള്‍ അകലമിട്ട് കൊടുത്തിരിക്കുന്നുവെന്നും പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്.

9. പുറത്തുപോകുമ്പോള്‍ കുട്ടികള്‍ക്ക് വഴിയിലുള്ള എഴുത്തുകളെ(ബോര്‍ഡുകള്‍) വായിക്കാന്‍ പരിശീലിപ്പിക്കാം. ഓരോ തവണ പുറത്തുപോകുമ്പോഴും പുതിയപുതിയ വാക്കുകള്‍ പറഞ്ഞുപരിചയപ്പെടുത്തണം. അതുപോലെ പുതിയവാക്കുകള്‍ വായിച്ചെടുക്കാന്‍ പരിശീലിപ്പിക്കണം.

10. കുട്ടിയുടെ കാഴ്ച, സംസാരം, ഭാഷാ അഭിരുചി, കേള്‍വിശക്തി, ഗ്രഹണശേഷി എന്നിവയില്‍ എന്തെങ്കിലും സംശയംതോന്നിയാല്‍ ടീച്ചറെയോ ശിശുരോഗവിദഗ്ധനെയോ കണ്ട് സംസാരിക്കേണ്ടതാണ്.

കുട്ടികളെ നിങ്ങള്‍ വളര്‍ത്തുകയാണോ അതോ തളര്‍ത്തുകയോ?

ലോകത്തെവിടെയായിരുന്നാലും മാതാപിതാക്കള്‍ക്ക് തങ്ങളുടെകുട്ടികളെ വളര്‍ത്തുന്നതിന്റെ പിന്നില്‍ ഏകലക്ഷ്യമേ ഉണ്ടാകാന്‍ പാടുള്ളൂ; ഇഹത്തിലും പരത്തിലും രക്ഷയും മോക്ഷവും ശാന്തിയും സ്വര്‍ഗപ്രവേശവും അവര്‍ക്ക് ലഭിച്ചിരിക്കണമെന്നതാണത്. അതിനര്‍ഥം അവര്‍ക്ക് സാകല്യരീതിയിലുള്ള വിദ്യാഭ്യാസത്തിനും അതുവഴി ഉപജീവനതൊഴിലില്‍ മികവുതെളിയിക്കാനും സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ നല്ല മുസ്‌ലിംകളായി വളരാനും രക്ഷിതാക്കള്‍ അവസരമൊരുക്കണമെന്നാണ് .

നല്ല മുസ്‌ലിം എന്നാല്‍ മരണാനന്തരം സ്വര്‍ഗപ്രവേശം ഉറപ്പാക്കാനുള്ള അധ്വാനപരിശ്രമങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചവനെന്നല്ല. വൃത്തിയും സദ്‌സ്വഭാവവും ഉത്തരവാദിത്വബോധവും മുറുകെപ്പിടിക്കുന്ന വിതാനത്തിലേക്ക് വ്യക്തിത്വവികാസം നേടുകയെന്നതും അതോടൊപ്പം കടന്നുവരുന്ന ഒന്നാണ്. ഈ സ്വഭാവസവിശേഷതകള്‍ കുട്ടികളുടെ പഠനത്തെ വളരെയേറെ സഹായിക്കുമെന്ന കാര്യം നാം മറന്നുപോകരുത്. എന്നല്ല, ഏതുതൊഴിലിലായിരുന്നാലും അതിനോട് കൂറുപുലര്‍ത്തി ദൈവനിയോഗം പൂര്‍ത്തീകരിക്കാന്‍ അവനെ പ്രാപ്തനാക്കുന്നതും അതുവഴി ജീവിതവിജയം ഉറപ്പുവരുത്തുന്നതും അത്തരം സദ്ഗുണങ്ങളാണെന്നതാണ്് വസ്തുത. കുട്ടികളെ നല്ലമുസ് ലിംവ്യക്തിത്വങ്ങളാക്കിത്തീര്‍ക്കാന്‍ സഹായകരമായ രണ്ട് പ്രധാനസംഗതികളുണ്ട്.
1. മാതാപിതാ-സന്താനബന്ധം
2. മാതാപിതാക്കളുടെ മുസ്‌ലിംസ്വത്വം

മാതാപിതാക്കളും സന്താനങ്ങളുമായുള്ള പരസ്പരബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പ്രധാനഘടകമാണ് അന്യോന്യമുള്ള സ്‌നേഹവും ബഹുമാനവും. അത്തരത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. അതിന് മാതാപിതാക്കള്‍ യാതൊരുപാധികളുമില്ലാതെ മക്കളെ സ്‌നേഹിക്കാനാണ് ആദ്യംശ്രമിക്കേണ്ടത് . അത് മക്കളില്‍ മാതാപിതാക്കളോടുള്ള സ്‌നേഹവും ബഹുമാനവും അനുസരണവും അങ്കുരിപ്പിക്കുന്നു. ഇത്തരത്തില്‍ മക്കളെ സ്‌നേഹിക്കാന്‍ കഴിയാതെ പോകുന്നത് മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തെ ഗുരുതരമായി ബാധിക്കുന്നു. സന്താനങ്ങള്‍ക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്താല്‍ അവരോടുള്ള സ്‌നേഹപ്രകടനമായിയെന്ന്‌തെറ്റുധരിക്കുന്ന മാതാപിതാക്കളേറെയുണ്ട്. മാതാപിതാക്കള്‍ എപ്പോഴും തങ്ങളുടെ സന്താനങ്ങളെ സ്‌നേഹിക്കുന്നുവെന്ന ധാരണ വ്യാപകമാണ്. പക്ഷേ അതത്രശരിയല്ല. ഖുര്‍ആന്‍ പറയുന്നത് കാണുക:
‘കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍: ഏതൊരുപാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്’ (അത്തക് വീര്‍ 8,9)
മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളോട് അക്രമവും അനീതിയും പ്രവര്‍ത്തിക്കുമെന്ന യാഥാര്‍ഥ്യത്തെ വെളിവാക്കുകയാണിവിടെ . തീര്‍ച്ചയായും അത്തരം അനീതികള്‍ക്ക് നാളെ പരലോകത്ത്അവര്‍ ഉത്തരം പറയേണ്ടിവരും. ആധുനികയുഗത്തില്‍ പെണ്‍കുട്ടികളോട് വെച്ചുപുലര്‍ത്തുന്ന വിവേചനവും പെണ്‍കുഞ്ഞ് പിറന്നുവെന്നറിയുമ്പോഴുള്ള നിരാശാബോധവും രക്ഷിതാക്കളില്‍ പലരിലും പ്രകടമാണിന്ന്. കുട്ടികളോടുള്ള ക്രൂരത ജാഹിലിയ്യാ അറബികളില്‍മാത്രം കാണപ്പെട്ടിരുന്ന ഒന്നാണെന്ന് നിങ്ങള്‍തെറ്റുധരിക്കേണ്ടതില്ല. ഏറിയും കുറഞ്ഞും എല്ലാകാലത്തും എല്ലാനാഗരികതകളിലും അത് നടമാടുന്നു. ആധുനികസംസ്‌കാരത്തിന്റെ അപോസ്തലന്‍മാരായി ചമയുന്ന അമേരിക്ക പോലും അവരുടെ ക്രൈംറിപോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുന്നത് കുട്ടികളുടെനേര്‍ക്കുള്ള രക്ഷിതാക്കളുടെ ക്രൂരതകളെപ്പറ്റിയാണ്. ജാഹിലീഅറബികളെപ്പോലെ സമ്പത്തില്ലാത്തതുകൊണ്ടല്ല മക്കളെ അവര്‍ ഉപേക്ഷിക്കുന്നത്. പറഞ്ഞുവരുന്നത് എല്ലാ മാതാപിതാക്കളും മക്കളോട് സ്‌നേഹമുള്ളവരായിരിക്കും എന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്നാണ്.

സാധാരണനിലയില്‍ മറ്റുമാതാപിതാക്കളുമായി താരതമ്യംചെയ്യുമ്പോള്‍ മുസ്‌ലിംരക്ഷകര്‍ത്താക്കളാണ് കുട്ടികളെ സ്‌നേഹിക്കുന്നതെന്ന് കാണാനാകും. എങ്കിലും സാധാരണകുടുംബത്തില്‍പെട്ട രക്ഷിതാക്കള്‍ അക്കാര്യത്തില്‍ ബദ്ധശ്രദ്ധരാണെന്ന് ഇതിന്നര്‍ഥമില്ല. മാതാപിതാക്കളെന്ന നിലക്ക് നമ്മുടെ മക്കള്‍ക്ക് അവരര്‍ഹിക്കുംവിധം സ്‌നേഹം നാം നല്‍കുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാനാകില്ല. ഇത് സമ്മതിക്കുന്നപക്ഷം സന്താനങ്ങളുമായി നല്ലബന്ധം ഉണ്ടാക്കാന്‍ അത് നമ്മെ സഹായിക്കും.
കൂട്ടത്തില്‍ മറ്റൊന്നുകൂടി സൂചിപ്പിക്കട്ടെ. സ്‌നേഹമെന്നാല്‍ എപ്പോഴും കുട്ടികളെ തൊട്ടുതലോടുകയെന്നതോ അവരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ചുകൊടുക്കുകയെന്നതോ അല്ല. കുട്ടികളുടെ കേവലസന്തോഷം ഉറപ്പാക്കുകയെന്നതിനപ്പുറം ആഴമേറിയ തലങ്ങളുള്ള ഒന്നാണ് സ്‌നേഹം. ചിലപ്പോള്‍ മയത്തിലും മറ്റുചിലപ്പോള്‍ ശാഠ്യത്തിലും അത് പ്രകടിപ്പിക്കേണ്ടിവരാം. എങ്കിലും അത് സ്‌നേഹമാണെന്ന് ബോധ്യപ്പെടുത്തിയിരിക്കണം. തങ്ങള്‍ കുട്ടികളെ പരിഗണിക്കുന്നുവെന്ന് അവരെ രക്ഷിതാക്കള്‍ ബോധ്യപ്പെടുത്തുണമെന്ന് മാത്രം.
കുട്ടികളുമായി ഇടപെടുമ്പോള്‍ മോശം സ്വഭാവപ്രകടനങ്ങള്‍ ഒഴിവാക്കിയേതീരൂ. ഇക്കാലത്ത് മക്കള്‍ രക്ഷിതാക്കളോട് പരുഷമായിപെരുമാറുന്നത് കാണാനാകുന്നുണ്ട്. കോപിഷ്ഠനായി പെരുമാറുന്ന കുട്ടികളോട് വീട്ടുജോലികള്‍ ചെയ്യാന്‍ കല്‍പിക്കരുത്. രക്ഷിതാക്കളേക്കാള്‍ നന്നായി അവരുടെ മനസ്സിനെ വായിക്കാന്‍ മക്കള്‍ക്ക് കഴിയുന്ന കാലമാണിത്. അതിനാല്‍ മാതാപിതാക്കള്‍ പ്രതികാരബുദ്ധിയോടെ ശകാരിക്കാനും ശിക്ഷിക്കാനും മുതിരുന്നത് അതിനേക്കാള്‍ പതിന്‍മടങ്ങ് ശക്തിയില്‍ പ്രതികാരവാഞ്ച മക്കളിലുണ്ടാകാനേ സഹായിക്കൂ. മക്കളോടുള്ള വ്യവഹാരസമയത്ത് സ്ഥായിയായ സ്വഭാവം പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയണം. മോശം സംഗതികള്‍കണ്ടാല്‍ ദേഷ്യാവസ്ഥയില്‍ വിലക്കുകയും സന്തോഷാവസ്ഥയില്‍ സഹിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയം ഒരിക്കലും സ്വീകരിക്കരുത്.
അന്യോന്യമുള്ള ആശയവിനിമയബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ പറയുന്നത് കുട്ടികള്‍ അനുസരിക്കുന്നില്ലെന്നും അത് ഓരോദിവസംചെല്ലുംതോറും വര്‍ധിക്കുന്നുവെന്ന് തോന്നിയാല്‍പോലും അതോര്‍ത്ത് കോപാകുലനാകുകയോ നിരാശനാകുകയോ ചെയ്യരുത്. മറിച്ച്, അതെപ്പറ്റി പര്യാലോചിക്കുകയും കുട്ടിയുമായി സംസാരിക്കുകയും അവന്റെ/അവളുടെ മനസ്സില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.

മുസ്‌ലിംസ്വത്വബോധം പകര്‍ന്നുനല്‍കുക
മുസ്‌ലിംകള്‍ ന്യൂനപക്ഷസമൂഹമായിട്ടുള്ള രാജ്യങ്ങളില്‍ വളരെ അടിയന്തിരപ്രാധാന്യമുള്ള സംഗതിയാണിത്. മുസ്‌ലിംകളാണ് തങ്ങളെന്നും തങ്ങളുടെ പെരുമാറ്റ-വ്യവഹാരങ്ങളിലും വേഷവിതാനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ആ വ്യതിരിക്തത എവിടെയും പ്രകടമായിരിക്കുമെന്നുമുള്ള ബോധം കുട്ടികളില്‍ സൃഷ്ടിക്കണം. അതുപക്ഷേ, ഇതരജനവിഭാഗങ്ങളില്‍ അസൂയയും വെറുപ്പും വിദ്വേഷവും ജനിപ്പിക്കുംവിധം പ്രകടനാത്മകമായിപ്പോകരുതുതാനും. അത് കുട്ടികളില്‍ വൈകാരികവിക്ഷോഭം സൃഷ്ടിക്കും. മാത്രമല്ല, അത് ഇസ്‌ലാമിന്റെ അന്തഃസത്തയ്ക്കുവിരുദ്ധവുമാണ്. വേദക്കാരെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്.’അവരെല്ലാം ഒരു പോലെയല്ല.'(ആലുഇംറാന്‍113)’അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തുകൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്. സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവര്‍ തന്നെയാണ് നരകാവകാശികള്‍. വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയരുത്. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല. ‘(അല്‍മാഇദ 85-87) അതിനാല്‍ അന്യമതസ്ഥരെപ്പറ്റി അനീതിപരമായ വിലയിരുത്തല്‍ നാം ഒരിക്കലും നടത്താന്‍ പാടില്ല. അവരിലെ നന്‍മകളെ എടുത്തുപറയാനും അത് പ്രോത്സാഹിപ്പിക്കാനും നാം ആര്‍ജ്ജവംകാണിക്കണം. അത് കുട്ടികള്‍ക്ക് ബോധ്യമാകണം. അത്തരം സമൂഹങ്ങളിലുള്ള തിന്‍മയെന്തെന്നും നന്‍മയെന്തെന്നും കുട്ടികളെ പഠിപ്പിച്ചുകൊടുക്കണം. ഉദാഹരണത്തിന് ത്രിത്വത്തെപ്പറ്റിയും, വിഗ്രഹാരാധനയെപ്പറ്റിയും അവ സ്വീകരിച്ച സമൂഹം എപ്രകാരം അങ്ങനെയായിത്തീര്‍ന്നുവെന്നും കുട്ടികളെ അറിയിക്കുക. പ്രവാചകന്‍മാര്‍ ഇസ്‌ലാമിന്റെതാണെന്നും അടിസ്ഥാനപരമായി ഏകദൈവത്വമാണ് അവരുദ്‌ഘോഷിച്ചിരുന്നതെന്നും അനുയായികള്‍ കാലക്രമേണ വഴിതെറ്റിയതാണെന്നും അവരെ തെര്യപ്പെടുത്തണം. മദ്യം കുടിക്കുന്നവര്‍ ഉണ്ടെങ്കിലും ആ സമൂഹങ്ങളില്‍ അതിനെ വെറുക്കുന്നവരുമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കണം. അതേപോലെ മയക്കുമരുന്ന്, വേശ്യവൃത്തി, അബോര്‍ഷന്‍ തുടങ്ങി ഒട്ടേറെ തിന്‍മകളെ ഇതരമതസ്ഥരും പാശ്ചാത്യരുമടക്കം ലോകസമൂഹം വെറുക്കുന്നുവെന്നും ഇസ്‌ലാമില്‍ അത് അല്ലാഹു നിരോധിച്ചവയാണെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.

വിശ്വാസപരമായ കാര്യങ്ങളില്‍ വ്യത്യസ്തതപുലര്‍ത്തുന്ന കക്ഷി വ്യത്യാസങ്ങളെപ്പറ്റി ചെറിയചിത്രമെങ്കിലും നാം മക്കള്‍ക്ക് നല്‍കിയിരിക്കണം. (നമസ്‌കാരരീതി, നബിക്കുശേഷം ആരാണ് ഖലീഫയാകേണ്ടിയിരുന്നത് എന്നിവയിലൂന്നിയുള്ള സുന്നീ-ശീഈ കക്ഷിത്വം) .പക്ഷേ, പ്രസ്തുതവിഷയത്തില്‍ താത്ത്വികമായി കാടുകയറാനും പാടില്ല. പകരം അല്ലാഹുവിനെയും മുഹമ്മദുനബിയെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയുംസ്‌നേഹിക്കാനും അനുസരിക്കാനും എളുപ്പമായ മാര്‍ഗങ്ങളെന്തെന്ന് അറിയിക്കാം. ഇസ്‌ലാമിന്റെ ആചാരാനുഷ്ഠാനങ്ങക്കുപിന്നിലെ ചരിത്രപരവും,യുക്തിപരവുമായ കാരണങ്ങളുംമറ്റും വിശദീകരിച്ചുകൊടുക്കുന്നതില്‍ തെറ്റില്ല. കൗമാരക്കാരായ കുട്ടികള്‍ക്ക് ഗ്രഹിക്കാനാകാത്ത താത്ത്വികവിശകലനങ്ങള്‍ നല്‍കാതിരിക്കുന്നതാണ് ബുദ്ധി. പലപ്പോഴും അത്തരം വിശദീകരണങ്ങള്‍ അവരെ ദീനില്‍നിന്നകറ്റാനേ സഹായിക്കൂ എന്ന് തിരിച്ചറിയുക.

മുസ്‌ലിംസമൂഹത്തിന്റെ ഉത്തരവാദിത്വം

ന്യൂനപക്ഷസമൂഹമായി ജീവിക്കുന്ന സാഹചര്യത്തില്‍ കേവലം മാതാപിതാക്കള്‍മാത്രം പരിശ്രമിച്ചതുകൊണ്ട് മക്കളെ ഇസ്‌ലാമികബോധമുള്ളവരാക്കി വളര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ കുടുംബങ്ങളും അവരുടെ കൂട്ടായ്മയായ മഹല്ലുകളും പരസ്പരംസഹകരിച്ചെങ്കില്‍മാത്രമേ ചെറിയതോതിലെങ്കിലും ഇസ്‌ലാമികവത്കരണം സാധ്യമാകുകയുള്ളൂ. അതിനാല്‍ രക്ഷിതാക്കള്‍ സാമൂഹികലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇസ്‌ലാമികബോധമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കേണ്ടത് തങ്ങളുടെ കൂട്ടുത്തരവാദിത്വമാണെന്ന് ഓരോ കുടുംബത്തെയും മഹല്ലിനെയും ബോധ്യപ്പെടുത്തുകയും അതിനനുസരിച്ച് അവരെ കര്‍മപഥത്തിലിറക്കുകയും വേണം. താനും കെട്ടിയവളും തട്ടാനും എന്ന നയനിലപാടുമായി ജോലികഴിഞ്ഞ് വീട്ടില്‍കുട്ടികളെയും കളിപ്പിച്ച് ഇരുന്നാല്‍ മാത്രം പോരെന്ന് ചുരുക്കം.image001

കുട്ടിക്ക് നാമകരണം ചെയ്യുമ്പോള്

images (1)
കുട്ടിക്ക് നാമകരണം ചെയ്യുമ്പോള്‍

വിഭാഗം: കുട്ടികളുടെ പേരുകള്‍
കുട്ടികളുടെ പേരിടല്‍ രക്ഷിതാക്കള്‍ക്ക് ഇന്നൊരു ഹരം പകരുന്ന വിഷയമായി മാറിയിരിക്കുന്നു. ഈ ദൌര്‍ബല്യം ചൂഷണം ചെയ്യാനായി എത്രയോ ‘ഏഴാം തരം സാഹിത്യ’ങ്ങളും മാര്‍ക്കറ്റിലിറങ്ങിയതായി കാണാം. ആയിരക്കണക്കിന് മുസ്ലിം പേരുകള്‍ ഉള്‍ക്കൊള്ളുന്ന ‘നാമാവലി’കളും ‘അഭിധാന കോശ’ങ്ങളും മലയാളത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.
അതുനോക്കി ഓരോ ശബ്ദം തങ്ങളുടെ അരുമസന്തതിക്ക് നിശ്ചയിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നതും കാണാം. എന്താണാ പേരിന്റെ അര്‍ഥമെന്നോ അതിന്റെ ശരിയായ അക്ഷരങ്ങള്‍ ഏതാണെന്നോ വല്ല പൈതൃകപാരമ്പര്യം അതിനുണ്ടോ എന്നോ മറ്റോ അവര്‍ ചിന്തിക്കുന്നില്ല. പലരും സിനിമാതാരങ്ങളുടെയും കലാപ്രതിഭകളുടെയും പേരുകളാണ് സ്വീകരിക്കുന്നത്. മുസ്ലിമാണെന്ന് മനസ്സിലാക്കപ്പെടാത്ത പേരുകള്‍ പരതി നടക്കുകയാണ് മറ്റു ചിലര്‍ഷബിന്‍, ജുബിന്‍, സുനില്‍, മുനില്‍, സോന, ശീന, സാജി, ബാജി…. എന്തു മാത്രം സഹതാപമര്‍ഹിക്കുന്ന മൌഢ്യം ശിശുക്കളുടെ നാമകരണത്തിലും വിശുദ്ധ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചില രക്ഷിതാക്കളെങ്കിലും ഇതിനെപ്പറ്റി കൂടുതലറിയാത്തവരുണ്ടായിരിക്കും. ഇസ്ലാം മതത്തിലും താന്‍ മുസ്ലിമായിരിക്കുന്നതിലും അഭിമാനം കണ്ടെത്തുന്ന സഹോദരന്‍ തീര്‍ച്ചയായും സ്പഷ്ടമായ മുസ്ലിം നാമങ്ങള്‍ മാത്രമേ തന്റെ കുട്ടിക്ക് നല്‍കൂ.
പരലോകത്ത് തന്റെയും ബാപ്പയുടെയും പേരിലായിരിക്കും ഒരാള്‍ വിളിക്കപ്പെടുകയെന്ന് തിരുനബി(സ) പഠിപ്പിച്ചിരിക്കുന്നു. ജനകോടികള്‍ക്കു മധ്യേ ഇന്നത്തെ പുതുഞ്ചന്‍ പേരുകളില്‍ വിളിക്കപ്പെടുന്നത് എത്ര അപഹാസ്യമായിരിക്കും! റസൂല്‍(സ) പഠിപ്പിക്കുകയുണ്ടായി: നിങ്ങളുടെയും പിതാക്കളുടെയും പേരില്‍ (ഹേ, മുഹമ്മദിന്റെ പുത്രന്‍ അബ്ദുല്ലാ എന്ന് ഉദാഹരണം.) ആണ് അന്ത്യനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ സ്വീകരിക്കുക (അബൂദാവൂദ്).

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റം അമൂല്യമായിരിക്കേണ്ടത് അവന്റെ വിശ്വാസാദര്‍ശാനുഷ്ഠാനങ്ങള്‍ തന്നെയാണ്. പേരില്‍, ഭാവഹാവങ്ങളില്‍, പരിസരപശ്ചാത്തലങ്ങളില്‍, വസ്ത്രധാരണത്തില്‍, സംസാരത്തില്‍, സ്വഭാവചര്യകളില്‍… എല്ലാമെല്ലാം. ‘താന്‍ മുസ്ലിമാണ് എന്ന് ഉദ്‌ഘോഷിക്കുന്നവനേക്കാള്‍ ഉത്തമഭാഷി ആരുണ്ട്’ എന്നാണ് ഖുര്‍ആന്‍ (സൂറത്തു ഫുസ്സ്വിലത്ത് 33) ചോദിക്കുന്നത്.
അതിനാല്‍ സ്പഷ്ടമായ ഇസ്ലാമിക നാമങ്ങള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. തിരുനബി(സ) പറഞ്ഞു: നിങ്ങളുടെ നാമങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ എന്നിവയാകുന്നു (മുസ്ലിം). അല്ലാഹുവിന്റെ അടിമ എന്നാണല്ലോ ഇതിന്റെ അര്‍ഥം. സാര്‍ഥകവും ഉത്തമവുമായ മറ്റു പേരുകളും സ്വീകരിക്കാവുന്നതാണ്. ‘പ്രവാചകന്മാരുടെ നാമങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക; അല്ലാഹുവിന് ഏറ്റം പ്രിയപ്പെട്ടത് അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ എന്നിവയാണ്…’ എന്നും റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്, നസാഈ). പല ശിശുക്കളുടെയും നാമകരണം പ്രവാചകപുംഗവര്‍(സ) നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാം. അവയത്രയും ഉത്തമനാമങ്ങളായിരുന്നു. അനസ്(റ) ഉദ്ധരിക്കുന്നത് കാണുക: അബൂഥല്‍ഹ(റ)വിന് ഒരു കുഞ്ഞ് ജനിച്ചു. ഞാനതിനെയും കൊണ്ട് നബി(സ)യുടെ അടുത്തുചെന്നു. അതിന് അവിടന്ന് മധുരം കൊടുക്കുകയും അബ്ദുല്ലാ എന്ന് പേരിടുകയും ചെയ്തു (ബുഖാരി, മുസ്ലിം).

ഉത്തമമല്ലാത്തതും വികൃതവുമായ നാമങ്ങള്‍ റസൂല്‍(സ) മാറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നുസൈനബിന്റെ ആദ്യനാമം ‘ബര്‍റ’ (പുണ്യവതി എന്നര്‍ഥം.) എന്നായിരുന്നു. അവള്‍ തന്‍പോരിമക്കുവേണ്ടിയാണ് ആ പേര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോ പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് സൈനബ് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു (ബുഖാരി, മുസ്ലിം). ആസ്വിയ (പാപിനി എന്നര്‍ഥം.) യുടെ പേര്‍ നബി(സ) ജമീല എന്നാക്കിയതായും ഹദീസിലുണ്ട് (മുസ്ലിം).

സയ്യിദുത്താബിഈന്‍ (താബിഉകളുടെ നായകന്‍) എന്ന അപരാഭിധാനത്തിലറിയപ്പെടുന്ന സഈദുബ്‌നുല്‍ മുസയ്യബിന്റെ പിതാമഹന്‍ ഹസ്ന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തുചെന്നു. അവിടന്ന് ചോദിച്ചു: എന്താണ് നിങ്ങളുടെ പേര്? ‘ഹസ്ന്‍.’ (പരുപരുത്ത ഭൂമി എന്നാണ് ഈ പദത്തിന്റെയര്‍ഥം.) നബി(സ) പ്രതികരിച്ചു: നീ സഹ്ല്‍ (സൌമ്യന്‍) ആകുന്നു. (ആദ്യപേരിന് പകരം പുതിയ സഹ്ല്‍ എന്ന പേര് സ്വീകരിക്കണമെന്ന് താല്‍പര്യം.) അദ്ദേഹം മറുപടി നല്‍കി: ‘ഇല്ല, എന്റെ പിതാവ് വെച്ച പേര് ഞാന്‍ മാറ്റുകയില്ല.’ ഇബ്‌നുല്‍ മുസയ്യബ് പറയുന്നു: പിന്നീട് ഞങ്ങളിലൊക്കെ ഒരു പാരുഷ്യവും കാഠിന്യവും വിടാതെ നിലനിന്നുപോന്നു (ബുഖാരി).

കുട്ടികളുടെ നാമകരണം ഏഴാം ദിവസമാണ് സുന്നത്ത്. മുടിനീക്കലും അഖീഖ അറുക്കലുമൊക്കെ അന്നുതന്നെയായിരിക്കേണ്ടതാണ്. പുത്രന്‍ ഇബ്രാഹീമിന്റെ ഈ മൂന്ന് കര്‍മങ്ങളും ഏഴാം ദിവസമായിരുന്നു പുണ്യറസൂല്‍ നിര്‍വഹിച്ചത് (തുഹ്ഫത്തുല്‍ മൌദൂദ് 83). അനിവാര്യ സാഹചര്യങ്ങളില്‍ മാറ്റുന്നതിന് വിരോധമില്ല. ഏഴാം ദിവസം അറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനാലാം ദിവസവും, അന്നും അസൌകര്യമായാല്‍ ഇരുപത്തൊന്നാം ദിവസവും അറവ് നടത്താമെന്ന് ഇമാം അബൂഅബ്ദില്ലാ ബൂശന്‍ജി പ്രസ്താവിച്ചതായി ഇമാം നവവി(റ) ഉദ്ധരിച്ചിരിക്കുന്നു (റൌള 3:229). ഏഴിനോ പതിനാലിനോ ഇരുപത്തിയൊന്നിനോ അറുക്കാമെന്ന് ഹദീസിലും വന്നിട്ടുണ്ട് (ബൈഹഖി). അമിതവ്യയവും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമായി ധാരാളം പണം വാരിവലിച്ചെറിയുന്ന നമ്മുടെ പല സഹോദരന്മാരും ഇത്തരം കാര്യങ്ങള്‍ അവഗണിച്ചുകളയുന്നത് എത്ര സങ്കടകരമാണ്. തിരുനബി(സ) പ്രസ്താവിച്ചതായി ഹ.സമുറ (റ) പറയുന്നു: എല്ലാ ശിശുവിന്റെയും ഉത്തമ വളര്‍ച്ച ഏഴാം ദിവസം അറുക്കപ്പെടുന്ന അവന്റെ ‘അഖീഖ’യുമായി ബന്ധപ്പെട്ടതാകുന്നു (അബൂദാവൂദ്, നസാഈ, തുര്‍മുദി, ഇബ്‌നുമാജ).

സന്തോഷകരമായ സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് ആശംസകളര്‍പ്പിക്കുക എന്നത് ആധുനികയുഗത്തിലെ ഒരു നടപടിച്ചട്ടമായി മാറിയിരിക്കുന്നു. എന്നാല്‍, ഈ മര്യാദ ലോകത്തെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് എത്ര പേര്‍ക്കറിയും? തബൂക്ക് യുദ്ധത്തിന് പോകാതെ നിന്ന മൂന്ന് സ്വഹാബിമാരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോള്‍ സ്‌നേഹിതന്മാര്‍ സമീപിച്ച് ആശംസകളറിയിച്ച സംഭവം സുപ്രസിദ്ധമാണ് (ബുഖാരി, മുസ്ലിം). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍, സന്തോഷകരവും ആനന്ദദായകവുമായ സന്ദര്‍ഭങ്ങളില്‍ ആശംസകളര്‍പ്പിക്കുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാം (ഉദാഹരണത്തിന് ദലീലുല്‍ ഫാലിഹീന്‍ 1:124 നോക്കുക). ഈയടിസ്ഥാനത്തില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ പിതാവിനെ ആശംസിക്കുന്നതും സുന്നത്താകുന്നു.

ഹ. ഇബ്‌റാഹീം നബി(അ)യുടെ അടുത്ത് മലക്കുകള്‍ വന്ന സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അന്ന്, ഇസ്ഹാഖ് നബി ജനിക്കാന്‍ പോകുന്ന സന്തോഷവാര്‍ത്ത അവര്‍ സാറാബീവിയെ അറിയിച്ചതായി അല്ലാഹു വിവരിച്ചിരിക്കുന്നു (സൂറത്തു ഹൂദ് 71, അദ്ദാരിയാത്ത് 28). ഇസ്മാഈല്‍ ജനിക്കുവാന്‍ പോകുന്ന ശുഭവൃത്താന്തം ഇബ്‌റാഹീം നബിയെ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അസ്സ്വാഫ്ഫാത്ത് 101). ഒരു കുഞ്ഞിക്കാലുകാണാന്‍ കൊതിച്ച് കാലം കഴിഞ്ഞ് വാര്‍ധക്യം പ്രാപിച്ച സകരിയ്യാനബി(അ)ക്കും യഹ്‌യാ എന്ന കുഞ്ഞ് ജനിക്കാന്‍ പോകുന്ന ശുഭവാര്‍ത്ത അല്ലാഹു അറിയിക്കുകയുണ്ടായി (സൂറത്തു മര്‍യം 7). സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുടെ ഹൃദയങ്ങള്‍ ആനന്ദതുന്ദിലമാകുന്നു. ആ സന്തോഷം സംഭവിച്ചുകഴിയുകയും പ്രയോഗവല്‍കൃതമായിത്തീരുകയുമൊക്കെ ചെയ്യുമ്പോഴാകട്ടെ അവര്‍ ആനന്ദനൃത്തം ചവിട്ടും. ആ ശുഭമുഹൂര്‍ത്തത്തില്‍ അവരുടെ സന്തോഷത്തില്‍ പങ്കു ചേരുക, ആ നേട്ടത്തിന്റെ ലബ്ധിയില്‍ അവരെ അനുമോദിക്കുകഇതൊക്കെ മനുഷ്യര്‍ക്കിടയിലെ സ്‌നേഹ സാഹോദര്യ ബന്ധങ്ങള്‍ സുദൃഢമാക്കുമെന്ന കാര്യം തീര്‍ച്ചയാണല്ലോ.

നവജാതശിശുവിന്റെ പിതാവിന് അല്ലെങ്കില്‍ മാതാവിന് ആശംസകളറിയിക്കല്‍ സുന്നത്താണ് എന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും മറ്റുമൊക്കെ കാണാം (റൌളത്തുഥ്ഥാലിബീന്‍ 3:233). ഇമാം നവവി(റ) പറയുന്നു: പിറന്നുവീണ ശിശുവിന്റെ പിതാവിന് ആശംസകളറിയിക്കല്‍ സുന്നത്താകുന്നു. അത് ഇമാം ഹസന്‍(റ) ഒരാള്‍ക്ക് പഠിപ്പിച്ചുകൊടുത്ത ആശംസാവാക്യമായിരിക്കുന്നതും സുന്നത്താണ്. അതിങ്ങനെയത്രേ:

(ഈ നവജാതശിശുവില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ, അല്ലാഹുവിന് നീ നന്ദി ചെയ്യുമാറാകട്ടെ, ഈ കുട്ടി വലുതാവുകയും അവന്റെ നന്മ നിനക്ക് ലഭിക്കുകയും ചെയ്യട്ടെകിതാബുല്‍ അദ്കാര്‍ 256, 1983 ബൈറൂത്ത്, മുഗ്‌നി 4:296 ഉം നോക്കുക).
ആശംസകന്റെ മന്ദ്രോദാരവും മധുരമയവുമായ വാക്കുകള്‍ കേട്ട് വെറുതെയിരിക്കുകയല്ല വേണ്ടത്, അതിന് പ്രത്യാശംസകളര്‍പ്പിക്കണം. നന്മക്ക് നന്മ കൊണ്ടുതന്നെ പ്രതിഫലം നല്‍കണമെന്നാണല്ലോ ഖുര്‍ആന്‍ (അര്‍റഹ്മാന്‍ 60) പഠിപ്പിക്കുന്നത്.
(അല്ലാഹു നിന്നെയും അനുഗ്രഹിക്കട്ടെ. ഈ ആശംസാവര്‍ഷത്തിന് അവന്‍ നിന്നെയും ആശീര്‍വദിക്കുമാറാകട്ടെ. അവന്‍ നിനക്ക് നല്ല പ്രതിഫലം നല്‍കട്ടെ.) എന്നാണ് പകരം അങ്ങോട്ട് ആശംസിക്കേണ്ടത് (കിതാബുല്‍ അദ്കാര്‍ 256, മുഗ്‌നി 4:96). ഇസ്ലാമിക സംസ്‌കാരം എത്ര മനോഹരമായിരിക്കുന്നു എന്ന് ചിന്തിച്ചുനോക്കൂ.
അവലംബം : http://www.islamonsite.com

ജന്മം തന്നവരോട് മരിച്ചാലും തീരാത്ത കടപ്പാട് Razak ipc

ഈ വിഷയം കേള്‍ക്കുന്നതേ നമുക്ക് മടുപ്പാണ്. കാരണം, അത്രമാത്രം പ്രസംഗങ്ങളും പ്രബന്ധങ്ങളും ഇവ്വിഷയകമായി സുലഭമാണെന്നതത്രെ കാര്യം. മക്കളുടെ ഉത്തരവാദിത്വങ്ങള്‍ ഖുര്‍ആനില്‍ പറഞ്ഞതിലപ്പുറം ഇവിടെ ഇനി വിശദീകരിക്കാന്‍ ഉദ്ദേശമില്ല. വാരിക്കോരി സ്‌നേഹം നല്‍കാന്‍, ഹൃദയം തുറന്ന് മാതാപിതാക്കളെ സ്‌നേഹിക്കാന്‍ എല്ലാ മക്കളോടുമായി ചില കാര്യങ്ങള്‍ മാത്രം.

വൃദ്ധസദനങ്ങളിലല്ലെങ്കില്‍ പോലും സമാനമായ അവസ്ഥയാണ് നമ്മുടെ പല മാതാപിതാക്കള്‍ക്കും അവരുടെ വീടുകളില്‍. വീടിനു ഭാരമായി, ഇലകൊഴിഞ്ഞ മരമായി, ചണ്ടികളായി – ഒരുപാട് മാതാപിതാക്കള്‍ നിശ്ശബ്ദരായി നമ്മുടെ വീടുകളില്‍ തന്നെയില്ലേ! ഓര്‍ത്തുനോക്കൂ… മാതാപിതാക്കളോട് നമ്മില്‍ ചിലരുടെ ചില പെരുമാറ്റരീതികള്‍ വിശദീകരിക്കാം.

വളര്‍ന്നു വലുതായ മകന്‍ ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും അകലം സൂക്ഷിക്കുന്നതാണ് ആദ്യഘട്ടം. നാട്ടിലുള്ള സകലരോടും സൊറ പറയുന്ന മകന്‍ ഒരു വാക്കുപോലും സ്വന്തം മാതാപിതാക്കളോട് ഉരിയാടാന്‍ നില്‍ക്കുന്നില്ല. നാട്ടുകാര്‍ എന്ത് പറയും എന്ന് കരുതി മാത്രം മാതാപിതാക്കളെ സംരക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍.

തന്നെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ പോലും ചിലര്‍ മാതാപിതാക്കളോടു അഭിപ്രായം തേടില്ല. ‘ക്ലോസ് ഫ്രണ്ട്‌സി’നു മുന്നില്‍ എല്ലാം കെട്ടഴിക്കുന്ന ഇക്കൂട്ടര്‍ക്ക് മാതാപിതാക്കള്‍ അതിനു പോരാതെ വരുന്നുപോലും. മാതാപിതാക്കള്‍ ഇവരോട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാലോ, പുഛമാണുതാനും.

തന്റെ കാര്യങ്ങളില്‍ കയറി ഇടപെടേണ്ടവരല്ല നിങ്ങളെന്ന ധ്വനി തങ്ങളുടെ ഓരോ ചെയ്തിയിലൂടെയും ഇക്കൂട്ടര്‍ വ്യക്തമാക്കിക്കൊണ്ടേയിരിക്കും. താനെന്ന അസ്തിത്വത്തിന്റെ നിലനില്‍പിന്നാധാരം ആ രണ്ടുപേരെന്നറിഞ്ഞുകൊണ്ടുതന്നെ എന്നെ പഠിപ്പിക്കാന്‍ വരേണ്ട എന്നു വരെ അവര്‍ പറഞ്ഞു കളയും.

വിശുദ്ധദീനുല്‍ ഇസ്‌ലാം മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തിലെ വീഴ്ചയെ ‘ഉഖൂഖുല്‍ വാലിദൈന്‍’ (മാതാപിതാക്കളെ വെറുപ്പിക്കല്‍) എന്നാണ് വിശേഷിപ്പിച്ചത്. ‘ഇസ്വ്‌യാനുല്‍ വാലിദൈന്‍’ (മാതാപിതാക്കളോടുള്ള ധിക്കാരം) എന്നതിന് പകരം ആ പദം ഉപയോഗിച്ചത് ബോധപൂര്‍വം തന്നെയാണ്. ധിക്കരിക്കുക പോലും വേണ്ടതില്ല, മനസിനു വിഷമമുണ്ടാക്കുന്ന ചെയ്തികള്‍ നിങ്ങളില്‍ നിന്ന് വന്നാല്‍ തന്നെ ധാരാളം. ഇത് പറയുമ്പോള്‍ യുവാക്കളല്ല എന്റെ അഭിസംബോധിതര്‍, പ്രത്യുത എല്ലാവരുമാണ്. ഓരോ ഉമ്മക്കും വാപ്പക്കും മക്കളായി ഈ ലോകത്ത് പിറന്നു വീണവര്‍. നമ്മുടെ മാതാപിതാക്കള്‍ക്ക് നമുക്ക് നല്‍കാവുന്ന പരിഗണനകളെക്കുറിച്ചും അതില്‍ നാം പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും ചിലത് പറയാം.

* നിങ്ങളുടെ ഓരോ കാര്യത്തിലും (നിസ്സാരമെങ്കില്‍പോലും) അവരുമായി കൂടിയാലോചന നടത്തുക. ഉപദേശങ്ങള്‍ കൂടെക്കൂടെ തേടിക്കൊണ്ടിരിക്കുക. തീരുമാനം നിങ്ങള്‍ മുന്‍കൂട്ടി എടുത്ത വിഷയങ്ങളില്‍ പോലും ഈ പതിവ് തുടരുക. കാരണം, നിങ്ങള്‍ അവരെ പരിഗണിക്കുന്നുവെന്ന തോന്നല്‍ തന്നെ മറ്റെന്തിനേക്കാളുമവര്‍ക്ക് വിലപ്പെട്ടതാണ്. ‘എന്റെ മക്കള്‍ വെറുതെയായില്ല’ എന്ന വിചാരം ഏത് മാതാവിന്റെയും പിതാവിന്റെയും മനം കുളിര്‍പ്പിക്കും.

* നിങ്ങള്‍ക്ക് അനിഷ്ടകരമാംവിധം അവര്‍ പെരുമാറിയാല്‍പോലും ക്ഷമ കൈവിടാതിരിക്കുക. അവര്‍ക്ക് നേരെ മൂര്‍ച്ചയുള്ള നോട്ടം എയ്യാതിരിക്കുക. പുണ്യത്തിന്റെ പാരമ്യത പ്രാപിക്കണമെങ്കില്‍ അവര്‍ നിങ്ങളോട് ചെയ്യുന്ന തെറ്റുകള്‍ പൊറുക്കാന്‍ നിങ്ങള്‍ തയാറാകണം. കരുണാമയനോട് പൊറുക്കലിനെ തേടുന്ന നിങ്ങള്‍ക്ക്, നിങ്ങളുടെ ജന്മത്തിന് നിദാനമായ മാതാപിതാക്കളോട് പൊറുക്കാനാകില്ലെന്നോ? തുറിച്ചുള്ള നോട്ടം പോലും നീ അവരോട് ചെയ്യുന്ന വന്‍തെറ്റാണ്.

* മാതാപിതാക്കളോട് കൂടെക്കൂടെ അവരുടെ സുഖവിവരങ്ങള്‍ ആരായുക. അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍, അതെത്ര നിസ്സാരമെങ്കില്‍പോലും കൂടെക്കൂടെ അന്വേഷിച്ചുകൊണ്ടിരിക്കുക. മാതാപിതാക്കളെ തൃപ്തിപ്പെടുത്താനും അതുവഴി സ്വര്‍ഗത്തിലെത്താനും നിങ്ങള്‍ക്ക് സാധിച്ചേക്കാം.

* മറ്റാരേക്കാളും അവരുടെ സേവനത്തിനും പരിചരണത്തിനും മുന്‍ഗണന നല്‍കുക. അവരുടെ വസ്ത്രം കഴുകിക്കൊടുക്കുക, അവരുടെ കിടപ്പുമുറി അലങ്കരിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുക. പണംകൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണിത്.

* അവരുടെ കവിള്‍ത്തടങ്ങളിലും ചുണ്ടിലും പുഞ്ചിരി നിറക്കാന്‍ പരമാവധി ശ്രമിക്കുക. നല്ലവാക്കുകള്‍ കൊണ്ടോ, കൊച്ചു തമാശകള്‍ കൊണ്ടോ അവരുടെ സന്തോഷം വര്‍ധിപ്പിക്കുക. കരംഗ്രഹിച്ച്, കവിളുകളില്‍ ചുടുചുംബനം നല്‍കി സ്‌നേഹത്തിന്റെ വൈദ്യുതിതരംഗങ്ങള്‍ അവര്‍ക്ക് അനുഭവവേദ്യമാക്കുക.

* അവരുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും വിശേഷങ്ങള്‍ കൂടെക്കൂടെ ആരായുകയും ചെയ്യുക. അപ്രതീക്ഷിതമായ സ്‌നേഹത്തിന്റെ ഉറവയാണ് ഈ ചെയ്തിയിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ മകനെക്കുറിച്ചും മകളെക്കുറിച്ചും പറയാന്‍ ലഭിക്കുന്ന സന്ദര്‍ഭം മാതാപിതാക്കള്‍ക്ക് ഏറെ വിലപ്പെട്ടതാണ്.

* ജീവിക്കുന്നവരായാലും, മരിച്ചവരായാലും അവര്‍ക്കായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. പടച്ചവന്‍ നിങ്ങളെ അനുഗ്രഹിക്കാന്‍, സന്തോഷകരമായ ജീവിതം നിങ്ങള്‍ക്ക് പ്രദാനം ചെയ്യാന്‍, ഇതില്‍പരം സല്‍ക്കര്‍മം ഈ ലോകത്തില്ലെന്ന് മനസ്സിലാക്കുക.

സൗഭാഗ്യസിദ്ധിയേക്കാള്‍ ദൗര്‍ഭാഗ്യങ്ങളുടെ വിപാടനത്തിനും മേല്‍ച്ചൊന്ന കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഇഹലോകത്ത് വെച്ച് ഒരാള്‍ക്ക് സംഭവിക്കാവുന്ന ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും പ്രാഥമിക കാരണങ്ങളിലൊന്നായിപോലും മാതാപിതാക്കളോടുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിലെ വീഴ്ചയെ പ്രവാചകന്‍ ഉയര്‍ത്തിക്കാണിച്ചു. വാര്‍ധക്യ കാലത്ത് മാതാപിതാക്കളെ അടുത്തുകിട്ടിയിട്ടും അവര്‍ക്ക് പുണ്യം ചെയ്ത് സ്വര്‍ഗപ്രവേശനം നേടാത്തവന് മറ്റൊരു കര്‍മം കൊണ്ടും സ്വര്‍ഗലബ്ധി സാധ്യമല്ലെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ചു. മാതാവിന്റെ പരിചരണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്ന ഹാരിഥ്ബ്‌നു നുഅ്മാന് സ്വര്‍ഗത്തിലൊരു വിശിഷ്ട സമ്മാനം കാത്തിരിപ്പുണ്ടെന്ന് സുവിശേഷം നല്‍കി അദ്ദേഹം.

കൂട്ടരേ… എങ്ങനെ നാം അവരെ അവഗണിക്കും? നമ്മുടെ ഭാര്യമാരെയും മക്കളെയും അവരേക്കാള്‍ കൂടുതലായി നാം എങ്ങനെ പരിഗണിക്കും? നിങ്ങള്‍ അവരെ പരിചരിക്കുന്നുണ്ടെങ്കില്‍ തന്നെ, അടുത്തു തന്നെ മരിക്കാന്‍ പോകുന്നവരെന്ന നിലക്കാണ്. എന്നാല്‍, നിന്റെ മാതാവ് നിന്നെ പരിചരിച്ചതോ, നീ മരിക്കാത്തവനായി ഈ ലോകത്ത് തുടരണമെന്ന ആഗ്രഹത്തോടെയും.

നിനക്കോര്‍മയില്ലേ ആ ദിനങ്ങള്‍… എന്റെ കൈപിടിക്കൂ എന്ന് നിന്റെ മാതാവിനോട് പറഞ്ഞ നന്ദര്‍ഭം… മറ്റുള്ളവര്‍ നിന്റെ ചുറ്റും നില്‍ക്കുമ്പോള്‍ അക്കൂട്ടത്തില്‍ നിന്റെ ഉമ്മയെ പ്രത്യേകമായി തെരഞ്ഞത്…കാണാതായപ്പോള്‍ കരഞ്ഞത്… പിറ്റേ ദിവസത്തെ ജോലിഭാരം തലയിലുള്ളപ്പോഴും നീ ഉണരുമ്പോഴെല്ലാം ഉറക്കമിളച്ച് അവള്‍ നിനക്കായി കാവലിരുന്നത്… നിന്റെ കൈകാലുകള്‍ വളരുന്നതിനായി അവര്‍ ആശിച്ചത്… പുറത്തുപോയി വരുമ്പോള്‍ നിന്റെ പിതാവ് നിനക്കായി പഴങ്ങളും പുത്തനുടുപ്പുകളും കളിക്കോപ്പുകളും കൂടെക്കൊണ്ടുവന്നത്… നിന്റെ ബുദ്ധിയുദിക്കും മുമ്പേ, നിന്റെ ബോധമണ്ഡലത്തില്‍ വെളിച്ചമെത്തും മുമ്പേ അവര്‍ ചെയ്ത ഇക്കാര്യങ്ങള്‍ അവാച്യം… അനിര്‍വചനീയം…അതുല്യം.