Category Archives: കൂട്ടുകാര്‍

നല്ല സൗഹൃദം

കൂട്ടുകാര്‍ക്കിടയില്‍വെറുക്കപ്പെട്ടവനാവാതിരിക്കാന്‍

നല്ല സൗഹൃദം
. സൗഹൃദങ്ങളുടെയോ ബന്ധങ്ങളുടെയോ കുഴപ്പമല്ല അത്. മറിച്ച് ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. കണ്ണാടി ഒരാളുടെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്നത് പോലെയാണ് ആളുകളുമായുള്ള നമ്മുടെ ബന്ധങ്ങളും. സൗഹൃദങ്ങളെ നരകവും വേദനയുമാക്കി മാറ്റുകയും കൂട്ടുകാര്‍ക്കിടയില്‍ താങ്കള്‍ വെറുക്കപ്പെട്ടവനാക്കുകയും ചെയ്യുന്ന ആറ് തരം ഇടപഴകലുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആ കാര്യങ്ങള്‍ വെടിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും ഇണക്കത്തിന്റെയും ഉറവകളാക്കി ബന്ധങ്ങള്‍ മാറ്റാം.

ഒന്ന്, മറ്റുള്ളവരെ അമിതമായി ആക്ഷേപിക്കാതിരിക്കുക. ഏത് സമയത്തും കൂട്ടുകാരെ അവരുടെ നിലപാടുകളുടെയും സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും പേരില്‍ ആക്ഷേപിക്കുന്നത് കൂട്ടുകാര്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം ഇല്ലാതാക്കും. എന്നാല്‍ ശാന്തമായും ബുദ്ധിപരമായും നീണ്ട ഇടവേളകള്‍ക്കിടയില്‍ ആക്ഷേപിക്കുന്നതില്‍ തെറ്റില്ല. താങ്കള്‍ ഉന്നയിക്കുന്ന ആക്ഷേപം എത്രതന്നെ ശരിയാണെങ്കിലും അത് അമിതമാകുന്നത് കൂട്ടുകാരെ അകറ്റുകയാണ് ചെയ്യുക. കൂട്ടുകാരന് തെറ്റ് ചെയ്യാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ ബന്ധം നല്ല നിലയില്‍ തുടരുന്നതിന് അവരുടെ ചില വീഴ്ച്ചകള്‍ക്ക് നേരെ നാം കണ്ണടക്കേണ്ടതുണ്ട്.

രണ്ട്, നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ, അവയോട് മറ്റുള്ളവര്‍ വിയോജിക്കുമ്പോള്‍ ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും സ്വാതന്ത്ര്യവും വിശാലതയും അനുവദിക്കുന്നതാണ് സൗഹൃദത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് വാദിക്കുന്നുവെങ്കില്‍ സ്‌നേഹിക്കുന്ന കൂട്ടുകാരനെ ദ്രോഹിക്കല്‍ സ്‌നേഹത്തിന്റെ അടയാളമല്ലെന്ന് അവനോട് പറയുക. ഒരാള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അവനോട് ചെയ്യുന്ന ദ്രോഹമാണ്.

മൂന്ന്, കൂട്ടുകാര്‍ക്ക് മാര്‍ക്കിടുകയോ അവര്‍ക്ക് പ്രത്യേക മുദ്ര ചാര്‍ത്തി കൊടുക്കുകയോ ചെയ്യരുത്. ഈ സ്വഭാവം മറ്റുള്ളവര്‍ നിങ്ങളെ വെറുക്കുന്നതിനും നിങ്ങളില്‍ നിന്ന് അകലുന്നതിനും കാരണമാകും. കൂട്ടുകാരെയെല്ലാം ഒരേ മൂശയില്‍ വാര്‍ത്തെടുത്ത് അതിനനുസരിച്ച് ഇടപഴകാനാണ് ഈ സ്വഭാവത്തിലൂടെ നിങ്ങള്‍ ശ്രമിക്കുന്നത്. ഒരാളെ ദേഷ്യക്കാരനായി നിങ്ങള്‍ മുദ്രകുത്തുന്നു, മറ്റൊരാളെ സ്വാര്‍ഥനായും, മൂന്നാമതൊരാളെ കള്ളം പറയുന്നവനായും, നാലാമതൊരാളെ വഞ്ചകനായും നിങ്ങള്‍ മുദ്രകുത്തുന്നു. കാലം മുന്നോട്ടു പോകുമ്പോള്‍ അനുഭവസമ്പത്തിലൂടെ മാറ്റം വരുന്നതാണ് മനുഷ്യന്റെ ജീവിതം. മുമ്പുണ്ടായിരുന്ന സ്വഭാവം തെറ്റാണെന്ന് അംഗീകരിച്ച് അത് തിരുത്തിയിട്ടു ണ്ടാവും. കൂട്ടുകാരെ നിലനിര്‍ത്തണമെങ്കില്‍ നാം ഇഷ്ടപ്പെടുന്ന രീതിയില്‍ അവരോട് പെരുമാറുന്നതിന് പകരം അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ നാം അവരോട് പെരുമാറേണ്ടത് അനിവാര്യമാണ്.

നാല്, എപ്പോഴും താങ്കള്‍ മാത്രമാണ് ശരി അവര്‍ തെറ്റിലാണ് എന്ന് തോന്നിപ്പിക്കും വിധം അമിതമായി വിമര്‍ശിക്കരുത്. മറിച്ച് നല്ല രീതിയില്‍ സംവദിച്ച് അവരുടെ ഹൃദയം കീഴടക്കാനായിരിക്കണം നമ്മുടെ ശ്രമം. സമ്മര്‍ദം ചെലുത്താതെ, കല്‍പനയുടെ സ്വരവും ദേഷ്യവും ഒഴിവാക്കി തെറ്റും ശരിയും ബോധ്യപ്പെടുത്താന്‍ നാം ശ്രമിക്കണം. നിലപാടുകളുടെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. അത് മനസ്സിലാക്കാതെ അവരെ ഖണ്ഡിക്കാന്‍ മുതിരരുത്.

അഞ്ച്, ഓരോ മനുഷ്യനും ഒട്ടേറെ സവിശേഷതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ധാരാളം നന്മകള്‍ ഓരോരുത്തരിലുമുണ്ടാകും. ഓരോ കൂട്ടുകാരന്റെയും നന്മകളെ ഉപയോഗ പ്പെടുത്താനും അവരിലെ ദോഷവശങ്ങളെ അവഗണിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ഒരു മനുഷ്യനും പൂര്‍ണനല്ല എന്നത് തന്നെ കാരണം. പുതിയ അനുഭവങ്ങളെ ഭയക്കുകയല്ല വേണ്ടത്. ഓരോ കാര്യങ്ങളില്‍ നിന്നും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്ക ണം.

ആറ്, ഭൗതിക വിഭവങ്ങള്‍ ധാരാളമുള്ള സമ്പന്നരായ കൂട്ടുകാര്‍ മാത്രമാണ് സന്തോഷം നല്‍കുകയെന്നത് മൂഢവിശ്വാസമാണ്. കാരണം സന്തോഷത്തിന് സമ്പത്തുമായി ഒരു ബന്ധവുമില്ല. ധനികനാവട്ടെ ദരിദ്രനാവട്ടെ അയാളുടെ മനസ്സ് നിങ്ങളുടെ മനസ്സുമായി ഇണങ്ങുമ്പോഴാണ് നിങ്ങള്‍ സന്തുഷ്ടനാകുന്നത്. അതിലുപരിയായി അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുള്ള സൗഹൃദങ്ങളാണ് ഉത്തമമായ സൗഹൃദം.

ഈ ആറ് കാര്യങ്ങളോടൊപ്പം അവസാനമായി ഓര്‍മപ്പെടുത്താനുള്ളത്, കൂട്ടുകാരുടെ വികാരങ്ങളെ മാനിക്കുകയും അതിനെ വ്രണപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളുടെ വിശേഷണങ്ങള്‍ നബി(സ) വിവരിച്ചപ്പോള്‍ ഉകാശ(റ) ചോദിച്ചു: അക്കൂട്ടത്തില്‍ ഞാനുണ്ടാകുമോ അല്ലാഹുവിന്റെ ദൂതരേ? അതെയെന്ന് നബി(സ) മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സഹാബി ചോദിച്ചു: ഞാന്‍ അക്കൂട്ടത്തിലുണ്ടോ? നബി(സ) പറഞ്ഞു: അക്കാര്യത്തില്‍ ഉക്കാശ നിന്നെ മുന്‍കടന്നിരിക്കുന്നു. സുഹൃത്തുക്കളെ നിലനിര്‍ത്തുന്നതിനുള്ള കഴിവാണിത് പ്രകടമാക്കുന്നത്.

വിശ്വാസികളുടെ പരസ്പര ബന്ധങ്ങള്‍

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى (صحيح مسلم)

നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും.
-relationship
കാലിനു മുറിവു പറ്റിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ പോകാറില്ലേ? തലവേദനയുണ്ടായാല്‍ എഴുതാനും വായിക്കാനും പ്രയാസം തോന്നാറില്ലേ? യാത്ര ചെയ്യാനും ജോലി ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ? എന്താണിതിനു കാരണം? ഒരവയവത്തിനു വേദനയോ പ്രയാസമോ ഉണ്ടായാല്‍ ശരീരം മുഴുവന്‍ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു കൊണ്ടാണിത്. പനി വന്നാല്‍ ശരീരം മുഴുവന്‍ ക്ഷീണം ബാധിക്കും. വായയ്ക്ക് രുചിയുണ്ടാവില്ല. ചിലപ്പോള്‍ തലവേദനയും തോന്നും. ഇതുപോലെയാണ് സത്യവിശ്വാസികള്‍. സത്യവിശ്വാസികള്‍ പരസ്പര സഹോദരങ്ങളാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. ഇസ്‌ലാമിക സമൂഹം എന്ന ശരീരത്തിലെ അവയവങ്ങളാണ് ഓരോ മുസ്‌ലിമും.

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാണ്. അവന്‍ അപരനെ വഞ്ചിക്കുകയില്ല. അവനെ അവിശ്വസിക്കുകയില്ല. അവനെ കൈവെടിയുകയില്ല. ഓരോ വിശ്വാസിക്കും മറ്റൊരു വിശ്വാസിയുടെ അഭിമാനവും സമ്പത്തും രക്തവും പവിത്രമാണ്. തഖ്‌വ ഇവിടെ (ഹൃദയത്തില്‍)യാണ്. തന്റെ മുസ്‌ലിം സഹോദരനെ നിന്ദിക്കുന്നത് തന്നെ ഒരാള്‍ക്ക് മതിയായ പാപമാണ്. (1)

എനിക്ക് സന്തോഷവും നേട്ടങ്ങളും ഉണ്ടാവണം. മറ്റുള്ളവരുടെ കാര്യം എന്തായാലും എനിക്ക് പ്രശ്‌നമല്ല എന്ന സ്വാര്‍ഥ നിലപാട് സ്വീകരിക്കുന്നവന്‍ സത്യവിശ്വാസിയല്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അനസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല. (2)

വിശ്വാസികളുടെ ഈ സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാന്‍ ചില പ്രായോഗിക നടപടികളും ഇസ്‌ലാം പഠിപ്പിക്കുന്നു. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറെണ്ണമാകുന്നു. ഒരാള്‍ ചോദിച്ചു: അവ ഏതൊക്കെയാണ് പ്രവാചകരേ? തിരുമേനി അരുളി: അവനെ കണ്ടുമുട്ടിയാല്‍ സലാം പറയുക. അവന്‍ നിന്നെ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക. ഉപദേശം തേടിയാല്‍ ഉപദേശം നല്‍കുക. അവന്‍ തുമ്മുകയും എന്നിട്ട് الْحَمْدُ لله എന്ന് പറയുകയും ചെയ്താല്‍ അവന് നന്മ നേരുക (യര്‍ഹമുകുമുല്ലാഹ് എന്ന് പ്രാര്‍ഥിക്കുക). അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കുക. മരിച്ചാല്‍ (ജനാസയെ) അനുഗമിക്കുക.(3)

ഒരേ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുണ്ടാവേണ്ട ബന്ധത്തിന്റെ ലളിതസുന്ദരമായ വിവരണമാണ് ആദ്യത്തെ ഹദീസ്. അല്ലാഹുവിനോടുള്ള വിധേയത്വമാണ് യഥാര്‍ഥ സ്‌നേഹത്തിന്റെ പ്രഭവകേന്ദ്രം. ആ സ്‌നേഹത്തിന്റെ ശീതളഛായയില്‍ പകയും വിദ്വേഷവും അസൂയയും കുശുമ്പുമെല്ലാം കെട്ടടങ്ങും. അത്തരം ഉന്നതമായ സ്‌നേഹത്തില്‍ നിന്നാണ് കളങ്കര രഹിതമായ കാരുണ്യവും അനുകമ്പയും ജനിക്കുന്നത്.

മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് ഈ നബിവചനം നല്‍കുന്ന സന്ദേശത്തിന്റെ മര്‍മം. എന്നാല്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ പലപ്പോഴും ഇതിന് വിഘാതം സൃഷ്ടിക്കുന്നു. സംഘടനകളുടെയും പള്ളികളുടെയും പേരിലുള്ള പ്രാദേശിക കക്ഷിമല്‍സരങ്ങള്‍ മുതല്‍ അന്താരാഷ്ട്ര തലം വരെ അത് കാണാം. ഞാന്‍ പിന്തുണക്കുന്ന പള്ളിയില്‍ വരുന്നവര്‍ക്ക് മാത്രമേ എന്റെ സേവനങ്ങള്‍ ഞാന്‍ നല്‍കുകയുള്ളൂ എന്ന് ഒരാള്‍ തീരുമാനിക്കുന്നത് നാട്ടില്‍ ചേരിതിരിവിന് വഴിവെക്കുമെന്ന് പറയേണ്ടതില്ലല്ലോ. അയല്‍വാസികളെയും ബന്ധുക്കളെയും പരസ്പരം അകറ്റാന്‍ അത് തന്നെ ധാരാളമാണെന്നാണ് അനുഭവസാക്ഷ്യങ്ങള്‍.

അടിസ്ഥാനവിശ്വാസങ്ങളില്‍ യോജിപ്പുണ്ടായിരിക്കെ വിശദാംശങ്ങളില്‍ ഭിന്ന വീക്ഷണങ്ങള്‍ ഉണ്ടാവുന്നത് തെറ്റല്ല. അതേസമയം അത് മുസ്‌ലിംകളുടെ ഐക്യം തകര്‍ക്കുകയും പരസ്പരം ചെളിവാരിയെറിയുകയും ചെയ്യുന്ന തലത്തിലേക്ക് വളരാന്‍ പാടില്ല. വീക്ഷണ വൈവിധ്യങ്ങള്‍ക്കുള്ള സാധ്യതകളെ ഉള്‍ക്കൊള്ളാനുള്ള മാനസിക വികാസമില്ലായ്മ ഇന്ന് മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ഒരു വന്‍ദുരന്തമാണ്. ആ ദുരന്തത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നിര്‍ഭാഗ്യവശാല്‍ പല മേഖലകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ദീനീസംവിധാനങ്ങളെ പാര്‍ട്ടി വളര്‍ത്താനുള്ള ആയുധമായി മാറുമ്പോള്‍ അത് പല പ്രദേശങ്ങളിലുമുണ്ടാക്കുന്ന ചേരിതിരിവുകള്‍ നിസ്സാരമായി കാണാനാവില്ല. ആഗോള തലത്തില്‍ തന്നെ മുസ്‌ലിംകള്‍ പരസ്പരം പോരടിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു ഇക്കാലത്ത് നിന്ദ്യതയുടെ മാറാപ്പ് ചുമന്ന് നടക്കാന്‍ വിധിക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന് അന്തസ്സും യശസ്സും തിരിച്ചുകിട്ടണമെങ്കില്‍ ഞങ്ങള്‍ ഒരു മെയ്യാണെന്ന ചിന്ത വളര്‍ത്തിയെടുത്തേ പറ്റൂ. വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയായിരിക്കും സര്‍വോന്നതര്‍ എന്ന ഖുര്‍ആനിക പ്രഖ്യാപനം പുലരാന്‍ ഈ ഐക്യം കൂടിയേ തീരൂ.

———————-
1. عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الْمُسْلِمُ أَخُو الْمُسْلِمِ ، لاَ يَخُونُهُ وَلاَ يَكْذِبُهُ وَلاَ يَخْذُلُهُ ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ ، عِرْضُهُ وَمَالُهُ وَدَمُهُ ، التَّقْوَى هَاهُنَا ، بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْتَقِرَ أَخَاهُ الْمُسْلِمَ (سنن الترمذي 1927).
2. عَنْ أَنَسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ (صحيح البخاري/ 12، صحيح مسلم/45).
3. عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ ». قِيلَ مَا هُنَّ يَا رَسُولَ اللَّهِ قَالَ « إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ وَإِذَا دَعَاكَ فَأَجِبْهُ وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ وَإِذَا عَطَسَ فَحَمِدَ اللَّهَ فَسَمِّتْهُ وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ ». (مسلم)