Category Archives: ഖുര്‍ആന്‍ കഥകള്‍

ഖുര്‍ആനിലെ കഥകകള്ടെ അന്ത:സത്ത

മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. “മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിതം നന്‍മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്‍മ ദിവ്യമാണ്; തിന്‍മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ ന•യില്‍ന്ിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ ന•യോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. “മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു”. (ഖുര്‍ആന്‍ 91:8-10) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്.

സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാധിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്ളാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു.

ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്.

ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൌതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്ളാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാദ്ധ്യത ദൈവത്തോടുമാത്രമാണ്. ഈ യഥാര്ത്യങ്ങള്‍ സംഭവ കഥകളിലൂടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു , മോസ്സ,ഇബ്രാഹീം , തുടെങ്ങി ഓരോ പ്രവാചകന്മാരുടെയും കഥ കളില്‍ വ്യത്യസ്ത പാഠങ്ങള്‍ നമുക്ക് മസ്സിലാക്കാനുണ്ട് ഖുര്‍ആന്‍ ഏറ്റവും നല്ല കഥയായി അവതരിപ്പിക്കുന്നത് യോസഫ് (യൂസുഫ് നബി) യുടെ കഥയാണ്

ഖിള്‌റും സാമൂഹിക സംസ്‌കരണവും دروس من قصة خضر

ഗുഹ എന്നര്‍ത്ഥമുള്ള കഹ്ഫ് എന്ന പദം വിശുദ്ധ ഖുര്‍ആന്‍ അധ്യായനാമമായി നല്‍കിയതിന് പിന്നില്‍ പല താല്‍പര്യങ്ങളുണ്ട്. ധാരാളം രഹസ്യങ്ങള്‍ ഉറങ്ങിക്കിടക്കുന്ന, എല്ലാവരും പുതുമയുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഗുഹയെ സമീപിക്കുക. വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ കഹ്ഫ് അക്ഷരാര്‍ത്ഥത്തില്‍ ഒരു രഹസ്യ അറ തന്നെയാണ്. വിവിധങ്ങളായ കഥാകദനങ്ങളിലൂടെ ധാരാളം രഹസ്യങ്ങള്‍ അത് നമ്മോട് പങ്ക് വെക്കുന്നുണ്ട്.
ചരിത്രത്തിലെ മഹത്തായ അല്‍ഭുത സംഭവങ്ങളാണ് സൂറത്തുല്‍ കഹ്ഫിന്റെ അടിസ്ഥാന വിഷയങ്ങള്‍. ഗുഹയില്‍ അഭയം തേടി മൂന്ന് നൂറ്റാണ്ടുകളോളം ഉറങ്ങിക്കിടന്ന യുവാക്കളും, ആകാശത്ത് നിന്ന് വന്ന് ഭൂമിയിലെ പ്രവാചകനെ പഠിപ്പിച്ച ഖിള്‌റും അവയുടെ ഉദാഹരണങ്ങളാണ്.
ആകാശത്തെയും ഭൂമിയിലെയും വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. സല്‍ക്കര്‍മിയായ അടിമ ആകാശത്തെ വിജ്ഞാനത്തെയും, പ്രവാചകനായ മൂസാ ഭൂമിയിലെ വിജ്ഞാനത്തെയും പ്രതിനിധീകരിക്കുന്നു.
അവരുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന സംഭവങ്ങളാണ് കഹ്ഫ് വെളിപ്പെടുത്തുന്നത്. കപ്പല്‍, കുട്ടി, മതില്‍ തുടങ്ങിയവയാണവ. മൂസാ പ്രവാചകന്‍ അദ്ദേഹത്തിന്റെ കൂടെ യാത്രയിലാണ്. മൂസാ അതിഥിയെ വീക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സശ്രദ്ധം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ക്ഷമകെട്ട് ആക്ഷേപിക്കുക കൂടി ചെയ്യുന്നുണ്ട്. ബാഹ്യമായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ചില സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുന്നില്‍ നിന്ന് തടയുന്നുമുണ്ട്. ജീവിതത്തിന്റെ ഗുഹകളില്‍ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങള്‍ മൂസാ പ്രവാചകന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഖിള്‌റിനെ കൂടെ അയക്കുന്നത്.
കപ്പല്‍ സംഭവം ഒരു ഭരണാധികാരിയുടെ ജീര്‍ണതയയാണ് കുറിക്കുന്നത്. കുട്ടിയുടെ അവസ്ഥ ഒരു കുടുംബത്തിന്റെ ദുരന്തത്തിന് കാരണമായേക്കുമെന്നും സൂചനയുണ്ട്. മതിലിന്റെ കഥയും നല്‍കുന്ന സൂചന ആ സമൂഹത്തിന്റെ ജീര്‍ണതയിലേക്കും, പ്രജകളുടെ കഴിവ്‌കേടിലേക്കുമാണ്. ചുരുക്കത്തില്‍ മൂന്ന് സംഭവങ്ങളും ആ സമൂഹത്തിലുണ്ടായിരുന്ന മൂന്ന് തരം പോരായ്മകളെയാണ് കുറിക്കുന്നത്. ഈ പോരായ്മകള്‍ പരിഹരിക്കുന്നതിന് വേണ്ടി അല്ലാഹു കരുണയോടെ അയച്ചതായിരുന്നു ഖിള്ര്‍ പ്രവാചകന്‍. അക്കാലത്ത് സമൂഹത്തിലുണ്ടായിരുന്നവര്‍ പ്രസ്തുത സാഹചര്യത്തെ തൃപ്തിപ്പെടുകയും അതില്‍ ലയിച്ച് ചേരുകയും ചെയ്‌തെങ്കിലും അവ പരിഹരിക്കപ്പെടണമെന്നതായിരുന്നു ദൈവഹിതം.
മാന്യരായ, അതോടൊപ്പം ദുര്‍ബലരായ ആളുകളുടേതായിരുന്നു കപ്പല്‍. അപ്രകാരം തന്നെയായിരുന്നു കുട്ടിയുടെയും അവസ്ഥ. അവന്റെ മാതാപിതാക്കള്‍ നല്ലവരായിരുന്നു പക്ഷെ അവരും ദുര്‍ബലരായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ അക്രമികളും ശക്തരുമായ വിഭാഗത്തോട് അവര്‍ക്ക് പോരാടേണ്ടതുണ്ടായിരുന്നു. ഖിള്ര്‍ കൊലപ്പെടുത്തിയ കുട്ടിയാവട്ടെ, ഈ വരേണ്യ ദുഷ്ട വിഭാഗത്തിന്റെ ലക്ഷണങ്ങളായിരുന്നു അവന്നുണ്ടായിരുന്നത്. അക്രമിയായ ആ രാജാവിന്റെ സ്വഭാവം പോലെ. സകലമാന ധിക്കാരത്തിന്റെയും പ്രതീകമായിരുന്നു അയാള്‍. രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ സംഘട്ടനമായിരുന്നു ആ മൂന്ന് സംഭവങ്ങളും. ദരിദ്രരും ദുര്‍ബലരുമായ ഒരു വിഭാഗവും ശക്തരും ധിക്കാരികളുമായ വരേണ്യവര്‍ഗവും. അവരിലേക്കാണ് അല്ലാഹുവിന്റെ സദ്‌വൃത്തനായ അടിമ കടന്ന് വരുന്നത്.
അല്ലാഹു ഭൂമിയില്‍ ഉദ്ദേശിക്കുന്ന സാമൂഹിക പരിഷ്‌കരണമാണ് ഖിള്ര്‍ മുഖേന നമുക്ക് സമര്‍പ്പിച്ചത്. അതിനാലാണ് അവക്ക് ശേഷം ‘ഞാന്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതല്ല ഇത്’ എന്ന് ഖിള്ര്‍ പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്.
മൂന്ന് പാകമായ മാര്‍ഗങ്ങള്‍ വിശ്വാസികള്‍ക്ക് ഈ കഥയിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്.
ലക്ഷ്യപൂര്‍ത്തീകരണത്തിന് തന്ത്രങ്ങള്‍ പ്രയോഗിക്കുക
നാമുദ്ദേശിക്കുന്ന ലക്ഷ്യം മഹത്തരമാണെന്ന് നാം അതിനുള്ള മാര്‍ഗം സ്വീകരിക്കുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക. തന്ത്രങ്ങള്‍ പ്രയോഗിച്ച് അവ നടപ്പില്‍ വരുത്തുക. ഖിള്ര്‍ കപ്പലിന് കേട്പാട് വരുത്തിയില്ലായിരുന്നുവെങ്കില്‍ ഈ ദുര്‍ബല സമൂഹം രക്ഷപ്പെടില്ലായിരുന്നു.
അല്ലാഹു പഠിപ്പിച്ച് തന്ന തന്ത്രമാണത്. മൂസാ നബി(അ)ക്ക് അജ്ഞാതമായ തന്ത്രമായിരുന്നില്ല അത്. വളരെ ചെറുപ്പത്തില്‍ ഫറോവയുടെ പീഢനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തിന്റെ ഉമ്മ സ്വീകരിച്ചതും അതേ മാര്‍ഗം തന്നെയായിരുന്നു.(ത്വാഹ 39)
അല്ലാഹുവിന്റെ തന്ത്രം എത്ര സുന്ദരം! കുഞ്ഞായ മൂസായെയും, ദുര്‍ബലരായ സാധുജനത്തെയും അക്രമിയായ ഭരണാധികാരിയില്‍ നിന്നും രക്ഷപ്പെടുത്തുന്നത് തന്ത്രം തന്നെയായിരുന്നു.
യൂസുഫ്(അ) സ്വീകരിച്ച തന്ത്രവും വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. സഹോദരന്‍ ബിന്‍യാമീനെ തന്റെ കൂടെ നിര്‍ത്താനായിരുന്നു അത്.(യൂസുഫ് 76). അല്ലാഹുവാണ് അദ്ദേഹത്തിനും തന്ത്രം പഠിപ്പിച്ചത്. തന്റെ സഹോദരനെ സുരക്ഷിതമായ സ്ഥാനത്ത് താമസിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇപ്രകാരം അദ്ദേഹം ചെറുപ്പത്തില്‍ കണ്ട സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു. സഹോദരന്മാര്‍ അദ്ദേഹത്തിന് മുന്നില്‍ സുജൂദ് ചെയ്തു.

തിന്മ തടയുന്നതിന് ജാഗരൂഗരാവുക
കഹ്ഫ് വിശദീകരിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു. കുട്ടിയാവട്ടെ അക്രമത്തിലും നിഷേധത്തിലുമായിരുന്നു വളര്‍ന്ന് വന്നിരുന്നത്.(അല്‍കഹ്ഫ്: 80) അക്രമിയായ, മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്ന മകനെ നിലനിര്‍ത്തേണ്ടതില്ല എന്നതായിരുന്നു ഖിള്ര്‍ മുഖേനെ അല്ലാഹു നടപ്പാക്കിയ തീരുമാനം. മാത്രമല്ല അവനേക്കാള്‍ ഉത്തമനായ, കുടുംബബന്ധം പുലര്‍ത്തുന്ന മകനെ അല്ലാഹു നല്‍കുമെന്ന് വാഗ്ദാനവും ചെയ്തു.(അല്‍കഹ്ഫ്: 81)
കുട്ടിയെ കൊന്നത് സഹിക്കാന്‍ കഴിഞ്ഞില്ല മൂസാ പ്രവാചകന്. നാമാണെങ്കിലും അത്തരത്തിലെ പ്രതികരിക്കൂ. കാരണം നിയമപരമായി ന്യായമില്ലാതെയാണ് -ആത്മാവിന് പകരം- ഖിള്ര്‍ അപ്രകാരം ചെയ്തത്. പക്ഷെ, അല്ലാഹുവിന്റെ തീരുമാനവുമായാണല്ലോ അദ്ദേഹം വന്നത്. സാമൂഹിക സംസ്‌കരണത്തിന്റെ ഉന്നതമായ മുഖം അഥവാ തിന്മ തടയുകയെന്ന് നയമാണ് ഇവിടെ സ്വീകരിക്കപ്പെട്ടത്. സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഒരു ബാഹ്യതലമാണ് ഈ സംഭവത്തിനുള്ളത്. ദൈവത്തിന്റെ കാരുണ്യമായി ആ മാതാപിതാക്കള്‍ക്ക് മറ്റൊരു സന്താനത്തെ നല്‍കിയത് അതിന്റെ ഭാഗമാണ്.

നന്മ കൊണ്ട് വരുന്നതിനുള്ള ഔത്സുക്യം
സാമൂഹ്യ സംസ്‌കരണത്തിന്റെ മൂന്നാമധ്യായമാണ് ചുമരിന്റെ കഥയിലൂടെ ഉദ്ധരിക്കുന്നത്. അപരിചതമായ ഒരു ഗ്രാമത്തിലെത്തിയ മൂസാ പ്രവാചകനും, ഖിള്‌റും അവിടത്തുകാരോട് ഭക്ഷണം ചോദിച്ചു. പക്ഷെ ഗ്രാമവാസികള്‍ അവരെ വിരുന്നൂട്ടാന്‍ തയ്യാറായില്ല. അവര്‍ക്ക് അവരെ അറിയില്ലായിരുന്നു. ഇവരാവട്ടെ അങ്ങേയറ്റത്തെ വിശപ്പ് സഹിച്ച് നില്‍ക്കുകയായിരുന്നു. മാന്യമാന്മാരുടെ സമൂഹം ഇപ്രകാരമല്ലല്ലോ ചെയ്യുക. ഒരു പരദേശി നാട്ടില്‍ വന്നാല്‍ വിരുന്നൂട്ടേണ്ടത് അവരുടെ മര്യാദയാണല്ലോ. വന്നവര്‍ വിശന്ന് വലഞ്ഞവരാണെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്‍കല്‍ നിര്‍ബന്ധവുമാണ്. പക്ഷെ ഇവര്‍, ആതിഥ്യം നല്‍കിയില്ലെന്ന് മാത്രമല്ല വന്നവരെ ആക്ഷേപിക്കുകയും നിന്ദിക്കുകയുമാണ് ചെയ്തത്. മൂസായും ഖിള്‌റും അവരോട് സ്വാദിഷ്ഠമായ വിഭവങ്ങളല്ല ചോദിച്ചത്. മറിച്ച തങ്ങളുടെ വിശപ്പകറ്റാന്‍ പറ്റിയ ഒരുള ഭക്ഷണമാണവര്‍ ചോദിച്ചത്. എന്നിട്ടുമവരത് ചെയ്തില്ല. അപ്പോഴാണ് ഗ്രാമത്തിലെ പൊളിഞ്ഞ് വീഴാറായ പുരാതന മതില്‍ ഖിള്‌റിന്റെ ശ്രദ്ധയില്‍പെട്ടത്. അദ്ദേഹമത് അലങ്കരിക്കുകയും, പുതുക്കുകയും നേരെയാക്കുകയും ചെയ്തു. ഇതും മൂസാ പ്രവാചകന് സഹിച്ചില്ല. തങ്ങള്‍ക്ക് ഒരു ഉരുള ഭക്ഷണം പോലും നല്‍കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാത്ത ഈ സമൂഹത്തിനാണോ സൗജന്യമായി മതില്‍ നന്നാക്കിക്കൊടുക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. അവരുടെ തോന്നിവാസത്തിനും അക്രമത്തിനുമുള്ള പ്രതിഫലം ഇതാണോ? അതിനുള്ള മറുപടി പിന്നീടാണ് വെളിവായത്. ആ മതില്‍ പൊളിച്ച് നന്നാക്കിയത് ഗ്രാമവാസികള്‍ക്ക് വേണ്ടിയായിരുന്നില്ല. മറിച്ച്, അവിടെയുണ്ടായിരുന്ന സദ്‌വൃത്തരായ ഏതാനും പേര്‍ക്ക് നന്മയായാണ് അദ്ദേഹമപ്രകാരം ചെയ്തത്. പട്ടണവാസികള്‍ പരിഗണിക്കാത്ത, സാമ്പത്തികമായി പ്രയാസമനുഭവിച്ചിരുന്ന അവര്‍ക്ക് ദൈവത്തില്‍ നിന്നുള്ള നിധി എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു അത്. മതില്‍ പൊളിഞ്ഞാല്‍ ഗ്രാമവാസികള്‍ക്ക് ലഭിക്കുമായിരുന്ന പ്രസ്തുത സ്വത്തുക്കള്‍ അവരില്‍ നിന്ന് തടഞ്ഞ് ഉത്തമരായ വിശ്വാസികള്‍ക്ക് നല്‍കുകയാണ് ഇതുമൂലം സംഭവിച്ചത്.
ചുരുക്കത്തില്‍ ഈ മൂന്ന് സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. സംഭവങ്ങളുടെ ബാഹ്യാവസ്ഥ മാത്രം പരിഗണിക്കുകയോ, അതില്‍ വഞ്ചിതരാവുകയോ ചെയ്യരുത്. നമുക്ക് അറിയാത്ത ധാരാളം ആന്തരിക തലങ്ങളും, ദൈവിക ഉദ്ദേശ്യങ്ങളും അവക്ക് പിന്നിലുണ്ടാവും. എല്ലാ കാര്യങ്ങളെ ബാഹ്യമായി വിലയിരുത്തലല്ല യുക്തി. ഖിള്ര്‍ അക്കാര്യം വളരെ വ്യക്തമായി നമുക്ക് പഠിപ്പിച്ച് തരുന്നു. മാത്രമല്ല അപ്രകാരം പ്രവര്‍ത്തിച്ചത് ദൈവിക നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. തിന്മകളുടെ പ്രതീകങ്ങളായിരുന്ന കപ്പലിനെയും, മതിലിനെയും, കുട്ടിയെയും അദ്ദേഹം കൈകാര്യം ചെയ്ത രീതി തീര്‍ച്ചയായും ഗുണപാഠം നല്‍കുന്നവയാണ്.

ഖുര്‍ആനിക കഥകള്‍; നവോത്ഥാനത്തിലേക്കുള്ള വഴി – من قصص القرآن الكريم…

പൂര്‍വസമുദായങ്ങളുടെ അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കും ഒരെത്തിനോട്ടം നടത്തിയിട്ടല്ലാതെ ശോഭനമായ ഭാവിയിലേക്ക് ഉറ്റുനോക്കാനാവില്ല. സമൂഹത്തിന്റെ ചൈതന്യവും നവോത്ഥാനവും വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂര്‍വ്വസമൂഹങ്ങളുടെ നവോത്ഥാന ചരിത്രം പഠിക്കുകയും അതില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളുകയും വേണം. ആളുകളുടെയും നാടുകളുടെയും നിലപാടുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഗുണപാഠം സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വളരെ അപൂര്‍വമായ ഇത്തരം കഥകളും ഉദാഹരണങ്ങളും വ്യക്തമായ നിലപാടുകളും ഗുണപാഠങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഖുര്‍ആനല്ലാത്ത മറ്റൊരു ഗ്രന്ഥം ഇല്ല. ഖുര്‍ആന്‍ പറയുന്നു: ‘ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.’ (യൂസുഫ്: 3്) ശാശ്വതമായ ഈ ഗ്രന്ഥത്തില്‍ ചരിത്ര കഥകള്‍ക്ക് നല്ല ഒരു പങ്ക് വകവെച്ച് നല്‍കപ്പെട്ടിട്ടുണ്ട്. കഥകളുടെ അവസാനമാണ് വളരെ പ്രധാനം. അവിടെ അതിന്റെ ഗുണപാഠം വ്യക്തമാക്കിയിരുന്നത്. വിനോദത്തിനോ ആളുകളെ കഥപറഞ്ഞ് രസിപ്പിക്കാനോ ആയിരുന്നില്ല ഖുര്‍ആന്‍ കഥകള്‍ പറഞ്ഞിരുന്നത്. പുതിയ ഒരു സംഭവത്തെ സ്ഥിരീകരിക്കുന്നതിനും മനുഷ്യന് പുതിയ അടയാളങ്ങള്‍ വരച്ച് കാണിക്കുന്നതിനും ഖുര്‍ആനിക സൂക്തങ്ങള്‍ അവ ഉദ്ധരിച്ചിരുന്നത്. ചില പാഠങ്ങള്‍ പഠിപ്പിക്കുകയെന്നതാണ് അവയുടെ ഉദ്ദേശ്യം. മനുഷ്യനില്‍ ക്രിയാത്മകത സൃഷ്ടിക്കുകയാണ് ഇവയുടെ മൊത്തത്തിലുള്ള ഫലം. ജീവിതത്തിന് അവ പുതിയ അര്‍ത്ഥം നല്‍കുന്നു.

സമൂഹത്തിനും വ്യക്തികള്‍ക്കും സംസ്‌കരണവും നിര്‍ദ്ദേശവും നല്‍കുന്നതിനുള്ള ഉപകരണമാണ് ഖുര്‍ആനിക പശ്ചാത്തലത്തിലുള്ള കഥകള്‍. ഖുര്‍ആന്‍ പൂര്‍വ്വസമൂഹങ്ങളുടെ കഥ വിവരിക്കുമ്പോള്‍ അതിന്റെ ഗുണപാഠങ്ങളിലൂടെ അന്ത്യപ്രവാചകന്റെ സമൂഹത്തിന് വഴികാട്ടുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘ഇങ്ങനെ മുമ്പു കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരങ്ങളൊക്കെ നാം നിനക്ക് വിശദീകരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മില്‍നിന്നുള്ള ഈ ഖുര്‍ആനാകുന്ന ഉദ്‌ബോധനം നല്‍കിയിരിക്കുന്നു.’ (ത്വാഹ: 99)
മനുഷ്യര്‍ എക്കാലത്തും നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ സമാനതകളുള്ളതായിരുന്നു. അത്തരം രോഗങ്ങളും കുഴപ്പങ്ങളും എത്ര അധികരിച്ചാലും അവക്കെല്ലാമുള്ള ചികിത്സ ഒരേ രീതിയിലുള്ളതായിരുന്നു. കഴിഞ്ഞുപോയ തലമുറയുടെ ഓര്‍മ്മയില്‍ നിന്ന് അവയെ വീണ്ടെടുക്കുകയാണ് കഥകള്‍. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ കഴിഞ്ഞുപോയ മനുഷ്യ ജീവിതവും സംഭവങ്ങളും അത് മനസിലാക്കി തരുന്നു. മഹാനായ ശൈഖ് മുഹമ്മദ് ഗസ്സാലിയുടെ വീക്ഷണത്തില്‍ ഖുര്‍ആനിക കഥകള്‍ പഠിക്കല്‍ മതപരമായ നിര്‍ബന്ധ ബാധ്യതയും മാനുഷിക ധര്‍മ്മവും നിലനില്‍പ്പിന് അനിവാര്യവുമായ ഒന്നാണ്.
ഇന്ന് നവോത്ഥാനത്തിനായി പ്രവര്‍ക്കുന്ന ഒരാള്‍ മുന്‍കാലത്ത് അതിനായി പ്രവര്‍ത്തിച്ചിരുന്നവനേക്കാള്‍ എത്രയോ വ്യത്യസ്തനാണ്. കാരണം അന്നുള്ളവര്‍ക്ക് നവോത്ഥാനത്തിനും പുതിയ നാഗരികത കെട്ടിപ്പടുക്കുന്നതിനും മാതൃകളില്ലായിരുന്നു. അവര്‍ക്ക് ഗുണപാഠമുള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും മുമ്പ് കഴിഞ്ഞ സംഭവങ്ങളോ അനുഭവങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഭൂതകാലത്തിന്റെ ബാലന്‍സ്ഷീറ്റും പൂര്‍വനാഗരികതകളും അവയുടെ അനുഭവസമ്പത്തും ചരിത്രങ്ങളായും ഖുര്‍ആനിക കഥകളായും നമുക്ക് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. സംഭവങ്ങളുടെ ആഴവും പരപ്പുമുള്‍ക്കൊള്ളുന്നതിനായി അവയെ ഗാഢമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ പ്രവര്‍ത്തനത്തിലെ അപകടങ്ങളെയും അതുകൊണ്ടുള്ള ഗുണങ്ങളെയും വെളിവാക്കാന്‍ അനിവാര്യമായ ഒന്നാണത്. സംഭവങ്ങളെ നൂലിഴതിരിച്ച് പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുമ്പോഴാണ് അതിന്റെ ഗുണപാഠങ്ങള്‍ വ്യക്തമാവുക. അവയില്‍ വന്ന പാളിച്ചകളെ നമ്മുടെ സംഭവലോകത്തലേക്ക് ചേര്‍ത്ത് വെച്ച് അപഗ്രഥനം നടത്തുകയും വേണം. അതോടൊപ്പം തന്നെ കാലം, സ്ഥലം, ചുറ്റുപാട്, ജനങ്ങളുടെ പ്രകൃതം എന്നിവയിലുള്ള വ്യത്യാസം പരിഗണിച്ചു കൊണ്ടായിരിക്കണമത്.
ആദം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിവരെയുള്ള പൂര്‍വനാഗരികതകളുടെ അടയാളങ്ങളുടെ സംഭവചിത്രങ്ങളാണ് ഖുര്‍ആനിക കഥകളിലുള്ളത്. മുന്‍നാഗരികതകളിലെ ഭൗതികതയെയും ഖുര്‍ആനിക കഥകള്‍ പഠിക്കുന്ന ഒരാള്‍ക്ക് തഴയാനാവില്ല. കാരണം ധിക്കാരികളും അധാര്‍മ്മികരുമായ വിഭാഗങ്ങള്‍ മഹത്തായ നാഗരികതകളെ കെട്ടിപ്പടുത്തിരുന്നു. ഭൗതികമായ മാനദണ്ഡങ്ങള്‍ മാത്രം അവലംബിച്ചായിരുന്നു അവരുടെ നവോത്ഥാനം. അതൊടൊപ്പം അവര്‍ അല്ലാഹുവിന്റെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്തവരായിരുന്നു. കേവലം ഭൗതികതയെ മാത്രം അടിസ്ഥാനമാക്കി കെട്ടിപടുത്ത അവയെ വിശകലനം നടത്തുന്നതില്‍ നിന്നും ഗുണപാഠമുള്‍ക്കൊള്ളുന്നതില്‍ നിന്നും നാം വിട്ടുനില്‍ക്കേണ്ടതില്ല. അവര്‍ അവിശ്വാസികളാണെങ്കില്‍ പോലും വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണെന്ന് നാം മനസിലാക്കണം. അത് എവിടെ കണ്ടാലും അതിന് ഏറ്റം അര്‍ഹന്‍ അവന്‍ തന്നെയാണ്. അവക്കുദാഹരണമായി ആദിനെയും സമൂദിനെയും കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ‘ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ? അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്‌വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. ആണികളുടെ ആളായ ഫറവോനെയും. അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അവരവിടെ കുഴപ്പം പെരുപ്പിച്ചു. അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.’ (അല്‍ഫജ്ര്‍: 6-14)
ഉയര്‍ന്ന സ്തൂപങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിത അവര്‍ ഭൗതികമായി വളരെ പുരോഗമിച്ച ഒരു നാഗരികതയുടെ ഉടമകളായിരുന്നുവെന്നതിന്റെ വ്യക്തമായ സാക്ഷ്യമായണ്. അവര്‍ അമുസ്‌ലിംകളായിരുന്നു എന്നകാരണത്താല്‍ അവരെ കുറിച്ചുള്ള ഖുര്‍ആനിക കഥകളിലെ സൂചനകളെ നാം അവഗണിക്കേണ്ടതുണ്ടോ? അവരുടെ നിര്‍മ്മാണത്തിന്റെയും നാശത്തിന്റെയും അനുഭവത്തില്‍ നിന്ന് നാം പ്രയോജനമെടുക്കാതിരിക്കുന്നത് വിഢിത്വം മാത്രമായിട്ടാണ് കണക്കാക്കുക. ദൈവിക ദര്‍ശനത്തില്‍ നിന്നും മാര്‍ഗത്തില്‍ നിന്നും അവര്‍ അകന്നതായിരുന്നു അവരുടെ പതനത്തിന്റെ കാരണമെന്ന് നമുക്കറിയാവുന്നതാണ്. സമൂഹം നിഷേധികളാണെങ്കിലും പുരോഗതിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് പുരോഗതി നല്‍കുകയെന്നതാണ് അല്ലാഹുവിന്റെ ചര്യ.
ഖുര്‍ആനിന്റെ വൈജ്ഞാനികതയില്‍ നിന്നും ചരിത്രത്തിന്റെയും സമൂഹത്തിന്റെയും പഠനത്തില്‍ നിന്ന് അകന്ന് കഴിയുന്ന സമൂഹത്തിന് ബുദ്ധിയുള്ള മനുഷ്യര്‍ കൊതിക്കുന്ന ഉയരത്തിലെത്താന്‍ സാധിക്കുകയില്ല. ഖുര്‍ആനിക ദിവ്യബോധനത്തിന്റെ തണലില്‍ നിന്നല്ലാതെയത് സാധ്യമല്ല. വ്യതിചലനത്തില്‍ നിന്ന് അല്ലാഹു സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ള ഗ്രന്ഥമാണത്. ‘തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.’ (ഹിജ്ര്‍: 9)
ധിക്കാരികളായ ഫറോവമാരുടെ ചരിത്രത്തിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്. അവര്‍ നേടിയെടുത്ത പുരോഗതി ഏഴായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും വ്യത്യസ്ത മേഖലകളിലെ ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒന്നായി നിലനില്‍ക്കുകയാണ്. പ്രത്യേകിച്ചും നിര്‍മ്മാണ കലയിലും വൈദ്യമേഖലയിലും അവര്‍ മികച്ച് നിന്നു. നവോത്ഥാനത്തിന് പരിശ്രമിക്കുന്ന സമൂഹം അനിവാര്യമായും അവരുടെ അനുഭവങ്ങളില്‍ നിന്നും അവസ്ഥയില്‍ നിന്നും ഗുണപാഠങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനെ കുറിച്ച ആഴത്തിലുള്ള പഠനങ്ങള്‍ വളരെയധികം പ്രയോജനപ്രദമായിരിക്കും. മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളുടെ ഓര്‍മ്മകളെ തിരിച്ച് കൊണ്ട് വരികയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
മണ്‍മറഞ്ഞ സമൂഹങ്ങളുടെ ചരിത്രവും അവര്‍ക്കുണ്ടായ അനന്തരഫലങ്ങളും വ്യക്തമാക്കുന്ന ഖുര്‍ആനിന്റെ പ്രശോഭിതമായ താളുകളിലേക്ക് ക്ഷണിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. കഥപറഞ്ഞ് രസിപ്പിക്കുന്നതിനായി രചിക്കപ്പെട്ടിട്ടുള്ള ആയിരത്തൊന്ന് രാവുകളെ പോലുള്ള കഥാകഥനമല്ല ഖുര്‍ആനിന്റേത്. മറിച്ച് അവ ചരിത്രത്തിലേക്കുള്ള ആഴത്തിലുള്ള എത്തിനോട്ടമാണ്. അതില്‍ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും ഉണര്‍ച്ചയുടെ തെളിവുകളുമുണ്ട്. എക്കാലത്തെയും എല്ലായിടത്തെയും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമൂഹങ്ങളെ അതിന് സജ്ജരാക്കുകയും സംസ്‌കരിക്കുന്നതിനുമാണ് അല്ലാഹു അതിനെ ഇറക്കിയിട്ടുള്ളത്. ജനങ്ങളെ, അവര്‍ ഏത് കാലത്തില്‍ ജീവിക്കുന്നവരും ഏത് ദേശക്കാരുമാകട്ടെ അവരെ സേവിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൌഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.’ (ഗാഫിര്‍: 21) തന്നെക്കാള്‍ ശക്തരും കഴിവുള്ളവരുമായവരില്‍ നിന്ന് ഗുണപാഠം സ്വീകരിക്കുകയെന്നത് മനുഷ്യന്റെ ശൈലിയാണെന്ന് അല്ലാഹുവിന് അറിയാം. ആദിനെയും സമൂദിനെയും അവരുടെ ശേഷിപ്പുകളെയും സംബന്ധിച്ച സൂചനകളെല്ലാം അവരുടെ ശക്തിയെ സൂചിപ്പുക്കുന്നതായേക്കാം.
അനിവാര്യമായും സൂചിപ്പിക്കേണ്ട ഒരു കൂട്ടം മൂല്യങ്ങളാണ് ദിവ്യബോധനങ്ങളായ ഖുര്‍ആനിക കഥകളിലുള്ളത്. നാഗരികതകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്ന മനുഷ്യരെ നിര്‍മ്മിക്കുന്നതില്‍ അതിനുള്ള പങ്ക് വ്യക്തമാകുന്നതിന് അവയോടൊപ്പം കുറച്ച് സമയം ചെലവിടേണ്ടതുണ്ട്. അവയില്‍ സുപ്രധാനമായ ചില അടിസ്ഥാനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
– ഖുര്‍ആനിലെ കഥകള്‍ അല്ലാഹുവിന്റെ വഹ്‌യില്‍ പെട്ടതാണ്. അ്‌വ പഠിക്കലും ഗുണപാഠം സ്വീകരിക്കലും പ്രതിഫലാര്‍ഹമായ കാര്യമാണ്. കണ്ണുകളുള്ളവരോട് അതില്‍ നിന്ന് ഗുണപാഠം സ്വീകരിക്കാന്‍ ഖുര്‍ആന്‍ തന്നെ പലയിടങ്ങളിലും ആവശ്യപ്പെടുന്നു്ണ്ട്.
– മനുഷ്യരെ ഒരുമിച്ചുള്ള ജീവിതത്തിനും സഹകരണത്തിനും പ്രേരിപ്പിക്കുന്നതാണവ.
– ചരിത്രത്തിന്റെ ഓര്‍മ്മയെ വീണ്ടെടുക്കലാണത്.
– ഖുര്‍ആനിന്റെ കഥകള്‍ എക്കാലത്തും പ്രസക്തമാണ്. മുന്‍കാല സമൂഹങ്ങളില്‍ നിന്ന് അനുഭവങ്ങള്‍ സ്വീകരിക്കുന്നതിനാണത്.
– അവയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രയോജനപ്പെടുന്ന ഗുണപാഠങ്ങളും നിര്‍ദേശങ്ങളുമുണ്ട്.
mohammed shath