Category Archives: ഗോളശാസ്ത്രം

താരവലുപ്പം

താരവലുപ്പം:
താരദൂരത്തോടൊപ്പം പരിഗണിക്കേണ്ടതാണ് അവയുടെ വലുപ്പം.0.0000155 പ്രകാശ വര്‍ഷം അകലെയുള്ള സൂര്യന്‍ എത്ര വലിയ വൃത്തമായിട്ടാണ് കാണപ്പെടുന്നത്. താരതമ്യേന നിസ്സാര ദൂരം. അപ്പോള്‍ 650 പ്രാകാശവര്‍ഷം അകലെയുളള ചോതി, സൂര്യന്റെ അകലത്തിലാണെങ്കില്‍ എന്തായിരിക്കും അതിന്റെ വലുപ്പം!

ആകാശത്തില്‍ ഒരു ബിന്ദുവായി കാണപ്പെടുന്ന നക്ഷത്രങ്ങള്‍ ഭീമാകാരന്മാരാണ്. അവയുടെ യഥാര്‍ഥ വലുപ്പത്തെക്കുറിച്ച് ഒരു ധാരണയുണ്ടായാല്‍ വ്യോമമണ്ഡലത്തിന്റെ അഗാധതയെക്കുറിച്ച് ബോധമുണ്ടാകും. ഭൂമിയുടെ വ്യാസം 8000 നാഴികയാണ്. 13 ല്ക്ഷം ഭൂമികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുപ്പമുണ്ട് സൂര്യന്. സൂര്യന്റെ വ്യാസത്തിന്റെ 450 ഇരടട്ടിയാണ് തൃക്കേട്ടയുടെ വ്യാസം! 90 പ്രകാശ വര്‍ഷം അകലെയുള്ള തൃക്കേട്ടക്ക് 4000 സൂര്യന്റെ പ്രകാശമുണ്ട്.

നമ്മുടെ ഭാവനക്ക് ഉള്‍ക്കൊള്ളാനാവാത്തവിധം വര്‍ണനാതീതമാണ് അനന്തമായ വാനലോകത്തെ സ്ഥിതിവിശേഷങ്ങള്‍. സമീപകാലത്തായി ഐന്‍സ്റീന്‍, റോമര്‍, മാക്സ് പ്ളാങ്ക്, മൈക്കള്‍, ലാപ്ളസ്, സുബ്രഹ്മണ്യ ചന്ദ്രശേഖര്‍, ആര്‍തര്‍, എഡ്ഡിംഗ്ടന്‍, ഭാവീദോവിച്ച് ലന്താവ്, ഓപ്പന്‍ ഹൈമര്‍ മുതലായവരുടെ ഗവേഷണങ്ങള്‍ വാനശാസ്ത്ര ഗവേഷണത്തെ പുതിയ തലത്തില്‍ എത്തിച്ചിട്ടുണ്ട്. പൌളീ സിദ്ധാന്തം, ചന്ദ്രശേഖര്‍ലിവിറ്റ് മുതലായ തത്ത്വങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെട്ടു. കാളരന്ധ്രം എന്ന നക്ഷ്ത്ര പ്രതിഭാസം കണ്ടെത്തി, അങ്ങനെ വാനപര്യേവേക്ഷണം സ്റ്റീഫന്‍ ഹോക്കിംഗ്സില്‍ ചെന്നുനില്‍ക്കുന്നു. നൂതനമായ പലതും ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ പ്രതീക്ഷിക്കാം.

ഇന്നത്തെ നിലയില്‍ വാനശാസ്ത്രജ്ഞരുടെ പ്രപഞ്ച വീക്ഷണം ഇപ്രകാരമാണ്: ഭൂമിയും ഇതര ഗ്രഹങ്ങളും കൂടി സൌരവ്യൂഹം ഉണ്ടായതുപോലെ സൂര്യനും പതിനായിരം കോടി ന്ക്ഷത്രങ്ങളും ചേര്‍ന്ന് വലിയൊരു നക്ഷത്ര സംഗ്രഹം അഥവാ ഗ്യാലക്സി ഉണ്ടായിത്തീരന്നു. ഇപ്രകാരമുളള പതിനായിരം കോടി ഗ്യാലക്സികള്‍ ലക്ഷോപലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്നു. അനേക കോടി ഗ്യാലക്സികള്‍ ചേര്‍ന്നതാണ് പ്രപഞ്ചം. ഈ പ്രപഞ്ചം ചുറ്റിത്തിരിഞ്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ സൌര വ്യൂഹം ഈ ചുറ്റി തിരിയലിന്റെ ഭാഗമായി സെക്കന്റില്‍ 225 കി.മീറ്റര്‍ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇതിനും പുറമെ വിശ്വം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഗ്യാലക്സികള്‍ അന്യോന്യം അകന്നു ദൂരേക്ക് പായുന്നത് സെക്കന്റില്‍ നൂറ്റിമുപ്പത് കിലോമീറ്റര്‍ വേഗത്തിലാണ്. ഗ്യാലക്സികള്‍ അകലും തോറും അകല്‍ച്ചയോടെ വേഗവും വര്‍ധിക്കുന്നു.

വിദൂരസ്ഥമായ ഈ നക്ഷത്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന പ്രകാശ രശ്മികളെ വര്‍ണദര്‍ശിനി (spectroscope)യിലൂടെ പരിശോധിച്ച് ഡോപ്ളര്‍ ഇഫക്റ്റ് എന്ന തത്ത്വത്തിന്‍ അടിസ്ഥാനത്തിലാണ് ശാസ്ത്രകാരന്മാര്‍ പ്രപഞ്ചത്തെ ഇപ്രാകാരം നിര്‍ണയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഭൂമി സെക്കന്റില്‍ പതിനെട്ടു നാഴിക (29 കി.മീ) വേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്ക്

ഗോളശാസ്ത്രത്തില്‍മുസ്ലിംകളുടെ രംഗപ്രവേശം دور المسلمين في علوم الفلكية

അജ്ഞാനാന്ധകാരത്തിലും അന്ധവിശ്വാസത്തിലും സംസ്കാരശൂന്യരായി കഴിഞ്ഞുകൂടിയിരുന്ന അറബികള്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ സടകുടഞ്ഞെഴുന്നേറ്റു സംസ്കാരത്തിലും വിജ്ഞാനത്തിലും ലോകത്ത് മാതൃകയായിതീര്‍ന്നു. അഭൂതപൂര്‍വമായ ഈ ഉയര്‍ച്ചക്ക് കാരണം ഖുര്‍ആന്‍ ആയിരുന്നു. ആ ഗ്രന്ഥം മുസ്ലിംകളെ വിജ്ഞാന ദാഹികളാക്കിത്തീര്‍്ത്തു. മുസ്ലിംകള്‍ മറ്റ് ശാസ്ത്രങ്ങളിലെന്നപോലെ ഗോളശാസ്ത്രത്തിലും വൈദഗ്ധ്യം നേടി. ഗോളശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്താന്‍ പര്യാപ്തമായ ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ആകാശങ്ങള്‍, ഉദയാസ്തമനങ്ങള്‍, രാപ്പകലുകളുടെ മാറ്റങ്ങള്‍, ആകാശത്തിന്റെ ആഴം , തൂണില്ലാതെയുള്ള അതിന്റെ നില്‍പ്പ് എന്നിങ്ങനെ നിരവധി അദ്ഭുത ദൃശ്യങ്ങളും പ്രകൃതി പ്രതിഭാസങ്ങളും അതില്‍ പരാമര്‍ശിതമായിട്ടുണ്ട്. ഖുര്‍ആനിലെ ചില അധ്യായങ്ങളുടെ നാമങ്ങള്‍ തന്നെ ജോതിശാസ്ത്ര സൂചനകളാണ്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, പ്രഭാതം, രാശി, രാത്രി എന്നിവ ഉദാഹരണം. കൂടാതെ പല ജോതിശാസ്ത്ര ശകലങ്ങളും ചൂണ്ടികാണിച്ച് അവയെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യനെ ആഹ്യാനം ചെയ്യുന്നു. ആകാശ ഗോള ചലനങ്ങളെപ്പറ്റി പഠിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയും ഒരളവില്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വാക്യങ്ങളും ഖുര്‍ആനില്‍ ധാരാളമുണ്ട്. ചില സൂക്തങ്ങള്‍ കാണുക: ‘ സൂര്യന്‍ , അതിന്റെ നിശ്ചിത സ്ഥാനത്തേക്ക് ഗമിക്കുന്നു. (36: 38). ‘ ചന്ദ്രന് ചില മന്‍സിലുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. (36:39). ‘ സൂര്യനും ചന്ദ്രനും നിശ്ചിത കണക്കനുസരിച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്. (55:5). ‘ കരയിലും കടലിലും അന്ധകാരത്തില്‍ നിങ്ങള്‍ വഴികണ്ടുപിടിക്കുന്നതിനായി നക്ഷത്രങ്ങളെ നിര്‍ത്തിയിരിക്കുന്നു. (6:97), ‘ചന്ദ്രപിറവി ജനങ്ങള്‍ക്ക് കാലം അറിയുന്നതിനും ഹജ്ജിനും വേണ്ടിയുള്ളതാകുന്നു. (2:189). പ്രേക്ഷകര്‍ക്ക് ആനന്ദത്തെ കൊടുക്കും വിധം ആകാശത്തില്‍ ബുറൂജുകള്‍ (രാശികള്‍) ഒരുക്കിവെച്ചിട്ടുണ്ട്.’ (15: 16)’ സൃഷ്ടി എങ്ങനെ ആരംഭിച്ചു എന്ന് ചിന്തിക്കുക’ (29: 20), ‘ ആകാശം പുകയായിരുന്നു.’ (41: 11), ‘ ആകാശ ഭൂമികള്‍ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു അവയെ നാം വേര്‍്പെടുത്തി’ (21: 30). ‘ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിമാന്‍ മാര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മിരിക്കുകയും ആകാശ ഭൂമികളെ സൃഷ്ടിച്ചതില്‍ (അന്തര്‍ഭവിച്ച രഹസ്യങ്ങളെക്കുറിച്ച്) ചിന്തിച്ചു കൊണ്ടിരിക്കുകയും ‘ ഞ്ങ്ങളുടെ രക്ഷിതാവെ, നീ ഇതെല്ലാം വെറുതെ സഷ്ടിച്ചതല്ല ഉപയോഗമില്ലാത്ത പ്രവര്‍ത്തികളില്‍ നിന്നു’ നീ പരിശുദ്ധനത്രേ… അതുകൊണ്ട് നരക ശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ രക്ഷിക്കേണമേ.’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ബുദ്ധിമാന്‍മാര്‍ക്ക് ഇതിലെല്ലാം പല ദൃഷ്ടാന്തങ്ങളുമുണ്ട്. (3:191,191)

ഇത്തരം വാക്യങ്ങള്‍ ഉല്‍ക്കൊള്ളുന്ന ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് വായിക്കുന്ന മുസ്ലിംകള്‍ എങ്ങനെയാണ് നക്ഷത്ര ശാസ്ത്രത്തില്‍ ആകൃഷ്ടരാവാതിരിക്കുക.? ആദ്യ നൂറ്റാണ്ടുകളിലെ പണ്ഡിതന്മാര്‍ ഖുര്‍ആനും ഹദീസും പഠിക്കുന്നതിനു പുറമെ രണ്ടോ,മൂന്നോ ശാസ്ത്ര വിശയങ്ങളും പഠിക്കുമായിരുന്നു. ഗോളശാസ്ത്രം പഠിക്കാത്തവര്‍ വിരളമായിരുന്നു. അതോടൊപ്പം ഗോളശാസ്ത്രത്തിന്റെ കൂടപിറപ്പായി ഗണിതവും അവരുടെ പഠന ഗവേഷണങ്ങള്‍ക്ക് വിധേയമായിരുന്നു. 7-ാം നൂറ്റാണ്ടുമുതല്‍ 15-ാം നൂറ്റാണ്ടുവരെ ഗോളശാസ്ത്രത്തിന്റെ വക്താക്കള്‍ അറബികളായിരുന്നു. ഈ കാലയളവില്‍ അവര്‍ ഈ ശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ അര്‍്പ്പിക്കുകയുണ്ടായി. ടോളമിയുട അ്ല്‍ മിജസ്ത്വിയിലുണ്ടായിരുന്ന ചില അബദ്ധങ്ങള്‍ അവര്‍തിരുത്തി. ധാരാളം ശാസ്ത്ര ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. അതിനും പുറമെ പല ശാസ്ത്ര ഗവേഷണ ഉപകരണങ്ങള്‍ അവര്‍ കണ്ടു പിടിച്ചു. അന്ന് അന്ധകാര യുഗത്തിലായിരുന്ന പാശ്ചാത്യരെ ശാസ്ത്രം പഠിപ്പിച്ച് വിജ്ഞരാക്കി പുതുയുഗപ്പിറവിക്ക് നാന്ദികുറിച്ചത് അറബി മുസ്ലിംകളായിരുന്നു. അക്കാലത്ത് അറബി ഭാഷ പഠിക്കാതെ കണക്കും ഗോളശാസ്ത്രവും പഠിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ സ്മ്മതിച്ചിട്ടുണ്ട്. ഗോളശാസ്ത്രത്തില്‍ മുസ്ലിംകള്‍ അത്യധികം താല്‍പര്യം കാണിക്കാന്‍ മറ്റൊരു പ്രധാന കാരണമുണ്ടായിരുന്നു. കര്‍മാനുഷ്ഠാന പരമായ നിര്‍ബന്ധിതാവസ്ഥയായിരുന്നു അത്. നമസ്കാര സമയം നിര്‍ണയിക്കുന്നതിനും, ദൂരദേശങ്ങളില്‍ പള്ളി പണിയുമ്പോള്‍ അതിന്റെ ദിശ നിശ്ചയിക്കുന്നതിനും ഗോളശാത്ര വിജ്ഞാനം അനുപേക്ഷണീയമായിരുന്നു. അതിനാല്‍ ആശാസ്ത്ര പഠനം മുസ്്ലിം സമൂഹത്തിന്റെ ഒരു ബാധ്യതയായി തീരുകയും ദൈവ കല്‍പന അനുസരിക്കുന്ന ആത്മാര്‍ഥതയോടും ഉത്തരവാദിത്വത്തോടും കൂടി ആ ജ്ഞാനം അവര്‍ കരസ്ഥമാക്കാന്‍ ഉത്സാഹിക്കുകയും ചെയ്തു.