Category Archives: ചരിത്രം

ചരിത്രത്തെ കൊള്ള ചെയ്‌തവര്‍

രണ്ടാം ലോക യുദ്ധത്തിന്റെ വേളയില്‍ ഇറ്റലിയിലെ ചരിത്രപ്രധാന നഗരമായ ഫ്‌ളോറന്‍സിന് ഒരു കോട്ടവും പറ്റാത്തവിധം സഖ്യകക്ഷികള്‍ തങ്ങളുടെ പദ്ധതിക്ക് മാറ്റം വരുത്തിയിരുന്നു. 2003 ഏപ്രില്‍ 9ന് ഇറാഖി മ്യൂസിയത്തിലെ അമൂല്യ ശേഖരങ്ങള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ അത് കണ്ടാസ്വദിക്കുകയായിരുന്നു അമേരിക്കന്‍ സൈന്യം. അറബ് ഇസ്‌ലാമിക നാഗരികതകളോടുള്ള പാശ്ചാത്യ നിലപാട് വ്യക്തമാക്കുന്നതാണ് മേല്‍പറഞ്ഞ രണ്ടുദാഹരണങ്ങള്‍. ബഗ്ദാദിലെ മ്യൂസിയങ്ങളില്‍ നിന്നും ചരിത്രവും പൈതൃകവും കൊള്ളയടിക്കപ്പെട്ടപ്പോള്‍ അതിന് നേരെ കണ്ണടച്ച അമേരിക്കക്കാര്‍ അവിടത്തെ പെട്രോളിയം സംരക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ വെച്ചത്. ഇറാഖിലെ സ്വര്‍ണം കൈക്കലാക്കുന്നതിനെ കുറിച്ചായിരുന്നു അവരുടെ അന്വേഷണം എന്നാണത് തെളിയിക്കുന്നത്.

ബാഗ്ദാദിലെ നാഷണല്‍ മ്യൂസിയം കൊള്ള ചെയ്യപ്പെടുമ്പോള്‍ അതിന് മുന്നിലെ കവചിത വാഹനങ്ങള്‍ക്കുള്ളിലായിരുന്നു അമേരിക്കന്‍ സൈനികര്‍. മ്യൂസിയം ജീവനക്കാര്‍ സൈനികരുടെ സഹായം തേടി കൊണ്ടിരുന്നെങ്കിലും ‘നാഗരികതയുടെ ആളുകള്‍’ ഈ ലോകത്ത് മനുഷ്യന്‍ ആദ്യമായി വരച്ചിട്ട അക്ഷരങ്ങള്‍ വരെ സൂക്ഷിച്ചിരുന്ന മ്യൂസിയത്തിന്റെ സംരക്ഷണത്തിനെത്തിയില്ലെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട് (2003/04/16).

ഇറാഖി മ്യൂസിയങ്ങളിലെ വൈജ്ഞാനിക ശേഖരങ്ങള്‍ അമേരിക്കന്‍ സൈനികര്‍ പാഴാക്കിയതിനെ കുറിച്ചുള്ള അമേരിക്കന്‍ പത്രത്തിന്റെ റിപോര്‍ട്ടും ഹിജ്‌റ 656ല്‍ മംഗോളിയര്‍ ബാഗ്ദാദില്‍ കടന്നുകയറി അവിടത്തെ ഗ്രന്ഥശാലകളോട് ചെയ്തതിനെ കുറിച്ച് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയതും തമ്മില്‍ ഒരു താരതമ്യം ഞാന്‍ നടത്തി നോക്കി. എതിരാളികളുടെ അടയാളങ്ങള്‍ കൂടി മായ്ച്ചു കളയുന്നിടത്ത് ശത്രു മറ്റൊന്നും പരിഗണിക്കാറില്ലെന്ന നിഗമനത്തിലാണ് അതിലൂടെ ഞാനെത്തിയത്. മംഗോളിയന്‍ സൈന്യത്തിനും അമേരിക്കന്‍ സൈന്യത്തിനുമിടയില്‍ എനിക്ക് തോന്നിയിട്ടുള്ള പ്രകടമായ വ്യത്യാസം അമേരിക്കന്‍ സൈനികര്‍ ‘സ്വാതന്ത്ര്യം’, ‘ജനാധിപത്യം’ തുടങ്ങിയ സാങ്കേതിക പദങ്ങളുടെ കൂട്ടുപിടിച്ചിരുന്നു എന്നത് മാത്രമാണ്.

ഇറാഖ് യുദ്ധത്തിന് മുമ്പ് സാംസ്‌കാരിക സംഘടനകള്‍ അവിടത്തെ മ്യൂസിയങ്ങളിലെ അമൂല്യശേഖരങ്ങള്‍ കൊള്ളയടിക്കപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അത് അപ്പാടെ അവഗണിക്കുകയാണ് ചെയ്തത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നിയര്‍ ഈസ്‌റ്റേണ്‍ ലാംഗ്വേജസ് ആന്റ് സിവിലൈസേഷന്‍ പ്രൊഫസര്‍ മക്-ഗ്വിര്‍ ഗിബ്‌സന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ 2003 ജനുവരിയില്‍ പെന്റഗണ്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കന്‍ സൈന്യം സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ മനുഷ്യചരിത്രം സൂക്ഷിച്ചിരിക്കുന്ന ബഗ്ദാദിലെ മ്യൂസിയങ്ങള്‍ ഇല്ലാതാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അപ്രകാരം ബാഗ്ദാദിലെ മ്യൂസിയങ്ങള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുന്നതിന്റെ അനന്തരഫലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ട് ബ്രിട്ടീഷ് ആര്‍ക്കിയോളജിക്കല്‍ അസോസിയേഷന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന് കത്തയച്ചിരുന്നു.

എന്നിട്ടും ആ ദുരന്തം സംഭവിച്ചു. ചരിത്ര ശേഖരങ്ങളും വഹിച്ച് ആറ് ട്രക്കുകള്‍ മ്യൂസിയത്തില്‍ നിന്ന് അജ്ഞാതമായ കേന്ദ്രത്തിലേക്ക് പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മ്യൂസിയം ജീവനക്കാരുടെ കണക്കനുസരിച്ച് 1,70,000 ഇനങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ പറയുന്നത് കേവലം 15,000 ഇനങ്ങള്‍ മാത്രമാണ് നഷ്ടമായിട്ടുള്ളതെന്നാണ്. (ന്യൂയോര്‍ക് ടൈംസ് 01/04/2006)

ഖുര്‍ആന്റെ ആദ്യ പതിപ്പ്, തൗറാത്തിന്റെ (ബൈബിള്‍) ഏറ്റവും പഴക്കമുള്ള പ്രതി തുടങ്ങിയ അപൂര്‍വ പുരാവസ്തുക്കള്‍ അപ്രത്യക്ഷമായി. നാലായിരത്തിലേറെ വര്‍ഷം മുമ്പ് മനുഷ്യന്‍ ആദ്യമായി അക്ഷരം കുറിച്ച മണ്‍കഷ്ണവും കാണാതായ കൂട്ടത്തിലാണ്. പുരാവസ്തുക്കളെ കുറിച്ച് അറിയുന്ന വിദഗ്ദരായ ആളുകളാണ് അവ കൊള്ളചെയ്തതെന്ന് പൈതൃകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അവര്‍ കൊള്ള ചെയ്യുന്നതിനായി തെരെഞ്ഞെടുത്ത വസ്തുക്കളും അതിന് സ്വീകരിച്ച രീതിയും അതാണ് വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു. ബഗ്ദാദ് മ്യൂസിയത്തിലെ സൂക്ഷിപ്പുകളെ കുറിച്ചറിയുന്നവരെയെല്ലാം ഞെട്ടിക്കുന്ന ഒരു സാംസ്‌കാരിക ദുരന്തം തന്നെയാണത്.

അമേരിക്കക്കാര്‍ തന്നെ ലോക പൈതൃകം ബോധപൂര്‍വം നഷ്ടപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ബുഷിന്റെ മൂന്ന് സാംസ്‌കാരിക ഉപദേഷ്ടാക്കള്‍ രാജിവെച്ചു. അവരില്‍ ഒരാളായ റിച്ചാര്‍ഡ് ലാനിയര്‍ പറയുന്നു: അമേരിക്കക്ക് പെട്രോളിയത്തിന്റെ വിലയറിയാം. എന്നാല്‍ ചരിത്ര പൈതൃകങ്ങളുടെ വിലയതിന് അറിയില്ല.

എന്നാല്‍ പാശ്ചാത്യ ക്രിസ്ത്യന്‍ പൈതൃകങ്ങളുടെയും ചരിത്രത്തിന്റെയും വില അമേരിക്കക്ക് നന്നായിട്ടറിയാം എന്ന കയ്പുറ്റ യാഥാര്‍ഥ്യം നാം മനസ്സിലാക്കുന്നു. അതേസമയം അറബ് ഇസ്‌ലാമിക ചരിത്രത്തില്‍ കഥ കഴിക്കേണ്ട ശത്രുവിനെയല്ലാതെ ഒന്നും അവര്‍ കാണുന്നില്ല. അധിനിവേശകന്റെ മൂല്യങ്ങള്‍ സ്വന്തം നാട്ടില്‍ മാത്രമാണെന്ന മാലിക് ബിന്നബിയുടെ വാക്കുകള്‍ വളരെ അര്‍ഥവത്താണ്.

വിവ: നസീഫ്‌

ചരിത്രകാരനായ ഇബ്‌നു തൈമിയ്യ

വിശ്വാസകാര്യങ്ങളിലും അതിലുള്ള സംവാദങ്ങളിലും ആഴത്തില്‍ ഇറങ്ങിചെന്നിട്ടുള്ള പ്രഗല്‍ഭനായ കര്‍മശാസ്ത്ര വിദഗ്ദനായ ഇബ്‌നു തൈമിയ്യയെ കുറിച്ചാണ് അധികമാളുകളും കേട്ടിട്ടുണ്ടാവുക. പലര്‍ക്കും ഇബ്‌നു തൈമിയയിലെ ചരിത്രകാരനെ വേണ്ടത്ര അറിയാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും ചരിത്രത്തിന് വലിയ പ്രാധാന്യമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ബോധ്യമാകുന്ന കാര്യമാണ് മുഹമ്മദ് നബി(സ) നിയോഗത്തിന് മുമ്പുള്ള ചരിത്രത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള പ്രാധാന്യം. ചരിത്രരചനയില്‍ അദ്ദേഹത്തിന് തനതായ ശൈലിയും രീതിയുമുണ്ട്. വിഷയങ്ങളില്‍ സൂക്ഷ്മമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാജാക്കന്‍മാരുടെയും ഭരണാധികാരികളുടെയും ചരിത്രം അദ്ദേഹം ഉദ്ധരിക്കുന്നത് നമുക്ക് കാണാം. പൊതുവെ അറിയപ്പെടാത്ത രാജ്യങ്ങളിലെ സമൂഹങ്ങളെ കുറിച്ച് പോലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു.

സമഗ്രമായ അര്‍ഥത്തില്‍ അദ്ദേഹം ചരിത്ര രചന നടത്തിയിട്ടില്ല. ചില വിഷയങ്ങളിലും സംക്ഷിപ്തമായ വിവരണങ്ങളിലും പരിമിതപ്പെടുത്തുകയായിരുന്നു അദ്ദേഹം. ചരിത്ര നിരൂപണത്തില്‍ ശാസ്ത്രീയമായ രീതി അദ്ദേഹം മുറുകെ പിടിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ വൈജ്ഞാനിക ശേഷിപ്പുകള്‍ പരതുന്ന ഒരാള്‍ക്ക് മനസ്സിലാക്കാനാവും. പക്ഷപാതത്തില്‍ നിന്നും മുക്തമായ രീതിയിലുള്ള സൂക്ഷ്മമായ നിരൂപണങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

ഇബ്‌നു തൈമിയ്യയുടെ ചരിത്ര രചനാ രീതി
വിഷയ സംബന്ധമായി ഉദ്ധരിക്കുന്ന ഉദ്ധരണികളില്‍ അദ്ദേഹം അങ്ങേയറ്റം വൈജ്ഞാനിക സത്യസന്ധത പുലര്‍ത്തിയിരുന്നു. തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത മറ്റുള്ളവരുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നതായി കാണാം. യസീദ് ബിന്‍ മുആവിയയെ കുറിച്ച് അതിന് അദ്ദേഹം നല്‍കിയ മറുപടി അതിനുദാഹരണമാണ്. ”യസീദിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ മൂന്ന് നിലപാടുകളാണുള്ളത്. ഒരു വിഭാഗം പറയുന്നത് അദ്ദേഹം കാഫിറും മുനാഫിഖുമാണെന്നാണ്. മറ്റൊരു വിഭാഗം പറയുന്നത് അദ്ദേഹം സദ്‌വൃത്തനും നീതിമാനായ നേതാവുമാണെന്നാണ്. അദ്ദേഹം സഹാബിയാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ മധ്യമനിലപാടുകാര്‍ പറയുന്നു: അദ്ദേഹം മുസ്‌ലിം രാജാക്കന്‍മാര്‍ക്കിടയിലെ ഒരു രാജാവാണ്. അദ്ദേഹത്തില്‍ നന്മകളും തിന്മകളുമുണ്ട്. അദ്ദേഹം സഹാബിയോ കാഫിറോ അല്ല. ഇതാണ് ബുദ്ധിപരവും ശരിയായതുമായ നിലപാട്.”

ചരിത്രത്തോടുള്ള കാഴ്ച്ചപ്പാട്
പ്രവാചകന്‍മാരുടെ പ്രവര്‍ത്തന രേഖയാണ് ചരിത്രം എന്ന കാഴ്ച്ചപ്പാടാണ് ഇബ്‌നു തൈമിയ്യക്കുള്ളത്. നാഗരികതകളുടെ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുള്ളവര്‍ പ്രവാചകന്‍മാരിലൂടെ ഇറക്കപ്പെട്ട ദൈവിക സന്ദേശങ്ങളെ ഏറിയതോ കുറഞ്ഞതോ ആയ അളവില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു തൈമിയയുടെ കാഴ്ച്ചപ്പാടില്‍ പ്രവാചക കാല്‍പാടുകളെ ചുറ്റിപ്പറ്റിയാണ് ചരിത്രത്തിന്റെ ഗതിയും ഉയര്‍ച്ചതാഴ്ച്ചകളും. മനുഷ്യകുലത്തിന് പ്രവാചകന്‍മാരുമായുള്ള ബന്ധം മുറിഞ്ഞു പോകുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതുകൊണ്ടു തന്നെ സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ രംഗപ്രവേശവുമായി ബന്ധിപ്പിക്കപ്പെടുന്നു. ഒരു സംഭവത്തെ അതിന് മുമ്പും ശേഷവുമുള്ള കാലത്തിന്റെ കണക്കെടുപ്പിന് ആളുകള്‍ ഉപയോഗിക്കുമ്പോഴാണ് പ്രസിദ്ധമായ ആ സംഭവം ചരിത്രമാകുന്നത്. ദൈവിക കല്‍പനകളെ അവഗണിക്കുന്നതിനെതിരെ ഇബ്‌നു തൈമിയ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്‌ലിം നാഗരികത ആരോഗ്യകരമായി നിലനില്‍ക്കാനുള്ള മാര്‍ഗം അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങളെ മുറുകെ പിടിക്കലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ ഔറംഗസീബ്

ഭൂമിയില്‍ മനുഷ്യ പ്രതിനിധാനത്തിന്റെ സന്ദേശമറിയിച്ചും സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വഴങ്ങിയും ഭരണം നടത്തിയവരായിരുന്നു ഖുലഫാഉ റാശിദ (സച്ചരിതരായ ഭരണാധികാരികള്‍). അല്ലാഹുവിന്റെ കല്‍പനകള്‍ ആവും വിധം നടപ്പിലാക്കി നീതിനിഷ്ഠവും സംസ്‌കാരസമ്പന്നവും ഉജ്ജ്വലവുമായൊരു സാമൂഹികക്രമം ആ മഹാരഥന്മാര്‍ പടുത്തുയര്‍ത്തി. സാമൂഹിക നീതിയും സദാചാര മൂല്യങ്ങളും പൂത്തുലഞ്ഞ ആ കാലഘട്ടത്തില്‍, അയല്‍നാടുകളില്‍ പോലും അതിന്റെ ശോഭനമായ മുഖം തെളിഞ്ഞ് നിന്നു. ഖലീഫമാരുടെ കാലശേഷം വന്ന ഭരണാധികാരികളില്‍ അധികവും തങ്ങളുടെ മുന്‍ഗാമികള്‍ വരച്ചിട്ട ഭരണമാര്‍ഗ്ഗത്തില്‍ നിന്ന് അകന്ന് സഞ്ചരിച്ചപ്പോഴും ഉമറുബ്‌നു അബ്ദില്‍ അസീസ്, നൂറുദ്ദീന്‍ മഹ്മൂദ് സങ്കി, സലാഹുദ്ദീന്‍ അയ്യൂബി പോലുള്ള ചുരുക്കം ചിലര്‍ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഖുലഫാഉ റാശിദയെ അനുസ്മരിപ്പിച്ചിട്ടുണ്ട് (നിര്‍ഭാഗ്യവശാല്‍, അതിന്റെ ഉദാത്തമായൊരു തുടര്‍ച്ച ഇസ്‌ലാമിക സമൂഹത്തില്‍ പിന്നീട് ഉയിരെടുത്തിട്ടില്ല) അക്കൂട്ടത്തില്‍ ഖലീഫമാരുടെ മികവാര്‍ന്ന ചര്യകളും കരുത്തുറ്റ ഭരണ സംവിധാനങ്ങളുമായി പില്‍ക്കാലത്ത് ഇന്ത്യ ഭരിച്ച മുഗള്‍ ഭരണാധികാരിയായിരുന്നു maxresdefault. ഹിജ്റ പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി 52 വര്‍ഷം ഇന്ത്യാ ഉപഭൂഖണ്ഡം അദ്ദേഹം ഭരിച്ചു (AD 1658 – 1707). ആ കാലയളവില്‍ ഇന്ത്യയെ വളരെ കൂടുതല്‍ വിപുലീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യദ്രോഹികളയും ശത്രുക്കളെയും നിഷ്‌കാസനം ചെയ്തും, സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തിയ ഔറംഗസീബിന്റെ ഇന്ത്യ, നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്തെ ദിനരാത്രികളെ ഓര്‍മ്മിപ്പിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘ഖുലഫാഉ റാശിദയുടെ ശേഷിപ്പ്’, ‘ഖലീഫമാരില്‍ ആറാമന്‍’എന്നിങ്ങനെയാണ് ഔറംഗസീബിനെ പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ അലി തന്‍ത്വാവി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ എല്ലാ അലങ്കാരങ്ങളോടും കൂടി രാജ്യം വാഴുമ്പോഴും സ്വജീവിതത്തെ ധാര്‍മ്മിക സനാതന മൂല്യങ്ങള്‍കൊണ്ട് സമ്പന്നമാക്കിയിരുന്നു ഔറംഗസീബ്.

1618 ഒക്‌ടോബര്‍ 24 ന് ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് ‘അധികാരത്തിന്റെ അലങ്കാരം’എന്നാണര്‍ഥം. സര്‍വ്വമാന സൗഭാഗ്യങ്ങളും സുഖലോലുപതയും മേളിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും ‘മുംതാസ് മഹല്‍’ എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു ഔറംഗസീബിന്റെ മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ദീനീനിഷ്ഠ മുറുകെ പിടിച്ചിരുന്നു. ആയോധനകലയിലും കായികക്ഷമതയിലും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം വളരെ വിശ്രുതമാണ്. ഒരിക്കല്‍ പിതാവ് ഷാജഹാനും സഹോദരങ്ങളുമൊത്ത് കുട്ടിയായ ഔറംഗസീബ് ഒരു ഉത്സവത്തിന് പോയി. ഉത്സവത്തിലെ മുഖ്യയിനം ആനയോട്ട മത്സരമായിരുന്നു. പെട്ടന്ന്, ഒരാന ഗോദയില്‍ നിന്നും ഔറംഗസീബിന്റെ നേര്‍ക്ക് പാഞ്ഞടുത്തു. അദ്ദേഹം ഇരുന്ന കുതിരയെ ആന അക്രമിക്കുകയും ഔറംഗസീബ് നിലംപതിക്കുകയും ചെയ്തു. ഉടനെ ചാടിയെണീറ്റ് ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് ആ ‘കൊച്ചുരാജാവ്’ മദയാനയുടെ നേരെ വാളോങ്ങി. അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ വന്ന് ആനയെ വിരട്ടിയോടിച്ചു.

ഔറംഗസീബിന്റെ പിതാമഹനായിരുന്നു അക്ബര്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ തത്വസംഹിത അവതരിപ്പിച്ചു. ‘ദീനെ ഇലാഹി’യെന്ന പുത്തന്‍ മതത്തിലേക്ക് ധാരാളമാളുകള്‍ ഇസ്‌ലാമില്‍ നിന്നും മതപരിത്യാഗികളായി. ഇത്തരത്തിലുള്ള പരിഷ്‌കരണ പ്രഹസനങ്ങള്‍ നടത്തിയ അക്ബര്‍ വിവാദങ്ങളുടെ തോഴനായിട്ടാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മൗലാനാ അഹ്മദ് സര്‍ഹിന്ദി കടന്നുവരികയും ദൈവപ്രോക്തമായ സത്യദീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആളുകളെ ആട്ടിത്തെളിക്കുകയും ചെയ്തു. അക്ബറിന്റെ കാലശേഷം, കുട്ടിയായിരുന്ന ഔറംഗസീബിന്റെ മതപഠനം ഏറ്റെടുത്തത് മൗലാനാ മുഹമ്മദ് മഅ്‌സൂം സര്‍ഹിന്ദി ആയിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഔറംഗസീബ്, വിശുദ്ധ ഖുര്‍ആന്‍ അക്ഷരശുദ്ധിയോടെ പാരായണം ചെയ്യുകയും ഒട്ടനവധി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് ഷാജഹാനോടൊപ്പം ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ യുദ്ധതന്ത്രവും സൈനികമികവും അദ്ദേഹം സ്വായത്തമാക്കി.

ഷാജഹാന്റെ മക്കളില്‍ മൂന്നാമനായിരുന്നു ഔറംഗസീബ്. ശുദാഅ്, മുറാദ് ബ്‌നു ബഹ്ശ്, എന്നിവരായിരുന്നു മുതിര്‍ന്ന സഹോദരങ്ങള്‍. ശുജാഅ് ബംഗാളിന്റെയും മുറാദ് ഗുജറാത്തിന്റെയും അധികാരം ഏറ്റെടുത്തപ്പോള്‍ ഔറംഗസീബ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ദുക്ന്‍ എന്ന സ്ഥലത്തെ അധികാരിയായി. ഷാജഹാന്റെ കാലത്തെ സൈനികമേധാവിയായിരുന്ന ഔറംഗസീബ്, നിരവധി വീരചരിതങ്ങള്‍ രചിക്കുകയും രാജ്യത്ത് സുശക്തമായ ഒരു ഭരണക്രമം നടപ്പില്‍ വരുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ, ഔറംഗസീബിന്റെ പ്രിയമാതാവ് മുംതാസ് നിര്യാതയായി. അവരുടെ നിത്യഹരിത സ്മരണക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പൊതുഖജനാവില്‍ നിന്നും ധാരാളം പണമൊഴുക്കി താജ്മഹല്‍ നിര്‍മ്മിച്ചു. ആഭ്യന്തര കലഹവും കലാപവും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കിയപ്പോഴും ഷാജഹാന്‍ പ്രിയതമയുടെ മണ്ണറയിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്നു. സുല്‍ത്താന്റെ ഇത്തരം നിരുത്തരവാദിത്തപരമായ നിലപാടുകള്‍ക്കെതിരില്‍ മൂത്തപുത്രനായ ശുജാഅ് പ്രതിഷേധിക്കുകയും ഭരണം അട്ടിമറിക്കുകയും അധികാരം ഏറ്റെടുക്കുകയും ചെയ്തു. ധാര്‍മ്മിക മൂല്യങ്ങള്‍ തൊട്ടുതീണ്ടാത്ത കേവലം ഭൗതിക തല്‍പരനായ രാജാവായിരുന്നു ശുജാഅ്. അക്ബറിന്റെ കാലത്തെ ഇരുള്‍പടര്‍ന്ന സാമൂഹികാന്തരീക്ഷം സ്ഥാപിക്കാനുള്ള ശുജാഇന്റെ കുത്സിതശ്രമങ്ങളെ ഔറംഗസീബ് നഖശിഖാന്തം എതിര്‍ത്തു. പിന്നീട് അധികാരം ഏറ്റെടുത്ത ഔറംഗസീബ്, തന്റെ ധൂര്‍ത്തനായ പിതാവിനെ അധികാരഭ്രഷ്ടനാക്കുകയും ആഗ്ര കോട്ടയില്‍ തടവിലിടുകയും ചെയ്തു. ഔറംഗസീബ് സുല്‍ത്താനായതോടെ, താജ്യമെങ്ങും സന്തോഷവും സമാധാനവും പുഷ്‌കലമായി. നീതിയും സമത്വവും സമഞ്ജസമം പൂത്തുലഞ്ഞ ആ നാളുകളില്‍ രാജ്യനിവാസികള്‍ ഖുലഫാഉ റാശിദയുടെ കാലത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുകയായിരുന്നു.

അധികാരമേറ്റടുത്തതിന്റെ ഒന്നാം നാള്‍ മുതല്‍ സുദീര്‍ഘമായ 52 വര്‍ഷക്കാലം പോരാട്ടത്തിന്റെ കനല്‍പഥങ്ങളിലൂടെയാണ് ഔറംഗസീബ് സഞ്ചരിച്ചത്. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. തന്റെ ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു. പലയിടങ്ങളിലായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ മുഗള്‍ സാമ്രാജ്യത്വത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. അതോടൊപ്പം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരാതരം നികുതികള്‍ അദ്ദേഹം ഒഴിവാക്കി. അമുസ്‌ലിംകള്‍ക്ക് ജിസ്‌യ (ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ അമുസ്‌ലിം പൗരന്‍മാര്‍ നിര്‍ബന്ധമായും നല്‍കേണ്ട നികുതി) നിര്‍ബന്ധമാക്കിയെങ്കിലും തങ്ങളുടെ മേലുള്ള മറ്റു നികുതികള്‍ ഒഴിവാക്കിയതില്‍ സന്തുഷ്ടരായിരുന്നു അവര്‍. അതിനുപുറമെ, തരിശുഭൂമികള്‍ ഫലഭൂയിഷ്ടമാക്കി അതില്‍ കൃഷിയിറക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഓരോ ഗവര്‍ണര്‍മാരെ നിയമിക്കുകയും ഉയര്‍ന്ന തസ്തികകളില്‍ നിന്ന് അമുസ്‌ലിംകളെ നീക്കം ചെയ്തും തന്റെ ഉദ്യോഗസ്ഥ വൃന്ദത്തെ പുനഃസംഘടിപ്പിച്ചു. ഔറംഗസീബ് നിയമിച്ച ഉദ്യോഗസ്ഥര്‍ തദ്ദേശീയരുടെ അവസ്ഥാന്തരങ്ങളെ കുറിച്ച് പഠിക്കുകയും അവ സുല്‍ത്താനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യനിവാസികളുടെ പരിഭവങ്ങളും പരിവേദനകളും കേള്‍ക്കുന്നതിനു വേണ്ടി ദിനംപ്രതി മൂന്ന് തവണ അവര്‍ക്കുമുന്നില്‍ വരാറുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

മുഗള്‍ സാമ്രാജ്യത്വത്തിന്റെ അധിപനായിരുന്നിട്ടും ഭൗതികവിരക്തിയുടെ ആള്‍രൂപമായിരുന്നു ഔറംഗസീബ്. അധികാരത്തിന്റെ ആഢ്യത്വവും അഹന്തയും അദ്ദേഹത്തെ തെല്ലും വശംവദനാക്കിയിരുന്നില്ല. രാജകൊട്ടാരത്തില്‍ സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് നിര്‍ത്തലാക്കുകയും ഇസ്‌ലാമിന്റെ അഭിവാദന രീതി (സലാം പറയല്‍) സ്വീകരിക്കാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ കണിശത പുലര്‍ത്തുകയും അതിനു കടകവിരുദ്ധമായ മുഴുവന്‍ വ്യവഹാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഔറംഗസീബ്, രാജ്യത്തേക്ക് മദ്യം ഇറക്കുമതി ചെയ്യുന്നത് അപ്പാടെ നിരോധിച്ചു. രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ അനവധി മദ്‌റസകളും മസ്ജിദുകളും സ്ഥാപിക്കുകയും യാത്രക്കാര്‍ക്ക് വേണ്ടി ധാരാളം സത്രങ്ങളും പടുത്തുയര്‍ത്തിയ പരഷേമ തല്‍പരനായ ഭരണാധികാരിയായിരുന്നു ഔറംഗസീബ്. അങ്ങനെ ശബളിമയാര്‍ന്ന നാഗരികതയുടെയും ശോഭനയാര്‍ന്ന ഭരണത്തികവിന്റെയും ഈറ്റില്ലമായി ഇന്ത്യ മാറി. മുഗള്‍ പൈതൃകത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാക്കിസ്ഥാനിലെ ലാഹോറിലുള്ള ബാദുഷാ മസ്ജിദ്. അതിന്റെ പ്രൗഢമായ പ്രവേശനകവാടത്തില്‍ മുഗള്‍ വാസ്തുശില്‍പ വിദ്യകള്‍ സുന്ദരമായി കൊത്തിവെച്ചിട്ടുണ്ട്. പള്ളിയുടെ പ്രവിശാലമായ മുറ്റത്ത് ആബാലവൃന്ദം ആളുകള്‍ പ്രാര്‍ഥനക്കും മറ്റുമായി ഒരുമിച്ച് കൂടാറുണ്ട്.

അങ്ങേയറ്റത്തെ ഇച്ഛാശക്തിയും കര്‍മ്മോത്സുകതയും ഇഴകിച്ചേര്‍ന്ന ഔറംഗസീബിന്റെ ഭരണരീതി ചരിത്രകാരന്മാരുടെ പ്രശംസ പിടിച്ചുപറ്റി. പണ്ഡിതനും സൂഫിവര്യനുമായ അലി തന്‍ത്വാവി തന്റെ വിശ്വവിഖ്യാത കൃതിയായ ‘ചരിത്രപുരുഷന്മാര്‍ ‘ എന്ന ഗ്രന്ഥത്തിലൂടെ ഔറംഗസീബിനെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്: ‘മറ്റു ഭരണാധികാരികളില്‍ നിന്നും ഔറംഗസീബ് വ്യതിരിക്തനാകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, പൊതു ഖജനാവില്‍ നിന്നും നയാ പൈസ അനാവശ്യമായി ഉപയോഗിച്ചിട്ടില്ല. രണ്ട്, ശരീഅത്ത് നിയമങ്ങളെ ഒരൊറ്റ വിജ്ഞാന കോശമാക്കി ഔറംഗസീബ് ക്രോഡീകരിച്ചു’. ഇങ്ങനെയുള്ള ചടുലമായ പ്രവര്‍ത്തനങ്ങളും ധീരമായ നയനിലപാടുകളും ഇഴകിച്ചേര്‍ന്ന ഭരണമായിരുന്നു ഔറംഗസീബ് കാഴ്ച്ചവെച്ചത്. അദ്ദേഹത്തിന്റെ ഭരണം ഇന്നും ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ജീവിതമഖിലം ഇസ്‌ലാമിന്റെ കളഭക്കൂട്ടില്‍ ഒപ്പിയെടുത്ത ചിട്ടയാര്‍ന്ന ജീവിതശൈലിയായിരിന്നു ഔറംഗസീബിന്റേത്. 1707 മാര്‍ച്ച് 3ന് മുഗള്‍ ഭരണകൂടത്തിലെ അവസാന കണ്ണിയും ഐഹിക ജീവിതത്തോട് വിടപറഞ്ഞു. ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഔറംഗസീബ് ദീപ്തസ്മരണകളാല്‍ പ്രശോഭിച്ചു നില്‍ക്കുന്ന വിളക്കുമാടമാണ്. അവസാനമായി അദ്ദേഹം വസിയ്യത്ത് ചെയ്തത്, ‘അഞ്ചു രൂപയുടെ കഫന്‍പുടവയില്‍ സാധാരണക്കാരുടെ കൂടെ എന്നെ മറമാടണം’ എന്നായിരുന്നു. ആ മഹാരഥന്റെ നിര്യാണത്തോടെ മുഗള്‍രാജവംശത്തിന്റെ ആണിക്കല്ല് ഇളകാന്‍ തുടങ്ങി. അധികാരം ദുര്‍ബലരായ രാജാക്കന്‍മാര്‍ കൈയാളിയതോടെ മുഗള്‍സാമ്രാജ്യം നാമ മാത്രമായിത്തീര്‍ന്നു. അവസാന രാജാവ് സുല്‍ത്താന്‍ ബഹദൂര്‍ഷാ രണ്ടാമന്റെ കാലത്ത് 1857ല്‍, സാമ്രാജ്യത്വ അധിനിവേശത്തെ തുടര്‍ന്ന് ശേഷിച്ചവയും ഇല്ലാതായി.
(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

ബദ്‌റിന്റെ പാഠങ്ങള്‍

മനുഷ്യരാശിയെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നിയോഗിതനായ പ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ പാത പരവതാനി വിരിച്ചതായിരുന്നില്ല. വളരെയേറെ ദുര്‍ഘടമായിരുന്നു. സ്വന്തക്കാര്‍ അവിടുത്തെ തള്ളിപ്പറഞ്ഞു. ആദരിച്ചവര്‍ അകന്നു; സ്‌നേഹിച്ചവര്‍ വെറുത്തു, പോറ്റി വളര്‍ത്തിയവര്‍ ആട്ടിയകറ്റി. ദുസ്സഹമായ മാനസിക പീഡനം ശാരീരിക പീഡനമായി മാറി. തിയ്യും വെള്ളവും മുടക്കി വിശ്വാസികളെ മൂന്നു വര്‍ഷത്തോളം കഠിന പീഡനമേല്‍പിച്ചു. ഒരാശ്വാസ വചനത്തിന് കാതോര്‍ത്ത് ചെന്നു മുട്ടിയ വാതിലൊന്നും തുറക്കപ്പെട്ടില്ല. മോചിപ്പിക്കാനെത്തിയ രക്ഷകനെ കല്ലെറിയുന്ന ക്രൂരന്മാരായി മാറി അടിമത്തത്തിന്റെ നുകം പേറുന്ന ഇരകള്‍! അപ്പോഴും ആ മഹാനുഭാവന്‍ പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലാഹുവേ, എന്റെ ജനതക്ക് മാപ്പ് കൊടുക്കേണമേ. അവര്‍ അറിവില്ലായ്മ കൊണ്ട് ചെയ്തുപോകുന്നതാണിതെല്ലാം.’ പീഡനത്തിന്റെയും നിസ്സഹായതയുടെയും പതിമൂന്നു വര്‍ഷങ്ങള്‍ തള്ളിനീക്കി പ്രവാചകനും അല്‍പം അനുയായികളും. അവസാനം കൂരിരുട്ടിന്റെ ആരാധകര്‍ ആ പ്രഭാപൂരം പൂര്‍ണമായും കെടുത്തിക്കളയാന്‍ വരെ ധൃഷ്ടരായി. കൊലപാതകികളോട് പ്രതികാരം ചെയ്യാന്‍ സാധിക്കാത്തവിധം ആസൂത്രിതമായി വധിക്കാന്‍ ശ്രമിച്ചു. അല്ലാഹുവിന്റെ സംരക്ഷണത്തില്‍ പ്രവാചകന്‍ ജന്മനാട് വെടിഞ്ഞ് മദീനയിലേക്ക്! അവിടെയും ശത്രുക്കള്‍ സൈ്വരം കൊടുത്തില്ല.

ആദര്‍ശ പ്രബോധകന്‍ ആയുധമണിയുന്നതിലര്‍ഥമില്ല. വിശ്വാസം ബലപ്രയോഗത്തിലൂടെ ഉണ്ടാക്കാനാവില്ല. മക്കയില്‍ വിശ്വാസികളെ സായുധ സമരത്തില്‍നിന്ന് വിലക്കിയിരുന്നു. എന്നാല്‍, ശാരീരികാക്രമണങ്ങള്‍ പോലും ക്ഷമാപൂര്‍വം സഹിച്ച് സമാധാനപരമായി സര്‍വസ്വം വെടിഞ്ഞ് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് ഓടിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് ആരെയാണ് അസ്വസ്ഥരാക്കാതിരിക്കുക. ആ മര്‍ദിതരുടെ പ്രാര്‍ഥന സ്വീകരിച്ച് പ്രതിരോധത്തിന് സായുധ സമരം അല്ലാഹു അനുവദിച്ചുത്തരവായി. ” യുദ്ധത്തിലൂടെ ആക്രമിക്കപ്പെടുന്നവര്‍ മര്‍ദിതരാണെന്നതിനാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. അവരെ സഹായിക്കാന്‍ അല്ലാഹു കെല്‍പുറ്റവനാണ്, തീര്‍ച്ച. അന്യായമായി വീടുകളില്‍നിന്ന് പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവെന്ന് പറയുക മാത്രമാണവര്‍ ചെയ്തത്” (22:39,40).

മക്കാ നിവാസികളുടെ ഒരു വര്‍ത്തക സംഘം ശാമില്‍ നിന്ന് തിരിച്ചുവരുന്ന വിവരം നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടു. വര്‍ത്തക സംഘത്തെ പിടികൂടിയാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭീമമായ സമ്പത്തിന്റെ ഒരു ചെറിയ വിഹിതം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് വിശ്വാസികള്‍ ആഗ്രഹിച്ചു. വര്‍ത്തക സംഘത്തിന്റെ തലവന്‍ അബൂസുഫ്‌യാന്‍ മുസ്‌ലിംകള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് മണത്തറിഞ്ഞു. സംഘത്തെ മദീനയില്‍ നിന്നകലെ കടല്‍ക്കരയിലൂടെ തിരിച്ചുവിട്ടു. കൂട്ടത്തില്‍ മുസ്‌ലിംകള്‍ ആക്രമിക്കാന്‍ വട്ടം കൂട്ടുന്നുവെന്നും ഉടനെ സഹായിക്കാന്‍ സൈന്യത്തെ അയക്കണമെന്നും മക്കാ നിവാസികളോടാവശ്യപ്പെടുകയും ചെയ്തു.

അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന പടയാളികള്‍ സര്‍വായുധ സജ്ജരായി മുസ്‌ലിംകളെ നേരിടാന്‍ പുറപ്പെട്ടു. അവര്‍ ബദ്‌റിലെത്തുമ്പോള്‍ വര്‍ത്തക സംഘം സുരക്ഷിതരായി കടന്നുപോയ വിവരമറിഞ്ഞു. പിരിഞ്ഞുപോകാമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, നേതാവായ അബൂജഹ്ല്! മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിച്ചേ മടങ്ങൂ എന്ന അഭിപ്രായക്കാരനായിരുന്നു. അദ്ദേഹം പടയണി ശരിപ്പെടുത്തി യുദ്ധത്തിനൊരുങ്ങി. വര്‍ത്തക സംഘം വഴിമാറി പോയതറിയാതെ മുസ്‌ലിംകള്‍ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങി. അപ്പോഴാണവര്‍ക്ക് മക്കാ സൈന്യത്തെക്കുറിച്ച് വിവരം ലഭിച്ചത്.

നബി(സ)യുടെ കൂടെ 313 പേരാണുള്ളത്. പലര്‍ക്കും വാഹനമില്ല. ചിലര്‍ക്ക് ആയുധമില്ല. ഉള്ള ആയുധം വെറും വാള്‍ മാത്രം. ചുരുക്കം പേര്‍ അമ്പും വില്ലും കരുതിയിരുന്നു. ഈ ദുര്‍ബല സംഘം എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ നബി(സ) യോഗം വിളിച്ചു. അന്‍സ്വാരി പ്രമുഖരും മുഹാജിര്‍ പ്രമുഖരും ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ സമ്മതമറിയിച്ചു. ദ്വന്ദ്വയുദ്ധത്തിലാരംഭിച്ച യുദ്ധം കൊടുമ്പിരിക്കൊണ്ടു. മുസ്‌ലിം സൈന്യം ശത്രുക്കളെ പരാജയപ്പെടുത്തി. എഴുപത് പേരെ വധിച്ചു. എഴുപത് പേരെ തടവുകാരായി പിടിച്ചു. 14 മുസ്‌ലിംകള്‍ രക്ഷസാക്ഷികളായി. വളരെ സംക്ഷിപ്തമായ ഒരു വിവരണമാണിത്.

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നായിരുന്നു ബദര്‍ യുദ്ധം. ധര്‍മയുദ്ധത്തിന്റെ മാര്‍ഗരേഖ തയാറാക്കാന്‍ ആവശ്യമായ കരുക്കളെല്ലാം ഈ യുദ്ധത്തില്‍ കാണാം. സൈനിക സംഖ്യ കുറവാണെങ്കിലും ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ മഹാ സംഭവം അനുസ്മരിക്കപ്പെടുന്നു.

ബദ്‌റിന്റെ പാഠങ്ങള്‍
യുദ്ധതന്ത്രങ്ങളുമായി ബന്ധപ്പെട്ട് പല പ്രധാന കാര്യങ്ങളും ബദ്‌റില്‍ നിന്ന് പഠിക്കാനുണ്ട്. സംഖ്യാബലമല്ല വിജയ നിദാനം എന്നതാണ് ഒരു പ്രധാന തത്ത്വം. ആത്മവീര്യവും സ്ഥൈര്യവുമുള്ള ഒരു ചെറു സംഘത്തിന് സായുധ സജ്ജരായ ഒരു വലിയ സൈന്യത്തെ ജയിക്കാന്‍ സാധിക്കും. നേതാവും അണികളും തമ്മിലുള്ള സഹകരണവും മനപ്പൊരുത്തവും ഈ യുദ്ധത്തില്‍ തെളിഞ്ഞുകാണാം. വാഹനങ്ങള്‍ കുറവായതിനാല്‍ മൂന്നു പേര്‍ മാറി മാറിയാണ് വാഹനമുപയോഗിച്ചിരുന്നത്. നബി(സ)യുടെ കൂടെ അലി(റ), അബൂ ലുബാബ(റ) എന്നിവരാണുണ്ടായിരുന്നത്. തങ്ങളുടെ ഊഴം നബിക്ക് നല്‍കാന്‍ അവര്‍ രണ്ടുപേരും ശ്രമിച്ചുകൊണ്ടിരുന്നു. നബി(സ) നിരസിച്ചു. ”നിങ്ങള്‍ എന്നെക്കാള്‍ ശക്തരല്ല, എനിക്ക് നിങ്ങളെപ്പോലെ പ്രതിഫലം ലഭിക്കുകയും വേണം” നബി(സ) വിശദീകരിച്ചു. പട്ടാളക്കാരോടെല്ലാം കൂടിയാലോചിച്ചാണ് അവിടുന്ന് തീരുമാനം കൈക്കൊണ്ടത്. സാമൂഹികശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും കൂടിയാലോചനയുടെ നന്മകള്‍ വിവരിച്ചിട്ടുണ്ട്. ഒരു യുദ്ധതന്ത്രമെന്ന നിലയില്‍ മരുഭൂമിയിലെ ജലസ്രോതസ്സ് അധീനപ്പെടുത്താന്‍ മുസ്‌ലിംകള്‍ ആദ്യമേ ശ്രദ്ധിച്ചിരുന്നു. ഹുബാബ്ബ്‌നുല്‍ മുന്‍ദിര്‍(റ) ആണ് ഈ ആശയം നബിയെ ധരിപ്പിച്ചത്. കൂടിയാലോചനയും അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കലും സൈന്യത്തെ നേതാവുമായി അടുപ്പിക്കുമെന്ന് പറയേണ്ടതില്ല.

നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം പ്രകടമാകുന്നതായിരുന്നു കൂടിയാലോചനാ ഫലം. അന്തിമ തീരുമാനമെടുക്കാന്‍ നബി(സ)യെ ഭരമേല്‍പിച്ചു. തങ്ങള്‍ സര്‍വസ്വം ഈ മാര്‍ഗത്തിലേക്ക് നീക്കിവെക്കാന്‍ സന്നദ്ധരാണെന്ന് പ്രഖ്യാപിച്ചു. ധീരധീരം മുന്നോട്ടുപോകൂ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന സന്ദേശമാണ് അവര്‍ നേതൃത്വത്തിന് നല്‍കിയത്. അവര്‍ക്ക് നേതൃത്വത്തെ അത്രയും വിശ്വാസമായിരുന്നുവെന്നര്‍ഥം. നേതൃത്വവും അണികളും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതിരുന്നാല്‍ സംഘം ദുര്‍ബലമാവും. പരസ്പരം നല്ല ധാരണ വെച്ചുപുലര്‍ത്തുമ്പോള്‍ അന്യോന്യം വിശ്വസിക്കാനും സഹകരിക്കാനും പ്രയാസമുണ്ടാവില്ല.

ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് വിജയത്തിനനിവാര്യമായ മറ്റൊരു ഘടകം. നബി(സ) ദിവ്യബോധനത്തിലൂടെ ലഭിച്ച സന്തോഷവാര്‍ത്ത അനുയായികളെ കേള്‍പ്പിക്കുകയും അവര്‍ക്ക് വിജയത്തിന്റെ ദൃശ്യങ്ങള്‍ കണ്‍മുമ്പിലെന്ന പോലെ വര്‍ണിച്ചുകൊടുക്കുകയും ചെയ്തു. അഭിപ്രായങ്ങളെ വില മതിക്കുകയും അവ സ്വീകരിക്കുകയും ചെയ്യുക, അഭിജ്ഞരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുക, സ്വന്തം അഭിപ്രായം മാറ്റിവെക്കുക തുടങ്ങി അണികളെ വേണ്ടവിധം പരിഗണിക്കണമെന്ന പാഠം ബദ്ര്! യുദ്ധത്തില്‍ നബി(സ) പ്രാവര്‍ത്തികമായി പഠിപ്പിച്ചു. നേതൃത്വം സുരക്ഷിതരായിരിക്കണമെന്നത് യുദ്ധ വിജയത്തിന്നനിവാര്യമാണ്. സഅദ്ബുനു മുആദ്(റ) നിര്‍ദേശിച്ചു: ”നബി(സ) കമാണ്ടിംഗ് സെന്ററില്‍ യുദ്ധം നിരീക്ഷിച്ചിരിക്കണം. ഉയര്‍ന്ന സ്ഥലത്ത് നിരീക്ഷണ കേന്ദ്രം പണിയാം. യുദ്ധഫലം അനുകൂലമല്ലെങ്കില്‍ നേതാക്കള്‍ പിന്‍വാങ്ങി കൂടുതല്‍ പടയാളികളെ ശേഖരിച്ച് തിരിച്ചടിക്കാം. അതിനു വേണ്ട വാഹനങ്ങള്‍ നിരീക്ഷണ കേന്ദ്രത്തില്‍ സജ്ജമായിരിക്കണം.” ഈ നിര്‍ദേശം അപ്പടി സ്വീകരിക്കുകയായിരുന്നു നബി(സ).

ആദര്‍ശ സഹോദരങ്ങളെ ആദരിക്കുകയും അവരെക്കുറിച്ച് നല്ലത് വിചാരിക്കുകയും ചെയ്യണം. പരസ്പര ബഹുമാനത്തിലൂട്ടിയ സാമൂഹികബന്ധം ഭദ്രമായ ഒരു സൈന്യത്തിന് രൂപം നല്‍കാന്‍ അനിവാര്യമാണ്. സഅ്ദ്ബ്‌നു മൂആദ് ബദ്‌റില്‍ ഹാജരാവാത്ത സഹോദരമാരെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: ”വര്‍ത്തക സംഘത്തെ നേരിടാനാണെന്ന ധാരണയാണ് അവര്‍ വരാതിരിക്കാന്‍ കാരണം. ഒരു സായുധ ഏറ്റുമുട്ടലുണ്ടെന്നറിഞ്ഞിരുന്നുവെങ്കില്‍ അവരെല്ലാം വരുമായിരുന്നു. ഞങ്ങളെപ്പോലെ അവര്‍ നബി(സ)യെ സ്‌നേഹിക്കുന്നവരാണ്.”

നീതിബോധം നേതാവിന്റെ അനിവാര്യ ഗുണമാണ്. നിസ്സാര കാര്യത്തിലും അണികള്‍ക്കതൃപ്തിയുണ്ടാവരുത്. ചരിത്രത്തില്‍ മാതൃക കാണാത്ത നീതിയും സമത്വവും ഇസ്‌ലാമിന്റെ നേതൃത്വം നമുക്ക് കാണിച്ചുതരുന്നു. ഏതു പട്ടാളത്തിലും കമാണ്ടര്‍ ആളെ പിടിച്ചുവിഴുങ്ങുന്ന സിംഹമായാണ് അണികളില്‍ നിന്നച്ചടക്കം പിടിച്ചുവാങ്ങുന്നത്. എന്നാല്‍ മുഹമ്മദ് നബി(സ) ഒരു സാധാരണ സൈനികന്റെ ആവശ്യം പോലും നിരസിച്ചില്ല. ആവലാതി അവഗണിച്ചില്ല. അണികള്‍ ശരിപ്പെടുത്തുമ്പോള്‍ സവാദ് ബ്‌നു ഗസിയ്യ അല്‍പം തെന്നിനിന്നു. കൈയിലുണ്ടായിരുന്ന അമ്പിന്റെ പിടികൊണ്ട് നബി അദ്ദേഹത്തിന്റെ വയറ്റില്‍ ചെറുതായൊന്ന് കുത്തി. ‘നേരെ നില്‍ക്കൂ സവാദേ’ എന്നു പറഞ്ഞു. ”അല്ലാഹുവിന്റെ ദൂതരേ താങ്കളെന്നെ വേദനിപ്പിച്ചു. എനിക്ക് പ്രതിക്രിയ അനുവദിക്കണം” നബി(സ) കുപ്പായം പൊക്കി. സവാദ് നബി(സ)യുടെ വയറില്‍ ചുംബിച്ചു. ”എന്താ സവാദേ ഇതെല്ലാം” നബി(സ) ചോദിച്ചു. ”യുദ്ധം മുന്നില്‍ കാണുകയല്ലേ നാം. അതിനാല്‍ അങ്ങയെ അവസാനമായി കാണുമ്പോള്‍ എന്റെ ശരീരം അങ്ങയുടെ ശരീരത്തെ സ്പര്‍ശിക്കട്ടെ എന്ന് കരുതി.” സവാദിനു വേണ്ടി നബി(സ) പ്രാര്‍ഥിച്ചു.

അണികള്‍ വളവില്ലാതെ ചിട്ടയോടെ സജ്ജീകരിക്കുന്നതിന്റെ പ്രാധാന്യം ഈ സംഭവത്തില്‍നിന്ന് ഗ്രഹിക്കാം. വ്യവസ്ഥകള്‍ക്ക് വിധേയരാകുന്ന സംഘമേ വിജയം പ്രാപിക്കൂ. അനുസരണവും അച്ചടക്കവും ഈ വ്യവസ്ഥാപിത സംഘാടനത്തിന്റെ അനിവാര്യ ഘടകമാണ്. നേതൃത്വത്തെ അനുസരിക്കുന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. ആദ്യ നേതാവായ നബി(സ)യെ അനുസരിച്ച് ശീലിച്ച അച്ചടക്കബോധം സമൂഹത്തില്‍ എന്നും നിലനില്‍ക്കണം.

പ്രാര്‍ഥന വിശ്വാസിയുടെ ഈടുറ്റ ആയുധമാണ്. നേതൃത്വം അണികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന മാതൃകയാണ് പ്രവാചകന്‍(സ) നമുക്ക് കാണിച്ചുതന്നത്. ഭൗതികമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി നബി(സ) തനിക്കു വേണ്ടി അനുയായികള്‍ സജ്ജീകരിച്ച പന്തലിലെത്തി. അബൂബക്കര്‍ സിദ്ദീഖ്(റ) മാത്രമേ അവിടെ നബിയോടൊപ്പമുണ്ടായിരുന്നുള്ളൂ. നബി ദീര്‍ഘനേരം താണുകേണ് പ്രാര്‍ഥിച്ചു. തട്ടമെല്ലാം താഴെ വീണു. അബൂബക്കര്‍(റ) നബിയെ ആശ്വസിപ്പിക്കുകയായിരുന്നു: ”അല്ലാഹു സഹായിക്കും. താങ്കളോട് ചെയ്ത വാഗ്ദാനം പാലിക്കും.” മുസ്‌ലിംകള്‍ വിജയശ്രീലാളിതരാകുവോളം വീണ്ടും വീണ്ടും നബി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

ബദര്‍ യഥാര്‍ഥ വിമോചനസമരം

മക്കയില്‍ നിന്ന് 15 വര്‍ഷം മുമ്പാരംഭിച്ച പീഡന മര്‍ദനങ്ങള്‍ക്കറുതി വരുത്തി വിശ്വാസികളുടെ വിമോചനത്തില്‍ പര്യവസാനിച്ച സമരമായിരുന്നു ബദ്ര്!. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ യഥാര്‍ഥ ദാസന്മാര്‍ മര്‍ദിതരും നിന്ദ്യരുമായി കഴിയുക, പൈശാചിക ശക്തികള്‍ അവരെ അടക്കിഭരിക്കുക, സത്യം വിസ്മരിക്കപ്പെടുക, അസത്യം ഉഛൈസ്തരം ഉദ്‌ഘോഷിക്കപ്പെടുക ഈ വൈരുധ്യത്തില്‍നിന്ന് മനുഷ്യരാശിക്ക് മോചനം നല്‍കിയ വിമോചന സംഘട്ടനമായിരുന്നു ബദര്‍. ബദറിനു ശേഷം മദീന ഒരഭയാര്‍ഥി കേന്ദ്രമല്ലാതായി. ഉന്നത മാതൃകയിലുള്ള ഒരു കൊച്ചു രാഷ്ട്രമായി മദീന ആസ്ഥാനമായ ഇസ്‌ലാമിക പ്രദേശം അംഗീകരിക്കപ്പെട്ടു. മുസ്‌ലിംകള്‍ ആര്‍ക്കും മര്‍ദിക്കാവുന്ന, പീഡിപ്പിക്കാവുന്ന ഒരു ദുര്‍ബല സമൂഹമെന്ന സങ്കല്‍പം തിരുത്തിയെഴുതി. എണ്ണത്തില്‍ കുറവെങ്കിലും ഏത് വന്‍ശക്തിയെയും വെല്ലുവിളിക്കാന്‍ കെല്‍പുറ്റ ആത്മവീര്യമുള്ള ഉത്തമ സമൂഹമായി അവര്‍ അംഗീകാരം നേടി. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍ ബദ്‌റില്‍ ആരംഭിച്ച വിമോചന ജൈത്രയാത്ര റോമാ സാമ്രാജ്യത്തിന്റെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയും മര്‍ദക ഭരണകൂടങ്ങളില്‍നിന്നുള്ള വിമോചനമായി വളര്‍ന്നതിന് ചരിത്രം സാക്ഷി.

തിരുശേഷിപ്പ് പൂജയുടെ ചരിത്രം

പുണ്യവാളന്മാരോടും വീരന്മാരോടുമുള്ള ആരാധനാമനോഭാവം ജനങ്ങളില്‍ രൂഢമൂലമായതോടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഒരു പ്രവണതയാണ് തിരുശേഷിപ്പ് പൂജ. ഹെലനിക് യുഗത്തിലെ വീരാരാധനയോട് ഈ സമ്പ്രദായത്തിന് അടുത്ത ബന്ധമുണ്ടെന്ന് കാണാം.

ഗ്രീസില്‍

പ്രാചീന ഗ്രീസിലെ തിരുശേഷിപ്പ് പൂജ [Cult of Relics] ഉദാഹരണം. ഭക്തിയുടെ മാര്‍ഗമായിട്ടല്ല, വീരാരാധനയുടെ ഭാഗമായിട്ടായിരുന്നു അവിടെ ഇത് നിലനിന്നു പോന്നിരുന്നത്. സുരക്ഷയും ബഹുമതിയും ഉറപ്പു നല്‍കുന്നുവെന്ന ധാരണയില്‍ നഗരങ്ങളുടെ പലഭാഗങ്ങളിലും പ്രശസ്തമായ തിരുശേഷിപ്പുകള്‍ അടക്കം ചെയ്യപ്പെട്ടിരുന്നു. ലെസ്‌ബോസ് നഗരത്തിലെ ഓര്‍ഫിയൊസിന്റെ ശിരസ്സ്, ഏലീസിലെ പെലോപ്‌സിന്റെ തോളെല്ല്, അല്‍ഗോസിലെ ടന്റോളറിന്റെ അസ്ഥികള്‍ എന്നിവ ഉദാഹണം. യൂറോപ്പയുടെ തിരുശേഷിപ്പുകള്‍ ക്രീറ്റിലെ വലിയ ഉത്സവകേന്ദ്രങ്ങളത്രെ.

ഇവക്ക് പുറമെ, വീരന്മാരുടെ ആയുധങ്ങളും അവരുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ആദരിക്കപ്പെട്ടിരുന്നു. ഓര്‍ഫിയൂസിന്റെ വല്ലകി, അക്കിലൂസിന്റെ കുന്തം, ഹെലന്റെ മെതിയടി, അഗമെമോന്റെ ചെങ്കോല്‍, അര്‍ഗോനന്റെ നങ്കൂരം, ക്രോണോ വിഴുങ്ങിയ ശില തുടങ്ങിയവ വിവിധ ദേവാലയങ്ങളില്‍ സൂക്ഷിക്കപ്പെട്ട തിരുശേഷിപ്പുകളാണ്. കൗതുക വസ്തുക്കള്‍ എന്ന പരിഗണന മാത്രമേ ഇവക്കുണ്ടായിരുന്നുള്ളുവെങ്കിലും തീര്‍ഥാടകരെ ആകര്‍ഷിക്കുക, പുരാണങ്ങളെ മഹത്വപ്പെടുത്തുക എന്നീ സുപ്രധാന ധര്‍മങ്ങള്‍ ഇവ നിര്‍വഹിച്ചിരുന്നു.

ക്രിസ്ത്യാനികളില്‍

പൂര്‍ണ വളര്‍ച്ചയെത്തിയ തിരുശേഷിപ്പ് പൂജ നാം കാണുന്നത് ക്രിസ്തു മതത്തിലാണ്. പൂര്‍വിക പുണ്യവാളന്മാരുടെയും രക്തസാക്ഷികളുടെയും ശവകുടീരങ്ങളെ ചുറ്റിപ്പറ്റി ഉടലെടുത്ത ആരാധനാ സമ്പ്രദായങ്ങളാണ് ഇതിന്റെ അടിസ്ഥാന പാരമ്പര്യങ്ങളായി പൊതുവെ ഗണിക്കപ്പെടുന്നത്. ഹെലനിക് വീരാരാധനയുമായും ഇവക്ക് വലിയ സാമ്യതയുണ്ട്.

രണ്ടാം ശതകത്തില്‍ ക്രിസ്തുമാര്‍ഗത്തില്‍ ക്രൂശിതനായ പോളികാര്‍പ്പിന്റെ തിരുശേഷിപ്പ് പൂജയുടെ വൃത്താന്തമാണ് ഈ വിഷയത്തിലെ ഏറ്റവും പ്രാചീന രേഖ. സ്മിര്‍ണയിലെ ക്രിസ്ത്യാനികള്‍ എഴുതി: ”പിന്നീട്, അമൂല്യ രത്‌നത്തേക്കാള്‍ വിലപിടിച്ചതും സംസ്‌കൃത സ്വര്‍ണത്തേക്കാള്‍ മെച്ചപ്പെട്ടതുമായ, അദ്ദേഹത്തിന്റെ അസ്ഥികളെടുത്ത് അനുയോജ്യ സ്ഥാനത്ത് ഞങ്ങള്‍ സ്ഥാപിച്ചു. അവിടെ സാഹ്ലാദം മേളിക്കാന്‍ കര്‍ത്താവ് ഞങ്ങള്‍ക്ക് അനുമതി നല്‍കും.”

പരേതരായ പുണ്യവാളന്മാരെ കുറിച്ച കേവല സ്മരണ മാത്രമായിരുന്നില്ല, പ്രത്യുത ദൈവ സാമീപ്യത്തിലൂടെ അവര്‍ നേടിയെടുത്ത അനുഗ്രഹ ശക്തികളില്‍ പങ്കുചേരാനുള്ള അഭിലാഷവും കൂടിയായിരുന്നു അതിന് പ്രേരകം. പുണ്യവാളന്മാരോടുള്ള ജഡിക സാമീപ്യം പ്രയോജനപ്രദമാണെന്ന് ആദിമ സഭ കരുതിയിരുന്നു. വിശുദ്ധ രക്തസാക്ഷികളുടെയും ഇപ്പോള്‍ ക്രിസ്തുവോട് സഹവസിച്ചുകൊണ്ടിരിക്കുന്നവരുടെയും വിശുദ്ധ ജഡങ്ങള്‍, മനുഷ്യര്‍ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളാണെന്നാണ് പോപ്പ് പയസ് നാലാമന്റെ വിശ്വാസ പ്രമാണത്തിലെഴുതിയിരിക്കുന്നത്. പുണ്യവാള ജഡങ്ങള്‍ പരിശുദ്ധാത്മാവിന്റെ പാത്രങ്ങളാണെന്നാണ് പതിമൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ദൈവ ശാസ്ത്രജ്ഞന്‍ സെന്റ് തോമസ് അക്വിനാസ് വാദിച്ചത്.

അതിനാല്‍, പുണ്യവാളന്മാരുടെ ശവകുടീരങ്ങളിലേക്കുള്ള തീര്‍ഥാടനം ക്രൈസ്തവ സമൂഹത്തില്‍ ആദ്യം മുതലേ ഉടലെടുത്തിരുന്നു. ശവകുടീരത്തെ ആവരണം ചെയ്ത ശിലാഫലകങ്ങളില്‍ ഖുര്‍ബാന നടത്തുക, ചിലപ്പോള്‍ അവിടെ താമസിക്കാന്‍ തീരുമാനിക്കുക എന്നീ കാരണങ്ങളാല്‍ ശവകുടീരങ്ങള്‍ അള്‍ത്താരകളായി മാറുകയായിരുന്നു. പില്‍ക്കാലത്ത് നഗരങ്ങളായി തീര്‍ന്ന പല സ്ഥലങ്ങളും ഒരു കാലത്ത് സെമിത്തേരികളായിരുന്നുവത്രെ. പലപ്പോഴും ഇത്തരം ജഡങ്ങള്‍ ശവകുടീരങ്ങളില്‍ നിന്ന് മാറ്റി പള്ളികളില്‍ പ്രതിഷ്ഠിച്ച് ജനസാന്നിധ്യത്തിലെത്തിക്കുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെ നിലവിലെ അള്‍ത്താരകള്‍ ശവകുടീരങ്ങളായി മാറുന്നു.

രക്തസാക്ഷികളുടെ അസ്ഥികളിന്മേല്‍ തിരുവത്താഴ ചടങ്ങ് നടത്തുന്ന സമ്പ്രദായം വര്‍ധിക്കുകയായിരുന്നു. തിരുശേഷിപ്പുകള്‍ അടക്കംചെയ്ത തുണികൊണ്ടാവരണം ചെയ്യപ്പെട്ട അള്‍ത്താരമേല്‍ മാത്രമേ നാലാം ശതകത്തില്‍ പൗരസ്ത്യസഭ ഖുര്‍ബാന നടത്തിയിരുന്നുള്ളൂ. അള്‍ത്താരയുടെ മുകളിലെ ഒരു കുഴിയില്‍ തിരുശേഷിപ്പുകള്‍ അടക്കം ചെയ്യുന്ന സമ്പ്രദായമാണ് പാശ്ചാത്യ സഭയിലുണ്ടായിരുന്നത്. പള്ളിയുടെ വിശുദ്ധീകരണത്തിന് ഇത്തരം തിരുശേഷിപ്പുകളുടെ സാന്നിധ്യം അനിവാര്യമാണെന്നായിരുന്നു 787-ലെ രണ്ടാം നികയാ കൗണ്‍സില്‍ പ്രഖ്യാപനം.

ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി തീര്‍ന്നതോടെ, തിരുശേഷിപ്പുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. നഷ്ടപ്പെട്ടു പോയ തിരുശേഷിപ്പുകള്‍ നാലും അഞ്ചും ശതകങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സെന്റ് സ്റ്റീഫന്റെ മൃതദേഹം കണ്ടെടുത്തത് ഇക്കാലത്തായിരുന്നു. പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലും അത് പ്രതിഷ്ഠിക്കപ്പെടുകയുണ്ടായി.

ക്രമത്തില്‍ തിരുശേഷിപ്പുകള്‍ വാണിജ്യമൂല്യമുള്ള കച്ചവടച്ചരക്കായി മാറി. അവ ഉണ്ടെന്നറിഞ്ഞാല്‍ തീര്‍ഥാടകര്‍ കൂട്ടമായി എത്തും. വളരെ വിനയാന്വിതരായിട്ടായിരിക്കും പുരോഹിതന്മാര്‍ അവയെ സമീപിക്കുക. അവ കഷ്ണങ്ങളാക്കി വില്‍ക്കാനും, മോഷ്ടിക്കപ്പെടാന്‍ പോലും ഇത് കാരണമായി. തദ്വിഷയകമായി, ധാരാളം കഥകള്‍ ക്രൈസ്തവ ചരിത്രത്തില്‍ കാണാം. ലിങ്കണനിലെ ഒരു ബിഷപ്പിന്റെ കഥ ഉദാഹരണം. ഒരു തീര്‍ഥാടനവേളയില്‍ മഗ്ദലനക്കാരി മറിയയുടേതെന്ന് കരുതപ്പെടുന്ന ഒരു അസ്ഥി ഇദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി. അങ്ങേയറ്റത്തെ ഭക്ത്യാദരവുകളോടെ അതിനു മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ച ബിഷപ്പ്, അതില്‍ നിന്നൊരു തുണ്ട് കടിച്ചെടുത്ത കാര്യം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട്, ഈ അമൂല്യ വസ്തു സ്വദേശത്തെ കത്തീഡ്രലില്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം അദ്ദേഹത്തിന് നാട്ടില്‍ സ്വീകാര്യത വര്‍ധിപ്പിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.

1231-ല്‍, ഹങ്കറിയിലെ എലിസബത്ത് എന്ന പുണ്യവതിയോട് ആരാധകര്‍ കാണിച്ച ഭക്തി മര്‍മഭേദകം എന്നു തന്നെ പറയണം. മരണശേഷം അവരുടെ നഖവും മുടിയും മാത്രമല്ല, മുലക്കണ്ണുകള്‍ പോലും മുറിച്ചെടുത്ത് ചര്‍ച്ചുകളില്‍ പ്രതിഷ്ഠിക്കുകയായിരുന്നു ജനം. ഇതോടെ പ്രസ്തുത ചര്‍ച്ചുകള്‍ വലിയ തീര്‍ഥാടന കേന്ദ്രങ്ങളായിത്തീരുകയും ചെയ്തു.

ചാര്‍ട്ടേഴ്‌സിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമാണ് La Sainte Chemise. യേശുവിനെ പ്രസവിക്കുമ്പോള്‍ മറിയ ധരിച്ചിരുന്ന അടിവസ്ത്രം അവിടെയുണ്ടെന്നാണ് മധ്യയുഗങ്ങളില്‍ വിശ്വസിക്കപ്പെട്ടിരുന്നത്.

യേശുവിന്റെ പാല്, പല്ല്, കണ്ണീര്‍, രക്തകണങ്ങള്‍ തുടങ്ങിയ തിരുശേഷിപ്പുകളടങ്ങിയ മനോഹരമായൊരു പേടകം ചാറ്റേഴ്‌സിലുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പരിച്ഛേദനാ ഛേദമത്രെ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ പേടകം സ്ഥാപിച്ചിരിക്കുന്നത് തന്നെ അതിനു വേണ്ടിയാണ്. ഇംഗ്ലീഷില്‍ Holy Foreskin എന്നറിയപ്പെടുന്ന ഇത്, ജര്‍മന്‍കാര്‍ക്കിടയില്‍ Le Saint Prepuce എന്നാണറിയപ്പെടുന്നത്. എന്നാല്‍, മധ്യകാലഘട്ടങ്ങളില്‍ യേശുവിന്റേതെന്ന പേരില്‍ പതിനഞ്ചോളം ‘ഹോളി ഫോര്‍സ്‌കിനുകള്‍’, യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആരാധിക്കപ്പെട്ടിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. ഇവയില്‍ ഏറ്റവും പ്രശസ്തമായതാണ്, ചാര്‍ലമെയ്‌ന്റെ വിവാഹകരാര്‍ വേളയില്‍ ഐറിഷ് രാജ്ഞി സമ്മാനിച്ചത്. പ്രസവവേളയില്‍ സ്ത്രീകള്‍ക്ക് വേദനയില്‍നിന്ന് മോചനം നല്‍കിയിരുന്നുവെന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷതയായി വിശ്വസിക്കപ്പെട്ടിരുന്നത്. 1422-ല്‍ ഇംഗ്ലണ്ടിലെ ഹെന്റി അഞ്ചാമന്‍ തന്റെ സഹധര്‍മിണിയെ സഹായിക്കാന്‍ ഇത് മോഷ്ടിക്കുകയുണ്ടായി. അത് തിരിച്ചു കിട്ടാന്‍ പുരോഹിതന്മാര്‍ വളരെ പാടുപെടുകയുണ്ടായി. അതടക്കം ചെയ്തിരുന്ന പേടകം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്.

ആദാമിനെ സൃഷ്ടിക്കാന്‍ ദൈവമെടുത്ത മണ്ണിന്റെ അവശിഷ്ടമാണ് കാന്റന്‍ബറിയിലെ തിരുശേഷിപ്പുകളിലൊന്ന്. ഇന്ന് ഓരോ ചര്‍ച്ചിലും ഓരോ തിരുശേഷിപ്പുണ്ട്. ഓരോ നൂറ്റാണ്ടിലും അവയുടെ പേടകം കൂടുതല്‍ മോടികൂട്ടപ്പെടുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ ഇവയിലെ രത്‌നങ്ങള്‍ വില്‍പന നടത്തപ്പെടാറുണ്ട്. അതിനാല്‍ ചര്‍ച്ചിന്റെ ഭണ്ഡാരങ്ങളാണിവയെന്നു പറയാവുന്നതാണ്.

കുരിശുയുദ്ധ കാലത്ത്, മധ്യപൗരസ്ത്യ ദേശങ്ങളില്‍ നിന്ന് തിരുശേഷിപ്പുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. അവയെ കുറിച്ച അന്ധവിശ്വാസങ്ങളും അവയുടെ വ്യാപനവുമെല്ലാം അവയുടെ തനിമയെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്. പ്രഫ. എബ്രഹാം എഴുതുന്നു: ”മധ്യകാല ഘട്ടങ്ങളില്‍ മൃഗങ്ങളുടെ അസ്ഥിക്കഷ്ണങ്ങള്‍ മഹാവിശുദ്ധന്മാരുടെ എന്ന വ്യാജേന പുരോഹിതന്മാരും മറ്റും വ്യാപാരം നടത്തിയിരുന്നു. അവയെ വണങ്ങി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചാല്‍ അത്ഭുത രോഗശാന്തിയുണ്ടാകുമെന്നായിരുന്നു പ്രചാരണം. അഴുകാത്ത ശവശരീരം വിശുദ്ധിയുടെ വിശ്വസനീയമായ തെളിവാണ്. എന്നാല്‍ ഒരു വ്യത്യാസമുണ്ട്, അഴുകാത്ത ശരീരം വൈദികന്റേതാണെങ്കില്‍ ആള്‍ വിശുദ്ധനാണ്. അര്‍മേനിയുടേതാണെങ്കില്‍ അയാള്‍ കൊടിയ പാപിയുമായിരിക്കും. ആദ്യത്തേത് ദൈവാനുഗ്രഹത്തിന്റെയും അടുത്തത് ദൈവകോപത്തിന്റെയും തെളിവാണ് പോലും.”

ബുദ്ധമതത്തില്‍budd

ദൈവമുക്തമെന്ന് കരുതപ്പെടുന്ന ബുദ്ധമതത്തിലും ഈ ആചാരം നിലനില്‍ക്കുന്നുവെന്നത് അത്ഭുതാവഹമത്രെ. ബുദ്ധന്റേതെന്നും പ്രധാന ബുദ്ധാചാര്യന്മാരുടേതെന്നും ആരോപിക്കപ്പെടുന്ന പല വിശുദ്ധാവശിഷ്ടങ്ങളും പല രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാര്‍പ്പാപ്പക്ക് സമാനനായി കരുതപ്പെടുന്ന തിബത്തിലെ ലാമയുടെ വിസര്‍ജ്യ വസ്തുക്കള്‍ പോലും വിശുദ്ധമാണെന്നത്രെ വിശ്വാസം.

‘നിര്‍വാണ’ വേളയില്‍, തന്റെ അവശിഷ്ടങ്ങളില്‍ നിമഗ്‌നരാകാതെ, ഉപദേശങ്ങള്‍ കൈകൊള്ളണമെന്ന് ബുദ്ധന്‍ സന്യാസിമാരോട് ആജ്ഞാപിച്ചിരുന്നുവെന്നാണ് പാരമ്പര്യം. അതിനാല്‍ ശവസംസ്‌കാരശേഷം തിരുശേഷിപ്പുകള്‍ സാധാരണക്കാര്‍ക്ക് കൊടുക്കുകയായിരുന്നു ചെയ്തത്. പക്ഷേ, നിരവധി ഉത്തരേന്ത്യന്‍ രാജാക്കന്മാക്കിടയില്‍ അവ വിവാദ വിഷയമായി തീരുകയായിരുന്നു. അവ മുഴുവന്‍ സ്വന്തം രാജ്യത്തിന് ലഭിക്കണമെന്നായിരുന്നു ഓരോ രാജാവിന്റെയും ആഗ്രഹം. അവസാനം, ദ്രോണ എന്നൊരു ബ്രാഹ്മണനായിരുന്നു തീര്‍പ്പ് കല്‍പിച്ചത്. തിരുശേഷിപ്പുകള്‍ മൊത്തം എട്ടായി ഭാഗിക്കുകയും അവ എട്ടു രാജാക്കന്മാര്‍ക്കിടയില്‍ വീതിക്കുകയും ഓരോരുത്തരുടെയും ഭാഗത്തിന്മേല്‍ അവര്‍ സ്തൂപം സ്ഥാപിക്കുകയും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ശേഷം, ഈ സ്തൂപങ്ങളിലെ തിരു ശേഷിപ്പുകളെല്ലാം ശേഖരിച്ചു 84000 ഓഹരികളാക്കി സാമ്രാജ്യത്തിലൊന്നടങ്കം വിതരണം നടത്തുകയും അവ അടക്കം ചെയ്യാന്‍ 84000 സ്തൂപങ്ങള്‍ നിര്‍മിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അങ്ങനെ ബുദ്ധോപദേശങ്ങള്‍ക്കൊപ്പം തിരുശേഷിപ്പുകളും വ്യവസ്ഥാപിത രൂപത്തില്‍ ഉപഭൂഖണ്ഡമൊന്നടങ്കം പ്രചരിക്കാനിടയായി.

ബുദ്ധന്റെ എല്ലുകളിലും പല്ലുകളിലുമാണ് ചില പാരമ്പര്യങ്ങള്‍ ഊന്നല്‍ കൊടുക്കുന്നത്. ഉദാഹരണമായി, ശ്രീലങ്കയില്‍ അടക്കം ചെയ്യപ്പെട്ട ബുദ്ധദന്തം ഒരു തീര്‍ഥാടന കേന്ദ്രമാണ്. വര്‍ഷം തോറും അസാല മാസത്തില്‍ നഗരത്തിനു ചുറ്റും അത് ആര്‍ഭാടത്തോടെ പ്രദര്‍ശിപ്പിക്കുന്നു. ശ്രീലങ്കയിലെ ഒരു മുഖ്യ ഉത്സവമാണിത്. പൂക്കളും സുഗന്ധധൂമങ്ങളുമടങ്ങുന്ന കാണിക്കയുമായി തീര്‍ഥാടകര്‍ ദന്ത ദേവാലയത്തിലെത്തുന്നു.

കുടിയേറ്റ ചരിത്രത്തിന് മുമ്പ്, ഒരു രാജ്യത്ത് ഒരു ദന്തം ഉണ്ടാവുകയും ഒരു നിയമാനുസൃത ഭരണാധിപന്‍ അതിനോട് ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. രാജ്യത്ത് സാമൂഹിക ഐക്യവും മഴയും വിളവുകളും ഈ ദന്തം ഉറപ്പുവരുത്തുമെന്നായിരുന്നു വിശ്വാസം. ദന്തം കൈവശമുണ്ടെങ്കില്‍ ശക്തിയുണ്ടാകുമെന്നായിരുന്നു വെപ്പ്. 1815-ല്‍ ബ്രിട്ടീഷുകാര്‍ ‘കാണ്ടി’യോടൊപ്പം ദന്തം പിടിച്ചെടുത്തപ്പോള്‍ അവരോടുള്ള ചെറുത്ത്‌നില്‍പ് പെട്ടെന്ന് നിലച്ചുവെന്നത് അവരെ അമ്പരപ്പിക്കുകയായിരുന്നു.

പുരോഹിതരായിരുന്നു, ഔദ്യോഗികമായ ഈ ദന്തപൂജാ ചടങ്ങിന്റെ നടത്തിപ്പുകാര്‍. ദിവസന്തോറും ചടങ്ങുകളുടെ പരമ്പരകള്‍ തന്നെയുണ്ടാകും. ദന്തത്തെ വിനോദിപ്പിക്കുക, കുളിപ്പിക്കുക, ഉടുപ്പിക്കുക, ഊട്ടുക തുടങ്ങി തികച്ചും ഹൈന്ദവാചാരങ്ങള്‍ക്ക് സമാനമായ ചടങ്ങുകള്‍! ബുദ്ധന്‍ പുനര്‍ജന്മാതീതനാണെന്നാണ് വിശ്വാസമെങ്കിലും, ഏതോ വിധേന ഇവയില്‍ സന്നിഹിതനാകുമെന്നായിരുന്നു അവരുടെ വിശ്വാസം.

റങ്കൂണ്‍, ബര്‍മ, ഉത്തര തായ്‌ലാന്റ് എന്നിവിടങ്ങളിലെ വിഹാരങ്ങളില്‍ അലംകൃത രൂപത്തില്‍ ബുദ്ധകേശങ്ങള്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ബുദ്ധമതം പ്രചരിക്കുന്നതിന് ഈ തിരുശേഷിപ്പുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെ കേവലം ചിലയാളുകളുടെ പൂജാവസ്തുക്കള്‍ മാത്രമായി പരിമിതപ്പെടാതെ ആഗോള തലത്തില്‍ വിശ്വാസ സംസ്ഥാപനത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു അവ.

താക് രാജവംശത്തിന്റെ ആസ്ഥാനമായ ചിയാങ്ങില്‍, ബുദ്ധന്റെ ഒരു വിരലെല്ലുണ്ട്. അതിനെ എതിരേല്‍ക്കാനുള്ള രാജാവിന്റെ എഴുന്നെള്ളിപ്പായിരിക്കും ഒരു പക്ഷെ, ഒമ്പതാം ശതകത്തിലെ ഏറ്റവും വലിയ മതകീയോത്സവം.

പീക്കിംഗിലെ ഒരു ബുദ്ധവിഹാരത്തില്‍ അടക്കം ചെയ്യപ്പെട്ട ബുദ്ധദന്തമാണ് ചൈനയിലെ പ്രസിദ്ധമായൊരു തിരുശേഷിപ്പ്. 800 വര്‍ഷത്തോളം കളഞ്ഞുപോയ ഈ ദന്തം 1900-ല്‍ കണ്ടെടുക്കപ്പെടുകയായിരുന്നുവത്രെ. അന്താരാഷ്ട്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 1950-ലും 1960-ലും ബര്‍മയിലും ശ്രീലങ്കയിലും ഇത് കൊണ്ടുവരികയുണ്ടായി. അവിടെ ലക്ഷക്കണക്കില്‍ ആളുകളാണതിനെ ആരാധിച്ചത്.

പുണ്യവാളന്മാരുടെ ശാരീരികാവശിഷ്ടങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല ഈ തിരുശേഷിപ്പ് ഭ്രമം. ബുദ്ധന്റേതെന്ന് പ്രസിദ്ധപ്പെട്ട പല ശിലാപാദ ചിഹ്നങ്ങളും ഉത്തരപൂര്‍വേഷ്യയിലെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ തെക്ക്- പടിഞ്ഞാറ് ഭാഗത്തെ ഒരു ഗുഹാമുഖത്ത് ബുദ്ധന്റെ നിഴലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നാലാം ശതകം മുതല്‍ എട്ടാം ശതകം വരെ പ്രശസ്തമായൊരു തീര്‍ഥാടന കേന്ദ്രമായിരുന്നു ഇത്. ഈ നിഴലില്‍ ബുദ്ധനെ കാണാന്‍ കഴിയുമെന്നാണ് വിശ്വാസം. തൊട്ടടുത്തുള്ള പാറയില്‍ അദ്ദേഹത്തിന്റെ അങ്കിത്തുണിയുടെ മാതൃകയും കാണാം.

ബുദ്ധന്റെ യാചക കിണ്ണമാണ് മറ്റൊരു തിരുശേഷിപ്പ്. ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ(399-414), ചൈനീസ് തീര്‍ഥാടകനായ ഫാഹ്‌സിയെന്‍ (Faxian)ഇത് ദര്‍ശിക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്ക് ശേഷം അത്ഭുതകരമാം വിധം പ്രത്യക്ഷപ്പെട്ട ഈ ‘കിണ്ണം’ ഈ യുഗാന്ത്യത്തില്‍ തൂസിത (Tusita) സ്വര്‍ഗത്തിലേക്ക് ആരോഹണം നടത്തുകയും അവിടെ മൈത്രേയിയുടെ ചിഹ്നമായി നിലകൊള്ളുകയും ചെയ്യുമെന്നുമുള്ള ഒരു ഐതിഹ്യം ഫാഹ്‌സിയെന്‍ വിവരിക്കുന്നുണ്ട്.

മനുഷ്യത്വമുള്ള പ്രസിഡണ്ടിനെ ഈജിപ്തിന് നഷ്ടപ്പെട്ടതെങ്ങനെ

മനുഷ്യത്വമുള്ള പ്രസിഡണ്ടിനെ ഈജിപ്തിന് നഷ്ടപ്പെട്ടതെങ്ങനെ ?

മഹ്മൂദ് സുല്‍താന്‍

ഒരിക്കല്‍ ഒരു വൃദ്ധ എന്നോടു പറഞ്ഞു. ‘അദ്ദേഹം തന്റെ പ്രജകളോട് അനുകമ്പയുള്ള രാജാവായിരുന്നു.’ ഈജിപ്തിലെ രാജാവായിരുന്ന ഫാറൂഖ് രാജാവിനെ പറ്റിയാണ് ആ വൃദ്ധ അഭിപ്രായം പ്രകടിപ്പിച്ചത്. ഈജിപ്തിന്റെ മുന്‍ പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദാത്തിനെക്കുറിച്ചും ചില ഗ്രമീണര്‍ അപ്രകാരം പറയുന്നത് കേട്ടി ഞാന്‍ കേട്ടിട്ടുണ്ട്.

ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്ന മുഹമ്മദ് മുര്‍സിയും ഇതു പോലുള്ള ഗുണങ്ങളുള്ള ഒരു വ്യക്തിയായിരുന്നു. ‘മനുഷ്യത്വമുള്ള പ്രസിഡണ്ട്’, അങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ‘കരിസ്മാറ്റിക് പേഴ്‌സണാലിറ്റി’ എന്നു അദ്ദേഹത്തെക്കുറിച്ച് പറയാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ അദ്ദേഹം ഒരു പിതാവിന്റെ വാത്സല്യത്തോടെ ജനങ്ങളെ സ്‌നേഹിച്ച ഒരു പ്രസിഡണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ജനതക്ക് അദ്ദേഹം ഏറ്റവും പ്രിയങ്കരനായിരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ ഈ പിതൃവാത്സല്യമായിരുന്നു.

ഒരു പക്ഷേ ഭരണകൂടവും ജനങ്ങളും തമ്മില്‍ നില നില്‍ക്കുന്ന ബന്ധത്തിന്റെ ആണിക്കല്ല് ഈ സ്‌നേഹത്തില്‍ നിന്നായിരിക്കും.
ഈജിപ്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് മുര്‍സി സംസാരിക്കുമ്പോള്‍ ‘എന്റെ കുടുംബാംഗങ്ങളേ, ബന്ധുക്കളേ’ ‘ നിങ്ങളാണ് എന്റെ ഹൃദയത്തില്‍’ എന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്താറുണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ സ്ഥിരം നമ്പരുകളാണതെന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുണ്ട്. ഏതു സാഹചര്യത്തിലും അവരുടെ നാവുകള്‍ക്ക് വഴങ്ങുക ഇത്തരം രാഷ്ട്രിയ നിഘണ്ടുവിലെ വാക്കുകളാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍ മുഹമ്മദ് മുര്‍സിയുടെ ഈ അഭിപ്രായ പ്രകടനങ്ങള്‍ വെറും വാക്കുകളായിരുന്നുവെന്നു എനിക്ക് കരുതാന്‍ പ്രയാസമുണ്ട്. ഇതുപോലുള്ള ചില പദങ്ങള്‍ മുന്‍ പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദാത്തും ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഉപയോഗിച്ചിരുന്നു.

ഇപ്പോള്‍ സൈന്യത്താല്‍ പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി മനുഷ്യത്വപരമായ പല ഗുണങ്ങളുടെയും ഉടമയായിരുന്നു. വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ജനങ്ങളുടെ പ്രിയങ്കരനായിത്തീര്‍ന്ന ഒരു ഭരണാധികാരി. അതായിരുന്നു മുര്‍സി. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് അതിനുകാരണം. അധികാരമേറ്റ ആദ്യ നാളുകളിലേ ദൃശ്യമായിരുന്നു അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള താല്‍പര്യം. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവു പോലും ജനങ്ങളില്‍ ഒരുവനായ ഒരു എളിയ പ്രസിഡണ്ട് എന്ന നിലക്കായിരുന്നു.
എന്നാല്‍ അല്‍പ കാലത്തിനു ശേഷം ജനങ്ങള്‍ക്കും മുര്‍സിക്കുമിടയില്‍ ബന്ധം മുറിഞ്ഞു. പ്രസിഡന്‍ഷ്യല്‍ പാലസിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം അദ്ദേഹത്തിന്റെ മുന്നിലും പിന്നിലുമായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായി. അഞ്ചു നേരത്തെ നമസ്‌ക്കാരത്തിനു പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്യൂട്ട് ധരിച്ചെത്തുന്ന മുര്‍സിയെയാണ് പിന്നീട് കണ്ടത്.
ജനങ്ങള്‍ക്കിടയിലായിരുന്ന ഡോ. മുര്‍സി അവരെ ഭയപ്പെടുന്നതു പോലെ അവസാനനാളുകളില്‍ തോന്നി. അദ്ദേഹത്തിനും ജനങ്ങള്‍ക്കുമിടയില്‍ വലിയ ഒരു മറയുണ്ടായിത്തീര്‍ന്നതു പോലെ. പിതൃതുല്യനായ പ്രസിഡണ്ട് എന്ന ജനങ്ങളുടെ മനസ്സിലെ അദ്ദേഹത്തിന്റെ രൂപം പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ താമസിക്കുന്ന അദ്ദേഹത്തില്‍ നിന്ന് സാവധാനം നീങ്ങിപ്പോവുകയായിരുന്നു.
ഡോ. മുഹമ്മദ് മുര്‍സി ഒരു നല്ല മനുഷ്യന്‍ തന്നെയാണ്. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ മുര്‍സിയെക്കുറിച്ച് എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു. അവര്‍ അധികാരത്തിലേറ്റിയ ആ മുര്‍സിയല്ല ഇപ്പോഴുള്ളതെന്ന് അവര്‍ കരുതുന്നു. പിതൃതുല്യനായ നേതാവ് എന്ന മുര്‍സിയുടെ പരിവേഷം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ നഷ്ടപ്പെട്ട ഈ ഇമേജ് അദ്ദേഹത്തെ ജനങ്ങളില്‍ നിന്ന് ഏറെ അകറ്റിയിരിക്കുന്നു. അദ്ദേഹത്തിന്റെ പിന്നില്‍ നിന്നാരൊക്കെയോ അദ്ദേഹത്തെ നിയന്ത്രിക്കുംപോലെ. അദ്ദേഹം പുറത്താക്കപ്പെട്ട രീതിയും സൈന്യം അധികാരം പിടിച്ചെടുത്ത നിഗൂഢശൈലിയുമെല്ലാം രാജ്യത്തെ അപകടപ്പെടുത്തുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തെ നയിക്കേണ്ടത് ആരെന്ന ഈജിപ്ഷ്യന്‍ ജനതയുടെ ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ ഉത്തരമായിരുന്നു, സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി.
ഈജിപ്തിന് വലിയ നഷ്ടമാണിത്. മനുഷ്യത്വമുള്ള ഒരു ഭരണാധികാരിയെയാണ് ഈജിപ്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ യോഗ്യതകളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഈജിപ്തിനകത്തുനിന്ന് ഉയരുന്നുണ്ടെങ്കില്‍പോലും ഇത് ഈജിപ്തിന് ഒരു വലിയ നഷ്ടം തന്നെ.970672_617383408294522_390104194_n

ഹൈന്ദവശാസ്ത്രങ്ങളിലെ അവതാരപുരുഷന്‍മാര്‍

Written by ടി. മുഹമ്മദ്

ഇസ് ലാമിന്റെ സാങ്കേതികഭാഷയില്‍ ‘നബി’എന്നും ‘റസൂല്‍’എന്നും വിനബിമാരും ഹൈന്ദവശാസ്ത്രങ്ങളിലെ അവതാര പുരുഷന്‍മാരുംളിക്കുന്ന മതാചാര്യനെ ഹൈന്ദവശാസ്ത്രങ്ങള്‍ അവതാരപുരുഷന്‍ എന്നു വര്‍ണിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അനേകം അവതാരപുരുഷന്‍മാര്‍ ആവിര്‍ഭൂതരായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒമ്പതാമത്തെ അവതാരപുരുഷനാണ് വസുദേവപുത്രനായ ശ്രീകൃഷ്ണന്‍. കൃഷ്ണന്റെ സംജ്ഞാനാമം ‘കണ്ണന്‍’ എന്നായിരുന്നു. നിറം കറുപ്പായതുകൊണ്ടാണ് കൃഷ്ണനാ നാമം സിദ്ധിച്ചത്. ഇസ് ലാംമത പ്രവാചകന്‍ പ്രസ്താവിച്ചതായി ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്: ‘ഇന്ത്യയില്‍ കറുത്തൊരു നബിയുണ്ടായിരുന്നു .’കാഹനാ’എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.’

കണ്ണന്‍ എന്ന ഭാരതീയ ശബ്ദത്തിന്റെ അറബിരൂപമാണ് കാഹന. നിരൂപണശാസ്ത്രനിയമപ്രകാരം ഈ ഹദീസ് ദുര്‍ബലമാണെങ്കിലും, ചരിത്രപരമായി അതിന്റെ ആശയം ശരിയാവാം. കംസന്‍ എന്ന ഒരധര്‍മ മൂര്‍ത്തിയെ ഹനിക്കേണ്ടതിന്നാണ് ശ്രീകൃഷ്ണന്‍ അവതരിച്ചതെന്നത്രെ ഐതിഹ്യം. ആ കൃത്യം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. ‘ഭഗവദ്ഗീത’ എന്ന സുപ്രസിദ്ധ ഹൈന്ദവകൃതി, വേദവ്യാസനെന്ന അപരാഭിനാമത്താല്‍ വിശ്രുതനായ ബാദരായണകൃഷ്ണന്‍ രചിച്ച ‘മഹാഭാരതം’ എന്ന മഹേതിഹാസത്തിലെ ഒരു ഭാഗമാണ്. കുരുക്ഷേത്രയുദ്ധവേളയില്‍ സ്വശിഷ്യനായ അര്‍ജുനനെ ധര്‍മസമരത്തിനു പ്രേരിപ്പിച്ചതുകൊണ്ട് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച ആധ്യാത്മികതത്ത്വങ്ങളാണ് ഗീതയാണ് ഉള്ളടക്കം.
പാണ്ഡുവിന്റെ പുത്രന്‍മാരും കുരുവിന്റെ പുത്രന്‍മാരും കുരുക്ഷേത്രത്തില്‍ യുദ്ധത്തിനായി ഇരുഭാഗത്തും അണിനിരന്നു. പാണ്ഡവപക്ഷത്തായിരുന്നു ശ്രീകൃഷ്ണന്‍. കാരണം, അവര്‍ മര്‍ദ്ദിതരും കൗരവന്‍മാര്‍ മര്‍ദ്ദകരുമായിരുന്നു. കൗരവന്‍മാരില്‍ ഒരാളായ ദുര്യോധനന്‍ പാണ്ഡവന്‍മാരെ കഠിനമായി ദ്രോഹിച്ചിരുന്നു. അരക്കില്ലത്തിലിട്ടു കൊല്ലുവാന്‍പോലും അയാള്‍ ശ്രമിക്കുകയുണ്ടായി. തന്നിമിത്തം പാണ്ഡവന്‍മാര്‍ സ്വദേശം വെടിഞ്ഞ് വനവാസം ചെയ്യേണ്ടിവന്നു. ശ്രീകൃഷ്ണന്‍ ഇരുവിഭാഗക്കാരെയും സന്ധിയാക്കുവാന്‍ പരമാവധി പാടുപെട്ടെങ്കിലും ദുര്യോധനാദികള്‍ വഴങ്ങിയില്ല. അവസാനം യുദ്ധം നടത്തേണ്ടിവന്നു.
സൈന്യം ഇരുഭാഗത്തും അണിനിരന്നു. പഞ്ചപാണ്ഡവന്‍മാരില്‍ മധ്യമനായ അര്‍ജുനന്റെ തേര് തെളിച്ചുകൊണ്ടുവന്നത് ശ്രീകൃഷ്ണനാണ്. അര്‍ജ്ജുനന്‍ ആകമാനമൊന്ന് വീക്ഷിച്ചു. ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നത് ബന്ധുക്കളാണ്. അതുകണ്ടപ്പോള്‍ അദ്ദേഹത്തെ ഒരു വൈക്ലബ്യം ബാധിച്ചു. അവയവങ്ങള്‍ തളര്‍ന്നു; വായവരണ്ടു; രോമാഞ്ചകഞ്ചുകനായി; ഗാണ്ഡീവചാപം(വില്ല്) കരത്തില്‍നിന്നും വഴുതി വീണു. ആകെ എരിപൊരികൊണ്ടു.

അദ്ദേഹം ശ്രീകൃഷ്ണനോടു പറഞ്ഞു: ‘ഭഗവാന്‍, ആരുടെ സുഖാനുഭൂതിക്ക് വേണ്ടി നാം രാജ്യത്തെയും സുഖഭോഗത്തെയും കാംക്ഷിക്കണമോ, ആ ഗുരുഭൂതന്‍മാര്‍, പിതാക്കന്‍മാര്‍, പിതാമഹന്‍മാര്‍, പുത്രന്‍മാര്‍, പൗത്രന്‍മാര്‍, അമ്മാവന്‍മാര്‍,ശ്വശുരന്‍മാര്‍, സ്യാലന്‍മാര്‍, ചങ്ങാതിമാര്‍ മുതലായ ബന്ധുമിത്രാദികള്‍ ജീവനെയും പണത്തെയും പരിത്യജിച്ച് യുദ്ധത്തിനിതാ വന്നുനില്‍ക്കുന്നു. അല്ലയോ മധുസൂദന, ഇവര്‍ ഞങ്ങളെ കൊല്ലുന്നവരാണെങ്കിലും, ത്രൈലോകത്തിന്റെ ആധിപത്യത്തിനുവേണ്ടിപോലും ഇവരെ ഞാന്‍ വധിക്കുകയില്ല. ഭൂമിയുടെ ആധിപത്യത്തിന് വേണ്ടി ഞാനതു ചെയ്യില്ലെന്നു പറയാനുണ്ടോ?’
പാണ്ഡവസൈന്യത്തിലെ ഹീറോയായ അര്‍ജുനന്‍ ദുര്‍ബലനാവുകയെന്നാല്‍ അവര്‍ യുദ്ധത്തില്‍ പരാജയപ്പെടുകയെന്നാണര്‍ത്ഥം. ശ്രീകൃഷ്ണന്‍ അര്‍ജുനനെ സന്ദര്‍ഭത്തിന്റെ ഗൗരവം ധരിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ പാരവശ്യം നീങ്ങിയില്ല. അപ്പോള്‍ ധര്‍മസമരത്തിന്റെ അനിവാര്യത തെര്യപ്പെടുത്തുവാന്‍ ഗീതാതത്ത്വങ്ങള്‍ ഉപദേശിച്ചു. ഉപനിഷത്തുകളിലെ തത്ത്വസിദ്ധാന്തങ്ങളുടെ സാരസര്‍വ്വസ്വമത്രെ ഗീതയുടെ ഉള്ളടക്കം. അര്‍ജുനന്റെ വൈക്ലബ്യം നീങ്ങി . അദ്ദേഹം യുദ്ധത്തില്‍ സജീവമായി പൊരുതുകയും പാണ്ഡവന്‍മാര്‍ വിജയം പ്രാപിക്കുകയും ചെയ്തു.

അവലംബം: ധര്‍സമരം, ടി മുഹമ്മദ്, ഐപി.എച്ച്‌ 19

വിജ്ഞാനവും ദൈവിക പ്രാതിനിധ്യവും

ghjjATT00009317

ഡോ. യൂസുഫുല്‍ ഖറദാവി

അജ്ഞതയെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കാനാണ് ഇസ്‌ലാമിനോട് അസൂയ പുലര്‍ത്തുന്ന ചിന്തകന്മാരും സംഘടനകളും ഇഷ്ടപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്ക് ഇത്തരം സംഘടനകള്‍ വിലങ്ങുനില്‍ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സമുഹത്തിന്റെ നിലനില്‍പ്പിനും നാഗരിക വളര്‍ച്ചക്കും വൈജ്ഞാനിക വികാസത്തിനും ടെക്‌നോളജി അനിവാര്യമായി ഘടകമായി മാറികൊണ്ടിരിക്കുകയാണ്. നാഗരികമായ അറിവുകള്‍ ഉല്‍പാദിപ്പിക്കാനും, അജ്ഞതയുടെ ആറ്റങ്ങളെ തച്ചുടക്കാനും, രഹസ്യങ്ങളുടെ കലവറകള്‍ തകര്‍ത്ത് സമൂഹത്തില്‍ നമുക്കായ് ഒരു ഇടം സ്രഷ്ടിക്കാനും ടെകനോളജിക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യന് എന്താകുമെന്ന് പോലും പ്രവചിക്കുക സാധ്യമല്ലാത്തവിധം ജനിതക മാറ്റത്തിന്റെ വാതിലുകള്‍ അത് മലര്‍ക്കെ തുറന്നിരിക്കുന്നു.

മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ വൈജ്ഞാനിക വികാസത്തിന് ഒരിക്കലും ഇസ്‌ലാം തടസ്സമല്ല. അതിനാല്‍ തന്നെ അതിലെ ഒരംഗമെന്ന നിലക്ക് നാമോരോരുത്തരും ഭാഗ്യമുള്ളവരാണ്. മനുഷ്യ ജീവിതത്തിന് അനുകൂലവും, ഉപകാരപ്രദവുമായ രീതിയില്‍ വൈജ്ഞാനിക വികാസത്തിനായി ടെക്‌നോളജിയെ ഉപയോഗിക്കുന്നതിന് ഇസ്‌ലാം തടസ്സമില്ല എന്നതോടൊപ്പം തന്നെ അതിനായി യത്‌നിക്കുക നമ്മുടെ ബാധ്യതയുമാണ്. നമസ്‌കാരവും നോമ്പും പോലെതന്നെ അറിവിലൂടെ ശാരീരികവും മാനസികവുമായ വികാസം ഉണ്ടാകുന്നതിലൂടെ മനുഷ്യന്‍ ദൈവത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.

നൂതന സാങ്കേതികവിദ്യ പഠിക്കല്‍ സാമൂഹികമായ നിര്‍ബന്ധ ബാധ്യതയാണ്. (ഫര്‍ദു കിഫായ) അത് നിര്‍വഹിക്കാതിരിക്കുന്ന പക്ഷം ആ സമൂഹം മുഴുവന്‍ തെറ്റുകാരാണ്. കാരണം നാഗരികവും, ഭൗതികവും, ഭരണപരവുമായ ആവശ്യത്തിന്റെ പൂര്‍ത്തീകരണം അതിന്റെ അഭാവത്തില്‍ നടക്കുകയില്ലല്ലോ.

വിജ്ഞാന സമ്പാദനം സമൂഹത്തിന്റെ ആവശ്യമാണ് എന്നതോടൊപ്പം തന്നെ വിശ്വാസത്തിന്റെ പൂര്‍ണ്ണതക്കും, മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്യേശ്യലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണവുമാണ്. ആത്മീയവും ഭൗതികവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്നതാണ് മനുഷ്യ സ്രഷ്ടിപ്പിന്റെ പ്രത്യേകത. ബുദ്ധിയുടെയും ആത്മാവിന്റെയും ആവശ്യ പൂര്‍ത്തികരണമാണ് യത്ഥാര്‍ത്ഥ സംതൃപ്തി. അതുകൊണ്ടാണ് ഇസ്‌ലാം വിജ്ഞാനസമ്പാദനവും വിതരണവും (ദാനവും) മതത്തിന്റെ ഭാഗമാക്കിയതും പ്രോത്സാഹിപ്പിക്കുന്നതും. ഭൂമിയില്‍ നിന്ന് മുളക്കുന്നതും ആകാശത്തുനിന്നും പെയ്തിറങ്ങുന്നതുമായ എല്ലാറ്റിനെ കുറിച്ചും സമഗ്രമായ വിശ്വാസവും അറിവുമാണ് അത് താല്‍പര്യപ്പെടുന്നത്. ഇതര വ്യവസ്ഥകളിലുള്ളതു പോലെ ഇസ്‌ലാമില്‍ മതത്തിനും അറിവിനും ഇടയില്‍ വേര്‍തിരിവുകളില്ല.

മധ്യ നൂറ്റാണ്ടില്‍ യൂറോപ്പ് വൈജ്ഞാനിക നേതൃത്വത്തെ കൂട്ടകശാപ്പിന് വിധേയമാക്കിയതും ആയിരകണക്കിന് കുറ്റവാളികളെ സൃഷ്ടിച്ചെടുത്തതും അറിവും മതവും തമ്മിലുള്ള എറ്റുമുട്ടല്‍ കാരണമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ശൈഖ് മുഹമ്മദ് അബ്ദു ‘ഇസ്‌ലാമും ക്രിസ്ത്യാനികളും, അറിവും നാഗരികതയും’ എന്നീ പുസ്തകങ്ങളിലൂടെ ഇതിനെതിരെ ഒരു പോരാട്ടം തന്നെ നടത്തുന്നുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിലെ പോരാട്ടങ്ങള്‍ കായികം മാത്രമല്ല, ബുദ്ധിപരം കൂടിയായിരുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാം ബുദ്ധിയെയും വിവേകത്തെയും ആദരിച്ചിരിക്കുന്നു. ചിന്തയിലേക്കും കാഴ്ച്ചപ്പാടുകളിലേക്കുമാണ് അത് ക്ഷണിക്കുന്നത്. പഠിക്കുന്നതിനേയും പഠിപ്പിക്കുന്നതിനേയും അത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ബുദ്ധിയുള്ളവരോടും പണ്ഡിതരോടും അറിവ് ആര്‍ജിക്കാനായി ആഹ്വാനം ചെയ്യുന്നു. അന്ധമായ കാഴ്ച്ചപ്പാടുകളെയും അജ്ഞതയേയും വിലക്കുന്നതോടൊപ്പം തന്നെ പ്രഥമ ഖുര്‍ആന്‍ സൂക്തത്തിലൂടെ തന്നെ അറിവിനെയും വായനയെയും വാഴ്ത്തുകയും ചെയ്തിരിക്കുന്നു.

അന്ധമായ ദൈവഭക്തി പ്രകടനങ്ങള്‍, നീ ഒന്നും അറിയാത്തവനാണ്, ഞാന്‍ ചെയ്യുന്നത് കണ്ണടച്ച് നീ പിന്തുടരുക. ഈ മൂന്നു സമീപനത്തേയും ഇസ്‌ലാം നിരാകരിക്കുന്നു. കേവല വിശ്വാസത്തിനപ്പുറത്ത് ഇസ് ലാം മനസ്സിലെ ഉറച്ച ഒരു അംഗീകാരമാണെന്ന് പണ്ഡിതന്മാര്‍ ആഭിപ്രായപ്പെട്ടിരിക്കുന്നു. ദൈവത്തിന് പങ്കാളിയാക്കുന്നവരെ കുറിച്ച് വിശുദ്ധവേദമായ ഖുര്‍്ആനിന്റെ നിരൂപണം ശ്രദ്ദേയമാണ്. നിങ്ങളുടെ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ വാദത്തിന് തെളിവ് കൊണ്ടുവരുവാന്‍് അത് ആവശ്യപ്പെടുന്നു. അപ്രകാരം തന്നെ അവരുടെ വ്യവഹാരങ്ങളെ കുറിച്ച് അവരില്‍ അധികപേരും വസ്തുതകളെയല്ല, ഊഹങ്ങളെ പിന്‍പറ്റുകയാണെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

മധ്യനൂറ്റാണ്ടിലെ അറബ് ചരിത്രം പൊതുവായി ചര്‍ച്ച ചെയ്ത വിഷയം വഹ്‌യ് (ദൈവിക ബോധനം) ബുദ്ധിക്ക് എതിരാണ്, ആര്‍ജിത അറിവുകള്‍ മതത്തിന് എതിരാണ്, ചിന്തകള്‍ വിശ്വാസത്തിന് എതിരാണ്, എന്നൊക്കെയായിരുന്നു. എന്നാല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തിന് വഹ്‌യും ബുദ്ധിയും, ഏക ദൈവ അസ്ഥിത്വത്തിന് അനുപൂരകങ്ങളായ തെളിവുകളാണ്. എല്ലാ അറിവുകളും വഹ്‌യിനുള്ള കൃത്യമായ തെളിവുകളത്രെ. വിശുദ്ധവേദമായ ഖുര്‍ആന്‍ അവതീര്‍ണമായിട്ട് 14 നൂറ്റാണ്ടുകളായി. ഖുര്‍ആനിലൂടെ തന്നെ നിരവധി വിജ്ഞാന ശാഖകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആധുനിക കണ്ടുപിടുത്തങ്ങള്‍ ഖുര്‍ആനിലെ ഒരു സൂക്തത്തിന് പോലും എതിരല്ല എന്നതാണ് വസ്തുത. അതുതന്നെയാണ് ആ ഗ്രന്ഥം ദൈവികമാണെന്നതിനുള്ള തെളിവും.

സാങ്കേതിക ഭാഷയില്‍ ഖുര്‍ആന്‍ എന്നത് വിജ്ഞാന സമ്പാദത്തിനുള്ള ഒരു പുസ്തകമോ ഏടുകളോ മാത്രമല്ല. എന്നാല്‍ അത് ഇറക്കപ്പെട്ട കാലത്തിനോ, അതിന് ശേഷമുള്ള നൂറ്റാണ്ടുകള്‍ക്കോ അനുയോജ്യമായ അനേകം അറിവുകളിലേക്കുള്ള ചൂണ്ടുപലകയാണത് എന്നതില്‍ തര്‍ക്കമില്ല. ഖുര്‍ആനിലെ അത്ഭുതങ്ങള്‍ പുതിയകാലത്തെ കണ്ടുപിടുത്തങ്ങള്‍ എന്ന് പുനര്‍ നാമകരണം ചെയ്ത ഒട്ടനേകം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതിലധികവും അന്ധവിശ്വാസത്തെ നിഷേധിച്ചുള്ള വൈജ്ഞാനിക ചര്‍ച്ചകളാണ്. കേവല വിശ്വാസവും, ഊഹങ്ങളെ പിന്തുടരുന്നതും, അന്ധമായ അനുകരണവും, ബധിരമായ ഇടപാടുകളും തള്ളുവാനും, ബുദ്ധിപരവും തെളിവിന്റെ അടിസ്ഥാനത്തിലുമുള്ള വിശ്വാസം ആര്‍ജ്ജിക്കാനുമാണ് ആവശ്യപ്പെടുന്നത്. ബൗദ്ധികവും അനുഭവഭേദ്യവുമായതാണ് യഥാര്‍ത്ഥ ഈമാന്‍ എന്ന് ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു.

ബുദ്ധിയും ചിന്തയും ദൈവിക അനുഗ്രഹങ്ങളാണ്. ചരിത്രത്തിന്റെ പിന്‍ബലത്തില്‍ പ്രപഞ്ചത്തിലേക്കുള്ള നോട്ടം മതവിരുദ്ധമാകുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നുമില്ല. മറിച്ച് ഖുര്‍ആനിന്റെ ആജ്ഞ തന്നെ ദൈവസതിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താനുള്ളതാണ്. അറിവുള്ളവനും ഇല്ലാത്തവനും തുല്യമാണോ? എ്ന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്.

അറിവ് ദൈവഭക്തിക്കുള്ള മാനദണ്ഡമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. അറിവ് ആര്‍ജ്ജിച്ചവര്‍ മാത്രമാണ് തഖ്‌വ ഉള്ളവര്‍. ഖുര്‍ആനിന്റെ ഭാഷയില്‍ പണ്ഡിതന്‍ എന്നത് മണ്ണിനെയും മനുഷ്യനെയും ജീവജാലങ്ങളേയും ആകാശത്തെയും ചെടിയേയും സസ്യലതാദികളേയും അറിയുന്നവനാണ്. പ്രപഞ്ചത്തെ കുറിച്ച് വിശ്വാസി അജ്ഞന്‍ ആയിരിക്കില്ല. അവയിലൂടെ ഏക ദൈവത്തെ മനുഷ്യന് കാണാന്‍ സാധിക്കുന്നു. അവന്റെ കാരുണ്യത്തെയും വിശാലതയെയും അറിയുന്നു.

പ്രവാചകന്മാരുടേയും സച്ചരിതരുടേയും ചരിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിവിന്റെ സ്ഥാനം മനസ്സിലാക്കാവുന്നതാണ്. ദൈവത്തിന്റെ പ്രാതിനിധ്യം ഭുമിയില്‍ നിര്‍വ്വഹിക്കുന്നതില്‍ അവരുടെ അറിവുകള്‍ പ്രധാനമായിരുന്നു. പ്രവാചന്‍ ആദമിന്റെ മുമ്പില്‍ മലാഖമാര്‍ സാഷ്ടാഗം ചെയ്യുവാന്‍ അല്ലാഹു കല്‍പ്പിച്ചത് അറിവിനെ മാനദണ്ഡമാക്കിയായിരുന്നു. പ്രവാചകന്‍ യൂസുഫിനെ ഈജിപ്ത്തിന്റെ കൈകാര്യകര്‍ത്താവാക്കിയതും, ബല്‍ക്കീസിന്റെ അഹന്തക്ക് മുമ്പില്‍ സുലൈമാന്‍ നബി ആദരിക്കപ്പെട്ടതും അറിവിലൂടെയായിരുന്നു എന്നത് ചരിത്രം.

വിവ. ജസീല്‍ വി.പി പേരാമ്പ്ര

ക്രൈസ്തവ വനിതയോടൊപ്പം നിന്ന നീതി

ക്രൈസ്തവ വനിതയോടൊപ്പം നിന്ന നീതി
justice
ഈജിപ്തില്‍ സത്യവിശ്വാസികളുടെ എണ്ണം അനുദിനം പെരുകിവന്ന കാലമാണത്. സമാധാനത്തിന്റെയും ലോകസാഹോദര്യത്തിന്റെയും മനുഷ്യമോചനത്തിന്റെതന്നെയും ദൈവശാസ്ത്രമായി ഇസ് ലാം കീര്‍ത്തി നേടിവരികയാണെന്ന യാഥാര്‍ത്ഥ്യം ഖലീഫാ ഉമറെ (റ) ചാരിതാര്‍ത്ഥ്യനാക്കി.
ഇസ് ലാമിന്റെ പ്രാദുര്‍ഭാവകാലത്ത് ഈജിപ്തില്‍ പണിത പ്രാര്‍ത്ഥനാലയം പുതിയ സാഹചര്യത്തില്‍ പരിമിത സൗകര്യം മാത്രമുള്ള ഒന്നായിത്തീര്‍ന്നു. വിശ്വാസികളുടെ എണ്ണക്കൂടുതലിനോടൊപ്പം പ്രാര്‍ത്ഥനാലയം വിപുലപ്പെടുത്തേണ്ടതാണെന്ന ബോധ്യം പലര്‍ക്കുമുണ്ടായി.
അക്കാലത്തൊരിക്കല്‍ ഈജിപ്തിലെ ഗവര്‍ണ്ണര്‍ പള്ളി സന്ദര്‍ശിച്ചു.ഒട്ടും വൈകാതെ പള്ളി വിപുലപ്പെടുത്തി പുനര്‍നിര്‍മ്മിക്കണമെന്ന തീരുമാനമുണ്ടായി. പള്ളിയുടെ വിപുലീകരണത്തിനായുപയോഗിക്കാന്‍ പള്ളിക്കടുത്ത് സര്‍ക്കാര്‍ വക സ്ഥലമുണ്ടായിരുന്നില്ല. പള്ളിപ്പരിസരത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലം അക്വയര്‍ ചെയ്തുകൊണ്ടുമാത്രമേ പള്ളിവികസനം സാധിക്കൂ എന്നുവന്നു. അതിനുള്ള ശ്രമങ്ങളാരംഭിച്ചു.

പള്ളിക്ക് തൊട്ടടുത്ത സ്ഥലം ഒരു ക്രിസ്തീയവനിതയുടേതാണ്. സ്ഥലം വിട്ടുകൊടുക്കാനാവശ്യപ്പെട്ടുകൊണ്ട് ഉത്തരവാദപ്പെട്ടവര്‍ അവരെ സമീപിച്ചപ്പോള്‍ ക്രിസ്തീയ വനിത സ്വത്ത് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് മനസ്സിലായി. സര്‍ക്കാറിന്റെ ഉന്നതോദ്യോഗസ്ഥന്‍മാര്‍ അവരെ സമീപിച്ച് ശ്രമങ്ങള്‍ തുടര്‍ന്നു.
‘പള്ളിവികസനത്തിന് മറ്റു വഴികളൊന്നും കാണുന്നില്ല.നിങ്ങളുടെ സ്വത്തിന് നഷ്ടപരിഹാരമായി പൊന്നുംവില നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഈ വസതിക്ക് പകരമായി ഒന്നാംതരമൊരു കെട്ടിടം നിര്‍മ്മിച്ചുതരാനും സര്‍ക്കാര്‍ സന്നദ്ധമാണ്.’
ക്രിസ്തീയ വനിത ഒരു ഉപാധിക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഒരു നാള്‍ ഈജിപ്തിലെ ഗവര്‍ണ്ണരുടെ പ്രതിപുരുഷന്‍തന്നെ ആ വസതിയിലെത്തി ഗവര്‍ണ്ണരുടെ അഭ്യര്‍ത്ഥന അറിയിച്ചു. സര്‍ക്കാര്‍ ആവശ്യത്തിന് ഏത് സ്ഥലവും വിലകൊടുത്തെടുക്കുവാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ ആ നിയമം ഇവിടെ പ്രയോഗിക്കാത്തത് മറ്റൊരു മതവിശ്വാസിയുടെ വസ്തുവഹകളായതിനാല്‍ ആകാവുന്നതും അനുരഞ്ജനത്തിന്റെ മാര്‍ഗമവലംബിക്കാവുന്നതാണ് ഉചിതമെന്ന് കരുതിയതുകൊണ്ടാണെന്നും അദ്ദേഹം ഗൃഹനാഥയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും വൃഥാവൃത്തികളായി പരിണമിച്ചു.
മറ്റുമാര്‍ഗങ്ങളില്ലെന്നുവന്നപ്പോള്‍ സര്‍ക്കാര്‍തന്നെ മുന്‍കയ്യെടുത്ത് ഭൂമിയളന്ന് വിലനിശ്ചയിച്ച് സംഖ്യയത്രയും, സ്ത്രീ എപ്പോള്‍ ആഗ്രഹിക്കുന്നുവോ അപ്പോള്‍ അനായാസം കൈമാറാവുന്ന രീതിയിലും വ്യവസ്ഥയിലും നിക്ഷേപിച്ചു. മറ്റൊരു മാളിക നിര്‍മ്മിച്ച് സ്ത്രീയെ അതിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആ വീട് പൊളിച്ച് പള്ളിപ്പണിയാരംഭിച്ചു. ഈജിപ്ത് നഗരത്തിലെ വിശാലമായ ആ മുസ് ലിംപള്ളിയുടെ പണി പൂര്‍ത്തിയായി. പ്രാര്‍ത്ഥനാലയം വിശ്വാസികള്‍ ഉപയോഗപ്പെടുത്തിപ്പോന്നു.
ഒരു ദിവസം ക്രിസ്തീയവനിതയുടെ ഒരടുത്ത ബന്ധു അവരുടെ വസതിയില്‍ ഒരു വിരുന്നുകാരനായി വന്നു. ദുഃഖിതയും വിവശയുമായിക്കഴിയുന്ന വീട്ടുകാരിയെ കണ്ടപ്പോള്‍ ആഗതന്‍ കാരണമന്വേഷിച്ചു. അവര്‍ ഇടറുന്ന കണ്ഠത്തോടെ ഇങ്ങനെ പറഞ്ഞു:
‘ഇവിടെ മാറിത്താമസിക്കാന്‍ തുടങ്ങിയതു മുതല്‍ എന്റെ സ്വസ്ഥത കെട്ടു. പിന്നെയിന്നോളം ഞാന്‍ നന്നായൊന്ന് ഉറങ്ങിയിട്ടില്ല. എന്താണ്, എന്തുകൊണ്ടാണ് എന്നൊന്നും പറയാന്‍ കഴിയാത്ത ഒരു പേടി എന്നെ വലയം ചെയ്തുനില്ക്കുന്നപോലെ തോന്നുന്നു. ഇങ്ങനെയൊന്നും ഒരിക്കലും മുമ്പ് തോന്നിയിട്ടില്ല. എന്റെ വീട്ടുവളപ്പിലാണ് എന്റെ അച്ഛനും ഭര്‍ത്താവും മകനും അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെയായിരുന്നപ്പോള്‍ രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഇവരെല്ലാം എന്റെ മുന്നില്‍നിന്ന് മന്ദഹസിച്ച് കടാക്ഷംചൊരിയും പോലെ എനിക്ക് തോന്നാറുണ്ട്. അപ്പോഴെല്ലാം എന്റെ മനസ്സില്‍ വല്ലാത്തൊരു രക്ഷാബോധം വഴിഞ്ഞുനില്ക്കുമ്പോലെ തോന്നും. സകലം മറന്നുറങ്ങാന്‍ അന്നെനിക്ക് കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ എനിക്കുമേലെ രക്ഷാഹസ്തങ്ങളില്ലാത്തതുപോലെ, ആപല്‍ശങ്ക പത്തിചീറ്റിയാടും പോലെ….’
അവരുടെ കണ്ഠമിടറി. അവര്‍ക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. വിരുന്നുകാരന് അവരുടെ മാനസികാവസ്ഥ മനസ്സിലായി.അദ്ദേഹം ഇങ്ങനെ പറഞ്ഞു:
‘സഹോദരീ, ഒരു കാര്യം ചെയ്യൂ. ഖലീഫാ ഉമര്‍ മഹാമനസ്‌കനാണെന്നാണ് കേള്‍വി. നമുക്കൊരു ദിവസം അദ്ദേഹത്തെ നേരില്‍ചെന്ന് കാണാം. നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലായാല്‍ അദ്ദേഹം അതിന് പരിശാന്തി കാണുമെന്നാണ് എന്റെ വിശ്വാസം
അടുത്ത ദിവസം തന്നെ അവരിരുവരും ഖലീഫയെ സന്ദര്‍ശിക്കാന്‍ യാത്ര പുറപ്പെട്ടു. ഖലീഫയുടെ ഭരണാലയത്തിലെത്തിയപ്പോള്‍ അവര്‍ക്ക് വിസമയം തോന്നി ഏതു പരാതിക്കാരനും അവിടെയെത്തി, നിര്‍ഭാതം തന്റെ സങ്കടങ്ങള്‍ അറിയിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടവിടെ. പരാതികളും പരിദേവനങ്ങളുമെല്ലാം ഖലീഫ ചെവികൊടുത്തു കേള്‍ക്കും. ആരെന്നോ, ആരെക്കുറിച്ചെന്നോ ഉള്ള ബേധമനസ്സൊന്നും അവിടെയില്ല. നിരപരാധിത്വം ശിക്ഷിക്കപ്പെടുകയോ അപരോധികളാരെങ്കിലും രക്ഷപ്പെടുകയോ ചെയ്യുന്ന ദുരനുഭവം അവിടെയില്ല. അവിടത്തെ കുളിര്‍ക്കാറ്റ് തനിക്കും ആശ്വാസമായിരിക്കുമെന്ന് ക്രിസ്തീയ വനിത ആശിച്ചു.
തന്നെ അലട്ടുന്ന പ്രശ്‌നം അവര്‍ ഖലീഫ ഉമറിന്റെ മുന്നില്‍ സമര്‍പ്പിച്ചു. എല്ലാം താല്‍പര്യപൂര്‍വ്വം കേട്ട ഖലീഫ ഈജിപ്തിലെ ഗവര്‍ണറെ ആളെ അയച്ചുവരുത്തി. ഭരണപരമായ മറ്റേതോ കാര്യം ചര്‍ച്ചചെയ്യാന്‍ ഗവര്‍ണര്‍ അന്നവിടെ വന്നിട്ടുണ്ടായിരുന്നു. അത് ദൈവാനുകൂലമാണെന്ന് ക്രിസ്തീയ വനിതക്ക് തോന്നി.
ഗവര്‍ണറില്‍ നിന്ന് വിശദീകരണം കേട്ടപ്പോള്‍ ക്രിസ്തീയ വനിതയുടെ നിവേദനം തികച്ചും സത്യശുദ്ധമാണെന്ന് ഖലീഫക്ക് ബോധ്യമായി. പുനര്‍ നിര്‍മിച്ച പള്ളിയില്‍ വിശ്വാസികള്‍ ഒത്തുചേരാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും തുടങ്ങിക്കഴിഞ്ഞു എന്നുകൂടി ഗവര്‍ണര്‍ അറിയിച്ചിരുന്നു.
എല്ലാം കേട്ടപ്പോള്‍ ഖലീഫ കുറച്ച് നേരം കണ്ണുമടച്ച് നിശബ്ദനായിരുന്നു. അല്ലാഹുവിന്റെ പ്രകാശപ്പൊലിമയില്‍, തിരുദൂതന്‍ തെളിച്ചുകാട്ടിയ സത്യവിശ്വാസത്തിന്റെ നിഷ്പക്ഷതയിലും നീതിനിഷ്ഠയിലും ഊന്നിക്കൊണ്ട് ഖലീഫ പ്രശ്‌നവിശകലനവും വിധികല്‍പ്പനയും സാധിക്കുകയായിരുന്നു. അര്‍ത്ഥപൂര്‍ണമായ സാന്ദ്രനിശബ്ദ്തയുടെ ദിവ്യനിമിഷങ്ങളായിരുന്നു അവ.
ഖലീഫ കണ്ണുതുറന്ന് മുഖമുയര്‍ത്തി പരാതിക്കാരിയെയും തന്റെ സഹചാരികളെയും നോക്കി ഇങ്ങനെ പറഞ്ഞു, വളച്ചുകെട്ടില്ലാതെ, ദൃഢസ്വരത്തില്‍: ‘ പള്ളിപ്പൊളിച്ച് അവിടെ പരാതിക്കാരിയെ പുനരധിവസിപ്പിക്കണം. ഒരാളുടെ മനസ്സ് നോവിച്ച സ്ഥലത്ത് അല്ലാഹു പ്രാര്‍ത്ഥനാലയം ഇഷ്ടപ്പെടുന്നില്ല.’
ഇസ് ലാമിന്റെ നീതിബോധം അവിശ്വസനീയമായ ഒരു പ്രഹേളികപോലെ ആ ക്രിസ്തീയ വനിതയുടെ മനസ്സില്‍ കതിര്‍വട്ടം ചൊരിഞ്ഞ് ജ്വലിച്ചുനിന്നു.

ആദ്യ പാപത്തിന് ഉത്തരവാദി

ദൈവം അവന്റെ ഭൂമിയിലെ പ്രതിനിധിയായാണ് മനുഷ്യനെ അയച്ചത്. ‘ നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.’ (അല്‍ ബഖറ: 30) പക്ഷേ,അതിനെ മാലാഖമാര്‍ ആശങ്കയോടെയാണ് വീക്ഷിച്ചത്. കാരണം അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യന് എല്ലാറ്റിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനാല്‍ അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവന്റെ നിയമങ്ങളനുസരിച്ച് പ്രതിനിധിയായി ജീവിച്ച് ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാം. അല്ലെങ്കില്‍ അവനെ ധിക്കരിച്ചുകൊണ്ട് ഭൂമിയിലെ വിഭവങ്ങള്‍ തോന്നിയ മട്ടില്‍ ആസ്വദിക്കാനായി നിയമങ്ങള്‍ ലംഗിച്ച് ജീവിക്കാം. ഇവ്വിധം സ്വാതന്ത്ര്യം കിട്ടിയാല്‍ ഭൂമിയില്‍ ഒരുപാട് അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന് സ്വാഭാവികമായി അവര്‍ക്ക് തോന്നി. ‘
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചീന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്.’ (അല്‍ ബഖറ: 30) എന്ന് ചോദിച്ചുകൊണ്ട് അവരത് പ്രകടിപ്പിക്കുകയും ചെയ്തു. അതുപക്ഷേ, മനുഷ്യരില്‍ പാപത്തിന്റെ ഒരു വിത്ത് അടക്കം ചെയ്യപ്പെട്ടതിനാലാണെന്ന് കരുതാന്‍ ന്യായമില്ല. കാരണം, മനുഷ്യ സൃഷ്ടിപ്പിനെപ്പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.’ അല്ലാഹു ആദമിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് ഉണ്ടാകുക എന്ന് കല്‍പ്പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു.’ (ആലുഇംറാന്‍: 59) ‘ താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യ സൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍ നിന്നാണ്.’ (അസ്സജദ: 7)
ദൈവിക റൂഹും ശുദ്ധ പ്രകൃതിയും ഉന്നതവും ഉദാത്തവുമായ കര്‍മങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. രണ്ടാമത് പരാമര്‍ശിച്ച കളിമണ്ണ് എന്ന് പറയുന്നത് മനുഷ്യനെ അനിയന്ത്രിതമായ ഭൗതിക കാമനകള്‍ കൊതിച്ചുകൊണ്ട് അധമ തലങ്ങളിലേക്ക് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുന്നു. കളിമണ്ണിന്റെ സ്വാധീനത്തില്‍ നിന്ന് അവനെ മോചിപ്പിച്ചെടുക്കാനാണ് ശുദ്ധ പ്രകൃതി(ഫിത്‌റഃ), ഖുര്‍ആന്‍, സുന്നത്ത് ഇവയൊക്കെ നല്‍കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ, പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങള്‍ ദൈവാസ്തിക്യത്തെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും.’ രാപ്പകലുകള്‍ മാറിമാറിവരുന്നതിലും ആകാശ ഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച മറ്റെല്ലാറ്റിലും, ശ്രദ്ധപുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്. നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹിക ജീവിതം കൊണ്ട് തൃപ്തി അടഞ്ഞവര്‍. അതില്‍ തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍ അവരുടെയൊക്കെ താവളം നരകമാണ്’ (യൂനുസ്: 7,8)
ഭൂമിയിലേക്ക് ആദമിനെയും ഹവ്വയെയും പ്രതിനിധികളായി തെരഞ്ഞെടുത്തെന്ന സംഗതി അവരെ അറിയിച്ച ശേഷം സ്വര്‍ഗസമാനമായ തോട്ടത്തില്‍ അവരെ പാര്‍പ്പിച്ചു. എന്നിട്ട് അവരോട് പറഞ്ഞു: ‘ ഈ തോട്ടത്തില്‍ നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക, പക്ഷേ ഈ വൃക്ഷത്തോട് അടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും. എന്നാല്‍ പിശാച് അവരിരുവരെയും അതില്‍ നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്ന് പുറത്താക്കി. അപ്പോള്‍ നാം കല്‍പ്പിച്ചു ‘ഇവിടെനിന്ന് ഇറങ്ങിപ്പോവുക നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും’. അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി അല്ലാഹു അദ്ദേഹത്തിന് പാപമോചനം ഏകി. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍. നാം കല്‍പ്പിച്ചു:’ എല്ലാവരും ഇവിടെനിന്ന് ഇറങ്ങിപ്പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും; ദുഖമില്ലാത്തവരും. എന്നാല്‍ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും ചെയ്യുന്നവരാരോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും’ (അല്‍ ബഖറ: 35-39). ആദ്യ പാപം ചെയ്തത് ഹവ്വയാണെന്ന് ഖുര്‍ആനിലില്ല. എന്നല്ല രണ്ടുപേരും തുല്യ ഉത്തരവാദിയാണെന്നാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു; ‘ അവന്‍ (പിശാച്) അവരോട് ആണയിട്ടു പറഞ്ഞു: ‘ ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.’ അങ്ങനെ അവന്‍ അവരിരുവരെയും വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരത്തിന്റെ രുചി ആസ്വദിച്ചു.’ (അഅ്‌റാഫ്: 21,22) ‘ അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍ കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി. പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.'(ത്വാഹാ: 121,122)
ദൈവ കല്പന ലംഘിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കായിരുന്നുവെന്നും. അതിന്റെ പരിണതി എന്തെന്നും ഖുര്‍ആന്‍ വശദീകരിച്ചത് നാം കണ്ടു. അതുപ്രകാരം ആദമിന്റെയും ഹവ്വയുടെയും പാപം പൊറുക്കപ്പെടുകയും തുടര്‍ന്ന് ദൈവത്തെ അനുസരിച്ച് അവര്‍ ജീവിക്കുകയും ചെയ്തു.images (2)