Category Archives: നാം തിരിച്ചറിയേണ്ടത്

ജാതിവ്യവസ്ഥ

സിനിമാ നടനും ബി.ജെ.പിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പുനര്‍ ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടത്തിയ പ്രസ്താവനയും അടുത്ത ജന്മത്തില്‍ പട്ടിയായി ജനിച്ചാല്‍ മതിയെന്ന പാലക്കാട്ടുകാരനായ ദലിത് പൂജാരി ബിജു നാരായണന്റെ പ്രസ്ഥാവനയും ജാതിയെ കുറിച്ചുള്ള ചില ചോദ്യങ്ങളിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടു പോവുന്നു. വേദങ്ങള്‍ പഠിച്ച് അമ്പലത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ തന്ത്രിയാവണമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹം തീര്‍ച്ചയായും നല്ലതും സദുദ്ദേശ്യപരവുമാണെന്ന് നമുക്ക് വിശ്വസിക്കാം. കാരണം ആത്മീയമായ കര്‍മങ്ങള്‍ ചെയ്യുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും ഒരു മനുഷ്യന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റായ ഒരു സംഗതിയല്ല. മറിച്ച് ഏറെ നന്മയുള്ളതും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആത്മീയമായ ഉല്‍കര്‍ഷ ലഭിക്കുന്നതുമാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലാതായി തീരുന്നത് അതിലടങ്ങിയ സവര്‍ണാധിപത്യ ബോധവും ജാതീയതയെ അരക്കിട്ടുറപ്പിക്കുവാനുമുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ഒരു ശ്രമം അടങ്ങിയതിനാലാണ്. തൊട്ടപ്പുറത്ത് ബിജു നാരായണന്‍ എന്ന ദലിതന്‍ വേദം പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പേരില്‍, താന്ത്രിക വിദ്യകരസ്ഥമാക്കി അമ്പലത്തില്‍ ശാന്തിക്കാരനായതിന്റെ പേരില്‍ വെട്ടി പെരിക്കേല്‍പിക്കപ്പെട്ട് മാരകമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭയത്തിന്റെ പാതാളത്തിലേക്ക് വീണ ആ മനുഷ്യന്‍ ആക്രമികളെ പറഞ്ഞ് കൊടുക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ്. ഇനിയൊരു ജന്മമുണ്ടെങ്കിലൊരിക്കലും ദലിതനായി ജനിക്കരുത് പകരം പട്ടിയായി ജനിക്കണം കാരണം ദലിതനേക്കാള്‍ പരിഗണന പട്ടിക്ക് സമൂഹം നല്‍കുന്നുണ്ട് എന്ന് ബിജു നാരായണന്‍ എന്ന ദളിത് ശാന്തിക്കാരന് വിലപിക്കേണ്ടി വരുന്നു. അത്രമാത്രം കെട്ട ഒരു ജാതി ബോധത്തില്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്ഥിതിയില്‍ നിന്ന് കൊണ്ട് സുരേഷ് ഗോപി നടത്തുന്ന പ്രസ്ഥാവനയുടെ അന്തക്കേട് എത്ര വലുതാണ്. മാത്രമല്ല പട്ടിയേക്കാള്‍ തരം താണ ജീവിയായി മനുഷ്യരിലെ ഒരു വിഭാഗത്തെ കാണാന്‍ മാത്രം ജാതീയത പഠിപ്പിക്കുന്നുവെങ്കില്‍ ആ ജാതീയത നിലനില്‍ക്കണമെന്നാണൊ സുരേഷ് ഗോപി ആഗ്രഹിക്കുന്നത്.

ചരിത്രത്തില്‍ കടന്ന് പോയ മഹാരഥന്‍മാര്‍ കേരളീയ നവോത്ഥാനത്തിന്റെ മുമ്പേ നടന്നവര്‍ അഥവാ ശ്രീ നാരായണ ഗുരുവും വി.ടി ഭട്ടതിരിപ്പാടും അടങ്ങിയ മഹാ മനീഷികള്‍ ഏത് ജാതി വ്യവസ്ഥക്കെതിരെയാണൊ പോരാടിയത് ആ ജാതി വ്യവസ്ഥ തുടരണം എന്ന ആഗ്രഹം വെച്ച് പുലര്‍ത്താന്‍ മാത്രം ഇടുങ്ങിയ ഒരു മനസ്സിന്റെ ഉടമയായി ഈ സിനിമാ നടന്‍ മാറരുതായിരുന്നു. മാനവിക വിരുദ്ധമായ ഒരാശയത്തെ അഥവാ ജാതീയമായ കാഴ്ചപ്പാടുകളെ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് എറിഞ്ഞ് ഉയര്‍ന്ന സാംസ്‌കാരിക ബോധം പുലര്‍ത്തുന്ന മനുഷ്യനിലേക്ക് വികസിക്കുന്നതിന് പകരം തീര്‍ത്തും പ്രതിലോമപരവും അമാനവികവുമായ ഒരു ആശയത്തില്‍ ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ മാനസിക നിലവാരം അദ്ദേഹം ഇപ്പോള്‍ എത്തിപ്പെട്ട കൂടാരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ആശയ പ്രകാശനത്തിനനുസൃതമാണ്. ശ്രീ നാരായണ ഗുരുവിന്റെ ജയന്തി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മനുഷ്യരായ മുഴുവന്‍ മനുഷ്യരും ജാതി വിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ്. അങ്ങിനെ ചരിത്രത്തില്‍ അപമാനിക്കപ്പെട്ട മനുഷ്യന് വേണ്ടി നാരായണ ഗുരു നടത്തിയ ഐതിഹാസിക ജാതി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പിന്‍തുടര്‍ച്ച സംഭവിക്കുന്നതിന് പകരം മനുഷ്യനെ വിഭജനത്തിന്റെ മതില്‍ കെട്ടുകളില്‍ ഒതുക്കിയിടുന്ന ജാതി ബോധത്തെ വാരിപ്പുണരുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു പ്രവൃത്തിയാണ്.

മനുഷ്യനെ നഗ്‌നമായ വിഭജനത്തിന് വിധേയമാക്കുന്ന ഒരു തത്വസംഹിതയാണ് ജാതീയത. ജാതീയതയും വിഭാഗീയതയും ചരിത്രത്തില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് തന്നെ ഈ ജീര്‍ണതയെ തച്ചുടക്കാന്‍ ചരിത്രത്തില്‍ ഇടപെട്ട മഹാരഥന്മാരെ ഇകഴ്ത്തുന്നതായി തീരുകയാണ് പുനര്‍ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന പ്രസ്താവനയിലൂടെ സംഭവിക്കുന്നത്. പന്തിഭോജനത്തിലൂടെ ജാതിരഹിത ജീവിതത്തിന്റെ മാനിഫെസ്റ്റോയുടെ പ്രകാശനമായിരുന്നു നാരായണ ഗുരു നടത്തിയത്. മാത്രമല്ല അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ കേവലം ദൈവശാസ്ത്ര പരമായ ഒരു പ്രവൃത്തി ആയിരുന്നില്ല, മറിച്ച് ഒരു അധികാര കേന്ദ്രത്തെ തുടച്ചു നീക്കലായിരുന്നു. ഈയര്‍ഥത്തില്‍ കൂടുതല്‍ പുരോഗമിച്ച മനുഷ്യനെ വിഭാവന ചെയ്ത ഗുരുവിന്റെ ദര്‍ശനത്തെ ഏറ്റെടുക്കുന്നതിന് പകരം മനുഷ്യത്വ വിരുദ്ധമായ ഒരു പിന്തിരിപ്പന്‍ ദര്‍ശനത്തെ ആഗ്രഹിക്കുന്നത് മനുഷ്യത്വത്തിലും ഉയര്‍ന്ന മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് യോജിച്ചതല്ല.

യഥാര്‍ത്ഥ മതമൂല്യങ്ങളെ തള്ളിക്കളയുകയും വംശീയതയെ മൂല്യ ദര്‍ശനമായി ഉയര്‍ത്തി കൊണ്ട് വരികയും ചെയ്യുന്ന ഒരു ആശയമാണ് ജാതീയത. ജാതിക്കതീതമായി മനുഷ്യരെ കാണാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ നന്മയുള്ളവനാകുന്നത്. ഭൂതകാല യാഥാസ്ഥിതികത്തിലേക്കുള്ള തിരിച്ച് പോക്കിന്റെ യുക്തിയെ ചോദ്യം ചെയത് മനുഷ്യനെ വിഭജിക്കുന്ന കാടത്തത്തിനെതിരെ ഉയരേണ്ടത് മാനവികമായ ആശയമാണ്. ഒരു വലിയ കാര്യം താന്‍ പറഞ്ഞു എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്ഥാവനയിലൂടെ സത്യത്തില്‍ സംഭവിക്കുന്നത് ഭൂതകാല യാഥാസ്ഥിതികത്വത്തിന്റെ മിഥ്യാബോധത്തെ പേറുകയാണ്. ജാതി ഒളിവിലാണെന്നും അത് അപ്രത്യക്ഷമായി എന്നും നമുക്ക് വിശ്വസിക്കാന്‍ പാകത്തിലുള്ള ഒരു സാമൂഹിക ക്രമം സ്വപ്നം കാണുന്നതിന് പകരം ജാതി ബോധത്തിന്റെ സങ്കുചിതത്വത്തിലേക്ക് വഴുതി വീഴുന്നത് അത്യന്തം അപകടകരമാണ്. അത് നാം വളര്‍ത്തിയെടുത്ത ജാതിരഹിതമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പത്തിനെതിരാണ്. ജാതി അപ്രസക്തമാവുന്ന, എല്ലാ മനുഷ്യരെയും ഒരു പോലെ കാണുന്ന ഒരു ലോകത്തിലേക്കുള്ള പ്രയാണമാണ് നാം വിഭാവന ചെയ്യേണ്ടത്. കണ്ണാടി പ്രതിഷ്ഠയിലൂടെ പൗരോഹിത്യത്തെ ഒഴിവാക്കിയ ശ്രീ നാരായണ ഗുരു ആരാധന സമ്പ്രദായത്തെ ലളിതവല്‍കരിക്കുകയാണ് ചെയതത്.

ഫ്യൂഡല്‍ സമ്പ്രദായത്തിലെ മൂല്യവ്യവസ്ഥകളെ താങ്ങി നിര്‍ത്തുന്ന പ്രസ്ഥാവനകള്‍ ഉപേക്ഷിച്ച് അതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പുതിയൊരു ആശയമായിരുന്നു സുരേഷ് ഗോപി മൂന്നാട്ട് വച്ചതെങ്കില്‍ മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ലോകത്തിലേക്ക് അത് വികസിക്കുമായിരുന്നു. അബ്രാഹ്മണനായി ജനിച്ചവര്‍ക്ക് പൂജാതി കര്‍മങ്ങള്‍ ചെയ്യുവാന്‍ ഈ ജന്മത്തില്‍ സാഫല്യം കിട്ടാന്‍ പടപൊരുതുന്നതിന് പകരം അടുത്ത ജനത്തില്‍ പൗരോഹിത്യത്തിലെ കുത്തക ലോകത്തില്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്നത് എത്ര പിന്തിരിപ്പനും പ്രതിലോമപരമായ നിലപാടുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. പപ്പടം ഒന്നിച്ച് പൊടിച്ച് പുതിയൊരു പന്തിഭോജനം ഇനിയും ചരിത്രത്തില്‍ സൃഷ്ടിക്കേണ്ടവര്‍ യാഥാസ്ഥിക പൗരോഹിത്യം ഊട്ടി വളര്‍ത്തിയ അസ്പൃശ്യതയുടെ തത്വശാസ്ത്രം നെഞ്ചേറ്റുകയല്ല വേണ്ടത്. മനുഷ്യത്വത്തിന്റെ സൗന്ദര്യത്തെ ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നത് നിഷ്ടൂരമായ ജാതി സങ്കല്‍പത്തില്‍ നിന്ന് കുതറി മാറുമ്പോഴാണ് എന്ന ബോധ്യത്തിലേക്ക് എത്തിച്ചേരാന്‍ നാം ഇനിയും എത്ര വികസിക്കണം. ഇവിടെ ഒരാള്‍ അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കണമെന്ന് പറയുന്നത് ആ മനുഷ്യന്‍ എത്തിപ്പെട്ട നിസ്സഹായതയുടെ ആഴക്കടലില്‍ നിന്നുള്ള നിലവിളിയാണ്. ഈ നിലവിളി ഒരു വേള ഒരു വിമോചന ആശയമായി വികസിച്ച് എല്ലാ മനുഷ്യര്‍ക്കും തുല്ല്യതയോടെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകത്തിനുള്ള മുറവിളിയായി പരിണമിക്കാം. അപ്പുറത്ത് ബ്രാഹ്മണ ജന്മത്തെ ആഗ്രഹിക്കുന്നയാള്‍ ദൗതിക ലോകത്തിലെ സുഖാസ്വദനത്തിന്റെ മടുപ്പില്‍ നിന്ന് വിമുക്കി നേടി ആലസ്യ പൂര്‍ണമായ സവര്‍ണാധിപത്യ ലോകത്തേക്കുള്ള പ്രയാണത്തെ കാത്തിരിക്കുന്നു.

ഇസ്രായേല്‍ ചങ്ങാത്തം നമ്മെ ഇവിടെ എത്തിക്കും?

ഭീകരവാദം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തെ ചട്ടമ്പി രാഷ്ട്രമാണ് ഇസ്രായേല്‍. ബ്രിട്ടന്‍ അമേരിക്കന്‍ അച്ചുതണ്ട് യു.എന്നിനെ മറയാക്കി ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിച്ച പിറവി തന്നെ അനീതിയുടെ ജീര്‍ണതയില്‍ മുളച്ച പിതൃശൂന്യരാഷ്ട്രമാണ് ഇസ്രായേല്‍. മിഡിലീസ്റ്റിന്റെ ‘കറുത്ത സ്വര്‍ണം’ ഊറ്റിയെടുത്ത് കൊഴുക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മേഖലയില്‍ ഇങ്ങനെ ഒരു തെമ്മാടി രാജ്യം അനിവാര്യമായിരുന്നു.

പ്രസിദ്ധ ശാസ്ത്രജ്ഞനും ജൂതനും കൂടിയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഫ്രഞ്ച്കമ്യൂണിസ്റ്റ് ബുദ്ധിജീവിയായിരുന്ന റജാരോഡി, വിഖ്യാത സാഹിത്യ പ്രതിഭകളായ ഓര്‍ഹാന്‍ പാമുക്ക്, ഗുന്തര്‍ഗ്രാസ്, എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ എഡ്വേര്‍ഡ് സഈദ്, ആഗോള രംഗത്തെ അതികായരായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ജമാല്‍ അബ്ദുന്നാസിര്‍, മാര്‍ഷല്‍ ടീറ്റോ… ആരാണ് ഇസ്രായേലിനെയും അവരുടെ കൊടുംവംശീയതയെയും വര്‍ഗീയതയെയും തള്ളിപ്പറയാതിരുന്നിട്ടുള്ളത്?

പര്‍വ്വതീകരിക്കപ്പെടുന്ന ‘ഹോളോകോസ്റ്റ്’ പോലും അരങ്ങേറിയത് മുസ്‌ലിം രാഷ്ട്രങ്ങളിലായിരുന്നില്ല, യൂറോപ്പിലായിരുന്നു. (ഇസ്‌ലാമിക ഭരണവ്യവസ്ഥിതി നിലനിന്നിടങ്ങളിലെല്ലാം ജൂതന്യൂനപക്ഷങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെട്ടതായാണ് ചരിത്രം) പക്ഷെ എന്നിട്ടും യൂറോപ്പ് ജൂതന് ഭൂമി നല്‍കിയില്ല. ആ പാപഭാരവും മററുള്ളവരുടെ പിരടിയില്‍ വെച്ചുകെട്ടി.

ഫലസ്തീനില്‍ കടന്നു കയറി ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു. പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കി. അവരുടെ വീടും ഭൂമിയും സമ്പത്തും കവര്‍ന്നു. തീര്‍ന്നില്ല, ജോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളെ കൂടി അക്രമിച്ചു. അവരുടെ ഭൂമി കൂടി ഈ അധിനിവേശ രാഷ്ട്രം സ്വന്തത്തോട് കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം നോക്കുകുത്തിയായ യു.എന്‍ ആകപ്പാടെ ചെയ്തത് ഈ ആഗോള ചട്ടമ്പിയെ ‘താക്കീത് ‘ ചെയ്യുന്ന കുറേ പ്രമേയങ്ങള്‍ പാസാക്കലായിരുന്നു. പക്ഷെ അതൊന്നും തെല്ലും മുഖവിലക്കെടുക്കാതെ സയണിസ്റ്റ് ഭീകര രാഷ്ട്രം ചവറ്റുകൊട്ടയില്‍ എറിഞ്ഞു.

ദേര്‍യാസീന്‍, സബ്‌റ-ശത്തീല പോലുള്ള കൊടുംഭീകര കൂട്ടകുരുതികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ ഇസ്രായേലിനെ തുടക്കം മുതലേ നമ്മുടെ രാഷ്ട്രം അതിശക്തമായി എതിര്‍ത്തിരുന്നു. സ്വന്തം പാസ്‌പോര്‍ട്ടുകളില്‍ പോലും ഇസ്രായേലിനെ ബഹിഷ്‌കരിക്കല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു ഇന്ത്യ. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വരെ ഈ മൂല്യനിഷ്ഠമായ ഈ പാരമ്പര്യത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. പക്ഷെ തുടര്‍ന്നു വന്ന ചില ഭരണാധികാരികള്‍ ഒളിഞ്ഞും തെളിഞ്ഞും ജൂത ഭീകരരാഷ്ട്രത്തെചേര്‍ത്തു പിടിച്ചു. കഴിഞ്ഞ എന്‍.ഡി.യെ സര്‍ക്കാറാവട്ടെ നിരവധി കരാറുകളിലൂടെ ഇസ്രായേലിന് മാന്യത നല്‍കി. ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നു വരാന്‍ അവര്‍ക്ക് വാതില്‍ തുറന്നിട്ടു. മൊസാദ് എന്ന കൊടുംഭീകര ജൂത ചാരസംഘത്തിനു പോലും അഹിംസയുടെ സ്വന്തം നാട്ടില്‍ വിഹരിക്കാനായി. (യഥാര്‍ത്ഥത്തില്‍ മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ആ ക്രമണം, വിവിധ സ്‌ഫോടനങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയവയിലെല്ലാം ഇസ്രായേലിനുള്ള റോള്‍ ഇന്ന് പരസ്യമായ രഹസ്യമാണ്. അതെ കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഭാഷയില്‍ ലഭ്യമാണ്.)

അമേരിക്കക്ക് നിരങ്ങി നീങ്ങാന്‍ തക്ക ലോകത്തെ പാകപ്പെടുത്തിയെടുക്കുന്നതിലും തിരിച്ചും ജൂത രാഷ്ട്രം വഹിക്കുന്ന പങ്ക് ആര്‍ക്കും അജ്ഞാതമല്ല. ഖേദകരമെന്നു പറയട്ടെ, ആ കൊടുംഭീകരരാഷ്ട്രത്തെയാണ് ഇപ്പോള്‍ നരേന്ദ്ര മോദി പരസ്യമായിത്തന്നെ കെട്ടിപ്പണര്‍ന്നിരിക്കുന്നത്. നമ്മുടെ പരമ്പരാഗത മിത്രങ്ങളായ ഫലസ്തീന്‍ മണ്ണിലേക്ക് മോദി തിരിഞ്ഞു നോക്കിയില്ലായെന്നതും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് ചരിത്രത്തിന്റെ അനിവാര്യതയാകാം. സയണിസവും സംഘ് ഫാഷിസവും ലക്ഷ്യം വെക്കുന്ന കൊലയാളി രാഷ്ടീയത്തിന്റെ വൃത്തികെട്ട പൂര്‍ണിമ.

നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ഏകാധിപതികള്‍ തീര്‍ത്ത കത്തിമുനകളില്‍ ലോകം രക്തം വാര്‍ത്ത ഇന്നലെകള്‍ ധാരാളം കഴിഞ്ഞു പോയിട്ടുണ്ടല്ലോ.
ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി, ബെന്യമിന്‍ നെതന്യാഹു അച്ചുതണ്ട് മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം തീര്‍ത്തും ഏകധ്രുവ ലോകത്തിന്റേതാണ്. അധിനിവേശത്തിന്റെയും സ്‌റ്റേറ്റ് ഭീകരവാദത്തിന്റേതുമാണ്. ഇതാവട്ടെ മഹത്തായ നമ്മുടെ നാട് പുലര്‍ത്തിപ്പോന്ന ജനാധിപത്യ, മതേതര, ചേരിചേരാ നയങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

പരീക്ഷണങ്ങളെ പ്രതിരോധിക്കുക

മനുഷ്യജീവിതത്തിലെ ദൈവികനടപടിക്രമങ്ങളുടെ ഭാഗമെന്നോണം പ്രബോധകന്‍മാര്‍ പരീക്ഷിക്കപ്പെടാനിടയുണ്ട്. അല്ലാഹുവിന്റെ യുക്തിയുടെ തേട്ടമായും സത്യപ്രബോധകന്‍മാരുടെ മനസ്സിലുള്ള യഥാര്‍ഥവിശ്വാസവും നിസ്വാര്‍ഥതയും പുറത്തുകൊണ്ടുവരേണ്ടതിനായും തദ്വാരാ അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനായുമൊക്കെ ആവാം ഇത്യാദി പരീക്ഷണങ്ങള്‍. അത്തരം ഘട്ടങ്ങളില്‍ പരീക്ഷണങ്ങളെ ആത്മപീഢകളായി പ്രബോധകന്‍മാര്‍ തെറ്റിദ്ധരിക്കരുത്. അതേസമയം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ വേണ്ട സാധ്യമായതും ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചതുമായ രക്ഷാമാര്‍ഗങ്ങള്‍ പ്രയോഗിച്ചുനോക്കേണ്ടതുമുണ്ട്. സത്യപ്രബോധന സരണിയില്‍ പരീക്ഷണങ്ങളുണ്ടാകുമെന്നും അപ്പോള്‍ ക്ഷമിക്കേണ്ടിവരുമെന്നും പറയുന്നതിന്റെ ഉദ്ദേശ്യം പ്രബോധകന്‍ പ്രബോധനദൗത്യത്തിന്റെ സഹചാരിയായി ക്ഷമയെന്ന മനോജ്ഞമായ സ്വഭാവഗുണത്തെ കൊണ്ടുനടക്കാനും വാഗ്ദത്തം ചെയ്യപ്പെട്ട അന്തിമസഹായം ലഭിക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കാനും വേണ്ടിയാണ്. സ്വയം നാശത്തിലേക്കും ആത്മനിന്ദയിലേക്കും എടുത്തുചാടുക എന്നത് ഇസ്‌ലാമില്‍ അഭിലക്ഷണീയമായ കാര്യമല്ല. നിന്ദകരും പീഡകരുമായ മിഥ്യയുടെ വക്താക്കള്‍ക്ക് തല കൊടുക്കാന്‍ പാടില്ല എന്നതുപോലെ സ്വകരങ്ങളെ നിങ്ങള്‍ നാശത്തിലേക്കിടരുത് (അല്‍ബഖറ 195) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍(സ) നല്‍കിയ ഒരു നിര്‍ദേശം ഇങ്ങനെയാണ്: ‘ആത്മനിന്ദ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. ‘എങ്ങനെയാണ് ദൈവദൂതരേ ഒരാള്‍ ആത്മനിന്ദ കാട്ടുക?’ അനുചരന്‍മാര്‍ തിരക്കി. തിരുമേനി പ്രതിവചിച്ചു: ‘താങ്ങാനാവാത്ത പരീക്ഷണങ്ങള്‍ ക്ഷണിച്ചുവരുത്തി അത് സഹിക്കുക’.

റോമക്കാരുമായുള്ള യുദ്ധത്തിന് നിയുക്തമായ സൈന്യത്തിന്റെ നായകനായി നിശ്ചയിക്കപ്പെട്ട ഉസാമത്തുബ്‌നു സൈദിനെ നബിതിരുമേനി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: ‘നിങ്ങളൊരിക്കലും ശത്രുവുമായുള്ള ഏറ്റുമുട്ടലിന് കൊതിക്കരുത്. അവരാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണോ എന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ നിങ്ങളിങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ, ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്ന് ഞങ്ങളെ നീ തടുക്കേണമേ. അവരുമായുള്ള യുദ്ധം നീ പ്രതിരോധിക്കേണമേ’. വിശ്വാസികളോട് അല്ലാഹു കാട്ടിയ ഔദാര്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്:’ വിശ്വാസികളില്‍നിന്ന് യുദ്ധത്തെ അകറ്റിനിര്‍ത്താന്‍ അല്ലാഹു മതി’. യുദ്ധം ഒഴിഞ്ഞുപോവുക എന്നത് അല്ലാഹുവിന്റെ ഇടപെടലിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും അത് വിശ്വസികളോടുള്ള ദൈവികഔദാര്യമായി കാണേണ്ടതാണെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. യുദ്ധം എന്നത് പ്രയാസവും വേദനയുമാണല്ലോ.
ഇത്തരുണത്തില്‍ സത്യപ്രബോധനദൗത്യമേറ്റെടുത്ത ഓരോരുത്തരും രണ്ട് സുപ്രധാന യാഥാര്‍ഥ്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ഒന്ന്: ഇസ്‌ലാമിന്റെ പ്രചാരണത്തിനും വിജയത്തിനും പ്രയോജനകരമാവാത്ത യാതൊന്നിനും സ്വന്തം കഴിവും അധ്വാനവും വിനിയോഗിക്കാതിരിക്കുക. ഇന്നയാള്‍ സത്യപ്രബോധനത്തിനായി ഒരു പാട് പ്രയാസം സഹിച്ചു, ത്യാഗംചെയ്തു എന്നൊക്കെ ജനങ്ങള്‍ ആരെയെങ്കിലും കുറിച്ച് പറഞ്ഞു നടന്നു എന്നതുകൊണ്ട് ഇസ്‌ലാമിന് പ്രത്യേകിച്ചൊരു മെച്ചവുമുണ്ടാകാന്‍ പോകുന്നില്ല. അതേസമയം ഇന്നയിന്ന ലക്ഷ്യത്തോടെ ഇന്നയിന്ന പ്രേരകങ്ങളാല്‍ ചരിത്രനിയോഗമെന്ന അര്‍ഥത്തിലാണ് പീഡനങ്ങളും പ്രയാസങ്ങളും ഒരാള്‍ സഹിച്ചതെങ്കില്‍ അതില്‍ കാര്യമുണ്ട്. ഒരു പ്രബോധകന്റെ സ്വത്വമെന്നത് അവന്റെ അധികാരപരിധിയില്‍പെട്ടതല്ല. അല്ലാഹുവിന്റെ അധികാരപരിധിയില്‍ പെട്ടതാണ്. ഭ്രംശമാര്‍ഗികള്‍ പരിചയിച്ച ആത്മഹത്യാപരവും പ്രതിലോമകരവുമായ മാര്‍ഗം പിന്തുടര്‍ന്ന് പ്രബോധകന്‍മാര്‍ സ്വയം വിനാശത്തിന്റെ പാത സ്വീകരിക്കാന്‍ പാടുള്ളതല്ല.

രണ്ട്: പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും നേരെ സ്വീകരിക്കേണ്ട സ്വയംപ്രതിരോധത്തിന്റെയും അവയ്ക്കുമുന്നില്‍ അടിയറവു പറയാതിരിക്കുന്നതിന്റെയും അനിവാര്യത :
സത്യപ്രബോധനത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ പ്രവാചകതിരുമേനി സ്വന്തം ജീവിതത്തിലൂടെ ഈ യാഥാര്‍ഥ്യം പ്രായോഗികമായി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. എക്കാലത്തും എവിടെയുമുള്ള സമസ്ത പ്രബോധകന്‍മാര്‍ക്കും പ്രസ്തുത പ്രവാചകമാതൃക ഒരു കെടാദീപമായി അവശേഷിക്കാന്‍വേണ്ടികൂടിയാണ് ദൈവദൂതന്‍ അത് സ്വാനുഭവങ്ങളിലൂടെ അത് കാണിച്ചുതന്നത്. മക്കയില്‍നിന്ന് അബ്‌സീനിയയിലേക്ക് വിശ്വാസികളോട് പലായനം നടത്താന്‍ കല്‍പിച്ചത് തങ്ങളുടെ വിശ്വാസദര്‍ശനം കാത്തുരക്ഷിക്കാനും ഖുറൈശീപീഡനങ്ങളില്‍നിന്ന് സ്വയം രക്ഷതേടാനും വേണ്ടിയായിരുന്നു. സാധ്യത തുറന്നുകിട്ടിയാല്‍ പരീക്ഷണങ്ങളെ പ്രതിരോധിക്കല്‍ ബാധ്യതയായി കാണണമെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ കഴിയുമെന്നിരിക്കെ പീഡനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സ്വയം നിന്നുകൊടുക്കുക എന്നത് അഭിലക്ഷണീയമല്ല എന്ന് മാത്രമല്ല, അനുവദനീയം കൂടിയല്ല എന്ന് മനസ്സിലാക്കേണ്ടതുമുണ്ട്. ‘മുഅ്ത’ യുദ്ധമുഖത്ത് നിന്ന് മുസ്‌ലിംസൈന്യത്തെയും കൊണ്ട് ഖാലിദ് ബ്‌നു വലീദ് പിന്‍വാങ്ങുകയും മദീനയിലേക്ക് തിരിച്ചുവരികയുംചെയ്ത സന്ദര്‍ഭത്തില്‍ പ്രസ്തുത നടപടിയെ വിശ്വാസികളില്‍ ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. യുദ്ധമുഖത്തുനിന്ന് നടത്തിയ വിലക്കപ്പെട്ട ഒളിച്ചോട്ടം തന്നെ അതെന്ന് മറ്റുചിലര്‍ പരിഹസിച്ചു:’ഛെ, എന്തൊരു ഒളിച്ചോട്ടം! ദൈവമാര്‍ഗത്തില്‍ നിന്നല്ലേ നിങ്ങള്‍ ഒളിച്ചോടിയത്’ എന്നുകൂടി അവര്‍ പറഞ്ഞുകളഞ്ഞു. അപ്പോള്‍ ദൈവദൂതര്‍ ഇടപെട്ട് കൊണ്ട് പറഞ്ഞു:’അവര്‍ ഒളിച്ചോടിയതല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ മറ്റൊരു പോരാട്ടത്തിനായി എടുത്തുചാടിയതാണ്’. യുദ്ധരംഗത്തുനിന്നുള്ള ഖാലിദ് ബ്‌നുല്‍ വലീദിന്റെയും സൈന്യത്തിന്റെയും പിന്‍വാങ്ങലും മദീനയിലേക്കുള്ള തിരിച്ചുവരവും വളരെയേറെ ദീര്‍ഘദൃഷ്ടിയോടെയാണ് ദൈവദൂതന്‍ നോക്കിക്കണ്ടത്. സത്യപ്രബോധനത്തിന്റെ ധീരമായ ചരിത്രപ്രയാണത്തില്‍ പ്രസ്തുത പിന്‍വാങ്ങലിനും തിരിച്ചുവരവിനും സ്വയം പ്രതിരോധത്തിന്റെയും തുടര്‍വിജയത്തിന്റെയും ഒരു രീതിശാസ്ത്രമുണ്ടെന്ന് നബിതിരുമേനി ബോധ്യപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വളരെയേറെ പ്രയോജനം കിട്ടാനിടയുള്ള മറ്റൊരു പോരാട്ടത്തിനും സജ്ജമാകാനായിരുന്നു ഖാലിദും സംഘവും മുഅ്ത പോര്‍ക്കളം ഉപേക്ഷിച്ചതും യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതുമെന്ന് ചുരുക്കം.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

സന്തുലിതമാകുമ്പോഴാണ് എല്ലാം ഇസ്‌ലാമാകുന്നത്‌

സൂര്യചന്ദ്ര നക്ഷത്രാദി മഹാഗോളങ്ങള്‍ മുതല്‍ ഭൂമിയും അതിലെ കീടങ്ങളും പരമാണുക്കളും വരെ അല്ലാഹു നിശ്ചയിച്ച നിയമ വ്യവസ്ഥകള്‍ കണിശമായി അനുസരിച്ചാണ് വാഴുന്നത്. ആകാശഗോളങ്ങള്‍ അവര്ക്ക് നിശ്ചയിച്ച സഞ്ചാരപദങ്ങളിലൂടെയും ദിശകളിലൂടെയും മാത്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പരമാണുവിലെ ഇലക്ട്രോണും പ്രോട്ടോണും അവക്ക് നിശ്ചയിച്ച പദങ്ങളിലൂടെയും ദിശയിലൂടെയും മാത്രവും. അതുകൊണ്ടുതന്നെ സുന്ദരമായ താളത്തിലാണവ മുന്നോട്ടു പോകുന്നത്. ദൈവിക കല്‍പനങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാണ് അവയെന്നതാണ് ഈ സന്തുലിതത്വത്തിനു പിന്നിലെ രഹസ്യം. അഥവാ അവ മുസ്‌ലിം ആയതു കൊണ്ടാണ്. മനുഷ്യന്റെ ശരീരഘടനയിലും നമുക്ക് ഈ സന്തുലിതത്വം കാണാം. അതേ സമയം ഈ പ്രപഞ്ച സന്തുലിതത്തില്‍ ഇടപെടാന്‍ അല്ലാഹു മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അഥവാ അവന്റെ കര്‍മങ്ങളില്‍ ദൈവിക നിയമങ്ങള്‍ക്കു വിധേയമായോ വിരുദ്ധമായോ അവന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം. മനുഷ്യന് സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളിലും അവന്‍ അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുമ്പോഴാണ് അഥവാ മുസ്‌ലിം ആകുമ്പോഴാണ് മനുഷ്യജീവിതത്തില്‍ സന്തുലിതത്വം പാലിക്കപ്പെടുന്നത്.

അല്ലാഹു ചോദിക്കുന്നു: ”ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാനഭുവനങ്ങളിലുള്ളതൊക്കെയും ബോധപൂര്‍വമായും അല്ലാതെയും അവന്റെമാത്രം ആജ്ഞാനുവര്‍ത്തി(മുസ്‌ലിം)കളായിരിക്കെ;അല്ലാഹുവിന്റെ ജീവിത വ്യവസ്ഥയല്ലാത്ത മറ്റു വല്ലതുമാണോ അവരാഗ്രഹിക്കുന്നത്?ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനു മാത്രം കീഴ്‌പ്പെട്ടിരിക്കെ.” (ആലുഇംറാന്‍: 83)

പ്രപഞ്ചം മുഴുവന്‍ അല്ലാഹുവിനു കീഴ്‌പ്പെട്ടിരിക്കെ മനുഷ്യന്‍ മാത്രം എന്തിനാണ് അവനെ ധിക്കരിച്ച് മറ്റു വഴികളിലൂടെ മുന്നോട്ടു പോകുന്നത് എന്നാണ് അല്ലാഹുവിന്റെന ചോദ്യം. ഈ പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളും അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരം ചരിക്കുമ്പോള്‍ അങ്ങേയറ്റം സുന്ദരമായി നമുക്കത് അനുഭവപ്പെടുന്നു. പ്രസ്തുത ദൈവിക നിര്‍ദേശങ്ങള്‍ മനുഷ്യജീവിതത്തില്‍ കൂടി പാലിക്കപ്പെടുമ്പോള്‍ ഈ ലോകത്തിന്റെ സൗന്ദര്യം അതിന്റെ ഉചിയിലെത്തും. പ്രപഞ്ചത്തിലും, ജീവജാലങ്ങളിലും, മനുഷ്യ ശരീരത്തില്‍ തന്നെയും നാം കാണുന്ന ഈ സന്തുലിതത്വവും സൗന്ദര്യവും മനുഷ്യ സമൂഹത്തിന്റെ ജീവിതപരിസരങ്ങളില്‍ കൂടി പ്രാവര്‍ത്തികമാക്കാനാണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യന്‍ ഇസ്‌ലാം പുല്‍കുന്നതിലൂടെ അവന്റെ ജീവിത പരിസരങ്ങള്‍ കൂടി പ്രകൃതിദത്തമായിത്തീരുകയാണ്. അതിലൂടെ സുന്ദരമായ ഒരു ലോകക്രമം സൃഷ്ടിക്കപെടുന്നു. അഥവാ പ്രകൃതിയിലെ സകലതും ഒരു സന്തുലിതമായ വ്യവസ്ഥയോടെ മുന്നോട്ടു പോകുന്നത് പോലെ ഒരു സന്തുലിതമായ രീതി തന്നെയാണ് മനുഷ്യനില്‍ നിന്നും പ്രകൃതി തേടുന്നത്.

”അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി.ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു.” (ഫുസ്സിലത്ത്: 12))
സുന്ദരമായ പ്രകൃതി കാണുമ്പോള്‍ ഇതെന്തൊരു ഭംഗിയാണെന്ന് നാം അറിയാതെ പറഞ്ഞു പോവാറുണ്ട്. മല നിരകളും, വയലേലകളും, കാടും, കടലും, പുഴകളും, അരുവികളും, മരുഭൂമികളും എല്ലാം എത്ര സുന്ദരമായാണ് അല്ലാഹു ഭൂമിയില്‍ ക്രമീകരിച്ചിരിക്കുന്നത്? രാവും പകലും മാറി മാറി വരുന്നതും, സുര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ചലിക്കുന്നതും എല്ലാം കൃത്യമായ കണക്കു (അല്ലാഹുവിന്റെ നിയമങ്ങള്‍/ ഇസ്ലാം) പ്രകാരമാണ്. അതിനാല്‍ തന്നെ ഇവയൊക്കെയും അതീവ സുന്ദര കാഴ്ചകളായി നമുക്കനുഭവപ്പെടുന്നു.

മാത്രമല്ല ഈ ലോകത്ത് നാശങ്ങളുണ്ടാകുന്നത് മനുഷ്യ കരങ്ങളുടെ തെറ്റായ പ്രവര്‍ത്തന ഫലമാണെന്നും അല്ലാഹു പറയുന്നു: ”മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു, ജനം സ്വകര്‍മങ്ങളില്‍ ചിലതിന്റെ രുചിയറിയേണ്ടതിന് അവര്‍ മടങ്ങിയെങ്കിലോ.” (അര്‍റൂം: 41)

നാം ജീവിക്കുന്ന പ്രപഞ്ചം സന്തുലിതമായ വ്യവസ്ഥക്ക് കീഴിലാണെന്ന് വ്യക്തമാക്കുന്നതാണ് ഇവയെല്ലാം. ആ പ്രാപഞ്ചിക വ്യവസ്ഥ തന്നെയാണ് മനുഷ്യനും ഉചിതമായത്. പ്രപഞ്ചത്തില്‍ ഓരോ സൂക്ഷ്മമായ വസ്തുവും വ്യത്യസ്തമാകുമ്പോഴും ഒരു സന്തുലിതമായ വ്യവസ്ഥ അവയെ മനോഹരമായി നിലനിര്‍ത്തുന്നു. ഇപ്രകാരം ശരീര പ്രകൃതിയിലും സ്വഭാവത്തിലും സംസ്‌കാരത്തിലും വൈജാത്യങ്ങളുള്ള മനുഷ്യര്‍ സന്തുലിതമായ ഒരു നിയമ വ്യവസ്ഥ പിന്തുടരുമ്പോള്‍ ഏറ്റവും മികച്ച സാമൂഹിക ജീവിതമാണതിലൂടെ സാധ്യമാവുക. മനുഷ്യ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ ഏതൊക്കെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വലിയ ദുരന്തത്തിലേക്കാണത് നയിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്. കമ്മ്യൂണിസവും മുതലാളിത്തവും അതിനുദാഹരണങ്ങളാണ്. കമ്മ്യൂണിസം സന്തുലിത കാഴ്ചപ്പാടിന് പകരം തുല്യത (Equaltiy)അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത് (എല്ലാവരെയും ഒരേ സാമ്പത്തിക സ്ഥിതിയിലേക്ക് കൊണ്ട് വരാനും സമ്പത്തിന്റെ മുഴുവന്‍ നിയന്ത്രണവും സ്‌റ്റേറ്റ് ഏറ്റെടുക്കാനും ശ്രമിച്ചു. മനുഷ്യന്റെ സമ്പാദിക്കാനും വളരാനുമുള്ള ന്യായമായ ഇച്ഛകളെ പോലും അത് നിരാകരിക്കുന്നതായി കാണാം. അത് മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതിനാല്‍ ചുരുങ്ങിയ കാലത്തേക്ക് പോലും പ്രായോഗികമായി നിലനില്‍ക്കാതെ അന്ത്യം കുറിച്ചതായി കാണാം. എന്നാല്‍ ദൈവിക വ്യവസ്ഥ പ്രകാരം മനുഷ്യന്‍ വ്യത്യസ്ത സാമ്പത്തിക നിലകളില്‍ ജീവിക്കുന്നവരും അതെ സമയം സമ്പത്ത് വര്‍ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അവന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു വരികയും ചെയ്യുന്നു. മാത്രമല്ല സമ്പത്ത് ആരുടെ കൈയിലും കെട്ടിക്കിടക്കാതെ സമൂഹത്തില്‍ ഒഴുകി നടക്കാന്‍ വേണ്ട നിയമനിര്‍ദേശമാണത് നല്‍കുന്നത്. എന്നാല്‍ മുതലാളിത്തം ചുരുങ്ങിയ ചിലരെ അതീവ സമ്പന്നരാക്കുകയും ബഹു ഭൂരിപക്ഷത്തെ ദാരിദ്ര്യത്തില്‍ നിന്നും ഒരിക്കലും കരകയറാനാവാത്ത അവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

എല്ലാം തുല്യമാക്കുക എന്നത് പ്രകൃതി വിരുദ്ധമാണ്. മറിച്ചു സന്തുലിതമാക്കുകയെന്നതാണ് പ്രകൃതിദത്തം. ആണും പെണ്ണും തുല്യരല്ല, അവരുടെ ശാരീരിക ഘടന തന്നെ തികച്ചും വ്യത്യസ്തമാണ്. അതിനെ തുല്യമാക്കുക സാധ്യവുമല്ല. എന്നാല്‍ രണ്ടു വര്‍ഗവും സന്തുലിതമായി ജിവിക്കുകയാണ് വേണ്ടത്. ആണിന് ജന്മനാ കുടുതല്‍ കരുത്തും കര്‍മശേഷിയും നല്‍കിയതോടൊപ്പം അവനെ ദൈവം കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരിക്കുന്നു.

ആകാശത്തെ പറവകളെ നോക്കാനാവശ്യപ്പെട്ടു കൊണ്ട് അല്ലാഹു നമ്മോടു ചോദിക്കുന്നു. കോടാനുകോടി പറവകള്‍ ദിനേന പ്രഭാതത്തില്‍ അന്നം തേടി പുറത്തേക്കിറങ്ങുന്നു. അവ വൈകുന്നേരം നിറവയറുമായി കൂടുകളിലേക്ക് മടങ്ങുന്നു. ആരാണ് ഇവയ്ക്കു ഇത്ര വ്യവസ്ഥാപിതമായി ഭക്ഷണം നല്‍കുന്നത്? പക്ഷികള്‍ പട്ടിണി കാരണം മരിച്ചത് നാം കേള്‍ക്കാറില്ല. കാരണം അവ അല്ലാഹുവിന്റെ നിയമ വ്യവസ്ഥയെ മറികടന്നു ഒന്നും ചെയ്യുന്നില്ല. അവക്ക് അല്ലാഹുവിന്റെ നിയമ വ്യവസ്ഥയെ തെറ്റിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ അവയുടെ ഭക്ഷണക്രമം ഇന്ന് വരെയും വളരെ വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്നു. എന്നാല്‍ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നല്‍കിയ മേഖലകളില്‍ അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഒരുഭാഗത്ത് ഭക്ഷ്യ സാധനങ്ങള്‍ ധാരാളമായി നശിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് ഭാഗത്ത് കോടാനുകോടി ജനങ്ങള്‍ പട്ടിണി കാരണം മരിക്കുന്നു. അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്. സ്രഷ്ടാവ് നിശ്ചയിച്ച വ്യവസ്ഥക്കനുസൃതമായി സൃഷ്ടികള്‍ ചലിക്കുമ്പോള്‍ അതിന് നല്‍കുന്ന പേരാണ് ഇസ്‌ലാം. അതിലൂടെയാണ് സൃഷ്ടികള്‍ അവയുടെ ധര്‍മം പൂര്‍ത്തീകരിക്കുന്നത്. അത് അവക്ക് സൗഖ്യവും സമാധാനവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. സ്വന്തം പ്രകൃതിയെ മനുഷ്യന്‍ ധിക്കരിക്കുമ്പോള്‍ പ്രപഞ്ചസംവിധാനത്തില്‍ തന്നെ താളപ്പിഴകള്‍ക്കത് കാരണമാകും. ഇന്ന് ലോകം നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കുമുള്ള ആത്യന്തിക പരിഹാരം ദൈവിക വ്യവസ്ഥയിലേക്കുള്ള മടക്കമാണെന്ന് നമുക്ക് ഉറക്കെ പറയാം.

അയല്‍വാസിയുടെ അവകാശങ്ങള്‍

ഇസ്‌ലാം സമര്‍പിക്കുന്നത് വേറിട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ്. പരസ്പര കാരുണ്യവും അനുകമ്പയും, പരസ്പര ആശ്രയവും സഹായവും, നന്മയിലെ സഹകരണവും തിന്മയില്‍ നിന്ന് വിലക്കലുമാണ് അതിന്റെ അടിസ്ഥാനം. വിശ്വാസി താനുമായി ഇടപഴകുന്നവരോട് പാലിക്കേണ്ട കാര്യങ്ങളാണിവ. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടും അയല്‍വാസിയോടുമുള്ള അവകാശങ്ങളെ അല്ലാഹു വലിയ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. വ്യക്തിയുടെയും സമൂഹത്തിന്റെയും സന്തോഷത്തിന് അനിവാര്യമായ കാരണങ്ങളാണ് ഈ അവകാശങ്ങള്‍. കാരണം ഈ ലോകത്തെ മനുഷ്യന്റെ ജീവിതം നാലുപാടു നിന്നുമുള്ള പരീക്ഷണങ്ങളെയും പ്രയാസങ്ങളെയും അഭിമൂഖീകരിച്ചു കൊണ്ടുള്ളതാണ്. മാത്രമല്ല, ഇത്തരം പ്രതിസന്ധികള്‍ക്ക് മുന്നില്‍ ഒറ്റക്ക് പിടിച്ചു നില്‍ക്കാനുള്ള കരുത്തും മനുഷ്യനില്ല. ഒരാള്‍ പിടിച്ചു നില്‍ക്കുന്നുവെന്നിരിക്കട്ടെ കടുത്ത പ്രയാസം സഹിച്ചു കൊണ്ടായിരിക്കുമത്. എന്നാല്‍ കൂട്ടുകാര്‍ അയാളുടെ സഹായത്തിനെത്തുകയാണെങ്കില്‍ അതവന് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നു. സ്വന്തം നിലക്ക് ഒന്നുമല്ലാത്ത മനുഷ്യന്‍ കൂട്ടുകാരാടോ അയല്‍ക്കാരാടോ ബന്ധുക്കളോടോ ഒപ്പമാകുമ്പോള്‍ വലിയ ശക്തിയാവുന്നു.

ഒരാളെ സംബന്ധിച്ചടത്തോളം ഏറ്റവും അടുത്ത് ജീവിക്കുന്നവരും മനസ്സിലാക്കുന്നവരും അവന്റെ അയല്‍വാസികളാണ്. പലപ്പോഴും വിപത്തുകളുണ്ടാകുമ്പോള്‍ ഉറ്റബന്ധുക്കളേക്കാള്‍ മുമ്പ് ഓടിയെത്തുന്നതും അവര്‍ തന്നെ. ജീവിതത്തില്‍ അയല്‍ക്കാരനുള്ള പ്രാധാന്യവും പ്രസക്തിയുമാണിത് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അവന് അവകാശങ്ങളുമുണ്ട്. അയല്‍വാസിയോടുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിക്കല്‍ വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയായിട്ടാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തില്‍ അവരെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുക, അവരുടെ പ്രയാസങ്ങള്‍ ലഘുകരിക്കല്‍, നന്മയിലും ഗുണപരമായ കാര്യങ്ങളിലും അവരെ സഹായിക്കുകയും അവരില്‍ നിന്ന് ദോഷങ്ങള്‍ തടയുകയും ചെയ്യുക തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്.

എന്നാല്‍ മിക്ക ആളുകളും ഈ അവകാശത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ലെന്നതാണ് വസ്തുത. സ്വന്തത്തോടുള്ള അമിത താല്‍പര്യവും താന്‍പോരിമയുമാണ് പലപ്പോഴും ഇതിന് തടസ്സമായി നില്‍ക്കുന്നത്. അജ്ഞതയും വിശ്വാസത്തിലെ ദൗര്‍ബല്യവും കാരണം അതിനെ അവഗണിക്കുന്നവരുമുണ്ട്. മനുഷ്യന്‍ സ്വന്തത്തിന് വേണ്ടി മാത്രം ജീവിക്കുന്നവനായി മാറുമ്പോള്‍ സ്‌നേഹം സാഹോദര്യം പോലുള്ള വികാരങ്ങള്‍ അവനില്‍ മരിക്കുന്നു. വിട്ടുവീഴ്ച്ചയും സഹായമനസ്ഥിതിയും അവരില്‍ കാണാനാവില്ല. അവരുടെ ഹൃദയങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഒരിടവും ഉണ്ടായിരിക്കുകയില്ല. ചിലപ്പോഴെല്ലാം അമിതമായ ഐഹികഭ്രമം അയല്‍ക്കാരനെ ദ്രോഹിക്കുന്നതിലേക്കും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലേക്കും വരെ അത്തരക്കാരെ എത്തിക്കുന്നു. ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് ദ്രോഹം ചെയ്യുന്നതില്‍ നിന്ന് സ്വന്തത്തെ തടഞ്ഞു നിര്‍ത്താനെങ്കിലും ഒരാള്‍ക്ക് സാധിക്കേണ്ടതുണ്ട്.

നല്ല അയല്‍ക്കാരനാകുന്നതിലും അയല്‍ക്കാരനെ ആദരിക്കുന്നതിലും അഭിമാനം കൊണ്ടിരുന്നവരായിരുന്നു ജാഹിലിയാ കാലത്തെ അറബികള്‍ പോലും. അവരുടെ അവകാശങ്ങളെ മാനിക്കുന്നതും അവരെ ദ്രോഹിക്കാതിരിക്കുന്നതും മാന്യതയുടെ അടയാളമായിട്ടായിരുന്നു അവര്‍ കണ്ടിരുന്നതെന്ന് അറബി കവിതകളില്‍ നിന്നും മനസ്സിലാക്കാം. പിന്നീട് ഇസ്‌ലാം വന്നപ്പോള്‍ ഈ ശ്രേഷ്ഠ ഗുണത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയും അയല്‍വാസിയുടെ അവകാശങ്ങള്‍ക്ക് വലിയ മഹത്വം കല്‍പിക്കുകയും ചെയ്തു.

അല്ലാഹുവിന് വഴിപ്പെടണമെന്നും അവനില്‍ മറ്റാരെയും പങ്ക് ചേര്‍ക്കരുതെന്നുമുള്ള കല്‍പനക്ക് ശേഷമാണ് അയല്‍വാസിക്ക് നന്മ ചെയ്യണമെന്ന് ഖുര്‍ആന്‍ (അന്നിസാഅ്: 36) കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമില്‍ അതിനുള്ള പ്രാധാന്യത്തെയാണത് കുറിക്കുന്നത്. മുസ്‌ലിം അമുസ്‌ലിം വേര്‍തിരിവില്ലാതെ എല്ലാ അയല്‍വാസിയെയും ഉള്‍ക്കൊള്ളുന്ന കല്‍പനയാണത്. ഹദീസുകള്‍ അക്കാര്യം നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്.

ഒരു ആടിനെ അറുത്തപ്പോള്‍ അതിന്റെ മാസം യഹൂദിയായ അയല്‍ക്കാരന് നല്‍കിയോ എന്ന് മൂന്ന് തവണ പ്രവാചകന്‍(സ) തന്നോട് ചോദിച്ചെന്ന് അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ അല്‍-ആസ്വ് ഉദ്ധരിക്കുന്നു. അതിന് അതെയെന്ന് ഉത്തരം പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടുവെന്നും അദ്ദേഹം പറയുന്നു: അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു, അവന്‍ എന്നെ അനന്തരമെടുക്കുമെന്ന് ഞാന്‍ കരുതുന്നിടത്തോളം.

മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അയല്‍വാസിയെ ആദരിക്കട്ടെ.’ അയല്‍ക്കാരെ ആദരിക്കലും അവര്‍ക്ക നന്മ ചെയ്യലും വിശ്വാസത്തിന്റെ ഭാഗവും വിശ്വാസിയുടെ ലക്ഷണവുമാണെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. ഒരാള്‍ അയല്‍വാസിയെ ആദരിക്കുന്നില്ലെങ്കില്‍ അവന്റെ വിശ്വാസം പൂര്‍ത്തിയായിട്ടില്ല എന്നര്‍ത്ഥം.

അയല്‍വാസിയോടുള്ള ഒന്നാമത്തെ അവകാശം അവന് ദ്രോഹം ചെയ്യാതിരിക്കുക എന്നതാണ്. ഏറ്റവും ചുരുങ്ങിയത് ഇതെങ്കിലും പാലിക്കാന്‍ ഒരാള്‍ക്ക് സാധിക്കണം. നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അയല്‍വാസിക്ക് ദ്രോഹം ചെയ്യാതിരിക്കട്ടെ.’ ഇമാം ബുഖാരി റിപോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ കാണാം: ‘അല്ലാഹുവാണ് വിശ്വാസികളാവുകയില്ല, അല്ലാഹുവാണ് വിശ്വാസികളാവുകയില്ല, അല്ലാഹുവാണ് വിശ്വാസികളാവുകയില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ ആരെ കുറിച്ചാണിത്? നബി(സ) പറഞ്ഞു: ഒരാളുടെ ഉപദ്രവത്തില്‍ നിന്ന് അയാളുടെ അയല്‍വാസി നിര്‍ഭയനാകുന്നില്ല, അവനെ കുറിച്ചാണിത്.’ മറ്റൊരു ഹദീസില്‍ പറയുന്നത് ഒരാളെ കുറിച്ച് അയല്‍വാസി നിര്‍ഭയനാകുന്നില്ലെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ്. അയല്‍വാസിയെ ദ്രോഹിക്കല്‍ വലിയ പാപമാണെന്നാണിത് കുറിക്കുന്നത്.

അയല്‍വാസിയോടുള്ള ദ്രോഹം പലവിധം

പൊതുവെ അയല്‍വാസികള്‍ക്ക് നേരെ ഉണ്ടാകാറുള്ള ദ്രോഹങ്ങളാണ് അവര്‍ മറച്ചു വെക്കാനാഗ്രഹിക്കുന്നതിലേക്ക് എത്തിനോക്കല്‍, അവരുടെ സ്ത്രീകളെ നോക്കലും അവരുടെ ശരീരം ആസ്വദിക്കലും, കട്ടു കേള്‍ക്കല്‍, അവരുടെ രഹസ്യം ചൂഴ്ന്നന്വേഷിക്കല്‍, അവരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തല്‍, മോശമായത് പ്രചരിപ്പിക്കല്‍, അവരുടെ അഭിമാനം ക്ഷതപ്പെടുത്തല്‍, അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കല്‍, അവരുടെ ചീത്ത ഗുണങ്ങളെ എടുത്തു പറയുകയും നല്ല ഗുണങ്ങള്‍ അവഗണിക്കുകയും ചെയ്യല്‍, ഉച്ചത്തില്‍ പാട്ടുവെച്ചും ശബ്ദമുണ്ടാക്കിയും ശല്യപ്പെടുത്തല്‍ തുടങ്ങിയവ. നാം വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ അവയുടെ ശബ്ദം കൊണ്ടോ ഗന്ധം കൊണ്ടോ അവര്‍ക്ക് ശല്യമാവുന്നതും അയല്‍ക്കാരോടുള്ള ദ്രോഹം തന്നെയാണ്. മാലിന്യങ്ങള്‍ അവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ നിക്ഷേപിക്കുന്നതും അവരോടുള്ള ദ്രോഹമാണ്.

ഒരിക്കല്‍ പ്രവാചകന്‍(സ)യോട് ഒരാള്‍ ചോദിച്ചു: ഏറ്റവും വലിയ പാപമേതാണ്? നബി(സ) പറഞ്ഞു: നിന്നെ സൃഷ്ടിച്ച അല്ലാഹുന് പങ്കാളികളെ വെക്കല്‍. അയാള്‍ ചോദിച്ചു: പിന്നെ ഏതാണ്. നബി(സ) പറഞ്ഞു: നിന്നോടൊപ്പം ആഹരിക്കുമെന്ന് ഭയന്ന് മകനെ വധിക്കല്‍. അയാള്‍ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കല്‍. അയല്‍ക്കാരന്റെ പവിത്രമായ ബന്ധത്തെ ഹനിക്കല്‍ എത്രത്തോളം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ.

അയല്‍വാസിയുടെ വീഴ്ച്ചകള്‍ അവഗണിക്കുകയും അവന്റെ ഉപദ്രവങ്ങള്‍ സഹിക്കുകയും ചെയ്യലാണ് അയല്‍വാസിയോടുള്ള അവകാശത്തിന്റെ രണ്ടാമത്തെ പടി. ഹസന്‍ ബസ്വരി ഒരിക്കല്‍ പറഞ്ഞു: അയല്‍വാസിക്ക് ദ്രോഹം ചെയ്യാത്തതു കൊണ്ട് മാത്രം ഒരാള്‍ നല്ല അയല്‍ക്കാരനാകുന്നില്ല, അവനില്‍ നിന്നുള്ള ദ്രോഹം സഹിക്കുക കൂടി ചെയ്യുന്നവനാണ് നല്ല അയല്‍വാസി. വിട്ടുവീഴ്ച്ചയും ക്ഷമയും കാണിക്കണമെന്ന് കല്‍പിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മുഴുവന്‍ ജനങ്ങളോടും കല്‍പന തന്നെ അതാണെങ്കില്‍ അയല്‍ക്കാരന്റെ കാര്യത്തില്‍ അത് എത്രത്തോളമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

എന്നാല്‍ ഇന്ന് അയല്‍വാസിയുടെ ഭാഗത്ത് നിന്ന് അറിയാതെ സംഭവിക്കുന്ന വീഴ്ച്ചകള്‍ പോലും വിട്ടുകൊടുക്കാനും അതില്‍ സഹനം കാണിക്കാനും പലര്‍ക്കും സാധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം നിസ്സാരമായ പല കാരണങ്ങളുടെയും പേരിലാണ് അയല്‍ക്കാര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും പ്രത്യേകം ഓര്‍ക്കുക.

അയല്‍വാസിയോടുള്ള പെരുമാറ്റത്തിന്റെ മൂന്നാമത്തെ തലമാണ് അവര്‍ക്ക് നന്മ ചെയ്യല്‍. അയല്‍വാസിക്ക് നന്മ ചെയ്യണമെന്ന ഇസ്‌ലാമിന്റെ കല്‍പന വിശാലമായ അര്‍ത്ഥങ്ങളുള്ളതാണ്. അവരോട് സ്‌നേഹത്തിലും സമാധാനത്തിലും വര്‍ത്തിക്കലും മുഖപ്രസന്നതയോടെ അവരെ അഭിമുഖീകരിക്കലും അതിന്റെ ഭാഗമാണ്. അവര്‍ രോഗിയാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ മരണാനന്തര കര്‍മങ്ങളില്‍ സഹകരിക്കുക, അക്രമിക്കപ്പെട്ടാല്‍ സഹായിക്കുക, അവരുടെ പ്രയാസങ്ങള്‍ നീക്കികൊടുക്കുക, വിപത്തുകളില്‍ ആശ്വസിപ്പിക്കുക, അവരുടെ സന്തോഷത്തില്‍ പങ്കാളികളാവുക, അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക, അവര്‍ക്ക് ഇസ്‌ലാമിനെ കുറിച്ചും അതിന്റെ അധ്യാപനങ്ങളെ കുറിച്ചും അറിയാത്തവരാണെങ്കില്‍ പരിചപ്പെടുത്തുക തുടങ്ങിയവയെല്ലാം അയല്‍വാസിക്ക് നന്മ ചെയ്യലാണ്. സന്ദര്‍ഭത്തിന്റെയും സാഹചര്യത്തിന്റെയും മാറ്റമനുസരിച്ച് ഇതിലെ മുന്‍ഗണനാ ക്രമത്തിലും പ്രധാന്യത്തിലും മാറ്റം വരും. ഒരു സന്ദര്‍ഭത്തില്‍ ഐശ്ചികമായ കാര്യങ്ങള്‍ മറ്റു ചില സമയത്ത് നിര്‍ബന്ധമായി മാറാം.

ആവിശ്യം അനാവിശ്യം അത്യവിശ്യം

ആവിശ്യം
Shoppers11
ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പൊതുവെ പറയാറുണ്ട്. അതായത് ജീവിതത്തില്‍ നമുക്ക് ഒരാവശ്യം വരുമ്പോഴാണ് അത് പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗത്തെയോ ഉല്‍പന്നത്തെയോ കുറിച്ച് നാം ആലോചിക്കുന്നതെന്ന് ചുരുക്കം. ആവശ്യമെന്നത് ആപേക്ഷികമാണെന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ ഒരാളുടെ ആവശ്യം മറ്റൊരാളെ സംബന്ധിച്ചടത്തോളം അനാവശ്യമായി മാറാം. എന്നാല്‍ ഇന്ന് പലപ്പോഴും ആവശ്യങ്ങളല്ല നമ്മുടെ ജീവിതത്തിലെ പുതിയ ഉല്‍പന്നങ്ങളുടെയും സൗകര്യങ്ങളുടെയും അടിസ്ഥാന പ്രേരകം. അത് വലിയ പ്രശ്‌നങ്ങളാണ് വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്നത്.

നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കളുടെ കൂടി ഉപഭോക്തക്കളാക്കി നമ്മെ മാറ്റുന്നതാണ് ആധുനിക കമ്പോള തന്ത്രങ്ങള്‍. പരസ്യങ്ങളിലൂടെ പ്രലോഭിപിച്ചും ഒന്ന് വാങ്ങുമ്പോള്‍ അതിന്റെ ഇരട്ടിയും അധിലധികവും സൗജന്യമായി നല്‍കിയും അവര്‍ നമ്മെ വലയിലാക്കുന്നു. ക്രമേണ ഒരു സമയത്ത് നമ്മള്‍ അനാവശ്യമായി കരുതിയിരുന്ന വസ്തുക്കള്‍ നിത്യജീവിതത്തിലെ അത്യാവശ്യ വസ്തുക്കളായി മാറുന്നതാണ് നാം കാണുന്നത്. അപ്രകാരം കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് ഷോപ്പിംഗ് ഫെസ്റ്റിവലുകളും അതില്‍ ഒരുക്കുന്ന ബംബര്‍ സമ്മാനങ്ങളും. പ്രസ്തുത സമ്മാനങ്ങള്‍ മോഹിച്ച് പലരും വാങ്ങാന്‍ ഉദ്ദേശിക്കാത്ത സാധനങ്ങള്‍ വാങ്ങാനും വാങ്ങുന്നതിന്റെ അളവ് കൂട്ടാനും തയ്യാറാവുന്നു എന്നത് വസ്തുതയാണ്. ഇതിനെല്ലാം പുറമെ അയല്‍പക്കത്തുള്ളവന്‍ എന്തുപയോഗിക്കുന്നു എന്നതും നമ്മുടെ ആവശ്യത്തിന്റെ മാനദണ്ഡമായി മാറുന്നു. ഒരാള്‍ തനിക്ക് ആവശ്യത്തിലേറെയും ആവശ്യമില്ലാത്തതും വാങ്ങി ഉപയോഗിക്കുമ്പോള്‍ ആവശ്യക്കാരായ നിരവധി പേര്‍ക്ക് അവ നിഷേധിക്കപ്പെടുകയാണ്.

വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരിക്കുന്ന വിശേഷണം ‘മധ്യമ സമുദായം’ എന്നുള്ളതാണ്. ഒരു മുസ്‌ലിം തന്റെ ജീവിതത്തിന്റെ സകല മേഖലകളിലും ഈ മിതത്വം പാലിക്കുന്നവനായിരിക്കണം എന്നതാണ് ആ വിശേഷണത്തിന്റെ താല്‍പര്യം. ഈ വിശേഷണം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു വിശ്വാസിക്ക് തന്റെ അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും ആഢംബരങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെ ഉപഭോഗ സംസ്‌കാരത്തിന്റെ കെണിയില്‍ അകപ്പെട്ടവരില്‍ വലിയൊരു വിഭാഗം മുസ്‌ലിംകളാണെന്നത് ദുഖകരമാണ്. തന്റെ സാമ്പത്തിക സ്ഥിതിയെയും ആവശ്യങ്ങളെയും കുറിച്ച ബോധ്യത്തോടെയായിരിക്കണം വിശ്വാസി അങ്ങാടിയിലേക്കിറങ്ങേണ്ടത്. ഒഴുകുന്ന നദിയുടെ കരയില്‍ നിന്ന് അംഗശുദ്ധി വരുത്തുകയാണെങ്കില്‍ പോലും മിതത്വം പാലിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ഒരിക്കലും പ്രലോഭനങ്ങളുടെയും ആസക്തിയുടെയും വലയില്‍ വീഴുന്നവരല്ല.

സ്വന്തത്തെ തിരിച്ചറിയുക

മനുഷ്യസമുദായത്തിലെ രണ്ടാം തലമുറയാണ് ചരിത്രത്തിലെ ആദ്യകൊലപാതകത്തിന് സാക്ഷിയായത്. ദൈവത്തിന്റെയടുക്കല്‍ തന്റെ ബലി മാത്രം സ്വീകരിക്കാതെ പോയതിന്റെ അഹങ്കാരത്തിലാണ് ഖാബീല്‍ ഹാബീലിനെ വധിക്കുന്നത്. ശേഷം തന്റെ സഹോദരന്റെ മൃതശരീരം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുന്ന ഖാബീലിന്റെയടുക്കല്‍ ദൈവം ഒരു കാക്കയെ അയക്കുന്നു. തന്റെ കൈയിലുള്ള ചത്ത കാക്കയെ മണ്ണില്‍ കുഴിച്ചുമൂടുന്ന മറ്റൊരു കാക്ക. ഇത് കണ്ട ഖാബീല്‍ തന്റെ ബുദ്ധിശൂന്യതയും വിവരദൗര്‍ബല്യവും തിരിച്ചറിയുന്നു. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു.

Identify themselvesന്നതിലൂടെയാണ് ഒരുവന്‍ ദൈവത്തെ അറിയുന്നത്. തന്റെ കഴിവും കഴിവുകേടുകളും സംബന്ധിച്ച കൃത്യബോധ്യമുള്ളവരാണ് ചരിത്രത്തില്‍ വിജയിച്ചവരെല്ലാം. മൂസാ(അ) തന്റെ സംസാരത്തിന്റെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി ദൈവത്തോട് സഹായമര്‍ഥിക്കുന്ന സന്ദര്‍ഭം ഖുര്‍ആന്‍ വിശദീകരിക്കുന്നു. ശുഷ്‌കമായ പടയുമായി ബദ്‌റില്‍ ഖുറൈശികളോട് പൊരുതാന്‍ പോകുന്ന മുഹമ്മദ് നബി(സ) അല്ലാഹുവിനോട് സഹായം തേടുന്നു.

സ്വന്തത്തെ മനസിലാക്കാനുള്ള പരിശ്രമത്തിലൂടെയാണ് ഒരുവന്‍ സത്യാന്വേഷിയും ശേഷം സത്യവിശ്വാസിയുമായിത്തീരുന്നത്. ഖാബീല്‍ ഹാബീലിനെ വധിച്ചത് വികാരം മൂലമാണ്; എന്നാല്‍, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയത് വിചാരം മൂലവും. മനുഷ്യനായ താന്‍ എത്ര ദുര്‍ബലനാണ് എന്ന തിരിച്ചറിവിലൂടെ. സ്വന്തത്തെക്കുറിച്ച അന്വേഷണവും പരിശോധനയും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്. ആ വഴിയില്‍ മുന്നേറുക എളുപ്പവുമല്ല. റോഡിലുള്ളവന്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നത് കണ്ടുപിടിക്കുന്ന നാമൊരിക്കലും നമ്മള്‍ പാലിക്കാത്ത നിയമങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. അന്യന്റെ കുറ്റവും കുറവും പറഞ്ഞുനടക്കുന്നവര്‍ ദുര്‍ഗന്ധം വമിക്കുന്ന സ്വന്തത്തെ അറിയുന്നില്ല. സ്ത്രീയും പുരുഷനും എന്ന അസ്തിത്വങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ കൂലങ്കശമായി നടത്തുന്നവര്‍ ‘സ്വന്ത’ത്തെക്കുറിച്ച ചോദ്യങ്ങളില്‍നിന്നും പിന്മാറുന്നു. അതിനെ ഭയക്കുന്നു.

തന്റെ കഴിവുകള്‍ മാത്രം പഠിപ്പിക്കുന്ന പരിപോഷിപ്പിക്കുന്ന ‘ ഐ കാന്‍-ഐ വില്‍ (I CAN- I WILL ) ‘ മോട്ടിവേഷന്‍ ക്ലാസുകളുടെ ഈ കാലത്ത് സ്വന്തം ദൗര്‍ബല്യങ്ങളും പഠിപ്പിക്കാന്‍ നാം തയ്യാറാവണം. എങ്കില്‍ മാത്രമേ ദൈവം എന്ന പരമസത്യത്തെ ദര്‍ശിക്കാന്‍ നമുക്ക് സാധ്യമാകൂ. സ്വന്തം കഴിവുകളുടെ അഹങ്കാരത്തില്‍ വിഹരിക്കുന്ന സമൂഹമല്ല നമുക്കാവശ്യം. മറിച്ച്, ദുര്‍ബലനാണ് എന്ന തിരിച്ചറിവില്‍ ദൈവത്തെ സ്മരിക്കുന്ന എളിമയുളള സമൂഹത്തെയാണ്.

പ്രോത്സാഹനം വിജയം

മൊബൈലില്‍ കളിക്കുകയാണ് ഒമ്പത് വയസ്സ് പോലും പ്രായമാവാത്ത മകള്‍. പിതാവ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഭാവിയില്‍ ഒരുപാട് നല്ല ഗെയിമുകള്‍ അവളിലൂടെ പുറത്തുവരണം എന്നാണ് അയാള്‍ സ്വപ്‌നം കാണുന്നത്. പിതാവ് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. അവള്‍ വളര്‍ന്ന് വലുതായി. നല്ലൊരു ഗെയിമും ക്രിയേറ്റ് ചെയ്തു. ഇനി മറ്റൊരു യുവാവ്, യുവാക്കള്‍ക്കായി വിവിധ ആപ്പുകളുടെ ഒരു സൈറ്റ് രൂപകല്‍പന ചെയ്യുകയാണവന്‍. കുഞ്ഞുനാളിലേ ഇത്തരം കാര്യങ്ങള്‍ക്ക് ഉമ്മയവനെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ മകന്‍ പ്രസ്തുത മേഖലയില്‍ വിദഗ്ധനായി മാറും എന്ന് ആ മാതാവിനുറപ്പുണ്ടായിരുന്നു. അവരുടെ ഊഹം തെറ്റിയില്ല.

ചെറുപ്പം മുതലെ കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കി പ്രോത്സാഹനം നല്‍കുന്നത് ശ്ലാഘനീയമാണ്. കുറച്ച് മുമ്പ് ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. കോടിക്കണക്കിന് രൂപ അപ്ലിക്കേഷനുകളുടെ ഒരു വെബ്‌സൈറ്റിന് വിലയിട്ടിരിക്കുന്നു. നാല് സര്‍വകലാശാല വിദ്യാര്‍ഥികളുടെതാണ് മാസ്റ്റര്‍ ഐഡിയ. അവര്‍ തമ്മില്‍ സന്ദേശങ്ങള്‍ പങ്ക് വെക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ആ വെബ്‌സൈറ്റ്. പിന്നീടത് വളര്‍ന്ന് വലിയൊരു സംഭവമായി.

കുട്ടികളായിരിക്കെ തന്നെ പുതിയ സംരംഭങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. അവരുടെ ഭാവിക്ക് വലിയൊരു മുതല്‍കൂട്ടായിരിക്കും അത്. അത്തരത്തിലൊരു മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ക്കേ പിതാവിന്റെ പ്രോത്സാഹനം അവന് വേണ്ടുവോളമുണ്ടായിരുന്നു. അവന്‍ വളര്‍ന്ന് യുവാവായി. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങുന്ന വേളയില്‍ നമസ്‌ക്കാന്‍ പള്ളിയൊന്നും അവനവിടെ കാണാനായില്ല. ഒരു ഫ്‌ലാറ്റ് വാടകക്കെടുത്ത് നമസ്‌കരത്തിനും ജുമുഅക്കും നേതൃത്വം നല്‍കാന്‍ ഒരു ചെറുപ്പക്കാരനെ പരിശീലിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപവാസികളായ മുസ്‌ലിംകളെ അങ്ങോട്ട് വെള്ളിയാഴ്ച ജുമുഅക്ക് ക്ഷണിക്കുന്നു. നമസ്‌കാര ശേഷം അവരോട് പറയുന്നു ‘നമസ്‌കാരത്തിനായി നിങ്ങള്‍ ഒരുമിച്ച് കൂടിയ ഈ സ്ഥലം ഞാന്‍ വാടകക്കെടുത്തതാണ്. തുടര്‍ന്നും ഇവിടെ നമസ്‌കരിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ തുടര്‍ന്ന് നിങ്ങള്‍ വാടക നല്‍കികൊണ്ടിരിക്കുക.’ ഈ യുവാവ് നിങ്ങളുടെ നമസ്‌കാരത്തിനും ജുമുഅക്കും നേതൃത്വം നല്‍കും.’ അങ്ങനെ ഇവിടെ വിശ്വാസികള്‍ എല്ലാ നമസ്‌കാരങ്ങള്‍ക്കും ആഴ്ചയിലെ ജുമുഅക്കുമായി സംഗമിക്കുന്നു.

കാല്‍ കാശ് ചിലവഴിക്കാതെ മുന്നൂറോളം നമസ്‌കാര കേന്ദ്രങ്ങളാണ് ഈ മനുഷ്യന്‍ തുറന്നത്. ഈ വിജയഗാഥയുടെ രഹസ്യം ഒന്നുമാത്രമായിരുന്നു. അടിച്ചും ശകാരിച്ചും പഴിപറഞ്ഞും നോക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തുമൊന്നുമല്ല അവന്റെ പിതാവ് അവനെ വളര്‍ത്തിയത്. മറിച്ച് മുന്നിട്ടിറങ്ങാനുള്ള ഗുണം ചെറുപ്പത്തിലെ അവനില്‍ മാതാപിതാക്കള്‍ നട്ടുവളര്‍ത്തുകയും ധാരാളമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടികളിലെ അലസതയും താല്‍പര്യക്കുറവിനെയും കുറിച്ച് ഞാനൊരു പഠനം നടത്തുകയുണ്ടായി. അവരെ വളര്‍ത്തുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഇവക്ക് കാരണമായി എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഓരോ കാര്യത്തിനും മുന്നിട്ടിറങ്ങുക എന്ന ഗുണം അവനില്‍ നട്ടുവളര്‍ത്തുന്നിനും പ്രോത്സാഹനം നല്‍കുന്നതിനും മാതാപിതാക്കള്‍ വിമുഖതകാണിക്കുന്നു.

എന്റെയടുക്കല്‍ ഒരിക്കല്‍ ഒരാള്‍ വന്ന് അയാളുടെ വൈവാഹികജീവിതത്തിലെ പ്രയാസങ്ങള്‍ പങ്കുവെച്ചു. ഭാര്യ അയാളുമായി സംസാരിക്കുന്നില്ല എന്നതായിരുന്നു അയാളുടെ പരാതി.
‘ഞാന്‍ പറഞ്ഞു അവളുമായി സംസാരിക്കാന്‍ നീ മുന്‍കയ്യെടുക്കുക’
‘അവളതിന് തയ്യാറായില്ലെങ്കില്‍?’
‘വീണ്ടും ശ്രമിക്കുക’
‘എന്നിട്ടുമവള്‍ തയ്യാറായില്ലെങ്കില്‍?’
‘മൂന്നാമതും ശ്രമിക്കുക എന്നിട്ടും ശരിയായില്ലെങ്കില്‍ അവള്‍ സംസാരിക്കും വരെ വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുക.’
അവന് വിശ്വാസമായില്ല.
‘നിങ്ങള്‍ പോയി ഞാന്‍ പറഞ്ഞതുപോലെ ചെയ്തുനോക്കുക.’
അയാള്‍ പോയി കുറച്ച് നാളുകള്‍ക്ക് ശേഷം വന്ന് എന്നോട് ‘നാലാം തവണയും ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവളെന്നോട് സംസാരിച്ച് തുടങ്ങി.’
ഞാന്‍ ചിരിുകൊണ്ട് പറഞ്ഞു ‘എങ്കില്‍ നിനക്ക് നിന്റെ പ്രശ്‌നങ്ങളുടെ താക്കോല്‍ ലഭിച്ചിരിക്കുന്നു. നീ മുന്‍കയ്യെടുക്കുക എന്നതത്രെ അത്.’

പ്രോത്സാഹനമാണ് ഏറ്റവും ശക്തമായ ഊര്‍ജ്ജം. സംസാരമാണ് അതിലടങ്ങിയ ഏറ്റവും വലിയ ഘടകം. അങ്ങനെ കാര്യങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നവര്‍ ജീവിതത്തില്‍ വിജയം വരിക്കുകയും ചെയ്യുന്നു. പ്രോത്സാഹനം ഏത് രാഷ്ട്രീയക്കാരനെയും സാമ്പത്തിക വിദഗ്ധനെയും പരിശീലകനെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാന്‍ ഒരുപോലെ പ്രേരിപ്പിക്കുന്നു. എഴുത്തുകാരനെയത് എഴുതാന്‍ കാരണമാക്കുന്നു. എന്റെ വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്ന് ഞാനറിഞ്ഞ പാഠമാണിത്. നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു. കളിക്കാരെയത് കൂടുതല്‍ നന്നായി കളിക്കാന്‍ പ്രേരിപ്പിക്കുന്നു. ഖൈബര്‍ യുദ്ധവേളയില്‍ പ്രവാചകന്‍ പ്രയോഗിച്ചത് ഈ വിദ്യയായിരുന്നു. ‘അല്ലാഹും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന, അല്ലാഹുവെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ക്കേ ഞാനീ പതാക നല്‍കൂ’ എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യനാകാന്‍ എല്ലാ അനുചരന്മാരും ആഗ്രഹിച്ചു. അലി(റ) ആയിരുന്നു ആ ഭാഗ്യവാന്‍. അതുകൊണ്ടുതന്നെ പ്രോത്സാഹനം വൈറ്റമിനുകള്‍ പോലെയാണ്. തന്മൂലും യുവാക്കളും പ്രായം ചെന്നവരും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തങ്ങള്‍ക്ക് താല്‍പര്യപൂര്‍വം മുന്‍കയ്യെടുക്കുന്നത് കാണാം.

പരാജയങ്ങളല്ല ; പാഠങ്ങള്‍

പരാജയങ്ങളെ കുറ്റബോധത്തോടെ കാണുന്ന മനോഭാവത്തിനുത്തരവാദി ഭൂരിപക്ഷവും ഇന്നത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ”എല്ലാ ബിരുദധാരികളും വിദ്യാസമ്പന്നരല്ല, എന്നാല്‍ എല്ലാ വിദ്യാസമ്പന്നരും ബിരുദധാരികളുമല്ല ” എന്നാണ് ആപ്തവാക്യം. യഥാര്‍ഥ വിദ്യാഭ്യാസം നേടുന്നത് വിദ്യാലയങ്ങളില്‍ നിന്നല്ല, ജീവിതത്തില്‍നിന്നാണ് എന്ന തിരിച്ചറിവ് അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. അക്കാദമിക് വിദ്യാഭ്യാസവും ജീവിതവും ഇന്ന് രണ്ടായിട്ടാണിരിക്കുന്നത്. അടിസ്ഥാന ശാസ്ത്രങ്ങളും, ചരിത്രവും, ഗണിതവും, ഭാഷയുമെല്ലാം ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നണ്ട്. എന്നാല്‍ ജീവിതലക്ഷ്യങ്ങളെക്കുറിച്ചോ, ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചോ, അവയെ നേരിടേണ്ടരീതികളെക്കുറച്ചോ, പരാജയങ്ങളെ വിശകലനം ചെയ്ത് അതില്‍നിന്ന് പാഠം പഠിക്കുന്നതിനെക്കുറിച്ചോ ഒരു കോഴ്‌സും പഠനപദ്ധതികളില്‍ ഉള്‍പ്പെടുന്നില്ല. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍പോലും പരാജയങ്ങളെ സമചിത്തതയോടെ നേരിടുന്നതിന് പകരം ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയാണ്.

വിജയിക്കുന്ന പഠിതാക്കളെ കടുതല്‍ പരിഗണിക്കുകയും മല്‍സരബുദ്ധിയോടെ ക്ലാസ്സും റാങ്കും നേടിയവരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ച് വിജയം ആഘോഷമാക്കുന്ന മാധ്യമങ്ങളും ഈ കുറ്റബോധം വളര്‍ത്തുന്നതില്‍ പങ്കാളികളാണ്. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ (N.C.E.R.T.) 2006 ല്‍ പുറപ്പെടുവിച്ച ഒരു നിര്‍ദേശത്തില്‍ ”പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റില്‍ ‘പരാജയം’ എന്ന Fail എന്ന വാക്ക് ഒഴിവാക്കി പകരം ‘തൃപ്തികരമല്ല’, ‘ ഉദ്ദേശിച്ച നിലവാരത്തിലെത്താന്‍ കൂടുതല്‍ പ്രയത്‌നിക്കണം’, എന്നാണ് അറിയിക്കുന്നത്.

പരാജയത്തേക്കുറിച്ച് ചിന്തിച്ച് ദഃഖിച്ചുകൊണ്ടിരുന്നാല്‍, തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി മുന്നേറാനുള്ള കരുത്ത് നഷ്ടപ്പെടുകയാണുണ്ടാവുക. ഓരോ പരാജയവും അബദ്ധമല്ല, മറിച്ച് ഓരോ തിരിച്ചറിവാണ്. വൈദ്യുതി ബള്‍ബ് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളില്‍ നിരവധി തവണ പരാജയം രുചിച്ച തോമസ് ആല്‍വാ എഡിസനോട് പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”ഒരു തവണപോലും ഞാന്‍ പരാജയപ്പെട്ടിട്ടില്ല. ഞാന്‍ ഉണ്ടാക്കിയ ലോഹസങ്കരണങ്ങള്‍ ബള്‍ബ് നിര്‍മാണത്തിന് യോജിച്ചതല്ല എന്ന പാഠങ്ങല്‍ പഠിക്കുകയായിരുന്നു.” എന്നാണദ്ദേഹം പറഞ്ഞത്. യഥാര്‍ഥത്തില്‍ എഡിസന്റെ പരീക്ഷണങ്ങളില്‍ നിന്ന് ആയിരത്തില്‍ പരം അനുഭവപാഠങ്ങളും ഒരു ബള്‍ബും ലഭിച്ചു എന്നതാണ് വസ്തുത.

1482 ഓഗസ്റ്റ് 3 ന്ന് സ്‌പെയിനില്‍ നിന്ന് ഇന്ത്യ കണ്ടെത്താനായി പുറപ്പെട്ട ക്രിസ്റ്റഫര്‍ കൊളമ്പസ് എന്ന സ്ഹസികന്‍ ഒരു പാട് ദുരിതങ്ങള്‍ അനഭവിച്ച കപ്പല്‍ യാത്രക്കൊടുവില്‍ ഇന്ത്യ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഒക്‌ടോബര്‍ 12 ന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിപ്പെട്ട് അമേരിക്ക കണ്ടെത്തിയ കപ്പല്‍ സഞ്ചാരിയായി വാഴ്ത്തപ്പെട്ടു. കൊളമ്പസിന്റെ പരാജയം മറ്റൊരു അവസരവും വിജയവുമായി മാറുകയാണുണ്ടായത്.

എല്ലാ അനുഭവത്തില്‍ നിന്നും എല്ലാ മനുഷ്യരില്‍ നിന്നും ഒരു മനുഷ്യന്ന് എന്തെങ്കിലും പഠിക്കുവാനുണ്ടാകും. ഏറ്റവും മഹത്തായ അധ്യാപകന്‍ അനുഭവമാണ്. അത് വ്യക്തികള്‍ക്കും, കാലത്തിനും, സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും.

”നിങ്ങള്‍ക്കു ഗുണകരമായ ഒരുകാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.” (ഖുര്‍ആന്‍ – 2 : 216)
മുനഫര്‍ കൊയിലാണ്ടി

മുസ്ലിം ഭീകരത മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിധം

ഇനാമുറഹ്മാന്‍
2706686582_d4d1a63529_z
നാലുവര്‍ഷം മുമ്പ് മലപ്പുറം ‘മാധ്യമം’ ബ്യൂറോയില്‍ ജോലിചെയ്യുന്ന സമയത്ത് നടന്ന സംഭവമാണ്. വൃദ്ധനായ ഒരു മനുഷ്യന്‍ ഓഫിസിലേക്ക് കടന്നുവന്നു. കാഴ്ചയില്‍ ഒരു മുസ്ലിയാരെപോലെ തോന്നിച്ചു. കൈയിലുള്ള ഫയല്‍ മേശപ്പുറത്തുവെച്ച് വിനയപൂര്‍വം മുന്നില്‍ നിന്ന അയാളോട് ഇരിക്കാന്‍പറഞ്ഞു. എന്‍െറ മുന്നിലിരുന്ന മനുഷ്യന്‍ പതിയെ സംസാരിച്ചുതുടങ്ങി: ‘ഇന്നലെ ‘കേരള കൗമുദി’, ‘മലയാള മനോരമ’, ‘മാതൃഭൂമി’ പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. കൊടുംഭീകരനും കേരളത്തിലുള്‍പ്പെടെ നടന്ന ഭീകരാക്രമണങ്ങളുടെ തലച്ചോറുമായ അബ്ദു ഉസ്താദ് വിദേശത്തേക്ക് കടന്നു എന്നാണ് വാര്‍ത്ത. അതില്‍ പറയുന്ന ഉസ്താദാണ് ഞാന്‍! രാജ്യം വിട്ടുവെന്ന് പറയുന്ന ഞാന്‍ കുറച്ചു ദിവസമായി എന്‍െറ തറവാടുവീടായ വളാഞ്ചേരിയിലുണ്ട്. വര്‍ഷങ്ങളായി ഹൈദരാബാദിലുള്ള നൂരിഷ ത്വരീഖത്തിന്‍െറ ആസ്ഥാനത്ത് അധ്യാപകനാണ്. കുടുംബസമേതം അവിടെയാണ് താമസം. ഇടക്കിടെ വളാഞ്ചേരിയില്‍ വന്നുപോവാറുണ്ട്. ഞാന്‍ രാജ്യം വിടുകയോ ഒളിവില്‍ പോവുകയോ ചെയ്തിട്ടില്ല. ഇതു ബോധ്യപ്പെടുത്താനാണ് നേരിട്ടുവന്നത്’. എന്‍െറ അമ്പരപ്പ് മാറുന്നതിനിടയില്‍ അയാള്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മുന്നിലേക്ക് നീക്കിയിട്ട് പറഞ്ഞു: ‘സത്യാവസ്ഥ നിങ്ങള്‍ കൊടുക്കണം. വളാഞ്ചേരിയിലേക്ക് വരുന്നുണ്ടെങ്കില്‍ നമുക്ക് വിശദമായി സംസാരിക്കാം. എന്‍െറ ഫോണ്‍ നമ്പര്‍ ഇതാ.’ അടിസ്ഥാനരഹിതമായ വാര്‍ത്തനല്‍കിയതിന് കേസ് കൊടുത്തുകൂടേ എന്ന ചോദ്യത്തിന് ഒരു ചെറുചിരി സമ്മാനിച്ച് അദ്ദേഹം തിരിച്ചുപോയി. തലേന്നുവന്ന പത്രങ്ങളില്‍ ഒന്നാം പേജില്‍ നാലു കോളത്തില്‍ ഫോട്ടോ സഹിതം നിറഞ്ഞുനിന്ന അബ്ദു ഉസ്താദാണ് എന്‍െറ മുന്നില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് വിശ്വസിക്കാനായില്ല. പത്രങ്ങള്‍ എടുത്ത് വീണ്ടും പരിശോധിച്ചു. പിടികിട്ടാനുള്ള കൊടുംഭീകരന്‍, ഭീകരാക്രമണങ്ങളുടെ തലച്ചോര്‍, തടിയന്‍റവിട നസീര്‍, ഷഫാസ് തുടങ്ങിയ ഭീകരരുടെ ഉസ്താദ്, വിദേശത്തേക്ക് കടന്ന ഉസ്താദ് ലശ്കര്‍ താവളത്തിലത്തെി തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി മാധ്യമങ്ങള്‍ ആഘോഷിച്ച മനുഷ്യനാണ് ഉടലോടെ ഓഫിസില്‍ കയറിവന്നത്.
അദ്ദേഹം എല്ലാ പത്രങ്ങളുടെയും ഓഫിസില്‍ കയറി വാര്‍ത്തനല്‍കിയെന്നാണ് അറിയാന്‍കഴിഞ്ഞത്. എന്നാല്‍, തന്നെ ഭീകരനാക്കിയ പത്രങ്ങളിലൊന്നും അദ്ദേഹത്തിന്‍െറ നിഷേധക്കുറിപ്പ് വന്നില്ല. ഒരു ഭീകര വാര്‍ത്ത ചുട്ടെടുക്കുന്നതിന്‍െറയും അത് ആഘോഷിക്കുന്നതിന്‍െറയും നെറികെട്ട സമീപനത്തിന് ഇതിലും നല്ല ഉദാഹരണം ആവശ്യമില്ല.
ഭീകരവാര്‍ത്തകളുടെ ചാകരയടിച്ച ആ കാലത്ത് മലയാള പത്രങ്ങളിലും ചാനലുകളിലും വന്നുപോയ വാര്‍ത്തകള്‍ പലതും ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും വന്‍ സ്ഫോടനങ്ങള്‍ നടത്താന്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ റിച്ചാര്‍ഡ് ഹെഡ്ലിയുമായി കരാറുണ്ടാക്കി, നൂരിഷ ത്വരീഖത്തിന്‍െറ ആസ്ഥാനമായ ഹൈദരാബാദ് ഭീകരവാദികളുടെ റിക്രൂട്ട്മെന്‍റ് കേന്ദ്രം തുടങ്ങിയ അത്യുഗ്രന്‍ വിവരങ്ങള്‍ അന്ന് മാധ്യമങ്ങള്‍ വിളമ്പിയ പെരും നുണകളില്‍ ചിലത്.
മുസ്ലിം ഭീകരതക്ക് വില്‍പന സാധ്യത കൂടുതലാണ്. അതാണ് ഇത്തരം വാര്‍ത്തകള്‍ ഇടക്കിടെ പൊട്ടിമുളക്കുന്നതിന്‍െറ കാരണം. അതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചി കണ്ണമാലിക്കാരന്‍ പാക് ഭീകരന്‍ വഖാസ് അഹ്മദിനെ കേരളത്തില്‍ സഹായിച്ച ‘ഭീകരനായ’ മലയാളി ഡോക്ടറായ വാര്‍ത്ത. അബു ഉസ്താദിനെ ഭീകരനാക്കിയ അതേ മാധ്യമങ്ങളില്‍ ചിലതുതന്നെയാണ് കണ്ണമാലിക്കാരന്‍ വിനു വര്‍ഗീസ് എന്ന അഫ്സല്‍ വര്‍ഗീസിനെയും ഭീകരനാക്കിയത്. ഭീകരത മുസ്ലിം സമുദായത്തിന്‍െറ മേല്‍ ചാപ്പകുത്തുന്നതിന് എപ്പോഴൊക്കെ സന്ദര്‍ഭം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് സമര്‍ഥമായി ഉപയോഗിക്കാന്‍ ഈ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുമുണ്ട്. പൊലീസ് സ്രോതസ്സുകളാണ് ഭീകരവാര്‍ത്തകളുടെ പ്രധാന ഉറവിടം. തുടക്കത്തില്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയേ തരമുള്ളൂ. എന്നാല്‍, അതിന്‍െറ പിന്നാമ്പുറം ചികഞ്ഞാല്‍ അതിനപ്പുറത്താണ് യാഥാര്‍ഥ്യമെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും തീവ്രവാദ കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവുന്നു. എല്ലാതരം ഭീകരതയോടും ഈ സമീപനമാണ് ഇത്തരം മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ ഒരുപരിധിവരെ അത് ന്യായീകരിക്കപ്പെടുമായിരുന്നു. എന്നാല്‍, ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഭീകരാക്രമണ വാര്‍ത്തകള്‍ പലപ്പോഴും മുക്കുകയോ കൊടുത്താല്‍തന്നെ അപ്രധാനമായി ഉള്‍പ്പേജുകളില്‍ ഒതുക്കുകയോ ആണ് നടപ്പുരീതി. അപ്പോള്‍ തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തിന്‍െറ പ്രശ്നമാണിതെന്ന് വ്യക്തമാണ്.
ഡോ.ഇബ്രാഹീം അലി ജുനൈദ്, മുഹമ്മദ് നസ്റുദീന്‍, മുഹമ്മദ് ശരീഫ്, മൗലാന മസൂദ്, ദിലാവര്‍ ഹുസൈന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് ആമിര്‍ഖാന്‍, മുതീഉര്‍റഹ്മാന്‍, യൂസുഫ് നല്‍ബന്ദി, അഹ്മദ് മിര്‍സ, ഹനീഫ, ഏര്‍വാടി ഖാസിം, അബ്ദുറഹീം, മുഹമ്മദ് ഗനി, മുഹമ്മദ് അലി ഖാന്‍, ശംസാദ് അഹ്മദ്, റിയാദുറഹ്മാന്‍, മുഹമ്മദ് ദസ്തഗീര്‍, അശ്റഫ് അലി, അബ്ദുല്ല ജുബൈര്‍, നൂര്‍ അഹ്മദ്, താരീഖ് അക്തര്‍, അബ്ദുസത്താര്‍, കരീം, മസൂദ് അഹ്മദ്, അര്‍ശദ് ഖാന്‍, മുഹമ്മദ് നസറുദ്ദീന്‍, ഫയാസ് ഖാന്‍, അബ്ദുറഹീം, അബ്ദുല്‍ ഖാദര്‍, ശൈഖ് മുഹമ്മദ്, ഗുലാം അസ്ലം, അബ്ദുല്‍ കരീം, അബ്ദുല്‍ വാജിദ്, അബ്ദുല്‍ മജീദ്, മുഹമ്മദ് റഈസ്, മുസ്തഫ അലി, ഇബ്രാഹീം അലി, മുഹ്തസിം ബില്ല, ഗുലാം ഹസന്‍, മുഹമ്മദ് ശകീല്‍… രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തീവ്രവാദകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒന്നുമുതല്‍ 18 വര്‍ഷംവരെ തടവുശിക്ഷ അനുഭവിച്ച് നിരപരാധികളാണെന്ന് കണ്ടത്തെി വിട്ടയച്ച മുസ്ലിം യുവാക്കളില്‍ ചിലരുടെ പേരുകളാണിത്. ഈ പട്ടിക ഒരുപാട് വലുതാണ്.
പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍വരെ ഇക്കൂട്ടത്തിലുണ്ട്. ഒരു തെളിവുമില്ലാതെ നിരപരാധികളെ പിടിച്ച് സ്ഫോടന കേസില്‍ പെടുത്തി അകത്തിടുന്നുണ്ടെന്നാണല്ളോ ഇതു സൂചിപ്പിക്കുന്നത്. ഇവരൊക്കെയും പിടിക്കപ്പെട്ട സമയത്ത് കൊടുംഭീകരരായും ലശ്കറെ ത്വയ്യിബ, ഹുജി പോലുളള ഭീകര സംഘടനകളുമായി ബന്ധമുള്ളവരുമായാണ് മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെട്ടത്. പലരെക്കുറിച്ചും ദിവസങ്ങളോളം ഭീകരകഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍, കോടതി വിട്ടയച്ചപ്പോള്‍ ഇതേ മാധ്യമങ്ങള്‍ അത് കണ്ടില്ളെന്ന് നടിച്ചു. ഇതാണ് ഭീകര കേസുകള്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്നതിന്‍െറ രീതി.
നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭീകരാക്രമണങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിന് ന്യായീകരണമില്ല. അവിടെ ജാതിയും മതവുമില്ല. അവര്‍ ശിക്ഷിക്കപ്പെടുകയും വേണം. ജയിലുകളില്‍ കിടക്കുന്നവരൊക്കെ നിരപരാധികളാണെന്ന് ആരും വാദിക്കുന്നില്ല. എന്നാല്‍, കള്ളക്കേസുകളില്‍ പിടികൂടിയ ഉടന്‍തന്നെ അവരെ ഭീകരരാക്കി ചിത്രീകരിച്ച് ജീവിതം നശിപ്പിച്ച് ഒടുവില്‍ നിരപരാധികളാണെന്നുപറഞ്ഞ് വിട്ടയക്കുന്നത് ഏതു രീതിയിലും അംഗീകരിക്കാനാവില്ല.
അതിന് കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? കള്ളക്കേസുകളുണ്ടാക്കി മുസ്ലിം യുവാക്കളെ പീഡിപ്പിക്കുന്ന പൊലീസുകാരെ ശിക്ഷിക്കുമെന്നും നിരപരാധികളെ വിട്ടയക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍ജവംകാണിച്ച ആം ആദ്മി പാര്‍ട്ടിയെ ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കാതെ വയ്യ.