Category Archives: നിറങ്ങള്‍

യഥാര്‍ഥ മഹത്വത്തിലേക്കുള്ള വഴി

യഥാര്‍ഥ മഹത്വത്തിലേക്കുള്ള വഴി
3d-person-question-mark-7518911
ജനങ്ങളുമായി ഇടപഴകാതെ നാം മാറി നില്‍ക്കുമ്പോള്‍ അവരില്‍ ആത്മീയമായി ഏറ്റവും വിശുദ്ധന്‍ നമ്മളാണെന്ന് നമുക്ക് തോന്നും. വലിയ കാര്യങ്ങളൊന്നും നാം ചെയ്തിട്ടില്ലെങ്കിലും ജനങ്ങളില്‍ ഏറ്റവും ശുദ്ധമായ മനസ്സിനുടമയും ഏറ്റവും ബുദ്ധിമാനും വിശാലഹൃദയനും നാം തന്നെയാണെന്ന് നമുക്ക് സ്വയം തോന്നുന്നു. എന്നാല്‍ ഏറ്റവും എളുപ്പമുള്ളതും ലളിതവുമായ വഴിയാണ് നമുക്ക് വേണ്ടി നാം തെരെഞ്ഞെടുത്തിരിക്കുന്നത്.

വിട്ടുവീഴ്ച്ചയുടെ ആത്മാവുള്‍ക്കൊണ്ട് ജനങ്ങളുമായി ഇടപഴകലാണ് യഥാര്‍ഥ മഹത്വം. അവരുടെ ദൗര്‍ബല്യങ്ങളിലും കുറവുകളിലും വീഴ്ച്ചകളിലും അനുകമ്പ കാണിക്കുന്നവരായി മാറണം. അവരെ സംസ്‌കരിച്ച് നമ്മുടെ നിലവാരത്തിലേക്ക് അവരെ കൂടി ഉയര്‍ത്തി കൊണ്ടുവരുന്നതിന് സാധ്യമാകുന്നത്ര ശ്രമിക്കാനുള്ള താല്‍പര്യമായിരിക്കണം നമുക്കുണ്ടാവേണ്ടത്.

നമ്മുടെ മഹത്വവും ഔന്നിത്യവും ഉപേക്ഷിക്കണമെന്നല്ല അതിന്റെ അര്‍ഥം. അല്ലെങ്കില്‍ ഈ ജനങ്ങളുടെ മോശമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കണമെന്നോ അവര്‍ക്ക് മുഖസ്തുതി പറയണമെന്നോ എന്നല്ല അതിന്റെ ഉദ്ദേശ്യം. അവരേക്കാള്‍ മുകളിലാണ് നാം എന്ന് വരെ ബോധ്യപ്പെടുത്തലുമല്ല അതിന്റെ അര്‍ഥം. മറിച്ച് പരസ്പര വിരുദ്ധമായ ഇവ രണ്ടിനെയും ചേര്‍ത്തുവെക്കുകയാണ് വേണ്ടത്. ഹൃദയ വിശാലത അതിന് അനിവാര്യമാണ്. അതാണ് യഥാര്‍ഥ മഹത്വം.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

പ്രകൃതിസൗഹൃദ സാങ്കേതികവിദ്യയും ഇസ് ലാമും

ഭൗതികസമ്പത്തും സാങ്കേതികപുരോഗതിയും കൈമുതലായുണ്ടെങ്കില്‍ എല്ലാമായി എന്ന ചിന്ത മനുഷ്യകുലത്തിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. സാമ്പത്തികഭൗതികവാദത്തിന്റെ ദര്‍ശനമാണ് നമുക്കുചുറ്റും അതിര്‍കെട്ടുന്ന സാങ്കേതികപുരോഗതിയുടെയും നാഗരികഎടുപ്പുകളുടെയും രൂപഭാവങ്ങളെ സൃഷ്ടിക്കുന്നത്. തികച്ചും മത്സരോത്സുകവും പ്രതിലോമകരവുമായ വികസനരീതിശാസ്ത്രത്തെ അത് വളര്‍ത്തിയെടുക്കുന്നു. മനുഷ്യരാശിയുടെ മൊത്തം പ്രവര്‍ത്തനങ്ങളെ അത് നിര്‍ണയിക്കുന്നു. അതാകട്ടെ, ഇന്നുനാംകാണുന്നതുപോലെ അസന്തുലതിതവും മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുംവിധം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. ഇതെല്ലാംതന്നെ പരിസ്ഥിതിക്കേല്‍പിക്കുന്ന പരിക്കുകള്‍ നിസ്സാരമല്ലെന്ന് ആധുനികയുഗത്തിലെ പ്രതിസന്ധികള്‍ നമ്മെ അറിയിക്കുന്നു. മുസ് ലിംകളെന്ന നിലക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്ന് മനസ്സിലാക്കി അതിനെ നേരിടേണ്ടതുണ്ട്. ആധുനികസാങ്കേതികലോകം നമുക്കുനല്‍കുന്ന എല്ലാ ‘വികസനപ്രക്രിയ’കളെയും സൂക്ഷ്മമായി വിലയിരുത്തിമാത്രമേ നാം അത് സ്വീകരിക്കാന്‍ പാടുള്ളൂ.

മനുഷ്യരാശിക്ക് ശാന്തിയും സമാധാനവും പ്രധാനംചെയ്യാന്‍ പര്യാപ്തമല്ല ആധുനികസാമ്പത്തികക്രമം എന്ന് നമുക്കറിയാം. എന്നല്ല, ആ സാമ്പത്തികക്രമം പ്രകൃതിയെ ഒന്നാകെത്തന്നെ പരിക്കേല്‍പിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ് അതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് നാം.

സാങ്കേതികവിദ്യകള്‍ എങ്ങനെയായിരിക്കണം എന്നതിന് പ്രത്യേകകാഴ്ചപ്പാട് നമുക്ക് വേറെ തന്നെ രൂപപ്പെടുത്തേണ്ട ആവശ്യംതന്നെയില്ല. കാരണം, നാമൊക്കെ വിധേയപ്പെട്ടുനില്‍ക്കുന്ന ഇസ് ലാം അതിനാവശ്യമായ അടിസ്ഥാനനിയമങ്ങളും കാഴ്ചപ്പാടുകളും നമുക്ക് പകര്‍ന്നുതന്നിട്ടുണ്ട്. ആ കാഴ്ചപ്പാടും തത്ത്വശാസ്ത്രത്തിനും അനുഗുണമായ രീതിയില്‍ ഒരു പ്രായോഗികരീതി കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തമേ നമ്മുടെ മേലുള്ളൂ. ഈ ലേഖനത്തില്‍ അത്തരമൊരു രീതിശാസ്ത്രത്തിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പ്രതിപാദിക്കുകയല്ല, മറിച്ച്, എത്രത്തോളം ദൂഷ്യവിമുക്തമായ, ഈമാനികോത്തേജനമായ, ഉത്തരവാദിത്തബോധം പകര്‍ന്നുനല്‍കുന്നതാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

പെര്‍മാകള്‍ചര്‍ ഡിസൈന്‍(കൃഷിസൗഹൃദസംസ്‌കാരം)

പെര്‍മാകള്‍ചര്‍ രൂപകല്‍പന വളരെ വിശാലാര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഭൂമിയെ,പ്രകൃതിയെ ദ്രോഹിക്കാതെ, ചൂഷണംചെയ്യാതെ, അവ നമുക്ക് നല്‍കുന്ന വിഭവങ്ങളെ സൗമ്യമായും സൗഹൃദപരമായും ഉപയോഗിച്ച് പരിപോഷിപ്പിക്കുന്ന ഉത്പാദനപരമായ ജീവിതസംസ്‌കാരമാണ് പെര്‍മാകള്‍ചര്‍. അത്തരമൊരു സംസ്‌കാരത്തില്‍നിന്നുത്ഭൂതമാകുന്ന സാങ്കേതികവിദ്യകള്‍ പ്രകൃതിക്ക് പരിക്കേല്‍പിക്കില്ല. ഈ പെര്‍മാകള്‍ചര്‍ രൂപകല്‍പനയ്ക്ക് 3 അടിസ്ഥാനഘടകങ്ങളുണ്ട്. 1. ധാര്‍മികവശം: ഭൗമപരിപാലനം, മാനവപരിപാലനം, നീതിപൂര്‍വമായ പങ്കുവെപ്പ് എന്നിവയിലൂന്നിയതാണ് അതിന്റെ ധാര്‍മികവശം.

2. പ്രായോഗികവശം: മേല്‍പറഞ്ഞ ധാര്‍മികവശങ്ങള്‍ പരിഗണിച്ചുകൊണ്ട് പ്രകൃതിയെ സമീപിക്കാമെന്നും അതില്‍നിന്ന് സദ്ഫലങ്ങള്‍ ഉപയോഗിക്കാമെന്നും നമ്മെ വഴികാണിക്കുന്നതാണ് പ്രായോഗികവശം. പ്രകൃതിനിരീക്ഷണത്തിലൂടെയാണ് അത് സാധ്യമാകുന്നത്. പരമ്പരാഗതരീതികളെയും ആധുനികരീതികളെയും തമ്മില്‍ താരതമ്യംചെയ്ത് അതിന്റെ നല്ലവശങ്ങള്‍ സ്വാംശീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 3. സാങ്കേതികവശം: മേല്‍പറഞ്ഞ രണ്ടുവശങ്ങളെയും ഒന്നിച്ചുചേര്‍ത്ത് അത് പ്രാവര്‍ത്തികമാക്കുന്ന, നീതിയുക്തമായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇത്.

പെര്‍മാകള്‍ചര്‍ രീതിശാസ്ത്രം ഇസ്‌ലാമിന് എതിരല്ല. നിലവില്‍ ആ രീതിശാസ്ത്രത്തിലെ പ്രായോഗികരീതികള്‍ക്ക് ഇസ്‌ലാമിന്റെ ദര്‍ശനങ്ങളിലൂന്നിയുള്ള ചില മാര്‍ഗദര്‍ശനങ്ങള്‍ നല്‍കിയാല്‍ മാത്രം മതിയാകും. നിലവിലുള്ള ആധുനികസാങ്കേതികവിദ്യ ആമൂലാഗ്രം ആര്‍ത്തിയില്‍ അധിഷ്ഠിതമായ സാമ്പത്തികവീക്ഷണത്തില്‍നിന്ന് ഉണ്ടായതെന്ന തീവ്രവാദമൊന്നും നാം വെച്ചുപുലര്‍ത്തേണ്ടതില്ല.

സന്തുലിതത്വം

അവന്‍ ആകാശത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.(അര്‍റഹ് മാന്‍ 7,8).

സൈതൂന കോളേജിലെ ഇമാം ദാവൂദ് യാസീന്‍ പറയുന്നത് പെര്‍മാകള്‍ചര്‍ എന്നത് സന്തുലിതരീതിയാണെന്നാണ്. ‘ഇസ് ലാമും പെര്‍മാകള്‍ചറും വീണ്ടെടുപ്പിനെയും സന്തുലിതത്വത്തെയും കുറിച്ച് സംസാരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാം സന്തുലിതമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് സാഹോദര്യത്തെയും ഏകത്വത്തെയും ആണ്. ഇസ്‌ലാമികപാരമ്പര്യത്തിലാകട്ടെ, മനുഷ്യന്റെ ശാരീരികപ്രകൃതിയില്‍തന്നെ ഈ സന്തുലനവും ഏകതാബോധവും കാണാനാകുമല്ലോ. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, ഈ ഗുണങ്ങളെയെല്ലാം നശിപ്പിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളിലാണ് നാം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ഹൃദയത്തിനും ആത്മാവിനും ഏറ്റ പരിക്കുകള്‍ പരിഹരിക്കുന്ന വികസനമാതൃകകള്‍ നാം സ്വീകരിക്കേണ്ടതുണ്ട്.’

മുസ് ലിംകള്‍ അതുകൊണ്ടുതന്നെ പെര്‍മാകള്‍ചര്‍ രീതികളെ അടുത്തറിയേണ്ടതുണ്ട്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അതിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് വളരെ ചൈതന്യവത്തായ വികസനമാതൃക ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കേണ്ടതായിരിക്കുന്നു. സമാനാശയക്കാരായ സഹോദരങ്ങള്‍ പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുകയും നവീനമായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുകയും വേണം. ലോകത്തിന് വികസനത്തിന്റെ തലതിരിഞ്ഞ മാതൃകകള്‍ക്കുപകരം അനുകരണമീയ പ്രകൃതിസൗഹൃദവികസനം കാഴ്ചവെക്കാനായിരിക്കണം നമ്മുടെ ശ്രമം. അല്ലാതെ നിലവിലെ വികസനപദ്ധതികളെ തത്ത്വദീക്ഷയില്ലാതെ വിമര്‍ശിച്ച് വീടകങ്ങളിലൊതുങ്ങുകയല്ല വേണ്ടത്.

യൂസുഫ് നബി മുതല്‍ മുഹമ്മദ് ബദീഅ് വരെ

ഈജിപ്തിലെ തടവറകള്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാലും നേതാക്കളാലും നിറഞ്ഞിരിക്കുന്നു. അവവിടത്തെ തെരുവുകളും ചത്വരങ്ങളും ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ചുടുചോര കൊണ്ട് ചെഞ്ചായമണിഞ്ഞിരിക്കുന്നു. രക്തസാക്ഷികളുടെ കൂട്ടത്തില്‍ ശഹീദ് ഹസനുല്‍ ബന്നയുടെ പേരകുട്ടിയുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇന്റെയും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ടി പ്രസിഡന്റിന്റെയും മക്കളുമുണ്ട്.

രക്തസാക്ഷ്യവും തടവറയും വിശ്വാസികള്‍ക്ക് പുതുമയുള്ളതല്ല. ഭൂമിയില്‍ ആദ്യം ഇറ്റിവീണ രക്തതുള്ളികള്‍ ഒരു കുറ്റവാളിയുടെ പാപത്തിന്റെ ചോരയല്ല. ഒരു പുണ്യവാളന്റെ വിശുദ്ധ രക്തമാണ്. ഏതൊരു ചെറുപ്പക്കാരനും പാപത്തിന്റെ പാഴ്‌ചേറിലമര്‍ന്നേക്കാവുന്ന പ്രതികൂല പരിതസ്ഥിതിയില്‍ പരിശുദ്ധി പുലര്‍ത്തിയതിന്റെ പേരില്‍ പ്രവാചകനായ യൂസുഫ് നബിക്ക് എട്ടൊമ്പത് കൊല്ലം കാരാഗൃഹത്തില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തെ പാപത്തിന് പ്രേരിപ്പിച്ച പെണ്ണ് പ്രഭുവിന്റെ കൊട്ടാരത്തിലെ മെത്തയില്‍ കഴിയവെയാണിത്.

രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ഇസ്‌ലാമിക നവോത്ഥാനമോ പരിഷ്‌കരണ പ്രവര്‍ത്തനമോ ചരിത്രത്തിലുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും രണ്ടിലൊരവസ്ഥ അനിവാര്യമായിരുന്നു. ഒന്നുകില്‍ ഭരണപക്ഷം, അല്ലെങ്കില്‍ പ്രതിപക്ഷം. ഭരണപക്ഷത്തായിരുന്നവര്‍ ഇസ്‌ലാമിന്റെ പ്രയോഗവല്‍കരണത്തില്‍ വ്യാപൃതരായി. മറുഭാഗത്ത് നിലകൊണ്ടവരായിരുന്നു ഏറെ പേരും. അവര്‍ കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പലരും രക്തസാക്ഷികളായി. അബ്ദുല്ലാഹ് ബിന്‍ സുബൈറും ഇമാം ഹുസൈനും(റ) മുതല്‍ ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും വരെയുള്ള നീണ്ടനിര അക്കൂട്ടത്തിലുണ്ട്.

ജയിലിലടക്കപ്പെട്ടവരുടെ പട്ടിക വളരെ വലുതാണ്. ഇമാം അബൂഹനീഫ, മാലിക് ബിന്‍ അനസ്, ശാഫിഈ, അഹ്മദ് ബിന്‍ ഹമ്പല്‍, ഇബ്‌നു തൈമിയ്യ, ശൈഖ് അഹ്മദ് സര്‍ഹിന്ദി, ഷാ ഇസ്മാഈല്‍ ശഹീദ്, സഈദ് നൂര്‍സി, അബ്ദുല്‍ ഖാദിറുല്‍ ജസാഇരി, ഹസനുല്‍ ബന്ന, അബ്ദുല്‍ ഖാദര്‍ ഔദ, സയ്യിദ് ഖുതുബ്, അമീന ഖുതുബ്, മുഹമ്മദ് ഖുതുബ് തുടങ്ങി എണ്ണിയാലൊടുങ്ങാത്തതാണ് തടവറയിടപ്പെട്ട വിശ്വാസികളുടെ സംഖ്യ.

അതുകൊണ്ട് തന്നെ മുഹമ്മദ് ബദീഉം കൂട്ടുകാരും കാരാഗൃഹത്തിലടക്കപ്പെടുന്ന വിശ്വാസികളുടെ നീണ്ട പരമ്പരയിലെ അവസാന കണ്ണികള്‍ മാത്രം. പ്രവാചകനായ യൂസുഫ് നബിയില്‍ നിന്ന് തുടങ്ങിയതാണല്ലോ തടവറകളുടെ ഈ ചരിത്രം. അവരൊക്കെയും ചെയ്തത് ഒരൊറ്റ തെറ്റുമാത്രം. ‘അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല, സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതല്ലാതെ.’ (ഖുര്‍ആന്‍ – 85 :8) ആ വിശ്വാസത്തിന്റെ താല്‍പര്യ പൂര്‍ത്തീകരണത്തിനിടയിലാണ് ഇതൊക്കെയും സംഭവിച്ചത്.427128_389413227740507_1907613120_n (1)

എന്താണ് ഇസ്ലാമിക കല?

images (6)
എന്താണ് ഇസ്ലാമിക കല?
ഇസ്ലാമിക നാഗരികതയില്‍ ഉരുവം പ്രാപിച്ചവയും അന്യനാഗരികതകളില്‍നിന്ന് പ്രതിഭാധനരായ മുസ്ലിംകലാകാരന്മാര്‍ സ്വാംശീകരിച്ച് സവിശേഷമായ ഇസ്ലാമിക സ്പര്‍ശം നല്‍കിയവയുമായ കലകളെയാണ് ഇസ്ലാമിക കലകള്‍ എന്നു പറയുന്നത്. ഇസ്ലാമിന്റെ കലാപൈതൃകത്തെ സൂചിപ്പിക്കാന്‍ ആംഗലേയ ഗ്രന്ഥകാരന്മാര്‍ ആര്‍ട്ട് ഓഫ് ഇസ്ലാം, ഇസ്ലാമിക് ആര്‍ട്ട് എന്നീ സംജ്ഞകള്‍ ഉപയോഗിക്കാറുണ്ട്. അറബിയില്‍ എല്ലാ കലകളെയും സൂചിപ്പിക്കാന്‍ ഫന്ന് എന്ന പദം ഉപയോഗിക്കുന്നു. വൈജ്ഞാനിക കലകളെക്കൂടി ഉള്‍ക്കൊള്ളാനുള്ള വിശാലത ഈ വാക്കിനുണ്ട്. ഇസ്ലാമികകലയെ സംബന്ധിച്ചുള്ള പുസ്തകങ്ങളുടെ വൈവിധ്യം പരിഗണിക്കുമ്പോള്‍ ഇതൊരു പ്രത്യേക പഠനശാഖയുടെ സ്വഭാവം ആര്‍ജിച്ചിരിക്കുന്നു എന്നു പറയാം.

എന്താണ് ഇസ്ലാമിക കല?
ജോനാഥന്‍ ബ്ളൂമും ഷീലാ ബ്ളയറും എഴുതുന്നു: “The term ‘Islamic Art’ refers not only to the art made for Islamic practices and setting but also to the art made by and for people who lived or live in lands where most -or the most important- people were or are muslims, that is beavers in Islam” (ഇസ്ലാമിക ആചാര സമ്പ്രദായങ്ങള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട കലയെ മാത്രമല്ല ‘ഇസ്ലാമിക കല’ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഏറ്റവും പ്രധാനമായി മുസ്ലിംകള്‍ ജീവിച്ചിരുന്നതോ ജീവിക്കുന്നതോ ആയ നാടുകളിലെ ജനങ്ങളും ആ ജനങ്ങള്‍ക്കുവേണ്ടിയും നിര്‍മിക്കപ്പെട്ട കലകളെക്കൂടിയാണ്). ഇസ്ലാമിക സംസ്കാരം നിലനിന്ന എല്ലാ നാടുകളിലും ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന എല്ലാ കലകളും ഇസ്ലാമികകലയുടെ പരിധിയില്‍ വരുന്നു എന്ന് ഈ നിര്‍വചനം വ്യക്തമാക്കുന്നു. കലാ ചരിത്രത്തിലെ പതിവനുസരിച്ചുള്ള കാല‏‏‏‏‏ദേശ വിഭജനം ഇസ്ലാമികകലയില്‍ പ്രസക്തമല്ലാതാവുന്നത് ഇതുകൊണ്ടാണ്. കാല‏‏‏‏‏ദേശങ്ങള്‍ ഇസ്ലാമിക കലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും ആ സ്വാധീനം അതിന്റെ ഏകസ്വരതയെ ഭഞ്ജിക്കുന്നില്ലെന്ന് ടൈറ്റസ് ബര്‍ക്കാര്‍ഡ്റ്റ്സ് വ്യക്തമാക്കുന്നു: “ഇസ്ലാമിക കലയുടെ ആവിഷ്കാര രീതികള്‍ നൂറ്റാണ്ടുകളുടെ മാറ്റത്തിനനുസരിച്ച് വ്യത്യാസപ്പെടാം. രണ്ടാമത്തേതിനേക്കാള്‍ ഒന്നാമത്തേതിനാണ് കൂടുതല്‍ സാധ്യത. എങ്കിലും സൌന്ദര്യശാസ്ത്രപരമായ കാഴ്ചപ്പാടിലും ആത്മീയ ലക്ഷ്യത്തിലും അത് പൊരുത്തമില്ലാത്തതാവുന്നില്ല. ഇസ്ലാമിക സംസ്കാരത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളെക്കുറിച്ചും ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞുകൂടാത്തതുമാണ്.

സാര്‍വജനീനമായ ഒരാധ്യാത്മിക തലം വിവിധ കാലങ്ങളിലെയും ദേശങ്ങളിലെയും ഇസ്ലാമിക കലയെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് സയ്യിദ് ഹുസൈന്‍ നസ്വ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കാല‏‏‏‏‏ദേശ പരിധികള്‍ക്കതീതമായ ഇസ്ലാമിക സംസ്കാര വിസ്തൃതിയില്‍ ഉടലെടുത്ത, പൊതുവായ ഇസ്ലാമിക ആത്മീയതയുടെ മുദ്രകള്‍ വഹിക്കുന്ന എല്ലാ സൌന്ദര്യാവിഷ്കാരങ്ങളെയും ‘ഇസ്ലാമിക കല’ എന്ന പ്രയോഗം ഉള്‍ക്കൊള്ളുന്നു എന്ന് മേല്‍വിവരണത്തില്‍നിന്നും മനസ്സിലാക്കാം. എന്നാല്‍ കല മതേതരമായ ഒരു പ്രവര്‍ത്തനമാകയാല്‍ ‘ഇസ്ലാമിക കല’ എന്ന പ്രയോഗം തന്നെ നിരര്‍ഥകമാണെന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ, വിവിധ സമൂഹങ്ങളുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന കലകള്‍ തമ്മില്‍ പ്രമേയത്തിലും ആവിഷ്കാരത്തിലും പ്രകടമായ അന്തരം നിലനില്‍ക്കുന്നുവെന്ന വസ്തുത അനിഷേധ്യമാണ്. ക്രൈസ്തവ, ഹൈന്ദവ, ബൌദ്ധ കലകളില്‍നിന്ന് ഇസ്ലാമിക കല വ്യത്യസ്തമാണെന്നിരിക്കേ അതേക്കുറിച്ചുള്ള പഠനം അസംഗതമാവുന്നില്ല. മാത്രമല്ല, കലാപഠനം പൂര്‍ണമാവുന്നത് അതിന്റെ പിന്നിലെ മാനസിക വ്യാപാരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മാത്രമാണുതാനും. കലാസങ്കല്‍പങ്ങളില്‍ത്തന്നെ സാരമായ വ്യതിയാനത്തിന് ഇസ്ലാം നിമിത്തമായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും മതപരമായിരുന്നു. അതിനാല്‍ ഇസ്ലാമികകല എന്ന പ്രയോഗത്തെ കലാബാഹ്യമായ ഇടപെടലായി കാണേണ്ടതില്ല. അതേപോലെ, കലയുടെ വിഷയത്തില്‍ ഇസ്ലാമിനു തനതായ കാഴ്ചപ്പാടുള്ളതിനാല്‍ ഇസ്ലാമികകലയെ മതബാഹ്യമായ ചിന്താവ്യായാമമായും ഗണിക്കേണ്ടതില്ല. കല സര്‍വാതിശായി ആണെന്നതുപോലെ ഇസ്ലാമും സര്‍വാതിശായിയായ ഒരു ജീവിത ദര്‍ശനമാണെന്നു മനസ്സിലാക്കുമ്പോള്‍ രണ്ടിനെയും യോജിപ്പിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചുകൊള്ളും.

പ്രചോദനവും ഉറവിടവും
പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തത്തെ സംബന്ധിച്ച ഖുര്‍ആനിന്റെ വിവരണങ്ങളും ‘അല്ലാഹു സുന്ദരനാണ്; അവന്‍ സൌന്ദര്യത്തെ ഇഷ്ടപ്പെടുന്നു’ എന്നു തുടങ്ങിയ നബിവചനങ്ങളുമാണ് ഇസ്ലാമിക കലയുടെ പ്രചോദനം എന്നു മതചിന്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സൌന്ദര്യത്തോടുള്ള മതത്തിന്റെ പ്രതിപത്തിയാണ് കലാപ്രവര്‍ത്തനങ്ങളുടെ പ്രേരണ. മതവിശ്വാസങ്ങളോടുള്ള പ്രതിബദ്ധത കലാപ്രവര്‍ത്തനത്തെ നിയന്ത്രിക്കുമ്പോള്‍ മതാത്മകമായ കല ഉടലെടുക്കുന്നു. കലാകാരനായ മുസ്ലിമിന് ഇസ്ലാമിക വിശ്വാസം പ്രചോദനമരുളുമ്പോഴുണ്ടാകുന്ന സൌന്ദര്യാവിഷ്കാരങ്ങളില്‍ ആ വിശ്വാസംതന്നെ പ്രതിഫലിക്കുന്നു. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്നംഗീകരിക്കുന്നതാണ് ഇസ്ലാമിന്റെ സൌന്ദര്യസങ്കല്‍പം. പ്രപഞ്ചം സുന്ദരമാണ് എന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഈ സൌന്ദര്യത്തെ തന്റേതായ രീതിയില്‍ അനുകരിക്കുകയാണ് കലാകാരന്‍. അരിസ്റോട്ടില്‍ മുതലിങ്ങോട്ടുള്ള ചിന്തകരെല്ലാം കലയിലെ അനുകരണം എന്ന ഘടകത്തെക്കുറിച്ചു പ്രസ്താവിച്ചവരാണ്. കലാകാരനെ സ്രഷ്ടാവെന്നു വിളിക്കുന്ന ക്ളാസിക്കല്‍ ചിന്തകര്‍ ദൈവത്തിന്റെ സര്‍ഗവൈഭവത്തെ അനുകരിക്കാനുള്ള ശ്രമമാണ് കലാകാരന്‍ നടത്തുന്നതെന്നു പറയുന്നു. ഇസ്ലാമിക കലാകാരനെ സംബന്ധിച്ചിടത്തോളം കലയെ സംബന്ധിച്ച ഈ തത്വം സവിശേഷം പ്രസക്തമാവുന്നു. ഇസ്ലാമിക കല മനുഷ്യഹൃദയത്തെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്. സ്രഷ്ടാവുമായി അത് കലഹിക്കുന്നില്ല. പ്രതിമാ നിര്‍മാണം പോലുള്ള കലാപ്രവര്‍ത്തനങ്ങളെ ഇസ്ലാം നിരാകരിക്കുന്നത് ദൈവത്തിന്റെ ഏകത്വം എന്ന അടിസ്ഥാന തത്വവുമായി അത് കലഹിക്കുന്നു എന്നതുകൊണ്ടാണ്.

പ്രപഞ്ചത്തിന്റെ അനന്ത നിഗൂഢതകളിലേക്കുള്ള അന്വേഷണമായും ഇസ്ലാമിക കല ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് ഇസ്ലാമിക കലാചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നു. സൌന്ദര്യാവിഷ്കാരം എന്നതുപോലെ സൌന്ദര്യാന്വേഷണവുമായിരുന്നു ഇസ്ലാമിക കല. ഭക്തനു പ്രാര്‍ഥനയെന്നതുപോലെ കലാകാരനു കലയും പവിത്രമായ ഒരാത്മീയാന്വേഷണത്തിന്റെ മാര്‍ഗം തുറന്നിട്ടു.
ഇസ്ലാമിക കലയുടെ ഉറവിടം ഇസ്ലാമിന്റെ ആധ്യാത്മികതയാണെന്നു തറപ്പിച്ചു പറയുന്നു സയ്യിദ് ഹുസൈന്‍ നസ്വ്ര്‍: “ഇസ്ലാമിക പാരമ്പര്യത്തിന്റെ ആന്തരിക മൌനത്തിലും,
പ്രസ്തുത കലയ്ക്കു ജന്മം നല്‍കുകയും കാലങ്ങളിലൂടെ അതിനെ നിലനിറുത്തുകയും അതിന് കണ്ണഞ്ചിപ്പിക്കുന്ന ഏകത്വവും മദിപ്പിക്കുന്ന ആന്തരപരതയും സുസാധ്യമാക്കുകയും ചെയ്ത ശക്തിവിശേഷത്തിലുമാണ് ഇസ്ലാമിക കലയുടെ പ്രഭവം അന്വേഷിക്കേണ്ടത്”. ഖുര്‍ആന്റെ ആന്തരിക യാഥാര്‍ഥ്യങ്ങളും (ഹഖാഇഖ്) പ്രവാചകന്റെ അനുഗ്രഹപ്രസരവുമാണ് ഇസ്ലാമിക കലയില്‍ തെളിയുന്നതെന്നും നസ്വ്ര്‍ പറയുന്നു.

ഇസ്ലാമിക കലയെന്നല്ല ഏതൊരു പവിത്രകലയും നമ്മെ നയിക്കുക മാനുഷ്യകത്തിന്റെ ആത്മീയമായ അടിവേരുകളിലേക്കാണെന്ന് ബര്‍ക്കാര്‍ഡ്റ്റ് എഴുതിയിട്ടുണ്ട്. ഇതര ഇസ്ലാമിക വിജ്ഞാനീയങ്ങളോടെന്നതിനേക്കാളേറെ ഇസ്ലാമിക ആധ്യാത്മികതയോടാണ് ഇസ്ലാമികകല ബന്ധപ്പെട്ടിരിക്കുന്നതെന്ന നസ്വ്റിന്റെ നിരീക്ഷണത്തെ ഈ പ്രസ്താവം സാധൂകരിക്കുന്നു.

പശ്ചാത്തല സംസ്കാരം
മുഹമ്മദ് നബിയുടെ വിയോഗത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ടുകൊണ്ടുതന്നെ ഇസ്ലാമികകല ഉന്നതിപ്രാപിച്ചത് ചരിത്രകാരന്‍മാരെ വിസ്മയിപ്പിക്കുന്നു. ഇസ്ലാമിന്റെ ദിഗ്വിജയങ്ങളെപ്പോലെ അഭൂതപൂര്‍വമായ വേഗതയിലാണ് കല വികാസം പ്രാപിച്ചത്. പ്രവാചകനു മുമ്പേ അറബ് വ്യാപാരികള്‍ ബൈസാന്തിയ, പേര്‍ഷ്യ തുടങ്ങിയ അന്നത്തെ സാമ്രാജ്യ തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും അവിടുത്തെ കലകളൊന്നും അറബികളെ ആകര്‍ഷിച്ചിരുന്നില്ല. കച്ചവട സാധനങ്ങള്‍ക്കു പുറമേ ആയുധം, ആഭരണം, വസ്ത്രം എന്നിവയിലായിരുന്നു അവര്‍ക്കു താല്‍പര്യം. അറേബ്യയിലാകട്ടെ സാഹിത്യേതര കലകള്‍ക്ക് വലിയ പ്രചാരവുമുണ്ടായില്ല. പ്രാക്തനമായ ഒരു നാടോടി ജീവിതമായിരുന്നു അറബികളുടേത്.

ഏഴു മുതല്‍ പതിനേഴുവരെ നൂറ്റാണ്ടുകളില്‍ അറ്റ്ലാന്റിക്‏‏‏‏‏ഇന്ത്യാ മഹാ സമുദ്രങ്ങള്‍ക്കും മധ്യേഷ്യന്‍ പുല്‍മേടുകള്‍ക്കും ആഫ്രിക്കന്‍ മരുഭൂമികള്‍ക്കുമിടയിലുള്ള നാടുകളില്‍ മുഴുവനായി ഇസ്ലാമിക കല ആവിഷ്കാരം നേടുകയുണ്ടായി. സിറിയന്‍, ഈജിപ്ഷ്യന്‍, സ്പാനിഷ്, തുര്‍ക്കി, പേര്‍ഷ്യന്‍, മുഗള്‍ തുടങ്ങിയ കലാ പൈതൃകങ്ങളെല്ലാം ഇസ്ലാമിക കലയുടെ കുടക്കീഴില്‍ ഒരേ ആത്മഭാവം പൂണ്ട് ഒന്നിക്കുന്നു. മൊറോക്കോയിലെയും ദമസ്കസിലെയും ഡല്‍ഹിയിലെയും ജക്കാര്‍ത്തയിലെയും മസ്ജിദുകള്‍ നിര്‍മിതിയില്‍ പങ്കുവെക്കുന്ന ഏകീഭാവം ഇസ്ലാമിക കലയുടെ ആത്മപ്രസരത്തിനു തെളിവു നല്‍കുന്നു. അന്യോനം പരിചയപ്പെട്ടിട്ടില്ലാത്ത ആളുകള്‍ പലനൂറ്റാണ്ടുകളില്‍ പല ദേശങ്ങളില്‍ തീര്‍ത്തവയാണ് ആ കലാ മാതൃകകള്‍. സ്പെയിനിലെ അല്‍ഹംറാഉം ആഗ്രയിലെ താജ്മഹലും തമ്മില്‍ കലാപരമായി പൊരുത്തമുണ്ട്. അന്യസംസ്കാരങ്ങളില്‍ നിന്നു സ്വീകരിച്ചതിനെയും ഇസ്ലാം സൌന്ദര്യമണിയിച്ചു സാര്‍വജനീനമാക്കുകയായിരുന്നു. ആദാനപ്രദാനങ്ങളിലൂടെ കല വളരുമ്പോഴും ഇസ്ലാം അതില്‍ സ്വന്തം ആത്മാവ് സന്നിവേശിപ്പിച്ചുവെന്നര്‍ഥം. സസാനിയന്‍, ഗ്രീകോ‏‏‏‏‏റോമന്‍ ബൈസാന്തിയന്‍ കലാപാരമ്പര്യങ്ങളെ ഇസ്ലാം സ്വാംശീകരിച്ചതായി റോബര്‍ട്ട് ഇര്‍വിന്‍ എടുത്തുപറയുന്നുണ്ട്. സസാനിയന്‍ ബൈസാന്തിയന്‍ ചിത്രാലങ്കാരങ്ങളുടെയും വാസ്തുവിദ്യയുടെയും സ്വാധീനങ്ങള്‍ ഇസ്ലാമിക അലങ്കാരകലയിലും വാസ്തുവിദ്യയിലും ധാരാളമുണ്ടെന്ന് ഇര്‍വിന്‍ പറയുന്നു. ബൈസാന്തിയന്‍ നാണയങ്ങളിലും ചിത്രകലയിലും കാണുന്ന അലങ്കാരപ്പണികളില്‍ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങള്‍ കാണാമെങ്കില്‍ ഇസ്ലാമിക കലാകാരന്മാര്‍ അത്തരം രൂപ ചിത്രീകരണങ്ങളെ പാടേ വര്‍ജിച്ചുവെന്നതാണ് വ്യത്യാസം. പ്രതിമാ നിര്‍മാണത്തെയും ഇസ്ലാം തിരസ്കരിച്ചു. പകരം മറ്റാവിഷ്കാര രീതികള്‍ സ്വയം വികസിപ്പിക്കുകയും ചെയ്തു. എന്നാല്‍ വാസ്തുവിദ്യയില്‍ ബൈസാന്തിയന്‍‏‏‏‏‏സസാനിയന്‍ മാതൃകകളെ സംയോജിപ്പിക്കുകയാണ് മുസ്ലിംകള്‍ ചെയ്തത്. പള്ളികളുടെ നിര്‍മിതിയില്‍ ഈ സ്വാധീനം കാണാം.

ചരിത്രം
ബൈസാന്തിയന്‍(റോം), സസാനിയന്‍(പേര്‍ഷ്യ) സാമ്രാജ്യങ്ങളെ ശിഥിലമാക്കിക്കൊണ്ടാണ് ഇസ്ലാമിക നാഗരികത മേല്‍ക്കൈ നേടിയത്. ക്രി. 630 മുതല്‍ ആരംഭിച്ചതാണ് ഇസ്ലാമിക നാഗരികതയുടെ അധീശത്വം. എന്നാല്‍ ഇസ്ലാമിക കലാ ചരിത്രത്തില്‍ ഏറ്റവും പ്രാചീനമായ മാതൃക മക്കയില്‍ ഇബ്രാഹീം നബി പണിത കഅ്ബഃ (ഘനചതുരം‏‏‏‏ഈയല എന്നാണ് ഈ അറബി പദത്തിന്റെ അര്‍ഥം)യാണ്. കഅ്ബ ലാളിത്യത്തിന്റെയും ഘടനാ പൊരുത്തത്തിന്റെയും തികവൊത്ത മാതൃകയാണ്. ജ്യാമിതീയമായ അമൂര്‍ത്തത എന്ന ആശയത്തിന് മുസ്ലിം വാസ്തുവിദ്യാ വിദഗ്ധര്‍ കഅ്ബയോടാണ് കടപ്പെട്ടിരിക്കുന്നത്. ബൈതുല്‍ മഖ്ദിസും മദീനയിലെ നബിയുടെ പള്ളിയുമാണ് ഇസ്ലാമിക വാസ്തുവിദ്യയുടെ മറ്റു രണ്ട് ആദ്യകാല സംഭാവനകള്‍. ഇസ്ലാമിക കലയുടെ വര്‍ണപ്പകിട്ടാര്‍ന്ന സാന്നിധ്യം അനുഭവപ്പെടുന്നത് ഉമവീ‏‏‏‏‏അബ്ബാസീ ഖിലാഫത്തുകളുടെ കാലത്താണ്. ഏഷ്യയിലും ആഫ്രിക്കയിലും ഇക്കാലത്ത് ഇസ്ലാം ഗണ്യമായ പ്രചാരം നേടുകയും യൂറോപ്പിലേക്ക് കാലൂന്നുകയും ചെയ്തു. രണ്ടു പ്രധാന സാമ്രാജ്യങ്ങള്‍ ഇസ്ലാമിന്റെ ഭാഗമായി. ഈജിപിതിലും സ്പെയിനിലും മൊറോക്കോയിലും തുര്‍കിയിലും മുസ്ലിം ഭരണ വംശങ്ങള്‍ ഉദയം ചെയ്തു. ക്രി. 635ല്‍ ബസ്വ്റയിലും 638ല്‍ കൂഫയിലും 670ല്‍ തൂനിസിലും പള്ളികള്‍ നിര്‍മിക്കപ്പെട്ടു. 691‏‏‏‏‏92 കാലയളവിലാണ് ജറൂസലേമില്‍ ഡോം ഓഫ് ദ റോക്കി (ഖുബ്ബതുസ്സ്വഖ്റഃ)ന്റെ പണി പൂര്‍ത്തിയായത്. ഉമവീ വാഴ്ചക്കാലത്ത് ദമസ്കസിലെ വലിയ പള്ളി പണിയുകയും മദീനയിലെ മസ്ജിദുന്നബവിയും ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ്വയും പുനര്‍നിര്‍മിക്കുകയും ചെയ്തു.

1539-‏‏‏‏‏40 കാലത്താണ് ഇറാനിലെ ‘അര്‍ദബീല്‍’ പരവതാനി നിര്‍മിക്കപ്പെട്ടത്. 1550-‏‏‏‏‏ 57 ല്‍ ഇസ്തംബൂളിലെ സുലൈമാനിയ്യഃ പള്ളി സ്ഥാപിക്കപ്പെട്ടു. 1571 ലാണ് ഫതഹ്പൂര്‍ സിക്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1612-‏‏‏‏‏30 ല്‍ ഇസ്വ്ഫഹാനിലെ മസ്ജിദുഷാ പണി തീര്‍ന്നു. 1647ല്‍ താജ്മഹലിലന്റെ പണി പൂര്‍ത്തിയായി.

വാസ്തുവിദ്യ, കൈയെഴുത്തുകല, അറബെസ്ഖ്, പിഞ്ഞാണ‏‏‏‏‏പാത്ര നിര്‍മാണ കല, മൊസൈക്, പരവതാനി, നഗരസംവിധാനം, നെയ്ത്ത്, ആയുധങ്ങള്‍ ഇങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഇസ്ലാമിക കല.

സമഭാവന പെരുന്നാളിന്‍െറ സാഫല്യം

സാമൂഹിക ജീവിതത്തെ ഉന്മേഷഭരിതമാക്കുന്നതില്‍ ആഘോഷങ്ങളും ഉത്സവങ്ങളും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ലോകത്തെ സര്‍വ വംശീയ സമൂഹങ്ങളിലും ഏതെങ്കിലും രീതിയിലുള്ള ആഘോഷങ്ങള്‍ പ്രാബല്യത്തിലുണ്ട്. ഒരോവര്‍ഷത്തിലേയും നിര്‍ണിത തീയതികളില്‍ ഇക്കൂട്ടങ്ങള്‍ ഇത്തരം ആഘോഷങ്ങളില്‍ ആവേശപൂര്‍വം വ്യാപൃതരാകുന്നു. താന്‍ ഈ സമൂഹത്തിന്‍െറ ഭാഗമാണെന്ന പൊതുബോധം, പങ്കാളിത്തബോധം, കൂട്ടായ്മയുടെ ആഹ്ളാദം തുടങ്ങിയവ ഓരോ വ്യക്തിയുടെ ഹൃദയത്തിലും നിറക്കാന്‍ ആഘോഷങ്ങള്‍ വഴി സാധിക്കുന്നു. മതങ്ങളും ഇതേ രീതിയില്‍ ആഘോഷങ്ങളും ഉത്സവങ്ങളും കൊണ്ടാടുന്നു. ഒരേ മതാഘോഷംതന്നെ വിവിധ നാടുകളില്‍ വിവിധ മട്ടിലും രീതിയിലും സംഘടിപ്പിക്കുന്നത് കാണാം. എന്നാല്‍, ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളായ ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും (ചെറിയ പെരുന്നാളും വലിയ പെരുന്നാളും) ആഗോളതലത്തില്‍ ഒരേ മട്ടില്‍ ഒരേ പ്രാര്‍ഥനാമൊഴികളോടെ കൊണ്ടാടപ്പെടുന്നു എന്നത് ശ്രദ്ധേയമായ സവിശേഷതയാകുന്നു.
ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ്, ദുഷ്കര്‍മങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തേയും ഹൃദയത്തേയും സംസ്കരിക്കുന്ന ഒരു മാസത്തെ ഉപവാസത്തിന്‍െറ അന്ത്യത്തിലാണ് ഈദുല്‍ ഫിത്ര്‍ ആഘോഷം. ക്ളേശകരമായി യാത്രചെയ്ത് മക്കാനഗരിയിലെത്തി അനുഷ്ഠിക്കുന്ന ഹജ്ജിന്‍െറ സമാപനവേളയിലാണ് ബലിപെരുന്നാള്‍ ആഘോഷം. രണ്ട് ആഘോഷവും ജഗന്നിയന്താവിന് കൃതജ്ഞത രേഖപ്പെടുത്തുന്നതിനുള്ള സന്ദര്‍ഭം കൂടിയാണ്. വ്രതമനുഷ്ഠിച്ച് ഹൃദയശുദ്ധി കൈവരിക്കാനും പ്രയാസകരമായ ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കാനും ഭാഗ്യമരുളിയ ലോകരക്ഷകനോടുള്ള കടപ്പാട് വിശ്വാസികള്‍ ഈ ആഘോഷവേളകളില്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു. അവനെ സ്തുതിക്കുകയും അവന്‍െറ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
ബന്ധുമിത്രങ്ങള്‍, അയല്‍പക്കക്കാര്‍, നിസ്സ്വരായ സാധാരണക്കാര്‍ തുടങ്ങിയവരുമായുള്ള ഹൃദയബന്ധം ഈ സുദിനത്തില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. കുടുംബത്തിലെ ഓരോ അംഗത്തിന്‍േറയും പേരില്‍ നിര്‍ണിത അളവ് ഭക്ഷ്യധാന്യം അഗതികള്‍ക്ക് ദാനംചെയ്യാതെ പെരുന്നാളിലെ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാന്‍ പാടില്ല. ഫിത്ര്‍ സകാത് എന്ന ഈ ദാനം മനുഷ്യസമത്വത്തിന്‍െറകൂടി ഉദ്ഘോഷമാണ്. പെരുന്നാള്‍ ആഘോഷത്തിന്‍െറ ആഹ്ളാദവും ഗുണവും ലഭിക്കാത്തവരായി സമൂഹത്തില്‍ ഒരാള്‍പോലും ബാക്കിയാകരുത് എന്ന സമഭാവനയുടെ സാക്ഷാത്കാരം.
സ്വന്തം പ്രദേശങ്ങളിലെ ചെറിയ പള്ളികള്‍ കേന്ദ്രീകരിച്ച് പെരുന്നാള്‍ നമസ്കരിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. എന്നാല്‍, ഈദ്ഗാഹുകളിലോ കൂടുതല്‍ ജനാവലി ഉള്‍ക്കൊള്ളുന്ന വലിയ പള്ളികള്‍ കേന്ദ്രീകരിച്ചോ ഒരു മേഖലയിലെ മുഴുവന്‍ വിശ്വാസികളും പ്രാര്‍ഥനക്കുവേണ്ടി സംഗമിക്കുന്നതായിരിക്കും കൂടുതല്‍ ശ്രേഷ്ഠകരം.
ഇത് മേഖലയിലെ വിശ്വാസികള്‍ക്ക് ഒന്നടങ്കം വര്‍ഷത്തില്‍ രണ്ടുതവണ പരസ്പരം കാണാനും സ്നേഹാന്വേഷണങ്ങള്‍ നടത്താനും അവസരമൊരുക്കുന്നു. പെരുന്നാള്‍ നമസ്കാരത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പങ്കാളികളാകാനും വിശാല സൗകര്യങ്ങള്‍ സന്ദര്‍ഭമൊരുക്കുന്നു.
കഴിഞ്ഞകാല ജീവിതത്തെ പുനരവലോകനം ചെയ്ത് തെറ്റുകളും പിഴവുകളും തിരുത്തുന്നതിനുള്ള പരിശീലനത്തിന്‍െറ മാസമാണ് റമദാന്‍. അങ്ങനെ വിശ്വാസത്തെ വീണ്ടും ദൃഢപ്പെടുത്താനും അല്ലാഹുവിനോടുള്ള പ്രതിബദ്ധത പുനര്‍ദൃഢീകരിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നു. എന്നാല്‍, ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വ്രതവും ഹജ്ജും ക്ളേശം മാത്രം നിറഞ്ഞ നിഷ്ഫലാഭ്യാസമായാണ് പര്യവസാനിക്കുക.
ഈദ് ആമോദത്തിന്‍െറയും സ്നേഹസന്തോഷങ്ങള്‍ പങ്കുവെക്കുന്നതിന്‍െറയും അനര്‍ഘ സന്ദര്‍ഭമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, നിയന്ത്രണമില്ലാത്ത ആഹ്ളാദപ്രകടനങ്ങള്‍, മതിമറന്നുള്ള ആര്‍പ്പുവിളികള്‍, ആഭാസനൃത്തങ്ങള്‍, ലഹരിയുടെ ഉപയോഗം തുടങ്ങിയവ ഇസ്ലാം വിലക്കിയിരിക്കുന്നു. ആഹ്ളാദാവസരങ്ങളില്‍പോലും സംയമനത്തിന്‍േറയും ആത്മനിയന്ത്രണത്തിന്‍േറയും ഉദാത്ത മാതൃക അനുവര്‍ത്തിക്കുന്നത് സ്രഷ്ടാവിനോടുള്ള മറ്റൊരു നന്ദിപ്രകടനം കൂടിയാകുന്നു.
സാമൂഹികബന്ധം പോഷിപ്പിക്കാനുതകുന്ന ഈദ് ദിനങ്ങളില്‍ പരിധിവിടുന്നവര്‍ വ്രതത്തിന്‍േറയും ഹജ്ജിന്‍േറയും വിശുദ്ധലക്ഷ്യങ്ങള്‍ തകര്‍ക്കുന്നു. ദൈവഭക്തി, വിനയം, കൃതജ്ഞതാബോധം, സമഭാവന, സ്നേഹസാഹോദര്യം, സ്വന്തം വിഭവങ്ങള്‍ ഇതരരുമായി പങ്കുവെക്കാനുള്ള ഔുക്യം തുടങ്ങിയ ഉത്തമ മൂല്യങ്ങള്‍ റമദാനും ഹജ്ജും ഹൃദയത്തില്‍ അങ്കുരിപ്പിക്കുന്നില്ലെങ്കില്‍ ഈ അനുഷ്ഠാനങ്ങള്‍ ലക്ഷ്യരഹിതമായ വൃഥാവ്യായാമമായി അധ$പതിച്ചുപോകും. സൂഫിശ്രേഷ്ഠനായ അബ്ദുല്‍ ഖാദിര്‍ അല്‍ജീലാനിയുടെ പ്രസക്തമായ ഒരു മൊഴി ഇവിടെ ഉദ്ധരിക്കട്ടെ. ‘ഗിനായതുത്താലിബീനി’ല്‍ ആ മഹാന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
‘പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് മോദിക്കുന്നവര്‍ക്കുവേണ്ടിയല്ല ഈദ്. അത് അല്ലാഹുവിന്‍െറ ആജ്ഞകളെ ഭയപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതാകുന്നു. സുഗന്ധം പൂശി നടക്കാന്‍ വേണ്ടിയുള്ള പെരുന്നാള്‍. അത് പശ്ചാത്തപിച്ച് മടങ്ങുന്ന സുകൃതവാന്മാര്‍ക്കുവേണ്ടിയത്രെ. ഈദ് വലിയ പാത്രങ്ങളില്‍ വിവിധ രുചികളിലുള്ള ഭക്ഷ്യവിഭവങ്ങള്‍ പാകം ചെയ്യുന്നവര്‍ക്കുവേണ്ടിയല്ല. മറിച്ച്, തന്‍െറ ഭാവിപാത ഭക്തിയുടേതാക്കി മാറ്റാന്‍ തീരുമാനിച്ചവര്‍ക്കുവേണ്ടിയാകുന്നു.’

മയിലിനാണ്‌അഴകെല്ലാം വാരിക്കോരി കൊടുത്തിരിക്കുന്നത്

മയിൽ നടനം
മയിലിൻടെ അതിമനോഹര രൂപത്തെക്കുറിച്ച് വർണിക്കാൻ വാക്കുകൾ പോരാ. അഴകെല്ലാം വാരിക്കോരി കൊടുത്തിരിക്കുന്നത് ആൺ മയിലിനാണ്‌.

കീഴ് മുതുകിലെ തൂവലാണ്‌ വലിയ വലയായി കാണപ്പെടുന്നത്. അവ ഉയർത്തി പരത്തിയാടുമ്പോൾ ഒരു വർണപ്രപഞ്ചം തന്നെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുകയുണ്ടായി. സൂര്യപ്രകാശത്തിൽ പീലിക്കണ്ണുകൾ വട്ടത്തിലൊതുക്കിപ്പിടിക്കുന്നതും അത് വിറപ്പിക്കുന്നതും നേരിൽ കാണുന്നവർക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. എത്ര മനോജ്ഞം! എത്ര ചേതോഹരം ഈ മയിൽ നൃത്തം!

പീലികളിലെ അത്യന്തം ലഘുവായ മുടിനാരിഴകൾ വ്യത്യസ്ത തരംഗദൈർഘ്യങ്ങളുള്ള പ്രകാശകിരണങ്ങളെ ആഗിരണം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സരളമായ ഒരു യാന്ത്രിക ചൈനയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സർവകലാശാലയിലെ പ്രകൃതി ശാസ്ത്രജ്ഞൻ ജിയാൻ സിയും സഹപ്രവർത്തകരും പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ മയില്പീലികളുടെ കണ്ണഞ്ചിപ്പിക്കുന്ന വർണപ്രപഞ്ചം മായക്കൂട്ടുകൾ കൊണ്ട് രൂപപ്പെടുത്തിയതല്ലെന്ന് അവകാശപ്പെടുന്നു.

ജിയാനും സഹപ്രവർത്തകരും ശക്തികൂടിയ ഇലക്ട്രോണിക് സൂക്ഷ്മദർശിനി ഉപയോഗിച്ച് നടത്തിയ പഠനങ്ങൾ മയിൽപീലികളിലെ വർണ്ണത്തിൻടെ അടിസ്ഥാനതത്വം വ്യക്തമാക്കുന്നു. അവർ ആൺമയിലിൻടെ പീലികളിലെ ചെറു കതിരുകൾ – പീലിയുടെ നടുവിലെ തണ്ടിൽ നിന്ന് ജോഡികളായി കിളിർത്തുവരുന്ന ശിഖരങ്ങളിൽ നിന്നും ആവിർഭവിക്കുന്ന അതിസൂക്ഷ്മ മുടിനാരിഴകൾ പരിശോധനാവിധേയമാക്കി. അവർ ജാലികാ രീതിയിലുള്ള ഒരു രൂപകൽപന ആകസ്മികമായി കണ്ടെത്തി. കെരാറ്റിൻ പ്രോട്ടീൻകൊണ്ട് ബന്ധിപ്പിച്ച മെലാനിൻ പ്രോട്ടീൻ കമ്പുകൾ ഉൾക്കൊള്ളുന്നതായി കണ്ടു. മനുഷ്യൻടെ ഒരു മുടിനാരിഴയുടെ ശതക്കണക്കിലൊന്ന് നേരിയ ഈ ദ്വിമാന ഘടന ഓരോന്നും അതീവ സൂക്ഷ്മ മുടികളിൽ ഒന്നു മറ്റൊന്നിന്‌ പുറകിലായി സജ്ജീകരിച്ചിരിക്കുന്നു. വിശദമായ പരിശോധനകളും കണക്കുകൂട്ടലുകളും വഴി പരലുകൾക്കിടയിലുള്ള ശൂന്യസ്ഥലങ്ങളും അതിൻടെ പ്രഭാവവും അവർ കണ്ടെത്തി. ജാലികളിലെ ഈ ശൂന്യസ്ഥലങ്ങളുടെ മാനവും രൂപവും അതിൽ പതിക്കാനിടവരുന്ന പ്രകാശത്തെ വ്യത്യസ്തമായ, ചെറുതായ കോണിലൂടെ പ്രതിഫലിപ്പിക്കുന്നതായും അങ്ങനെ വ്യത്യസ്ത നിറങ്ങൾക്ക് കാരണമാക്കുന്നതായും മനസ്സിലായി.

മയിൽ പീലികളിലെ പ്രത്യേകം രൂപകല്പന നിർവഹിച്ച ഒരു മാതൃക നമുക്ക് കാണാനാവും. അതിലഘുവായ ജാലികാരീതിയും അവയ്ക്കിടയിലെ ശൂന്യസ്ഥലവും ഈ രൂപകല്പനയുടെ അതിപ്രധാന ഘടകങ്ങളാണ്‌. ശൂന്യസ്ഥലങ്ങളുടെ വിന്യാസം ആരെയും അതിശയിപ്പിക്കാൻ പോന്നതാണ്‌. പ്രകാശത്തെ വ്യത്യസ്ത കോണുകളിലൂടെ പ്രതിഫലിപ്പിക്കാൻ തക്കവണ്ണം ഇവ ക്രമീകരിച്ചിരുന്നെങ്കിൽ വർണ വൈവിധ്യം ഒരിക്കലും ദൃശ്യമാവുമായിരുന്നില്ല.

സൃഷ്ടിപരമായ വർണീകരണത്തിന്‌ ചായക്കൂട്ടുകൾ ഒട്ടും തന്നെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഒരു സോപ്പ് കുമിളയിൽ പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന വർണദൃശ്യം തന്നെയാണ്‌ ഇവിടെയും കാണുന്നത്. മെലാനിൽ എന്ന ചായക്കൂട്ടു കൊണ്ടാണ്‌ മനുഷ്യരുടെ മുടിക്ക് നിറം നൽകുന്നത്. മനുഷ്യൻ എത്ര തന്നെ കേശതൈലമിട്ട് മുടി കോതിവെച്ചാലും മയിൽപീലികളെപ്പോലെ ഒരിക്കലും ആകർഷണീയവും തിളക്കമാർന്നതുമാവില്ല.

മയിൽപീലികളുടെ രൂപകല്പനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വ്യാവസായിക രംഗത്ത് അത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ശാസ്ത്രജ്ഞർ. ആശയവിനിമയ രംഗത്തും കമ്പ്യൂട്ടർ ചിപ്പ് നിർമാണത്തിലും ഇത് പ്രയോജനപ്പെടുത്താനാവുമെന്നാണ്‌ പ്രതീക്ഷ.

തൻടെ പീലികളിലെ മനോഹാരിത അതിലെ പരലുകളുടെയും അവയ്ക്കിടയിലെ ശൂന്യസ്ഥലങ്ങളുടെയും സൃഷ്ടിയാണെന്ന് മയിലുകൾ ഒരിക്കലും ചിന്തിച്ചുകാണാനിടയില്ല. മയിലുകൾ തന്നത്താൻ പീലികൾ വാരിയണിഞ്ഞതിന്‌ ശേഷം അതിൽ വർണം പൂശിയതാവുമോ? ഒരിക്കലുമല്ല.

നാമൊരു നദീതീരത്തുകൂടെ നടക്കുകയാണെന്ന് സങ്കല്പിക്കുക. വർണവൈവിധ്യമാർന്ന കല്ലുകൾ പാകി, അതിൽ തന്നെ ഇടക്കിടെ, വിശറികളുടെ രൂപത്തിൽ ചമയപ്പണി ചെയ്ത ഒരു നടപ്പാത. ഇത് ഏതോ വിദഗ്ധരായ കലാകാരന്മാർ രൂപംകൊടുത്തതാണെന്നും ആകസ്മികമല്ലെന്നും നാം മനസ്സിലാക്കുന്നു. ഈ ഉപമ മയിൽപീലികൾക്കും നന്നായി ചേരും. നടപ്പാതയിലെ കല്ലുകളുടെ കല്പനാവൈഭവം അത് നിർവഹിച്ച കലാകാരനെക്കുറിച്ചോർക്കാൻ ഒരു വേള നമുക്ക് പ്രേരണ നൽകിയേക്കാം.

മാനത്ത് മഴമേഘം പ്രത്യക്ഷപ്പെടുമ്പോൾ പീലി വിടർത്തിയാടുന്ന മയിലിനെ കാണുമ്പോൾ അതിൻടെ സൃഷ്ടാവിനെ കുറിച്ച് വെറുതെ ഒന്നോർത്തു നോക്കിക്കൂടേ?

അല്ലാഹു തന്നെയാണ്‌ മയിലുകളെയും സൃഷ്ടിച്ചത്. വിശുദ്ധ ഖുർആനിൽ അവൻ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക:

” സൃഷ്ടാവും നിർമാതാവും രൂപം നൽകുന്നവുമായ അല്ലാഹുവത്രെ അവൻ. അവന്‌ ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവൻടെ മഹത്വത്തെ പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.” (59:24)