Category Archives: നോമ്പ് صوم

മനസ്സിന്റെ ഒരുക്കമാണ് പ്രധാനം

ഓരോ വര്‍ഷവും നമ്മെ തേടിയെത്തുന്ന വിശിഷ്ടാതിഥിയാണ് റമദാന്‍ എന്ന് പറയാറുണ്ട്. ഏതൊരു അതിഥിയെ സ്വീകരിക്കാനും മുന്നൊരുക്കം നടത്തുന്നവരാണ് നമ്മള്‍. അതിഥിയുടെ സ്ഥാനത്തിനും പദവിക്കുമനുസരിച്ച് സ്വീകരണത്തിന്റെ ഊഷ്മളതയിലും മുന്നൊരുക്കത്തിലും ഏറ്റവ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികം. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന റമദാന്‍ എന്ന അതിഥിയെ സ്വീകരിക്കാന്‍ എത്രത്തോളം നാം ഒരുങ്ങിയിട്ടുണ്ട്? അതല്ല, നമുക്ക് ഭാരമായിട്ടാണോ ആ വിശിഷ്ടാതിഥി കടന്നു വരുന്നത്? റജബിലും ശഅ്ബാനിലുമെല്ലാം റമദാന് വേണ്ടി നാം പ്രാര്‍ഥിച്ചിട്ടുണ്ടെങ്കില്‍, എത്രത്തോളം ആത്മാര്‍ത്ഥമായിരുന്നു ആ പ്രാര്‍ഥനകള്‍? പ്രവാചകാനുചരന്‍മാരുടെ നാവുകള്‍ ഈ പ്രാര്‍ഥന ഉരുവിട്ടപ്പോള്‍ അതിലുള്ള അവരുടെ ആത്മാര്‍ത്ഥത ശഅ്ബാനിലെ സുന്നത്തു നോമ്പുകളും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കര്‍മങ്ങളുമായി പ്രതിഫലിച്ചു. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രാര്‍ഥനയുടെയും റമദാനിനോടുള്ള താല്‍പര്യത്തിന്റെയും ആത്മാര്‍ത്ഥത ഈ വൈകിയ വേളയിലെങ്കിലും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടതിനെ ചൊല്ലി വിലപിക്കാനോ നിരാശപ്പെടാനോ അല്ല, മറിച്ച് നഷ്ടം നികത്തുന്നതിന് വരുംനാളുകളെ ഉപയോഗപ്പെടുത്താന്‍ നഷ്ടപ്പെട്ടന്ന തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടതുണ്ടല്ലോ.

റമദാനെ സ്വീകരിക്കുന്നതിന് ഭൗതികമായ അര്‍ത്ഥത്തില്‍ നമ്മുടെ ചുറ്റുപാടെല്ലാം ഒരുങ്ങുന്നത് നാം കാണുന്നു. മസ്ജിദുകളും മുസ്‌ലിം വീടുകളും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അങ്ങാടികള്‍ വരെ അതിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ വലിയ ഒരുക്കം നടക്കേണ്ടത് വിശ്വാസിയുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് അതിന് വേണ്ടി എന്ത് ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നാണ് ആത്മവിചാരണക്ക് വിധേയമാക്കേണ്ട കാര്യം. ഇന്നലെകളേക്കാള്‍ നല്ലൊരു ഇന്നിനെയും ഇന്നിനേക്കാള്‍ നല്ലൊരു നാളെയെയും അല്ലാഹുവിനോട് തേടുന്നവരാണ് വിശ്വാസികള്‍. സ്വാഭാവികമായും കഴിഞ്ഞ റമദാനിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു റമദാനിനെ തേടുന്നവരും അതിനായി പണിയെടുക്കുന്നവരും ആയിരിക്കണം വിശ്വാസി. കാരണം ഇന്നലെകളെക്കാള്‍ നല്ലൊരു ഇന്നിനെ തേടുന്ന വിശ്വാസി പരോക്ഷമായി അല്ലാഹുവുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. എന്റെ ഇന്നിനെ ഇന്നലെകളേക്കാള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഏര്‍പ്പെടാം എന്നതാണ് ആ കരാര്‍. യാതൊരു വിധ പ്രവര്‍ത്തനവും ചെയ്യാതെ കേവലം പ്രാര്‍ഥനയെ അവലംബിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

തൊട്ടുമുമ്പിലെത്തി നില്‍ക്കുന്ന റമദാനിനെ ഇതുവരെയുള്ള നമ്മുടെ ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാക്കി മാറ്റണമെന്ന് ആഗ്രഹിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ മറ്റേതൊരു മാസത്തെയുമെന്ന പോലെ നമ്മുടെ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാതെ അത് കടന്നു പോകുമെന്നതില്‍ തര്‍ക്കമില്ല. ആഹാരസമയത്തിലെ മാറ്റത്തിനപ്പുറം മറ്റൊരു സ്വാധീനവും നമ്മുടെ ജീവിതത്തില്‍ അതുണ്ടാക്കുകയില്ല. വിശപ്പിനും ദാഹത്തിനും അപ്പുറം മറ്റൊരു നേട്ടവുമില്ലാത്ത നോമ്പുകാരില്‍ അകപ്പെടാതിരിക്കാന്‍ അതാവശ്യമാണ്. വിശുദ്ധ റമദാനില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ അവനേക്കാള്‍ വലിയ നഷ്ടകാരിയില്ലെന്നാണ് പ്രവാചകവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ മായ്ച്ചുകളയാനുള്ള പല മാര്‍ഗങ്ങളും അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യക്ക് ഏറെ നന്മകളുണ്ടെങ്കിലും നമ്മുടെ ആസൂത്രണങ്ങളെയെല്ലാം തെറ്റിക്കാന്‍ ശേഷിയുള്ള ഇരുതല മൂര്‍ച്ചയുള്ള വാളാണതെന്ന് നാം കരുതിയിരിക്കണം. മൊബൈലും വാട്ട്സപ്പും ഫേസ്ബുക്കുമെല്ലാം നമ്മെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം. അവക്ക് കൃത്യമായ പരിധി നിശ്ചയിച്ച് അതിന്നുള്ളില്‍ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും നിര്‍ബന്ധ നമസ്‌കാരങ്ങളെ പോലും അത് കവര്‍ന്നെടുത്തേക്കും. നമ്മെ അടക്കിഭരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇച്ഛകളെ നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള പരിശീലനം കൂടിയാണ് റമദാന്‍ എന്ന് നാം തിരിച്ചറിയണം. എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മെച്ചപ്പെട്ട ഒരു റമദാനെ സ്വീകരിക്കാനും ഏറ്റവും നന്നായി യാത്രയയക്കാനും അല്ലാഹു നമ്മെ തുണക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

നോമ്പ്

Ifthaar(1)സംബന്ധമായി ദൈവം ഖുര്‍ആനിലൂടെ അറിയിക്കുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെ തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാവാന്‍.” (2:183)

ഭക്തിയുള്ളവരാവാനുള്ള മാര്‍ഗമായിട്ടാണ് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. റമദാന്‍ മാസത്തിലെ പകലുകളിലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. അന്നേരങ്ങളില്‍ തിന്നു കുടിച്ചു മദിച്ചു നടക്കാനനുവാദമില്ല. കള്ളവും ചതിയും പൊളിവചനങ്ങളും പാടില്ല. സകല തിന്മകളും നോമ്പിനെ തകര്‍ക്കും. അതിനാല്‍ സകലവിധ ഇച്ഛകളോടും സമരം ചെയ്തു കൊണ്ടാണൊരാള്‍ നോമ്പുകാരനാവുന്നത്.

ഇങ്ങനെ സ്വേച്ഛകളോട് അകലം സൂക്ഷിക്കുന്നത് ദൈവത്തോടടുപ്പം വര്‍ധിപ്പിക്കാനാണ്. വേദ പാരായണവും ആരാധനാനുഷ്ഠാനങ്ങളും വര്‍ധിപ്പിച്ചു കൊണ്ടാണത് സാധിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് നോമ്പ് യഥാര്‍ഥത്തില്‍ തന്നെ ഉപവാസം ആവുന്നത്. ഉപവാസം എന്നാല്‍ കൂടെ താമസമാണ്. ദൈവത്തിന്റെ കൂടെ താമസമായി വ്രതം മാറണം. അങ്ങനെ വരുമ്പോള്‍ ദൈവത്തിന്റെ നിലപാടെന്തായിരിക്കുമെന്ന് പ്രവാചകന്‍ ഒരു ദൈവവചനം ഉദ്ധരിച്ച് പറഞ്ഞതിങ്ങനെ:
”എന്റെ ദാസന്‍ ഒരു ചാണ്‍ എന്നോടടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു മുഴം അങ്ങോട്ടടുക്കും; ദാസന്‍ ഒരു മുഴം ഇങ്ങോട്ടടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു മാറ് അങ്ങോട്ടടുക്കും. അവന്‍ എന്നിലേക്ക് നടന്നടുക്കുകയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും.”

മനുഷ്യന്‍ ദൈവത്തോടടുക്കുമ്പോള്‍ അതിനേക്കാള്‍ മനുഷ്യനോടടുക്കുന്നവനാണ് ദൈവം. മനുഷ്യന്‍ ദൈവത്തിന്റെ കൈ പിടിക്കാന്‍ ശ്രമിച്ചാല്‍ ദൈവം മനുഷ്യന്റെ കൈ പിടിക്കുമെന്നര്‍ഥം. ദൈവം കൈ പിടിച്ചാലോ?

പിതാവിന്റെ കൈ പിടിച്ചാണ് കുട്ടി നടക്കുന്നതെങ്കില്‍ കല്ലിലോ മറ്റോ കാല്‍ തട്ടിയാല്‍ പിടിവിട്ട് വീഴാന്‍ സാധ്യതയുണ്ട്. എന്നാല്‍ പിതാവ് കുട്ടിയുടെ കൈ പിടിച്ച് നടത്തുകയാണെങ്കിലോ?

ഈ അര്‍ഥത്തില്‍ ദൈവത്തോടടുക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ ഖുര്‍ആന്‍ പറയുന്നു:
”ആര്‍ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നുവോ അവന് എല്ലാവിധ വിഷമങ്ങളില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗം ദൈവം ഒരുക്കി കൊടുക്കും. അവന്‍ ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും.” (65:3)

എന്നാല്‍, ദൈവത്തോടടുക്കാന്‍ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യ ഘടകം ഇച്ഛകളാണ്. മനുഷ്യേച്ഛകളില്‍ നല്ലതും ചീത്തയുമുണ്ട്. ജീവിതത്തെ താളം തെറ്റിക്കുന്നതില്‍, സന്മാര്‍ഗത്തില്‍ നിന്നകറ്റുന്നതില്‍ അവക്ക് പങ്കുണ്ട്. അതിനാല്‍ ഇച്ഛാനിയന്ത്രണം സന്മാര്‍ഗ ജീവിതത്തിന് അനിവാര്യമാണ്. അതിനുള്ള പരിശീലനം കൂടിയാണ് വ്രതം.

വ്രതാനുഷ്ഠാനം എങ്ങനെയാണ് മനുഷ്യന്റെ സന്‍മാര്‍ഗ ജീവിത സംസ്‌കരണത്തിനുതകുന്നത് എന്നതിനുള്ള ഒരു ഉദാഹരണം:
ശരീരത്തെ രാജ്യമായും ആത്മാവിനെ രാജാവായും ഇച്ഛകളെ പ്രജകളായും സങ്കല്‍പിക്കുക. പ്രജകളാകുന്ന ഇച്ഛകളില്‍ നല്ലതും ചീത്തയുമുണ്ട്. ഈ ഇച്ഛകളാകുന്ന പ്രജകള്‍ ആത്മാവാകുന്ന രാജാവിനോട് പല ആവശ്യങ്ങളും പറയുന്നു. ഉദാഹരണത്തിന്, വിശപ്പാകുന്ന ഇച്ഛ പറയുന്നു: ‘എനിക്ക് വിശക്കുന്നു ഭക്ഷണം വേണം.’ ആത്മാവാകുന്ന രാജാവ് അതനുവദിക്കുമ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കുന്നു. ദാഹം എന്ന ഇച്ഛ ആവശ്യപ്പെടുന്നു ‘എനിക്ക് ദാഹിക്കുന്നു വെള്ളം വേണം.’ ആത്മാവാകുന്ന രാജാവ് അതനുവദിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു. ഇതുപോലെ ഒരാളുടെ മദ്യപാനേച്ഛ പറയുന്നു: ‘എനിക്ക് മദ്യപിക്കണം.’ ആത്മാവാകുന്ന രാജാവ് അതനുവദിച്ചാല്‍ അയാള്‍ മദ്യപിക്കുന്നു. ലൈംഗികേച്ഛ പറയുന്നു: ‘എനിക്ക് വ്യഭിചരിക്കണം.’ ആത്മാവാകുന്ന രാജാവ് അതനുവദിച്ചാല്‍ വ്യഭിചരിക്കുന്നു. ഇങ്ങനെ ആത്മാവാകുന്ന രാജാവിനോട് ഇച്ഛകളാകുന്ന പ്രജകള്‍ ആവശ്യപ്പെടുന്നതൊക്കെയും അനുവദിച്ചാല്‍ ഒരാള്‍ തോന്നുന്നതൊക്കെ ചെയ്യുന്ന, തോന്നുന്നതൊക്കെ പറയുന്ന ‘താന്തോന്നി’യാവുന്നു. അവിടെ ആത്മാവാകുന്ന രാജാവ് വെറും നോക്കുകുത്തിയും ഇച്ഛകളാകുന്ന പ്രജകളുടെ അഴിഞ്ഞാട്ടവുമാണുണ്ടാവുക. അങ്ങനെ ശരീരമാകുന്ന രാജ്യത്ത് അരാജകത്വം ഉടലെടുക്കുന്നു. അതിനാല്‍ ആത്മാവാകുന്ന രാജാവിന് ഇച്ഛകളാവുന്ന പ്രജകളെ കടിഞ്ഞാണിടാന്‍, അടക്കി ഭരിക്കാന്‍ കഴിയണം. ഇതാണ് വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്.

നോമ്പുകാരന്റെ വിശപ്പിന്റെ വിളിയോടുള്ള പ്രതികരണം ‘തല്‍കാലം നീ ഭക്ഷണം കഴിക്കണ്ട’, ദാഹത്തിന്റെ വിളിയോട് ‘തല്‍ക്കാലം വെള്ളം കുടിക്കണ്ട’ എന്നായിരിക്കും. മനുഷ്യന്റെ പ്രാഥമികേച്ഛകളെ തന്നെ അടക്കി ഭരിക്കാന്‍ പരിശീലിക്കുന്ന ആത്മാവിന് സകല ഇച്ഛകളെയും വരുതിയില്‍ നിര്‍ത്താന്‍ സ്വാഭാവികമായും കഴിയും.

മാത്രമല്ല, സ്വന്തം ഇച്ഛകളെ ദൈവേച്ഛക്ക് വിധേയപ്പെടുത്തുന്ന മഹത്തായൊരു പരിശീലനം കൂടിയാണ് വ്രതാനുഷ്ഠാനത്തിലൂടെ നടക്കുന്നത്. നോമ്പുകാരന്‍ വിശന്നിട്ടും ഭക്ഷണം ലഭ്യമായിട്ടും ഭക്ഷണം കഴിക്കുന്നില്ല; ദാഹിച്ചിട്ടും വെള്ളം ലഭ്യമായിട്ടും വെള്ളം കുടിക്കുന്നില്ല. കാരണം, ഈ സമയത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ നാഥന്റെ കല്‍പന. പ്രാഥമികേച്ഛകളെ തന്നെ ദൈവേച്ഛക്ക് വിധേയപ്പെടുത്താന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും സകല ഇച്ഛകളെയും ദൈവകല്‍പനക്ക് വിധേയപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിയും. ഇങ്ങനെ സകല തിന്മകളില്‍ നിന്നും അയാള്‍ മുക്തനാകുന്നു.

പിന്‍കുറി: വൃക്ഷങ്ങള്‍ ആഹാരം പാകം ചെയ്യുന്നത് ഇലകളിലാണ്. ശിശിരകാലത്തവ ഇലപൊഴിക്കുന്നു. ഒരു ശിശിരം മുതല്‍ അടുത്ത ശിശിരം വരെയുള്ള കാലയളവിനുള്ളില്‍ മുഴുപ്പും പുഴുക്കുത്തും വന്ന ഇലകള്‍ പൊഴിക്കുന്നു. വ്രതമനുഷ്ഠിക്കുന്നു. പിന്നെ പുതിയ തളിരുകളും പൂക്കളും കായ്കളുമുണ്ടായി അവ ധര്‍മനിര്‍വഹണത്തിനു സജ്ജമാകുന്നു.
വിശ്വാസികള്‍ ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുള്ള കാലയളവിനുള്ളില്‍ സംഭവിച്ച പാപക്കറകള്‍ കഴുകി, വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസത്തിന്റെ പുതിയ തളിരുകളും പൂക്കളും സല്‍ക്കര്‍മങ്ങളാകുന്ന കായ്കനികളുമായി ധര്‍മനിര്‍വഹണത്തിനൊരുങ്ങണമെന്നാണ് ദൈവ കല്‍പന.

ശവ്വാലിലെ നോമ്പ്

ശവ്വാലിലെ നോമ്പ് സ്ത്രീകള്‍ എപ്പോള്‍ അനുഷ്ഠിക്കണം?

വിഭാഗം: ശവ്വാലിലെ നോമ്പ്
0aaaaaaaaaaaaa
ചോ: ഈദുല്‍ ഫിത്വറിന് ശേഷം ശവ്വാലിലെ നോമ്പ് വളരെ ശ്രേഷ്ടമാണന്നറിയാം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവം മൂലം ഏതാനും നോമ്പുകള്‍ എല്ലാ വര്‍ഷവും നോറ്റു വീട്ടാനുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ഖദാഅ്’ ആയ നോമ്പാണോ ആദ്യമനുഷ്ഠിക്കേണ്ടത്? അതല്ല ശവ്വാലിലെ പ്രബലമായ സുന്നത്ത് നോമ്പുകളാണോ?
ശൈഖ് മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്
ഉത്തരം; ‘ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും, അതിനെ തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’
എന്ന പ്രവാചക വചനത്തില്‍ പറഞ്ഞ പ്രകാരം, പ്രതിഫലം പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ റമദാനിലെ നോമ്പ് ആദ്യം പിടിച്ചു വീട്ടുന്നതാണ് ഉത്തമം. ഹദീസില്‍ സൂചിപ്പിച്ച പ്രകാരമുള്ള പ്രതിഫലം കരസ്ഥമാക്കാന്‍ അതാണ് നല്ലത്.
അവര്‍ക്ക് റമദാനിലെ നോമ്പ് പിന്നീടുള്ള പതിനൊന്ന് മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പിടിച്ചു വീട്ടാനുള്ള അനുവാദമുണ്ട്. ശവ്വാലിലെ നോമ്പിന് നല്‍കപ്പെട്ടിരിക്കു്ന്ന പ്രതിഫലം റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിച്ചവര്‍ക്കാണ്. അത് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ നോമ്പെടുക്കുന്നതാണ് ഉത്തമം.

റമദാന്‍ അലസതയുടേതല്ല, കരുത്തിന്റേത്

നോമ്പിന്റെയും മറ്റ് ആരാധനകളുടെയും മാസമാണ് റമദാന്‍. നോമ്പിനെ ബാത്വിലാക്കക്കളയുന്ന ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിശ്വാസി ദൃഢനിശ്ചയത്തോടെ അകന്നുനില്‍ക്കുന്ന മാസമാണ് അത്. ഭക്ഷണം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുന്നതിനാല്‍ ശരീരത്തിന് ക്ഷീണവും ദൗര്‍ബല്യവും ബാധിക്കുന്നു. രാത്രിയില്‍ ഉറക്കമിളച്ച് നമസ്‌കാരത്തിലും പ്രാര്‍ത്ഥനതയിലും മുഴുകുന്നത് ക്ഷീണം ഇരട്ടിപ്പിക്കുന്നു. ഈ ക്ഷീണവും ദൗര്‍ബല്യവും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസിയെ അലസനാക്കുകയും മടിയനാക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് അധികമാളുകളും റമദാന്‍ നോമ്പിനെ പറ്റി ധരിച്ചുവച്ചിരിക്കുന്നത്.
പക്ഷെ ഈ ധാരണ തീര്‍ത്തും അബദ്ധമാണ്.

യഥാര്‍ത്ഥ വിശ്വാസി റമദാനില്‍ മറ്റുമാസങ്ങളേക്കാള്‍ ഊര്‍ജ്ജസ്വലനും ഉന്മേഷവാനും ആയിരിക്കും. കാരണം നന്മകള്‍ക്ക് ധാരാളം ഇരട്ടി പ്രതിഫലം ലഭിക്കുന്ന, അല്ലാഹുവിന്റെ അടുത്ത് പദവികള്‍ ഉയര്‍ത്തപ്പെടുന്ന മനോഹര മുഹൂര്‍ത്തമാണല്ലോ റമദാന്‍. അതിനാല്‍ തന്നെ വിശ്വാസി റമദാനെ പുഞ്ചിരിയോടും ഉന്മേഷത്തോടും കൂടിയാണ് വരവേല്‍ക്കുക. അനിഷ്ടം പ്രകടമാക്കുന്ന രീതിയില്‍ മുഖം ചുളിച്ചോ, അലസനായോ അവന്‍ അതിനെ സ്വീകരിക്കുകയില്ല. കാരണം അവന്‍ രണ്ട് ആരാധനകളിലാണ് ഉള്ളത്. അവന്റെ നിര്‍വഹിക്കുന്ന കര്‍മങ്ങളൊക്കെയും ആരാധനയാണല്ലോ.അതിനുപുറമേ നോമ്പ് എന്നത് മറ്റൊരു ആരാധനയും. ഈ രണ്ട് ആരാധനകള്‍ നിര്‍വഹിക്കുവാന്‍ കിട്ടുന്ന സുവര്‍ണാവസരത്തിന് നിഷ്‌കളങ്കമായ പുഞ്ചിരിയല്ലാതെ മുഖത്ത് മറ്റെന്താണ് വിരിയുക?

ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ ഈ മാസത്തില്‍ ഒട്ടേറെ അല്‍ഭുതകരമായ സംഭവങ്ങള്‍ നടന്നതായി കാണാം. തങ്ങളുടെ ജീവനും രക്തവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പിക്കാന്‍ സന്നദ്ധരായി വിശ്വാസികള്‍ രണഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചു. നോമ്പുകാരായിരുന്ന അവര്‍ ഉച്ചത്തില്‍പറഞ്ഞുകൊണ്ടിരുന്നത്് ‘നോമ്പുകാരനായിരിക്കെ അല്ലാഹുവെ കണ്ടുമുട്ടുകയെന്നത് എത്ര ആനന്ദകരമാണ്’ എന്നായിരുന്നു. തങ്ങളുടെ ദൃഢനിശ്ചയവും, അചഞ്ചലവിശ്വാസവും ആയുധമാക്കി ശത്രുക്കള്‍ക്കുമേല്‍ പ്രകടമായ
വിജയം അവര്‍ നേടിയെടുത്തു.ആ വിജയങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണലിപികളാല്‍ മുദ്രണംചെയ്യപ്പെട്ടു. ചരിത്രം ആ വിജയത്തെ വര്‍ഷംതോറും അനുസ്മരിച്ചുകൊണ്ട്, ഇക്കാലഘട്ടത്തിലെ അത്തരം ചരിത്രപുരുഷന്‍മാരാകാന്‍ ആഹ്വാനംമുഴക്കുകയും ചെയ്യുന്നു.
രക്തസാക്ഷിത്വം അല്ലെങ്കില്‍ വിജയം എന്നുപ്രഖ്യാപിച്ച്് ഇറങ്ങിത്തിരിച്ചവരായിരുന്നു അവര്‍. ബദ്ര്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. അതിലെ ഓരോ നിമിഷങ്ങളും സത്യാസത്യ വിവേചനമായി ലോകം നിറഞ്ഞുനില്‍ക്കുന്നു. ഇസ്ലാമിനും ശിര്‍ക്കിനുമിടയിലെ പ്രഥമ പോരാട്ടമായിരുന്നു അത്. വിശ്വാസികള്‍ വിജയിക്കുകയും ഇസ്ലാമിന്റെ യശസ്സ് ലോകത്തുയര്‍ത്തുകയും ചെയ്ത നിര്‍ണായക പോരാട്ടം. മക്കാ വിജയവും സംഭവിച്ചത് ഈ പവിത്രമാസത്തില്‍ തന്നെയാണ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ വിജയം എന്നാണ് അത് അറിയപ്പെടുന്നത്. താര്‍ത്താരികള്‍ക്ക് മേല്‍ വിജയക്കൊടി പാറിച്ച ഐന്‍ ജാലൂത്ത് യുദ്ധവും റമദാന്റെ സംഭാവനതന്നെ. ഇസ്ലാമിക രാഷ്ട്രത്തില്‍ മംഗോളിയന്മാരുടെ മുന്നേറ്റത്തിനുള്ള കരണത്തടിയായിരുന്നു ആ വിജയം. ഫ്രഞ്ചുശക്തികള്‍ക്ക് മേല്‍ വിജയം വരിച്ച ബിലാത്വുശ്ശുഹദാഅ് യുദ്ധം മറ്റൊന്നാണ്. മുസ്ലിം സേനാനായകന്‍ അബ്ദുര്‍റഹ്മാന്‍ ഗാഫിഖി രക്തസാക്ഷിത്വം വരിച്ച പോരാട്ടം കൂടിയായിരുന്നു ഇത്. ആധുനിക ചരിത്രത്തില്‍ സയണിസ്റ്റുകള്‍ക്കുമേല്‍ ഈജിപ്ഷ്യന്‍ മുസ്ലിംകള്‍ വിജയം വരിച്ചതും റമദാനില്‍ തന്നെയായിരുന്നു. സയണിസ്റ്റുകളുടെ അധിനിവേശ സ്വപ്‌നം പൊളിഞ്ഞു പോകാനും, അവരുടെ കയ്യില്‍ നിന്നും ഭൂമി തിരിച്ച് പിടിക്കാനും, സീനാ മരുഭൂമി സയണിസ്റ്റ് ടാങ്കുകളുടെ ശ്മശാനമായി മാറാനും വഴിയൊരുക്കിയത് ഈ വിജയമായിരുന്നു.

ശോഭനമായ ഇസ്ലാമിക ചരിത്രത്തിലേക്ക് കണ്ണുകളയക്കുക നാം. റമദാന്‍ ഉറക്കത്തിന്റെയും ആലസ്യത്തിന്റെയും മാസമായിരുന്നില്ല എന്ന് അവ നമ്മെ ഉണര്‍ത്തുന്നു. , അത് പഠിപ്പിക്കുന്നത് പോരാട്ടത്തിന്റെയും വിജയത്തിന്റെയും ക്ഷമയുടെയും മുന്നേറ്റത്തിന്റെയും മാസമായിരുന്നുവെന്നാണ്. നമുക്ക് റമദാനില്‍ നിന്ന് തുടങ്ങാം. പുതിയ ചരിത്രത്തിലേക്കുള്ള വഴിത്തിരിവായി നമുക്ക് റമദാനെ അടയാളപ്പെടുത്താം. 2013-07-10

പരിശുദ്ധ റമദാനിലെ പ്രത്യേകത

2013-07-10, അതിന്റെ പ്രഥമദിനംതൊട്ട് സുബ്ഹിബാങ്കിന്റെ അലയൊലികളോടൊപ്പം ഓരോ മുസ്ലിമിന്റെയും ഹൃദയാന്തരാളത്തില്‍ നിന്ന് ബഹിര്‍സ്ഫുരിക്കുന്ന വിശ്വാസകിരണങ്ങളത്രെ. പാപികളും കുറ്റവാളികളുമായ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ നാഥന്റെ അടുത്ത് പ്രശോഭിതമായ പുതിയ ഒരു അധ്യായം തുടങ്ങാനുള്ള പ്രതീക്ഷയും അവസരവും നല്‍കുന്നുവെന്നതാണ് പരിശുദ്ധ റമദാന്റെ അമൂല്യമായ സമ്മാനം. അതുവഴി ദൈവസ്‌നേഹത്തിലും പരസ്പര കാരുണ്യത്തിലും സദ് വൃത്തികളിലും ഊന്നിയ സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു.
ഇഹ-പരലോകങ്ങളിലെ സൗഖ്യത്തിന് കാരണമായേക്കാവുന്ന പുതിയ തുടക്കത്തിന് വിശ്വാസികളെ പ്രേരിപ്പിക്കുന്ന മനോഹരവും ആകര്‍ഷകവുമായ എത്രയെത്ര പ്രവാചക വചനങ്ങളാണ് ഉള്ളത് !
നബി തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു :’റമദാനിലെ ആദ്യരാവ് എത്തുന്നതോടെ പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.

അവിടെ നിന്ന് വിളിച്ച് പറയപ്പെടും ‘അല്ലയോ നന്മ കാംക്ഷിക്കുന്നവനേ, മുന്നോട്ടുവരൂ… അല്ലയോ തിന്മയാഗ്രഹിക്കുന്നവനേ, പിന്തിരിഞ്ഞോളൂ). ബുഖാരി
മുപ്പതുദിവസങ്ങള്‍ക്ക് ദൈവികമായ വരദാനം. പിശാചിനെ ബന്ധിച്ച് അവന്റെ ദുഃസ്വാധീനങ്ങളില്‍നിന്ന് മനുഷ്യരെ അകറ്റി, സന്മാര്‍ഗമന്വേഷിച്ചുഴലുന്നവന് വഴിസുഗമമാക്കി നല്‍കുകയെന്ന സമ്മാനം. ആത്മസംസ്‌കരണത്തിനും പരിവര്‍ത്തനത്തിനും കൊതിക്കുന്നവനു മുന്നില്‍ സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറന്ന്, നരക കവാടങ്ങള്‍ ഭദ്രമായി അടച്ച് അല്ലാഹു കനിഞ്ഞിരിക്കുന്നു.

ദൈവിക മാര്‍ഗത്തില്‍ യാത്ര തുടങ്ങാനുള്ള സുവര്‍ണാവസരമിതാ തൊട്ടടുത്ത്. ദൈവിക വിധേയത്വത്തിലും ദൃഢവിശ്വാസത്തിലും കുളിര്‍മ അനുഭവിക്കുന്ന നവജീവിതത്തിലേക്കുള്ള യാത്ര.
പക്ഷേ ഇവിടെ വേദനാജനകമായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഈ സുവര്‍ണാവസരം വര്‍ഷത്തിലൊരിക്കലേ ഉള്ളൂ. മാത്രമല്ല, അടുത്ത വര്‍ഷം പ്രസ്തുത അവസരം ലഭിക്കുമോ എന്ന് ആര്‍ക്കും പറയാനുമാവില്ല. അതിനാല്‍ ഏറ്റവും മഹത്തായ അവസരത്തെ, ഏറ്റവുമടുത്ത സന്ദര്‍ഭത്തില്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഉത്തരവാദിത്തം. മുപ്പതുദിവസങ്ങള്‍ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ മുതലെടുക്കുകയെന്നത് തീര്‍ത്തും ശ്രമകരം തന്നെ. അതിനുള്ള ഏതാനും മാര്‍ഗങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

1. മതപരമായ വികാരത്തോടൊപ്പം ചിന്തയും ആലോചനയും
റമദാന്‍ ആഗതമാവുന്നതോടെ പ്രത്യേകിച്ച് ഹൃദയത്തില്‍ മതപരമായവികാരവും ആരാധനകളോടുള്ള താല്‍പര്യവും രൂപപ്പെടാറുണ്ട്. ഒരു പക്ഷേ നാം ആത്മാര്‍ഥമായി പരിശ്രമിച്ചില്ലെങ്കില്‍ പോലും ഈ മാനസികാവസ്ഥയുണ്ടാകാം. പക്ഷേ, ഈ താല്‍പര്യത്തെ ചിന്താമനനങ്ങള്‍കൊണ്ട് ക്രമപ്പെടുത്താനും റമദാനെ കൃത്യമായി വ്യവസ്ഥപ്പെടുത്താനും സാധിക്കാറില്ല എന്നത് സാധാരണ സംഭവിക്കുന്ന വീഴ്ചയാണ്. ആരാധനകള്‍ക്കും, ദാനധര്‍മങ്ങള്‍ക്കുമൊപ്പം തന്നെ റമദാനെ ആസൂത്രണത്തോടെ കൈകാര്യം ചെയ്യാനും, അതു മുഖേന സ്വയം പരിവര്‍ത്തനത്തിനുള്ള പദ്ധതി തയ്യാറാക്കാനും മിക്കയാളുകള്‍ക്കും കഴിയാറില്ല. പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന മനസ്സിന് നമ്മുടെ മതപരമായ ചടങ്ങുകളിലും, ആചാരങ്ങളിലും യാതൊരിടവുമില്ല എന്നതാണിതിന് കാരണം. അതിനാല്‍ തന്നെ റമദാന്‍ അവസാനിക്കുന്നതോടെ പ്രസ്തുത വികാരം ശോഷിച്ച് ഏതാനുംമാസങ്ങള്‍ക്കകം ഹൃദയത്തില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമാവുന്നു.

2. ആരാധന
നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍ തുടങ്ങി ആത്മീയാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന ആരാധനകള്‍ മനുഷ്യന് അനിവാര്യമാണെന്നതില്‍ സംശയമില്ല. മുസ്ലിമിന് ഈമാനികാവേശവും അല്ലാഹുവുമായുള്ള ദൃഢബന്ധവും പ്രദാനം ചെയ്യുന്നത് പ്രസ്തുത ആരാധനകളാണ്. പക്ഷേ, പരിശുദ്ധ റമദാന്‍ മുഴുക്കെ ഇത്തരം ആരാധനകളില്‍ മാത്രം മുഴുകി ജീവിക്കുന്നത് തീര്‍ത്തും അബദ്ധമാണ്. കാരണം ഇസ്ലാം സമര്‍പിക്കുന്ന ആരാധനാ സങ്കല്‍പം വിശാലവും സമഗ്രവുമത്രേ. അവ മനുഷ്യന്റെ കുടുംബാംഗങ്ങളിലും കൂട്ടുകാരിലും ജോലിയിലും പൊതുനിരത്തിലുമുള്ള പെരുമാറ്റത്തെയും ഉള്‍ക്കൊള്ളുന്നവയാണ്. ആത്മാര്‍ത്ഥമായും ദൈവപ്രീതി കാംക്ഷിച്ചുമാണ് നാം അവയിലേര്‍പെടുന്നതെങ്കില്‍ അവയും ആരാധന(ഇബാദത്ത്) തന്നെയാണ്. അവക്ക് മഹത്തായ പ്രതിഫലവുമുണ്ട്. ആത്മീയാരാധാനകളെ മുഖ്യലക്ഷ്യമാക്കി കാണുന്നതിന് പകരം നമ്മുടെ ജീവിതത്തില്‍ ദൈവബോധം നിറക്കാനുള്ള മാര്‍ഗമായിമാത്രം നാം അവയെ വിലയിരുത്തുക. അതോടെ നമ്മുടെ സ്വഭാവം സംസ്‌കരിക്കപ്പെടുകയും, നമ്മുടെ ഇടപാടുകള്‍ കുറ്റമറ്റതാക്കപ്പെടുകയും ചെയ്യും. നമ്മുടെ ആരാധാനകള്‍ ഈയര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താത്തതിനാലാണ് ഏതാനും ചില കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതോടെ നമ്മിലേക്ക് മടിയും ആലസ്യവും കടന്നുവരുന്നത്.

3. ഈമാനികോര്‍ജ്ജം പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുക
മേല്‍പറഞ്ഞതിന്റെ തുടര്‍ച്ചയാണിത്. ആത്മീയാരാധനകളില്‍ മാത്രം തന്റെ കര്‍മങ്ങള്‍ പരിമിതമാക്കാതെ വിശാലാര്‍ത്ഥത്തിലുള്ള നന്മകള്‍ക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കണം. കുടുംബ ബന്ധം ചേര്‍ക്കാനും, നന്നാക്കാനും, സുഹൃത്തുക്കളോടും മറ്റും സുഖവിവരങ്ങളന്വേഷിക്കാനും അവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. ഇപ്രകാരം കര്‍മപഥത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്റെ വിശ്വാസവും ആത്മീയാരാധനകളും പ്രയോഗതലത്തിലേക്ക് വിവര്‍ത്തിതമാവുന്നതായി അവന്‍ തിരിച്ചറിയുന്നു.

4. തന്റെ പരിമിതി തിരിച്ചറിയുക
ഒരു മാസം മുഴുവന്‍ ഒരേപോലെ ആരാധനകളില്‍ മുഴുകി ജീവിക്കുകയെന്നത് അല്പം പ്രയാസകരമാണ്. റമദാന്റെ പ്രഥമദിവസം തന്നെ ധാരാളം ആരാധനകള്‍ നിര്‍വഹിക്കുകയെന്നതും അതുപോലെതന്നെ ക്ലേശകരമത്രേ. ആദ്യദിനങ്ങള്‍ പിന്നിടുമ്പോള്‍ ഹൃദയത്തില്‍ നിരാശ ചേക്കേറുകയും തദ്ഫലമായി ആരാധനകള്‍ ക്ലേശകരമായിത്തോന്നുകയും ചെയ്യും. അതോടെ റമദാനിനെക്കുറിച്ച തന്റെ സ്വപ്‌നങ്ങള്‍ വൃഥാവിലായെന്നും അനുഗ്രഹങ്ങള്‍ വിനഷ്ടമായെന്നും അവന്‍ കരുതുകയായി. ഇതിനെന്താണ് പോംവഴി ?
– മാസം മുഴുവന്‍ ഒരു പോലെ ചെലവഴിക്കുന്നതിന് പകരം മെല്ലെ തുടങ്ങി സജീവമായി മെല്ലെ അവസാനിപ്പിക്കാന്‍ സാധിക്കേണ്ടിയിരിക്കുന്നു.
– ആരാധനകള്‍ സ്വാര്‍ഥതാല്‍പര്യം മുന്‍നിര്‍ത്തി ഒറ്റയ്ക്കനുഷ്ഠിക്കുന്നതിന് പകരം മറ്റുള്ളവരോടൊത്തുചേര്‍ന്ന്, എല്ലാവരുടെയുംലക്ഷ്യമെന്ന ബോധം ഉണര്‍ത്തി നിര്‍വഹിക്കുക.
– തന്റെ പദ്ധതി നടപ്പാക്കുന്നതില്‍ ഭാര്യയെയും സന്താനത്തെയും കൂടെക്കൂട്ടുക.
– കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം വിശ്രമത്തിനും ആസ്വാദനത്തിനും സമയം കണ്ടെത്തുക.

‘റമദാനിലെ ആദ്യരാവ്

“….images (6)പാപികളും കുറ്റവാളികളുമായ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ നാഥന്റെ അടുത്ത് പ്രശോഭിതമായ പുതിയ ഒരു അധ്യായം തുടങ്ങാനുള്ള പ്രതീക്ഷയും അവസരവും നല്‍കുന്നുവെന്നതാണ് പരിശുദ്ധ റമദാന്റെ അമൂല്യമായ സമ്മാനം. അതുവഴി ദൈവസ്‌നേഹത്തിലും പരസ്പര കാരുണ്യത്തിലും സദ് വൃത്തികളിലും ഊന്നിയ സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

ഇഹ-പരലോകങ്ങളിലെ സൗഖ്യത്തിന് കാരണമായേക്കാവുന്ന പുതിയ തുടക്കത്തിന് വിശ്വാസികളെ പ്രേരിപ്പിക്കുന്ന മനോഹരവും ആകര്‍ഷകവുമായ എത്രയെത്ര പ്രവാചക വചനങ്ങളാണ് ഉള്ളത് !
നബി തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു :’റമദാനിലെ ആദ്യരാവ് എത്തുന്നതോടെ പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നു. അവിടെ നിന്ന് വിളിച്ച് പറയപ്പെടും ‘അല്ലയോ നന്മ കാംക്ഷിക്കുന്നവനേ, മുന്നോട്ടുവരൂ… അല്ലയോ തിന്മയാഗ്രഹിക്കുന്നവനേ, പിന്തിരിഞ്ഞോളൂ). ബുഖാരി….”

നോമ്പുകാരന്റെ ദന്തശുദ്ധി

നോമ്പുകാരന്റെ വായയുടെ ദുര്‍ഗന്ധത്തിന് പരലോകത്ത് പ്രത്യേക പ്രതിഫലമുള്ള സ്ഥിതിക്ക് അവന്‍ ദന്തശുദ്ധി വരുത്തി അകറ്റാന്‍ ശ്രമിക്കേണ്ടതില്ലെന്ന ധാരണ ശരിയാണോ ?
ആ ധാരണ ശരിയല്ല. മറ്റവസരങ്ങളെപ്പോലെ ആവശ്യാനുസാരം നോമ്പുകാരന് ദന്തുശുദ്ധി വരുത്താവുന്നതാണ്. ‘നോമ്പുകാരന്റെ വായയുടെ ഗന്ധവ്യത്യാസം അല്ലാഹുവിങ്കല്‍ കസ്തൂരി ഗന്ധത്തെക്കാള്‍ ഉത്തമമാണ്’ (മുസ്്‌ലിം) എന്ന ഹദീഥിന്റെ ആശയം തെറ്റിദ്ധരിച്ച് നോമ്പുകാരന് ഉച്ചക്കുശേഷം ദന്തശുദ്ധി ശരിയല്ലെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. താന്‍ സഹിക്കുന്ന നിസ്തുല ത്യാഗത്തിന് പരലോകത്ത് പ്രത്യേകമായി ലഭിക്കുന്ന പ്രതിഫലമാണ് യഥാര്‍ഥത്തില്‍ ഹദീസ് വിവരിക്കുന്നത്. അഴുക്ക് നീക്കിക്കളയേണ്ടതില്ല എന്നല്ല.
images

വ്രതത്തിലെ യുക്തി حكمة الصوم


‘സത്യ വിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവരോട് കല്‍പ്പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ്് നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയ ഭക്തിയുളളവരാകാന്‍ വേണ്ടി’.(അല്‍ ബഖറ :183)
സത്യ വിശ്വാസികളെ വിളിച്ച് അഭിസംബോധന ചെയ്ത ശേഷം ഈ സൂക്തം അല്ലാഹു ആരംഭിക്കുന്നത് ‘നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു’ എന്ന വചനത്തോടെയാണ്. എന്നിട്ട് വീണ്ടും പറയുന്നു.’നിങ്ങള്‍ക്ക് മുമ്പുളളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നത് പോലെ’. അഥവാ മുസ്്‌ലിംകള്‍ക്ക് മാത്രം ബാധകമായ ഒരു ആരാധനയായിരുന്നില്ലെന്ന് സാരം. ഇങ്ങനെ ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നത് നിങ്ങള്‍ ഭയഭക്തിയുളളവരാകാന്‍ വേണ്ടിയാണ്. മനുഷ്യന് ഭയഭക്തി ഉണ്ടാക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളിലൊന്നാണ് വൃതം. മാനസികവും ശാരീരികവുമായ സംസ്‌കരണമാണ് നോമ്പ്. മനുഷ്യനെ തിന്മകളില്‍ നിന്ന് അത് തടയുന്നു.
അല്ലാഹു മനുഷ്യന് വേണ്ടി നിയമമാക്കിയ മുഴുവന്‍ കാര്യങ്ങളിലും ഒട്ടേറെ പ്രയോജനങ്ങള്‍ ഉണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ തീര്‍ത്തും യുക്തി പൂര്‍വ്വകമാണ്. അവന്റെ നിയമങ്ങളിലെയും കല്‍പ്പനകളിലെയും യുക്തി പൂര്‍ണ്ണമായും കണ്ടെത്തുക മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
നോമ്പിനെ മനുഷ്യന് നിര്‍ബന്ധമാക്കിയതിനു പിന്നിലെ പ്രധാന യുക്തി, അല്ലാഹുവിന്റെ വിധി വിലക്കുകളില്‍, നിലനിര്‍ത്തേണ്ടുന്ന ദൈവ ഭയം കരസ്ഥമാക്കുകയെന്നതാണ്. വൃതമാസത്തില്‍ അല്ലാഹുവിന്റെ അടിയാറുകളോടുളള അവന്റെ കല്‍പ്പന, ഉദ്ധ്യേശ ശുദ്ധിയോടെ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കാനും, വികാര വിചാരങ്ങള്‍ നിയന്ത്രിക്കാനുമാണ്. മനുഷ്യ പ്രകൃതി ഇഛിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ അവര്‍ കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അതിനെ ഒഴിവാക്കി അല്ലാഹുവിനോടുളള അനുസരണത്തിന് വിശ്വാസിയെ പരിശീലിപ്പിക്കുകയാണ് വൃതം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിക്കുന്നു.

ശരീരവും ഇഛയും
ആഗ്രഹത്തിന് വിപരീതമായി ആത്മാവ് ശരീരത്തെ, നിയന്ത്രിക്കുകയാണ് നോമ്പിലൂടെ. ഇങ്ങനെ ലഭിക്കുന്ന ദൈവഭയം കൊണ്ടും ആത്മീയ ഔന്നിത്യം കൊണ്ടും ഈ ഉമ്മത്തിനെ, വലിയ ദൗത്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുകയാണ് അല്ലാഹു.
‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവരോട് കല്‍പ്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നാം നോമ്പ്് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭയ ഭക്തിയുളളവരാകാന്‍ വേണ്ടി.'(അല്‍ ബഖറ : 183)
‘എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കെിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിനു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുളള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മ ചെയ്താല്‍ ഗുണകരമാകുന്നു.നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണങ്കില്‍ നോമ്പനുഷ്ടിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം ‘ (അല്‍ ബഖറ : 184)
‘ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച് കാട്ടുന്നതുമായ സുവ്യക്ത തെളിവുകളായി കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുളളവരായിരിക്കുവാനും വേണ്ടിയത്രെ ഇത്.'( അല്‍ ബഖറ : 185 )
‘ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.’ (അല്‍ ബഖറ : 2)
മേല്‍ സൂചിപ്പിച്ച ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതിലെ പ്രധാന കാര്യം ദൈവഭയമാണന്ന് കാണാം.
വിശുദ്ധ ഖുര്‍ആനില്‍ തഖ്‌വയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ട മറ്റു ആയത്തുകള്‍ കൂടി പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമാകും.
‘ ദൈവ ഭയമുളളവര്‍ക്ക് സന്‍മാര്‍ഗ്ഗം’ (അല്‍ബഖറ : 2)
‘ ദൈവ ഭയമുളളവര്‍ക്കല്ലാതെ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനാകില്ല.’ (അല്‍ബഖറ : 183)
നോമ്പ് ദൈവ ഭയത്തിന്റെ വഴികളിലേക്ക് നമ്മെ എത്തിക്കുന്നു.
അല്ലാഹു നിങ്ങളോട് കല്‍പ്പിക്കുന്ന വിധം പ്രവര്‍ത്തിക്കുകയാണങ്കില്‍ നിങ്ങള്‍ നന്ദിയുളളവരാകും. അല്ലാഹു സത്യവിശ്വാസികള്‍ക്ക് എളുപ്പമാക്കി കൊടുത്തിട്ടുളള സന്‍മാര്‍ഗത്തിന്റെ യഥാര്‍ത്ഥ വില തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. നോമ്പ് വേളകളില്‍ വിശ്വാസി അനുഭവിക്കുന്ന ആനന്ദമതാണ്. മേല്‍ സൂചിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വൃതത്തിന്റെ യുക്തി വെളിവാക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ .
1 നോമ്പിലൂടെ ഭൗതിക ലോകത്തോടും ദേഹേച്ഛകളോടും വിരക്തിയുണ്ടാകാന്‍ വിശ്വാസി പരിശീലിക്കുന്നു. എന്നെന്നും നിലനില്‍ക്കുന്നതും ഏറ്റവും ഉത്തമവുമായ അല്ലാഹുവിന്റെ പ്രതിഫലം കരസ്ഥമാക്കുവാന്‍ അതവന് ഉപകരിക്കും.
2 അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് താനെന്ന വിശ്വാസം അടിമയില്‍ എപ്പോഴും ഉണ്ടാകും. തെറ്റുകള്‍ ചെയ്യാന്‍ കഴിയുന്ന സന്ദര്‍ഭത്തിലും അതിനെ നിയന്ത്രിക്കാന്‍ വിശ്വാസി ശീലിക്കുന്നു.
3 അധികമധികം നന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
4 പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നകന്ന് നില്‍ക്കാന്‍ സാധിക്കുന്നു. അതുവഴി പാപങ്ങളില്‍ നിന്നകലാനും നന്മകളില്‍ മുന്നേറാനും കഴിയും.
5 ദരിദ്ര-അവശ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിശപ്പും ദാഹവും തിരിച്ചറിയുന്ന വിശ്വാസി, അഗതികളോടും ദരിദ്രരോടും അനുകമ്പയുളളവനായി തീരും.
6 അല്ലാഹുവിന്റെ ശിക്ഷകളെ സംബന്ധിച്ചുളള ഭയവും അവന്റെ തൃപ്തിയെ സംബന്ധിച്ചുള്ള ആശ്വാസവും പാപങ്ങളില്‍ നിന്ന് വിശ്വാസിയെ തടയുന്നു.
7 അല്ലാഹുവിന്റെ കല്‍പ്പനകള്‍ ശിരസാവഹിക്കാന്‍ നോമ്പ് വിശ്വാസിയെ പ്രാപ്തനാക്കുന്നു.

ഡോ: അബ്ദുല്ല റാബിത്വി

വിവ : മുനീര്‍ മുഹമ്മദ് റഫീഖ്‌

എന്താണ് നോമ്പ്


ഇസ് ലാം, വിശ്വാസവും അനുഷ്ഠാനവും സമന്വയിപ്പിച്ച മതമാണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പിറകേ തദനുഗുണമായ അനുഷ്ഠാനങ്ങള്‍ വരുന്നു. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ അനുഷ്ഠാനപരമായ ചതുര്‍സ്തംഭങ്ങളാണ്. ഈ അധ്യായത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സത്തയെയും നിര്‍വഹണരീതിയെയും സംബന്ധിച്ചുള്ള പര്യാലോചനകളിലേക്ക് പ്രവേശിക്കാം.

സൗമിന്റെ ഭാഷാര്‍ഥം
നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സ്വൗം, സ്വിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം, സംയമനം എന്നൊക്കെയാണ്.
‘ഇമാം നവവി ശര്‍ഹു മുസ് ലിമിലും ഇമാം ഇബ്‌നു ഹജര്‍ അസ്‌ക്വലാനി ഫത്ഹുല്‍ ബാരിയിലും പറയുന്നു: ‘സ്വിയാം’ എന്നാല്‍ സംയമനം എന്നര്‍ഥം.’ (നൈലുല്‍ഔത്വാര്‍ വാള്യം 4, പേജ് 258)
‘സ്വിയാം എന്ന വാക്കിന്റെ ഭാഷാര്‍ഥം സമ്പൂര്‍ണമായ സംയമനം എന്നതാണ്. ഒരാള്‍ തന്റെ സംസാരവും ഭക്ഷണവും വര്‍ജിച്ചു. എന്നിട്ടയാള്‍ സംസാരിച്ചുമില്ല, ഭക്ഷിച്ചുമില്ല. എങ്കില്‍ ഭാഷാര്‍ഥത്തില്‍ അവനെ ‘സ്വാഇം’ എന്നു വിളിക്കാം. ‘പരമകാരുണികന് ഞാന്‍ ‘സ്വൗമ്’ നേര്‍ന്നിരിക്കുന്നു (വി.ഖു 19:26)എന്ന ഖുര്‍ആന്‍ വാക്യത്തിലെ ‘സ്വൗം’ ഭാഷാര്‍ഥത്തില്‍ പ്രയുക്തമായതാണ്. അതായത് സംസാരം വര്‍ജിക്കാമെന്ന് ശപഥം ചെയ്തിരിക്കുന്നു.’ (കിതാബുല്‍ ഫിഖിഹി അലല്‍ മദാഹിബില്‍ അര്‍ബഅ 1:541) മര്‍യം ബീവിയുടെ മൗനവ്രതത്തെക്കുറിച്ചാണ് മേല്‍ ഖുര്‍ആന്‍ വാക്യത്തില്‍ ‘സ്വൗം’ എന്ന പ്രയോഗം വന്നിരിക്കുന്നത്.

സാങ്കേതികാര്‍ഥം
ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രീതിക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നതാണ് സാങ്കേതികാര്‍ഥത്തില്‍ ‘സ്വിയാം’ (വ്രതം).
‘പ്രാഭാതോദയം മുതല്‍ അസ്തമയം വരെയുള്ള കാലയളവില്‍ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആശിച്ച്, ഭക്ഷണ പാനീയങ്ങളും കാമപൂര്‍ത്തീകരണവും വര്‍ജിക്കുക; കുറ്റകൃത്യങ്ങളില്‍ അല്ലാഹുവിന്റെ കല്പനകള്‍ സര്‍വാത്മനാ അനുസരിക്കാന്‍ കഴിയുന്ന വിധം പരിശീലനം നേടുക – ഇതാണ് സാങ്കേതികാര്‍ഥത്തില്‍ നോമ്പ്.’ (തഫ്‌സീറുല്‍ മനാര്‍ 2:143)
മനസ്സാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദൂരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ഒരു ജീവിതം നയിക്കാനുള്ള പ്രാപ്തിയാര്‍ജിക്കാന്‍ നോമ്പ് മനുഷ്യനെ സജ്ജനാക്കുന്നു. അതുവഴി നരകമുക്തിയും സ്വര്‍ഗപ്രാപ്തിയും അവന് കരഗതമാകുന്നു

റജബ് മാസത്തില്‍ നോമ്പെടുക്കണമോ ? صيام شهر رجب

: റജബ് മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ? അതില്‍ നോമ്പെടുത്താല്‍ പ്രത്യേക പ്രതിഫലം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ആധികാരികമായ പ്രവാചക വചനങ്ങള്‍ ഉണ്ടോ ?

ഉത്തരം : ശൈഖ് അത്വിയ സഖ് ര്‍ (അല്‍അസ്ഹര്‍ ഫത് വ കമ്മിറ്റി മുന്‍ തലവന്‍)

പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ കാലത്ത് യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളിലൊന്നായിരുന്നു റജബ്. ആ മാസങ്ങളില്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാന്‍ നബി (സ) അനുയായികളോട് നിര്‍ദേശിച്ചിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. അഥവാ ഈ മാസങ്ങളില്‍ (അശ്ഹുറുല്‍ ഹുറും) നോമ്പനുഷ്ഠിക്കുന്നത് ഐഛികം മാത്രമാണ്. എല്ലാ മാസങ്ങളിലും മൂന്ന് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്തായത് പോലെ റജബിലും അപ്രകാരം ചെയ്യുന്നത് പ്രതിഫലാര്‍ഹമാണ്. അതിനപ്പുറം റജബിലെ ഇന്ന ദിവസങ്ങള്‍ നോമ്പെടുക്കുക, ആദ്യ ദിവസം നോമ്പെടുത്താല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാണ് എന്നൊക്കെ നിര്‍ദേശിക്കുന്ന ആധികാരികമായ പ്രവാചക വചനങ്ങളൊന്നും ഇല
പവിത്ര മാസം റജബ്

أللهم بارك لنا في رجب وشعبان وبلّغنا رمضان
അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വരികയായ്. റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം കൊണ്ട് അനുഗ്രഹീതമായ മാസം കൂടിയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വിശ്വാസികള്‍ രണ്ട്‌ മാസം മുമ്പേ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം. മറ്റേത് മാസങ്ങളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്. ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനം കൂടിയാണ്.
أللهم بارك لنا في رجب وشعبان وبلّغنا رمضان
അധികരിച്ച ദുആ താഴെ:
اللهم بارك لنا في رجب وشعبان وبلغنا رمضان ووفقنا فيه للصيام والقيالم وتلاوة القرآنآناء الليل وأطراف النهار
“അള്ളാഹുവെ റജബിലും ഷഹ്ബാനിലും നീ ഞങള്‍ക്ക് ബര്‍ക്കത്ത് നല്‍കണേ.., റമളാനില്‍ നീ ഞങളെ എത്തിപ്പിക്കുകയും നോമ്പും പിടിക്കാനും, രാത്രി നിന്നു നിസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും നീ ഭാഗ്യം നല്‍കണേ…” (ആമീന്‍)