Category Archives: പത്രാസ്

ഉപദേശം ഹൃദയങ്ങളിലെത്താന്‍

നല്ലവരുടെ ഹൃദയങ്ങളില്‍ ഉപദേശത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. നന്മയെ കുറിച്ചവരെയത് ഓര്‍മിപ്പിക്കുന്നു. അതില്‍ അടിയുറച്ച് നില്‍ക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നു. അവര്‍ക്കതിലൂടെ സന്തോഷവാര്‍ത്തയും മുന്നറിയിപ്പും ലഭിക്കുന്നു. കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിനും നാഥനിലേക്ക് മടങ്ങുന്നതിനും പശ്ചാത്തപിക്കുന്നതിനും അവരെയത് പ്രേരിപ്പിക്കുന്നു. ഉപദേശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്‌കരണമാണ് ഖുര്‍ആനും പ്രവാചക ചര്യയും പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : ‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും.’ എന്നാല്‍ ഉപദേശം മാതൃകാപരമാവുന്നതിന് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

അതില്‍ ഏറ്റവും സുപ്രധാനമായിട്ടുള്ളത് ഉപദേശിക്കുന്നയാളുടെ ആത്മാര്‍ഥതയില്‍ നിന്നും ഉണ്ടാവുന്നതായിരിക്കുക എന്നതാണ്. ഹൃദയത്തില്‍ നിന്നാണത് വരുന്നതെങ്കില്‍ ഹൃദയങ്ങളിലേക്കതിന് എത്താന്‍ സാധിക്കും. എന്നാല്‍ നാവില്‍ മാത്രം പരിമിതപ്പെടുന്ന വാക്കുകള്‍ക്ക് ചെവികള്‍ക്കപ്പുറം പോകാനാവില്ല. ജനങ്ങളെ ദീര്‍ഘനേരം ഉപദേശിക്കുന്ന ഉപദേശകന്റെ ഉപദേശം സ്വാധീനം ഉണ്ടാക്കുന്നില്ല, അതേ സമയം വളരെ കുറിച്ച് മാത്രം കുറച്ച് മാത്രം ഉപദേശിക്കുന്ന മറ്റൊരാളുടെ വാക്കുകള്‍ക്ക് സ്വാധീനം ലഭിക്കുന്നതിന്റെയും കാരണം അന്വേഷിച്ചയാളോട് പൂര്‍വികന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ കരച്ചിലും കൂലിക്കായി കരയുന്നവരുടെ കരച്ചിലും തമ്മിലുള്ള വ്യത്യാസമാണ് അവ രണ്ടിനുമിടയിലുള്ളത്. ഒന്നാമത്തെയാള്‍ കൂലി വാങ്ങിയിട്ടാണത് ചെയ്യുന്നത്. രണ്ടാമത്തെവന്‍ വളരെ കുറച്ചെ പറയുന്നുള്ളുവെങ്കിലും അവന്റെ വാക്കുകള്‍ ആത്മാര്‍ഥത നിറഞ്ഞതാണ്.

ഉപദേശം നല്ല വാക്കുകളായിരിക്കണം. മോശം വാക്കുകളോ വ്രണപ്പെടുത്തലുകളോ അതിലുണ്ടാവരുത്. ആളുകളെ കുറ്റപ്പെടുത്തലോ ജനങ്ങളുടെ കുറ്റം പറയലോ ആയിരിക്കരുത് അത്. പശ്ചാത്തപിച്ച് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുറ്റവാളിയോട് മോശമായി പെരുമാറുകയോ അശ്രദ്ധ കാണിക്കുന്നവെ കരിവാരി തേക്കുകയോ ചെയ്യരുത്. ഏറ്റവും സൗമ്യവും ഉത്തമവുമായ ശൈലിയില്‍ നന്മക്ക് പ്രേരണ നല്‍കുന്ന നല്ല വാക്കുകളാലായിരിക്കണം ഉപദേശം. അല്ലാഹുവെയും അവന്റെ മഹത്വത്തെയും ഓര്‍മപ്പെടുത്തി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച ഭയം ഉണ്ടാക്കുന്ന വാക്കുകള്‍ക്ക് കൂടുതല്‍ സ്വാധീന ശക്തിയുണ്ടായിരിക്കും. തെറ്റുകള്‍ ചെയ്യുന്നവനെ വെറുപ്പിക്കുകയോ അകറ്റുകയോ ചെയ്യുന്നതിന് പകരം അല്ലാഹുവിലേക്ക് മടങ്ങുന്നതിനും അടുപ്പിക്കുന്നതിനും സഹായകമായി തീരണം ഉപദേശം. അപ്രകാരം വളരെ പ്രധാനമാണ് ഉപദേശത്തിന് സ്വീകരിക്കുന്ന ഭാഷ. വളരെ ലളിതവും സുഗ്രാഹ്യവുമായി പദങ്ങളും വാക്കുകളുമായിരിക്കണം അതിനായി തെരെഞ്ഞെടുക്കേണ്ടത്. കെട്ടികുടുക്കുള്ള പ്രയോഗങ്ങളും ശൈലികളും ഉപോയഗിക്കാതിരിക്കുക.

ഉപദേശിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിരിക്കണമെന്ന തെറ്റിധാരണ ചിലര്‍ക്കുണ്ട്. മുഖം ചുവന്ന് തുടിക്കുക, ക്ഷോഭം പ്രകടിപ്പിക്കുക, ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുക തുടങ്ങിയവെയെല്ലാം ഉപദേശിക്കുമ്പോള്‍ വേണമെന്നുള്ളത് തെറ്റിധാരണയാണ്. തികച്ചും തെറ്റായ ഫലമാണ് അതുണ്ടാക്കുക. അത്തരക്കാര്‍ തെളിവായി ഉദ്ധരിക്കാറുള്ളത് പ്രവാചകന്‍ (സ) ഖുതുബ നടത്തിയപ്പോള്‍ ശബ്ദം ഉയര്‍ത്തുകയും മുഖം ചുവന്നു തുടിക്കുകയും ഒരു സൈന്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലെയുള്ള മുഖഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ്. ഹദീസില്‍ ഉദ്ധരിക്കപ്പെട്ട് വന്നിട്ടുള്ള ഈ ഒരവസ്ഥ മാത്രമാണ് ഉപദേശത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് അവര്‍ ധരിച്ചിരിക്കുകയാണ്. നിര്‍ബന്ധമായും ഉപദേശകനില്‍ ആ ഗുണങ്ങളെല്ലാം ഉണ്ടായിരിക്കണമെന്ന് അവര്‍ തെറ്റിധരിച്ചിരിക്കുന്നു. നബി (സ) വളരെ യുക്തിമാനും അറിവുള്ളയാളുമായിരുന്നുവെന്ന് അവര്‍ വിസ്മരിച്ചു പോയി. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ രൂപത്തിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. ദയവോടെ പെരുമാറേണ്ട സ്ഥലത്ത് അദ്ദേഹം ഒരിക്കലും പാരുഷ്യം കാണിച്ചില്ല. ശത്രുവിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലും പ്രശ്‌നങ്ങളുടെയും കുഴപ്പങ്ങളുടെയും സന്ദര്‍ഭത്തിലും ദയയും കാണിച്ചിരുന്നില്ല. ഓരോ വാക്കുകള്‍ക്കും അതിന്റേതായ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു.

ചില വിഷയങ്ങളില്‍ ഉപദേശിക്കുമ്പോള്‍ അട്ടഹസിക്കുകയും വെറുപ്പ് പ്രകടിപ്പിക്കുയും ചെയ്യുന്നതിനേക്കാള്‍ അനുയോജ്യമാവുക ശബ്ദം താഴ്ത്തി പുഞ്ചിരിച്ചു കൊണ്ട് പറയുന്നതായിരിക്കും. അതിനുത്തമായ ഉദാഹരണമാണ് സ്വര്‍ഗത്തെയും അതിന്റെ അനുഗ്രഹങ്ങളെയും കുറിച്ചും സംസാരിക്കുന്നതും നല്ല സ്വഭാവ ഗുണങ്ങളെ കുറിച്ച് പറയുന്നതും.

ഉപദേശിക്കുന്നതിന് തെരെഞ്ഞെടുക്കുന്ന സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. കൂടുതല്‍ അധികരിച്ച് ഉപദേശിക്കുകയും ചെയ്യരുത്. അധികരിക്കുന്നത് ഹൃദയങ്ങള്‍ക്ക് മടുപ്പുളവാകുന്നതിന് കാരണമാകും. ഞങ്ങള്‍ക്ക് മടുപ്പുണ്ടാകുമോ എന്ന് ഭയന്ന് നിശ്ചിത സമയം നിര്‍ണയിച്ചായിരുന്നു നബി(സ) തങ്ങളെ ഉപദേശിച്ചിരുന്നതെന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദിന്റെ വാക്കുകള്‍ പ്രസക്തമാണ്.

ഉപദേശിക്കുന്നവനും ഉപദേശിക്കപ്പെടുന്നവനും ഇടയില്‍ സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഊട്ടിയുറപ്പിച്ച ഒരു ബന്ധം ഉണ്ടാക്കിയെടുക്കുകയെന്നത് വളറെ അനിവാര്യമാണ്. തന്നോട് പരുഷമായിട്ടും കാര്‍ക്കശ്യത്തോടും പെരുമാറുന്നുവെന്നതായി ഉപദേശിക്കപ്പെടുന്നവന് ഒരിക്കലും തോന്നരുത്. ഇത്തരത്തില്‍ നല്ല ഒരു ബന്ധം രൂപപ്പെടുമ്പോള്‍ ഉപദേശം സ്വീകരിക്കുന്നതിന് അവന്‍ സ്വാഭാവികമായും പ്രേരിതനായി മാറും.

സ്വയം മാതൃക കാണിക്കാത്ത കേവല ഉപദേശങ്ങള്‍ ഫലം ചെയ്യില്ല. സല്‍സ്വഭാവങ്ങളെ കുറിച്ച് ഉപദേശിക്കുന്ന ഉപദേശകന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് നേര്‍വിപരീതമാണെങ്കില്‍ അവന്റെ ഉപദേശം നാവില്‍ നിന്നു വിട്ടുകടക്കാത്തതാണ്. അതുകൊണ്ടു തന്നെ ഉപദേശിക്കുന്നവരും പ്രഭാഷണം നടത്തുന്നവരും തങ്ങളുടെ ജീവിതം അല്ലാഹുവെ അനുസരിക്കുന്നതിന് സമര്‍പ്പിക്കുകയെന്നത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അവന്റെ വാക്കുകള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാവുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയും ഉണ്ടാവുകയില്ല. ഉപദേശത്തിന്റെ പ്രായോഗിക രൂപം ഉപദേശകന്റെ സ്വഭാവത്തില്‍ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ കാണുമ്പോഴാണ് അതവരെ സ്വാധീനിക്കുക. എത്രയോ പ്രസംഗങ്ങളും ക്ലാസുകളും അവര്‍ കേട്ടിരിക്കുന്നു അവയുടെ കൂട്ടത്തില്‍ ഒന്നു മാത്രമായി അതും അവശേഷിക്കും. പ്രവാചകന്‍(സ)യുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ആഇശ(റ) നല്‍കിയ മറുപടി അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനാണെന്നതായിരുന്നു. ഖുര്‍ആന്റെ ജീവിക്കുന്ന പതിപ്പായിരുന്നു അദ്ദേഹം.

യാഥാര്‍ഥ്യ ലോകത്ത് നിന്നായിരിക്കണം ഉപദേശിക്കുന്നവന്‍ സംസാരിക്കേണ്ടത്. സംഭവലോകവുമായി ബന്ധമില്ലാത്ത വരണ്ട ഉപദേശങ്ങളാവരുത് അവ. താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉദാഹരിക്കണം. സമൂഹത്തിന്റെ മുറിവുകള്‍ക്കും ജനങ്ങളുടെയും സംഘങ്ങളുടെയും രോഗങ്ങള്‍ക്കും മേല്‍ ഉപദേശകന്റെ കയ്യെത്തണം. അതോടൊപ്പം നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. തന്റെ ഭരണാധികാരി ഇഷ്ടപ്പെടുന്നത് പറയുകയും അവരെ പ്രകോപിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന രാജാക്കന്‍മാരുടെ ഉപദേശകരെ പോലെ ഒരിക്കലും ആവരുത്. ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ദീന്‍ എത്തിക്കുന്നതിന് സത്യം പറയുന്നിടത്ത് മറ്റുള്ളവരുടെ ഇഷ്ടവും വെറുപ്പും അവനെ അലട്ടേണ്ടതില്ല. ഇമാം ഗസ്സാലി പറയുന്നു : ‘അറിവുണ്ടെന്ന് വാദിക്കുന്നവരോ അല്ലെങ്കില്‍ മിമ്പറുകളില്‍ കയറുകയോ ചെയ്ത എല്ലാവരും ഉപദേശകരല്ല. ഉപദേശം സകാത്താണ്, ഉപദേശം സ്വീകരിക്കലാണ് അതിന്റെ നിസ്വാബ്. നിസ്വാബ് എത്താത്തവന്‍ എങ്ങിനെ സകാത്ത് നല്‍കും? വെളിച്ചം നഷ്ടപ്പെട്ടവന്‍ എങ്ങനെ വെളിച്ചം പകരും? വളഞ്ഞ വടിക്കെങ്ങനെ വളവില്ലാത്ത നിഴലുണ്ടാകും?

വിവ: നസീഫ് തിരുവമ്പാടിpaisaje_0699_20130210_1533039817

സാമ്പത്തികശാസ്ത്രത്തിന്റെ ധാര്‍മിക വശം

സാമ്പത്തികശാസ്ത്രത്തിന്റെ ധാര്‍മിക വശം

സൈന്‍ ബിന്‍ മുഹമ്മദ് റുമാനി

ധാര്‍മികതയെ സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് വേറിട്ട ഒന്നായി കാണുന്ന ചില സാമ്പത്തിക വിദഗ്ദരുണ്ട്. ധാര്‍മിക വിശകലനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിട്ടാണ് അവരതിനെ കാണുന്നത്. ഇസ്‌ലാം ആദര്‍ശത്തിന്റെ ഭാഗമായാണ് സാമ്പത്തിക ശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നത്. സാമ്പത്തികവും കച്ചവടപരവുമായ ഇടപാടുകളെ ശരീഅത്തിന്റെ പരിധിയില്‍ നിന്ന് വേര്‍പെടുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മുസ്‌ലിം തന്റെ ഓരോ ഇടപാടുകളും അല്ലാഹുവിന്റെ കല്‍പനകളും വിധികളും പാലിച്ചു കൊണ്ടായിരിക്കും നടത്തേണ്ടത്. സാമ്പത്തിക മേഖലയില്‍ പാലിക്കേണ്ട ചില ധാര്‍മിക നിര്‍ദേശങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമായവയാണ് ഇവിടെ പരമാര്‍ശിക്കുന്നത്.
വിശ്വാസവും ദൈവഭക്തിയുമാണ് അവയില്‍ ഒന്നാമത്തേത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുറുകെ പിടിക്കേണ്ട അടിസ്ഥാനമായ ദൈവഭക്തി സാമ്പത്തിക മേഖലയിലും പാലിക്കേണ്ടത് തന്നെയാണ്. നമ്മുടെ ജീവിതം അടിസ്ഥാനപരമായി അല്ലാഹുവിന്റെ ശാസനകള്‍ക്ക് വിധേയമായിട്ടാണ്. അവന്റെ തൃപ്തിക്ക് വേണ്ടിയും അവന്റെ ശിക്ഷയെ ഭയന്നുമാണ് നാം ജീവിക്കേണ്ടത്.

1. അമാനത് (വിശ്വസ്തത): ആളുകള്‍ പൊതുവെ ഒരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്ന ഒന്നാണ് അമാനത്. എന്നാല്‍ പരിമിതമായ ആ അര്‍ത്ഥം മാത്രമല്ല അതിനുള്ളത്. ഒരാള്‍ താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനത്തിലും തന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി, ഭംഗിയായി നിര്‍വഹിക്കാന്‍ താല്‍പര്യം കാണിക്കലാണത്. അവന്റെ മുമ്പിലെത്തുന്ന ആളുകളുടെ അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. തന്റെ വ്യക്തിപരമായ നേട്ടത്തിനോ അല്ലെങ്കില്‍ ബന്ധുക്കളുടെ ഗുണത്തിനോ വേണ്ടി ഒരാള്‍ തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്താതിരിക്കലാണ് ഇസ്‌ലാമിക സാമ്പത്തിക ക്രമത്തില്‍ അമാനത്തിന്റെ അര്‍ത്ഥം. പ്രസ്തുത ആശയം വ്യക്തമാക്കുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. ‘ഓരോ വഞ്ചകനും കൊടിയുണ്ടായിരിക്കും, അവന്റെ വഞ്ചനയുടെ തോതനുസരിച്ച് അത് ഉയര്‍ത്തപ്പെടും. പൊതു നേതാവിന്റെ വഞ്ചനയേക്കാള്‍ വലിയ വഞ്ചനയേതാണുള്ളത്.’ മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ‘ഒരാളെ ജോലിക്ക് വെക്കുകയും അയാള്‍ക്ക് നിങ്ങള്‍ ഭക്ഷണം നല്‍കുകയും പിന്നീട് നിങ്ങളതില്‍ നിന്ന് എന്തെങ്കിലും തിരിച്ചെടുക്കുകയും ചെയ്താല്‍ അത് വഞ്ചനയാണ്.’ നുബുവത്തിന് മുമ്പ് തന്നെ പ്രവാചകന്റെ സ്വഭാവത്തില്‍ സവിശേഷമായ ഒന്നായിരുന്നു അമാനത്്. അക്കാരണത്താലാണദ്ദേഹം അല്‍-അമീന്‍ എന്നറിയപ്പെട്ടത്.

2. കരാര്‍ പൂര്‍ത്തീകരണം: കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും ഇസ്‌ലാമില്‍ വലിയ പരിഗണനയാണ് ഉള്ളത്. മനുഷ്യന് ഇഹലോകത്ത് അവന്റെ മാന്യതയുടെയും പരലോക വിജയത്തിന്റെയും അടിസ്ഥാനമാണ് കരാര്‍പൂര്‍ത്തീകരണമെന്നത്. സാമ്പത്തിക ഇടപാടുകളുടെ കരാറുകളെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം അങ്ങേയറ്റം ആദരിക്കുന്നു. ഖുര്‍ആനും പ്രവാചകചര്യയും നിഷ്‌കര്‍ശിക്കുന്ന പോലെയും ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതുമായിരിക്കണം നമ്മുടെ കരാറുകള്‍. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച.’ (അല്‍ഇസ്രാഅ്: 34) ‘വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക’ (അല്‍മാഇദ: 1) കൂടുതല്‍ ആനന്ദം, അങ്ങേയറ്റത്തെ ആര്‍ത്തി, കൂടുതല്‍ ലാഭം തുടങ്ങിയവയാണ് പരമ്പരാഗത സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. എന്നാല്‍ താല്‍ക്കാലിക നേട്ടത്തിനായി മൂല്യങ്ങളെ ചവിട്ടിയരക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക ക്രമം ഒരിക്കലും അനുവദിക്കുന്നില്ല.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം നന്മയുടെ ഒരു ലോകത്തിലേക്കാണ് ക്ഷണിക്കുന്നതെന്നതാണ് അതിന്റെ രണ്ടാമത്തെ പ്രത്യേകത. അതുകൊണ്ടാണ് മനസും കൈകളും ഉദാരമാക്കാന്‍ മുസ്‌ലിംകളോട് ഇസ്‌ലാം ആവശ്യപ്പെടുന്നത്. കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ ഇസ്‌ലാം അവരോട് കല്‍പിക്കുന്നു. അല്ലാഹു പറയുന്നു: ‘തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ‘ആവശ്യംകഴിച്ച് മിച്ചമുള്ളത്.” (അല്‍ബഖറ: 219)

‘അവര്‍ ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന നല്ലതെന്തും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും.’ (അല്‍ബഖറ: 215)
‘നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍.’ (അല്‍ബഖറ: 177) ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയില്‍ നന്മക്ക് വിശാലമായ അര്‍ത്ഥമാണുള്ളത്. സകല സൃഷ്ടികളെയും ഉള്‍ക്കൊള്ളുന്നതാണ് അത്.

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ മിതത്വമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സാമൂഹ്യവും മാനസികവും സാമ്പത്തികവുമായ അവസ്ഥകളെ പരിഗണിച്ചു കൊണ്ടുള്ളതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. ഒരു മുസ്‌ലിം ആത്മീയതയില്‍ മാത്രമായി ഒതുങ്ങി പോവുകയോ ഭൗതികതയില്‍ അതിര് വിടുകയോ ചെയ്യില്ല. അവക്കിടയില്‍ മധ്യമമായ ഒരു രീതിയായിരിക്കും അവര്‍ സ്വീകരിക്കുക. അല്ലാഹു പറയുന്നു: ”അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ (അല്‍ഖസസ്: 77) ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ അതൊരിക്കലും അവന്റെ വയറിന്റെ അടിമയാക്കി മാറ്റുകയില്ല. തന്റെ തീന്‍മേശയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഭക്ഷണ വസ്തുക്കള്‍ നിരത്തി വെക്കുകയെന്നതായിരിക്കില്ല അവന്റെ ലക്ഷ്യം. അതുകൊണ്ടാണ് ധൂര്‍ത്തും ആഢംബരവും വിലക്കപ്പെട്ടിരിക്കുന്നതായി മാറിയത്. അല്ലാഹു പറയുന്നു: ‘ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍-അഅ്‌റാഫ്: 31) മറ്റൊരിടത്ത് പറയുന്നു: ‘നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും.’ (അല്‍ഇസ്‌റാഅ്:27) അല്ലാഹു ഒരു നാടിനെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ ധൂര്‍ത്തന്മാരിലൂടെയായിരിക്കും അത് ചെയ്യുകയെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ‘ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു.’ (അല്‍ഇസ്‌റാഅ്: 16)

ധൂര്‍ത്ത് വിലക്കിയത് കൊണ്ട് പിശുക്ക് കാണിക്കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നൊരിക്കലും അര്‍ഥമില്ല. അതുപോലെ തന്നെ വിലക്കപ്പെട്ട കാര്യമാണ് പിശുക്ക് കാണിക്കല്‍. ഖുര്‍ആന്‍ പറയുന്നു: ‘നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദിതനും ദുഃഖിതനുമായിത്തീരും.’ (അല്‍ഇസ്‌റാഅ്: 29) ഒരിക്കല്‍ നബി(സ) പറഞ്ഞു: ‘നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക.’ അല്ലാഹു പറയുന്നു: ‘ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും.’ (മുഹമ്മദ്: 38) പിശുക്കും ധൂര്‍ത്തും ഉപേക്ഷിച്ച് അതിന് രണ്ടിനും ഇടയിലുള്ള മധ്യമ നിലപാട് സ്വീകരിക്കാനാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. വിശ്വാസികളുടെ ഗുണമായി ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്: ‘ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.’ (അല്‍ഫുര്‍ഖാന്‍: 67) സാമ്പത്തില്‍ പിശുക്ക് കാണിക്കുന്നത് ചെലവഴിക്കാനുള്ള ആളുകളുടെ താല്‍പര്യം കുറക്കുന്ന കാര്യമാണ്. അതേസമയം ധൂര്‍ത്ത് അനാവശ്യമായി വിഭവങ്ങള്‍ നശിപ്പിക്കലുമാണ്. രണ്ടും ഒരുപോലെ നിരുത്സാഹപ്പെടുത്തേണ്ടവ തന്നെയാണ്. രണ്ടിനുമിടിയിലുള്ള മധ്യമമായ രീതി സ്വീകരിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും സാമൂഹികവും ധാര്‍മികവും സാമ്പത്തികവുമായ നേട്ടമാണുണ്ടാക്കുക.

പീഡനത്തിന് കാരണം മാന്യതയില്ലാത്ത വസ്ത്രധാരണമെന്ന് حجاب

മാന്യമായ വസ്ത്രധാരണം സ്ത്രീകളെ ഒരളവോളം പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് കര്‍ണാടകയിലെ വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി സി .സി പാട്ടീല്‍. മറ്റുള്ളവരെ പ്രകോപിതരാക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുന്നതിന് താന്‍ വ്യക്തിപരമായി എതിരാണെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് സ്ത്രീകള്‍ പൂര്‍ണമായും ബോധവതികളാകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്ത്രീകള്‍ പുരുഷന്‍മാരോടൊത്ത് അവരുടേത് പോലുള്ള ജോലികള്‍ ചെയ്യുന്നത് സര്‍വ്വ സാധാരണമാണ്. ഐടി കമ്പനികളിലും കാള്‍ സെന്ററുകളിലും മറ്റും രാത്രി വൈകിയും പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ എന്താണ് ധരിക്കുന്നതെന്ന ബോധം സ്ത്രീകള്‍ക്കുണ്ടാകണം. ധാര്‍മികത നഷ്ടമായ സമൂഹത്തില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഓരോരുത്തരും ബോധവതികളാകണം. സ്ത്രീ പുരുഷ സമത്വമുണ്ടാകേണ്ടത് വസ്ത്രത്തിലല്ലെന്ന കാര്യം ഇതേ കുറിച്ച് വാചാലരാകുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്^ പാട്ടീല്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രത്യേകിച്ചൊരു വസ്ത്രം താന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും തങ്ങളുടെ സംസ്കാരത്തിനും വ്യവസ്ഥിതിക്കും അനുസരിച്ച മാന്യമായി വസ്ത്രം തെരഞ്ഞെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും പാട്ടീല്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് സുരക്ഷിതമായ വസ്ത്രം ഏതാണെന്ന് സ്ത്രീകളാണ് തിരിച്ചറിയേണ്ടത്.

സിനിമയിലും മറ്റും കാണുന്ന പോലെ കോലം കെട്ടാനുള്ള പെണ്‍കുട്ടികളുടെ പ്രവണത അവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നവെന്നാണ് ആന്ധ്രപ്രദേശ് ഡിജിപി ദിനേശ് റെഡിയുടേയും അഭിപ്രായം.

ഐശ്വര്യം الغنى

നബി(സ) പറഞ്ഞതായി അബുഹുറയ്‌റയില്‍നിന്ന്‌ നിവേദനം

സമ്പത്തും സ്ഥാനമാണങ്ങളും എത്രത്തോളമുണ്ടോ അത്രത്തോളമാണ്‌ ഒരാളുടെ സുഖവും സന്തോഷവുമെന്നാണ്‌ പൊതുവില്‍ ആളുകള്‍ മനസിലാക്കുന്നത്‌. അതുകൊണ്ട്‍്‌ ആളുകള്‍ ഇതുരണ്ടും നേടാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പരിശ്രമത്തിനിടയില്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ നീതിയും ന്യായവും പരിശോധിക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. അതുവഴി, യഥാര്‍ത്ഥത്തില്‍ തേടിക്കൊണ്ടിരിക്കുന്നതെന്താണോ അതുതന്നെ നാം എറിഞ്ഞുകളയുന്നു. തത്ഫലമായി എത്രയൊക്കെ പരിശ്രമിച്ചാലും എന്തൊക്കെ നേടിയെടുത്താലും സുഖവും സന്തോഷവും പിന്നെയും നമ്മില്‍നിന്നു വളരെ അകലെ സ്ഥിതിചെയ്യുന്നതായിട്ടായിരക്കും അനുഭവപ്പെടുക. പത്തുകിട്ടിയവന്‍ നൂറു കിട്ടിയാല്‍ താന്‍ സന്തുഷ്ടനാകുമെന്നു കരുതുന്നു. നൂറു കിട്ടിയാല്‍ ആയിരം മോഹിക്കുന്നു. അതങ്ങനെ നീണ്ടുപോകും. സ്ഥാനമാണങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്‌.

സ്വന്തമായി എന്താണോ ഉള്ളത്‌ അതില്‍ സംതൃപ്തമാകുന്ന മാനസികാവസ്ഥക്കാണ്‌ , ക്ഷേമം എന്നൊക്കെ പറയുന്നത്‌. മറ്റുവിധത്തില്‍ പറഞ്ഞാല്‍ ഇല്ലാത്തതില്‍ ദുഃഖിക്കാതിരിക്കാനും ഉള്ളതില്‍ അഹങ്കരിക്കാതിരിക്കാനും കഴിയുക. ഒരാള്‍ ത‍െന്‍റ യാതനകളും വേദനകളും ദുരീകരിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നോ കൂടുതല്‍ നല്ല അവസ്ഥ കാംക്ഷിക്കാന്‍ പാടില്ലെന്നോ അല്ല ഇതിനര്‍ത്ഥം. ജീവിത ക്ലേശങ്ങള്‍ ലഘൂകരിക്കാനും കൂടുതല്‍ സുഭിക്ഷതക്കു വേണ്ടി യത്നിക്കാനും ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്‌. എന്നാല്‍ അതി‍െന്‍റ അനിവാര്യതയല്ല, നിലവിലുള്ള അവസ്ഥയോടുള്ള അസംതൃപ്തിയും അപകര്‍ഷതയും. നിലവിലുളള അവസ്ഥയോട്‌ പൊരുത്തപ്പെട്ടുകൊണ്ടു അതിനെ ആസ്വദിച്ചുകഴിയും. കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അന്വേഷണം കൈയിലുളളതി‍െന്‍റ ആസ്വാദനത്തോടുള്ള നിഷേധമാകരുത്‌. എന്നേയുള്ളൂ. കൈയിലുളളത്‌ തൃപ്തിപ്പെടാന്‍ കഴിയാത്തവന്‌ തേടുന്നത്‌ കിട്ടിയാലും തൃപ്തിപ്പെടാന്‍ കഴിയില്ല. എന്നതാണ്‌ യാഥാര്‍ത്ഥ്യം. പത്ത്‌ കിട്ടിയവന്‌ തൃപ്തിപ്പെടാന്‍ കഴിഞ്ഞാലേ നൂറു കിട്ടിയാല്‍ അതും തൃപ്തിപ്പെടാനാവൂ. ഇല്ലെങ്കില്‍ എത്ര കിട്ടിയാലും അവ‍െന്‍റ അതൃപ്തിയും കൂടുതല്‍ കിട്ടാനുള്ള ആര്‍ത്തിയും നിലനില്‍ക്കും.

ചുരുക്കത്തില്‍, നാം സുഖം അന്വേഷിക്കേണ്ടത്‌ നമ്മുടെ കൈകളിലില്ലാത്തതിലല്ല. ഉള്ളവയില്‍ തന്നെയാണ്‌. കൈയിലുള്ളതില്‍ സാഫല്യം കാണാത്തവന്‍ കൈയിലില്ലാത്തവയുടെ പേരില്‍ ആവലാതിയും വേവലാതിയും കാണിക്കുന്നു. അവ നേടാന്‍ ആര്‍ത്തി കാണിക്കുന്നു. അതിനുവേണ്ടി വഴിവിട്ട ചെയ്തികളിലേര്‍പ്പെടുന്നു. അന്യരെ ദ്രോഹിക്കുകയും അന്യരുടെ ദ്രോഹങ്ങള്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുന്നവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നേടാനുള്ള പ്രയത്നം ത‍െന്‍റ കര്‍മശേഷിയുടെ ന്യായമായ വിനിയോഗം മാത്രമാണ്‌. കേവലം ഒരു കര്‍ത്തവ്യ നിര്‍വഹണം. ആ പ്രയത്നംകൊണ്ട്‌ ഒന്നും കിട്ടിയില്ലെങ്കിലും അവ‍െന്‍റ സുഖത്തിന്‌ ഒരു കുറവും വരില്ല. ഇനി വമ്പിച്ച നേട്ടമുണ്ടായാല്‍ നിലംവിട്ടു ചാടുകയുമില്ല. കാരണം, കര്‍മം ചെയ്തു എന്നതുതന്നെ അവന്‌ സംതൃപ്തിയേകുന്നുണ്ട്‌

സാമ്പത്തികം


ഇസ്ലാമിക വീക്ഷണത്തില്‍ സമ്പത്ത് ദൈവത്തിന്റേതാണ്. അതോടൊപ്പം അതിന്റെ കൈകാര്യാവകാശം മനുഷ്യന് നല്‍കിയിരിക്കുന്നു. എന്നാല്‍ അത് അനിയന്ത്രിതമല്ല. ദൈവനിശ്ചിതമായ സാമൂഹ്യതാല്‍പര്യങ്ങളാല്‍ നിയന്ത്രിതമായ വ്യക്തി ഉടമാകാശമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ സമ്പാദിക്കുന്നതും കൈവശം വക്കുന്നതുമെല്ലാം ദൈവിക നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കണം.
സമ്പത്ത് മനുഷ്യന്റെ നിലനില്‍പിന്നാധാരമാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അതിനെ നന്മയായും ദൈവാനുഗ്രഹവുമായാണ് ഇസ്ലാം കാണുന്നത്. ധനശേഖരണത്തിനുള്ള അധ്വാനം മഹത്തായ പുണ്യകര്‍മമാണ്. ജോലി ചെയ്യാതെ ആഹരിക്കുന്നതിനെ മ്ളേഛമായാണിസ്ലാം കാണുന്നത്.
അതുകൊണ്ട് തന്നെ അധ്വാനത്തെ വളരെയേറെ പ്രോല്‍സാഹിപ്പിക്കുന്നു. കൃഷിയും കച്ചവടവും കൂലിവേലയുമെല്ലാം ദൈവപ്രീതിക്ക് കാരണമായിത്തീരുന്ന മഹദ് കൃത്യമാണ്. എന്നാല്‍ ധനസമ്പാദനത്തില്‍ ചൂഷണം,മോഷണം,അഴിമതി,തട്ടിപ്പ്,വെട്ടിപ്പ്, വഞ്ചന, പൂഴ്ത്തിവെപ്പ്,കള്ളക്കച്ചവടം,കൃത്രിമം, പലിശ,ചൂത് തുടങ്ങിയ എല്ലാ സാമൂഹിക വിരുദ്ധ മാര്‍ഗങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. അഥവാ ന്യായവും അനുവദനീയവുമായ മാര്‍ഗത്തിലൂടെ മാത്രമേ സമ്പാദനം പാടുള്ളു. അങ്ങിനെയാവുമ്പോള്‍ അതൊരു ഉപാസനയായിത്തീരുന്നു.
സമ്പത്ത് കൈവശം വക്കാന്‍ വ്യക്തികള്‍ക്ക് ഇസ്ലാം അവകാശം നല്‍കുന്നു. എന്നാല്‍ സമൂഹത്തിന്റെ സാമ്പത്തികാവസ്ഥയുമായി അതിനെ അഭേദ്യമാം വിധം ബന്ധിച്ചിരിക്കുന്നു. അഥവാ സമൂഹത്തില്‍ ഭക്ഷണം വസ്ത്രം,പാര്‍പ്പിടം, വിദ്യാഭ്യാസം,വെള്ളം,വെളിച്ചം പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരുണ്ടാകുമ്പോള്‍ സമ്പന്നന്റെ സ്വത്ത് അയാളുടേതല്ലാതായിത്തീരുകയും പ്രാഥമികാവശ്യങ്ങള്‍ക്ക് മാര്‍ഗമില്ലാത്തവരുടേതായിത്തീരുകയും ചെയ്യുന്നു.
ഇസ്ലാം വ്യക്തികള്‍ക്ക് തങ്ങളുടെ സമ്പത്ത് ചെലവഴിക്കാന്‍ അനുവാദം നല്‍കുന്നു. എന്നാലത് അനുവദനീയ മാര്‍ഗത്തിലായിരിക്കണം. അതോടൊപ്പം സമൂഹത്തിന്റെ സമ്പദ്ഘടനയനുസരിച്ച് ദൂര്‍ത്തോ ദുര്‍വ്യയമോ അമിതമോ അനാവശ്യമോ അനാര്‍ഭാടമോ ആവാന്‍ പാടില്ല. ഇവ്വിധം സമ്പാദനത്തിലും കൈവശം വക്കലിലും വിനിയോഗത്തിലും സന്തുലിത സമീപനം സ്വീകരിക്കുന്ന സമ്പദ് വ്യവസ്ഥയാണിസ്ലാമിന്റേത്..

`നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍’والباقيات الصالحات

നമ്മള്‍ കുറച്ചുകാലം ഈ ലോകത്ത്‌ ജീവിച്ചു എന്നതിന്റെ തെളിവ്‌ എന്താണ്‌? നമ്മള്‍ ഇവിടെ ബാക്കിയാക്കുന്ന കാര്യങ്ങളാണ്‌, അല്ലേ?
എങ്കില്‍ അതെന്താണ്‌? നമ്മുടെ മക്കളും നാം വാങ്ങിക്കൂട്ടിയ സമ്പത്തുമാണോ? നമുക്ക്‌ മുമ്പ്‌ മരിച്ചുപോയവര്‍ക്കെന്താണ്‌ വല്ലപ്പോഴും അവരെയൊന്ന്‌ ഓര്‍ക്കുന്ന മക്കള്‍ എങ്ങനെയാണ്‌ അവരുടെ ഏറ്റവും നല്ല സമ്പാദ്യമാവുക? അവരുടെ മരണശേഷം മറ്റുള്ളവരുടേതായിത്തീര്‍ന്ന സമ്പത്ത്‌ എങ്ങനെയാണ്‌ ഈ ലോകത്തെ മികച്ച വിഭവമാവുക?
അപ്പോള്‍ പിന്നെയെന്താണ്‌?
വിശുദ്ധ ഖുര്‍ആന്‍ അതിന്‌ ഉത്തരം പറയുന്നു: “സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്‌ അലങ്കാരങ്ങളാകുന്നു. എന്നാല്‍ നിലനില്‌ക്കുന്ന സല്‍ക്കര്‍മങ്ങളാണ്‌ നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‌കുന്നതും.” (18:46)
`നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍’ എന്ന്‌ അര്‍ഥം നല്‌കിയിട്ടുണ്ടെങ്കിലും `കര്‍മങ്ങള്‍’ എന്ന്‌ ഖുര്‍ആന്‍ ഈ ആയത്തില്‍ പ്രയോഗിച്ചിട്ടില്ല. വല്‍ബാഖിയാതുസ്സ്വാലിഹാതു എന്നേ പറഞ്ഞിട്ടുള്ളൂ. അഥവാ `നീണ്ടുനില്‌ക്കുന്ന നന്മകള്‍’. അതെ. നന്മകള്‍, നീണ്ടുനില്‌ക്കുന്ന നന്മകള്‍. അതു മാത്രമാണീ ജീവിതത്തിന്റെ സമ്പാദ്യം.
സ്വത്തും സന്താനങ്ങളും `അലങ്കാരം’ മാത്രമാണെന്ന്‌ അല്ലാഹു ഓര്‍മപ്പെടുത്തുന്നു. അലങ്കാരങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ല. അല്‌പനേരത്തേക്കുള്ളതാണ്‌. പുതിയ ഷോപ്പിന്‌ മുന്നില്‍ അലങ്കാരങ്ങള്‍ കെട്ടിത്തൂക്കാറുണ്ട്‌. നിറവെളിച്ചങ്ങളും അരങ്ങുകളുമൊക്കെ. ഒന്നോ രണ്ടോ ദിവസമേ അതവിടെ കാണൂ. പിന്നെ എടുത്തുമാറ്റുന്നു. അതാണ്‌ അല്ലാഹുവും പറഞ്ഞത്‌.
നന്മകളെക്കുറിച്ച വീണ്ടുവിചാരമാണ്‌ ഓരോ ദിവസവും നമ്മിലുണ്ടാകേണ്ടത്‌. “ഇത്രകാലം ജീവിച്ചിട്ടും എന്താണ്‌ സമ്പാദ്യം?” എന്ന്‌ നമ്മള്‍ നമ്മളോടു തന്നെ ചോദിച്ച്‌ നെടുവീര്‍പ്പിടാറുണ്ട്‌. പ്രവാസികള്‍ കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണിത്‌. ആര്‍ക്കുള്ള സമ്പാദ്യത്തെക്കുറിച്ചാണ്‌ ഈ ചോദ്യം? കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയുള്ള സമ്പാദ്യത്തെ കുറിച്ച്‌!
അല്ലാഹു ഓര്‍മപ്പെടുത്തുന്നത്‌ മറ്റൊരു സമ്പാദ്യത്തെ കുറിച്ചാണ്‌: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ ഓരോരുത്തരും നോക്കട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനാകുന്നു, അല്ലാഹു.” (59:18)
ഞങ്ങളുടെ കുടുംബത്തിലൊരു വല്ല്യുമ്മയുണ്ടായിരുന്നു. അവരുടെ ജീവിതം മുഴുവനും മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടിയായിരുന്നു. ഹൃദയം നിറയെ വാത്സല്യവുമായി അവര്‍ ജീവിച്ചു. മക്കളുടെ സന്തോഷത്തിനു വേണ്ടി മാത്രമായി കഴിഞ്ഞുകൂടുന്നതിനിടയില്‍ രോഗങ്ങളൊന്നുമില്ലാതെ പെട്ടെന്നവര്‍ മരണപ്പെട്ടു. കുടുംബത്തെയാകെ ഉലച്ചുകളഞ്ഞ വേര്‍പാടായിരുന്നു അത്‌. സ്‌നേഹത്തിന്റെ നിറകുടമായ വല്യുമ്മയെ ഓര്‍ത്ത്‌ എല്ലാവരും വിങ്ങിപ്പൊട്ടി. വല്യുമ്മയില്ലാത്ത വീട്ടിലേക്ക്‌ ഇനി എങ്ങനെ വരുമെന്ന്‌ സങ്കടപ്പെട്ടു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി. ഇപ്പോള്‍ ആരും വല്യുമ്മയെക്കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കാറില്ല. വല്ലപ്പോഴുമൊരു പെരുന്നാളിനോ കല്യാണത്തിനോ ഒക്കെ ഒന്നോര്‍ക്കുന്നു. `വല്യുമ്മയുണ്ടായിരുന്ന ആ കാലം…!’ എന്ന്‌ പരസ്‌പരം പറയുന്നു, അത്രമാത്രം.

ഇനിയൊന്നോര്‍ത്തുനോക്കൂ.
ആ വല്യുമ്മക്ക്‌ ഇനിയെന്താണ്‌ ബാക്കിയുള്ളത്‌?
ഈ മക്കള്‍ അവരുടെ ഓര്‍മ പോലും നിലനിര്‍ത്തുന്നില്ല. ആ ഖബ്‌ര്‍ സന്ദര്‍ശിച്ച്‌ സ്‌നേഹധന്യയായ ആ ഉമ്മക്കു വേണ്ടി പ്രാര്‍ഥിക്കുന്നില്ല.
ആ ഖബ്‌റില്‍ ഉമ്മയോടൊപ്പം ബാക്കിയുള്ളതെന്താണ്‌?
നമ്മുടെ ഖബ്‌റില്‍ നമുക്ക്‌ ബാക്കിയാകുന്നതെന്താണ്‌? നാം ചെയ്‌ത നന്മകള്‍, അതു മാത്രം. ആരോഗ്യം കൊണ്ടും സമയം കൊണ്ടും സമ്പത്തുകൊണ്ടും അറിവുകൊണ്ടും ചെയ്‌തുവെച്ച നന്മകള്‍ മാത്രം.
മരണപ്പെട്ടവര്‍ക്ക്‌ നഷ്‌ടപ്പെട്ടതും നമുക്ക്‌ നഷ്‌ടപ്പെടാത്തതുമെന്താണ്‌?
സമയം!
സമയമാണ്‌ പ്രധാനം. എങ്ങനെ ഈ നിമിഷങ്ങളെ വിനിയോഗിക്കുന്നു എന്നതു തന്നെയാണ്‌ പ്രധാനം.

നന്മുടെ മരണത്തെക്കുറിച്ച്‌ ഏകദേശ ധാരണ പോലും നമുക്കില്ല. ജീവിതത്തെക്കുറിച്ച്‌ അത്ര തന്നെ ഉറപ്പുമില്ല. അതിനിസ്സാരമായ ഈ ആയുസ്സു കൊണ്ട്‌ നാമെങ്ങനെയാണ്‌ ഓര്‍മിക്കപ്പെടുക? നമുക്ക്‌ ശേഷം ഇവിടെ ജീവിക്കുന്നവരും ഈ ജീവിതം തന്ന അല്ലാഹുവും നമ്മെപ്പറ്റി നല്ലതു പറയണം, അതാണ്‌ വിജയം.
“പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്കു നീ സല്‍കീര്‍ത്തിയുണ്ടാക്കേണമേ?” (26:84) എന്ന്‌ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ടല്ലോ.
കിട്ടിയ ആയുസ്സുകൊണ്ട്‌ വിജയം നേടണം.
സമയം ചെലവഴിക്കുന്നതെല്ലാം പ്രതിഫലാര്‍ഹമാകണം. വിനോദം, രസങ്ങള്‍, തമാശകള്‍… എല്ലാം നിയന്ത്രിക്കപ്പെടണം. ഭക്ഷണത്തോടൊപ്പം നമ്മള്‍ അച്ചാര്‍ ഉപയോഗിക്കാറുണ്ടല്ലോ. എത്ര ഉപയോഗിക്കും? വളരെക്കുറച്ച്‌. ഒരു പുളിക്ക്‌, രസത്തിന്‌ അത്രമാത്രം.

ഭക്ഷണത്തേക്കാള്‍ അച്ചാറു കൂട്ടിയാല്‍ എങ്ങനെയിരിക്കും! കളി തമാശകള്‍ക്ക്‌ നമ്മുടെ ജീവിത്തിലുള്ള സ്ഥാനവും അത്രമാത്രമേ ഉണ്ടാകാവൂ.
ഇന്റര്‍നെറ്റിനു മുന്നില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നവര്‍ ആ സമയം കൊണ്ട്‌ നാളേക്ക്‌ എന്തുനേടിയെന്ന്‌ വീണ്ടും വീണ്ടും ചിന്തിക്കേണ്ടതുണ്ട്‌. നമുക്ക്‌ രസിക്കാനും മറ്റുള്ളവരെ രസിപ്പിക്കാനുമാണ്‌ സമയം നശിപ്പിച്ചതെങ്കില്‍ അല്ലാഹുവിന്റെ മുന്നില്‍ നഷ്‌ടക്കാരായിരിക്കില്ലേ നമ്മള്‍?
തിരുനബി(സ) ധാരാളമായി പ്രാര്‍ഥിച്ചിരുന്ന ഒരു ദുആ നമ്മുടെയും കൂട്ടുകാരനാകട്ടെ; “ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.” (തിര്‍മിദി 3522)
നാവിന്‌ സീലുവെക്കുകയും കൈകാലുകള്‍ സംസാരിക്കുകയും ചെയ്യുന്ന ദിവസം നമ്മുടെ ഹൃദയത്തെ ഇനിയും വിറപ്പിക്കുന്നില്ലേ?
a rahman p

മുലപ്പാൽ പോഷകസമൃദ്ധം രോഗപ്രതിരോധകം

“മനുഷ്യന്‌ തൻടെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ് അവനെ ഗർഭം ചുമന്നുനടന്നത്. അവൻടെ മുലകുടി നിർത്തുന്നതാവട്ടെ രണ്ടു വർഷംകൊണ്ടുമാണ്‌. എന്നോടും നിൻടെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എൻടെ അടുത്തേക്കാണ്‌ (നിൻടെ) മടക്കം” (31:14)

ശിശുക്കളുടെ പോഷണത്തിനും അവരെ രോഗബാധയിൽ നിന്നു തടയാനും വേണ്ടി അല്ലാഹു സൃഷ്ടിച്ച തുല്യതയില്ലാത്ത ഒരു മിശ്രിത ദ്രവമാണ്‌ അമ്മയുടെ മുലപ്പാൽ. അതിൽ പോഷകങ്ങൾ വേണ്ട തോതിലും (കുഞ്ഞുങ്ങളുടെ) വളർച്ച പ്രാപിച്ചിട്ടില്ലാത്ത ശരീരത്തിന്‌ യുക്തമായ തോതിലും അടങ്ങിയിരിക്കുന്നു. അതേ സമയം മസ്തിഷ്ക കോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അത്ഭുതജന്യമായ മുലപ്പാൽ, ആധുനിക സാങ്കേതിക വിദ്യയുടെ സൃഷ്ടിയായ കൃത്രിമ ശിശുവാഹാരത്തിന്‌ മുലപ്പാലിന്‌ പകരം നിൽക്കാൻ ഒരിക്കലും സാധ്യമല്ല.

മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന ശിശുക്കൾക്ക് ശ്വാസകോശങ്ങളെയും ദഹനേന്ദ്രിയങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷണഫലങ്ങൾ വെളിവാക്കുന്നു. രോഗാണുക്കളുടെ വീര്യം കെടുത്തുന്ന പദാർഥം അതിൽടങ്ങിയിക്കുന്നതു കൊണ്ട് രോഗബാധയെ ചെറുത്തുനിൽക്കുന്നു. രോഗാണുക്കൾക്കെതിരിൽ സംരക്ഷണവലയം തീർക്കുന്ന ‘പ്രതിരോധാണുക്കൾ’ വളരാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യേകം രൂപകല്പന ചെയ്തുണാക്കിയതുകൊണ്ട് എളുപ്പം ദഹിക്കുന്നു. പോഷകസമൃദ്ധമായതുകൊണ്ട് കുഞ്ഞുങ്ങളുടെ അതിലോലമായ ദഹനവ്യവസ്ഥയ്ക്ക് മുലപ്പാലിനെ പെട്ടെന്നു ദഹിപ്പിക്കാനാവും. ദഹനത്തിന്‌ കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരുന്നില്ല. ഊർജത്തിൻടെ സിംഹഭാഗവും അവയവങ്ങളുടെ വളർച്ചയ്ക്കും മറ്റും ശാരീരികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവും.

പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ സാധാരണയിൽ കവിഞ്ഞ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, സോഡിയം ക്ലോറൈഡ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കാലമെത്താതെ ജനിച്ച കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തിയൽ കണ്ണിൻറെ പ്രവർത്തനം മെച്ചപ്പെടുന്നതായും ബുദ്ധിശക്തിയിൽ മികവ് പ്രകടിപ്പിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നവജാതശിശുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ജൈവാമ്ലമടങ്ങിയ ഒമേഗ മൂന്ന് കൂടിയ തോതിൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തിൻടെയും കണ്ണുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ട ഒരു സംയുക്തമാണ്‌ ഒമേഗ മൂന്ന്. ഗർഭാവസ്ഥയിലും ജനിച്ച ഉടനെയും മസ്തിഷ്കവും നാഡീവ്യൂഹവും വളർച്ച പ്രാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്‌.

രക്തസമ്മർദം വരാതെ കാക്കാൻ മുലപ്പാൽ സഹായകമായതു കൊണ്ട് ഹൃദ്രോഗത്തെക്കുറിച്ചുള്ള വേവലാതി വേണ്ടതില്ല. മുലപ്പാലിലടങ്ങിയ കൊഴുത്ത അമ്ലങ്ങൾ രക്തകുഴലുകൾ കട്ടിയാവാതെ സൂക്ഷിക്കുന്നതുകൊണ്ടും സോഡിയം കുറച്ചു മാത്രം ലഭിക്കുന്നതു കൊണ്ടും ശിശുക്കളുടെ തൂക്കം കണ്ടമാനം വർധിക്കുന്നില്ല. മുലപ്പാലിൽ പ്രോട്ടീൻ ഹോർമോണുകളുണ്ട്. ഇത് കൂടിയ തോതിലാണെങ്കിൽ ഹൃദ്രോഗസാധ്യത കുറയുന്നു. കുറഞ്ഞാൽ പൊണ്ണത്തടിക്ക് സാധ്യതയേറുന്നു. ‘ലെപ്റ്റിൻ’ എന്നു പേരുള്ള മറ്റൊരു ഹോർമോണും മുലപ്പാലിലടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിന്റെ അപചയത്തിനു കാരണമാകുന്നു. പൊണ്ണത്തടി, പ്രമേഹം രക്തകുഴലുകൾക്കുണ്ടാവാനിടയുള്ള രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കനുസരിച്ച് മുലപ്പാലിന്റെ ഘടനയും മാറേണ്ടത് ആവശ്യമാണ്‌. മുലപ്പാൽ എപ്പോഴും ആവശ്യമായ ചൂടിൽ യഥേഷ്ടം ലഭ്യമാണ്‌. അതിലടങ്ങിയിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും മസ്തിഷ്കവികാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കാൽസ്യം അസ്ഥികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം.

പാലെന്നാണ്‌ വിളിക്കുന്നതെങ്കിലും ഇതിന്റെ 90 ശതമാനവും വെള്ളമാണ്‌. പോഷക പദാർഥങ്ങളോടൊപ്പം ശിശുക്കൾക്ക് ജലവും ആവശ്യമുണ്ട്. അത്യന്തം ശുദ്ധമായ ഈ വെള്ളം മറ്റെവിടന്ന് കിട്ടാനാണ്‌? അതും മതിയായ തോതിൽ.

മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികൾ കുപ്പിപ്പാൽ കുടിച്ചവരേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ടുനിൽക്കുന്നതായി കാണാം. എട്ടു മാസത്തിൽ കുറഞ്ഞ കാലം മാത്രം മുലപ്പാൽ കുടിച്ച് വളർന്ന കുട്ടികളുടെ ബുദ്ധിശക്തി തീരെ മോശമായിരിക്കുമെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു.

മുലപ്പാൽ ശിശുക്കളെ അർബുദം പിടിപെടാതെ കാത്തുസൂക്ഷിക്കുന്നു. പരീക്ഷണശാലയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് മുലപ്പാലിൽ അടങ്ങിയിക്കുന്ന പ്രോട്ടീൻ അർബുധകോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നില്ലെന്നുമാണ്‌.

മുലപ്പാൽ കുടിക്കുന്ന ശിശുക്കളുടെ ആമാശയത്തിലെ ശ്ലേഷ്മകോശങ്ങളെടുത്ത് പരീക്ഷണവിധേയമാക്കി. ന്യൂമോണിയക്ക് കാരണമാക്കുന്ന അണുക്കൾ തീരെ വിപാടനം ചെയ്തതായി കണ്ടെത്തി. കേൾവി പ്രശ്നങ്ങൾ മുല കുടിക്കുന്ന ശിശുക്കളിൽ കുറവായിൽ കണ്ടിട്ടുണ്ട്.

ചെറുപ്രായത്തിൽ കണ്ടുവരുന്ന മേദോവാഹിനികൾക്കുണ്ടാവുന്ന അർബുധരോഗ സാധ്യത കുപ്പിപ്പാൽ കുടിച്ചുവളർന്ന ശിശുക്കൾക്ക് ഒമ്പതിരട്ടി കൂടുതലാണ്‌. മറ്റു അർബുധരോഗ സാധ്യതയും ഇതേപോലെ തന്നെ. മുലപ്പാൽ അർബുധകോശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു. മുലപ്പാലിന്‌ മധുരം പ്രദാനം ചെയ്യുന്നത് പ്രോട്ടീൻ രൂപം കൊടുക്കുന്ന അൽഫാ-പാക് ആണ്‌.

രണ്ടു കൊല്ലം ശിശുക്കൾക്ക് മുലപ്പാൽ മാത്രം കുടിച്ചു ജീവിക്കാനാവുമെന്നതാണ്‌ അത്ഭുതം. ശാസ്ത്രം അടുത്തിടെ മാത്രം കണ്ടെത്തിയ ഈ വസ്തുത വിശുദ്ധ ഖുർആൻ പതിനാല്‌ നൂറ്റാണ്ടുകൾക്കു മുമ്പേ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി.

രണ്ടാമധ്യായം 233-ആം സൂക്തം കാണുക: “മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാകുന്നു. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്നുദ്ദേശിക്കുന്നവർക്കത്രെ ഇത്…..”

അമ്മ സ്വയം വിചാരിച്ചാൽ ഒരിക്കലും പാലുത്പാദിപ്പിക്കാനാവില്ല. അതിലെ പോഷകങ്ങളുടെ അളവ് കൂട്ടാനും കുറയ്ക്കാനുമാവില്ല. സർവശക്തനായ അല്ലാഹുവാണ്‌ ഓരോ ജീവിയുടെയും ആവശ്യങ്ങളറിയുന്നവനും അവയോട് കരുണ കാണിക്കുന്നവനും. അവനാണ്‌, അവൻ മാത്രമാണ്‌ അമ്മയുടെ മുലയിൽ പാൽ ഉത്പാദിപിക്കുന്നവനും.