Category Archives: മധുരം

പുതിയ പ്രഭാതം എവിടെ ?

പുതിയ പ്രഭാതംഎല്ലാ അര്‍ഥത്തിലും മനുഷ്യന്‍ പുരോഗതി പ്രാപിച്ചു എന്ന അവകാശവാദത്തെ പല്ലിളിച്ച് പരിഹസിക്കും വിധം ശോചനീയമാണ് മനുഷ്യത്വരാഹിത്യത്തിന്റെ ഓരോ ചീന്തുകളും.

ഭൂമിയില്‍ അധിവാസം ആരംഭിച്ച നാള്‍ മുതല്‍ പ്രകൃതിയിലെ ജന്തു ജാലങ്ങളിലൊന്നും ജീവിത രീതികളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അഥവാ മനുഷ്യ ഭാഷയില്‍ അവര്‍ പുരോഗമിച്ചിട്ടില്ല. പക്ഷെ ജന്തു ജാലങ്ങള്‍ എന്ന വിതാനത്തില്‍ നിന്നും ഒരു തരിമ്പും താഴ്ന്നിട്ടുമില്ല. എല്ലാറ്റിനേയും കീഴ്‌പെടുത്താനും സ്വാധീനിക്കാനും ബുദ്ധിയും യുക്തിയും ഉള്ള മനുഷ്യന്‍ അജഗജാന്തരം എന്ന പ്രയോഗത്തെ സാക്ഷാല്‍കരിക്കും വിധം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടേയിരിക്കുന്നു. പ്രപഞ്ചത്തിലെ വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ അനുകരിക്കാന്‍ പോലും പഠിച്ച മനുഷ്യന്‍ എന്തുകൊണ്ടോ മനുഷ്യനാകാന്‍ പഠിച്ചില്ല. മത്രമല്ല അവന്‍ മൃഗങ്ങളെപ്പോലെ അല്ല അതിനെക്കാള്‍ അധപതിക്കുകയും ചെയ്തിരിക്കുന്നു.

വിശാലമായ അര്‍ഥത്തില്‍ മാനസികമായ ഉല്ലാസവും സംതൃപ്തിയും ഉള്ള സമൂഹമായി പരിവര്‍ത്തിക്കപ്പെടുക എന്നതായിരിക്കാം പുരോഗതിയുടെ യഥാര്‍ഥ സാരം. ഇത്തരത്തിലുള്ള സാമൂഹികാന്തരീക്ഷം പുലരാനും പുലര്‍ത്താനുമായിരിക്കണം പ്രജാ വത്സരരായ അധികാരികള്‍ ശ്രമിക്കേണ്ടത്.

ഈ ലോകത്ത് ജീവിതത്തെ എങ്ങിനെ സ്വര്‍ഗീയമാക്കാം പരലോകത്ത് എങ്ങിനെ സ്വര്‍ഗം കരഗതമാക്കാം എന്ന ദിശാ ബോധമാണ് കാലാ കാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി നല്‍കപ്പെട്ടിരുന്നത്. അഥവാ വിശ്വാസികള്‍ എന്നാല്‍ ഈ ലോകത്തിനു വേണ്ടി മാത്രം ശ്രമിക്കുന്നവരൊ പരലോകത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരൊ അല്ല. ഈ ലോകത്തും പരലോകത്തും സൗഭാഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നവരും പ്രയത്‌നിക്കുന്നവരും ആയിരിക്കും. ആയിരിക്കണം. അന്ത്യകാഹളം മുങ്ങുമ്പോഴും ഒരു ചെടി നടാന്‍ കിട്ടുന്ന അവസരം അവന്‍ പാഴാക്കുകയില്ല. മരണവക്രത്തില്‍ പിടയുമ്പോഴും സഹോദന്റെ ദാഹമകറ്റാനുള്ള സാധ്യത നഷ്ടപ്പെടുത്താത്തവനാണവന്‍. തിരശ്ശീല വിഴാന്‍ പോകുന്ന ലോകത്തിരുന്നു കൊണ്ട് പ്രവര്‍ത്തന നിരതാകാനും, യാത്രാമൊഴിയുടെ നിമിഷങ്ങളിലും ത്യാഗ ബോധം ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളുടെ മാനസികോല്ലാസംആത്മ സംതൃപ്തി അളന്നു തിട്ടപ്പെടുത്താന്‍ ഭൂമിയിലെ ഒരു മാനദണ്ഡത്തിനും സാധിക്കുകയില്ല.

ചില്ലയില്‍ മൊട്ടിട്ടു നിന്നു. പിന്നെ വിരിഞ്ഞു. മണവും മധുവും ചുരത്തി. ദൗത്യം തീര്‍ന്ന പൂ ഒരു ഭാവ ഭേദവും പരിഭവവുമില്ലാതെ വീണുടയുന്നു. എത്ര മനോഹരമാണീ സത്യസന്ധതയുടെ, ആത്മാര്‍ഥതയുടെ പ്രകൃതിരമണീയമായ കാഴ്ച. ഇത്തരം നേര്‍കാഴ്ചകള്‍ ഉത്തമരായ ചില മനുഷ്യ ജന്മങ്ങളിലും കാണാനാകുന്നുണ്ട്. എത്ര സ്വര്‍ഗീയമാണീ മരണ മുഹൂര്‍ത്തം. ഒരു തേന്മലര്‍ മണ്ണില്‍ വീണുടയുന്ന മാതിരി. നീതി നിഷേധങ്ങളുടെ കൂത്തരങ്ങായി മാറിയ ലോകത്ത് ജനാധിപത്യവും, അര്‍ധ ജനാധിപത്യവും, ഏകാധിപത്യവും എന്ന വ്യത്യാസമില്ലാതെ തങ്ങളുടെ രാക്ഷസീയമായ ഭാഗധേയത്വം പൂര്‍ണ്ണാര്‍ഥത്തില്‍ പുലര്‍ത്തുന്നതില്‍ മത്സരിച്ച് മുന്നേറുന്ന വര്‍ത്തമാന ലോക കാഴ്ച ഭയാനകമത്രെ.

പ്രപഞ്ച നാഥന്റെ പ്രതിനിധികളായി വിമോചന ദൗത്യം ഏല്‍പിക്കപ്പെട്ടവരാണെന്നു പഠിപ്പിക്കപ്പെട്ട സമൂഹത്തിലാണ് അനീതിയും അതിഭയാനകമാം വിധം അക്രമങ്ങളും അധര്‍മങ്ങളും കണ്ടുവരുന്നതെന്ന വൈപരീത്യം ഏതു മനുഷ്യസ്‌നേഹിയേയും നൊമ്പരപ്പെടുത്തും. ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായി അവകാശവാദമുന്നയിക്കുന്ന ശുനകര്‍ കുരക്കുന്നതു പോയിട്ട് മുരളുക പോലും ചെയ്യുന്നില്ല.

പ്രകൃതി ദര്‍ശനത്തെയും അതിന്റെ വക്താക്കളേയും എന്നല്ല കേവലനാമധേയരോടു പോലും അന്ധമായ വിദ്വേഷവും വൈരാഗ്യവും വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ആസ്വാദ്യകരമായ വേട്ടയാണ് ലോകത്തിന്റെ സകല ദിശകളിലും നടമാടിക്കൊണ്ടിരിക്കുന്നത്. സൗന്ദര്യാത്മകമായ ഒരു ദര്‍ശനത്തിന്റെ ദര്‍പ്പണങ്ങള്‍ തച്ചു തകര്‍ക്കപ്പെടുന്നത് ഭൗതിക പൂജകരുടെയും ആത്മാഭിലാഷമത്രെ.

കൃത്യമായി എടുത്തു പറഞ്ഞാല്‍ ഈയിടെയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നെടുനായക്ത്വം പുലര്‍ത്തുന്ന നൈല്‍ നദിയുടെ രാജ്യത്തും, ദാരിദ്ര്യത്തിന്റെ സകല വിധ ചൂരും അനീതിയുടെ ദുര്‍ഗന്ധം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വങ്ക ദേശത്തെ കൊച്ചു രാജ്യവും കാട്ടിക്കൂട്ടുന്ന ധാര്‍ഷ്ട്യം വിഭാവനകള്‍ക്കപ്പുറമാണ്.

വിളക്കുകള്‍ തുത്തെറിയുന്നതോടെയോ വിളക്കു മരങ്ങള്‍ പിഴുതെറിയുന്നതോടെയോ വെളിച്ചം കെട്ടുപോകുകയില്ല. മലരുകള്‍ അറുത്ത് മാറ്റുന്നതോടെ മധുമണം ഇല്ലാതാകുകയില്ല. കാലം അതിന്റെ ചക്രം തിരിച്ചു കൊണ്ടിരിക്കും. വസന്തം ഇനിയും വരും. മലരുകള്‍ ഇനിയും പുഷ്പിക്കും. അന്ധകാരത്തെ എങ്ങനെയൊക്കെ പുണര്‍ന്നുറങ്ങിയാലും പ്രഭാതം പുലരാതിരിക്കില്ല.

സ്വാതന്ത്ര്യത്തിന് കാവലിരിക്കുക നാം

സ്വാതന്ത്ര്യത്തിന്റെ പൊന്‍കിരണങ്ങള്‍ വിരിഞ്ഞതിന്റെ സുന്ദരസ്മരണകള്‍ പുതുക്കുന്ന ഈ വേളയില്‍ താങ്കള്‍ക്ക് ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും നാം എന്നും ഉണര്‍ന്നിരിക്കുമെന്നു പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു.

ചെറുതും വലുതുമായ ചെറുത്തുനില്‍പുകള്‍, സാമൂഹികമത നവോഥാന ശ്രമങ്ങള്‍, സാഹോദര്യകൂട്ടായ്മകള്‍ എന്നിവയിലൂടെയാണ് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു നാം കെട്ടുകെട്ടിച്ചത്. ഒന്നാം സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രക്ഷോഭങ്ങള്‍, മലബാര്‍ പോരാട്ടം, വൈക്കം സത്യാഗ്രഹം, ഈഴവ മെമ്മോറിയല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ നിദര്‍ശനങ്ങളാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിലൂടെ നാം നേടിയ വിമോചനസ്വപ്നങ്ങള്‍ വീണ്ടും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയായി വന്ന് ഇന്ത്യപിടിച്ചടക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തതെങ്കില്‍ ഇന്ന് കോര്‍പറേറ്റ് ഭീമന്മാര്‍ ഇന്ത്യയെ വിലക്കുവാങ്ങിയിരിക്കുന്നു. അംബാനിഅദാനിമാരടങ്ങുന്ന കോര്‍പറേറ്റുകള്‍ അധികാരത്തെയും നയങ്ങളെയും സ്വാധീനിക്കുമ്പോള്‍ നാല്‍പത് കോടിയിലധികം ജനങ്ങള്‍ വീടും ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ടു പരമ ദരിദ്രരായി കഴിയുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് മോദിയും അമിത്ഷായും ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന വംശീയധ്രുവീകരണങ്ങള്‍ വ്യത്യസ്ത രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി ന്യൂനപക്ഷങ്ങളില്‍ ഭീതി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ബീഫ് നിരോധം, നിലവിളക്ക് വിവാദം തുടങ്ങിയവയിലൂടെ ഭക്ഷണം, വസ്ത്രം, സംസ്‌കാരം എന്നിവയില്‍ ഏകാത്മക സംസ്‌കാരം അടിച്ചേല്‍പിക്കുന്നു. ബ്രീട്ടീഷ് ഭരണകാലത്തുള്ള പോലെ ഭീകര നിയമങ്ങള്‍ പടച്ചുണ്ടാക്കി ന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസികളെയും ജാമ്യംപോലും നിഷേധിച്ച് അന്യായമായി തടങ്കലില്‍ വെക്കുന്നു. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും തൃപ്തി പൊതുമനസ്സാക്ഷി ആക്കി മാറ്റുന്നു. ചിലര്‍ക്കുമാത്രം പാകമാകുന്ന കൊലക്കയറുകളും ചിലകൊടും ക്രിമിനലുകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകുന്നു.
അരക്ഷിതാവസ്ഥയും അടിച്ചമര്‍ത്തലുകളും വ്യാപകമാകുന്ന ഈ കാലത്ത് രാജ്യത്തിന്റെ വിമോചനസ്വപ്നങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിനും നാം കാവലിരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യദിനം ഓര്‍മകളുടെ മാത്രം വാര്‍ഷികമല്ല, പോരാട്ടങ്ങളുടെ പ്രഖ്യാപനം കൂടിയാണ്. ഈ നാടിന്റെ സാഹോദര്യബോധത്തെ വീണ്ടെടുക്കാനും ബഹുവൈവിധ്യങ്ങളെ നിലനിര്‍ത്താനും മര്‍ദ്ദിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് ശ്കതിപകരാനും നമുക്ക് കഴിയേണ്ടതുണ്ട്.

ഈദുല്‍ ഫിത്ര്‍ : ചില മുന്നൊരുക്കങ്ങള്‍

ഈദുല്‍ ഫിത്ര്‍ : ചില മുന്നൊരുക്കങ്ങള്‍
images

വിശ്വാസികളുടെ മനസ്സില്‍ കുളിര്‍ മഴയായി ഈദ് സമാഗതമാവുകയാണ്. ഒരു മാസക്കാലം നീണ്ടുനിന്ന നോമ്പും ഖുര്‍ആന്‍ പാരായണവും നിശാ നമസ്‌ക്കാരവും പാപമോചന പ്രാര്‍ത്ഥനകളും ശുദ്ധീകരിച്ച മനസ്സോടെയാണ് വിശ്വാസി ഈദിനെ വരവേല്‍ക്കുന്നത്. വിശ്വാസി അനുഷ്ഠിച്ച വ്രതവും, നീരുകെട്ടിയ കാലില്‍ നിന്നുകൊണ്ടുള്ള രാത്രി നമസ്‌ക്കാരങ്ങളും ഇഅ്തികാഫിന്റെ രാത്രിയില്‍ നനുത്ത ശബ്ദത്തില്‍ കരഞ്ഞുകൊണ്ടുള്ള പാപമോചന പ്രാര്‍ത്ഥനകളും അവനെ അല്ലാഹുവിലേക്ക് ഏറെ അടുപ്പിച്ചിരിക്കുന്നു. ഈ മാസത്തില്‍ അവന്‍ നേടിയെടുത്ത ദൈവ സാമീപ്യം വഴി അല്ലാഹുവിന്റെ മഹത്തായ പ്രതിഫലങ്ങള്‍ അവന് ലഭിക്കുമെന്ന ആത്മവിശ്വാസം വിശ്വാസിക്ക് നല്‍കുന്നുണ്ട്.
ഈയൊരാത്മവിശ്വാസത്തോടെയാണ് വിശ്വാസി, പെരുന്നാള്‍ ദിവസം ഈദ് ഗാഹിലേക്ക് നടന്നടുക്കുക. ഓരോ കാലടികളിലും എന്റെ നോമ്പും റമദാനിലെ കര്‍മങ്ങളും സ്വീകരിക്കേണമേ എന്ന പ്രാര്‍ത്ഥനയിലായിരിക്കും അവന്‍. പെരുന്നാള്‍ ആഘോഷത്തിനുള്ള ചില ഒരുക്കങ്ങളാണ് ചുവടെ.

1. ഈദ്ഗാഹിലേക്ക് പോകാന്‍ ഒരുങ്ങുക.
കുളിച്ച് ശുദ്ധിയായി വൃത്തിയോടെ പുതിയ വസ്ത്രങ്ങള്‍ ധരിച്ചുവേണം ഈദ് ഗാഹിലേക്ക് പോകാന്‍. ഇമാം മാലിക്ക് അദ്ദേഹത്തിന്റെ ‘മുവത്വ’യില്‍ ഉദ്ധരിച്ചത് ഇങ്ങനെ: ‘ഇബ്‌നു ഉമര്‍ (റ) ഈദുല്‍ ഫിത്ര്‍ ദിവസം മുസല്ലയിലേക്ക് പോകുന്നതിന് പ്രത്യേകം ഒരുങ്ങുമായിരുന്നു.’
പ്രവാചകന്‍ തിരുമേനിയെ കണിശമായി പിന്‍പറ്റിയിരുന്ന സഹാബിയായിരുന്നു ഇബ്‌നു ഉമര്‍. നബി(സ) ഈദ് ഗാഹിന് പുറപ്പെടുന്നതിന് മുമ്പ് കുളിച്ച് ശുദ്ധിയാകുമായിരുന്നു. നബിയെ അനുകരിച്ച് പുതുവസ്ത്രങ്ങള്‍ ധരിക്കലും ഇബ്‌നു ഉമറിന്റെ പതിവായിരുന്നു.

ഈദുല്‍ ഫിത്വറിലേക്ക് പുറപ്പെടുന്നതിന് മുമ്പേ അല്‍പ്പം ഭക്ഷണം (കാരക്ക, ഈന്തപ്പഴം) കഴിക്കുന്നത് തിരുചര്യയില്‍ പെട്ടതാണ്. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഏതാനും ഈന്തപ്പഴങ്ങള്‍ തിന്നിട്ടല്ലാതെ ഈദുല്‍ ഫിത്‌റില്‍ നബി തിരുമേനി ഈദ് ഗാഹിലേക്ക് പോകുമായിരുന്നില്ല.

2. ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി ഈദ്ഗാഹിലേക്ക് പോകുക.
അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം: ‘നബി(സ) രണ്ട് പെരുന്നാളിലും തക്ബീറും തഹ്്‌ലീലുകളും ഉച്ചത്തില്‍ ചൊല്ലിയാണ് പുറപ്പെട്ടത്. ഇബ്‌നു ഉമര്‍(റ) മുസല്ലയില്‍ എത്തുന്നത് വരെ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലിയാണ് വരിക. തക്ബീറിന്റെ രൂപം ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്’
നമസ്‌കാര സ്ഥലത്തേക്ക് നടന്നു പോകുന്നതാണ് കൂടുതല്‍ ഉത്തമം. അലി (റ) പറയുന്നു: ‘ഈദ് നമസ്‌കാരത്തിന് നടന്നു പോകല്‍ നബി തിരുമേനിയുടെ ചര്യയില്‍ പെട്ടതാണ്. ഒരു വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോയി, മറ്റൊരു വഴിയിലൂടെ തിരിച്ചു വരല്‍ നബി (സ) യുടെ പതിവായിരുന്നു.’ ജാബിര്‍ (റ) പറയുന്നു: ‘ഈദ് ദിവസത്തില്‍ നബി (സ) വഴി മാറി പോകുമായിരുന്നു.’

ഈദ് നമസ്‌കാരം
സൂര്യന്‍ ഉദിച്ച് അല്‍പ്പ സമയം പിന്നിട്ട ശേഷമാണ് ഈദ് നമസ്‌കാരം നിര്‍വ്വഹിക്കേണ്ടത്. ഈദ് നമസ്‌കാരത്തിന് ‘ബാങ്കോ’ ‘ഇഖാമത്തോ’ ഇല്ല. രണ്ട് റക് അത്തുള്ള പെരുന്നാള്‍ നമസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ 7 തക്ബീറും രണ്ടാമത്തെ റക്അത്തില്‍ 5 തക്ബീറുമാണുള്ളത്.
ജുമുഅ നമസ്‌കാരത്തിലേത് പോലെ, ഇമാം ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. ഫാതിഹക്ക് ശേഷം, ഒന്നാം റക്അത്തില്‍ സൂറത്തുല്‍ ‘അഅ്‌ലാ’ (സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ) യോ സൂറത്തുല്‍ ‘ഖാഫോ’ ഓതാം. രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ‘ഗാശിയ’ യോ സൂറത്തുല്‍ ‘ഖമറോ’ ഓതാം.
ആയിശ (റ) പറയുന്നു. നബി തിരുമേനി ഈദുല്‍ ഫിത്വറിനും ഈദുല്‍ അദ്ഹായിലും ആദ്യ റകഅ്ത്തില്‍ ഏഴ് തക്ബീറുകളും രണ്ടാമത്തെ റക്അത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലുമായിരുന്നു.
സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന മുസ് ലിം സമൂഹത്തിലെ മുഴുവന്‍ ആളുകളും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതാണ് സുന്നത്ത്. അശുദ്ധിയിലുള്ള സ്ത്രീകള്‍ വരെ പങ്കെടുക്കണമെന്ന് പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ട്. നമസ്‌കാരം ഒഴികെയുള്ള കാര്യങ്ങളില്‍ അവര്‍ക്കും പങ്കാളികളാമല്ലോ.
ഉമ്മു അതിയ്യ (റ) പറയുന്നു. ഈദ് ഗാഹിലേക്ക് ചെല്ലാന്‍ ഞങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങള്‍ സ്ത്രീകള്‍ ഋതുമതികളും പ്രായമായവരും പ്രസവരക്തമുള്ളവരും അവിവാഹിതകളും ഈദ് ഗാഹിന് പോകും. അങ്ങനെ ഞങ്ങളില്‍ ആര്‍ത്തവകാരികള്‍ മുസ് ലിംകളുടെ ഒത്തുകൂടലിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. നമസ്‌കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യും.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ‘നബി (സ) യോടൊപ്പവും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരോടൊപ്പവും ഞാന്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കാളിയായിട്ടുണ്ട്. അവരെല്ലാവരും നമസ്‌കാരത്തിന് ശേഷമാണ് ഖുതുബ നിര്‍വ്വഹിച്ചത’്. വെള്ളിയായ്ച്ച ദിവസമാണ് പെരുന്നാള്‍ എങ്കില്‍ പെരുന്നാള്‍ നമസ്‌കരിച്ചവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല. ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ‘ഇന്ന് രണ്ട് പെരുന്നാളും ഒരുമിച്ച് സമാഗതമായിരിക്കുകയാണ്. ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന് ജുമുഅ ഒഴിവാക്കാം, ഇന്‍ശാ അല്ലാഹ് നാം ജുമുഅ നിര്‍വ്വഹിക്കുന്നതാണ്’.
ഒരു കൂട്ടര്‍ പെരുന്നാള്‍ ഏതു ദിവസമാണന്ന് അറിഞ്ഞില്ല. കുറെ കഴിഞ്ഞാണ് അവര്‍ അതറിഞ്ഞതെങ്കില്‍ അടുത്ത ദിവസം അവര്‍ക്ക് പെരുന്നാള്‍ നമസ്‌കരിക്കാം. ഉമൈറുബ്‌നു അനസ് പറയുന്നു. ‘ഒരു യാത്രാ സംഘം നബിയുടെ അടുക്കല്‍ വന്നു. തങ്ങള്‍ ഇന്നലെ തന്നെ നിലാവ് കണ്ടതായി അറിയിച്ചു. നബി (സ) അപ്പോള്‍ തന്നെ എല്ലാവരോടും നോമ്പു മുറിക്കാന്‍ കല്‍പ്പിച്ചു. അടുത്ത ദിവസം ഈദു ഗാഹില്‍ എത്തിച്ചേരാനും കല്‍പ്പിച്ചു’.
പെരുന്നാള്‍ നമസ്‌കാര ശേഷം മുസ് ലിംകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ആലിംഗനം ചെയ്യുന്നതും പരസ്പരം പ്രാര്‍ത്ഥിക്കുന്നതും സുന്നത്താണ്. ‘നമ്മില്‍ നിന്നും താങ്കളില്‍ നിന്നും അല്ലാഹു സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിക്കട്ടെ’ എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്.
ഈദ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സുദിനമാണ്. ഇസ് ലാം വിലക്കിയ കാര്യങ്ങളില്‍ നിന്ന് വിട്ട് നിന്ന് ആ ദിവസത്തെ മുസ് ലിംകള്‍ക്ക് ആഘോഷിക്കാം.
നബി (സ) മദീനയില്‍ വന്നപ്പോള്‍ ജനങ്ങള്‍ അവിടെ രണ്ട് ദിവസങ്ങളിലായി കളികളിലും ആഘോഷങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത് കാണാനിടയായി. നബി തിരുമേനി ചോദിച്ചു. ഈ രണ്ട് ദിവസങ്ങള്‍ എന്താണ്? ജനങ്ങള്‍ പറഞ്ഞു: ജാഹിലിയ്യാ കാലം മുതല്‍ ഈ രണ്ട് ദിവസങ്ങള്‍ ഞങ്ങള്‍ ആഘോഷിച്ചു വരുന്നതാണ്. അപ്പോള്‍ നബി (സ) പറഞ്ഞു. ‘അവ രണ്ടിനേക്കാള്‍ ശ്രേഷ്ഠമായ രണ്ട് ദിവസങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് പകരം തന്നിരിക്കുന്നു. ബലി പെരുന്നാളും, ഈദുല്‍ ഫിത്വറുമാണത്’.

മുനീര്‍ മുഹമ്മദ് റഫീഖ്

ബോളിവുഡ് താരം മംമ്താകുല്‍ക്കര്‍ണി ഇസ്‌ലാംസ്വീകരിച്ചതായി വാര്‍ത്ത

ബോളിവുഡ് താരം മംമ്താകുല്‍ക്കര്‍ണി ഇസ്‌ലാംസ്വീകരിച്ചതായി വാര്‍ത്ത
20130524_101250കെനിയ: 90കളില്‍ ബോളിവുഡ് പ്രേക്ഷകരെ ഹരംകൊള്ളിച്ച നായികയായ മംമ്താകുല്‍ക്കര്‍ണി ഇസ് ലാം സ്വീകരിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മംമ്തയുടെ പരിചയക്കാരനും ദുബായിയില്‍ ഹോട്ടല്‍ വ്യവസായിയുമായ വിക്കി ഗോസ്വാമി 1997 ല്‍ മയക്കുമരുന്ന് മരുന്നുകള്ളക്കടത്തുനടത്തിയതിനെത്തുടര്‍ന്ന് 25 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.16 വര്‍ഷം തടവില്‍കിടന്ന വിക്കി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും ഖുര്‍ആനെ മനസ്സിലാക്കുകയും ചെയ്ത ശേഷം ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. ജയില്‍വാസത്തിനിടെ ഇസ് ലാംസ്വീകരിച്ച വിക്കിയുടെ ഹോട്ടല്‍-റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ നോക്കിനടത്തുകയായിരുന്ന
മംമ്ത, വിക്കിയുടെ സ്വഭാവപരിവര്‍ത്തനംകണ്ട് ഇസ്‌ലാമിലേക്ക് അടുക്കുകയായിരുന്നു. 2012 നവംബറില്‍ ജയില്‍മോചിതനായ വിക്കിയെ മംമ്താ കുല്‍ക്കര്‍ണി വിവാഹംകഴിച്ചു. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ സ്വസ്ഥജീവിതം നയിക്കാന്‍ കെനിയയിലെ നൈറോബിയിലേക്ക് താമസം മാറിയിരിക്കുകയാണിപ്പോള്‍. ഏതാണ്ട് 11 വര്‍ഷത്തോളം സിനിമാലോകത്ത് വിരാജിച്ച മംമ്്ത 2002 നുശേഷം വെള്ളിത്തിരയില്‍നിന്നും വിവാദങ്ങളില്‍നിന്നും അകന്ന് മാധ്യമങ്ങളുടെ കണ്‍വെട്ടത്തുനിന്ന്്് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

നന്മയുടെ ഈ വൃക്ഷം കടപുഴകില്ല

‘മുഹമ്മദ് ദൈവദൂതനാണ്. അവനോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്; പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും പ്രതീക്ഷിച്ച് അവര്‍ നമിക്കുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും നിനക്കു കാണാം. പ്രണാമത്തിന്റെ പാടുകള്‍ അവരുടെ മുഖങ്ങളിലുണ്ട്. ഇതാണ് തൗറാതില്‍ അവരുടെ വര്‍ണന. ഇന്‍ജീലിലെ അവരുടെ ഉപമയോ, അത് ഇവ്വിധമത്രെ: ഒരു വിള. അത് അതിന്റെ കൂമ്പ് വെളിവാക്കി. പിന്നെ അതിനെ പുഷ്ടിപ്പെടുത്തി. അങ്ങനെ അത് കരുത്തുനേടി. അത് കര്‍ഷകരില്‍ കൌതുകമുണര്‍ത്തി അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നുനില്‍ക്കുന്നു. ഇതേപോലെ വിശ്വാസികളുടെ വളര്‍ച്ച സത്യനിഷേധികളെ രോഷം കൊള്ളിക്കുന്നു. അവരിലെ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം നല്‍കിയിരിക്കുന്നു. (അല്‍ഫത്ഹ് :29)

പ്രവാചകന്‍ മുഹമ്മദ്(സ) യുടെ പ്രവാചകത്വം സ്ഥാപിപിക്കുന്ന, വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തമാണിത്. സത്യനിഷേധികള്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിക്കുന്നത്. ഹുദൈബിയാസന്ധിയാണ് ആ സന്ദര്‍ഭം. സന്ധി എഴുതിത്തുടങ്ങിയപ്പോള്‍ നബി(സ)യുടെ നാമത്തോടൊപ്പം ‘റസൂലുല്ലാഹ്’ (അല്ലാഹുവിന്റെ ദൂതന്‍)എന്ന് രേഖപ്പെടുത്തുന്നതിനെ മക്കയിലെ ഖുറൈശികള്‍ എതിര്‍ത്തു.
ശാഠ്യം തുടര്‍ന്നപ്പോള്‍ തിരുമേനിതന്നെ കരാര്‍പത്രത്തില്‍നിന്ന് ആ വാക്കുകള്‍ മായ്ച്ചുകളഞ്ഞു. ഇതെപ്പറ്റി അല്ലാഹു അരുളുകയാണ്: നമ്മുടെ റസൂല്‍, റസൂല്‍ ആകുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാകുന്നു. ആരുടെയെങ്കിലും അംഗീകാരമോ നിരാകരണമോ ആ യാഥാര്‍ഥ്യത്തില്‍ യാതൊരു മാറ്റവും വരുത്തുകയില്ല. വല്ലവരും അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ വേണ്ട. അദ്ദേഹത്തിന്റെ പ്രവാചകത്വം സത്യമാണെന്നുള്ളതിന് നമ്മുടെ സാക്ഷ്യംതന്നെ മതിയായതാകുന്നു. അവരുടെ നിഷേധംകൊണ്ട് ഈ വസ്തുതയ്ക്ക് മാറ്റംവരുന്നില്ല. അവരെന്തു വിചാരിക്കട്ടെ, അദ്ദേഹം നമ്മില്‍നിന്നു കൊണ്ടുവന്നിട്ടുള്ള ഈ സന്മാര്‍ഗവും സത്യദീനും മറ്റു ദീനുകളെയെല്ലാം അതിജയിക്കുകതന്നെ ചെയ്യും.

പ്രവാചകത്വം സ്ഥാപിച്ചതിന് ശേഷം നബി(സ)യെയും അനുയായികളെയും കൃഷിയോടുപമിച്ചിരിക്കുന്നു. ഒരു കൃഷിയിടത്തില്‍ വിത്ത് വിതച്ചാല്‍ അതു മുളച്ച് വരുന്നതും തളിരിലകള്‍ വിരിയുന്നതും, വളര്‍ന്നു വലുതായി സ്വന്തം തണ്ടില്‍ നിവര്‍ന്ന് നിന്ന് കാറ്റില്‍ ചാഞ്ചാടുന്നതും എത്ര മനോഹരമാണ്. അതിസുന്ദരമായ പ്രകൃതിദൃശ്യത്തിന്റെ ചായക്കൂട്ട്. ആ ദൃശ്യം കണ്ട് രസിക്കാത്ത, അത്ഭുതപെടാത്ത ആരുമുണ്ടാവില്ല! ബൈബിളില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഇതുപോലെയാണുപമിച്ചിരിക്കുന്നത്.

മുഹമ്മദ് നബി(സ)യിലൂടെ മുളപൊട്ടിയ ചെടികള്‍, അബൂബക്കര്‍(റ), ഖദീജ(റ), അലി(റ) തുടങ്ങി ഉമറിലൂടെയും ഹംസ(റ)യിലൂടെയും മറ്റു നിരവധി ധൈര്യശാലികളിലൂടെയും തഴച്ച് വളര്‍ന്നു ശക്തി പ്രാപിച്ചു. ലോകം-ശത്രുലോകം പ്രത്യേകിച്ച് അത്ഭുതപെട്ടു. അതിവിപ്ലവകാരികളായ ജൂതരടക്കം മുഴുവന്‍ ശത്രുക്കളും അന്താളിക്കുക തന്നെ ചെയ്തു. അരിശത്താല്‍ പല്ലിറുമ്മി. അത്രക്ക് മനോഹരമായിരുന്നു ആ ഇസ്‌ലാമിക രാഷ്ട്രം.

ഒരു ചെടി വളരുന്ന അവധാനതയോടും സൂക്ഷമതയോടും കൂടിയാണ് പ്രവാചക അനുയായികള്‍ വളര്‍ന്നതും മദീനയില്‍ ഇസ്‌ലാമിക ഭരണക്രമം സ്ഥാപിക്കുവാന്‍ കഴിയുമാറ് ശക്തരായി മാറിയതും. അനുയായികളുടെ വളര്‍ച്ച ഇസ്‌ലാമിന്റെ തന്നെ വളര്‍ച്ചയായിരുന്നു. മറ്റൊരാളുടെ തോട്ടത്തില്‍ പുഷ്ടിയുള്ള വിള കണ്ട് അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അസൂയാലുവിനെപ്പോലെയാണ് ശത്രുക്കള്‍. ഇസ്‌ലാമിന്റെ വളര്‍ച്ച ശത്രുക്കളെ അരിശം കൊള്ളിക്കുന്നു. കൃഷി നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടന്റെ മനസാണ് ശത്രുക്കള്‍ക്കുള്ളതെന്നാണ് ഈ ഉപമയിലൂടെ അല്ലാഹു വിശ്വസികളെ സമാധാനിപ്പിക്കുന്നത്. 563761_528946630496432_2030143276_n.

എഴുതിയത് : പി. അബ്ദുല്‍മജീദ്‌

പട്ടിണിയിലും പരിഭവമില്ലാത്ത ഫാത്വിമ (റ)

മുഹമ്മദ് നബി(സ)യുടെ പ്രിയപുത്രിയായിരുന്നു ഫാത്വിമ(റ). നബി(സ)യുടെ മൂത്താപ്പയുടെ പുത്രനും പിന്നീട് ഇസ് ലാമികരാഷ്ട്രത്തിന്റെ നായകനുമായിത്തീര്‍ന്ന മഹാനുമായ അലി(റ)യായിരുന്നു അവരുടെ ഭര്‍ത്താവ്.
images (4)
അലി-ഫാത്വിമ കുടുംബം സാമ്പത്തികമായി വളരെ ഞെരുക്കത്തിലായിരുന്നു. അലി(റ) കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കല്‍ വീട്ടില്‍ ഭക്ഷിക്കാന്‍ ഒന്നുമില്ലാതായി. മഹതി ഫാത്വിമയ്ക്ക് വല്ലാത്ത വിശപ്പ് തോന്നി. അലി(റ) പണികഴിഞ്ഞ് ഭക്ഷ്യധാന്യവുമായി വന്നു. ഫാത്വിമ (റ) അതില്‍നിന്ന് അല്‍പമെടുത്ത് പൊടിച്ച് അപ്പം ചുട്ടു.
അപ്പം തയ്യാറായി. അത് തിന്നാന്‍ ഇരുന്നതായിരുന്നു. അപ്പോഴതാ വാതിലില്‍ ആരോ മുട്ടുന്നു.ചെന്നുനോക്കി. ‘വിശന്നിട്ടുവയ്യ, കുറേ നാളായി ഭക്ഷണം കഴിച്ചിട്ട്. വല്ലതും കഴിക്കാന്‍ തരണേ’ എന്നുപറഞ്ഞുകൊണ്ട് ഒരു ദരിദ്രന്‍ അവിടെ നില്‍ക്കുന്നു. അയാളോട് കൃപതോന്നിയ ഫാത്വിമ അപ്പം മുഴുവനും അയാള്‍ക്ക് കൊടുത്തു.
വാതിലടച്ച് വന്ന് ബാക്കിയുള്ള ധാന്യത്തില്‍നിന്ന് അല്‍പമെടുത്ത് പൊടിച്ച് അപ്പം ചുട്ടു. അപ്പം തയ്യാറായി. അത് തിന്നാന്‍ ഇരുന്നപ്പോഴേക്കും വീണ്ടും വാതിലില്‍ മുട്ടുകേട്ടു. ചെന്നുനോക്കുമ്പോഴതാ ഒരു എല്ലുംതോലുമായ മനുഷ്യക്കോലം. ‘അനാഥനാണേ, കുറേ നാളായി പട്ടിണി കിടക്കുന്നു. കഴിക്കാന്‍ വല്ലതും തരണേ’എന്നുപറഞ്ഞ് അയാള്‍ കൈനീട്ടി.അയാളോട് കൃപ തോന്നിയ ഫാത്വിമ അപ്പം മുഴുവനും അയാള്‍ക്കുകൊടുത്തു.
തിരികെ അടുപ്പിനരുകില്‍ചെന്ന് ബാക്കിയുള്ള ധാന്യം പൊടിച്ച് അപ്പം ചുട്ടെടുത്തു. അത് തിന്നാനിരുന്നതും മുമ്പത്തെപ്പോലെ വാതില്‍ക്കല്‍ ശക്തിയായ മുട്ടുകേട്ടു. ചെന്നുനോക്കി. ‘യുദ്ധത്തടവുകാരനാണേ’ എന്നും പറഞ്ഞ് ഒരാള്‍ ദൈന്യഭാവത്തില്‍ നില്‍ക്കുന്നു.അയാളോട് കൃപതോന്നിയ ഫാത്വിമ അപ്പം മുഴുവനും അയാള്‍ക്ക് കൊടുത്തു. സ്വന്തം വിശപ്പുമറന്ന് മറ്റുള്ളവര്‍ക്ക് തന്റെ ഭക്ഷണം കൊടുത്ത ഫാത്വിമ പിതാവായ നബി(സ)യുടെ പാരമ്പര്യം കൈവിടാന്‍ തയ്യാറാകാതെ പട്ടിണികിടന്നു.

മൂല്യങ്ങളുടെ കാവലാളാവുക

ഖലീഫ ഉമറിന്‍െറ കോടതിയിലേക്ക് പിതാവിന്‍െറ ഘാതകനെയും കൊണ്ട് രണ്ട് ചെറുപ്പക്കാര്‍ വന്നു. യുവാക്കളുടെ പരാതിയില്‍ വിചാരണ തുടങ്ങി. പ്രതി ഇങ്ങനെ മൊഴി നല്‍കി: ‘ഇവരുടെ പിതാവ് അദ്ദേഹത്തിന്‍െറ ഒട്ടകത്തെയുംകൊണ്ട് എന്‍െറ കൃഷിയിടത്തില്‍ പ്രവേശിച്ചപ്പോള്‍ വിരട്ടിയോടിക്കാന്‍ ഞാന്‍ ശ്രമിച്ചു. അദ്ദേഹം കൃഷിയിടം വിട്ടുപോകാന്‍ കൂട്ടാക്കാഞ്ഞതോടെ ഒരു കല്ലെടുത്തെറിഞ്ഞു. അദ്ദേഹത്തിന്‍െറ മര്‍മത്തില്‍ ഏറ് കൊള്ളുകയും മരിക്കുകയുമായിരുന്നു’. സാക്ഷിവിസ്താരത്തിനും ക്രോസ്വിസ്താരത്തിനും ശേഷം ഉമര്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.
വിധികേട്ട പ്രതി തന്‍െറ കുടുംബത്തെ ഒന്നു കണ്ടുവരാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഇസ്ലാമിക കോടതിക്ക് പ്രതിയുടെ ആവശ്യം നിരസിക്കാനായില്ല. ആര് ജാമ്യം നില്‍ക്കുമെന്ന് ഉമര്‍ ആരാഞ്ഞു. ഗോത്രമേതെന്നറിയാത്ത അദ്ദേഹത്തിന് ജാമ്യം നില്‍ക്കാന്‍ ആരും തയാറായില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ആരും ജാമ്യം നില്‍ക്കാതെ വന്നഘട്ടത്തില്‍ വന്ദ്യവയോധികനും സാത്വികനും പണ്ഡിതനുമായ അബൂദര്‍രില്‍ ഗിഫാരി ജാമ്യം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത് സദസ്സിനെ ഞെട്ടിച്ചു. ഇന്നുമുതല്‍ മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്ന് ഉമര്‍ മുന്നറിയിപ്പ് നല്‍കി. ‘ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു’ എന്ന് മാത്രം പറഞ്ഞ് അബൂദര്‍റ് പോയി.

മൂന്നാം ദിനത്തില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ പ്രതി ഹാജരായിരുന്നില്ല. അബൂദര്‍റാകട്ടെ ശിക്ഷ ഏറ്റുവാങ്ങാനൊരുങ്ങി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. ഇതുകണ്ട് വിശ്വാസികള്‍ അസ്വസ്ഥരായി. പണ്ഡിതനായ സഹാബിവര്യന്‍ ഏതോ പ്രതിക്കുവേണ്ടി വധിക്കപ്പെടുന്നത് അവര്‍ക്ക് ചിന്തിക്കാനായില്ല. സന്ധ്യയോടെ പെട്ടെന്ന് പ്രതി വന്നു. അബൂദര്‍റ് രക്ഷപ്പെട്ടുവെന്ന സമാശ്വാസത്തില്‍ തക്ബീര്‍ മുഴങ്ങി.

ഈ സന്ദര്‍ഭത്തില്‍ ഉമര്‍ പ്രതിയോട് ഇങ്ങനെ ചോദിച്ചു. ‘നീ വന്നില്ലായിരുന്നെങ്കില്‍ നിന്നെത്തേടി ഞങ്ങളാരും വരില്ലായിരുന്നു. എന്നിട്ടും വരാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്?’ പ്രതി പറഞ്ഞു: ‘ഞാന്‍ വന്നില്ലായിരുന്നുവെങ്കില്‍ കരാര്‍പാലനം എന്ന മൂല്യംതന്നെ നശിച്ചുപോയിയെന്ന് ജനങ്ങള്‍ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.’

അപ്പോള്‍ അബൂദര്‍റിന്‍െറ നേരെ തിരിഞ്ഞ് ഉമര്‍ ചോദിച്ചു: ‘ഗോത്രമേതെന്ന് അറിയാത്ത ഈ പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്ത്?’ അബൂദര്‍റ് ഇങ്ങനെ മൊഴിഞ്ഞു: ‘ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.

അപ്പോഴതാ ആ രണ്ടു യുവാക്കളും ഇരുന്നു കരയുന്നു. ഞങ്ങള്‍ ഇദ്ദേഹത്തിന് മാപ്പുകൊടുത്തിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഉമര്‍ അവരോട് ചോദിച്ചു: ‘ഇപ്പോള്‍ ഇദ്ദേഹത്തിന് മാപ്പുകൊടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്ത്?’ ‘ഞങ്ങള്‍ ഇദ്ദേഹത്തിന് മാപ്പുകൊടുത്തില്ലായിരുന്നുവെങ്കില്‍ വിട്ടുവീഴ്ച ചെയ്യുക (മാപ്പു നല്‍കുക) എന്ന മൂല്യംതന്നെ ഇല്ലാതായി എന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.’ ഇതുകേട്ട് ഉമറും വിശ്വാസികളും ഒന്നടങ്കം നാഥനെ വാഴ്ത്തി.

ലക്ഷണമൊത്ത ഒരു മുസ്ലിംസമുദായം ധര്‍മസംസ്ഥാപനാര്‍ഥവും സംരക്ഷണാര്‍ഥവും നിലകൊള്ളുന്നവരായിരിക്കും. മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്നത് അവര്‍ ഒരിക്കലും പൊറുക്കില്ല. കാരണം, അവര്‍ നന്മ സംസ്ഥാപിക്കാനും തിന്മ ഇല്ലായ്മ ചെയ്യാനും വേണ്ടി ജനങ്ങള്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമൂഹമാണ് (വി. ഖുര്‍ആന്‍). അവരുടെ പ്രവാചകനാകട്ടെ എല്ലാ ഉത്കൃഷ്ടമൂല്യങ്ങളുടെയും പൂര്‍ത്തീകരണത്തിനായി നിയുക്തനായ വ്യക്തിത്വവും.‘ഉല്‍കൃഷ്ട മൂല്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയുക്തനായിരിക്കുന്നത്’ (തിരുവചനം). ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന ആദര്‍ശവിശുദ്ധി മുറുകെപ്പിടിച്ചും ഇസ്ലാമിക സംസ്കാരത്തെ ജീവിതത്തില്‍ നിലനിര്‍ത്തിയും എവിടെയും സത്യത്തെയും ധര്‍മത്തെയും നീതിയെയും മുറുകെപ്പിടിച്ചും നിലകൊള്ളുകയാണ് മുസ്ലിം സമുദായത്തിന്‍െറ ഉത്തരവാദിത്തം. ഇസ്ലാമിലെ എല്ലാ ആരാധനകളും ഈ യാഥാര്‍ഥ്യമാണ് വിശ്വാസികളെ ഓര്‍മിപ്പിക്കുന്നത്

സംഭവിക്കേണ്ടത് സമാധാനത്തിന്‍െറ ആഗോളീകരണം

കരുണാവാരിധിയും കൃപാനിധിയുമായ ദൈവത്തിന്‍െറ നാമത്തില്‍. സമാദരണീയരായ രാഷ്ട്രനേതാക്കളേ, പുരസ്കാരസമിതി അംഗങ്ങളേ, സ്വാതന്ത്ര്യവും മാറ്റവും സൃഷ്ടിച്ചുകൊണ്ട് അറബ്വസന്തം സാക്ഷാത്കരിച്ച യുവവിപ്ളവകാരികളേ, ലോകത്തെങ്ങുമുള്ള സ്വതന്ത്രരായ മനുഷ്യസമൂഹങ്ങളേ, നിങ്ങള്‍ സര്‍വരിലും സമാധാനവും ദിവ്യകാരുണ്യവും വര്‍ഷിക്കുമാറാകട്ടെ.
പ്രസിഡന്‍റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലിമബോവി എന്നീ സമാധാന പ്രവര്‍ത്തകര്‍ക്കൊപ്പം ഈ അന്താരാഷ്ട്ര ബഹുമതി സമ്മാനിച്ചതില്‍ എനിക്കുള്ള നന്ദി സന്തോഷപൂര്‍വം ഇവിടെ രേഖപ്പെടുത്തട്ടെ. ഈ അവാര്‍ഡിന്‍െറ ധാര്‍മികവും മാനവികവുമായ വിവക്ഷ അത്യുജ്വലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വ്യക്തിപരമായി ഇത് എനിക്കുള്ള ആദരവായിരിക്കെ ഈ പുരസ്കാരം എന്‍െറ മാതൃദേശമായ യമനും അറബ് വനിതകള്‍ക്കും ലോകത്തെ മുഴുവന്‍ സ്ത്രീസമൂഹത്തിനും സ്വാതന്ത്ര്യം അഭിലഷിക്കുന്ന ഓരോ മനുഷ്യനുമുള്ള ബഹുമതി കൂടിയാണെന്ന് ഞാന്‍ കരുതുന്നു. യമന്‍ ജനതയെയും, മര്‍ദകവാഴ്ചക്കും അഴിമതിക്കുമെതിരെ രാഷ്ട്രീയ വിവേകത്തോടെ ധീരവും സമാധാനപരവുമായി പൊരുതുന്ന അറബ് യുവജനങ്ങളെയും പ്രതിനിധാനംചെയ്തുകൊണ്ട് ഞാന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നു.
സമാധാനം പുലരുകയും യുദ്ധങ്ങള്‍ തിരോഭവിക്കുകയും ചെയ്യുന്ന ഒരു ലോകത്തെയായിരുന്നു ആല്‍ഫ്രഡ് നൊബേല്‍ സ്വപ്നംകണ്ടിരുന്നത്. ഈ സ്വപ്നം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആ പ്രത്യാശ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുകയാണ്. അത് സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളും ഊര്‍ജിതപ്പെട്ടുകൊണ്ടിരിക്കുന്നു. നൊബേല്‍ പുരസ്കാരം ജ്വലിപ്പിക്കുന്നതും അതേ പ്രതീക്ഷയുടെ തിരിനാളത്തെ തന്നെയാണ്. അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവക്കുവേണ്ടിയുള്ള സമാധാനപരമായ സമരത്തിന്‍െറ മൂല്യങ്ങളെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നൊബേല്‍ പുരസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. മഹാകെടുതികള്‍ സമ്മാനിക്കുന്ന യുദ്ധങ്ങളും ഹിംസയും എത്രമാത്രം തെറ്റാണെന്നതിനുള്ള തെളിവുകൂടിയാണ് ഈ ബഹുമതിദാനം.
അടിച്ചമര്‍ത്തലിനെയും അതിക്രമങ്ങളെയും അതേ നാണയത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയല്ല തിരിച്ചടിക്കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീപുരുഷന്മാരുടെ ഐക്യത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലശ്രുതിയാണ് മാനവസംസ്കാരം. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നിടത്ത് സാമൂഹിക പ്രശ്നങ്ങള്‍ ഉദ്ഭവിക്കുന്നു. ഒടുവില്‍ ആണും പെണ്ണും ഉള്‍പ്പെടുന്ന സമൂഹത്തിന് മൊത്തം ദോഷകരമായ പരിണതിയിലാണ് അത് കലാശിക്കുക. സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ മാത്രമേ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. സംസ്കാരത്തെ മാനവസംസ്കാരം എന്നാണ് നാം വിളിക്കാറ്. പുരുഷന്‍േറത്, സ്ത്രീയുടേത് എന്നിങ്ങനെ അതിനെ വിഭജിക്കുന്നില്ല.
1901ല്‍ ആദ്യമായി നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലുമായി ജനലക്ഷങ്ങള്‍ വധിക്കപ്പെടുകയുണ്ടായി. വിവേകവും ധൈര്യവും ഉണ്ടായിരുന്നുവെങ്കില്‍ ഈ ജീവഹത്യകള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. പ്രവാചകന്മാരുടെയും ദിവ്യവെളിപാടുകളുടെയും ഭൂമിയായ അറബ്ദേശങ്ങളിലും ഇത്തരം കുരുതികള്‍ സംഭവിക്കുകയുണ്ടായി. നിങ്ങള്‍ ആരെയും വധിക്കരുതെന്ന് തൗറ ഉദ്ബോധിപ്പിക്കുകയുണ്ടായി. സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് ബൈബ്ള്‍ നല്‍കുന്ന വിശേഷണം. ‘അന്യായമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മാനവരാശിയെയും വധിക്കുന്നതിന് തുല്യമായ പാതകമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ശാസ്ത്രനേട്ടങ്ങള്‍ക്കിടയിലും മാനവചരിത്രം രക്തപങ്കിലമായി തുടരുന്നു. പുരാതന ചരിത്രകാലത്ത് രാജാക്കന്മാരുടെ ഉത്ഥാനപതന പേരുകളില്‍ നിരവധി മനുഷ്യര്‍ കുരുതി കഴിക്കപ്പെട്ടു. അതേ കഥ ആധുനികകാലത്തും ആവര്‍ത്തിക്കപ്പെടുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സമാധാനാഹ്വാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ശാന്തിക്കുവേണ്ടിയുള്ള മുറവിളികള്‍ പോര്‍വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബോംബുകളുടെയും ഇരമ്പലുകളില്‍ മുങ്ങിയൊടുങ്ങുന്നു. സമകാലിക ലോകജനത, അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിദഗ്ധരാല്‍ നിര്‍വചിക്കപ്പെട്ട പുതിയൊരു ലോകത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. സ്വാതന്ത്ര്യം, സത്യം, നീതി, സമാധാനം, സഹവര്‍ത്തിത്വം, സഹകരണം എന്നിവ ഉറപ്പുനല്‍കുന്ന ഒരു ആഗോളീകൃത ലോകത്തേക്കായിരിക്കണം ഈ മുന്നേറ്റം. മനുഷ്യരെ മനുഷ്യര്‍ അടിമകളാക്കാത്ത, മനുഷ്യാന്തസ്സില്‍ ഊന്നുന്ന നിയമങ്ങള്‍ നടപ്പാകുന്ന പുതിയൊരു ലോകമായിരിക്കണം അത്. അടിച്ചമര്‍ത്തല്‍, വിവേചന-നീതിരാഹിത്യനയങ്ങള്‍ തിരോഭവിക്കുന്ന ലോകം. പരസ്പരം സ്വീകരിക്കുന്ന, സഹിഷ്ണുതയുടെയും സഹകരണത്തിന്‍െറയും ലോകം. അധികാരവും ആധിപത്യവും അന്യമനുഷ്യര്‍ക്കും അന്യദേശങ്ങള്‍ക്കുമെതിരെ തേര്‍വാഴ്ച നടത്താത്ത ലോകം. സ്വാതന്ത്ര്യവും അന്തസ്സും ആധിപത്യക്കോയ്മകള്‍ കവര്‍ന്നെടുക്കുന്ന വ്യവസ്ഥ എന്നെന്നേക്കുമായി തിരോഭവിക്കുന്ന ലോകം. കണക്കില്‍ കവിഞ്ഞ് സ്വപ്നം കാണുകയാണോ ഞാന്‍?
അടിച്ചമര്‍ത്തലും ഭീതിയും മനുഷ്യക്കുരുതികളും ദുരന്തങ്ങളും മര്‍ദനങ്ങളും നിറഞ്ഞ ഇരുണ്ട ചരിത്രത്തില്‍നിന്ന് വിമുക്തമായ, സ്നേഹവും സാഹോദര്യവും പുലരുന്ന ഭാസുരമായ പുതിയൊരു ഭാവിയുടെ അരുണോദയത്തിന്‍െറ കിരണങ്ങള്‍ എനിക്ക് ചക്രവാളസീമയില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. യുദ്ധങ്ങളുടെ അന്ത്യം എന്നതുമാത്രമല്ല സമാധാനം. അത് അനീതിയുടെയും അടിച്ചമര്‍ത്തലിന്‍െറയും കൂടി അന്ത്യമാണ്. സമാധാനപരമായി മാര്‍ച്ച് നടത്തുന്ന അറബ്യുവജനങ്ങള്‍ക്കുനേരെ അധികാരശക്തികള്‍ മരണയന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് കണ്ടുനില്‍ക്കാന്‍ ലോകമനസ്സാക്ഷിക്ക് സാധ്യമല്ല. അതിനാല്‍, സമാധാനപരമായ ഈ സമരാവേശം ലോകത്തിന്‍െറ പിന്തുണ അര്‍ഹിക്കുന്നു-നൊബേല്‍ സമാധാന സമ്മാനത്തിന്‍െറ ആത്മാവിന് നിരക്കുന്ന പിന്തുണ. നിങ്ങള്‍ അത്തരമൊരു പിന്തുണ നല്‍കുന്നപക്ഷം അടിച്ചമര്‍ത്തലിന്‍െറയും യുദ്ധത്തിന്‍െറയും ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ട് ഈ സമാധാന സമരങ്ങള്‍ക്ക് എന്ന് ഞങ്ങള്‍ തെളിയിക്കാം.
തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ ദേശങ്ങളില്‍ അറബ്വസന്തം അചിന്ത്യവും വിസ്മയകരവുമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് ചേരി രാജ്യങ്ങളില്‍ 90കളില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി നമുക്ക് ഇതിനെ തുലനംചെയ്യാം.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കുമൊപ്പം നിലയുറപ്പിക്കണമെന്ന സന്ദേശമാണ് സര്‍വപ്രത്യയശാസ്ത്രങ്ങളും വിശ്വസനീയമായ സംഹിതങ്ങളും മതങ്ങളും ചാര്‍ട്ടറുകളും മാനവരാശിയോട് ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഉണര്‍ന്നെഴുന്നേറ്റ യമന്‍ ജനതക്ക് മുഴുവന്‍ ലോകത്തിന്‍െറയും പിന്തുണയാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. ‘ഉമ്മമാര്‍ സ്വതന്ത്ര ജന്മങ്ങളായി പ്രസവിച്ച വ്യക്തികളെ നിങ്ങള്‍ എങ്ങനെയാണ് അടിമകളാക്കി മാറ്റുന്നത്’ എന്ന ഖലീഫ ഉമറിന്‍െറ ചോദ്യത്തിന്‍െറ പൊരുള്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ് യമന്‍ ജനത.
സന്‍ആയിലെ മാറ്റചത്വരത്തിലെ സമരപ്പന്തലിലിരുന്നാണ് ഞാന്‍ നൊബേല്‍ പുരസ്കാര വാര്‍ത്ത ശ്രവിച്ചത്. പുരസ്കാരലബ്ധിയില്‍ ആഹ്ളാദപ്രകടനം നടത്താന്‍ ഞങ്ങള്‍ക്കപ്പോള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ ചരിത്രത്തിന്‍െറ നേര്‍ദിശയില്‍ തന്നെയായിരുന്നു സഞ്ചരിച്ചത്. ഏകാധിപതിയായ അലി അബ്ദുല്ല സ്വാലിഹ് ജനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ വേണ്ടുവോളം ആയുധങ്ങള്‍ സംഭരിക്കുകയുണ്ടായി. ഞങ്ങള്‍ കൈകളില്‍ പൂക്കളും ഹൃദയത്തില്‍ സ്വാതന്ത്ര്യവാഞ്ഛയുമായാണ് ആ മര്‍ദക സംവിധാനത്തിനെതിരെ തെരുവീഥികളില്‍ എത്തിയത്. അടിച്ചമര്‍ത്തലും അഴിമതിയും അവസാനിപ്പിച്ച് ജനാധിപത്യവും സ്വാതന്ത്ര്യവും നിയമവാഴ്ചയും സ്ഥാപിക്കാനായിരുന്നു യമന്‍ ജനത സമരഭൂമിയിലേക്കിറങ്ങിത്തിരിച്ചത്. തീര്‍ത്തും സമാധാനപരമായ സമരം. അറബ്വസന്തം സംഭവിച്ച ഇതരരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതായിരുന്നില്ല ഈ സമരം. ദൗര്‍ഭാഗ്യകരമെന്നു പറയാം ഇതര ദേശങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ച പിന്തുണയും അനുഭാവവും ലോകം ഞങ്ങളോട് കാണിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ ഈ വിവേചനം അനീതിയായിരുന്നു. ഈ വികലസമീപനം ലോകമനഃസാക്ഷിയെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നുണ്ടാകണം.
വിശിഷ്ടമിത്രങ്ങളേ, മഹത്തായ ത്യാഗങ്ങളും ബലികളുമാണ് യമന്‍ ജനത ഈ പ്രക്ഷോഭവേളയില്‍ കാഴ്ചവെച്ചത്. അധികാരികള്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് ഞങ്ങളെ നേരിടുകയുണ്ടായി. ജനങ്ങളെ കൊന്നുതള്ളുകയും ചെയ്തു. എന്നിരുന്നാലും പ്രക്ഷോഭത്തിന്‍െറ സമാധാനപരമായ രീതിയാണ് ഞങ്ങള്‍ നിരന്തരം അവലംബിച്ചത്. ആ സമാധാനപൂര്‍ണമായ രീതിയില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ളെന്ന് വിപ്ളവകാരികളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
യമന്‍ വിപ്ളവം പൂര്‍ത്തീകരിക്കുന്നതോടെ ഏകാധിപതിയുടെയും സില്‍ബന്ധികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പരിഷ്കൃത നാഗരികലോകം തയാറാകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും ഭക്ഷണവും അപഹരിച്ച അധികാരികളെയും സുരക്ഷാമേധാവികളെയും ഇതര ഘാതകരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി നീതിപൂര്‍വകമായി വിസ്തരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ജനാധിപത്യത്തിന്‍െറ ഉത്കൃഷ്ടത, സല്‍ഭരണത്തിന്‍െറ മേന്മ എന്നിവ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നത് ജനാധിപത്യലോകം തന്നെയാണ്. എന്നാല്‍, യമനിലും സിറിയയിലും അരങ്ങേറുന്ന സംഭവങ്ങളെ സംബന്ധിച്ച് അവര്‍ ഒരിക്കലും ഉദാസീനത പ്രകടിപ്പിക്കാന്‍ പാടില്ളെന്നാണ് അവരോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അറബ്രാജ്യങ്ങളിലെയും അറബിതര രാജ്യങ്ങിലെയും സ്വാതന്ത്ര്യവാഞ്ഛയെ നിങ്ങള്‍ നിസ്സംഗമായി വീക്ഷിക്കരുത്. ജനാധിപത്യം പിറവികൊള്ളുമ്പോള്‍ അനുഭവപ്പെടുന്ന നോവുകള്‍ക്ക് നിങ്ങള്‍ സാന്ത്വനം പകരണം. ഭയപ്പെടുത്തലും താക്കീതുകളുമല്ല അവക്ക് വേണ്ടത്. മാന്യമിത്രങ്ങളേ, സമാധാനത്തിന്‍െറ പ്രത്യാശ എന്നും മാനവരാശിയോടൊപ്പം ശേഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാസുരമായ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് ഉത്കൃഷ്ട വചനങ്ങള്‍ ഉരുവിടാനും ഉത്കൃഷ്ടകര്‍മങ്ങള്‍ അനുഷ്ഠിക്കാനും നമുക്ക് പ്രേരണയരുളുന്നത്. മാനവസമ്പൂര്‍ണതയുടെ ലോകം സ്ഥാപിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.
പുരസ്കാരദാനത്തിന്‍െറ ആരും കൊതിച്ചുപോകുന്ന നിമിഷമാണിതെന്ന് ഞാന്‍ കരുതുന്നു. ഈ മുഹൂര്‍ത്തത്തില്‍ ആയിരക്കണക്കിന് അവകാശപോരാട്ട ഭൂമിയിലിറങ്ങിയ അറബ് വനിതകളുടെ കഠിനയത്നങ്ങള്‍ ഞാന്‍ അനുസ്മരിക്കുന്നു. പുരുഷമേധാവിത്വം വാണ ഒരു സമൂഹത്തില്‍ അവര്‍ പോരാട്ടപാത സ്വീകരിച്ചിരുന്നില്ളെങ്കില്‍ ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഞാന്‍ ഇവിടെ എത്തുമായിരുന്നില്ല. സ്ത്രീ-പുരുഷഭേദമന്യെ അധികാരികള്‍ ജനങ്ങളോട് കാട്ടിക്കൊണ്ടിരുന്നത് കടുത്ത അനീതികളായിരുന്നു. പുതിയ ആരോഗ്യപൂര്‍ണമായ സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി മഹാത്യാഗങ്ങള്‍ അനുഷ്ഠിച്ച യമനിലെ സ്ത്രീസമൂഹത്തോടുള്ള കൃതജ്ഞത ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും അവസരസമത്വത്തിനും വേണ്ടി ലോകമെമ്പാടും ഇപ്പോഴും സമരരണാങ്കണത്തില്‍ നിലയുറപ്പിച്ച സ്ത്രീസമൂഹങ്ങളേ! നിങ്ങള്‍ക്കും എന്‍െറ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പടയണി ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ശുഭദിനം സംഭവിക്കുമായിരുന്നില്ല. വിട.
ഒരിക്കല്‍ക്കൂടി സര്‍വര്‍ക്കും സമാധാനവും ശാന്തിയും നേരുന്നു.