Category Archives: മനസ്സ്

പാപങ്ങള്‍ നമ്മെ പരാജയപ്പെടുത്തുമ്പോള്‍

മനുഷ്യരെന്ന നിലയില്‍ വീഴ്ച്ചകള്‍ സംഭവിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ തെറ്റുകള്‍ക്ക് നേരെയുള്ള ആളുകളുടെ സമീപനം വ്യത്യസ്തമാണ്. ചിലരെയെല്ലാം അവരുടെ തെറ്റുകള്‍ ദൈവിക സരണിയില്‍ നിന്നും തെറ്റിച്ചു കളയുന്നു. അതേസമയം മറ്റുചിലര്‍ പശ്ചാതപിച്ചു പാപമോചനം തേടിയും അവയെ മറികടന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നു.

ചിലരെയെല്ലാം അവരുടെ പാപങ്ങളും തെറ്റുകളും ബന്ധിക്കുകയാണ് ചെയ്യുന്നത്. അവനെ അവ നിഷ്‌ക്രിയനാക്കുകയും മാനസികമായി തകര്‍ക്കുകയും അവന്റെ മേല്‍ പൂര്‍ണ ആധിപത്യം നേടുകയും ചെയ്യുന്നു. എല്ലാ സല്‍കര്‍മങ്ങളില്‍ നിന്നും അതവനെ അറുത്തുമാറ്റുന്നു. സന്മാര്‍ഗത്തിനും അവനുമിടയില്‍ അവ മതില്‍ തീര്‍ക്കുകയും ചെയ്യുന്നു.

തെറ്റ് സംഭവിച്ചതിന് ശേഷം പിശാചിന് തന്നെ വിട്ടുകൊടുക്കുന്നവരാണ് മറ്റൊരു വിഭാഗം. വീണ്ടും വീണ്ടും അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. പശ്ചാത്താപത്തിലും സംസ്‌കരണത്തിലുമുള്ള നിരാശയാണ് അതിലേക്കവനെ എത്തിക്കുന്നത്. അപ്പോള്‍ മനുഷ്യന്‍ പടിപടിയായി സന്‍മാര്‍ഗത്തില്‍ നിന്ന് അകലുകയും തിന്മയുടെ ശക്തികളിലേക്ക് പടിപടിയായി അടുക്കുകയും ചെയ്യുന്നു. അതിന്റെ കറ അല്‍പാല്‍പമായി അവന്റെ മനസ്സില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഒരു വിശ്വാസിയെ തെറ്റിലകപ്പെടുത്താനുള്ള ഒരവസരവും പിശാച് പാഴാക്കുകയില്ല. അത് പശ്ചാത്താപത്തെ സംബന്ധിച്ച് അവനില്‍ നിരാശയുണ്ടാക്കുകയും മനസ്സിനെ ഇടുങ്ങിയതാക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വിശ്വാസത്തില്‍ നിന്ന് തന്നെയത് അവനെ അകറ്റുന്നു. അപ്പോള്‍ തെറ്റുകളും കുറ്റങ്ങളും ഓരോന്നായി അവനില്‍ ജന്മമെടുക്കുന്നു. അപ്പോള്‍ സന്‍മാര്‍ഗത്തില്‍ ചരിക്കാന്‍ പറ്റിയ ആളല്ല താനെന്ന് പറഞ്ഞ് മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അകലുന്നു. പാപത്തില്‍ അകപ്പെടുന്ന പലര്‍ക്കും അതില്‍ നിന്നും മോചനം സാധിക്കാറില്ല. നിരന്തരമുള്ള തിന്മകളിലേക്കുള്ള വാതിലാണ് അതവനില്‍ തുറക്കുന്നത്. ആരെങ്കിലും അതിനൊരു വിരാമമിട്ട് അല്ലാഹുവില്‍ അഭയം തേടിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്.

അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവനോട് അവന്‍ നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പിക്കുക. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്‌കൃതനാവുമായിരുന്നില്ല.” (അന്നൂര്‍: 21) ഇതില്‍ പറഞ്ഞിരിക്കുന്ന പിശാചിന്റെ കാല്‍പാടുകള്‍ അവനുണ്ടാക്കുന്ന പ്രേരണകളാണെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഖതാദ പറയുന്നു: എല്ലാ തെറ്റുകളും പിശാചിന്റെ കാല്‍പാടുകളാണ്.

അതിനുള്ള പരിഹാരവും അല്ലാഹു നമുക്ക് നിര്‍ദേശിച്ചു തന്നിട്ടുണ്ട്: ”നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നുവല്ലോ. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍, അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു” (ആലുഇംറാന്‍: 133-136)

പശ്ചാത്തപിച്ചും പാപമോചനം തേടിയും തെറ്റില്‍ നിന്ന് ഉടന്‍ ഊരിപ്പോരാനുള്ള കല്‍പനയാണിതില്‍. തെറ്റുകള്‍ പൊറുത്തുകൊടുക്കുന്നവും പാപമോചനം ചെയ്യുന്നവനുമാണ് അല്ലാഹുവെന്ന് മനസ്സിലാക്കണം. തെറ്റുകളോട് ഉദാസീനത കാണിച്ച് പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരുകയല്ല വിശ്വാസി വേണ്ടത്. അതിന് പകരം ഉടന്‍ അതിന് ചികിത്സ നല്‍കുകയാണ് വേണ്ടത്.

അല്ലാഹു പറയുന്നു: ”ഒരുവന്‍ ഒരു തിന്മ പ്രവര്‍ത്തിക്കാനിടയായി, അല്ലെങ്കില്‍ തന്നോടുതന്നെ അധര്‍മം ചെയ്തുപോയി; എന്നാലും പിന്നെ, അവന്‍ അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഏറെ പൊറുക്കുന്നവനായും ദയാപരനായുംതന്നെ കണ്ടെത്തുന്നതാകുന്നു.” (അന്നിസാഅ്: 110)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”എന്നാല്‍, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം പാപമോചനമര്‍ഥിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല.” (അല്‍അന്‍ഫാല്‍: 33)

പാപങ്ങളെ പരിഹരിക്കേണ്ടതെങ്ങിനെയെന്ന് പ്രവാചക വചനങ്ങളും പഠിപ്പിച്ചു തരുന്നുണ്ട്. അബൂഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു:
അനസ് ബിന്‍ മാലികില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ”എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, ആകാശ ഭൂമികള്‍ക്കിടയിലുള്ളതെല്ലാം നിറയുവോളം നിങ്ങള്‍ പാപങ്ങള്‍ ചെയ്താലും നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. മുഹമ്മദിന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ തെറ്റു ചെയ്യുന്നില്ലെങ്കില്‍ തെറ്റു ചെയ്യുകയും പാപമോചനം തേടുകയും ചെയ്യുന്ന സമൂഹത്ത് അവന്‍ കൊണ്ടുവരും, അവര്‍ക്കവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.”

മനുഷ്യമനസ്സിലെ നന്മയെ പരതുമ്പോള്‍

മനുഷ്യ മനസ്സുകളിലെ നന്മയുടെ വശത്തെ നാം പരതുമ്പോള്‍ ആദ്യ നോട്ടത്തില്‍ നാം കണ്ടിട്ടില്ലാത്ത ഒരുപാട് നന്മകള്‍ നമുക്കവിടെ കാണാം. ഞാന്‍ പരിശോധിച്ച് നോക്കിയിട്ടുള്ള കാര്യമാണത്. നിരവധി ആളുകളില്‍ പരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ തെമ്മാടികളും അധമവികാരങ്ങള്‍ക്കുടമയുമാണെന്ന് തോന്നുന്നവരില്‍ വരെ ഞാനത് പരീക്ഷിച്ചു നോക്കി.

അവരുടെ തെറ്റുകള്‍ക്കും അബദ്ധങ്ങള്‍ക്കും പകരം അല്‍പം അനുകമ്പ, ആത്മാര്‍ഥമായ സ്‌നേഹം, അവരുടെ വികാരങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും നല്‍കുന്ന കൃത്രിമമല്ലാത്ത പരിഗണന… തുടങ്ങിയവയിലൂടെ അവരുടെ ഉള്ളിലുള്ള നന്മയുടെ ഉറവ പൊട്ടുന്നത് നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ അല്‍പം അവര്‍ക്ക് നല്‍കിയതിന് പകരമായി അവരുടെ സ്‌നേഹവും ഇഷ്ടവും വിശ്വാസവും അപ്പോഴവര്‍ നിങ്ങള്‍ക്ക് നല്‍കും. ആത്മാര്‍ഥമായും സത്യസന്ധമായും നിങ്ങളവര്‍ക്ക് നല്‍കുമ്പോഴാണത് കാണാനാവുക.

നാം പലപ്പോഴും കരുതുന്നത്രയൊന്നും മനുഷ്യ മനസ്സില്‍ ആണ്ടിറങ്ങി കിടക്കുന്ന ഒന്നല്ല തിന്മ. നിലനില്‍പിനായുള്ള ജീവിത പോരാട്ടത്തില്‍ നിങ്ങള്‍ കാണുന്ന പരുക്കന്‍ പുറംതോടില്‍ മാത്രമാണ് അതുള്ളത്. അവര്‍ക്ക് സുരക്ഷിതബോധമുണ്ടായാല്‍ ആ കട്ടിയുള്ള തോട് പിളര്‍ന്ന് അതിനുള്ളിലെ മധുരവും രുചിയുമുള്ള ഫലം പുറത്തുവരും. അരികില്‍ നിന്ന് നിര്‍ഭയത്വമേകി, അവന്റെ സ്‌നേഹത്തെ വിശ്വാസത്തിലെടുത്ത്, അവരുടെ പോരാട്ടത്തിലും വേദനകളിലും ആത്മാര്‍ഥമായ അനുകമ്പ കാണിച്ച്, അല്‍പം ഹൃദയ വിശാലത കാണിക്കാനാവുന്നവര്‍ക്ക് മാത്രമേ ആ മധുരമുള്ള ഫലം കണ്ടെത്താനാവൂ. പലരും കരുതുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഈ മാര്‍ഗങ്ങളിലൂടെ അത് സാധ്യമാകുമെന്ന് എനിക്ക് ഉറപ്പുനല്‍കാനാവും. കേവലം സ്വപ്നങ്ങളോ വ്യാമോഹങ്ങളോ ആയിട്ടുള്ള വെറു വര്‍ത്തമാനം പറയുകയല്ല, ഞാന്‍ സ്വയം പരീക്ഷിച്ച് തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണത്.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

നിഴല്‍

”ദുനിയാവ് ഒരു shadowപോലെയാണ്. നിങ്ങള്‍ അതിനെ പിടികൂടാന്‍ ശ്രമിച്ചാല്‍, ഒരിക്കലും അത് പിടി തരില്ല. എന്നാല്‍ നിങ്ങള്‍ അതിനോട് മുഖംതിരിച്ചാല്‍ അത് നിങ്ങളെ അനുഗമിക്കും” – ഇബ്‌നു ഖയ്യിം

പ്രശസ്ത ചിന്തകനായ ഇബ്‌നു ഖയ്യിം ഈ വരികളില്‍ ദുനിയാവിനെ നിഴലിനോടാണ് ഉപമിക്കുന്നത്. ഒരു വസ്തുവില്‍ പ്രകാശം പതിക്കുമ്പോള്‍ അതിന്റെ പിന്നിലായാണ് നിഴല്‍ രൂപപ്പെടുന്നത്. നിഴല്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്ന നാലു കാര്യങ്ങളുണ്ട്.

1. നിഴല്‍ ഒരു മിഥ്യയാണ്. യാഥാര്‍ത്ഥ്യത്തിന്റെ പ്രതിബിംബം മാത്രമാണത്. ഈ ദുനിയാവും നിഴലു പോലെ മിഥ്യയാണ്. പരലോകമാണ് അതിന്റെ യാഥാര്‍ത്ഥ്യം. അതിനാല്‍ ഈ ദുനിയാവിന് പിന്നാലെ പോകുന്നത് ഒരു വ്യക്തിക്ക് പകരം അയാളുടെ നിഴലിന് പിന്നാലെ പോകുന്നതിന് തുല്യമാണ്.

2. എന്നാല്‍ യഥാര്‍ത്ഥമായ ഒന്ന് നിലനില്‍ക്കുന്നു എന്നതിന്റെ സൂചന നിഴല്‍ നല്‍കുന്നു. അഥവാ ഒരു നിഴല്‍ ഒരു ശരീരത്തിന്റെയോ വസ്തുവിന്റെയോ ഉണ്‍മയെ കുറിക്കുന്നു. ദുനിയാവ് പരലോകം നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. അതൊരിക്കലും സ്വയം പൂര്‍ണമല്ലെങ്കിലും.

3. അതുപോലെ, നിഴല്‍ താല്‍ക്കാലികമാണ്. വെളിച്ചത്തിന്റെ സ്ഥാനവും ഏറ്റക്കുറച്ചിലുമനുസരിച്ച് അതിന്റെ സ്ഥാനവും തീവ്രതയും മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ശരീരത്തെ അത് ബാധിക്കുകയില്ല. ഉള്ളിടത്ത് തന്നെ നിലനില്‍ക്കാന്‍ അതിന് കഴിയും. എല്ലാം നശിക്കാനുള്ളതാണെന്ന് നിഴലു പോലെ തന്നെ ദുനിയാവും നിരന്തരം ഓര്‍മിപ്പിക്കുന്നു.

4. നിഴല്‍ മനുഷ്യന് വില കുറഞ്ഞ ഒന്നാണ്. നിഴല്‍ കൊണ്ട് വളരെ കുറഞ്ഞ ഉപയോഗങ്ങള്‍ മാത്രമേ നമുക്കുള്ളൂ. തണല്‍, മറ എന്നിവയൊക്കെ അതില്‍ പെടുന്നു. എന്നാല്‍ കാര്യമായ ഉപകാരങ്ങള്‍ നിഴല്‍ കൊണ്ട് നമുക്കില്ല. അതുകൊണ്ട് യഥാര്‍ത്ഥമായ പരലോകത്തേക്കാള്‍ ഒരിക്കലും ദുനിയാവെന്ന നിഴലിനെ നമുക്ക് വിലമതിക്കാനാവില്ല.

നിഴല്‍ മനുഷ്യനെ പഠിപ്പിക്കുന്ന നാലു കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. നിഴല്‍ ഒരിക്കലും മനുഷ്യന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല. അത് മനുഷ്യരുടെ പുറകിലാണ് എപ്പോഴും നിലകൊള്ളുക. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം:
‘നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും” (ഇബ്‌റാഹീം: 7)
ഭൗതികതക്ക് പിന്നാലെ പോകാതെ അതിനെ അവഗണിക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മെ അനുഗമിക്കും. എനിക്ക് സമ്പത്തില്ലെന്ന് ആവലാതി പറയുന്നതിന് പകരം ഉള്ളതില്‍ തൃപ്തിപ്പെടുകയാണ് നാം ചെയ്യേണ്ടത്. അപ്പോള്‍ അല്ലാഹു അത് നമുക്ക് വര്‍ധിപ്പിച്ചു തരും. തീരെ അധ്വാനിക്കാതെ അല്ലാഹുവിനെ സ്മരിക്കല്‍ അല്ല അതുകൊണ്ട് ഉദ്ദേശ്യം. എന്നാല്‍ സ്വയം പരിശ്രമിച്ചു തന്നെ അല്ലാഹു നല്‍കിയതില്‍ നന്ദി അര്‍പിച്ച് കഴിയുന്നവര്‍ക്ക് അവന്‍ ദുനിയാവും നല്‍കും. ദാനധര്‍മങ്ങള്‍ സമ്പത്ത് വര്‍ധിപ്പിക്കുമെന്ന് അല്ലാഹു പറയുന്നു. ദരിദ്രനായി മരിച്ചുപോയ ഏതെങ്കിലും ധര്‍മിഷ്ഠനെ നാം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. കാരണം, അല്ലാഹു അയാളുടെ ധര്‍മത്തിന്റെ പ്രതിഫലം അയാളുടെ സമ്പത്തില്‍ തന്നെ നല്‍കും. ദാനധര്‍മങ്ങള്‍ നടത്തുമ്പോള്‍ ദുനിയാവിനെ നിരസിക്കുകയും പരലോകത്തെ തെരെഞ്ഞെടുക്കുകയുമാണ് നാം ചെയ്യുന്നത്.

ദുനിയാവ് ഒരു ആയുധമാണ്. നാം അതിനെ എന്തിന് വേണ്ടി ഉപയോഗിക്കുന്നു, അതിനോടുള്ള നമ്മുടെ സമീപനം എന്ത് എന്നിവയെ ആശ്രയിച്ചിരിക്കും അതില്‍ നിന്നുള്ള ഫലം. നമ്മുടെ ആത്യന്തികമായ ലക്ഷ്യം പരലോകമായിരിക്കണം. നമ്മുടെ ജോലിഭാരം ഒരിക്കലും നമസ്‌കാരങ്ങള്‍ നഷ്ടപ്പെടുന്നതിലേക്കോ പിന്തിക്കുന്നതിലേക്കോ നമ്മെ നയിക്കാന്‍ പാടില്ല. നാം തെറ്റിലേക്ക് പോകുമെന്ന് വിചാരിച്ച് കൂട്ടുകൂടാതിരിക്കലോ ജീവിതാവശ്യങ്ങള്‍ക്കുള്ള തത്രപ്പാടില്‍ ജീവിക്കാന്‍ മറക്കലോ അല്ല. ജീവിതത്തിന്റെ അമരത്ത് അല്ലാഹുവിന്റെ ഇച്ഛയെ പ്രതിഷ്ഠിക്കുക എന്നതാണ് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക എന്നു പറയുന്നത്. തങ്ങള്‍ ദുനിയാവില്‍ നിന്ന് ഓടിയൊളിച്ചെങ്കിലും ദുനിയാവ് തങ്ങളെ വിടാതെ പിന്തുടരുകയായിരുന്നുവെന്ന് മഹാന്മാരായ ആളുകള്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മുന്നില്‍ ഭക്തരായ പല സ്വഹാബിമാരും ജനങ്ങളുടെ മുന്നില്‍ സമ്പന്നര്‍ കൂടിയായിരുന്നു. കാരണം, അവര്‍ ദുനിയാവിനോട് മുഖം തിരിച്ചു. എന്നാല്‍ അല്ലാഹു അവര്‍ക്ക് ഐശ്വര്യമരുളി.

റസൂല്‍(സ) പറയുന്നു: ”ആരെങ്കിലും പരലോകം ലക്ഷ്യം വെച്ചാല്‍ അല്ലാഹു അവന്റെ ഹൃദയത്തെ സമ്പന്നമാക്കും. അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കും. അവന്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ദുനിയാവ് അവനിലേക്ക് വരും. ആരെങ്കിലും ദുനിയാവാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അല്ലാഹു അവനെ ദരിദ്രനാക്കും. അവന്റെ കാര്യങ്ങള്‍ പ്രയാസത്തിലാക്കും. ദുനിയാവ് അവന് അരികിലേക്ക് വരികയുമില്ല, അവന് വിധിച്ചതൊഴികെ” (തിര്‍മിദി)

സ്‌നേഹബന്ധം

ന്നന്മയുടെ സ്നേഹം
സ്നേഹ കല
എഴുതാനും കാര്യങ്ങള്‍ അവതരിപ്പിക്കാനുമുള്ള കഴിവുണ്ടായിട്ടും അതിന് ശ്രമിക്കാതെ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു അയാള്‍. പത്രമാസികകളില്‍ എഴുതാനുള്ള ഭാര്യയുടെ നിര്‍ദേശം സ്വീകരിച്ച അദ്ദേഹം എഴുത്തിന്റെ പാതയിലേക്ക് കാലെടുത്തു വെച്ചു. ഓരോ രാത്രിയിലും ഉറക്കമിളച്ച് ലേഖന സംബന്ധമായ ചിന്തകളും എഴുത്തിന്റെ രീതികളും ഭാര്യയോട് പങ്കുവെച്ചു. അങ്ങനെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനായി മാറി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. അദ്ദേഹം ക്ലാസ്സുകള്‍ എടുക്കാന്‍ തുടങ്ങി. ഈ വിജയത്തിലെല്ലാം എല്ലാവിധ സഹായവും പിന്തുണയും നല്‍കി ഭാര്യ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതിനിടക്ക് ഭാര്യക്ക് സ്തനാര്‍ബുദം ബാധിച്ചു. സ്തനങ്ങളിലൊന്ന് ഓപറേഷന്‍ ചെയ്ത് നീക്കേണ്ടി വന്നു. അവിടം മുതല്‍ അവള്‍ക്ക് ഒരുതരം അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. തന്നെ ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ചിന്ത അവളെ വിടാതെ പിന്തുടരാന്‍ തുടങ്ങി. കാരണം അദ്ദേഹത്തിന്റെ വളര്‍ച്ചക്കും വിജയങ്ങള്‍ക്കും താനൊരു തടസ്സമാകുമെന്ന ചിന്തയായിരുന്നു അവളില്‍. രോഗത്തിലും ഓപറേഷന്‍ സമയത്തും അദ്ദേഹം തന്നോടൊപ്പം നിലകൊണ്ടതിനെ ഭര്‍ത്താവിന്റെ കടമ എന്ന നിലക്കാണ് അവള്‍ കണ്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ എന്തായിരിക്കും അവസ്ഥയെന്നത് അവളെ അസ്വസ്ഥപ്പെടുത്തി.

ദാമ്പത്യത്തില്‍ കടന്നു വരുന്ന വലിയൊരു വീഴ്ച്ചയെ കുറിച്ച് പറയുന്നതിനാണ് ഞാന്‍ ഈ സംഭവ കഥ നിങ്ങളോട് പറഞ്ഞത്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ഒത്തൊരുമയോട ജീവിക്കുന്ന പല ദമ്പതികളും കരുതുന്നത് ജീവിതാവസാനം വരെ അത് അങ്ങനെ തന്നെ തുടരുമെന്നാണ്. ജീവിതത്തിന്റെ ആ ഒഴുക്കിന് മാറ്റം വരുത്തുന്ന ഒരു കാര്യവും അവരുടെ സങ്കല്‍പത്തിലേ വരുന്നില്ല.

ആദ്യ മാറ്റത്തിന് മുന്നില്‍ തന്നെ ദാമ്പത്യ ബന്ധം പരാജയപ്പെട്ട എത്രയോ സംഭവങ്ങളുണ്ട്. പുതുതായി സംഭവിച്ച കാര്യത്തെ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്തതോ പുതിയ അവസ്ഥയെ എങ്ങനെ നേരിടണമെന്നതില്‍ ഇരുവര്‍ക്കും ധാരണയില്‍ എത്താന്‍ സാധിക്കാത്തതോ ആണ് അതിന്റെ കാരണം. ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കുണ്ടാവുന്ന രോഗമായിരിക്കാം അത്. അല്ലെങ്കില്‍ ജോലിക്കയറ്റം, രാഷ്ട്രീയപരമായ സുപ്രധാന സ്ഥാനം, ചെറിയ വീട്ടില്‍ നിന്നും വിശാലമായ പുതിയ വീട്ടിലേക്കുള്ള മാറ്റം, ജോലിയിലെ സ്ഥലം മാറ്റം, വലിയ അളവില്‍ ലഭിച്ചിട്ടുള്ള അനന്തസ്വത്ത് തുടങ്ങിയവയും അതിനുദാഹരണങ്ങളാണ്.

മേല്‍പറഞ്ഞതും അല്ലാത്തതുമായ മാറ്റങ്ങളെ ദമ്പതികള്‍ ശരിയായി സമീപിക്കേണ്ടത് അനിവാര്യമാണ്. കാരണം ഏത് പുതിയ മാറ്റവും മറുകക്ഷിയില്‍ ഭാവിയെ കുറിച്ച ഉത്കണ്ഠയും അസ്വസ്ഥയും ഉണ്ടാക്കും. ലേഖനത്തിന്റെ തുടക്കത്തില്‍ നാം പറഞ്ഞ കഥയിലെ എഴുത്തുകാരന്‍ ഭാര്യക്ക് രോഗം ബാധിച്ചതിന് ശേഷം ആദ്യമായി ചെയ്തത് അവളുടെ വിശേഷണങ്ങളെയും അവള്‍ തനിക്ക് നല്‍കിയ പിന്തുണയെയും കുറിച്ച് നിരവധി ലേഖനങ്ങളെഴുതുകയാണ്. തനിക്കിന്ന് ലഭിച്ചിരിക്കുന്ന പ്രശസ്തിക്കും വിജയത്തിനും എങ്ങനെ അവള്‍ കാരണക്കാരിയായെന്ന് അദ്ദേഹം എഴുതി. ആ ലേഖനങ്ങള്‍ അയാള്‍ അവളെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. പിന്നെ തന്റെ ജോലിയില്‍ അവള്‍ എങ്ങനെയാണോ സഹായവും പിന്തുണയും നല്‍കിയത് അതുപോലെ അവളുടെ രോഗത്തില്‍ പിന്തുണയും സഹായവും നല്‍കി. അദ്ദേഹം എഴുതിയത് വായിച്ചു കേട്ടപ്പോള്‍ അവള്‍ക്ക് ആശ്വാസവും നിര്‍ഭയത്വവും അനുഭവപ്പെട്ടു. അതിലൂടെ അവര്‍ക്കിടയിലുള്ള സ്‌നേഹം കൂടിക്കൂടി വന്നു.

ഒരു സ്ത്രീയുടെ ഭാര്യയെന്ന നിലക്കുള്ള ബാധ്യതകളെയും അതിന് പുറമെ അവള്‍ തന്റെ ഇഷ്ടപ്രകാരം ഭര്‍ത്താവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കാന്‍ പല പുരുഷന്‍മാര്‍ക്കും സാധിക്കുന്നില്ല. സ്ത്രീ ചെയ്യുന്നതെല്ലാം അവളുടെ ബാധ്യതയായി മനസ്സിലാക്കുന്നവരാണ് പല ഭര്‍ത്താക്കന്‍മാരും. എന്നാല്‍ ഇണയോട് പെരുമാറുന്നതിനെ കുറിച്ച് ബോധമുള്ള പുരുഷന്‍ അവളെ അവഗണിക്കുകയോ നിസ്സാരവല്‍കരിക്കുകയോ ചെയ്യില്ല. മറിച്ച് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യമായിട്ടാണവളെ കാണുക. പ്രവാചകന്‍(സ) ഖദീജ(റ)യോട് ആത്മാര്‍ത്ഥത പുലര്‍ത്തിയ പോലെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കും അവര്‍.

സ്‌നേഹബന്ധം ഒരു പൂന്തോട്ടം പോലെയാണ്. എത്രത്തോളം പരിചരണവും ശ്രദ്ധയും അതിനു ലഭിക്കുന്നുവോ അത്രത്തോളം പൂക്കളെ കൊണ്ടത് ശോഭിക്കും. സ്ത്രീകള്‍ക്ക് ഇടക്കിടെ ഉപഹാരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. വീടിനും കുടുംബത്തിനും വേണ്ടി അവള്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കപ്പെടുന്നത് അവളിഷ്ടപ്പെടുന്നു. ചെറിയ ഉപഹാരങ്ങള്‍ തന്നെ അവളെ സന്തോഷിപ്പിക്കും. ചുമലില്‍ തട്ടിയുള്ള അഭിനന്ദനം, മുഖത്തു നോക്കിയുള്ള പുഞ്ചിരി, ആത്മാര്‍ത്ഥമായ നന്ദി പ്രകടനവും പ്രശംസയും, വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച് ആദരവ് പ്രകടിപ്പിക്കല്‍, അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ പോലുള്ള കാര്യങ്ങള്‍ അവളെ ഏറെ സന്തോഷിപ്പിക്കും.

ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം പുരുഷന്റെ മൗനവും അവളുടെ സംസാരത്തോട് പ്രതികരിക്കാതിരിക്കലും ഏറ്റവും വലിയ പീഢനമാണ്. തന്നെ കുറിച്ച കാര്യങ്ങളോടും തന്റെ സംസാരത്തോടുമുള്ള അവഗണനയും അവളെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ ഭര്‍ത്താവില്‍ നിന്നുള്ള അംഗീകാരമോ മധുരമുള്ള വാക്കുകളോ ലഭിക്കാതിരിക്കുമ്പോള്‍ ഭാവിയില്‍ അത് ലഭിക്കുമെന്ന പ്രതീക്ഷയാണ് സഹനമവലംബിക്കാന്‍ ഒരു സ്ത്രീയെ സഹായിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അത് ലഭിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ദാമ്പത്യത്തെ കുറിച്ച നിരാശയിലേക്കാണത് നയിക്കുക.

വിനയവും ലാളിത്യവും

ഇസ്‌ലാമിക ലോകത്ത് അസാമാന്യ പ്രശസ്തിനേടിയ പണ്ഡിതനായിരുന്നു ഇമാം അബൂഹനീഫ. അതീവ സൂക്ഷ്മവും ഭക്തിനിര്‍ഭരവുമായിരുന്നു അദ്ദേഹത്തിന്റ ജീവിതം. ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. അതിനുദാഹരണമായി അനേകം സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജവിതത്തിലുണ്ടായിരുന്നു. ഇമാം തന്നെ ഒരു സംഭവം വിവരിക്കുന്നു:

”മക്കയില്‍ വെച്ച് ആരാധനാകര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കെ എനിക്ക് അഞ്ച് അബദ്ധങ്ങള്‍ സംഭവിച്ചു. അവയെല്ലാം തിരുത്തിത്തന്നത് ഒരു ക്ഷുരകനാണ്. ഇഹ്‌റാമില്‍നിന്ന് ഒഴിവാകാനായി തല മുണ്ഡനം ചെയ്യാം എന്ന ഉദ്ദേശത്തോടെ ഞാന്‍ ഒരു ക്ഷുരകനെ സമീപിച്ചു. ഞാന്‍ അയാളോട് ചോദിച്ചു ”എന്റെ തലമുടി നീക്കാന്‍ എന്ത് കൂലി തരണം?” ക്ഷുരകന്‍ പറഞ്ഞു: ”അല്ലാഹു താങ്കളെ നേര്‍മാര്‍ഗത്തിലാക്കട്ടെ. ആരാധനാകര്‍മങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കാറില്ല. അതിനാല്‍ മുടി ഞാന്‍ കളഞ്ഞുതരാം. താങ്കള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍മതി.”

ഇതു കേട്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി ഞാന്‍ അയാളുടെ അടുത്തുചെന്നിരുന്നു. കഅബക്ക് പുറം തിരിഞ്ഞാണ് ഇരുന്നത്. അപ്പോള്‍ അയാള്‍ പറഞ്ഞു: ”താങ്കള്‍ കഅബക്ക് അഭിമുഖമായി ഇരുക്കുക.”

ഞാന്‍ വീണ്ടും ലജ്ജിച്ചു. മുടി നീക്കം ചെയ്യാനായി ഞാന്‍ തല നീട്ടിക്കൊടുത്തു. ഇടതുവശമാണ് നീട്ടിക്കൊടുത്തത്. ക്ഷുരകന്‍ തിരുത്തി. ”വലതു ഭാഗത്തുനിന്ന് ആരംഭിക്കാന്‍ കഴിയുന്ന വിധത്തില്‍ തിരിഞ്ഞിരിക്കൂ.” ക്ഷുരകന്റെ സൂക്ഷ്മതയിലും അറിവിലും അത്ഭുതം തോന്നി. മുടികളഞ്ഞുകൊണ്ടിരുന്ന സമയമത്രയും ഞാന്‍ മൗനത്തിലായിരുന്നു. ഇതുകണ്ട അയാള്‍ പറഞ്ഞു: ”എന്താണ് മൗനമായിരിക്കുന്നത് തക്ബീര്‍ ചൊല്ലിക്കോളൂ.”

ഞാന്‍ തക്ബീര്‍ ചൊല്ലാന്‍ തുടങ്ങി. മുടി നീക്കം ചെയ്തുകഴിഞ്ഞപ്പോള്‍ ക്ഷുരകന്‍ ചോദിച്ചു: ”താങ്കളെങ്ങോട്ടാണ് പോകുന്നത്?” ”എന്റെ വാഹനത്തിന്റെ അടുത്തേക്ക്.” ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: ”രണ്ട് റക്അത്ത് നമസ്‌കരിച്ചശേഷം പോയ്‌ക്കോളൂ.”

ഞാന്‍ ലജ്ജാഭാരത്താല്‍ തലകുനിച്ചു. രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഒരു ക്ഷുരകന്‍ എങ്ങനെ ഇതെല്ലാം പഠിച്ചറിഞ്ഞുവെന്നതില്‍ ഞാന്‍ അതിശയിച്ചു. ഞാനദ്ദേഹ്‌തോട് ചോദിച്ചു: ”ഈ കാര്യങ്ങളെല്ലാം താങ്കള്‍ക്ക് എങ്ങനെ പഠിക്കാന്‍ സാധിച്ചു.?” ”ഞാനിതെല്ലാം പഠിച്ചത് അത്വാഉബ്‌നു അബീ റബാഹില്‍നിന്നാണ്..” അയാള്‍ മറുപടി പറഞ്ഞു.”

തന്റെമുമ്പില്‍ തലമുണ്ഡനം ചെയ്യാനെത്തിയതും താന്‍ തിരുത്തിയതും വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം അബൂഹനീഫയെയാണെന്ന് ആ ക്ഷുരകന്‍ അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ അമ്പരക്കുമായിരുന്നു. പക്ഷേ, ഇമാം സ്വയം പരിചയപ്പെടുത്താന്‍ മുതിര്‍ന്നില്ലെന്ന് മാത്രമല്ല, തന്റെ തെറ്റുകള്‍ സാധാരണക്കാരനായ ഒരു ക്ഷുരകന്‍ ചൂണ്ടിക്കാണിച്ചുകൊടുത്തത് പരസ്യമായി വിവരിക്കുകയും ചെയ്യുന്നു. വിനയം കാണിക്കേണ്ടത് എങ്ങനെയെന്നുമാത്രമല്ല, എന്താണ് വിനയം എന്നുകൂടി പഠിപ്പിച്ചു തരികയാണ് ഇമാം അബൂഹനീഫ.

അഹങ്കാരത്തിന്റെ പ്രത്യേകത, അത തിന്മയാണെന്നതോടൊപ്പം അനേകം തിന്മകളുടെ വിളനിലം കൂടിയാണെന്നതാണ്. ഇല്ലാത്ത ഔന്നത്യം തനിക്കുണ്ടെന്ന് നടിക്കലാണ് അഹങ്കാരത്തിന്റെ ലക്ഷണം. എനിക്ക് ഞാന്‍ തന്നെ നല്‍കുന്ന യോഗ്യത എന്നെ മറ്റുള്ളവരില്‍നിന്ന് അകറ്റി നിര്‍ത്തുന്നു. അതാണ് അഹന്ത. വിനയത്തിന്റെ രീതി ഇതിനു നേര്‍ വിപരീതമാണ്. എല്ലാവരേയും പോലുള്ള ഒരാളായി എന്നെ കണക്കാക്കുന്നതാണ് അത്. ഒന്നുകൊണ്ടും ഞാന്‍ വലിയവനല്ല, ഒരാളില്‍നിന്നും ഞാന്‍ മീതെയല്ല. ഒരാളും എന്നേക്കാള്‍ താഴ്ന്നവനല്ല. എന്നേക്കാള്‍ മികച്ചവര്‍ എത്രപേരെങ്കിലുമുണ്ട്.; അഹങ്കാരത്തിന്റെ പെരുപ്പം കാണിക്കാന്‍ എനിക്കെന്തര്‍ഹത? ഇതാണ് വിനയം-വിശ്വാസിയുടെ സദ്ഗുണം.

ഖുര്‍ആനില്‍ അല്ലാഹുവിന്റെ ദാസന്മാരുടെ ഉത്തമഗുണങ്ങള്‍ എണ്ണിപ്പറയുന്നിടത്ത് വിനയത്തോടെയുള്ള അവരുടെ നടപ്പിനെയാണ് അല്ലാഹു ഒന്നാമതായി എടുത്തുപറഞ്ഞത്. (സൂറത്തുല്‍ ഫുര്‍ഖാന്‍). അബ്ദുല്ലാഹ് ബിന്‍ അബ്ബാസ് പറയുന്നു: ”ആരെങ്കിലും അല്ലാഹുവിനെ ഓര്‍ത്ത് വിനയാന്വിതനായാല്‍ അല്ലാഹു അയാളെ ഉയര്‍ത്തിക്കൊണ്ടുവരും. സ്വയം വലുപ്പം നടിക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു അയാളെ ഇകഴ്ത്തിക്കളയും.”

പൂജ ലാമയുടെ സത്യാന്വേഷണം

നേപ്പാള്‍ മുന്‍സിനിമാ നടിയും മോഡലുമായിരുന്ന പൂജ ലാമയുടെ സത്യാന്വേഷണം)

ചോ: താങ്കളെ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രചോദിപ്പിച്ചതെന്താണ്?

പൂജ: ഞാന്‍ ബുദ്ധമതവിശ്വാസികളുടെ കുടുംബത്തിലാണ് ജനിച്ചത്. ഒരു വര്‍ഷം മുമ്പ് മറ്റുമതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് പഠിക്കണമെന്ന് തീരുമാനിച്ചു. തദടിസ്ഥാനത്തില്‍ ഹിന്ദുയിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം എന്നിവയെ താരതമ്യംചെയ്തുകൊണ്ടുള്ള പഠനം തുടങ്ങി. ഈ പഠനത്തിനിടക്ക് ദുബായ്, ഖത്വര്‍ എന്നീ നാടുകള്‍ സന്ദര്‍ശിച്ചവേളയില്‍ അവിടത്തെ ഇസ്‌ലാമികനാഗരികത എന്നെ വല്ലാതെയാകര്‍ഷിച്ചു. ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഉദ്‌ഘോഷിക്കുന്ന ഏകത്വമാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം പോലെ മറ്റൊന്ന് ഇതരദര്‍ശനങ്ങളിലില്ല.

ചോ: മാധ്യമങ്ങള്‍ ഇസ്‌ലാമിനെ ഭീകരതയുടെ പ്രത്യയശാസ്ത്രമായാണ് താറടിച്ചുകാണിക്കുന്നത്. ഇതിനെ താങ്കള്‍ എങ്ങനെയാണ് നേരിട്ടത്?

പൂജ: എന്റെ ഇസ്‌ലാംസ്വീകരണത്തിന് ഇപ്പറഞ്ഞ മാധ്യമപ്രോപഗണ്ടയും പ്രേരിപ്പിച്ചുവെന്നതാണ് വാസ്തവം. ഞാന്‍ പഠിച്ചുമനസ്സിലാക്കിയതല്ല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. മനുഷ്യസ്‌നേഹവും സമാധാനവും നീതിയും സംസ്ഥാപിക്കാന്‍ ഇസ്‌ലാമിനോളം അനുയോജ്യമായ മറ്റൊരു ദര്‍ശനവുില്ല.

ചോ: സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളില്‍പെട്ടയാളാണല്ലോ താങ്കള്‍. ഒരിക്കല്‍ ആത്മഹത്യക്കുപോലും ശ്രമിക്കുകയുണ്ടായി. അതെക്കുറിച്ച് പറയാമോ?

പൂജ: ഞാന്‍ മൂന്നുതവണ വിവാഹിതയായി എന്നും ആദ്യഭര്‍ത്താവിലെ കുട്ടി എന്റെ അമ്മയോടൊപ്പമാണെന്നും മറ്റും എരിവുംപുളിയുംചേര്‍ത്ത് വാര്‍ത്തപടച്ചുവിട്ട മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല. അതവരുടെ പത്രസ്ഥാപനത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട വിഷയമാണ്. പക്ഷേ, വില്‍പന വര്‍ധിപ്പിക്കാനായി കള്ളം പടച്ചുവിട്ടത് എന്നെ വളരെയേറെ മുറിവേല്‍പിച്ചു. ആളുകള്‍ അതെല്ലാം എന്റെ പ്രസിദ്ധിക്കുവേണ്ടിയുള്ള നാടകങ്ങളാണെന്ന് എന്നെ കുറ്റപ്പെടുത്തി. ഞാന്‍ അങ്ങേയറ്റം ദുഃഖിതയായ സമയത്താണ് ആത്മഹത്യചെയ്താലോയെന്ന് തോന്നിയത്. എന്നാല്‍ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മതഗ്രന്ഥങ്ങള്‍ വായിക്കുകയും അങ്ങനെ ഇസ്‌ലാമില്‍ എത്തിപ്പെടുകയുമായിരുന്നു. എന്റെ ഭൂതകാലം ഞാന്‍ മറന്നുകഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ എല്ലാ പുഴുക്കുത്തുകളില്‍നിന്നും മുക്തമായ സന്തുഷ്ടജീവിതംനയിക്കുന്നു.

ചോ: പൂജാ, ഇസ്‌ലാംസ്വീകരണത്തിനുശേഷം താങ്കളുടെ വേഷവിധാനത്തിലടക്കം പതിവുരീതികള്‍ക്ക് മാറ്റം വന്നു. കഴിഞ്ഞകാലചെയ്തികളെയോര്‍ത്ത് ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ടോ?

പൂജ: എന്നെ ഇനി പൂജ എന്നുവിളിക്കല്ലേ. അതെന്റെ ഭൂതകാലമാണ് ഇപ്പോള്‍ ഞാന്‍ അംനാ ഫാറൂഖിയാണ്. കഴിഞ്ഞകാലം ഒട്ടനേകം മാനസികസമ്മര്‍ദ്ദങ്ങളുടേതായിരുന്നു. മദ്യവും സിഗരറ്റുമായിരുന്നു എനിക്ക് അന്ന് അഭയം. ചിലപ്പോഴൊക്കെ ബോധംമറയുമാറ് മദ്യപിച്ചിരുന്നു. ഘനാന്ധകാരം സമ്മാനിച്ച വിഷാദത്തിന്റെ ഇരുളിലായിരുന്നു ഞാന്‍. ഇസ്‌ലാംപകര്‍ന്നുനല്‍കിയ സന്തോഷം എന്നെ എല്ലാ ചീത്തസ്വഭാവങ്ങളില്‍നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ ദീനിവിരുദ്ധമായ കാര്യങ്ങളൊന്നും തന്നെചെയ്യാറില്ല.

ചോ: ഇസ്‌ലാംസ്വീകരണത്തിന് തയ്യാറായത് എപ്പോഴാണ്?

അംന: എനിക്ക് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ഒട്ടേറെ ബുദ്ധവിശ്വാസികളായ സുഹൃത്തുക്കളുണ്ട്. ഞാന്‍ ദുഃഖിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അവരാണ് എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍തന്ന് പ്രചോദിപ്പിച്ചത്. ഞാന്‍ വായനതുടങ്ങി. ഒരിക്കല്‍ ഞാന്‍ ഇസ്‌ലാമികപഠനക്ലാസില്‍ പങ്കെടുത്തു. അവിടെവെച്ച് എന്റെ ഹൃദയം തുറക്കപ്പെട്ടു. അല്ലാഹുവിനെയല്ലാതെ ഒരു മനുഷ്യനെയും ഭയപ്പെടേണ്ടതില്ലെന്ന് ഞാനന്ന് തിരിച്ചറിഞ്ഞു. ആ സമയത്താണ് ഞാന്‍ ഇസ്‌ലാംസ്വീകരിച്ചത്.

ചോ: താങ്കളുടെ ഇസ്‌ലാംസ്വീകരണത്തോട് കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു ?

അംന: ഇസ്‌ലാം സ്വീകരിച്ചയുടന്‍ ഞാനക്കാര്യം ഇന്ത്യയിലെ ഡാര്‍ജിലിങിലുണ്ടായിരുന്ന എന്റെ കുടുംബത്തെ അറിയിച്ചു. അമ്മ പൂര്‍ണപിന്തുണ അറിയിച്ചു. എന്റെ കുടുംബത്തിന്റെ അഭിപ്രായംഇതായിരുന്നു:’ പ്രിയപ്പെട്ടവളേ, നീ ശരിയായ പാത തെരഞ്ഞെടുത്തു. നിന്നെ സന്തോഷവതിയായി ക്കാണുന്നതില്‍ ഇപ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.’ എല്ലാ ദുഃശീലങ്ങളില്‍നിന്നും മുക്തയായി എന്നെ അവര്‍കണ്ടപ്പോള്‍ ആദര്‍ശപരിവര്‍ത്തനത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

ചോ: താങ്കള്‍ ഏതോ മുസ്‌ലിംചെറുപ്പക്കാരനുമായി സ്‌നേഹത്തിലാണെന്നും വിവാഹിതയായെന്നും അതാണ് ഇസ്‌ലാം പരിവര്‍ത്തനത്തിന് പിന്നിലുള്ളതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തിരുന്നു. അത് സത്യമാണോ?

അംന: അടിസ്ഥാനരഹിതങ്ങളായ വാര്‍ത്തകളാണതെല്ലാം. എന്റെ കൂട്ടുകാരില്‍ ചിലര്‍ മുസ്‌ലിംകളാണ്. എന്നുവെച്ച് അവരിലൊരാളുമായി ഞാന്‍ പ്രേമത്തിലായിയെന്നും വിവാഹംകഴിക്കാനായി ഇസ്ലാംസ്വീകരിച്ചെന്നും പറയുന്നത് ശുദ്ധഭോഷ്‌കാണ്. ഇപ്പോള്‍ ഞാനൊരു മുസ്‌ലിമാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഒരു വിവാഹജീവിതം എനിക്കാവശ്യമാണ്. വിവാഹവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും അറിയിക്കുകയുംചെയ്യും.

ആളുകള്‍ എന്തുപറയുമെന്ന ഭയത്താല്‍ ജീവിതം തകര്‍ത്തവള്‍

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു അവള്‍. വിവാഹാഭ്യര്‍ഥനയുമായി ആ യുവാവ് വന്നപ്പോള്‍ യുവതിയുടെ ഉമ്മ അതംഗീകരിച്ചില്ല. അവരുടെ ഒരു ബന്ധുവിനെ വിവാഹം ചെയ്യാന്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്തു. കുടുംബത്തില്‍ നിന്ന് തന്നെയാണവന്‍ എന്നതും സമ്പന്ന കുടുംബമാണെന്നതുമാണ് അവര്‍ പരിഗണിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് പരസ്ത്രീകളുമായി അവന് ബന്ധമുണ്ടെന്ന കാര്യം അവള്‍ അറിയുന്നത്. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത പിശുക്കനും. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ ഈ ബന്ധങ്ങളെ നിഷേധിച്ച അയാള്‍ പിന്നീട് അത് അംഗീകരിക്കാന്‍ തയ്യാറായി. ഇതെനിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ് നിനക്ക് ഒന്നുകില്‍ സഹിക്കാം, അല്ലെങ്കില്‍ വിവാഹമോചനം ചെയ്യാമെന്ന് അവളോട് പറയുകയും ചെയ്തു. അവള്‍ ഉമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ വിവാഹമോചനത്തെയും അവര്‍ നിരാകരിച്ചു. ആളുകള്‍ എന്തുപറയുമെന്നതായിരുന്നു അവരുടെ ഭയം. മാസങ്ങളോളം അയാളുടെ വഴികേടിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് വിവാഹത്തിന് മുമ്പ് താനുമായി പ്രണയത്തിലായിരുന്ന യുവാവിലേക്ക് മടങ്ങുന്നതിനെ കുറിച്ചവള്‍ ആലോചിക്കാന്‍ തുടങ്ങിയത്. അക്കാര്യത്തില്‍ ഉപദേശം തേടികൊണ്ടാണ് അവള്‍ എന്റെയടുത്തെത്തുന്നത്. അവളുടെ ആ ആലോചന എന്റെ മുന്നില്‍ അവതരിപ്പിച്ചു. അവളോട് പറഞ്ഞു : ‘നീ അങ്ങനെ ചെയ്യരുത്, ഒരു തെറ്റിനെ സമാനമായ മറ്റൊരു തെറ്റുകൊണ്ടല്ല നേരിടേണ്ടത്. അല്ലാഹുവിന്റെ കോപത്തിനിരയാക്കുന്ന കാര്യമാണത്.’ അവള്‍ നേരത്തെ പ്രണയത്തിലായിരുന്ന യുവാവിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോഴുള്ള ഭര്‍ത്താവിനെ വിവാഹമോചനം ചെയ്ത് ഇഷ്ടപ്പെടുന്നയാളെ വിവാഹം ചെയ്യുകയാണ് വേണ്ടതെന്ന് ഞാന്‍ നിര്‍ദേശിച്ചു. അവള്‍ പറഞ്ഞു: ‘ഞാന്‍ പ്രണയിച്ചിരുന്ന യുവാവ് ഇതുവരെ ഒരു വിവാഹം ചെയ്തിട്ടില്ല. ഞാനല്ലാത്ത മറ്റൊരാളെ വിവാഹം ചെയ്യാന്‍ അയാളിഷ്ടപ്പെടുന്നുമില്ല.’ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ വിവാഹ മോചനമാണ് ഞാനുപദേശിക്കുക, അതാണ് നിനക്കുത്തമം.’ ഇതോടെ ആ കൂടിക്കാഴ്ച്ച അവിടെ അവസാനിച്ചു.

അവള്‍ പറഞ്ഞു: താങ്കളോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് രണ്ട് വര്‍ഷത്തിന് ശേഷം അവള്‍ വീണ്ടും എന്റെ അടുക്കലെത്തി. പറയാന്‍ പറഞ്ഞപ്പോള്‍ അവള്‍ തുടര്‍ന്നു: ‘പ്രണയിച്ചിരുന്ന യുവാവുമായി ഞാന്‍ ബന്ധം തുടര്‍ന്നു. വാരാന്ത്യങ്ങളിലെല്ലാം അവനോടൊപ്പം ഞാന്‍ പുറത്ത് പോവുകയും ചെയ്യുന്നു. എനിക്ക് വേണ്ടി ചെലവഴിക്കുകയും സമ്മാനങ്ങളും മറ്റും നല്‍കുകയും ചെയ്യുന്നു.’ ഞാന്‍ ചോദിച്ചു: ‘നീ നിന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയോ?’ അല്‍പസമയത്തെ മൗനത്തിന് ശേഷം അവള്‍ പറഞ്ഞു: ‘സത്യം പറഞ്ഞാല്‍ ഇല്ല, ഭര്‍ത്താവിനോടൊപ്പം കാമുകനോടുള്ള ബന്ധവും ഞാന്‍ തുടര്‍ന്നു.’ ഞാന്‍ പറഞ്ഞു: ‘അപ്പോള്‍ നീ സംഘട്ടനത്തിനിറങ്ങിയിരിക്കുകയാണ്.’ അവള്‍ ചോദിച്ചു: ‘സംഘട്ടനമോ?’ ഞാന്‍ പറഞ്ഞു: ‘ഈ ഗുരുതരമായ കാര്യത്തിലൂടെ അല്ലാഹുമായുള്ള സംഘട്ടനത്തിലേക്കാണ് നീ കടന്നിരിക്കുന്നത്.’ അവള്‍ പറഞ്ഞു: ‘അല്ലാതെ ഞാനെന്ത് ചെയ്യും? ഞാനും എന്റെ കുടുംബവും ആളുകളുടെ സംസാരം ഭയക്കുന്നു. അവര്‍ എന്നെ കുറിച്ച് എന്ത് പറയുമെന്നതാണ് എന്റെ ഭയം. മൊഴിചൊല്ലപ്പെട്ടവള്‍, സ്ഥാനമാനങ്ങളുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച വിഡ്ഢി, മാതാപിതാക്കളോട് അക്രമം കാണിച്ചവള്‍ തുടങ്ങിയ കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ അവരില്‍ നിന്നുണ്ടാവും. നമ്മുടെ സമൂഹത്തെ കുറിച്ചും ആളുകളുടെ സംസാരത്തെ കുറിച്ചും നിങ്ങള്‍ക്കും അറിയുന്നതല്ലേ.’ ഇത്രയും പറഞ്ഞ് അവള്‍ മൗനിയായി.

വീണ്ടും അവള്‍ പറഞ്ഞു തുടങ്ങി: ‘സാമൂഹ്യ ഘടനയുടെ ഭാഗമായി ഭര്‍ത്താവുമായുള്ള ബന്ധം ഞാന്‍ തുടരുന്നു. നാമോരോരുത്തര്‍ക്കും അവരുടേതായ ഒരു സ്വകാര്യ ജീവിതവുമുണ്ട്.’ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ ജനങ്ങളുടെയെല്ലാം നാഥന്റെ വാക്കിനേക്കാള്‍ മുന്‍ഗണന നീ സമൂഹത്തിനും ആളുകളുടെ സംസാരത്തിനും നല്‍കിയിരിക്കുന്നു. നിന്റെ ഭര്‍ത്താവ് അത്തരക്കാരനായിരിക്കാം, അതിന്റെ പേരില്‍ അല്ലാഹു അയാളെ വിചാര ചെയ്തു കൊള്ളും. വ്യഭിചാരികള്‍ക്കുള്ള ശിക്ഷയെന്താണെന്ന് അറിയുന്നവളാണ് നീ. അക്കൂട്ടര്‍ നരകത്തീയില്‍ കത്തിയെരിയുന്നത് പ്രവാചകന്‍(സ) മിഅ്‌റാജ് യാത്രയില്‍ കണ്ടിട്ടുണ്ട്. നിന്റെ ഭര്‍ത്താവ് നരകത്തിലെ ആ അടുപ്പിനെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ നീയൊരിക്കലും അത് തെരെഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു.’ ഇത്രയും പറഞ്ഞ് ആ കൂടിക്കാഴ്ച്ച അവിടെ അവസാനിച്ചു.

അഞ്ചുവര്‍ഷത്തിന് ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് അവള്‍ എന്റെ അടുക്കലെത്തി പറഞ്ഞു: ‘ഒരു കാറപകടത്തില്‍ എന്റെ മക്കളിലൊരാള്‍ മരണപ്പെട്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു അവന്‍. ഒരു മകന്‍ മാത്രമേ എനിക്കിപ്പോഴുള്ളൂ.’ ഞാന്‍ ഒന്നും മിണ്ടാതെ നിശബ്ദനായിരുന്നപ്പോള്‍ അവള്‍ തുടര്‍ന്നു: ‘എന്താണ് നിങ്ങള്‍ പറയാനുദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. കാമുകനോടൊപ്പം നിഷിദ്ധമാക്കപ്പെട്ട ബന്ധം പുലര്‍ത്തിയതിലൂടെ അല്ലാഹുവിനോട് സംഘട്ടനത്തിനിറങ്ങി തിരിച്ചിരിക്കുന്നവളല്ലേ നീ എന്നല്ലേ.’ ഞാന്‍ പറഞ്ഞു: ‘ഒന്നാമതായി മകന്റെ വേര്‍പാട് അല്ലാഹുവിന്റെ പ്രതിഫലത്തിന് നിങ്ങളെ അര്‍ഹയായിക്കിയിരിക്കുന്നു. രണ്ടാമത്തെ കാര്യം, അല്ലാഹു ഇഹലോകത്ത് തന്നെ തന്റെ അടിമകള്‍ക്ക് ചില സന്ദേശങ്ങള്‍ അയക്കാറുണ്ട്. ബോധോദയം ഉണ്ടാക്കി നാഥനിലേക്ക് തന്നെ അവരെ മടക്കുന്നതിന് വേണ്ടിയാണത്. ആ സന്ദേശം ചിലപ്പോള്‍ സാമ്പത്തിക നഷ്ടത്തിലൂടെയോ രോഗത്തിലൂടെ പ്രിയപ്പെട്ടവരുടെ വേര്‍പാടിലൂടെയോ ആവാം. ഇതൊക്കെ ദൈവികമായ സന്ദേശങ്ങളാണ്. എനിക്കിപ്പോഴും നിന്നോട് ആവര്‍ത്തിച്ചു പറയാനുള്ളത് നീ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെട്ട കാമുകനെ വിവാഹം ചെയ്യണമെന്നാണ്. നിങ്ങളുടെ ഇഹപര ജീവിതങ്ങള്‍ക്ക് അതാണുത്തമം. അവള്‍ ചോദിച്ചു: ‘അപ്പോള്‍ സമൂഹത്തെ ഞാന്‍ എങ്ങിനെ അഭിമുഖീകരിക്കും? ആളുകളോട് ഞാനെന്ത് പറയും? സമൂഹത്തില്‍ ഞങ്ങളുടെ കുടുംബത്തിനുള്ള സ്ഥാനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമല്ലോ. സാമ്പത്തികമായും സ്ഥാനമാനങ്ങളാലും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുടുംബമാണ് എന്റേത്.’ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ കളങ്കമില്ലാത്ത ഈമാനും ഹൃദയ വിശുദ്ധിയുമാണ് അതിനേക്കാളെല്ലാം പ്രധാനം. മറ്റൊരു കാര്യം ഈ വിവാഹമോചനം നിങ്ങളുടെ കുടുംബത്തിലെ ആദ്യ വിവാഹമോചനവും അല്ല. ആളുകള്‍ നിന്നെ കുറിച്ച് പറയുമ്പോള്‍ കരുത്തോടെ നേരിടാനാവണം. എന്നാല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യത്തില്‍ ഏര്‍പ്പെട്ട് അല്ലാഹുവുമായി സംഘട്ടനത്തിനിറങ്ങരുത്.’ ആ കൂടിക്കാഴ്ച്ചയും അവിടെ അവസാനിച്ചു.

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവള്‍ എന്റെ അടുത്ത് വന്നു. ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു അവള്‍. അവള്‍ സംസാരിക്കാന്‍ തുടങ്ങി. മാരകമായ രോഗം ബാധിച്ചിരിക്കുകയാണ് അവളെ. ചികിത്സക്കായി വിദേശത്ത് പോകല്‍ അനിവാര്യമായിരിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് ചികിത്സയുടെ ചെലവുകള്‍ വഹിക്കാതെ പൂര്‍ണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഇനി എന്താണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘എന്റെ കാമുകന്‍ ചികിത്സയുടെ എല്ലാ ചെലവുകളും വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്.’ ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു : ‘നീ ഇപ്പോഴും അയാളുമായുള്ള ബന്ധം തുടരുന്നുണ്ടോ?’ കുറേ സമയം ഞാന്‍ നിശബ്ദനായി ഇരുന്ന ശേഷം ഞാന്‍ ചോദിച്ചു: ‘ഞാന്‍ സംസാരിക്കാതെ തന്നെ മറുപടി എന്തായിരിക്കുമെന്ന് നിനക്കറിയാം. എന്നാല്‍ ഞാനിപ്പോഴും പറയുന്നത് വിവാഹമോചനം തേടി നിനക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണമെന്നാണ്. ജനങ്ങള്‍ എന്തു പറയുമെന്ന് നീ കാര്യമാക്കേണ്ട. നിനക്ക് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമാണ് ജനങ്ങളുടെ തൃപ്തി, എന്നാല്‍ അല്ലാഹുവിന്റെ തൃപ്തി ഒരിക്കലും നീ ഉപേക്ഷിക്കാന്‍ പാടില്ലാത്തതാണ്.’ അവള്‍ ഇരുന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു: ‘വളരെ മുമ്പേ ഞാന്‍ നിങ്ങളുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍… ഞാന്‍ പറഞ്ഞു: ‘അതിനിനിയും സമയമുണ്ട്. വിവാഹമോചനത്തിന് ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുക എന്നതാണ് പ്രധാനം. പിന്നെ കാമുകനെ വിവാഹം ചെയ്ത് അദ്ദേഹത്തോടൊപ്പം ചികിത്സക്കായി പോവുകയും ചെയ്യാം.’ അയാളും ഇതുതന്നെയാണ് എന്നോട് പറയുന്നതെന്ന് പറഞ്ഞു കൊണ്ട് അവള്‍ ആ കൂടിക്കാഴ്ച്ച അവിടെ അവസാനിപ്പിച്ചു.

കഥ എങ്ങനെ അവസാനിച്ചു എന്നറിയാന്‍ വായനക്കാരന് താല്‍പര്യമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാല്‍ അവസാനം എന്തു സംഭവിച്ചെന്ന് എനിക്കും അറിയില്ല. ഇപ്പോള്‍ അവള്‍ ചികിത്സയുടെ ഘട്ടത്തിലാണ്. അവളുടെ പാപമോചനത്തിനും സുഖപ്രാപ്തിക്കും വേണ്ടി നമുക്ക് അല്ലാഹുവോട് പ്രാര്‍ഥിക്കാം. അവളുടെ അനുവാദത്തോടു കൂടി ചില കാര്യങ്ങളെല്ലാം മറച്ചു വെച്ചു കൊണ്ടും ചില കൂട്ടിചേര്‍ക്കലുകള്‍ വരുത്തി കൊണ്ടുമാണ് ഞാനിത് തയ്യാറാക്കിയിരിക്കുന്നത്. അവള്‍ ആരാണെന്ന് മറ്റാരും അറിയാതിരിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ഉള്ളടക്കത്തില്‍ ഞാനൊട്ടും വെള്ളം ചേര്‍ത്തിട്ടില്ല. ഗുണപാഠമുള്‍ക്കുള്ളാന്‍ തയ്യാറായവര്‍ക്ക് ഗുണപാഠമാകാന്‍ വേണ്ടിയാണത്. അല്ലാഹു അക്രമിയെ പിടികൂടുക തന്നെ ചെയ്യും, അവന്റെ പിടുത്തത്തില്‍ നിന്ന് കുതറി രക്ഷപെടാന്‍ ആര്‍ക്കും കഴിയെല്ലെന്ന് ഓര്‍ക്കുക.

മുന്‍കോപം

ലഞ്ചു കൊല്ലം മുമ്പാണ്. മുറിയില്‍ തനിച്ചിരിക്കെ ഒരു സഹോദരന്‍ കടന്ന് വന്നു. അദ്ദേഹം അത്യധികം അസ്വസ്ഥനും ദു:ഖിതനുമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ബോധ്യമായി. സ്വയം പരിചയപ്പെടുത്തിയ ശേഷം തന്നെ വേട്ടയാടുന്ന ദു:ഖ സ്മരണ പങ്കിട്ടു. പത്ത് വര്‍ഷം മുമ്പാണ് ആദ്യ ഭാര്യ മരണമടഞ്ഞത്. പിന്നീട് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിക്കുന്നു. കുടുംബിനി ഗള്‍ഫില്‍ കൂടെയുണ്ട്. എന്നിട്ടും ഒട്ടും സ്വസ്ഥത കിട്ടുന്നില്ല. ആദ്യ ഭാര്യയുടെ അവസാന സമയത്തുണ്ടായ ഒരു സംഭവമാണ് അയാളെ വേട്ടയാടുന്നത്.

അന്ന് വീട്ടില്‍ ചെന്നപ്പോള്‍ അഴിച്ചിട്ട വസ്ത്രം അലക്കുകയോ അകം വൃത്തിയാക്കുകയോ ചെയ്തിരുന്നില്ല. ഭാര്യ കിടപ്പറയില്‍ കിടക്കുകയാണ്. അതിന്റെ കാരണം പോലും അന്വേഷിക്കാതെ വളരെ കൂടുതലായി ദേഷ്യപ്പെട്ടു. രൂക്ഷമായി ആക്ഷേപിക്കുകയും കഠിനമായി കുറ്റപ്പെടുത്തുകയും ചെയ്തു. ഭാര്യ തേങ്ങിക്കരഞ്ഞു. അവര്‍ക്ക് ശ്വാസതടസ്സമുണ്ടായിക്കൊണ്ടിരുന്നു. കരഞ്ഞതു കൊണ്ടായിരിക്കുമെന്ന് കരുതി ആശ്വസിപ്പിക്കാനോ പരിചരിക്കാനോ മുതിര്‍ന്നില്ല. ക്രമേണ ശ്വാസതടസം കൂടിക്കൊണ്ടിരുന്നു. അപ്പോഴാണ് അടുത്ത് ചെന്ന് കാരണമന്വേഷിച്ചത്. മണിക്കൂറുകളായി ശാരീരികാസ്വാസ്ഥ്യവും ക്ഷീണവും അനുഭവപ്പെട്ടതിനാലാണ് വസ്ത്രമലക്കുകയും അകം വൃത്തിയാക്കുകയൊന്നും ചെയ്യാതെ കട്ടിലില്‍ കിടന്നത്.

രോഗമാണെന്നും അത് ഗുരുതരമാണെന്നും മനസിലായതോടെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു. എങ്കിലും ഡോക്ടര്‍മാര്‍ക്ക് അവളുടെ ജീവന്‍ രക്ഷിക്കാനായില്ല. അന്നുതന്നെ അവള്‍ ഇഹലോക വാസം വെടഞ്ഞു.

മാരകമായ രോഗത്തിനടിപ്പെട്ട് വേദന സഹിച്ച് കൊണ്ടിരുന്ന ഭാര്യയോട് കോപിക്കുകയും അവരെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതിന്റെ പാപബോധം അന്ന് തൊട്ടിന്നോളം അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പരിഹാരം തേടിയാണ് റൂമില്‍ വന്നത്.

പലരും ഇങ്ങനെയാണ് അനിഷ്ടകരമായത് കാണുമ്പോഴേക്കും കോപാകുലരാകും. അതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് പോലും ആലോചിക്കുകയോ അന്വേഷിച്ചറിയുകയോ ഇല്ല. കോപത്തിന് കീഴ്‌പെടുന്നതോടെ ഏറെ പേരും സ്വയം മറക്കുന്നു. വിവേകവും വിചാര ശേഷിയും നശിക്കുന്നു. ചിലരെങ്കിലും കലിയിളകി പേപിടിച്ചവരെപ്പോലെ പുലഭ്യം പറയുന്നു. വരുംവരായ്കകളോര്‍ക്കാതെ കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാക്കുന്നു. കോപമടക്കാന്‍ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകള്‍ മാറിനിന്ന് നോക്കുന്നവരില്‍ കൗതുകമുണര്‍ത്തുന്നവിധം പരിഹാസ്യങ്ങളായിരിക്കും. അത്തരക്കാരുടെ ചെയ്തികള്‍ പരിഹാരമില്ലാത്ത വിധം ഗുരുതരമായിരിക്കും ഉപര്യുക്ത സംഭവത്തില്‍ ഉണ്ടായപോലെ.

കോപം അടക്കി നിര്‍ത്തലും ജനങ്ങളോട് വിട്ട് വീഴ്ച കാണിക്കലും ഭക്തന്മാരുടെ ലക്ഷണമായി ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ‘നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.’ (ആലുഇംറാന്‍: 133,134)
കോപം വരുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതിന് മുമ്പ് വുദു ചെയ്യാന്‍ പ്രവാചകന്‍ കല്‍പിക്കാനുള്ള കാരണവും മറ്റൊന്നുമല്ല.

securedownload

ഭൗതികാസക്തികളില്‍ നിന്ന്നമ്മുടെ മനസ്സിനെമോചിപ്പിക്കാം

70 നമ്മുടെ മനസ്സിനെ, ഭൗതികാസക്തികളില്‍ നിന്ന്
എഴുതിയത് : കുഞ്ഞുമുഹമ്മദ് പുലവത്ത്

മനുഷ്യനെ ആസക്തികള്‍ ഭരിക്കുന്ന കാലമാണിത്. പണത്തോടും അധികാരത്തോടും സുഖത്തോടുമുള്ള ആസക്തി അവനെ കടുത്ത നിഷേധിയും ധിക്കാരിയുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ചൂഷണവും മോഷണവും കൊലയും കൊള്ളയും വ്യഭിചാരവും മദ്യപാനവും സംഘര്‍ഷവും യുദ്ധവുമെല്ലാം ആസക്തികള്‍ സൃഷ്ടിക്കുന്ന സ്വഭാവിക ദുരന്തങ്ങളാണ്.
പ്രാപഞ്ചിക വീക്ഷണം രൂപപ്പെടുത്തുന്നതില്‍ സംഭവിക്കുhttp://ipcblogger.net/razak/wp-admin/post-new.php#ന്ന പിഴവുകളും ജീവിതലക്ഷ്യം നിര്‍ണ്ണയിക്കുന്നതില്‍ പറ്റുന്ന പരാജയവുമാണ് പലപ്പോഴും മനുഷ്യനെ സുഖഭോഗതൃഷ്ണയുടെ അടിമയാക്കുന്നത്. ഭൂമിയില്‍ തന്റെ നിയോഗമെന്താണെന്നും സൃഷ്ടാവിനോടും പ്രപഞ്ചത്തോടും തനിക്കുള്ള ബന്ധമെന്തായിരിക്കണമെന്നും നശ്വരമായ ഭൗതികജീവിതത്തിനപ്പുറത്ത് എന്താണ് സംഭവിക്കാനിരിക്കുന്നതെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്ത് ആത്മീയവും മാനസീകവുമായ ഒരുതരം അന്ധ്യവും മരവിപ്പും മനുഷ്യനില്‍ രൂപപ്പെടും. കാരണം മനുഷ്യന്‍ എന്നത് വെറും ശരീരം മാത്രമല്ല. മൂര്‍ത്തമായ അവന്റെ ശരീരത്തിനകത്ത് അമൂര്‍ത്തങ്ങളായ മനസും ആത്മാവുമുണ്ട്.
ശരീരത്തിന്റെ ആവശ്യങ്ങള്‍ എന്നതുപോലെ മനസിനും ആത്മാവിനുമെല്ലാം ആവശ്യങ്ങളുണ്ട്. ഭൗതിക സുഖാസക്തികളുടെ പിന്നാലെ പോവുന്ന മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ മനസിന്റെയും ആത്മാവിന്റെയും ആവശ്യങ്ങളെ തിരസ്‌കരിക്കുകയാണ്. സുഖാനന്ദത്തിന്റെ ഉറവിടങ്ങള്‍ തേടിയലഞ്ഞ് ആയുസ് നശിപ്പിക്കുന്ന ഭാഗ്യഹീനരെയോര്‍ത്ത് മഹാകവി വള്ളത്തോള്‍ ഒരിക്കല്‍ സഹതപിച്ചിട്ടുണ്ട്.
‘ സുഖം സുഖം ക്ഷോണിയെ ധന്യമാക്കാന്‍
വേധസു സൃഷ്ടിച്ച വിശിഷ്ട വസ്തു
അതെങ്ങതെന്നു തിരഞ്ഞു നന്നേ ആയുസു പോക്കുന്നു ഹതാശര്‍ നമ്മള്‍’.
സ്‌നേഹം, കാരുണ്യം, വാല്‍സല്യം, ദയ, അനുതാപം തുടങ്ങിയ ഉദാത്ത ഗുണങ്ങളുടെ സാകല്യമായ ഈശ്വരന്റെ ആത്മാംശം എല്ലാ മനുഷ്യനിലും അന്തര്‍ലീനമായിട്ടുണ്ട് എന്നാണ് വേദങ്ങള്‍ പറയുന്നത്. ഭൗതികതയെയും ആത്മീയതയേയും സമതുലിതമായി സമീപിക്കുമ്പോഴാണ് ഇപ്പറഞ്ഞ ഈശ്വരപ്രോക്തങ്ങളായ ഉദാത്തഗുണങ്ങളുടെ പരിപോഷണം സാധ്യമാകൂ. ഭൗതിക ജീവിതവും അതിലെ സുഖാനന്ദങ്ങളുമാണ് പരമമായിട്ടുള്ളത് എന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മേല്‍പറഞ്ഞ ഉദാത്ത ഗുണങ്ങളെ പരിപോഷിപ്പിക്കാന്‍ കഴിയില്ല എന്നുമാത്രവുമല്ല മാനവീയത ശോഷിച്ച് ശോഷിച്ചു മൃഗീയതയിലേക്കു അവര്‍ അധഃപതിക്കുകയും ചെയ്യും.
പിഞ്ചുകുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുന്ന അമ്മയും പിതാവിനെ വകവരുത്തുന്ന മകനും സഹോദരഹത്യ നടത്തുന്ന യുവാവും ശിഷ്യയെ മാനഭംഗപ്പെടുത്തുന്ന ഗുരുനാഥനും ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവുമെല്ലാം നമ്മുടെ ദിനപത്രങ്ങളിലെ സ്ഥിരം വാര്‍ത്തകളാണല്ലോ. ആസക്തികള്‍ മനുഷ്യരെ എത്രത്തോളം മൃഗതുല്യരാക്കും എന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ഇക്കൂട്ടര്‍.
പ്രകൃതി രൂപപ്പെടുത്തിയ കുടുംബം എന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പ്രസക്തി ഇവിടെയാണ് ബോധ്യപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളെയും ശീലങ്ങളെയും വ്യവഹാരങ്ങളെയും ചിട്ടപ്പെടുത്തിയും പാകപ്പെടുത്തിയുമെടുക്കുന്നതില്‍ കുടുംബം എന്ന സാമൂഹിക ഘടകം വഹിക്കുന്ന പങ്കു വലുതാണ്. ധാര്‍മ്മിക ശിക്ഷണം ലഭിക്കാനുതകുന്ന നിരന്തരമായ അനുഭവങ്ങളും ഇടപെടലുകളും കുടുംബപരിസരത്തു നിന്നു ലഭിക്കുന്ന കുട്ടികളില്‍ വര്‍ധമാനമായ തോതില്‍ ഉദാത്തസ്വഭാവഗുണങ്ങള്‍ രൂപപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യക്തിയുടെ സമഗ്രവും സമതുലിതവുമായ വൈകാരിക വികാസത്തിനു, സ്‌നേഹാര്‍ദ്രമായ കുടുംബാന്തരീക്ഷം അത്യാവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കു സ്‌നേഹനിര്‍ഭരമായ കുടുംബാന്തരീക്ഷത്തിന്റെ മാധുര്യമനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നു സംശയമാണ്. മുലയൂട്ടല്‍ എന്നത് ഒരമ്മയുടെ നിഷ്‌കാമവാത്സല്യത്തിന്റെ നിരുപമമായ ആവിഷ്‌ക്കാരമായിരുന്നു മുമ്പ് നമുക്ക്. പക്ഷെ, ഇന്നത് ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് വലുതാകുമ്പോള്‍ തിരിച്ചുതരേണ്ട കരുതല്‍ നിക്ഷേപമായി മാറിക്കഴിഞ്ഞു. കടുത്ത ഭൗതിക ചിന്ത രക്തബന്ധങ്ങളെ അര്‍ത്ഥരഹിതമാക്കുമ്പോള്‍ തലയുയര്‍ത്തുന്നത് മൃഗീയതയാണെന്ന് നാമോര്‍ക്കണം. അതോടെ തകര്‍ന്നടിയുന്നത് ഉദാത്ത മൂല്യങ്ങളാണ്.
അംഗസംഖ്യ കുറഞ്ഞാല്‍ സന്തുഷ്ടകുടുംബമാകും എന്ന പ്രചാരണം നമ്മില്‍ പലരും തെറ്റായി ധരിച്ചിട്ടുണ്ട്. പരസ്പര വിശ്വാസവും സ്‌നേഹവും ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഭൗതിക സാമഗ്രികളും ഇല്ലാത്ത കുടുംബങ്ങളില്‍ അംഗസംഖ്യ എത്ര കുറഞ്ഞാലും സന്തുഷ്ടമുണ്ടാകാനിടയില്ല. കാരണം സന്തുഷ്ടിക്ക് ഒരു അലൗകികതലം കൂടിയുണ്ട്. അംഗസംഖ്യയുടെ വലുപ്പച്ചെറുപ്പങ്ങള്‍ക്കെല്ലാമപ്പുറത്താണ് സന്തുഷ്ടിയുടെ അടിസ്ഥാനം. അതുകാരണ്യവും സ്‌നേഹവും ദയയും അനുതാപവും വാത്സല്യവുമൊക്കെയാണ്. ഈശ്വരപ്രോക്തങ്ങളായ ഉദാത്ത ഗുണങ്ങള്‍ അന്തര്‍ഭവിച്ചുവളരാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുടുംബങ്ങള്‍ അവസരമൊരുക്കേണ്ടതുണ്ട്.

പ്രാര്‍ഥനകള്‍

images du

മനുഷ്യരുടെ എല്ലാആവശ്യങ്ങളും നിറവേറ്റാനും അവരെ ആപത്തുകളില്‍നിന്നും ദോഷങ്ങളില്‍ നിന്നും രക്ഷിക്കാനും കഴിവുള്ളത് സൃഷ്ടാവായ അല്ലാഹുവിനു മാത്രമാണ്.അതിനാല്‍ നമ്മുടെ എന്താവശ്യവും സാധിക്കാനും ദോഷങ്ങള്‍ തടുക്കാനും അല്ലാഹുവോടു മാത്രമേപ്രാര്‍ഥിക്കാവൂ. اُدعُوني أستَجِب لَكُم (നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം) എന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ (البقرة: 186) أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ
(എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ സമീപസ്ഥനാണ്. എന്നോട് പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്കും) എന്നും ഖുര്‍ആനില്‍ കാണാം. അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്.
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (الجن: 18)
(ആരാധനാലയങ്ങള്‍ അല്ലാഹുവിന്റെ ഉടമയിലാണ്. ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരാളോടും നിങ്ങള്‍ പ്രാര്‍ഥിക്കരുത്). മനുഷ്യര്‍ ബോധപൂര്‍വമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങള്‍ പൊറുക്കാനും സല്‍കര്‍മമനുഷ്ഠിച്ച് ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതുപോലെ ഐഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനും അവനോട് പ്രാര്‍ഥിക്കാം. രോഗം സുഖപ്പെടാനും, ദാരിദ്ര്യവും കഷ്ടപ്പാടും നീങ്ങാനും, പരീക്ഷയില്‍ വിജയിക്കാനും ജീവിതത്തില്‍ സന്തോഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാര്‍ഥിക്കാവുന്നതാണ്. വിവിധകാര്യങ്ങള്‍ക്ക് നബി(സ) അല്ലാഹുവോട് പ്രാര്‍ഥിച്ചതായുംപ്രാര്‍ഥനകള്‍പഠിപ്പിച്ചതായും ഹദീഥുകളില്‍നിന്ന് ഗ്രഹിക്കാം. അല്ലാഹുവില്‍ പൂര്‍ണമായ വിശ്വാസത്തോടെയും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാര്‍ഥിക്കേണ്ടത്. ദുഷ്‌കര്‍മങ്ങളില്‍ നിന്നും നിഷിദ്ധ സമ്പാദ്യങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് പരിശുദ്ധഹൃദയത്തോടെ പ്രാര്‍ഥിക്കുന്നവര്‍ക്കാണ് പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുക. ഇങ്ങനെ പ്രാര്‍ഥിക്കുന്നവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു വിധത്തിലായിരിക്കുമെന്ന് റസൂല്‍(സ) അറിയിച്ചിട്ടുണ്ട്. ഒന്നുകില്‍ പ്രാര്‍ഥിച്ച കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കില്‍ മറ്റൊരനുഗ്രഹം നല്‍കുകയോ ദോഷം തടുക്കുകയോ ചെയ്യും. അല്ലാത്തപക്ഷം അത് പരലോകത്ത് നല്കാനായി നീട്ടിവെക്കും. മൂന്നുതരത്തിലായാലുംപ്രാര്‍ഥനകൊണ്ട് ഗുണം സിദ്ധിക്കുമെന്നര്‍ഥം. വിവിധപ്രാര്‍ഥനകള്‍പോലെവ്യത്യസ്തസന്ദര്‍ഭങ്ങളില്‍അല്ലാഹുവിനെസ്മരിക്കുകയുംപ്രകീര്‍ത്തിക്കുകയും ചെയ്യാനായിറസൂല്‍(സ) പഠിപ്പിച്ച ദിക്‌റുകളും തസ്ബീഹുകളുമുണ്ട്. അവയിലൂടെ അല്ലാഹുവിനെസ്മരിക്കുകയും സ്തുതിക്കുകയും വേണം. ഖുര്‍ആന്‍ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا. وَسَبِّحُوهُ بُكْرَةً وَأَصِيلًا (الأحزاب: 41، 42)
(സത്യവിശ്വാസികളേ, നിങ്ങള്‍അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.)
പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാന്‍ കൂടുതല്‍ അര്‍ഹമായ സന്ദര്‍ഭങ്ങളും ശ്രേഷ്ഠസമയങ്ങളുമുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കുശേഷം, നോമ്പുതുറക്കുമ്പോള്‍, രാത്രിയുടെ അന്ത്യയാമങ്ങളില്‍ തുടങ്ങിയവ അതില്‍പ്പെടുന്നു. നമസ്‌കാരാനന്തര പ്രാര്‍ഥന ഉത്തരം ലഭിക്കാന്‍ ഏറെ അര്‍ഹമാണ്. അബൂഉമാമ(റ)പറയുന്നു:
قِيلَ : يَا رَسُولَ اللَّهِ ، أَيُّ الدُّعَاءِ أَسْمَعُ ؟ قَالَ : ” جَوْفَ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ ”
(അല്ലാഹുവിന്റെദൂതരേ, ഉത്തരം ലഭിക്കാന്‍ കൂടുതല്‍ അര്‍ഹമായപ്രാര്‍ഥന ഏതാണ് എന്ന ചോദ്യം വന്നു.നബി(സ) പറഞ്ഞു:പാതിരാ നേരത്തും നിര്‍ബന്ധന മസ്‌കാരങ്ങള്‍ക്കുശേഷവും.)
(സല്‍മാനില്‍നിന്ന്‌നിവേദനം.നബി(സ)പറഞ്ഞു:നിങ്ങളുടെ നാഥന്‍ലജ്ജാശീലനാണ്, ഉദാരനാണ്. തന്റെ നേരെ അടിമ ഉയര്‍ത്തിയ കൈ വെറുതെ മടക്കാന്‍ അവന്‍ ലജ്ജിക്കുന്നു.)
അല്ലാഹുവിനെ സ്തുതിച്ചും അവനെ പ്രകീര്‍ത്തിച്ചും നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയും വേണം പ്രാര്‍ഥന തുടങ്ങാന്‍. വിനയവും വിധേയത്വവും പ്രകടിപ്പിച്ചും ഹൃദയസാന്നിധ്യം ഉറപ്പുവരുത്തിയുമാവണം അത്. കുറ്റകരമായ കാര്യത്തിനോ ബന്ധവിച്ഛേദത്തിനോ ആവരുത് പ്രാര്‍ഥന. ഉത്തരം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചും ഉത്തരം ലഭിക്കുന്നതു വൈകിപ്പോകുന്നു എന്ന ദുഷ്ചിന്തയില്ലാതെയും വേണം അത്.