Category Archives: മാറ്റം

ഇസ്‌ലാമിന്റെ വിധികളും മൂല്യങ്ങളും

ഇസ്‌ലാമിന്റെ വിധികളും മൂല്യങ്ങളും പ്രായോഗികമായി നടപ്പാക്കപ്പെട്ടപ്പോഴെല്ലാം ഇസ്‌ലാമിന്റെ പതാക ഉയരങ്ങളില്‍ പറന്നിട്ടുണ്ടെന്ന് ചരിത്രത്തില്‍ നമുക്ക് കാണാം. നുബുവത്തിന്റെ ഘട്ടത്തില്‍ പ്രവാചകന്റെ(സ) പ്രബോധനത്തിനെതിരെ രംഗത്ത് വന്ന നിരവധി വിഭാഗങ്ങളുണ്ടായിരുന്നല്ലോ. അറേബ്യയിലെ വിഗ്രഹാരാധകരും ബനൂ ഖൈനുഖാഅ്, ബനൂഖുറൈള, ബനൂ നളീര്‍ തുടങ്ങിയ ജൂതഗോത്രങ്ങളും റോമിലെ ബൈസാന്റിയന്‍ സാമ്രാജ്യവും തക്കംപാര്‍ത്തിരുന്ന മജൂസി വിഭാഗവും തങ്ങളും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെന്ന് ആണയിട്ട് പറഞ്ഞ് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ജീവിച്ച മുനാഫിഖുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കെതിരെയെല്ലാം വിജയം വരിക്കാന്‍ എങ്ങനെയാണ് നബിതിരുമേനിക്ക് സാധിച്ചത്?

ഈ ദീനിന്റെ സ്തംഭങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ച ശേഷമാണ് മുഹമ്മദ് നബി(സ) ലോകത്തോട് വിടപറഞ്ഞത്. ഒരു മാതൃകാ ഇസ്‌ലാമിക സമൂഹത്തെ ഒരുക്കി, മാതൃകാ രാഷ്ട്രത്തിന് തറക്കല്ലിടുകയും ചെയ്ത് ദീന്‍ പൂര്‍ത്തീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ” ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.” (അല്‍മാഇദ: 3)

നബി(സ)ക്ക് ശേഷം ഖലീഫമാര്‍ അദ്ദേഹത്തിന്റെ ചര്യയും മാര്‍ഗവും തന്നെയാണ് പിന്തുടര്‍ന്നത്. സഹാബത്തിന്റെയും അവരുടെ ശിഷ്യഗണങ്ങളുടെയും പ്രവര്‍ത്തന ഫലമായി ഇസ്‌ലാം ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം എത്തി. ഇസ്‌ലാമിക സന്ദേശത്തിന്റെ വാഹകരായിരുന്നു അവര്‍. വരാനിരിക്കുന്നവര്‍ക്ക് കൂടി അത് പകര്‍ന്നു നല്‍കാന്‍ പ്രാപ്തരാക്കും വിധമാണ് പ്രവാചകന്‍(സ) അവരെ വളര്‍ത്തിയത്. അവരിലൂടെയാണ് ഇസ്‌ലാം പ്രചരിച്ചത്. അല്ലാതെ ശത്രുക്കള്‍ പ്രചരിപ്പിക്കും പോലെ വാളുകൊണ്ടായിരുന്നില്ല.

യഥാര്‍ഥത്തില്‍ വാളിനെ അതിജയിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഇസ്‌ലാമിന്റെ ഒന്നാം നാള്‍ മുതല്‍ ഖുറൈശി വിഗ്രഹാരാധകരും അറബികളും ഉയര്‍ത്തിയ വാളിന് മുന്നിലാണത് വളര്‍ന്നത്. കൊടിയപീഢനങ്ങള്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടായി. മൂന്ന് വര്‍ഷത്തോളം കടുത്ത ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. അതിനെയല്ലാം അതിജീവിച്ചാണ് ഇസ്‌ലാം കടന്നു വന്നിട്ടുള്ളത്. നാമിന്ന് ജീവിക്കുന്ന, നമുക്ക് തണലേകുന്ന ഇസ്‌ലാം ഏറെ പ്രയാസങ്ങള്‍ താണ്ടിയാണ് നമ്മിലേക്ക് എത്തിയിരിക്കുന്നത്. അതിന്റെ മാര്‍ഗത്തില്‍ ഒരുപാട് രക്തവും ജീവനും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളായ നമുക്ക് ആ ഇസ്‌ലാമിനോടുള്ള നിലപാട് വ്യക്തമാക്കേണ്ടത് അനിവാര്യമാണ്.

ഇസ്‌ലാമിന് പ്രചാരണം നല്‍കിയത് വിശ്വാസവും ധാര്‍മികമൂല്യങ്ങളുമായിരുന്നു. ഇന്ത്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് മുസ്‌ലിംകള്‍ വാളുകൊണ്ട് കീഴടക്കിയിട്ടുള്ളത്. പിന്നീടവര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവരുടെ ജീവിതം കണ്ട് ആളുകള്‍ കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നു വന്നു. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലുമുള്ള വലിയ ഇസ്‌ലാമിക സമൂഹം വാളുകൊണ്ട് കടന്നുവന്നവരല്ല. ഒരുപക്ഷേ അവര്‍ വാളോ വാളേന്തിയ സൈന്യത്തെയോ കണ്ടിട്ട് പോലുമുണ്ടാവില്ല. മുസ്‌ലിം സൈന്യങ്ങള്‍ തീരെ പ്രവേശിച്ചിട്ടു തന്നെയില്ലാത്ത എത്രയോ പ്രദേശങ്ങളുണ്ട്. മലേഷ്യ, ഇന്തോനേഷ്യ (ഇന്ന് ഏറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യം), ഫിലിപ്പീന്‍ എന്നിവിടങ്ങളിലെല്ലാം അവിടെയെത്തിയ സാധാരണക്കാരായ കച്ചവടക്കാരിലൂടെയാണ് ഇസ്‌ലാം എത്തിയത്. ആഫ്രിക്കയിലും ഇസ്‌ലാം പ്രചരിച്ചത് വാളു കൊണ്ടായിരുന്നില്ല. ആഫ്രിക്കയുടെ പ്രധാന ഭാഗമായി ഈജിപ്തിലേക്ക് നാലായിരം സൈനികരുമായി അംറ് ബിന്‍ അല്‍ആസ് പുറപ്പെട്ടു. ഈജിപിലെ റോമാ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായിരുന്നു അത്. അംറ് ബിന്‍ അല്‍ആസ് കൂടുതല്‍ സൈനികരെ വിട്ടുകിട്ടാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടു. അതനുസരിച്ച് നാലായിരം സൈനികരെ കൂടി അയച്ചു കൊടുത്തു. നാടുകള്‍ ഓരോന്നായി ആ സൈന്യത്തിന് കീഴില്‍ വന്നു. യുദ്ധം ചെയ്തിട്ടായിരുന്നില്ല അത്. മറിച്ച് ദൈവത്തിന്റെ അടിമകള്‍ക്ക് ദൈവിക നീതിയുമായി എത്തിയ അവരെ തദ്ദേശീയരായ ജനങ്ങള്‍ സ്വാഗതം ചെയ്യുകയായിരുന്നു.

ഇസ്‌ലാം ലോകത്ത് പ്രചരിച്ചിട്ടുണ്ടെങ്കില്‍ മുസ്‌ലിംകളുടെ ധാര്‍മിക മൂല്യങ്ങള്‍ കൊണ്ടാണ്. വിശ്വാസത്തിന്റെ സത്യസന്ധതയും ധാര്‍മികതയും സല്‍പെരുമാറ്റവും മറ്റുള്ളവരോടുള്ള നീതിയുമാണവര്‍ മുസ്‌ലിംകളില്‍ ദര്‍ശിച്ചത്. ജേതാക്കളുടെ ധിക്കാരമോ ശക്തന്റെ അതിക്രമമോ ആയിരുന്നില്ല അവരില്‍ കണ്ടത്. തങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും നല്ലവരെയാണ് അവര്‍ക്ക് മുസ്‌ലിംകളില്‍ കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ അവരെ സ്‌നേഹിക്കുകയും അവര്‍ വിശ്വസിക്കുന്ന ദീനില്‍ പ്രവേശിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ലോകത്ത് ഇസ്‌ലാം വ്യാപിച്ചത്.
(1997 സെപ്റ്റംബര്‍ 19ന് ദോഹയിലെ ജാമിഅ് ഉമര്‍ ബിന്‍ ഖത്താബില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ നിന്നും)

വ്രതവിശുദ്ധിയിലൂടെ ശീലങ്ങള്‍ക്ക് വിട

വര്‍ത്തമാന കാലത്ത് ഏറ്റവും കൂടുതല്‍ ആസ്വാദകരുള്ളത് മത വിജ്ഞാന മജ്‌ലിസുകളിലും ആരോഗ്യ ബോധവത്കരണ സദസ്സുകളിലുമാണത്രെ. ഇത്തരം പരിപാടികളില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ പാലിക്കാതിരിക്കുക എന്ന കൗതുകകരമായ കാര്‍ക്കശ്യവും പ്രസിദ്ധമത്രെ.

ആരോഗ്യം എന്ന അനുഗ്രഹത്തെ കുറിച്ചുള്ള പ്രവാചകാധ്യാപനങ്ങളില്‍ അഭിമാനം കൊള്ളുകയും പ്രായോഗിക ജീവിതത്തില്‍ അത്തരം ശിക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ദുരവസ്ഥയും ഏറെ പ്രകടമാണ്. ആരോഗ്യകരമായ ജീവിത ശൈലിയുടെ അഭാവത്തില്‍ പടര്‍ന്നു പന്തലിക്കുന്ന മഹാരോഗം പേറുന്നവരില്‍ ഭൂരിപഭാഗവും, ”ആരോഗ്യമുള്ള വിശ്വാസിയുടെ മഹത്വം പഠിപ്പിക്കപ്പെടുന്ന” സമൂഹത്തിലാണ്. മാത്രമല്ല അനുഗ്രഹിച്ചനുവദിപ്പിക്കപ്പെട്ട സമ്പത്തില്‍ നല്ലൊരു ശതമാനവും ചെലവഴിക്കപ്പെടുന്നത് അതിനൂതന ചികിത്സാ രീതികളിലും ആതുരാലയങ്ങളിലുമാണ്.

രോഗ പ്രതിരോധത്തെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെടുന്നവര്‍ തങ്ങളുടേതായ കാഴ്ചപ്പടുകളില്‍ നിന്നു കൊണ്ടായിരിക്കും വിഷയങ്ങള്‍ അവതരിപ്പിക്കുക. ജീവിത ശൈലിയില്‍ വരുന്ന മാറ്റത്തോടെ സംഭവിക്കാന്‍ സാധ്യതയുള്ള ആരോഗ്യകരമായ സാഹചര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതിനേക്കാള്‍ സ്വാഭാവികമായും അതിനൂതന മരുന്നുകളും ചികിത്സാ രീതികളും പുതു പുത്തന്‍ ആതുരാലയങ്ങളും ഒക്കെയായിരിക്കും പ്രധാനമായും പരിഗണിക്കപ്പെടുക.സാമാന്യം അറിഞ്ഞിരിരിക്കേണ്ടതെന്നു ബോധ്യമുള്ള ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു.

100 ട്രില്യന്‍ കോശങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഒരു ജൈവ സംവിധാനമാണ് മനുഷ്യ ശരീരം. ഈ കോശങ്ങളാകട്ടെ നിരന്തരം പുതുക്കപ്പെടുന്നു. ഇന്നത്തെ ആഹാരമായിരിക്കും നാളത്തെ ശരീരം. നശിച്ചു കൊണ്ടിരിക്കുന്ന കോശത്തെ പരിപാലിക്കുകയും പരിചരിക്കുകയും ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന കോശത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുക എന്ന സൂത്രമാണ് പ്രകൃതി ജീവനത്തിന്റെ പ്രാഥമിക തത്വം. തലച്ചോറിലെ കോശങ്ങളൊഴികെയുള്ള സകല കോശങ്ങളും നിരന്തരം നശിക്കുകയും പുതിയത് രൂപപ്പെടുകയും ചെയ്യുന്നു. ത്വക്കിലെ കോശങ്ങള്‍ ജീവിക്കുന്നത് 30 ദിവസമാണെങ്കില്‍ രക്തത്തിലെ ചുവന്ന അണുക്കള്‍ 120 ദിവസം ജീവിക്കുന്നു. ഓരോ വര്‍ഷവും 5 ശതമാനം ഹൃദയ കോശങ്ങള്‍ മരിക്കുകയും പുതിയത് ജനിക്കുകയും ചെയ്യുന്നു. ആമാശയം ഓരോ 6 ദിവസം കൂടുന്തോറും പുതുക്കപ്പെടുന്നു. കോശങ്ങളുടെ ജനന മരണലീലകളില്‍ പ്രതിരോധവും പരിചരണവും അടങ്ങിയിരിക്കുന്നുവെന്ന് സാരം.

നിശ്ചിത കാല ഉപവാസം വഴി ശരീരത്തെ ശുദ്ധീകരിക്കുകയും ലളിതമായ ചില വ്യായാമമുറ നിത്യമാക്കുകയും ചെയ്താല്‍ മാറാത്ത ഒരു വ്യാധിയും ഇല്ല എന്നു തന്നെ പറയാനാകും. ഇതിന് ഉപോല്‍ബലകമായ അനുഭവങ്ങളും തെളിവുകളും ധാരാളം നിരത്താനാകും. വ്രത വിശുദ്ധിയുടെ കാലം ആരോഗ്യ സംരക്ഷണത്തെ സഹായിക്കും എന്നു വിശ്വസിക്കുന്നവര്‍ക്ക് ഉപവാസത്തിന്റെ മഹത്വം ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാകില്ല. പ്രവാചകചര്യ പോലെയുള്ള സമീകൃതാഹാര സ്വഭാവം വിശ്വാസികളിലും അവിശ്വാസികളിലും പ്രസിദ്ധമാണ്. അഥവാ മൂന്നിലൊന്ന് ഭക്ഷണം മൂന്നിലൊന്ന് വെള്ളം എന്നീ ക്രമത്തില്‍ ശീലിച്ചെടുക്കുകയും സന്ധ്യയോടു കൂടെ ഏറെ ലളിതമായ ആഹാരം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നതോടെ അത്ഭുതകരമാം വിധം ആരോഗ്യം പരിപാലിക്കാന്‍ സാധിച്ചേയ്ക്കും. ആസ്വാദ്യകരമായ ഉറക്കും ഉണര്‍വും ഇതുവഴി അനുവപ്പെടും. ആന്തരികാവയവങ്ങളിലെ പ്രകൃതിപരമായ പരിചരണ പ്രക്രിയകള്‍ ആയാസ രഹിതമായും ആരോഗ്യകരമായും പുര്‍ത്തീകരിക്കപ്പെടും. അക്ഷരാര്‍ഥത്തില്‍ ദൈവത്തെ സ്തുതിച്ച് ഉറക്കില്‍ നിന്നുണരാന്‍ ഈ ശീലും ശൈലിയും സഹായിക്കും.

റമദാന്‍ സമാഗതമാകുകയാണ്. ഇതുവരെയുള്ള ശീലങ്ങള്‍ക്ക് താല്‍ക്കാലിക വിട നല്‍കുന്ന കാലം. നാം അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പല ശീലങ്ങളേയും വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഈ വ്രത വിശുദ്ധിയുടെ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. ഈ വര്‍ഷത്തെ റമദാനിലൂടെ ശരീരവും മനസ്സും പൂര്‍ണ്ണാരോഗ്യത്തോടെ തിരിച്ചു പിടിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം.

നോമ്പു തുറയുടെ ആരോഗ്യപരമായ ശീലും ഭക്ഷണ ക്രമത്തിലെ ലാളിത്യവും പ്രതിഫലിപ്പിക്കാനെന്നവണ്ണം പഠിപ്പിക്കപ്പെട്ട പ്രവാചക വചനം പോലും കൃത്യമായി വായിച്ചെടുക്കാന്‍ ആരും മെനക്കെടുന്നില്ല. ഒരു ചീന്ത് കാരക്ക കൊണ്ട് പ്രതീകാത്മക തുറ നടത്തി കണ്ണടച്ചു പാലുകുടിക്കുകയാണ് സമൂഹം. വ്രതമെടുത്ത് ഒരു പ്രയാസവും ഇല്ലാത്തവര്‍ വ്രതമവസാനിപ്പിച്ച് പ്രയാസപ്പെടുന്ന അവസ്ഥ പാടില്ലാത്തതാകുന്നു. പ്രഭാതത്തോടടുത്ത് അത്താഴം കഴിക്കുന്നവര്‍ യഥാര്‍ത്തില്‍ ഒരു ഉച്ച ഭക്ഷണം മാത്രമാണ് പകലില്‍ ഒഴിവാക്കുന്നത്. ഈ ഒരു നേരത്തെ ഭക്ഷണത്തിന് പകരം വീട്ടാനെന്ന വിധത്തിലുള്ള ഭക്ഷണ ശീലം നോമ്പിന്റെ ആത്മാവിനെത്തന്നെ കെടുത്തിക്കളയും. വ്രത വിശുദ്ധിയിലൂടെ ആരോഗ്യമുള്ളവരാകാന്‍ ദൃഢ പ്രതിജ്ഞ ചെയ്യുക. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.index

ലുഖ്മാന്റെ ഉപദേശങ്ങള്‍

ഏകദൈവത്വം ഉപദേശിക്കുകയും മഹത്തും വ്യാപകവുമായ ദൈവിക കഴിവുകള്‍ വിശദീകരിക്കുകയും ചെയ്ത ശേഷം, ജ്ഞാനിയും കഴിവുറ്റവനും ഏകനുമായ തന്റെ നാഥനുമായുള്ള ബന്ധം സുദൃഢമാക്കാനും, നമസ്‌കാരം നിലനിറുത്തുക വഴി അത് നൈതികമാക്കാനും, ലുഖ്മാന്‍ മകനെ ക്ഷണിക്കുകയാണ്. നമസ്‌കാരം തന്നെയാണല്ലോ പ്രാര്‍ത്ഥന. നാഥനും അടിമയും തമ്മിലെ ബന്ധമാണത്. സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ, മുഖാമുഖത്തിന്റെ, സാമീപ്യത്തിന്റെ, ചോദ്യത്തിന്റെ, അപേക്ഷയുടെ, വേവലാതിയുടെ, സഹനത്തിന്റെ നിമിഷങ്ങളാണത്. സന്തോഷത്തിന്റെയും ശാന്തിയുടെയും സ്മരണയുടെയും നിമിഷങ്ങള്‍. ‘അറിഞ്ഞിരിക്കുവിന്‍! ദൈവ സ്മരണ കൊണ്ടേ ഹൃദയങ്ങള്‍ ശാന്തമാവുകയുള്ളു.’ (13: 28)

അത് വഴി, ഭയഭക്തിയും ഭയവും ജനസിദ്ധമാകുന്നു. അനുതാപമുണ്ടാകുന്നു. കരച്ചിലുണ്ടാകുന്നു. പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അവന്‍ പുറത്ത് വരുന്നു. ഇതോടെ, അവന്റെ വാക്ക്, പ്രവര്‍ത്തി, ചിന്ത, അടക്കം, അനക്കം എന്നിവയെല്ലാം ദൈവിക നിരീക്ഷണത്തിലായി തീരുന്നു. അങ്ങനെ അവന്‍ ഇഹ്‌സാന്‍ എന്ന പദവിയിലേക്കുയരുന്നു. അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന അവസ്ഥയാണല്ലോ അത്. തിരുമോനി(സ) അതിന്ന് എത്രമാത്രം പ്രാധാന്യം കല്പിച്ചുവെന്ന് താഴെ ഹദീസ് വിളിച്ചോതുന്നു. ‘കുട്ടികള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ നമസ്‌കരിക്കാന്‍ കല്പിക്കുക. പത്ത് വയസ്സാകുമ്പോള്‍ അതിന്റെ പേരില്‍ അവരെ പ്രഹരിക്കുക.’ (ജാമിഉസ്സ്വഹീഹ്)

അടിമയുടെ ജീവിതത്തിലുടനീളം മഹത്തായ സ്വാധീനം ചെലുത്തുന്നുവെന്നതിനാല്‍, അത് മതത്തിന്റെ സ്തംഭം തന്നെയാണ്. അല്ലാഹു പറയുന്നു: ‘നമസ്‌കാരം നിലനിര്‍ത്തുക. നിശ്ചയം, നമസ്‌കാരം മ്ലേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു (29 : 45) ലുഖ്മാന്റെ ഉപദേശം സകല നന്മയുടെയും അടിത്തറയായത് ഇത് കൊണ്ടത്രെ.

മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം (31 : 17) നമസ്‌കാരത്തിന്റെ സകല പരിധികളും പാലിച്ചുകൊണ്ട് പതിവാക്കുകയും, വ്യവസ്ഥാപിത രൂപത്തില്‍, കൃത്യ സമയങ്ങളില്‍ നിര്‍വഹിക്കുകയും ചെയ്യുന്നതിന്നാണ് മുറപ്രകാരം നില നിറുത്തുകയെന്നതിന്റെ വിവക്ഷ.

സകല നന്മയുടെയും അസ്തിവാരമണ് നമസ്‌കാരം. ഭയഭക്തിയോടും വിനയത്തോടും നമസ്‌കാര സ്ഥലത്ത് പ്രവേശിക്കുകയും, താന്‍ തന്റെ യജമാനന്റെ മുമ്പിലാണെന്നും അവന്റെ നിരീക്ഷണത്തിലാണെന്നും ഓര്‍ക്കുകയും ചെയ്യുന്ന ഒരാള്‍, അതിനാല്‍ തന്നെ, വിനീതനായി തീരുന്നു. ആത്മാവ് മെച്ചപ്പെട്ടവനായി തീരുന്നു. ഭയഭക്തി നിറഞ്ഞവനാകുന്നു. മറ്റൊരു നമസ്‌കാരമാകുന്നത് വരെ, ഈ വികാരം അയാളില്‍ വിജ്രംബിതമായി തീരുന്നു. അപ്പോഴും, അതിമഹത്തായ ഒരു മാനസികാവസ്ഥയിലേക്ക് മടങ്ങുകയാണല്ലോ അയാള്‍. ഇങ്ങനെയായിരിക്കണം ഒരു മുസ്‌ലിമിന്റെ നമസ്‌കാരം.

അബുല്‍ ആലിയ പറയുന്നു: ‘നമസ്‌കാരത്തില്‍ മൂന്നു കാര്യങ്ങളുണ്ട്. അവയില്ലാത്ത നമസ്‌കാരമില്ല. ആത്മാര്‍ത്ഥത, ഭയഭക്തി, ദൈവസ്മരണ എന്നിവയാണത്.’

ആത്മാര്‍ത്ഥത അയാളോട് നന്മ കല്‍പിക്കുന്നു. ഭയഭക്തിയാകട്ടെ നിഷിദ്ധങ്ങളില്‍ നിന്ന് തടയുന്നു. ദൈവ സ്മരണ ആജ്ഞാ നിരോധങ്ങള്‍ നടത്തുകയും ചെയ്യുന്നു. നമസ്‌കാരം ദൈവധിക്കാരത്തിന്റെ അന്ത്യവും തടയലും ഉള്‍ക്കൊള്ളുന്നുവെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞത് ഇത് കൊണ്ടത്രെ.

കൂടുതല്‍ നമസ്‌കരിക്കുന്നവനാണെന്ന് ഒരാളെ കുറിച്ച് പറഞ്ഞപ്പോള്‍, നമസ്‌കാരത്തെ അല്ലാഹു വിന്ന് അധീനപ്പെടുത്തിയെങ്കിലേ അതിന്റെ ഫലം ലഭിക്കുകയുള്ളുവെന്നാണ് അബ്ദ്ല്ലാ ബിന്‍ മസ്ഊദ് പറഞ്ഞത്. അതിനെ അല്ലാഹുവിന്ന് അധീനപ്പെടുത്താത്തവന്ന് നമസ്‌കാരമില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അല്ലാഹുവിന്ന് അധീനപ്പെടുത്തുക എന്നാല്‍, മ്ലേച്ഛതകളില്‍ നിന്നും നിഷിദ്ധങ്ങളില്‍ നിന്നും തടയുക എന്നര്‍ത്ഥം.

സംസ്‌കാരവും സംസ്‌കരണവും

‘ധര്‍മം കല്‍പിക്കേണം, അധര്‍മം വിലക്കേണം.’ (31: 17)

യജമാനന്റെ മുമ്പില്‍, ഭീതിയടെയും പ്രതീക്ഷയുടെയും ഇരു ചിറകുകള്‍ക്കിടയില്‍ മാറി മറിഞ്ഞുകൊണ്ട് നമസ്‌കരിച്ചു നില്‍ക്കുന്ന ദാസന്‍, ദൈവധിക്കാരികളോടുള്ള കാരുണ്യത്തിലേക്കും, അവരെ സംസ്‌കരിച്ചെടുത്തുകൊണ്ട്, ഭൗതിക ലോകത്ത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആസ്വദ്യതയായ ദൈവ സാമീപ്യവും ദൈവത്തോടുള്ള മുഖാമുഖവും അവരെ ആസ്വദിപ്പിക്കാനുള്ള അദമ്യമായ ആഗ്രഹത്തിലേക്കും നയിക്കപ്പെടും. ചുറ്റുപാടുകളില്‍ നിന്ന് നിഷിദ്ധങ്ങള്‍ മാറ്റാനും തദ്ഫലമായുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളില്‍ സഹനം കൈകൊള്ളാനും അയാള്‍ ശ്രമിക്കും. നിഷിദ്ധം കണ്ടവര്‍ കൈകൊണ്ട് അത് മാറ്റണമെന്നും, അതിന്നു കഴിഞ്ഞില്ലെങ്കില്‍ നാവു കൊണ്ടും, അതിന്നും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ടും മാറ്റണമെന്നും അവസാനം പറഞ്ഞത് വിശ്വാസത്തില്‍ ഏറ്റവും ദുര്‍ബ്ബലമാണെന്നും നബി(സ) പറഞ്ഞിരിക്കുന്നുവല്ലോ. (മുസ്‌ലിം)

അല്ലാഹുവെ ഓര്‍ത്തുകൊണ്ട്, അവന്റെ മുമ്പില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഇക്കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. തന്റെ പരമാവധി കഴിവുപയോഗിച്ചു അതിനെ മാറ്റുവാന്‍ അയാള്‍ ബാധ്യസ്ഥനാണ്. തന്മൂലം, അതിലും വലിയ നിഷിദ്ധം വന്നുകൂടരുതെന്നു മാത്രം. ആത്മസംസ്‌കരണം നടത്താനും മറ്റുള്ളവരെ സംസ്‌കരിക്കാന്‍ ശ്രമിക്കാനും ലുഖ്മാന്‍ പുത്രനെ ഉപദേശിച്ചിരുന്നു. അദ്ദേഹം പറയുകയാണ്:

‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം.’ (31: 17) മറ്റുള്ളവരെ സംസ്‌കരിക്കുക വിശ്വാസികളുടെ പതിവാണ്. പക്ഷെ, സ്വയം സംസ്‌കരിച്ചെങ്കിലേ അത് സാധ്യമാവുകയുള്ളു. അതിന്നു ശേഷം കുടുംബത്തെ, പിന്നെ സമൂഹത്തെ, സംസ്‌കരിക്കണം.

പ്രബോധനത്തിലെ മഹത്തായ ഒരിനം

സംസ്‌കരണം പ്രബോധനത്തിന്റെ ഒരു മഹത്തായ ഇനമാണ്. അത് പല തരമുണ്ട്. നിഷിദ്ധം കണ്ടാല്‍ മനസാ വെറുക്കുകയാണ് അതിലേറ്റവും താഴ്ന്നത്.
‘അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല.’ എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്.

ഇക്കാര്യത്തില്‍, ആളുകള്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരിക്കും. പണ്ഡിതന്ന് നിര്‍ബന്ധമായത് സാധാരണക്കാരന്ന് നിര്‍ബന്ധമായിക്കൊള്ളണമെന്നില്ല. സാധാരണക്കാരന്റേതിനേക്കാള്‍ വലുതായിരിക്കും ഭരണാധികാരിയുടെ ബാധ്യത. ഉത്തരവാതിത്തമനുസരിച്ച് ബാധ്യതയിലും വ്യത്യാസമുണ്ടായിരിക്കും.

രോഗം പോലുള്ള ആപത്തുകള്‍ക്ക് പരാജിതനായി കീഴടങ്ങുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അതിന്നുള്ള ഔഷധം കൈവശമുണ്ടായിരിക്കെ പ്രത്യേകിച്ചും. പ്രബോധനത്തിന്റെ കാര്യവും തഥൈവ. അല്ലാഹു പറയുന്നു: ‘പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക.’ (31: 125)

അല്ലാഹുവിന്റെ ദാസരെ അങ്ങേയറ്റം ഇഷടപ്പെടുകയും, അവരുടെ പാപ വ്രണങ്ങളെ കാരുണ്യം കൊണ്ട് തടവുകയും, രോഗങ്ങളെ സഹനം കൊണ്ട് ചികിത്സിക്കുകയും ചെയ്യുന്ന ഹൃദ്രോഗ വിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ഇതാവശ്യമത്രെ. പാരുഷ്യമില്ലാതെ, മൃദുവായി അവരെ ക്ഷണിക്കണം. ഫറവോന്റെയടുക്കലേക്കയച്ചപ്പോള്‍, മൂസയോടും ഹാറൂനോടും അല്ലാഹു കല്‍പിച്ചു:
‘ഇരുവരും ഫറവോന്റെ അടുക്കലേക്കു പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കേണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തെങ്കിലോ!’ (20: 44)

ഇനി, ചില ഹൃദയങ്ങള്‍, ഈ ഉപദേശങ്ങള്‍ തള്ളിക്കളയുകയും ചികിത്സ നിരസിക്കുകയും ചെയ്തുവെന്നിരിക്കട്ട, സാരമില്ല. ‘നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.’ (31: 17)

ഇനി, അവര്‍ പീഡിപ്പിക്കുന്നുവെങ്കില്‍ അസ്വസ്ഥനാകരുത്. വിഷമങ്ങളില്‍ സഹനം കൈകൊള്ളുക യഥാര്‍ത്ഥ വിശ്വാസത്തില്‍ പെടുന്നു. നമസ്‌കാരം നിലനിറുത്തുക, സദ്കര്‍മോപദേശം, ദുഷ്‌കര്‍മ നിരോധനം നടത്തുക എന്നിവ ദൈവികമായ ഉദ്ദേശ്യങ്ങളിലും കല്‍പനകളിലും വിജയമാര്‍ഗത്തില്‍ പ്രവേശിക്കുന്നവരുടെ ഉറച്ച കാര്യങ്ങളിലും ഉള്‍പ്പെട്ടതാണ്.

ജന നന്മയിലുള്ള താല്‍പര്യം

നീ ആളുകളില്‍നി്ന്ന് മുഖംതിരിച്ചു സംസാരിക്കരുത്. (31: 18) തന്റെ നാഥനുമായി സുദൃഢ ബന്ധവും, നാട്ടില്‍ സ്വാധീനവുമുള്ള, ജനന്മയാഗ്രഹിച്ചു സദ്കര്‍മോപദേശം, ദുഷ്‌കര്‍മ നിരോധനം എന്നിവ നടത്തുന്ന ഒരാള്‍ വിനയാന്വിതനും സൗമ്യനും ആയിത്തീരുക തന്നെ ചെയ്യും. സഹജീവികളോട് അഹങ്കരിക്കുകയോ അഹന്ത കാണിക്കുകയോ ചെയ്യില്ല. ഇതെല്ലാം, ജനങ്ങളുമായുള്ള ഉത്തമ സഹവാസത്തില്‍ പെട്ടവയാണ്. അതിനാല്‍ തന്നെ, പുത്രനോടുള്ള ഉപദേശത്തില്‍, ലുഖ്മാന്‍ ഈ വശം വിട്ടു കളഞ്ഞില്ല. അദ്ദേഹം പറയുകയാണ്:

‘നീ ആളുകളില്‍നി്ന്ന് മുഖംതിരിച്ചു സംസാരിക്കരുത്. (31: 18) ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഉത്തമമായൊരു സ്വഭാവമത്രെ ഇത്. അതെ, അഹങ്കാരം നിമിത്തം, ജനങ്ങളില്‍ നിന്ന് നീ മുഖം തിരിച്ചു കളയരുത്. ഒരാളെ കുറിച്ച് നിന്നോടു പറയുമ്പോള്‍, അയാളെ നിസ്സാരനാക്കും വിധം തിരിഞ്ഞു കളയരുത്. അവര്‍ നിന്നോടോ, നീ അവരോടോ സംസാരിക്കുമ്പോള്‍, അവരെ നിസ്സാരമായി കണക്കാക്കരുത്. പ്രത്യുത, സൗഹാര്‍ദ്ദ ഭാവത്തില്‍, വിനയത്തോടെയാണവരെ അഭിമുഖീകരിക്കേണ്ടത്. അവരില്‍ ഏറ്റവും ചെറിയവന്‍ സംസാരിക്കുമ്പോള്‍, സംസാരം പൂര്‍ത്തിയാകുന്നത് വരെ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള സ്വഭാവം മുറുകെ പിടിക്കുക വഴി, ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവഹിച്ച വസ്തുത അനിഷേധ്യമാണല്ലോ. ഉത്തമ സംസ്‌കാരത്തിന്റെ പൂര്‍ത്തീകരണത്തിന്നു വേണ്ടി മാത്രമാണ് താന്‍ നിയുക്തനായിരിക്കുന്നതെന്നാണല്ലോ, പ്രവാചകന്‍(സ) അരുളിയിരിക്കുന്നത്.(ജാമിഉസ്സഗീര്‍) ‘ഒരു നന്മയെയും നിസ്സാരമായി കാണരുത്, പ്രസന്നവദനനായി സ്വസഹോദരനെ കാണുന്നത് പോലും’ (മുസ്‌ലിം) എന്ന് പ്രവാചകന്‍(സ) പറഞ്ഞത് അത് കൊണ്ടാണ്. ‘സഹോരനോടുള്ള നിന്റെ പുഞ്ചിരി പോലും ധര്‍മമാ’ണെന്നാണ് അവിടുന്ന് പ്രസ്താവിച്ചത്. മടങ്ങി വരേണ്ട പവിത്രവും സുന്ദരവുമായ മൂല്യങ്ങള്‍!

അഹങ്കാരത്തിന്റെ ഭവിഷ്യത്ത്04-1436005964-kakka-muttai

‘ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്.'(31: 18) അഹങ്കാരത്തിന്റെ ഭവിഷ്യത്തുകളും അടയാളങ്ങളും വിവരിച്ചു കൊണ്ട് ലുഖ്മാന്‍ പറയുകയാണ്: പെരുമയും അഹങ്കാരവും നടിച്ചു നടക്കരുതെന്നര്‍ത്ഥം.

‘അഹന്ത കാണിക്കുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല'(31: 18)

ദാതാവിനോട് കൃതജ്ഞത പ്രകാശിപ്പിക്കാതെ, കിട്ടിയത് എണ്ണിപ്പറഞ്ഞു നടക്കുന്നവനാണ് മൂലവാക്യത്തിലെ ‘ഫഖൂര്‍’. തറവാട്, സ്ഥാനമാനങ്ങള്‍, സമ്പത്ത്, ജോലി, വസ്ത്രം, സൗന്ദര്യം എന്നിത്യാദി കാര്യങ്ങളില്‍ ഇതുണ്ടാകാം.

നബി(സ) പറഞ്ഞു: ‘അഹങ്കാരത്തോടെ, വസ്ത്രം നിലത്തിട്ട് വലിക്കുന്നവനെ, അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.’ (ബുഖാരി)

അവിടുന്ന് പറഞ്ഞു: ‘നിങ്ങളെല്ലാം ആദമിന്റെ മക്കള്‍! ആദമാകട്ടെ, സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നും! പൂര്‍വികരുടെ പേരില്‍ അഭിമാനം കൊള്ളുന്നത് നിറുത്തണം. അല്ലെങ്കില്‍, അല്ലാഹുവിന്റെ വീക്ഷണത്തില്‍ കരിവണ്ടിനേക്കാള്‍ അധമരായിരിക്കും അവര്‍.’

നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ, മിതമായി നടക്കുകയെന്നര്‍ത്ഥം.

‘നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദം തന്നെ.'(31: 19)

അപ്പോള്‍, ആവശ്യത്തിലധികം ശബ്ദമുയര്‍ത്തുന്നത് പീഢനമാണ്. ‘അരോചകമായ ശബ്ദം കഴുതയുടെ ശബ്ദം തന്നെ.'(31: 19)’ അത് ഏറ്റവും വിരസവും ചീത്തയുമാണല്ലോ.

ആളുകളെ നിസ്സാരമാക്കുക എന്ന നിലയിലോ, അല്ലെങ്കില്‍ മൊത്തത്തില്‍ തന്നെയോ, ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് ഒഴിവാക്കണമാന്നാണ് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.

അങ്ങേയറ്റത്തെ ആക്ഷേപാര്‍ഹമായി ഉപമിക്കപ്പെടുന്ന ഒന്നാണല്ലോ കഴുത. അതിന്റെ ശബ്ദവും തഥൈവ. ശബ്ദമാണ് പേടിക്ക് ആധാരമെങ്കില്‍, കഴുതയെയാണ് ഏറ്റവും പേടിക്കേണ്ടത്. ‘കഴുതയുടെ ശബ്ദം കേട്ടാല്‍, പിശാചില്‍ നിന്നും ശരണം തേടണമെന്നും കാരണം, അത് പിശാചിനെ കണ്ടിരിക്കുന്നു’വെന്നും തിരുമേനി(സ) കല്‍പിച്ചത് ഇത് കൊണ്ടത്രെ.

മകനെ, ഒരു സദസ്സില്‍ ചെന്നാല്‍, ആദ്യമായി, അവര്‍ക്ക് അഭിവാദ്യം – സലാം – പറയുക; പിന്നെ, അവരോടൊപ്പം ഇരിക്കുക; അവര്‍ സംസാരിക്കുന്നത് കണ്ടാല്‍ മാത്രം സംസാരിക്കുക; അവര്‍ ദൈവസ്മരണയില്‍ പ്രവേശിക്കുകയാണെങ്കില്‍, അവരോട് പങ്കു ചേരുക; മറ്റു കാര്യങ്ങളിലാണ് പ്രവേശിക്കുന്നതെങ്കില്‍ മാറിപ്പോവുക.

വിവ : കെ.എ. ഖാദര്‍ ഫൈസി

ഒഴുക്കിനൊപ്പം നീന്തേണ്ടവരല്ല നാം

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വാതന്ത്ര്യം. പൊതുവില്‍ സ്വാതന്ത്ര്യം എന്നതിന് വിമോചനം എന്നാണ് അര്‍ത്ഥം. ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി എന്നു പറയുമ്പോള്‍ ബ്രിട്ടീഷുകാരന്റെ എല്ലാ അടിമത്തത്തില്‍ നിന്നും ഇന്ത്യ മോചിതമായി എന്നാണ് അതിന്റെ പ്രത്യക്ഷ വായന. എന്നാല്‍ അല്ലാഹു മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കി എന്നു പറയുമ്പോള്‍ അവന്റെ എല്ലാ അടിമത്തത്തില്‍ നിന്നും മനുഷ്യര്‍ക്ക് മോചനം നല്‍കി എന്നല്ല. മറിച്ച് അല്ലാഹു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ അല്ലാഹു തന്നെ നല്‍കിയിരിക്കുന്ന സാന്‍മാര്‍ഗിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുക എന്നതാണ്. ഇത്തരത്തില്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം തന്നെ അവനോടുള്ള അടിമത്തമാണെന്ന് കാണാം.

മനുഷ്യന് അല്ലാഹു അറിവും വിവേചനവും നല്‍കിയിരിക്കുന്നു. അവന് സ്വാതന്ത്ര്യവും ഈ പ്രപഞ്ചത്തിലെ സവിശേഷ സ്ഥാനവും അവന് വകവെച്ച് നല്‍കിയിരിക്കുന്നു. ഇതരസൃഷ്ടികളില്‍ നിന്ന് ഇത്രയധികം വ്യത്യസ്തനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതത്തിന് ഒരു ലക്ഷ്യബോധമുണ്ടായിരിക്കണമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കുകയും ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന ഘടകം.

എന്നാല്‍ വര്‍ത്തമാന കാലത്തിലെ മനുഷ്യനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ വൈരുദ്ധ്യം അവന് ലക്ഷ്യബോധമില്ലെന്നുള്ളതാണ്. ആറ്റിലകപ്പെട്ട ചപ്പുചവറുകള്‍ കണക്കെയും കാറ്റിലകപ്പെട്ട കരിയിലകള്‍ കണക്കെയും അവന്‍ അലക്ഷ്യമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ തന്നെയും അവരുടെ ലക്ഷ്യങ്ങള്‍ വളരെ പരിമിതമാണ്. മാത്രമല്ല അത് ഐഹിക കേന്ദ്രീകൃതവുമാണ്. പലപ്പോഴും പരിമിതമായിട്ടുള്ള ആ ഐഹിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മനുഷ്യന്‍ തന്റെ ജീവിതം തന്നെ കുരുതി കൊടുക്കുന്നതാണ് നാം കാണുന്നത്. മുസ്‌ലിം സമൂഹത്തിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് പൊതുവായ ഒരു ജീവിതലക്ഷ്യമില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ ലക്ഷ്യമായി അവര്‍ മാറ്റപ്പെടുകയും ചെയ്യുന്നു എന്നതാണ് സമകാലിക മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം.

ഖുര്‍ആനിക കാഴ്ച്ചപാടനുസരിച്ച് ഒരു വിശ്വാസിക്ക് രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരിക്കേണ്ടത്. അതില്‍ ഒന്ന് ഐഹികമാണെങ്കില്‍ മറ്റൊന്ന് പാരത്രികമാണ്. അല്ലാഹു നല്‍കിയ ജീവിതദര്‍ശനമനുസരിച്ച് ജീവിക്കുമ്പോള്‍ വിശ്വാസിക്ക് ലഭിക്കുന്ന സമാധാനം ഈ ലോകത്തുടനീളം സംസ്ഥാപിക്കുക എന്നതാണ് ഐഹികമായ ലക്ഷ്യം. ദൈവിക ദീനിന്റെ സംസ്ഥാപനം എന്ന് നമുക്കതിനെ വിളിക്കാവുന്നതാണ്. ഐഹികമായ ഈ ലക്ഷ്യത്തിന്റെ പ്രത്യേകതയാണ് വളരെ വിദൂരമായ ലക്ഷ്യമാണതെന്നുള്ളത്. അതിന് നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വന്നേക്കും. എന്നാല്‍ അതിന് വേണ്ടി പണിയെടുക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അതില്‍ ഒപ്പമുള്ളവരുടെ അംഗസംഖ്യ കുറവാണെന്നതോ, അതില്‍ നമ്മെ കാത്തിരിക്കുന്നത് വിജയമാണോ പരാജയമാണോ എന്നതൊന്നും പ്രസക്തമല്ല. അങ്ങനെയൊരു പ്രസക്തിയുണ്ടായിരുന്നുവെങ്കില്‍ നീണ്ടു നിന്ന ആത്മത്യാഗത്തിന്റെ പ്രതീകമായി ഖുര്‍ആന്‍ നൂഹ് നബി(അ) നമുക്ക് പരിചയപ്പെടുത്തി തരുമായിരുന്നില്ല.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്യന്തികമായ അവന്റെ ജീവിതലക്ഷ്യം പാരത്രികമായ വിജയമാണ്. സ്വര്‍ഗമാകുന്ന ആ ലക്ഷ്യം വളരെ സമീപസ്ഥമാണെന്നതാണ് അതിന്റെ പ്രത്യേകത. മരണപ്പെടുന്നതോട് കൂടി തന്നെ അതിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുമെന്നതിനാലാണത്. എന്നാല്‍ സമീപസ്ഥമാണെന്നതോടൊപ്പം തന്നെ ആശങ്കാത്മകവുമാണത്. ദീര്‍ഘകാലം അനിസ്‌ലാമിക രീതിയില്‍ ജീവിതം നയിച്ച് മരണപ്പെടുന്നത് മുസ്‌ലിമായിട്ടാണെങ്കില്‍ അവന് സ്വര്‍ഗം ലഭിക്കുന്നു. അപ്രകാരം ജീവിതത്തിലുടനീളം ഇസ്‌ലാമിന് വേണ്ടി സമര്‍പ്പിച്ച് മരണപ്പെടുന്നത് അനിസ്‌ലാമിക മാര്‍ഗത്തിലാണെങ്കില്‍ അവന് സ്വര്‍ഗം ചുണ്ടിനും കപ്പിനുമിടയില്‍ വെച്ച് നഷ്ടമാകുകയാണ്. അതിനെല്ലാം കാരണം മനുഷ്യന്റെ ഹൃദയമാണ്. ചിലപ്പോള്‍ ആര്‍ത്തിരമ്പുന്ന കടല്‍ പോലെ പ്രക്ഷുബ്ദമായിരിക്കുമത്. മറ്റുചിലപ്പോള്‍ തിരയൊഴിഞ്ഞ കടല്‍ പോലെ പ്രശാന്തവും. നന്മ തിന്മകള്‍ക്കിടയില്‍ സഞ്ചരിക്കാനുള്ള ശേഷിയുള്ളതാണ് മനുഷ്യഹൃദയം. മരത്തില്‍ കെട്ടിതൂക്കിയിരിക്കുന്ന തൂവലിനോടാണ് ഒരിക്കല്‍ പ്രവാചകന്‍(സ) ഹൃദയത്തെ ഉപമിച്ചിട്ടുള്ളതെന്ന് കാണാം.

മനുഷ്യന് രണ്ട് പാതകള്‍ നാം കാണിച്ചു കൊടുത്തു എന്ന് അല്ലാഹു പറയുന്നുണ്ട്. ആ രണ്ട് പാതയിലൂടെയും സഞ്ചരിക്കാനുള്ള ശേഷിയും അല്ലാഹു ഹൃദയത്തിന് നല്‍കിയിട്ടുണ്ട്. ആത്മാവിന്റെ വിളിക്കുത്തരം ചെയ്ത് ഒരാള്‍ക്ക് സഞ്ചരിക്കാമെന്നത് പോലെ തന്നെ ശരീരത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ചും സഞ്ചരിക്കാം. മനുഷ്യനെ സൃഷ്ടിക്കാനുപയോഗിച്ച മണ്ണിനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് അത് കറുത്തതും ചൂരടിക്കുന്നതുമാണെന്നാണ്. ഭൗമപദാര്‍ത്ഥങ്ങള്‍ കൂടിചേര്‍ന്ന് ചീഞ്ഞളിയുമ്പോഴാണ് മണ്ണ് കറുത്തതും ചൂരടിക്കുന്നതുമായി മാറുന്നത്. അതേ മണ്ണില്‍ നിന്നാണ് അല്ലാഹു കീടങ്ങളെ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ കേവലം ഒരു കീടമല്ല. അല്ലാഹു അവന്റെ ആത്മാവില്‍ നിന്നുള്ള അംശം അതിലേക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു എന്നും ഖുര്‍ആന്‍ വിവരിക്കുന്നു. ഇങ്ങനെയുള്ള രണ്ട് ഘടകങ്ങളും മേളിക്കുന്നതാണ് മനുഷ്യന്‍. സ്വാഭാവികമായും മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ശരീരം മനുഷ്യനെ നശ്വരമായ മണ്ണിലെ വിഭവങ്ങളിലേക്ക് വലിച്ചു താഴ്ത്തികൊണ്ടിരിക്കും. എന്നാല്‍ അവനില്‍ തന്നെയുള്ള ആത്മാവ് സ്വപ്‌നം കാണുന്നത് അന്വശ്വരമായ സ്വര്‍ഗീയ ജീവിതമാണ്. അത്തരമൊരു ആകാശാരോഹണത്തിന് മനുഷ്യനെയത് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. മനുഷ്യന്റെ ആത്മാവും ശരീരവും തമ്മിലുള്ള ഒരു വടംവലിയാണ് അവന്റെ ജീവിതം. ആത്മാവിനെയും ശരീരത്തെയും സംഗീത സാന്ദ്രമായി സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ സാധിച്ചവന്‍ വിജയിച്ചു. അല്ലാത്തവന്‍ പരാജയപ്പെടുകയും ചെയ്തു. സ്വന്തത്തെ സംസ്‌കരിച്ചവന്‍ വിജയിക്കുകയും അതിനെ അവഗണിച്ചവന്‍ പരാജയപ്പെടുകയും ചെയ്തു എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

മനുഷ്യനെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ദൗത്യം പ്രയാസമുള്ളതാണ്. അതിനാലാണ് മറ്റ് സൃഷ്ടികള്‍ അതേറ്റെടുക്കാന്‍ വിസമ്മതിച്ചത്. അല്ലാഹു പറയുന്നു: (അല്‍-അഹ്‌സാബ്: 72)
കാലഘട്ടത്തെയും സാഹചര്യത്തെയും പഴിചാരി കൊണ്ടുള്ള അഴകൊഴമ്പന്‍ നിലപാടാണ് പലപ്പോഴും നാം സ്വീകരിക്കാറുള്ളത്. എന്നാല്‍ നമ്മുടെ ചുറ്റുപാടും സാഹചര്യവും നമ്മുടെ തന്നെ ചെയ്തികളും സംസാരവും സംസ്‌കാരവുമാണ്. അതുകൊണ്ട് ചുറ്റുപാട് മലീമസമാണ്, സാഹചര്യം പ്രതികൂലമാണ് എന്നൊക്കെ ന്യായം കണ്ടെത്തി ഈ കാലഘട്ടത്തില്‍ ഇങ്ങനെ ജീവിക്കാനേ സാധിക്കൂ എന്ന നിലപാടിലാണ് നാം മുന്നോട്ടു പോകുന്നതെങ്കില്‍ നിലവിലുള്ള സാഹചര്യത്തെ നിലനിര്‍ത്താനും പുനരുല്‍പാദിപ്പിക്കാനുമാണ് നാം ശ്രമിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും പുതിയ പാതകള്‍ വെട്ടിത്തെളിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്.

അല്ലാഹു നമ്മെ ക്ഷണിക്കുന്നത് വിജയത്തിന്റെ പാരമ്യത്തിലേക്കാണെന്നും പിശാച് ക്ഷണിക്കുന്നത് അധര്‍മത്തിന്റെ പാതാളത്തിലേക്കാണെന്നതും കൃത്യമായി തിരിച്ചറിവുള്ള സമൂഹമാണ് നമ്മള്‍. എന്നിട്ടും നാം പലപ്പോഴും തെരെഞ്ഞെടുക്കുന്നത് പൈശാചിക പാതകളാണ്. സ്വേച്ഛകള്‍ക്കനുസരിച്ചുള്ള ജീവിതമാണ് നാം നയിക്കുന്നത് എന്നതാണതിന് കാരണം. ആ സ്വേച്ഛകളുടെ നിയന്ത്രണമാണ് റമദാന്‍ മാസം മുന്നോട്ടു വെക്കുന്നത്. മാറണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ കഴിയുന്നില്ല എന്ന് പലരും സങ്കടം പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ നോമ്പെടുക്കുന്നവരാണെങ്കില്‍ ആ സങ്കടം പറച്ചിലിന് യാതൊരുവിധ പ്രസക്തിയുമില്ല. എന്തും ഒഴിവാക്കാനാകും എന്ന പരിശീലനമാണ് നോമ്പിലൂടെ ലഭിക്കുന്നത്. നോമ്പിലൂടെ ലക്ഷ്യമാക്കുന്ന ആത്മാവിന്റെ സംസ്‌കരണം മുന്നില്‍ കണ്ട് അതിനനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പിശാചിന്റെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വളരെയധികം മാര്‍ക്കറ്റുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പിശാചും ഈ കമ്പോള വിജയത്തില്‍ സന്തുഷ്ടനാണ്. എന്നാല്‍ പിശാചും നിരാശനാകുന്ന ചില ഘട്ടങ്ങളുണ്ടാവാറുണ്ട്. അത്തരമൊരു ഘട്ടമാണ് ആത്മീയ നിര്‍ഭരമായ റമദാനിലെ സന്ദര്‍ഭം. അവന്റെ അസ്വസ്ഥകളെയും നിരാശയെയും സ്ഥായിയായി നിലനിര്‍ത്താന്‍ കഴിയുമ്പോഴാണ് നമ്മുടെ റമദാന്‍ സാര്‍ഥകമായി തീരുന്നത്.

മുസ്‌ലിം ഐക്യം പുതുവായനകള്‍ തേടുന്നു

ഡോ. അലി അല്‍-ഖറദാഗി
MUSLIM-UNITY-slider
വിശുദ്ധ ഖുര്‍ആനില്‍ ആദ്യം അവതീര്‍ണമായ സൂക്തം വിജ്ഞാനത്തെക്കുറിച്ചും വായനയെക്കുറിച്ചും ആയിരുന്നു എന്നറിയുമ്പോള്‍ മനുഷ്യന്‍ അല്‍ഭുതപ്പെടും. ഹിറാ ഗുഹയില്‍ ചിന്താമഗ്നനായിരുന്ന പ്രവാചകന്‍(സ)ക്ക് അല്ലാഹുവിന്റെ അടിമത്തത്തെക്കുറിച്ചും യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ചും നമസ്‌കാരത്തെക്കുറിച്ചും തഹജ്ജുദിനെക്കുറിച്ചുമുള്ള വിജ്ഞാനമാണ് ഏറ്റവും ആവശ്യമായിരുന്നത്. എന്നാല്‍ വളരെ അത്യാവശ്യമായിരുന്നിട്ടും അവ നല്‍കുന്നതിന് പകരം അതിന്റെയെല്ലാം താക്കോല്‍ നല്‍കുകയാണ് ജിബ്‌രീല്‍ ചെയ്തത്. കൂടുതല്‍ ചിന്തക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണിത്.

ഈ സൂക്തം മുന്നില്‍ വെച്ച് ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെയും ബലഹീനതയെയും കുറിച്ച് ചിന്തിച്ചാല്‍ അതിന് പിന്നിലെ രഹസ്യം വ്യക്തമാകും. അജ്ഞതക്കും പിന്നോക്കാവസ്ഥക്കും ശേഷം പുരോഗതി പ്രാപിച്ച സമൂഹങ്ങളുമായി ഇസ്‌ലാമിക സമൂഹത്തെ താരതമ്യം ചെയ്താല്‍ അത് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ആദര്‍ശത്തിന്റെ താക്കോലാണ് വിജ്ഞാനം എന്നാണിത് വ്യക്തമാക്കുന്നത്. അറിവില്ലാത്ത വിശ്വാസത്തിന് വലിയൊരളവോളം മൂല്യമില്ല. അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുമ്പോള്‍ പ്രസ്തുത വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ കൂടി അയാളുടെ പക്കല്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്. പരമ്പരാഗതമായി കൈമാറി കിട്ടിയ ആദര്‍ശകാര്യങ്ങളും അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹു സ്വീകരിക്കില്ല. അല്ലാഹുവിലുള്ള വിശ്വാസം പോലെ തന്നെ നമസ്‌കാരം, നോമ്പ്, ഹജ്ജ് പോലുള്ള മറ്റു വിശ്വാസകാര്യങ്ങള്‍, ഇടപാടുകള്‍ ഹലാല്‍ ഹറാമുകള്‍ മുതലായ എല്ലാ കാര്യങ്ങളിലും വിശ്വാസി വിശദമായ വായനയും പഠനവും നടത്തേണ്ടുതണ്ട്. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കണം.

നിലവിലെ ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്കും ഭിന്നിപ്പിനും വിഘടനവാദങ്ങള്‍ക്കുമെല്ലാം കാരണം അജ്ഞതയാണ്. ഇവിടെ അജ്ഞത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അക്ഷരജ്ഞാനമില്ല എന്നതല്ല. ഇന്ന് ഇസ്‌ലാമിക സമൂഹം ജീവിക്കുന്ന പലയിടങ്ങളിലും അവരുടെ സാക്ഷരതാ നിരക്ക് 50 ശതമാനം മുതല്‍ 70 ശതമാനം വരെയാണ്. അതുപോലെത്തന്നെ നിരക്ഷരതാ ശതമാനം 10 മുതല്‍ 20 വരെയുമാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വായനയെയും എഴുത്തിനെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അത് കേവല എഴുത്തോ വായനയോ അല്ല. മറിച്ച് വിശാലാര്‍ത്ഥത്തിലുള്ള വായനയെക്കുറിച്ചാണ് അല്ലാഹുപറയുന്നത്. അവതാനതയോട് കൂടിയ വായനയാണ് വായന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അറബി വ്യാകരണ നിയമപ്രകാരം ഖുര്‍ആന്‍ വായിക്കുക എന്ന് പറയുന്നേടത്ത് എന്ത് വായിക്കണം (വായിക്കുക എന്നതിന്റ കര്‍മ്മം(object) എന്താണെന്ന് പരാമര്‍ശിച്ചിട്ടില്ല) എന്ന് പറയുന്നില്ല. മറിച്ച് എല്ലാം വായിക്കണം. അല്ലയോ പ്രവാചകരേ താങ്കള്‍ എല്ലാം വായിക്കണം. താങ്കളുടെ സമൂഹം ആ പരന്നവായനയുടെ കാര്യത്തില്‍ താങ്കളെ പിന്‍പറ്റുകയും വേണം. പ്രവാചകന്‍ അനുയായികളെ അഭിസംബോധന ചെയ്ത് പറയുന്നതിങ്ങനെയാണ്. എല്ലാ കാര്യങ്ങളും വായിക്കണം, മനുഷ്യനെ വായിക്കണം, പ്രകൃതിയെ വായിക്കണം, ശത്രുക്കളെ വായിക്കണം, മിത്രങ്ങളെ വായിക്കണം എല്ലാവരെയും വായിക്കണം.

ഇന്ന് എല്ലാകര്യങ്ങളും വായനയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജനിതക ശാസ്ത്രം നോക്കൂ അതും ഒരു വായനയാണ്. രണ്ട് അക്ഷരങ്ങള്‍ ചേര്‍ക്കുമ്പോള്‍ പുതിയ വാക്കുകളുണ്ടാകുന്നത് പോലെ രണ്ട് ജീനുകള്‍ തമ്മില്‍ ചേര്‍ത്താല്‍ പുതിയൊരു വസ്തുവായിമാറുന്നു അതോടൊപ്പം പുതിയ വിജ്ഞാനവുമാകുന്നു. ജീവന്റെ അടിസ്ഥാന ഘടങ്ങളായ ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ വരെ ലോകം ഇന്നെത്തിയിരിക്കുന്നു. നിരവധി രഹസ്യങ്ങളെയാണ് അതുള്‍ക്കൊള്ളുന്നത്. അല്ലാഹു അവക്കുള്ളില്‍ ഒരുക്കിയ വിവരങ്ങളെ ശാസ്ത്രം വായിക്കുന്നു. എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത ആ രഹസ്യങ്ങളെ കുറിച്ച് ചെറിയ തോതിലുള്ള ഒരു ധാരണയെങ്കിലും ഉണ്ടാക്കുന്നതിന് അത് സാഹായിക്കുന്നു.

അതുപോലെതന്നെയാണ് സൈദ്ധാന്തിക വായനകളും, വ്യത്യസ്ത ആശയങ്ങള്‍ പരസ്പരം ചേരുമ്പോള്‍ പോലെ പുതിയ ആശയമുണ്ടാകുന്നു. അല്ലാഹു പ്രവാചകനിലൂടെ അനുയായികള്‍ക്ക് വിശാലമായ ഈ വായനാ സംസ്‌കാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സാധാരണ വായനയില്‍ തുടങ്ങി ആഴത്തിലുള്ള വായനയിലൂടെ പ്രപഞ്ചത്തിലുള്ളതിനെ മുഴുവനായി വായിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്.

ഇഹലോകം, പരലോകം, പ്രപഞ്ചം, പുരോഗതി, സംസ്‌കാരം തുടങ്ങി എല്ലാത്തിന്റെയും താക്കോലാണ് അറിവ്. ഇത്തരത്തില്‍ വായിക്കാനാണ് അല്ലാഹു തന്റെ ദൂതനോട് കല്‍പിച്ചിരിക്കുന്നത്. ഇന്ന് സാധാരണ വായനയുടെ കാര്യത്തില്‍ പോലും ഇസ്‌ലാമിക സമൂഹം വളരെ പിന്നിലാണ്. അതുകൊണ്ടു തന്നെ പെട്രോളിയത്തിന്റെ വന്‍ശേഖരങ്ങളുണ്ടായിട്ടും അതില്ലാത്ത രാജ്യങ്ങളെത്തിയ പുരോഗതിയില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

രാഷ്ട്രീയ അവബോധത്തിലും നമ്മുടെ സമൂഹം പിന്നിലാണ്. പ്രത്യേകിച്ച് ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുന്ന കാര്യത്തില്‍. ഇന്നലെകളില്‍ നമ്മെ ഭന്നിപ്പിക്കുകയും നമ്മുടെ മണ്ണില്‍ അധിനിവേശം നടത്തുകയും നമ്മുടെ മസ്തിഷ്‌കത്തെയും സമ്പത്തിനെയും ഊറ്റിക്കുടിക്കുകയും ചെയ്തവര്‍ ഇന്ന് നമ്മുടെ മിത്രങ്ങളാണ്. എല്ലാ കാര്യങ്ങള്‍ക്കും നമ്മള്‍ അവരെയാണ് ആശ്രയിക്കുന്നത.് മുസ്‌ലിം സഹോദരന്മാര്‍ നമ്മുടെ ശത്രുക്കളായി മാറിയിരിക്കുന്നു. ഇതെവിടത്തെ വായനയാണ്? നമ്മുടെ സഹോദരനും മിത്രവും ആര്‍ത്തിയാണ്. രക്ത,മത,സമുദായ ബന്ധം കൊണ്ട് നമ്മുടെ സഹോദരന്‍മാരായവര്‍ ഇന്ന് നമ്മുടെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു. അവരെകൊല്ലുന്നതിലൂടെ നാം നമ്മെത്തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്. അതിന്റെ ഫലമായി നമ്മളില്‍ വിയോജിപ്പും ഛിദ്രതയും അധികരിക്കുന്നു.

ഇസ്‌ലാമിക സമൂഹത്തിന്റെ ഈ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ഒരു പുതിയ ചിന്തയും വായനയും അനിവാര്യമാണ്. ഈ സമഗ്ര വായനയുടെ അടിസ്ഥാത്തില്‍ രൂപപ്പെടുന്ന ഒരു പുതിയ വിദ്യാഭ്യാസ രീതിയും നമ്മള്‍ രൂപപ്പെടുത്തണം. അനൈക്യത്തില്‍ കഴിയുന്ന നമുക്ക് ഇതിലൂടെ ഐക്യത്തിലെത്താന്‍ കഴിയും. യൂറോപ്യന്‍ എക്കണോമിക് കമ്മ്യൂണിറ്റി (ഇ.ഇ.സി) രൂപീകരിക്കപ്പെട്ടത് അറുപതുകളിലാണ്. അതിനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മള്‍ അറബ് ലീഗ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ രണ്ടിനുമിയില്‍ എത്ര വലിയ അന്തരമാണുള്ളത്. 30 രാജ്യങ്ങളെ ഇ.ഇ.സിക്ക് കീഴില്‍ ചേര്‍ത്തു നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. നാണയവും വിസയും താല്‍പര്യങ്ങളും ഏകോപിപ്പിച്ചു. അംഗരാജ്യങ്ങളില്‍ ഒരു രാജ്യം പ്രതിസന്ധിയിലായാല്‍ മറ്റുള്ളവര്‍ സഹായിക്കും അങ്ങനെ അതൊരു വലിയ ശക്തിയായി മാറി. എന്നാല്‍ അറബ് ലീഗില്‍ പരസ്പരം സംഘര്‍ഷങ്ങളും വിയോജിപ്പുകളും മാത്രമാണ് വളര്‍ച്ച പ്രാപിച്ചത്. മുമ്പ് ജനതകള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടായിരുന്നില്ല എന്നാല്‍ ഇന്ന് വംശീയത വലിയ അപകടമായി മാറിയിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കുമെന്ന് കരുതി അതിനെ പിന്തുണക്കാനും ആളുകളുണ്ടായി. അഹ്‌ലുസുന്നയുടെ അകത്ത് പോലും വ്യത്യസ്തമായ സംഘടനകളുണ്ടായി. ഏത് വായനയില്‍ നിന്ന് രൂപപ്പെട്ടതാണിത്? സമൂഹങ്ങള്‍ മുസ്‌ലിം സമൂഹത്തെ പരിഹാസ പാത്രമാകുന്ന എന്തൊരു വിഢിത്തമാണിത്? ഒരു പുതിയ ചിന്ത ഉണ്ടാക്കിയതിന്റെ പേരില്‍ ദീനിന്റെ കാര്യത്തില്‍ സഹോദരനായ ഒരാളെ കൊല്ലുന്നതെന്തിനാണ്? കേവലം ഒരു ചിന്ത രൂപപ്പെടുത്തി എന്ന കാരണം കൊണ്ട് മാത്രം എങ്ങനെ തന്റെ സഹോദരന്‍ പിന്തിരിപ്പനും കൊല ചെയ്യപ്പെടേണ്ടുന്നവനുമാകുന്നത്?

ഇനി നമ്മള്‍ വായനയിലേക്കും പഠനത്തിലേക്കും തിരിയേണ്ടിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. നമ്മെ നശിപ്പിക്കുന്നതിന് നമ്മുടെ സമ്പത്ത് വിട്ടു കൊടുക്കുന്നവരായി നാം മാറരുത്. വിനാശകരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഇന്ന് നമ്മില്‍ പലരും മുസ്‌ലിം സമൂഹമാകുന്ന വീടിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു.

ശത്രുവിനെ അറിയാന്‍ നാം വായിക്കണം എന്ന് പറയുന്നത് സായുധ ജിഹാദിനുള്ള ആഹ്വാനമൊന്നുമല്ല. ഖുര്‍ആനില്‍ എഴുപതോളം സൂക്തങ്ങളില്‍ യഹൂദികളെക്കുറിച്ച് പറയുന്നുണ്ട്. അവയില്‍ പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യകാലത്തും മദീനാ പലായത്തിനിടക്കും അവതരിച്ചവയാണ് പല സൂക്തങ്ങളും. അവയില്‍ യഹൂദികളുടെ സ്വഭാവത്തെക്കുറിച്ച് സമ്പൂര്‍ണമായി പ്രവാചകനെ അറിയിക്കുന്ന സൂക്തങ്ങളുണ്ട്. പ്രവാചകന്‍ യഹൂദികളുടെ സ്വഭാവങ്ങളെ സൂക്ഷിച്ചാണ് നില കൊണ്ടത്. പക്ഷെ പ്രവാചകന്‍ അവര്‍ക്കെതിരെ യുദ്ധത്തിന് തുടക്കം കുറിക്കുകയല്ല, മറിച്ച് അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുകയാണ് ചെയ്തത്. പ്രവാചകനുണ്ടാക്കിയ ഭരണഘടനയില്‍ യഹൂദികള്‍ക്ക് രാജ്യനിവാസികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും വകവെച്ച് കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു യുദ്ധ പ്രഖ്യാപനമേയല്ല. അവ മിത്രത്തെയും ശത്രുവിനെയും വേര്‍തിരിച്ചറിയുന്നതിന് മാത്രമാണ്. നമ്മുടെ മിത്രങ്ങളെ നമ്മളറിയണം.

വായനക്കുള്ള ആഹ്വാനം തന്നെ ആദ്യമായി അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്തതിന്റെ കാരണം ഒരു ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കുന്നതിന്റെ മുന്നൊരുക്കമായിരിക്കാം. അവര്‍ മറ്റുള്ളവര്‍ക്ക് തട്ടികളിക്കാനുള്ള ഒരു കളിപ്പാട്ടമായി ഒരിക്കലും മാറരുത്. വിശ്വാസികള്‍ ഒരു ശരീരം പോലെയാകണം എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് വിശ്വാസികള്‍ക്ക് പരസ്പരം അനുഭിവിക്കാന്‍ കഴിയണം എന്നതാണ്. അവരിലെ ഏതെങ്കിലും ഒരു ഭാഗത്ത് വേദനയുണ്ടായാല്‍ എല്ലായിടത്തും അതിന്റെ ചലനങ്ങളുണ്ടായി അതിന്റെ ജൈവികത പ്രകടപ്പിക്കണം. പരസ്പരം നാം താങ്ങായി മാറണം. ഇന്ന് നാം നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങാവുമ്പോള്‍ നാളെ അവര്‍ നമുക്ക് താങ്ങായി മാറും.

ഇസ്‌ലാമിക സമൂഹം ഏകദേശം 57 രാജ്യങ്ങളിലായി ജീവിക്കുന്നു അതില്‍ 22 എണ്ണം അറേബ്യന്‍ രാജ്യങ്ങളാണ്. അവര്‍ അക്രമം തടയുന്നവരും സത്യത്തിന്റെ കൂടെ നില്‍ക്കുന്നവരുമാണോ? നമ്മുടെ സഹോരന്മാര്‍ സിറിയയില്‍ അറുകൊല ചെയ്യപ്പെടുന്നു. അതേസമയം നമ്മള്‍ ഒന്നും രണ്ടും ജനീവ കരാറുകളില്‍ മുഴുകിയിരുന്ന് സമയം കളയുന്നു.

ഇറാക്കിനെ നമ്മള്‍ അമേരിക്കക്ക് പന്താടാനായി ഉപേക്ഷിച്ചു. പ്രദേശത്തെ മറ്റു രാജ്യങ്ങളും വേണ്ട സഹായങ്ങള്‍ നല്‍കി സഹകരിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രതിരോധ ചരിത്രം പേറുന്ന രാജ്യമാണ് ഇറാഖ്. മുജാഹിദുകളുടെയും വിജയികളുടെയും പ്രഭവകേന്ദ്രമായിരുന്നു അത്. ഈ സമുദായത്തിന്റെ സുസ്ഥിര ഘടകമായിരുന്നു അത്. യമന്‍, ഈജിപ്ത്, സിറിയ ഇറാഖ് എന്നിവിടങ്ങളിലെ സൈന്യത്തെ ഉപയോഗിച്ച് സ്വലാഹുദ്ധീന്‍ അയ്യൂബിക്ക് കുരിശുയുദ്ധക്കാരെ എന്നന്നേക്കുമായി തുരത്താന്‍ സാധിച്ചു. ഒരു കാലത്ത് പ്രതിസന്ധികളില്‍ നമ്മുടെ ശക്തി കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളായിരുന്നു അവയെല്ലാം. എന്നാല്‍ ഇന്ന് അവയോരോന്നും വ്യത്യസ്ത പ്രശ്‌നങ്ങളില്‍ പെട്ട് ഉഴറുകയാണ്.

ഫലസ്തീന്‍ നമ്മുടെ മുഖ്യ പ്രതിസന്ധിയാണ്. എന്നാല്‍ നാമതിനെ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നു. അടിസ്ഥാന വിഷയമായിരിക്കെ തന്നെ മുന്‍നിരയിലേക്കത് എത്തുന്നില്ല. കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നതിന് ജൂതന്‍മാര്‍ ഈ അവസരം മുതലെടുക്കുന്നു. അവര്‍ക്ക് അവരുടെ അജണ്ടകള്‍ നടപ്പാക്കാനും സാധിക്കുന്നു. എന്നാല്‍ നാം നമ്മുടെ പ്രശ്‌നങ്ങളില്‍ തന്നെ വ്യാപൃതരാണ്. പഴയ ജാഹിലിയത്തിലേക്ക് തന്നെ മടങ്ങിയിരിക്കുന്നോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഫലസ്തീനിലെ ഫതഹിനെയും ഹമാസിനെയും ഒന്നിപ്പിക്കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.

അറബ് ലോകത്ത് മാത്രമല്ല, മറ്റു രാജ്യങ്ങളിലെയും വിശ്വാസികളുടെ കാര്യം വളരെ പരിതാപകരമാണ്. മധ്യാഫ്രിക്കയില്‍ വിശ്വാസികള്‍ അറുകൊല ചെയ്യപ്പെടുന്നു. അവര്‍ കൊല്ലപ്പെടുന്നതും കത്തിയെരിയുന്നതും ഒരു ഉത്സവം കാണുന്ന ലാഘവത്തോടെ കാണുന്നു. ലോകവും മൗനത്തിലാണ്. ഇനി മുസ്‌ലിംകള്‍ വല്ലതും ചെയ്താല്‍ തന്നെ അവര്‍ക്ക് നേരെ ആരോപണങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടാവും. അതില്‍ ഏറ്റവും ചെറുതാണ് ഭീകരവാദം. ഒരു കാലത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു മധ്യആഫ്രിക്ക പക്ഷെ ഇന്നവിടെ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ന്യൂനപക്ഷമാണ്. നിങ്ങളുടെ സഹോദരങ്ങള്‍ തന്നെയാണ് റോഹിങ്ക്യിലും മ്യാന്‍മറിലും പീഢനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത്.

വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം ലോകം അതിവേഗം മാറുകയാണ്. ഈ മാറ്റത്തിന്റെ ഗതി എങ്ങോട്ടാണെന്ന് നിര്‍വചിക്കാന്‍ പോലും സാധ്യമാകാത്ത രീതിയിലാണ് വേഗത. അതോടൊപ്പം അസ്ഥിരതയും പുതുയുഗത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആഗോളവല്‍ക്കരണവും അതുയര്‍ത്തുന്ന വെല്ലുവിളികളും ഒരുവശത്ത്. ഒപ്പം ടെക്നോളജിയുടെ കടന്നുകേറ്റത്തിലൂടെ പ്രത്യക്ഷമാകുന്ന പുതിയ അധിനിവേശങ്ങളുടെ അപായസൂചനകള്‍ മറുവശത്ത്. ടെക്നോളജിയുടെ ദുരുപയോഗത്തിലൂടെ സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളില്‍ പ്രകടമാകുന്ന മൂല്യശോഷണം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. ടെക്നോളജി ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെ ടെക്നോളജി കൊണ്ടുതന്നെ നേരിടുക എന്നതാണ് നമ്മുടെ മുമ്പിലുള്ള ഒരേയൊരു വഴി. അതിനാല്‍ തന്നെ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താനുള്ള ഏത് ശ്രമവും അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.

ആഗോളവല്‍ക്കരണം യാഥാര്‍ഥ്യമായി പടിവാതിലിലെത്തുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ അതിന്റെ ഇരകളായിത്തീരുമെന്ന വസ്തുത മറക്കരുത്. ലോകത്തെ വന്‍കിട രാഷ്ട്രങ്ങളും കുത്തക സ്ഥാപനങ്ങളുമൊക്കെതന്നെ ഇന്ന് ഐ.ടിയെയാണ് തങ്ങളുടെ മുഖ്യ മാധ്യമവും ആയുധവുമായി ഉപയോഗപ്പെടുത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് മാത്രല്ല, സാമ്പത്തിക രംഗം മുതല്‍ യുദ്ധരംഗത്ത് വരെ വിവര സാങ്കേതിക വിദ്യ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ടെക്നോജളിക്ക് സ്വതന്ത്രമായ നിലനില്‍പില്ലെന്നതാണ് വാസ്തവം. അത് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോഴാണല്ലോ നമുക്ക് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബുമൊക്കെ ലഭിച്ചത്. അങ്ങനെ ‘ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി’ (വിവര സംവേദന സാങ്കേതികവിദ്യ) രൂപപ്പെട്ടു. അതിന്റെ തണലില്‍ ലോകത്ത് അരങ്ങേറിയ വിവര വിപ്ളവത്തിന് നാം സാക്ഷികളാണ്. കാര്‍ഷിക വിപ്ളവത്തിനും വ്യവസായ വിപ്ളവത്തിനും ശേഷമുള്ള മൂന്നാം തരംഗമായിട്ടാണ് നീരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അടുത്ത ഊഴം ബയോടെക്നോളജിയുടെതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോടെക്നോളജിയും കൂട്ടുചേരുന്നതോടെ ഇന്നത്തെ കമ്പ്യൂട്ടറും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും ജൈവ ഉപകരണങ്ങളായി രൂപപ്പെടുമെന്നാണ് നിരീക്ഷണം. രണ്ട് ടെക്നോളജിയും സമന്വയിക്കുന്ന ‘ബയോഇന്‍ഫര്‍മാറ്റിക്സ്’ രംഗം ഇന്ന് ഏറെ വികസിച്ചുവരികയാണ്. ഔഷധ നിര്‍മാണരംഗത്തും അന്തക വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതിലും മാത്രല്ല, ജീവനെസ്സംബന്ധിച്ച അടിസ്ഥാന ധാരണയുണ്ടാക്കിയെടുക്കാന്‍ തന്നെ ഈ പഠനം വഴിയൊരുക്കുമത്രെ. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കാവശ്യമായ വന്‍ വിവരശേഖരത്തെ ക്രോഡീകരിക്കാനും അപഗ്രഥിക്കാനും വിവരസാങ്കേതിക വിദ്യക്ക് സാധ്യമായിരിക്കുന്നു. മനുഷ്യശരീരത്തിലെ അടിസ്ഥാന ജീനുകള്‍ തിരിച്ചറിഞ്ഞ് ശ്രേണീപരമായി അടയാളപ്പെടുത്തുന്ന ‘ഹ്യൂമണ്‍ ജീനോ മാപ്പിംഗ്’ ഏറെക്കറെ സാധ്യമായിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ജൈവ ശാസ്ത്രരംഗത്തും ചികില്‍സാ രംഗത്തും ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

വിവര വിദ്യക്കൊപ്പം ജൈവ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി ജൈവ-ഇലക്ട്രോണിക് ഉപകരണങ്ങള്‍ സാധ്യമാണോ എന്നിടത്തേക്കാണ് പുതിയ ഗവേഷണങ്ങള്‍ നീങ്ങുന്നത്. വരാനിരിക്കുന്ന ഈ ജൈവ വിപ്ളവം ലോകത്ത് വരുത്തി വെക്കുന്ന മാറ്റങ്ങളും അതുമുഖേന സാധ്യമാകുന്ന നേട്ടങ്ങളും അതോടൊപ്പം അതിന്റെ അത്യന്തം ഭീബല്‍സമായ ഭവിഷ്യത്തുകളും എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമാവില്ല. മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പിക്കാത്തൊരു ലോകക്രമത്തില്‍ ഇത്തരം ടെക്നോളജികള്‍ മനുഷ്യനെ നയിക്കുന്നത് എങ്ങോട്ടായിരിക്കുമെന്നതും ആശങ്ക ഉളവാക്കുന്നു.doctorate-in-computer-science

മദ്യകുപ്പികളിലേക്ക്ഇനിയില്ല,

അഞ്ചുനേരവും കുടിക്കുക, കുടുംബം മുഴുവന്‍ ഒന്നിച്ചിരുന്ന് കുടിക്കുക, അതിഥി വന്നാല്‍ മറക്കാതെ മദ്യം വിളമ്പുക – അറേബ്യയിലെ ഒരു കാലത്തെ സദാചാരമതായിരുന്നു.
ഹിജ്‌റ നാലാം വര്‍ഷം – അറബികളുടെ ജീവിതത്തെ പ്രാകൃതമാക്കിത്തന്നെ നിര്‍ത്തിയ വിനാശകാരിയായ മദ്യപാനത്തെക്കുറിച്ച് ദൈവപ്രബോധനമുണ്ടായത് അക്കാലത്താണ്. മദ്യപാനം ഏറ്റവും വലിയ സാമൂഹ്യ വിനയാണെന്ന് അറിയിക്കപ്പെട്ടപ്പോള്‍ അത് ജനസമക്ഷമറിയിക്കുവാന്‍ പ്രവാചകന്‍ തന്റെ സഹചാരികളിലൊരുവനെ അയച്ചു. ജനബഹുലമായ തെരുവിലൊരിടത്തു നിന്ന് അദ്ദേഹം മദ്യത്തിനെതിരെയുള്ള വെളിപാടുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അറേബ്യയുടെ അന്തരീക്ഷത്തിന് മദ്യപാനത്തിനെതിരെയുള്ള സ്വരം അപരിചിതമായിരുന്നു. അതിനാല്‍ ഒരു വിപ്ലവധ്വനിയുടെ വീറും ചൂരുമണിഞ്ഞ് ആ സ്വരം ജനമനസ്സുകളില്‍ പ്രകമ്പനമുണ്ടാക്കി.
അവിടെ തെരുവിന്റെ ഓരത്തിലുള്ള ഒരു മുസ് ലിം വീട്ടില്‍ ഗംഭീരമായ രീതിയിലുള്ള മദ്യസല്‍ക്കാരം നടക്കുകയായിരുന്നു. ഗ്ലാസ്സുകള്‍ നുരഞ്ഞു നിറയുന്നു. വീപ്പകള്‍ ഒഴിഞ്ഞുതീരുന്നു.
പാഞ്ഞുപടര്‍ന്നുകയറുന്ന ലഹരിയുടെ വീര്യം ‘ നിര്‍വൃതികരമായ സുഖം’ സമ്മാനിക്കുന്ന അനവദ്യമുഹൂര്‍ത്തം.
അപ്പോഴാണ് തെരുവിലെ ശബ്ദം അവരുടെ അര്‍ദ്ധപ്രജ്ഞയില്‍ വന്നുവീഴുന്നത്. ശബ്ദം ഒരു മുസ്‌ലിം സുഹൃത്തിന്റേതാണെന്നറിഞ്ഞപ്പോള്‍ ഒരാള്‍ പുറത്തേക്ക് പാഞ്ഞുവന്നു ശ്രദ്ധിച്ചു. പ്രബോധനത്തിന്റെ ഉദ്ധാരണമാണെന്നുകൂടിയറിഞ്ഞപ്പോള്‍ അദ്ദേഹം കാതോര്‍ത്തു. ശരിയാണ്, ദൈവനിയോഗമനുസരിച്ച് പ്രവാചകന്‍ മദ്യത്തിനെതിരായുള്ള പ്രബോധനമറിയിച്ചിരിക്കുകയാണ്. സത്യവിശ്വാസികളിലൊരുവന്‍ അത് ജനസമക്ഷമറിയിക്കുകയാണ്. പ്രവാചകന്റെ സന്ദേശം അനുസരിക്കാനുള്ള വികാരവായ്‌പോടെ അദ്ദേഹം മുറിക്കുള്ളിലേക്ക് ഓടിച്ചെന്ന് പാതി കുടിച്ചുവെച്ച മദ്യക്കോപ്പയെടുത്ത് എറിഞ്ഞുടച്ചു. അടുത്തുകണ്ട ഒരു ഊന്നുവടി വലിച്ചെടുത്ത് മദ്യം നിറച്ച മണ്‍പാനികളെല്ലാം തല്ലിയുടച്ചു. തെരുവില്‍ പറയുന്നതെന്താണെന്ന് സൂക്ഷ്മമായറിയുന്നതിനുമുന്‍പെ നാം സാഹസം കാണിക്കുന്നതിലര്‍ത്ഥമില്ലെന്നും അങ്ങോട്ടുചെന്ന് കാര്യമറിഞ്ഞു വേണ്ടത് ചെയ്യാമെന്നും കൂട്ടത്തിലൊരാള്‍ പറയുന്നുണ്ടായിരുന്നു. പാത്രം തല്ലിയുടച്ചവന്‍ ഖണ്ഡിതസ്വരത്തില്‍ പറഞ്ഞു:
‘ആദ്യം അനുസരിക്കുക, പിന്നെയാവാം അന്വേഷണം. മദ്യത്തിനെതിരെയുള്ള പ്രഖ്യാപനം നാം കേട്ടു. അത്തരമൊരു പ്രഖ്യാപനത്തിനുണ്ടായ കാരണവും പ്രേരണയും വഴിയെ അന്വേഷിക്കാം. പ്രഖ്യാപനമനുസരിച്ച് മദ്യപാനം നിഷിദ്ധവും നിയമലംഘനവുമാണ്. നിരോധനമറിഞ്ഞിട്ടും നാം മദ്യപിച്ചാല്‍ നമ്മള്‍ നിയമലംഘകരാകും. കേട്ടത് സത്യമല്ല. വ്യാജമാണെങ്കില്‍ മദ്യകുംഭം തല്ലിയുടച്ചതും കുടിക്കാഞ്ഞതും വലിയൊരു ദോഷമൊന്നുമാവുകയില്ല.’
അദ്ദേഹത്തിന്റെ വാക്കുകള്‍ എല്ലാവരും നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു. മേലിലൊരിക്കലും മദ്യം തൊടുകയില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ അവര്‍ക്ക് പ്രയാസമേതുമുണ്ടായില്ല.
നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആചാരവും അനുശീലനങ്ങളും ഒരഭ്യര്‍ത്ഥനകൊണ്ടുമാത്രം പരിപൂര്‍ണ്ണമായി കൈവെടിയാന്‍ കഴിയുകയെന്നത് ആശ്ചര്യകരമായ ഒരനുഭവമത്രെ. പ്രവാചകനോടുള്ള നിഷ്‌കപടമായ ആദരവും വിശ്വാസികളുടെ മനസ്സില്‍ പ്രവാചകനുള്ള അപ്രതിരോദ്ധ്യമായ സ്വാധീനവുമാണ് ഈ മഹാസംഭവം വ്യക്തമാക്കുന്നത്.

imagesimages

പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി – അര്‍ണോഡ് വാന്‍ഡൂണ്‍

പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി – അര്‍ണോഡ് വാന്‍ഡൂണ്‍
arnold-fonter
(ഇസ്‌ലാമിനെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ച ‘ഫിത്‌ന’ എന്ന ഫിലിം സംവിധായകരിലൊരാളും ഹോളണ്ടുകാരനും തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി അംഗവുമായ അര്‍ണോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മസ്ജിദുന്നബവി സന്ദര്‍ശിച്ചപ്പോള്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഉക്കാദ് പത്രവുമായി നടത്തിയ അഭിമുഖം).

ഇസ്‌ലാം ആശ്ലേഷിക്കാനുണ്ടായ പ്രചോദനം?

ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മുസ്‌ലിംകള്‍ അനുഭവിക്കുന്ന ജീവിത സൗഭാഗ്യത്തിന്റെ രഹസ്യം എനിക്ക് ബോധ്യമായി. ലോകരാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും അവരെല്ലാം നിര്‍ഭയത്തിലും സൗഭാഗ്യത്തിലുമാണ് ജീവിക്കുന്നതെന്നും കാണാം. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന എന്റെ ഉള്ളിലെ ആ സൗഭാഗ്യത്തിന്റെ വികാരം വിവരണാതീതമാണ്.

താങ്കളുടെ മുന്‍ പാര്‍ട്ടി ഇസ്‌ലാം സ്വീകരണത്തെ എങ്ങനെ നോക്കിക്കാണുന്നു ?

എന്റെ ഇസ്‌ലാം ആശ്ലേഷത്തെ വളരെ കടുത്തതായാണ് എന്റെ മുന്‍ സഹപ്രവര്‍ത്തകള്‍ നോക്കിക്കാണുന്നത്.

ഇസ്‌ലാമിനും യൂറോപ്പില്‍ അതിന്റെ വ്യാപനത്തിനും കടുത്ത വിരോധികളാണവര്‍. പക്ഷേ, ഞാനിപ്പോള്‍ വളരെ സൗഭാഗ്യവാനാണ്. അല്ലാഹുവിനോട് തൗഫീഖും സ്ഥിരതയും തേടുന്നു.

മുന്‍പത്തെ താങ്കളുടെ ഇസ്‌ലാമിനോടുള്ള ശത്രുതാ പരമായ നിലപാട് സുവിദിതമാണ്. ഇപ്പോള്‍ ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലും. ഇത് രണ്ടിനെയും കുറിച്ച് വ്യക്തമാക്കാമോ?

മുന്‍പ് ഇസ്‌ലാമിനെക്കുറിച്ച് യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇസ്‌ലാമിക വിരുദ്ധരായ ചില തീവ്രവ്യക്തിത്വങ്ങള്‍ നല്കുന്ന വാര്‍ത്തകളാണ് ഞങ്ങള്‍ക്ക് കിട്ടാറുള്ളത്. ഇസ്‌ലാമിനെക്കുറിച്ച് ഞങ്ങള്‍ ഗവേഷണം നടത്തുകയോ പഠിക്കുകയോ ചെയ്തിട്ടുമില്ല. ഇപ്പോഴാണതിന് എനിക്ക് അവസരമുണ്ടായത്. ആ വാര്‍ത്തകള്‍ എത്രമാത്രം അയാഥാര്‍ഥ്യവും അസത്യവുമായിരുന്നു!! അവയൊന്നും ഇസ്‌ലാമിനെക്കുറിച്ചോ പ്രവാചകനെ കുറിച്ചോ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചില്ല. യാഥാര്‍ഥ്യം അറിഞ്ഞപ്പോള്‍ ഞാന്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. അതുകൊണ്ടുമാത്രം ഞാന്‍ മതിയാക്കുന്നുമില്ല, യൂറോപ്പിലെ മുഴുവന്‍ രാഷ്ട്രങ്ങളിലെയും മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് ഞാന്‍ എന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുന്നതാണ്. പ്രവാചകനെയും ഇസ്‌ലാമിനെയും ഉപദ്രവിച്ച ആ സമയങ്ങള്‍ക്കു പകരം ഇനിയുള്ള സമയം ഇസ്‌ലാമിനും എല്ലാ മുസ്‌ലിംകള്‍ക്കും വേണ്ടി നീക്കിവെക്കും.

‘ഫിത്‌ന’ എന്ന സിനിമയിലൂടെ ധാരാളമായി റസൂല്‍(സ) തിരുമേനിയെയും ഇസ്‌ലാമിനെയും ദ്രോഹിച്ചു. ഇപ്പോള്‍ എന്തു പറയുന്നു?

‘ഫിത്‌ന’ അടഞ്ഞുപോയ അധ്യായമാണ്. അതിലേക്കിനിയും പോകാനുദ്ദേശിക്കുന്നില്ല. തികച്ചും തെറ്റായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രചിച്ച ആ വിഷയത്തില്‍ അതിയായ ഖേദമുണ്ട്. വരും നാളുകളില്‍ ആ ഭൂതകാലത്തെ മറക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. കനേഡിയന്‍ ഇസ്‌ലാമിക പ്രബോധന സംഘവുമായി ചേര്‍ന്നുകൊണ്ട് പ്രവാചകന്റെ സ്വഭാവ ഗുണവിശേഷങ്ങളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും ലോകോത്തരമായ ഒരു ഫിലിം പുറത്തിറക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്തുതന്നെ അത് വെളിച്ചം കാണാന്‍ പരിശ്രമിക്കും. എന്റെ മുന്‍പരിചയം പൂര്‍ണമായും ഞാന്‍ ഉപയോഗിക്കും.

ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയില്‍ അറിയപ്പെട്ട താങ്കളുടെ ഈ മാറ്റത്തെ എങ്ങനെ വിശേഷിപ്പിക്കാം?

എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ തെറ്റുപറ്റാന്‍ ഇടയുണ്ട്. പക്ഷേ ആ പിഴവ് ജീവിത ലക്ഷ്യത്തിലേക്കുള്ള ഒരു നിമിത്തമായേക്കാം. എന്റെ പുതിയ തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത് ഈ ജീവിതാനുഭവമാണ്. അതില്‍ നിന്ന് ഞാന്‍ ധാരാളം പഠിച്ചു. അതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണ്.

താങ്കളുടെ ഇസ്‌ലാമാശ്ലേഷണം വലിയ പ്രതിഫലനങ്ങളുണ്ടാക്കിയല്ലോ. അവയോട് എന്തു നിലപാട് സ്വീകരിച്ചു?

എന്റെ ഇസ്‌ലാമാശ്ലേഷണത്തില്‍ വലിയ പ്രതിഫലനങ്ങളുയണ്ടായിട്ടുണ്ട്, ഉറപ്പ്. അനുകൂലിച്ചും പ്രതികൂലിച്ചും മറ്റുചിലര്‍ വാര്‍ത്തയില്‍ സംശയിച്ചും. അവിടെയും നിന്നില്ല എന്നെ വഞ്ചകനായി കണ്ടവരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് അതെന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമാണെന്നാണ്. മാധ്യമയുദ്ധത്തിന് ഞാനില്ല.

പിന്തുണച്ചവരോടും പ്രതികൂലിച്ചവരോടും എന്തു പറയുന്നു?

ഇത് എന്റെ ആഗ്രഹമാണ്. ഞാന്‍ ഇസ്‌ലാമിനെ കാണുന്നത് ഒരു പുതിയ ജീവിതമായിട്ടാണ്. അതില്‍ നിന്ന് ഞാന്‍ മാറുകയില്ല. മോശമായ അനുബന്ധ പരാമര്‍ശങ്ങളുണ്ടാകുന്നത് കേവല വിദ്വേഷത്തില്‍ നിന്നും അജ്ഞതകൊണ്ടുമാണ്. പോസിറ്റീവായി പ്രതികരിച്ചവരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്.

വിശുദ്ധ ഇരുഗേഹങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ എന്തു തോന്നി?

ഇരു ഗേഹങ്ങളുടെയും ഭൂമിയില്‍ താങ്കള്‍ പ്രവേശിക്കാമെന്ന് അന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവനോട് ഞാന്‍ പറയുമായിരുന്നു നീ തീര്‍ച്ചയായും ഭ്രാന്തനാണെന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല ഞാന്‍ നില്ക്കുന്നത് പ്രവാചകന്‍ വളര്‍ന്ന പരിശുദ്ധ ഭൂമിയിലാണെന്ന്. റസൂലിന്റെ ഖബ്‌റിന്റെ മുമ്പില്‍ അവിടുത്തെ മിന്‍പറിന്റെ അരികില്‍, റൗദാ ശരീഫില്‍ നില്ക്കുമ്പോള്‍ എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനാകുന്നില്ല. ഞാന്‍ ധാരാളമായി പ്രാര്‍ഥിച്ചു. എന്റെ പാപമോചനത്തിനും മുസ്‌ലിംകള്‍ക്ക് എന്നെക്കൊണ്ട് ഉപകരിക്കാനും. റസൂല്‍(സ)യുടെ മിമ്പറിനു മുന്‍പില്‍ ഞാന്‍ നമസ്‌കരിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വര്‍ഗത്തിലെ ഒരു ഭാഗത്തില്‍ ഞാന്‍ നില്ക്കുന്നതുപോലെ.

ഇസ്‌ലാം മതത്തില്‍ താങ്കള്‍ ദര്‍ശിച്ചത്?

മുസ്‌ലിംകള്‍ അവരുടെ മതത്തോടും പ്രവാചകരോടും സ്‌നേഹമുള്ളവരായിട്ട് ഞാന്‍ കണ്ടു. ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്നവരിലെ അജ്ഞതയും എനിക്ക് ബോധ്യമായി.

ഇരു ഹറമുകളുടെയും വിപുലീകരണത്തെക്കുറിച്ച്…?

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യുന്ന വലിയൊരു പുണ്യകര്‍മമാണത്. വിശുദ്ധ ഇരുഹേഗ സേവകന്റെ (അബ്ദുല്ലാ രാജാവ്) ഇതിലുള്ള ആത്മാര്‍ഥത ഞാന്‍ തിരിച്ചറിയുന്നു. അദ്ദേഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു താങ്കള്‍ക്ക് മഹത്തായ പ്രതിഫലം തരട്ടെ എന്ന് പറയാന്‍ എത്രയാണ് ഞാന്‍ കൊതിച്ചത്…!?

റസൂലിന്റെയും(സ) രണ്ടു സുഹൃത്തുക്കളുടെയും ഖബ്‌റരികില്‍ താങ്കള്‍ നിന്നപ്പോള്‍ കണ്ണുനിറഞ്ഞൊഴുകുന്നത് കണ്ടു…?

വളരെയേറെ ദ്രോഹങ്ങള്‍ക്ക് വിധേയനായ ‘സൃഷ്ടികളുടെ നേതാവി’ന്റെ മുമ്പില്‍ യഥാര്‍ഥത്തില്‍ നില്ക്കുന്നപോലെ… അദ്ദേഹത്തിന്റെ ഖബ്‌റിന്റെ മുമ്പില്‍ നിന്നു ഞാന്‍ പ്രതിജ്ഞയെടുത്തു. തിരുമേനി(സ)യുടെ മഹത്തായ സ്വഭാവഗുണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഞാന്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുക തന്നെ ചെയ്യും.

(അല്‍ആലമുല്‍ ഇസ്‌ലാമി)
വിവ. അബ്ദുസ്സമീഹ് മദനി ആലൂര്‍

അവലംബം: shababweekly.net

ഖുതുബയുടെ സംഗ്രഹരൂപം

സമര പന്തലിലില്‍ ഒരു ഖുതബ

ഖുതുബയുടെ സംഗ്രഹരൂപം – സത്യവിശ്വാസികളെ, സഹോദരന്മാരെ, ജീവിതത്തിലുടനീളം ദൈവഭയവും ധര്മ്മനിഷ്ഠയും പാലിക്കേണമെന്ന് എന്നെയും നിങ്ങളോരോരുത്തരെയും ഉണര്ത്തുന്നു. വിശുദ്ധഖുര്ആനിലെ സുറതുല് ബലദ് എന്ന തൊണ്ണൂറാം അധ്യായത്തിലെ ചില സൂക്തങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞാന് ക്ഷണിക്കുയാണ്. ” അവന് നാം രണ്ട് കണ്ണുകള് നല്കിയില്ലേ, ചുണ്ടുകളും നാവും നല്കിയില്ലേ, രണ്ട് മാര്ഗങ്ങളും നാമവന് കാണിച്ചുകൊടുത്തു. എന്നാലവന് മലന്പാത താണ്ടിക്കടക്കുവാന് തയ്യാറായില്ല. മലന്പാത എന്നതിന്റ താല്പര്യം നിനക്കറിയാമോ. അടിമയെ മോചിപ്പിക്കലാണത്, അല്ലെങ്കില് ക്ഷാമമുള്ള ദിനങ്ങളില് ബന്ധങ്ങളിലുള്ള അനാഥകള്ക്കും മണ്ണുപുരണ്ട സാധുക്കള്ക്കും ഭക്ഷണം നല്കലാണത്. … യഥാര്ത്ഥത്തില് മതം ഇന്ന് കേവലം ആത്മീയത മാത്രമായും മനുഷ്യനെ മയക്കികിടത്തുന്ന, മനുഷ്യരെ നിഷ്ക്രിയരാക്കുന്ന ഒരു സംവിധാനമായി മാറുകയും ചെയ്തിരിക്കുന്ന കാലത്ത് മതത്തിന്റ അന്തസ്സത്ത എന്ത് അന്വേഷിച്ചറിയേണ്ട ഒരു സാഹചര്യമാണ് നമ്മുടെ മുന്പിലുള്ളത്. പ്രവാചകന് പറഞ്ഞിട്ടുള്ള ഒരു വചനം നാമിവിടെ ഓര്ക്കേണ്ടതുണ്ട്. മതകാര്യങ്ങള്, വിശ്വാസകാര്യങ്ങള് എന്നത് എഴുപതില് പരമുണ്ട്. അതില് ഒന്നാമത്തേത് ഖൌലു ലാഇലാഹ ഇല്ലല്ലാഹ് ഈശ്വരന് ഒന്നേയുള്ളൂ എന്ന ആദര്ശവാക്യം പ്രഖ്യാപിക്കലാണ്. അവനെ മാത്രം ആരാധിക്കുക, പൂജിക്കുക, അവന് മാത്രം വഴിപ്പെടുക, അവന് കീഴ്പെട്ട് ജീവിക്കുക, അവന്റ മാത്രം അടിമകളാണു നമ്മള് എന്ന ആദര്ശവാക്യമാണ് അതില് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. അതില് അവസാനത്തെ പടിയിലുള്ളത് വഴിയില് നിന്നും ഉപദ്രവം നീക്കുക എന്നുള്ളതാണ്. വഴിയിലെ ഉപദ്രവം എന്നതിന്റെ അര്ത്ഥം മദ്റസകളിലൊക്കെ പഠിപ്പിക്കാറുള്ളത് കല്ലും മുള്ളും മറ്റ് മാലിന്യങ്ങളും എന്നാണ്. എന്നാല്, മനുഷ്യന്റ യാത്രാസ്വാതന്ത്യം നിഷേധിക്കുന്ന ടോള് ബൂത്തുകളും വഴിയിലെ തടസ്സങ്ങള് തന്നെയാണ്. അത്തരത്തിലുള്ള തടസ്സങ്ങളെ നീക്കുക എന്നത്, ടോളുകള്ക്കെതിരെ സമരം ചെയ്യുക എന്നത് ദൈവവിശ്വാസികളുടെ ബാധ്യതയാണ് . അതിനും താഴെ ഒരു വിശ്വാസകാര്യമില്ല എന്ന് വിശ്വാസികള് മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചകന്മാരുടെ ദൌത്യമായി ഖുര്ആന് തന്നെ പറഞ്ഞിട്ടുള്ളത്, വ യളഉ അന്ഹും ഇസ്റഹും വല്അഗ്ലാലതീ കാനത് അലൈഹിം മനുഷ്യര്ക്ക് മേല് ചുമത്തപ്പെട്ടിട്ടുള്ള ഭാരങ്ങള് ഇറക്കി വെക്കുവാന്, അവരുടെ മേലുള്ള ചങ്ങലക്കെട്ടുകള് പൊട്ടിച്ചെറിയാന് ഒക്കെയാണ് അവര് നിയോഗിക്കപ്പെട്ടിട്ടുള്ളത്. മുഹമ്മദ് നബി മാത്രമല്ല, മുഴുവന് പ്രവാചകന്മാരുടെയും ജീവിത ദൌത്യം ഇതു തന്നെയായിരുന്നുവെന്നാണ് ഖുര്ആന് പറയുന്നത്. യേശുവായാലും മോസസായാലും, അബ്രഹാമായിരുന്നാലും, മുഴുവന് പ്രവാചകന്മാരും നിയോഗിക്കപ്പെട്ടിട്ടുള്ളത്, അന്ധവിശ്വാസങ്ങളുടെ, അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളില് നിന്നും മനുഷ്യരെ മോചിപ്പിക്കുവാനും പുരോഹിതരുടെയും ഭരണവര്ഗത്തിന്റയും ചൂഷണത്തെ തകര്ക്കുന്നതിനുമായിരുന്നു എന്ന് ഖുര്ആനില് നമുക്ക് കാണുവാന് കഴിയും. ബൈബിളില് തന്നെ യേശു പറയുന്നതായി കാണാം, ഞാന് ചുങ്കക്കാര്ക്കും പരീശന്മാര്ക്കുമെതിരെയാണ് വന്നിട്ടുള്ളത് എന്ന്. ചുങ്കക്കാര് എന്ന് പറഞ്ഞത് ഇന്നു കാണുന്നതു പോലെയുള്ള ചുങ്കമല്ലാതെ മറ്റെന്താണ് ? മതത്തെ പൊതുജീവിതത്തില് നിന്നും സാമൂഹ്യ ഇടപെടലുകളില് നിന്നും മാറ്റി നിര്ത്തുന്നതിന് നാം പറയാറുള്ള യേശുവിന്റ ഒരു വചനമുണ്ട്. സീസര്ക്കുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന് എന്ന്. യഥാര്ത്ഥത്തില് അതിന്റ സന്ദര്ഭം നാം പരിശോധിക്കുന്പോള് നമുക്ക് മനസ്സിലാകും യേശു എത്രമാത്രം വിപ്ലവകാരിയായിരുന്നു എന്ന്. സീസറിന്റ പ്രതിനിധി ഹെറദോവ് ഭരിക്കുകയും അദ്ദേഹം ജനങ്ങളെ ക്രൂരമായി അടിച്ചമര്ത്തുകയും ഭീമമായ ചുങ്കങ്ങള് ചുമത്തി ജനത്തെ ക്ലേശിപ്പിക്കുകയും ചെയ്തിരുന്ന സന്ദര്ഭത്തില് ഇത്തരം ചുങ്കങ്ങല്ക്കെതിരെ യേശു ബോധവത്കരണം നടത്തുകയുണ്ടായി. ഇതിനെ കുറിച്ച് ഒറ്റുകാര് സീസര്ക്ക് ഒറ്റു കൊടുത്ത ഒരു സാഹചര്യത്തില് സീസറിന്റ ചാരന്മാര് ഒരു പണക്കിഴിയുമായി യേശുവിനെ സമീപിച്ച് ചോദിക്കുകയാണ്, ഇതിന് ചുങ്കം നല്കേണ്ടതുണ്ടോ എന്ന്. കൊടുക്കണം എന്നു പറഞ്ഞാല് യേശു ആദര്ശത്തില് നിന്നും പിറകോട്ട് പോയി. കൊടുക്കേണ്ട എന്ന് പറഞ്ഞാല് അതിന്റ പേരില് യേശുവിനെ കുറ്റവാളിയായി പിടിച്ചുകെട്ടുകയും യേശുവിന്റ പ്രവര്ത്തനങ്ങള്ക്ക് തടയിടുകയും ചെയ്യാം. ഇതായിരുന്നു ചാരന്മാരുടെ കണക്കുകൂട്ടല്. ഇത്തരമൊരു സന്ദര്ഭത്തില് യേശു വളരെ തന്ത്രപരമായി, സീസറിന്റ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരുന്ന ആ നാണയങ്ങളെടുത്ത് ഇത് ആരുടെ നാണയങ്ങളാണ് എന്ന് ആരാഞ്ഞു. ഇത് സീസറിന്റേതാണ് എന്ന് പറഞ്ഞപ്പോള് എങ്കില് സീസറിനുള്ളത് സീസറിന് കൊടുക്കുക, ദൈവത്തിനുള്ളത് ദൈവത്തിന് കൊടുക്കുക എന്ന് പറഞ്ഞുകൊണ്ട് അവരെ തോല്പിച്ചുകളയുകയായിരുന്നു യേശു ചെയ്തത്. അപ്പോള് യേശുവിന്റ വിപ്ലവ ജീവിതം നമ്മള് മറന്നുകൂട, അതുപോലെ മുഴുവന് പ്രവാചകന്മാരും സമൂഹത്തിലെ അനീതികള്ക്കെതിരെ, ചൂഷണങ്ങള്ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു എന്ന് നമ്മളോര്ക്കേണ്ടതുണ്ത്. വിശ്വാസികള് കേവലം ആരാധനകളും ധ്യാനങ്ങളും മാത്രമായി കഴിഞ്ഞുകൂടേണ്ടവരല്ല എന്നാണ് പ്രവാചകന്മാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും പുണ്യപുരുഷന്മാര് ഇത്തരത്തില് ദുര്ഭരണങ്ങള്ക്കെതിരെ , ഭരണാധികാരികളുടെ ചൂഷണങ്ങള്ക്കെതിരായി പ്രവര്ത്തിച്ചതായി കാണാന് കഴിയും. യേശുവിന്റ കാലത്ത് സീസറിനെതിരാണെങ്കില്, അബ്രഹാമിന്റ കാലത്ത് നംറൂദിനെതിരാണെങ്കില് മോസസിന്റ കാലത്ത് ഫറോവക്കെതിരായി വിപ്ലവ പ്രവര്ത്തനങ്ങള് നടത്തിയതായി കാണാന് കഴിയും. അതുപോലെ ശ്രീകൃഷ്ണന്റ കാലത്ത് കംസന് എന്നൊരു പ്രതിയോഗിയെ കാണാന് കഴിയും. രാമന്റ കാലത്ത് ഒരു രാവണനുമുണ്ട്. ഇതില് നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് മതം കേവലം ഒരു ആത്മീയത മാത്രമല്ലെന്നും, ആ ആത്മീയത നമ്മുടെ സാമൂഹ്യ ഇടപെടലുകള്ക്ക് ഊര്ജ്ജമായി മാറുന്ന ഒന്നാകേണ്ടതുണ്ത് എന്നുമെല്ലാമാണ്. ഇത്തരത്തില് മതങ്ങളെ വേദങ്ങളില് നിന്നും പഠിക്കാത്തതിനാലാണ് വര്ഗീയതയും മറ്റുമൊക്കെ ഉണ്ടാകുന്നത്. മതസമുദായങ്ങള് സാമൂഹ്യവിപ്ലവത്തിന്, മാനവികമോചനത്തിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. തആവനൂ അലല് ബിര്റി വത്തഖ് വാ, വലാ തആവനൂ അലല് ഇസ്മി വല് ഉദ് വാന്. നന്മയിലും ഭക്തിയിലും നിങ്ങല് പരസ്പരം സഹകരിക്കുക, തിന്മയിലും ശത്രുതയിലും നിങ്ങള് സഹകരിക്കരുത്. ഇത് മുസ്ലിം സമുദായത്തിനകത്തുള്ള പരസ്പര സഹകരണമല്ല എന്നും വിവിധ സമുദായങ്ങല് തമ്മിലുള്ള സഹകരണമാണെന്നും ഇതിന് തൊട്ട് മുന്പിലുള്ള വചനങ്ങള് പരിശോധിച്ചാല് നമുക്ക് മനസ്സിലാകും. അപ്പോള്, മതങ്ങളിലെപുണ്യപുരുഷന്മാരും പ്രവാചകന്മാരും നമ്മുടെ വിപ്ലവജീവിതത്തില് പ്രചോദനമാകേണ്ടതുണ്ട്. നമ്മുടെ യഥാര്ത്ഥ ജീവതദൌത്യം തിരിച്ചറിയാന് ഈശ്വരന്, അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

ഭരണ വ്യവസ്ഥ ആവിഷ്‌കരിക്കേണ്ടതാര്?

മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും വിമര്‍ശിക്കുന്നു എന്ന നാട്യേന ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതുന്നു: ”ഇബാദത്തിന് എന്ന പോലെ ഇസ്‌ലാമിന്റെ മൂലതത്ത്വമായ തൗഹീദി(ഏകേശ്വരത)നും ജമാഅത്ത് മേധാവി നല്‍കുന്ന അര്‍ഥകല്‍പനകള്‍ മനുഷ്യന്റെ ചിന്താപരവും കര്‍മപരവുമായ ദാസ്യത്തില്‍ ഊന്നുന്നതാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന് വിശ്വസിക്കുന്നിടത്ത് അവസാനിക്കുന്നതല്ല തൗഹീദ് എന്ന് അബുല്‍ അഅ്‌ലാ മൗദൂദി ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്‍ അടിമയാണെന്ന ആശയവും മനുഷ്യന്‍ സ്വയം ഒരു ഭരണവ്യവസ്ഥ ആവിഷ്‌കരിച്ചുകൂടാ എന്ന വിലക്കും അവിടെയും ജമാഅത്ത് സ്ഥാപകന്‍ കൊണ്ടുവരുന്നു” (ദൈവത്തിന്റെ രാഷ്ട്രീയം പേജ്, 71,72).
ഇവിടെ വിമര്‍ശകന്‍ ഉന്നയിക്കുന്ന വാദഗതികള്‍ ഇവയാണ്:
1. ഇബാദത്തിനും തൗഹീദിനും മൗലാനാ മൗദൂദി നല്‍കിയത് പുതിയ അര്‍ഥകല്‍പനയാണ്.
2. അത് മനുഷ്യന്റെ ചിന്താപരവും കര്‍മപരവുമായ ദാസ്യത്തിലാണ് ഊന്നുന്നത്.
3. അല്ലാഹുവല്ലാതെ ദൈവമില്ല എന്നിടത്ത് അവസാനിക്കുന്നതാണ് ഇസ്‌ലാമിലെ തൗഹീദ്. പക്ഷേ, മൗദൂദി അത് സമ്മതിക്കാന്‍ തയാറല്ല. അദ്ദേഹം അത് മനുഷ്യന്റെ അടിമത്തത്തിലേക്കും അല്ലാഹുവിന്റെ ഉടമസ്ഥതയിലേക്കും വലിച്ചുനീട്ടുന്നു. ഇത് മൗദൂദിയുടെ സ്വന്തം നിര്‍മിതിയാണ്. പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത നിര്‍മിതി.
വീണ്ടും എഴുതുന്നു: ”സമസ്ത ലോകത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവിനോട് മാത്രം ഭയഭക്തി കാണിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുക എന്ന സമീപനം സ്വീകരിച്ചാല്‍ അത് തൗഹീദാവില്ല. അല്ലാഹുവിന്റെ അടിമകളായ മനുഷ്യര്‍ യജമാനനായും ഭരണാധികാരിയായും അല്ലാഹുവിനെ മാത്രം കാണുക കൂടി വേണം. അവന്റെ നിയമമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. നിയമദാതാവും വിധികര്‍ത്താവും പരമാധികാരിയുമായി അല്ലാഹുവിനെ മാത്രമേ വീക്ഷിക്കാവൂ. പരമാധികാരം ജനങ്ങള്‍ക്കോ ജനങ്ങളുണ്ടാക്കുന്ന നിയമനിര്‍മാണസഭകള്‍ക്കോ പാര്‍ലമെന്റിനോ ഒന്നും ഉണ്ടെന്നും കരുതിക്കൂടാ” (അതേ പുസ്തകം പേജ് 72).
ഇവിടെ വിമര്‍ശകന്‍ പറയുന്നതുപോലെ അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ഈ അടിമയുടമാ കാഴ്ചപ്പാട് മൗദൂദിയുടെ സൃഷ്ടിയാണോ? ഖുര്‍ആന്‍ അത് സംബന്ധിച്ച് എന്തു പറയുന്നു എന്ന് പരിശോധിക്കാം.
ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
1. മനുഷ്യരുടെ റബ്ബ്, മനുഷ്യരുടെ രാജാവ്, മനുഷ്യരുടെ ഇലാഹ് (114:1-3).
ഖുര്‍ആന്‍ ചോദിക്കുന്നു: ”അല്ലാഹുവിനെയല്ലാതെ ഒരു ‘ഹകമി’നെ ഞാന്‍ അന്വേഷിക്കണമെന്നോ, അവനല്ലോ നിങ്ങള്‍ക്ക് വിശദമായി ഈ ഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നത്” (6:114).
”ചോദിക്കുക: അല്ലാഹുവിനെയല്ലാതെ ഒരു റബ്ബിനെ ഞാന്‍ അന്വേഷിക്കണമെന്നോ, അവനല്ലോ എല്ലാറ്റിന്റെയും റബ്ബ്” (6:164).
”മൂസാ ചോദിച്ചു: അല്ലാഹുവിനെയല്ലാതെ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇലാഹിനെ അന്വേഷിക്കണമെന്നോ, ലോകരിലും വെച്ച് നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനല്ലോ” (7:140).
മേല്‍ ഖുര്‍ആന്‍ വചനങ്ങള്‍ പറഞ്ഞത് ഇതാണ്:
അല്ലാഹു മാത്രമാണ് മനുഷ്യന്റെ ഇലാഹ്, മനുഷ്യന്റെ റബ്ബും അവന്‍ മാത്രമാണ്. മനുഷ്യന്റെ ഹകമും അവന്‍ മാത്രം. അവന്‍ തന്നെയാണ് മനുഷ്യന്റെ രാജാവും.
ഇലാഹ് എന്നതിന് തല്‍ക്കാലം നമുക്ക് ആരാധ്യന്‍ എന്ന് അര്‍ഥം പറയാം. അതായത് മനുഷ്യന് അല്ലാഹുവല്ലാതെ ഒരാരാധ്യനില്ല.
ഹകം എന്നതിന്റെ അര്‍ഥമെന്താണ്? ഇമാം റാഗിബ് (ഹി. 502 ക്രി: 1109) പറയുന്നു: ”ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നവര്‍ക്ക് ഹാകിം എന്നും ഹുക്കാം എന്നും പറയും… ഹകം എന്നാല്‍ അക്കാര്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്തവനാണ്. അതിനാല്‍ തന്നെ അത് കൂടുതല്‍ ആശയസമ്പന്നവുമാണ്” (അല്‍ മുഫ്‌റദാത്ത് പേജ് 134).
അപ്പോള്‍ മനുഷ്യന് അല്ലാഹുവല്ലാത്ത ഒരു നിയമദാതാവില്ല, ഉണ്ടാവാന്‍ പാടില്ല എന്ന് വന്നു.
ഇനി റബ്ബ് എന്നതിന്റെ അര്‍ഥം. ഇമാം ഇബ്‌നു കസീര്‍ (ഹി. 774 ക്രി. 1373) എഴുതുന്നു: ”സ്വതന്ത്ര കൈകാര്യാധികാരമുള്ള ഉടമയാണ് റബ്ബ്. യജമാനന്‍ എന്ന അര്‍ഥത്തിലും ഭാഷയില്‍ ആ പദം ഉപയോഗിക്കും” (ഇബ്‌നു കസീറിന്റെ തഫ്‌സീര്‍ 1:23).
അതായത് അല്ലാഹു മനുഷ്യരുടെ ഉടമയാണ്. യജമാനനുമാണ്. അല്ലാഹുവല്ലാത്ത മറ്റൊരു ഉടമ മനുഷ്യനില്ല.
മലിക് എന്നാല്‍ രാജാവ് എന്നാണര്‍ഥമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. മനുഷ്യന് അല്ലാഹുവല്ലാതെ ഒരു രാജാവില്ല. മറ്റൊരുവിധം പറഞ്ഞാല്‍ മനുഷ്യന്റെ ആരാധ്യനും വിധികര്‍ത്താവും ഉടമയും അല്ലാഹു മാത്രമാണ്
മറ്റൊരു ചോദ്യം കൂടി ഖുര്‍ആന്‍ ഉന്നയിക്കുന്നുണ്ട്: ”ചോദിക്കുക. അല്ലാഹുവിനെയല്ലാതെ ഞാന്‍ ഒരു വലിയ്യിനെ സ്വീകരിക്കണമെന്നോ?” (6:14). അതായത് മനുഷ്യന്റെ രക്ഷകനും അല്ലാഹു മാത്രമാണ്.
ഇനി അടിമ എന്ന് ഖുര്‍ആന്‍ ആര്‍ക്കൊക്കെ പ്രയോഗിച്ചിട്ടുണ്ടെന്ന് നോക്കാം. അബ്ദ് എന്നതിനാണ് നാം അടിമ എന്ന് പറയുന്നത്. ഖുര്‍ആന്‍ അബ്ദ് എന്ന പദം 30 സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് ആരെയൊക്കെ കുറിച്ചാണെന്ന് നോക്കാം. മനുഷ്യനെക്കുറിച്ച് ഒരിടത്ത്. മൂസാ അന്വേഷിച്ചുപോയ ഖദിറിനെക്കുറിച്ച് ഒരിടത്ത്. സത്യവിശ്വാസികളെക്കുറിച്ച് മൂന്നിടത്ത്. മനുഷ്യന്റെ തന്നെ അടിമയെക്കുറിച്ച് നാലിടത്ത്. ഈസയെക്കുറിച്ച് മൂന്നിടത്ത്. ദാവൂദിനെക്കുറിച്ച് ഒരിടത്ത്. സകരിയ്യയെക്കുറിച്ച് ഒരിടത്ത്. അയ്യൂബിനെക്കുറിച്ച് രണ്ടിടത്ത്. നൂഹിനെപ്പറ്റി മൂന്നിടത്ത്. ലൂത്വിനെക്കുറിച്ച് ഒരിടത്ത്. സൂലൈമാനെക്കുറിച്ച് ഒരിടത്ത്. മുഹമ്മദ് നബിയെക്കുറിച്ച് ഒമ്പത് സ്ഥലത്ത്.
ഇനി അബ്ദ് എന്ന പദത്തിന്റെ ബഹുവചനരൂപമായ ഇബാദ്, അബീദ് എന്നീ പദങ്ങള്‍ പ്രയോഗിച്ചത് നോക്കാം. മനുഷ്യര്‍ ആരാധ്യനായി സങ്കല്‍പിച്ച വ്യാജ ദൈവങ്ങളെക്കുറിച്ച് മൂന്ന് സ്ഥലത്ത് ഇബാദ്-അടിയാറുകള്‍- എന്ന് പ്രയോഗിച്ചത് കാണാം. മൊത്തം മനുഷ്യരെക്കുറിച്ച് 46 സ്ഥലത്ത് ഇബാദും അഞ്ച് സ്ഥലത്ത് അബീദും. മലക്കുകളെക്കുറിച്ച് മൂന്നിടത്ത്. സൈന്യത്തെക്കുറിച്ച് ഒരിടത്ത്. ഇസ്രാഈല്യരെക്കുറിച്ച് മൂന്നിടത്ത്. പ്രവാചകന്മാരടക്കം വിശ്വാസികളെ 46 സ്ഥലത്ത്. മൊത്തം 97 സ്ഥലത്ത് ഇബാദ് എന്ന പദവും അഞ്ച് സ്ഥലത്ത് അബീദ് എന്ന പദവും. മൊത്തം 102 സ്ഥലത്ത്.
ഖുര്‍ആന്‍ അല്ലാഹുവിനെ ഉടമയും മനുഷ്യന്‍, മലക്ക്, ജിന്നാദി സൃഷ്ടികളെ അവന്റെ അടിയാറുകളുമായാണ് അവതരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ പ്രയോഗങ്ങള്‍ ധാരാളമാണ്. എന്നാല്‍ ഖുര്‍ആന്‍ അത്രയും കൊണ്ട് മതിയാക്കിയില്ല. പ്രപഞ്ചമാസകലത്തിന്റെയും ഉടമയായാണ് അത് അല്ലാഹുവിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. മൊത്തം പ്രപഞ്ചത്തിന്റെ ഉടയതമ്പുരാന്‍. അവന്റെ അടിമയാവാന്‍ സന്നദ്ധനല്ല എന്ന് പറയുകയോ വിചാരിക്കുകയെങ്കിലുമോ ചെയ്യുന്നവന്‍ ഖുര്‍ആന്റെ ഭാഷയില്‍ ധിക്കാരിയും അഹങ്കാരിയുമാണ്. മലക്കുകളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ”ആദരണീയരായ അടിമകള്‍” (21:25).

ഈസാ നബിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദാസനാവാന്‍ മസീഹ് അറച്ചു നില്‍ക്കുന്നേയില്ല. ദൈവസാമീപ്യം ലഭിച്ച മലക്കുകളുമില്ല. അവന്റെ ‘അടിമത്തം’ (ഇബാദത്ത്) വരിക്കാന്‍ അറച്ചുനില്‍ക്കുകയും അഹന്ത കൈക്കൊള്ളുകയും ചെയ്തവരുണ്ടെങ്കില്‍ അല്ലാഹു അവരെയൊക്കെ തന്റെയടുത്തേക്ക് കൊണ്ടുവരുന്നുണ്ട്” (4:172).
മുഹമ്മദ് നബിയെക്കുറിച്ച്: ”നാം നമ്മുടെ ദാസന് അവതരിപ്പിച്ചുകൊടുത്തത് സംബന്ധിച്ച് നിങ്ങള്‍ സംശയത്തില്‍ പെട്ടുപോയെങ്കില്‍…” (2:23).
”തന്റെ ദാസനെ ഒരു രാത്രി കൊണ്ട് മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് പ്രയാണം ചെയ്യിച്ചവന്‍ പരിശുദ്ധനല്ലോ” (17:1).
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനടക്കം എല്ലാമെല്ലാം അല്ലാഹുവിന്റെ പിടുത്തത്തിലും അധീനതയിലുമാണെന്ന് ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടുള്ളതാണ്. അതില്‍നിന്ന് കുതറിമാറാന്‍ ആര്‍ക്കും സാധ്യമല്ല. അതൊരു വൃഥാ ശ്രമം മാത്രം. താന്‍ അങ്ങനെ അടിമയാവാനൊന്നും തയാറല്ല, താന്‍ സ്വതന്ത്രനാണ് എന്നൊക്കെ വേണമെങ്കില്‍ അഹങ്കരിക്കാം, ധിക്കാരം പറയാം. ആ ഒരു സ്വാതന്ത്ര്യവും ഈ അടിയന് ഉടയ തമ്പുരാന്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. ”താല്‍പര്യമുള്ളവന് വിശ്വസിക്കാം. താല്‍പര്യമുള്ളവന് ധിക്കരിക്കാം. ധിക്കാരികള്‍ക്ക് നാം നരകം തയാര്‍ ചെയ്തുവെച്ചിട്ടുണ്ട്” (ഖുര്‍ആന്‍ 18:29).
അത്തരക്കാരോട് ഖുര്‍ആന്‍ ഒരു കാര്യം കൂടി പറഞ്ഞു: ”സാധ്യമെങ്കില്‍ ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്ത് ചാടാനൊന്ന് ശ്രമിച്ചുനോക്കുവിന്‍” (55:33).
ഖുര്‍ആന്റെ ഈ വിവരണത്തില്‍ നിന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാവുന്ന കാര്യം ഇതാണ്:
മനുഷ്യന്‍ അവന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, ഈ ഭൂമിയില്‍ ജനിച്ചുവീണതുമുതല്‍ അല്ല, അവന്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ രൂപം കൊണ്ടത് മുതല്‍ അല്ലാഹുവിന്റെ അടിമയാണ്. ഈ ‘തലയിലെഴുത്ത്’ മായ്ച്ചുകളയാന്‍ അവന് സാധ്യമേ അല്ല. ഫ്യൂഡല്‍ വ്യവസ്ഥയിലെ അടിമ-ഉടമ സമ്പ്രദായമല്ല അത്. കൈയൂക്കുള്ളവന്‍ സ്വന്തം താല്‍പര്യത്തിനൊത്ത് മെനഞ്ഞുണ്ടാക്കിയ അനീതി നിറഞ്ഞ ഒരു വ്യവസ്ഥയായിരുന്നു അത്. ഇത് കാരുണ്യവാനായ അല്ലാഹുവിന്റെ കാരുണ്യകടാക്ഷത്തിന്റെ തേട്ടമാണ്. ഇവിടെ അനീതിയില്ല. അനുഗ്രഹം മാത്രം.

ഇവിടെയാണ് അല്ലാഹുവിന്റെ സ്ഥാനവും മനുഷ്യന്റെ സ്ഥാനവും എന്താണെന്ന് തീരുമാനിക്കേണ്ടിവരുന്നത്. അല്ലാഹുവിനോടുള്ള മനുഷ്യന്റെ സമീപനം എന്തായിരിക്കണമെന്ന് തീരുമാനിക്കണമെങ്കില്‍ ഈ തീരുമാനം അനിവാര്യമാണ്. ഖുര്‍ആനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ആ കാര്യത്തില്‍ രണ്ടാമതൊരഭിപ്രായം ഉണ്ടാവാനും പറ്റില്ല. ആ സ്ഥാനം ഖുര്‍ആന്‍ ഇപ്രകാരം നിര്‍ണയിക്കുന്നു.

1. അല്ലാഹു സ്രഷ്ടാവാണ്. മനുഷ്യന്‍ സൃഷ്ടിയാണ്.
2. അല്ലാഹു മാത്രമാണ് മനുഷ്യന്റെ ജനിമൃതികള്‍ നിശ്ചയിക്കുന്നത്. മനുഷ്യന് അതില്‍ ഒരു സ്വാധീനവുമില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ നിയമത്തിന് കീഴടങ്ങാന്‍ അവന്‍ നിര്‍ബന്ധിതനാണ്.

3. അല്ലാഹുവാണ് മനുഷ്യന് വേണ്ട വിഭവങ്ങളത്രയും നല്‍കുന്നത്. ആ വിഭവങ്ങള്‍ മാത്രമാണ് മനുഷ്യന്‍ അനുഭവിക്കുന്നത്. മറ്റൊരിടത്ത് നിന്നും അവന് യാതൊന്നും ലഭിക്കുന്നില്ല, ലഭിക്കുകയുമില്ല.

4. അല്ലാഹുവിന്റെ തീരുമാനം തിരുത്തിക്കാന്‍ പോന്ന ഒരു ശക്തിയും പ്രപഞ്ചത്തിലോ പ്രപഞ്ചത്തിന് പുറത്തോ ഇല്ല.

5. അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ല. ആരെ പരാജയപ്പെടുത്താനും അല്ലാഹുവിന് ഒരു പ്രയാസവുമില്ല.

6. സൃഷ്ടിപ്പിന്റെ കാര്യത്തിലും മനുഷ്യനല്ല സങ്കീര്‍ണ സൃഷ്ടി. ആകാശഭൂമികളാണ്. ആകാശഭൂമികളെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിന്റെ മുമ്പില്‍ ഒരു സൃഷ്ടി എന്ന നിലക്ക് മനുഷ്യന്‍ തീര്‍ത്തും നിസ്സാരനും നിസ്സഹായനുമാണ്.

7. സകല ലോകത്തിന്റെയും നിയന്ത്രണം അല്ലാഹുവിന്റെ കൈകളിലാണ്. അവന്റെ എല്ലാവിധ അനുഗ്രഹങ്ങളുടെയും ഖജനാവിന്റെ താക്കോലും അവന്റെ കൈകളില്‍ തന്നെ. അതിലൊന്നിലും ആര്‍ക്കും കൈകടത്താന്‍ സാധ്യമല്ല.

8. കല്‍പിക്കാനുള്ള അധികാരം അവനില്‍ നിക്ഷിപ്തമാണ്. മനുഷ്യന് അനുസരിക്കാനുള്ള ബാധ്യത മാത്രമാണുള്ളത്. അല്ലാഹുവിന്റെ കല്‍പനകളെ ചോദ്യം ചെയ്യാനോ അവയെ ധിക്കരിക്കാനോ അവന് സ്വാതന്ത്ര്യമില്ല.

9. കര്‍മവും വിശ്വാസവും എന്തുതന്നെയായാലും മനുഷ്യന്‍ അവയെക്കുറിച്ചെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് -സമാധാനം- ബോധിപ്പിക്കേണ്ടിവരും. അതില്‍ നിന്ന് കുതറി മാറാന്‍ അവന് സാധ്യമല്ല.

ഇത്രയും കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഏതൊരാളും അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്, അല്ലാഹു തന്റെ ഉടമയും യജമാനനുമാണെന്നും താന്‍ അല്ലാഹുവിന്റെ അടിമയാണെന്നുമുള്ള കാര്യം. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കെന്നല്ല, ദൈവത്തില്‍ വിശ്വാസമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരാളും തൗഹീദ് അംഗീകരിച്ചവനാകുന്നുമില്ല.
ഈ വസ്തുതകള്‍ അംഗീകരിച്ച് താന്‍ അല്ലാഹുവിന്റെ അടിമയാണെന്ന് ഏറ്റു പറയുന്ന ഒരു വിശ്വാസി അനുഭവിക്കുന്ന ആത്മനിര്‍വൃതി എന്ന ഒന്നുണ്ട്. അത് ഈ വസ്തുതയെ തള്ളിപ്പറയുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ ആവുകയുമില്ല.
ഫ്യൂഡല്‍ വ്യവസ്ഥയിലെ അടിമ ഉടമ ബന്ധമല്ല അല്ലാഹുവിനും അവന്റെ അടിമക്കും തമ്മിലുള്ളത്. അതുകൊണ്ടാണ് മുഹമ്മദ് നബി പറഞ്ഞത്: ”എന്നെ സംബന്ധിച്ച് നിങ്ങള്‍ അല്ലാഹുവിന്റെ അടിമയും ദൂതനും എന്ന് പറയുക.”

നബിയുടെ ഈ പ്രസ്താവത്തില്‍ അടിമക്കാണ് പ്രഥമ സ്ഥാനം. ദൂതന്‍ രണ്ടാമനാണ്. താന്‍ ദൂതനാവുന്നതിന് മുമ്പും അടിമയാണ്, ദൂതനായിരുന്നില്ലെങ്കിലും അടിമയാണ്. അടിമ എന്ന വിശേഷണമാണ് തനിക്കും കൂടുതല്‍ ചേര്‍ന്നത്. അത് നിഷേധിച്ചുകൊണ്ട് തനിക്ക് നിലനില്‍പില്ലെന്ന്.
വിനയാന്വിതനായ അടിമ ഉടമയുടെ കല്‍പനകള്‍ അനുസരിക്കുമ്പോള്‍, അവനോട് പ്രാര്‍ഥിക്കുമ്പോള്‍ സംപ്രീതനായ കരുണക്കടലായ അല്ലാഹുവും അടിമക്ക് അനുഗ്രഹം വര്‍ഷിക്കുന്നു. അവനെ കടാക്ഷിക്കുന്നു. പരലോകത്ത് അര്‍ഹമായ പ്രതിഫലവും നല്‍കുന്നു.
ഇവിടെയാണ് അടിമത്തം യഥാര്‍ഥ സ്വാതന്ത്ര്യമായി വിശ്വാസിക്ക് അനുഭവപ്പെടുന്നത്. ശരീരത്തെ തന്നെപ്പോലെയുള്ള ഒരാളുടെ ചൊല്‍പടിക്ക് ഏല്‍പിച്ചുകൊടുത്ത് ആജീവനാന്തം അയാളുടെ കീഴില്‍ ആട്ടും തൊഴിയും സഹിച്ച് കഴിഞ്ഞുകൂടുന്നതിന് മാത്രമാണ് അടിമത്തം എന്ന് പറയുന്നതെന്നത് തെറ്റിദ്ധാരണ മാത്രമാണ്. തന്നെപ്പോലെയുള്ള ആളുകള്‍ മെനയുന്ന നിയമവ്യവസ്ഥകള്‍ക്ക് കീഴടങ്ങുന്നതും അടിമത്തം തന്നെയാണ്. അതിന് എന്ത് പേരിട്ടു വിളിക്കുന്നു എന്നതല്ല പ്രധാനം. ഒരാളുടെ -തന്റെ സ്രഷ്ടാവിന്റെ- മാത്രം അടിമയാകണമോ പലരുടെയും -തന്നെപ്പോലെയുള്ള സൃഷ്ടികളുടെ- അടിമയാകണമോ എന്നതാണ് പ്രശ്‌നം. സ്രഷ്ടാവിന്റെ മുമ്പില്‍ താനും അവനും തുല്യം. അവിടെ കണക്ക് ബോധിപ്പിക്കാന്‍ തനിക്കെന്നപോലെ അപരന്നുമുണ്ട് ബാധ്യത. മറ്റൊരാള്‍ക്ക് അയാള്‍ അര്‍ഹിക്കാത്ത സ്ഥാനം നല്‍കിയതിന്റെ പേരിലാണ് താന്‍ ചോദ്യം ചെയ്യപ്പെടുന്നതെങ്കില്‍ താന്‍ അര്‍ഹിക്കാത്ത സ്ഥാനം തനിക്കുണ്ടെന്ന് അവകാശപ്പെട്ടതിനാവും അപരന്‍ ചോദ്യം ചെയ്യപ്പെടുന്നതെന്ന വ്യത്യാസമുണ്ട് എന്നു മാത്രം.

മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, അവന്‍ എല്ലായിടത്തും ചങ്ങലക്കെട്ടുകളിലാണ് എന്നത് റൂസ്സോവിയന്‍ നിരീക്ഷണം (ദൈവത്തിന്റെ രാഷ്ട്രീയം പേജ് 69) അല്ല. അത് ആദ്യം ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. ഖുര്‍ആന്‍ നബിയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”അദ്ദേഹം അവരുടെ ഭാരങ്ങള്‍ ഇറക്കിവെക്കും. അവരെ വരിഞ്ഞുകെട്ടിയ ചങ്ങലക്കുരുക്കുകള്‍ അഴിച്ചുമാറ്റും” (7:157).
ഇസ്‌ലാമിലെ രണ്ടാം ഖലീഫ ഈജിപ്തിലെ തന്റെ ഗവര്‍ണറോട് ചോദിച്ചത് സുവിദിതമാണ്: ”അവരുടെ ഉമ്മമാര്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരായാണ്. പിന്നെ എന്നു മുതലാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്?”

ഗവര്‍ണറുടെ മകന്‍ ഒരു സാധാരണക്കാരനായ അമുസ്‌ലിമിന്റെ മകനെ അടിച്ചതിനാണ് ഗവര്‍ണറോടുള്ള ഉമറിന്റെ ഈ ആക്രോശം. നമ്മുടെ ജനാധിപത്യത്തില്‍ ഗവര്‍ണറിനും മകനുമെന്നല്ല ഏത് പ്യൂണിനും ഇനി അതും അല്ലാത്തവനും ആരെയും എന്തും ചെയ്യാവുന്ന അവസ്ഥയാണുള്ളത്. തെളിവ് ആവശ്യമില്ലാത്ത വിധം ഏതു ജനാധിപത്യവാദിയുടെ ഭരണത്തിലും ഇത് സര്‍വസാധാരണമാണ്. ഈ അടിമത്തം തുടച്ചുമാറ്റാന്‍ ഇസ്‌ലാമിനേ കഴിഞ്ഞിട്ടുള്ളൂ.
സ്വാതന്ത്ര്യം എന്ന ആശയം സംബന്ധിച്ച് ഇസ്‌ലാമും ഇതര പ്രത്യയശാസ്ത്രങ്ങളും ഭിന്ന കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഒന്നിന്റെ അളവ് കോല്‍ വെച്ച് മറ്റേതിനെ അളക്കുന്നതില്‍ അര്‍ഥമില്ല. മനുഷ്യനെക്കുറിച്ചും അവന്റെ ജനിമൃതികളെക്കുറിച്ചുമൊക്കെയുമുണ്ട് ഈ വീക്ഷണവൈരുധ്യം. ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യമല്ല കമ്യൂണിസത്തിന്റെ വിഭാവനയിലുള്ളത്. അത് രണ്ടിന്റേതുമല്ല മുതലാളിത്തത്തിന്റെ വിഭാവനയിലുള്ളത്. ജനാധിപത്യത്തിന്റെ കാഴ്ചപ്പാടും ഇപ്പറഞ്ഞതിന്റെയൊക്കെ കാഴ്ചപ്പാടുമായുമുണ്ട് മൗലിക വ്യത്യാസം. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ അടിമയും അല്ലാഹു ഉടമയുമാണ്. അക്കാര്യം നാം വിശദീകരിച്ചുകഴിഞ്ഞു. മനുഷ്യന്‍ പ്രജയാണ്. അല്ലാഹു രാജാവാണ്. രാജാവിനാണ് അധികാരം. നിയമനിര്‍മാതാവും അവന്‍ തന്നെ. ഇസ്‌ലാം അംഗീകരിക്കുന്ന ഏതൊരാളും ഇത് അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. ‘മനുഷ്യരുടെ രാജാവ്’ എന്നാണ് 114-ാം അധ്യായത്തില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 25:2-ല്‍ പറയുന്നത് രാജാധിപത്യത്തിന്റെ കാര്യത്തില്‍ അവന് ഒരുവിധ പങ്കാളിയും ഇല്ലെന്നാണ്. 17:111-ലും ഈ കാര്യം പറയുന്നുണ്ട്. രാജാവ് എന്നതിന് അറബിഭാഷയില്‍ മലിക് എന്ന് പറയുന്നു. മലിക് എന്ന പദത്തിന് ഇമാം റാഗിബ് നല്‍കുന്ന അര്‍ഥം ഇപ്രകാരമാണ്:

”ഭൂരിപക്ഷത്തില്‍ കല്‍പിച്ചും നിരോധിച്ചും കാര്യം കൈയാളുന്നവന്‍. മനുഷ്യരെ ഭരിക്കുന്നതുമായി മാത്രം ബന്ധപ്പെട്ടതാണത്. അതുകൊണ്ടാണ് മനുഷ്യരുടെ രാജാവ് എന്ന് പറയുന്നത്. വസ്തുക്കളുടെ രാജാവ് എന്ന് പറയാത്തതും അതുകൊണ്ടാണ്” (അല്‍ മുഫ്‌റദാത്ത് 475).
അല്ലാഹു മനുഷ്യരുടെ രാജാവെങ്കില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ സാമ്രാജ്യത്തിലെ പ്രജയാണ്. അതായത് അടിമയും പ്രജയുമായ മനുഷ്യന് നിയമം നിര്‍മിക്കേണ്ടത് ഉടമയും രാജാവുമായ അല്ലാഹുവാണ്. അതുകൊണ്ടാണ് നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രം എന്ന് ഖുര്‍ആന്‍ പറഞ്ഞതും ഇസ്‌ലാമിക പണ്ഡിതന്മാര്‍ എക്കാലത്തും അതേറ്റു പറഞ്ഞതും.
ഒരേ കാര്യത്തില്‍ രണ്ട് കൂട്ടര്‍ക്കും- ഉടമക്കും അടിമക്കും രാജാവിനും പ്രജക്കും- പരമാധികാരം എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. അടിമക്ക് അടിമ തന്നെ നിയമം ആവിഷ്‌കരിക്കുക, ഉടമ അതംഗീകരിച്ചുകൊടുക്കുക എന്നതും സാമാന്യ ബുദ്ധി അംഗീകരിക്കുന്നതല്ല. അതുകൊണ്ടുതന്നെ ‘മനുഷ്യന്റെ യാതൊരു വ്യവഹാരങ്ങളിലും ഇടപെടാത്ത ദൈവത്തിന് പരമാധികാരം നല്‍കുക’ (ദൈവത്തിന്റെ രാഷ്ട്രീയം പേജ് 72)യല്ല മൗദൂദി ചെയ്തത്. മനുഷ്യന്റെ യാതൊരു വ്യവഹാരങ്ങളിലും ഇടപെടാത്ത ദൈവം എന്ന ഒന്നില്ല താനും. ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ച എത്ര വലിയ നിര്‍മതവാദിക്കും അങ്ങനെ വാദിക്കാനുമാവുകയില്ല. ”മനുഷ്യന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതമടക്കമുള്ള സകല തലങ്ങളിലും സമൂഹ ബാഹ്യപ്രതിഭാസമായ ദൈവത്തിന്റെ കല്‍പനകള്‍ മാത്രമേ മനുഷ്യര്‍ സ്വീകരിച്ചുകൂടൂ” (ദൈവത്തിന്റെ രാഷ്ട്രീയം, പേജ് 73) എന്ന് ‘അവര്‍’ കല്‍പിച്ചതല്ല, അല്ലാഹു കല്‍പിച്ചതാണ്.

ദൈവത്തെ സമൂഹ ബാഹ്യ പ്രതിഭാസം എന്ന് പറഞ്ഞതില്‍ തന്നെയുമുണ്ട് അസാംഗത്യം.
ഒന്നാമതായി, ദൈവം സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും വാദിച്ചിട്ടില്ല. വാദിക്കുകയുമില്ല. വ്യക്തികള്‍ കൂടുമ്പോഴാണ് സമൂഹം രൂപപ്പെടുന്നത്. അല്ലാഹു ഏകനാണ്. അവന്‍ സ്രഷ്ടാവാണ്. സൃഷ്ടികളിലേ വ്യക്തികളും വ്യക്തികളാല്‍ രൂപം കൊണ്ട സമൂഹവും ഉണ്ടാവൂ. അതിനാല്‍ തന്നെ അല്ലാഹു സമൂഹബാഹ്യം മാത്രമല്ല, പ്രപഞ്ചബാഹ്യം കൂടിയാണ്. പ്രപഞ്ചത്തിന്റെ ഭാഗവുമല്ല അവന്‍.

അല്ലാഹു -അവനെക്കുറിച്ചാണ് ദൈവം എന്ന് പറയുന്നതെങ്കില്‍- അവന്‍ ഒരു പ്രതിഭാസമല്ല. പ്രതിഭാസം എന്ന പദത്തിന് ശബ്ദതാരാവലിയില്‍ നല്‍കുന്ന അര്‍ഥം ഇതാ: പ്രതിഭാസം = തോന്നല്‍ (പെട്ടെന്ന് ഉള്ളില്‍ തോന്നുന്നത്), ബാഹ്യാകൃതി, സംഭവം, കാഴ്ച, മിഥ്യാഭാവം.

മേല്‍ പറഞ്ഞതില്‍ ഏതര്‍ഥമനുസരിച്ചാണാവോ ‘ദൈവത്തിന്റെ രാഷ്ട്രീയ’ക്കാരന്‍ അല്ലാഹുവിനെ മനസ്സിലാക്കിയിട്ടുണ്ടാവുക?

വിശ്വാസികളെ സംബന്ധിച്ചേടത്തോളം അല്ലാഹു ഒരു യാഥാര്‍ഥ്യമാണ്. പരമ യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യത്തെ തോന്നലായി അംഗീകരിക്കാന്‍ അവന് സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രതിഭാസം എന്ന് ഗ്രന്ഥകാരന്‍ പറഞ്ഞത് വിശ്വാസികളെ പരിഹസിക്കാനാണ്. തന്റെ യഥാര്‍ഥ വിശ്വാസം തുറന്ന് പറയാന്‍ അദ്ദേഹത്തിനൊട്ട് ചങ്കൂറ്റമില്ല. അത് തുറന്ന് പറഞ്ഞാല്‍ കള്ളി പൊളിയും.
ഇ.എന്‍ ഇബ്‌റാഹീം