Category Archives: മൌനം

മര്‍മം മറന്ന മുസ്‌ലിം സമുദായം

ജനങ്ങള്‍ക്ക് സന്മാര്‍ഗമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിന് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളും അതേ ആവശ്യാര്‍ത്ഥം തന്നെയായിരുന്നു. ജനങ്ങള്‍ക്ക് സന്‍മാര്‍ഗം കാണിച്ചു കൊടുക്കുക എന്നതാണ് പ്രവാചകന്‍മാരെ നിയോഗിച്ചതിന്റെ പ്രഖ്യാപിത ലക്ഷ്യം.

സന്മാര്‍ഗത്തിന്റെ പ്രത്യേകതകളിലൊന്നാണ് ദുര്‍മാര്‍ഗം അതിന്റെ ശത്രുവാണെന്നുള്ളത്. അതുകൊണ്ട് തന്നെ സന്മാര്‍ഗത്തെ പ്രതിനിധീകരിച്ച് കടന്നു വന്ന മുഴുവന്‍ പ്രവാചകന്‍മാരും കല്ലെറിയപ്പെട്ടിട്ടുണ്ട്. ഒരു പ്രവാചകനെയും ഒരു സമൂഹവും പൂമാലയിട്ട് സ്വീകരിച്ചതായി കാണുന്നില്ല. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യും കല്ലെറിയപ്പെട്ടു. മുഹമ്മദ് നബി(സ)യെ കല്ലെറിയുന്നത് അദ്ദേഹത്തിന്റെ കാലശേഷവും തുടരുന്നു. അദ്ദേഹത്തിലൂടെ ഉളവായ പ്രവാചകത്വം അവസാനിച്ചിട്ടില്ല എന്നത് തന്നെയാണതിന് കാരണം. ഈ കാലത്തിന്റെയും പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്നെയാണ്. ഒരു പ്രവാചകന്‍ എന്ന നിലക്ക് കല്ലെറിയപ്പെടുന്ന മറ്റൊരാളും ലോകത്തില്ല. പ്രവാചകന് ശേഷം പ്രവാചകത്വം വാദിച്ച് മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെ പോലുള്ളവര്‍ രംഗത്ത് വന്നപ്പോഴും ഇസ്‌ലാമിന്റെ ശത്രുക്കള്‍ അയാളെ കല്ലെറിഞ്ഞിട്ടില്ല. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇന്നും അയാളെ കല്ലെറിയുന്നുമില്ല.

മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ പ്രതിനിധീകരിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത. പ്രവാചകത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഖുര്‍ആന്റെ വിഭാവന ചെയ്യുന്ന ഉത്തമ സമൂഹമായിട്ട് മാറണം. എന്നാല്‍ ഇന്ന് മുസ്‌ലിം സമുദായത്തിന് ആ വിശേഷണത്തിന് എത്രത്തോളം അര്‍ഹതയുണ്ട്? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് വിശകലനം ചെയ്യുമ്പോള്‍ സമുദായത്തെ സംബന്ധിച്ച ചില സുപ്രധാന കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്.

അതില്‍ ഒന്നാമത്തേതാണ് അല്ലാഹുവിനെ മറന്നു കൊണ്ടുള്ള ഇസ്‌ലാമിനെ സ്‌നേഹിക്കല്‍. വെള്ളിയാഴ്ച്ച ജുമുഅക്ക് പള്ളിയില്‍ കാണുന്ന അത്ര മുസ്‌ലിംകളെ സുബ്ഹി നമസ്‌കരിക്കാന്‍ പള്ളിയില്‍ കാണാറില്ല. ഒരു പ്രദേശത്ത് എത്ര മുസ്‌ലിംകളുണ്ടെന്ന് കണക്കെടുക്കേണ്ടത് സുബ്ഹിക്ക് പള്ളിയില്‍ പോയിട്ടായിരിക്കണം എന്നൊരു മഹാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു കണക്കെടുപ്പ് നടത്തിയാല്‍ നിലവിലുള്ള എണ്ണത്തില്‍ ഭീമമായ വ്യത്യാസം കണ്ടെത്താനാവും. വെള്ളിയാഴ്ച്ചകളില്‍ നാം കാണുന്ന ആള്‍ക്കൂട്ടം അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മാത്രമല്ലെന്നാണ് ആ അന്തരം കുറിക്കുന്നത്. അല്ലാഹുവുമായിട്ടുള്ള ബന്ധം മറക്കുന്നതോടെ സ്വാഭാവികമായും അല്ലാഹു നിശ്ചയിച്ച എല്ലാം മറക്കുകയും ഒരു സമുദായത്തിലുള്ള അംഗം എന്ന നിലക്കുള്ള സ്വാഭാവിക ജീവിതമായി അവരുടെ ജീവിതം മാറുകയും ചെയ്യുന്നു.

പ്രവാചകത്വത്തെ മറന്നു കൊണ്ടുള്ള പ്രവാചക സ്‌നേഹമാണ് രണ്ടാമത്തെ കാര്യം. പ്രവാചകന്‍(സ)യെ അതിയായി സ്‌നേഹിക്കുന്നവരാണ് മുസ്‌ലിം സമുദായത്തിലുള്ളത്. പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് അവര്‍ നബിദിനം ആഘോഷിക്കുന്നത്. പ്രവാചകനെ നിന്ദിച്ച പ്രൊഫസറുടെ കൈ വെട്ടിയത് പോലും പ്രവാചക സ്‌നേഹത്തിന്റെ പേരിലാണ്. പ്രവാചകനെ ആക്ഷേപിച്ച പ്രൊഫസറുടെ കൈവെട്ടിയത് പ്രവാചക സ്‌നേഹത്തിന്റെ പേരിലാണെങ്കില്‍ അതേ പ്രൊഫസര്‍ക്ക് രക്തം നല്‍കിയത് എങ്ങനെ പ്രവാചക സ്‌നേഹമായി മാറുന്നതെന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. പ്രൊഫസറുടെ കൈവെട്ടിയത് പ്രവാചകത്വത്തെ മറന്നു കൊണ്ടുള്ള പ്രവാചക സ്‌നേഹവും രക്തം കൊടുത്തത് പ്രവാചകത്വത്തെ പ്രതിനിധീകരിച്ചു കൊണ്ടുള്ള പ്രവാചക സ്‌നേഹവുമാണെന്നതാണ് അവ തമ്മിലുള്ള വ്യത്യാസം. ‘ലോകര്‍ക്ക് മുഴുവനും കാരുണ്യ’മായിട്ടാണ് പ്രവാചകനെ നിയോഗിച്ചതെന്നാണ് പ്രവാചകത്വത്തിന്റെ സവിശേഷത ഖുര്‍ആന്‍ വിവരിക്കുന്നത്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്തെ സംഭവങ്ങള്‍ അതിന് സാക്ഷിയാണ്. ഉഹ്ദ് യുദ്ധവേളയില്‍ നബി തിരുമേനിയുടെ പല്ല് പൊട്ടുകയും മുറിവ് പറ്റി മുഖത്ത് നിന്ന് രക്തമൊഴുകുകയും ചെയ്യുന്ന സമയത്ത് ശത്രുക്കളുടെ നാശത്തിന് വേണ്ടി താങ്കള്‍ക്ക് പ്രാര്‍ഥിച്ചു കൂടെ എന്ന് അനുയായികള്‍ വന്ന് ചോദിച്ചു. അതിനദ്ദേഹം നല്‍കിയ മറുപടി ‘ജനങ്ങള്‍ക്ക് ശാപമായിട്ടല്ല, അവര്‍ക്ക് കാരുണ്യമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്’ എന്നായിരുന്നു. അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കേണമേ എന്നായിരുന്നു അല്ലാഹുവോട് നബി(സ) പ്രാര്‍ഥിച്ചത്. മക്കയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിട്ടും അവിടെ വരള്‍ച്ച വന്നപ്പോള്‍ അവരെ സഹായിക്കുന്ന പ്രവാചകനെയാണ് നാം കാണുന്നത്.

ഇതുപോലുള്ള മറ്റൊരു അവസ്ഥയാണ് ഇസ്‌ലാമിനെ മറന്നു കൊണ്ടുള്ള പാര്‍ട്ടി സ്‌നേഹം. പള്ളികള്‍ പോലും പാര്‍ട്ടികളുടെ പേരില്‍ അറിയപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. പള്ളികളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അതിനെ തുടര്‍ന്ന് പള്ളികള്‍ പൂട്ടിയിടേണ്ടി വരുന്ന അവസ്ഥയുമെല്ലാം അതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചടത്തോളം അപകടകരമായ അവസ്ഥയാണത്.

ഇസ്‌ലാമിന്റെ സാകല്യത്തെ മറന്നു കൊണ്ടുള്ള മതകാര്‍ക്കശ്യമാണ് നാലാമത്തെ കാര്യം. ഇന്ന് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് നിലവിളക്ക് കൊളുത്തല്‍, യോഗ പോലുള്ള വിഷയങ്ങളിലെ നിലപാടുകളിലെ പേരിലാണ്. എന്നാല്‍ പ്രവാചകന്‍മാര്‍ വിവാദത്തില്‍ അകപ്പെട്ടത് സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അവര്‍ നടത്തിയ ഇടപെടലുകളുടെ പേരിലായിരുന്നു എന്ന് കാണാം. ഇസ്‌ലാമിന്റെ സാകല്യത്തെ കൈവെടിഞ്ഞ് അതിനെ മതതലത്തില്‍ ഒതുക്കി അതില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. ഇത്തരം വിവാദങ്ങളില്‍ ഇസ്‌ലാം അതിന്റെ തനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം വികലമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഇസ്‌ലാം ഒരുനിലക്കും വിട്ടുവീഴ്ച്ച ചെയ്യാത്ത സമീപനം സ്വീകരിച്ചിട്ടുള്ള മദ്യം, പലിശ, കൈക്കൂലി, അഴിമതി പോലുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഒരിക്കലും വിവാദം ഉയരുന്നില്ല. മര്‍മങ്ങള്‍ മറന്നു കൊണ്ട് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതിലുള്ള പാകപ്പിഴവുകളാണ് അതിന് കാരണം.

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് മര്‍മങ്ങള്‍ മറക്കാതിരിക്കുക എന്നുള്ളത്. വ്രതമെടുക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ വ്രതമെടുക്കാത്തവരെ കൂട്ടി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങി കൊടുക്കുന്നത് പുണ്യകര്‍മമാണ്. എന്നാല്‍ വ്രതമുള്ള ഇസ്‌ലാമിസ്റ്റുകളുടെ അധിക ബാധ്യത മറക്കുമ്പോഴാണ് പ്രശ്‌നം. ഭൂമി മാത്രമല്ല അവര്‍ക്ക് സ്വര്‍ഗവും കൂടി വാങ്ങി കൊടുക്കുക എന്നതാണ് ആ അധിക ബാധ്യത. മര്‍മം തെറ്റിയാല്‍ ലക്ഷ്യവും മാര്‍ഗവും തെറ്റുമെന്നതിനാല്‍ മര്‍മം തെറ്റാതെ മുന്നോട്ടു പോവുക.

മസ്ജിദുല്‍ അഖ്‌സ അടച്ചിടുമെന്ന്

ജറൂസലം : അടുത്ത ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരേക്കും മസ്ജിദുല്‍ അഖ്‌സ അടച്ചിടുമെന്ന് ഇസ്രായേല്‍ പൊതു സുരക്ഷാ മന്ത്രി ഇസാഖ് അഹ്‌റൊനോവിച്ച് ബുധനാഴ്ച്ച രാത്രി അറിയിച്ചു. അജ്ഞാതന്റെ വെടിയേറ്റ് ജറൂസലമിലെ പ്രമുഖ ജൂത ആക്റ്റിവിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ ജൂതമാരുടെ പൂര്‍ണ്ണമായ ആധിപത്യത്തിന് വേണ്ടി വാദിക്കുന്ന യഹൂദ ഗ്ലിക്കിനാണ് വെടിയേറ്റത്. ഇതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിടുണ്ട്. ഫലസ്തീനികളും ഇസ്രായേല്‍ അധിനിവേശ സേനയും വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. മസ്ജിദുല്‍ അഖ്‌സയിലേക്ക് ജൂതന്‍മാരെ പ്രവേശിപ്പിക്കണം എന്നാവശ്യപെട്ട് ബുധനാഴ്ച്ച നടന്ന കോണ്‍ഫറന്‍സിന് പുറത്ത് വെച്ചാണ് ഗ്ലിക്കിന് വെടിയേറ്റത്. പ്രതിയെ പിടികൂടുന്നതിനായി പോലിസ് തിരച്ചില്‍ നടത്തി വരികയാണെന്ന് പോലിസ് വക്താവ് മിക്കി റോസന്‍ഫീല്‍ഡ് പറഞ്ഞു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ തടയുവാന്‍ വേണ്ടിയാണ് മസ്ജിദുല്‍ അഖ്‌സ അടച്ചിടുന്നത്.

ആഭ്യന്തര സംഘര്‍ഷങ്ങള്‍

സംഘടനകള്‍ക്ക് ബാധിക്കുന്ന അതിഗുരുതരമായ രോഗമാണ് ആഭ്യന്തര സംഘര്‍ഷങ്ങള്‍. സംഘടനയുടെ ശക്തി ക്ഷയിപ്പിക്കുന്നതിനും സംഘടനയെ തന്നെ തകര്‍ക്കുന്നതിനും ഇത് കാരണമാകും. ഇതിലൂടെ സംഘടനയുയെ അന്തരീക്ഷം ഒരുവശത്ത് മലീമസമാകുമ്പോള്‍ മറുവശത്ത് വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ തല്‍സ്ഥാനത്ത് കയറിക്കൂടുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകാനും ഇത് കാരണമാകുന്നു. സംഘടനയില്‍ ആഭ്യന്തരമായി സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

-അണികളെ ഒരുമിച്ചുകൊണ്ടുപോകാനും കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള നേതൃത്വത്തിന്റെ ശേഷിയില്ലായ്മ.
-ഇസ്‌ലാമിക സമൂഹത്തില്‍ കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്ടിക്കാനുള്ള ബാഹ്യശക്തികളുടെ പരോക്ഷമായ ഇടപെടലുകള്‍.
-സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിനുള്ള കിടമത്സരങ്ങള്‍.
-സംഘടന അതിന്റെ അടിസ്ഥാനങ്ങളും ആദര്‍ശങ്ങളും കയ്യൊഴിയുകയും അവ പരിഹരിക്കാനുള്ള അടിയന്തിരമായ ഇടപെടലുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുക.
-പ്രബോധനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതിനുള്ള അലസതയും അലംഭാവവും.

സംഘടനയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നതിന് പിന്നില്‍ ഇത്തരം നിരവധി കാരണങ്ങള്‍ ദര്‍ശിക്കാനാകും. പ്രവാചകന്റെയും സ്വഹാബികളുടെയും കാലഘട്ടങ്ങളില്‍ വരെ ഇത്തരം രോഗലക്ഷണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇസ്‌ലാമിക സമൂഹത്തില്‍ പ്രകടമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സാഹചര്യത്തിന്റെ സമ്മര്‍ദ്ധവും അതില്‍ ഇടപെടാനുള്ള നേതൃത്വത്തിന്റെ ശേഷിയുമനുസരിച്ച് ഇവ ചിലപ്പോള്‍ ശക്തിപ്രാപിക്കുകയും മറ്റുചിലപ്പോള്‍ ദുര്‍ബലമാകുകയും ചെയ്യും.

ശമ്മാസു ബിന്‍ ഖൈസ് എന്ന ജൂതന്റെ കുതന്ത്രത്തിന്റെ ഫലമായി മദീനയിലെ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ജാഹിലിയ്യ ഗോത്രവികാരം ഇതിന് ഉദാഹരണമാണ്. മുഹമ്മദ് ബിന്‍ ഇസ്ഹാഖ് വിവരിക്കുന്നു: ‘ഔസ് -ഖസ്‌റജ് ഗോത്രനേതാക്കന്മാര്‍ക്കിടയിലൂടെ ഒരു ജൂതന്‍ കടന്നുപോയി. അവര്‍ക്കിടയിലുള്ള ഐക്യവും ഇണക്കവും അദ്ദേഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ഉടനെ സമര്‍ഥനായ ഒരാളെ അവരിലേക്കയച്ചു കൊണ്ട് പറഞ്ഞു: നീ അവര്‍ക്കിടയില്‍ പോയി ജാഹിലിയ്യ കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ നടമാടിയ ബുആസ് യുദ്ധത്തിന്റെ കഥകള്‍ വിവരിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ പ്രസ്തുത ദൗത്യം സമര്‍ഥമായി നിറവേറ്റി. അത് കേട്ടപ്പോള്‍ ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ക്കിടയില്‍ പഴയ ഗോത്രവികാരങ്ങള്‍ ഉയിരെടുക്കാന്‍ തുടങ്ങി, അവര്‍ പരസ്പരം ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു. ഔസുകാരേ, ഖസ്‌റജുകാരേ തുടങ്ങിയ പക്ഷപാതിത്വരഹിതമായ ജാഹിലിയ്യ പദപ്രയോഗങ്ങള്‍ വിളിച്ചുപറയുകയും ആയുധമേന്തുന്ന അവസ്ഥവരെ എത്തി.

ഈ വിവരം പ്രവാചകന്‍ അറിയുകയും ഇതിന്റെ പിന്നില്‍ ഒരു ജൂതന്റെ കുതന്ത്രങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു അവധാനതയും കൂടാതെ പ്രവാചകന്‍ അവരിലേക്ക് പുറപ്പെട്ടു. പ്രവാചകന്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘അല്ലയോ മുസ്‌ലിം സമൂഹമേ! അല്ലാഹു സാക്ഷി, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ ജാഹിലിയ്യ വാദങ്ങളുമായി പുറപ്പെടുകയാണോ? അല്ലാഹു ഇസ്‌ലാമിലൂടെ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുതരുകയും നിങ്ങളെ ആദരിക്കുകയും ചെയ്തു, ജാഹിലിയ്യ ഉച്ഛനീചത്വങ്ങളില്‍ നിന്നും നിങ്ങളെ മുക്തമാക്കി, സത്യനിഷേധത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങളെ പരസ്പരം ഇണക്കുകയും ചെയ്തു.-എന്നിരിക്കെ നിങ്ങള്‍ ജാഹിലിയ്യത്തിന്റെ വാദഗതികളുമായി ഇറങ്ങിത്തിരിക്കുകയോ?

പ്രവാചകന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം അവര്‍ക്ക് തങ്ങളുടെ അബദ്ധങ്ങള്‍ മനസ്സിലാകുകയും ഇതിനുപിന്നില്‍ ജൂതന്റെ കരങ്ങളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അവര്‍ കണ്ണീരൊലിപ്പിച്ചുകൊണ്ട് പരസ്പരം ആലിംഗനം ചെയ്യുകയും കൂടുതല്‍ ഒരുമയോടെയും സ്‌നേഹത്തോടെയും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങളുടെ ഗോത്രങ്ങളിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലുഇംറാന്‍ 100 മുതല്‍ 105 വരെയുള്ള സൂക്തങ്ങള്‍ അവതീര്‍ണമായത്.

തീരുമാനമെടുക്കുന്നതിലെ കാലതാമസം

Tags: Continue reading

സ്വവര്‍ഗരതി

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009 ലെ ദല്‍ഹി ഹൈക്കോടതി വിധി ദുര്‍ബലമാക്കിക്കൊണ്ട്, അതു ക്രിമിനല്‍ കുറ്റമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ നല്‍കാമെന്നുമുള്ള സുപ്രീംകോടതിയുടെ വിധി സ്വവര്‍ഗരതി എന്ന പ്രകൃതിവിരുദ്ധ ലൈംഗികതയെക്കുറിച്ച ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്. മതവിശ്വാസികള്‍ക്കും സാമൂഹിക ചിന്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ആശ്വാസം പകരുന്നതാണ് ഈ വിധി. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് എടുത്തുകളയുന്ന കാര്യം പാര്‍ലമെന്റിന് ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും അതിനെ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രിയും മറ്റുചില കേന്ദ്ര മന്ത്രിമാരും സുപ്രീംകോടതി വിധിക്കെതിരായും 377-ാം വകുപ്പ് നീക്കുന്നതിന് അനുകൂലമായും നടത്തിയ അഭിപ്രായ പ്രകടനങ്ങളും ആശങ്കക്ക് ഇടം നല്‍കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍, സ്വവര്‍ഗരതി എന്ന ലൈംഗിക വൈകൃതത്തെക്കുറിച്ചും അതിന് പ്രേരകമായിത്തീരുന്ന ശാരീരിക-മാനസിക-സാമൂഹിക കാരണങ്ങളെക്കുറിച്ചും ഈ രതിചാപല്യം സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ സദാചര പ്രശ്‌നങ്ങളെക്കുറിച്ചും പരിശോധിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും.

സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പരസ്പരാകര്‍ഷണത്തിന്റെയും പരസ്പര മേളനത്തിനുള്ള ശക്തമായ അഭിവാഞ്ഛയുടെയും ഫലമായി അവര്‍ തമ്മില്‍ നടക്കുന്ന ശാരീരിക വേഴ്ചയാണ് ശരിയായ ലൈംഗിക വേഴ്ചയെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു മനുഷ്യ നാഗരികതയുടെ ആദ്യദശ മുതല്‍ക്ക് തന്നെ അംഗീകരിക്കപ്പെട്ടു പോന്നിട്ടുള്ള ഒരേ ഒരു രൂപവും ഇതു തന്നെ. എന്നാല്‍ രതിസുഖമനുഭവിക്കാന്‍ വേണ്ടി ഇതല്ലാത്ത പല മാര്‍ഗങ്ങളും മനുഷ്യന്‍ അവലംബിച്ചതായും കാണാന്‍ സാധിക്കും. പ്രജനനത്തിന് സഹായകമായ രതിബന്ധങ്ങള്‍ ഏതും ശരിയും പ്രകൃതിപരവുമാണെന്നും അതിന് വഴിവെക്കാത്ത രീതികളും മാര്‍ഗങ്ങളും പ്രകൃതിവിരുദ്ധവും വൈകൃതവുമാണെന്നും പൊതുവെ പറയാം.

സ്വവര്‍ഗരതി ബന്ധങ്ങള്‍

ഇണ ചേരുക എന്നത് നൈസര്‍ഗികമായ ഒരാവശ്യമാണെന്നും സ്ത്രീ-പുരുഷ സംഗമമാണ് പ്രകൃതിപരമായ വേഴ്ചയെന്നും അതുമാത്രമാണ് അംഗീകരിക്കപ്പെടേണ്ടുന്ന ബന്ധമെന്നും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇതില്‍നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള എന്തും, അതവര്‍ക്ക് ലൈംഗിക സുഖം നല്‍കുന്നുണ്ടെങ്കില്‍ പോലും, തെറ്റാണെന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആ നിലക്ക് മനുഷ്യവര്‍ഗത്തില്‍ കണ്ടുവരുന്ന സ്വവര്‍ഗരതി തികച്ചും പ്രകൃതിവിരുദ്ധവും വഴിതെറ്റിയതുമായ ഒന്നാണെന്ന് സമ്മതിക്കാതിരിക്കാന്‍ സാധ്യമല്ല. സ്ത്രീയെ സൃഷ്ടിച്ചതു തന്നെ പുരുഷന്റെ തുണയായിട്ടാണ്. ആ ഇണകള്‍ തമ്മില്‍ ചേരുക എന്നതാണ് പ്രകൃതിയുടെ നിയമം. പൗരാണിക സങ്കല്‍പ പ്രകാരം സ്ത്രീയും പുരുഷനും സൃഷ്ടിയുടെ ആരംഭത്തില്‍ ഒരു ജീവിയായിരുന്നു. ദൈവം ആ ജീവിയെ രണ്ടു ഭാഗങ്ങളായി വേര്‍പെടുത്തി. അതു മുതല്‍ക്ക് തന്നെ ഈ രണ്ടു ‘പകുതികളും’ വീണ്ടും ഒന്നായിത്തീരാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇണ ചേരാനുള്ള നൈസര്‍ഗികമായ അഭിനിവേശം ഈ ശ്രമത്തിന്റെ പ്രകടരൂപമാണ്. ദൈവം ആദ്യം ആദമിനെ സൃഷ്ടിച്ചുവെന്നും ആദമില്‍നിന്ന് പിന്നീട് ഇണയായ ഹവ്വയെ സൃഷ്ടിച്ചുവെന്നുമുള്ള മതസങ്കല്‍പ്പം ഈ ധാരണയെ ബലപ്പെടുത്തുന്നു. അപ്പോള്‍ സ്ത്രീ-പുരുഷ സംഗമമാണ് നൈസര്‍ഗിക വേഴ്ചയായി പരിഗണിക്കപ്പെടുന്നത്. ഇത് പ്രകൃതിപരമായ ഒരനിവാര്യത എന്നതിന് പുറമെ ജീവശാസ്ത്രപരമായ ഒരാവശ്യവും ചരിത്രപരമായ ഒരു കടമയും കൂടിയാണ്. കാരണം സ്ത്രീപുരുഷ ബന്ധത്തിലൂടെ മാത്രമേ സന്താനോല്‍പാദനവും കുടുംബവും സമൂഹവുമൊക്കെ ഉണ്ടാവുകയുള്ളൂ. അതിനാല്‍ തന്നെയാണ് ഇസ്‌ലാം വൈവാഹിക ബന്ധത്തെ നിയമാനുസൃതമായ കരാറായി അംഗീകരിക്കുകയും അതിനെ ആവുന്നിടത്തോളം പ്രോത്സാഹിപ്പിക്കുകയും, അതോടൊപ്പം മറ്റെല്ലാതരം ലൈംഗിക ബന്ധങ്ങളെയും നിഷിദ്ധമാക്കുകയും ചെയ്തത്.

പ്രേരണകള്‍ എന്തൊക്കെ?

പ്രവാചകനായ ലൂത്ത് നബിയുടെ കാലത്ത് ജനങ്ങളില്‍ വ്യാപിച്ചിരുന്ന ഒരു തിന്മയായിരുന്നു സ്വവര്‍ഗരതിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരായിട്ടായിരുന്നു ആ പ്രവാചകന്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രാചീന ഈജിപ്തുകാര്‍, ഗ്രീക്കുകാര്‍, സിറിയക്കാര്‍ റോമക്കാര്‍ തുടങ്ങിയവരിലും ഇത് സര്‍വസാധാരണമായിരുന്നു. പ്രാചീനകാലം മുതല്‍ക്ക് തന്നെ മനുഷ്യരില്‍ നിലനിന്നിരുന്ന ഈ ദുഃശ്ശീലത്തിന്റെ പ്രേരണകളെക്കുറിച്ച് അടുത്ത കാലത്താണ് വിപുലമായ പഠനങ്ങള്‍ ആരംഭിച്ചത്. ജനിതക ശാസ്ത്രജഞരും മനഃശ്ശാസ്ത്രജ്ഞരും നടത്തിയ പരീക്ഷണ-ഗവേഷണങ്ങളുടെ ഫലമായി വിലപ്പെട്ട പല കാര്യങ്ങളും ഇതുസംബന്ധിച്ച് വെളിപ്പെടുത്തപ്പെടുകയുണ്ടായി.

സ്വവര്‍ഗരതി എന്ന വൈകൃതം വ്യക്തിയില്‍ വേരുറക്കുന്നത് ജന്മസിദ്ധമായ അയാളുടെ സ്വഭാവത്തിന്റെ ഫലമാണെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ജന്മസിദ്ധമായ വാസനാ വിശേഷത്തിന്റെ ഫലമായാണ് അയാളില്‍ ഇത്തരമൊരു ശീലം രൂഢമൂലമാകുന്നതെങ്കില്‍ അയാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും അവര്‍ വാദിക്കുന്നു. കാരണം അതൊരു രോഗമാണ്. ഇങ്ങനെ ജന്മനായുള്ള തകരാറാണ് സ്വവര്‍ഗരതിക്ക് പ്രേരണ നല്‍കുന്നതെന്ന് ലൈംഗിക ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു. എന്നാല്‍ ഈ സിദ്ധാന്തം നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പാരമ്പര്യത്തിനോ ജന്മവാസനകള്‍ക്കോ ഈ ശീലം ഒരാളില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന വാദത്തെ അവര്‍ ശക്തിയായി ഖണ്ഡിക്കുന്നു.

ചെറുപ്പ കാലത്തെ ശീലങ്ങളും ബന്ധങ്ങളും സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങളും, ഭരണകൂടത്തിന്റെ നിയമങ്ങളുമൊക്കെയാണ് സ്വവര്‍ഗ ഭോഗികളെ സൃഷ്ടിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നത്. പ്രധാന തെളിവായി അവര്‍ മുന്നോട്ടുവെക്കുന്നത് ഈ വ്യതിയാനം ജീവിതാവസാനം വരെ ഒരാളില്‍ നിലനില്‍ക്കുന്നതായി കാണുന്നില്ല എന്നതാണ്. ലൈംഗികാഗ്രഹം പൂര്‍ത്തീകരിക്കാന്‍ എതിര്‍ലിംഗത്തിലെ വ്യക്തികളെ ലഭ്യമാവുമ്പോള്‍ പലപ്പോഴും ഈ ശീലം ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. വിവാഹത്തിനുശേഷം പലരും തങ്ങളുടെ പൂര്‍വകാല സ്വവര്‍ഗ ലൈംഗിക ബന്ധം ഉപേക്ഷിക്കാറുണ്ട്. അതേപോലെ ഈ ലൈംഗിക വ്യതിയാനത്തെ ചികിത്സയിലൂടെ മാറ്റാന്‍ സാധിക്കും. സെഡ്ഗര്‍ എന്ന ലൈംഗിക ശാസ്ത്രജ്ഞനും, സ്വവര്‍ഗഭോഗാസക്തിയെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ‘One in Twenty’ എന്ന പുസ്തകം രചിക്കുകയും ചെയ്ത ബ്രയാന്‍ മാഗിയും സ്വവര്‍ഗരതി ശീലം ജന്മസിദ്ധവും പാരമ്പര്യവുമായ കാരണങ്ങള്‍ കൊണ്ടാണെന്ന വാദത്തെ ശക്തമായി എതിര്‍ത്ത പ്രഗത്ഭരാണ്.

അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാദഗതി സ്വവര്‍ഗ ജീനിന്റെ സാന്നിധ്യത്തെക്കുറിച്ചായിരുന്നു. 1993-ല്‍ ഡീന്‍ ഹേമര്‍ എന്ന ഗവേഷകന്‍ തന്റെ പഠനത്തിന്റെ ഫലമായി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നത് ചില വ്യക്തികളില്‍ സ്വവര്‍ഗ ജീന്‍ ഉണ്ടെന്നും അതാണ് ഈ ശീലത്തിന് കാരണമെന്നുമാണ്. എന്നാല്‍ പിന്നീട് നടന്ന ചില ഗവേഷണങ്ങള്‍ ഈ വാദഗതിയെ നിരാകരിക്കുന്ന വിവരമാണ് നമുക്ക് നല്‍കുന്നത്. സമജാത ഇരട്ടകളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ജീനിന്റെ സ്വാധീനത്തെക്കുറിച്ച നിഗമനം തെറ്റാണെന്ന് വ്യക്തമാക്കിയത്. ഇരട്ടകളില്‍ ഒരാള്‍ സ്വവര്‍ഗരതിക്കാരനാണെങ്കില്‍ മറ്റെയാളും അതേ പ്രകൃതിക്കാരനാവണം. എന്നാല്‍ ഇരട്ടകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇക്കാര്യം തെളിയിക്കാനായില്ല എന്നതാണ് വസ്തുത.

ചുരുക്കത്തില്‍, ഈ വൈകൃതത്തിന് കാരണം ജന്മസിദ്ധമായ സവിശേഷതയോ പാരമ്പര്യത്തിന്റെ സ്വാധീനമോ അല്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ ഈ വൈകൃതത്തിന് ഇരയായവര്‍ തന്നെയാണ്. കാരണം ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് പല നാടുകളിലും നീണ്ട കാലത്തെ ജയില്‍ ശിക്ഷയടക്കമുള്ള കഠിന ശിക്ഷകള്‍ നല്‍കുക പതിവായിരുന്നു. ജന്മസിദ്ധമോ, പാരമ്പര്യം മൂലമോ ഉള്ള ലൈംഗിക പ്രവര്‍ത്തനമാണ് ഇതെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന കണ്ടെത്തലാണ് ഈ പ്രചരണത്തിന് പിന്നില്‍. വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായ ഒരു പ്രവര്‍ത്തനത്തിന് ശിക്ഷ നല്‍കുന്നത് നീതീകരിക്കാനാവില്ലല്ലോ. ഇത്തരമൊരു വാദഗതിയാണ് ഇന്ത്യയിലെ കോടതികളില്‍ സ്വവര്‍ഗഭോഗികളുടെ സംഘടന ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്.

കോടതിവിധിയിKalappa_uzhukaലെ ആശയും ആശങ്കയും

സ്വവര്‍ഗ ലൈംഗികതയുടെ കാരണങ്ങള്‍ എന്തുതന്നെയായിക്കൊള്ളട്ടെ, അത് തീര്‍ത്തും നിന്ദ്യവും അധാര്‍മികവും തന്നെയാണ്. പ്രാകൃത കാലത്ത് തന്നെ ഈ വൈകൃതം നിലവിലുണ്ടായിരുന്നുവെങ്കിലും അതിനെ അംഗീകരിക്കാനോ അതിന് പവിത്രത നല്‍കാനോ ഒരു സംസ്‌കാരവും തയാറായിരുന്നില്ല. പല രാജ്യങ്ങളും അത് നിയമവിരുദ്ധമായി കണക്കാക്കിയിരുന്നു. ഈ നിയമത്തിനെതിരെ പില്‍ക്കാലത്ത് ശക്തമായ എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നു. പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ നടത്തുന്ന ലൈംഗിക വേഴ്ചകളെ നിയമപരമായി തടഞ്ഞുകൂടെന്ന ചിന്താഗതിയാണ് ഈ എതിര്‍പ്പുകളുടെ അടിസ്ഥാനം. ഇതിന്റെ ഫലമായി ചില രാജ്യങ്ങള്‍ സ്വവര്‍ഗരതിക്ക് നിയമപ്രാബല്യം നല്‍കി. ബ്രിട്ടന്‍ തന്നെയാണ് ഇതിനുദാഹരണം. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ ഭരണഘടനയിലുള്‍പ്പെടുത്താന്‍ 1994-ല്‍ ദക്ഷിണാഫ്രിക്ക സന്നദ്ധമായി. കനഡ, ഫ്രാന്‍സ്, ഹോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും 1996-ല്‍ അമേരിക്കയും ഇത്തരമൊരു നീക്കത്തിന് തയാറാവുകയുണ്ടായി. എന്നാല്‍ ഈ രാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച ലൈംഗികാരാജകത്വത്തിന്റെ വൃത്തികെട്ട കഥകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ആണ്‍ പെണ്‍ വേശ്യാലയങ്ങളും നൈറ്റ് ക്ലബ്ബുകളും പരസ്യമായ ലൈംഗിക പേക്കൂത്തുകളുടെ കേന്ദ്രങ്ങളും അവിടങ്ങളില്‍ വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ സുപ്രീംകോടതി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കി വിധി പുറപ്പെടുവിച്ചത് വളരെ ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ നിലവിലുള്ള നിയമം പാര്‍ലമെന്റിന് റദ്ദ് ചെയ്യാവുന്നതാണെന്ന കോടതിയുടെ നിര്‍ദേശം ഭയാശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

ഇസ്‌ലാം എങ്ങനെയാണ് യാചന പരിഹരിക്കുന്നത്

By:
ഡോ: അലി അല്‍-ഹലവാനി
images (1)
ഇസ്‌ലാം രൂപകല്‍പന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന സാമൂഹ്യസ്ഥാപനം ശ്രേഷ്ഠതയിലും നീതിബോധത്തിലുമുള്ളതാണ്. സമൂഹമെന്നത് പാവപ്പെട്ടവരും പണക്കാരും കൂടി ചേര്‍ന്നതാണ്. വളരെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരും തീരെ ദരിദ്രരായവരും ശക്തിയുള്ളവരും ശക്തിയില്ലാത്തവരും പരസ്പരധാരണയോടെയും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം മതം.

ഇസ്‌ലാമിക സമൂഹത്തിലെ അംഗങ്ങള്‍ പണക്കാരായാലും പാവപ്പെട്ടവരായാലും വളരെ ശ്രേഷ്ഠമായ പ്രത്യകതയുള്ള സ്വഭാവക്കാരാണ്. നമുക്ക് പ്രവാചകന്‍(സ) യില്‍ നിന്നുള്ള ഹദീസുകള്‍ പരിശോധിക്കാം. അബൂ ഹുറൈറയില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം പറയുന്നു: ”പാവപ്പെട്ട ചില ആളുകളുണ്ട്. അവര്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി കൈ നീട്ടി യാചിക്കുകയില്ല. ഒന്നോ രണ്ടോ കാരക്ക കൊണ്ടോ അല്ലെങ്കില്‍ ഒരു ഉരുള കൊണ്ടോ തൃപ്തിയടയുന്നവരായിരിക്കും അവര്‍.”

പ്രവാചകന്‍ മുഹമ്മദ്(സ) എങ്ങനെയാണ് പഴയ അറേബ്യന്‍ ചര്യകള്‍ പുനര്‍നിര്‍വചനം ചെയ്തതെന്ന് വളരെ അത്ഭുതകരമാണ്. അവയ്ക്ക് പുതിയ അര്‍ഥതലങ്ങള്‍ അദ്ദേഹം നല്‍കി. തന്റെ അനുയായികളെ ഉയര്‍ന്ന് ചിന്തിക്കുന്നവരാക്കുകയും ചെയ്തു.

ചിലയാളുണ്ട്, അവര്‍ ഏത്രതന്നെ പട്ടിണിക്കാരാണെങ്കിലും ദാരിദ്രത്താല്‍ കഷ്ടപ്പെടുന്നവരാണെങ്കിലും അവര്‍ സ്വയം നിയന്ത്രിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അല്ലാഹു അവര്‍ക്ക് എന്താണോ നല്‍കിയത് അത് എത്ര തന്നെ ചെറുതാണെങ്കിലും അതുകൊണ്ട് അവര്‍ സംതൃപ്തിയടയുന്നു. ഇതിനോട് യോജിക്കുന്ന പഴയൊരു ചൊല്ലുണ്ട്. അതിങ്ങനെ വായിക്കാം ‘സംതൃപ്തി എന്നത് മറ്റാര്‍ക്കും കൊടുക്കുവാന്‍ കഴിയാത്ത നിധിയാണ്.’
ഇത്തരം ചിന്താഗതിയുള്ള ആളുകളെ കുറിച്ച് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘ഭൂമിയില്‍ സഞ്ചരിച്ച്അന്നമന്വേഷിക്കാന്‍ അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്‌നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്.” (2: 273)

പാവപ്പെട്ട ചില ആളുകളുണ്ട്, അവരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുവാന്‍ വേണ്ടി ദാരിദ്രത്തെ മറ്റുള്ളവരില്‍ നിന്നും ഒളിച്ചുവക്കും. അങ്ങനെ ചെയ്യുക വഴി അഭിമാനം നഷ്ടപ്പെടുത്തുകയില്ല, ആരെങ്കിലും ഏതെങ്കിലും തരത്തില്‍ സഹായിക്കുകയാണെങ്കില്‍ അത് വിനയപൂര്‍വം അന്തസ്സിന് കോട്ടം തട്ടാത്തവിധത്തില്‍ സ്വീകരിക്കും.

താഴെ പറയുന്ന ഹദീസില്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്. അല്ലാഹുവിന്റെ ദൂതന്‍ ഉമറുബ്‌ന് ഖത്താബിന് ഒരു സമ്മാനം കൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:”അല്ലാഹുവിന്റെ ദൂതരെ എന്നെക്കാള്‍ ആവശ്യമുള്ളവരാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കിത് കൊടുക്കൂ.” അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ പറഞു. ”ഇത് എടുക്കൂ. ഒന്നുകില്‍ നീ ഇത് എടുക്കുക. അല്ലെങ്കില്‍ ദാനമായി ഇത് മറ്റാര്‍ക്കെങ്കിലും കൊടുക്കുക. ഇങ്ങനെ വരുന്ന ഏതൊരു സമ്പത്തും യാചിച്ചും അത്യാഗ്രഹം കൊണ്ടും ലഭിച്ചതല്ല. ഇത് സ്വീകരിച്ചോളൂ.” ഇതിന് ശേഷമാണ് അബ്ദുല്ലാഹ് ബിന്‍ ഉമര്‍ ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അത് നിഷേധിക്കാതിരുന്നത്. ആര്‍ക്കെങ്കിലും ആരെങ്കിലും ദാനമായി എന്തെങ്കിലും നല്‍കിയാല്‍ അത് സ്വീകരിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും നല്‍കിയില്ലെങ്കില്‍ അതിന് പിന്നാലെ പരക്കം പായുകയും ചെയ്യരുത്. ആവശ്യക്കാരന് അവന് യാചിക്കാതെ ലഭിക്കുന്നത് സ്വീകരിക്കാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ശരിയായ ആവശ്യമില്ലാതെ മറ്റുള്ളവരോട് യാചിക്കുന്നത് പ്രവാചകന്‍ (സ) വിലക്കുന്നു. അത്തരം പ്രവര്‍ത്തി ഈ ലോകത്തിലും പരലോകത്തിലും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

ഹംസാ ഇബ്‌നു അബ്ദില്ലാ ഇബ്‌ന് ഉമരില്‍ നിന്ന് നിവേദനം: അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജനങ്ങളുടെ ഇടയില്‍ നിരന്തരം യാചിച്ചുകൊണ്ടിരുന്നാല്‍ അന്ത്യനാളില്‍ മാംസമില്ലാത്ത മുഖവുമായി അയാള്‍ പ്രത്യക്ഷപ്പെടും.” അബു ഹുറൈറ റിപ്പോര്‍ട്ടുചെയ്ത മറ്റൊരു ഹദീസില്‍ ഇപ്രകാരം പറയുന്നു: ”സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനായി യാചിക്കുകയാണെങ്കില്‍ അയാള്‍ നരകാഗ്നിയാണ് യാചിച്ചു വാങ്ങുന്നത്.

യാചന അനുവദിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍
ചില പ്രത്യക സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റുള്ളവരോട് സാമ്പത്തിക സഹായം ആവശ്യപ്പെടേണ്ടി വരും. ആ സാഹചര്യവും അത്തരം ആളുകളും ആരെല്ലാമാണെന്ന് പ്രവാചകന്‍ (സ) പ്രത്യേകം പറഞ്ഞിട്ടുണ്ട്.

മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമേ മറ്റുള്ളവരോട് സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ അല്ലെങ്കില്‍ യാചിക്കാന്‍ അനുവാദമുള്ളൂ എന്ന് പ്രവാചകന്‍ സ) പറഞ്ഞതായി ഇബ്‌നു മുഖരിക് അല്‍ ഹില്ലാല്‍ വെളിവാക്കുന്നു ഒന്ന്, കലഹിക്കുന്നവര്‍ തമ്മില്‍ അനുരജ്ഞനമുണ്ടാക്കാന്‍ വേണ്ടി. രണ്ട്, പ്രകൃതി ദുരന്തത്തില്‍ സ്വത്ത് നഷ്ടപ്പെട്ടവര്‍ – അവര്‍ക്ക് അവരുടെ ജീവിതോപാധി ലഭിക്കുന്നത് വരെ മറ്റുള്ളവരോട് സഹായം തേടുന്നതില്‍ വിരോധമില്ല. അടുത്തത,് ദാരിദ്ര്യം ജീവിതത്തെ പാടെ അവശനാക്കിയവര്‍. അവര്‍ ദരിദ്രരാണെന്ന് വിവേകമുള്ള മൂന്ന് പേരെങ്കിലും സാക്ഷ്യപ്പെടുത്തണം. ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാന്‍ ആവശ്യമായത് ലഭിക്കുന്നത് വരെ മാത്രമേ ഇത് പാടുള്ളൂ. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കൊഴികെ യാചന വിലക്കപ്പെട്ടതാണ്.

ഇസ്‌ലാം തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നു.
ഓരോ മുസ്‌ലിമിനെയും ഉത്പാദനക്ഷമതയള്ള അംഗമായാണ് ഇസ്‌ലാം കാണുന്നത്. മറ്റുള്ളവരോട് അവരുടെ സമ്പത്തോ ദനമോ യാചിക്കാത്ത വിധത്തില്‍ സ്വയം ഉല്‍പാദക്ഷമതയുള്ളവരാകാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. ഓരോ മുസ്‌ലിമും അവന്റെ അന്തസ്സ് കാക്കണം. അത് നശിപ്പിക്കുന്നതൊന്നും അവന്‍ ചെയ്യാന്‍ പാടില്ല. അന്തസ്സോടെ ജോലി ചെയ്ത് സമ്പാദിക്കുന്നതിന് പ്രവാചകന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു. ഈ കാര്യം അസ്സുബൈര്‍ ഇബ്‌നു അവ്വാം റിപ്പോര്‍ട്ട് ചെയ്ത ഹദീസിലൂടെ മനസ്സിലാക്കാം. പ്രവാചകന്‍ പറഞ്ഞു. ”നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായത് ഒരു കയറിന്റെ കഷ്ണമെടുത്ത് കാട്ടില്‍ പോവുകയും അവിടെ നിന്ന് വിറക് ചുമലിലേറ്റി കൊണ്ടുവന്ന് അത് വില്‍ക്കുകയും ചെയ്യുന്നതാണ്. അങ്ങനെയുള്ള ഒരാളുടെ അന്തസ്സ് അല്ലാഹു സരക്ഷിക്കുകയും സമൂഹത്തില്‍ അയാളുടെ പദവി ഉയര്‍ത്തുകയും ചെയ്യും.മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നതിനെക്കാല്‍ ഉത്തമമാണത്. അങ്ങനെ അവന്‍ അവന്റെ സ്വന്തം കാര്യം ചെയ്യുകയും ബാക്കി വല്ലതുമുണ്ടെങ്കില്‍ ദാനം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവന്‍ സ്വയം സ്വതന്ത്രനും അതിന്‍മേല്‍ ഉടമസ്ഥനുമാകും.

അന്തസ്സ് താഴ്ത്തുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്ന യാചനയെക്കാള്‍ എന്തൂകൊണ്ടും ഏറ്റവും ഉത്തമമാണത്. താഴ്ന്നിരിക്കുന്ന കൈകളെക്കാള്‍ ഏറ്റവും ഉത്തമം ഉയര്‍ന്നുനില്‍ക്കുന്ന കൈകളാണ. (മുസ്‌ലിം)

വിവ : ഫൗസിയ ഷംസ്

ചോദ്യം: ഒഴിവ് സമയങ്ങള്‍ പ്രയോജനപ്രദമാക്കാന്‍ ഇസ് ലാമികമായ ചില നിര്‍ദേശങ്ങള്‍ നല്‍കാമോ

സമയത്തിന്റെ മൂല്യത്തെക്കുറിച്ച സ്വയംബോധ്യമാണ് ആദ്യമായി ഏല്ലാവരിലും ഉണ്ടാവേണ്ടത്. അല്ലാഹുവിന്റെയടുക്കല്‍ സ്വര്‍ഗം നേടാന്‍ നമ്മുടെ പക്കലുള്ള ഏക മൂലധനമാണ് സമയം. അതിനെ പാഴാക്കിക്കളഞ്ഞാല്‍ നമ്മുടെ പര്യവസാനം ചിലപ്പോള്‍ ദുരന്ത പൂര്‍ണമായിരിക്കും.
അല്ലാഹു പറയുന്നു:’കാലമാണ, മനുഷ്യന്‍ മഹാ നഷ്ടത്തിലാകുന്നു സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും പരസ്പരം സത്യമുദ്‌ബോധിപ്പിക്കുകയും ക്ഷമയുപദേശിക്കുകയും ചെയ്ത ജനങ്ങളൊഴിച്ച്’ (അല്‍അസ്ര്‍ 1-3).
ഇമാം ഹസനുല്‍ ബസ്വരി ഒരിക്കല്‍ പറഞ്ഞു: ‘മനുഷ്യ പുത്രാ, ജീവിതം നിശ്ചിത പേജുകളുള്ള ഒരു പുസ്തകം പോലെയാണ്. അതിനാല്‍ ഓരോ ദിവസം കഴിയുമ്പോഴും ആ ജീവിത പുസ്‌കതത്തില്‍ നിന്ന് ഒരു പേജ് കൊഴിയുകയാണെന്ന് നീ മനസ്സിലാക്കണം.’
മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ഓരോ ദിവസവും ദിവസവും വിളംബരം ചെയ്യുന്നതിതാണ്: ആദമിന്റെ പുത്രാ, അല്ലാഹുവിന്റെ സൃഷ്ടിയായ ഞാന്‍ നിന്റെ കര്‍മങ്ങള്‍ക്കെല്ലാം സാക്ഷിയാണ്. അതിനാല്‍ നീ എന്നെ ഉപയോഗപ്പെടുത്തുക; പുനരുത്ഥാന നാളില്‍ നിനക്ക് ഞാന്‍ സാക്ഷിയായുവന്നതിന് വേണ്ടി.
മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ ഒഴിവ് സമയങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കാനാണ് നാം ശ്രമിക്കേണ്ടത്. അതോടൊപ്പം താഴെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നാം നമ്മോട് തന്നെ പല പ്രാവശ്യം ചോദിക്കുകയും വേണം.
1. ഇന്ന് മരണപ്പെടുകയാണെങ്കില്‍ അല്ലാഹുവിനെ മുമ്പില്‍ ചെന്ന് നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയാണോ എന്റേത് ?
2. അല്ലാഹു എന്റെ വിശ്വാസവും പ്രവൃത്തിയും മാനദണ്ഡമാക്കി എന്നെ വിചാരണ ചെയ്യുമെന്നുറപ്പാണ്. എങ്കില്‍ അല്ലാഹുവിന് തൃപ്തികരമായ പ്രവര്‍ത്തനങ്ങളിലാണോ ഞാന്‍ ഏര്‍പ്പെടുന്നത് ?
3. ഒരു വ്യക്തിയെക്കുറിച്ച് ഏറ്റവും നന്നായി വിലയിരുത്താന്‍ കഴിയുന്നത് ആ വ്യക്തിക്ക് തന്നെയാണ്. എങ്കില്‍ ഞാന്‍ ഏത് വിഭാഗത്തില്‍ പെടുമെന്ന് എനിക്ക് പറയാന്‍ കഴിയുമോ ? സ്വര്‍ഗവാസികളിലോ, നരകവാസികളിലോ ?
4. എല്ലാ ദിവസവും എന്നെ നയിക്കുന്ന പ്രധാന ചിന്ത എന്താണ് ? അല്ലാഹു തൃപ്തിക്ക് വേണ്ടി കര്‍മനിരതനാവുക എന്ന ചിന്തയാണോ എന്നെ മുന്നോട്ട് നയിക്കുന്നത് ?
5. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ഈ വാക്കുകള്‍ ഓര്‍ക്കുക : ‘വിധി നിര്‍ണയനാളില്‍ ഓരോ മനുഷ്യനും ഓര്‍ക്കും, ദൈവസ്മരണയേക്കാള്‍ കൂടുതലായി ഞാന്‍ മറ്റുള്ളവരുടെ കാര്യത്തിലാണല്ലോ എന്റെ അധിക സമയവും ചെലവഴിച്ചതെന്ന്.

വിരഹദുഃഖം

നേരം വെളുത്തുവരുന്നതേയുള്ളൂ; അസ്മാബീവി നേരത്തെതന്നെ എഴുന്നേറ്റു. മരച്ചില്ലകളില്‍ കളകളാരവം. ദൂരെ എവിടെയോ നിന്ന് സ്വുബ്ഹി ബാങ്കിന്റെ നേര്‍ത്ത ശബ്ദം. കുട്ടികള്‍ ഗാഢനിദ്രയിലാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അവര്‍ ഉറങ്ങുകയാണ്. അബ്ദുല്ല, മുഹമ്മദ്, ഔന്. മുന്നുപേരും ഒരുതരക്കാരാണ്. കളിച്ചുനടക്കുന്ന പ്രായം. കു ട്ടികളുടെ ഉപ്പ ശാമിലെ മുഅ്തത്തിലേക്ക് പോയതാണ്; ഇസ്ലാമിന്റെ ശത്രുക്കളോട് പടപൊരുതാന്‍. അടുത്തെന്നെങ്കിലും തിരിച്ചുവരും. മദീനയില്‍ നിന്ന് ആയിരത്തി ഒരുനൂറ് കിലോമീറ്റര്‍ അകലെ ബൈത്തുല്‍ മഖ്ദിസിനടുത്താണ് മുഅ്തത്ത് എന്ന ഗ്രാമം. അദ്ദേഹം ഒറ്റക്കല്ല. മുവ്വായിരം പട്ടാളക്കാരെയാണ് നബി(സ്വ) പറഞ്ഞയച്ചത്.

സംഘത്തിനു യാത്രയയപ്പ് നല്‍കിയപ്പോള്‍ ഇസ്ലാമിന്റെ പതാക സൈദുബിന്‍ ഹാരിസയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അവിടുന്ന് പറഞ്ഞു: അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷിയായാല്‍ രണ്ടാമതായി ജഅ്ഫറും മൂന്നാമതായി അബ്ദുല്ലാഹിബിന്‍ റവാഹയും പതാക വഹിക്കട്ടെ. അപ്പോള്‍ രണ്ടാം ചാന്‍സ് തന്റെ ഭര്‍ത്താവിനാണ് ലഭിച്ചത്. ഇസ്ലാമിന്റെ പതാക വഹിക്കാനുള്ള മഹാഭാഗ്യം.

റോമാ സാമ്രാജ്യത്തിലെ ഖൈസറുമാരോട് പൊരുതാനാണ് അദ്ദേഹം പോയിട്ടുള്ളത്. രണ്ടുലക്ഷം പട്ടാളക്കാരാണത്രെ മറുഭാഗത്ത് തമ്പടിച്ചിട്ടുള്ളത്. ഒരുലക്ഷം റോമക്കാരും ഒരുലക്ഷം സഹായികളായ അറബികളും. ഒരു വെള്ളിയാഴ്ചയാണ് അദ്ദേഹം മദീനയി ല്‍ നിന്ന് യാത്രയായത്. ദിവസങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. ഒരു വിവരവും ഇതുവരെ അറിഞ്ഞിട്ടില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോയതല്ലേ. സാരമില്ല. ഏതായാലും ഒരാപ ത്തും വരാതിരിക്കട്ടേയെന്ന് അസ്മ ഉള്ളുരുകി പ്രാര്‍ഥിച്ചു.

അസ്മ കുട്ടികളെ ഓരോരുത്തരെ വിളിച്ചുണര്‍ത്തി. രാവിലെ തന്നെ കുളിപ്പിച്ചു. തലയി ല്‍ എണ്ണപൂശി. വീട്ടുവേലകള്‍ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു. പ്രാതലിനുള്ള റൊട്ടി ചുടുന്നതിന് മാവ് കുഴച്ചു. തുകല് ഊറയിടാനുള്ളത് ചെയ്തുകൊണ്ടിരിക്കവേ അപ്രതീക്ഷിതമായി നബി അങ്ങോട്ട് കയറിവന്നു.

‘അസ്മാ…’ നബി നീട്ടിവിളിച്ചു.

വീടിന്റെ ഉല്പില്‍ നിന്ന് അസ്മാ വിളികേട്ടു.

‘ലബ്ബൈക്ക്, ഇതാവന്നേ…’

‘എവിടെ ജഅ്ഫറിന്റെ കുട്ടികള്‍?’

‘അവരിവിടെയുണ്ട്.’

കുട്ടികള്‍ മൂന്നുപേരെയും വിളിച്ചരികെ നിര്‍ത്തി അവരുടെ തലയില്‍ നബി(സ്വ) തൃക്കരം കൊണ്ട് തടവിക്കൊണ്ടിരുന്നു. ആ കുഞ്ഞുമക്കള്‍ നബിയുടെ മുഖത്തേക്ക് നോക്കിനിന്നു. നബിയുടെ ഖല്‍ബ് പൊട്ടി. ദുഃഖം അണപൊട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകി. കുഞ്ഞുങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. നബി ജഅ്ഫറിനെക്കുറിച്ച് ഓര്‍ക്കുകയായിരു ന്നു. അനാഥനായി വളര്‍ന്ന നബിയെ എട്ട് വയസ്സ് മുതല്‍ സംരക്ഷിച്ച പിതൃവ്യനായ അ ബൂത്വാലിബിന്റെ മകനാണ് ജഅ്ഫര്‍. അലി(റ)യുടെ സഹോദരന്‍.

യുദ്ധഭൂമിയില്‍ നിന്നുള്ള വാര്‍ത്ത മക്കയില്‍ എത്തുന്നതിനു മുമ്പ്, തലേനാള്‍തന്നെ നബി അഭൌതിക നിലയില്‍ എല്ലാം അറിഞ്ഞിരുന്നു. അതനുസരിച്ച് അന്നുതന്നെ ജനങ്ങ ളെ വിവരം അറിയിച്ചിരുന്നു. മദീനാപള്ളിയിലെ മിമ്പറില്‍ കയറി നബി വിമ്മി വിമ്മിക്കരയാന്‍ തുടങ്ങി. ജനങ്ങളും കണ്ണീര്‍ തുടച്ചു.

നബി പറഞ്ഞു: ‘യുദ്ധത്തലവന്മാരില്‍ സൈദും ജഅ്ഫറും അബ്ദുല്ലയും ശഹീദായി. പക്ഷേ, വമ്പിച്ച വിജയത്തോടെ ആ സംഘം തിരിച്ചുവരുന്നതാണ്.’

വീടിന്റെ ഉള്ളില്‍നിന്ന് അസ്മാഅ് ബീവി ചോദിച്ചു:

‘വല്ല വിവരവും….?’

‘അതെ, അറിഞ്ഞിട്ടുണ്ട്.’

അല്പനേരം മൌനം.

നബി കരഞ്ഞു.

‘ജഅ്ഫര്‍…. ശഹീദായി.’

വീട്ടിനുള്ളില്‍ ആര്‍ത്തനാദം. അടങ്ങാത്ത കരച്ചില്‍.

മദീനയിലെ സ്ത്രീകളെല്ലാം ആ വീട്ടില്‍ കൂടിയിരിക്കുന്നു. അസ്മായുടെ സങ്കടം ആ രോട് പറയാന്‍. ദീനരോദനം അടങ്ങാതെ വന്നപ്പോള്‍ വീടിന്റെ പൂമുഖത്തുനിന്ന് നബി പറഞ്ഞു:

‘അസ്മാ നീ നെഞ്ചത്തടിക്കല്ലേ, അതുമിതും വിളിച്ചുപറയല്ലേ.’

അവസാനനിമിഷം വരെ പൊരുതിനിന്നു ജഅ്ഫര്‍(റ). ഇസ്ലാമിന്റെ പതാക ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വലതുകൈ ഛേദിക്കപ്പെട്ടപ്പോള്‍ ഇടതുകൈയില്‍ പിടിച്ചുകൊണ്ട് മുന്നേറി. അതും മുറിക്കപ്പെട്ടപ്പോള്‍ പതാക രണ്ടു തോള്‍കൈകള്‍ കൊണ്ടിറുക്കിപ്പിടിച്ചു മുന്നേറി. അവസാനം പോര്‍ക്കളത്തില്‍ ശഹീദായിവീണു. മുപ്പത്തിമൂന്നുകാരനായ ജഅ്ഫര്‍(റ) എന്നെന്നേക്കുമായി വിടപറഞ്ഞു.

അസ്മ(റ)യുടെ കരച്ചിലടങ്ങുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. കുട്ടികളെ കാണുമ്പോള്‍ വീണ്ടും കണ്ണുനിറയും.

അവര്‍ കിടന്ന് ഓര്‍ക്കുകയായിരുന്നു; സല്‍സ്വഭാവിയായ ജഅ്ഫറുമായി ജീവിതം പങ്കുവെച്ച കാലം. ഇസ്ലാമിന്റെ പ്രാരംഭ ദശയില്‍ തന്നെ ഇസ്ലാം സ്വീകരിച്ച മഹതിയാണ് ഉവൈസിന്റെ പുത്രി അസ്മാഅ്. അതുകൊണ്ടുതന്നെ അസ്മായുടെ ഓര്‍മകള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായി മു ശ്രിക്കുകള്‍ മുസ്ലിംകളെ മര്‍ദ്ദിച്ചിരുന്നു. പലതരം ഭീഷണികളും നേരിട്ടു. സ്വന്തം നാ ട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായി. അതനുസരിച്ച് പോയ രണ്ടാംസംഘത്തില്‍ അസ്മാഉം ഭര്‍ത്താവും പ ങ്കുചേര്‍ന്നു. ആകെ 83 പുരുഷന്മാരും 18 സ്ത്രീകളുമുണ്ടായിരുന്ന ആ സംഘത്തിന്റെ നേതാവ് തന്റെ ഭര്‍ത്താവായിരുന്നു. അഭയാര്‍ഥികളെ മാന്യമായി സ്വീകരിച്ച എത്യോപ്യന്‍ രാജാവിനെ പിന്‍തിരിപ്പിക്കാന്‍ വന്ന ജനങ്ങള്‍ക്കുമുമ്പില്‍ കാര്യം സംസാരിക്കുന്നതിന് രാജാവ് വിളിപ്പിച്ചത് അദ്ദേഹത്തെയായിരുന്നു. അഭയാര്‍ഥി സംഘത്തെ പ്രതിനിധീകരിച്ച് സംസാരിച്ചതും ഭര്‍ത്താവായിരുന്നു. സസുഖം ആ നാട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞു. എന്റെ മൂന്നു മക്കളും അവിടെയാണ് ജനിച്ചത്. ഹിജ്റ ഏഴാം വര്‍ഷം നടന്ന ഖൈബര്‍ യുദ്ധമുഖത്തേക്കാണ് എന്നെയും കുട്ടികളെയും കൂട്ടി ജഅ്ഫര്‍ പോ യത്. ഞങ്ങളുടെ കൂടെ കുറച്ച് പുരുഷന്മാരും വിധവകളായ സ്ത്രീകളുമുണ്ടായിരുന്നു. ഖൈബറിലെത്തി നബിയുടെ ചാരത്തുചെന്നപ്പോള്‍ സന്തോഷംകൊണ്ട് പുളകിതനായി നബി എഴുന്നേറ്റു ജഅ്ഫറിനെ ആലിംഗനം ചെയ്തു. ഇരുകണ്ണുകള്‍ക്കിടയില്‍ തുരുതുരാ ഉമ്മവെച്ചു.

‘ഖൈബറിന്റെ വിജയത്തിലോ ജഅ്ഫറിന്റെ വരവിലോ ഞാന്‍ ആഹ്ളാദിക്കേണ്ടത്?’ എ ന്ന് നബി പറയുകയുണ്ടായി.

അങ്ങനെ ഞങ്ങള്‍ മദീനയില്‍ വന്ന് താമസമാക്കി. മദീനത്തെത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞതേയുള്ളൂ . ഇത്രവേഗം അദ്ദേഹം വിട്ടുപിരിയുമെന്ന് കരുതിയില്ല. എന്തുചെയ്യാന്‍? അല്ലാഹുവിന്റെ വിധി. ആര്‍ക്കാണത് തടുക്കാന്‍ കഴിയുക? ഇല്ല. ആര്‍ക്കും കഴിയില്ല. അ ദ്ദേഹം സ്വര്‍ഗത്തില്‍ നേരത്തെയെത്തി. അതില്‍ സമാധാനിക്കാം. അട്ടഹസിച്ചുകരയാന്‍ പാടില്ലല്ലോ. ഇല്ല. ഞാനിനി അട്ടഹസിക്കില്ല. നെഞ്ചിലും കവിളിലും അടിക്കില്ല. നബിയുടെ നിര്‍ദ്ദേശം ധിക്കരിക്കാന്‍ പാടില്ല. പ്രിയപ്പെട്ടവരുടെ മരണത്തില്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. ആ വേദന കണ്ണീര്‍ തുള്ളികളായി ഒഴുകാം. പക്ഷേ, ക്ഷമകേട് കാണിക്കരുത്.

മരണവീട്ടിലേക്ക് ജനങ്ങള്‍ വന്നുകൊണ്ടിരുന്നു. ആ വീട്ടില്‍ ആരും ഭക്ഷണം കഴിച്ചിട്ടി ല്ല. കുട്ടികള്‍ പൂര്‍ണ പട്ടിണിയിലാണ്. എല്ലാ മരണവീടും ഇങ്ങനെ തന്നെയായിരിക്കും.

നബി പറഞ്ഞു: ‘ജഅ്ഫറിന്റെ കുടുംബത്തിന് നിങ്ങള്‍ ഭക്ഷണമുണ്ടാക്കി കൊടുക്കുക. അവര്‍ മരണസംബന്ധമായ വിഷമങ്ങളിലാണ്.’

മനോവേദനയും വിരഹദുഃഖവുമായി കഴിയുന്ന അസ്മായെ നബി വിളിച്ചു.

‘അസ്മാ…’

‘ലബ്ബൈക്ക് യാ റസൂലല്ലാഹ്’ പതുങ്ങിയ സ്വരത്തില്‍ അസ്മാ വിളികേട്ടു.

‘മൂന്നുമാസം നീ ഇദ്ദ (ദീക്ഷാകാലം) ആചരിക്കണം. അതിനുശേഷം നിന്റെ ഇഷ്ടംപോലെയാകാം.’

നബി(സ്വ)യുടെ വചനം അസ്മായുടെ മനസ്സിന്റെ ഏതോകോണില്‍ പോറലുണ്ടാക്കി.

‘അതിനുശേഷം നിന്റെ ഇഷ്ടംപോലെയാകാം.’

എന്താണെന്റെ ഇഷ്ടം? എനിക്കെന്തിന് ഇനി ഒരു ഭര്‍ത്താവ്? ജഅ്ഫര്‍ എനിക്ക് നല്‍ കിയ സ്നേഹം നല്‍കാന്‍ ഇനി ഒരു ഭര്‍ത്താവിന് കഴിയുമോ? ഞാനൊരു വിധവ. മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മ. എന്നെ ആര് സ്വീകരിക്കാന്‍? എന്റെ മക്കളുടെ പട്ടിണിമാറ്റാന്‍ ആരാണ് മുന്നോട്ടുവരിക?

മാസങ്ങള്‍ പലതും കഴിഞ്ഞു. ഹിജ്റാബ്ദം എട്ടിന്റെ ഒടുക്കത്തില്‍ കാരുണ്യത്തിന്റെ കൈത്തിരിയുമായി സ്വിദ്ദീഖുല്‍ അക്ബര്‍(റ) അസ്മായുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പല സ്ത്രീകളുമായി സല്ലപിക്കാനുള്ള മോഹംകൊണ്ടല്ല; ആത്മസുഹൃത്ത് ജഅ്ഫറിന്റെ അനാഥകളായ മക്കളുടെയും വിധവയായ അസ്മായുടെയും കണ്ണീരൊപ്പാന്‍.

അസ്മാക്ക് സമാധാനമായി. സൌമ്യന്‍, ശാന്തന്‍, മനുഷ്യസ്നേഹി, ആദ്യവിശ്വാസി, തിരുനബിയുടെ കൂട്ടുകാരന്‍, എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ആ മഹാമനീഷിയുടെ കരങ്ങളില്‍ തന്റെയും കുട്ടികളുടെയും ജീവിതം സുരക്ഷിതമായിരിക്കും.

കാലചക്രം മുന്നോട്ടുഗമിച്ചുകൊണ്ടിരുന്നു. സൂര്യന്‍ പലതവണ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. ഋതുക്കള്‍ മാറിമാറിവന്നു. പലരും ജനിച്ചു. പലരും മരിച്ചു. സ്വിദ്ദീഖിന്റെ തണല്‍ മനസ്സിന് തെല്ലൊരാശ്വാസം നല്‍കി വരുന്നതേയുള്ളൂ.

ഒരു ദിവസം സ്വിദ്ദീഖ്(റ) അസ്മായോട് പറഞ്ഞു: ‘ഞാന്‍ മരിച്ചാല്‍ നീയാണ് കുളിപ്പിക്കേണ്ടത്.’

‘അതിനുമുമ്പ് ഞാന്‍ മരിച്ചാലോ?’ അസ്മാ ചോദിച്ചു.

ആരാണ് ആദ്യം മരിക്കുകയെന്നറിയില്ല. പുരുഷന്മാരുടെ മയ്യിത്ത് പുരുഷനല്ലേ കുളിപ്പിക്കേണ്ടത്. സ്ത്രീകളുടേത് സ്ത്രീകളും. പക്ഷേ, ഭാര്യക്ക് ഭര്‍ത്താവിന്റെതും ഭര്‍ത്താവിന് ഭാര്യയുടെതും കുളിപ്പിക്കാം.

അസ്മാ തുടര്‍ന്നു: ‘ഇത് താങ്കളുടെ വസ്വിയ്യത്താണോ?’

‘അതെ.’ സ്വിദ്ദീഖ് മറുപടി പറഞ്ഞു.

വസ്വിയ്യത്ത് അസ്മായുടെ കരങ്ങള്‍കൊണ്ട് നടപ്പാക്കാനായിരുന്നു അല്ലാഹുവിന്റെ വിധി. അലംഘനീയവിധി. ഹിജ്റാബ്ദം 13 ജമാദുല്‍ ആഖിര്‍ 21ന് തിങ്കളാഴ്ച അദ്ദേഹവും വിടപറഞ്ഞു. അസ്മ തന്നെ മയ്യിത്ത് കുളിപ്പിച്ചു.

മരിക്കുന്നതിനുമുമ്പ് സ്വിദ്ദീഖുമൊന്നിച്ച് ഹജ്ജിനുപോകാന്‍ അസ്മാക്ക് ഭാഗ്യം ലഭിച്ചിരു ന്നു. മറക്കാന്‍ കഴിയാത്ത യാത്ര. അന്ന് അസ്മ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ഹിജ്റാ ബ്ദം 10-ാം വര്‍ഷം ദുല്‍ഖഅദ ഇരുപത്തിനാലിന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് യാത്രപുറപ്പെട്ടത്. കിലോമീറ്ററുകള്‍മാത്രം അകലെയുള്ള ദുല്‍ഹുലൈഫയില്‍ എത്തിയപ്പോള്‍ അസ്മാ പ്രസവിച്ചു. കുഞ്ഞിന് മുഹമ്മദെന്ന് പേരിട്ടു. യാത്ര നിര്‍ത്തി വീട്ടിലേക്ക് മടങ്ങാനായിരുന്നു സ്വിദ്ദീഖിന്റെ നിര്‍ദ്ദേശം. പക്ഷേ, നബി യാത്ര തുടരാന്‍ അനുവാദം നല്‍കി. കൈക്കുഞ്ഞിനെയുമായി മരുഭൂമികള്‍ താണ്ടി നീണ്ട ഒമ്പത് ദിവസത്തെ യാത്രക്കുശേഷം മക്കയിലെത്തി. ഹജ്ജ് കഴിഞ്ഞ് മടങ്ങിപ്പോന്നു.

**** ***** * ** ***

കഥാസാരം

1) അനാഥസംരക്ഷണം പുണ്യകര്‍മമത്രെ. യതീമുകളുടെ തലയില്‍ വാത്സല്യത്തോടെ തടവുന്നത് പോലും സുന്നത്താണ്.

2) ഇഷ്ടജനങ്ങളുടെ മരണത്തില്‍ വേദനിക്കാം. കരയാം. പക്ഷേ, ഒച്ചവെക്കലും അതുമിതും വിളിച്ചുപറയലും നിഷിദ്ധമാകുന്നു. അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിച്ചുകഴിയുകയാണ് വേണ്ടത്.

3) മരണവീട്ടിലെ അംഗങ്ങള്‍ക്ക് അന്നേദിവസം ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ അയല്‍വാസികള്‍ക്ക് സുന്നത്താകുന്നു.

4) മരണപ്പെട്ട വ്യക്തിക്ക് പ്രതിഫലം ലഭിക്കുന്നതിനായി ഭക്ഷണമോ മറ്റോ ധര്‍മ്മം ചെയ്യല്‍ സുന്നത്തുണ്ട്.

5) യാത്ര കഴിഞ്ഞുവരുന്നവരെ സ്വീകരിക്കലും ആലിംഗനം ചെയ്യലും സുന്നത്താണ്. ഹജ്ജ്, ഉംറ, തുടങ്ങിയ പുണ്യയാത്രകളാകുമ്പോള്‍ വിശേഷിച്ചും.
6) ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മയ്യിത്ത് കുളിപ്പിക്കാവുന്നതാണ്. അസ്മാ (റ)യുടെ സംഭവത്തില്‍ ഭാര്യ ഭര്‍ത്താവിനെ കുളിപ്പിക്കാനായിരുന്നു വസ്വിയ്യത്ത്. ‘ആഇശാ നീ എന്റെ മുമ്പ് മരിച്ചാല്‍ നിന്റെ മയ്യിത്ത് ഞാന്‍ കുളിപ്പിക്കും. ഞാന്‍ നിന്നെ കഫന്‍ ചെയ്യും. ഞാന്‍ നിനക്ക് നിസ്കരിക്കും എന്ന്’ നബി(സ്വ) പ്രസ്താവിച്ചതായി ഹദീസിലുണ്ട്. അതുപ്രകാരം ഭര്‍ത്താവിന് ഭാര്യയെയും കുളിപ്പിക്കാവുന്നതാണ്.

ഖുര്‍ആന്‍ القرآن الكريم

ലോകാത്ഭുതങ്ങള്‍’ എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം.

അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ, ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമന്‍ മുഹമ്മദ് നബി(സ) ആണെന്ന്, പ്രശസ്ത ചരിത്രപണ്ഡിതനായ മൈക്കള്‍. എച്ച്. ആര്‍ട്ട്, 1978 ല്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ച തന്റെ ഗ്രന്ഥമായ ‘ഠവല 100 അ ഞമിസശിഴവേല ാീശിെേളഹൌലിശേമഹ ുലൃീി ശി ഒശീൃ്യ’ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്. ഇദ്ദേഹം ഒരു മുസ്ലീമല്ല. സത്യസന്ധമായി ചരിത്രം പഠിച്ച ഒരു പണ്ഡിതന്‍ മാത്രം.

ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശനമായി അവതരിച്ച ഈ ഗ്രന്ഥം, ഇന്ന് നൂറ്റിഇരുപത് കോടിയോളം വരുന്ന മുസ്ലീങ്ങള്‍ക്ക് വഴികാട്ടിയാണ്. ഖുര്‍ആനെപ്പറ്റി, നല്ല അഭിപ്രായങ്ങള്‍ പറയുന്നത് മുസ്ലീങ്ങള്‍ മാത്രമാണോ? അല്ല, പരിശുദ്ധ ശരിയായി പഠിക്കാന്‍ ശ്രമിച്ച അമുസ്ലീങ്ങളെല്ലാം തന്നെ ഈ വിസ്മയത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയും അവരുടെ വിലയേറിയ അഭിപ്രായങ്ങളിലൂടെ ഈ ഗ്രന്ഥത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെപ്പോലെയുള്ള സാമൂഹ്യരംഗത്തെ പ്രമുഖര്‍, അണ്ണാദൂരൈപ്പോലുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, നെപ്പോളിയനെപ്പോലുള്ള പ്രമുഖ ഭരണാധികാരികള്‍, ഗിബ്ബണെപ്പോലെയുള്ള പ്രശസ്ത ചരിത്ര പണ്ഡിതന്മാര്‍, ജര്‍മന്‍ നാടകകൃത്തായ ഗോയ്ഥെയെപ്പോലെയുള്ള കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട, അമുസ്ലീങ്ങളായ എത്രയെത്ര പ്രശസ്തവ്യക്തികളാണ് ഖുര്‍ആന്‍ പഠിച്ച് സാക്ഷ്യപത്രങ്ങളെഴുതിയിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്റെ സവിശേഷമായ ഘടനയും ആവിഷ്കാരചാരുതയും അതിനെ എന്നെന്നും അതുല്യവും അനുപമവുമാക്കുന്നുവെന്നും, ഖുര്‍ആനിലെ നിയമങ്ങള്‍ ബുദ്ധിക്കും പ്രകൃതിക്കും യോജിച്ചതാണെന്നും ‘പോപ്പുലര്‍ എന്‍സൈക്ളോപീഡിയ’ രേഖപ്പെടുത്തിയിരിക്കുന്നു.

‘ഖുര്‍ആന്‍’ എന്ന പദത്തിന് ‘വായിക്കപ്പെടേണ്ടത്’, ‘വായിക്കപ്പെടുന്നത്’, എന്നൊക്കെയാണര്‍ത്ഥം. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആണെന്ന് ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’ പറയുന്നു.

പരിശുദ്ധ ഖുര്‍ആനെപ്പറ്റി മുസ്ലീങ്ങള്‍ക്കിടയില്‍ത്തന്നെ സംശയങ്ങളുണ്ട്. ഖുര്‍ആന്‍ എന്താണെന്നോ, എന്തിനാണെന്നോ നമുക്കറിയില്ല. എന്തുകൊണ്ടാണ്, ഖുര്‍ആന്‍ മനസ്സിലാക്കിയവര്‍ അത് ഒരു അത്ഭുതഗ്രന്ഥമാണെന്ന് പറയുന്നത്? അത് പൂര്‍ണ്ണമായും ദൈവിക വചനങ്ങളുള്‍ക്കൊള്ളുന്നു എന്നതു തന്നെ കാരണം.

‘വായിക്കാനറിയാത്ത ഒരു വ്യക്തി വായിച്ചു പറഞ്ഞ ഒരു ദര്‍ശന വിസ്മയം’ എന്ന് ഖുര്‍ആനെപ്പറ്റി പറയാം. കാരണം, മുഹമ്മദ് നബി(സ) യ്ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അറിവുള്ള വ്യക്തികളുമായി അദ്ദേഹത്തിന് ബന്ധങ്ങളില്ലായിരുന്നു. ജനനം മുതല്‍ തന്നെ ദുരിതവും ദുഃഖവും നിറഞ്ഞ, സ്വസ്ഥത കുറഞ്ഞ ഒരു ജീവിതമായിരുന്നു അനാഥനായ അദ്ദേഹത്തിന്റേത്. സാഹിത്യം, ചരിത്രം, നരവംശശാസ്ത്രം, മതദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം പൂര്‍ണ നിരക്ഷരനായിരുന്നു. കച്ചവടക്കാര്യത്തില്‍ മുഴുകിക്കഴിഞ്ഞ അദ്ദേഹം, ‘സത്യസന്ധന്‍’ എന്ന് സര്‍വ്വരും (പിന്നീട്, അദ്ദേഹത്തിന്റെ ശത്രുക്കളായവരുള്‍പ്പെടെ) അംഗീകരിച്ച ഒരു വ്യക്തിയായിരുന്നു.

നാല്പ്പതാം വയസ്സില്‍ അദ്ദേഹത്തിന് അല്ലാഹു ‘പ്രവാചകത്വം’ നല്‍കി. തുടര്‍ന്ന്, നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായി, വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി, അദ്ദേഹത്തിലൂടെ അവതീര്‍ണമായ സൂക്തങ്ങളുടെ സമാഹാരമാണ് പരിശുദ്ധ ഖുര്‍ആന്‍. ജിബ്രീല്‍(അ) എന്ന മലക്ക് മുഖേന ദൈവത്തില്‍ നിന്നും കിട്ടുന്ന വെളിപാടുകള്‍ (വഹ്യ്) മുഹമ്മദ് നബി(സ) പറയുകയായിരുന്നു. നബി(സ) ആഗ്രഹിക്കുന്നതിനനുസരിച്ചായിരുന്നില്ല വെളിപാട് കിട്ടിയിരുന്നത്. പ്രത്യുത, ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരുന്നു. സ്വയം ദൈവികഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്ന, കിടയറ്റസാന്മാര്‍ഗിക ക്രമം പ്രദാനം ചെയ്യുന്ന, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രായോഗികമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കളങ്കരഹിതവും സത്യസന്ധവുമായ ചരിത്രം പഠിപ്പിക്കുന്ന, സത്യസന്ധമായി പുലര്‍ന്നിട്ടുള്ള പ്രവചനങ്ങള്‍ നടത്തിയ, പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി യഥാര്‍ത്ഥമായ പരാമര്‍ശങ്ങള്‍ നടത്തിയഒരു നിസ്തുല സാഹിത്യ സൃഷ്ടിയായ പരിശുദ്ധ ഖുര്‍ആനുമായി താദാത്മ്യം പ്രാപിക്കാന്‍ ലോകത്ത് നിലവിലുള്ള ഒരു ഗ്രന്ഥത്തിനും കഴിയില്ല. അശാസ്ത്രീയമായതോ, വൈരുദ്ധ്യം പുലര്‍ത്തുന്നതോ ആയ യാതൊരു പരാമര്‍ശങ്ങളും ഖുര്‍ആനിലില്ല.

മുഹമ്മദ് നബി(സ) യുടെ ചില നടപടികളെ വിമര്‍ശിക്കുന്നതും, അദ്ദേഹത്തിനെ ശക്തമായി താക്കീത് ചെയ്യുന്നതുമായ വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബി(സ) കെട്ടിച്ചമക്കുന്ന രചനയല്ല ഖുര്‍ആന്‍ എന്നറിയിക്കാന്‍ അത് പറയുന്നു. ‘അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ ‘എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു’ എന്നുപറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?’ (ഖുര്‍ആന്‍ 6: 93).

ഇങ്ങനെയൊക്കെയായിരുന്നിട്ടും, എഴുതാനും വായിക്കാനുമറിയാത്ത മുഹമ്മദ്നബി(സ) എഴുതിയുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്ന് അതില്‍ വിശ്വസിക്കാത്തവരും, സംശയമുള്ളവരും ഇന്നും പറയുന്നു. അവരെ നോക്കി ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു. ‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍, അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമേ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. നിങ്ങള്‍ക്ക് ചെയ്യാനായില്ലെങ്കില്‍ – നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല – മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്’ (ഖുര്‍ആന്‍ 2:23, 24).

അറബി സാഹിത്യകാരന്‍മാരും, ജൂതന്‍മാരും, ഇസ്ലാമിന്റെ ശത്രുക്കളുമെല്ലാം അന്നുമുതല്‍ ഇന്നോളം കിണഞ്ഞു പരിശ്രമിച്ചിട്ടും, ഖുര്‍ആന്‍ നടത്തിയ ഈ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഖുര്‍ആന്‍ വിശദീകരിക്കുന്ന ചരിത്രസംഭവങ്ങള്‍ പരിശോധിക്കുക. അല്ലാഹുവിനെയും അവന്റെ പ്രവാചകരേയും വിശ്വസിക്കാത്തതിന്റെ പേരില്‍, വിശ്വസിച്ചവരൊഴികെയുള്ള നാട്ടുകാരെ മുഴുവനും ഘോരമായ ശിക്ഷകള്‍ കൊടുത്ത് അല്ലാഹു നശിപ്പിച്ച സംഭവങ്ങള്‍ ഖുര്‍ആനിലൂടനീളം കാണാം.

ഇറാഖ് പ്രദേശത്ത് താമസിച്ചിരുന്ന, നൂഹ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട, രൂക്ഷമായ വെള്ളപ്പൊക്കം കൊണ്ട് അല്ലാഹു നശിപ്പിച്ച നൂഹ് നബി(അ)യുടെ ജനത. ഒമാനിലെ, സലാലയ്ക്കടുത്ത് ജീവിച്ചിരുന്ന, ഹൂദ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ആദ് ജനത. മദീനയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള മദായ്ന്‍ സ്വാലിഹ് എന്ന പ്രദേശത്ത് ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന സ്വാലിഹ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഥമൂദ് ജനത. ജോര്‍ദ്ദാനിലെ മദ്യനില്‍ താമസിച്ചിരുന്ന ശുഐബ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട മദ്യന്‍ ജനത. ബി. സി. 19-ാം നൂറ്റാണ്ടില്‍ (ഏകദേശം 3800 വര്‍ഷങ്ങള്‍ക്കു മുമ്പ്) ഇസ്രായേലിനും ജോര്‍ദ്ദാനും മദ്ധ്യേ ഇന്ന് ചാവുതടാകം സ്ഥിതിചെയ്യുന്ന പ്രദേശത്ത താമസിച്ചിരുന്ന ലൂഥ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട സൊദോം ജനത (ചാവുതടാകം രൂപപ്പെട്ടത് അല്ലാഹു ആ ജനങ്ങളെ ശിക്ഷിക്കാന്‍ രാസമഴ ഇറക്കിയതു മൂലമായിരുന്നു). ബി. സി. 13-ാം നൂറ്റാണ്ടില്‍, ഏകദേശം 3200 വര്‍ഷങ്ങള്‍ക്കു മുമ്പ്) ഈജിപ്തില്‍ താമസിച്ചിരുന്ന, മൂസാനബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഫിര്‍ഔനും ജനതയും.

ഇങ്ങനെ, അല്ലാഹു ശിക്ഷിച്ച, വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ച ജനങ്ങളുടെ ജീവിത കഥകള്‍ ഖുര്‍ആനില്‍ പറയുന്നു. കൂടാതെ, 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലെ ബാബിലോണിയയില്‍ ജനിച്ച്, മക്കയില്‍ വന്ന് കഅ്ബാലയം പണിത്, ദൂരെ ഫലസ്തീനില്‍ പോയി ഇസ്ലാം മതപ്രബോധനം നടത്തിയ ഇബ്രാഹിം നബി(അ)യുടെ ചരിത്രം, ഈജിപ്തില്‍ ജീവിച്ചിരുന്ന യൂസഫ് നബി(അ)യുടെ ചരിത്രം, 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലും, ജോര്‍ദ്ദാനിലും ഫലസ്തീനിലുമായി ജീവിച്ചിരുന്ന മൂസാനബി(അ)യുടെ ചരിത്രം, ജോര്‍ജിയായില്‍ ഇരുമ്പുമതില്‍ നിര്‍മ്മിച്ച ദുല്‍ഖര്‍നൈന്റെ ചരിത്രം.