Category Archives: വെളിച്ചം

പഠനത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ സാധൂകരിക്കുന്നു.
1. അറിവിനെ സ്‌കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തണം.
2. മനഃപാഠം പഠിക്കുന്ന രീതി ഒഴിവാക്കണം.
3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനത്തെ വികസിപ്പിക്കണം.
4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതാക്കുകയും ക്ലാസുമുറിയിലെ പഠനാനുഭവങ്ങളുമായി അവയെ ഉദ്ഗ്രഥിക്കുകയും വേണം.
5. രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തില്‍ പരസ്പരം താല്‍പര്യമെടുക്കുന്നതും വ്യത്യാസങ്ങള്‍ക്കതീതവുമായ ഒരു സ്വത്വം വളര്‍ത്തിക്കൊണ്ടുവരണം.
പഠനം, പഠനാനുഭവം, അറിവ,് തിരിച്ചറിവ്, അറിവിന്റെ പ്രയോഗം എന്നിവയെ കൃത്യമായി നിര്‍വചിക്കുന്നതിനും ലളിതമായ ഉദാഹരണങ്ങളും സാധ്യമായ വിശദീകരണങ്ങളും നല്‍കി ബോധ്യപ്പെടുത്തുന്നതിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വിജയിച്ചു എന്നുവേണം കരുതാന്‍.
‘അറിയല്‍ ‘ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ‘അതെനിക്കറിയാം ‘ എന്ന് ഒരാള്‍ പറയുമ്പോള്‍ എന്താണതുകൊണ്ട് ലക്ഷ്യമാക്കുന്നത്?

ഏതെങ്കിലും ഭാഷാവ്യവഹാരത്തിലൂടെയോ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിലൂടെയോ പരിസരത്തെപ്പറ്റിയോ വസ്തുപ്രതിഭാസങ്ങളെപ്പറ്റിയോ ലോകത്തെപ്പറ്റിയോ മനസ്സിലാക്കുക എന്നാണ് ‘അറിയല്‍’ എന്നതിന്റെ അര്‍ഥം. പഠനത്തെ ഒരു ആശയപ്രജനനപ്രക്രിയ (Generative process) എന്ന് പറഞ്ഞാലും തെറ്റില്ല. ചെറുപ്പം മുതലേ കുട്ടികള്‍ പഠനം എന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നുണ്ട്. മറ്റുള്ളവരോട് ഇടപഴകിയും മൂര്‍ത്തവസ്തുക്കളുമായി സംവദിച്ചുമൊക്കെയാണ് ഈ പഠനം നടക്കുന്നത് . ഭാഷയും ചിന്തയും പ്രവൃത്തിയുമൊക്കെ ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു എന്നത് ഒരു വിസ്മയമായി തോന്നാം. കുട്ടികള്‍ പ്രായമാകുന്നതോടെ അനുഭവങ്ങളോടൊപ്പം ഭാഷാശേഷിയും ചിന്താശേഷിയും വളരുകയും പഠനം വികസിക്കുകയുംചെയ്യും.

ഓരോ കുട്ടിയും ചിന്തിക്കുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു എന്നും ഓരോ കുട്ടിക്കും അവരുടെതായ ബുദ്ധിവൈഭവം ഉണ്ട് എന്നും വിശ്വസിക്കുന്നവരാണ് നാം. എങ്കിലും എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷം ക്ലാസുമുറിയില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയാതെ പോവുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എത്തിപ്പിടിക്കാവുന്ന അയവുള്ള ഒരു പാഠ്യപദ്ധതി ലഭ്യമാക്കുകയും കുട്ടികളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസുമുറിയിലെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയുമാണ് വേണ്ടത്.

എങ്ങനെയാണ് കുട്ടി അറിവ് നിര്‍മിക്കുന്നത് ?

അറിവ് നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ആണ് പഠനം എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അറിവ് നിര്‍മാണമെന്നത് അത്ര ലളിതമായി ക്ലാസുമുറിയില്‍ നടക്കാവുന്ന ഒരു കാര്യമാണോ എന്ന്. അറിവിനെ പരീക്ഷണശാലയോടും ഗ്രന്ഥാലയത്തോടുമൊക്കെ ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുമ്പോഴാണ് ഈയൊരപകടം സംഭവിക്കുന്നത്. കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ വിഷയം കുറെക്കൂടി ലളിതമാകും. ചെറിയൊരുദാഹരണം പറയാം.

നാലാംക്ലാസിലെ സയന്‍സ് അധ്യാപിക വിവിധതരം സസ്യങ്ങളുടെ ഇലകള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. പൂക്കള്‍ക്കായി വളര്‍ത്തുന്നവ, അലങ്കാരത്തിനായി വളര്‍ത്തുന്നവ, പഴങ്ങള്‍ക്കോ, പച്ചക്കറികള്‍ക്കോ, ഔഷധങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്നവ അങ്ങനെ വിവിധങ്ങളായ സസ്യങ്ങളുടെ ഇലകള്‍ അക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ ഇലകള്‍.
ഇലകള്‍ എടുത്ത് പരിശോധിക്കാനും മണത്ത് നോക്കാനും താരതമ്യം ചെയ്യാനും അധ്യാപിക കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നു. അവരെ ഗ്രൂപ്പുകളാക്കുന്നു. ഓരോ സെറ്റ് ഇലകള്‍ ഓരോ ഗ്രൂപ്പിനും നല്‍കുന്നു. ഗ്രൂപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ അധ്യാപിക നിര്‍ണയിച്ചുനല്‍കുന്നു.
ഓരോ ഇലയും പരിശോധിച്ച് ഏത് ചെടിയുടേതാണെന്ന് തിരിച്ചറിയുക.
ഓരോന്നിന്റെയും പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തുക.
വീടുകളില്‍ കൂടുതലായി വളരുന്നവയെയും അപൂര്‍വമായി വളരുന്നവയെയും വേര്‍തിരിക്കുക.

കയ്യിലുള്ള അനുഭവങ്ങളും അറിവുകളും പരസ്പരം ബന്ധിപ്പിച്ച് കുട്ടികള്‍ ചര്‍ച്ചയാരംഭിക്കുന്നു. ഈ വിവരങ്ങള്‍ കൈമാറി അപരിചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന പഠനപരിമിതികളെ മറികടക്കാന്‍ അധ്യാപിക കുട്ടികളെ ഇടക്കിടെ സഹായിക്കുന്നു.
ഒടുവില്‍ തങ്ങള്‍ കണ്ടെത്തിയ ആശയങ്ങള്‍ ഗ്രൂപ്പുകള്‍ പങ്കുവെക്കുന്നു. ധാരണകള്‍ മെച്ചപ്പെടുത്തുകയും വ്യക്തമായ ആശയരൂപീകരണം നടത്തുകയുംചെയ്യുന്നു.

അധ്യാപിക ‘വിവിധതരം സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും’ എന്നൊരു പാഠഭാഗം വായിച്ചുകേള്‍പ്പിക്കുന്നതും ഇത്തരമൊരു പഠനപ്രവര്‍ത്തനം നടത്തുന്നതും തമ്മില്‍ വ്യത്യാസങ്ങളില്ലേ? ആദ്യത്തേതില്‍ അധ്യാപിക ഏകപക്ഷീയമായി വിജ്ഞാനം അടിച്ചേല്‍പിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തേത് കുട്ടികള്‍ തന്നെ നടത്തുന്ന അന്വേഷണാത്മക പഠനപ്രവര്‍ത്തനമാണ്. ഏതൊരു അന്വേഷണാത്മക പഠനപ്രവര്‍ത്തനവും അറിവ് നിര്‍മാണത്തിലേക്കാണ് ഒടുവില്‍ എത്തിച്ചേരുന്നത്. അധ്യാപികയ്ക്ക് കൃത്യമായി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനും സ്വയം വിലയിരുത്തി മെച്ചപ്പെടുത്താനും കുട്ടികള്‍ക്ക് അവസരമൊരുക്കാനും കഴിഞ്ഞാലേ ഇതൊക്കെ സാധ്യമാവൂ.

പ്രകൃതിയും പരിസരവുമായുള്ള നിരന്തര ഇടപെടലിലൂടെയും ഭാഷയിലൂടെയുമാണ് പഠനം നടക്കുന്നത്. വായിക്കാനും ചോദ്യങ്ങളുന്നയിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സംവദിക്കാനും പ്രതികരിക്കാനും ഒക്കെ ഭാഷ ഉപയോഗിക്കുന്നതും തനതായ പഠനസന്ദര്‍ഭങ്ങളാണ്.
അറിവിന്റെ നിര്‍മാണത്തിന് തീവ്രമായ അനുഭവങ്ങളുടെ കൂട്ട്, ഭാഷാശേഷികള്‍, ചുറ്റുപാടുമായുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ അത്യാവശ്യമാണ്. സ്‌കൂളിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടിയോടൊപ്പം നിരവധി ധാരണകളും ആശയങ്ങളും ഒട്ടും കുറവില്ലാത്ത ഭാഷാസമ്പത്തും ഉണ്ടായിരിക്കും. പലരതരത്തിലുള്ള അറിവുകളും ഇതിനകം അവള്‍/ അവന്‍ നിര്‍മിച്ചിരിക്കും.

വീട്ടുമുറ്റത്തും കിടപ്പുമുറിയിലും അടുക്കളയിലുമെല്ലാം മലമൂത്രവിസര്‍ജ്ജനം ചെയ്തിരുന്ന കുട്ടി ഒരു പ്രായത്തിലെത്തുമ്പോള്‍ അക്കാര്യത്തിന് കക്കൂസ് തന്നെ തെരഞ്ഞെടുക്കുന്നത് യാന്ത്രികമായ ഒരു പരിശീലനത്തെത്തുടര്‍ന്നല്ലല്ലോ. പരിസരവുമായുള്ള പാരസ്പര്യം അവളില്‍ / അവനില്‍ രൂപപ്പെടുത്തിയ ഒരു തിരിച്ചറിവുതന്നെയാണ് അതിന്റെ കാരണം. താഴെകിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍ പെറുക്കിയെടുത്ത് തിന്നുമായിരുന്ന കുട്ടി ഒരു പ്രായത്തില്‍ അവ ‘ചീത്ത’യാണ് എന്ന് വിശ്വസിച്ച് വര്‍ജിക്കുന്നതിന്റെ പിന്നിലും പരിശീലനമല്ല തിരിച്ചറിവുതന്നെയാണ്.
ഇത്തരംകുട്ടികളാണ് ക്ലാസുമുറിയിലേക്ക് എത്തുന്നത് നാമോര്‍ക്കണം. അവരോടൊപ്പം നൈസര്‍ഗികമായ കുറെ അറിവുകളുമുണ്ടാകും. സ്‌കൂള്‍ അനുഭവങ്ങള്‍ അതിനുമേല്‍ കുറെക്കൂടി ആഴത്തിലുള്ള അറിവ് നിര്‍മിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

ഭാഷയും ഭാഷാവിദ്യാഭ്യാസവും

ഭാഷയെക്കുറിച്ചും ഭാഷാവിദ്യാഭ്യാസത്തെക്കുറിച്ചും ദീര്‍ഘവും ശ്രദ്ധേയവുമായ ചില വിശകലനങ്ങള്‍ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തുന്നുണ്ട്. മിക്കകുട്ടികളും വിദ്യാലയങ്ങളിലെത്തുന്നതിന് മുമ്പുതന്നെ ഒരുവിധം ചിട്ടപ്പെടുത്തപ്പെട്ട ഭാഷയെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുകയും ഔചിത്യപൂര്‍വം അത് പ്രയോഗിക്കുകയും ചെയ്യുന്നതായി നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ചില കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പുതന്നെ രണ്ടോ മൂന്നോ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് ആര്‍ജിക്കുന്നു.

പ്രശസ്ത ഗോളശാസ്ത്രജ്ഞനായ അലി മണിക് ഫാന്‍ മകളോടും പേരക്കുട്ടികളോടുമൊപ്പം എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ തമാസിച്ചിരുന്ന കാലം. മണിക് ഫാനെ നേരില്‍ കണ്ട് പരിചയപ്പെടാനായി ഈ ലേഖകന്‍ ഒരിക്കല്‍ താമസസ്ഥലത്ത് ചെന്നപ്പോള്‍ ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ അവരുടെ ഉമ്മയോട് മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ‘ഇവര്‍ക്കെവിടുന്നാണ് ഇത്ര നല്ല ഇംഗ്ലീഷ് കിട്ടിയത്’ കൗതുകത്തോടെ ഞാന്‍ തിരക്കി.
‘സാറിന് അവര്‍ അറബിയില്‍ സംസാരിക്കുന്നത് കേള്‍ക്കണോ?’ എന്നായിരുന്നു അത്ഭുതപ്പെടുത്തുമാറ് ആ ഉമ്മയുടെ മറുപടി. ആ വീട്ടില്‍ ഇംഗ്ലീഷും അറബിയിലുമൊക്കെയായിരുന്നുവത്രെ മുഖ്യമായ സംസാരഭാഷ.
കുട്ടികള്‍ക്ക് മാതൃഭാഷയെ കൂടാതെ വേറെയും ഭാഷകള്‍ സ്വായത്തമാക്കാനും ആ ഭാഷയില്‍ ആശയവിനിമയം നടത്താനും കഴിയുമെന്നതിന് വേറെയും ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും.

. ജീവിക്കുന്ന സാമൂഹികപരിസരവും സാംസ്‌കാരികപരിസരവുമായി ഭാഷയ്ക്ക് ബന്ധമുള്ളതുപോലെ വ്യക്തിയുടെ ചിന്തയുമായും സ്വത്വവുമായും അതിന് ബന്ധമുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഏത് ഭാഷയുടെ കാര്യത്തിലും ഇതൊരു വസ്തുതയാണ്. അതുകൊണ്ട് കുട്ടിക്ക് വശമുള്ളതും ആഭിമുഖ്യമുള്ളതും കുട്ടിക്ക് വൈകാരികമായി അടുപ്പമുള്ളതുമായ ഒരു ഭാഷയെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അവളുടെ/ അവന്റെ ചിന്തയെയും സ്വത്വത്തെയും നിഷേധിക്കുന്നതിന് തുല്യമായിരിക്കും. വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികള്‍ ആര്‍ജിച്ച ഭാഷാശേഷികള്‍ക്ക് അനല്‍പമായ പങ്കാണ് വഹിക്കാനുള്ളത്. അക്കാദമിക ജ്ഞാനത്തിന്റെ വികാസത്തിനും ഭാഷാശേഷികളുടെ വികാസം അനിവാര്യമാണ്.

ഭാഷാക്ലാസ്മുറിയില്‍ മാത്രം പരിമിതമല്ല ഭാഷ എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഏത് വിഷയം പഠിക്കുമ്പോഴും അവിടെ മാധ്യമമായി ഉപയോഗിക്കപ്പെടുന്നത് ഭാഷ തന്നെയാണ്. ഗണിതപ്രക്രിയകള്‍ ചെയ്യുന്ന കുട്ടിക്ക് തന്റെ ഗണിതാശയം പങ്കുവെക്കാന്‍ ഏതെങ്കിലും ഭാഷതന്നെ വേണ്ടതുണ്ട്. അടിസ്ഥാനശാസ്ത്രവുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപോര്‍ട്ട് എഴുതുമ്പോഴും ഭാഷതന്നെ ആശ്രയം. സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനയാത്രയുടെ വിവരണമെഴുതുമ്പോഴും ഭാഷ ഉപയോഗിക്കാതെ തരമില്ല. അപ്പോള്‍ ഭാഷ, സ്‌കൂളിലെ പാഠ്യവിഷയങ്ങളിലും വ്യാപിച്ചുകിടക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംസാരം, ശ്രവണം, വായന, എഴുത്ത് എന്നിവയിലെ പ്രാവീണ്യം സ്‌കൂള്‍ വിജയത്തിലെ ഒരു പ്രധാനഘടകമാണ്. യഥാര്‍ഥത്തില്‍ കുട്ടികളുടെ ഭാഷാവികാസത്തിന്റെ ഭാവി ഭാഷാധ്യാപകരുടെ കൈയില്‍ മാത്രമല്ല, മറ്റ് അധ്യാപകരുടെ കൈകളിലും അര്‍പ്പിതമാണ്.

പരീക്ഷണങ്ങളെ പ്രതിരോധിക്കുക

മനുഷ്യജീവിതത്തിലെ ദൈവികനടപടിക്രമങ്ങളുടെ ഭാഗമെന്നോണം പ്രബോധകന്‍മാര്‍ പരീക്ഷിക്കപ്പെടാനിടയുണ്ട്. അല്ലാഹുവിന്റെ യുക്തിയുടെ തേട്ടമായും സത്യപ്രബോധകന്‍മാരുടെ മനസ്സിലുള്ള യഥാര്‍ഥവിശ്വാസവും നിസ്വാര്‍ഥതയും പുറത്തുകൊണ്ടുവരേണ്ടതിനായും തദ്വാരാ അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനായുമൊക്കെ ആവാം ഇത്യാദി പരീക്ഷണങ്ങള്‍. അത്തരം ഘട്ടങ്ങളില്‍ പരീക്ഷണങ്ങളെ ആത്മപീഢകളായി പ്രബോധകന്‍മാര്‍ തെറ്റിദ്ധരിക്കരുത്. അതേസമയം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ വേണ്ട സാധ്യമായതും ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചതുമായ രക്ഷാമാര്‍ഗങ്ങള്‍ പ്രയോഗിച്ചുനോക്കേണ്ടതുമുണ്ട്. സത്യപ്രബോധന സരണിയില്‍ പരീക്ഷണങ്ങളുണ്ടാകുമെന്നും അപ്പോള്‍ ക്ഷമിക്കേണ്ടിവരുമെന്നും പറയുന്നതിന്റെ ഉദ്ദേശ്യം പ്രബോധകന്‍ പ്രബോധനദൗത്യത്തിന്റെ സഹചാരിയായി ക്ഷമയെന്ന മനോജ്ഞമായ സ്വഭാവഗുണത്തെ കൊണ്ടുനടക്കാനും വാഗ്ദത്തം ചെയ്യപ്പെട്ട അന്തിമസഹായം ലഭിക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കാനും വേണ്ടിയാണ്. സ്വയം നാശത്തിലേക്കും ആത്മനിന്ദയിലേക്കും എടുത്തുചാടുക എന്നത് ഇസ്‌ലാമില്‍ അഭിലക്ഷണീയമായ കാര്യമല്ല. നിന്ദകരും പീഡകരുമായ മിഥ്യയുടെ വക്താക്കള്‍ക്ക് തല കൊടുക്കാന്‍ പാടില്ല എന്നതുപോലെ സ്വകരങ്ങളെ നിങ്ങള്‍ നാശത്തിലേക്കിടരുത് (അല്‍ബഖറ 195) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍(സ) നല്‍കിയ ഒരു നിര്‍ദേശം ഇങ്ങനെയാണ്: ‘ആത്മനിന്ദ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. ‘എങ്ങനെയാണ് ദൈവദൂതരേ ഒരാള്‍ ആത്മനിന്ദ കാട്ടുക?’ അനുചരന്‍മാര്‍ തിരക്കി. തിരുമേനി പ്രതിവചിച്ചു: ‘താങ്ങാനാവാത്ത പരീക്ഷണങ്ങള്‍ ക്ഷണിച്ചുവരുത്തി അത് സഹിക്കുക’.

റോമക്കാരുമായുള്ള യുദ്ധത്തിന് നിയുക്തമായ സൈന്യത്തിന്റെ നായകനായി നിശ്ചയിക്കപ്പെട്ട ഉസാമത്തുബ്‌നു സൈദിനെ നബിതിരുമേനി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: ‘നിങ്ങളൊരിക്കലും ശത്രുവുമായുള്ള ഏറ്റുമുട്ടലിന് കൊതിക്കരുത്. അവരാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണോ എന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ നിങ്ങളിങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ, ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്ന് ഞങ്ങളെ നീ തടുക്കേണമേ. അവരുമായുള്ള യുദ്ധം നീ പ്രതിരോധിക്കേണമേ’. വിശ്വാസികളോട് അല്ലാഹു കാട്ടിയ ഔദാര്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്:’ വിശ്വാസികളില്‍നിന്ന് യുദ്ധത്തെ അകറ്റിനിര്‍ത്താന്‍ അല്ലാഹു മതി’. യുദ്ധം ഒഴിഞ്ഞുപോവുക എന്നത് അല്ലാഹുവിന്റെ ഇടപെടലിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും അത് വിശ്വസികളോടുള്ള ദൈവികഔദാര്യമായി കാണേണ്ടതാണെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. യുദ്ധം എന്നത് പ്രയാസവും വേദനയുമാണല്ലോ.
ഇത്തരുണത്തില്‍ സത്യപ്രബോധനദൗത്യമേറ്റെടുത്ത ഓരോരുത്തരും രണ്ട് സുപ്രധാന യാഥാര്‍ഥ്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ഒന്ന്: ഇസ്‌ലാമിന്റെ പ്രചാരണത്തിനും വിജയത്തിനും പ്രയോജനകരമാവാത്ത യാതൊന്നിനും സ്വന്തം കഴിവും അധ്വാനവും വിനിയോഗിക്കാതിരിക്കുക. ഇന്നയാള്‍ സത്യപ്രബോധനത്തിനായി ഒരു പാട് പ്രയാസം സഹിച്ചു, ത്യാഗംചെയ്തു എന്നൊക്കെ ജനങ്ങള്‍ ആരെയെങ്കിലും കുറിച്ച് പറഞ്ഞു നടന്നു എന്നതുകൊണ്ട് ഇസ്‌ലാമിന് പ്രത്യേകിച്ചൊരു മെച്ചവുമുണ്ടാകാന്‍ പോകുന്നില്ല. അതേസമയം ഇന്നയിന്ന ലക്ഷ്യത്തോടെ ഇന്നയിന്ന പ്രേരകങ്ങളാല്‍ ചരിത്രനിയോഗമെന്ന അര്‍ഥത്തിലാണ് പീഡനങ്ങളും പ്രയാസങ്ങളും ഒരാള്‍ സഹിച്ചതെങ്കില്‍ അതില്‍ കാര്യമുണ്ട്. ഒരു പ്രബോധകന്റെ സ്വത്വമെന്നത് അവന്റെ അധികാരപരിധിയില്‍പെട്ടതല്ല. അല്ലാഹുവിന്റെ അധികാരപരിധിയില്‍ പെട്ടതാണ്. ഭ്രംശമാര്‍ഗികള്‍ പരിചയിച്ച ആത്മഹത്യാപരവും പ്രതിലോമകരവുമായ മാര്‍ഗം പിന്തുടര്‍ന്ന് പ്രബോധകന്‍മാര്‍ സ്വയം വിനാശത്തിന്റെ പാത സ്വീകരിക്കാന്‍ പാടുള്ളതല്ല.

രണ്ട്: പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും നേരെ സ്വീകരിക്കേണ്ട സ്വയംപ്രതിരോധത്തിന്റെയും അവയ്ക്കുമുന്നില്‍ അടിയറവു പറയാതിരിക്കുന്നതിന്റെയും അനിവാര്യത :
സത്യപ്രബോധനത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ പ്രവാചകതിരുമേനി സ്വന്തം ജീവിതത്തിലൂടെ ഈ യാഥാര്‍ഥ്യം പ്രായോഗികമായി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. എക്കാലത്തും എവിടെയുമുള്ള സമസ്ത പ്രബോധകന്‍മാര്‍ക്കും പ്രസ്തുത പ്രവാചകമാതൃക ഒരു കെടാദീപമായി അവശേഷിക്കാന്‍വേണ്ടികൂടിയാണ് ദൈവദൂതന്‍ അത് സ്വാനുഭവങ്ങളിലൂടെ അത് കാണിച്ചുതന്നത്. മക്കയില്‍നിന്ന് അബ്‌സീനിയയിലേക്ക് വിശ്വാസികളോട് പലായനം നടത്താന്‍ കല്‍പിച്ചത് തങ്ങളുടെ വിശ്വാസദര്‍ശനം കാത്തുരക്ഷിക്കാനും ഖുറൈശീപീഡനങ്ങളില്‍നിന്ന് സ്വയം രക്ഷതേടാനും വേണ്ടിയായിരുന്നു. സാധ്യത തുറന്നുകിട്ടിയാല്‍ പരീക്ഷണങ്ങളെ പ്രതിരോധിക്കല്‍ ബാധ്യതയായി കാണണമെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ കഴിയുമെന്നിരിക്കെ പീഡനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സ്വയം നിന്നുകൊടുക്കുക എന്നത് അഭിലക്ഷണീയമല്ല എന്ന് മാത്രമല്ല, അനുവദനീയം കൂടിയല്ല എന്ന് മനസ്സിലാക്കേണ്ടതുമുണ്ട്. ‘മുഅ്ത’ യുദ്ധമുഖത്ത് നിന്ന് മുസ്‌ലിംസൈന്യത്തെയും കൊണ്ട് ഖാലിദ് ബ്‌നു വലീദ് പിന്‍വാങ്ങുകയും മദീനയിലേക്ക് തിരിച്ചുവരികയുംചെയ്ത സന്ദര്‍ഭത്തില്‍ പ്രസ്തുത നടപടിയെ വിശ്വാസികളില്‍ ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. യുദ്ധമുഖത്തുനിന്ന് നടത്തിയ വിലക്കപ്പെട്ട ഒളിച്ചോട്ടം തന്നെ അതെന്ന് മറ്റുചിലര്‍ പരിഹസിച്ചു:’ഛെ, എന്തൊരു ഒളിച്ചോട്ടം! ദൈവമാര്‍ഗത്തില്‍ നിന്നല്ലേ നിങ്ങള്‍ ഒളിച്ചോടിയത്’ എന്നുകൂടി അവര്‍ പറഞ്ഞുകളഞ്ഞു. അപ്പോള്‍ ദൈവദൂതര്‍ ഇടപെട്ട് കൊണ്ട് പറഞ്ഞു:’അവര്‍ ഒളിച്ചോടിയതല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ മറ്റൊരു പോരാട്ടത്തിനായി എടുത്തുചാടിയതാണ്’. യുദ്ധരംഗത്തുനിന്നുള്ള ഖാലിദ് ബ്‌നുല്‍ വലീദിന്റെയും സൈന്യത്തിന്റെയും പിന്‍വാങ്ങലും മദീനയിലേക്കുള്ള തിരിച്ചുവരവും വളരെയേറെ ദീര്‍ഘദൃഷ്ടിയോടെയാണ് ദൈവദൂതന്‍ നോക്കിക്കണ്ടത്. സത്യപ്രബോധനത്തിന്റെ ധീരമായ ചരിത്രപ്രയാണത്തില്‍ പ്രസ്തുത പിന്‍വാങ്ങലിനും തിരിച്ചുവരവിനും സ്വയം പ്രതിരോധത്തിന്റെയും തുടര്‍വിജയത്തിന്റെയും ഒരു രീതിശാസ്ത്രമുണ്ടെന്ന് നബിതിരുമേനി ബോധ്യപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വളരെയേറെ പ്രയോജനം കിട്ടാനിടയുള്ള മറ്റൊരു പോരാട്ടത്തിനും സജ്ജമാകാനായിരുന്നു ഖാലിദും സംഘവും മുഅ്ത പോര്‍ക്കളം ഉപേക്ഷിച്ചതും യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതുമെന്ന് ചുരുക്കം.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍
ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറക്കുന്നതിന് മുമ്പ് അതിലെ മലിനമായ വെള്ളം ഒഴിവാക്കി അതിനെ ശുദ്ധിയാക്കേണ്ടതുണ്ട്. നിറഞ്ഞിരിക്കുന്ന പാത്രം പുതുതായി ഒന്നിനെയും ഉള്‍ക്കൊള്ളുകയില്ല. അതില്‍ ഒഴിക്കുന്ന ഓരോ തുള്ളി വെള്ളവും വെറുതെ പാഴാവുകയാണ്. വിശുദ്ധ റമദാന്‍ മാസത്തെ കാത്തിരിക്കുകയും, ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് ആര്‍ജ്ജിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസി തന്റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇസ്‌ലാമിന് നിരക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. സംസ്‌കാരത്തിനും ചുറ്റുപാടിനും അനുസരിച്ച് ഈ മാലിന്യങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പറയുക പ്രയാസമാണ്. അതില്‍ നിന്നും ചില ഉദാഹരണങ്ങള്‍ മാത്രമാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. അതുമായി തുലനപ്പെടുത്തി ഓരോ മുസ്‌ലിമും തന്റെ ഉള്ളിലെ രോഗം എന്താണെന്ന് തിരിച്ചറിയുകയും റമദാനിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ പാത്രത്തെ സജ്ജമാക്കി വെക്കുകയും ചെയ്യട്ടെ.

1. അനാവശ്യ തര്‍ക്കം
അല്ലാഹുവിനെ സ്‌നേഹിക്കുകയും അല്ലാഹു സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളുടെ പ്രധാന വിശേഷണമാണ് അവര്‍ പരസ്പരം നൈര്‍മല്യത്തോടെ പെരുമാറുന്നവരായിരിക്കുമെന്നത്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു.” (അല്‍മാഇദ: 54)
അല്ലാഹുവിനും അവന്റെ ദൂതനും അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അനാവശ്യമായ തര്‍ക്കം. നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: ”ആളുകളില്‍ കടുത്ത കുതര്‍ക്കികളെയാണ് അല്ലാഹു ഏറ്റവുമധികം വെറുക്കുന്നത്.” (ബുഖാരി) അന്യായമായ കാര്യത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇവിടെ ഉദ്ദേശിച്ചത്. ന്യായമായ ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് അത് തടസ്സമല്ല. പ്രതിയോഗിയോട് അന്യായം പ്രവര്‍ത്തിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ അതിന് വേണ്ടി ഉറച്ചു നിലകൊള്ളണം.

2. രഹസ്യങ്ങള്‍ പ്രചരിപ്പിക്കലും വ്യാജ വാഗ്ദാനവും
ഒരാളെ വാക്കുകൊണ്ടോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്. മറ്റൊരാളെ സംബന്ധിച്ച രഹസ്യം പരസ്യപ്പെടുത്തുന്നത് പോലുള്ള ഏതൊരു പ്രവര്‍ത്തനവും അതില്‍ പെട്ടതാണ്. ഒരാള്‍ നിങ്ങളെ വിശ്വസിച്ച് അയാളുടെ രഹസ്യം നിങ്ങളുമായി പങ്കുവെക്കുകയും എന്നിട്ട് നിങ്ങളത് ആളുകളോട് പറഞ്ഞ് അയാളെ താറടിക്കുകയും ചെയ്യുന്നത് എത്രത്തോളം വലിയ വഞ്ചനയാണ്. എത്ര ഗുരുതരമായ കുറ്റമാണ് അതിലൂടെ ചെയ്യുന്നത്. നബി(സ) പറയുന്നു: ”ഒരാള്‍ ഒരു കാര്യം സംസാരിക്കുകയും എന്നിട്ട് ചുറ്റുപാടിലേക്ക് തിരിഞ്ഞുനോക്കുകയും (മറ്റാരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍) ചെയ്താല്‍ അതൊരു വിശ്വസിച്ചേല്‍പിക്കലാണ്.”
വ്യാജ വാഗ്ദാനങ്ങളെ കുറിച്ച് നബി(സ) താക്കീത് നല്‍കുന്നത് നോക്കൂ: ”നാല് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അവനില്‍ കാപട്യത്തിന്റെ അംശമുണ്ട്. സംസാരിച്ചാല്‍ കളവു പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക. തര്‍ക്കിച്ചാല്‍ അസഭ്യം പറയുക എന്നിവയാണവ.”

3. ആവശ്യമില്ലാത്ത സംസാരം
യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തെ കുറിച്ച സംസാരം വലിയ വിപത്തുകളിലൊന്നാണ്. അങ്ങനെ അവന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഓരോ വാക്കിന്റെ പേരിലും അവന്‍ വിചാരണ ചെയ്യപ്പെടും. ഒരു സംസാരം കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കില്‍ പിന്നെ ദോഷത്തിനാണ് അതില്‍ കൂടുതല്‍ സാധ്യത. കാണുന്നവരോടെല്ലാം എവിടെ നിന്നാണ് നീ വരുന്നത്, എവിടേക്കാണ് പോകുന്നത്? എന്നെല്ലാമുള്ള ചോദ്യം അനാവശ്യമാണ്. ഒരുപക്ഷേ അത് താങ്കളോട് വെളിപ്പെടുത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോള്‍ അയാള്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാവുന്നു. താങ്കളെ സംബന്ധിക്കാത്ത ഒരു ചോദ്യം ചോദിച്ച് ആ തെറ്റിനുള്ള സാഹചര്യം ഒരുക്കിയത് താങ്കളാണ്. നബി(സ) പറഞ്ഞു: ”തന്നെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ നല്ല ഇസ്‌ലാമിന്റെ ഭാഗമാണ്.” (തിര്‍മിദി)

4. അസൂയ
മറ്റുള്ളവരുടെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോവാനുള്ള ആഗ്രഹമാണത്. അസൂയാലുവിനെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന മാരക രോഗമാണത്. അതിന്റെ ഫലമായി സമൂഹത്തില്‍ നിന്നും മൂല്യങ്ങളും മനുഷ്യത്വവും ഇല്ലായ്മ ചെയ്യപ്പെടും. മനസ്സിലെ അഗ്നിയാണത്. അതവിടെ ജ്വലിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും പകയും വിദ്വേഷവും ഗൂഢാലോചനും ജന്മമെടുക്കും. വന്‍പാപങ്ങളുടെ തലത്തിലേക്ക് അതവനെ എത്തിക്കുന്നു. നബി(സ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളുടെ രോഗം നിങ്ങളിലേക്കും ഇഴഞ്ഞുകയറുന്നു. അസൂയയും വിദ്വേഷവുമാണത്. മുണ്ഡനം ചെയ്തു കളയുന്നതാണത്. മുടി മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ദീനിനെ മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചാണ്.” (അബൂദാവൂദ്)

5. അഹങ്കാരം
അല്ലാഹു പറയുന്നു: ” ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചുനടക്കുന്നവരുടെ കണ്ണുകളെ ഞാന്‍ എന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് തെറ്റിച്ചുകളയുന്നതാണ്.” (അല്‍അഅ്‌റാഫ്: 146)
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഹദീല്‍ പറയുന്നു: ”ഹൃദയത്തില്‍ അണുതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”
‘അഹങ്കാരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഒരുക്കപ്പട്ടിരിക്കുന്നതെന്ന് നരകം പറയുന്നു’ എന്ന് മറ്റൊരു ഹദീസില്‍ കാണാം. നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ”ധിക്കാരികളും അഹങ്കാരികളുമായിട്ടുള്ളവര്‍ അന്ത്യദിനത്തില്‍ അണുവിന്റെ രൂപത്തില്‍ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിന്റെ അടുക്കലുള്ള നിന്ദ്യതയുടെ പേരില്‍ ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുന്നു.”

6. കോപം
കോപത്തിന്റെ തീ അണക്കാന്‍ ആര്‍ക്കാണ് സാധിക്കുക? സ്വന്തത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? ദേഷ്യം വരുമ്പോള്‍ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതാര്‍ക്കാണ്? തന്റെ രോഷം അല്ലാഹുവിന് വേണ്ടി മാത്രമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ ഇതിനെല്ലാം നിങ്ങള്‍ സാധിക്കും. അല്ലാഹു പറയുന്നു: ”സ്വര്‍ഗം ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.” (ആലുഇംറാന്‍: 134)
ദുരഭിമാനവും ആത്മപ്രശംസയും അഹങ്കാരവുമാണ് കോപത്തിന്റെ പ്രധാന കാരണങ്ങള്‍. അത്തരം ചീത്തഗുണങ്ങള്‍ വെടിയുന്നതിന് പരിശ്രമവും അല്ലാഹുവുമായുള്ള ബന്ധവും ദൈവഭക്തിയുള്ള ആളുകളുമായുള്ള സഹവാസവും ആവശ്യമാണ്.

7. പരദൂഷണം
മരിച്ച മനുഷ്യന്റെ മാംസം തിന്നുന്നതിനോടാണ് ഖുര്‍ആന്‍ പരദൂഷണത്തെ ഉപമിച്ചിട്ടുള്ളത്. ‘ഒരാളെ കുറിച്ച് അയാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയലാണ്’ പരദൂഷണം. വളരെ നിന്ദ്യമായിട്ടുള്ള സ്വഭാവമാണത്. അല്ലാഹു പറയുന്നു: ”ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്.നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ?നിങ്ങളതു വെറുക്കുകയാണല്ലോ.” (അല്‍ഹുജുറാത്ത്: 12)
നബി(സ) പറഞ്ഞു: ”ഓരോ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.” (മുസ്‌ലിം)

8. ഏഷണി
നബി(സ) പറയുന്നു: ”ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” (മുസ്‌ലിം) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”ഏഷണിയുമായി നടക്കുന്നവര്‍ സ്‌നേഹിതന്‍മാര്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും നിരപരാധികളെ തെറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.”

9. പിശുക്ക്
അല്ലാഹു ആക്ഷേപിച്ചിട്ടുള്ള ഗുണമാണ് പിശുക്ക്. നബി(സ) റമദാനില്‍ വീശുന്ന കാറ്റിനെ പോലെ ഉദാരനായിരുന്നു. പിശുക്കെന്ന ഗുണം സ്വഹാബിമാരുടെ ജീവിതത്തിലും കാണാനാവുകയില്ല. ചരിത്രം ഒരിക്കലും പിശുക്കന്‍മാരെ കുറിച്ച് നല്ലത് പറയുകയുമില്ല. അല്ലാഹു പറയുന്നു: ”സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍.” (അല്‍ഹശ്ര്‍: 9)
മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹു തങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളില്‍ പിശുക്കുകാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്ക് ഗുണകരമാണെന്നു കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്ക് വളരെ ദോഷകരമാകുന്നു. പിശുക്കി സമ്പാദിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവര്‍ക്കു കണ്ഠവളയമായിത്തീരും.” (ആലുഇംറാന്‍: 180)
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവരെ അത് നശിപ്പിച്ചിട്ടുണ്ട്. രക്തം ചിന്താനും നിഷിദ്ധങ്ങളെ അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചു.”

10. അസഭ്യം, അശ്ലീലം, ശകാരം, ശാപം
നബി(സ) പറയുന്നു: ‘നിങ്ങള്‍ അശ്ലീലത്തെ സൂക്ഷിക്കുക, അശ്ലീലമായ വാക്കുകളും പ്രവൃത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ”വിശ്വാസി കുത്തുവാക്ക് പറയുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്ലേച്ഛവര്‍ത്തമാനം പറയുന്നവനോ അല്ല.”
വൃത്തികെട്ട വാക്കുകളും പ്രയോഗങ്ങളുമാണ് അസഭ്യം കൊണ്ടുദ്ദേശിക്കുന്നത്. പൊതുവെ അങ്ങാടികളിലും മറ്റും സമയം ചെലവഴിക്കുന്ന വിവരംകെട്ടവരാണ് അത്തരം വര്‍ത്തമാനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ സദ്‌വൃത്തരായവരെ സംബന്ധിച്ചടത്തോളം അത്തരം വര്‍ത്തമാനം പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അസഹ്യമായിരിക്കും.

പ്രാര്‍ത്ഥനകള്‍

ദിനചര്യാ പ്രാര്‍ഥനകള്‍

ഉറക്കില്‍നിന്ന് ഉണരുമ്പോള്‍
الحمدلله الذي أحيانا بعدما أماتنا و إليه النّشور

(അല്ഹംദുലില്ലാഹില്ലദീ അഹ് യാനാ ബഅ്ദ മാ അമാത്തനാ വ ഇലൈഹി ന്നുശൂര്‍)
നമ്മെ മരിപ്പിച്ച(ഉറക്കിയ)ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവനിലേക്കാണ് നമ്മുടെ മടക്കം(പുനര്‍ജന്‍മം).

കക്കൂസില്‍ കയറുമ്പോള്‍
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ

(അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ഖുബ്‌സി വല്‍ഖബാഇസി)
അല്ലാഹുവേ, എല്ലാ വൃത്തികെട്ട പൈശാചികശക്തികളില്‍നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു.

കക്കൂസില്‍ നിന്നിറങ്ങുമ്പോള്‍
غفرانك

(ഗുഫ്‌റാനക്)
അല്ലാഹുവേ , നിന്നോട് ഞാന്‍ പൊറുക്കലിനെതേടുന്നു.
الحمد لله الذي أذهب عنّي الأذى و عافاني

(അല്ഹംദുലില്ലാഹില്ലദീ അദ്ഹബ അന്നില്‍അദാ വ ആഫാനീ)

എന്നില്‍നിന്ന് ഉപദ്രവം നീക്കി എനിക്ക് സൗഖ്യം നല്‍കിയഅല്ലാഹുവിനാണ് സ്തുതി.

പള്ളിയില്‍ കയറുമ്പോള്‍
اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

(അല്ലാഹുമ്മ ഇഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക്ക)

അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നുതരേണമേ.

പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍
اللَّهم إنّي أسألك من فضلك العظيم

(അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ഫലദ്‌ലിക്കല്‍അ്‌ളീം)
അല്ലാഹുവേ, നിന്റെ ഔദാര്യവിഭവത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു.

ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
بسم الله

(ബിസ്മില്ലാ)
അല്ലാഹുവിന്റെ നാമത്തില്‍

തുടക്കത്തില്‍ മറന്ന് ഇടയ്ക്ക് ഓര്‍മവന്നാല്‍
بسم الله في أوله وآخره

(ബിസ്മില്ലാഹി ഫീ അവ്വലിഹി വ ആഖിരിഹി)
ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തില്‍ ÈÓã Çááå Ýí Ãæáå æÂÎÑå

ഭക്ഷണശേഷം
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّةٍ

(അല്ഹംദുലില്ലാഹില്ലദീ അത്വ്അമനീ ഹാദ വ റസഖനീഹി മിന്‍ഗൈരി ഹൗലിന്‍ മിന്നീ വലാ ഖുവ്വതിന്‍)

അല്ലാഹുവേ, എന്റെ കഴിവോ ,ശേഷിയോ കൂടാതെ ഇതെനിക്ക് നല്‍കുകയും എന്നെ ഭക്ഷിപ്പിക്കുകയുംചെയ്ത അല്ലാഹുവിന് സ്തുതി.

കണ്ണാടിനോക്കുമ്പോള്‍
اللَّهُمَّ أَحْسَنْتَ خَلْقِي فَأَحْسِنْ خُلُقِي

(അല്ലാഹുമ്മ അഹ്‌സന്‍ത്ത ഹല്‍ഖീ ഫഅഹ്‌സിന്‍ഹുലുഖീ)
അല്ലാഹുവേ നീ എന്റെ സൃഷ്ടിരൂപം നന്നാക്കിയതുപോലെ സ്വഭാവഗുണവും നന്നാക്കേണമേ

ഉറങ്ങാന്‍ കിടക്കുമ്പോള്‍
بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا

(ബിസ്മിക്കല്ലാഹുമ്മ അമൂത്തു വഅഹ്‌യാ)

അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

വാഹനത്തില്‍ കയറുമ്പോള്‍
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إلَى رَبِّنَا لَمُنْقَلِبُونَ

(സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്‌രിനീന്‍ വഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍)
ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവനായ അല്ലാഹു പരിശുദ്ധനാണ്. ഞങ്ങള്‍ ഇത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു.

യാത്രാവേളയില്‍
سُبْحَانَ الذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعَثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ

(അല്ലാഹുമ്മ ഇന്നാ നസ്അലുക ഫീ സഫരിനല്‍ബിര്‍റ വത്തഖ്‌വാ, വ മിനല്‍അമലി മാ തര്‍ദാ, അല്ലാഹുമ്മ ഹവ്വിന്‍അലൈനാ സഫറനാ ഹാദാ, വത്വ്‌വി അന്നാ ബുഅ്ദഹു, അല്ലാഹുമ്മ അന്‍ത സാഹിബു ഫിസ്സഫരി വല്‍ഖലീഫത്തു ഫില്‍അഹ്ല്‍, അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ വഅ്‌സാഇ സ്സഫര്‍, വ കആബത്തില്‍ മന്‍ദര്‍, വ സൂഇല്‍മുന്‍ഖലബി ഫില്‍മാലി വല്‍അഹ് ല്‍)
അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ പുണ്യവും തഖ്‌വയും നീ തൃപ്തിപ്പെടുന്ന കര്‍മവും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര എളുപ്പമുള്ളതാക്കിത്തരികയും ദൂരം ചുരുക്കിത്തരികയും ചെയ്യേണമേ. അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരക്കാരനും നീയാണ്. അല്ലാഹുവേ, യാത്രാക്ലേശത്തില്‍നിന്നും ദുഃഖകരമായ കാഴ്ചയില്‍നിന്നും കുടുംബത്തിലും ധനത്തിലും മോശമായ പരിണതിയുണ്ടാകുന്നതില്‍നിന്നും നിന്നോട് ഞാന്‍ അഭയംതേടുന്നു.

അറബി ഭാഷ

ഇന്ന് യു.എന്‍ വിദ്യാഭ്യാസ സാംസ്കാരിക വിഭാഗമായ യുനെസ്കോ ലോകമൊട്ടുക്കും അറബിക് ഭാഷാ ദിനമായി ആചരിക്കുന്നു. അറബി ഭാഷ ലോക നാഗരികതക്ക് നല്‍കിയ സംഭാവനകളെ ലോകസമക്ഷം അവതരിപ്പിക്കാനുള്ളതാണ് അറബിക് ഭാഷാ ദിനം.
2010-ലാണ് യു.എനിലെ ഔദ്യോഗിക ഭാഷ കൂടിയായ അറബിയുടെ ഉന്നമനത്തിന് വേണ്ടി പ്രത്യേക ദിവസമെന്ന ആശയം യുനെസ്കോ ആരംഭിച്ചത്. ഒരു ബില്യണ്‍ ആളുകളുടെ സംസാര ഭാഷയും 20-ലധികം രാഷ്ട്രങ്ങളുടെ മാതൃഭാഷയുമാണ് അറബി.
തത്വശാസ്ത്രം, സാഹിത്യം, വൈദ്യം തുടങ്ങിയ വിജ്ഞാന ശാഖകളുടെ വളര്‍ച്ചക്കും ലോക സംസ്കാരത്തിനും അറബി ഭാഷ നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊവാകൊ പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞു. അറബിയിലെ ഗദ്യ-പദ്യ രചനകള്‍ക്കും കാലിഗ്രഫി എഴുത്ത് രൂപങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. അറബി ഭാഷയുടെ പ്രാധാന്യവും സംഭാവനകളും എടുത്തു കാണിക്കുന്ന നിരവധി പരിപാടികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ അരങ്ങേറും.

ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

ലോക അറബിക് ഭാഷാ ദിനം : “അറബി ഭാഷയുടെ മാധുര്യവും മഹത്വവും” – ഡോ. അബ്ദുറഹ്മാന്‍ സുദൈസിന്റെ വാക്കുകൾ

സമൂഹങ്ങളുടെ ചരിത്രവും നാഗരികതകള്‍ മാറി വരുന്നതും പരിശോധിച്ചാല്‍ അവയുടെയെല്ലാം അടിസ്ഥാനം ഭാഷയാണെന്ന് കാണാം. മുസ്‌ലിം സമൂഹത്തെ ശ്രേഷ്ഠവും ശുദ്ധവുമായ ഒരു ഭാഷ നല്‍കി അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു- അത് ഖുര്‍ആനിന്റെ ഭാഷയായ അറബിയാണ്. അറബി നറുമണം വീശുന്ന ഒരു പുഷ്പവും ലോകത്തിന്റെ സത്യപ്രകാശവുമാണ്. മനുഷ്യ തലമുറകളുടെ സാക്ഷ്യവും ഉന്നതിയുടെ ഉറവിടവുമാണ്.

ദാഹിക്കുന്ന മനസ്സുകള്‍ക്ക് ദാഹശമനം നല്‍കുന്ന നീര്‍ത്തടവും തലമുറകള്‍ക്ക് വെളിച്ചമേകുന്ന ജ്വലിക്കുന്ന ദീപവുമാണ്.
അറബികള്‍ ഇസ്‌ലാമിന് മുമ്പ് പരസ്പരം പോരടിച്ച് അനൈക്യത്തില്‍ കഴിയുന്ന സമൂഹമായിരുന്നു. ഖുര്‍ആന്റെ സുന്ദരമായ ഭാഷ അവരെ ഏകോപിപ്പിച്ചു. അവര്‍ക്കു മനുഷ്യത്വവും ധീരതയും പ്രദാനം ചെയ്തു. അങ്ങനെ ഭാഷയുടെ വിരിപ്പില്‍ അവര്‍ ഒന്നിച്ചിരുന്നു. അതിന്റെ തണലില്‍ ഗദ്യവും പദ്യവും രചിച്ചു. പ്രശംസാ കാവ്യങ്ങളും വിലാപ കാവ്യങ്ങളും ആക്ഷേപ കാവ്യങ്ങളും പാടി.
മഹത്തായ അറബി ഭാഷയോട് നമുക്ക് ചില കടമകളുണ്ട്. നാം അതിനെ നനച്ചു വളര്‍ത്തണം. അതിന്റെ സ്ഥാനം പരിരക്ഷിക്കണം. അതിനു നേരെ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കണം. ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടമാണ്.

വികലമായ നാടന്‍ അറബി സര്‍വ വ്യാപകമാവുകയാണ്. വിജ്ഞാന വിസ്‌ഫോടനവും ചാനല്‍- ഇന്റര്‍നെറ്റ് വിപ്ലവവും അറബി ഭാഷയുടെ സൗന്ദര്യം നശിപ്പിക്കുകയാണ്. മുമ്പ് അറബി ഒരു മധുരഗാനം പോലെ ഹൃദയവര്‍ജകമായിരുന്നു. പൂര്‍വികര്‍ അതില്‍ അഭിമാനം കൊണ്ടിരുന്നു. അവരുടെ ചിന്തകളും വിജ്ഞാനങ്ങളും സുന്ദരമായ അറബിയിലാണ് പ്രകാശിപ്പിച്ചിരുന്നത്. മാറി വന്ന നാഗരികതകള്‍ പലതിനെയും അത് സത്യസന്ധമായി അവതരിപ്പിച്ചു. ഇസ്‌ലാം സ്വീകരിച്ച എല്ലാ സമൂഹങ്ങളെയും അത് കൂട്ടിയിണക്കി. അവരുടെ ആശയങ്ങളെയും അഭിരുചികളെയും ഏകീകരിപ്പിച്ചു.

എന്നാല്‍ ഇന്ന് പല മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലും അതിന് ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു. അതിന്റെ സുഗന്ധത്തിന്റെ വീര്യം കുറഞ്ഞിരിക്കുന്നു. അനറബി സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നു. അതിന്റെ സുന്ദരമായ ഉടുപ്പിന് പകരം മറ്റൊന്നണിയിച്ചിരിക്കുന്നു. നമ്മുടെ മുന്‍ഗാമികള്‍ അറബി ഭാഷക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. വ്യാകരണത്തെറ്റ് വരുത്തുന്ന കുട്ടികളെ അവര്‍ ശിക്ഷിക്കുമായിരുന്നു. ശുദ്ധമായ, സാഹിത്യ ശൈലിയുള്ള ഭാഷ ഉപയോഗിച്ചാല്‍ അവര്‍ സമ്മാനം നല്‍കുമായിരുന്നു.

ഉമറുബ്‌നുല്‍ ഖത്താബ് പറയുന്നു: നിങ്ങള്‍ അറബി പഠിക്കുക. അത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും.
അബൂമൂസല്‍ അശ്അരിയുടെ എഴുത്തുകാരന്‍ ഉമറിന് അയച്ച കത്തിന്റെ തുടക്കം ഇതായിരുന്നു. ‘മിന്‍ അബൂ മൂസാ…’ (ശരിയായ രൂപം മിന്‍ അബീ മൂസാ) ഉടനെ ഉമര്‍ മറുപടി എഴുതി: ‘അവനെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കി മറ്റൊരാളെ നിയമിക്കൂ!’.

ഇമാം ശാത്വിബീ പറയുന്നു:resize-php

ഇമാം ഇബ്‌നു കസീര്‍ പറയുന്നു: അറബി, ഭാഷകളില്‍ വെച്ച് ഏറ്റവും അധികം സ്ഫുടതയും തെളിമയും മാധുര്യവുമുള്ളതും ഏറ്റവും മികച്ചതും വിശാലമായതുമായ ഭാഷയാണ്. ഉള്ളിലെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഇത്രയും പറ്റിയ ഭാഷ വേറെയില്ല. അതുകൊണ്ടാണല്ലോ അതിവിശിഷ്ടമായ ഗ്രന്ഥം അതിവിശിഷ്ടമായ ഈ ഭാഷയില്‍ അവതരിച്ചത്.

മനുഷ്യര്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ ഈ ഭാഷക്കുള്ള കഴിവ് അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് ശത്രുക്കള്‍ അറബിക്കെതിരില്‍ ഇത്രമാത്രം ശബ്ദമുയര്‍ത്തുന്നത്. ഒരു അറബി വിരോധിയുടെ വാക്കുകള്‍ ഇങ്ങനെ: ‘മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അറബി സംസാരിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ മുഖത്തു നിന്ന് ഖുര്‍ആന്‍, വേര്‍പ്പെടുത്തുകയും അവരുടെ നാവുകളില്‍ നിന്ന് അറബി പിഴുതെറിയുകയും വേണം’- ക്രൂരമായ ഒരാക്രമണമാണ് അവര്‍ അറബിക്കെതിരില്‍ അഴിച്ചുവിടുന്നത്. അറബിയുടെ സാഹിത്യാംശം നഷ്ടപ്പെടുത്തി അതിനെ ഒരു സങ്കരഭാഷയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ, അവരുടെ സ്വപ്‌നങ്ങളെല്ലാം പരാജയപ്പെട്ട് ഭാഷ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. കവി പാടിയത് പോലെ:
സുഗന്ധം വമിക്കുന്ന അമ്പറിന് എന്ത് കുഴപ്പം-

അതിനെ ലഹരിബാധയേറ്റവനും നാറുന്നവനും മണത്തെങ്കില്‍
ഈ വെല്ലുവിളികളും പ്രതികൂലതകളുമെല്ലാമുണ്ടെങ്കിലും അറബി സുരക്ഷിതമാണ്. കാരണം അതിന് സംരക്ഷണം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിന് നേരെ തുരുതുരെ അമ്പുകള്‍ എയ്യുന്നവര്‍ ആ ഭാഷ അതിന്റെ ജന്മനാട്ടില്‍ തന്നെ അപരിചിതമാകുമെന്ന് സ്വപ്‌നം കാണുന്നു. എന്നാല്‍ അറബി ഭാഷ അവരുടെ വായ മൂടിക്കെട്ടി തല ഉയര്‍ത്തി നില്‍ക്കുകയാണ്. അതങ്ങനെത്തന്നെയായിരിക്കും. കാരണം കവി പറഞ്ഞപോലെയാണ് അറബി ഭാഷയുടെ അവസ്ഥ: ‘ദൈവിക ഗ്രന്ഥത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാഷ, ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെയും ഉപകരണങ്ങളെയും വിവരിക്കാന്‍ അതിന് എങ്ങനെ കഴിയാതിരിക്കും.’

അതിനാല്‍ നിങ്ങള്‍ ഈ ഭാഷയെ മുറുകെ പിടിക്കുക. നിങ്ങള്‍ മക്കളെ ഇത് പഠിപ്പിക്കുക. നിങ്ങള്‍ക്ക് ഭൗതിക ജീവിതത്തിലും മരണാനന്തരവും നേട്ടങ്ങള്‍ ആര്‍ജ്ജിക്കാം. ഖുര്‍ആനിന്റെ ഭാഷയോട് പൂര്‍വികര്‍ക്ക് എന്തൊരു കൂറായിരുന്നു. അഅ്മശ് ഒരു മനുഷ്യ സംസാരത്തില്‍ വ്യാകരണത്തെറ്റ് വരുത്തുന്നത് കേട്ടപ്പോള്‍ പറഞ്ഞതിങ്ങനെ: ‘ഇത് കേട്ടിട്ട് എന്റെ മനസ്സ് പൊള്ളുന്നു!’

ഹസന്‍ ബസരി പറയുന്നു: ഞാന്‍ ദുആ ചെയ്യുമ്പോള്‍ വ്യാകരണത്തെറ്റ് സംഭവിച്ചാല്‍ എനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുകയില്ലേ എന്നാണ് ഭയം.

അയ്യൂബുസ്സിഖ്തിയാനി വ്യാകരണത്തെറ്റ് പറ്റിയാല്‍ ‘അസ്തഗ്ഫിറുല്ലാ…’ എന്നു പറയുമായിരുന്നു.
ഖലീഫ മഅ്മൂന്‍ അദ്ദേഹത്തിന്റെ ചില കുട്ടികള്‍ വ്യാകരണത്തെറ്റ് വരുത്തുന്നത് കണ്ടപ്പോള്‍ പറഞ്ഞു: നിങ്ങള്‍ക്കെന്തു കൊണ്ട് അറബി നന്നായി പഠിച്ച് സമപ്രായക്കാരെ കവച്ചുവെക്കാന്‍ ശ്രമിച്ചുകൂടാ.
അറബി ഭാഷയെപ്പറ്റി കവി പറഞ്ഞു:
‘കര്‍ണ്ണപുടങ്ങളില്‍ വന്ന് മുട്ടിയാല്‍
കരളില്‍ തണുപ്പ് അനുഭവപ്പെടുന്ന ഭാഷ.’

ഇമാം ശാഫിഈ പറഞ്ഞു: എല്ലാ മദ്ഹബുകളെയും ഉള്‍ക്കൊള്ളുന്നതും പദസമ്പത്ത് വര്‍ദ്ധിച്ചതുമായ ഭാഷ.
എന്നാല്‍ ഭാഷാഭിമാനം ഒരിക്കലും ഇതര ഭാഷകള്‍ പഠിക്കുന്നതിന് തടസ്സമാകാന്‍ പാടില്ല. കാരണം ഇസ്‌ലാം എല്ലാ ഭാഷക്കാരെയും സമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാര്‍വ്വലൗകിക സന്ദേശമാണ്.
(മസ്ജിദുല്‍ ഹറമില്‍ ഡോ. അബ്ദുറഹ്മാന്‍ സുദൈസ് നടത്തിയ ജുമുഅ ഖുത്ബയുടെ സംഗ്രഹം.

തയാറാക്കിയത്: പി. മുഹമ്മദ് കുട്ടശ്ശേരി

നാഗരിക നിര്‍മാണത്തില്‍ മസ്ജിദുകളുടെ പങ്ക്

മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രം വിശകലനം ചെയ്ത് ആയിരം വര്‍ഷത്തോളം മാനവകുലത്തെ ഭരിക്കാന്‍ അതിനെ പ്രാപ്തമാക്കിയ വിജയനിദാനങ്ങളെ സംബന്ധിച്ച് നാം പഠിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന മഹനീയ നാഗരികത സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ദൈവികവുംബുദ്ധിപരവുമായ വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതരെ രൂപപ്പെടുത്തിയ ധൈഷണിക പാഠശാലയായിരുന്നു മുസ്‌ലിം ഉമ്മത്ത്. കര്‍മ്മശാസ്ത്ര വിശാരദര്, ഹദീസ് പണ്ഡിതര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ഗണിതഗോള ശാസ്ത്രജ്ഞന്‍മാര്‍ തുടങ്ങി മതഭൗതിക മേഖലകളില്‍ അതിസമര്‍ത്ഥന്‍മാരായ ശാസ്ത്രജ്ഞന്‍മാര്‍ അവിടെ ഉണ്ടായിരുന്നു. ഒരു നാഗരികതയില്‍ ഇത്രയും വിപുലമായ സംവിധാനങ്ങളും വിവിധങ്ങളായ ശാസ്ത്രങ്ങളും സമ്മേളിക്കുന്നത് അപൂര്‍വ്വമാണ്. ഇവരെല്ലാം ഒരു പാഠശാലയുടെ സന്തതികളായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

ഞാനുദ്ദേശിച്ച പാഠശാല വിശാലമായ അര്‍ഥത്തിലുള്ള പള്ളികളാണ്. മുസ്‌ലിം സമൂഹത്തിന്റെ മനസുകളില്‍ നിന്ന് മാഞ്ഞുപോയ സങ്കല്‍പമാണിത്. മുസ്‌ലിം സംമൂഹത്തെ ഒരുമിച്ച് ചേര്‍ക്കുന്നതിന്റെയും ഐക്യപ്പെടുത്തുന്നതിന്റെയും പ്രായോഗികകേന്ദ്രവുമായിരുന്നു അവ. മാനവികതയുടെ പ്രഥമ അധ്യാപകനായിരുന്ന മുഹമ്മദ്(സ) മദീനയില്‍ തമ്പടിച്ച സ്ഥലമായ ‘ഖുബാഅ്’ ല്‍ ഉടനെത്തന്നെ ഒരു പള്ളി നിര്‍മ്മിച്ചു. പിന്നീട് മദീനയിലെത്തിയപ്പോള്‍ അവിടെയും ഒരു പള്ളി നിര്‍മ്മിച്ചു. അദ്ദേഹം തന്നെയായിരുന്നു അതിന് വേണ്ട കല്ലും മണ്ണും ചുമന്നിരുന്നത്. ഇസ്‌ലാമിലെ ഒന്നാമത്തെ പാഠശാലയായിരുന്ന മസ്ജിദുന്നബവിയാണത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഗേഹവുമായിരുന്നുവത്. അതായിരുന്നു അന്നത്തെ സ്‌കൂളും സര്‍വ്വകലാശാലയും കൂടിയാലോചനാ കേന്ദ്രവും. സൈന്യത്തെ സജ്ജീകരിക്കുന്നതടക്കമുള്ള സമൂഹവുമായി ബന്ധപ്പെട്ട വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും അവിടെയായിരുന്നു നടന്നിരുന്നത്.

ശുദ്ധമായ ഇസ്‌ലാമിക വീക്ഷണപ്രകാരം സ്രഷ്ടാവിന് മാത്രമുള്ള അടിമത്വം പ്രഖ്യാപിക്കാനുള്ളതാണ് പള്ളികള്‍. ‘പള്ളികള്‍ അല്ലാഹുവിനുള്ളതാണ്, അതിനാല്‍ നിങ്ങള്‍ അവന്റെ കൂടെ മറ്റാരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്’ ഇസ്‌ലാമിക വീക്ഷണത്തില്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുന്നവന്റെ മുഴുജീവിതത്തെയും ചൂഴ്ന്നു നില്‍ക്കുന്നതാണ് ഇബാദത്ത്. അല്ലാഹു പറയുന്നു: ‘പറയുക: ‘നിശ്ചയമായും എന്റെ നമസ്‌കാരവും അനുഷ്ഠാനങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.’ (അല്‍ അന്‍ആം: 162-163)
അതുകൊണ്ടു തന്നെ ഇബാദത്ത് അതിന്റെ പൂര്‍ണ്ണവും ശരിയായതുമായ രൂപത്തില്‍ നിര്‍വ്വഹിക്കുന്നതിന് അറിവ് അത്യന്താപേക്ഷിതമാണ്. പള്ളികള്‍ വിജ്ഞാന വ്യാപനം ഏറ്റെടുക്കുകയും വൈജ്ഞാനിക കേന്ദ്രങ്ങളായി മാറുകയും വേണം. ആദ്യകാലങ്ങളിലവ പ്രസ്തുത വൈജ്ഞാനിക ദൗത്യം നിര്‍വഹിക്കാറുണ്ടായിരുന്നു. പ്രവാചകന്‍ അതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘നല്ലകാര്യങ്ങള്‍ പഠിക്കുന്നതിന്ന് പള്ളിയില്‍ പോയവന് പൂര്‍ണ്ണമായ രൂപത്തില്‍ ചെയ്യപ്പെട്ട ഹജ്ജിന് ലഭിക്കുന്ന പ്രതിഫമുണ്ട്.’ കേവലം നമസ്‌കാര സ്ഥലങ്ങളെന്നതിലുപരിയായി പള്ളികളുടെ വൈജ്ഞാനികോദ്ദേശ്യങ്ങള്‍ വ്യക്തമാക്കുകയാണ് പ്രവാചകന്‍ ഈ വാക്കുകളിലൂടെ ചെയ്തത്.

ഈ വൈജ്ഞാനിക ദൗത്യത്തില്‍ പുരുഷന്‍മാര്‍ മാത്രമല്ല പങ്കാളികായിരുന്നത്. മറിച്ച് അവരോട് മത്സരിച്ച് സ്ത്രീകളും രംഗത്തുണ്ടായിരുന്നു. തങ്ങള്‍ക്ക് പ്രത്യേകമായ വൈജ്ഞാനിക സദസ്സ് അനുവദിച്ച് തരണമെന്ന് അവര്‍ പ്രവാചകനോട് ആവശ്യപ്പെടുകയും അദ്ദേഹമത് അംഗീകരിക്കുകയും ചെയ്തുവെന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. പള്ളികള്‍ സ്ത്രീകള്‍ക്ക് മുമ്പില്‍ അവയുടെ ഹൃദയം തുറന്ന് കൊടുത്തു. അവര്‍ സദസ്സുകളില്‍ പങ്കെടുത്തു. ജീവിതം കെട്ടിപ്പടുക്കുന്നതില്‍ പുരുഷനോടൊപ്പം പങ്കാളിയാവുന്നതിനും, വിജ്ഞാനം സമ്പാദിക്കുന്നതില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് സ്ഥാപിച്ച് കൊണ്ടും അവര്‍ പള്ളികളില്‍ സജീവമായി. അന്‍സാരി സ്ത്രീകളുടെ വിജ്ഞാന ദാഹത്തില്‍ ആശ്ചര്യഭരിതായായ ആഇശ(റ) ഇപ്രകാരം പറഞ്ഞുവത്രെ ‘അന്‍സാരി സ്ത്രീകള്‍ എത്രനല്ലവരാണ്, ദീനില്‍ അവഗാഹം നേടുന്നതില്‍ നിന്ന് ലജ്ജ അവരെ തടയുന്നില്ല.’

മസ്ജിദുന്നബവിയിലെ വൈജ്ഞാനിക സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അല്ലാഹുവിന്റെ ദൂതന്‍ തന്നെയായിരുന്നു. പ്രഭാതങ്ങളിലായിരുന്നു അവ നടന്നിരുന്നത്. അവ രണ്ടു സദസുകളായിരുന്നുവെന്നും ഒന്ന് പ്രാര്‍ഥനക്കായി നീക്കിവെച്ചതും, മറ്റൊന്ന് വിജ്ഞാനത്തിനുമായിരുന്നുവെന്ന് അബ്ദുല്ലാഹിബിനു അംറ് ബിന്‍ ആസ്(റ) പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ലഭ്യമായിരുന്ന എല്ലാ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പ്രയോജനപ്പെടുത്താന്‍ പ്രവാചകന്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നു. അതിനുദാഹരണമാണ് ഇബ്‌നു മസ്ഊദ്(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ അദ്ദേഹത്തിന്റെ കൈകൊണ്ട് ഒരു വരവരച്ചു എന്നിട്ട് പറഞ്ഞു: ‘ഇതാണ് ഋജുവായ ദൈവികമാര്‍ഗം’ എന്നിട്ട് ഇടത്തും വലത്തും വരച്ചു എന്നിട്ട് പറഞ്ഞു: ‘ഈ മാര്‍ഗങ്ങള്‍ പിശാച് അവനിലേക്ക് ക്ഷണിക്കുവാന്‍ ഉപയോഗിക്കുന്നവയാണ്’ പിന്നീട് ‘സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയുന്നതാണ്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.’ (അല്‍ അന്‍ആം: 153)
ഇന്ന് നമുക്ക് ലഭ്യമായ വൈജ്ഞാനിക മാധ്യമങ്ങള്‍ പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹമായിരിക്കുമത് ആദ്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക.

ഓരോ തലമുറയിലും പള്ളികള്‍ അവയുടെ ദൗത്യം നിര്‍വ്വഹിച്ച് കൊണ്ടേയിരുന്നു. ഉന്നതമായ വൈജ്ഞാനിക കേന്ദ്രങ്ങളും സര്‍വ്വകലാശാലകളുമായി അവ സമൂഹത്തില്‍ ഉയര്‍ന്ന് നിന്നു. അതിനുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ജാമിഅ് അംറ് ബിന്‍ ആസ്വ് അതിന് ഒരു ഉദാഹരണമാണ്. ഫുസ്താത്തിന്റെ ധൈഷണികകേന്ദ്രവും ഇജ്പിതിലെ വൈജ്ഞാനിക പ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലുമായിരുന്നുവത്. നൂറുകണക്കിന് വൈജ്ഞാനിക ശാഖകള്‍ അവിടെയുണ്ടായിരുന്നു. ഡമസ്‌കസിലെ ജാമിഉല്‍ അമവി, ബാഗ്ദാദിലെ ജാമിഉല്‍ മന്‍സൂര്‍, മൊറോക്കോയിലെ ജാമിഉല്‍ ഖുറവിയ്യീന്‍ തുടങ്ങിയവയെല്ലാം വിദ്യാഭ്യാസ ഘടനയും പഠനരീതികൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ്. അധ്യാപകരെ നിര്‍ണ്ണയിക്കുക, അവരുടെ ഉത്തരവാദിത്തം വ്യക്തമാക്കുക, അവധി ദിനങ്ങള്‍ ചിട്ടപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വളരെ സൂക്ഷ്മമായ മാനദണ്ഢങ്ങളുണ്ടായിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസിക്കാനുള്ള പ്രത്യേക ഹോസ്റ്റലുകളും ഉണ്ടായിരുന്നു. പഠിതാക്കളെ ലക്ഷ്യം വെച്ച് സ്ഥാപിച്ച ലൈബ്രറികളും ഇതിന്റെ തന്നെ ഭാഗമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മുസ്‌ലിങ്ങളും അല്ലാത്തവരും അവിടേക്ക് വിജ്ഞാനം തേടി ഒഴുകിയെത്തി. പ്രഭാതോദയത്തിന് മുമ്പ് തുടങ്ങി രാത്രി ഒരു മണിവരെ നീളുന്നതായിരുന്നു അവിടത്തെ പഠനം. തുനഷ്യയിലെ ജാമിഅ് സൈത്തൂനഃ പ്രാമാണികവും ബുദ്ധിപരവുമായ വിവിധ വൈജ്ഞാനിക ശാഖകള്‍ ആവിഷ്‌കരിച്ചിരുന്നു. അവിടത്തെ പൗരാണിക ലൈബ്രറിയില്‍ രണ്ടു ലക്ഷധികം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഇതുപോലെ ആരംഭിച്ച ഒരു പള്ളി തന്നെയായിരുന്നു പ്രശസ്തമായ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയും. വളരെ പെട്ടന്നാണ് വിവിധയിനം വിജ്ഞാനീയങ്ങള്‍ പഠിപ്പിക്കപ്പെടുന്ന സര്‍വകലാശാലയായി അത് മാറിയത്. ജീവിതത്തിന്റെ നാനാമേഖലകളില്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളാണ് അവിടെ നിന്നും പുറത്തിറങ്ങിയിട്ടുള്ളത്.

മഹത്തായ ഈ സര്‍വകലാശാലകളെല്ലാം വിദ്യാര്‍ഥികളെ ചര്‍ച്ചകള്‍ക്കും സംവാദത്തിനും പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുമായി വിയോജിപ്പുകളുണ്ടാവുന്നതും സ്വാഭാവികമായിരുന്നു. എന്നാല്‍ തികഞ്ഞ മര്യാദകള്‍ പാലിച്ചു കൊണ്ടായിരുന്നു അത്. സമഗ്രമായ അര്‍ഥത്തിലുള്ള പള്ളികളായിരുന്നു ലോകത്തിന് അദ്ഭുതവും അഭിമാനവുമായിരുന്ന പ്രസ്തുത പാഠശാലകള്‍. ശറഈ വിജ്ഞാനങ്ങളിലെന്ന പോലെ ഭൗതികവും മാനവികവുമായ വിജ്ഞാനീയങ്ങളിലും അവ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. പാശ്ചാത്യരുടെ വൈജ്ഞാനികവും വ്യാവസായികവുമായ നവോഥാനത്തിന്റെ അടിസ്ഥാനവും ഇതില്‍ നിന്നായിരുന്നു.

ഹിജ്‌റ അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പള്ളികളില്‍ നിന്ന് സ്വതന്ത്രമായ സ്‌കൂളുകള്‍ രൂപപ്പെട്ടു. പള്ളികളിലുണ്ടായിരുന്ന വിജ്ഞാന സദസ്സുകള്‍ ശറഈ വിജ്ഞാനങ്ങളില്‍ പരിമിതപ്പെട്ടതിന്റെ ഒരു കാരണമിതായിരുന്നു. തദ്ഫലമായി വൈജ്ഞാനിക ദൗര്‍ബല്യം സമുദായത്തില്‍ ഉടലെടുത്തു. മൂന്നുനൂറ്റാണ്ടിനിടയില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സംഭവിച്ച മൂന്നു ദുരന്തങ്ങള്‍ അതിന് ആക്കം കൂട്ടുകയും ചെയ്തു. അതില്‍ ഒന്നാമത്തേത് ഹി. 564ല്‍ നടന്ന ഫുസ്താത്ത് പട്ടണത്തിലെ അഗ്നിബാധയായിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രമായിരുന്ന ബാഗ്ദാദ് ഹി.656 ല്‍ താര്‍ത്താരികള്‍ തീവെച്ച് നശിപ്പിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം. ഹിജ്‌റ 897ലെ സ്‌പെയിനിന്റെ പതനമാണ് മൂന്നാമത്തെ ദുരന്തം.

മുസ്‌ലിങ്ങള്‍ക്ക് വൈജ്ഞാനികാധിപത്യം നഷ്ടമായതോടെ ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനുണ്ടായിരുന്ന നേതൃപദവിയും നഷ്ടപ്പെട്ടു. യൂറോപ്പാണ് ആ വൈജ്ഞാനിക പാരമ്പര്യം ഏറ്റെടുത്തത്. അവര്‍ അതിനെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. വൈജ്ഞാനികാധിപത്യത്തോടെ ലോകനേതൃത്വവും അവരുടെ കൈകളിലായി. മുസ്‌ലിങ്ങള്‍ അന്ധകാരത്തില്‍ മുടന്തിനീങ്ങുന്ന വിഭാഗമായി മാറി. അവരുടെ ഇസ്‌ലാമിക അസ്തിത്വവും നഷ്ടമായി. വിദ്യാഭ്യാസത്തെ ഭൗതികമെന്നും ആത്മീയമെന്നും വേര്‍തിരിച്ചു. പ്രഗല്‍ഭരായ മുസ്‌ലിം തലമുറക്ക് തീര്‍ത്തും അപരിചിതമായിരുന്നു ഇത്. പള്ളികളില്‍ നിന്ന് ഭൗതിക വിജ്ഞാനീയങ്ങള്‍ അകറ്റപ്പെട്ടു. അതിനാല്‍ മുസ്‌ലിങ്ങള്‍ക്കത് അപ്രാപ്യമായി. കോളനിവല്‍ക്കരണം സമ്പൂര്‍ണ്ണമായ ഇസ്‌ലാമിക വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി. അസ്ഹര്‍ യൂണിവേഴ്‌സിറ്റിയെ ക്ഷയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്‍ മുന്‍കയ്യെടുത്തു. അതുപോലെ ഫ്രാന്‍സ് ജാമിഅ് ഖുറവിയ്യീന്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തി. തുനീഷ്യയിലെ സൈത്തൂനഃക്കും ഇത്തരം ദുരനുഭവങ്ങളുണ്ടായി. ദൈവബോധമില്ലാത്ത തലമുറകള്‍ അതിലൂടെ പുറത്ത് വന്നു. ഇസ്‌ലാമിന്റെ സമഗ്രതയില്‍ നിന്നും മുസ്‌ലിങ്ങള്‍ അകന്നു. പള്ളികളുടെ ദൗത്യം നഷ്ടമായതോടെ വിജ്ഞാനം സ്വീകരിക്കുന്നതിലുള്ള ആത്മാര്‍ത്ഥതയും നഷ്ടപ്പെട്ടു. വിജ്ഞാനങ്ങളുടെ ആത്മീയ വശവും മനുഷ്യര്‍ക്ക് പ്രയോജനപ്രദമായ വശവും നഷ്ടപ്പെട്ടു.

പള്ളികളുടെ ദൗത്യം ദുര്‍ബലപ്പെട്ടത് മുസ്‌ലിം സമുദായത്തിന്റെ ദൗര്‍ബല്യമായാണ് പ്രതിഫലിച്ചത്. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പള്ളികള്‍ സമഗ്രമായ വൈജ്ഞാനിക പുരോഗതി കൈവരിക്കുകയും ദൗത്യം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാമിക സമൂഹത്തിന് നവോത്ഥാനം സാധ്യമാവുകയുള്ളൂ. കാലഘട്ടത്തിന്റെ ആവശ്യമാണിത്. തലമുറകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണത് പൂര്‍ത്തിയാവുക.
Sultanahmet-Mosque-Istanbul-Turkey
നാഗരികതകളുടെ നിര്‍മ്മാണത്തിലുള്ള പള്ളികളുടെ ദൗത്യം വീണ്ടെടുക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബോസ്റ്റണിലെ ഇസ്‌ലാമിക് സൊസൈറ്റി വലിയ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത് ഇത്തരം ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. പ്രസ്തുത കേന്ദ്രം പള്ളിയും മദ്‌റസയുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ഗവേഷകര്‍ക്കായുള്ള കേന്ദ്രവും അമുസ്‌ലിങ്ങള്‍ക്ക് ഇസ്‌ലാം എത്തിക്കുന്നതിനുള്ള സംവിധാനവും ക്ലാസ്മുറികളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ മഹത്തായ പദ്ധതി .

വിഭവങ്ങളൊരുക്കാം, പരലോകയാത്രയ്ക്ക്

عَنْ أَبِي بَرْزَةَ الأَسْلَمِيِّ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ القِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَا أَفْنَاهُ ، وَعَنْ عِلْمِهِ فِيمَ فَعَلَ ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ ، وَعَنْ جِسْمِهِ فِيمَ أَبْلاَهُ. (ترمذي/ قال الشيخ الألباني : صحيح).

അബൂബര്‍സയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഖിയാമത്തു നാളില്‍ ഒരു അടിമയുടെയും കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല, ചില ചോദ്യങ്ങള്‍ ചോദിക്കപ്പെടാതെ. അവന്റെ ആയുഷ്‌കാലത്തെ കുറിച്ച്; ഏത് കാര്യത്തിനാണ് അത് വിനിയോഗിച്ചതെന്ന്. അവന്റെ വിജ്ഞാനത്തെ കുറിച്ച്; ഏത് കാര്യത്തിലാണ് അത് പ്രയോഗിച്ചതെന്ന്. അവന്റെ ധനത്തെ കുറിച്ച്; എവിടെ നിന്നാണത് സമ്പാദിച്ചതെന്നും, ഏത് കാര്യത്തിനാണ് അത് ചെലവഴിച്ചതെന്നും. അവന്റെ ശരീരത്തെ കുറിച്ച്; ഏതു കാര്യത്തിനാണ് അതു ഉപയോഗിച്ചതെന്ന്. (തിര്‍മിദി)

لاَ تَزُولُ : നീങ്ങുകയില്ല
قَدَم : പാദം
عُمُر : ആയുസ്സ്
أَفْنَى : വിനിയോഗിച്ചു, നശിപ്പിച്ചു
اكْتَسَبَ : സമ്പാദിച്ചു
أَنْفَقَ : ചെലവഴിച്ചു
أَبْلَى : ദ്രവിപ്പിച്ചു
അബൂബര്‍സയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ أَبِي بَرْزَةَ الأَسْلَمِيِّ ، قَالَ
അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഖിയാമത്തു നാളില്‍ ഒരു അടിമയുടെയും കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല لاَ تَزُولُ قَدَمَا عَبْدٍ يَوْمَ القِيَامَةِ
ചോദിക്കപ്പെടും വരെ حَتَّى يُسْأَلَ
അവന്റെ ആയുഷ്‌കാലത്തെ കുറിച്ച്; ഏത് കാര്യത്തിനാണ് അത് നശിപ്പിച്ചത് (വിനിയോഗിച്ചത്) عَنْ عُمُرِهِ فِيمَا أَفْنَاهُ
അവന്റെ വിജ്ഞാനത്തെ കുറിച്ച്; ഏത് കാര്യത്തിലാണ് അത് പ്രയോഗിച്ചത് وَعَنْ عِلْمِهِ فِيمَ فَعَلَ
അവന്റെ ധനത്തെ കുറിച്ച്; എവിടെ നിന്നാണത് സമ്പാദിച്ചത്, ഏത് കാര്യത്തിനാണ് അത് ചെലവഴിച്ചത് وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ
അവന്റെ ശരീരത്തെ കുറിച്ച്; ഏതു കാര്യത്തിനാണ് അതു ദ്രവിപ്പിച്ചത് (ഉപയോഗിച്ചത്) وَعَنْ جِسْمِهِ فِيمَ أَبْلاَهُ

മരണം അനിവാര്യമായ യാഥാര്‍ഥ്യമാണ്. എന്നാല്‍ മരണത്തോടെ അവസാനിക്കുന്നതല്ല മനുഷ്യജീവിതം. അവസാനിക്കാത്ത പരലോക ജീവിതത്തിലേക്കുള്ള കവാടമാണത്. ഇസ്‌ലാമിന്റെ അടിത്തറയായ ഈമാന്റെ രണ്ടാമത്തെ ഘടകമാണ് പരലോകവിശ്വാസം. ജീവിത ഇടപാടുകളുമായി അതിന് മുറിക്കാന്‍ കഴിയാത്ത ബന്ധമുണ്ട്. അല്ലാഹു മനുഷ്യന് ഈ ലോകത്ത് നല്കിയ എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും പരലോകത്ത് വച്ച് കണക്ക് ബോധിപ്പിക്കേണ്ടിവരും. അത് നല്കാതെ ഒരടി മുന്നോട്ടുവെക്കാന്‍ കഴിയുകയില്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

അല്ലാഹു മനുഷ്യന് നല്കിയ കണക്കില്ലാത്ത അനുഗ്രഹങ്ങളില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതാണ് അവന്റെ ജീവന്‍. അത് നിലനില്‍ക്കുന്ന കാലത്തിനാണ് ആയുസ്സ് എന്ന് പറയുന്നത്. ആരോഗ്യമുള്ള ജീവിതവും ദീര്‍ഘായുസ്സും അല്ലാഹുവിന്റെ ഔദാര്യമാണ്. എല്ലാവിധ കഴിവുകളും സമ്പത്തും അധികാരങ്ങളും ഒത്തിണങ്ങിയവര്‍ പോലും മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവരുന്നു. ആയുസ്സിന്റെ പ്രാധാന്യം ഇതില്‍ നിന്ന് തന്നെ വ്യക്തം. ആയുസ്സിനെ സംബന്ധിച്ച് ചോദ്യം ചെയ്യുമെന്ന് പറഞ്ഞാല്‍ ഒരാളുടെ ജീവിതം മുഴുവന്‍ ആ ചോദ്യത്തില്‍ ഉള്‍പ്പെടുന്നു എന്നു മനസ്സിലാക്കാം.

ജീവന്‍ ലഭിച്ചുകഴിഞ്ഞ മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാനഘടകമാണ് വിജ്ഞാനം. മനുഷ്യന്‍ നേടിയെടുക്കുന്നതില്‍ ഏറ്റവും വലിയ സമ്പത്ത് വിജ്ഞാനമാണ്. വിജ്ഞാനത്തിന്റെ അടിസ്ഥാനം ബുദ്ധിശക്തിയാണ്. അത് മനുഷ്യന് സ്വയം നേടാന്‍ കഴിയുന്നതല്ല. അതിനാല്‍ അല്ലാഹു നല്‍കിയ ബുദ്ധി ഉപയോഗിച്ച് നേടിയ വിജ്ഞാനം എന്ത് കാര്യത്തിന് ഉപയോഗിച്ചു എന്ന ചോദ്യം പ്രസക്തമാണ്.

മൂന്നാമതായി എടുത്തുപറഞ്ഞിരിക്കുന്നത് സമ്പത്താണ്. ഐഹിക ജീവിതത്തിന്റെ നിലനില്‍പിന് ആവശ്യമായ ഒന്നാണ് സമ്പത്ത്. പക്ഷേ, അത് സമ്പാദിക്കുന്നതിനും ചെലവഴിക്കുന്നതിനും അല്ലാഹു ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് എങ്ങനെ സമ്പാദിച്ചു, എന്തിന് വേണ്ടി ചെലവഴിച്ചു എന്ന ചോദ്യത്തില്‍ സമ്പത്തുമായി ബന്ധപ്പെട്ട എല്ലാം അടങ്ങിയിരിക്കുന്നു.

നാലാമത്തേത് കായികശേഷി, അഥവാ പ്രവര്‍ത്തന ശക്തിയാണ്. ദേഹം കൊണ്ട് മനുഷ്യന്‍ നിര്‍വഹിക്കുന്ന എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജീവിതത്തിലെ ഒരു മേഖലയെയും അല്ലാഹു ഈ വിചാരണയില്‍ ഒഴിച്ചുനിര്‍ത്തിയിട്ടില്ല. എന്നാല്‍ ഇഹലോകത്ത് ഒരോ നിമിഷവും സ്വന്തം ജീവിതത്തെ വിലയിരുത്തി തെറ്റുകള്‍ തിരുത്തിയും വീഴ്ചകള്‍ പരിഹരിച്ചും മുന്നോട്ടുപോകുന്നവര്‍ക്ക് ഈ പരീക്ഷ വളരെ എളുപ്പമായിരിക്കും. ഇത്തരമൊരു വിചാരണയും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും ഉണ്ടാവുമെന്ന ഉറച്ചബോധ്യം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുമ്പോഴാണ് നാം യഥാര്‍ഥ പരലോക വിശ്വാസിയാവുന്നത്.

മനുഷ്യന്റെ ആയുസ്സ് അല്ലാഹു തീരുമാനിച്ച കാലയളവു മാത്രമാണ്. അല്ലാഹു തീരുമാനിച്ച സമയത്ത് അത് അവസാനിക്കുകതന്നെ ചെയ്യും. രാവിലെ ഉറക്കമുണര്‍ന്നവന്‍ സന്ധ്യവരെ ജീവിച്ചിരിക്കണമെന്നില്ല. രാത്രിയുറങ്ങുന്നവന്‍ അടുത്ത പ്രഭാതം വരെ ജീവിക്കണമെന്നില്ല. അതിനാല്‍, ഓരോരുത്തരും അവരവരുടെ ബാധ്യതകള്‍ പിന്നീട് ചെയ്യാമെന്നു വെച്ച് അലസരാകരുത്. ഇന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പിന്നീട് രോഗമോ മറ്റോ കാരണമായി നാം ആഗ്രഹിച്ചതുപോലെ അതു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ? അല്ലാഹു നല്‍കിയ വിഭവങ്ങളും അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി അവന്‍ ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാന്‍ നാം ശ്രദ്ധിക്കണം. യഥാര്‍ഥ ജീവിതം പരലോകത്താണല്ലോ. അവിടെ സ്വര്‍ഗീയജീവിതം ലഭിക്കാന്‍ ഇഹലോക ജീവിതത്തെ ഉപയോഗിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.Eid al fithar ijaza kerala 230

എനിക്ക് അറിയില്ലെന്ന് മൊഴിയാനും ശീലിക്കുക

3d-person-question-mark-7518911

ഇസ്‌ലാമികചരിത്രത്തിലെ അറിയപ്പെട്ട പണ്ഡിതനാണ് ഇമാം മാലിക്. ഒരു ദിവസം വിദൂരനാട്ടില്‍നിന്ന് ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. അന്ന് ഇന്നത്തെപോലെ യാത്രാസൗകര്യങ്ങളൊന്നുമില്ല. അതിനാല്‍ അയാള്‍ക്ക് ഇമാമിന്റെ അടുത്തെത്താന്‍ മാസങ്ങളോളം യാത്രചെയ്യേണ്ടിവന്നു. അത്തരം ക്ലേശപൂര്‍ണമായ യാത്രക്ക് ആ മനുഷ്യനെ പ്രേരിപ്പിച്ചതിത്രമാത്രമായിരുന്നു; ചില സംശയങ്ങള്‍ക്ക് നിവൃത്തിവരുത്തി ദീനിയായി ജീവിക്കണം.

ഇമാമിന്റെ മുമ്പിലെത്തിയ ആ മനുഷ്യന്‍ ഓരോന്നായി നാല്‍പത് ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ 36 എണ്ണത്തിനും ഇമാമിന്റെ മറുപടി തനിക്കറിയില്ലെന്നായിരുന്നു. നാലെണ്ണത്തിനുമാത്രമാണ് ഉത്തരം ലഭിച്ചത്.

അതേപോലെ ഒന്നാം ഖലീഫ അബൂബക്ര്‍(റ)ന്റെ ജീവിതത്തിലും സമാനമായ വിനയത്തിന്റെ ചരിത്രമുണ്ട്. ഖുര്‍ആനെസംബന്ധിച്ച് ഏതോ ഒരു ഗ്രാമീണന്‍ ചോദിച്ചപ്പോള്‍ അതിനദ്ദേഹം നല്‍കിയ മറുപടി ചരിത്രപ്രസിദ്ധമാണ്: ‘അജ്ഞത മറച്ചുവെച്ച് ആ ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചാല്‍ ഏത് ആകാശമാണ് എന്നെ സംരക്ഷിക്കുക?. ഏത് ഭൂമിയിലാണ് എനിക്ക് രക്ഷ കിട്ടുക?’

ചോദ്യമിതാണ്: നിങ്ങള്‍ ഇസ്‌ലാമികപണ്ഡിതനാണോ ? അതെയെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, ഒന്നുചോദിച്ചോട്ടെ, എത്തരത്തിലുള്ള ഇസ്‌ലാമികവിദ്യാഭ്യാസമാണ് നിങ്ങള്‍ക്കുള്ളത് ? ഹദീഥ് വ്യാഖ്യാനശാസ്ത്രത്തില്‍ നൈപുണി തെളിയിച്ചിട്ടുണ്ടോ ? ഖുര്‍ആന്‍ ആഴത്തില്‍ വ്യാഖ്യാനങ്ങളുടെ സഹായത്തോടെയും ഭാഷാവൈദഗ്ധ്യംകൈമുതലാക്കിയും പഠിച്ചിട്ടുണ്ടോ ? എത്ര അധ്യാപകരുടെ കീഴിലാണ് നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കിയത് ? ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഴ്ചയില്‍ എത്രമണിക്കൂര്‍ ഇപ്പോഴും ചെലവഴിക്കുന്നുണ്ട് ? ഈ ചോദ്യങ്ങളില്‍ അധികപക്ഷത്തിനും ഇല്ല എന്നാണുത്തരമെങ്കില്‍ ആദ്യചോദ്യത്തിന് ഉത്തരം ഇല്ല എന്നായിരിക്കും.

അപ്പോള്‍ സഹോദരിസഹോദരന്‍മാരേ, അത്തരം മഹാന്‍മാരായ പണ്ഡിതരുമായി നമ്മെ താരതമ്യം ചെയ്തുനോക്കൂ. എന്നിട്ടും, നാം ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും, ഈമെയിലിലും വീടുകളിലും ക്ലാസ്‌റൂമുകളിലും, ചര്‍ച്ചകളിലും വ്യത്യസ്തഫത്‌വകളും മറുപടികളും നല്‍കുന്നു. അത് ഹറാം ഇത് ഹലാല്‍ എന്നൊക്കെ വിധിപ്രസ്താവിക്കുന്നു. ഇത് ദൈനംദിനം മുടക്കമില്ലാതെ തുടരുന്നു. അതില്‍ നമുക്ക് യാതൊരു പ്രയാസമോ ആലോചനയോ വേണ്ടിവരുന്നില്ല. ചൂടുള്ള ബ്രഡിനുമുകളില്‍ പുരട്ടിയ വെണ്ണ പരന്നൊഴുകുംപോലെ ചലപില സംസാരിക്കുന്നു. അതിന്റെ ഗൗരവം നാം ഉള്‍ക്കൊള്ളുന്നില്ല. നാം ഇസ് ലാമികഫിഖ്ഹില്‍ വൈദഗ്ധ്യമുള്ളവരെന്ന് ഭാവിക്കുകയാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക.. ഇതെല്ലാം നാം അജ്ഞതയാലാണ് ചെയ്തുകൂട്ടുന്നത്.

ശൈഖ് ഗൂഗ്ള്‍ അംഗീകൃത പണ്ഡിതനൊന്നുമല്ല. മൗലാന ട്വിറ്റര്‍ ആധികാരിക ഇമാമുമല്ല. മുഫ്തി ഫെയ്‌സ്ബുക് പ്രാമാണികഫഖീഹുമല്ല.

ശരിയായ ഫത്‌വ വര്‍ഷങ്ങളോളം ഇസ്‌ലാമിനെ ക്കുറിച്ച് പഠിച്ച അഗാധജ്ഞാനികള്‍ക്കും കര്‍മശാസ്ത്രവിശാരദര്‍ക്കും മാത്രം സാധിക്കുന്ന ഒന്നാണ്. അത്തരം മഹാന്‍മാര്‍ ഇമാംമാലികിനെപ്പോലെ , അബൂബക്ര്‍(റ)നെപ്പോലെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അറിയില്ലെന്നേ മറുപടി നല്‍കൂ.

അതുകൊണ്ട് ഇന്നുമുതല്‍ നാം ജാഗരൂകരാവുക. എന്താണ് പറയുന്നതെന്നതിനെക്കുറിച്ച് ബോധവാന്‍മാരാകുക. നിങ്ങളുടെ ഇടതുവശത്തുള്ള മലക്ക് എല്ലാം രേഖപ്പെടുത്തുന്നുണ്ടെന്ന് മറക്കാതിരിക്കുക. അവരെ അമിതമായി പണിയെടുപ്പിക്കാതിരിക്കുക. എനിക്ക് അറിയില്ലെന്ന് മൊഴിയാന്‍ ശീലിക്കുക. വലതുപാര്‍ശത്തിലെ മലക്കിനെ കര്‍മനിരതനാക്കുക. ലോകത്തിലെ മഹത്തുക്കള്‍ ചെയ്തതുപോലെ.

കൗണ്‍സിലിങ് : ഇസ്‌ലാമിക വീക്ഷണം

relationship-counselling-1a
അമേരിക്കന്‍ ഐക്യനാടുകളിലെ മുസ്‌ലിം സമൂഹം മുഖ്യധാരാ സമൂഹത്തില്‍ നിന്നും ധാരാളം വെല്ലുവിളികളെ നേരിടുന്നുണ്ട്. മാധ്യമങ്ങളുടെ സ്വാധീനവും, വ്യാപകമായ ആയുധമുപയോഗവും, മദ്യവും മയക്കുമരുന്നുകളും വലിയ തോതില്‍ അധികരിച്ചതും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യഭിചാരത്തിന്റെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും തോത് വളരെയധികം ഉയര്‍ന്നിരിക്കുന്നു. ഇതെല്ലാം നേരിടുന്ന സമൂഹത്തിന് ലഭിക്കേണ്ട മാര്‍ഗനിര്‍ദേശത്തിന്റെ അഭാവവും അവിടത്തെ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളിയാണ്. ഈ ബാഹ്യഘടകങ്ങള്‍ കുടുംബത്തിന്റെ രൂപീകരണം, സന്താന പരിപാലനം, കൂട്ടുകാരും അയല്‍ക്കാരുമായുള്ള സഹവര്‍ത്തിത്വം പോലുള്ള ചെറിയ കാര്യങ്ങളെ വളരെ ഭാരിച്ചതാക്കുന്നു.

ഖുര്‍ആനും പ്രവാചകചര്യയും ഉപയോഗിച്ച് സാമൂഹിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള ചുമതല അല്ലാഹു നമ്മെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനു പുറമെ മനുഷ്യന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ദൈവഭയത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂമിയില്‍ അല്ലാഹുവിന്റെ അടിമകളെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് വഴി ആത്മീയ പരിഹാരം സമര്‍പ്പിക്കുകയാണ് ഇസ്‌ലാമിക് കൗണ്‍സിലിങ്ങ്.
family

ഇസ്‌ലാമിക് കൗണ്‍സിലിങ് കൈകാര്യം ചെയ്യുന്ന മേഖലകളാണ് വൈവാഹികവും കുടുംബപരവുമായ കാര്യങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങളും. മതപരമായ മാര്‍ഗദര്‍ശനവും അതില്‍ പെട്ടതാണ്. ഇസ്‌ലാമിക് കൗണ്‍സിലിങിന്റെ പ്രധാന അടിസ്ഥാനങ്ങളാണ് സ്വകാര്യത, വിശ്വസ്തത, ആദരവ്, മറ്റുള്ളവര്‍ക്ക് നന്മവരാനുള്ള താത്പര്യം, വ്യക്തി സൗഹൃദങ്ങള്‍ക്കിടയില്‍ ഊഷ്മളത വളര്‍ത്തുക, മുസ്‌ലിം വിഷയങ്ങളിലെ താത്പര്യം, നല്ല ശ്രോതാവാകല്‍, മറ്റുള്ളവരുടെ സംസ്‌കാരം മനസിലാക്കല്‍, നാട്ടിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടായിരിക്കല്‍ തുടങ്ങിയവ. അവക്കെല്ലാം പുറമെ ആളുകളെ അല്ലാഹുവുമായി ബന്ധപ്പെടുത്തുന്നതിന്റെ ആത്യന്തിക ലക്ഷ്യവും, പ്രശ്‌നങ്ങള്‍ക്ക് ആത്മീയ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നു. ആളുകളോട് അനുകമ്പ കാണിക്കുന്നതില്‍ നമ്മുടെ മാതൃകയും ഉദാഹരണവും പ്രവാചകന്‍ മുഹമ്മദ്(സ)യാണല്ലോ. അദ്ദേഹം നല്ല ഒരു ശ്രോതാവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. മറ്റുള്ളവരെ കേള്‍ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ക്ഷമയെ പറ്റി അല്ലാഹു വിശുദ്ധഖുര്‍ആനില്‍ വ്യക്തമാക്കുന്നു:

‘നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്‍പ്പിക്കുന്നു.’ (അത്തൗബ: 61)
‘തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.’ (അല്‍ മുജാദല: 1)

നമ്മുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും കൗണ്‍സിലിങും അല്ലാഹു കേള്‍ക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. (58:57) അതുപോലെ തന്നെ നാം നടത്തുന്ന രഹസ്യസംഭാഷണങ്ങള്‍ നന്മയുടെയും ഭക്തിയുടെയും മാര്‍ഗത്തിലായിരിക്കണമെന്നും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. (58:9) ആളുകളെ കൂട്ടിയിണക്കാന്‍ നടത്തുന്ന എല്ലാ കര്‍മ്മങ്ങളും പുണ്യമാണ്. അല്ലാഹു അതിന് പ്രതിഫലം നല്‍കുകയും ചെയ്യും.

കൗണ്‍സിലിങില്‍ വളര പ്രാധാന്യമുള്ളതാണ് വൈവാഹിക കൗണ്‍സിലിങ്. വിവാഹത്തിന് മുമ്പ്, അതിന് ശേഷം, വിവാഹത്തോടനുബന്ധിച്ചുള്ള ഫാമിലി കൗണ്‍സിലിങ് എന്നീ മുന്നു പ്രധാന ഘടകങ്ങളാണ് അതിനുള്ളത്. വൈവാഹിക കൗണ്‍സിലിങിനും വിവാഹത്തിനു മുമ്പുള്ള കൗണ്‍സിലിങുമാണ് ഈ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ദാമ്പത്യ ബന്ധം, വിവാഹത്തിലൂടെ കൈവരുന്ന ഉത്തരവാദിത്വം, ഇണയെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതില്‍ വളരെ സഹായകമാണ്. പ്രധാനമായും രണ്ടു രൂപത്തിലാണത് ചെയ്യാറുളളത്. വ്യക്തികളുടെ ചെറിയ സംഘങ്ങളാക്കി അവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന അധ്യയന രീതിയാണ് ഒന്ന്. അതില്‍ പങ്കെടുക്കുന്നവര്‍ വിവാഹിതരാകാന്‍ തയ്യാറായിരിക്കണമെന്ന നിബന്ധനയില്ല, കേവലം പഠനം എന്ന രൂപത്തില്‍ മാത്രമാണത്. വിവാഹം നിശ്ചയിക്കപ്പെട്ടവര്‍ക്കും പ്രത്യേകമായ പഠന ക്ലാസുകള്‍ നല്‍കാറുണ്ട്. രണ്ടാമത്തെ രീതി കൗണ്‍സിലര്‍ ഭാര്യക്കും ഭര്‍ത്താവിനും വിവാഹത്തിന് മുമ്പ് നല്‍കുന്നതാണ്. ഇത് കൂടുതല്‍ സ്വകാര്യവും വിവാഹിതരാകാനിരിക്കുന്ന ദമ്പതികളുടെ ഭാവി ലക്ഷ്യം വെക്കുന്നതുമായിരിക്കും.

ഓരോ ബന്ധങ്ങളെയും മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന പ്രത്യേക ഘടകങ്ങളെ ഇമാമുകളുടെയും കൗണ്‍സിലര്‍മാരുടെയും പരിഗണയിലുണ്ടായിരിക്കണം. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ഇണകള്‍ക്ക് അവരുടെ സംസ്‌കാരങ്ങള്‍ തമ്മിലുളള സാമ്യതകളും വ്യത്യാസങ്ങളും കൗണ്‍സിലര്‍ വ്യക്തമാക്കി കൊടുക്കേണ്ടതുണ്ട്.

വിവാഹിതരാകുന്നവരില്‍ ആരെങ്കിലും മുമ്പ് വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ ആദ്യവിവാഹത്തിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും പുതിയ വിവാഹത്തിലൂടെ ഒരു ജീവിതം കെട്ടിപടുക്കാന്‍ സഹായിക്കുകയും വേണം. ആദ്യവിവാഹത്തില്‍ സന്താനങ്ങളുണ്ടെങ്കില്‍ അതു കൂടി കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിവാഹത്തിന് ശേഷം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ചിലര്‍ വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങിനെ കുറിച്ച് ബോധവാന്‍മാരാകുന്നുള്ളൂ. രക്ഷിതാക്കളും കൗണ്‍സിലര്‍മാരും അധ്യാപകരും ഇമാമുമാരുമാണ് അതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത്.

കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാമത്തെ കാര്യം വിവാഹം, മതം, സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയ വിശദീകരിക്കുകയാണ്.
രണ്ടാമതായി അവരെ ബോധ്യപ്പെടുത്തേണ്ടത് ആശയവിനിമയമാണ്. ദാമ്പത്യബന്ധത്തിലെ വളരെ സുപ്രധാനമായ ഒന്നാണിത്. ഫലപ്രദമായ സംസാരത്തെയും കേള്‍വിയെയും കുറിച്ചവരെ ബോധവാന്‍മാരാക്കണം. ആശയവിനിമയത്തിലുണ്ടായേക്കാവുന്ന വീഴ്ചകളെയും അവ എങ്ങനെ പരിഹരിക്കണമെന്നതും അവരെ പഠിപ്പിക്കണം.

അധിക്ഷേപത്തെ കുറിച്ചാണ് മൂന്നാമതവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത്. വിവിധ അധിക്ഷേപങ്ങളെ കുറിച്ച് അവരോട് ചോദിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. കാരണം അധിക്ഷേപം വാക്കുകളാലോ പ്രവൃത്തിയാലോ അല്ലെങ്കില്‍ വികാരപ്രകടനങ്ങളിലൂടെയോ ഉണ്ടാവാറുണ്ട്.
സന്താനപരിപാലനവും അതിന്റെ രീതികളുമാണ് നാലാമതായി അവരുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യം. രക്ഷിതാവ് ആവുക എന്നതിന്റെ അര്‍ഥവും അത് അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും വ്യക്തമാക്കണം. മുന്‍ബന്ധത്തില്‍ മക്കളുണ്ടെങ്കില്‍ അവരെ കുറിച്ചുള്ള അവരുടെ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സന്താനപരിപാലനത്തെ കുറിച്ച നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ഉപദേശിക്കുകുയും വേണം.

കൗണ്‍സിലിങില്‍ അഞ്ചാമതായി ഉള്‍പ്പെടുത്തേണ്ട കാര്യമാണ് സാമ്പത്തികാസൂത്രണം. വീട്ടുചെലവുകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് ബോധവാന്‍മാരായിരിക്കുകയെന്നത് വളരെ സുപ്രധാനമായ കാര്യമാണ്. ബജറ്റ് കണക്കാക്കല്‍, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ പഠിച്ചിരിക്കണം. കൗണ്‍സിലര്‍ അതിനു സഹായകമായ മാര്‍ഗങ്ങള്‍ അവര്‍ക്ക് നിര്‍ദേശിച്ചു നല്‍കണം.

വിവാഹത്തോടെ വിശാലമാകുന്ന കുടുംബത്തില്‍ ഓരോരുത്തര്‍ക്കും വന്നുചേരുന്ന ഉത്തരവാദിത്വത്തെ കുറിച്ച് ബോധവല്‍കരണമാണ് ആറാമതായി പരിഗണിക്കേണ്ടത്. കൗണ്‍സിലര്‍ ഇണകള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പരസ്പരം ആശയവിനിമയത്തിനുള്ള സൗകര്യമേര്‍പ്പെടുത്തണം. മുസ്‌ലിം സമുദായത്തിലെ വിവാഹമോചനങ്ങളിലധികവും പുതുതായി കുടുംബത്തില്‍ വന്നു കയറുന്ന വ്യക്തിയും വീട്ടുകാരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഫലമാണെന്നത് ശ്രദ്ധേയമാണ്. വിവാഹിതാരുകന്നവര്‍ക്ക് അതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതമായ കൂടൊരുക്കുന്നതിനായി രക്ഷിതാകളെ പ്രേരിപ്പിക്കുയും ചെയ്യേണ്ടത് കൗണ്‍സിലറാണ്.

തീരുമാനമെടുക്കലാണ് ഏഴാമത്തെ ഘട്ടം. വിവാഹത്തിനു മുമ്പുതന്നെ തങ്ങളുടെ ജീവിതത്തെ പറ്റി വ്യക്തമായ തീരുമാനമെടുക്കാന്‍ സ്ത്രീ-പുരുഷന്‍മാരെ കൗണ്‍സിലര്‍ പ്രാപ്തരാക്കണം. വിവാഹത്തിലൂടെ ഇണകളാകുന്നത് തങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കണം. കൂടിയാലോചനയുടെയും പരസ്പര ധാരണയുടെ പ്രാധാന്യത്തെ ഊന്നിയായിരിക്കണം അത് നിര്‍വ്വഹിക്കേണ്ടത്.

വിവാഹത്തിന്റെ ശാരീരിക ബന്ധവും വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമാണ്. അതിനായി പുരുഷന്‍മാര്‍ പുരുഷകൗണ്‍സിലര്‍മാരെയും സ്ത്രീകള്‍ സ്ത്രീകൗണ്‍സിലര്‍മാരെയും സമീപിക്കണം. വിവാഹത്തിലെ ശാരീരിക ബന്ധത്തിന് വധൂവരന്‍മാരെ മാനസികമായി ഒരുക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി നല്ല പുസ്തകങ്ങള്‍ തെരെഞ്ഞെടുത്ത് വായിക്കുകയും ചെയ്യാവുന്നതാണ്.

അഭിപ്രായ ഭിന്നകളെ പരിഹരിക്കുന്നതിന്റെ ആവശ്യകതയെപറ്റി ദമ്പതികള്‍ ബോധവാന്‍മാരായിരിക്കണം. എങ്ങനെയാണ് അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കേണ്ടതെന്നും അതിനുള്ള കാരണങ്ങളെയും അതിനുള്ള ഇസ്ാമിലെ പരിഹാരത്തെയും പറ്റി കൗണ്‍സിലര്‍ അവരെ പഠിപ്പിക്കണം.

വിവാഹത്തിന് ശേഷമുള്ള കൗണ്‍സിലിങും വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. കുട്ടികളുള്ളവരോ ഇല്ലാത്തവരോ ആയ നിലവില്‍ വിവാഹം കഴിഞ്ഞ ആളുകളെ ഉദ്ദേശിച്ചു നടത്തുന്നതാണിത്. ഇരുകൂട്ടരും പറയുന്നത് കേള്‍ക്കാനാന്‍ സന്നദ്ധനായ ഒരു നല്ല ശ്രാതാവാകാനാണ് കൗണ്‍സിലര്‍മാര്‍ ശ്രദ്ധിക്കേണ്ടത്. പരിഗണനീയമായ എല്ലാ കാര്യങ്ങളും ചര്‍ച്ചക്കുകയും മനസു തുറന്ന് സംസാരിക്കാനുള്ള സാഹചര്യമൊരുക്കുകയും വേണം. ദമ്പതികള്‍ക്കും കൗണ്‍സിലര്‍ക്കുമിടയിലെ വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കണം സ്വകാര്യത. ഇമാമുകളും കൗണ്‍സിലര്‍മാരും മാനസിക പ്രശ്‌നമുള്ളവരെയും ലഹരിക്കടിപ്പെട്ടവരെയും കോപനിയന്ത്രണമാവശ്യമായരെയും വിദഗ്ദരുടെ അടുത്തേക്ക് അയക്കാന്‍ സന്നദ്ധരാവണം.

വിവാഹ മോചനകേസുകളില്‍ രാജ്യത്തെ നിയമത്തെ കുറിച്ച് അവരെ ബോധവാന്‍മാരാക്കുന്നതോടൊപ്പം ഇസ്‌ലാമിക നിയമങ്ങളെ പറ്റിയും അവബോധമുള്ളവരാക്കണം. കൗണ്‍സിലിങ് നടത്തുന്ന വ്യക്തി നിയമകാര്യങ്ങളില്‍ നിപുണനല്ലെങ്കില്‍ അതിന് യോഗ്യരായവരുടെ അടുത്തേക്ക് നിര്‍ദേശിക്കണം. വിവാഹമോചനത്തിനു മുമ്പുള്ള കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണ് ആ ബന്ധത്തിലുള്ള മക്കളുടെ ഭാവി. വിവാഹത്തിനു മുമ്പും ശേഷവുമുള്ള കൗണ്‍സിലിങുകളെ പറ്റി ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളെല്ലാം ഇതില്‍ വന്നിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിന്റെ സേവനങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിന് നമ്മുടെ കൗണ്‍സിലര്‍മാര്‍ക്കും ഖതീബുമാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ഖുതുബകളിലും പഠനവേദികളിലും സിലബസുകളിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഉപദേശം ഹൃദയങ്ങളിലെത്താന്‍

നല്ലവരുടെ ഹൃദയങ്ങളില്‍ ഉപദേശത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. നന്മയെ കുറിച്ചവരെയത് ഓര്‍മിപ്പിക്കുന്നു. അതില്‍ അടിയുറച്ച് നില്‍ക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നു. അവര്‍ക്കതിലൂടെ സന്തോഷവാര്‍ത്തയും മുന്നറിയിപ്പും ലഭിക്കുന്നു. കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിനും നാഥനിലേക്ക് മടങ്ങുന്നതിനും പശ്ചാത്തപിക്കുന്നതിനും അവരെയത് പ്രേരിപ്പിക്കുന്നു. ഉപദേശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്‌കരണമാണ് ഖുര്‍ആനും പ്രവാചക ചര്യയും പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : ‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും.’ എന്നാല്‍ ഉപദേശം മാതൃകാപരമാവുന്നതിന് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

അതില്‍ ഏറ്റവും സുപ്രധാനമായിട്ടുള്ളത് ഉപദേശിക്കുന്നയാളുടെ ആത്മാര്‍ഥതയില്‍ നിന്നും ഉണ്ടാവുന്നതായിരിക്കുക എന്നതാണ്. ഹൃദയത്തില്‍ നിന്നാണത് വരുന്നതെങ്കില്‍ ഹൃദയങ്ങളിലേക്കതിന് എത്താന്‍ സാധിക്കും. എന്നാല്‍ നാവില്‍ മാത്രം പരിമിതപ്പെടുന്ന വാക്കുകള്‍ക്ക് ചെവികള്‍ക്കപ്പുറം പോകാനാവില്ല. ജനങ്ങളെ ദീര്‍ഘനേരം ഉപദേശിക്കുന്ന ഉപദേശകന്റെ ഉപദേശം സ്വാധീനം ഉണ്ടാക്കുന്നില്ല, അതേ സമയം വളരെ കുറിച്ച് മാത്രം കുറച്ച് മാത്രം ഉപദേശിക്കുന്ന മറ്റൊരാളുടെ വാക്കുകള്‍ക്ക് സ്വാധീനം ലഭിക്കുന്നതിന്റെയും കാരണം അന്വേഷിച്ചയാളോട് പൂര്‍വികന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ കരച്ചിലും കൂലിക്കായി കരയുന്നവരുടെ കരച്ചിലും തമ്മിലുള്ള വ്യത്യാസമാണ് അവ രണ്ടിനുമിടയിലുള്ളത്. ഒന്നാമത്തെയാള്‍ കൂലി വാങ്ങിയിട്ടാണത് ചെയ്യുന്നത്. രണ്ടാമത്തെവന്‍ വളരെ കുറച്ചെ പറയുന്നുള്ളുവെങ്കിലും അവന്റെ വാക്കുകള്‍ ആത്മാര്‍ഥത നിറഞ്ഞതാണ്.

ഉപദേശം നല്ല വാക്കുകളായിരിക്കണം. മോശം വാക്കുകളോ വ്രണപ്പെടുത്തലുകളോ അതിലുണ്ടാവരുത്. ആളുകളെ കുറ്റപ്പെടുത്തലോ ജനങ്ങളുടെ കുറ്റം പറയലോ ആയിരിക്കരുത് അത്. പശ്ചാത്തപിച്ച് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുറ്റവാളിയോട് മോശമായി പെരുമാറുകയോ അശ്രദ്ധ കാണിക്കുന്നവെ കരിവാരി തേക്കുകയോ ചെയ്യരുത്. ഏറ്റവും സൗമ്യവും ഉത്തമവുമായ ശൈലിയില്‍ നന്മക്ക് പ്രേരണ നല്‍കുന്ന നല്ല വാക്കുകളാലായിരിക്കണം ഉപദേശം. അല്ലാഹുവെയും അവന്റെ മഹത്വത്തെയും ഓര്‍മപ്പെടുത്തി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച ഭയം ഉണ്ടാക്കുന്ന വാക്കുകള്‍ക്ക് കൂടുതല്‍ സ്വാധീന ശക്തിയുണ്ടായിരിക്കും. തെറ്റുകള്‍ ചെയ്യുന്നവനെ വെറുപ്പിക്കുകയോ അകറ്റുകയോ ചെയ്യുന്നതിന് പകരം അല്ലാഹുവിലേക്ക് മടങ്ങുന്നതിനും അടുപ്പിക്കുന്നതിനും സഹായകമായി തീരണം ഉപദേശം. അപ്രകാരം വളരെ പ്രധാനമാണ് ഉപദേശത്തിന് സ്വീകരിക്കുന്ന ഭാഷ. വളരെ ലളിതവും സുഗ്രാഹ്യവുമായി പദങ്ങളും വാക്കുകളുമായിരിക്കണം അതിനായി തെരെഞ്ഞെടുക്കേണ്ടത്. കെട്ടികുടുക്കുള്ള പ്രയോഗങ്ങളും ശൈലികളും ഉപോയഗിക്കാതിരിക്കുക.

ഉപദേശിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിരിക്കണമെന്ന തെറ്റിധാരണ ചിലര്‍ക്കുണ്ട്. മുഖം ചുവന്ന് തുടിക്കുക, ക്ഷോഭം പ്രകടിപ്പിക്കുക, ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുക തുടങ്ങിയവെയെല്ലാം ഉപദേശിക്കുമ്പോള്‍ വേണമെന്നുള്ളത് തെറ്റിധാരണയാണ്. തികച്ചും തെറ്റായ ഫലമാണ് അതുണ്ടാക്കുക. അത്തരക്കാര്‍ തെളിവായി ഉദ്ധരിക്കാറുള്ളത് പ്രവാചകന്‍ (സ) ഖുതുബ നടത്തിയപ്പോള്‍ ശബ്ദം ഉയര്‍ത്തുകയും മുഖം ചുവന്നു തുടിക്കുകയും ഒരു സൈന്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലെയുള്ള മുഖഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ്. ഹദീസില്‍ ഉദ്ധരിക്കപ്പെട്ട് വന്നിട്ടുള്ള ഈ ഒരവസ്ഥ മാത്രമാണ് ഉപദേശത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് അവര്‍ ധരിച്ചിരിക്കുകയാണ്. നിര്‍ബന്ധമായും ഉപദേശകനില്‍ ആ ഗുണങ്ങളെല്ലാം ഉണ്ടായിരിക്കണമെന്ന് അവര്‍ തെറ്റിധരിച്ചിരിക്കുന്നു. നബി (സ) വളരെ യുക്തിമാനും അറിവുള്ളയാളുമായിരുന്നുവെന്ന് അവര്‍ വിസ്മരിച്ചു പോയി. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ രൂപത്തിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. ദയവോടെ പെരുമാറേണ്ട സ്ഥലത്ത് അദ്ദേഹം ഒരിക്കലും പാരുഷ്യം കാണിച്ചില്ല. ശത്രുവിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലും പ്രശ്‌നങ്ങളുടെയും കുഴപ്പങ്ങളുടെയും സന്ദര്‍ഭത്തിലും ദയയും കാണിച്ചിരുന്നില്ല. ഓരോ വാക്കുകള്‍ക്കും അതിന്റേതായ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു.

ചില വിഷയങ്ങളില്‍ ഉപദേശിക്കുമ്പോള്‍ അട്ടഹസിക്കുകയും വെറുപ്പ് പ്രകടിപ്പിക്കുയും ചെയ്യുന്നതിനേക്കാള്‍ അനുയോജ്യമാവുക ശബ്ദം താഴ്ത്തി പുഞ്ചിരിച്ചു കൊണ്ട് പറയുന്നതായിരിക്കും. അതിനുത്തമായ ഉദാഹരണമാണ് സ്വര്‍ഗത്തെയും അതിന്റെ അനുഗ്രഹങ്ങളെയും കുറിച്ചും സംസാരിക്കുന്നതും നല്ല സ്വഭാവ ഗുണങ്ങളെ കുറിച്ച് പറയുന്നതും.

ഉപദേശിക്കുന്നതിന് തെരെഞ്ഞെടുക്കുന്ന സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. കൂടുതല്‍ അധികരിച്ച് ഉപദേശിക്കുകയും ചെയ്യരുത്. അധികരിക്കുന്നത് ഹൃദയങ്ങള്‍ക്ക് മടുപ്പുളവാകുന്നതിന് കാരണമാകും. ഞങ്ങള്‍ക്ക് മടുപ്പുണ്ടാകുമോ എന്ന് ഭയന്ന് നിശ്ചിത സമയം നിര്‍ണയിച്ചായിരുന്നു നബി(സ) തങ്ങളെ ഉപദേശിച്ചിരുന്നതെന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദിന്റെ വാക്കുകള്‍ പ്രസക്തമാണ്.

ഉപദേശിക്കുന്നവനും ഉപദേശിക്കപ്പെടുന്നവനും ഇടയില്‍ സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഊട്ടിയുറപ്പിച്ച ഒരു ബന്ധം ഉണ്ടാക്കിയെടുക്കുകയെന്നത് വളറെ അനിവാര്യമാണ്. തന്നോട് പരുഷമായിട്ടും കാര്‍ക്കശ്യത്തോടും പെരുമാറുന്നുവെന്നതായി ഉപദേശിക്കപ്പെടുന്നവന് ഒരിക്കലും തോന്നരുത്. ഇത്തരത്തില്‍ നല്ല ഒരു ബന്ധം രൂപപ്പെടുമ്പോള്‍ ഉപദേശം സ്വീകരിക്കുന്നതിന് അവന്‍ സ്വാഭാവികമായും പ്രേരിതനായി മാറും.

സ്വയം മാതൃക കാണിക്കാത്ത കേവല ഉപദേശങ്ങള്‍ ഫലം ചെയ്യില്ല. സല്‍സ്വഭാവങ്ങളെ കുറിച്ച് ഉപദേശിക്കുന്ന ഉപദേശകന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് നേര്‍വിപരീതമാണെങ്കില്‍ അവന്റെ ഉപദേശം നാവില്‍ നിന്നു വിട്ടുകടക്കാത്തതാണ്. അതുകൊണ്ടു തന്നെ ഉപദേശിക്കുന്നവരും പ്രഭാഷണം നടത്തുന്നവരും തങ്ങളുടെ ജീവിതം അല്ലാഹുവെ അനുസരിക്കുന്നതിന് സമര്‍പ്പിക്കുകയെന്നത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അവന്റെ വാക്കുകള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാവുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയും ഉണ്ടാവുകയില്ല. ഉപദേശത്തിന്റെ പ്രായോഗിക രൂപം ഉപദേശകന്റെ സ്വഭാവത്തില്‍ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ കാണുമ്പോഴാണ് അതവരെ സ്വാധീനിക്കുക. എത്രയോ പ്രസംഗങ്ങളും ക്ലാസുകളും അവര്‍ കേട്ടിരിക്കുന്നു അവയുടെ കൂട്ടത്തില്‍ ഒന്നു മാത്രമായി അതും അവശേഷിക്കും. പ്രവാചകന്‍(സ)യുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ആഇശ(റ) നല്‍കിയ മറുപടി അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനാണെന്നതായിരുന്നു. ഖുര്‍ആന്റെ ജീവിക്കുന്ന പതിപ്പായിരുന്നു അദ്ദേഹം.

യാഥാര്‍ഥ്യ ലോകത്ത് നിന്നായിരിക്കണം ഉപദേശിക്കുന്നവന്‍ സംസാരിക്കേണ്ടത്. സംഭവലോകവുമായി ബന്ധമില്ലാത്ത വരണ്ട ഉപദേശങ്ങളാവരുത് അവ. താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉദാഹരിക്കണം. സമൂഹത്തിന്റെ മുറിവുകള്‍ക്കും ജനങ്ങളുടെയും സംഘങ്ങളുടെയും രോഗങ്ങള്‍ക്കും മേല്‍ ഉപദേശകന്റെ കയ്യെത്തണം. അതോടൊപ്പം നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. തന്റെ ഭരണാധികാരി ഇഷ്ടപ്പെടുന്നത് പറയുകയും അവരെ പ്രകോപിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന രാജാക്കന്‍മാരുടെ ഉപദേശകരെ പോലെ ഒരിക്കലും ആവരുത്. ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ദീന്‍ എത്തിക്കുന്നതിന് സത്യം പറയുന്നിടത്ത് മറ്റുള്ളവരുടെ ഇഷ്ടവും വെറുപ്പും അവനെ അലട്ടേണ്ടതില്ല. ഇമാം ഗസ്സാലി പറയുന്നു : ‘അറിവുണ്ടെന്ന് വാദിക്കുന്നവരോ അല്ലെങ്കില്‍ മിമ്പറുകളില്‍ കയറുകയോ ചെയ്ത എല്ലാവരും ഉപദേശകരല്ല. ഉപദേശം സകാത്താണ്, ഉപദേശം സ്വീകരിക്കലാണ് അതിന്റെ നിസ്വാബ്. നിസ്വാബ് എത്താത്തവന്‍ എങ്ങിനെ സകാത്ത് നല്‍കും? വെളിച്ചം നഷ്ടപ്പെട്ടവന്‍ എങ്ങനെ വെളിച്ചം പകരും? വളഞ്ഞ വടിക്കെങ്ങനെ വളവില്ലാത്ത നിഴലുണ്ടാകും?

വിവ: നസീഫ് തിരുവമ്പാടിpaisaje_0699_20130210_1533039817