Category Archives: സ്വഹാബികള്‍

അബുല്‍ ആലിയാ റഫീഅ്ബ്‌നു മെഹറാന്‍

വിശുദ്ധ ഖുര്‍ആനെയും തിരുസുന്നത്തിനെയും ഉപാസിച്ച പണ്ഡിതന്‍
സഈദ് മുത്തനൂര്‍‌

അബുല്‍ ആലിയാ റഫീഅ്ബ്‌നു മെഹറാന്‍,
തന്റെ ഖുര്‍ആന്‍ പഠനത്തിലെ ഔത്സുക്യം കാരണം താബിഈ പണ്ഡിതന്മാരില്‍ ശ്രദ്ധേയനാണ്. ഖുര്‍ആനില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുത്തുകളും ചിപ്പികളും വേര്‍തിരിക്കുന്നതില്‍ അഗ്രഗണ്യന്‍.
iwdayala0240c
അബുല്‍ ആലിയാ റഫീഅ്ബ്‌നു മെഹറാന്‍, തന്റെ ഖുര്‍ആന്‍ പഠനത്തിലെ ഔത്സുക്യം കാരണം താബിഈ പണ്ഡിതന്മാരില്‍ ശ്രദ്ധേയനാണ്. ഖുര്‍ആനില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുത്തുകളും ചിപ്പികളും വേര്‍തിരിക്കുന്നതില്‍ അഗ്രഗണ്യന്‍. റഫീഇന്റെ ജനനം ഇറാനിലാണ്. വളര്‍ന്നതും വലുതായതും അവിടെ തന്നെ. വിശുദ്ധ ഖുര്‍ആനോടുള്ള അദമ്യമായ സ്‌നേഹം കാരണം ഒറ്റ രാത്രി കൊണ്ട് അദ്ദേഹം ഖുര്‍ആന്‍ മുഴുവന്‍ ഓതി(ഖത്തം) തീര്‍ക്കും. ഈ സാഹസത്തിന് കാരണമുണ്ട്. ഒരു യജമാനന്റെ കീഴിലെ അടിമയായിരുന്നു അദ്ദേഹം. നേരം പുലര്‍ന്നാല്‍ പിന്നെ സൂര്യന്‍ മറയുന്നത് വരെ നിരന്തരം വേലതന്നെ. രാത്രിയാണ് ഖുര്‍ആന്‍ പാരായണവും മനഃപാഠമാക്കലുമൊക്കെ. ഒരു രാത്രി കൊണ്ട് ഖത്തം തീര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ട് രാത്രി കൊണ്ടും മൂന്ന് രാത്രി കൊണ്ടുമൊക്കെയാക്കി. രാത്രി തീരെ ഉറങ്ങാന്‍ കഴിയാത്തതായിരുന്നു ഈ മാറ്റത്തിന് കാരണം. ചില സ്വഹാബി പ്രമുഖരോട് അദ്ദേഹം ഈ വിഷയം ചര്‍ച്ച ചെയ്തു. അവര്‍ അദ്ദേഹത്തോട്, ആഴ്ചയില്‍ ഒരു തവണ ഖുര്‍ആന്‍ പാരായണം പൂര്‍ത്തീകരിക്കുന്നതായിരിക്കും നല്ലത് എന്ന് ഉപദേശിച്ചു. അപ്പോള്‍ രാത്രി കുറച്ച് ഉറങ്ങാനും കഴിയുമല്ലോ. അദ്ദേഹം അങ്ങനെ ചെയ്തു.

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ റഫീഇനെ യജമാനന്‍ കമ്പോളത്തില്‍ വിറ്റു. ഒരു സ്ത്രീയാണ് അദ്ദേഹത്തെ വാങ്ങിയത്. ധര്‍മബോധവും ദൈവഭക്തിയുമുള്ളവരായിരുന്നു അവര്‍. തന്റെ അത്യാവശ്യ ജോലി കഴിഞ്ഞാല്‍ പിന്നെ അടിമക്ക് ഇളവ് കൊടുക്കും. വീണു കിട്ടുന്ന സമയം റഫീഅ് പഠനത്തിന് നീക്കിവെക്കും. തന്റെ അടിമയുടെ വിജ്ഞാന തൃഷ്ണ മനസ്സിലാക്കിയ യജമാനത്തി ഒരിക്കല്‍ അവനെ ജുമുഅ നമസ്‌കാരത്തിന് കൂടെ കൊണ്ടുപോയി. പള്ളി നിറയെ ആളുകള്‍. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആ സ്ത്രീ പ്രഖ്യാപിച്ചു: ”സഹോദരങ്ങളേ, അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഞാനിതാ എന്റെ ഈ അടിമയെ മോചിപ്പിക്കുന്നു. എല്ലാവരും റഫീഇനോട് മാന്യമായി വര്‍ത്തിക്കണം.” റഫീഅ് സ്വാതന്ത്ര്യത്തിന്റെ ആ അപൂര്‍വ നിമിഷം നന്നായി ആസ്വദിച്ചു. പ്രപഞ്ചത്തോളം അദ്ദേഹം ഉയര്‍ന്നു. പാരതന്ത്ര്യത്തിന്റെ നുകങ്ങളില്‍നിന്ന് രക്ഷപ്പെട്ടല്ലോ. വിജ്ഞാനത്വരയായിരുന്നു മനം നിറയെ. അറിവ് അന്വേഷിച്ച് ബസറയില്‍ നിന്ന് നേരെ മദീനയിലേക്ക് യാത്രയായി.

ഹസ്രത്ത് സിദ്ദീഖുല്‍ അക്ബറിന്റെ മരണത്തിന് കുറച്ച് മുമ്പാണ് അദ്ദേഹം മദീനയിലെത്തിയത്. അബൂബക്‌റുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. പിന്നീട് ഉമര്‍, ഉസ്മാന്‍, അലി(റ) തുടങ്ങിയ സ്വഹാബി പ്രമുഖരെ കാണാനും സംവദിക്കാനും അവരില്‍നിന്ന് വിജ്ഞാനം നുകരാനും അവസരമുണ്ടായി.

ഹദീസ് വിജ്ഞാനീയങ്ങള്‍ നേടുന്നതിലായി അദ്ദേഹത്തിന്റെ മുഖ്യ ശ്രദ്ധ. ബസറയിലായിരിക്കുമ്പോള്‍ താബിഉകളില്‍ (സ്വഹാബികള്‍ക്ക് ശേഷമുള്ള രണ്ടാം തലമുറയില്‍ പെട്ടവര്‍) നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, സ്വഹാബികളില്‍ നിന്ന് ഹദീസ് പഠിക്കാനും പകര്‍ത്താനുമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. കാരണം അവരാണല്ലോ പ്രവാചകന്റെ തിരുമുഖത്ത് നിന്ന് പഠിച്ചറിഞ്ഞവര്‍. മദീനയില്‍ അദ്ദേഹം പല സ്വഹാബി പ്രമുഖരെയും കണ്ടു. പ്രവാചക വചനങ്ങളും ചര്യകളും മനസ്സിലാക്കി. അബ്ദുല്ലാഹിബ്‌നു മസ്ഊദ്, ഉബയ്യുബ്‌നു കഅ്ബ്, അബൂഅയ്യൂബുല്‍ അന്‍സ്വാരി, അബൂഹുറയ്‌റ, ഇബനു അബ്ബാസ് എന്നിവരില്‍നിന്നെല്ലാം അബുല്‍ ആലിയ ഹദീസ് പഠിച്ചു.

മദീനയില്‍ ചടഞ്ഞിരിക്കാതെ നബി(സ)യുടെ അനുചരന്മാര്‍ വസിക്കുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം ചെന്നെത്തി. അവരില്‍ നിന്ന് നബിയുടെ ജീവിതം പകര്‍ത്തി. ഹദീസുമായി ബന്ധപ്പെട്ട ഏതൊരു സദസ്സിലും അബുല്‍ ആലിയ തന്റെ സാന്നിധ്യം ഉറപ്പിച്ചു. മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ ശേഖരിച്ചു. അവരുടെ പിന്നില്‍ നമസ്‌കരിച്ചു. അവരുടെ കൂടെ നമസ്‌കരിക്കുന്നതും അവരുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നതും ഹൃദ്യമായി തോന്നിയാല്‍ അവരില്‍ നിന്ന് വിജ്ഞാനം നുകരും. അല്ലെങ്കില്‍ സ്ഥലം വിടും. ”ഏതൊരാള്‍ നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും വീഴ്ച വരുത്തുന്നുവോ അയാള്‍ മറ്റു രംഗത്തും കുറവുള്ളവനായിരിക്കും”- ഇതായിരുന്നു അബുല്‍ ആലിയയുടെ കാഴ്ചപ്പാട്. അത്തരക്കാരില്‍ നിന്ന് ഹദീസ് ഉദ്ധരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കരുതി. ‘വിജ്ഞാനത്തിന്റെ പ്രകാശം കര്‍മത്തെ പ്രചോദിപ്പിക്കണം’ എന്ന തത്ത്വം അദ്ദേഹം ആവിഷ്‌കരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആനിക വിജ്ഞാനം നല്‍കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ”അഞ്ചു വീതം സൂക്തങ്ങള്‍ മനഃപാഠമാക്കുക. എങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ അനായാസം ഹൃദിസ്ഥമാക്കാം. ജിബ്‌രീല്‍ മാലാഖ അയ്യഞ്ച് സൂക്തങ്ങളാണ് നബി(സ)ക്ക് ഓതി കൊടുത്തിരുന്നത്.” അബുല്‍ ആലിയയുടെ ഉപദേശം.

റസൂല്‍ തിരുമേനിയെ ഒരു നോക്ക് കാണാന്‍ കഴിയാത്തതിലെ ദുഃഖം അബുല്‍ ആലിയയെ അലോസരപ്പെടുത്തിയിരുന്നു. അതിനാല്‍ നബി(സ)യുമായി സഹവസിച്ച അനുചരന്മാരുമായി അബുല്‍ ആലിയാ അടുത്ത ബന്ധം പുലര്‍ത്തി. സ്വഹാബിവര്യന്മാരാകട്ടെ തിരിച്ച് അദ്ദേഹത്തെയും ഏറെ ഇഷ്ടപ്പെട്ടു. ഒരിക്കല്‍ അബുല്‍ ആലിയ, ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ കാണാന്‍ ചെന്നു. അന്ന് ഇബ്‌നു അബ്ബാസ് ഖലീഫ അലി(റ)യുടെ ഗവര്‍ണറായി ബസറയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഗവര്‍ണര്‍ തന്റെ തൊട്ടടുത്ത ഇരിപ്പിടത്തില്‍ അദ്ദേഹത്തെ ഇരുത്തി. ഇത് ചില ഖുറൈശി പ്രമാണിമാരെ ചൊടിപ്പിച്ചു. ”നാമൊക്കെ ഇവിടെ നില്‍ക്കുമ്പോള്‍ ഒരടിമയെ ഗവര്‍ണര്‍ തന്റെ സ്ഥാനത്ത് പിടിച്ചിരുത്തുകയോ?” നേതാക്കളുടെ വിമ്മിട്ടവും ‘അടിമ’ മനസ്സും മണത്തറിഞ്ഞ ഇബ്‌നു അബ്ബാസ് പറഞ്ഞു: ”വിജ്ഞാനമാണ് മാന്യന്മാരുടെ മഹത്വത്തിനും മേന്മക്കും മാറ്റുകൂട്ടുന്നത്.”

ആരോഗ്യമുള്ളപ്പോള്‍ തന്നെ അബുല്‍ ആലിയ ‘നാളെ മരിക്കു’മെന്ന വിശ്വാസത്താല്‍ 60 പ്രാവശ്യം വസ്വിയ്യത്ത് എഴുതിവെച്ചിരുന്നു. ഓരോ രാത്രി കഴിയുമ്പോഴും അതില്‍ ചിലപ്പോള്‍ തിരുത്തല്‍ വരുത്തും, അല്ലെങ്കില്‍ അതേപടി വെക്കും. എന്നും രാത്രി വസ്വിയ്യത്ത് എഴുതിവെച്ചു എന്നുറപ്പാക്കിയേ ഉറങ്ങൂ. ഹിജ്‌റ 93 ശവ്വാലില്‍ അദ്ദേഹം നാഥന്റെ കാരുണ്യത്തിലേക്ക് ചെന്നു ചേര്‍ന്നു; പ്രിയപ്പെട്ട പ്രവാചകനെ കണ്ടുമുട്ടാനുള്ള അഭിവാഞ്ഛയോടെ. അബുല്‍ ആലിയയുടെ പരലോക ചിന്തയുടെ മറ്റൊരടയാളം ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു: ”തനിക്കായി ഒരു കഫന്‍ പുടവ അബുല്‍ ആലിയ തയാറാക്കി വെച്ചിരുന്നു. എല്ലാ മാസവും ഒരിക്കല്‍ അത് ധരിക്കും. എന്നിട്ട് ഊരിവെക്കും.”

അനസുബ്‌നു മാലിക് ഒരിക്കല്‍ അദ്ദേഹത്തിന് ഒരു ആപ്പിള്‍ സമ്മാനമായി നല്‍കി. പ്രവാചകനെ ഒട്ടേറെ കാലം പരിചരിച്ച ആ സേവകന്റെ കൈകളില്‍ നിന്ന് കിട്ടിയ ആപ്പിളില്‍ ഏറെ നേരം അദ്ദേഹം മുത്തമിട്ടു. എന്നിട്ട് മൊഴിഞ്ഞു: ”ഏതൊരാള്‍ പ്രവാചകന്‍ തിരുമേനിയുടെ കരങ്ങള്‍ സ്പര്‍ശിച്ചുവോ, അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് കിട്ടിയ ഈ സമ്മാനം അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെ.”

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് : മാതൃകാ ഭരണാധികാരി حاكم عادل: عمربن عبد العزيز


ഡോ. ലുത്വ്ഫുള്ളാഹ് അബ്ദുല്‍ അളീം ഖോജ

അമവി ഖിലാഫത്തിലെ ശ്രദ്ധേയനായ ഭരണാധികാരിയായിരുന്നു ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. (എ.ഡി 682-720) ക്രിസ്താംബ്ദം 717 മുതല്‍ 720 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഇസ്‌ലാമിക ഖിലാഫത്തിനെ പൂര്‍വ്വപ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മഹത്തായ ഇസ്‌ലാമിക വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ജനങ്ങളുടെയും മറ്റു നേതാക്കളുടെയുമെല്ലാം മേല്‍നോട്ടക്കാരനായിരുന്നു. അദ്ദേഹം ഖിലാഫത്തിന്റെ ഭവനത്തിലായിരുന്നപ്പോഴും സഹിഷ്ണുതയുടെ വിത്തുകള്‍ മനസ്സു മുഴുവന്‍ നിറച്ചിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ പദവികള്‍ ഉയര്‍ത്തപ്പെടുകയും വിനയവും നൈര്‍മല്യവും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
അദ്ദേഹം നേതൃത്വത്തിലെത്തിയതിന് ശേഷവും അതിന് മുമ്പും പുണ്യത്തിലും നന്മയിലും വ്യാപൃതനായിരുന്നു. അനസ് ബിന്‍ മാലിക് പറയുന്നു. ‘ഞാന്‍ പ്രവാചകന്റെ പിന്നില്‍ നിന്ന് നിന്ന് നമസ്‌കരിച്ചിരുന്നതിന് സദൃശ്യമായി് എനിക്ക് അനുഭവപ്പെട്ടത് ഈ യൂവാവിന്റെ പിന്നിലെ നമസ്‌കാരമായിരുന്നു’

സമൂഹത്തിന്റെ ഖിലാഫത്ത് ഏറ്റെടുക്കണമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. വളരെ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു അത്. അതിനാല്‍ അതേറ്റെടുക്കുന്നതില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. പിന്നെ അദ്ദേഹം അതിലുറച്ചു നില്‍ക്കുകയും പ്രയാസങ്ങളിലകപ്പെടാതിരിക്കാന്‍ അല്ലാഹുവിനോട് സഹായമര്‍ഥിക്കുകയും ചെയ്തു.
അദ്ദേഹം നീതിമാനായ ഭരണാധികാരിയായിരുന്നുവെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപ്പിച്ചിരിക്കുന്നു. അതോടൊപ്പം അദ്ദേഹം സന്മാര്‍ഗികളായ നേതാക്കളിലും സച്ചരിത ഭരണാധികാരികളിലുമൊരാളായിരുന്നു. ഇസ്‌ലാമിക പണ്ഡിതവൃത്തം അദ്ദേഹത്തെ കാലഘട്ടത്തിന്റെ നവോത്ഥ നായകനായി (മുജദ്ദിദ്) അനുസ്മരിക്കുന്നു. ‘നിശ്ചയം, ദീനിന്റെ സമുദ്ധാരണത്തിനായി അല്ലാഹു ഈ സമുദായത്തില്‍ എല്ലാ നൂറ്റാണ്ടിന്റെയും പ്രസക്തമായ സന്ദര്‍ഭത്തില്‍ ഒരാളെ നിയോഗിക്കും’ എന്ന പ്രവാചക വചനത്തെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസും അന്വര്‍ഥമാക്കുന്നു.
അദ്ദേഹം വിരക്തിയുടെയും നേതാവായിരുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും ചരിത്രവുമെല്ലാം തന്നെ പൊതുജനത്തിനും ഭരണാധികരികള്‍ക്കും ഗവര്‍ണര്‍മാര്‍ക്കും പ്രമാണമായിരുന്നു. മാഞ്ഞുപോയ സുന്നത്തിനെ അദ്ദേഹം സജീവമാക്കി. ജനങ്ങളുടെ പരാതികള്‍ ദൂരീകരിച്ചു. അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രയാസമുണ്ടാക്കാത്ത തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു.
അദ്ദേഹത്തിന്റെ കുടുബക്കാരും ആശ്രിതരുമായവരില്‍ നിന്നായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. തന്റെ സഹധര്‍മ്മിണിയുമായി നല്ല നിലയില്‍ വര്‍ത്തിച്ചു. അയല്‍ക്കാരോടും നല്ലനിലയില്‍ പെരുമാറി. ഖലീഫയായതിന് ശേഷം അദ്ദേഹം ഭരണകാര്യത്തില്‍ തന്നെ വ്യാപൃതനായി.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭാര്യ ഇപ്രകാരം പറഞ്ഞു:
‘ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അദ്ദേഹമപ്പോള്‍ നമസ്‌കാര വിരിപ്പില്‍ തന്നെ ഇരിക്കുകയായിരുന്നു. കവിളില്‍ കൈ വെച്ചാണിരിക്കുന്നത്. കണ്ണുനീര്‍ കവിള്‍തടങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്ത് പറ്റി?
എന്ത് ചെയ്യും ഫാത്തിമ! ഈ സമുദായത്തിന്റെ മൊത്തം ഉത്തരവാദിത്തമല്ലേ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശന്നുവലയുന്ന ദരിദ്രര്‍, വേദനിക്കുന്ന രോഗികള്‍, ബന്ധം അറ്റുപോയ അനാഥര്‍, അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിതര്‍, ഒറ്റപ്പെട്ടുപോയ വിധവകള്‍, അടിമകള്‍, വയോവൃദ്ധര്‍, അന്യദേശക്കാര്‍, ആവശ്യങ്ങളൊരുപാട് ഉണ്ടായിരിക്കെ പണം തികയാതെ വരുന്നവര്‍ എന്നിങ്ങനെയുള്ളവരെ കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. നിശ്ചയം ഇവരെല്ലാം അന്ത്യാനാളില്‍ ഹജരാക്കപ്പെടുകയും അവരെ കുറിച്ച് എന്നോട് ചോദിക്കപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും എന്റെ അവസ്ഥ. എനിക്കെതിരെ അല്ലാഹുവിന്റെ ദൂതര്‍ ഇവരുടെ കാര്യത്തില്‍ സാക്ഷിയായാല്‍ എനിക്ക് യാതൊരു ന്യായവും ബോധ്യപ്പെടുത്താനാവില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇക്കാര്യമോര്‍ത്താണ് ഞാന്‍ കരഞ്ഞത്.’
രാജ്യത്തിന്റെ സമ്പത്ത് നീതി പൂര്‍വ്വം വിഭജിച്ചു. ഒരോഹരിയും തന്റെ കൂട്ടക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ മാത്രമായി നല്‍കിയില്ല. സ്വന്തം തൃപ്തിക്ക് വേണ്ടിയോ സ്വച്ഛാനുസാരമോ ആര്‍ക്കും ഒന്നും കൊടുത്തില്ല. ആസ്ഥാന കവികളെയും ഉപചാരവൃന്ദത്തെയും പിരിച്ചുവിട്ടു. കാരണം അവര്‍ക്ക് മേല്‍ ചെലവഴിക്കപ്പെട്ടിരുന്നത് പൊതുഖജനാവില്‍ പെട്ട പണമായിരുന്നു.
ഉമറിന്റെ വാതില്‍ക്കല്‍ വരേണ്ട ഒരു ആവശ്യക്കാരനുമില്ല. അവരുടെ അവകാശങ്ങള്‍ അവരുടെ നാട്ടിലും അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കും.
‘തീര്‍ച്ചയായും ഉമര്‍ ജനതയെ സമ്പന്നരാക്കിയിരിക്കുന്നു’. തന്റെ ദാനധര്‍മ്മം വിതരണം ചെയ്യാന്‍ സമൂഹത്തിലിറങ്ങിയ ധനികന്‍ അര്‍ഹരായി ആരെയും കാണാതായപ്പോള്‍ പറഞ്ഞതാണിത്. ഒടുവില്‍ അവ ദാനം ചെയ്യാന്‍ അദ്ദേഹം ആഫ്രിക്കയിലേക്ക് യാത്രയായത്രെ.
യാചനയില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാനാവശ്യമായ ഓഹരി അവര്‍ക്ക് നല്‍കി. ദീനീ വിജ്ഞാനമാര്‍ജ്ജിക്കാന്‍ ഒഴിഞ്ഞിരിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കി. ഖുര്‍ആന്‍ പണ്ഡിതരെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം കത്തയച്ചു. നമസ്‌കാരവേളയില്‍ മറ്റുള്ള ഇടപാടുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. സത്യം വ്യക്തമാവാതെ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തടവിലിടരുതെന്ന് കല്‍പന പുറപ്പെടുവിച്ചു.
അദ്ദേഹം പറഞ്ഞു: ‘വ്യക്തമായ തെളിവനുസരിച്ചോ, ജനങ്ങള്‍ക്കിടയിലുള്ള സമ്പ്രദായമനുസരിച്ചോ അവരെ കൈകാര്യം ചെയ്യുക. സത്യം അവരെ സംസ്‌കരിച്ചില്ലെങ്കില്‍ പിന്നെ അല്ലാഹു അവരെ സംസ്‌കരിക്കുകയില്ല.’
‘ചിലര്‍ക്ക് അദ്ദേഹം എഴുതി. അനന്തമായി ഉറക്കമൊഴിക്കുന്ന നരകവാസികളെ താങ്കള്‍ സൂക്ഷിക്കുക. അല്ലാഹുമായുള്ള സാമീപ്യത്തില്‍ നിന്ന് പിരിയുന്നത് സൂക്ഷിക്കുക. അങ്ങനെ സംഭവിച്ചാല്‍ എല്ലാ പ്രതീക്ഷകളും അറ്റുപോവും.’
ഇത് വായിച്ച ഒരു ഗവര്‍ണര്‍ തന്റെ സ്ഥാനം രാജിവെച്ച് ഖലീഫയുടെ അടുത്ത് വന്നു. ‘എന്താണ് വന്നത്’ എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘താങ്കളുടെ കത്ത് എന്റെ ഹൃദയത്തെ മാറ്റിയിരിക്കുന്നു. അല്ലാഹുവാണ, ഞാനിനി ഗവര്‍ണര്‍ സ്ഥാനം ഏറ്റടുക്കുകയില്ല’.
വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു. ‘അല്ലാഹുവേ, നിശ്ചയം ഈ ഉമര്‍ നിന്റെ കാരുണ്യത്തിന് അര്‍ഹതയുവനല്ല. പക്ഷെ ഉമറിന് കൂടി നല്‍കാന്‍ മാത്രം വിശാലമായതാണല്ലോ നിന്റെ കാരുണ്യം.’
അദ്ദേഹത്തിന്റെ പത്‌നി പറയാറുണ്ടായിരുന്നു. ‘അദ്ദേഹത്തേക്കാള്‍ നമസ്‌കാരവും നോമ്പും നിര്‍വ്വഹിക്കുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവിനോടുള്ള ബന്ധത്തില്‍ അത്രത്തോളം വ്യത്യസ്തനായി നില്‍ക്കുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഇശാഅ് നമസ്‌കരിക്കുകയും പിന്നെ ഇരുന്ന് കണ്ണുനിറയെ വരെ കരയുകയും ചെയ്യുമായിരുന്നു.’
അവര്‍ തുടരുന്നു. ‘എന്റെ അടുത്ത് വിരിപ്പില്‍ വന്നാല്‍ അദ്ദേഹം പരലോകത്തെ കുറിച്ച് ചിന്താമഗ്നനാകുകയും കരയുകയും ചെയ്യാറുണ്ടായിരുന്നു.’ അദ്ദേഹം ഇടക്കിടെ ഇപ്രകാരം പറയാറുണ്ടായിരുന്നു ‘നമുക്കും ഖിലാഫത്തിനുമിടയില്‍ ചക്രവാളങ്ങള്‍ക്കിടയിലെ അകലമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ. അത് ഏറ്റെടുത്തതിന് ശേഷം സന്തോഷമെന്തെന്ന് നാം അറിഞ്ഞിട്ടില്ല.’

ജ്ഞാനികളും ഗവേഷകരെയുമെല്ലാം അദ്ദേഹം വിളിച്ചു ചേര്‍ക്കുകയും അവരോട് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ഇതാവട്ടെ വര്‍ഷത്തിലോ മാസത്തിലോ ആഴ്ചയിലോ ഒന്നുമായിരുന്നില്ല, എല്ലാ രാത്രിയും. മരണത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമെല്ലാം ഓര്‍ക്കുമായിരുന്നു.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണകാലത്ത് നീതി വ്യാപകമാവുകയും ജനങ്ങളില്‍ സുരക്ഷിതത്വബോധം വര്‍ദ്ധിക്കുകയും മറ്റുള്ളവര്‍ക്ക് അതിന്റെ അനുഗ്രഹഫലം ലഭിക്കുകയും ചെയ്തു.
ഇബ്‌നു സഅ്ദ് ഉദ്ധരിക്കുന്നു. ഒരു ആട്ടിടയന്‍ പറയുകയുണ്ടായി: ‘ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണകാലത്ത് ഞങ്ങള്‍ അന്തസ്സോടെ ആടിനെ മേച്ചു നടന്നിരുന്നു.’
ഇസ്‌ലാമിക ഖിലാഫത്തില്‍ സുപ്രധാനമായ സ്ഥാനമായിരുന്നു രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയ സച്ചരിത ഭരണത്തിന് ശേഷം ഖിലാഫത്തിന്‍ രാജവാഴ്ചയുടെ കരിനിഴല്‍ വീണ ഘട്ടത്തിലാണ് ഇസ്‌ലാമിക ഖിലാഫത്തിന്റെ യഥാര്‍ഥ പ്രൗഢിയിലേക്ക് കൊണ്ടെത്തിക്കുന്നത്.
ഹിജ്‌റ 101-ല്‍ (ക്രിസ്താബ്ദം 720) ല്‍ 39-ാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. രണ്ട് വര്‍ഷവും അഞ്ച് മാസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഉമര്‍(റ)വിന്റെ വംശപരമ്പരയില്‍ തന്നെയായിരുന്നു അദ്ദേഹവും. ഉമര്‍ ബിന്‍ ഖത്താബിന്റെ മകനായ ആസിമിന്റെ പൗത്രനാണ് ഇദ്ദേഹം. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഹസനുല്‍ ബസ്വരി പറഞ്ഞു: ജനങ്ങളില്‍ ശ്രേഷ്ഠന്‍ അന്തരിച്ചു. ഇമാം ദഹബി പറയുന്നു. ഉമറിന്റെ രക്തസാക്ഷിത്വം ഉള്‍ക്കൊള്ളുവന്‍ മാത്രം എന്റെ ഹൃദയം വിശാലമാണ്. കാരണം, അദ്ദേഹം സ്വര്‍ഗസ്ഥനാണ്’

വിവ. സുഹൈറലി തിരുവിഴാംകുന്ന്

അലിയ്യുബ്നു അബീത്വാലിബ് (ഭരണം: ഹി. 35 ‏‏‏‏‏ 40, ക്രി. 656 ‏‏‏‏‏ 661)

നബിയുടെ പിതൃവ്യനായ അബൂത്വാലിബിന്റെ മകനായിരുന്നു അലി. ചെറുപ്പം മുതലേ തന്നെ നബിയുടെ കൂടെ താമസിച്ചതിനാല്‍ പ്രവാചകന്റെ നേരിട്ടുള്ള ശിക്ഷണം ചെറുപ്രായത്തില്‍തന്നെ ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചു. അലിക്കു പത്ത് വയസ്സുള്ളപ്പോഴാണ് നബിക്ക് നുബുവ്വത്ത് ലഭിച്ചത്. തനിക്കു ലഭിച്ച പ്രവാചകത്വത്തെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും നബി അലിയെ ബോധ്യപ്പെടുത്തി. അലി ആ സത്യപ്രബോധനത്തില്‍ ആകൃഷ്ടനായി. കാര്യങ്ങളെ യുക്തിപൂര്‍വം വിലയിരുത്തുകയും അന്വേഷിച്ചറിയുകയും ചെയ്തിരുന്ന അലിയെ നബി ഇസ്ലാമിലേക്ക് ക്ഷണിച്ചു. അലിക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ആദ്യമായി ഇസ്ലാം സ്വീകരിച്ച ബാലന്‍ എന്ന നിലയില്‍ അലി പ്രസിദ്ധനായി.

ധീരനും ബുദ്ധിമാനുമായ അലി പ്രഗത്ഭനായ പ്രസംഗകനായിരുന്നു. ഖുര്‍ആനും നബിവചനവും ജനങ്ങള്‍ക്കു മനസ്സിലാവും വിധം സരളമായി വിശദീകരിച്ചും വ്യാഖ്യാനിച്ചും ജനങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കുവാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരുന്നു. നബിയുടെ നിര്‍ദേശങ്ങളും മാതൃകയും ഇതിന് ഏറെ സഹായകമായിരുന്നു. നബിയുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ മുന്നണിപ്പോരാളിയായി അസാമാന്യധീരത കാണിച്ച ആളായിരുന്നു അദ്ദേഹം. ധീരയോദ്ധാവായ അദ്ദേഹത്തെ ഹൈദര്‍(വീരപ്പുലി) എന്നാണ് നബി വിളിച്ചിരുന്നത്. ദുല്‍ഫിഖാര്‍ എന്ന പേരിലുള്ള ഒരു വാള്‍ നബി അദ്ദേഹത്തിന് ഈ ധീരതയ്ക്ക് സമ്മാനമായി നല്‍കുകയുണ്ടായി.

മുന്‍ഖലീഫമാര്‍ അബൂബക്കര്‍ സിദ്ദീഖും ഉമറുല്‍ഫാറൂഖും ഉഥ്മാനുബ്നു അഫ്ഫാനും സുപ്രധാനമായ തീരുമാനങ്ങളിലൊക്കെ അലിയുടെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കാറുണ്ടായിരുന്നു. സിദ്ദീഖ് എന്ന് അബൂബക്കറും ഫാറൂഖ് എന്ന് ഉമറും ഗനിയ്യ് എന്ന് ഉഥ്മാനുബ്നു അഫ്ഫാനും വിളിക്കപ്പെട്ടിരുന്നതുപോലെ മുര്‍തദാ എന്ന് അലിയും വിളിക്കപ്പെടുകയുണ്ടായി. പ്രവാചകപുത്രി ഫാത്വിമ അലിയുടെ പത്നിയും ഹസന്‍, ഹുസൈന്‍ എന്നിവര്‍ മക്കളുമായിരുന്നു.

ഖിലാഫത്ത് ഏറ്റെടുക്കുന്നു

ഉഥ്മാനുബ്നുഅഫ്ഫാന്റെ രക്തസാക്ഷിത്വത്തോടുകൂടി മുസ്ലിംലോകം സങ്കീര്‍ണമായ ആശയക്കുഴപ്പത്തിലകപ്പെട്ടു. അലി, ത്വല്‍ഹ, സുബൈര്‍ തുടങ്ങിയ പ്രഗത്ഭ സ്വഹാബിവര്യന്മാരിലാരെങ്കിലും ഖലീഫയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ, ആരും ആ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ജനങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അലി ഖിലാഫത്ത് ഏറ്റെടുക്കുവാന്‍ തയ്യാറായി.

മസ്ജിദുന്നബവിയില്‍ ജനങ്ങള്‍ ഒന്നിച്ചുകൂടി. ഭൂരിപക്ഷം ജനങ്ങളും അലിയെ ഖലീഫയായി ബൈഅത്തു ചെയ്തു. എന്നാല്‍ കുറേ ആളുകള്‍ ബൈഅത്തു ചെയ്യാതെ മാറിനിന്നു.

ഉഥ്മാന്റെ ഉദാരമനഃസ്ഥിതി ചൂഷണം ചെയ്ത് സ്ഥാനമാനങ്ങള്‍ അനുഭവിച്ച് കഴിഞ്ഞിരുന്ന ചിലര്‍, കടുത്ത നിലപാടുകാരനായ അലി തങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുമോ എന്ന് ഭയപ്പെട്ടിരുന്നു. ആരോപണവിധേയരായ ചില ഉദ്യോഗസ്ഥരെ അലി പിരിച്ചുവിട്ടത് കൂനിന്‍മേല്‍ കുരുപോലെ പ്രശ്നം രൂക്ഷമാക്കി. ഇതോടുകൂടി ഉഥ്മാന്റെ കുടുംബക്കാരനും സിറിയയിലെ ഗവര്‍ണറുമായിരുന്ന മുആവിയ ഖലീഫക്കെതിരെ രംഗത്തുവന്നു.

ഖിലാഫത്ത് ഏറ്റെടുത്ത ഉടനെ ഉഥ്മാന്റെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കാന്‍ അലിക്കു കഴിഞ്ഞില്ല. ഇത് എതിരാളികള്‍ മുഖ്യ ആയുധമായി ഉപയോഗപ്പെടുത്തി. കലാപകാരികളായ ആയിരക്കണക്കിനാളുകള്‍ മദീനയില്‍ത്തന്നെ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ അലിയുടെ നിസ്സഹായാവസ്ഥ മുസ്ലിംകളില്‍ത്തന്നെ പലരും മനസ്സിലാക്കിയിരുന്നില്ല. ഒരു വിഭാഗം ആളുകള്‍ ഉഥ്മാന്റെ ഘാതകരെ ഉടനെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ചു. മുആവിയക്കുപുറമെ നബിയുടെ പത്നി ആയിശ(റ), പ്രമുഖ സ്വഹാബിമാരായ ത്വല്‍ഹ, സുബൈര്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രധാനികളായിരുന്നു.

ജമല്‍ യുദ്ധം

ഇസ്ലാമിക ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു സംഭവമായാണ് ചരിത്രകാരന്മാര്‍ ജമല്‍യുദ്ധത്തെ കാണുന്നത്. ഇതരയുദ്ധങ്ങളെ അപേക്ഷിച്ച് ഇത് ഒറ്റപ്പെട്ട് നില്‍ക്കുന്നു. ഉഥ്മാന്റെ ഘാതകരെ പിടികൂടുവാന്‍ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിട്ടും ഖലീഫക്ക് അതിന് കഴിയാതെ വന്നു. ഇതില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. പ്രവാചകപത്നി ആയിശയുടെ നേതൃത്വത്തില്‍ സുബൈര്‍, ത്വല്‍ഹ എന്നിവര്‍ സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് ഒരു സൈന്യത്തിന് രൂപം നല്‍കി. അവര്‍ ബസ്വറയിലേക്കു പുറപ്പെട്ടു. അവിടെ അവരുടെ അനുയായികള്‍ കൂടുതല്‍ പേര്‍ ഒത്തുകൂടി. അലിയും സേനയും അവിടെ എത്തി.

ആയിശ തങ്ങളുടെ ആവശ്യം അലിയെ അറിയിച്ചു. അലി തന്റെ വിഷമസ്ഥിതി ആയിശയെ ബോധ്യപ്പെടുത്തി. ഇരുവിഭാഗവും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പരിഹാരത്തിലെത്തി. ത്വല്‍ഹയും സുബൈറും പിന്തിരിഞ്ഞു. എന്നാല്‍ ഇരുവിഭാഗത്തിലും പെട്ട കുഴപ്പക്കാര്‍ക്ക് അത് ഇഷ്ടമായില്ല. രാത്രി ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ അവര്‍ ആക്രമണം തുടങ്ങി. രണ്ട് വിഭാഗവും ധരിച്ചത് രാത്രിയില്‍ വഞ്ചനാപരമായി മറുവിഭാഗം തങ്ങളെ ആക്രമിച്ചു എന്നാണ്. അങ്ങനെ യുദ്ധം തുടങ്ങി. യുദ്ധത്തില്‍ അലിയുടെ സൈന്യം വിജയിച്ചു. മുസ്ലിംകള്‍ പരസ്പരം ഏറ്റുമുട്ടിയ ആദ്യത്തെ യുദ്ധമായിരുന്നു അത്. ആയിശ ഒട്ടകക്കട്ടിലിലിരുന്നു യുദ്ധം നയിച്ചതിനാലാണ് ഈ യുദ്ധത്തിന് ജമല്‍യുദ്ധം എന്ന് പേര് വന്നത്. ജമല്‍ എന്നാല്‍ അറബിഭാഷയില്‍ ഒട്ടകം എന്നാണ് അര്‍ഥം. യുദ്ധാനന്തരം സംഭവത്തിന്റെ നിജസ്ഥിതി ആയിശയെ ബോധ്യപ്പെടുത്തിയ ശേഷം അലി ബഹുമാനപുരസ്സരം അവരെ മദീനയിലേക്ക് യാത്രയാക്കി.

ഈ യുദ്ധത്തിനുശേഷം ഖലീഫ മദീനയിലേക്ക് മടങ്ങുകയുണ്ടായില്ല. സ്ഥിഗതികള്‍ ശാന്തമാകുന്നതുവരെ കൂഫയില്‍ തങ്ങുകയാണുണ്ടായത്. അങ്ങനെ കൂഫ ഖിലാഫത്തിന്റെ ആസ്ഥാനമായിത്തീര്‍ന്നു. ജമല്‍യുദ്ധം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ സംഭവമായിരുന്നു. സ്വഹാബികളില്‍ പലരും ഇതില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി. പില്‍ക്കാലത്ത് ജമല്‍ യുദ്ധം നയിച്ചതിന്റെ പേരില്‍ ആയിശ വളരെയധികം ഖേദിച്ചിരുന്നു.

സ്വിഫ്ഫീന്‍ യുദ്ധം

യൂഫ്രട്ടീസ് നദിയുടെ തീരത്ത് സ്വിഫ്ഫീന്‍ എന്ന സ്ഥലത്തുവെച്ച് ഖലീഫ അലിയുടെയും സിറിയന്‍ ഗവര്‍ണറായിരുന്ന മുആവിയയുടെയും സൈന്യങ്ങള്‍ തമ്മില്‍ പത്ത് ദിവസം നീണ്ടുനിന്ന യുദ്ധമായിരുന്നു സ്വിഫ്ഫീന്‍ യുദ്ധം. അലിയെ ഖലീഫയായി അംഗീകരിക്കാതിരുന്ന സിറിയന്‍ ഗവര്‍ണര്‍ മുആവിയയെ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കി. മുആവിയ ഈ കല്‍പന അനുസരിക്കാന്‍ തയ്യാറായില്ല. ഉഥ്മാന്റെ ഘാതകരെ ശിക്ഷിക്കാതെ അലിയുടെ ഖിലാഫത്ത് അംഗീകരിക്കുകയില്ലെന്ന് മുആവിയ ശഠിച്ചു. ഇങ്ങനെ വീണ്ടും മുസ്ലിംകള്‍ തമ്മില്‍ ഏറ്റുമുട്ടുവാന്‍ കളമൊരുങ്ങി.

യുദ്ധത്തില്‍ ഇരുപക്ഷത്തുനിന്നും ഒട്ടേറെ മുസ്ലിംകള്‍ രക്തസാക്ഷികളായി. അവസാനഘട്ടത്തില്‍ അലിക്കു വിജയസാധ്യത തെളിഞ്ഞത് തിരിച്ചറിഞ്ഞ മുആവിയയുടെ പക്ഷക്കാര്‍ ഒരു കുന്തത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഖുര്‍ആന്റെ മധ്യസ്ഥം അംഗീകരിക്കാമെന്ന് വിളിച്ചുപറഞ്ഞു. ആദ്യം അലി അതിനു ചെവികൊടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെതന്നെ പക്ഷത്തുള്ള ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു. അങ്ങനെ യുദ്ധം അവസാനിപ്പിച്ച് ഇരുവിഭാഗവും സന്ധിക്കു തയ്യാറായി. അലിയുടെ പക്ഷത്തുനിന്ന് അബൂമൂസല്‍അശ്അരിയും മുആവിയയുടെ ഭാഗത്തുനിന്നും അംറുബ്നുല്‍ആസ്വും മധ്യസ്ഥരായി നിശ്ചയിക്കപ്പെട്ടു. ഇവരുടെ തീരുമാനം എന്തുതന്നെയായാലും ഇരുവിഭാഗവും സ്വീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ ദൌമത്തുല്‍ജന്‍ദലില്‍ മുസ്ലിംകളുടെ ഒരു വലിയ സമ്മേളനം ചേര്‍ക്കപ്പെട്ടു. ചര്‍ച്ചക്കൊടുവില്‍ അബൂമൂസല്‍ അശ്അരിയും അംറുബ്നുല്‍ ആസ്വും യോജിപ്പിലെത്താതിരുന്നതിനാല്‍ ആ സമ്മേളനം ഉദ്ദേശിച്ച ഫലം ചെയ്തില്ല. അതു നിമിത്തം ഖലീഫ അലിയും മുആവിയയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെടാതെ നിലനിന്നു.

രക്തസാക്ഷിത്വം

ദൌമത്തുല്‍ ജന്‍ദല്‍ സമ്മേളനത്തില്‍ അബൂമൂസല്‍ അശ്അരിയെയും അംറുബ്നുല്‍ ആസ്വിനെയും അലി വിധികര്‍ത്താക്കളാക്കി എന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നു. വിധികര്‍ത്താവ് അല്ലാഹു മാത്രമാണെന്നും അലിയുടെ നടപടി ഖുര്‍ആനികാധ്യാപനങ്ങള്‍ക്കെതിരാണെന്നുമായിരുന്നു അവരുടെ വാദം. കേവലം മധ്യസ്ഥ ശ്രമം മാത്രമാണ് നടത്തിയതെന്നത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഖവാരിജുകള്‍ എന്നറിയപ്പെടുന്ന അവര്‍ പല ക്രൂരപ്രവര്‍ത്തികളും ചെയ്തു. നഹ്റുവാന്‍ എന്ന സ്ഥലത്തുവെച്ച് അലി അവരെ നേരിട്ടുപരാജയപ്പെടുത്തി.

എന്നാല്‍ അതിഭീകരമായ ഒരു ഗൂഢപദ്ധതിക്ക് അവരില്‍ ചിലര്‍ രൂപം നല്‍കുകയാണുണ്ടായത്. മുസ്ലിംകള്‍ പരസ്പരം ഏറ്റുമുട്ടിയതിനുത്തരവാദികള്‍ അലി, മുആവിയ, അംറുബ്നുല്‍ആസ് എന്നിവരാണെന്നും അവരെ വധിക്കണമെന്നും ഗൂഢാലോചനക്കാര്‍ തീരുമാനിച്ചു. ഖവാരിജുകളില്‍പ്പെട്ട അബ്ദുര്‍റഹ്മാനുബ്നു മുല്‍ജിം അലിയെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടു. സുബഹി നമസ്കരിക്കാന്‍ കൂഫാ പള്ളിയിലേക്കു പോകും വഴി അയാള്‍ അലിയെ വിഷം പുരട്ടിയ വാളുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മക്കളോട് അത്യാവശ്യവസ്വിയ്യത്തുകള്‍ ചെയ്തശേഷം അലി ഹിജ്റ നാല്‍പതാം വര്‍ഷാം റമദാന്‍ 17 ന് രക്തസാക്ഷിയായി.

അലി നീതിമാനായ ഖലീഫ

അലിയുടെ നാലര വര്‍ഷത്തെ ഭരണകാലം ഏറെക്കുറെ ഉമറിന്റേതു പോലെയായിരുന്നു. തീരുമാനം കൈക്കൊള്ളുമ്പോഴും നീതി നടപ്പിലാക്കുമ്പോഴും പ്രമുഖ വ്യക്തികളോടോ കുടുംബക്കാരോടോ പോലും യാതൊരു അനുഭാവവും കാണിച്ചിരുന്നില്ല. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. രാജ്യത്തെ ഒരു സാധാരണ ഒരു പ്രജയെപ്പോലെയാണ് തന്നെപ്പോലും അദ്ദേഹം കണ്ടത്. തെറ്റുപറ്റിയാല്‍ അത് അംഗീകരിക്കുവാനും ആ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും അദ്ദേഹം സന്നദ്ധനായിരുന്നു.

ഒരിക്കല്‍ അലിയുടെ പടയങ്കി ഒരു ജൂതന്‍ മോഷ്ടിച്ചു. അദ്ദേഹം അധികാരമുപയോഗിച്ച് അങ്കി ജൂതനില്‍നിന്നും തിരിച്ചെടുക്കാന്‍ ശ്രമിച്ചില്ല. രാജ്യത്തെ ജനങ്ങള്‍ നീതിക്കുവേണ്ടി സമീപിക്കുന്ന കോടതിയില്‍ അദ്ദേഹം പരാതിനല്‍കി. ന്യായാധിപന്‍ അലിയോട് പരാതി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. പക്ഷേ, കോടതിയില്‍ ബോധിപ്പിക്കാനുള്ള തെളിവുകളൊന്നും അലിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ കോടതി ജൂതനനുകൂലമായി വിധി പ്രഖ്യാപിച്ചു.

ഇത് കേട്ട ജൂതന്‍ അത്ഭുതപ്പെട്ടു. ഭരണാധികാരി കോടതിയില്‍ പരാതി ബോധിപ്പിക്കുക. കോടതി തെളിവിന്റെ അഭാവത്തില്‍ ഭരണാധികാരിക്കെതിരെ വിധിപറയുക!! ഇസ്ലാമിന്റെ ഉദാത്തമായ മൂല്യങ്ങളില്‍ ആകൃഷ്ടനാകുവാന്‍ അയാള്‍ക്കിത് ധാരാളമായിരുന്നു. ഏതൊരാളുടെയും മനസ്സിനെ സ്വാധീനിക്കുക അയാളുടെ അനുഭവമാണല്ലോ. ഇസ്ലാം ആശ്ളേഷിക്കുവാന്‍ ജൂതനു പിന്നെ ഏറെ ആലോചിക്കേണ്ടിവന്നില്ല. അയാള്‍ ഖലീഫയുടെ മുമ്പില്‍ ചെന്ന് അങ്കി മടക്കിക്കൊടുത്തു. ഖലീഫ അത് അയാള്‍ക്കുതന്നെ സമ്മാനമായി നല്‍കുകയാണുണ്ടായത്.

അലി ഖലീഫയായി അധികാരമേറ്റത് ഏറ്റവും സങ്കീര്‍ണമായ ചുറ്റുപാടിലായിരുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടിവന്നു. അതിനാല്‍ രാഷ്ട്രവിസ്തൃതിക്കോ രാജ്യത്തിന്റെ വികസനപരിപാടിക്കോ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കോ സമയം ചെലവഴിക്കാന്‍ വേണ്ടത്ര കഴിഞ്ഞില്ല. എങ്കിലും ഭരണപരമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്ന അദ്ദേഹം പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് സംഘങ്ങളെ അയച്ചിരുന്നു. ഉമറിനെ അദ്ദേഹം കൂടെകൂടെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അലി കൂഫയിലെത്തിയ സന്ദര്‍ഭത്തില്‍ അവിടുത്തെ ഗവര്‍ണര്‍ തന്റെ കൊട്ടാരസദൃശമായ വസതിയില്‍ സ്വീകരണത്തിനൊരുക്കം ചെയ്തു. എന്നാല്‍ ആ വലിയ വീട്ടിലേക്കു കയറാന്‍ ലളിത ജീവിതം നയിച്ചിരുന്ന അലി ഇഷ്ടപെട്ടില്ല. തുടര്‍ന്ന് ഒരു തുറന്ന മൈതാനത്തുചെന്ന് കൂടാരത്തില്‍ താമസിക്കുകയാണ് ആ മാതൃകാ ഭരണാധികാരി ചെയ്തത്.

വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. തങ്ങള്‍ പൊതുമുതല്‍ ദുര്‍വ്യയം ചെയ്തത് ഖലീഫ അറിഞ്ഞെന്നു മനസ്സിലാക്കിയ ചില ഗവര്‍ണര്‍മാര്‍ ശിക്ഷ ഭയന്ന് സിറിയയിലേക്ക് ഓടിപ്പോയ സംഭവംതന്നെ നീതിനിര്‍വഹണത്തിലുള്ള അദ്ദേഹത്തിന്റെ കാര്‍ക്കശ്യസ്വഭാവം പ്രകടമാക്കുന്നു. കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷനല്‍കിയിരുന്നു. എന്നാല്‍, ദരിദ്രരും അശരണരും ആലംബഹീനരുമായവര്‍ക്ക് ഖജനാവില്‍നിന്ന് ധനം നല്‍കി സഹായിച്ചിരുന്നു.

അലി തനിക്കു പിന്‍ഗാമിയെ നിശ്ചയിച്ചിരുന്നില്ല. “താങ്കള്‍ ഒരു പിന്‍ഗാമിയെ നിശ്ചയിക്കാത്തതെന്ത്?” എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. “പ്രവാചകന്‍ മുസ്ലിംകളെ വിട്ടുപോയ അവസ്ഥയില്‍ത്തന്നെ അവരെ വിട്ടുപോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” അലിയുടെ അന്ത്യത്തോടുകൂടി സച്ചരിതരായ നാല് ഖലീഫമാരുടെ പരമ്പര അവസാനിച്ചു. ഇസ്ലാമിക ചരിത്രത്തിലെ ഒരു കാലഘട്ടത്തിനു തിരശ്ശീല വീണു.

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)

ഉഥ്മാനുബ്നു അഫ്ഫാന്‍ (ഭരണം: ഹി. 23 ‏‏‏‏‏ 35, ക്രി. 644 ‏‏‏‏‏ 656)

സച്ചരിതരായ ഖലീഫമാരില്‍ മൂന്നാമത്തെ ആളായിരുന്നു ഉഥ്മാനുബ്നു അഫ്ഫാന്‍(റ). ക്രി. 576 ല്‍ ഖുറൈശീ ഗോത്രത്തില്‍ ബനൂഉമയ്യ ശാഖയില്‍ അദ്ദേഹം ജനിച്ചു. പിതാവ് അഫ്ഫാനുബ്നു അബില്‍ ആസ്വും മാതാവ് അര്‍വബിന്‍തു കരീസുബ്നു റബീഅയുമായിരുന്നു. അബ്ദുല്ല, അബൂഅംറ് എന്നീ പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. ധാരാളം സമ്പത്തിന്റെ ഉടമയായിരുന്നതിനാല്‍ അല്‍ഗനിയ്യ് എന്നും വിളിച്ചിരുന്നു. നബിയുടെ രണ്ട് പുത്രിമാരെ വിവാഹം കഴിച്ചിരുന്നതിനാല്‍ ദുന്നൂറയ്ന്‍ എന്ന അപരനാമമുണ്ട്. ആദ്യം റുഖിയ്യയെയും അവരുടെ മരണശേഷം ഉമ്മുഖുല്‍സുമിനെയുമാണ് നബി ഇദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തത്. ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ചവരില്‍ (അസ്സാബിഖൂനല്‍ അവ്വലൂന്‍) ഉള്‍പ്പെടാനുള്ള ഭാഗ്യം ഇദ്ദേഹത്തിനു സിദ്ധിച്ചു. അബൂബക്കര്‍(റ)വിന്റെ പ്രബോധനഫലമായാണ് ഉഥ്മാന്‍ ഇസ്ലാം സ്വീകരിച്ചത്. കുടുംബാദികളില്‍നിന്നും ക്രൂരമായ മര്‍ദ്ദനം ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.

ഖൂറൈശികളുടെ മര്‍ദ്ദനം സഹികെട്ടപ്പോള്‍ അബ്സീനിയയിലേക്ക് പലായനം ചെയ്തതില്‍ പത്നി റുഖിയയും ഉണ്ടായിരുന്നു. ആ മഹതി പിന്നീട് മക്കയിലേക്ക് മടങ്ങിവരികയും ഹിജ്റക്കു ശേഷം മദീനയില്‍ എത്തിച്ചേരുകയും ചെയ്തു.

സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍

മദീനയില്‍ മുസ്ലിംകള്‍ക്ക് കുടിവെള്ളത്തിന് ഏക ആശ്രയം ബിഅ്റുറൂമ എന്നറിയപ്പെടുന്ന കിണറായിരുന്നു. ഇത് ഒരു ജൂതന്റെ കൈവശമായിരുന്നു. കിണറിലെ വെള്ളത്തിന് അയാള്‍ നല്ല വില ഈടാക്കിയിരുന്നു. ജനങ്ങളുടെ വിഷമം മനസ്സിലാക്കിയ ഉഥ്മാന്‍ ജൂതനെ സമീപിച്ചു. കിണര്‍ അദ്ദേഹം വിലക്കുവാങ്ങി. ഒരു ദിവസത്തെ വെള്ളം ഉഥ്മാനും അടുത്തദിവസത്തെ വെള്ളം ജൂതനും എടുക്കാം എന്നതായിരുന്നു വ്യവസ്ഥ. 12000 വെള്ളിനാണയം ഉഥ്മാന്‍ ജൂതനു നല്‍കി.

ഉഥ്മാന്റെ ഓഹരി ദിവസം കിണറിലെ ജലം ജനങ്ങള്‍ക്കെല്ലാവര്‍ക്കും സൌജന്യമായി നല്‍കി. രണ്ട് ദിവസത്തേക്കാവശ്യമായ ജലം ജനങ്ങള്‍ ആ ദിവസംതന്നെ സംഭരിച്ചിരുന്നു. ജൂതന്‍ തന്റെ ഓഹരി ദിവസം വെള്ളം വില്‍ക്കാന്‍ തയ്യാറായി നിന്നു. പക്ഷേ, ജലം വാങ്ങാന്‍ ആളെത്താതായി. അവസാനം 8000 വെള്ളിനാണയം കൂടി വാങ്ങി ജൂതന്‍ കിണര്‍ ഉഥ്മാനുവിറ്റു. ഇതോടുകൂടി ജനങ്ങള്‍ക്ക് യഥേഷ്ടം വെള്ളം ഉപയോഗിക്കാന്‍ സൌകര്യമായി. ‘ഈ പ്രവൃത്തി ചെയ്ത ആള്‍ സ്വര്‍ഗാവകാശിയാണെന്ന്’ നബി അരുളുകയുണ്ടായി.

പൊതുശ്മശാനം ഉണ്ടാക്കുന്നതിനുവേണ്ടി ബഖീഇലെ തന്റെ വിശാലമായ തോട്ടം അദ്ദേഹം സൌജന്യമായി വിട്ടുകൊടുക്കുകയുണ്ടായി. പിതാവിന്റെ തൊഴിലായ തുണിക്കച്ചവടമാണ് ഉഥ്മാന്‍ സ്വീകരിച്ചത്. അങ്ങനെ അളവറ്റ ധനത്തിന്റെ ഉടമയായി. തന്റെ ധനമെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തിലാണദ്ദേഹം ചെലവഴിച്ചത്.

അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് മദീനയില്‍ വലിയ ക്ഷാമമുണ്ടായി. ഉഥ്മാന്‍ തന്റെ കച്ചവടച്ചരക്കുകള്‍ മുഴുവന്‍ വിലവാങ്ങാതെ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. വലിയ വില വാഗ്ദാനം ചെയ്ത ചില്ലറക്കച്ചവടക്കാരോട് അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ തരുന്നതിനേക്കാള്‍ ലാഭം എനിക്ക് വേറൊരാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’ അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടുള്ള മഹത്തായ ദാനധര്‍മമായിരുന്നു ജനസേവനം ദൈവാരാധനയായി കണ്ട ആ സ്വഹാബിവര്യന്‍ ചെയ്തത്.

തബൂക് യുദ്ധസന്നാഹവേളയില്‍ 100 ഒട്ടകവും 50 കുതിരകളും സൈന്യത്തിനു മുഴുവന്‍ ഭക്ഷണവും അദ്ദേഹം സംഭാവനയായി നല്‍കി. കൂടാതെ 1000 സ്വര്‍ണനാണയം റസൂല്‍(സ)യെ ഏല്‍പ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ നിരവധി മഹിതമാതൃകകള്‍ ആ മഹാത്മാവിന്റെ ജീവിതത്തില്‍ നമുക്കു കാണാന്‍ കഴിയും.

ഖലീഫയായി തിരഞ്ഞെടുക്കുന്നു

അബൂബക്കര്‍ സിദ്ദീഖിനെപ്പോലെ ഫാറൂഖ് ഉമറും പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഉന്നതമായ മാതൃകയാണ് സ്വീകരിച്ചത്. ഖലീഫയെ തിരഞ്ഞെടുക്കാന്‍ 6 അംഗ സംഘത്തെ നിശ്ചയിച്ചു.

ആറംഗസമിതി ഒത്തുകൂടി. ചര്‍ച്ചക്കുശേഷം ഖലീഫയെ നിശ്ചയിക്കാനുള്ള പരമാധികാരം അബ്ദുര്‍റഹ്മാനുബ്നു ഔഫിനു നല്‍കി. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് അവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഇങ്ങനെ ജനാഭിപ്രായം കൂടി വിലയിരുത്തിയ ശേഷം ഉഥ്മാനുബ്നു അഫ്ഫാനെ ഖലീഫയായി അദ്ദേഹം നാമനിര്‍ദേശം ചെയ്തു.

ഉഥ്മാനുബ്നുഅഫ്ഫാന്‍ ജനങ്ങളില്‍നിന്നും അനുസരണപ്രതിജ്ഞ(ബൈഅത്ത്) വാങ്ങി. ചുമതല ഏറ്റെടുത്തു. ഖലീഫ എന്ന നിലയില്‍ ഉഥ്മാനുബ്നു അഫ്ഫാന്റെ ഭരണം 12 വര്‍ഷത്തോളം നീണ്ടുനിന്നു. അദ്ദേഹം ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ 70 വയസ്സ് പിന്നിട്ടിരുന്നു.

ഖലീഫ ഉമറിനെ വധിച്ച കേസ് തീര്‍പ്പാക്കി നിയമവാഴ്ച പുനസ്ഥാപിക്കുന്നതിന് അദ്ദേഹം പ്രഥമ പരിഗണന നല്‍കി. അസര്‍ബൈജാന്‍, അര്‍മേനിയ എന്നിവടങ്ങളില്‍ ഉടലെടുത്ത കുഴപ്പങ്ങളും അദ്ദേഹം അവസാനിപ്പിച്ചു. റോമന്‍ സൈന്യം മുസ്ലിംകള്‍ക്കെതിരെ സൈനിക നീക്കങ്ങള്‍ നടത്തുന്നതായി അറിഞ്ഞു. ഈ സ്ഥലങ്ങളിലേക്കും സൈന്യത്തെ അയച്ച് കുഴപ്പക്കാരെ നിശ്ശേഷം അടിച്ചമര്‍ത്തി. ഇസ്ലാമിക രാഷ്ട്രത്തിന്റെ ഐക്യം പൂര്‍വാധികം ശക്തമാക്കി.

രാഷ്ട്രം വിസ്തൃതമാകുന്നു

കിഴക്ക് അഫ്ഗാനിസ്താന്‍ മുതല്‍ ഉത്തരാഫ്രിക്കയില്‍ തുനീഷ്യ വരെയും യൂറോപ്പിന്റെ ചില ഭാഗങ്ങളും ഇസ്ലാമിന് അധീനമാകത്തക്കവിധം രാഷ്ട്രം പ്രവിശാലമായിത്തീര്‍ന്നു. സ്പെയിനില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിയത് ഇക്കാലത്താണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായ അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളും ഇസ്ലാമിന് അധീനമായി. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), അബ്ദുര്‍റഹ്മാനുബ്നു അബൂബക്കര്‍(റ), അംറുബ്നു ആസ്(റ) തുടങ്ങിയവരുടെ സൈനിക നേതൃത്വത്തില്‍ ശക്തവും തന്ത്രപരവുമായ നീക്കത്തിലൂടെ ട്രിപ്പോളി കീഴടക്കി. കിഴക്ക് മുസ്ലിം സൈന്യം ജയ്ഹൂന്‍ നദി മുറിച്ചുകടന്ന് മാവറാഅന്നഹ്ര്‍ (ട്രാന്‍ ഓഷ്യാന) പ്രദേശം മോചിപ്പിച്ചു. സിറിയന്‍ഗവര്‍ണര്‍ മുആവിയതുബ്നു അബീസുഫ്യാന്‍ റോമാ സാമ്രാജ്യത്തിനെതിരെ വിജയം വരിച്ചു. തുരീസ് പര്‍വതത്തിനപ്പുറം അര്‍മീനിയ വരെ അദ്ദേഹം പടയോട്ടം നടത്തി.

നാവിക മുന്നേറ്റം

സിറിയന്‍ ഗവര്‍ണര്‍ മുആവിയയുടെ നേതൃത്വത്തില്‍ ഖലീഫയുടെ പ്രത്യേക അനുമതിയോടുകൂടി സുശക്തമായ ഒരു നാവികസേനക്ക് രൂപം നല്‍കി. സിറിയന്‍ തീരത്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും സൈപ്രസ് ദ്വീപ് റോമക്കാരില്‍നിന്ന് മോചിപ്പിക്കുവാനും നാവികശക്തിയുടെ സഹായത്താല്‍ മുആവിയക്ക് കഴിഞ്ഞു.

ഈ യുദ്ധത്തില്‍ ഈജിപ്ത് ഗവര്‍ണര്‍ അബ്ദുല്ലാഹിബ്നു അബീസര്‍ഹും കാര്യമായ പങ്കുവഹിച്ചു. 600 യുദ്ധക്കപ്പലുകളുള്ള റോമന്‍ സൈന്യത്തെ 200 യുദ്ധക്കപ്പലുകളുമായാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഇസ്ലാമിക ഖിലാഫത്ത് ഏറ്റവും വലിയ നാവികശക്തിയായിത്തീര്‍ന്നു.

വിശുദ്ധഖുര്‍ആന്റെ പകര്‍പ്പുകള്‍ തയ്യാറാക്കുന്നു

അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്തുതന്നെ വിശുദ്ധഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പകര്‍പ്പെടുത്ത് വിതരണം ചെയ്തിരുന്നില്ല. ഖുര്‍ആനിലെ ചില പദങ്ങള്‍ വ്യത്യസ്തരൂപത്തില്‍ എഴുതുവാനും ഉച്ചരിക്കുവാനും കഴിയും. നബി അംഗീകരിച്ച രീതിയനുസരിച്ചാണ് സ്വഹാബികള്‍ എഴുതുകയും പാരായണം ചെയ്യുകയും ചെയ്തിരുന്നത്. ഖിലാഫതുര്‍റാശിദയുടെ കാലത്ത് ധാരാളം അനറബികള്‍ ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി. അറബിഭാഷയില്‍ അറിവുകുറഞ്ഞ അവരുടെ പാരായണത്തില്‍ പാഠഭേദങ്ങള്‍ ഉടലെടുത്തു. ഇത് ഖലീഫ ഉഥ്മാന്റെ ശ്രദ്ധയില്‍പ്പെട്ടു.

അദ്ദേഹം അബൂബകര്‍ സിദ്ദീഖിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട യഥാര്‍ഥ ഖുര്‍ആന്‍ കോപ്പി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഉമറിന്റെ മകളും നബിയുടെ പത്നിയുമായ ഹഫ്സയുടെ കൈവശമായിരുന്നു അത്. ഒന്നാം ഖലീഫയുടെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരണത്തിന് മേല്‍നോട്ടം നല്‍കിയ സൈദുബ്നുസാബിത്തിന്റെതന്നെ മേല്‍നോട്ടത്തില്‍ അതിന്റെ പകര്‍പ്പുകളെടുത്ത് ഇസ്ലാമിക രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുത്തു. പാഠഭേദങ്ങളുള്ള ഇതര പകര്‍പ്പുകള്‍ നശിപ്പിച്ചു. ഇങ്ങനെ വിവിധ നാടുകളിലേക്ക് അയച്ചുകൊടുത്ത ഖുര്‍ആന്റെ പകര്‍പ്പുകളാണ് ഇന്ന് ലോകത്ത് കാണുന്ന മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും. മുസ്ഹഫ് ഉഥ്മാനീ എന്ന പേരിലാണ് ലോകത്തെങ്ങും ഇന്ന് ആധികാരിക മുസ്ഹഫുകള്‍ അറിയപ്പെടുന്നത്.

ഭരണ പരിഷ്ക്കാരങ്ങള്‍

ഖലീഫ ഉഥ്മാന്റെ കാലത്ത് രാജ്യം വിസ്തൃതമായതോടുകൂടി നിരവധി റോഡുകളും പാലങ്ങളും പുതുതായി നിര്‍മിച്ച് ഗതാഗതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തി. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സൌകര്യത്തിനായി ആവശ്യമായ സ്ഥലങ്ങളില്‍ സത്രങ്ങള്‍ പണികഴിപ്പിച്ചു.

മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു. മസ്ജിദുകളില്‍ ശമ്പളവ്യവസ്ഥയില്‍ ഇമാമുകളെയും മുഅദ്ദിനുകളെയും നിയമിച്ചു. ദാരിദ്യ്രം തുടച്ചുനീക്കാന്‍ കഴിഞ്ഞതിനാല്‍ ഉമര്‍ നല്‍കിയിരുന്ന പെന്‍ഷന്‍ രീതി നിര്‍ത്തലാക്കി. ജനങ്ങള്‍ പൊതുവെ സന്തുഷ്ടരും സുഭിക്ഷരുമായിരുന്നു. ഉമര്‍ നടപ്പിലാക്കിയ എല്ലാ പരിഷ്കരണപ്രവര്‍ത്തനങ്ങളും ഉഥ്മാനുബ്നുഅഫ്ഫാന്‍ തുടര്‍ന്നു.

ലോലഹൃദയനായ ഭരണാധികാരി

ഉഥ്മാന്‍ സമ്പന്നനായിരുന്നു. ലളിതമെങ്കിലും സുഖജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം വരുമാനത്തില്‍നിന്നാണ് തന്റെ സര്‍വചെലവുകളും നിറവേറ്റിയിരുന്നത്. പൊതുമുതലില്‍നിന്ന് യാതൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. വിധവകള്‍, അനാഥകള്‍, ബന്ധുക്കള്‍ തുടങ്ങി നൂറുകണക്കിനാളുകളെ അദ്ദേഹം സംരക്ഷിച്ചുപോന്നു. വെള്ളിയാഴ്ചതോറും ഓരോ അടിമയെ മോചിപ്പിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

കരുണാര്‍ദ്രമായ ഹൃദയത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ഒരിക്കല്‍ ഒരടിമയുടെ ചെവിക്കുപിടിച്ചു നോവിക്കുകയുണ്ടായി. പിന്നീട് അതിന്റെ പേരില്‍ അദ്ദേഹം അത്യന്തം വ്യസനിച്ചു. മാത്രമല്ല, ആ അടിമയെ വിളിച്ച് സ്വന്തം ചെവി കാണിച്ചു കൊടുത്തു പകരം വീട്ടാന്‍ അപേക്ഷിക്കുകയും ചെയ്തു.

രക്തസാക്ഷിത്വം

തന്റെ ഉറ്റവരോടും ഉടയവരോടും ഉഥ്മാന്‍ അങ്ങേയറ്റം ഔദാര്യം കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം മുന്‍ഗാമികളായ ഖലീഫമാരുടെ സൂക്ഷ്മത കാണിച്ചില്ല എന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ‘നിങ്ങള്‍ക്കു ഖലീഫസ്ഥാനം ലഭിക്കുകയാണെങ്കില്‍ സ്വന്തം ഗോത്രത്തില്‍പ്പെട്ടവര്‍ക്കു മുസ്ലിംകളുടെമേല്‍ അധികാരം നല്‍കരുതെ’ന്ന് ഉമര്‍ പറയുമായിരുന്നു. എന്നാല്‍ ഉഥ്മാന്‍ അന്യര്‍ക്കെന്നപോലെ സ്വന്തം ഗോത്രക്കാര്‍ക്കും സഹായങ്ങളും വലിയ ഉദ്യോഗങ്ങളും നല്‍കി. ഗോത്രങ്ങള്‍ക്കിടയിലെ പഴയ മത്സരം തലയുയര്‍ത്താന്‍ ഇത് കാരണമായി. ചില പ്രവിശ്യകളിലെ ഗവര്‍ണര്‍മാരെ സംബന്ധിച്ച് പരാതികളുയര്‍ന്നു. ജനങ്ങള്‍ക്കിടയില്‍നിന്നുയര്‍ന്നുവന്ന ആക്ഷേപങ്ങളുടെ യാഥാര്‍ഥ്യമന്വേഷിക്കുവാന്‍ ഒരു നിഷ്പക്ഷ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു സംഘത്തിന്റെ റിപ്പോര്‍ട്ട്.

ഖലീഫ മസ്ജിദുന്നബവിയില്‍ ജനങ്ങളെ വിളിച്ചുകൂട്ടി തന്റെ നിലപാട് വിശദീകരിക്കുകയുണ്ടായി. ജനങ്ങള്‍ അതംഗീകരിച്ചു. ശിഥിലീകരണപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അലി ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. ഉഥ്മാന്റെ പ്രവര്‍ത്തനം സ്വജനസ്നേഹവും ആര്‍ദ്രതയും മുതലെടുത്ത് അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍, പ്രത്യേകിച്ച് മര്‍വാനുബ്നു ഹകമിനെപ്പോലുള്ളവര്‍ അവിഹിതമായി കാര്യങ്ങള്‍ നേടുകയും അത് കുഴപ്പങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ഇസ്ലാം വിശ്വസിച്ചിരിക്കുന്നു എന്നവകാശപ്പെട്ട് രംഗത്തുവന്ന ജൂതനായിരുന്ന അബ്ദുല്ലാഹിബ്നു സബഅ് സിറിയ, ഈജിപ്ത്, കൂഫ, ബസ്വറ എന്നീ നാടുകളില്‍ സഞ്ചരിച്ച് ഖലീഫക്കെതിരെ ജനങ്ങളെ ഇളക്കിവിട്ടതായി ചില ചരിത്രഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ക്കും ഖലീഫക്കുമെതിരില്‍ ആക്ഷേപങ്ങളുമായി വിവിധ പ്രവിശ്യകളില്‍നിന്ന് ജനങ്ങള്‍ ഭരണകേന്ദ്രമായ മദീനയിലേക്ക് പുറപ്പെട്ടു.

കുഴപ്പങ്ങള്‍ സൃഷ്ടിച്ചത് കൂഫ, ബസ്വറ, സിറിയ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു. മതിയായ ഇസ്ലാമിക ശിക്ഷണം അവര്‍ക്കു ലഭിച്ചിരുന്നില്ല. രണ്ടായിരത്തോളം വരുന്ന ഇവര്‍ മദീനയില്‍ നുഴഞ്ഞുകയറി ഖലീഫയുടെ വസതി വളഞ്ഞ് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. ഖലീഫ അവരുടെ ആവശ്യം അംഗീകരിക്കാതെ ഇപ്രകാരം പറഞ്ഞു: ‘വാളിന്റെ ബലംകൊണ്ടല്ല ഞാന്‍ അധികാരത്തിലേറിയത്. മുസ്ലിംകള്‍ അവരുടെ ഇഷ്ടപ്രകാരം എന്നെ ഖലീഫയാക്കിയതാണ്. അപ്പോള്‍ ബലം പ്രയോഗിച്ച് എന്നെ സ്ഥാനമൊഴിപ്പിക്കുന്നതെന്തിന്?’

പ്രമുഖ സ്വഹാബികളില്‍ പലരും മദീനവിട്ട് മറ്റു സ്ഥലങ്ങളിലായിരുന്നു. കുഴപ്പക്കാരെ ശക്തികൊണ്ട് നേരിടാന്‍ മദീനയിലുണ്ടായിരുന്ന സ്വഹാബികള്‍ ഖലീഫയോടാവശ്യപ്പെട്ടു. അദ്ദേഹം അത് സ്വീകരിച്ചില്ല. ‘എന്റെ കാര്യത്തെച്ചൊല്ലി മുസ്ലിംകള്‍ രക്തം ചിന്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുന്നത് വരെ ഈ നിലപാടില്‍നിന്ന് അദ്ദേഹം ഇളകിയില്ല.

അങ്ങനെ ഹിജ്റ 35 ദുല്‍ഹജ്ജ് 8 ന് അദ്ദേഹം രക്തസാക്ഷിയായി. സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ വിശ്വപ്രസിദ്ധമായ ഖിലാഫതുവമുലൂകിയത് എന്ന ഗ്രന്ഥത്തില്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു.

‘സങ്കീര്‍ണമായ ആ ഘട്ടത്തില്‍ ഉഥ്മാന്‍ സ്വീകരിച്ച നിലപാട് ഒരു ഖലീഫയും രാജാവും തമ്മിലുള്ള അന്തരമാണ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് അപ്പോള്‍ ഏതെങ്കിലും ഒരു രാജാവായിരന്നെങ്കില്‍ അധികാരം സുരക്ഷിതമാക്കുന്നതിനുവേണ്ടി എന്തുകളി കളിക്കുവാനും അയാള്‍ മടിക്കുമായിരുന്നില്ല. അതിന്റെ പേരില്‍ എന്തു നാശമുണ്ടായാലും അയാള്‍ക്കത് പ്രശ്നമാകുകയില്ല. പക്ഷേ, ഇത് സച്ചരിതനായ ഖലീഫയാണ്. ഒരു മുസ്ലിമിന് സര്‍വ്വോപരി പ്രിയങ്കരമായിരിക്കേണ്ട പവിത്രവസ്തുക്കള്‍ ചിവിട്ടിയരക്കപ്പെടുന്നതിനേക്കാള്‍ സ്വന്തം ജീവന്‍ ഹനിക്കപ്പെടുന്നതാണ് അദ്ദേഹം നിസ്സാരമായി കരുതുക.’

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)

ഉമറുബ്നുല്‍ഖത്വാബ് – (ഭരണം: ഹി. 13 ‏‏‏‏‏ 23, ക്രി. 634 ‏‏‏‏‏ 644)

മക്കയില്‍ ഖുറൈശി ഗോത്രത്തില്‍ അദിയ്യ് വംശത്തില്‍ ഉമര്‍ ജനിച്ചു. പിതാവിന്റെ പേര് ഖത്വാബ് ഇബ്നു തുഫൈല്‍ എന്നും മാതാവിന്റെ പേര് ഹന്‍തമ ബിന്‍തു ഹിഷാം എന്നുമായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ എഴുത്തും വായനയും വശമാക്കിയ ഉമര്‍ അറബികളുടെ ചരിത്രം നന്നായി പഠിച്ചിരുന്നു. അരോഗദൃഢഗാത്രനും കായികാഭ്യാസിയും നല്ല പ്രസംഗകനുമായിരുന്ന ഉമര്‍ നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. കച്ചവടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാര്‍ഗം. വ്യക്തികളും ഗോത്രങ്ങളും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാകുമ്പോള്‍ കൂടിയാലോചനക്കും മധ്യസ്ഥം വഹിക്കുന്നതിനും ഉമറിനെ ജനങ്ങള്‍ സമീപിക്കുമായിരുന്നു.

ആദ്യകാലത്ത് പുതിയ മതത്തിന്റെ (ഇസ്ലാമിന്റെ) കഠിനശത്രുവായിരുന്നു ഉമര്‍. ‘ധീരനും സമര്‍ഥനുമായ ഉമര്‍ ഇസ്ലാമിലേക്ക് വന്നിരുന്നു എങ്കില്‍’ എന്ന് നബി ആഗ്രഹിച്ചു. നബി ദൈവത്തോട് പ്രാര്‍ഥിച്ചു: “രണ്ടാലൊരു ഉമറിനെ നല്‍കി നീ മുസ്ലിംകള്‍ക്ക് ശക്തി നല്‍കേണമേ നാഥാ”. ഖത്വാബിന്റെ മകന്‍ ഉമറിനെ അല്ലെങ്കില്‍ ഉമറുബ്നു ഹിഷാമിനെ (പിന്നീട് അബൂജഹ്ല്‍ എന്ന പേരില്‍ കുപ്രസിദ്ധനായത് ഇദ്ദേഹമായിരുന്നു) ഇസ്ലാമിലേക്ക് മാര്‍ഗദര്‍ശനം ചെയ്യണമെന്നാണ് നബി ഉദ്ദേശിച്ചത്.

ഉമര്‍ ഇസ്ലാമിലേക്ക്

ഒരു ദിവസം കൈയ്യില്‍ ഒരു വാളുമായി ഉമര്‍ പുറപ്പെട്ടു. നബിയെ വധിക്കുകയായിരുന്നു ലക്ഷ്യം. യാത്രാമധ്യേ തന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചവിവരം ഉമര്‍ അറിഞ്ഞു. ഒട്ടും താമസിച്ചില്ല. സഹോദരിയുടെ ഭവനത്തിലേക്ക് ഉമര്‍ പാഞ്ഞു. ഖബ്ബാബ്(റ) ഫാത്വിമക്കും ഭര്‍ത്താവ് സഈദിനും ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിക്കുകയാണ്. ഖുര്‍ആന്‍ എഴുതിയ ഫലകം നോക്കി ഫാത്വിമ പാരായണം ചെയ്യുന്നു. ഉമര്‍ പുറത്തുനിന്ന് അത് കേട്ടു. പെട്ടന്ന് ഉമര്‍ വാതിലില്‍ മുട്ടി. ഫാത്വിമ ഖുര്‍ആന്‍ എഴുതിയ ഫലകം ഒളിപ്പിച്ചുവെച്ചു. ഖബ്ബാബ് ഉമറിന്റെ ദൃഷ്ടിയില്‍ പെടാതെ മാറിനിന്നു. വാതില്‍ തുറക്കപ്പെട്ടു. ഉമര്‍ ശരവേഗത്തില്‍ മുറിക്കുള്ളില്‍ കടന്നു. ‘എന്താണ് ഇവിടെ കേട്ടത്?’ ഉമര്‍ അട്ടഹസിച്ചു. ആരും ഒന്നും പറഞ്ഞില്ല.

ഉമര്‍ സഈദിനു നേരെ തിരിഞ്ഞു. ‘നിങ്ങള്‍ ആ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നതായറിഞ്ഞു.’ സഈദിന്റെ മുഖത്ത് ഉമറിന്റെ കൈ ആഞ്ഞുപതിച്ചു. തടയാന്‍ ശ്രമിച്ച ഫാത്വിമക്കും അടികിട്ടി.

ഫാത്വിമ ഉറച്ചസ്വരത്തില്‍ പറഞ്ഞു: ‘നിങ്ങള്‍ തോന്നിയത് ചെയ്തുകൊള്ളുക. ഞങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചിരിക്കുന്നു.’

ഉമര്‍ അവരുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അടികൊണ്ട് രക്തം വാര്‍ന്നൊലിക്കുന്ന മുഖം. എന്നിട്ടും ആ മുഖത്തുകാണുന്ന നിശ്ചയദാര്‍ഢ്യം! കോപം അടങ്ങിയ ഉമര്‍ ഖുര്‍ആന്‍ എഴുതിയ ഫലകം ആവശ്യപ്പെട്ടു. ഫ്വാത്വിമ ഉമറിനോട് ശുദ്ധിയായി വരുവാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഉമര്‍ വന്നപ്പോള്‍ ഖുര്‍ആന്‍ എഴുതിയ ഫലകം നല്‍കി. ഉമര്‍ ആ ഖുര്‍ആന്‍ വചനം വായിച്ചു. സൂറഃ ത്വാഹയിലെ വചനങ്ങള്‍. ഉമര്‍ ചിന്തിച്ചു. എന്താണതിന്റെ പൊരുള്‍?

“ത്വാഹാ, താങ്കള്‍ പ്രയാസപ്പെടുന്നതിനുവേണ്ടിയല്ല നാം താങ്കള്‍ക്ക് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഇത് (അല്ലാഹുവെ) ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം മാത്രം. ഭൂമിയും അത്യുന്നതങ്ങളായ ആകാശങ്ങളും സൃഷ്ടിച്ചവനില്‍നിന്ന് അവതീര്‍ണമായത്.” ഉമര്‍ വീണ്ടും വീണ്ടും വായിച്ചു.

ഉമര്‍ ചിന്തിച്ചു! ആഴത്തില്‍ ചിന്തിച്ചു!! എത്ര മനോഹരമാണീ വാക്യങ്ങള്‍!! തീര്‍ച്ചയായും ഇത് ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനം തന്നെ!!

ഉമര്‍ പിന്നീട് അവിടെ നിന്നില്ല. വളരെ വേഗം ദാറുല്‍അര്‍ഖം ലക്ഷ്യമാക്കി നടന്നു. അവിടെയായിരുന്നു നബിയും സഖാക്കളും സമ്മേളിച്ചിരുന്നത്. ഊരിപ്പിടിച്ച വാളുമായി പാഞ്ഞുവരുന്ന ഉമറിനെക്കണ്ട് സ്വഹാബികള്‍ ജാഗ്രത പൂണ്ടു. ‘ഉമര്‍ വന്നുകൊള്ളട്ടെ. നല്ല ഉദ്ദേശ്യത്തോടെയാണ് വരുന്നതെങ്കില്‍ അയാള്‍ക്ക് നല്ലത്. അല്ലെങ്കില്‍ ഇതാ ഈ വാളുകൊണ്ട് ആ കഴുത്ത് ഞാനരിയും.’ ഹംസ(റ) സ്വഹാബികളോട് ഇപ്രകാരം പറഞ്ഞ് തയ്യാറായിനിന്നു.

നബിയുടെ സമീപത്ത് ചെല്ലുവാന്‍ ഉമറിന് അനുവാദം ലഭിച്ചു. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് നബി ചോദിച്ചു: ‘ഉമര്‍, എന്തുദ്ദേശ്യത്തോടുകൂടിയാണ് താങ്കളുടെ വരവ്?’

ഉമര്‍ വിനയാന്വിതനായി പ്രതിവചിച്ചു: ‘സത്യവിശ്വാസം സ്വീകരിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്’

‘അല്ലാഹു അക്ബര്‍! അല്ലാഹുഅക്ബര്‍!’ (ദൈവം വലിയവന്‍, ദൈവം വലിയന്‍) സ്വഹാബികളുടെ കണ്ഠങ്ങളില്‍നിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുള്ള തക്ബീര്‍ധ്വനികള്‍ മുഴങ്ങി. സന്തോഷാശ്രുക്കള്‍ പൊഴിച്ച് അവര്‍ ഉമറിനെ ആശ്ളേഷിച്ചു.

ഉമര്‍ തന്റെ ധന്യജീവിതം ദൈവികമാര്‍ഗത്തില്‍ സമര്‍പ്പിച്ചു. അദ്ദേഹം ഇസ്ലാം ആശ്ളേഷിച്ചത് കാട്ടുതീപോലെ മക്കയില്‍ പ്രചരിച്ചു. മക്കയില്‍ മുസ്ലിംകളുടെ ആത്മവീര്യം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായകമായി. അന്ന് ഖുറൈശികളില്‍ ഉമറിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം കഅ്ബയില്‍ ചെന്ന് പരസ്യമായി നമസ്കരിച്ചു. സത്യവിശ്വാസികളുടെ ശക്തിയും എണ്ണവും വര്‍ധിക്കാന്‍ ഉമറിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു.

നബിയും സ്വഹാബികളും മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തത് ഏറെക്കുറെ രഹസ്യഭാവത്തോടുകൂടിയായിരുന്നു. എന്നാല്‍ ഉമര്‍ പരസ്യമായാണ് മദീനയിലേക്ക് യാത്രയായത്. മദീനയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കഅ്ബയില്‍ പോയി ഏഴുപ്രാവശ്യം ത്വവാഫ് ചെയ്തു. മഖാമുഇബ്രാഹീമില്‍ നമസ്കരിച്ചു. അവിടെയുണ്ടായിരുന്ന മുശ്രിക്കുകളോട് അദ്ദേഹം പറഞ്ഞു: ‘ഞാനിതാ മദീനയിലേക്കു പുറപ്പെടുന്നു. ആരുടെയെങ്കിലും ഉമ്മക്ക് മകന്‍ നഷ്ടപ്പെടണമെങ്കില്‍, ആരുടെയെങ്കിലും മക്കള്‍ക്ക് പിതാവില്ലാതാകണമെങ്കില്‍, ആരുടെയെങ്കിലും ഭാര്യമാര്‍ക്ക് ഭര്‍ത്താവില്ലാതാവണമെങ്കില്‍ ഈ താഴ്വരക്കപ്പുറത്ത് എന്നെ തടയാന്‍ വരട്ടെ.’ അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ധീരനായ ഉമര്‍ അങ്ങനെ മദീനയിലേക്കു ഹിജ്റ ചെയ്തു. നബിയോടൊപ്പം എല്ലാ യുദ്ധങ്ങളിലും മുന്നണിപ്പോരാളിയായി അദ്ദേഹം പങ്കെടുത്തിരുന്നു.

നബിയുടെ സന്തതസഹചാരിയായ പ്രതിഭാശാലി

മദീനയില്‍ നബിയുടെ സന്തതസഹചാരിയായിരുന്നു ഉമര്‍. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും കാര്യങ്ങള്‍ കേട്ടുപഠിക്കാനും അദ്ദേഹം അത്യധികം ഉത്സാഹം കാണിച്ചു. ഭരണപരമായ കാര്യങ്ങളില്‍ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുര്‍ആന്‍ അവതരിക്കുകയുണ്ടായി. ‘ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട് എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്. നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാന്‍ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുര്‍ആന്റെ ആഴവും അര്‍ഥവും നന്നായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സമ്പത്ത് ദൈവത്തിന്റെ മാര്‍ഗത്തില്‍

ഉമര്‍ സമ്പത്ത് ഇസ്ലാമിനുവേണ്ടി ചെലവഴിക്കുന്നതില്‍ അതിയായ താല്‍പര്യം കാണിച്ചു. തബൂക്ക് യുദ്ധത്തിനുവേണ്ടി നബി വിഭവങ്ങള്‍ സമാഹരിച്ചപ്പോള്‍ സമ്പത്തിന്റെ പകുതിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്ത് ഉമര്‍ മാതൃക കാണിച്ചു.

നബിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ മുന്‍കൈയെടുത്തത് ഉമറായിരുന്നു. ഒന്നാം ഖലീഫയായി അബൂബക്കറിനെ തിരഞ്ഞെടുക്കുവാന്‍ അദ്ദേഹമാണ് നിര്‍ദേശിച്ചത്. അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് ഭരണപരമായ കാര്യങ്ങളില്‍ ഖലീഫയെ ഉമര്‍ നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. നാട്ടിലെ അശരണരും ആലംബഹീനരുമായ ആളുകളെ നേരിട്ടുചെന്ന് സഹായിച്ച് ഇസ്ലാമിന്റെ ഉന്നതവും മഹനീയവുമായ മാതൃക സൃഷ്ടിച്ച ഉമര്‍ മാനവചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നു. മുസ്ലിംകളല്ലാത്ത രാജ്യനിവാസികളോട് തികഞ്ഞ സഹിഷ്ണുതയോടെയും സ്നേഹത്തോടെയും പെരുമാറി ജനങ്ങള്‍ക്ക് മാതൃകയായി. ഇക്കാരണങ്ങളാല്‍ ഖലീഫയാകുന്നതിന്റെ മുമ്പുതന്നെ ഇസ്ലാമിന്റെ ഉദാത്തമായ മാതൃകയാകുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അബൂബക്കര്‍ സിദ്ദീഖിന്റെ അന്ത്യസമയത്ത് തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഖലീഫക്കും സ്വഹാബികള്‍ക്കും ഏറെ ചിന്തിക്കേണ്ടിവന്നില്ല. അബൂബക്കറിന്റെ തീരുമാനം ജനങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

റോം കീഴടങ്ങുന്നു

ഖലീഫ അബൂബക്കര്‍ സിദ്ദീഖ് മരണപ്പെടുന്ന സമയം യര്‍മൂഖില്‍ ഖാലിദ്ബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ റോമന്‍ സൈന്യവുമായി നിര്‍ണായക യുദ്ധം നടക്കുകയായിരുന്നു. മുസ്ലിം സൈന്യത്തിന്റെ വിജയവാര്‍ത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാന്‍ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. യര്‍മൂഖ് വിജയത്തെത്തുടര്‍ന്ന് റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ കോണ്‍സ്റാന്റിനോപ്പിളിലേക്ക് പലായനം ചെയ്തു. മുസ്ലിം സൈന്യം ശാമിലേക്ക്(സിറിയ) പടയോട്ടം ആരംഭിച്ചു. അബൂഉബൈദയായിരുന്നു സൈന്യാധിപന്‍. ചരിത്രപസിദ്ധമായ ബൈതുല്‍ മഖ്ദിസ് മുസ്ലിം ആധിപത്യത്തിലായത് ഇതിനെത്തുടര്‍ന്നായിരുന്നു.

ക്രൈസ്തവര്‍ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാല്‍ മാത്രമേ ബൈതുല്‍ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് അവിടുത്തെ ഭരണാധികാരികള്‍ ശഠിച്ചു. ഉപരോധം മൂലം പൊറുതിമുട്ടിയ ക്രിസ്ത്യാനികള്‍ മുന്നോട്ടുവെച്ച നിര്‍ദേശം രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടി മുസ്ലിംകള്‍ അംഗീകരിച്ചു. ഖലീഫ മദീനയില്‍നിന്ന് യാത്രചെയ്ത് ബൈതുല്‍മഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്ലിംകളില്‍ ചിലര്‍ താല്‍പര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘വസ്ത്രത്തിലല്ല, ഇസ്ലാമിലാണ് നമ്മുടെ പ്രതാപം.’ ഖലീഫ ബൈതുല്‍മഖ്ദിസില്‍ പ്രവേശിച്ചു. ക്രിസ്ത്യന്‍ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികള്‍ക്ക് സ്വന്തം കൈപ്പടയില്‍തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്ലാമിന് അധീനമായി.

ഖാദിസിയ്യ

പേര്‍ഷ്യന്‍ സാമ്രാജ്യം അധീനമായത് ചരിത്രപ്രസിദ്ധമായ ഖാദിസിയ്യാ യുദ്ധത്തോടുകൂടിയാണ്. ഇറാഖില്‍ ടൈഗ്രീസ് നദിക്കക്കരെ ഖാദിസിയ്യ എന്ന സമതല പ്രദേശത്തുവെച്ച് ഹിജ്റ 15 നും 16 നും ഇടയ്ക്ക് നടന്ന യുദ്ധത്തില്‍ സഅ്ദ് ബ്നു അബീവഖാസ് ആയിരുന്നു മുസ്ലിം സൈന്യത്തിന്റെ അധിപന്‍ . പേര്‍ഷ്യന്‍ സൈന്യത്തിന്റെ നേതൃത്വം പ്രസിദ്ധയോദ്ധാവായ റുസ്തമിനായിരുന്നു. മുസ്ലിംകളുടെ ഭാഗത്ത് മുപ്പതിനായിരത്തോളം സൈനികര്‍ ഉണ്ടായിരുന്നു. അതിന്റെ ഇരട്ടിയിലധികമായിരുന്നു പേര്‍ഷ്യന്‍ സൈന്യം. ഖാദിസിയ്യാ യുദ്ധവിജയത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ തലസ്ഥാനമായ മദാഇന്‍ ഇസ്ലാമിന് കീഴടങ്ങി.

ഫത്ഹുല്‍ ഫുതൂഹ്

പേര്‍ഷ്യന്‍ ചക്രവര്‍ത്തി യസ്ദര്‍ജിര്‍ദ് മൂന്നാമന്‍ ഇസ്ലാമിക രാഷ്ട്രത്തിനെതിരായി ഒരു യുദ്ധത്തിന് ശ്രമം നടത്തി. ഇറാഖിന്റെയും ഇറാന്റെയും അതിര്‍ത്തിയിലുള്ള നഹാവന്ത് എന്ന സ്ഥലത്തുവെച്ച് നുഅ്മാനുബ്നു മുഖ്രിന്റെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം പേര്‍ഷ്യന്‍ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. ഫത്ഹുല്‍ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന പേരില്‍ ഈ യുദ്ധം പ്രസിദ്ധമായി. യുദ്ധം വിജയിച്ചെങ്കിലും നുഅ്മാനൂബ്നു മുഖ്രിന്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷിയായി. തുടര്‍ന്ന് ഇറാന്റെ എല്ലാ പ്രദേശങ്ങളിലേക്കും മുസ്ലിംകള്‍ മുന്നേറി. ഖുറാസാന്‍ വിമോചിപ്പിക്കപ്പെട്ടു. യസ്ദര്‍ജിര്‍ദ് മൂന്നാമന്‍ നാടുവിട്ടു. പേര്‍ഷ്യന്‍സാമ്രാജ്യത്വം ഛിന്നഭിന്നമാകുമെന്ന നബിയുടെ പ്രവചനം പൂര്‍ണമായും യാഥാര്‍ഥ്യമായി ഭവിച്ചു.

ഈജിപ്ത് കീഴടങ്ങുന്നു

ഫലസ്തീന്‍ വിജയത്തിനുശേഷം അംറുബ്നുല്‍ ആസ് സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. ഈജിപ്തിലുണ്ടായിരുന്ന മുസ്ലിംകള്‍ പലവിധ പീഡനങ്ങള്‍ക്കും വിധേയരായിരുന്നു. അവരുടെ മോചനം ലക്ഷ്യം വെച്ച് മുന്നേറിയ അംറുബ്നുല്‍ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫര്‍മാപട്ടണം കീഴടക്കി. തുടര്‍ന്ന് നിരന്തരയുദ്ധം നടന്നു. രണ്ടുമൂന്ന് വര്‍ഷം കൊണ്ട് ഈജിപ്ത് പൂര്‍ണമായും മോചിപ്പിക്കപ്പെട്ടു. നൈല്‍ നദീതീരത്ത് ഫുസ്ത്വാത് എന്ന പേരില്‍ ഒരു പുതിയ നഗരവും മുസ്ലിംകള്‍ പടുത്തുയര്‍ത്തി.

ഭരണകൂടങ്ങള്‍ക്കൊരു ഉജ്ജ്വലമാതൃക

ഉമര്‍ പത്തരവര്‍ഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളില്‍ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തര ഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു. ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിര്‍വഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനല്‍കി ഖുര്‍ആന്റെ വിധിവിലക്കുകളില്‍ ഊന്നിയ ഉമറിന്റെ ഭരണം പില്‍ക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.
ലോകത്ത് തുല്യതയില്ലാത്ത നീതിമാനായ ഭരണാധികാരിയായിരുന്നു ഉമര്‍. സത്യവും അസത്യവും വേര്‍തിരിക്കുന്ന ആള്‍ എന്ന അര്‍ഥത്തില്‍ ഫാറൂഖ് എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ലോകാന്ത്യം വരെയുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃക കൂടിയാണ് ഉമറിന്റെ ഉല്‍കൃഷ്ട ഭരണരീതി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.

നഗരത്തിലും ഗ്രാമത്തിലും സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ട് മനസ്സിലാക്കിയിരുന്നു. യൂഫ്രട്ടീസ് നദീതീരത്ത് ഒരാട്ടിന്‍കുട്ടി പട്ടിണികിടന്നാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ താനതിനു സമാധാനം പറയേണ്ടിവരും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

ഒരിക്കല്‍ ഒരു സ്ത്രീ മകളോട് പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും മകള്‍ വിസമ്മതിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ‘ഖലീഫ ഉമര്‍ കാണുകയില്ല. നീ പാലില്‍ വെള്ളം ചേര്‍ക്കുക’ എന്ന മാതാവിന്റെ കല്‍പന തിരസ്കരിച്ചു കൊണ്ട് മകള്‍ പറഞ്ഞു: ‘ ഖലീഫ ഉമര്‍ കാണുകയില്ലെങ്കിലും അല്ലാഹു കാണില്ലേ ഉമ്മാ!’ സംഭവം നേരിട്ട് ഗ്രഹിക്കാനിടയായ ഖലീഫാ ഉമര്‍ ആ പെണ്‍കുട്ടിയുടെ ദൈവഭക്തിയും ഉന്നതമായ മൂല്യബോധവും കണ്ടറിഞ്ഞ് തന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുകയാണുണ്ടായത്.

ഉമറിന്റെ ഭരണകാലത്ത് വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ശൈശവ പെന്‍ഷന്‍ തുടങ്ങിയവ രാജ്യനിവാസികള്‍ക്ക് വ്യവസ്ഥാപിതമായി അനുവദിക്കുകയുണ്ടായി. എന്നാല്‍ ശിശുക്കള്‍ക്ക് ആദ്യകാലത്ത് മുലകുടി മാറ്റിയ ശേഷമാണ് സഹായ ധനം അനുവദിച്ചിരുന്നത്. ഒരു രാത്രി അദ്ദേഹം മദീനയില്‍ ചുറ്റി നടക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ മാതാവ് പറഞ്ഞു: ‘ഞാന്‍ കുഞ്ഞിന്റെ മുലകുടിമാറ്റാന്‍ ശ്രമിക്കുകയാണ്. മുലകുടി മാറ്റിയശേഷമേ ഖലീഫ ഉമര്‍ കുഞ്ഞുങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ.’

ഉമര്‍ വളരെ ദുഖിതനായി. തന്റെ നിയമം മൂലം എത്ര കുട്ടികള്‍ മുലപ്പാല്‍ കിട്ടാതെ വിഷമിച്ചിട്ടുണ്ടാകുമെന്ന ചിന്ത ഖലീഫയെ അലട്ടി. അദ്ദേഹം നിയമത്തില്‍ ഭേദഗതി വരുത്തുകയും മുഴുവന്‍ ശിശുക്കള്‍ക്കും സഹായധനം നല്‍കുവാന്‍ ഉത്തരവിടുകയും ചെയ്തു.

ലോകചരിത്രത്തില്‍ ഈ പെന്‍ഷന്‍ വ്യവസ്ഥയ്ക്ക് തുല്യമായ ഭരണപരിഷ്കാരം ഉണ്ടായിട്ടില്ലെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഈ പെന്‍ഷന്‍ വ്യവസ്ഥയിലൂടെ ആധുനിക ശൈലിയില്‍ ഒരു ക്ഷേമ രാഷ്ട്രം നിലവില്‍വന്നു.

തരിശായികിടക്കുന്ന ഭൂമി ആരെങ്കിലം കൃഷിയോഗ്യമാക്കിയാല്‍ അത് അവനുള്ളതാണെന്നും കൃഷിഭൂമി മൂന്ന് വര്‍ഷം തരിശായിട്ടാല്‍ അത് ഗവണ്‍മെന്റ് പിടിച്ചെടുത്ത് ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് നല്‍കണമെന്നുമുള്ള നബിയുടെ നിര്‍ദേശം ഉമര്‍ പ്രാവര്‍ത്തികമാക്കി. രാജ്യത്ത് സമൃദ്ധിയും ക്ഷേമവും കളിയാടി.

ഒന്നാം ഖലീഫയെപ്പോലെ ഉമറും പൊതുഖജനാവിലെ ധനം സ്വന്തം ആവശ്യത്തിനുവേണ്ടി ചിലവഴിച്ചിരുന്നില്ല. പൊതുഖജനാവ് ജനങ്ങളുടേതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകണം. പൊതുഖജനാവില്‍നിന്ന് സാധാരണ പൌരന് നല്‍കുന്നതിനു തുല്യമായ വേതനം മാത്രമേ അദ്ദേഹം സ്വീകിരിച്ചിരുന്നുള്ളൂ.

ഒരു സാധാരണ പൌരന്‍ എന്ന നിലക്ക് ഏതൊരാള്‍ക്കും എപ്പോഴും ഖലീയോടു സംസാരിക്കാമായിരുന്നു. എതിര്‍ത്തു സംസാരിച്ചവര്‍ക്കു പോലും ഖലീഫ ക്ഷമാപൂര്‍വം അവസരം നല്‍കിയിരുന്നു. ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുവാന്‍ ഇത് സഹായകമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു.

മറ്റു മതവിശ്വാസികളോട് അദ്ദേഹം തികഞ്ഞ സഹിഷ്ണുതയില്‍ പെരുമാറി. നീതി നടപ്പിലാക്കുന്നതില്‍ മുസ്ലിം ‏‏‏‏‏ അമുസ്ലിം വ്യത്യാസമുണ്ടായിരുന്നില്ല. ഉമര്‍ സാഹിത്യതല്‍പരനായിരുന്നു. പ്രഗത്ഭനായ പ്രസംഗകനായിരുന്നു. കവികളെയും സാഹിത്യകാരന്‍മാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരെ ആദരിക്കുകയും അവരുടെ ഉന്നമനത്തിന് യത്നിക്കുകയും ചെയ്തു.

ജനാധിപത്യ രീതിയിലുള്ള ഭരണസമ്പ്രദായമാണ് ഉമര്‍ രാജ്യത്ത് നടപ്പിലാക്കിയത്. എല്ലാ കാര്യങ്ങളും കൂടിയാലോചനാ സമിതിയില്‍ ഉന്നയിച്ച് ചര്‍ച്ചചെയ്ത് അംഗീകരിച്ചായിരുന്നു നടപ്പിലാക്കിയിരന്നത്. ‘ആലോചനയില്ലാതെ ഖിലാഫത്തില്ല’ എന്ന് ഉമര്‍ പ്രഖ്യാപിച്ചു. ‘ഒരാളുടെ അഭിപ്രായം ഒറ്റയിഴ നൂലുപോലെയാണ്. രണ്ടാളുടേത് പിരിച്ച ഈരിഴ പോലെയും മൂന്നാളുടേത് പൊട്ടാത്ത പാശം പോലെയുമാണ്.’ ഈ വാക്കുകള്‍ അദ്ദേഹം പ്രവര്‍ത്തിയിലൂടെ യാഥാര്‍ഥ്യമാക്കി.

ഉമറിന്റെ ഭരണ പരിഷ്കാരങ്ങള്‍

1. രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.

2. പ്രവിശ്യകളുടെ മേല്‍നോട്ടത്തിന് ഗവര്‍ണര്‍മാരെയും ന്യായാധിപന്മാരെയും നിയമിച്ചു. സൈനിക നേതൃത്വവും മതനേതൃത്വവും ഗവര്‍ണറില്‍ നിക്ഷിപ്തമായിരുന്നു.

3. പ്രവിശ്യകളെ ജില്ലകളായി തിരിച്ചു. പ്രവിശ്യാഗവര്‍ണര്‍ ‘വലിയ്യ്’, ‘അമീര്‍’ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ജില്ലാ ഭരണമേധാവി ആമില്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

4. പട്ടാളക്കാരുടെ നിയമം, ശമ്പളത്തുക, പെന്‍ഷന്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാളവകുപ്പിന് രൂപം നല്‍കി.

5. കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതുഖജനാവ് സമ്പ്രദായം (ധനകാര്യവകുപ്പ്) സ്ഥാപിച്ചു.

6. സകാതിനത്തിലും മറ്റും ശേഖരിക്കുന്ന ധനം ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിച്ചു.

7. കുറ്റവാളികളെ പിടികൂടുക, ജനങ്ങളുടെ പരാതികള്‍ അന്വേഷിച്ചറിയുക, യാത്രാസംഘങ്ങള്‍ക്കു സംരക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിനായി പോലീസ്വകുപ്പ് ഏര്‍പ്പെടുത്തി.

8. നാണയവ്യവസ്ഥ പരിഷ്കരിച്ചു.

9. കോടതി സ്ഥാപിച്ചു.

10. അടിമത്തം ഇല്ലാതാക്കാന്‍ തീവ്രശ്രമം നടത്തി. നബിയുടെ വചനങ്ങളും മാതൃകകളും പ്രയോഗവത്കരിച്ചു.

11. ജയിലുകള്‍ സ്ഥാപിച്ചു

12. രാജ്യത്ത് വ്യവസ്ഥാപിതമായി തപാല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി.

13. നികുതി നിര്‍ണയിക്കാനായി കൃഷിഭൂമിയുടെ കണക്കെടുത്തു.

14. അളവിലും തൂക്കത്തിലും കൃത്രിമത്വം തടയാനും അങ്ങാടിനിലവാരം പരിശോധിക്കാനും സംവിധാനങ്ങളുണ്ടാക്കി.

15. പ്രവിശ്യകളിലെ ജനങ്ങളുടെ കണക്കെടുത്തു.

16. ഇമാം, മുഅദ്ദിന്‍ എന്നിവര്‍ക്ക് ശമ്പളം നിശ്ചയിച്ചു.

17. വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അധ്യാപകര്‍ക്ക് പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കി.

18. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ നിര്‍മിച്ച് ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി.

19. ബസ്വറ, കൂഫ, ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങള്‍ പണിതുയര്‍ത്തി.

20. ഹിജ്റ അടിസ്ഥാനമാക്കി ഒരു പുതിയ കലണ്ടര്‍ നടപ്പില്‍ വരുത്തി. ഹിജ്റ പതിനാറാം വര്‍ഷമാണ് ഈ കലണ്ടര്‍ ആരംഭിച്ചത്.

21. കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി കനാലുകള്‍ നിര്‍മിച്ചു. പൊതുകിണറുകളും അഥിതി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിര്‍മിച്ചു.

22. ജനങ്ങള്‍ക്ക് പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി.

23. ഖലീഫക്ക് അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. തുടര്‍ന്നു വന്ന ഖലീഫമാരും ഈ പേര് നിലനിര്‍ത്തിയതായി കാണാം.

ശത്രുക്കളുടെ ഗൂഢാലോചനയും അന്ത്യവും

ഉമര്‍ മസ്ജിദുന്നബവിയില്‍ സുബഹ് നമസ്കാരത്തിന് നേതൃത്വം നല്‍കുകയായിരുന്നു. മുന്‍നിരയില്‍ നിലയുറപ്പിച്ച പേര്‍ഷ്യക്കാരനായ ഫൈറൂസ് അബൂലുഅ്ലുഅ് മജൂസി ഉമറിനെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി.

പേര്‍ഷ്യന്‍ പടനായകനായിരുന്ന ഹുര്‍മുസാനും ഹീറയിലെ ക്രിസ്ത്യന്‍ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുല്‍ അഹ്ബാറും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ നീചകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

ആസന്നമരണനായി കിടക്കുമ്പോള്‍ അദ്ദേഹം തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ പ്രഗത്ഭരായ ആറ് സ്വഹാബികള്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തി. അവരില്‍ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കുവാന്‍ നിര്‍ദേശിച്ചു. ഇസ്ലാമിന് ഉജ്ജ്വല സേവനങ്ങള്‍ അര്‍പ്പിച്ചവരും സ്വര്‍ഗസ്ഥരാവുമെന്ന് നബി സുവാര്‍ത്തയറിയിച്ചവരുമായ സ്വഹാബിവര്യന്മാരില്‍ അന്ന് ജീവിച്ചിരിക്കുന്നവരായിരുന്നു ഇവര്‍. ഉഥ്മാന്‍, അലി, ത്വല്‍ഹ, സുബൈര്‍, സഅദ്, അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു സമിതി.

ഗുരുതരമായി പരിക്കേറ്റ അമീറുല്‍ മുഅ്മിനീന്‍ അടുത്തദിവസം ഹി. 23 ദുല്‍ഹജ്ജ് 26 ന് ഈ ലോകത്തോട് വിടപറഞ്ഞു. നബിയുടെയും അബൂബക്കറിന്റെയും ഖബറിന് സമീപം ഉമറിനെയും ഖബറടക്കി.

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)

അബൂബകര്‍ സിദ്ദീഖ്(ഭരണം: ഹി. 11 ‏‏‏‏‏ 13, ക്രി. 632 ‏‏‏‏‏ 634)

ഇസ്ലാമിക ചരിത്രത്തില്‍ അബൂബകര്‍സിദ്ദീഖിന് മഹത്തായ സ്ഥാനമാണുള്ളത്. ഇസ്ലാമിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും വേണ്ടി കഠിനത്യാഗം ചെയ്തവരില്‍ നബികഴിഞ്ഞാല്‍ പ്രമുഖസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുതന്നെ മക്കയില്‍ നബിയുടെ സന്തതസഹചാരിയും ആത്മസുഹൃത്തുമായിരുന്നു അബൂബക്കര്‍. പ്രവാചകത്വം ലഭിച്ചപ്പോള്‍ ആദ്യമായി ഇസ്ലാം ആശ്ളേഷിച്ച പുരുഷനും അദ്ദേഹമായിരുന്നു. നബിയുടെ ജനനത്തിനുശേഷം രണ്ടു വര്‍ഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് മക്കയില്‍ ഖുറൈശീതമീംവംശത്തില്‍ അബൂബക്കര്‍ ജനിച്ചു. പിതാവ് ഉഥ്മാന്‍ അബൂഖുഹാഫയും മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാബിന്‍ത് സ്വഖ്റും ആയിരുന്നു. അബ്ദുല്‍ കഅ്ബ എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. നബി ഈ പേരിനു പകരം അബ്ദുല്ല എന്ന് വിളിച്ചു. ഇസ്ലാമിലേക്ക് ആദ്യമായി കടന്നുവന്ന പുരുഷന്‍ എന്ന നിലക്ക് അബൂബക്കര്‍ എന്ന് പിന്നീട് അറിയപ്പെട്ടു. നബിയുടെ ഓരോ വാക്കും സംശയലേശമന്യേ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ സിദ്ദീഖ് എന്ന നാമം ലഭിച്ചു. പില്‍ക്കാലത്ത് അബൂബക്കര്‍ സിദ്ദീഖ് എന്ന പേരില്‍ വിഖ്യാതനായി.

നബിയോടൊപ്പം

ഇസ്ലാം സ്വീകരിച്ച ശേഷം അബൂബക്കറിന് നബിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. പലപ്പോഴും സ്വന്തം കച്ചവടം പോലും മാറ്റിവെച്ച് നബിയോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തന്റെ സമ്പത്തു മുഴുവന്‍ ഇസ്ലാമിക പ്രവര്‍ത്തനത്തിനുവേണ്ടി അദ്ദേഹം വിനിയോഗിച്ചു. അബൂബക്കറിന്റെ സമ്പത്ത് പ്രയോജനപ്പെട്ടതുപോലെ മറ്റാരുടെയും സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്ന് നബി ഒരിക്കല്‍ പറയുകയുണ്ടായി.

മക്കയില്‍ നിരന്തരം ഖുറൈശികളുടെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ഘട്ടത്തില്‍ അബ്സീനിയയിലേക്ക് ഇതര സ്വഹാബികളോടൊപ്പം പോകുവാന്‍ തയ്യാറായി. എന്നാല്‍ അബൂബക്കറിനെപ്പോലുള്ള ഒരാള്‍ മക്കയില്‍നിന്നും പോകുവാന്‍ പാടില്ല എന്നു ശഠിച്ച മക്കയിലെ വര്‍ത്തകപ്രമാണിയായ ഇബ്നുദുഗ്ന അദ്ദേഹത്തിനു അഭയം നല്‍കി. നാട്ടിലെ പ്രമുഖര്‍ ആര്‍ക്കെങ്കിലും അഭയം നല്‍കിയാല്‍ അത് എല്ലാവരും മാനിക്കണമെന്നായിരുന്നു അറേബ്യയിലെ നിയമം. എതിര്‍പ്പുകളെ അവഗണിച്ച് പരസ്യമായി അല്ലാഹുവിനെ ആരാധിക്കുവാന്‍ തന്റെ വീട്ടുമുറ്റത്ത് ഒരു പള്ളി പണിയുവാന്‍ പോലും അദ്ദേഹം ധൈര്യം കാണിച്ചു. ഖുറൈശികള്‍ ഇതു കണ്ട് ഇളകി വശായി.

പരസ്യമായി നമസ്കരിച്ചത് അഭയം നല്‍കിയ ഇബ്നുദുഗ്നക്കും പിടിച്ചില്ല. അയാള്‍ അഭയം പിന്‍വലിച്ചു. തനിക്ക് അല്ലാഹുവിന്റെ അഭയം മാത്രം മതിയെന്ന് പരസ്യമായി പറഞ്ഞ അബൂബക്കര്‍ ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ തുടരവേ ഇസ്ലാമിക പ്രബോധനങ്ങളിലും ആരാധനകളിലും മുഴുകി നബിയോടൊപ്പം ഉറച്ചുനിന്നു.

ഉമയ്യ്ത്തുബ്നുഖലഫ് എന്ന ഖുറൈശീ പ്രമാണിയുടെ പീഡനത്തില്‍നിന്നും അടിമയായ ബിലാലിനെ വിലക്കുവാങ്ങി മോചിപ്പിച്ചു. കൂടാതെ നിരവധി അടിമകളെ മോചിപ്പിക്കുവാന്‍ അബൂബക്കര്‍ തന്റെ ധനം വിനിയോഗിച്ചു. തന്റെ കൂട്ടുകാരായിരുന്ന ഉസ്മാനുബനുഅഫ്ഫാന്‍ സുബൈറുബ്നുല്‍ അവ്വാം, സഅദ്ബ്നു അബീവഖാസ്, അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹതുബ്നു ഉബൈദില്ല, അബൂഉബൈദത്തുല്‍ ജര്‍റാഹ് എന്നീ പ്രമുഖര്‍ ഇസ്ലാം ആശ്ളേഷിച്ചത് അബൂബക്കര്‍ സിദ്ദീഖ് മുഖേനയാണ്.

മക്കയില്‍നിന്നും മദീനയിലേക്ക് ഹിജ്റയില്‍ നബിയെ അനുഗമിച്ചത് അബൂബക്കര്‍ സിദ്ദീഖ് ആയിരുന്നു. യാത്രാമധ്യേ ശത്രുക്കളുടെ ദൃഷ്ടിയില്‍പ്പെടാതിരിക്കാന്‍ ഥൌര്‍ പര്‍വ്വതത്തിലെ ഗുഹയില്‍ ഇരുവരും ഒളിച്ചിരുന്നു. ഈ സംഭവം ഖുര്‍ആനില്‍ ഇപ്രകാരം പ്രതിപാദിച്ചിരുന്നു. “സത്യനിഷേധികള്‍ അദ്ദേഹത്തെ (നബിയെ) പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍ അവര്‍ ഇരുവരും ആ ഗുഹയിലായിരുന്നപ്പോള്‍ അദ്ദേഹം തന്റെ സഖാവിനോട് ദു‏‏ഃഖിക്കാതിരിക്കുക. അല്ലാഹു നമ്മോടൊപ്പമുണ്ട് എന്നു പറഞ്ഞു. ആ സമയം അല്ലാഹു അവങ്കല്‍നിന്നുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുത്തു. നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു സൈന്യത്താല്‍ അദ്ദേഹത്തെ ബലപ്പെടുത്തി” (തൌബ: 40)അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിച്ച സഖാവ് അബൂബക്കര്‍ സിദ്ദീഖ് (റ) ആയിരുന്നു.

സമ്പത്ത് മുഴുവന്‍ ദൈവിക മാര്‍ഗത്തില്‍

മക്കാജീവിതത്തില്‍ അബൂബകര്‍ തന്റെ സമ്പത്ത് നിര്‍ലോഭം വിനിയോഗം ചെയ്തിരുന്നു. തബൂഖ് യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുന്ന സമയം. സ്വഹാബികള്‍ ഓരോരുത്തരായി സംഭാവനകള്‍ കൊണ്ടുവന്നു തുടങ്ങി. അബൂബകര്‍ സിദ്ദീഖും സംഭാവന നല്‍കി. “ഇനിയും എന്താണ് വീട്ടിലുള്ളത്?” നബി ചോദിച്ചു. ‘അല്ലാഹുവും അവന്റെ റസൂലും’ എന്നായിരുന്നു അബൂബക്കറിന്റെ മറുപടി. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ആ ധന്യജീവിതത്തിലുടനീളം കാണാന്‍ കഴിയും.

ഖലീഫയായി ചുമതലയേല്‍ക്കുന്നു

അബൂബകര്‍സിദ്ദീഖ്(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിവസം മസ്ജിദുന്നബവിയില്‍ വെച്ച് മുസ്ലിംകള്‍ അദ്ദേഹത്തിന് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു. അങ്ങനെ അദ്ദേഹം മദീനയില്‍ നബിക്കുശേഷം ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രഥമഖലീഫയായി.

ബൈഅത്തിനുശേഷം അദ്ദേഹം ചെയ്ത ചരിത്രപ്രസിദ്ധമായ പ്രസംഗം ഒരു ഉത്തമഭരണാധികാരിയുടെ ചുമതലകളും ബാധ്യതകളും പൊതുജനങ്ങളുടെ അവകാശങ്ങളും വിവരിച്ചുകൊണ്ടുള്ളതായിരുന്നു. അതിപ്രകാരം വായിക്കാം:

‘ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും യോഗ്യന്‍ ഞാനല്ല. ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. തെറ്റായ വഴിക്കു പോവുകയാണെങ്കില്‍ എന്നെ നേരെയാക്കുക. നിങ്ങളില്‍ ദുര്‍ബലരായവര്‍ അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുവോളം എന്നെ സംബന്ധിച്ചിടത്തോളം ശക്തരായിരിക്കും. നിങ്ങളില്‍ ശക്തരായിട്ടുള്ളവര്‍ അവരില്‍നിന്നും മറ്റുള്ളവരുടെ അവകാശങ്ങള്‍ വാങ്ങുവോളം എന്നെ സംബന്ധിച്ചിടത്തോളം ദുര്‍ബലരുമായിരിക്കും. ഞാന്‍ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. ഞാന്‍ അവരെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല.’

ഒരു മുസ്ലിം ഭരണാധികാരി ഇസ്ലാമിക രാഷ്ട്രത്തില്‍ എങ്ങനെയാണ് ഭരണം നടത്തേണ്ടതെന്ന് ഈ ലഘുപ്രസംഗത്തില്‍നിന്ന് വ്യക്തമാകുന്നു. ഭരണാധികാരിക്ക് സന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് താന്തോന്നിയായി ഭരണം നടത്തുക സാധ്യമല്ല. ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ഭരണം നടത്തുവാന്‍ അയാള്‍ ബാധ്യസ്ഥനാണ്. മറിച്ചായാല്‍ ഭരണാധികാരിയോട് നിസ്സഹകരിക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട അവകാശബാധ്യതകള്‍ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ മൌലിക തത്വങ്ങളാണ്. തുടര്‍ന്നു വന്ന ഖലീഫമാരും തങ്ങളുടെ മാര്‍ഗനിര്‍ദേശകതത്വങ്ങളായി ഇവ സ്വീകരിച്ചതായി കാണാവുന്നതാണ്.

അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണം

അബൂബക്കര്‍ സിദ്ദീഖ് ഭരണസാരഥ്യം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ചെയ്തത് ആഭ്യന്തര രംഗം ഭദ്രമാക്കലായിരുന്നു. മുഹമ്മദ് നബിയുടെ കാലത്തുതന്നെ അറേബ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ വരുതിയിലായിക്കഴിഞ്ഞിരുന്നെങ്കിലും ചില പ്രദേശക്കാര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇസ്ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവരും ഇസ്ലാം ആശ്ളേഷിച്ചവരില്‍ ഉണ്ടായിരുന്നു. ഇവര്‍ നബിയുടെ മരണശേഷം കലാപത്തിനു മുതിര്‍ന്നു. ചില ഗോത്രങ്ങള്‍ നബിയുടെ കാലത്ത് രാഷ്ട്രത്തിനു നല്‍കിയ സക്കാത്ത് നല്‍കുന്നതില്‍ വിമുഖത കാണിച്ചു. യമാമക്കാരനായ മുസൈലിമ പ്രവാചകത്വവാദവുമായി രംഗത്തുവന്നു. വ്യാജപ്രവാചകനായതുകൊണ്ട് മുസൈലിമത്തുല്‍കദ്ദാബ് എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ ഇയാള്‍ അറിയപ്പെടുന്നത്.

ഈ കലാപക്കാരെ നേരിടുകയാണ് അബൂബക്കറിന് ആദ്യമായി ചെയ്യാനുണ്ടായിരുന്നത്. സകാത്ത് നിഷേധികളെ ഖലീഫ കരുതലോടെ വീക്ഷിച്ചു. ഇസ്ലാമിക രാഷ്ട്രത്തിന്റ ബൈതുല്‍മാലിലേക്ക് സകാത് നല്‍കാതിരിക്കുന്നത് രാഷ്ട്രത്തില്‍നിന്ന് വേറിട്ടു പോകുന്നതിനു തുല്യമായിരുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിനു നല്‍കിയ ഒരു ഒട്ടകക്കയറാണ് എനിക്കു നിഷേധിക്കുന്നതെങ്കില്‍പോലും അതിന്റെ പേരില്‍ അവര്‍ക്കെതിരെ ഞാന്‍ യുദ്ധം ചെയ്യും.”

എത്ര ധീരമായ പ്രഖ്യാപനം! കലാപം മുളയിലേ നുള്ളിക്കളയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുസൈലിമ, തുലൈഹ, അസ്വദുല്‍ അന്‍സി എന്നിവര്‍ കള്ളപ്രവാചക വാദവുമായി രംഗത്തുവന്നു. ഇവരില്‍ പ്രമുഖന്‍ അബൂഹനീഫ ഗോത്രക്കാരനായ മുസൈലിമയായിരുന്നു. വ്യാജപ്രവാചകത്വവാദവുമായി രംഗപ്രവേശനം ചെയ്ത ക്രിസ്ത്യന്‍ സ്ത്രീയായ സജാഹിനെ മുസൈലിമ വിവാഹം കഴിച്ചു.

മുസൈലിമ 40000 ത്തോളം വരുന്ന സൈന്യത്തെ സംഘടിപ്പിച്ചു. അവരെ നേരിടാന്‍ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ഖലീഫ അയച്ചു. യമാമ എന്ന സ്ഥലത്തുവെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. ധീരനായ ഖാലിദുബ്നുല്‍ വലീദിന്റെ നിര്‍ണായകവും തന്ത്രപരവുമായ നീക്കത്താല്‍ ശത്രുസൈന്യം പരാജയപ്പെട്ടു. മുസൈലിമ കൊല്ലപ്പെട്ടു. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടായ യമായ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമുള്ള എഴുന്നൂറോളം സ്വഹാബികള്‍ രക്തസാക്ഷികളായതായി റിപ്പര്‍ട്ടുകളുണ്ട്.

ഖൈസര്‍ ‏‏‏‏‏ കിസ്റ ഭരണങ്ങളുടെ അന്ത്യം

അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ അക്കാലത്ത് വലിയ സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നു. അവയിലൊന്നായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം. പേര്‍ഷ്യന്‍ ഭരണാധികാരി കിസ്റ (ഖുസ്രു) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. രണ്ടാമത്തെ ഭരണകൂടമായിരുന്നു റോം അഥവാ ബൈസന്റയിന്‍. റോമന്‍ ചക്രവര്‍ത്തി കൈസര്‍ അഥവാ സീസര്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി വിവിധ നാടുകളിലേക്ക് കത്തുകളയച്ചിരുന്നു. പേര്‍ഷ്യന്‍ രാജാവായ കുസ്രുപര്‍വേശ് നബിയുടെ കത്ത് ചീന്തിക്കളയുകയാണുണ്ടായത്. ഈ വിവരമറിഞ്ഞ നബി ഖുസ്രുവിന്റെ രാജ്യവും ഇപ്രകാരം ചീന്തപ്പെടുമെന്ന് പ്രവചിക്കുകയുണ്ടായി. അഗ്നിയാരാധകരായ ഇവര്‍ അറബികളോട് കടുത്ത പകയും വിദ്വേഷവും ഉള്ളവരായിരുന്നു. ഖലീഫ പേര്‍ഷ്യക്കാരെയും റോമക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു. ക്ഷണം നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഇസ്ലാമിക രാഷ്ട്രത്തിന്റെ ആധിപത്യത്തിനു വഴങ്ങി കപ്പം നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഈ ഉപാധിയും തിരസ്കരിക്കപ്പെട്ടു.

ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോമന്‍ ‏‏‏‏‏ പേര്‍ഷ്യന്‍ സൈന്യങ്ങള്‍ ഇടക്കിടെ ആക്രമണം നടത്തിയിരുന്നു. അവരുടെ ആക്രമണത്തില്‍നിന്ന് മുസ്ലിംകള്‍ക്ക് സുരക്ഷിതത്വം നല്‍കാനും അടുത്ത പ്രദേശങ്ങളില്‍ നിര്‍ഭയമായി ഇസ്ലാമികപ്രബോധനം നിര്‍വഹിക്കനുള്ള സാഹചര്യം ഒരുക്കാനും ഇസ്ലാമിക രാഷ്ട്രം ബാധ്യസ്ഥമായിരുന്നു. ഇക്കാരണത്താല്‍ റോമാ പേര്‍ഷ്യന്‍ സൈന്യങ്ങളുമായി ഏറ്റുമുട്ടല്‍ അനിവാര്യമായിത്തീര്‍ന്നു.

നബി മരണപ്പെടുന്നതിനു തൊട്ടുമുമ്പ് അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ റോമന്‍ സൈന്യം നടത്തിക്കൊണ്ടിരുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് 18 വയസ്സു മാത്രമുള്ള ഉസാമത് ബ്നു സൈദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സജ്ജമാക്കിയിരുന്നു. അബൂബക്കര്‍ സിദ്ദീഖ് ഖലീഫയായ ശേഷവും റോമക്കാരുടെ അക്രമം തുടര്‍ന്നു. നബിയുടെ കല്‍പനപ്രകാരം സജ്ജമാക്കിയിരുന്ന സൈന്യത്തെ അദ്ദേഹം ലക്ഷ്യസ്ഥാനത്തേക്കയച്ചു.

അതിര്‍ത്തി പ്രദേശങ്ങളിലെ അറബികള്‍ മുസ്ലിംകളായതോടെ പേര്‍ഷ്യന്‍ ഉപദ്രവം പൂര്‍വാധികം ശക്തിപ്പെട്ടു. അറബികളുടെ സഹായാഭ്യര്‍ഥന പരിഗണിച്ച ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം പേര്‍ഷ്യക്കാരുമായി ഏറ്റുമുട്ടി. പേര്‍ഷ്യക്കാര്‍ അടിമകളാക്കിയ മുസ്ലിംകളെ മോചിപ്പിച്ചു. നിരവധി പട്ടണങ്ങള്‍ കീഴടക്കി. പേര്‍ഷ്യന്‍ രാജാവായ ഖുസ്രുപര്‍വേസിന്റെ രാജ്യം ഛിന്നഭിന്നമാകത്തക്കവിധം കനത്ത ആഘാതമാണ് പേര്‍ഷ്യക്കാര്‍ക്കുണ്ടായത്. ധീരനായ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം പേര്‍ഷ്യക്കാരുടെ മേല്‍ നിര്‍ണായക വിജയം കൈവരിച്ചു. ഖുസ്രുവിന്റെ രാജ്യം ചീന്തപ്പെടുമെന്ന നബിയുടെ പ്രവചനം ഇവിടെ യാഥാര്‍ഥ്യമായി ഭവിച്ചു.

റോമക്കാരുടെ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ പുറപ്പെട്ട സൈന്യം യര്‍മൂഖില്‍ വെച്ച് റോമന്‍ സൈന്യവുമായി ഏറ്റുമുട്ടി. ശുറഹ്ബീലുബ്നുഹസന, അബൂഉബൈദ, അംറുബ്നുല്‍ആസ്, യസീദുബ്നു അബൂസുഫ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ യര്‍മൂഖ് യുദ്ധം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായ ഖാലിദുബ്നുല്‍ വലീദ് ഖലീഫയുടെ നിര്‍ദേശപ്രകാരം യര്‍മൂഖിലെത്തി. ഇദ്ദേഹം സൈനിക നേതൃത്വം ഏറ്റെടുത്തു. ഒരു ലക്ഷത്തിലധികം വരുന്ന റോമന്‍ സൈന്യത്തെ നാല്‍പ്പതിനായിരത്തോളം വരുന്ന മുസ്ലിം സൈന്യം ദയനീയമായി പരാജയപ്പെടുത്തി. സൈന്യാധിപനായിരുന്ന ഖാലിദുബ്നുല്‍വലീദിന്റെ ധീരവും തന്ത്രപരവുമായ സൈനിക നീക്കങ്ങള്‍ യര്‍മൂഖ് യുദ്ധം വിജയിക്കുവാന്‍ പ്രധാന കാരണമായിരുന്നു. ഈ യുദ്ധത്തോടുകൂടി സിറിയ, ഫലസ്ഥീന്‍ പ്രദേശങ്ങളുടെ വാതിലുകള്‍ മുസ്ലിംകള്‍ക്കായി തുറക്കപ്പെട്ടു.

ഖുര്‍ആന്‍ ക്രോഡീകരണം

പരിശുദ്ധഖുര്‍ആന്‍ ക്രോഡീകരണമാണ് അബൂബകര്‍ സിദ്ദീഖിന്റെ മറ്റൊരു പ്രധാന നേട്ടം. നബിയുടെ കാലത്തുതന്നെ ഖുര്‍ആന്‍ ആയിരക്കണക്കിന് സ്വഹാബികള്‍ മനഃപാഠമാക്കിയിരുന്നെങ്കിലും ഒരു ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ നിരവധി സ്വഹാബികള്‍ യമാമായുദ്ധത്തില്‍ രക്തസാക്ഷികളായി. ഈ സംഭവത്തെത്തുടര്‍ന്ന് ഉമര്‍ നിര്‍ദേശിച്ചതനുസരിച്ച് നബിയുടെ വഹ്യ് എഴുത്തുകാരനായിരുന്ന സയ്ദുബ്നുസാബിതിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കുന്നതിന്റെ ചുമതല ഏല്‍പ്പിച്ചു. അവര്‍ സ്വഹാബികള്‍ മനഃപ്പാഠമാക്കിയിരുന്ന ഖുര്‍ആന്‍ സൂക്തങ്ങളും വഹ്യ് സമയത്ത് രേഖപ്പെടുത്തിയിരുന്ന മുഴുവന്‍ ലിഖിത രൂപങ്ങളും വളരെ സൂക്ഷമമായി പരിശോധിച്ച് പരിശുദ്ധഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ എഴുതിത്തയ്യാറാക്കി.

ജിസ്യ

മുസ്ലിംകള്‍ക്ക് സകാത് നിര്‍ബന്ധമാക്കിയതുപോലെ അമുസ്ലിംകളില്‍നിന്നും ജിസ്യ പിരിച്ചെടുക്കുകയുണ്ടായി. മുസ്ലിംകളല്ലാത്തവര്‍ക്ക് രാഷ്ട്രം പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. ഇവരില്‍ സൈനികസേവനത്തിന് തയ്യാറാകുന്നവരില്‍നിന്നും ജിസ്യ ഈടാക്കിയിരുന്നില്ല. സകാതും ജിസ്യയും രാഷ്ട്രനിവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ക്ഷേമരാഷ്ട്രത്തിന്റെ പദവിയിലേക്ക് ഇസ്ലാമിക രാഷ്ട്രത്തെ ഉയര്‍ത്തുകയും ചെയ്തു.

അബൂബക്കറിന്റെ അന്ത്യം

വാര്‍ധക്യസഹജമായ അനാരോഗ്യം മൂലം തന്റെ അന്ത്യം അടുത്തു എന്നു മനസ്സിലാക്കിയ അബൂബക്കര്‍ പ്രമുഖ സ്വഹാബിവര്യന്മാരുമായി അടുത്ത ഖലീഫ ആരായിരിക്കണമെന്നതു സംബന്ധിച്ച് കൂടിയാലോചിച്ചു. ഉമറുബ്നുല്‍ ഖത്വാബിനെ നിശ്ചയിക്കുന്നതിന് അവര്‍ അനുകൂലമായിരുന്നു. അബൂബക്കര്‍ സിദ്ദീഖ് മരണത്തിനുമുമ്പ് ഉമറിനെ അടുത്ത ഖലീഫയായി നിശ്ചയിച്ചുകൊണ്ട് ഒസ്യത്ത് എഴുതുകയും മസ്ജിദുന്നബവിയില്‍ മുസ്ലിംകളെ വിളിച്ചുകൂട്ടി അവരുടെ അംഗീകാരം തേടുകയും ചെയ്തു.

ജനങ്ങളോട് അദ്ദേഹം ചോദിച്ചു: ‘എന്റ കുടുംബക്കാരായ ആരെയുമല്ല, ഉമറിനെയാണ് ഞാന്‍ ഖലീഫയാക്കിയിട്ടുള്ളത്. നിങ്ങള്‍ക്കതു സമ്മതം തന്നെയല്ലേ? ജനങ്ങള്‍ ഏകസ്വരത്തില്‍ അദ്ദേഹത്തിന്റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. ഹിജ്റ പതിമൂന്നാം വര്‍ഷം ജമാദുല്‍ ആഖിര്‍ 22 ന് രോഗബാധിതനായ അബൂബക്കര്‍ സിദ്ദീഖ് ഈ ലോകത്തോട് വിടപറഞ്ഞു.

ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)