Category Archives: Book review

ഇസ് ലാമിക പ്രസ്ഥാനങ്ങളും അറബ് ലോകത്തെ രാഷ്ട്രീയവും

ഇസ് ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഏത് ചര്‍ച്ചയും ആദ്യം ഇഖ് വാനുല്‍ മുസ് ലിമൂന്‍ എന്ന സംഘടനയില്‍ നിന്നായിരിക്കും ആരംഭിക്കുക. 1928 ല്‍ ഹസനുല്‍ ബന്ന രൂപീകരിച്ച ഈ പ്രസ്ഥാനത്തിന്റെ അറബ് ലോകത്തെ വളര്‍ച്ചയും വ്യാപതിയും സ്വാധീനവും അത്രയേറെയുണ്ട്. രാഷ്ട്രീയ ഇസ് ലാം എന്ന സംജ്ഞ ആധുനിക ലോകത്ത്, ഇസ് ലാമിനകത്തും പുറത്തുമുള്ള ബുദ്ധിജീവികള്‍ക്കും ഇസ് ലാം അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കും വിഷയീഭവിച്ചത്, ഇഖ് വാനുല്‍ മുസ് ലിമൂന്റെ ആവിര്‍ഭാവത്തോടെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അറബ് ഇസ് ലാമിക അടിസ്ഥാനങ്ങളില്‍ നിന്ന് ഊര്‍ജ്ജമെടുത്ത് വളരെ വ്യവസ്ഥാപിതമായും അച്ചടക്കത്തോടെയും, ജീവിതത്തിന്റെ സമഗ്രമേഖലകളിലും ഇസ് ലാമിന്റെ അടിസ്ഥാനങ്ങളില്‍ ജീവിതത്തെ ക്രമപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും രീതികളും പടിഞ്ഞാറിനെ അരിശം കൊള്ളിച്ചതില്‍ അത്ഭുതപ്പെടാനില്ല. കാരണം, അതുവരെയും അവര്‍ കണ്ട ഇസ് ലാമായിരുന്നില്ല ഈ പ്രസ്ഥാനം മുന്നോട്ടു വെച്ചത്. രാഷ്ട്രീയ ഭരണ മേഖലകളില്‍ ഇടപെടുന്ന, കൃത്യമായ കാഴ്ച്ചപ്പാടുകളുള്ള, അധിനിവേശത്തെ ചെറുക്കുന്ന ഒരിസ് ലാമിനെ ഇരുപതാം നൂറ്റാണ്ടിലെ പടിഞ്ഞാറ് അതുവരെ കണ്ടിരുന്നില്ല എന്നതാണ് സത്യം. രാഷ്ട്രീയ ഇസ് ലാമിന്റെ ആളുകളായി പടിഞ്ഞാറ് ഇഖ് വാനുല്‍ മുസ് ലിമീനെ പരിചയപ്പെടുത്താന്‍ തുടങ്ങിയത് അവിടം മുതലാണ്.
ഇഖ് വാനുല്‍ മുസ് ലിമൂന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പ്രസ്ഥാനത്തിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത നാടുകളില്‍ വിഭിന്നമായ മുഖങ്ങളോടെയായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം അനുവദനീയമല്ല എന്ന് അഭിപ്രായം വെച്ചു പുലര്‍ത്തിയിരുന്ന പ്രസ്ഥാനങ്ങളും ഇന്നത് അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് നാഥാന്‍ ബറാവാന്റെ ‘അല്‍ മുശാറക ലാ അല്‍ മുഗാലബ: അല്‍ഹറകാത്തുല്‍ ഇസ് ലാമിയ വസിയാസിയ ഫില്‍ ആലമില്‍ അറബി’ എന്ന ഗ്രന്ഥം പ്രസക്തമാവുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഫലസ്തീന്‍ എന്നീ നാല് അറബ് രാജ്യങ്ങളിലെ ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ രീതിയെ കുറിച്ചു ഗ്രന്ഥകര്‍ത്താവ് ഇതില്‍ പ്രതിപാദിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഈ പ്രസ്ഥാനങ്ങളുടെ നിലവിലെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ അവസ്ഥാവിശേഷം, പാര്‍ലമെന്റില്‍ അവരുടെ സീറ്റുകളുടെ എണ്ണം, അവരുടെ പ്രവര്‍ത്തന രീതി, തുടങ്ങി പ്രസ്ഥാനങ്ങളുടെ പുതിയ നയ പരിപാടികളെ കുറിച്ചും വിവരണങ്ങള്‍ ഉണ്ട്.

ഇസ് ലാമിസ്റ്റുകള്‍ രാഷ്ട്രീയത്തിനും നിഷ്‌ക്രിയത്വത്തിനുമിടയില്‍
ഇഖ് വാനുല്‍ മുസ് ലിമൂന്‍ സ്ഥാപക നേതാവ്, പ്രസ്ഥാന രൂപീകരണത്തിന്റെ തുടക്കത്തിലേ വ്യക്തമാക്കിയതാണ്, എല്ലാത്തരത്തിലുമുള്ള പരിഷ്‌കരണ സ്വഭാവമുള്ള ഒരാദര്‍ശ പ്രസ്ഥാനമാണിതെന്ന്. സലഫീ, സൂഫീ, സാംസ്‌കാരിക, സാമ്പത്തിക, കലാ, കായിക മേഖലകളുള്‍ക്കൊള്ളുന്ന പ്രസ്ഥാനമെന്നാണ് അദ്ദേഹം പ്രസ്ഥാനത്തെ വിവക്ഷിച്ചത്. രാഷ്ട്രീയ പ്രതിനിധാനമെന്നത് ഇതില്‍ തന്നെ അടങ്ങിയിരിക്കുന്നു.
ഇസ് ലാമിസ്റ്റുകള്‍ അവരുടെ മതവും രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധം കാണുന്നു. ഇസ് ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തം എന്നതും അവരുടെ വ്യതിരിക്തകളിലൊന്നാണ്.
ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം, യൂറോപ്പിലെ ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്‍. കാലക്രമേണ ലോകത്ത് വന്നിട്ടുള്ള ഭരണമാറ്റങ്ങളെയും, രാജാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് എത്തിനില്‍ക്കുന്ന സമകാലിക ലോകത്തെ രാഷ്ട്രീയ സംവിധാനങ്ങളെയും ഗ്രന്ഥകര്‍ത്താവ് പരാമര്‍ശിക്കുന്നു.

ഇസ് ലാമിസ്റ്റുകളിലെ മാറ്റം
പുതിയ കാലത്ത് ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ നയനിലപാടുകളിലും പ്രവര്‍ത്തന ഘടനയിലും വന്ന മാറ്റത്തെ ഗ്രന്ഥകര്‍ത്താവ് കൃത്യമായി നിരീക്ഷിക്കുന്നു. പ്രായോഗിക രാഷ്ട്രീയത്തോട് പോസിറ്റീവ് സമീപനമുണ്ടാവുക എന്ന തത്വത്തിലൂന്നിയാണ് ഇസ് ലാമിസ്റ്റുകള്‍ നിലവിലെ ജനാധിപത്യ ക്രമത്തില്‍ ക്രിയാത്മകമായി പങ്കാളികളാവുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ഈജിപ്തിലെ ഇഖ് വാനുല്‍ മുസ് ലിമൂന്‍ 80 മുതല്‍ക്കേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാണ്. 2005 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റെില്‍ 88 സീറ്റുകളവര്‍ നേടി. 2011 ല്‍ ജനകീയ വിപ്ലവം നയിക്കാനും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ സംഘടനക്ക് രൂപം കൊടുക്കാനും ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു.
ജോര്‍ദ്ദാനിലെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും ഈജിപ്തിലേതിനു സമാനമാണ്. 1945 ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രസ്ഥാനം 1989 ലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
കുവൈത്തില്‍ ഇസ് ലാമിക കക്ഷികളുടെ രാഷ്ട്രീയ സ്വാധീനം ‘ഹദസ്’ എന്ന (ഇസ് ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റെ്) രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ എത്തിനില്‍ക്കുന്നു. ഫലസ്തീനിലെ ഹമാസിന്റെ പ്രവര്‍ത്തന ശൈലി ഇവിടത്തെതില്‍ നിന്നും വ്യത്യസ്തമാണ്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ സായുധ പോരാട്ടമാണ് അതിന്റെ പ്രവര്‍ത്തന ഭൂമിക. പ്രസ്ഥാനത്തിന് ഫലസ്തീന്‍ മണ്ണില്‍ വെള്ളവും വളവുമായത് അതിന്റെ ഇസ്രായേല്‍ വിരുദ്ധതയും ജിഹാദി രീതിയുമാണ്. എന്നാല്‍ അവരും 2006 ല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കാളിയാവുകയും ഗസാ എന്ന പ്രദേശം ഹമാസിന്റെ അധികാരത്തിന്‍ കീഴില്‍ വരികയും ചെയ്തു.
ഇങ്ങനെ നാല് അറബ് രാജ്യങ്ങളിലെയും ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ മേഖലയിലെ ക്രിയാത്മക ഇടപെടലും പ്രവര്‍ത്തന രീതികളും വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍.
സമകാലിക അറബി ലോകത്തെ ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ നയ നിലപാടുകളും പ്രവര്‍ത്തന രീതിയും രാഷ്ട്രീയ ഭരണ മേഖലകളില്‍ അവര്‍ നേടിയെടുത്ത സ്വാധീനവും അറിയാന്‍ ഏറെ പ്രയോജന പ്രദമാണ് പ്രസ്തുത ഗ്രന്ഥം. 336 പേജുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലബനാനിലെ അശ്ശബകത്തു അല്‍അറബിയ ലില്‍ അബ്ഹാസ് വന്നശ് ര്‍ ആണ്.