Category Archives: hajj

ഹജ്ജിന്റെ അനുഷ്ഠാനക്രമം

ഹാജിമാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. നിഷ്‌കളങ്കത (ഇഖ്‌ലാസ്വ്)
2. അങ്ങേയറ്റത്തെ താഴ്മയും കീഴ്‌വണക്കവും
3. ഹലാലായ സമ്പാദ്യം
4. ഉത്തമനായ സഹയാത്രികന്റെ കൂട്ട്

കര്‍മങ്ങള്‍

ഒന്നാം ദിനം (ദുല്‍ഹജ്ജ് 8)

1. തമത്തുഅ് (ആദ്യം ഉംറ പിന്നീട് ഹജ്ജ് എന്ന ഉദ്ദേശ്യം)ആയി ഹജ്ജ് ചെയ്യുന്നയാള്‍ തന്റെ താമസസ്ഥലത്തുനിന്ന് കുളിച്ചൊരുങ്ങി സുഗന്ധം പൂശി ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് ഇഹ്‌റാം ചെയ്യുക. അതിനായി ‘ലബ്ബൈക ഹജ്ജന്‍ , ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് , ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക്, ലാ ശരീക ലക്’

2. എല്ലാ ഹാജിമാരും(തമത്തുഅ്-ആദ്യം ഉംറ പിന്നീട് ഹജ്ജ് എന്ന ലക്ഷ്യം, ഖിറാന്‍-ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്‌റാം, ഇഫ്‌റാദ്-ഹജ്ജുമാത്രം ഉദ്ദേശ്യം) മിനായിലേക്ക് പുറപ്പെടുക. ളുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാ, ഫജ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഓരോന്നും അതതിന്റെ സമയങ്ങളില്‍ നാലുറക്അത്തുള്ളത് രണ്ട് റക്അത്തായി ഖസ്വ്‌റാക്കി നമസ്‌കരിക്കുക. ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യന്‍ ഉദിച്ചുയരുന്നത് വരെ അവിടെ രാപാര്‍ക്കുക.

രണ്ടാംദിനം(ദുല്‍ഹജ്ജ് 9)

1. സൂര്യന്‍ ഉദിച്ചശേഷം അറഫയിലേക്ക് പുറപ്പെടുക. അവിടെവെച്ച് ളുഹ്‌റും അസ്വ്‌റും ജംഅ്-ഖസ്വ്‌റ് ആക്കി ആദ്യസമയത്ത് തന്നെ നമസ്‌കരിക്കുക. സൗകര്യപ്പെടുമെങ്കില്‍ അറഫയിലേക്ക് പ്രവേശിക്കാതെ ആ സമയം നമിറാ താഴ്‌വരയില്‍ നില്‍ക്കുക.
2. നമസ്‌കാരം കഴിഞ്ഞാല്‍ അറഫയിലെത്തി ദിക്‌റ് -ദുആകളില്‍ മുഴുകുക. ഖിബ്‌ലയിലേക്ക് അഭിമുഖമായി കൈകളുയര്‍ത്തി സൂര്യാസ്തമയം വരെ പ്രാര്‍ഥനയില്‍ കഴിയുക.
3. മഗ്‌രിബിനുശേഷം മുസ്ദലിഫയിലേക്ക് പോവുക. മഗ്‌രിബ് മൂന്നുറക്അത്തിനുശേഷം ഇശാ രണ്ടുറക്അത്ത് നമസ്‌കരിച്ച് ഫജ്‌റ്(സുബ്ഹ്) വരെ അവിടെ രാത്രി താമസിക്കുക.
4. സമയമായാല്‍ ഉടന്‍ സുബ്ഹ് നമസ്‌കരിച്ച് വെളിച്ചം പരക്കുന്നതുവരെ ദിക്‌റുദുആകളില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടുകൃ?.
5. സൂര്യനുദിക്കുംമുമ്പ് അവിടെനിന്നും മിനായിലേക്ക് പുറപ്പെടുക.

മൂന്നാംദിനം(ദുല്‍ഹജ്ജ് 10)
1. മിനായിലെത്തിയാല്‍ കല്ലെറിയാനായി ജംറത്തുല്‍ അഖബയിലേക്ക് നീങ്ങുക. കടലമണിയോളം വലുപ്പമുള്ള കല്ലുകള്‍ ഒന്നിനുപുറകെ ഒന്നായി ഏഴുകല്ലുകള്‍ എറിയുക. ഓരോന്നിനും ഒപ്പം തക്ബീര്‍ ചൊല്ലുക.
2. ബലിമൃഗം അറുക്കാനുണ്ടെങ്കില്‍ അറവ് നിര്‍വഹിക്കുക.
3. തലമുടി കളയുകയോ വെട്ടിക്കുകയോ ചെയ്യുക. ഇതോടെ ഒന്നാമത്തെ തഹല്ലുലായി. തന്റെ വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയുംചെയ്യുക. ഭാര്യാസംസര്‍ഗം ഒഴികെ ഇഹ്‌റാമില്‍ വിലക്കപ്പെട്ടതെല്ലാം ഇതോടെ അനുവദനീയമാകും.
4. മക്കയിലേക്ക് തിരിച്ച് വന്ന് കഅ്ബ ത്വവാഫ് ചെയ്യുക. ത്വവാഫുല്‍ ഇഫാദ എന്ന പേരിലറിയപ്പെടുന്ന ഇത് വളരെ പ്രധാനപ്പെട്ട ത്വവാഫാണിത്. മുത്തമതിഅ് ആണെങ്കില്‍ സ്വഫാ -മര്‍വകള്‍ക്കിടയില്‍ ഹജ്ജിന്റെ സഅ്‌യും ചെയ്യുക. മുതമത്തിഅ് അല്ലാത്തവര്‍ ത്വവാഫുല്‍ ഖുദൂമി(ഹജ്ജ് മാത്രം ഉദ്ദേശിച്ചയാളുടെ പ്രാരംഭത്വവാഫ്)ന്റെ കൂടെ സഅ്‌യ് ചെയ്തിട്ടില്ലെങ്കില്‍ സഅ്‌യ് ചെയ്യുക.
അതോടെ രണ്ടാം തഹല്ലുലായി. ഭാര്യാസംസര്‍ഗം ഉള്‍പ്പെടെ ഇഹ്‌റാമില്‍ വിലക്കപ്പെട്ട എല്ലാകാര്യങ്ങളും അനുവദനീയമായിത്തീരുന്നു.
5. മിനായിലേക്ക് തിരിച്ചുവന്ന് ആ രാത്രി(11-ാം രാവ്) അവിടെ താമസിക്കണം.

നാലാം ദിനം(ദുല്‍ഹജ്ജ് 11)

1. കല്ലെറിയേണ്ട മൂന്ന് സ്ഥാനങ്ങളിലും എറിയുക. ആദ്യം ഒന്നാമത്തെതിലും പിന്നീട് മധ്യത്തിലേതിലും അവസാനം ജംറത്തുല്‍ അഖബയിലും ഏഴുവീതം കല്ലുകള്‍ തുടര്‍ച്ചയായി തക്ബീറുകളോടെ എറിയുക. ഉച്ചസമയം മുതല്‍ എറിയണം. അതിനുമുമ്പ് പാടില്ല. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എറിഞ്ഞശേഷം കഅ്ബയുടെ നേരെ തിരിഞ്ഞുനിന്ന് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുക.
2. അന്നേദിവസം രാത്രിയും (12-ാം രാവ്) മിനായില്‍ താമസിക്കണം.

അഞ്ചാംദിനം (ദുല്‍ഹജ്ജ് 12)
ഈ ദിനങ്ങളിലെ കര്‍മം വൈകി അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമാണ്.
1. കഴിഞ്ഞ രണ്ട് ദിനങ്ങളിലെ പോലെ മൂന്ന് ജംറകളിലും കല്ലെറിയുക.
2. അതിനുശേഷം മിനായില്‍നിന്ന് പുറപ്പെടുക.
അവസാനമായി മക്കയില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

ദുല്‍ഹിജ്ജ മാസ കര്‍മങ്ങള്‍

നന്മകള്‍ എത്ര ചെയ്താലും വയര്‍ നിറയുന്നവനല്ല വിശ്വാസി. കര്‍മങ്ങള്‍ ചെയ്ത് മടുക്കുകയുമില്ല. അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവുമെന്ന ഒരു ലക്ഷ്യമുള്ളതു കൊണ്ട് ഈമാനികമായി കൂടുതല്‍ മുന്നേറാനാണ് അവന്‍ ശ്രമിക്കുക. അങ്ങിനെയുള്ളവര്‍ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വമ്പിച്ച പ്രതിഫലങ്ങളുള്ള വേളകള്‍ കടന്നുവരുമ്പോള്‍ സന്തോഷിക്കുന്നവരായിരിക്കും.

ലാഭകരമായ കച്ചവട സീസണിലാണ് നാമിപ്പോള്‍. കച്ചവടത്തില്‍ നേരിട്ട് ഇടപെടുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കുന്നുണ്ട്. അതാണ് hajj. ഹജ്ജിനായി നിയ്യത്ത് ചെയ്തവരെല്ലാം അല്ലാഹുവിന്റെ ഭവനത്തില്‍ ഒരുമിച്ചു കൂടുന്നു. ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടി അവര്‍ എത്തിച്ചേരുന്നു. അല്ലാഹുവിനോടുള്ള സ്‌നേഹവും അഭിലാഷവുമാണ് അതിന് നിമിത്തമായത്. സൃഷ്ടാവിന്റെ, അന്നദാതാവിന്റെ മുമ്പില്‍ സമസ്ത ജനങ്ങളും തുല്യര്‍.

ഈ മാസത്തില്‍ വിരിയുന്ന പൂക്കള്‍ പലതാണ്. ഉയരാന്‍ കൊതിക്കുന്ന മനസ്സുകള്‍ക്കും ശിശിരത്തില്‍ മരങ്ങളുടെ ഇല കൊഴിയും പോലെ പാപങ്ങള്‍ കൊഴിയണമെന്ന് ആശിക്കുന്നവര്‍ക്കുമായി വാസനിക്കാന്‍ കുറച്ച് പൂക്കള്‍ ഞാന്‍ ഇറുത്തു തരാം.

ഒന്ന്: ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നത് ദുല്‍ഹിജ്ജ മാസത്തിലാണ്. സഹാബികളോട് വിടചോദിച്ചു കൊണ്ട് റസൂല്‍(സ) നടത്തിയ പ്രസംഗം ഈ മാസത്തിലായിരുന്നു. ബലിദിനത്തില്‍ നബി തിരുമേനി വിളിച്ചു ചോദിച്ചു: ജനങ്ങളേ, ഇത് എത് ദിനമാണ്?. അവര്‍ പറഞ്ഞു ഇത് പവിത്രമായ ദിനമാണ്. നബി ചോദിച്ചു: ഇത് ഏത് നാടാണ്?. അവര്‍ പറഞ്ഞു: പവിത്ര ദേശമാണ്. നബി ചോദിച്ചു: ഇത് ഏത് മാസമാണ്?. അവര്‍ പറഞ്ഞു: ഇത് പവിത്ര മാസമാണ്. നബി പറഞ്ഞു: നിങ്ങളുടെ ഈ നാട്ടില്‍ ഈ മാസത്തില്‍ ഈ ദിനത്തിന്റെ പവിത്രത പോലെ, നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.
അല്ലാഹുവിനോടും അല്ലാഹുവിന് വേണ്ടിയുമുള്ള സ്‌നേഹമാണ് ഹജ്ജ് വേളയില്‍ വിശ്വാസികളെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. ഹജ്ജ് നിര്‍വഹിച്ചു കൊണ്ട് അവര്‍ അല്ലാഹുവിനോട് അടുക്കുന്നു, ഇഹത്തിലും പരത്തിലും നേട്ടമുണ്ടാക്കുന്നു. അല്ലാഹു പറയുന്നു: ‘അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍കൊടുക്കുകയും ചെയ്യുക.’ (ഹജ്ജ്: 28) അഖണ്ഡതയുടെയും ഐക്യത്തിന്റെയും സന്നിവേശം. ദൈവസ്മരണയുടെയും അനുസരണത്തിന്റെയും സംഗമം.

വിശ്വാസി ഈ ദിനത്തിന്റെ മഹത്വം തിരിച്ചറിയണം. സ്വഹാബികളും മുന്‍ഗാമികളും ആദരിച്ചത് പോലെ ഇതിനെ ആദരിക്കണം. അബൂ ഉഥ്മാന്‍ നഹ്ദി പറയുന്നു: അവര്‍ മൂന്ന് പത്തുകളെ ആദരിക്കാറുണ്ടായിരുന്നു. റമദാന്റെ അവസാനത്തെ പത്ത്, ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത്, മുഹര്‍റത്തിലെ ആദ്യത്തെ പത്ത്. (മജാലിസു അശ്‌റി ദില്‍ഹിജ്ജ)

രണ്ട്: ദുല്‍ഹിജ്ജ മാസം അനുഗ്രഹമാണ്. അടിമകള്‍ക്ക് മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ അനവധിയാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. അനുഗ്രഹദാതാവിനുള്ള നന്ദി യഥാര്‍ത്ഥത്തില്‍ തനിക്ക് വേണ്ടി തന്നെയുള്ളതാണ്. അല്ലാഹു പറയുന്നു: ‘ആര്‍ നന്ദികാണിച്ചാലും അവന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.’ (ലുഖ്മാന്‍: 12)

ഈ മാസത്തിലേക്ക് നിന്നെ എത്തിച്ചുവെന്നുള്ളതും അനുഗ്രഹമാണ്. അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുക. പരലോക പ്രതിഫലം തേടുന്നെങ്കില്‍ അല്ലാഹുവിലേക്ക് അടുക്കുക. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് നാം അവിടെ നിന്ന് നല്‍കും. നന്ദികാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്.’ (ആലുഇംറാന്‍: 145)

മൂന്ന്: മുസ്‌ലിം ചെയ്യുന്ന ചെറുതും വലുതുമായ സകല പ്രവര്‍ത്തനങ്ങളും രണ്ട് ഉപാധികളോടെ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളു.
1 അല്ലാഹുവിന് വേണ്ടിയുള്ളതാകുക.
2. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും തിരുചര്യയിലും ഉള്ളതായിരിക്കുക. ഇതിന് വിരുദ്ധമായി വരുന്ന യാതൊരു കര്‍മവും സ്വീകാര്യമാകുകയില്ല. അല്ലാഹു പറയുന്നു: ‘അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.’ (അല്‍കഹ്ഫ് 110)

നാല്: യുദ്ധത്തിന് പോകുന്ന സൈനികന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടാണ് യാത്രപോകുക. ഐഹികലോകത്ത് ജീവിക്കുന്ന വിശ്വാസിയും പ്രബോധനയാത്രയില്‍ ശക്തിനേടാന്‍ ആവശ്യമായ പാഥേയം കരുതേണ്ടതുണ്ട്. ഭൗതികജീവിതത്തിലെ പതര്‍ച്ചകളെ മറികടക്കാനും ദൈവിക സാമീപ്യത്തിനും ഉതകുന്ന സല്‍കര്‍മങ്ങളാണ് ആ പാഥേയം.

ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്ന ചില സല്‍കര്‍മങ്ങളില്‍ ചിലത്.

1. നോമ്പ്: ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: നബി തിരുമേനി (സ) ദുല്‍ഹിജ്ജയുടെ പത്തുകളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അറഫാ ദിനമായ ദുല്‍ഹിജ്ജ ഒമ്പത് വളരെ പ്രാധാന്യമുള്ള ദിനമാണ്. അറഫാ ദിനത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തിലേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തിലെയും പാപം അല്ലാഹു അത് മുഖേന പൊറുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. (മുസ്‌ലിം)
2. തക്ബീര്‍: പലതരത്തിലുള്ള വചനങ്ങള്‍ തക്ബീറിന്റേതായി വന്നിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തശ്‌രീഖിലും വിശ്വാസി അശ്രദ്ധനാകാതെ തക്ബീറില്‍ ശ്രദ്ധചെലുത്തണം. സ്ത്രീകള്‍ വീട്ടിലും മസ്ജിദിലും ശബ്ദം താഴത്തി തക്ബീര്‍ പറയണം.
3. ഹജ്ജ് ഉംറ: അബൂ ഹുറൈറ(റ) നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഹജ്ജ് ചെയ്യുകയും അശ്ലീലവും ധിക്കാരവും കാണിക്കാതിരിക്കുകയും ചെയ്യുന്നവന്‍, മാതാവ് അവനെ പ്രസവിച്ച ദിനത്തിലെന്നത് പോലെ മടങ്ങിവരുന്നതാണ്. (ബുഖാരി)
4. ഉദ്ഹിയ്യത്ത്: ഇബ്‌റാഹീം നബി(അ)മിന്റെ സുന്നത്തിന്റെ പുനരുജ്ജീവനവും ഇസ്‌ലാമിക ശരീഅത്തിന്റെ നടപടികളെ നിലനിര്‍ത്തലും അതിലുണ്ട്. ഹാജിയോടുള്ള ഐക്യദാര്‍ഢ്യം അതിലുണ്ട്. ഹാജി ഹജ്ജ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ബലികര്‍മത്തില്‍ ഏര്‍പ്പെടുന്നു. ഹജ്ജ് കര്‍മത്തിലെ ഒരു അനുഷ്ഠാനം എല്ലാവര്‍ക്കുമായി നല്‍കിയതിലൂടെ അല്ലാഹുവിന്റെ മറ്റൊരു അനുഗ്രമാണ് നാം അതില്‍ ദര്‍ശിക്കുന്നത്. ബലി കര്‍മത്തില്‍ ഏര്‍പ്പെടുന്നവന്‍ മുടിയും നഖവും മുറിക്കാതെ പത്ത് ദിവസം അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതാണ് ഹാജിയോടുള്ള മറ്റൊരു പൊരുത്തം.
5. പ്രാര്‍ത്ഥന: ഉത്തരം ലഭിക്കുന്ന സമയങ്ങളും സന്ദര്‍ഭങ്ങളും ഉപയോഗിക്കുക.
6. മറ്റ് സല്‍കര്‍മങ്ങളില്‍ നിരതരാകുക. സുന്നത്ത് നമസ്‌കാരങ്ങള്‍, കുടുംബബന്ധം ചേര്‍ക്കല്‍, ദിക്ര്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക.

സ്വഫായിലേക്കും മര്‍വയിലേക്കും ഓടിയതെന്തിന് ?

പ്രപഞ്ചനാഥനായ അല്ലാഹു സ്രഷ്ടാവും സംഹാരകനുമാണ്(സംഹാരം യഥാര്‍ഥത്തില്‍ സൃഷ്ടികര്‍മമാണെന്നതാണ് വാസ്തവം). സ്രഷ്ടാവിന്റെ ഭൂമിയിലെ മനുഷ്യസൃഷ്ടിപ്പില്‍ മനുഷ്യന് അജ്ഞാതമായ ഒട്ടേറെ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ഖിലാഫത്താ(ദൈവികപ്രാതിനിധ്യം)ണ് ഖുര്‍ആന്‍ നമ്മോട് വെളിപ്പെടുത്തിയ ഒരു രഹസ്യം. ഭൂമിയിലെ പ്രസ്തുതപ്രാതിനിധ്യത്തിന്റെ നൈരന്തര്യം ലോകാവസാനംവരെ ഉറപ്പുവരുത്താനാണ് അവനെ ഇണതുണയോടെ സൃഷ്ടിച്ചത്. അത്തരത്തില്‍ സൃഷ്ടിപ്പിന്റെ, ജന്‍മം കൊടുക്കലിന്റെ ജൈവികാവിഷ്‌കാരമാണ് ഭൂമുഖത്തെ ജന്തുജാലങ്ങളില്‍ നാം കാണുന്നത്.

ഭൂമിയുടെയെന്നല്ല പ്രപഞ്ചത്തിന്റെ നിലനില്‍പിന് സൃഷ്ടിപ്പ്(ജന്‍മംകൊടുക്കല്‍) അനിവാര്യമാണെന്ന് നാം മനസ്സിലാക്കുന്നു. തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലം വരേയ്ക്കും ഓരോ ജീവിവര്‍ഗവും നിലനില്‍കണമെങ്കില്‍ വംശവര്‍ധന ഉണ്ടായേ തീരൂ. പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ജീവിവര്‍ഗത്തിന്റെ അന്ത്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം(അപഭ്രംശം) കടുത്തതായിരിക്കുമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം.( ദുരമൂത്ത വികസനവാദികളെ പ്രതിരോധിക്കാന്‍ മതിയായ സംഘങ്ങളുടെ അഭാവം ആഗോളതാപനത്തിനും പ്രകൃതിദുരന്തങ്ങള്‍ക്കും വഴിയൊരുക്കിക്കഴിഞ്ഞു). അതിനാല്‍ പ്രാപഞ്ചികവ്യവസ്ഥിതിയില്‍, ഓരോ ജീവിവര്‍ഗത്തിനും ജന്‍മംകൊള്ളാനുള്ള അവസരം നല്‍കുന്ന മഹത്തായ പ്രക്രിയയാണ് നിര്‍മാണം. ഉല്പാദനം മഹത്തായ നിര്‍മാണപ്രക്രിയയാണെന്ന് കമ്പോളവത്കൃത-വ്യവസായയുഗത്തില്‍ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതില്ല.

ഇസ് ലാമില്‍ ഹജ്ജിനുള്ള പ്രാധാന്യം ഏവര്‍ക്കുമറിയാം. ന്യൂനതകള്‍ പരിഹരിച്ച്, നിഷ്‌കളങ്കമായി ഹജ്ജുചെയ്തവന്ന് സ്വര്‍ഗമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഹജ്ജിന്റെ റുക്‌നുകളില്‍ ഒന്നാണ് സ്വഫാ- മര്‍വ കുന്നുകള്‍ക്കിടയിലുള്ള സഅ്‌യ്. ഭൗതികവീക്ഷണമനുസരിച്ച് രണ്ടുകുന്നുകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും സഅ്‌യ് നടത്തുന്നതില്‍ പ്രത്യേകിച്ച് നേട്ടമെന്തെങ്കിലും ഉള്ളതായി തോന്നുകയില്ല. പക്ഷേ , വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രസ്തുതകര്‍മം നിര്‍വഹിക്കുമ്പോള്‍, പ്രവാചകപത്‌നി ഹാജറിന്റെ കൈക്കുഞ്ഞ് ഇസ് മാഈലിന് ഒരിറ്റുദാഹജലം കിട്ടുമോയെന്നന്വേഷിച്ചുള്ള ആ പരിഭ്രാന്തമായ ഓട്ടം അവരുടെ മനസ്സിലേക്കോടിയെത്തും. ഒരു കൈക്കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമോയെന്ന കേവലമാതൃ ആശങ്കകള്‍ക്കപ്പുറത്തായിരിക്കണം ഭാവിപ്രവാചകനായ ഇസ് മാഈലിന്റെ ജീവനെക്കുറിച്ച ഹാജറിന്റെ അപ്പോഴത്തെ മനോവികാരങ്ങള്‍ എന്നാണ് മനസ്സിലാക്കാനാകുന്നത്.
പത്‌നി ഹാജറിനെയും കൈക്കുഞ്ഞ് ഇസ്മാഈലിനെയും ആരോരുമില്ലാത്ത തരിശുമണലാരണ്യത്തില്‍ ഇബ്‌റാഹീംനബി(അ) കൊണ്ടുവന്നുതാമസിപ്പിച്ചത് ഖുര്‍ആന്‍ നമ്മോടുപറയുന്നുണ്ട്: ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ് വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്'(ഇബ്‌റാഹീം-37). [ചിലര്‍ വിചാരിക്കുംപോലെ മരുഭൂമിയില്‍ കൊണ്ടുതള്ളിയതല്ല]. തന്റെ വരുംതലമുറയെ അല്ലാഹുവിന്റെ സ്മരണകളില്‍ അഭിരമിക്കുന്നവരാക്കുവാന്‍-നമസ്‌കാരം നിലനിറുത്തുന്നവന്‍- നഗരജീവിതത്തിന്റെ ബഹളമയങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയതാണ് ഇബ്‌റാഹീം(അ). തന്റെ പ്രിയതമന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ നെഞ്ചേറ്റിയ പ്രിയപത്‌നിയായിരുന്നു ഹാജര്‍. അതിനാലാണ് വിശുദ്ധഗേഹത്തിനടുത്ത്-അന്ന് അസ്ഥിവാരത്തിന്റെ അവശിഷ്ടമേ ഉണ്ടായിരുന്നുള്ളൂ- ആരോരും വസിക്കാത്ത, ജലസാന്നിധ്യമില്ലാത്ത ആ മണലാരണ്യത്തില്‍ താമസിക്കാന്‍ വിമുഖത കാണിക്കാതിരുന്നത്. വിശ്വാസികള്‍ക്ക് ഇതില്‍ പാഠമുണ്ട്. തങ്ങളുടെ സന്താനങ്ങളെ എന്ത് ഉദ്ദേശ്യലക്ഷ്യം വെച്ചാണ് വളര്‍ത്തേണ്ടതെന്ന് അത് വ്യക്തമാക്കുന്നു. നമസ്‌കാരം ക്രമപ്രകാരം നിലനിര്‍ത്തിക്കൊണ്ട് അല്ലാഹുവിനെ സ്മരിക്കുന്ന സംസ്‌കാരസമ്പന്നരായ തലമുറയെ വളര്‍ത്തിയെടുക്കാനാണ് മനുഷ്യന്‍ ശ്രമിക്കേണ്ടത്. അതിലേക്കാണ് ജനങ്ങളെ ക്ഷണിക്കാനുള്ളത്. ‘തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക'(അല്‍ ഹജ്ജ് 27)

ഒരു ഉത്തമമാതാവെന്ന നിലയില്‍ ഹാജര്‍ തന്റെ പിഞ്ചുപൈതലിനെ അതിയായി ശ്രദ്ധിച്ചു. ഭാവിപ്രവാചകനാണ് തന്റെ പൊന്നോമന പൈതലെന്ന കാര്യം ആ മഹതിക്കറിയാമായിരുന്നു. അതിനാല്‍ കുടിവെള്ളം തീര്‍ന്നപ്പോള്‍, കുഞ്ഞ് ദാഹിച്ചവശനായി ഒരിറ്റുകുടിനീരിന്നായി കരഞ്ഞപ്പോള്‍ ഹാജര്‍(റ) പരിഭ്രാന്തയായി. മൈലുകള്‍ക്കപ്പുറത്തുകൂടി ഏതെങ്കിലും സാര്‍ഥവാഹകസംഘങ്ങള്‍ പോകുന്നുണ്ടെങ്കില്‍ അവരെ കാണാനാകുംവിധം കുന്നിന്‍മുകളിലേക്കുകയറി. അവിടെ ആരെയും കാണാതെവന്നപ്പോള്‍ അടുത്ത കുന്നിന്‍മുകളില്‍കയറി. രക്ഷയില്ല ദാഹിച്ചവശനായി കൈകാലിട്ടടിച്ചുകരയുന്ന കുഞ്ഞിന്റെയടുക്കലെത്ത. മാതാവിനാണെങ്കില്‍ മുലപ്പാലുമില്ല. വാപിളര്‍ത്തിക്കരയുന്ന കുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ടുനില്‍ക്കാനാകാതെ വീണ്ടും കുന്നിന്‍മുകളിലേക്കോടി തളര്‍ന്ന് അടുത്ത കുന്നിലേക്കും. സ്വഫാ, മര്‍വ എന്നീ പേരുകളിലറിയപ്പെട്ട ആ രണ്ടുകുന്നുകള്‍ക്കുമേലെ പല പ്രാവശ്യം ഓടിക്കയറുമ്പോഴും ഹാജര്‍ തന്റെ പ്രിയതമനെ ഒരിക്കല്‍പോലും പഴിപറഞ്ഞില്ല, വെറുത്തില്ല, ശപിച്ചില്ല. തന്റെ ദുര്യോഗമോര്‍ത്ത് കണ്ണീര്‍വാര്‍ത്തില്ല. ഹാജറിന്റെ ക്ഷമയെ പരീക്ഷിച്ച അല്ലാഹു അവരില്‍ സംപ്രീതനായി ഇസ് മാഈലിന് സംസം എന്ന ശുദ്ധജലനീരുറവ ഉണ്ടാക്കിക്കൊടുത്തു. അതില്‍നിന്ന് വെള്ളം നിലക്കാതെ ഒഴുകിത്തുടങ്ങിയപ്പോള്‍ ഇതെങ്ങാനും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമോയെന്ന പരിഭ്രാന്തി കാരണമായിരിക്കാം സംസം എന്നുപറഞ്ഞ് അതിനെ തടുത്തുനിറുത്താന്‍ ശ്രമിച്ചതെന്നുതോന്നുന്നു.
ഹാജറിന്റെ ജീവിതം പ്രത്യേകിച്ചും സ്വഫാ-മര്‍വയ്ക്കിടയിലൂടെയുള്ള ആ ഓട്ടം കുടുംബിനികള്‍ക്ക് , ഉമ്മമാര്‍ക്ക് മാതൃകയാണ്. മക്കളെ വളര്‍ത്തുമ്പോള്‍ അവരുടെ മനസ്സിലുണ്ടാകേണ്ട ചേതോവികാരമെന്തായിരിക്കണമെന്ന് അത് കൃത്യമായി വരച്ചുകാട്ടുന്നു. ആദര്‍ശബന്ധിതമായിരിക്കണം ദാമ്പത്യവും മാതൃത്വവും കുടുംബപരിപാലനവും എന്നതാണ് അതിലൂടെ തെളിഞ്ഞുകാണുന്നത്. ഭൗതികവിഭവങ്ങളുടെ പൂര്‍ത്തീകരണം ആദര്‍ശകുടുംബത്തെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഉപാധിയല്ല. അതുകൊണ്ടാണല്ലോ അന്നത്തെ ഗോത്രസംസ്‌കൃതിയിലുണ്ടായിരുന്ന വര്‍ത്തക പാരമ്പര്യത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്ന അങ്ങാടികള്‍ക്കടുതത് തന്റെ കുടുംബത്തെ ഇബ്‌റാഹീം (അ) താമസിപ്പിക്കാതിരുന്നത്. ഹാജറാകട്ടെ, തന്റെ പ്രിയതമന്‍ വിദൂരദിക്കുകളില്‍ പ്രബോധനത്തിനും മറ്റുമായി പോകുന്നതുകൊണ്ട് തങ്ങളുടെ ഭക്ഷണത്തിനാവശ്യമായ ഗോതമ്പും വെണ്ണയും എളുപ്പത്തില്‍ കിട്ടാവുന്ന മാര്‍ക്കറ്റിനടുത്ത് താമസിക്കാമെന്ന് വാശിപിടിച്ചുമില്ല. ആധുനികയുഗത്തിലെ ഉമ്മമാര്‍ക്ക് ഒരുപാട് പാഠങ്ങളുണ്ടിതില്‍. കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാാനുള്ള സമ്പത്ത് വാരിക്കൂട്ടാനായി തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ വിദൂരനാടുകളിലേക്ക് ജോലിക്കുപറഞ്ഞുവിടുന്നവര്‍, പരസ്പരബന്ധമോ, പ്രകൃതിപരിചയമോ ഇല്ലാതാക്കുംവിധമുള്ള ഫഌറ്റ് സംസ്‌കാരത്തില്‍ ചേക്കേറുന്ന ദമ്പതികള്‍, ജോലിനഷ്ടപ്പെടുമോയെന്ന് ഭയന്ന് പ്രസവത്തിന്റെ ഏതാനും മാസങ്ങള്‍ക്കുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്നവര്‍ തുടങ്ങി കുട്ടികളെ ശരിയാംവണ്ണം പാലൂട്ടി, മാതൃവാത്സല്യങ്ങള്‍ചൊരിഞ്ഞ് വളര്‍ത്തുന്ന ഉമ്മമാര്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത്. ഓര്‍ക്കണം! ഹാജര്‍ ഓടിയത് ജോലിസ്ഥലത്തേക്കായിരുന്നില്ല, കുട്ടിക്ക് മുന്തിയസ്ഥാപനത്തില്‍ അഡ്മിഷന്‍ തരപ്പെടുത്താനായിരുന്നില്ല. ഭൗതികവിഭവങ്ങളുടെ അതിപ്രസരമില്ലാത്ത, ഇതരമദാലസ സംസ്‌കൃതികളുടെ വശീകരണങ്ങളില്ലാത്ത എംടിവി-റിയാലിറ്റിഷോയുടെ ബഹളമയങ്ങളില്ലാത്ത ആ നാട്ടില്‍ സ്ഥിരതാമസമാക്കാനായിരുന്നു. ഒന്നുമില്ലാത്ത ഗ്രാമത്തില്‍നിന്ന് നഗരത്തിലേക്കോ, ഫഌറ്റിലേക്കോ, പ്രൊഫഷനിലേക്കോ അല്ല ഓടിയത് ആദര്‍ശനിഷ്ഠയുള്ള കുട്ടിയായി വളര്‍ത്താനുള്ള കുടിനീരിനായാണ്.

ഇന്ന് നാം മുസ്‌ലിംലോകത്തേക്ക് കണ്ണോടിക്കുക. ഫലസ്തീനിലും സിറിയയിലുംലബനാനിലും കിടപ്പാടമില്ലാതെ അഭയാര്‍ഥികളെന്നോണം കഴിയുന്ന മില്യണ്‍കണക്കിന് മുസ്‌ലിംകളുടെ അവസ്ഥയെന്താണ്? അവരില്‍ വര്‍ഷങ്ങളായി അഭയാര്‍ഥികളായി കഴിയുന്നവരുണ്ട്, ഇന്നലെ അഭയാര്‍ഥികളായവരുണ്ട്.അവരുടെ ആ അവസ്ഥാന്തരങ്ങള്‍ക്ക് ശത്രുവിന്റെ ഡ്രോണ്‍-ബോംബാക്രമണത്തിന്റെ സമയത്തിന്റെ പ്രശ്‌നമേ ബാക്കിയുണ്ടായിരുന്നുള്ളൂ(മറ്റുചിലപ്പോള്‍ പ്രകൃതിക്ഷോഭങ്ങള്‍). നാളെ നമുക്കും അത്തരം അവസ്ഥവന്നുകൂടായ്കയില്ല.മാത്രമല്ല, ഖുര്‍ആന്റെ ഒരു നടപടിയെപ്പറ്റി അല്‍ഇസ്‌റാഅ് അധ്യായം പതിനാറാം സൂക്തത്തില്‍ പറയുന്നുണ്ട്.’ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു.’ അതുകൊണ്ട് ഇനിയുള്ള നമ്മുടെ ഓട്ടം സ്വഫായിലേക്കുംമര്‍വയിലേക്കുമാകട്ടെ. ഇന്നിന്റെ ഹാജറിനെ അതിലൂടെ നമുക്ക് പുനഃസൃഷ്ടിക്കാം. ഉപഭോഗം ഒരുതരം സംഹാരമാണെന്നറിയുക! ആദര്‍ശനിഷ്ഠയുള്ള സമൂഹത്തിന്റെ ബീജാവാപം നിര്‍മാണമാണെന്നും. അതിനാലാണ് ഹാജറിന്റെ ഓട്ടത്തെ തന്റെ അടയാളമായി അല്ലാഹു സ്വീകരിച്ചതെന്ന് തിരിച്ചറിയുക. അപ്പോള്‍പിന്നെ മാതാവിന്റെ കാല്‍ക്കീഴിലല്ലാതെ വരുമോ സ്വര്‍ഗം?!

കഅ്ബ: ചരിത്രത്തിലൂടെ

ജനങ്ങള്‍ക്ക് സമൂഹപ്രാര്‍ത്ഥനക്കായി നിര്‍മിതമായ പ്രഥമ ദേവാലയം -വിശുദ്ധ കഅ്ബയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതങ്ങനെയാണ് (സൂറ. ആലുഇംറാന്‍: 96). ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്്മാഈലു(അ)മാണ് പ്രസ്തുത ഭവനം നിര്‍മിച്ചതെന്നും (സൂറത്തുല്‍ ബഖറ: 127) കഅ്ബയുടെ സ്ഥാനം ഇബ്‌റാഹീം നബിക്ക് നിര്‍ണയിച്ചുകൊടുത്തത് അല്ലാഹുവാണെന്നും (സൂറത്തുല്‍ ഹജ്ജ്: 26) വിശുദ്ധ ഖുര്‍ആന്‍

പ്രസ്താവിക്കുന്നു. കഅ്ബക്ക് ലോകത്തെങ്ങുമുള്ള മറ്റേത് ദേവാലയത്തേക്കാളും പ്രാധാന്യവും മാഹാത്മ്യവുമണക്കുന്നതാണ് ഈ വസ്തുതകള്‍. കഅ്ബയോടനുബന്ധിച്ചുള്ള ഇബ്‌റാഹീം നബി നിന്ന സ്ഥാനം, പ്രസിദ്ധമായ ‘അല്‍ഹജറുല്‍ അസ് വദ്’ എന്നിവ വേറെയും.

എന്നാല്‍, കഅ്ബയാണ് പ്രഥമ ദൈവമന്ദിരമെന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന ചരിത്രപരമായി എത്രത്തോളം വസ്തുനിഷ്ഠമാണെന്ന വിഷയം പഠനാര്‍ഹമാണ്. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഭൂമുഖത്ത് സമൂഹങ്ങളായി മനുഷ്യര്‍ താമസമാരംഭിച്ചിട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന ജനപദങ്ങള്‍ ഗണ്യമായ നാഗരിക പുരോഗതി കൈവരിച്ചിരുന്നു. ദൈവാരാധന മനുഷ്യപ്രകൃതിയില്‍ നിലീനമായ ഒരു ചോദനയായതിനാല്‍ അത് നിര്‍വഹിക്കാനുള്ള ഏര്‍പ്പാടുകളുണ്ടാവുക സ്വാഭാവികമാണ്. ആകയാല്‍ അറിയപ്പെട്ട ചരിത്രകാലത്തുണ്ടായിരുന്ന ജനപദങ്ങളിലൊന്നും സാമൂഹിക ദൈവാരാധനക്കായി ഒരു മന്ദിരം കഅ്ബക്കു മുമ്പ് നിര്‍മിക്കപ്പെട്ടിട്ടില്ലെന്നു പറയാമോ? പ്രസക്തമായൊരു ചോദ്യമാണിത്.

ചരിത്രത്തിന്റെ രണ്ടു വഴിത്താരകളുണ്ട്. മതവിശ്വാസികള്‍ക്ക് സ്വീകാര്യമായ, ബൈബിളിലൂടെയും ഖുര്‍ആനിലൂടെയും ചുരുള്‍നിവരുന്ന, ആദമിന്റെ സൃഷ്ടിയില്‍നിന്നാരംഭിച്ച മനുഷ്യോല്‍പത്തിയുടെയും വിവിധ പ്രവാചകന്മാരും അവരുടെ അഭിസംബോധിത ജനവിഭാഗങ്ങളുമടങ്ങുന്ന മനുഷ്യവംശത്തിന്റെയും ചരിത്രം ഒരുവശത്ത്. മറുവശത്താകട്ടെ, വിവിധ ഭൂപ്രദേശങ്ങളില്‍ നടന്ന ഖനനത്തിലൂടെയും ഗവേഷണ പര്യവേഷണങ്ങളിലൂടെയും ലഭ്യമായ ശിലാ-ലോഹ ഉപകരണങ്ങള്‍, ആയുധങ്ങള്‍, വീടുകളുടെയും നഗരങ്ങളുടെയും അവശിഷ്ടങ്ങള്‍, പാറകളിലും ഗുഹാഭിത്തികളിലും കൊത്തിവെക്കപ്പെട്ട ചിത്രങ്ങള്‍, പലയിടങ്ങളില്‍നിന്ന് കണ്ടെടുക്കപ്പെട്ട പുരാതന ലിഖിതങ്ങള്‍, രാജ്യാന്തരസഞ്ചാരികളുടെ യാത്രാവിവരണങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ച അറിവുകളും അവയെ അവലംബമാക്കിയുള്ള അനുമാനങ്ങളും അടിസ്ഥാനമാക്കി രചിച്ച ചരിത്രവും. ആധുനിക ലോകം പൊതുവെ അംഗീകരിക്കുന്ന ചിത്രം രണ്ടാമത്തേതാണ്. രണ്ടു വീക്ഷണപ്രകാരവും മുകളിലുന്നയിച്ച ചോദ്യത്തിനുത്തരം കാണാന്‍ ശ്രമിക്കയാണിവിടെ.

പൗരാണിക ചരിത്രത്തില്‍
അറിയപ്പെടുന്ന ചരിത്ര ഗണനയനുസരിച്ച് ക്രിസ്തുവിനു 19 നൂറ്റാണ്ടു മുമ്പാണ് അബ്രഹാം (ഇബ്രാഹിം നബി) ജീവിച്ചിരുന്നത്. അദ്ദേഹം ജനിച്ച കാല്‍ഡിയന്‍ (ഇന്നത്തെ ഇറാഖ്) പ്രദേശത്തെ ഊര്‍ നഗരത്തില്‍ നിന്ന് ഇന്ന് ഫലസ്തീനായറിയപ്പെടുന്ന കാനാന്‍ ദേശത്തേക്ക് അബ്രഹാം മാറിത്താമസിക്കുകയുണ്ടായി. ഈ പ്രദേശങ്ങളെല്ലാമടങ്ങിയ മധ്യപൗരസ്ത്യ ദേശത്താണ് ഭൂമിയില്‍ നാഗരികത ആരംഭിച്ചത് (ലോക ചരിത്ര സംഗ്രഹം, പ്രൊഫ. പി.എസ്.വേലായുധന്‍ പേജ്: 27).

പ്രാചീന മനുഷ്യന്റെ ചരിത്രത്തിന് അമ്പതിനായിരമോ അതിലധികമോ വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സമൂഹങ്ങളായി മനുഷ്യര്‍ താമസമാരംഭിച്ചത് സുമാര്‍ പതിനായിരം വര്‍ഷങ്ങള്‍ക്കപ്പുറമാണെന്നാണ് ചരിത്രമതം (lbid: 27). ക്രിസ്തുവിനു മുമ്പ് 4000 വര്‍ഷം വരെയുള്ള ശിലായുഗ കാലഘട്ടത്തില്‍തന്നെ മനുഷ്യര്‍ കൃഷിയും ഭവനനിര്‍മാണവുംമെല്ലാം ആരംഭിച്ചതായി ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി. നാലായിരാമാണ്ടിനോടടുത്ത് ടൈഗ്രീസ്-യൂഫ്രട്ടീസ് നദികളുടെ തീരത്താണ് മനുഷ്യനാഗരികത ഉടലെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. ബി.സി. 3500-നു മുമ്പായി നൈല്‍നദീതീരത്തും നാഗരികത പുരോഗമിച്ചിരുന്നു. ഉത്തര ഇറാഖില്‍ ബി.സി. 6000-ത്തിനും 4500 നും മിടക്ക് കെട്ടിടനിര്‍മാണവും മണ്‍പാത്ര നിര്‍മാണവും വികസ്വരമായിരുന്നതായി കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച വേള്‍ഡ് പ്രീഹിസ്റ്റി ഇന്‍ ന്യൂ പെര്‍സ്‌പെക്ടീവ് എന്ന ഗ്രന്ഥത്തില്‍ ഗ്രഹാം ക്ലാര്‍ക്ക് രേഖപ്പെടുത്തുന്നു (പേജ്: 64). ബി.സി. നാലായിരാമാണ്ടിനടുത്ത് മെസപൊട്ടോമിയന്‍ പ്രദേശത്ത് സ്ഥാപിതമായ സുമേറിയന്‍ സംസ്‌കാരവും അവര്‍ സ്ഥാപിച്ച സാമ്രാജ്യവും ബി.സി. ഇരുപത്തൊന്നാം നൂറ്റാണ്ടോടെ നാശോന്മുഖമായതായി പ്രസിദ്ധ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയിന്‍ബി കണക്കാക്കുന്നു(A study of History). ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ ചരിത്രവിഭാഗം തലവനായ ഡോ.ജെയിംസ് ഹെന്റി പ്രസ്റ്റഡ് ബി.സി. 4000-ത്തിനും 3000ത്തിനുമിടക്ക് പൗരസ്ത്യ നാഗരികതകള്‍ പാശ്ചാത്യ നാടുകളേക്കാള്‍ മുമ്പ് വളരെയേറെ അഭിവൃദ്ധി പ്രാപിച്ചിരുന്നതായി പ്രസ്താവിക്കുന്നു. (‘അല്‍ ഉസൂറുല്‍ ഖദീമ’ ഇംഗ്ലീഷില്‍ നിന്നുള്ള അറബി വിവര്‍ത്തനം, പേജ്: 38)

സുമേറിയന്‍ നഗരങ്ങളായ സുമര്‍, അക്കാദ് എന്നിവയും ശേഷം വന്ന ബാബിലോണിയന്‍ സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രമായ ബാബിലും വളരെ വിപുലമായ കെട്ടിടങ്ങളും ഭവനങ്ങളുമുള്ളവയായിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ മതവിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നതായും മരിച്ചവരെ ഉപചാരപൂര്‍വ്വം ഖബറടക്കം’ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാബില്‍ നഗരത്തില്‍ പ്രസിദ്ധമായ ഗോപുരത്തിനു സമീപം പ്രത്യേകമായ ആരാധനാലയം ഉണ്ടായിരുന്നതായി ഡോ.ജെയിംസ് പ്രസ്റ്റഡ് രേഖപ്പെടുത്തിയിരിക്കുന്നു (lbid, page: 125). ഈജിപ്തിലെ ഫറോവമാരുടെ ശവകുടീരങ്ങളുടെമേലാണല്ലോ പിരമിഡുകള്‍ പണിതിരിക്കുന്നത്. ബി.സി. 3000ത്തിനും 2500നുമിടയിലാണ് ഭീമാകാരമായ പരിമിഡുകള്‍ നിര്‍മിതമായത്. ആ കാലഘട്ടത്തില്‍ ഈജിപ്തുകാര്‍ സൂര്യനെയും നൈലിന്റെ ദേവനായ ഓസിറിസിനെയും ആരാധിച്ചിരുന്നു (lbid, page: 54). ചുരുക്കത്തില്‍ ഇബ്‌റാഹിം നബി(അ)യുടെ കാലത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന നഗരങ്ങളില്‍ ആരാധനാലയങ്ങളും ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത്.

ആദ്യകാല ദേവാലയങ്ങള്‍ ബൈബിളില്‍
ബൈബിള്‍ വിവരണമനുസരിച്ച് നോഹ (നൂഹ് നബി)യുടെ കാലം വരെ ആദം സന്തതികള്‍ ഒരേ ഭാഷ സംസാരിച്ചിരുന്ന ഏക സമൂഹമായിരുന്നു. പ്രളയസംഭവത്തിനു ശേഷം നോഹ ഒരു ബലിപീഠം പണിതതായി ബൈബിള്‍ പറയുന്നു (ഉല്‍പത്തി പുസ്തകം, 8: 20). ജീവികളെയും പക്ഷികളെയും ബലിയര്‍പ്പിക്കാനുള്ള സ്ഥാനമായാണ് ബൈബിളതിനെ വിശേഷിപ്പിക്കുന്നത്. ഇതര ആരാധനാകര്‍മങ്ങളനുഷ്ഠിക്കാനുള്ള ഒരു മന്ദിരമായതിനെ ഗണിക്കാന്‍ ന്യായമില്ല. നോഹയുടെ സന്താനങ്ങള്‍ പെരുകി തലമുറകള്‍ക്കുശേഷം അവര്‍ കിഴക്കോട്ട് സഞ്ചരിച്ച് ‘ഷിനാര്‍’ എന്ന സ്ഥലത്ത് താമസമാക്കി. അവിടെ ഒരു വന്‍ നഗരവും അതില്‍ ‘ ആകാശം മുട്ടുന്ന ഒരു ഗോപുരവും’ പണിതതായി ബൈബിള്‍ രേഖപ്പെടുത്തുന്നു (ഉല്‍പത്തി, 11: 14). ഇതും ഒരാരാധനാലയമാണെന്ന് പ്രസ്തുത ബൈബിള്‍ വാക്യത്തിലില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ഹാറാനില്‍നിന്ന് പുറപ്പെട്ട് കാനാന്‍ ദേശത്തെത്തിയ അബ്രഹാമും അവിടെ ദൈവത്തിനായി ഒരു ബലിപീഠം പണിതതായി ബൈബിള്‍ പ്രസ്താവിക്കുന്നു (ഉല്‍പത്തി, 12: 8). പിന്നീട് ഹെബ്രോണിലെ സമതലത്തിലേക്ക് അബ്രഹാം താമസം മാറ്റിയപ്പോള്‍ അവിടെയും ഒരു ബലിപീഠം പണിയുകയുണ്ടായി (ഉല്‍പത്തി. 13: 18). ഒരുവേള അക്കാലത്ത് അനുഷ്ഠിച്ചിരുന്ന ആരാധനകള്‍ ബലിയിലും പ്രാര്‍ത്ഥനകളിലും പരിമിതമായിരുന്നിരിക്കണം.

ഭാര്യ ഹാഗാറിനെയും (ഹാജറ ബീവി)ശിശുവായിരുന്ന പുത്രന്‍ ഇഷ്മയേലിനെയും (ഇസ്്മാഈല്‍ നബി) പ്രഥമ പത്‌നി സാറായി (സാറാ ബീവി)യുടെ ആവശ്യപ്രകാരം നാട്ടില്‍ നിന്നിറക്കിവിട്ട ശേഷം അവര്‍ ‘പാറാന്‍’ മരുഭൂമി (അറേബ്യക്ക് ബൈബിള്‍ നല്‍കുന്ന നാമം)യില്‍ ചെന്നു താമസിച്ചതായി ബൈബിള്‍ പറയുന്നുണ്ടെങ്കിലും (ഉല്‍പത്തി: 21: 21) അബ്രഹാം അവിടെ ചെന്നു ഇഷ്മയേലിന്റെ സഹായത്തോടെ ഒരു ദൈവമന്ദിരം പണിതതായി ബൈബിളില്‍ പരാമര്‍ശമില്ല.

നൂറ്റാണ്ടുകള്‍ക്കു ശേഷം ഫലസ്തീന്‍ പ്രദേശത്ത് ദാവീദ് രാജാവ് (ദാവൂദ് നബി) ദൈവാരാധനക്കായി ഒരു ക്ഷേത്രം നിര്‍മിക്കാനാഗ്രഹിച്ചുവെങ്കിലും അത് സാധിക്കുന്നതിനു മുമ്പ് മരണമടഞ്ഞതായും അനന്തരം പുത്രന്‍ സോളമന്‍ രാജാവ് (സുലൈമാന്‍ നബി) ഏഴു വര്‍ഷം കൊണ്ട് ജറൂസലേമില്‍ ഒരു ദേവാലയം നിര്‍മിച്ചതായും ബൈബിളില്‍ കാണാം. (രാജാക്കന്മാര്‍, 6: 1-37). ചുരുക്കത്തില്‍ ആദാമിന്റെ സൃഷ്ടിക്കു ശേഷമുള്ള ഭൂമിയിലെ മനുഷ്യവാസത്തിന്റെ ചരിത്രമാണ് ബൈബിളിലെ ആദ്യ അധ്യായങ്ങളിലെ പ്രാതിപാദ്യമെങ്കിലും അബ്രഹാമിന്റെ കാലം വരെയും മനുഷ്യവാസമുണ്ടായിരുന്ന ഏതെങ്കിലും പ്രദേശത്ത് ഒരു ദേവാലയം നിര്‍മിതമായിരുന്നുവെന്നതിന് ഇന്ന് നിലവിലുള്ള ബൈബിളില്‍ തെളിവില്ല.

ഖുര്‍ആനിക ഭാഷ്യം
കഅ്ബയെ സംബന്ധിച്ച മൂന്നു ഖുര്‍ആന്‍ സൂക്തങ്ങള്‍ ലേഖനാരംഭത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. പ്രസ്തുത വാക്യങ്ങള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ വ്യത്യസ്തമാണ്. ‘ഇബ്‌റാഹീമും ഇസ്മായീലും (കഅ്ബാ) മന്ദിരത്തിന്റെ അസ്തിവാരം പടുത്തുയര്‍ത്തുമ്പോള്‍…’ എന്ന സൂറത്തുല്‍ ബഖറയിലെ വചനത്തിന്, പുത്രന്‍ ഇസ്മാഈലിന്റെ സഹായത്തോടെ ഇബ്‌റാഹീം നബിയാണ് കഅ്ബ ആദ്യമായി നിര്‍മിച്ചതെന്ന് പ്രമുഖ മുഫസ്സിറുകളായ ഇമാം ഇബ്‌നു കസീര്‍, ഇമാം ആലൂസി എന്നിവരും വിഖ്യാത ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂനും അര്‍ഥം കല്‍പിക്കുന്നു. (ഇബ്‌നു കസീര്‍1:362, ആലൂസി 1: 384). എന്നാല്‍, പ്രസ്തുത ആയത്തിലെ പദങ്ങളുടെ ഘടനയനുസരിച്ച് (‘ വ ഇദ് യര്‍ഫഉ ഇബ്രാഹീമുല്‍ ഖവാഇദ മിനല്‍ ബൈതി…’ ), മുമ്പേ ഉണ്ടായിരുന്ന അസ്തിവാരത്തിന്മേല്‍ കഅ്ബാ മന്ദിരം കെട്ടിയുയര്‍ത്തുകയാണ് ഇബ്‌റാഹീം നബി ചെയ്തതെന്ന് വേറൊരഭിപ്രായമുണ്ട്.
ഇമാം ഖുര്‍തുബി, ഫഖ്‌റുദ്ദീനുര്‍റാസി, സമഖ്ശരി എന്നിവര്‍ തങ്ങളുടെ തഫ്‌സീറുകളില്‍ ഈ വീക്ഷണം പ്രകടിപ്പിക്കുകയും അതിനാധാരമായ ഹദീസുകളുദ്ധരിക്കുകയും ചെയ്തിട്ടുണ്ട് (ഖുര്‍തുബി, 2: 120, റാസി: 4: 63, സമഖ് ശരി: 1: 311). സൃഷ്ടിയുടെ ആരംഭത്തില്‍ ഭൂമി ജലാവൃതമായിരുന്നപ്പോള്‍ കഅ്ബയുടെ സ്ഥാനം ഒരു കുന്നായി ജലത്തിനു മീതെ ഉയര്‍ന്നുനിന്നിരുന്നുവെന്നും, ആദമിന്റെ സൃഷ്ടിക്കു മുമ്പേ അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകളാണ് കഅ്ബ നിര്‍മിച്ചതെന്നും, അല്ലാഹു ആദമിനോടൊപ്പം കഅ്ബയെ ആകാശത്തുനിന്നിറക്കിയതാണെന്നും, അല്ലാഹുവിന്റെ കല്‍പനപ്രകാരം ആദമാണ് കഅ്ബ നിര്‍മിച്ചതെന്നുമൊക്കെ വിവിധ ഹദീസുകളുദ്ധരിക്കപ്പെടുന്നു. ‘ഇബ്‌റാഹീമിനു നാം(കഅ്ബ) മന്ദിരത്തിന്റെ സ്ഥാനം സൗകര്യപ്പെടുത്തിയ സന്ദര്‍ഭം…’ എന്ന സൂറത്തുല്‍ ഹജ്ജിലെ ആയത്തും ഈ ആഭിപ്രായത്തിനു ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആദ്യകാല മുഫസ്സിറുകളിലൊരാളായ ഇമാം ഇബ്‌നു ജരീറുത്ത്വബരി ‘ബഖറ’ യിലെ 127-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഖണ്ഡിതമായൊരഭിപ്രായം പറയുന്നില്ല. ആയത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് പഴുതുണ്ടെന്നും ഖണ്ഡിതമായ ജ്ഞാനത്തിന്റെ അഭാവത്തില്‍ ഒന്നും തീര്‍ത്തുപറയുക സാധ്യമല്ലെന്നുമാണദ്ദേഹത്തിന്റെ പക്ഷം (ത്വബരി, 1: 549).

എന്നാല്‍, പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലൊരാളായ ഇമാം ഇബ്‌നു കസീര്‍ ഇവ്വിഷയകമായ വ്യത്യസ്തഭിപ്രായങ്ങള്‍ ഉദ്ധരിച്ച ശേഷം ഖുര്‍ആന്റെ പ്രത്യക്ഷ പ്രസ്താവങ്ങളനുസരിച്ച് കഅ്ബാലയം നിര്‍മിച്ചത് ഇബ്‌റാഹീം നബിയാണെന്ന പക്ഷത്തെയാണ് പ്രാമാണികമായി ഗണിക്കുന്നത് (ഇബ്‌നു കസീര്‍, 1: 362). കഅ്ബയെ ആദം(അ)ന്റെ കാലവുമായി ബന്ധപ്പെടുത്തുന്ന ഹദീസുകള്‍ സംശയത്തിനിടയില്ലാത്തവിധം പ്രബലമാല്ലെന്നാണദ്ദേഹത്തിന്റെ മതം. ‘റൂഹുല്‍ മആനി’ എന്ന വിഖ്യാതമായ തഫ്‌സീറില്‍ അല്ലാമഃ ശിഹാബുദ്ദീന്‍ ആലൂസിയും പ്രസ്തുത ആയത്തിന്റെ വിശദീകരണത്തില്‍ ഈയഭിപ്രായത്തോടാണ് ചായ് വ് പ്രകടിപ്പിക്കുന്നത് (റൂഹുല്‍ മആനി, 1: 384). ചുരുക്കത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും കഅ്ബ നിര്‍മിച്ചത് ഇബ്‌റാഹീം നബിയും ഇസ്മായില്‍ നബിയും ചേര്‍ന്നാണെന്ന ഖുര്‍ആന്‍ വാക്യത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥമാണ് കൂടുതല്‍ സ്വീകാര്യമായിത്തോന്നുന്നത്. ഇതിനെതിരിലുദ്ധരിക്കപ്പെടുന്ന, പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമായ ഹദീസുകള്‍ പ്രാമാണിക മുഫസ്സിറുകളില്‍ പലരും സ്വീകാര്യയോഗ്യമായികാണുന്നില്ല.

കഅ്ബക്ക് ‘പ്രഥമ ദേവാലയ’ മെന്ന സ്ഥാനം കല്‍പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിനും വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇമാം റാസി പറയുന്നു: ‘ ജനങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ആദ്യത്തെ വീട് ‘ബക്ക’ യിലുള്ളതാണ്’ എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യം, നിര്‍മാണത്തില്‍ പ്രഥമമായത് പ്രസ്തുത ഭവനമാണ് എന്നാകാം; ദൈവാനുഗ്രഹത്തിലും സന്മാര്‍ഗദര്‍ശനത്തിലും ആ മന്ദിരം പ്രഥമ സ്ഥാനത്താണ് എന്നുമാകാം അതിന്റെ ഉദ്ദേശ്യം. മുഫസ്സിറുകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട് (റാസി, 8: 152). ഹിജ്‌റ രണ്ടാം വര്‍ഷത്തിലുണ്ടായ ‘ഖിബ് ല’ മാറ്റത്തെ തുടര്‍ന്ന് ഏറ്റവും ശ്രേഷ്ഠതയുള്ള ദേവാലയം ഏതാണെന്നതിനെപ്പറ്റി മുസ്്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. കഅ്ബയാണ് ശ്രേഷ്ഠമെന്ന് മുസ്്‌ലിംകളും ബൈത്തുല്‍ മഖ്ദിസാണെന്ന് ജൂതരും വാദിച്ചു. ഈ പശ്ചാത്തലത്തിലവതരിച്ച പ്രസ്തുത ആയത്ത് കഅ്ബയാണ് ബൈത്തുല്‍ മഖ്ദിസിനേക്കാള്‍ മുമ്പ് നിര്‍മിതമായതും തദ്വാരാ കൂടുതല്‍ ശ്രേഷ്ഠവുമെന്ന് കുറിക്കുന്നുവെന്ന് ഖുര്‍തുബിയും ഇബ്‌നു കസീറും റാസിയുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മുസ്്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍, ഏതു പള്ളിയാണ് ആദ്യം നിര്‍മിക്കപ്പെട്ടതെന്ന് ഹ: അബൂദര്‍റ് നബി തിരുമേനി(സ)യോടന്വേഷിച്ചതായി കാണാം. ‘ അല്‍ മസ്ജിദുല്‍ ഹറാം’ എന്നായിരുന്നു നബിയുടെ പ്രത്യുത്തരം. ‘പിന്നെ ഏതാണ്?’ എന്ന അബൂദര്‍റിന്റെ ചോദ്യത്തിന്, ‘ അല്‍ മസ്ജിദുല്‍ അഖ്‌സ’ എന്ന് തിരുമേനി മറുപടി നല്‍കി.

‘ ജനങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ഒന്നാമത്തെ വീട് എന്ന ആയത്തിന് ഭൂമിയില്‍ നിര്‍മിതമായ ആദ്യത്തെ വീട് കഅ്ബയാണെന്നര്‍ഥം കല്‍പിക്കാവതല്ലെന്ന് ഹ: അലി(റ) പ്രസ്താവിച്ചതായി തഫ്‌സീറുകളില്‍ കാണാം. (ഖുര്‍തുബി, 4: 137). കഅ്ബക്കു മുമ്പും വീടുകളുണ്ടായിരുന്നു. എന്നാല്‍, ‘ഇബാദത്തി’നായി ആദ്യമായി നിശ്ചയിക്കപ്പെട്ട ഭവനം കഅ്ബയാണ് എന്നാണദ്ദേഹം നല്‍കിയ വിശദീകരണം.

നൂഹ് നബി(സ)യുടെ കാലത്തുതന്നെ ജനങ്ങള്‍ ബഹുദൈവാരാധനയിലേര്‍പ്പെട്ടിരുന്നുവെന്ന് ഖുര്‍ആനില്‍ നിന്ന് ഗ്രാഹ്യമാണ്. അന്ന് ജനങ്ങള്‍ പൂജിച്ചിരുന്ന മഹാന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ച ദേവാലയങ്ങള്‍ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത വിദൂരമല്ല. ഇബ്‌റാഹിം നബിയുടെ യൗവനാരംഭത്തില്‍ വിഗ്രഹപൂജയുടെ നിരര്‍ത്ഥകത ജനങ്ങളെ ധരിപ്പിക്കാനായി അവര്‍ പൂജിച്ചിരുന്ന പ്രതിമകളെയെല്ലാം അദ്ദേഹം വെട്ടിനുറുക്കുകയുണ്ടായല്ലോ. വലുതം ചെറുതുമായ പ്രസ്തുത വിഗ്രഹങ്ങളും ഒരു ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കപ്പെട്ടതായിരുന്നിരിക്കാനാണ് സാധ്യത. ഇബ്‌റാഹീം നബിയുടെ കാലത്തിനു മുമ്പുതന്നെ ദൈവാരാധനക്കുള്ള മന്ദിരങ്ങള്‍ നിര്‍മിതമായിട്ടുണ്ടെന്ന് വിശ്വസിക്കാനാണ് ഇതെല്ലാം പ്രേരിപ്പിക്കുന്നത്. ലോകചരിത്രവും ഈ നിഗമനത്തെ പിന്താങ്ങുന്നു.

ആകയാല്‍ കഅ്ബയുടെ പ്രഥമ സ്ഥാനീയതക്ക് നല്‍കാവുന്ന അര്‍ഥം, അല്ലാഹുവിന്റെ പ്രത്യേക കല്‍പനയനുസരിച്ച് ലോകത്തെങ്ങുമുള്ള ജനങ്ങള്‍ക്ക് ഏകദൈവാരാധനയുടെ കേന്ദ്രമാകാനായി ഇബ്‌റാഹീം നബി നിര്‍മിച്ച ഒന്നാമത്തെ ദേവാലയം എന്നായിരിക്കും. ഇബ്‌റാഹീം നബിയുടെ കാലം തൊട്ടേ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുഹമ്മദ് നബിക്കു ശേഷം ലോകത്തിലെ നാനാ ദേശങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ കഅ്ബയിലേക്ക് തീര്‍ത്ഥാടനം ചെയ്യുകയും അതിനെ തങ്ങളുടെ ആത്മീയ കേന്ദ്രമായി ഗണിക്കുകയും ചെയ്യുന്നുണ്ടല്ലോ.

ഇബ്‌റാഹീം നബി നിര്‍മിച്ച കഅ്ബ
അതീവ ലളിതമായ ഒരു കെട്ടിടമായിരുന്നു ഇബ്‌റാഹീം നബി പണിത കഅ്ബ. കല്ലുകൊണ്ടുള്ള അടിത്തറമേല്‍ ദീര്‍ഘചതുരാകൃതിയില്‍ പടുത്തുയര്‍ത്തിയ ചുമരുകള്‍ മാത്രമാണതിനുണ്ടായിരുന്നത്. വാതിലോ മേല്‍പുരയോ അതിനുണ്ടായിരുന്നില്ല (‘ അല്‍ ജസീറ അല്‍ അറബിയ്യ ഖബ് ലല്‍ ഇസ്്‌ലാം, പേജ്: 124). 20-22 മുഴം വീതിയും 31-32 മുഴം നീളവുമാണതിനുണ്ടായിരുന്നത്. ഒമ്പത് മുഴമായിരുന്നു ചുമരിന്റെ ഉയരം (‘അഖ്ബാറു മക്ക’, അല്‍ അസ്‌റഖി, പേജ്: 27). ‘ ഹിജ്ര്‍ ഇസ്്മാഈല്‍’ എന്ന പേരിലറിയപ്പെടുന്ന, ഇന്ന് കഅ്ബയുടെ ഭിത്തിക്ക് പുറത്തുള്ള ഭാഗവും കൂടി ഉള്‍പ്പെട്ടതായിരുന്നു (32 മുഴം നീളം)

ബിംബാരാധനയോട് സന്ധിയില്ലാ സമരം നടത്തിയ ഇബ്‌റാഹീം നബി ഏകദൈവാരാധനക്കുള്ള കേന്ദ്രമായാണ് കഅ്ബ പണിതത്. തങ്ങളുടെ സന്താനങ്ങളെ ആ മന്ദിരത്തില്‍ പ്രാര്‍ത്ഥനയും നമസ്‌കാരവും നിര്‍വഹിക്കുന്നവരാക്കണമെന്നും, അവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന ഒരു ദൈവദൂതനെ നിയോഗിക്കണമെന്നും ഇബ്‌റാഹീം നബിയും ഇസ്്മാഈല്‍ നബിയും കഅ്ബാ നിര്‍മാണവേളയില്‍ പ്രാര്‍ഥിക്കുകയുണ്ടായി (അല്‍ ബഖറ: 127-129). അവരുടെ പ്രാര്‍ത്ഥന അന്ത്യ പ്രവാചകന്‍ മുഹമ്മദുനബിയും അല്ലാഹുവിന്റെ ആജ്ഞകളനുസരിച്ച് ജീവിക്കുകയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദൈവമന്ദിരത്തില്‍ ചെന്ന് വര്‍ഷന്തോറും ഹജ്ജ്കര്‍മ്മനുഷ്ഠിക്കുകയും ചെയ്യുന്ന മുസ്്‌ലിം സമൂഹവും സാക്ഷാല്‍ക്കരിക്കുന്നു.

കഅ്ബാ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹുവിന്റെ കല്‍പനപ്രകാരം (അല്‍ഹജ്ജ്: 27) ഇബ്‌റാഹീം നബി നല്‍കിയ ആഹ്വാനമനുസരിച്ചാണ് വര്‍ഷന്തോറും ലോക മുസ്്‌ലിംകള്‍ മക്കയിലെത്തി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. മുഹമ്മദ് നബിക്കു മുമ്പുതന്നെ അറേബ്യയുടെ മുക്കുമൂലകളില്‍നിന്ന് വിവിധ ഗോത്രക്കാര്‍ കൂട്ടം കൂട്ടമായി വന്ന് ഹജ്ജ് നിര്‍വഹിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ പ്രസിദ്ധമാണ്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും കാലശേഷം ഏകദൈവത്വത്തിന്റെ കേന്ദ്രമായ കഅ്ബയില്‍തന്നെ ബഹുദൈവ വിശ്വാസികള്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജിക്കാനാരംഭിച്ചു. മക്കാവിജയവേളയില്‍ നബിതിരുമേനി പ്രസ്തുത വിഗ്രഹങ്ങളില്‍നിന്നെല്ലാം കഅ്ബയെ ശുദ്ധമാക്കി തൗഹീദിന്റെ പ്രഭവസ്ഥാനമെന്ന പൂര്‍വസ്ഥിതിയിലേക്ക് അതിനെ തിരിച്ചുകൊണ്ടുവന്നു. അവിടന്ന് പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്നും ആ ഭവനം ലോകത്തെങ്ങുമുള്ള ഏകദൈവവിശ്വാസികളുടെ ‘ഖിബ്‌ല’യും തീര്‍ഥാടക കേന്ദ്രവുമായി പരിലസിക്കുന്നു.

കഅ്ബാ പുനര്‍നിര്‍മാണം
ഇബ്‌റാഹീം നബിയുടെ കാലശേഷം അമാലിഖ ഗോത്രക്കാരും ജൂര്‍ഹൂം ഗോത്രക്കാരും വിവിധ സന്ദര്‍ഭങ്ങള്‍ കഅ്ബയുടെ കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിപ്പണിതതായി ചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നു (ദാഇറതു മആരിഫില്‍ ഖര്‍നില്‍ ഇശ്‌രീന്‍, മുഹമ്മദ് ഫരീദ് വജ്ദി, 8: 142). ഹിജ്‌റയുടെ ഏകദേശം ഇരുനൂറു വര്‍ഷം മുമ്പ് ഖുറൈശികളുടെ നേതൃസ്ഥാനത്തവരോധിതമായ നബിയുടെ പിതാമഹന്മാരിലൊരാളായ ഖുസയ്യ് കഅ്ബ പൊളിച്ച് കൂടുതല്‍ ഉറപ്പായി നിര്‍മിക്കുകയും മരവും ഈത്തപ്പനത്തടികളുമുപയോഗിച്ച് അതിന് മേല്‍പ്പുരയുണ്ടാക്കുകയും ചെയ്തു. സമീപത്തുതന്നെ തന്റെ കൂടിയാലോചനാമന്ദിരമായി ‘ദാറുന്നദ്‌വ’യും അദ്ദേഹം നിര്‍മിച്ചു. ആദ്യകാലത്ത് കഅ്ബയുടെ ചുറ്റുമുള്ള സ്ഥലം ഒഴിഞ്ഞാണ് കിടന്നിരുന്നത്. ഖുസയ്യിന്റെ കാലത്ത് കഅ്ബക്കു സമീപം വീടുകള്‍ നിര്‍മിക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ ത്വവാഫ് ചെയ്യാനുള്ള കുറച്ച് സ്ഥലമൊഴിച്ചുള്ളേടത്തെല്ലാം വീടുകള്‍ നിര്‍മിതമായി. മക്കയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും കഅ്ബയിലേക്കെത്താന്‍ വീടുകള്‍ക്കിടയില്‍ വഴികളുണ്ടായിരുന്നു. (തൗസിഅത്തുല്‍ ഹറമൈനി ശ്ശരീഫൈന്‍’, വാര്‍ത്താവിതരണ മന്ത്രാലയം, രിയാദ്, പേജ്: 61)

നബിയുടെ ജനനത്തിന് തൊട്ടുമുമ്പ് യമനിലെ ഭരണാധികാരി കഅ്ബ പൊളിക്കാന്‍ നടത്തിയ ശ്രമം അല്ലാഹുവിന്റെ പ്രത്യേക സഹായത്താല്‍ പരാജയപ്പെട്ട സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത സംഭവം അക്കാലത്തെ അറബികള്‍ക്കിടയില്‍ കഅ്ബക്ക് പൂര്‍വാധികം പ്രശസ്തിയുണ്ടാവാന്‍ കാരണമായി.

നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ് വെള്ളപ്പൊക്കം മൂലം കേടുപാടുകള്‍ പറ്റിയ കഅ്ബ ഖുറൈശികള്‍ പുതുക്കിപ്പണിതതും ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്ന കാര്യത്തില്‍ ഖുറൈശി പ്രമുഖര്‍ക്കിടയിലുണ്ടായ തര്‍ക്കം ‘വിശ്വസ്ത’നെന്ന അപരനാമത്തില്‍ അവര്‍ക്കിടയില്‍ വിഖ്യാതനായിരുന്ന മുഹമ്മദിന്റെ മധ്യസ്ഥതയില്‍ രമ്യമായി പരിഹരിച്ചതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. റോമന്‍ വംശജനായ ഒരു കെട്ടിടനിര്‍മാണ വിദഗ്ധന്‍ അവരെ കഅ്ബാ പുനര്‍നിര്‍മാണത്തില്‍ സഹായിച്ചിരുന്നു. കഅ്ബയുടെ രണ്ടു വാതിലുകളിലൊന്ന് ഖുറൈശികള്‍ ചുമര്‍ കെട്ടി അടച്ചുകളയുകയും അവശേഷിച്ച വാതില്‍ നാലുമുഴത്തോളം ഉയര്‍ത്തിവെക്കുകയും ചെയ്തു. തങ്ങള്‍ക്കിഷ്ടമുള്ളവരെ മാത്രം കഅ്ബയില്‍ പ്രവേശിപ്പിക്കാനായിരുന്നുവത്രെ ഇത്. കഅ്ബയുടെ ഉള്‍ഭാഗത്ത് രണ്ടു വരിയില്‍ മൂന്നുവീതം ആറു തൂണുകളുണ്ട്. അതല്ലാതെ മറ്റലങ്കാരങ്ങളൊന്നും കഅ്ബക്കകത്തില്ല. പണിക്കാവശ്യമായ മരവും കല്ലും മതിയാവാതിരുന്നതിനാല്‍ കഅ്ബയുടെ നീളം അഞ്ചു മുഴത്തോളം കുറച്ചാണ് ഖുറൈശികള്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഇങ്ങനെ കെട്ടിടത്തിന് പുറത്തായ ഭാഗമാണ് ‘ഹിജ്ര്‍ ഇസ്മാഈല്‍’ എന്ന പേരിലറിയപ്പെടുന്ന അരമതില്‍ കെട്ടിയ ഭാഗം.

ഇസ്്‌ലാമിക കാലഘട്ടത്തില്‍
മക്കാ വിജയ വേളയില്‍ നബി(സ) കഅ്ബയുടെ ഉള്ളിലും അതിനു ചുറ്റും ഉണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം നശിപ്പിക്കുകയും കഅ്ബക്കകത്ത് ചുമരുകളിന്മേലും തൂണുകളിന്മേലുമുണ്ടായിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങള്‍ മായ്ച്ചുകളയുകയുമുണ്ടായി. കഅ്ബയുടെ വാതില്‍ തുറപ്പിച്ച് തിരുമേനി അകത്തുപ്രവേശിക്കുകയും രണ്ടു തൂണുകള്‍ക്കിടയില്‍ നമസ്‌കരിക്കുകയും ചെയ്തതായി ഇബ്‌നു ഉമര്‍(റ)നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുണ്ട്. കഅ്ബയുടെ കെട്ടിടം ഖുറൈശികള്‍ നിര്‍മിച്ച രൂപത്തില്‍ തന്നെ നബി(സ) നിലനിര്‍ത്തി. മത്വാഫിന് (ത്വവാഫ് ചെയ്യുന്ന സ്ഥലം) ചുറ്റും വീടുകളും കെട്ടിടങ്ങളുമുണ്ടായിരുന്നതും അതേപടി നിലനിര്‍ത്തുകയുണ്ടായി.

ഖലീഫാ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് ഇസ്്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിക്കുകയും വര്‍ഷന്തോറും ഹജ്ജിന് വരുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ത്വവാഫ് ചെയ്യാന്‍ ഞെരുക്കമാവുകയും ചെയ്തപ്പോള്‍ ഹിജ്‌റ 17-ാം വര്‍ഷത്തില്‍ കഅ്ബക്ക് ചുറ്റുമുള്ള കുറേ വീടുകള്‍ വിലകൊടുത്തുവാങ്ങി പൊളിച്ചുമാറ്റിക്കൊണ്ട് ‘മത്വാഫി’ ന് വിസ്താരം കൂട്ടുകയുണ്ടായി. അതിനുചുറ്റും മതില്‍ കെട്ടുകയും അതില്‍ ചുറ്റുഭാഗത്തും വാതില്‍ വെക്കുകയും മതിലിന് മുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീഫ ഉസ്്മാനുബ്‌നു അഫ്ഫാന്റെ കാലത്ത് മതിലിന് ചുറ്റുമുള്ള വീടുകള്‍പൊളിച്ച് വീണ്ടും വിസ്താരം കൂട്ടി. കഅ്ബക്കു ചുറ്റും മേല്‍പുരയോടുകൂടിയ വരാന്തയും അദ്ദേഹം പണിയിച്ചു.

ഹിജ്‌റ വര്‍ഷം 640ല്‍, മുആവിയയുടെ പുത്രന്‍ യസീദ് ഭരണാധികാരിയായത് അംഗീകരിക്കാതിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെതിരില്‍ യസീദിന്റെ സേനാധിപന്‍ ഹജ്ജാജുബാനു യൂസുഫ് സൈനികോപരോധപ്പെടുത്തുകയും കഅ്ബയിലഭയം തേടിയ ഇബ്‌നു സുബൈറിനെതിരില്‍ ‘മിഞ്ചനീഖ്’ (പാറക്കല്ലുകള്‍ തൊടുത്തുവിടാനുള്ള യന്ത്രം) പ്രയോഗിക്കുകയുമുണ്ടായി. അതുമൂലം കഅ്ബയുടെ ഭിത്തികള്‍ക്ക് കേടുപറ്റി. ഇബ്‌നു സുബൈര്‍ ഭിത്തികളുടെ കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടത്തിനുറപ്പുവരുത്തി. രണ്ടുകൊല്ലം കഴിഞ്ഞ് തീപ്പിടുത്തം മൂലം കഅ്ബയിലെ മരങ്ങള്‍ക്ക് നാശം പറ്റുകയും ദൗര്‍ബല്യമുണ്ടാവുകയും ചെയ്തപ്പോള്‍ ഇബ്‌നു സുബൈര്‍ കെട്ടിടം പൊളിച്ച് പുതുക്കിപ്പണിതു. ഹ: ആയിശ(റ) നിവേദനം ചെയ്ത, ‘ജനങ്ങള്‍ കുഫ്‌റില്‍ നിന്ന് മോചിതരായിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ, അല്ലായിരുന്നുവെങ്കില്‍ ഇബ്‌റാഹീം നബി നിര്‍മിച്ച അതേരൂപത്തില്‍ കഅ്ബയുടെ വലുപ്പം പൂര്‍ത്തിയാക്കുകയും ജനങ്ങള്‍ക്ക് അകത്തേക്കും പുറത്തേക്കും കടക്കാന്‍ ഒരു വാതിലുകള്‍ വെക്കുകയും ചെയ്യുമായിരുന്നു’ എന്ന നബിവചനം ആസ്പദമാക്കി ഇബ്‌നു സുബൈര്‍ ഹിജ്ര്‍ ഇസ്മാഈല്‍ കൂടി കഅ്ബയിലുള്‍പ്പെടത്തക്കവിധം കെട്ടിടത്തിന് അഞ്ചു മുഴം നീളം കൂട്ടി. തറനിരപ്പില്‍ രണ്ടു വാതിലുകള്‍ വെക്കുകയും ചെയ്തു (ഖുര്‍തുബി, 2: 124)

ഇബ്‌നു സുബൈര്‍ വധിക്കപ്പെട്ട ശേഷം ഹജ്ജാജ് അന്നത്തെ ഖലീഫ അബ്ദുല്‍ മലികിന്റെ അനുമതിയോടെ ഇബ്‌നു സുബൈര്‍ കൂട്ടിച്ചേര്‍ത്ത ഭാഗം പൊളിച്ച് പൂര്‍വസ്ഥിതിയിലാക്കുകയും പടിഞ്ഞാറുഭാഗത്തെ വാതില്‍ എടുത്തുമാറ്റുകയും ചെയ്തു. ആയിശ(റ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഹദീസ് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെട്ട അബ്ദുല്‍ മലിക്, അത് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഇബ്‌നു സുബൈര്‍ നിര്‍മിച്ചപടി തന്നെ കഅ്ബ നിലനിര്‍ത്തുമായിരുന്നു വെന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹിജ്‌റ 91-ല്‍ ഉമവി ഖലീഫ വലീദുബ്‌നു അബ്ദുല്‍ മലിക് കഅ്ബയില്‍ ആദ്യമായി മാര്‍ബില്‍ തൂണുകള്‍ നിര്‍മിച്ചു. ഇബ്‌നു സുബൈര്‍ നിര്‍മിച്ച രൂപത്തില്‍തന്നെ കഅ്ബയെ പുനര്‍നിര്‍മിക്കാന്‍ ഖലീഫ ഹാറൂണ്‍ റശീദ് ഇമാം മാലിക്കിനോട് ആവശ്യപ്പെട്ടതായി ഖാദി ഇയാദും ഇമാം നവവിയും രേഖപ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന ഭരണാധികാരികള്‍ക്ക് സ്വാഭീഷ്ടപ്രകാരം പൊളിച്ചുകളയാനും പുനര്‍ നിര്‍മിക്കാനുമുള്ള ഒരു കെട്ടിടമായി കഅ്ബ മാറിയേക്കും എന്നുപറഞ്ഞുകൊണ്ട് ഇമാം മാലിക്ക് പുനര്‍നിര്‍മാണം നടത്തുന്നതില്‍നിന്ന് ഖലീഫയെ വിലക്കി. അതുകൊണ്ട് കഅ്ബ പുനര്‍നിര്‍മിക്കാനുള്ള തീരുമാനത്തില്‍നിന്ന് ഹാറൂണ്‍ റശീദ് പിന്തിരിഞ്ഞു (ദി ഇംപോര്‍ട്ടന്‍സ് ഓഫ് കഅ്ബാ ഇന്‍ ഇസ്്‌ലാം എന്ന പേരില്‍ ഡോ. നഫ്‌സുദ്ദീന്‍ സിദ്ദീഖി, മുസ്്‌ലിം വേള്‍ഡ് ലീഗ് മാഗസിനില്‍ എഴുതിയ ലേഖനം 1986).
ഹി. 10-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കഅ്ബയുടെ പുനര്‍നിര്‍മാണത്തെപ്പറ്റി വലിയൊരു പ്രശ്‌നമുണ്ടായി. അന്നത്തെ ശൈഖുല്‍ ഇസ്്‌ലാം അടക്കമുള്ള മദ്ഹബിന്റെ മൂന്ന് ഇമാമുകളും പുനര്‍നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ മക്കയിലെ ശാഫി മദ്ഹബിന്റെ ഇമാം അതിനെ എതിര്‍ത്തു. ഹി. 1039-ലുണ്ടായ വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ രണ്ട് മൂലക്കല്ലുകള്‍ താറുമാറായപ്പോഴാണ് ശാഫി മദ്ഹബിന്റെ ഇമാം പുനര്‍നിര്‍മാണത്തിന് സമ്മതം മൂളിയത്. അങ്ങനെ തുര്‍ക്കി ഭരണാധികാരി മുറാദിന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുര്‍ക്കിയിലെ പ്രഗത്ഭരായ വാസ്തുശില്‍പ വിദഗ്ധര്‍ വന്ന് കഅ്ബയെ ഹജ്ജാജ് പണിത അതേ പൂര്‍വ രൂപത്തില്‍തന്നെ പുനര്‍നിര്‍മിച്ചു(lbid). അങ്ങനെ ഹിജ്‌റ 1040-ല്‍ പുനര്‍നിര്‍മിതമായ കെട്ടിടമാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന കഅ്ബ.

1955-ല്‍ സുഊദ് രാജാവ് ആരംഭിച്ച മസ്ജിദുല്‍ ഹറാമിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഅ്ബയുടെ ചുമരുകള്‍ക്കും മേല്‍തട്ടിനും കാലപ്പഴക്കം കൊണ്ടുണ്ടായ ബലക്ഷയം തീര്‍ത്ത് ഭദ്രമാക്കുകയുണ്ടായി.

1977-ല്‍ ഖാലിദ് രാജാവ്, കാലപ്പഴക്കത്താല്‍ ബലഹീനമായ കഅ്ബയുടെ വാതിലിനു പകരം ഖുര്‍ആന്‍ വചനങ്ങള്‍ കൊത്തിയലങ്കരിച്ച സ്വര്‍ണ്ണപ്പാളികളാല്‍ നിര്‍മിതമായ വാതില്‍ സ്ഥാപിക്കുകയുണ്ടായി. 280 കിലോ സ്വര്‍ണമുപയോഗിച്ച് നിര്‍മിച്ച പ്രസ്തുത വാതിലിന് ഒന്നേകാല്‍ കോടിയിലധികം രിയാലായിരുന്നു വില (ഫീ ഖിദ്മതി ളുയൂഫിര്‍റഹ്്മാന്‍, സുഊദി വാര്‍ത്താ വിതരണ മന്ത്രാലയം. പേജ് 76). പഴയ പൂട്ട് മാറ്റി പുതിയൊരു പൂട്ടും സ്ഥാപിച്ചു. ഏതാണ്ട് ഇരുപതടി പൊക്കമുള്ള കഅ്ബയുടെ വാതിലിന്റെ താഴത്തെ പടി തറനിരപ്പില്‍നിന്ന് ആറരയടി പൊക്കത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. അതുകാരണം ഒരു ഏണിയുടെ സഹായമില്ലാതെ ആര്‍ക്കും കഅ്ബക്കുള്ളില്‍ പ്രവേശിക്കുക സാധ്യമല്ല.

ലോകത്തെങ്ങുമുള്ള മറ്റേത് ദേവാലയത്തിലേക്കും തീര്‍ഥാടനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ വര്‍ഷന്തോറും സന്ദര്‍ശിക്കുന്ന കഅ്ബക്ക് അതിനനുയോജ്യമായ ശ്രദ്ധയും പരിചരണവും കാലാകാലങ്ങളില്‍ ലഭിച്ചു പോന്നിട്ടുണ്ട്. ഹജ്ജിനും ഉംറക്കുമായെത്തുന്ന ജനലക്ഷങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതില്‍ നിലവിലുള്ള സുഊദി അറേബ്യന്‍ ഭരണകൂടവും ദത്തശ്രദ്ധമാണ്. അല്ലാഹുവിന്റെ അനുഗ്രഹമൊന്നുകൊണ്ടുമാത്രം ഭൂമിക്കടിയില്‍ നിന്ന് അനായാസം പുറത്തേക്കൊഴുകുന്ന ‘കറുത്ത പൊന്ന്’ മൂലമുണ്ടായ സമ്പല്‍സമൃദ്ധി ഇക്കാര്യത്തിനു വേണ്ടി ആവശ്യമുള്ളതും അതിലധികവും ചെലവഴിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.

ഹജ്ജ് പുണ്യകരമാകാന്‍

വിശ്വാസി മനസ്സുകളില്‍ പ്രിയങ്കരമായ അനുഗൃഹീത വേളയിലാണ് നാമുള്ളത്. ജനഹൃദയങ്ങളുടെ ജീവിതാഭിലാഷമായ പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സന്ദര്‍ഭമാണത്. തീര്‍ത്തും മഹത്തായ നിമിഷങ്ങളില്‍ പവിത്ര ഭൂമിയില്‍ പരിശുദ്ധ ഹജ്ജ്കര്‍മങ്ങളില്‍ ഏര്‍പെടുന്നു വിശ്വാസി. 658600158985928185
പൂര്‍ണമായി ഹജ്ജ് നിര്‍വഹിച്ചവന്‍ പാപഭാരം അവിടെ ഇറക്കിവെച്ച്, വീഴ്ചകള്‍ മായ്ചുകളഞ്ഞ് കഴുകി വൃത്തിയാക്കിയ ഹൃദയവുമായി മടങ്ങിവരുന്നു. ഹജ്ജ് പൂര്‍ത്തീകരിക്കാന്‍ കല്‍പിച്ചതിനുശേഷം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന നിര്‍ദേശം ഇപ്രകാരമാണ് ‘നിര്‍ണിതമായ ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക. അവയില്‍ രണ്ടുദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ടുമടങ്ങുന്ന പക്ഷം അവന് കുറ്റമില്ല. താമസിച്ചു പോരുന്നവനും കുറ്റമില്ല’. (അല്‍ബഖറ 203). വേഗത്തില്‍ ധൃതിയോടെ പിരിഞ്ഞുപോരുന്നവന് കുറ്റമില്ല.
കാരണം തന്റെ പാപങ്ങള്‍ കഴുകിക്കളയുന്നതിന് ശേഷമാണ് അവന്‍ മടങ്ങുന്നത്. അപ്രകാരം തന്നെയാണ് വൈകി മടങ്ങിപ്പോരുന്നതും.
അതിന് ശേഷം അല്ലാഹു പറഞ്ഞു ‘ദൈവബോധമുള്ളവര്‍ക്ക്’. മേല്‍പറഞ്ഞ കാര്യം ബാധകമാവുക ദൈവബോധമുള്ളവര്‍ക്കാണെന്ന് അല്ലാഹു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയ, അവന്റെ പുണ്യങ്ങള്‍ക്ക് വിധേയരായ ഈ സന്ദര്‍ഭത്തില്‍ നാം ഹജ്ജിന്റെ മഹത്ത്വത്തെക്കുറിച്ച് സ്മരിക്കേണ്ടതുണ്ട്. മഹത്തായ ആരാധനയാണ് ഹജ്ജ്. അല്ലാഹുവിനെ മാത്രം മുന്‍നിര്‍ത്തി, പ്രവാചക മാതൃക പിന്‍പറ്റി നിര്‍വഹിക്കാത്ത ഒരു ആരാധനയും സ്വീകാര്യമോ, പ്രയോജനപ്രദമോ ആയിത്തീരുകയില്ല.
ഹജ്ജ് നിര്‍വഹിക്കാന്‍ യാത്രതിരിക്കുന്നവന്‍ അല്ലാഹുവിന്റെ പ്രീതിയും, പരലോകമോക്ഷവുമാണ് ലക്ഷ്യമാക്കേണ്ടത്. ഭൗതികമോഹങ്ങളില്‍ നിന്ന് മുക്തമായിരിക്കണം അവന്റെ ഹൃദയം. ജനങ്ങള്‍ക്കിടയില്‍ ആദരം ലഭിക്കാനോ, ദുരഭിമാനം നടിക്കാനോ, ലോകമാന്യത്തിന് വേണ്ടിയോ ആവരുത് ഹജ്ജ്. പ്രവാചകന്‍(സ)യുടെ ഹജ്ജിനെക്കുറിച്ച് അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു :’ ശോഷിച്ച വാഹനത്തിന്മേല്‍ കയറി, മൂന്ന് ദിര്‍ഹം പോലും വിലയില്ലാത്ത തുണി പുതച്ചാണ് തിരുമേനി(സ) ഹജ്ജ് നിര്‍വഹിച്ചത്’. തിരുമേനി(സ)യുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു ‘അല്ലാഹുവെ പ്രകടനപരതയും പ്രശസ്തിയുമില്ലാത്ത ഹജ്ജ് നീ എനിക്ക് ഏകണേ’.
വിശ്വാസിയുടെ കര്‍മത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് യാതൊരു സ്ഥാനവുമില്ല. അല്ലാഹു പറയുന്നു:’ക്ഷണികമായതിനെയാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം തീരുമാനിച്ചത് ഇവിടെ വെച്ചുതന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അവന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായി അവന്‍ അതില്‍ എരിയുന്നതാണ്. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും’. (അല്‍ഇസ്‌റാഅ് 18-19)
കര്‍മങ്ങളില്‍ പ്രവാചകന്‍(സ)യുടെ മാതൃക അനുധാവനം ചെയ്യുകയെന്നതാണ് രണ്ടാമത്തെ നിബന്ധന. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്’. (അല്‍അഹ്‌സാബ് 21)
മറ്റൊരിടത്ത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:’നിങ്ങള്‍ക്ക് തിരുദൂതര്‍ നല്‍കിയത് സ്വീകരിക്കുകയും, അദ്ദേഹം നിങ്ങളെ വിലക്കിയതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക’. (അല്‍ഹശ്ര്‍ 7)
ഈ ദൈവികനിര്‍ദേശങ്ങളുടെ വിശദീകരണം തിരുമേനി(സ) തന്നെ നല്‍കിയിട്ടുണ്ട്. ‘നിങ്ങള്‍ കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഈ ദിവസത്തിന് ശേഷം ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയെന്നുവരില്ല’. മറ്റൊരു ഹദീസ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ് ‘നമ്മുടെ ചര്യയില്ലാത്ത കര്‍മങ്ങള്‍ ആരുതന്നെ പ്രവര്‍ത്തിച്ചാലും തള്ളപ്പെടുന്നതാണ്’.
അതിനാല്‍ അല്ലാഹുവിനെ മാത്രം മുന്‍നിര്‍ത്തി, പ്രവാചകചര്യ അനുധാവനം ചെയ്താണ് നാം ഹജ്ജ് നിര്‍വഹിക്കേണ്ടത്. ‘ഹജ്ജും ഉംറയും നിങ്ങള്‍ അല്ലാഹുവിന് വേണ്ടി പൂര്‍ത്തീകരിക്കുക’. (അല്‍ബഖറ 196)
മേല്‍പറഞ്ഞ നിബന്ധനകള്‍ പാലിക്കുമ്പോഴാണ് കര്‍മം പൂര്‍ത്തിയാകുന്നത്. കര്‍മങ്ങളില്‍ പ്രവാചകനെ പിന്‍പറ്റുകയെന്നത് തീര്‍ത്തും എളുപ്പമായ കാര്യമാണ്. പ്രവാചകന്‍(സ)യുടെ ഹജ്ജിന്റെ വിശദാംശങ്ങളും രൂപങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം പണ്ഡിതരുടെ അടുത്ത് പ്രസിദ്ധമാണ് അവ. പ്രവാചകാനുചരന്മാര്‍ അവ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ജാബിര്‍, അബ്ദുല്ലാഹ് ബിന്‍ അംറ്, ഇബ്‌നു അബ്ബാസ്, ആഇശ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബാക്കളാണ് അവ ഉദ്ധരിച്ചത്.
അതിനാല്‍ നാം ഹജ്ജിന് തയ്യാറെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പ്രവാചകനെ അനുകരിച്ചാണ് നാമതില്‍ പ്രവേശിക്കേണ്ടത്. ഇഹ്‌റാം കെട്ടുന്നതിലും, മക്കയില്‍ പ്രവേശിക്കുന്നതിലും, ത്വവാഫ് ചെയ്യുന്നതിലും, മിനായിലേക്ക് പുറപ്പെടുന്നതിലും, അറഫയില്‍ നില്‍ക്കുന്നതിനുമെല്ലാം അദ്ദേഹത്തില്‍ മാതൃകയുണ്ട്. പ്രതിഫലേഛയോട് കൂടിയുള്ള ഓരോ കാലടികളും പ്രവാചകന്റെ മാതൃകയിലാണ് പതിയേണ്ടത്.
ഹജ്ജ് നിര്‍വഹണത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍മം നല്ല രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നവരെയാണ് കൂട്ടായി സ്വീകരിക്കേണ്ടത്. അവരുടെ ഒരു സല്‍ക്കര്‍മമോ, പ്രാര്‍ത്ഥനയോ, കാരുണ്യമോ എല്ലാവര്‍ക്കും നന്മ വരുത്തിയേക്കാം. ‘സഹപ്രവര്‍ത്തകരെ കൊണ്ട് പ്രയാസമനുഭവിക്കാത്തവരാണ് അവര്‍’.
അനുവദനീയമായ വിധത്തില്‍ സമ്പാദിച്ച ധനമാണ് ഹജ്ജിനായി ചെലവഴിക്കേണ്ടത്. തിരുമേനി(സ) പറയുന്നു:’അല്ലാഹു നല്ലവനാണ്. അവന്‍ നല്ലതുമാത്രമെ സ്വീകരിക്കുകയുള്ളൂ’.
തിന്മയില്‍ നിന്നും മ്ലേഛവൃത്തികളില്‍ നിന്നും വിശ്വാസി അകന്നുനില്‍ക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടാക്കുകയെന്നത് തന്നെ വലിയ അധര്‍മമാണ്. അതിനാല്‍ ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇടുക്കമുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ‘ആരെങ്കിലും മുസ്‌ലിമിനെ ദ്രോഹിച്ചാല്‍ അല്ലാഹു അവനെ ദ്രോഹിക്കുന്നതാണ്. ആരെങ്കിലും മുസ്‌ലിമിന് പ്രയാസമുണ്ടാക്കിയാല്‍ അല്ലാഹു അവന് പ്രയാസമുണ്ടാക്കുന്നതാണ്’.

അബ്ദുല്ലാഹ് ബിന്‍ ഹസന്‍ അല്‍ഖുഊദ്

അഭയകേന്ദ്രമാണ് ഹറം

അല്ലാഹുവിന്റെ കാരുണ്യമിറങ്ങുന്ന അനുഗൃഹീത ഭൂമി ഒന്ന് കാണാനും സ്പര്‍ശിക്കാനും ഹൃദയവും ആത്മാവും കൊതിക്കുന്ന ദിനങ്ങളിലാണിത്. ആ പുണ്യഭൂമി സന്ദര്‍ശിക്കാനും, അവിടത്തെ അനുഗ്രഹങ്ങള്‍ നുകരാനും ആഗ്രഹിക്കുന്നവരാണ് നാം. അങ്ങേയറ്റത്തെ ആഗ്രഹം കാരണം നമ്മില്‍ ചിലര്‍ ഉറങ്ങുമ്പോള്‍ ആ മഹത്തായ മന്ദിരവും അവിടെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുന്നതും സ്വപ്‌നം കാണുകയും ചെയ്യുന്നു. അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) ഒരിക്കല്‍ ഹജ്ജ് നിര്‍വഹിക്കുകയായിരുന്നു.
ഹജറുല്‍ അസ്‌വദിനെ സ്പര്‍ശിക്കാനായി നടത്തിയ തിരക്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് രക്തമൊലിക്കുകയും, കാലില്‍ നീര് കെട്ടുകയും ചെയ്തു. ഇത് കണ്ട അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചോദിച്ചു. ‘താങ്കളെന്തിനാണ് ഇങ്ങനെ തിരക്ക് കൂട്ടുന്നത്? തിരുമേനി(സ) വിരോധിച്ച കാര്യമല്ലേ ഇത്? അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ഹൃദയങ്ങള്‍ ആശിച്ച സ്ഥാനമാണ് അത്. എന്റെ ഹൃദയവും അവയുടെ കൂട്ടത്തില്‍ ഉണ്ടാവണമെന്ന് ഞാന്‍ ആശിച്ചു.
വിശ്വാസികള്‍ പരിശുദ്ധഗേഹത്തോടും, അവിടത്തെ പ്രതീകങ്ങളോടും സ്വീകരിച്ച സമീപനമാണ് ഇത്. അവര്‍ക്കെല്ലാം അവയോട് പ്രണയവും, അനുരാഗവും, ആശയും വാല്‍സല്യവുമാണ് ഉണ്ടായിരുന്നത്. എന്തുകൊണ്ടീ അഭിവാജ്ഞ? എന്തുകൊണ്ടീ ആശ? അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിച്ച ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. അത് അനുഗ്രഹമായും മാലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യാ ഇബ്‌റാഹീം നിന്ന സ്ഥലം. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്’. (ആലുഇംറാന്‍ 96-97)

കഅ്ബാലയവുമായി ബന്ധപ്പെട്ട ഒരുപാട് ചരിത്രഉദ്ധരണികളുണ്ട്. ആദം(അ) ഭൂമിയില്‍ ആദ്യമായി ഇറങ്ങിയത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നുവെന്നും, അല്ലാഹുവിന്റെ കല്‍പന സ്വര്‍ഗത്തില്‍ നിന്ന് ലംഘിച്ചതിന്റെ പേരില്‍ അദ്ദേഹം മുന്നൂറ് വര്‍ഷത്തോളം അദ്ദേഹം കരഞ്ഞ് പ്രാര്‍ത്ഥിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ അദ്ദേഹത്തിന് മേല്‍ ഇറങ്ങുകയും ‘താങ്കള്‍ കഅ്ബാലയത്തിലേക്ക് പോവുകയും അതിന് ചുറ്റും ത്വവാഫ് നടത്തുകയും ചെയ്യുക. എങ്കില്‍ അല്ലാഹു പൊറുത്തുതരുന്നതാണ്’ എന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം അവിടെ നിന്ന് കാല്‍നടയായി കഅ്ബാലയത്തിലേക്ക് യാത്രതുടങ്ങുകയും അല്ലാഹു അദ്ദേഹത്തിന് ഭൂമി ചുരുക്കി നല്‍കുകയും ചെയ്തു. മാലാഖമാര്‍ നിര്‍മിച്ച ഉയര്‍ന്ന പാറക്കെട്ടുകള്‍ കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ട വിധത്തിലായിരുന്നു അന്ന് കഅ്ബയുണ്ടായിരുന്നത്. ആദം(അ) ആണ് ആദ്യമായി കഅ്ബ ത്വവാഫ് ചെയ്തതെന്ന് പറയപ്പെടുന്നു. അന്നുമുതല്‍ ഇന്നേവരെ അവിടെ മനുഷ്യരാലോ, അവരുടെ അഭാവത്തില്‍ മാലാഖമാരാലോ ത്വവാഫ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഒരു റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു.

പരിശുദ്ധ ഭവനത്തിന്റെ നാടിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അല്ലാഹു മക്ക എന്നതിന് പകരം ബക്ക എന്നാണ് പ്രയോഗിച്ചത്. കാരണം ആ ഭവനത്തിന്റെ പവിത്രതക്ക് മേല്‍ അതിക്രമിച്ചുകയറുന്ന ഏത് സ്വേഛാധിപതിയെയും അല്ലാഹു തകര്‍ത്ത്(ബക്ക) കളയുമെന്നേ്രത അതിന്റെ സൂചന.

കഅ്ബാലയത്തിന് അക്കാലത്ത് ഉയര്‍ന്ന ചുവരുകളോ, ഭദ്രമായ വാതിലുകളോ ഉണ്ടായിരുന്നില്ല. വന്യമൃഗങ്ങളുടെ പിടിയില്‍ നിന്ന് രക്ഷതേടി ദുര്‍ബല ജീവികള്‍ കഅ്ബാലയത്തിനുള്ളില്‍ അഭയം തേടാറുണ്ടായിരുന്നു. ഇര ഹറമിന്റെ പരിധിയില്‍ പ്രവേശിച്ചാല്‍ വേട്ടമൃഗങ്ങള്‍ പിന്മാറുകയായിരുന്നു പതിവ്. ഇത് പവിത്രമായ ഇടമാണെന്നും, അവിടെ പ്രവേശിക്കുന്നവര്‍ നിര്‍ഭയരാണെന്നും അവയ്ക്ക് ബോധനം നല്‍കപ്പെട്ടിരുന്നു. അബ്‌റഹത്തിന്റെ ആനകള്‍ അവിടെ പ്രവേശിക്കാതെ തിരിഞ്ഞുനടന്ന ചരിത്രം നമുക്ക് അറിയാവുന്നതാണ്.

ത്വവാഫ് ചെയ്യാനുള്ളവരാണ് അവിടം സന്ദര്‍ശിക്കേണ്ടത്. അസ്അദ് അല്‍ഹുമൈരി മൂന്നുലക്ഷത്തോളം വരുന്ന പടയാളികളുമായി അവിടെയെത്തിയപ്പോള്‍ അല്ലാഹു അദ്ദേഹത്തെ തടയുകയുണ്ടായി. ശഹാദത് കലിമ ഉച്ചരിച്ചതിന് ശേഷമാണ് അല്ലാഹു അദ്ദേഹത്തിന് അനുവാദം നല്‍കിയത്. അദ്ദേഹം ത്വവാഫ് നിര്‍വഹിക്കുകയും, കഅ്ബാലയത്തിന് പട്ട് പുതപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. അദ്ദേഹമാണ് ആദ്യമായി കഅ്ബാലയത്തിന് പട്ടുപുതപ്പിച്ചത്.

മസ്ജിദുല്‍ അഖ്‌സ്വായെയും, ഹറമിനെയും കുറിച്ച വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ അവ രണ്ടിനുമിടയിലെ വ്യത്യാസം വ്യക്തമാക്കാന്‍ പര്യാപ്തമാണ്. ‘തന്റെ ദാസനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍!’. (അല്‍ഇസ്‌റാഅ് 1). ഇവിടെ അഖ്‌സ്വായുടെ മഹത്ത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് അതിന് ചുറ്റുമുണ്ടായിരുന്ന പ്രവാചകന്മാരെയും സദ്‌വൃത്തരായ വിശ്വാസികളെയും ബന്ധപ്പെടുത്തിയാണ്. എന്നാല്‍ പരിശുദ്ധ ഹറം അത് സ്വയം തന്നെ അനുഗ്രഹിക്കപ്പെട്ടതാണ്. അത് ലോകര്‍ക്ക് മാര്‍ഗദര്‍ശനവുമാണ്. പശ്ചാതപിച്ച് അവിടെയെത്തുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുകയും, ചോദിക്കുന്നവന് അല്ലാഹു ഉത്തരം നല്‍കുകയും, ആഗ്രഹങ്ങള്‍ അല്ലാഹു സാക്ഷാല്‍കരിക്കുകയും ചെയ്യുന്നതാണ്. മറ്റുഭവനങ്ങളില്‍ നിന്ന് ഒരു ലക്ഷം തവണ ആരാധനയര്‍പ്പിച്ചതിന്റെ പ്രതിഫലമാണ് അവിടെ നിന്ന് ഒരു തവണ ആരാധന നിര്‍വഹിച്ചവനുള്ളത്. അതിനാലാണ് ഭാര്യാസംസര്‍ഗത്തിലോ, അധര്‍മ പ്രവര്‍ത്തനത്തിലോ, വഴക്കിലോ ഏര്‍പെടാതെ ഹജ്ജ് നിര്‍വഹിച്ചവന്‍ പിറന്നുവീണ കുഞ്ഞിനെപ്പോലെ പൂര്‍ണശുദ്ധനായി മടങ്ങിവരുമെന്ന് തിരുമേനി(സ) വ്യക്തമാക്കിയത്.
ഫൗസി മുഹമ്മദ് അബൂസൈദ്hajj_200_200

ഹജ്ജ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു

മക്ക: ഹജ്ജ് തീര്‍ഥാടകരുടെ യാത്രക്കുപയോഗിക്കുന്ന ബസ്സുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഹജ്ജ് മന്ത്രി ഡോ: ബന്ദര്‍ ഹിജാര്‍ പറഞ്ഞു. മക്ക, മദീന പുണ്യസ്ഥലങ്ങള്‍ക്കിടയിലെ തീര്‍ഥാടകരുടെ യാhajj_200_200ത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതിനായി പ്രത്യേക ഇലക്രോണിക് സംവിധാനമുണ്ടാകും. ഹജ്ജ് വേളയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളെ ഇതുവഴി നിരീക്ഷിക്കാനാകും.

തീര്‍ഥാടകരുടെ യാത്രക്ക് ആവശ്യമായ ബസ്സുകള്‍ ഒരുക്കിയിരിക്കണമെന്ന് ഹജ്ജ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തോട് ആവശ്യപ്പെട്ടു. യോഗ്യരും പരിശീലനം സിദ്ധിച്ചവരുമായ ആളുകള്‍ ഗൈഡുകളായി ഉണ്ടാകണം. മുതവ്വിഫുകളുമായി സഹകരിച്ച് തീര്‍ഥാടകരുടെ യാത്ര ഷെഡ്യൂള്‍ നേരത്തെ അറിയണം. റോഡുകളില്‍ തീര്‍ഥാടരുടെ വാഹന തിരക്കും കാത്തിരിപ്പും ഒഴിവാക്കാനും തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കാനും ഇതുവഴി സാധിക്കുമെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഹജ്ജിനത്തെുന്നവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെയും ഇവര്‍ക്കാവശ്യമായ യാത്ര സംവിധാനങ്ങളെയും സംബന്ധിച്ച് ഹജ്ജ് മന്ത്രി ഹജ്ജ് ട്രാസ്‌പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച ചെയ്തു.

ഹജ്ജ് കര്‍മങ്ങള്‍ ചുരുക്കത്തില്‍

ഹജ്ജ് കര്‍മങ്ങള്‍ ചുരുക്കത്തില്‍

തമത്തുആയി ചെയ്യുന്ന ഹജ്ജിന്റെ കര്‍മങ്ങളുടെ ദിവസക്രമത്തിലുള്ള ചുരുങ്ങിയവിവരണമാണിത്.
ദുല്‍ഹജ്ജ്-8 (യൗമുത്തര്‍വിയ)
താമസസ്ഥലത്തുനിന്ന് ഇഹ്‌റാമില്‍ പ്രവേശിക്കുക.
തല്‍ബിയത്ത് ചൊല്ലുക.
മിനായിലേക്ക് പുറപ്പെടുക.
മിനായില്‍ രാത്രിയും പകലും പ്രാര്‍ത്ഥനയില്‍ മുഴുകുക.
ളുഹ്‌റ് മുതല്‍ അടുത്ത ദിവസം സുബ്ഹ് വരെ അതാതിന്റെ സമയങ്ങളില്‍ ഖസ്‌റാക്കി നമസ്‌കരിക്കുക. ജംഅ് ആക്കരുത്.

ദുല്‍ഹജ്ജ്-9 (യൗമുഅറഫ)
സൂര്യോദയത്തിന്ന് ശേഷം അറഫയിലേക്ക് പുറപ്പെടുക. തക്ബീര്‍ മുഴക്കുക. തല്‍ബിയത്ത് ചൊല്ലുക.
സൂര്യാസ്തമനം വരെ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടുക.
ളുഹ്‌റ് സമയത്ത് ളുഹ്‌റും അസറും ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കുക.
മഗ്‌രിബ് നമസ്‌കരിക്കാതെ മുസ്ദലിഫയിലേക്ക് മടങ്ങുക.
അവിടെ മഗ്‌രിബും ഇശാഉം നമസ്‌കരിക്കുക. ഉറങ്ങുക.
സുബ്ഹ് നമസ്‌കരിച്ച ശേഷം സൂര്യോദയത്തിനു മുമ്പ് മിനായിലേക്ക് പുറപ്പെടുക.
ദുല്‍ഹജ്ജ്-10 (യൗമുന്നഹ്ര്‍ )
മിനായില്‍ നിന്ന് ജംറത്തുല്‍ അഖബയിലേക്ക് പോയി ഏഴു കല്ലുകള്‍ എറിയുക.
ബലി അറുക്കുകയോ അറവ് നടന്നുവെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക.
മുടി കളയുക. (വേണമെങ്കില്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാം.)
സാധിക്കുമെങ്കില്‍ അന്നുതന്നെ ത്വവാഫുല്‍ ഇഫാള നിര്‍വഹിക്കുക.
മിനായിലേക്ക് തന്നെ മടങ്ങുക.
ഈ ദിവസം ആദ്യ തഹല്ലുലാകാവുന്നതാണ്. സാധാരണവസ്ത്രം ധരിക്കാം.
ത്വവാഫിന് ശേഷം സഅ്‌യ് നിര്‍വഹിക്കുക.
ദുല്‍ഹജ്ജ്-11
മിനായില്‍ സുബ്ഹ് നമസ്‌കരിക്കുക.
ളുഹ്‌റ് വരെ മിനായില്‍ നില്‍ക്കുക.
ഉച്ചക്ക് ശേഷം കല്ലെറിയാന്‍ പുറപ്പെടുക
ജംറത്തുല്‍ ഊലാ, ജംറത്തുല്‍ വുസ്ത്വാ, ജംറത്തുല്‍ അഖബ എന്നീ മൂന്ന് ജംറകളിലും കല്ലെറിയുക.
ദുല്‍ഹജ്ജ്-12
ത്വവാഫുല്‍ വദാഅ് നിര്‍വഹിച്ച് ഹജ്ജ് കര്‍മം അവസാനിപ്പിക്കാവുന്നതാണ്.
മുന്‍ദിവസത്തെ പോലെ കല്ലെറിയുക. ഇബാദത്തില്‍ മുഴുകുക.
ബലിയറുക്കാത്തവര്‍ അത് നിര്‍ഹിക്കുക.
ദുല്‍ഹജ്ജ്-13
മുന്‍ദിവസത്തെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുക.
പൊളിക്കാവുന്ന ടെന്റുകള്‍ പൊളിച്ച് മാറ്റുക.
മസ്ജിദുല്‍ ഖൈഫില്‍ വേണമെങ്കില്‍ താമസിക്കാം.
പതിമൂന്ന് വരെ മിനായില്‍ കഴിയുന്നതാണ് ഉത്തമം.

ഹജ്ജ് : ഐക്യത്തിനുള്ള സുവര്‍ണാവസരം

ഡോ. മജ്ദി അല്‍ ഹിലാലി/ മുനീര്‍ അദീ
ഓരോ വര്‍ഷവും നിര്‍ബന്ധ ഹജ്ജ് കര്‍മം വന്നെത്തുന്നു. മുസ്‌ലിങ്ങളുടെ ജീവിതഗതിയും വലിയ മാറ്റമൊന്നും പ്രത്യക്ഷപ്പെടാതെ കൊഴിഞ്ഞുപോകുന്നു. ഹജ്ജിന്റെ ഫലപ്രാപ്തി നേടിയെടുക്കുന്നതിലും തദനുസൃതമായി തങ്ങളുടെ സഞ്ചാരഗതി തിരിച്ചു വിടുന്നതിലും മുസ്‌ലിങ്ങള്‍ വിജയം കണ്ടിട്ടില്ല. ഇത്തരത്തില്‍ ലോക മുസ്‌ലിങ്ങള്‍ക്ക് ഹജ്ജിന്റെ സദ്ഫലങ്ങള്‍ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ഡോ. മജ്ദി അല്‍ഹിലാലിയുമായി നടത്തിയ അഭിമുഖം.

-ഇസ്‌ലാമിലെ ഏറ്റവും വലിയ സമ്മേളനവും ശ്രേഷ്ടമായ ഇബാദതുമായ ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താം ?

മനുഷ്യരെ ആദരണീയ സൃഷ്ടിയായിട്ടാണ് അല്ലാഹു പടച്ചത്. വാനഭുവനങ്ങളിലുള്ളതെല്ലാം അവന്ന് കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം മഹത്തായ ഉത്തരവാദിത്ത നിര്‍വഹണത്തിനു വേണ്ടിയാണ്. അല്ലാഹുവിന് ഇബാദത്ത് നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് മനുഷ്യരെ നിയോഗിച്ചത്. കീഴവണക്കത്തിന്റെയും സ്‌നേഹത്തിന്റെയും പൂര്‍ണതയാണ് ഇബാദത്ത്. നാം അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാണെന്ന് അല്ലാഹുവിന് ബോധ്യപ്പെടേണ്ടതുണ്ട്. നമ്മെ ഒന്നുമല്ലാത്ത അവസ്ഥയില്‍ സൃഷ്ടിച്ചവനാണവന്‍. നമുക്ക് കണ്ണും കാതും അധരവുമെല്ലാം നല്‍കിയവനാണവന്‍. നമ്മുടെ എല്ലാ കാര്യങ്ങളും അവനെ അവലംബിച്ചിട്ടുള്ളതാണ്. ‘കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹു തന്നെയാണ്.'(10:22). നമ്മുടെ പൂര്‍ണ വിധേയത്വമാണ് അവന്റെ കല്‍പനകള്‍ അനുസരിക്കുന്നതിലൂടെയും നമ്മുടെ ആവശ്യങ്ങള്‍ അവന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതിലൂടെയും നാം സമര്‍പ്പിക്കുന്നത്. നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ ആരാധനകളിലൂടെയെല്ലാം ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്.

ഈ ഒരു ആശയം അല്ലാഹു വിവരിക്കുന്നു. ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ ‘.(22:37). ബലിമൃഗത്തെ അറുക്കുന്നത് കൊണ്ടും ഹജ്ജിലെ മറ്റു കര്‍മങ്ങള്‍ മൂലമെല്ലാം ദൈവഭക്തിയും ദൈവബോധവുമാണ് ലക്ഷ്യമാക്കുന്നത്. അതിനാല്‍ ഹജ്ജില്‍ നിന്ന് സാക്ഷാല്‍ക്കരിക്കേണ്ട പ്രഥമ ലക്ഷ്യം ഈ ദൈവഭക്തി തന്നെയാണ്. ഹൃദയസാന്നിധ്യമുള്ള പ്രവര്‍ത്തനങ്ങളാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അറഫ ദിനം നോമ്പ് അനുഷ്ടിക്കല്‍ പ്രതിഫലാര്‍ഹമായതോടൊപ്പം ഹാജിമാര്‍ നോമ്പനുഷ്ടിക്കാത്തതും ളുഹ്‌റും അസ്‌റും ഒരുമിച്ച് നമസ്‌കരിക്കുന്നതും എന്താണ്. അല്ലാഹുവിന് പൂര്‍ണമായും വിധേയമായി പ്രാര്‍ഥനകള്‍ അര്‍പ്പിക്കേണ്ടതിനാലാിത്്. ഈ ഒരു ബോധം നഷ്ടപ്പെട്ടാല്‍ അവന്റെ ആരാധനകളെല്ലാം കേവലം ശാരീരികമായ പ്രകടനങ്ങള്‍ മാത്രമായിരിക്കും. ഹജ്ജിന്റെ സ്വീകാര്യതക്ക് നിബന്ധനകളും കല്‍പനകളും നിഷേധങ്ങളും പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും ഉദ്ധിഷ്ഠ ലക്ഷ്യം നേടലാണ് പരമപ്രധാനം.

– വര്‍ഷം തോറുമുള്ള ഈ മഹാസമ്മേളനം ഇസ്‌ലാമിക ലോകത്തിന് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം? അവരുടെ രാഷ്ട്രീയ ഭൂമികയില്‍ വല്ല മാറ്റവും അത് സൃഷ്ടിക്കുമോ?

നാം ഒരു ഉമ്മത്താണ്, ഒരൊറ്റ ശരീരം, ഒരേയൊരു നാഥന്‍, ഒരു പ്രവാചകന്‍, ഒരു വേദഗ്രന്ഥം, ഒരൊറ്റ ഖിബ്‌ല, ഒരേയൊരുലക്ഷ്യം… ഈ ഒരു ഒരുമയുടെ ബോധമാണ് ഹജ്ജിലെ പ്രഥമ പാഠം.
ഈ ഒരു വീക്ഷണം എല്ലാവര്‍ക്കുമുള്ളതാണെങ്കിലും ഹജ്ജ് അതിന്റെ പ്രായോഗിക രൂപം നമുക്ക് വരച്ചുകാട്ടിത്തരുന്നു. ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്കും അതിന്റെ വിശുദ്ധകേന്ദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും ഓരോ മുസ്‌ലിമിനുമുള്ള ബാധ്യത ഈ ബോധം വര്‍ദ്ധിപ്പിക്കുന്നു. ഹജ്ജിലെ കൂടിച്ചേരലും മുസ്‌ലിങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും ഇസ്‌ലാമിക സാഹോദര്യത്തിന്റെയും സഹവര്‍തിത്വത്തിന്റെയും പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ഇസ്‌ലാമിക പ്രബോധനത്തിനും മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിലുമുള്ള സുവര്‍ണാവസരമാണ് ഹജ്ജ്. മുസ്‌ലിങ്ങള്‍ ഒരൊറ്റ ശരീരമാണെന്നുള്ള ബോധം ഞാന്‍ സ്വയം സംസ്‌കരണം പ്രാപിച്ചതു കൊണ്ട് മാത്രം കാര്യമില്ല, ശരീരത്തിന്റ മറ്റു അവയവങ്ങളും സംസ്‌കരണം പ്രാപിക്കണമെന്ന സാമൂഹ്യബോധം പകര്‍ന്നു നല്‍കുന്നു. ഇത്തരത്തില്‍ ക്രിയാത്മകമായ നിരവധി അര്‍ഥതലങ്ങള്‍ ഹജ്ജിനുണ്ട്. ആഗോള തലത്തില്‍ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ ഓരോ മുസ്‌ലിമിന്റയും ബാധ്യതയാണെന്നാണ് ഈ ബോധം പകര്‍ന്നു നല്‍കുന്നത്.

-സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് ഹജ്ജ് എങ്ങനെ ഉപകരണമാവും?
അല്ലാഹുവിലേക്ക് സത്യസന്ധമായ മടക്കം സാക്ഷാല്‍കൃതമാവുകയും അതില്‍ നൈരന്തര്യം പുലര്‍ത്തുകയും ചെയ്താല്‍ ഹജ്ജ് മാറ്റത്തിനുള്ള വഴിയൊരുക്കുക തന്നെ ചെയ്യും.
നമ്മെ ബാധിക്കുന്ന ഏതൊരു വിപത്തും അല്ലാഹുവിന്റെ അറിവോടെയാണ് നടക്കുന്നത് (3:166) (6; 112). നിലവില്‍ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധിയുടെയും മൗലികമായ കാരണം അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരായി പ്രവര്‍ത്തിച്ചതിന്റെ സ്വാഭാവിക ഫലമായുണ്ടായതാണെന്ന് കാണാം. നമ്മുടെ വിശ്വാസ ദൗര്‍ബല്യവും പരലോകത്തെക്കാള്‍ ഇഹലോകത്തിന് പ്രാമുഖ്യം നല്‍കിയുള്ള സമീപനവും കാരണം ഒരു പാഠമായിട്ടാണ് അല്ലാഹുവിന്റെ ശിക്ഷ നമ്മുടെ മേല്‍ ആപതിച്ചിട്ടുള്ളത്. ജനങ്ങളും അല്ലാഹുവുമായുള്ള ബന്ധം ഊഷ്മളമായാല്‍ ഈ അവസ്ഥാന്തരങ്ങളില്‍ പരിവര്‍ത്തനം സാധ്യമാകും. ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തില്‍ തിരിച്ചുവരുകയും അല്ലാഹുവിന് തൃപ്തിപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യും.

-ഈ മഹാസമ്മേളനത്തിനിടയില്‍ സമകാലിക സംഭവ വികാസങ്ങളും മുസ്‌ലിം പ്രശ്‌നങ്ങളുടെ വായനകളും എങ്ങനെ സാധ്യമാകും?
നിലവിലെ ഹജ്ജ് കര്‍മങ്ങളും അതിലെ സംഭവവികാസങ്ങളും ശ്രദ്ധിക്കുകയാണെങ്കില്‍ സമകാലിക മുസ്‌ലിം സമൂഹത്തിന്റെ വായന സാധ്യമാകും. ഹജ്ജ് സമകാലിക ലോകത്തിന്റെ അവസ്ഥയെ അതിന്റെ എല്ലാ മാധുര്യത്തോടും കയ്‌പോടും കൂടി ചിത്രീകരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനുള്ള അതിയായ ആഗ്രഹം, ദീനിനോടുള്ള വൈകാരിക അഭിനിവേശം തുടങ്ങിയ ക്രിയാത്മായ പ്രതിഫലനങ്ങള്‍ നമുക്ക് അതില്‍ ദര്‍ശിക്കാം. അതുപോലെ മുസ് ലിം സമൂഹം ജീവിക്കുന്ന പിളര്‍പ്പിന്റെയും ഭിന്നതയുടെതുമായ അവസ്ഥ, അജ്ഞത, ഇസ് ലാമിനെ കുറിച്ച് തെറ്റായ സങ്കല്‍പം വെച്ച് പുലര്‍ത്തുന്നവര്‍, കര്‍മശാസ്ത്രരംഗത്തെ മുന്‍ഗണനാക്രമങ്ങളെ കുറിച്ചുള്ള അജ്ഞത, വിജ്ഞാനവും പ്രവര്‍ത്തനവും തമ്മിലെ വൈരുധ്യം, മര്‍മം അറിയാതെ പ്രശ്‌നങ്ങളുടെ ബാഹ്യതലത്തിലേക്ക് മാത്രം കണ്ണോടിക്കുന്ന അവസ്ഥ, മുസ്‌ലിങ്ങളെ ഐക്യപ്പെടുത്തുന്ന നാഗരികമായ പദ്ധതിയുടെ അനിവാര്യത… ഇതെല്ലാം ഹജ്ജില്‍ പച്ചയായി പ്രതിഫലിക്കുന്നതായി കാണാം.

-അറഫയില്‍ ഹാജിമാര്‍ക്ക് ഒരു ദൗത്യമുണ്ട്. മറ്റു മുസ്‌ലിങ്ങള്‍ക്ക് തത്തുല്യമായ മറ്റു ഉത്തരവാദിത്തങ്ങളുമുണ്ട്. ഉമ്മത്തിന്റെ നാഗരികമായ വികാസ പദ്ധതികളും ഇസ് ലാമിക ചിന്തകളും തമ്മിലെ താരതമ്യം എങ്ങനെയായിരിക്കും?
അറഫയിലെ മുസ്‌ലിങ്ങളുടെ നാഥനായ അല്ലാഹു തന്നെയാണ് എല്ലാ സ്ഥലത്തെയും മുസ്‌ലിങ്ങളുടെ നാഥന്‍. അല്ലാഹുവിനെ അനുഭവിക്കലാണ് ഭൂമുഖത്തെ മുസ്‌ലിമിന്റെ ഏറ്റവും വലിയ സൗഭാഗ്യം. കര്‍ഷകരും ചേരിപ്രദേശത്ത് ജീവിക്കുന്നവരുമായ എത്രയെത്ര ദരിദ്രരാണ് തങ്ങളുടെ കുടിലുകളില്‍ വെച്ച് അല്ലാഹുവിനെ അനുഭവിക്കുകയും വിശ്വാസത്തിന്റെ മാധുര്യം നുകരുകയും ചെയ്യുന്നത്. എത്രയെത്ര ജനങ്ങളാണ് ഹജ്ജിന് വേണ്ടി വര്‍ഷം തോറും പോയിക്കൊണ്ടിരിക്കുന്നത്. പക്ഷെ, അവര്‍ക്ക് ഈ മാധുര്യം അനുഭവക്കാനോ അല്ലാഹുവിനെ കണ്ടുമുട്ടാനോ സാധ്യമാകുന്നില്ല. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ ദീര്‍ഘകാലമായി ഉറക്കത്തിലായ ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ് നാമെന്ന ബോധ്യം ഉടലെടുക്കുന്നു. പിന്നാക്കത്തിന്റെയും നഷ്ടബോധത്തിന്റെയും മികച്ച ഉദാഹരണങ്ങള്‍ ദര്‍ശിക്കാം. അതിനാല്‍ ഈ സന്ദേശം അതിന്റെ എല്ലാ ചൈതന്യത്തോടും കൂടി പ്രചരിപ്പിക്കാന്‍ സാധിക്കണം. പൂര്‍ണ വിയര്‍പ്പിലമര്‍ന്നു കൊണ്ട് പ്രവാചകന്‍ പ്രാര്‍ഥനനിര്‍വഹിച്ചതുപോലെ നമുക്കും അല്ലാഹുവിലേക്ക് മടങ്ങാന്‍ സാധിക്കേണ്ടതുണ്ട്. അറഫയില്‍ സന്നിഹിതരാത്ത ഭൂരിപഷം വരുന്ന മുസ് ലിങ്ങള്‍ ഈ ഒരു ആശയത്തില്‍ ജീവിക്കണം. പ്രാര്‍ഥന നിമഗ്നരായിക്കൊണ്ട് അല്ലാഹുവിന്റെ മുമ്പില്‍ തങ്ങളുടെ കാര്യം സമര്‍പ്പിക്കാന്‍ അന്ന് പ്രത്യേകം തയ്യാറെടുക്കേണ്ടതുണ്ട്. എല്ലാ നഷ്ടങ്ങള്‍ക്കും അല്ലാഹുവിങ്കല്‍ ബദലുണ്ട്. അവര്‍ക്ക് ഹജ്ജ് ചെയ്യാനായി സാധിച്ചിട്ടില്ലെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെ കുറിച്ച സ്‌നേഹവും ഭയവും നിറച്ച് സംസ്‌കരണ സന്നദ്ധനായി ജീവിക്കാനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കേണ്ടതു

പുരാതന ഗേഹത്തിലേക്കുള്ള യാത്ര

സ്വര്‍ഗത്തിന്റെ പരിമളം അടിച്ചു വീശി. ദൈവത്തിന്റെ വിളിക്കുത്തരം നല്‍കി നാനാഭാഗങ്ങളില്‍ നിന്നും പറപ്പെട്ട ദാസന്മാരെ അത് ആലിംഗനം ചെയ്തു. അവര്‍ ആ പുരാതന ഗേഹത്തിലേക്ക് മുഖം തിരിച്ചു. പരമകാരുണികന് വേണ്ടി ഹൃദയം സമര്‍പിച്ചു. അല്ലാഹു അടിമകളില്‍ നിന്നും കര്‍മങ്ങള്‍ സ്വീകരിക്കുന്ന ആ മഹത്തായ ഹജ്ജ് മാസത്തില്‍. ‘പ്രഭാതം സാക്ഷി. പത്തു രാവുകള്‍ സാക്ഷി. ഇരട്ടയും ഒറ്റയും സാക്ഷി. രാവു സാക്ഷി അതു കടന്നുപോയിക്കൊണ്ടിരിക്കെ.’ (അല്‍ഫജ്ര്‍ 1-3)
പ്രകാശവും സുവിശേഷവും കൊണ്ട് കിരീടമണിഞ്ഞ്, ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി, നാവുകളില്‍ പ്രകീര്‍ത്തനം ഉരുവിട്ട്, നന്മ സമ്പാദിച്ച്, നിശ്ചയദാര്‍ഢ്യം നേടിയെടുത്ത് ഈ ദിനങ്ങളെ മുതലെടുത്തവന്ന് മംഗളം. ഞങ്ങളേ വിട്ടേക്കൂ, ഏറ്റവും മനോഹരമായ ആ നിമിഷങ്ങളില്‍ മുഴുകട്ടെ ഞങ്ങള്‍.. സ്വീകാര്യമായ ഹജ്ജ്, പ്രതിഫലാര്‍ഹമായ സഅ്‌യ്, നഷ്ടം വരാത്ത കച്ചവടം തന്നെയാണവ.
ദൈവത്തിന് മുന്നില്‍ ത്യാഗങ്ങള്‍ സമര്‍പ്പിക്കപ്പെടുന്ന മഹത്തായ മാസം. മുസ്‌ലിംകളുടെ വര്‍ഷം അവസാനിക്കുന്ന ഏറ്റവും വലിയ നന്മയുടെ താവളം. തങ്ങളുടെ ആത്മാവിനെ പാപങ്ങളില്‍ നിന്ന് കഴുകി വൃത്തിയാക്കി പിറന്ന് വീണ കുഞ്ഞിന്റെ പരിശുദ്ധിയോടെ കടന്ന് വരുന്ന ദൈവദാസന്‍മാര്‍. അവരെ സ്വീകരിക്കുന്നതോ, പാപമോചനവും വിശാലമായ സ്വര്‍ഗീയാരമവും.
ശേഷിയുള്ളവര്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഹിജ്‌റ ഒമ്പതാം വര്‍ഷമാണ് അത് നിയമമാക്കപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു ‘ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.’ (ആലുഇംറാന്‍ 97)
ഇസ്‌ലാമിന്റെ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്. വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും അത് നിര്‍ബന്ധമാണെന്നതില്‍ യോജിച്ചിരിക്കുന്നു. വളരെ ശ്രേഷ്ഠകരമായ കര്‍മമാണത്. ദൈവമാര്‍ഗത്തിലെ സമരത്തിന്റെ പ്രതിഫലമാണ് ഹജ്ജ് നിര്‍വഹിക്കുന്നവന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അവന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും, പാപങ്ങള്‍ പൊറുത്തു നല്‍കുകയും ചെയ്യുന്നു. അബൂ ഹുറൈറയില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ) അരുളി. ‘ഏറ്റവും ഉന്നതമായ കര്‍മം അല്ലാഹുവിലും അവന്റെ പ്രവാചകനിലും ഉള്ള വിശ്വാസമാണ്. പിന്നീട് ദൈവമാര്‍ഗത്തിലെ സമരമാണ്. ശേഷം വരുന്നത് പുണ്യകരമായ ഹജ്ജും’.

ശരിയായ വിധത്തില്‍ ഹജ്ജ് നിര്‍വഹിച്ച് മടങ്ങി വരുന്നവന്‍ പിറന്ന് വീണ കുഞ്ഞിനെപ്പോലെയാണെന്ന് നബി തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവനും, അവന്‍ ആര്‍ക്ക് വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് അവന്നും പാപങ്ങള്‍ പൊറുത്ത് നല്‍കുന്നതാണ്.
ഹജ്ജ് യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് പരമപ്രധാനമാണ്. അല്ലാഹുവിന് വേണ്ടി മാത്രം ഹൃദയം സമര്‍പ്പിച്ച്, ധാരാളം നന്മകള്‍ ചെയ്ത് ഹജ്ജിനെ വരവേല്‍ക്കാനൊരുങ്ങേണ്ടതുണ്ട്. ദൈവത്തിനോട് സംഭവിച്ച വീഴ്ചകള്‍ക്ക് പാപമോചനം തേടി ഹൃദയം വൃത്തിയാക്കണം. സഹപ്രവര്‍ത്തകരോടുള്ള സകല ബാധ്യതകളും പൂര്‍ത്തീകരിക്കുകയും, വസ്വിയ്യത്ത് എഴുതുകയും വേണം. മടങ്ങി വരുന്നത് വരെ ആശ്രിത കുടുംബത്തിന് ആവശ്യമായ സാമ്പത്തിക ചെലവുകള്‍ ഒരുക്കിക്കൊടുക്കണം.

ഹജ്ജിന് അല്ലാഹു നിര്‍ണയിച്ച സവിശേഷമായ മാസങ്ങളില്‍ അതിനായി പുറപ്പെടണം. ദുല്‍ ഹുലൈഫ, ജുഹ്ഫ, ഖറനുല്‍ മനാസില്‍, യലംലം തുടങ്ങിയ നാല് മീഖാത്തുകളിലൊന്നില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിക്കണം. അവിടെ നിന്നാണ് ഹജ്ജെന്ന മഹത്തായ ആരാധനാ ലോകത്തേക്ക് അവന്‍ പ്രവേശിക്കുന്നത്