Category Archives: islaam

പഠനത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ സാധൂകരിക്കുന്നു.
1. അറിവിനെ സ്‌കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തണം.
2. മനഃപാഠം പഠിക്കുന്ന രീതി ഒഴിവാക്കണം.
3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനത്തെ വികസിപ്പിക്കണം.
4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതാക്കുകയും ക്ലാസുമുറിയിലെ പഠനാനുഭവങ്ങളുമായി അവയെ ഉദ്ഗ്രഥിക്കുകയും വേണം.
5. രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തില്‍ പരസ്പരം താല്‍പര്യമെടുക്കുന്നതും വ്യത്യാസങ്ങള്‍ക്കതീതവുമായ ഒരു സ്വത്വം വളര്‍ത്തിക്കൊണ്ടുവരണം.
പഠനം, പഠനാനുഭവം, അറിവ,് തിരിച്ചറിവ്, അറിവിന്റെ പ്രയോഗം എന്നിവയെ കൃത്യമായി നിര്‍വചിക്കുന്നതിനും ലളിതമായ ഉദാഹരണങ്ങളും സാധ്യമായ വിശദീകരണങ്ങളും നല്‍കി ബോധ്യപ്പെടുത്തുന്നതിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വിജയിച്ചു എന്നുവേണം കരുതാന്‍.
‘അറിയല്‍ ‘ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ‘അതെനിക്കറിയാം ‘ എന്ന് ഒരാള്‍ പറയുമ്പോള്‍ എന്താണതുകൊണ്ട് ലക്ഷ്യമാക്കുന്നത്?

ഏതെങ്കിലും ഭാഷാവ്യവഹാരത്തിലൂടെയോ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിലൂടെയോ പരിസരത്തെപ്പറ്റിയോ വസ്തുപ്രതിഭാസങ്ങളെപ്പറ്റിയോ ലോകത്തെപ്പറ്റിയോ മനസ്സിലാക്കുക എന്നാണ് ‘അറിയല്‍’ എന്നതിന്റെ അര്‍ഥം. പഠനത്തെ ഒരു ആശയപ്രജനനപ്രക്രിയ (Generative process) എന്ന് പറഞ്ഞാലും തെറ്റില്ല. ചെറുപ്പം മുതലേ കുട്ടികള്‍ പഠനം എന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നുണ്ട്. മറ്റുള്ളവരോട് ഇടപഴകിയും മൂര്‍ത്തവസ്തുക്കളുമായി സംവദിച്ചുമൊക്കെയാണ് ഈ പഠനം നടക്കുന്നത് . ഭാഷയും ചിന്തയും പ്രവൃത്തിയുമൊക്കെ ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു എന്നത് ഒരു വിസ്മയമായി തോന്നാം. കുട്ടികള്‍ പ്രായമാകുന്നതോടെ അനുഭവങ്ങളോടൊപ്പം ഭാഷാശേഷിയും ചിന്താശേഷിയും വളരുകയും പഠനം വികസിക്കുകയുംചെയ്യും.

ഓരോ കുട്ടിയും ചിന്തിക്കുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു എന്നും ഓരോ കുട്ടിക്കും അവരുടെതായ ബുദ്ധിവൈഭവം ഉണ്ട് എന്നും വിശ്വസിക്കുന്നവരാണ് നാം. എങ്കിലും എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷം ക്ലാസുമുറിയില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയാതെ പോവുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എത്തിപ്പിടിക്കാവുന്ന അയവുള്ള ഒരു പാഠ്യപദ്ധതി ലഭ്യമാക്കുകയും കുട്ടികളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസുമുറിയിലെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയുമാണ് വേണ്ടത്.

എങ്ങനെയാണ് കുട്ടി അറിവ് നിര്‍മിക്കുന്നത് ?

അറിവ് നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ആണ് പഠനം എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അറിവ് നിര്‍മാണമെന്നത് അത്ര ലളിതമായി ക്ലാസുമുറിയില്‍ നടക്കാവുന്ന ഒരു കാര്യമാണോ എന്ന്. അറിവിനെ പരീക്ഷണശാലയോടും ഗ്രന്ഥാലയത്തോടുമൊക്കെ ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുമ്പോഴാണ് ഈയൊരപകടം സംഭവിക്കുന്നത്. കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ വിഷയം കുറെക്കൂടി ലളിതമാകും. ചെറിയൊരുദാഹരണം പറയാം.

നാലാംക്ലാസിലെ സയന്‍സ് അധ്യാപിക വിവിധതരം സസ്യങ്ങളുടെ ഇലകള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. പൂക്കള്‍ക്കായി വളര്‍ത്തുന്നവ, അലങ്കാരത്തിനായി വളര്‍ത്തുന്നവ, പഴങ്ങള്‍ക്കോ, പച്ചക്കറികള്‍ക്കോ, ഔഷധങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്നവ അങ്ങനെ വിവിധങ്ങളായ സസ്യങ്ങളുടെ ഇലകള്‍ അക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ ഇലകള്‍.
ഇലകള്‍ എടുത്ത് പരിശോധിക്കാനും മണത്ത് നോക്കാനും താരതമ്യം ചെയ്യാനും അധ്യാപിക കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നു. അവരെ ഗ്രൂപ്പുകളാക്കുന്നു. ഓരോ സെറ്റ് ഇലകള്‍ ഓരോ ഗ്രൂപ്പിനും നല്‍കുന്നു. ഗ്രൂപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ അധ്യാപിക നിര്‍ണയിച്ചുനല്‍കുന്നു.
ഓരോ ഇലയും പരിശോധിച്ച് ഏത് ചെടിയുടേതാണെന്ന് തിരിച്ചറിയുക.
ഓരോന്നിന്റെയും പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തുക.
വീടുകളില്‍ കൂടുതലായി വളരുന്നവയെയും അപൂര്‍വമായി വളരുന്നവയെയും വേര്‍തിരിക്കുക.

കയ്യിലുള്ള അനുഭവങ്ങളും അറിവുകളും പരസ്പരം ബന്ധിപ്പിച്ച് കുട്ടികള്‍ ചര്‍ച്ചയാരംഭിക്കുന്നു. ഈ വിവരങ്ങള്‍ കൈമാറി അപരിചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന പഠനപരിമിതികളെ മറികടക്കാന്‍ അധ്യാപിക കുട്ടികളെ ഇടക്കിടെ സഹായിക്കുന്നു.
ഒടുവില്‍ തങ്ങള്‍ കണ്ടെത്തിയ ആശയങ്ങള്‍ ഗ്രൂപ്പുകള്‍ പങ്കുവെക്കുന്നു. ധാരണകള്‍ മെച്ചപ്പെടുത്തുകയും വ്യക്തമായ ആശയരൂപീകരണം നടത്തുകയുംചെയ്യുന്നു.

അധ്യാപിക ‘വിവിധതരം സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും’ എന്നൊരു പാഠഭാഗം വായിച്ചുകേള്‍പ്പിക്കുന്നതും ഇത്തരമൊരു പഠനപ്രവര്‍ത്തനം നടത്തുന്നതും തമ്മില്‍ വ്യത്യാസങ്ങളില്ലേ? ആദ്യത്തേതില്‍ അധ്യാപിക ഏകപക്ഷീയമായി വിജ്ഞാനം അടിച്ചേല്‍പിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തേത് കുട്ടികള്‍ തന്നെ നടത്തുന്ന അന്വേഷണാത്മക പഠനപ്രവര്‍ത്തനമാണ്. ഏതൊരു അന്വേഷണാത്മക പഠനപ്രവര്‍ത്തനവും അറിവ് നിര്‍മാണത്തിലേക്കാണ് ഒടുവില്‍ എത്തിച്ചേരുന്നത്. അധ്യാപികയ്ക്ക് കൃത്യമായി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനും സ്വയം വിലയിരുത്തി മെച്ചപ്പെടുത്താനും കുട്ടികള്‍ക്ക് അവസരമൊരുക്കാനും കഴിഞ്ഞാലേ ഇതൊക്കെ സാധ്യമാവൂ.

പ്രകൃതിയും പരിസരവുമായുള്ള നിരന്തര ഇടപെടലിലൂടെയും ഭാഷയിലൂടെയുമാണ് പഠനം നടക്കുന്നത്. വായിക്കാനും ചോദ്യങ്ങളുന്നയിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സംവദിക്കാനും പ്രതികരിക്കാനും ഒക്കെ ഭാഷ ഉപയോഗിക്കുന്നതും തനതായ പഠനസന്ദര്‍ഭങ്ങളാണ്.
അറിവിന്റെ നിര്‍മാണത്തിന് തീവ്രമായ അനുഭവങ്ങളുടെ കൂട്ട്, ഭാഷാശേഷികള്‍, ചുറ്റുപാടുമായുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ അത്യാവശ്യമാണ്. സ്‌കൂളിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടിയോടൊപ്പം നിരവധി ധാരണകളും ആശയങ്ങളും ഒട്ടും കുറവില്ലാത്ത ഭാഷാസമ്പത്തും ഉണ്ടായിരിക്കും. പലരതരത്തിലുള്ള അറിവുകളും ഇതിനകം അവള്‍/ അവന്‍ നിര്‍മിച്ചിരിക്കും.

വീട്ടുമുറ്റത്തും കിടപ്പുമുറിയിലും അടുക്കളയിലുമെല്ലാം മലമൂത്രവിസര്‍ജ്ജനം ചെയ്തിരുന്ന കുട്ടി ഒരു പ്രായത്തിലെത്തുമ്പോള്‍ അക്കാര്യത്തിന് കക്കൂസ് തന്നെ തെരഞ്ഞെടുക്കുന്നത് യാന്ത്രികമായ ഒരു പരിശീലനത്തെത്തുടര്‍ന്നല്ലല്ലോ. പരിസരവുമായുള്ള പാരസ്പര്യം അവളില്‍ / അവനില്‍ രൂപപ്പെടുത്തിയ ഒരു തിരിച്ചറിവുതന്നെയാണ് അതിന്റെ കാരണം. താഴെകിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍ പെറുക്കിയെടുത്ത് തിന്നുമായിരുന്ന കുട്ടി ഒരു പ്രായത്തില്‍ അവ ‘ചീത്ത’യാണ് എന്ന് വിശ്വസിച്ച് വര്‍ജിക്കുന്നതിന്റെ പിന്നിലും പരിശീലനമല്ല തിരിച്ചറിവുതന്നെയാണ്.
ഇത്തരംകുട്ടികളാണ് ക്ലാസുമുറിയിലേക്ക് എത്തുന്നത് നാമോര്‍ക്കണം. അവരോടൊപ്പം നൈസര്‍ഗികമായ കുറെ അറിവുകളുമുണ്ടാകും. സ്‌കൂള്‍ അനുഭവങ്ങള്‍ അതിനുമേല്‍ കുറെക്കൂടി ആഴത്തിലുള്ള അറിവ് നിര്‍മിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

ഭാഷയും ഭാഷാവിദ്യാഭ്യാസവും

ഭാഷയെക്കുറിച്ചും ഭാഷാവിദ്യാഭ്യാസത്തെക്കുറിച്ചും ദീര്‍ഘവും ശ്രദ്ധേയവുമായ ചില വിശകലനങ്ങള്‍ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തുന്നുണ്ട്. മിക്കകുട്ടികളും വിദ്യാലയങ്ങളിലെത്തുന്നതിന് മുമ്പുതന്നെ ഒരുവിധം ചിട്ടപ്പെടുത്തപ്പെട്ട ഭാഷയെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുകയും ഔചിത്യപൂര്‍വം അത് പ്രയോഗിക്കുകയും ചെയ്യുന്നതായി നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ചില കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പുതന്നെ രണ്ടോ മൂന്നോ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് ആര്‍ജിക്കുന്നു.

പ്രശസ്ത ഗോളശാസ്ത്രജ്ഞനായ അലി മണിക് ഫാന്‍ മകളോടും പേരക്കുട്ടികളോടുമൊപ്പം എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ തമാസിച്ചിരുന്ന കാലം. മണിക് ഫാനെ നേരില്‍ കണ്ട് പരിചയപ്പെടാനായി ഈ ലേഖകന്‍ ഒരിക്കല്‍ താമസസ്ഥലത്ത് ചെന്നപ്പോള്‍ ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ അവരുടെ ഉമ്മയോട് മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ‘ഇവര്‍ക്കെവിടുന്നാണ് ഇത്ര നല്ല ഇംഗ്ലീഷ് കിട്ടിയത്’ കൗതുകത്തോടെ ഞാന്‍ തിരക്കി.
‘സാറിന് അവര്‍ അറബിയില്‍ സംസാരിക്കുന്നത് കേള്‍ക്കണോ?’ എന്നായിരുന്നു അത്ഭുതപ്പെടുത്തുമാറ് ആ ഉമ്മയുടെ മറുപടി. ആ വീട്ടില്‍ ഇംഗ്ലീഷും അറബിയിലുമൊക്കെയായിരുന്നുവത്രെ മുഖ്യമായ സംസാരഭാഷ.
കുട്ടികള്‍ക്ക് മാതൃഭാഷയെ കൂടാതെ വേറെയും ഭാഷകള്‍ സ്വായത്തമാക്കാനും ആ ഭാഷയില്‍ ആശയവിനിമയം നടത്താനും കഴിയുമെന്നതിന് വേറെയും ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും.

. ജീവിക്കുന്ന സാമൂഹികപരിസരവും സാംസ്‌കാരികപരിസരവുമായി ഭാഷയ്ക്ക് ബന്ധമുള്ളതുപോലെ വ്യക്തിയുടെ ചിന്തയുമായും സ്വത്വവുമായും അതിന് ബന്ധമുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഏത് ഭാഷയുടെ കാര്യത്തിലും ഇതൊരു വസ്തുതയാണ്. അതുകൊണ്ട് കുട്ടിക്ക് വശമുള്ളതും ആഭിമുഖ്യമുള്ളതും കുട്ടിക്ക് വൈകാരികമായി അടുപ്പമുള്ളതുമായ ഒരു ഭാഷയെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അവളുടെ/ അവന്റെ ചിന്തയെയും സ്വത്വത്തെയും നിഷേധിക്കുന്നതിന് തുല്യമായിരിക്കും. വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികള്‍ ആര്‍ജിച്ച ഭാഷാശേഷികള്‍ക്ക് അനല്‍പമായ പങ്കാണ് വഹിക്കാനുള്ളത്. അക്കാദമിക ജ്ഞാനത്തിന്റെ വികാസത്തിനും ഭാഷാശേഷികളുടെ വികാസം അനിവാര്യമാണ്.

ഭാഷാക്ലാസ്മുറിയില്‍ മാത്രം പരിമിതമല്ല ഭാഷ എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഏത് വിഷയം പഠിക്കുമ്പോഴും അവിടെ മാധ്യമമായി ഉപയോഗിക്കപ്പെടുന്നത് ഭാഷ തന്നെയാണ്. ഗണിതപ്രക്രിയകള്‍ ചെയ്യുന്ന കുട്ടിക്ക് തന്റെ ഗണിതാശയം പങ്കുവെക്കാന്‍ ഏതെങ്കിലും ഭാഷതന്നെ വേണ്ടതുണ്ട്. അടിസ്ഥാനശാസ്ത്രവുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപോര്‍ട്ട് എഴുതുമ്പോഴും ഭാഷതന്നെ ആശ്രയം. സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനയാത്രയുടെ വിവരണമെഴുതുമ്പോഴും ഭാഷ ഉപയോഗിക്കാതെ തരമില്ല. അപ്പോള്‍ ഭാഷ, സ്‌കൂളിലെ പാഠ്യവിഷയങ്ങളിലും വ്യാപിച്ചുകിടക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംസാരം, ശ്രവണം, വായന, എഴുത്ത് എന്നിവയിലെ പ്രാവീണ്യം സ്‌കൂള്‍ വിജയത്തിലെ ഒരു പ്രധാനഘടകമാണ്. യഥാര്‍ഥത്തില്‍ കുട്ടികളുടെ ഭാഷാവികാസത്തിന്റെ ഭാവി ഭാഷാധ്യാപകരുടെ കൈയില്‍ മാത്രമല്ല, മറ്റ് അധ്യാപകരുടെ കൈകളിലും അര്‍പ്പിതമാണ്.

നൂഹ് നബിയും കുടുംബവും

തന്റെ സൃഷ്ടാവും രക്ഷാധികാരിയുമായ പടച്ചവനെ മറന്ന് സ്വയംപര്യാപ്തനെന്നഹങ്കരിച്ച, ദൈവമാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച മനുഷ്യന്റെ കഥ. ദൈവം ഇഛിക്കുന്നവര്‍ക്കു മാത്രമേ നേര്‍മാര്‍ഗത്തില്‍ ചരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നൂഹ് നബിയുടെ ചരിത്രം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം ദൈവം നീതിമാനാണെന്ന സന്ദേശവും. രാപ്പകല്‍ ദൈവത്തെ സ്മരിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരും ദൈവത്തെ തമസ്‌ക്കരിച്ച നിര്‍ഭാഗ്യവാന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌നേഹനിധിയായ പിതാവിന്റെ ചരിത്രം. ദൈവികസന്ദേശം മാനവര്‍ക്കെത്തിക്കാന്‍ ജീവിതാന്ത്യം വരെ അദ്ധ്വാനിച്ച പ്രബോധകന്‍. പക്ഷെ ഈ പ്രവാചകന്റെ സ്വന്തം മകന്റെ അവസ്ഥ നമ്മെ തെര്യപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സ്വയം ചെയ്ത കര്‍മങ്ങള്‍ക്കു മാത്രമേ നമ്മള്‍ ഉത്തരവാദിയാവുകയുള്ളൂ. തറവാടിത്തമോ, നിറമോ, ഭാഷയോ, ദേശമോ ഒന്നും ആ ഉത്തരവാദിത്തത്തില്‍ നിന്ന് നമ്മെ ഒഴിവാക്കുകയില്ല എന്ന സത്യം.

ആദം നബിക്കും നൂഹ് നബിക്കുമുടയില്‍ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഉലുല്‍ അസ്മില്‍പ്പെട്ട ആദ്യത്തെ പ്രവാചകനായ നൂഹ് നബിക്കാണ് ഏറ്റവും കൂടുതല്‍ ഉപദ്രവമേല്‍ക്കേണ്ടി വന്നത്. ബഹുദൈവവിശ്വാസം കൊടുകുത്തി വാണിരുന്ന സമൂഹത്തിനിടയിലേക്കാണ് ഏകദൈവ സന്ദേശവുമായി അദ്ദേഹം ചെല്ലുന്നത്. എങ്ങിനെയാണ് ആ സമൂഹത്തിലേക്ക് ബിംബാരാധന കടന്നു വന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ‘സച്ചരിതരായ ആളുകള്‍ മരണപ്പെട്ട വേളയില്‍ അവരെ അനുകരിക്കാനും ഓര്‍ക്കാനും വേണ്ടി അവരുടെ ചിത്രങ്ങള്‍ വരച്ച് സൂക്ഷിക്കുകയും, അവരുടെ ഖബറിടങ്ങള്‍ക്കു മുകളില്‍ പള്ളികള്‍ നിര്‍മ്മിക്കുയും ചെയ്തു. കാലക്രമത്തില്‍ അത് ആരാധനയിലേക്ക് തിരിയുകയാണുണ്ടായത്. വദ്ദ്, സുവാഅ്, യഊസ്, യഊഖ്, നസ്‌റ് തുടങ്ങിയ സച്ചരിതരുടെ പ്രതിമകളാണ് ഇങ്ങനെ ആരാധക്കപ്പെട്ടവയില്‍ പ്രമുഖമായത്. ഈ ആരാധന വഴിവിട്ട സന്ദര്‍ഭത്തിലാണ് അവരെ നേര്‍വഴിയിലാക്കാന്‍ നൂഹ് നബിയെ അല്ലാഹു അയച്ചത്. 950 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയില്‍ തന്നാല്‍ കഴിയും വിധം ജനങ്ങളെ ദൈവസരണിയിലേക്ക് ക്ഷണിക്കാന്‍ വ്യതിരിക്ത മാര്‍ഗങ്ങള്‍ അദ്ദേഹം അവലംബിച്ചു. രാപ്പകല്‍ ഭേദമന്യേ രഹസ്യമായും പരസ്യമായും പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആ നാട്ടുകാര്‍ തയാറായില്ല. കല്ലുപോലെ ഉറച്ചുപോയ ഹൃദയങ്ങള്‍ അലിഞ്ഞില്ല. ഒരു കണ്ണും അശ്രുകണങ്ങള്‍ പൊഴിച്ചില്ല. അവര്‍അന്ധരും ബധിരരും മൂകിരുമായിത്തീര്‍ന്ന പോലെയായി.

ആ അവിശ്വാസികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയ പുത്രനുമുണ്ടായിരുന്നു ! പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വന്തക്കാരില്‍ നിന്നും ആരംഭിക്കണമെന്ന ആദ്യ പടി താണ്ടിക്കടക്കാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടി. സ്വന്തം പിതാവിന്റെ വഴിയെ മക്കളും കുടുംബക്കാരും വരണമെന്ന ബോധത്തോടെ എഴുനൂറു വര്‍ഷവും അവര്‍ക്കു പിന്നാലെ ദൈവിക സന്ദേശവുമായി നടന്നെങ്കിലും ആശിച്ച ഫലം ലഭിച്ചില്ല. വിശ്വാസം സ്വീകരിച്ച് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ തന്റെ നാലാമത്തെ മകനായ യാമിനോട് അദ്ദേഹം സ്‌നേഹമസൃണമായി ആവശ്യപ്പെട്ടത് ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു. ‘പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്( കപ്പല്‍ ) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ പൊന്നുമോനേ, നീ ഞങ്ങളോടൊപ്പം കയറക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്. ‘ (ഹൂദ് : 42) സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടു പോകരുതെന്നും ദൈവമാര്‍ഗത്തില്‍ വിശ്വസിച്ച് കപ്പലില്‍ കയറണമെന്നും കേണപേക്ഷിച്ചെങ്കിലും, ധിക്കാരിയായ മകന്‍ അഹങ്കാരത്തോടെ ആ ക്ഷണം നിരസിച്ചു. മലമുകളില്‍ കയറിയാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാമെന്ന വിഢിത്തം നിറഞ്ഞ വ്യാമോഹമാണ് അതിനവനെ പ്രേരിപ്പിച്ചത്. മകന്‍ മുങ്ങി മരിക്കുന്നത് വരെ തന്റെ ഉപദേശം അദ്ദേഹം തുടര്‍ന്നു.

സ്‌നേഹത്തിന് വിലകല്‍പ്പിക്കാത്ത മകനു നേരെയുള്ള സഹതാപത്തേക്കാളുപരി, സ്വയം ചെയ്ത കര്‍മങ്ങളുടെ പരിണിതി എന്തായാലും സ്വയം അനുഭവിക്കണം എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവം നമുക്കു പറഞ്ഞുതരുന്നത്. വെള്ളപ്പൊക്കം അവസാനിച്ചു. നാട് സാധാരണ നിലയിലായി. പക്ഷെ നൂഹ് നബി സഹജമായ പിതൃവികാരത്തോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ‘ എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണു താനും. നീ വിധകര്‍ത്താക്കളില്‍ വച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ് ‘(ഹൂദ് 45 ). കുടുംബാംഗങ്ങളെ മുഴുവന്‍ രക്ഷിക്കാമെന്ന വാഗ്ദാനംചെയ്ത നീതിമാനായ ദൈവം എന്തുകൊണ്ട് വാക്കു പാലിച്ചില്ലെന്ന് ദൈവത്തോടു തന്നെ നൂഹ് നബി പരിഭവം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. ‘അവന്‍ (അല്ലാഹു) പറഞ്ഞു. നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ് ‘ (ഹൂദ് 46) കുടുംബ ബന്ധത്തേക്കാള്‍ ആദര്‍ശ ബന്ധത്തിനാണ് പ്രാധാന്യമെന്ന് ഈ വാചകം തെളിയിക്കുന്നു. എത്ര ഉപദേശിച്ചിട്ടും നന്നാവാതെ വഴികേടില്‍ ജീവിക്കുന്ന മക്കളുള്ള നല്ലവരായ രക്ഷിതാക്കള്‍ക്ക് ഈ സൂക്തം ആശ്വാസമേകുന്നു. അത്തരം രക്ഷിതാക്കള്‍ നൂഹ് നബിയുടെ പാത പിന്‍പറ്റി നിരന്തരമായ ബോധവല്‍ക്കരണം നടത്തി മക്കളെ നേര്‍വഴിയിലാക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നും ഈ ചരിത്രം നമ്മെ തെര്യപ്പെടുത്തുന്നു. കുടുംബ ബന്ധം, നാളെ പരലോകത്ത് സ്വര്‍ഗ പ്രവേശത്തിനാവശ്യമായ യാതൊരു സഹായവും ചെയ്യില്ലെന്നും മറ്റുള്ളവര്‍ നന്നായാല്‍ തനിക്കത് അവിടെ യാതൊരു ഫലവും ഉളവാക്കില്ലെന്നുമുള്ള തിരിച്ചറിവിലൂടെ സ്വന്തം കര്‍മങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കണമെന്ന ചിന്തയും ഈ ചരിത്രം നമ്മെ ഉല്‍ബോധപ്പിക്കുന്നു.

വിവ : ഇസ്മാഈല്‍ അഫാഫ്
l

പരീക്ഷണങ്ങളെ പ്രതിരോധിക്കുക

മനുഷ്യജീവിതത്തിലെ ദൈവികനടപടിക്രമങ്ങളുടെ ഭാഗമെന്നോണം പ്രബോധകന്‍മാര്‍ പരീക്ഷിക്കപ്പെടാനിടയുണ്ട്. അല്ലാഹുവിന്റെ യുക്തിയുടെ തേട്ടമായും സത്യപ്രബോധകന്‍മാരുടെ മനസ്സിലുള്ള യഥാര്‍ഥവിശ്വാസവും നിസ്വാര്‍ഥതയും പുറത്തുകൊണ്ടുവരേണ്ടതിനായും തദ്വാരാ അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനായുമൊക്കെ ആവാം ഇത്യാദി പരീക്ഷണങ്ങള്‍. അത്തരം ഘട്ടങ്ങളില്‍ പരീക്ഷണങ്ങളെ ആത്മപീഢകളായി പ്രബോധകന്‍മാര്‍ തെറ്റിദ്ധരിക്കരുത്. അതേസമയം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ വേണ്ട സാധ്യമായതും ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചതുമായ രക്ഷാമാര്‍ഗങ്ങള്‍ പ്രയോഗിച്ചുനോക്കേണ്ടതുമുണ്ട്. സത്യപ്രബോധന സരണിയില്‍ പരീക്ഷണങ്ങളുണ്ടാകുമെന്നും അപ്പോള്‍ ക്ഷമിക്കേണ്ടിവരുമെന്നും പറയുന്നതിന്റെ ഉദ്ദേശ്യം പ്രബോധകന്‍ പ്രബോധനദൗത്യത്തിന്റെ സഹചാരിയായി ക്ഷമയെന്ന മനോജ്ഞമായ സ്വഭാവഗുണത്തെ കൊണ്ടുനടക്കാനും വാഗ്ദത്തം ചെയ്യപ്പെട്ട അന്തിമസഹായം ലഭിക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കാനും വേണ്ടിയാണ്. സ്വയം നാശത്തിലേക്കും ആത്മനിന്ദയിലേക്കും എടുത്തുചാടുക എന്നത് ഇസ്‌ലാമില്‍ അഭിലക്ഷണീയമായ കാര്യമല്ല. നിന്ദകരും പീഡകരുമായ മിഥ്യയുടെ വക്താക്കള്‍ക്ക് തല കൊടുക്കാന്‍ പാടില്ല എന്നതുപോലെ സ്വകരങ്ങളെ നിങ്ങള്‍ നാശത്തിലേക്കിടരുത് (അല്‍ബഖറ 195) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍(സ) നല്‍കിയ ഒരു നിര്‍ദേശം ഇങ്ങനെയാണ്: ‘ആത്മനിന്ദ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. ‘എങ്ങനെയാണ് ദൈവദൂതരേ ഒരാള്‍ ആത്മനിന്ദ കാട്ടുക?’ അനുചരന്‍മാര്‍ തിരക്കി. തിരുമേനി പ്രതിവചിച്ചു: ‘താങ്ങാനാവാത്ത പരീക്ഷണങ്ങള്‍ ക്ഷണിച്ചുവരുത്തി അത് സഹിക്കുക’.

റോമക്കാരുമായുള്ള യുദ്ധത്തിന് നിയുക്തമായ സൈന്യത്തിന്റെ നായകനായി നിശ്ചയിക്കപ്പെട്ട ഉസാമത്തുബ്‌നു സൈദിനെ നബിതിരുമേനി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: ‘നിങ്ങളൊരിക്കലും ശത്രുവുമായുള്ള ഏറ്റുമുട്ടലിന് കൊതിക്കരുത്. അവരാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണോ എന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ നിങ്ങളിങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ, ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്ന് ഞങ്ങളെ നീ തടുക്കേണമേ. അവരുമായുള്ള യുദ്ധം നീ പ്രതിരോധിക്കേണമേ’. വിശ്വാസികളോട് അല്ലാഹു കാട്ടിയ ഔദാര്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്:’ വിശ്വാസികളില്‍നിന്ന് യുദ്ധത്തെ അകറ്റിനിര്‍ത്താന്‍ അല്ലാഹു മതി’. യുദ്ധം ഒഴിഞ്ഞുപോവുക എന്നത് അല്ലാഹുവിന്റെ ഇടപെടലിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും അത് വിശ്വസികളോടുള്ള ദൈവികഔദാര്യമായി കാണേണ്ടതാണെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. യുദ്ധം എന്നത് പ്രയാസവും വേദനയുമാണല്ലോ.
ഇത്തരുണത്തില്‍ സത്യപ്രബോധനദൗത്യമേറ്റെടുത്ത ഓരോരുത്തരും രണ്ട് സുപ്രധാന യാഥാര്‍ഥ്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ഒന്ന്: ഇസ്‌ലാമിന്റെ പ്രചാരണത്തിനും വിജയത്തിനും പ്രയോജനകരമാവാത്ത യാതൊന്നിനും സ്വന്തം കഴിവും അധ്വാനവും വിനിയോഗിക്കാതിരിക്കുക. ഇന്നയാള്‍ സത്യപ്രബോധനത്തിനായി ഒരു പാട് പ്രയാസം സഹിച്ചു, ത്യാഗംചെയ്തു എന്നൊക്കെ ജനങ്ങള്‍ ആരെയെങ്കിലും കുറിച്ച് പറഞ്ഞു നടന്നു എന്നതുകൊണ്ട് ഇസ്‌ലാമിന് പ്രത്യേകിച്ചൊരു മെച്ചവുമുണ്ടാകാന്‍ പോകുന്നില്ല. അതേസമയം ഇന്നയിന്ന ലക്ഷ്യത്തോടെ ഇന്നയിന്ന പ്രേരകങ്ങളാല്‍ ചരിത്രനിയോഗമെന്ന അര്‍ഥത്തിലാണ് പീഡനങ്ങളും പ്രയാസങ്ങളും ഒരാള്‍ സഹിച്ചതെങ്കില്‍ അതില്‍ കാര്യമുണ്ട്. ഒരു പ്രബോധകന്റെ സ്വത്വമെന്നത് അവന്റെ അധികാരപരിധിയില്‍പെട്ടതല്ല. അല്ലാഹുവിന്റെ അധികാരപരിധിയില്‍ പെട്ടതാണ്. ഭ്രംശമാര്‍ഗികള്‍ പരിചയിച്ച ആത്മഹത്യാപരവും പ്രതിലോമകരവുമായ മാര്‍ഗം പിന്തുടര്‍ന്ന് പ്രബോധകന്‍മാര്‍ സ്വയം വിനാശത്തിന്റെ പാത സ്വീകരിക്കാന്‍ പാടുള്ളതല്ല.

രണ്ട്: പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും നേരെ സ്വീകരിക്കേണ്ട സ്വയംപ്രതിരോധത്തിന്റെയും അവയ്ക്കുമുന്നില്‍ അടിയറവു പറയാതിരിക്കുന്നതിന്റെയും അനിവാര്യത :
സത്യപ്രബോധനത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ പ്രവാചകതിരുമേനി സ്വന്തം ജീവിതത്തിലൂടെ ഈ യാഥാര്‍ഥ്യം പ്രായോഗികമായി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. എക്കാലത്തും എവിടെയുമുള്ള സമസ്ത പ്രബോധകന്‍മാര്‍ക്കും പ്രസ്തുത പ്രവാചകമാതൃക ഒരു കെടാദീപമായി അവശേഷിക്കാന്‍വേണ്ടികൂടിയാണ് ദൈവദൂതന്‍ അത് സ്വാനുഭവങ്ങളിലൂടെ അത് കാണിച്ചുതന്നത്. മക്കയില്‍നിന്ന് അബ്‌സീനിയയിലേക്ക് വിശ്വാസികളോട് പലായനം നടത്താന്‍ കല്‍പിച്ചത് തങ്ങളുടെ വിശ്വാസദര്‍ശനം കാത്തുരക്ഷിക്കാനും ഖുറൈശീപീഡനങ്ങളില്‍നിന്ന് സ്വയം രക്ഷതേടാനും വേണ്ടിയായിരുന്നു. സാധ്യത തുറന്നുകിട്ടിയാല്‍ പരീക്ഷണങ്ങളെ പ്രതിരോധിക്കല്‍ ബാധ്യതയായി കാണണമെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ കഴിയുമെന്നിരിക്കെ പീഡനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സ്വയം നിന്നുകൊടുക്കുക എന്നത് അഭിലക്ഷണീയമല്ല എന്ന് മാത്രമല്ല, അനുവദനീയം കൂടിയല്ല എന്ന് മനസ്സിലാക്കേണ്ടതുമുണ്ട്. ‘മുഅ്ത’ യുദ്ധമുഖത്ത് നിന്ന് മുസ്‌ലിംസൈന്യത്തെയും കൊണ്ട് ഖാലിദ് ബ്‌നു വലീദ് പിന്‍വാങ്ങുകയും മദീനയിലേക്ക് തിരിച്ചുവരികയുംചെയ്ത സന്ദര്‍ഭത്തില്‍ പ്രസ്തുത നടപടിയെ വിശ്വാസികളില്‍ ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. യുദ്ധമുഖത്തുനിന്ന് നടത്തിയ വിലക്കപ്പെട്ട ഒളിച്ചോട്ടം തന്നെ അതെന്ന് മറ്റുചിലര്‍ പരിഹസിച്ചു:’ഛെ, എന്തൊരു ഒളിച്ചോട്ടം! ദൈവമാര്‍ഗത്തില്‍ നിന്നല്ലേ നിങ്ങള്‍ ഒളിച്ചോടിയത്’ എന്നുകൂടി അവര്‍ പറഞ്ഞുകളഞ്ഞു. അപ്പോള്‍ ദൈവദൂതര്‍ ഇടപെട്ട് കൊണ്ട് പറഞ്ഞു:’അവര്‍ ഒളിച്ചോടിയതല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ മറ്റൊരു പോരാട്ടത്തിനായി എടുത്തുചാടിയതാണ്’. യുദ്ധരംഗത്തുനിന്നുള്ള ഖാലിദ് ബ്‌നുല്‍ വലീദിന്റെയും സൈന്യത്തിന്റെയും പിന്‍വാങ്ങലും മദീനയിലേക്കുള്ള തിരിച്ചുവരവും വളരെയേറെ ദീര്‍ഘദൃഷ്ടിയോടെയാണ് ദൈവദൂതന്‍ നോക്കിക്കണ്ടത്. സത്യപ്രബോധനത്തിന്റെ ധീരമായ ചരിത്രപ്രയാണത്തില്‍ പ്രസ്തുത പിന്‍വാങ്ങലിനും തിരിച്ചുവരവിനും സ്വയം പ്രതിരോധത്തിന്റെയും തുടര്‍വിജയത്തിന്റെയും ഒരു രീതിശാസ്ത്രമുണ്ടെന്ന് നബിതിരുമേനി ബോധ്യപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വളരെയേറെ പ്രയോജനം കിട്ടാനിടയുള്ള മറ്റൊരു പോരാട്ടത്തിനും സജ്ജമാകാനായിരുന്നു ഖാലിദും സംഘവും മുഅ്ത പോര്‍ക്കളം ഉപേക്ഷിച്ചതും യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതുമെന്ന് ചുരുക്കം.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

അന്തിമസമാധാനത്തിന് ഇസ് ലാമിന്റെ വിഭാവനകള്‍

അന്തിമസമാധാനം ലക്ഷ്യമിടുന്ന ഇസ്‌ലാം അതിന്റെ വാക്കിലും പ്രവൃത്തിയിലും ശാന്തിയുടെ വഴികള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. കേവലമായ ലക്ഷ്യപ്രഖ്യാപനമോ അവ്യക്തമായ പൊങ്ങച്ചം പറച്ചിലോ അല്ല ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സമാധാനം. നന്മകളെ ജീവിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റം കൊണ്ടുവരികയും ചെയ്യുകയാണ് ഇസ്‌ലാമിന്റെ രീതി. ചിന്തകള്‍ വഴി തിരിയുന്നതും സമാധാനത്തിന്റെ പേരില്‍ അവകാശലംഘനങ്ങളും കരിനിയമങ്ങളും കളംനിറഞ്ഞാടുന്നതും നിരപരാധികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതും സന്മനസ്സുള്ളവര്‍ പോലും കാണാതെ പോവുന്ന വര്‍ത്തമാനകാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഇത് ഇങ്ങനെത്തന്നെയാണോ വേണ്ടത്? ഇത് എവിടെ ചെന്നുനില്‍ക്കും ? സമാധാനം ഉണ്ടാവണമെങ്കില്‍ അതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷവും ഉണ്ടാവണം. നീതിക്കും അവകാശങ്ങള്‍ക്കും വിലയുള്ള, വിവേചനമില്ലാത്ത ഭരണം വേണം. സമാധാനത്തിന്റെ അടിത്തറയെക്കുറിച്ചുള്ള അന്വേഷണം രണ്ടുകാര്യങ്ങളിലാണ് എത്തിനില്‍ക്കുക; സമൂഹക്രമവും ധാര്‍മികഗുണങ്ങളും. ഇവരണ്ടും ദുര്‍ബലമായാല്‍ സമാധാനം അകന്നുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കലങ്ങിമറിഞ്ഞ ലോകത്ത് പല കാരണങ്ങളാല്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ബിന്ദുവായി മാറിയിരിക്കുന്നു മുസ്‌ലിം സ്വത്വം. ലോകത്തു മുഴുവന്‍ സമാധാനം തകര്‍ക്കുന്ന ശക്തികളായി അവര്‍ വിലയിരുത്തപ്പെടുന്നു. ബാഹ്യശക്തികള്‍ വിജയകരമായി മുസ്‌ലിംകളെ തമ്മിലടിപ്പിക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ഭരണകൂടങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു. കൃത്രിമ സംഭവങ്ങളിലൂടെ ലോകമനസ്സാക്ഷിയെ മാറ്റിമറിക്കുന്ന കാര്യത്തില്‍ ഈ ശക്തികള്‍ വിജയിക്കുകയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളും വര്‍ഗീയവത്കരിക്കുന്നതിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോ മുസ്‌ലിമും താന്‍ മുസ്‌ലിമാണെന്നു തിരിച്ചറിയാന്‍ നിര്‍ബന്ധിതരായി.ചിലര്‍ പൊതുരംഗത്ത് നിഷ്‌ക്രിയരായി മാറിയിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തെ പൂര്‍ണമായി വിസ്മരിച്ച് മതാചാരങ്ങളുടെ പുതിയ പതിപ്പുകള്‍ തേടിപ്പോകുന്നു വലിയൊരു വിഭാഗം. അതിനു കൊഴുപ്പേകാന്‍ പലതരം ദല്ലാളുമാര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അസംതൃപ്തരായ അല്‍പം ചിലര്‍ സംശയിക്കേണ്ട പശ്ചാത്തലമുള്ള സംഘങ്ങളില്‍ ചെന്നുചേരുകയും ചെയ്യുന്നു.

ദൈവത്തെ നിരസിച്ച് മതത്തില്‍ നിന്നകന്നു ജീവിച്ചവര്‍ പോലും ഇതില്‍നിന്നൊഴിവല്ല. ഈ തിരിച്ചറിവിനോട് വ്യത്യസ്തങ്ങളായ രീതിയിലാണ് മുസ്‌ലിംകള്‍ പ്രതികരിക്കുന്നത്. ചിലര്‍ ഭയരോഗത്തിന് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുചിലര്‍ ശത്രുവിനോടൊപ്പം നിന്ന് സുരക്ഷിതരാവാന്‍ ശ്രമിക്കുന്നു.

മുസ്‌ലിമായി ജീവിക്കുന്നത് എങ്ങനെ? ഇസ്‌ലാമില്‍ തുടരുന്നത് ഏതു രൂപത്തില്‍? അതിന്റെ ഉന്നതമായ രൂപം എന്ത്? ഈ കാര്യങ്ങള്‍ ഗൗരവമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ സമാധാനത്തിന്റെ മൂലകങ്ങളായ സാമൂഹക്രമത്തിനും ധാര്‍മികഗുണങ്ങള്‍ക്കും ഇസ്‌ലാം നല്‍കിയ പ്രായോഗിക രൂപം അറിയുകയും ഇസ്‌ലാമിനെത്തന്നെ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. ധാര്‍മികതക്ക് പ്രാവര്‍ത്തികമായ മുഖം നല്‍കിയ മതമാണ് ഇസ്‌ലാം. അവിടെ ധാര്‍മികത വാക്കുകളിലോ ഭാവഹാവാദികളിലോ ഒതുങ്ങുന്നില്ല. അതു സന്യാസമോ ജീവിതവിരക്തിയോ അല്ല. ജീവിതത്തില്‍ ദൈവവിചാരവും സത്യസന്ധതയും വിശുദ്ധിയും നിലനിര്‍ത്തുന്നതാണ് ധാര്‍മികത.

എല്ലാ നല്ല ഗുണങ്ങളുടെയും മാതാവായി സത്യസന്ധതയെ മനസ്സിലാക്കാം. സത്യം എത്ര കടുത്തതാണെങ്കിലും അതു പിന്‍പറ്റാനുള്ള പരിശീലനം മതത്തിന്റെ ഒന്നാംപാഠമായി സ്വീകരിക്കാന്‍ തയ്യാറാവണം. സത്യം അനേഷിച്ചറിഞ്ഞാല്‍ മാത്രം പോരാ അതോടൊപ്പം നിലകൊള്ളുകകൂടി വേണമെന്ന് മഹാന്മാര്‍ പറഞ്ഞത് എത്ര സത്യം! പുതിയലോകത്തെ മതസാമൂഹികരാഷ്ട്രീയമാധ്യമ പ്രവര്‍ത്തകര്‍ അതുള്‍ക്കൊണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

ഖൈബര്‍യുദ്ധ വിജയത്തിനുശേഷം അവിടത്തെ താമസക്കാരായ ജൂതന്മാരില്‍നിന്നു നികുതിപിരിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് ഒരു അനുചരനെ ചുമതലയേല്‍പ്പിച്ചു. ഖൈബറിലെത്തിയ അദ്ദേഹത്തെ ആ നാട്ടുകാര്‍ പാരിതോഷികങ്ങള്‍ നല്‍കി വശത്താക്കാന്‍ ശ്രമം നടത്തി. റോമില്‍നിന്നു വരുന്ന നികുതിപ്പിരിവുകാര്‍ക്ക് കൈകൂലി കൊടുക്കുന്ന ശീലമുണ്ടായിരുന്നു അവര്‍ക്ക്. അതില്ലെങ്കില്‍ അവര്‍ അമിതമായ നികുതി അടിച്ചേല്‍പ്പിക്കും. തന്നെയും അതുപോലെ കണ്ട ജൂതന്മാരോട് പ്രവാചകന്റെ പ്രതിനിധി കുപിതനായി. ‘നിങ്ങളെന്താണ് എന്നെക്കുറിച്ചു വിചാരിച്ചത്? എന്റെ ജീവനേക്കാളും ഞാന്‍ സ്‌നേഹിക്കുന്ന ഒരു വ്യക്തിക്കു വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. നിങ്ങളെയാണെങ്കില്‍ എനിക്കു പട്ടികളെക്കാളും പന്നികളെക്കാളും വെറുപ്പുമാണ്. എന്നാല്‍പോലും അര്‍ഹമായതില്‍ കൂടുതല്‍ ഒരു പൈസ പോലും നിങ്ങളില്‍നിന്നു ഞാന്‍ കവര്‍ന്നെടുക്കില്ല. അങ്ങനെയൊരു ഭയം ഞങ്ങളില്‍ ഒരാളെക്കുറിച്ചും നിങ്ങള്‍ക്കു വേണ്ട. ഈ സംസാരംകേട്ട് വയോധികനായ ഒരു ജൂതന്‍ പറഞ്ഞു: ‘ഇതുപോലുള്ള ആളുകള്‍ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നത്’.

ഈ വാക്കുകള്‍ ഖുര്‍ആനില്‍ കാണാം: വസ്തുതകള്‍ അവരുടെ താല്‍പര്യങ്ങളെ പിന്‍പറ്റുകയായിരുന്നുവെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവ മുഴുവനും ധ്വംസിക്കപ്പെടുമായിരുന്നു. (23:71) ജൂതന്റെ വാക്കുകള്‍ ഖുര്‍ആനില്‍ വന്നുവെന്നല്ല പറയുന്നത്. സാര്‍വലൗകികമായ സത്യമാണ് അയാള്‍ പറഞ്ഞത്. അത് ഖുര്‍ആനിലും പ്രതിഫലിക്കുന്നുവെന്നേയുള്ളൂ. താല്‍ക്കാലികമായ ഇച്ഛകള്‍ക്ക് അടിപ്പെടാതിരിക്കല്‍, സാമ്പത്തിക വിശുദ്ധി, ലൈംഗിക വിശുദ്ധി, മനസ്സിന്റെ ശുദ്ധി, വാക്കുപാലിക്കല്‍, കരാറുകള്‍ മാനിക്കല്‍, പ്രതിജ്ഞ പുലര്‍ത്തല്‍, ദുര്‍ബലനെ സഹായിക്കല്‍, അപകടങ്ങള്‍ക്കു മുന്നില്‍ ഉറച്ചുനില്‍ക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ധാര്‍മ്മികത വേണം. ഈ ധാര്‍മികതക്ക് രണ്ടുവശങ്ങളുണ്ട്; മൂല്യങ്ങളും നിയമങ്ങളും. ഹൃദയത്തില്‍ കുടികൊള്ളുന്നതും ഒരാളുടെ സ്വഭാവമായി മാറുകയുംചെയ്യുന്ന ഗുണങ്ങളാണ് മൂല്യങ്ങള്‍. അവ വ്യക്തികളെ ശക്തരാക്കും. അവരില്‍ ആത്മവിശ്വാസവും തന്റേടവും വളര്‍ത്തും.

പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കപ്പെടുന്നവയാണ് നിയമങ്ങള്‍. അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍ കൊണ്ടുമാത്രം ധാര്‍മികമൂല്യങ്ങള്‍ നിലനില്‍ക്കുമെന്നു കരുതരുത്. അങ്ങനെയാവുമ്പോള്‍ അവസരം കിട്ടിയാല്‍ ദുഃസ്വഭാവങ്ങള്‍ പുറത്തുചാടും. മൂല്യങ്ങളും നിയമങ്ങളും രണ്ടാണെന്നു മനസ്സിലാക്കുക. ഇന്ന് മതകേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് നിയമങ്ങളുടെ മേഖലയിലാണെന്നു കാണാം. അവരുടെ പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസവും തര്‍ക്കങ്ങളുമെല്ലാം നിയമങ്ങളുടെ അടിത്തറയില്‍ തന്നെ. മൂല്യങ്ങള്‍ പരിശീലിക്കാനും പരിശീലിപ്പിക്കാനും ആളില്ലാതെയായിമാറി. ആന്തരികമായ സ്വഭാവഗുണങ്ങള്‍ ഇല്ലാത്തതുകാരണം നിയമങ്ങളുടെ അടിത്തറയില്‍ നല്‍കുന്ന പ്രാഥമിക സദാചാരപാഠങ്ങള്‍ പോലും ഫലവത്താവാതെ പോവുകയാണ്. പഠിക്കുന്നവനിലും പഠിപ്പിക്കുന്നവനിലും അതില്ലാത്ത അവസ്ഥ.

ഇസ്‌ലാം ലക്ഷ്യമിടുന്ന സമാധാനത്തിന്റെ വീടു നിര്‍മ്മിക്കാന്‍ ധാര്‍മികതയോടൊപ്പം തന്നെ അതിന് അനുഗുണമായ സാമൂഹികക്രമവും കൂടിയേതീരൂ. നീതിയും സത്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന സാമൂഹികക്രമം. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത വിവേചനമില്ലാത്ത സമൂഹം. മതം കൈകാര്യം ചെയ്യുമ്പോള്‍ ഈ വശം ശ്രദ്ധിക്കാതെപോവുകയോ അതല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്. ഇസ്‌ലാമിനെ വ്യക്തിഗത സംസ്‌കരണത്തിനു മാത്രം ഉപയോഗിക്കുന്നതു കാരണം അത് ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാകാര്യങ്ങളും വ്യക്തികളിലേക്ക് ഒതുങ്ങി. സക്കാത്ത് പലിശനിരോധനം തുടങ്ങിയ സാമ്പത്തിക ക്രമീകരണങ്ങളും എല്ലാ അര്‍ത്ഥത്തിലുമുള്ള നീതിയും ഇസ്‌ലാം നിര്‍ദ്ദേശിച്ചുവെങ്കിലും അവ വ്യക്തിഗത അനുഷ്ഠാനങ്ങളായി മാറി. സ്വഭാവ സംസ്‌കരണത്തിന്റെ കൊച്ചുകൊച്ചു നിര്‍ദ്ദേശങ്ങളായി പരിഗണിക്കപ്പെടുന്ന പലകാര്യങ്ങളും സമൂഹക്രമത്തെ സാരമായി ബാധിക്കുന്ന തത്വങ്ങളായി കാണാന്‍ സാധിക്കാതെ പോവുന്നത് അതുകൊണ്ടാണ്.

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ആഹാരം കഴിക്കുന്നവന്‍ തന്നില്‍ പെട്ടവനല്ലായെന്ന പ്രവാചകന്റെ വാക്കുകളില്‍ അയല്‍പക്കബന്ധത്തിന്റെ പവിത്രതക്കപ്പുറം മറ്റൊരു സന്ദേശം വായിക്കാന്‍ നമുക്കു കഴിയുന്നില്ല. ഒരുവീട്ടില്‍ പട്ടിണിയും അടുത്തവീട്ടില്‍ സുഭിക്ഷതയുമെന്ന സ്ഥിതിവിശേഷം കടുത്ത അസന്തുലനത്തിന്റെ ലക്ഷണമാണ്. ഈ അസന്തുലലിതാവസ്ഥ ഉള്ളിടത്ത് ഇസ്‌ലാമില്ല എന്നല്ലേ പ്രവാചകന്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം?

ഈ ഖുര്‍ആന്‍ വാക്യമൊന്നു വായിച്ചുനോക്കൂ:

സത്യവിശ്വാസികളേ! നിങ്ങള്‍ക്കു നാം ഉപജീവനമായി നല്‍കിയതില്‍ നിന്ന് മേന്മയുള്ളത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവിനു നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ വഴിപ്പെടുന്നത് അവനുമാത്രമാണ് എന്നുണ്ടെങ്കില്‍. (2:172)

അല്ലാഹുവിന്റെ ഔദാര്യപ്രകടനം മാത്രമായി കാണുന്ന ഈ വചനത്തില്‍ വിപ്ലവകരമായ ഒരു നിര്‍ദ്ദേശം അടങ്ങിയിട്ടില്ലേ? ഇല്ലെങ്കില്‍ എന്തിനാണ് ഈ വചനത്തിന്റെ അവസാനഭാഗം ഇത്ര ഗൗരവസ്വഭാവം കാണിക്കുന്നത്. വെറുമൊരു ഔദാര്യം വെച്ചുനീട്ടുകയല്ല ഇവിടെ. വിശ്വാസത്തെയും ആരാധനയേയും തന്നെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ അവസാനിക്കുന്ന ഈ സംസാരം ചില സമ്പ്രദായങ്ങളെ ചോദ്യംചെയ്യുന്നുണ്ട്.

മേന്മയേറിയ എന്തും ഉപരിവര്‍ഗ്ഗത്തിനു മാത്രമായി നീക്കിവെച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ആ ശീലത്തെ തച്ചുടക്കാനുള്ള പ്രേരണയായി ഈ വചനത്തെ കാണുമ്പോള്‍ അതിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥസമ്പൂര്‍ണ്ണത ലഭിക്കുന്നു. തനിക്കു ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ഒരാള്‍ വിശ്വസിയാവുകയില്ല എന്നു പ്രവാചകന്‍ പറയുമ്പോള്‍ അവിടെയൊരു ഉപഭോഗ പുത്തന്‍രീതിതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. ഇസ്‌ലാം വിഭാവനചെയ്യുന്ന സാമൂഹികക്രമത്തിന്റെ സ്വഭാവം ഇത്തരം വചനങ്ങളില്‍ മിന്നിമറയുന്നു. ആചാര്യന്മാര്‍ ഇസ്‌ലാമിനെ വ്യക്തികളിലേക്ക് ഒതുക്കിയതു കാരണം അതിനു പ്രവര്‍ത്തനക്ഷമത ഉണ്ടാവുന്നില്ല.

ഇസ്‌ലാം വെറുമൊരു പുരോഹിതമതമായി മാറുന്നത് ഇവിടെയാണ്. വിഭാഗീയതയും കാര്‍ക്കശ്യവും പുരോഹിതമതത്തിന്റെ സംഭാവനകളാണ്. ചീഞ്ഞളിഞ്ഞ എന്തും വിറ്റഴിക്കാനുള്ള കമ്പോളമായി ഇസ്‌ലാം മാറുന്നതും അതിന്റെ തണലില്‍ത്തന്നെ. സാമൂഹികക്രമം അജണ്ടയിലില്ലാതെ പ്രവര്‍ത്തിക്കുന്ന പുരോഹിതമതം പ്രാഥമികസദാചാരം ഇല്ലാതാക്കുമെന്ന് അതിന്റെ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ട ശക്തികളോട് ഏറ്റുമുട്ടാതെ സമാധാനം കൈവരില്ല എന്നകാര്യത്തില്‍ തര്‍ക്കം വേണ്ട. പക്ഷേ, പുരോഹിതമതത്തിന്റെ ചുവടുപിടിച്ച് ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ വിഭാഗീയതക്ക് ആയുധമണിയിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ അഭ്യന്തര വംശശുദ്ധീകരണം നടത്തുന്നു അവര്‍.

സമാധാനത്തിന്റെ വീട് ആത്യന്തികമായി ലഭ്യമാകുന്നത് പരലോകത്തുതന്നെ. ‘അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളും കുറ്റപ്പെടുത്തലുകളും അവര്‍ അവിടെ കേള്‍ക്കുകയില്ല. ശാന്തി ശാന്തി എന്നു പറയപ്പെടുന്നതല്ലാതെ. (ഖുര്‍ആന്‍ 56:25,26) ആത്മീയതക്കു വേണ്ടി ഒരു സാങ്കല്‍പിക ലോകം സൃഷ്ടിക്കേണ്ട കാര്യമില്ല. അല്ലാഹുവും മലക്കുകളുമെല്ലാം അടങ്ങുന്ന ഉപരിലോകം ഈ കൊച്ചുഭൂമി അടങ്ങുന്ന ബൃഹത്പ്രഞ്ചത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. മനുഷ്യന് അതു കാണാന്‍ കഴിയുന്നില്ല എന്നേയുള്ളൂ. പക്ഷേ മറ്റൊരു രീതിയില്‍ മനുഷ്യന്‍ അതു കാണാന്‍ തുടങ്ങിയിരിക്കുന്നു.

കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നാസ നടത്തിയ ഗവേഷണങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ ഭൂമിയെപ്പോലെയുള്ള, എന്നാല്‍ അതിലും അനേകമിരട്ടി വലുപ്പമുള്ള, നിവരവധി ഗ്രഹങ്ങള്‍ നമ്മുടെ ഈ ഗാലക്‌സിയില്‍ തന്നെയുണ്ട്. അവ മഞ്ഞില്‍മൂടി കിടക്കുകയാണ്.

അല്ലാഹു എല്ലാം തയ്യാര്‍ ചെയ്ത് സൂക്ഷിച്ചുവെച്ചിരിക്കുന്നു; നമുക്കുവേണ്ടി. ആദ്യം ഒരു ഗ്രഹം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മറ്റൊന്ന്. പിന്നീടത് പരശ്ശതമുണ്ട് എന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍ നാസ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഒരു ശാസ്ത്രലേഖനത്തില്‍ കാണുന്നത് ഭൂമിയിലെ മണല്‍ത്തരികളുടെയത്ര എണ്ണം മനുഷ്യാവാസയോഗ്യമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നാണ്. പക്ഷേ നമുക്ക് അവിടെയെത്താന്‍ കഴിയില്ല. അവയില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹം ഇവിടെനിന്ന് പന്ത്രണ്ട് പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. അതായത് മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും വേഗതയേറിയ വാഹനം ഉപയോഗിച്ചാലും അവിടെയെത്താന്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ യാത്ര ചെയ്യണം. അവിടെയെത്താന്‍ കൊതി തോന്നുന്നു. ഈ ശരീരമാണ് അതിനു തടസ്സം. മരണത്തോടെ ആ പരിമിതികള്‍ അവസാനിക്കുന്നു. മാന്യമായി ഇവിടെ ജീവിച്ചാല്‍ മാന്യമായി അവിടെയെത്താം. ഇല്ലെങ്കില്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടത്തിലേക്ക്. ഈ ഭൂമിയില്‍ സമാധാനത്തിന്റെ വീടിനു ശ്രമിച്ചാല്‍ അന്തിമ സമാധാനം അല്ലാഹു നല്‍കും.

കടപ്പാട്: thejasdaily.com

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍
ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറക്കുന്നതിന് മുമ്പ് അതിലെ മലിനമായ വെള്ളം ഒഴിവാക്കി അതിനെ ശുദ്ധിയാക്കേണ്ടതുണ്ട്. നിറഞ്ഞിരിക്കുന്ന പാത്രം പുതുതായി ഒന്നിനെയും ഉള്‍ക്കൊള്ളുകയില്ല. അതില്‍ ഒഴിക്കുന്ന ഓരോ തുള്ളി വെള്ളവും വെറുതെ പാഴാവുകയാണ്. വിശുദ്ധ റമദാന്‍ മാസത്തെ കാത്തിരിക്കുകയും, ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് ആര്‍ജ്ജിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസി തന്റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇസ്‌ലാമിന് നിരക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. സംസ്‌കാരത്തിനും ചുറ്റുപാടിനും അനുസരിച്ച് ഈ മാലിന്യങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പറയുക പ്രയാസമാണ്. അതില്‍ നിന്നും ചില ഉദാഹരണങ്ങള്‍ മാത്രമാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. അതുമായി തുലനപ്പെടുത്തി ഓരോ മുസ്‌ലിമും തന്റെ ഉള്ളിലെ രോഗം എന്താണെന്ന് തിരിച്ചറിയുകയും റമദാനിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ പാത്രത്തെ സജ്ജമാക്കി വെക്കുകയും ചെയ്യട്ടെ.

1. അനാവശ്യ തര്‍ക്കം
അല്ലാഹുവിനെ സ്‌നേഹിക്കുകയും അല്ലാഹു സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളുടെ പ്രധാന വിശേഷണമാണ് അവര്‍ പരസ്പരം നൈര്‍മല്യത്തോടെ പെരുമാറുന്നവരായിരിക്കുമെന്നത്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു.” (അല്‍മാഇദ: 54)
അല്ലാഹുവിനും അവന്റെ ദൂതനും അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അനാവശ്യമായ തര്‍ക്കം. നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: ”ആളുകളില്‍ കടുത്ത കുതര്‍ക്കികളെയാണ് അല്ലാഹു ഏറ്റവുമധികം വെറുക്കുന്നത്.” (ബുഖാരി) അന്യായമായ കാര്യത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇവിടെ ഉദ്ദേശിച്ചത്. ന്യായമായ ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് അത് തടസ്സമല്ല. പ്രതിയോഗിയോട് അന്യായം പ്രവര്‍ത്തിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ അതിന് വേണ്ടി ഉറച്ചു നിലകൊള്ളണം.

2. രഹസ്യങ്ങള്‍ പ്രചരിപ്പിക്കലും വ്യാജ വാഗ്ദാനവും
ഒരാളെ വാക്കുകൊണ്ടോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്. മറ്റൊരാളെ സംബന്ധിച്ച രഹസ്യം പരസ്യപ്പെടുത്തുന്നത് പോലുള്ള ഏതൊരു പ്രവര്‍ത്തനവും അതില്‍ പെട്ടതാണ്. ഒരാള്‍ നിങ്ങളെ വിശ്വസിച്ച് അയാളുടെ രഹസ്യം നിങ്ങളുമായി പങ്കുവെക്കുകയും എന്നിട്ട് നിങ്ങളത് ആളുകളോട് പറഞ്ഞ് അയാളെ താറടിക്കുകയും ചെയ്യുന്നത് എത്രത്തോളം വലിയ വഞ്ചനയാണ്. എത്ര ഗുരുതരമായ കുറ്റമാണ് അതിലൂടെ ചെയ്യുന്നത്. നബി(സ) പറയുന്നു: ”ഒരാള്‍ ഒരു കാര്യം സംസാരിക്കുകയും എന്നിട്ട് ചുറ്റുപാടിലേക്ക് തിരിഞ്ഞുനോക്കുകയും (മറ്റാരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍) ചെയ്താല്‍ അതൊരു വിശ്വസിച്ചേല്‍പിക്കലാണ്.”
വ്യാജ വാഗ്ദാനങ്ങളെ കുറിച്ച് നബി(സ) താക്കീത് നല്‍കുന്നത് നോക്കൂ: ”നാല് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അവനില്‍ കാപട്യത്തിന്റെ അംശമുണ്ട്. സംസാരിച്ചാല്‍ കളവു പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക. തര്‍ക്കിച്ചാല്‍ അസഭ്യം പറയുക എന്നിവയാണവ.”

3. ആവശ്യമില്ലാത്ത സംസാരം
യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തെ കുറിച്ച സംസാരം വലിയ വിപത്തുകളിലൊന്നാണ്. അങ്ങനെ അവന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഓരോ വാക്കിന്റെ പേരിലും അവന്‍ വിചാരണ ചെയ്യപ്പെടും. ഒരു സംസാരം കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കില്‍ പിന്നെ ദോഷത്തിനാണ് അതില്‍ കൂടുതല്‍ സാധ്യത. കാണുന്നവരോടെല്ലാം എവിടെ നിന്നാണ് നീ വരുന്നത്, എവിടേക്കാണ് പോകുന്നത്? എന്നെല്ലാമുള്ള ചോദ്യം അനാവശ്യമാണ്. ഒരുപക്ഷേ അത് താങ്കളോട് വെളിപ്പെടുത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോള്‍ അയാള്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാവുന്നു. താങ്കളെ സംബന്ധിക്കാത്ത ഒരു ചോദ്യം ചോദിച്ച് ആ തെറ്റിനുള്ള സാഹചര്യം ഒരുക്കിയത് താങ്കളാണ്. നബി(സ) പറഞ്ഞു: ”തന്നെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ നല്ല ഇസ്‌ലാമിന്റെ ഭാഗമാണ്.” (തിര്‍മിദി)

4. അസൂയ
മറ്റുള്ളവരുടെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോവാനുള്ള ആഗ്രഹമാണത്. അസൂയാലുവിനെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന മാരക രോഗമാണത്. അതിന്റെ ഫലമായി സമൂഹത്തില്‍ നിന്നും മൂല്യങ്ങളും മനുഷ്യത്വവും ഇല്ലായ്മ ചെയ്യപ്പെടും. മനസ്സിലെ അഗ്നിയാണത്. അതവിടെ ജ്വലിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും പകയും വിദ്വേഷവും ഗൂഢാലോചനും ജന്മമെടുക്കും. വന്‍പാപങ്ങളുടെ തലത്തിലേക്ക് അതവനെ എത്തിക്കുന്നു. നബി(സ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളുടെ രോഗം നിങ്ങളിലേക്കും ഇഴഞ്ഞുകയറുന്നു. അസൂയയും വിദ്വേഷവുമാണത്. മുണ്ഡനം ചെയ്തു കളയുന്നതാണത്. മുടി മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ദീനിനെ മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചാണ്.” (അബൂദാവൂദ്)

5. അഹങ്കാരം
അല്ലാഹു പറയുന്നു: ” ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചുനടക്കുന്നവരുടെ കണ്ണുകളെ ഞാന്‍ എന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് തെറ്റിച്ചുകളയുന്നതാണ്.” (അല്‍അഅ്‌റാഫ്: 146)
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഹദീല്‍ പറയുന്നു: ”ഹൃദയത്തില്‍ അണുതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”
‘അഹങ്കാരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഒരുക്കപ്പട്ടിരിക്കുന്നതെന്ന് നരകം പറയുന്നു’ എന്ന് മറ്റൊരു ഹദീസില്‍ കാണാം. നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ”ധിക്കാരികളും അഹങ്കാരികളുമായിട്ടുള്ളവര്‍ അന്ത്യദിനത്തില്‍ അണുവിന്റെ രൂപത്തില്‍ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിന്റെ അടുക്കലുള്ള നിന്ദ്യതയുടെ പേരില്‍ ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുന്നു.”

6. കോപം
കോപത്തിന്റെ തീ അണക്കാന്‍ ആര്‍ക്കാണ് സാധിക്കുക? സ്വന്തത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? ദേഷ്യം വരുമ്പോള്‍ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതാര്‍ക്കാണ്? തന്റെ രോഷം അല്ലാഹുവിന് വേണ്ടി മാത്രമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ ഇതിനെല്ലാം നിങ്ങള്‍ സാധിക്കും. അല്ലാഹു പറയുന്നു: ”സ്വര്‍ഗം ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.” (ആലുഇംറാന്‍: 134)
ദുരഭിമാനവും ആത്മപ്രശംസയും അഹങ്കാരവുമാണ് കോപത്തിന്റെ പ്രധാന കാരണങ്ങള്‍. അത്തരം ചീത്തഗുണങ്ങള്‍ വെടിയുന്നതിന് പരിശ്രമവും അല്ലാഹുവുമായുള്ള ബന്ധവും ദൈവഭക്തിയുള്ള ആളുകളുമായുള്ള സഹവാസവും ആവശ്യമാണ്.

7. പരദൂഷണം
മരിച്ച മനുഷ്യന്റെ മാംസം തിന്നുന്നതിനോടാണ് ഖുര്‍ആന്‍ പരദൂഷണത്തെ ഉപമിച്ചിട്ടുള്ളത്. ‘ഒരാളെ കുറിച്ച് അയാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയലാണ്’ പരദൂഷണം. വളരെ നിന്ദ്യമായിട്ടുള്ള സ്വഭാവമാണത്. അല്ലാഹു പറയുന്നു: ”ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്.നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ?നിങ്ങളതു വെറുക്കുകയാണല്ലോ.” (അല്‍ഹുജുറാത്ത്: 12)
നബി(സ) പറഞ്ഞു: ”ഓരോ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.” (മുസ്‌ലിം)

8. ഏഷണി
നബി(സ) പറയുന്നു: ”ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” (മുസ്‌ലിം) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”ഏഷണിയുമായി നടക്കുന്നവര്‍ സ്‌നേഹിതന്‍മാര്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും നിരപരാധികളെ തെറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.”

9. പിശുക്ക്
അല്ലാഹു ആക്ഷേപിച്ചിട്ടുള്ള ഗുണമാണ് പിശുക്ക്. നബി(സ) റമദാനില്‍ വീശുന്ന കാറ്റിനെ പോലെ ഉദാരനായിരുന്നു. പിശുക്കെന്ന ഗുണം സ്വഹാബിമാരുടെ ജീവിതത്തിലും കാണാനാവുകയില്ല. ചരിത്രം ഒരിക്കലും പിശുക്കന്‍മാരെ കുറിച്ച് നല്ലത് പറയുകയുമില്ല. അല്ലാഹു പറയുന്നു: ”സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍.” (അല്‍ഹശ്ര്‍: 9)
മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹു തങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളില്‍ പിശുക്കുകാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്ക് ഗുണകരമാണെന്നു കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്ക് വളരെ ദോഷകരമാകുന്നു. പിശുക്കി സമ്പാദിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവര്‍ക്കു കണ്ഠവളയമായിത്തീരും.” (ആലുഇംറാന്‍: 180)
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവരെ അത് നശിപ്പിച്ചിട്ടുണ്ട്. രക്തം ചിന്താനും നിഷിദ്ധങ്ങളെ അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചു.”

10. അസഭ്യം, അശ്ലീലം, ശകാരം, ശാപം
നബി(സ) പറയുന്നു: ‘നിങ്ങള്‍ അശ്ലീലത്തെ സൂക്ഷിക്കുക, അശ്ലീലമായ വാക്കുകളും പ്രവൃത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ”വിശ്വാസി കുത്തുവാക്ക് പറയുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്ലേച്ഛവര്‍ത്തമാനം പറയുന്നവനോ അല്ല.”
വൃത്തികെട്ട വാക്കുകളും പ്രയോഗങ്ങളുമാണ് അസഭ്യം കൊണ്ടുദ്ദേശിക്കുന്നത്. പൊതുവെ അങ്ങാടികളിലും മറ്റും സമയം ചെലവഴിക്കുന്ന വിവരംകെട്ടവരാണ് അത്തരം വര്‍ത്തമാനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ സദ്‌വൃത്തരായവരെ സംബന്ധിച്ചടത്തോളം അത്തരം വര്‍ത്തമാനം പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അസഹ്യമായിരിക്കും.

ഇസ്‌ലാമിക ദര്‍ശനം

ഇസ്‌ലാമിക ലോകത്തെ സുപ്രധാനമായ ഒരു ബൗദ്ധിക സംഭാവനയാണ് ഇസ്‌ലാമിക ദര്‍ശനം. അറബിയില്‍ അല്‍ഹിക്മഃ അല്ലെങ്കില്‍ അല്‍ഫല്‍സഫഃ എന്നറിയപ്പെടുന്നു. മതം എന്ന പദംകൊണ്ട് സാധാരണ വ്യവഹരിക്കപ്പെടുന്നതിനപ്പുറമുള്ള ഒരു ജീവിത ദര്‍ശനവും ജീവിതരീതിയും സാമൂഹിക -രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥിതിയുമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ ആറ് വിശ്വാസ പ്രമാണങ്ങളും (അല്ലാഹു, മലക്, ദൈവദൂതന്മാര്‍, വേദഗ്രന്ഥം, പരലോകം, വിധി എന്നിവയിലുള്ള വിശ്വാസം) പഞ്ചസ്തംഭങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് കര്‍മരീതികളും (സത്യസാക്ഷ്യ പ്രഖ്യാപനം, നമസ്‌കാരം, സകാത്, നോമ്പ്, ഹജ്ജ്) ആണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറ. തത്ത്വചിന്ത ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇസ്‌ലാമിന്റെ ഉത്തരം കണിശവും വ്യക്തവുമാണ്. ദര്‍ശനം അഥവാ ഫിലോസഫി എന്ന വാക്കിന് അറിവിനെ സ്‌നേഹിക്കുക (Philos: സ്‌നേഹം, Sophia: ജ്ഞാനം) എന്നാണര്‍ഥം. അനുഭവങ്ങളുടെയും പരീക്ഷണ-നിരീക്ഷണങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ ലഭിക്കുന്ന അറിവിലൊതുങ്ങുന്നില്ല ദര്‍ശനപരമായ ജ്ഞാനം. ജീവിതത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണത്.
പ്രസിദ്ധരായ ദാര്‍ശനികരെല്ലാം ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. സത്യാന്വേഷണമാണ് ദര്‍ശനത്തിന്റെ ലക്ഷ്യം. പ്രപഞ്ചത്തെയും ജീവിതത്തെയും സം ന്ധിക്കുന്ന സത്യം പൂര്‍ണമായി അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന വെളിപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ തത്ത്വം. അതിനാല്‍ മനുഷ്യന്‍ അത് സ്വയം ചിന്തിച്ചു കണ്ടുപിടിക്കേണ്ടതില്ല. എന്നാല്‍ ദൈവിക യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിന് പ്രപഞ്ച നിരീക്ഷണവും ചിന്തയുമാണ് മാര്‍ഗമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധം വ്യക്തമാക്കുന്നുണ്ട്.
ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള ബൗദ്ധികാന്വേഷണങ്ങളാണ് ഇസ്‌ലാമിക ദര്‍ശനം എന്നര്‍ഥം. തത്ത്വചിന്ത ജീവിതത്തെ സംബന്ധിക്കുന്നതാകയാല്‍ ജീവിതവുമായി ബന്ധപ്പെടുന്ന സമസ്ത പ്രശ്‌നങ്ങളും ഇസ്‌ലാമിക ദര്‍ശനത്തിന്റെ പരിധിയില്‍ വരും. ഇവയോരോന്നും വ്യത്യസ്ത വിജ്ഞാനശാഖകളായി വികാസം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസത്തെ സംബന്ധിക്കുന്ന ശാസ്ത്രം അല്‍അഖാഇദ് എന്നും കര്‍മാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രം ഫിഖ്ഹ് എന്നും ധര്‍മശാസ്ത്രം അഖ്‌ലാഖ് എന്നും വ്യവഹരിക്കപ്പെടുന്നു. ദര്‍ശനത്തിന്റെ പഠന മേഖലയായ സത്താമീമാംസ ഇതില്‍ വിശ്വാസ ശാസ്ത്രവുമായാണ് ബന്ധപ്പെടുന്നത്. മൂല്യ മീമാംസയും സൗര്യ ദര്‍ശനവും സ്വതന്ത്ര പഠന ശാഖകളായി വികസിച്ചിട്ടില്ല. എന്നാല്‍ ഖുര്‍ആനില്‍നിന്നും ഹദീഥുകളില്‍നിന്നും തദ്‌സംന്ധമായ ഇസ്‌ലാമിക വീക്ഷണങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കും.
ജ്ഞാന മീമാംസയില്‍ വഹ്‌യ് (ദിവ്യബോധനം) അറിവിന്റെ ദൈവിക ഉറവിടമായി അംഗീകരിക്കപ്പെടുന്നു. സംവേദനേന്ദ്രിയങ്ങള്‍ വഴിയും യുക്തിചിന്തയിലൂടെയും മനുഷ്യന്‍ ആര്‍ജിക്കുന്ന അറിവ് അതിന് താഴെയാണ് വരുന്നത്. അറിവുകളുടെയെല്ലാം സ്രോതസ്സ് സര്‍വജ്ഞനായ അല്ലാഹുവാണെന്നതാണ് ഇസ്‌ലാമിക ജ്ഞാന മീമാംസയുടെ കാതലായ തത്ത്വം. പരലോക വിശ്വാസത്തിലധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ ധര്‍മമീമാംസ. മനുഷ്യന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉത്തരവാദിയാകുന്നു. ദൈവത്തിനു മുമ്പാകെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പുനരുത്ഥാനത്തിനു ശേഷമുള്ള അന്തിമ വിചാരണാ വേളയില്‍ ഉത്തരം ബോധിപ്പിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അല്ലാഹു സൗന്ദര്യം ഇഷ്ടപ്പെടുന്നു എന്നതാണ് ഇസ്‌ലാമിന്റെ സൗന്ദര്യ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ തത്ത്വത്തിന്റെ സമൂര്‍ത്താവിഷ്‌കാരങ്ങളാണ് ഇസ്‌ലാമിക കലകള്‍.

മേല്‍പറഞ്ഞ തത്ത്വങ്ങള്‍ ഇസ്‌ലാമിക ലോകത്ത് ദര്‍ശനത്തിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ടു തുടങ്ങിയത് ഗ്രീക്കോ-അലക്‌സാണ്ട്രിയന്‍ ദര്‍ശന പദ്ധതികളുമായി അറബ് – മുസ്‌ലിം പണ്ഡിതന്‍മാര്‍ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ്. മൂന്നാം/ഒമ്പതാം ശതകത്തിലാണ് യവന ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. യവന ചിന്തയെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വായിക്കാനാണ് പ്രമുഖരായ മുസ്‌ലിം ദാര്‍ശനികര്‍ ശ്രമിച്ചത്.
ഇത് ദര്‍ശന ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവിന് തുടക്കം കുറിച്ചു. എന്നാല്‍ ഇസ്‌ലാമിന്റെ അംഗീകൃത തത്ത്വങ്ങളില്‍നിന്ന് വ്യതിചലിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതമീമാംസാ വിശാരദര്‍ ഇവര്‍ക്കെതിരെ പ്രതിരോധനിര സൃഷ്ടിച്ചു. സ്വൂഫികളും ശീഇകളും പൊതുവേ തത്ത്വചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രസിദ്ധ ദാര്‍ശനികനായമുല്ലാ സ്വദ്‌റ(സ്വദ്‌റുദ്ദീന്‍ ശീറാസി)യുടെ രചനകളില്‍ ശീഈ സ്വാധീനം പ്രകടമാണ്. ഇമാം ഗസ്സാലി ഇസ്‌ലാമിക ദൈവശാസ്ത്രത്തെയും തത്ത്വചിന്തയെയും ആത്മീയതയെയും അസാമാന്യമായ പ്രാഗല്ഭ്യത്തോടെ സമന്വയിപ്പിച്ചു. ഫാറാബി, ഇബ്‌നുസീനാ, ഇബ്‌നുറുശ്ദ് തുടങ്ങിയവര്‍ ദര്‍ശനത്തിന് പ്രഥമ സ്ഥാനം കല്പിച്ചവരാണ്. മതമീമാംസകരും തത്ത്വചിന്തകരും തമ്മില്‍ നടന്ന ഖണ്ഡന മണ്ഡനങ്ങള്‍ ഇസ്‌ലാമിക ധൈഷണിക ജീവിതത്തെ ഉന്‍മിഷത്താക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഇസ്‌ലാമിലെ വിവിധ വിശ്വാസ ധാരകളെ പ്രതിനിധീകരിക്കുന്ന ആദ്യകാല അവാന്തര വിഭാഗങ്ങളുടെ ആവിര്‍ഭാവവും ദാര്‍ശനിക പദ്ധതികളുടെ പ്രചാരവും തമ്മില്‍ ബന്ധമുണ്ട്.

ഖുര്‍ആന്‍ സൃഷ്ടിയാണോ, പാപികള്‍ക്ക് നരകമോക്ഷമുണ്ടോ, വിധി ബന്ധിതമായ മനുഷ്യന്ന് സ്വതന്ത്രമായ ഇഛാശക്തിയുണ്ടോ, മതനിയമങ്ങള്‍ക്കടിസ്ഥാനമായി യുക്തിയെ സ്വീകരിക്കാമോ തുടങ്ങിയ തര്‍ക്കങ്ങളാണ് വിവിധ മതചിന്താപ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത്. വിധിവാദികള്‍, വിധിനിഷേധികള്‍, സൃഷ്ടിവാദികള്‍, മുര്‍ജിഅഃ, മുഅ്തസിലഃ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇങ്ങനെ ഉദയം ചെയ്തു. ശീഈ പ്രസ്ഥാനത്തില്‍നിന്നുടലെടുത്ത ഇസ്മാഈലികള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയങ്ങള്‍ക്ക് ദര്‍ശനത്തിന്റെ വര്‍ണവും ഛായയും നല്കിയവരാണ്. ഉമവീ, അബ്ബാസീ കൊട്ടാരങ്ങളിലെ ക്രൈസ്തവ-യഹൂദ ഭിഷഗ്വരന്‍മാരും അറബ്‌ലോകത്തെ തത്ത്വചിന്തയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചവരാണ്. മുആവിയഃയുടെ ചികിത്സകനായിരുന്ന ഇബ്‌നുഅഥാല്‍ നെസ്റ്റോറിയ ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ച അലക്‌സാണ്ട്രിയന്‍ സ്വദേശിയായ ഭിഷഗ്വരന്‍ അബ്ദുല്‍ മലികിബ്‌നു അബ്ഹാന്‍ അല്‍കിനാനി, ബസ്വ്‌റഃക്കാരനായ യഹൂദ വൈദ്യന്‍ മാസര്‍ജവൈഹ് തുടങ്ങിയവര്‍ അറബ് ഗ്രന്ഥലോകത്തേക്ക് തത്ത്വചിന്ത കൊണ്ടുവന്നവരില്‍ പെടുന്നു. ഇസ്‌ലാം മത പണ്ഡിതന്മാര്‍ ക്രൈസ്തവരുമായുള്ള സംവാദങ്ങളില്‍ ഖുര്‍ആന്നും നബിവചനങ്ങള്‍ക്കും പുറമേ ദാര്‍ശനിക കൃതികളെയും അവലം മാക്കി. അതിനാല്‍ ആദ്യകാല ഇസ്‌ലാമിക ദാര്‍ശനികരില്‍ മൂന്ന് വ്യത്യസ്ത സ്വാധീനങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. ഒന്ന് അരിസ്റ്റോട്ടലിയന്‍ തത്ത്വചിന്ത; രണ്ട്, നിയോപ്ലാറ്റോണിക് ചിന്ത; മൂന്ന്, ഇസ്‌ലാമിക ചിന്ത.

അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

വിധിയിലുള്ള വിശ്വാസം

ഇസ്ലാമിക വിശ്വാസകാര്യങ്ങളില്‍ ആറാമത്തേതാണ് വിധിയിലുള്ള വിശ്വാസം, അഥവാ നന്മയും തിന്മയുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണുണ്ടാവുന്നത് എന്ന വിശ്വാസം. സാങ്കേതികമായി ഇത് അല്‍ ഖദാഅ് വല്‍ ഖദ്ര്‍ (വിധിയും നിര്‍ണയവും) എന്നാണ് അറിയപ്പെടുന്നത്. ലോകത്തുള്ള ചെറുതും വലുമായ എന്ത് സംഗതിയും നടക്കുന്നത് അല്ലാഹുവിന്റെ അറിവും നിര്‍ണയവുമനുസരിച്ച് മാത്രമാണ.് അതിന് മുഖ്യമായും 4 ഘടകങ്ങളുണ്ട്.

1. അല്ലാഹു എല്ലാ സംഗതികളും അറിയുന്നുവെന്ന വിശ്വാസം:
ഭാവിഭൂതവര്‍ത്തമാന വ്യത്യാസങ്ങളില്ലാതെ എല്ലാ സംഗതികളും അല്ലാഹു ആദ്യമേ തന്നെ അറിഞ്ഞിട്ടുള്ളതാണ് എന്നതാണ് വിധിവിശ്വാസത്തിലെ ഒന്നാമത്തെ ഘടകം. സൂക്ഷ്മവും വിശദവുമായി എല്ലാ കാര്യങ്ങളും അവ ഉണ്ടാകുന്നതിനു മുമ്പേ തന്നെ അല്ലാഹു അറിഞ്ഞിട്ടുണ്ട്. അല്ലാഹു സ്വയം പരിചയപ്പെടുത്തിയ നാമങ്ങളും അവയുള്‍ക്കൊള്ളുന്ന വിശേഷങ്ങളും ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. അഥവാ അല്ലാഹു എല്ലാമറിയുന്നവനും (അല്‍ അലീം) എല്ലാം കേള്‍ക്കുന്നവനും (അസ്സമീഅ്) എല്ലാം കാണുന്നവനും (അല്‍ ബസ്വീര്‍) സൂക്ഷ്മജ്ഞാനിയും (അല്‍ ഖബീര്‍) ഒക്കെയാണെന്ന് പറയുമ്പോള്‍ ഈ വസ്തുതയാണ് അറിയിക്കുന്നത്.
അല്ലാഹു അവന്റെ അറിവിനെ കുറിച്ച് നമ്മെ അറിയിക്കുന്നത് കാണുക. ‘അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. ” (അല്‍ അന്‍ആം:59)

2. അല്ലാഹു എല്ലാം സംരക്ഷിതഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കല്‍:
അല്ലാഹുവിന്റെ അറിവില്‍പ്പെടാത്ത യാതൊന്നുമില്ല എന്നതുപോലെ തന്നെ എല്ലാ സംഗതികളും അവന്‍ ഒരു സംരക്ഷിത ഫലകത്തില്‍ (അല്ലൗഹുല്‍ മഹ്ഫൂദ്)രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിശ്വാസം.
‘നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്’ (അല്‍ഹജ്ജ് 70).

അബ്ദുല്ലാഹി ബ്‌നു അംറി ബ്‌നില്‍ ആസ്വ്(റ) പറയുന്നു. നബി(സ) ഇപ്രകാരം പറയുന്നതിനായി ഞാന്‍ കേട്ടിട്ടുണ്ട്. ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സൃഷ്ടികളുടെ വിധിനിര്‍ണയങ്ങള്‍ അല്ലാഹു രേഖപ്പെടുത്തി. (സ്വഹീഹു മുസ് ലിം)

3. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം(മശീഅത്ത്) നടക്കുന്നുവെന്ന് വിശ്വസിക്കുക.:
ലോകത്ത് ചെറുതും വലുതുമായ എന്തും അല്ലാഹുവിന്റെ ഉദ്ദേശ്യവും അനുമതിയും അനുസരിച്ച് മാത്രമേ ഉണ്ടാകുന്നുള്ളു എന്നതാണ് ഇതുകൊണ്ടു അര്‍ഥമാക്കുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ അത് നടക്കുന്നു. അവനുദ്ദേശിക്കാത്തത് നടക്കുകയില്ല. അത് അല്ലാഹുവിന്റെ ആധിപത്യത്തെയും അധികാരത്തേയും അറിയിക്കുന്ന സംഗതി കൂടിയാണ്. അഥവാ അവന്റെ അറിവും അനുമതിയുമില്ലാതെ യാതൊന്നും അവന്റെ ആധിപത്യത്തിലുള്ള ഈ ലോകത്ത് നടക്കുന്നില്ല എന്നര്‍ഥം.

‘അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു ‘(ഇബ്‌റാഹീം 27).

സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നത് കാണുക:
‘അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങള്‍ക്കെതിരില്‍ അവര്‍ക്ക് കരുത്തുനല്‍കുകയും അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു ‘(അന്നിസാഅ് 90).
‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല ‘ (അല്‍അന്‍ആം 112).

4. സംഭവിക്കുന്നതെല്ലാം അതിന്റെ സത്തയിലും സവിശേഷഗുണങ്ങളിലും ചലനങ്ങളിലും പൂര്‍ണമായും അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുക.
അല്ലാഹു പറയുന്നു:’അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും.'(അസ്സുമര്‍ 62)
ഒരു വ്യക്തി മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ണമായും വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ ദൈവികവിധിനിര്‍ണയത്തില്‍ വിശ്വസിക്കുന്നുവെന്ന് തറപ്പിച്ചുപറയാം.

ഹറമിലെ സെല്ഫി

മക്കയുടെ ചുറ്റിലും നടക്കുന്നതും, ഹജറുല്‍ അസ്‌വദ് മുത്തുന്നതും, സഫ മര്‍വ കുന്നുകളില്‍ നില്‍ക്കുന്നതും, മസ്ജിദുനബവിയുടെ ഖുബ്ബയുടെ മുന്നില്‍ നില്‍ക്കുന്നതുമെല്ലാം ക്യാമറകളുപയോഗിച്ച് പകര്‍ത്തുന്നത് ഇന്ന് നിത്യകാഴ്ചയാണ്. പണ്ഡിതന്മാരുടെയും മറ്റു തീര്‍ഥാടകരുടെയും വിമര്‍ശനങ്ങളും അതൃപ്തിയുമെല്ലാം അവഗണിച്ച്, തീര്‍ഥാടകരെയും സന്ദര്‍ശകരെയും കൂടി സെല്‍ഫി ജ്വരം ബാധിച്ചിരിക്കുന്നു.

സൂര്യനെ അഭിമുഖീകരിച്ച് കൈയ്യുയര്‍ത്തി പ്രാര്‍ഥിക്കുന്ന ഒരു കുടുംബത്തെ കണ്ടപ്പോള്‍, എന്താണിവര്‍ ചെയ്യുന്നതെന്ന് അമ്പരന്നപ്പോഴാണ് അവര്‍ക്ക് മുമ്പില്‍ ഫോട്ടോ എടുക്കുന്നയൊരാളെ കൂടി കണ്ടതെന്ന്, വിദ്യാര്‍ഥിനിയായ സഹ്‌റ മുഹമ്മദ് പറയുന്നു. മസ്ജിദുല്‍ ഹറമിനെ പശ്ചാതലമാക്കി സെല്‍ഫിയെടുക്കുകയും ശേഷമത് ഫേസ്ബുക് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയും കേവല പൊങ്ങച്ച പ്രകടനത്തിനു വേണ്ടി ഇബാദത്തിന്റെ വില നശിപ്പിക്കുകയും ചെയ്യുന്നവരാണിന്ന് പലരും.

മക്കയിലെയും മദീനയിലെയും ഓരോ ചലനങ്ങളും പകര്‍ത്താനും അവ ഷെയര്‍ ചെയ്യാനുമുള്ള തിടുക്കം വിശുദ്ധ മസ്ജിദുകള്‍ക്കകത്ത് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ആരാധനാകര്‍മങ്ങളിലൂടെ ലഭിക്കുന്ന യഥാര്‍ഥ അനുഭൂതിയെയും ഫലങ്ങളെയും ബാധിക്കുമെന്ന് പണ്ഡിതന്മാര്‍ ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വ്വഹിക്കുന്ന ഹജ്ജ് പോലുള്ള കര്‍മങ്ങളില്‍.

ജിദ്ദയിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് അസീം അല്‍ ഹകീം പറയുന്നു: ഫോട്ടോഗ്രഫിയെ കുറിച്ചുള്ള കര്‍മശാസ്ത്ര ഭിന്നതകള്‍ക്കെല്ലാമപ്പുറത്ത്, ഹജ്ജിലും ഉംറയിലും ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്നത് തര്‍ക്കരഹിതമാണ്. പ്രവാചക സുന്നത്തിന് നിരക്കാത്തതും ഹജ്ജിന്റെയും ഉംറയുടെയും ഉദ്ദേശശുദ്ധിയെയും, അതിന്റെ ആത്മാവിനെയും, പൂര്‍ണ്ണതയെയും ബാധിക്കുന്നതുമാണത്. പ്രവാചകന്‍ ഹജ്ജിന്റെ വേളയില്‍ പ്രാര്‍ഥിച്ചു: ‘മേനിപറച്ചിലും, പ്രകടനപരതയുമില്ലാത്ത ഒരു ഹജ്ജ് നിര്‍വ്വഹിക്കാന്‍ തുണക്കണേ’ എന്നായിരുന്നു.

പ്രമുഖ പണ്ഡിതന്‍ അബ്ദുറസാഖ് ബദ്ര്‍ പറയുന്നു: ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോട്ടോയെടുക്കലും മറ്റും ആശാസ്യമല്ല. പ്രവാചകന്‍ ഹജ്ജില്‍ പ്രവേശിക്കുമ്പോള്‍ പറഞ്ഞു: രിയാഅും (പ്രകടനപരത) പ്രശസ്തിയില്ലാത്തതുമായ ഒരു ഹജ്ജാക്കി തരണമേ! ഇഹ്‌റാമിന്റെ സന്ദര്‍ഭത്തിലാണ് ഈ പ്രാര്‍ഥന നടത്തുന്നത്. ഇതിന് ശേഷമുള്ള ഓരോ പ്രവൃത്തിയും സ്വന്തം മനസ്സിനും വികാരത്തിനുമെതിരായ പ്രയത്‌നമാണ്. എന്നാല്‍ ഇന്ന് ഇഹ്‌റാം മുതല്‍ ആളുകള്‍ ഫോട്ടോ എടുക്കുകയാണ്. തുടര്‍ന്ന് തവാഫിലും, അറഫയിലും, ജംറയിലും ഇത് തുടരുന്നു. ഫോട്ടോയെടുപ്പാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍.

സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയും ഉപയോഗവും വര്‍ധിച്ചതാണ് ഇത്രമേല്‍ സെല്‍ഫിയും ഫോട്ടോ ഷൂട്ടുകളും വിശുദ്ധഭവനങ്ങള്‍ക്കകത്ത് വരെ നിറയാന്‍ ഒരു കാരണം. പ്രഫഷണല്‍ കാമറ പള്ളിക്കകത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്നും വിലക്കുകളുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ക്യാമറയുള്ള ഫോണുകള്‍ പള്ളിക്കകത്തേക്ക് കൊണ്ടു പോകുന്നതും വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളില്‍ അധികൃതര്‍ അയവ് വരുത്തിയതാണ് ഇപ്പോള്‍ ആളുകള്‍ക്ക് സൗകര്യമായത്. തടുക്കാനാവാത്ത പകര്‍ച്ചാവ്യാധിയാണിതെന്ന് ശൈഖ് അബ്ദുറസാഖ് പറയുന്നു.

ഇത്തരം പ്രവൃത്തികള്‍ ഹജ്ജിന്റെ ആത്മാവിനെ ചോര്‍ത്തും. മബ്‌റൂര്‍ ആയ ഹജ്ജ് കര്‍മം നിറവേറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ തങ്ങളുടെ കീഴില്‍ വരുന്നവരെ ഉദ്‌ബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു.

ഇസ് ലാം വിമര്‍ശിക്കപ്പെടുമ്പോള്‍ മുസ് ലിംകളുടെ ബാധ്യത

ആഴ്ചകള്‍ക്ക് മുമ്പാണ് ഷാര്‍ലി എബ്ദൊ എന്ന പേര് ലോകം കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിംകളെന്ന് വിളിക്കപ്പെടുന്ന ചില ബുദ്ധിഹീനരായ, ക്രുദ്ധരായ ചെറുപ്പക്കാര്‍ ഒരു ഡസനോളം ആളുകളെ കൊന്നു. അതോടെ മുസ്‌ലിംകുട്ടികളുടെ അവസ്ഥയ്ക്ക് പൊടുന്നനെ മാറ്റംസംഭവിച്ചു.

ഇസ്‌ലാമിനെ വിമര്‍ശിക്കുകയും മുസ്‌ലിംകളെ നിന്ദിക്കുകയും പ്രവാചകനെ പരിഹസിക്കുകയും ചെയ്യുന്ന ജീവിതസാഹചര്യത്തില്‍ ഇവയെ എങ്ങനെ നേരിടും എന്നത് ചിന്തനീയമാണ്. മാധ്യമങ്ങള്‍ ഇസ്‌ലാമിനെ വികൃതമാക്കി ചിത്രീകരിക്കുന്നത് മുസ്‌ലിംചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ദീനിനെക്കുറിച്ച അവരുടെ എല്ലാ ധാരണകളെയും തകിടംമറിക്കുന്നതാണ്. യഥാര്‍ഥമുസ്‌ലിംകള്‍ ആരെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം വര്‍ധിക്കുന്നു. ഹിജാബ് ധരിച്ചുകൊണ്ടിരുന്ന വനിതകളെ സംബന്ധിച്ചിടത്തോളം അകാരണമായ ഒരു ഭീതി അവരുടെ മനസ്സിന്റെ കോണില്‍ കൂടുകെട്ടിയിട്ടുണ്ടാകും. തങ്ങളുടെ മുസ്‌ലിംപേരുകള്‍ അധികമാരും ചര്‍ച്ചചെയ്യാതിരിക്കാനായി കുട്ടികള്‍ പരമാവധി ഉള്‍വലിഞ്ഞുകളയും. സമാധാനം ഉല്‍ഘോഷിക്കുന്ന ഒരു ധര്‍മത്തിന്റെ ആളുകള്‍ പ്രവാചകനെ ആക്ഷേപിച്ചുവെന്ന് കേട്ടപ്പോഴേക്കും ചിലര്‍ കൊലയാളികളായി അവതരിച്ചത് ലോകമുസ്‌ലിംകളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കി.

മുസ്‌ലിംകളെന്ന നിലക്ക് ഇത്തരമൊരു അവസ്ഥയെ എങ്ങനെ കൈകാര്യംചെയ്യണം എന്നത് പ്രസക്തമാണ്. ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ തന്നെ നമുക്ക് ഇസ്‌ലാമിന്റെ നിയമങ്ങള്‍ മുറുകെപ്പിടിക്കാന്‍ കഴിയണമെങ്കില്‍ അത് അനിവാര്യമാണ്. അതിനായി പ്രവാചകന്‍ നബിതിരുമേനിയെ അടുത്തറിഞ്ഞിരിക്കണം . പൈസ ഉണ്ടാക്കാന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നമ്മുടെ പ്രവാചകന്‍ ആരെന്ന് വിശദീകരിച്ചുതരാന്‍ അവസരം നല്‍കേണ്ടതില്ലല്ലോ. തന്നെ ആക്ഷേപിച്ചവരോട് നബി എവ്വിധം പെരുമാറിയെന്നറിഞ്ഞാല്‍ നമുക്ക് പ്രകോപനത്തിന്റെ ഇരകളാകേണ്ടിവരില്ല. പ്രവാചകന്‍ തന്നെ ദ്രോഹിച്ചവരോട് എത്രമാത്രം വിട്ടുവീഴ്ചചെയ്തവനായിരുന്നു എന്ന് അറിയുന്നപക്ഷം എങ്ങനെ പ്രതികരിക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ടാകുകയില്ല. പ്രവാചകനെ അധിക്ഷേപിച്ചുവെന്നത് നമ്മെ വേദനിപ്പിച്ചാലും അയാളെ അക്രമത്തിലൂടെ ഉന്‍മൂലനംചെയ്യാം എന്ന അവിവേകം നമ്മെ കീഴ്‌പെടുത്തുകയില്ല.

ഇസ്‌ലാം എന്താണ് യഥാര്‍ഥത്തില്‍ വരച്ചുകാട്ടുന്നതെന്ന് നമ്മുടെ ജീവിതത്തിലൂടെ പ്രകാശിപ്പിക്കാന്‍ നമുക്കാകണം. ഇസ്‌ലാം കടുത്ത വിമര്‍ശങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ശരവ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ഥമുസ്‌ലിം ഇപ്രകാരമായിരിക്കുമെന്ന് അവര്‍ നമ്മിലൂടെ മനസ്സിലാക്കട്ടെ. മുസ്‌ലിമായ നമ്മുടെ ജീവിതത്തിലുടനീളം അത് ദൃശ്യമാകണം. നാം കുട്ടികള്‍ വീടിനുമുറ്റത്ത് ആഹ്ലാദാരവങ്ങളോടെ കളിച്ചുകൊണ്ടിരിക്കുന്നത് അയല്‍ക്കാര്‍ക്ക് ശല്യമാകാറുണ്ടോ? അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി അറിയാതെ ഏതെങ്കിലും വസ്തുക്കള്‍ താഴെവീണാല്‍ തിരികെവെക്കാതെ, സ്ഥലം വൃത്തിയാക്കാതെ,ആരുംകണ്ടില്ലല്ലോ എന്ന് വിചാരിച്ച് സ്ഥലത്തുനിന്ന് തടിതപ്പാറുണ്ടോ? പാര്‍ക്കില്‍ പോയാല്‍ അവിടെയെല്ലാം കവറുകളും പേപ്പറുകളുമിട്ട് വൃത്തികേടാക്കാതെ ശുദ്ധിയായി പരിപാലിക്കാറുണ്ടോ? സ്‌കൂളില്‍ അധ്യാപകരെ ബഹുമാനിക്കാറുണ്ടോ? ഏറ്റവും നല്ല അച്ചടക്കവും കൃത്യനിഷ്ഠയും അര്‍പ്പണമനോഭാവവുമുള്ള വിദ്യാര്‍ഥിയെന്ന വിശേഷണം നേടാനായിട്ടുണ്ടോ?

നാം ചെയ്യുന്നതെന്തും നമ്മുടെ ചുറ്റുമുള്ള ജനങ്ങളെ സ്വാധീനിക്കാറുണ്ട്. ഏറ്റവും നല്ല അയല്‍ക്കാരനായി നമ്മെ അയല്‍ക്കാര്‍ക്ക് അനുഭവപ്പെടണം. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നമ്മെ പരോപകാരിയും സുഹൃത്തുമായി കാണാനാകണം. അങ്ങനെയെങ്കില്‍ ഷാര്‍ലി എബ്ദൊ പോലുള്ള ദുരന്തവേളകളില്‍ ആളുകള്‍ മാധ്യമങ്ങള്‍ മുസ്‌ലിംകളെ താറടിക്കേണ്ടെന്നും ശരിയായ മുസ്‌ലിം ആരെന്ന് തങ്ങള്‍ക്കറിയാമെന്നും ആര്‍ജവത്തോടെ പറയും. അതിനാല്‍ നബി(സ)തിരുമേനിയെ അനുധാവനംചെയ്ത, കോഷര്‍ ഷോപില്‍ ഫ്രീസറില്‍ ആളുകളെ കയറ്റി അക്രമികളില്‍നിന്ന് സംരക്ഷിച്ച സെയില്‍സ്മാനായ മുസ്‌ലിംസഹോദരനെപ്പോലുള്ള സദ്കര്‍മികളെ നമുക്ക് പിന്തുടരാം.

മുസ് ലിംനാമധാരികളായ അവിവേകികളുടെ പ്രവൃത്തികളെ ഓര്‍ത്ത് മനസ്സുമടുക്കുകയും വിഷാദംകൊള്ളുകയും ചെയ്യുന്നതിനുപകരം നബിയുടെ സന്ദേശം ജീവിതത്തിലൂടെ ആളുകള്‍ക്ക് പകര്‍ന്നുനല്‍കാം. മനുഷ്യരാശിക്ക് മാതൃകാപുരുഷന്‍മാരായി വിശേഷിപ്പിക്കാവുന്ന പുതിയതലമുറയായി സ്വയം പരിവര്‍ത്തിക്കാം.

ചൈനീസ് യുവതക്ക് എറ്റവും പ്രിയങ്കരമായ ആദര്‍ശം ഇസ് ലാം : സര്‍വേ

ലോകത്ത് അതിവേഗം വളരുന്ന രണ്ടാമത്തെ മതദര്‍ശനമായ ഇസ് ലാമിന് ചൈനീസ് യുവതക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന് സര്‍വേ. 30 വയസ്സിന് താഴെയുള്ള യുവസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ് ലാമിനെയാണ് തങ്ങളുടെ ആദര്‍ശമായി കാണുന്നതെന്ന് 2015ലെ ചൈന റിലീജ്യന്‍ സര്‍വേവെളിപ്പടുത്തുന്നു.

യുവസമൂഹത്തിലെ 22.4 ശതമാനം ഇസ് ലാമിനെ പിന്തുടരുമ്പോള്‍ 22 ശതമാനമാണ് കത്തോലിക്കന്‍ ആദര്‍ശം സ്വീകരിച്ചവര്‍. അതേസമയം, ചൈന ജനസംഖ്യയിലെ പകുതിയലധികം പേര്‍ ബുദ്ധിസമോ താവോയിസമോ പിന്തുടരുന്നവരുമാണ്. 2013 – 2015 വര്‍ഷങ്ങള്‍ക്കിടയില്‍ 31 മേഖലകളിലായി 4382 മതകേന്ദ്രങ്ങളില്‍ നേരിട്ട് അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് നാഷ്‌നല്‍ സര്‍വേ റിസര്‍ച്ച് സെന്റര്‍ തയാറാക്കിയത്.