Category Archives: കഥകള്‍

ഖുര്‍ആനിലെ കഥകകള്ടെ അന്ത:സത്ത

മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. “മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിതം നന്‍മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്‍മ ദിവ്യമാണ്; തിന്‍മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ ന•യില്‍ന്ിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ ന•യോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. “മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു”. (ഖുര്‍ആന്‍ 91:8-10) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്.

സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാധിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്ളാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു.

ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്.

ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൌതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്ളാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാദ്ധ്യത ദൈവത്തോടുമാത്രമാണ്. ഈ യഥാര്ത്യങ്ങള്‍ സംഭവ കഥകളിലൂടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു , മോസ്സ,ഇബ്രാഹീം , തുടെങ്ങി ഓരോ പ്രവാചകന്മാരുടെയും കഥ കളില്‍ വ്യത്യസ്ത പാഠങ്ങള്‍ നമുക്ക് മസ്സിലാക്കാനുണ്ട് ഖുര്‍ആന്‍ ഏറ്റവും നല്ല കഥയായി അവതരിപ്പിക്കുന്നത് യോസഫ് (യൂസുഫ് നബി) യുടെ കഥയാണ്

എൻ. സി. സി. പൊറോട്ട യുടെയും ഒരു ഉച്ചച്ചോറിന്റെയും കഥ

images (6)
പി. പി. അബ്ദുൽ റസാക്ക്.

എൻ സീ സീ പരേഡു കഴിഞ്ഞു അസീസീ ഹോട്ടലിന്റെ മുമ്പിൽ ഒരു രൂപ ഇരുപത്തഞ്ചു പൈസയുടെ സ്ലിപ്പുമായി അഞ്ചു പോറോട്ടക്കും സാൽനക്കും വേണ്ടി പരിക്ഷീണിത ശരീരവും നല്ല വേദനയുള്ള പാദങ്ങളുമായി നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ ജമാൽ പലതും ഓര്ത്തുപോയി. ഈ എൻ. സീ. സീ എന്റെ നീണ്ടു മെലിഞ്ഞൊട്ടിയ ശരീരത്തിനു യോജിച്ചതല്ല. കൃത്യമായി സാബ്ദാൻ വീശ്രാം ചെയ്യത്തതിന്നും ദേനെ മൂഡും ഭായെ മൂഡും തെറ്റി ചെയ്യുന്നതിന്നും ഈ വിശന്നു വലയുന്ന കൊച്ചു ശരീരത്തെയും കൊണ്ട് മൈതാനത്തിനു ചുറ്റും നിരവധി തവണ ഓടേണ്ടി വന്നിട്ടുണ്ട്. ആ കാരിരുമ്പിന്റെ കട്ടിയോടുകൂടിയ കാക്കിയുടുത്ത കറുമ്പൻ പട്ടാള ക്കാരന്നു ഈ പാവം പതിനൊന്നു കാരോനോട് ഒരു ആര്ദ്രതയും തോന്നാത്തതിൽ അമര്ഷവും രോഷവും പലതവണ നുരഞ്ഞു പൊന്തിയിട്ടുണ്ട്. ആറാം ക്ലാസ്സിൽ യു. പി. സ്കൂളിൽ ചേര്ന്നയുടനെ ക്ലാസ് അദ്ധ്യാപകൻ എൻ. സി. സി. യിൽ ചേരുവാൻ താല്പര്യമുള്ളവരോടു കൈ പൊക്കുവാൻ പറഞ്ഞപ്പോൾ അഞ്ചു പോറോട്ടയുടെയും സാല്നയുടെയും ആനുകൂല്യം പറഞ്ഞു തന്നത് കൂട്ടുകാരനും ബന്ധുവുമായ അബ്ദുല്ലയാണ്. വറുതിയുടെ വറചട്ടിയിൽ ജീവിതം ഞെരിപിരി കൊള്ളുന്ന സാഹചര്യത്തിൽ പൊറോട്ടയുടെ പ്രലോഭനമാണ് മുന് പിന് നോക്കാതെ, ശാരീരിക അവസ്ഥ പരിഗണിക്കാതെ ഈ ഒരു എടുത്തു ചാട്ടത്തിന്നു കാരണമായത്. അല്ല, എൻ. സി. സി. യിൽ ചേരുന്നതിനു മുമ്പ് എനിക്ക് എന്റെ ശരീരത്തെ കുറിച്ച് ഒന്നും അറിയില്ലായിരിന്നു. കണ്ണാടിയില്ലാത്ത വീട്ടില് ഞാൻ എന്റെ നിറം പോലും എന്താണെന്ന് അറിഞ്ഞിരുന്നില്ല. കുട്ടികളുടെ “വെള്ള ക്കൂറ” എന്ന വിളിയിലൂടെയാണ് ഞാൻ പിന്നീട് വെളുത്തവനാണെന്നു മനസ്സിലാക്കിയത് പോലും. കൂട്ടുകാരുടെ ആ വിളിയിൽ എനിക്ക് ഒരു പ്രയാസവും തോന്നിയിരുന്നില്ല. അല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണിലൂടെ കൂടി കാര്യങ്ങൾ കാണുവാൻ ശ്രമിക്കുമ്പോളാണല്ലോ നാം സഹിഷ്ണുതഉള്ളവാരായി തീരുന്നത്. അങ്ങനെയാണ് ജീവിതം. നമ്മോടു ഏറ്റവും അടുത്ത നമ്മുടെ ശരീരത്തെ കുറിച്ചറിയാൻ പോലും നമ്മുക്ക് നമ്മുടെ ശരീര ബാഹ്യമായ എന്തെങ്കിലും വേണം. അല്ലെങ്കിലും എന്റെ ശരീരത്തിൽ ഞാൻ ഇപ്പോഴും കാണുക പോലും ചെയ്തിട്ടില്ലാത്ത എത്ര ഭാഗങ്ങളും എന്തെല്ലാം രഹസ്യങ്ങളും ഉണ്ട്!. എൻ. സി. സി. യാണ് ഞാൻ എന്ത് മാത്രം അവശനാനെന്നു എന്നെ ബോധ്യപ്പെടുത്തിയത്. പക്ഷെ പട്ടിണിയുടെ ലോകത്ത് അഞ്ചു പൊറോട്ട പ്രലോഭനമായപ്പോൾ ശാരീരിക അവശതയൊന്നും എനിക്ക് ഒരു തടസ്സവുമായില്ല. വേദനയിലൂടെയാണ് ഞാൻ എന്റെ ജീവിതത്തെ നിരന്തരമായി തൊട്ടറിഞതും അറിഞ്ഞു കൊണ്ടിരിക്കുന്നതും. ഈ വേദനകളൊക്കെ എന്നെ രൂപപ്പെടുത്തുന്ന മധുര മനോഹര ഓർമകളായി രൂപാന്തരപ്പെടുന്നത് ഞാൻ എന്നുള്ളിൽ എന്നും അനുഭവിച്ചിട്ടുണ്ട്. ഈ വേദനന്ക്ക് ശേഷമുണ്ടാകുന്ന ഒരു ചെറിയ സന്തോഷം പോലും ആ കടുത്ത വേദനകളെ മറന്നും അതിജീവിച്ചും മുന്നോട്ടു ഓടുവാൻ എന്നെ എപ്പോഴും പ്രാപ്തനാക്കിയിട്ടുണ്ട്. വേദനയുടെ പ്രതിബന്ധങ്ങൽക്കുമുമ്പിൽ ഞാൻ ഒരിക്കലും പകച്ചു നിന്ന് പോയിട്ടില്ല. അത് എന്റെ ഗമനത്തെ മന്ദീഭവിപ്പിച്ചിരിക്കാം, പക്ഷെ, ഒരിക്കലും നിശ്ചലമാക്കിയിട്ടില്ല. അതുകൊണ്ടാണ് എന്നും എൻ. സി. സി. ക്ക് ശേഷം അസീസി ഹോട്ടെലിലേക്ക് വേച്ചു വേച്ചു മാത്രം നടന്നിട്ടുള്ള ഞാൻ പൊറോട്ട കിട്ടിയ ഉടനെ എന്നും അതു മായി എൻ. സി. സി. നടക്കുന്ന മൈതാനത്തിനു ചുറ്റും ഓടിയതിനേക്കാൾ വേഗത്തിൽ എന്റെ ഉമ്മയുടെ അടുക്കലേക്കു ഓടിയതും ഓടുന്നതും. എല്ലാവരും അസീസി ഹോട്ടലിൽ നിന്ന് തന്നെ പൊറോട്ട കഴിക്കാറാണ് പതിവ്. എന്നെ എന്റെ ചില എൻ. സി. സി. കൂട്ടുകാര് എന്നും കൂടെ കഴിക്കുവാൻ നിര്ബന്ധിക്കാറുണ്ട്. പക്ഷെ എന്നുമെന്ന പോലെ ഇന്നും പൊറോട്ട കിട്ടിയ ഉടനെ ഉമ്മയുടെ അടുക്കലേക്കു ഓടണം. കാരണം ഇത് എന്റെ മാത്രം ഭക്ഷണമല്ല. ഉമ്മയ്ക്കും ഇത്തക്കും അനുജന്നും കൂടി കഴിക്കുവാനുള്ളതാണ്. നേരത്തെ ഓടുന്ന ലോറിയില്നിന്നും വീഴുന്ന ഉണക്ക് കൊള്ളിക്കിഴങ്ങ് പെറുക്കി ദിവസങ്ങൾ കഴിച്ചു കൂട്ടി വറുതിയുടെ ദിനങ്ങള്ക്ക് ആശ്വാസം കണ്ടെത്തിയിരുന്നതിന്റെ പുത്തനാവിഷ്കാരമാണ് ഈ അഞ്ചു പൊറോട്ട.
പ്രതീക്ഷയോടെ തന്റെ ഊഴം കാത്തിരിക്കെ, തന്റെ മുമ്പിൽ വെറും അഞ്ചു വിധ്യാര്തികൾ മാത്രം അവശേഷിക്കവേയാണ് പൊറോട്ട തീര്ന്നു പോയ വിവരം ജമാൽ അറിഞ്ഞത്. ഇനി വീണ്ടും മാവ് കുഴച്ചു പൊറോട്ട ആവുന്നത് വരെ കാത്തിരിക്ക തന്നെ അവൻ തീരുമാനിച്ചു. ഇനിയിപ്പോൾ അഞ്ചു ആളുകള് മാത്രമുള്ളപ്പോൾ ക്യൂവിലോന്നും നില്ക്കെണ്ടല്ലോ എന്ന് കരുതി അവൻ കാലിയായി കിടക്കുന്ന ഒരു കസേരയിൽ പോയി ഇരുന്നു. ജീവിതം തന്നെ ഒരു നല്ല നാളിന്നു വേണ്ടിയുള്ള കാതിരിപ്പാകുന്ന ഈ ലോകത്ത് മറ്റെന്തു ചെയ്യുവാനാണ്? അവൻ ചിന്തിച്ചു. പക്ഷെ വീട്ടില് കാത്തിരിക്കുന്ന ഉമ്മയെയും ഇത്തയെയും അനുജനെയും കുറിച്ച് ചിന്തിച്ചപ്പോൾ ക്യൂവിൽ എന്നും ഏറ്റവും പിന്നിലായിപ്പോകുന്നതിലും ഉന്തിലും തള്ളിലും പിന്നെയും പിന്തള്ളി പോകുന്നതിലും അവൻ ദുഖിച്ചു. അതുകൊണ്ട് തന്നെ ഇന്ന് പതിവിലും വേഗത്തിൽ പൊറോട്ടയുമായി ഓടണം. അവൻ തീരുമാനിച്ചുറപ്പിച്ചു.
കാത്തിരിക്കുന്നതിനിടയിൽ ജമാലിന്റെ മനസ്സ് പലതിലൂടയും ഉഴറി. ഓര്മയുടെ അറകളിൽ നേരത്തെ കയ്പുറ്റിയതായി തോന്നിയിരുന്ന പല അനുഭവങ്ങല്ക്കും കാലം മധുരം പകര്ന്നതായി അവൻ കണ്ടു. അണ മുറിയാത്ത ആഴമേറിയ മാതൃ സ്നേഹം മറ്റാരേക്കാളും കൂടുതൽ അവൻ അനുഭവിച്ചിട്ടുണ്ട്. വിശപ്പിന്നും വ്യഥക്കും വേദനക്കും എപ്പോഴും അവന്നു പരിഹാരമായിട്ടുണ്ടായിരുന്നത് എത്ര കിട്ടിയാലും മതിവരാത്ത മാതൃ സ്നേഹം തന്നെയായിരുന്നു. അവന്റെ ലോകം ആഴം അളക്കുവാൻ സാധിക്കാത്ത ആ മാതൃ സ്നേഹത്തിൽ ചുരുങ്ങുകയും മാതൃസ്നേഹം അതിരും പരിധിയും ഇല്ലാത്ത ഒരു ലോകമായി വികസിക്കുകയും ചെയ്തിരുന്നു. അന്നമില്ലാതിരുന്ന ആ നാളുകളിൽ അയപക്കത്തെ ഉക്കീത്തയുടെ വീടില്നിന്നും കഞ്ഞി വെള്ളം കൊണ്ട് വന്നു ഉറക്കിൽ നിന്നും ഉണര്ത്തി കുടിപ്പിച്ച രാത്രികൾ എന്ത് മാത്രം പ്രഭാപൂരിതമായാണ് മനസ്സില് നിലകൊള്ളുന്നതെന്ന് അവൻ ആലോചിച്ചു. അങ്ങട്ടയിലെ അടുക്കളയിൽ ഗോതമ്പ് കുത്തിയും അരി അരച്ചും കുലീനയായ ഉമ്മ തന്നെ പണിയെടുത്തു നേടിയ പൈസക്ക് ഉമ്മയുടെ തന്നെ അടുക്കള ബജറ്റിനനുസരിചു വെള്ളം വറ്റിച്ചും കാടി വെച്ചും ഊട്ടിയ വിഭവങ്ങളുടെ രുചി ഇന്നും ആലോചിക്കുമ്പോൾ അവന്റെ വായും നാവുമൂറുന്നു. കഞ്ഞി വെള്ളത്തിൽ വെറും ഉള്ളിയും അയല്പകത്തെ വീടുകാർ കളയുന്ന മത്തിത്തലയും ചേര്ത്തു ഉണ്ടാക്കുന്ന കറി കൂട്ടിയാൽ കൊതിമാറില്ലായിരുന്നുവെന്ന് അവൻ ഇന്നും ഓര്ക്കുന്നു. എന്തുണ്ടാക്കിയാലും ആ രുചിക്കൂട്ടിലെ ഏറ്റവും പ്രാധാന ഇനങ്ങൾ സ്നേഹവും വാൽസല്യവുമായിരുന്നു.
അഞ്ചു പോറോട്ടക്ക് കാത്തിരിക്കെ ഓര്മ അവനെ കൊണ്ടുപോയതു രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ ഇത് പോലെ ഒരു ഉച്ച ചോറുമായി ഓടിയ അനുഭവത്തിന്റെ തീരത്തെക്കായിരുന്നു. അവൻ ഓർത്തു. അന്ന് ഞാൻ എന്നെ കണ്ണാടിയിൽ പോലും കണ്ടിരുന്നില്ല. പട്ട ട്രൌസറും ധരിച്ചു സ്ലയ്റ്റും പിടിച്ചു മുന്നൂർ മീറ്റർ അകലെയുള്ള എല്. പി. സ്കൂളിലേക്ക് നഗ്ന പാദനായി നടന്നു പോകുന്ന ആ വെളുത്തു മെലിഞ്ഞു നീണ്ട നീല കണ്ണോടു കൂടിയ കുട്ടിയെ കാണുവാൻ ഞാൻ എപ്പോഴും കൊതിക്കും. ഫോട്ടോയിൽ പോലും ലഭ്യമല്ലാത്ത ആ ജീവിതം എന്റെ ജീവിതമായിരുന്നു. പക്ഷെ, എന്റെ ചുറ്റുപാടിൽ അത് ഞാൻ മാത്രം കണ്ടില്ല, എനിക്ക് മാത്രം കാണുവാൻ സാധിച്ചില്ല എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ ജീവിതം മറ്റാര്കൊക്കെയോ വേണ്ടിയും മറ്റെന്തോ ഒരു ലക്ഷ്യത്തിന്നു വേണ്ടിയും അല്ലാതെ മറ്റെന്തിനാണ്? ഓരോരുത്തരും മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കുന്ന ലോകം! എന്ത് മാത്രം സുന്ദരമായിരിക്കുമത്!? എന്ത് മാത്രംപരക്ഷേമകാംഷയിലതിഷ്ടിത മായിരിക്കുമത്!! അല്ലെങ്കിലും ഞാൻ ജനിച്ചപ്പോൾ പോലും ഞാൻ ഈ ഭൂമിയിൽ പിറന്നു വീണതായി ഞാൻ അറിഞ്ഞിരുന്നില്ലല്ലോ. എന്നാൽ എന്റെ ചുറ്റുപാടും ഉണ്ടായിരുന്നവർ അത് അറിഞ്ഞിരുന്നു. ഞാൻ എപ്പോഴാണ് ഇത്രയും വലുതായതു എന്നും എനിക്കറിയില്ല.. ഞാൻ അറിയാതെ, എനിക്ക് ഒരു നിയന്ത്രണവുമില്ലാതെ എന്തെല്ലാം മാറ്റങ്ങൽക്കാണ് ഞാനും എന്റെ ശരീരവും വിധേയമായിക്കൊണ്ടിരിക്കുന്നത്? ഇനി ഞാൻ മരിച്ചാൽ എന്റെ ബോധമില്ലാത്ത ശരീരം അറിയുകില്ല ഞാൻ മരിച്ചു വെന്ന്. എന്നാൽ എന്റെ ചുറ്റുപാടിലുള്ളവർ അറിയും ഞാൻ മരിച്ചെന്നു. എന്റെ ജീവിതം എനിക്കുള്ളതല്ല. ജമാൽ തീരുമാനിച്ചുറപ്പിച്ചു.
മാര്ച്ച് മാസത്തെ പൊള്ളുന്ന ചൂടുള്ള ഒരു ദിവസം… ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കു സ്കൂൾ വിട്ടപ്പോൾ എല്ലാവരും പോയതിനു ശേഷം സ്കൂൾ പരിസരത്തെ കിണറ്റിൽ നിന്നും വയറു നിറയെ വെള്ളം കുടിച്ചു ഓലമേഞ്ഞ സ്കൂളിന്റെ രണ്ടാം ക്ലാസ്സിന്റെ മൂലയിൽ ഡസ്കിൽ തല ചായ്ച്ചു ബെഞ്ചിലിരുന്നുറങ്ങിയതായിരുന്നു. അന്ന് രാവിലെ ഉമ്മ അത് പറയുമ്പോൾ അതാലോചിച്ച് തലേരാവു മുഴുവനും ഉമ്മ ഉറങ്ങി കാണില്ല. രാവിലെ സ്കൂളിലെക്കയക്കുവാൻ വേണ്ടി എന്നെ കുളിപ്പിച്ച് തലേന്ന് രാത്രി തന്നെ അലക്കിവെച്ചിരുന്ന ഇന്നലെ ധരിച്ച പട്ട ട്രൌസറും പിന്നിയ ഷർട്ടും തന്നെ ധരിപ്പിച്ചു പലബിസ്കടും കട്ടൻ ചായയും തന്നു സ്കൂളിലെക്കയക്കുമ്പോൾ ചക്കര മുത്തം നല്കി ഉമ്മ പറഞ്ഞു: “മോൻ ഇന്ന് ഉച്ചക്ക് സ്കൂളിൽ തന്നെ ന് ന്നോ. ഇങ്ങോട്ട് ബരണ്ട കേട്ടാ. സ്കൂളിന്ടടുത്തുള്ള കെണട്ടിന്നു വെള്ളം കുടിക്കുമ്പോ സൂചിക്കണേ..” ഇത് പറയുമ്പോൾ ഉമ്മയുടെ ഹൃദയം ഒന്ന് പിടച്ചു കാണും. ദാരിദ്ര്യം ഉമ്മയുടെ ഹൃദയത്തിൽനിന്നും പിഴുതെടുക്കുവാൻ ശ്രമിക്കുന്നതിനെ ഉമ്മ ആ പിടചില്കൊണ്ട് ആഴത്തിൽ വേരൂട്ടുന്നു. തീര്ച്ചയായും ഉമ്മ വേഗം വരാൻ പറയുമ്പോഴും വരേണ്ട എന്ന് പറയുമ്പോഴും സ്നേഹമാണ്. കാരണം ഉമ്മയുടെ ഹ്രദയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ മാതൃ സ്നേഹമെന്ന മൃദുലവും മാർദവവു മേറിയ അതീന്ദ്രിയ ഭാവത്താലാണ്. “ബേഗം ബര ണേ” എന്ന് പറയുമ്പോൾ എത്രയും പെട്ടന്ന് കണ്കുളിര്ക്കെ കണ്ടു ചക്കര മുത്തം തന്നു ചോ റൂട്ടുവാനുള്ള തിടുക്കമാണ് അതിൽ നിഴലിക്കുന്നതെങ്കിൽ “ഇന്ന് ബരണ്ട ” എന്ന് പറഞ്ഞപ്പോൾ ശരീരത്തിലെ ജലാംശത്തെ എന്നല്ല രക്തത്തെ തന്നെ വറ്റിച്ചു കളയുന്ന ഈര്പ്പത്തോട് കൂടിയ കൊടും ചൂടിൽ കുഞ്ഞി മോൻ നഗ്ന പാദനായി മുന്നൂർ മീറ്റർ നടന്നു വെറും വെള്ളം കുടിച്ചു തിരിച്ചു വീണ്ടും നടന്നു പോകേണ്ടിവരുന്നതിലെ ഉമ്മയുടെ വ്യഥയും വേദനയുമാണ് അതിൽ പ്രകാശിതമായത്. അങ്ങനെയെങ്കിൽ അത് സ്കൂളിലെ കിണറ്റിൽ നിന്ന് തന്നെ കുടിച്ചു വെയില് കൊള്ളാതെ സ്കൂളിൽ തന്നെ കഴിച്ചു കൂട്ടുന്നതല്ലേ നല്ലതെന്ന് ഉമ്മ ന്യായമായും ചിന്തിച്ചു കാണും. തലോടുമ്പോഴും തല്ലുമ്പോഴും മാറോടു ചേര്ത്തു പിടിക്കുമ്പോഴും പിച്ചുമ്പോഴും ഉമ്മയിൽനിന്നും എപ്പോഴും വാര്ന്നോഴുകിയത് എന്റെ ഹൃദയത്തെ ധന്യമാക്കിയ മാർദവമേറിയ സ്നേഹത്തിന്റെ മധുര തേനാറുകൾ ആയിരുന്നുവെന്ന് അവൻ ഓർത്തു.
ഡസ്കിൽ തല ചായിച്ച ഉടനെ തന്നെ വിശപ്പിന്റെ കാഠിന്യവും ക്ഷീണവും കാരണം നന്നായി ഉറങ്ങിപ്പോയിരുന്നു. “മോൻ പൊരക്ക് പോകുന്നില്ലേ” എന്ന അബൂബക്കർ മാസ്റ്റരുടെ പുറത്തു തട്ടിയുള്ള വിളി കേട്ടാണ് ജമാൽ ഉണര്ന്നത്. പ്രധാന അധ്യാപകനായ അബൂബക്കർ മാഷ് ഉച്ച ഇടവേളയുടെ സമയത്ത് ഓല മേഞ്ഞ ആ സ്കൂളിന്റെ വരാന്തയിലൂടെ നടന്നു ക്ലാസ്സുകളെല്ലാം അഭിവീക്ഷിക്കുന്നതിനിടയിൽ ശ്രദ്ദയിൽ പെട്ടതാണ് ജമാലിനെ. ജമാൽ ക്ലാസിൽ ഉറങ്ങിപ്പോയതാണെന്നാണ് മാഷ് വിചാരിച്ചത്. “എന്റുമ്മ പറഞ്ഞതാ.. ഇന്ന് ഉച്ചക്ക് പൊരക്ക് തിരിച്ചു പോകാതെ കെണട്ടിലെ വെള്ളം കുടിച്ചു ഇവിടെ നിന്നോളാൻ…” കുലീനതയുടെ നാട്യഭാവങ്ങളൊ ന്നുമില്ലാതെ നിഷ്കളങ്കമായ കുട്ടി മനസ്സുമായി ജമാൽ പറഞ്ഞു. ആര്ദ്രതയുടെയും ദയാ വായ്പിന്റെയും നിറകുടമായിരുന്ന അബൂബക്കർ മാസ്റ്റർക്കു കാര്യം പിടികിട്ടിക്കാണും. “മോൻ ഇവിടെ കടന്നോ” എന്നും പറഞ്ഞു അദ്ദേഹം തിരിച്ചു പോയതിൽ പിന്നെ, ജമാൽ വീണ്ടും ഡസ്കിൽ തല ചായ്ച്ചു ബെഞ്ചിലിരുന്നുറങ്ങി. അല്പം കഴിഞ്ഞപ്പോൾ വീണ്ടും പുറം തട്ടിയുള്ള ” മോനെ എണീച്ചിരുന്നു ചോറ് ബെയ്ച്ചോ” എന്ന വിളി കേട്ടാണ് ഉണര്ന്നത്. മിഴി തുറന്നു നോക്കിയപ്പോൾ സ്കൂളിനടുത്തെ ഉസ്മാനിക്കന്റെ ഹോട്ടലിലെ പണിക്കാരനായ കാദർക്ക ചോറിന്റെ പൊതിയുമായി മുമ്പിൽ. ചോറ് ഡസ്ക്ന്മേൽ വെച്ച് കാദർക്ക പോയപ്പോൾ ഉമ്മയെ കുറിച്ച് ഓര്ത്ത ജമാൽ ആ ചോറുമായി ഉടനെ വീട്ടിലേക്കു ഓടി. നേരത്തെ പറഞ്ഞതിന്നും പ്രതീക്ഷക്കും വിപരീതമായി നട്ടുച്ച നേരത്ത് നഗ്ന പാദനായി നടന്നു വരുന്ന ജമാലിനെ വീട്ടിന്റെ മുറ്റത്തു കണ്ട ഉമ്മ ചോദിച്ചു: “ഞാൻ പറഞ്ഞിക്കില്ലേ ഇന്നുച്ചയ്ക്ക് ബരണ്ടാന്നു? പിന്നെ എന്താ ബന്നത്?” “അത്.. അബൂബക്കർ മാഷ് ചോറ് മാങ്ങി തന്നു… അതൂമ്കൊണ്ട് വന്നതാ..” ജമാൽ പറഞ്ഞു. വീട്ടിലെ ദാരിദ്ര്യം പുറത്തു പറയുന്നത് കുറച്ചിലായി കണ്ട കുലീനയായ ഉമ്മയുടെ മുഖത്തെ പ്രയാസവും അസ്വസ്ഥതയും ജമാൽ മോനിന്നും എളുപ്പത്തിൽ മനസ്സിലായി. “നീ എന്തിനാ മാഷോട് പൊരക്ക് ചോറ് വെച്ചിക്കില്ലന്നു പറഞ്ഞയ്” ? “അത് ഉമ്മാ ഞാൻ പറഞ്ഞിക്കില്ല .. മാഷ് എന്താ പൊരക്ക് പോകുന്നില്ലേ എന്ന് ചോയിച്ചപ്പോ ഉമ്മ ഇന്ന് പോകണ്ടാ എന്ന് പറഞ്ഞിക്കീന്നു പറഞ്ഞതാ.. അത് കേട്ടപ്പോൾ മാഷ് ഉസ്മാനിക്കാന്റെ ഹോട്ടലിൽ നിന്ന് ചോറ് ബരുത്തിച്ച്. ഞാനതുആയി ഉമ്മാന്റെടുത്തേക്കോടിയതാ.. ഉമ്മയും ഒന്നും കഴിച്ചിക്കില്ലാലോ? ” ഉമ്മയുടെ കണ്ണുകളിലെ ആ മിശ്ര വികാരം ഇന്നും ജമാലിന്നു കാണുവാൻ സാധിക്കുന്നുണ്ട്. വീട്ടിനുള്ളിലെ ദാരിദ്ര്യം പുറം ലോകം അറിയുന്നതിലെ അഭിമാനക്ഷതം ഉണ്ടാക്കുന്ന മുറിവിന്റെ വേദനയെ ഉമ്മ ആറു വായസ്സുകരാൻ കുഞ്ഞിമോൻ ജമാലിന്റെ വലിയ മനസ്സിലെ ആർദ്ര വികാരം കൊണ്ട് പൊതിഞ്ഞു വാരിപ്പുണർന്നു ഉമ്മ നല്കിയത് ജമാൽ ഇന്നും നിറ കണ്ണുകളോടെ ഓര്ക്കുന്നു. പക്ഷെ ഉമ്മ ആ ചോറില്നിന്നും ഒന്നും കഴിച്ചില്ലയെന്നത് സങ്കടത്തോടെ ജമാൽ ഓര്ത്തു.. ഇത്തക്കും അനുജനും ഒപ്പം ചോറ് കഴിച്ച ജമാൽ സ്കൂളിലേക്ക് തിരിച്ചു പോയപ്പോൾ.. അബൂബക്കർ മാഷ് ജമാലിനെ കാണാതെ അസ്വസ്ഥനായി നോക്കി നടക്കുകയായിരുന്നു. ജമാൽ സ്കൂളിലേക്ക് വരുന്നത് കണ്ട അബൂബക്കർ മാഷ് ചോദിച്ചു: “മോനെവിടയാ പോയത്..? ” “ഞാൻ പൊരക്ക് ഉമ്മാന്റെതു പോയതാ..” ജമാൽ പറഞ്ഞു. സംഗതി മനസ്സിലാക്കിയ ആ ആർദ്ര ഹൃദയൻ ജമാലിനെ പൊക്കിയെടുത്തു അവന്റെ ഇരു കവിളിലും മുത്തം കൊടുത്തു.
ഓര്മയുടെ അറകളിൽ നിന്നും പുറത്തുവരുമ്പോൾ പൊറോട്ടക്ക് വേണ്ടിയുള്ള കാത്തിരുപ്പ് വളരെ വൈകിയതായി അവൻ മനസ്സിലാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ കഴിഞ്ഞു കഞ്ഞി വെള്ളത്തിലലക്കിയ കാക്കി വസ്ത്രവും പിച്ചളയുടെ തിളക്കത്തോടുകൂടിയ ബെല്ട്ടും മുമ്പിൽ ചെരിച്ചു വെച്ച ചുവന്ന പൂവുള്ള തൊപ്പിയും ധരിച്ചു ഇരിക്കുന്ന ഇരിപ്പാണ്. രാത്രി ആകാശത്തു അതിന്റെ കരിമ്പടം വലിച്ചിടുവാൻ തുടങ്ങിയിരിക്കുന്നു. സൂര്യൻ കണ്ണടക്കാറായപ്പോൾ ആകാശത്തിന്റെ നെറുകയിൽ ഒരു സുവര്ണ മുറിപ്പാടെന്നപോലെ തിങ്കൾ അതിന്റെ മിഴി മെല്ലെ തുറന്നു തുടങ്ങിയിരിക്കുന്നു. അതിനെ നോക്കി അവൻ ആലോചിച്ചു. നോവിന്നുമുണ്ട് ഒരു മധുരം, ഇരുളിന്നുമുണ്ടൊരു സൌന്ദര്യം. പതിവിലും വൈകിയതിനാൽ ഉമ്മ ബേജാറായിക്കാണും.
“അസീസ്കാ.. പൊറോട്ട എനിയും ആയില്ലേ.. നേരം ഇരുട്ടാറായല്ലൊ.?” ജമാൽ ചോദിച്ചു.. “എല്ലാരും പൊറോട്ട കഴിച്ചു പോയല്ലോ.. മോനേടയായിരുന്നു? ഇബ്ടെ ഇരിക്ക്യായിരുന്നോ..? ആ കള്ളാസ് തുണ്ട് ഇങ്ങു കൊണ്ടാ. ഇതാ പൊറോട്ടയും സാല്നയും” അടുക്കളയോട് ചേർന്ന് നില്ക്കുന്ന കൌണ്ടറിന്നുള്ളിൽ നിന്നും അസീസ്ക പറഞ്ഞു. കിട്ടിയ പൊറോട്ടയുമായി ഉമ്മയുടെ അടുത്തേക്ക് ഓടി വീടിനടുത്ത് എത്താറായപ്പോഴാണ് അങ്ങ് ദൂരെ ഉമ്മ വളരെ വൈകിയും വീടിലേക്ക് തിരിച്ചെത്തിയിട്ടില്ലാത്ത ജമാലിനെയും തേടി ബേജാറായി വരുന്നത് അവൻ കാണുന്നത്. ഉമ്മയെ കണ്ടതിൽ പിന്നെ പരിസരം മറന്ന ജമാലിന്റെ എൻ. സി. സി. ഷൂ ധരിച്ച കാലു എന്തിനോടോ വെച്ച് കുത്തി ജമാൽ നിലത്തു വീണു. കട്ടിയേറിയ കാക്കിയും ഷൂവും ശരീരത്തെയും കാലിനെയും പരിക്കെൽക്കുന്നതിൽനിന്നും കാത്തു. ഏറെ കാത്തിരുന്ന പൊറോട്ടയെ അലുമിനിയം ഫോയലിന്റെ കവറും കാത്തു. സാല്നയാകട്ടെ മണ്ണിൽ കലർന്നു. വെറും പൊറോട്ടയുമായി ജമാൽ മെല്ലെ എഴുന്നേൽക്കുവാൻ ശ്രമിക്കുന്നതിനിടെ ജമാൽ വീഴുന്നത് കണ്ട ഉമ്മ അസ്വസ്തഭരിതയായി ഓടിയടുത്തു അവനെ താങ്ങിപ്പിടിച്ചു ഉമ്മവെച്ചു. വേച്ചു വേച്ചു നടക്കുന്നതിനിടെ അവനോടു അവന്റെ ഉമ്മ പറഞ്ഞു: “ഈ എൻ. സി. സി. മോനിക്ക് ബേണ്ട.. പൊറോട്ടയും ബേണ്ട. എൻ.സി.സി.ക്കും പൊറോട്ടക്കും മുമ്പും നമ്മൾ ജീവിച്ചിക്കില്ലേ..?”‬

തടവറ

അറിയാതെ ഞാനെത്തിയ തടവറയിത്
തെറ്റുകള്‍‍ അറിയാതെ പോലും ചെയ്തിട്ടില്ല,
രാജ്യദ്രോഹമെന്തെന്നറിയില്ല,
പോട്ടയും ടാടയും പ്രയോഗിക്കപ്പെട്ടില്ല,
പിന്നെയെങ്ങനെ ഞാനീ തടവറയിലെത്തി?
എന്തിനെന്നെ നാടു കടത്തപ്പെട്ടു?
മരുഭൂമിയില്‍,
ചുട്ടുപോള്ളുന്ന മണല്‍‍ പരപ്പില്‍‍?
ജീവിക്കാന്‍‍ കൊതിച്ച്
ഒരു നേരത്തെ അന്നത്തിന്നു വേണ്ടി
മരുപ്പച്ച തേടിയണഞ്ഞ ലക്ഷങ്ങളാം
മനുഷ്യ ജന്‍മങ്ങളിവിടെ.
ജീവിക്കണം, ആശകളാണ്‌
ഉള്ളം നിറയെ
കൂടയാന്‍‍ വെമ്പും ഇണപ്പക്ഷിയെപ്പോലെ,
കഴിയുമോ ഇനി ജീവിതം കരുപിടിപ്പിക്കാന്‍‍?
അറിയില്ല, യാത്ര എവിടെ അവസാനിക്കും?
ജീവന്റെ തുടിപ്പുകള്‍ ബാക്കിയുണ്ട്
സുന്ദര ശരീരത്തെ രോഗം കാര്‍‍ന്നു തിന്നുകൊണ്ടിരിക്കുന്നു,
യത്രക്കൊരുങ്ങുകയാണ്‌
ജീവിക്കണം, ഇനിയും ജീവിക്കണം
കൂട്ടുകുടുംബങ്ങളോടൊത്ത്
ഭാര്യാ സന്താനങ്ങളോടൊത്ത്
ഡോക്ടര്‍‍ വിശ്രമം നിര്‍‍ദ്ദേശിച്ചിച്ചിരിക്കുന്നു
കഴിയുന്നില്ല, ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെട്ടു
അറിയാതെ ഞാന്‍ വീണ്ടും പറഞ്ഞുപോയി
എന്തിനെന്നെ നാടുകടത്തപ്പെട്ടു?
ഏകാകിയായി എന്നെ ഈ മെത്തയില്‍ തളച്ചതെന്തിന്‌?
ഇതും ഒരു തടവറയല്ലെ?

ജീവിതം

എന്റെ …..
*ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം
വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും
പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍
തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌
ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ
സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ്
ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും
ആരെയോ വിളിക്കാന്‍
ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു
കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി.
ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍
നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി
അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍
മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ
പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌
നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍
നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും
വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍
മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍
മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും
നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള
കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം
അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി.
എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി
കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്.
എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ
എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്.
അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും
കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ
എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.

ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും
ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു
കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം
സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന്
വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി.
എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ
എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ
ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍
ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും
ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ
നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു
കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത്
എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ
അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “
എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ
അടുത്തിരുന്ന് ഉമ്മ എനിക്ക്
വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക്
അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത
ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍
പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും
ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.

ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും
കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ
ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം
തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര
പോയി തന്റെ
കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ
“നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന്
ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന
സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട്
തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട്
തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന്
പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.

എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള
കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന
എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു
പൊരുത്തപ്പെടീക്കാന്‍
ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ
ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍
മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ
ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍
എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ
മനസ്സില്‍ ചിന്തകള്‍
കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ്
വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ
മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി
തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു
വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല
പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ്
കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം
ഞാനോര്‍ത്തു.എങ്കിലും
ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍
സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ
ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി
ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു
പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി
വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച്
നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ
മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ
മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി
നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി
സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍
അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും
ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍
ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍
ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ
എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും
അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന്
ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി
സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി
നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ
ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു
ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക്
വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു
കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന
സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക്
ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ
എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും
പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട്
പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക്
കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച
മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍,
സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു.
ഞാന്‍ വീണ്ടും
ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം
മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു
ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം
കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ
മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ
നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം
വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ
അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും
തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി
വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ
ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം
മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ
സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി
നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ
പൂര്‍ണ്ണമായി
മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല,
എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക്
കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍
കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍
തീര്‍ത്തു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച്
ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട്
കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ
ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി.
സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന്
ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു.
നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും
ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ്
തീര്‍ക്കുന്നു.
ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും
പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത്
കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും
പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. ശേഷം മയ്യത്ത് കട്ടിലിന്റെ നാല്
കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക്
കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’
നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ
കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ
കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍
തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള
ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം.
മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന
ശയ്യയ്ക്കായ് തയ്യാറാക്കി
വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും
മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ്
മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച്
വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ
മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ
ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ
അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു
പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക്
ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു
നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ
അവസ്ഥ പിന്നെ
എന്താണ്?

മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി
മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച്
കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന്
ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും
ഉണ്ടായിട്ടില്ല.ചെറിയൊരു
നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു.
എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ
ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം
പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു.
ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍
മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച്
കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു
മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു
അവസരം കൂടി നല്‍കിയ പോലെ ഒരു കൊ സ്വപ്നം!
ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.

ജീവിതം !

ഇബ്നുഉമര്‍ (റ) പ്രസ്താവിച്ചതായി നിവേദനം: റസൂല്‍ (സ) എന്റെ ചുമലില്‍ പിടിച്ചുകൊണട്‌ ഉപദേശിച്ചു: “നീ ഇഹലോകത്ത്‌ ഒരു പ്രവാസിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആയിരിക്കണം.”

===

ലൗകികജീവിതത്തിന്റെ അവസ്ഥയെയും സ്വഭാവത്തെയും കൃത്യമായി ചിത്രീകരിച്ചുകൊണട്‌ ആ യാഥാര്‍ഥ്യം ഉള്‍ക്കൊണട്‌ ജീവിക്കാന്‍ ഉപദേശിക്കുകയാണ്‌ അതീവ ഹ്രസ്വമായ വാക്കുകളിലൂടെ നബി (സ). തിരുമേനി ഈ ഉപദേശം തനിക്കു നല്‍കിയത്‌ അവിടുന്ന്‌ തന്റെ ചുമലില്‍ പിടിച്ചുകൊണടാണ്‌ എന്ന്‌ ഇബ്നുഉമര്‍ (റ) പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. ഈ ഉപദേശം അതിപ്രധാനമാണെന്നും വളരെ ഗൗരവത്തോടുകൂടിയാണ്‌ അത്‌ നല്‍കപ്പെട്ടതെന്നുമാണത്‌ സൂചിപ്പിക്കുന്നത്‌.

മനുഷ്യന്റെ യഥാര്‍ഥവും ശാശ്വതവുമായ വാസസ്ഥലം പരലോകമാണ്‌. പരലോകജീവിതത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതിനു വേണടിയാണ്‌ അവന്‍ ഇഹലോകത്തു വന്നിരിക്കുന്നത്‌. ഓരോരുത്തര്‍ക്കും ഒരു നിശ്ചിത അവധിവരെ പണിയെടുക്കാനും വിഭവം ശേഖരിക്കാനും അല്ലാഹു അവസരം നല്‍കിയിട്ടുണട്‌. അവന്റെ വിസാകാലാവധി തീര്‍ന്നാല്‍ തിരിച്ചുപോയേ തീരൂ. ഒളിച്ചോടാനോ മുങ്ങിനടക്കാനോ കഴിയില്ല. ഇഹത്തിലെയും പരത്തിലെയും ജീവിതങ്ങളെ ചേര്‍ത്തു പരിഗണിക്കുമ്പോള്‍ ഐഹികജീവിതം മുഴുവന്‍ പ്രവാസംതന്നെ. ഒരു പ്രവാസി, പരദേശത്തെ തന്റെ സ്വദേശമായി ഭ്രമിക്കുകയും അവിടത്തെ സുഖസൗകര്യങ്ങള്‍ മാത്രം പരിഗണിക്കുകയും കിട്ടുന്നതെല്ലാം അവിടെത്തന്നെ ചെലവഴിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? കാലാവധി തീരുമ്പോള്‍ തിരിച്ചുപോവാനുള്ള വണടിക്കൂലി പോലും ഇല്ലാതെ വരും. അങ്ങനെ അയാള്‍ അവിടെനിന്ന്‌ ബലംപ്രയോഗിച്ച്‌ പുറത്താക്കപ്പെടുന്നു. നാട്ടിലെത്തിയാല്‍ അയാളെ സ്വീകരിക്കാനോ ആദരിക്കാനോ ആരുമുണടാവില്ല. തികച്ചും നിന്ദിതവും ശോചനീയവുമായ ജീവിതമായിരിക്കും നാട്ടില്‍ അയാള്‍ നേരിടേണടിവരിക. ഭൗതികജീവിതത്തെ സമ്പൂര്‍ണ ജീവിതമായി ഭ്രമിക്കുന്നവരെയും കാത്തിരിക്കുന്നത്‌ ഈ പരിണതിതന്നെയാണ്‌.

ഭൗതികജീവിതം ഒരു പ്രവാസമാണ്‌. അല്ലെങ്കില്‍ യാത്രക്കിടയില്‍ ഇടത്താവളത്തിലുള്ള തങ്ങലാണ്‌. വളരെ ക്ഷണികമാണ്‌ ഈ താമസം. തുച്ഛം നാളുകളിലേക്കു വേണടതേ ഇവിടെ ശേഖരിച്ചുവയ്ക്കേണടതുള്ളൂ. പരലോകയാത്രക്കുള്ള പാഥേയമൊരുക്കുകയാണീ പ്രവാസജീവിതത്തിന്റെ ലക്ഷ്യം. അതുകൊണട്‌ മനുഷ്യന്‍ അവന്റെ ബുദ്ധിയും അധ്വാനവും കൂടുതല്‍ വിനിയോഗിക്കേണടത്‌ പരലോകജീവിതത്തിനു വേണടി സമ്പാദിക്കാനാണ്‌. പ്രവാസികളും ഇടത്താവളത്തില്‍ തങ്ങുന്നവരും എപ്പോഴും യാത്രക്ക്‌ തയ്യാറായിരിക്കണം. അന്നാട്ടുകാര്‍ ആവശ്യപ്പെടുന്ന ഏതു നിമിഷത്തിലും അവര്‍ സ്ഥലം വിടേണടിവരും. കിട്ടുന്ന ആദ്യ സന്ദര്‍ഭങ്ങളില്‍തന്നെ യാത്രയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ വ്യാപൃതരായിരിക്കണം. ഇല്ലെങ്കില്‍ ഒന്നും നേടാതെ വെറുംകൈയോടെ, അല്ലെങ്കില്‍ ദുര്‍വഹമായ ഋണബാധ്യതയോടെ തിരിച്ചുപോകേണടതായിവരും. ഭൗതികജീവിതത്തിന്റെ പകിട്ടില്‍ മയങ്ങി പരലോക യാത്രക്കു വേണട ഒരുക്കങ്ങള്‍ ചെയ്യാന്‍ മറക്കുന്നവരുടെയും, നാളെ ചെയ്യാം നാളെ ചെയ്യാം എന്നു നീട്ടിവയ്ക്കുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്‌. ഈ നബിവചനത്തെ വ്യാഖ്യാനിച്ചുകൊണട്‌ ഇബ്നുഉമര്‍ പറയുകയുണടായി: “സന്ധ്യയായാല്‍ പ്രഭാതം പ്രതീക്ഷിക്കാതിരിക്കുക. പ്രഭാതമായാല്‍ പ്രദോഷം പ്രതീക്ഷിക്കാതിരിക്കുക. ആരോഗ്യജീവിതത്തില്‍നിന്ന്‌ രോഗജീവിതത്തിലേക്കാവശ്യമായത്‌ കരുതിവയ്ക്കുക. ജീവിതത്തില്‍നിന്ന്‌ മരണത്തിലേക്കു വേണടത്‌ കരുതിവയ്ക്കുക.” വിശ്വാസി അവന്റെ ഒരു കടമയും പിന്നേക്കു നീട്ടിവച്ചുകൂടാ എന്നാണ്‌ ഇബ്നുഉമര്‍ (റ) ഉദ്ദേശിക്കുന്നത്‌. വൈകുന്നേരത്ത്‌ അതുവരെ ചെയ്യേണടതെല്ലാം ചെയ്തുകഴിഞ്ഞിരിക്കണം. ഇന്നത്‌ നാളെയാവട്ടെ എന്നു വിചാരിക്കരുത്‌. നാളെ നിങ്ങള്‍ ജീവിച്ചിരിക്കുമെന്നെന്താണുറപ്പ്‌? അഥവാ മരിച്ചുപോവുകയാണെങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു കടമയും ബാക്കി കിടക്കാനിടയാകരുത്‌. ആരോഗ്യകാലത്ത്‌ കരുതിവച്ചാലേ അവശകാലത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. അതുപോലെ ജീവിതകാലത്തു കരുതിവച്ചാലേ മരണാനന്തരം ഉപകാരപ്പെടൂ.

ഒരു ചിന്തകന്‍ പറയുകയുണടായി: ‘ഇഹലോകത്ത്‌ ഒരു വിശ്വാസിയുടെ ഏറ്റം ഫലപ്രദമായ ദിവസം, അവന്‍, താന്‍ ആ ദിവസത്തിന്റെ അന്ത്യം കാണുകയില്ല എന്നുകരുതി പ്രവര്‍ത്തിച്ച ദിവസമാകുന്നു.’ അബൂബക്‌റുല്‍ മുസ്നീ എന്ന മഹാന്‍ പ്രസ്താവിച്ചു: ‘നിങ്ങളുടെ നമസ്കാരം പലപ്രദമാകണമെന്നുണെടങ്കില്‍, ഇനി വേറൊരു നമസ്കാരത്തിന്‌ എനിക്കവസരം ലഭിച്ചില്ലെങ്കിലോ എന്ന വിചാരത്തോടെ നമസ്കരിക്കണം’. ‘നീ വിടവാങ്ങുന്നവന്റെ നമസ്കാരം നമസ്കരിക്കുക’ എന്ന നബിവചനത്തിന്റെയും ആശയം ഇതുതന്നെയാണ്‌.

നബി (സ) പറഞ്ഞു: “അധികപേരും നഷ്ടപ്പെടുത്തുന്ന രണടനുഗ്രഹങ്ങളുണട്‌. ആരോഗ്യവും ഒഴിവുസമയവുമാണവ.” ഒരിക്കല്‍ നബി (സ) ഒരാളെ ഉപദേശിച്ചു: “അഞ്ചെണ്ണത്തിനു മുമ്പ്‌ അഞ്ചെണ്ണം ഉപയോഗപ്പെടുത്തണം: വാര്‍ധക്യത്തിനു മുമ്പ്‌ യൗവനം, രോഗത്തിനു മുമ്പ്‌ ആരോഗ്യം, ദാരിദ്ര്യത്തിനു മുമ്പ്‌ ഐശ്വര്യം, ജോലിസമയത്തിനു മുമ്പ്‌ ഒഴിവുസമയം, മരണത്തിനു മുമ്പ്‌ ജീവിതം