Category Archives: RAMADAN SPICAL خاص رمضان

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍
ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറക്കുന്നതിന് മുമ്പ് അതിലെ മലിനമായ വെള്ളം ഒഴിവാക്കി അതിനെ ശുദ്ധിയാക്കേണ്ടതുണ്ട്. നിറഞ്ഞിരിക്കുന്ന പാത്രം പുതുതായി ഒന്നിനെയും ഉള്‍ക്കൊള്ളുകയില്ല. അതില്‍ ഒഴിക്കുന്ന ഓരോ തുള്ളി വെള്ളവും വെറുതെ പാഴാവുകയാണ്. വിശുദ്ധ റമദാന്‍ മാസത്തെ കാത്തിരിക്കുകയും, ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് ആര്‍ജ്ജിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസി തന്റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇസ്‌ലാമിന് നിരക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. സംസ്‌കാരത്തിനും ചുറ്റുപാടിനും അനുസരിച്ച് ഈ മാലിന്യങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പറയുക പ്രയാസമാണ്. അതില്‍ നിന്നും ചില ഉദാഹരണങ്ങള്‍ മാത്രമാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. അതുമായി തുലനപ്പെടുത്തി ഓരോ മുസ്‌ലിമും തന്റെ ഉള്ളിലെ രോഗം എന്താണെന്ന് തിരിച്ചറിയുകയും റമദാനിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ പാത്രത്തെ സജ്ജമാക്കി വെക്കുകയും ചെയ്യട്ടെ.

1. അനാവശ്യ തര്‍ക്കം
അല്ലാഹുവിനെ സ്‌നേഹിക്കുകയും അല്ലാഹു സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളുടെ പ്രധാന വിശേഷണമാണ് അവര്‍ പരസ്പരം നൈര്‍മല്യത്തോടെ പെരുമാറുന്നവരായിരിക്കുമെന്നത്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു.” (അല്‍മാഇദ: 54)
അല്ലാഹുവിനും അവന്റെ ദൂതനും അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അനാവശ്യമായ തര്‍ക്കം. നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: ”ആളുകളില്‍ കടുത്ത കുതര്‍ക്കികളെയാണ് അല്ലാഹു ഏറ്റവുമധികം വെറുക്കുന്നത്.” (ബുഖാരി) അന്യായമായ കാര്യത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇവിടെ ഉദ്ദേശിച്ചത്. ന്യായമായ ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് അത് തടസ്സമല്ല. പ്രതിയോഗിയോട് അന്യായം പ്രവര്‍ത്തിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ അതിന് വേണ്ടി ഉറച്ചു നിലകൊള്ളണം.

2. രഹസ്യങ്ങള്‍ പ്രചരിപ്പിക്കലും വ്യാജ വാഗ്ദാനവും
ഒരാളെ വാക്കുകൊണ്ടോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്. മറ്റൊരാളെ സംബന്ധിച്ച രഹസ്യം പരസ്യപ്പെടുത്തുന്നത് പോലുള്ള ഏതൊരു പ്രവര്‍ത്തനവും അതില്‍ പെട്ടതാണ്. ഒരാള്‍ നിങ്ങളെ വിശ്വസിച്ച് അയാളുടെ രഹസ്യം നിങ്ങളുമായി പങ്കുവെക്കുകയും എന്നിട്ട് നിങ്ങളത് ആളുകളോട് പറഞ്ഞ് അയാളെ താറടിക്കുകയും ചെയ്യുന്നത് എത്രത്തോളം വലിയ വഞ്ചനയാണ്. എത്ര ഗുരുതരമായ കുറ്റമാണ് അതിലൂടെ ചെയ്യുന്നത്. നബി(സ) പറയുന്നു: ”ഒരാള്‍ ഒരു കാര്യം സംസാരിക്കുകയും എന്നിട്ട് ചുറ്റുപാടിലേക്ക് തിരിഞ്ഞുനോക്കുകയും (മറ്റാരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍) ചെയ്താല്‍ അതൊരു വിശ്വസിച്ചേല്‍പിക്കലാണ്.”
വ്യാജ വാഗ്ദാനങ്ങളെ കുറിച്ച് നബി(സ) താക്കീത് നല്‍കുന്നത് നോക്കൂ: ”നാല് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അവനില്‍ കാപട്യത്തിന്റെ അംശമുണ്ട്. സംസാരിച്ചാല്‍ കളവു പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക. തര്‍ക്കിച്ചാല്‍ അസഭ്യം പറയുക എന്നിവയാണവ.”

3. ആവശ്യമില്ലാത്ത സംസാരം
യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തെ കുറിച്ച സംസാരം വലിയ വിപത്തുകളിലൊന്നാണ്. അങ്ങനെ അവന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഓരോ വാക്കിന്റെ പേരിലും അവന്‍ വിചാരണ ചെയ്യപ്പെടും. ഒരു സംസാരം കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കില്‍ പിന്നെ ദോഷത്തിനാണ് അതില്‍ കൂടുതല്‍ സാധ്യത. കാണുന്നവരോടെല്ലാം എവിടെ നിന്നാണ് നീ വരുന്നത്, എവിടേക്കാണ് പോകുന്നത്? എന്നെല്ലാമുള്ള ചോദ്യം അനാവശ്യമാണ്. ഒരുപക്ഷേ അത് താങ്കളോട് വെളിപ്പെടുത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോള്‍ അയാള്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാവുന്നു. താങ്കളെ സംബന്ധിക്കാത്ത ഒരു ചോദ്യം ചോദിച്ച് ആ തെറ്റിനുള്ള സാഹചര്യം ഒരുക്കിയത് താങ്കളാണ്. നബി(സ) പറഞ്ഞു: ”തന്നെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ നല്ല ഇസ്‌ലാമിന്റെ ഭാഗമാണ്.” (തിര്‍മിദി)

4. അസൂയ
മറ്റുള്ളവരുടെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോവാനുള്ള ആഗ്രഹമാണത്. അസൂയാലുവിനെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന മാരക രോഗമാണത്. അതിന്റെ ഫലമായി സമൂഹത്തില്‍ നിന്നും മൂല്യങ്ങളും മനുഷ്യത്വവും ഇല്ലായ്മ ചെയ്യപ്പെടും. മനസ്സിലെ അഗ്നിയാണത്. അതവിടെ ജ്വലിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും പകയും വിദ്വേഷവും ഗൂഢാലോചനും ജന്മമെടുക്കും. വന്‍പാപങ്ങളുടെ തലത്തിലേക്ക് അതവനെ എത്തിക്കുന്നു. നബി(സ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളുടെ രോഗം നിങ്ങളിലേക്കും ഇഴഞ്ഞുകയറുന്നു. അസൂയയും വിദ്വേഷവുമാണത്. മുണ്ഡനം ചെയ്തു കളയുന്നതാണത്. മുടി മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ദീനിനെ മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചാണ്.” (അബൂദാവൂദ്)

5. അഹങ്കാരം
അല്ലാഹു പറയുന്നു: ” ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചുനടക്കുന്നവരുടെ കണ്ണുകളെ ഞാന്‍ എന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് തെറ്റിച്ചുകളയുന്നതാണ്.” (അല്‍അഅ്‌റാഫ്: 146)
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഹദീല്‍ പറയുന്നു: ”ഹൃദയത്തില്‍ അണുതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”
‘അഹങ്കാരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഒരുക്കപ്പട്ടിരിക്കുന്നതെന്ന് നരകം പറയുന്നു’ എന്ന് മറ്റൊരു ഹദീസില്‍ കാണാം. നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ”ധിക്കാരികളും അഹങ്കാരികളുമായിട്ടുള്ളവര്‍ അന്ത്യദിനത്തില്‍ അണുവിന്റെ രൂപത്തില്‍ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിന്റെ അടുക്കലുള്ള നിന്ദ്യതയുടെ പേരില്‍ ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുന്നു.”

6. കോപം
കോപത്തിന്റെ തീ അണക്കാന്‍ ആര്‍ക്കാണ് സാധിക്കുക? സ്വന്തത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? ദേഷ്യം വരുമ്പോള്‍ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതാര്‍ക്കാണ്? തന്റെ രോഷം അല്ലാഹുവിന് വേണ്ടി മാത്രമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ ഇതിനെല്ലാം നിങ്ങള്‍ സാധിക്കും. അല്ലാഹു പറയുന്നു: ”സ്വര്‍ഗം ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.” (ആലുഇംറാന്‍: 134)
ദുരഭിമാനവും ആത്മപ്രശംസയും അഹങ്കാരവുമാണ് കോപത്തിന്റെ പ്രധാന കാരണങ്ങള്‍. അത്തരം ചീത്തഗുണങ്ങള്‍ വെടിയുന്നതിന് പരിശ്രമവും അല്ലാഹുവുമായുള്ള ബന്ധവും ദൈവഭക്തിയുള്ള ആളുകളുമായുള്ള സഹവാസവും ആവശ്യമാണ്.

7. പരദൂഷണം
മരിച്ച മനുഷ്യന്റെ മാംസം തിന്നുന്നതിനോടാണ് ഖുര്‍ആന്‍ പരദൂഷണത്തെ ഉപമിച്ചിട്ടുള്ളത്. ‘ഒരാളെ കുറിച്ച് അയാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയലാണ്’ പരദൂഷണം. വളരെ നിന്ദ്യമായിട്ടുള്ള സ്വഭാവമാണത്. അല്ലാഹു പറയുന്നു: ”ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്.നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ?നിങ്ങളതു വെറുക്കുകയാണല്ലോ.” (അല്‍ഹുജുറാത്ത്: 12)
നബി(സ) പറഞ്ഞു: ”ഓരോ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.” (മുസ്‌ലിം)

8. ഏഷണി
നബി(സ) പറയുന്നു: ”ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” (മുസ്‌ലിം) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”ഏഷണിയുമായി നടക്കുന്നവര്‍ സ്‌നേഹിതന്‍മാര്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും നിരപരാധികളെ തെറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.”

9. പിശുക്ക്
അല്ലാഹു ആക്ഷേപിച്ചിട്ടുള്ള ഗുണമാണ് പിശുക്ക്. നബി(സ) റമദാനില്‍ വീശുന്ന കാറ്റിനെ പോലെ ഉദാരനായിരുന്നു. പിശുക്കെന്ന ഗുണം സ്വഹാബിമാരുടെ ജീവിതത്തിലും കാണാനാവുകയില്ല. ചരിത്രം ഒരിക്കലും പിശുക്കന്‍മാരെ കുറിച്ച് നല്ലത് പറയുകയുമില്ല. അല്ലാഹു പറയുന്നു: ”സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍.” (അല്‍ഹശ്ര്‍: 9)
മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹു തങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളില്‍ പിശുക്കുകാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്ക് ഗുണകരമാണെന്നു കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്ക് വളരെ ദോഷകരമാകുന്നു. പിശുക്കി സമ്പാദിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവര്‍ക്കു കണ്ഠവളയമായിത്തീരും.” (ആലുഇംറാന്‍: 180)
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവരെ അത് നശിപ്പിച്ചിട്ടുണ്ട്. രക്തം ചിന്താനും നിഷിദ്ധങ്ങളെ അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചു.”

10. അസഭ്യം, അശ്ലീലം, ശകാരം, ശാപം
നബി(സ) പറയുന്നു: ‘നിങ്ങള്‍ അശ്ലീലത്തെ സൂക്ഷിക്കുക, അശ്ലീലമായ വാക്കുകളും പ്രവൃത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ”വിശ്വാസി കുത്തുവാക്ക് പറയുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്ലേച്ഛവര്‍ത്തമാനം പറയുന്നവനോ അല്ല.”
വൃത്തികെട്ട വാക്കുകളും പ്രയോഗങ്ങളുമാണ് അസഭ്യം കൊണ്ടുദ്ദേശിക്കുന്നത്. പൊതുവെ അങ്ങാടികളിലും മറ്റും സമയം ചെലവഴിക്കുന്ന വിവരംകെട്ടവരാണ് അത്തരം വര്‍ത്തമാനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ സദ്‌വൃത്തരായവരെ സംബന്ധിച്ചടത്തോളം അത്തരം വര്‍ത്തമാനം പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അസഹ്യമായിരിക്കും.

റമദാൻ വ്യതിരിക്തമാകുന്നത്

റമദാൻ വ്യതിരിക്തമാകുന്നത്
പി.പി. അബ്ദുല്‍ റസാക്ക്

ഖുർആൻ അവതരണം കൊണ്ടാണ് റമദാൻ പ്രത്യേകമാകുന്നത് എന്ന് പറഞ്ഞു. ആ റമദാൻ എല്ലാ കാലാവസ്ഥകളിലും മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്നു എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. സ്വാഭാവികമായും കൊടിയ ചൂടിലും മരം പോലും കോച്ചി പ്പോകുന്ന തണുപ്പിലും നാമതിനെ അഭിമുഖീകരിക്കുന്നു. പകൽ വേള ഏറ്റവും ദീർഘമായ കാലത്തും ഏറ്റവും ഹൃസ്വമായ കാലത്തും രാത്രിക്ക് ദൈർഘ്യമേറുന്ന കാലത്തും രാത്രി ഏറ്റവും ഹൃസ്വമാകുന്ന കാലത്തും നാമതിനെ അനുഷ്ടിക്കുന്നു. ഇത് ഏറെക്കുറെ എല്ലാ ദേശക്കാർക്കും ഓരോ വ്യക്തിയുടെയും ശരാശരി ആയുഷ്കാല ദൈർഘ്യം കണക്കിലെടുക്കുമ്പോൾ ഒരു പോലെ യാകുവാനും സഹായകമായി ത്തീരുന്നു. ഓരോ വർഷവും കടന്നു വരുന്ന അതി തീവ്രമായ ഒരു മാസക്കാലത്തെ പരിശീലന ക്കള രിക്ക് പറ്റിയ രൂപത്തിൽ തന്നെ. ഇത് ഹജ്ജിന്നും ബാധകമാണ്. ചന്ദ്ര മാസത്തെ അവലംബിച്ചുള്ള കാല ഗണന കാരണമായാണ് ഇത് സാധിതമായതു. സോളാർ കലണ്ടർ അനുസരിച്ചായിരുന്നെങ്കിൽ എന്നും ഒരൊറ്റ കാലാവസ്ഥയിൽ മാത്രമായി ഇത് ചുരുങ്ങിയേനെ. മാത്രവുമല്ല, ഒരു ദേശക്കാർക്ക് ലഭിക്കുന്ന കാലാവസ്ഥാപരമായ ആനുകൂല്യവും പ്രാതികൂല്യവും മറ്റു ദേശക്കാർക്ക് അവരുടെ ആയുഷ്കാലത്തിലൊ രിക്കലും അനുഭവിക്കേണ്ടി വരികയും ചെയ്യാത്തതുകൊണ്ട് നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്ന സമഭാവനയെ നോമ്പ് അനുഷ്ടിക്കുന്നതിലെ ഈ അസമത്വവും അസന്തുലിതത്ത്വവും ദോഷകരമായി ബാധിച്ചിരുന്നേനെ. നോമ്പിന്നും ഹജ്ജിന്നും ചാന്ദ്രമാസത്തെ കാല ഗണനക്ക് അടിസ്ഥാനമാക്കിയ ഇസ്ലാം ദിവസവും അഞ്ചു നേരവും നിർവഹിക്കപ്പെടെ ണ്ട നമസ്കാരത്തിന്റെ വിഷയത്തിൽ ഭൂമിയുടെ സൂര്യന്നു ചുറ്റുമുള്ള പരിക്രമണ ത്തെയാണ് അടിസ്ഥാനമാക്കിയത്. ഒരു ദിവസത്തെ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം ഒരേ സമയം എപ്പോഴും ഭൂമിയിൽ പലയിടങ്ങളിലായി നിർവഹിക്കപ്പെട്ടുകൊണ്ടെ ല്ലാതെ ഒരു ദിവസവും കഴിഞ്ഞു പോകാത്തതും ഇരുപത്തിനാലു മണിക്കൂറും ഭൂമിയിൽ ബാങ്കൊലി ഉയരുന്ന സാഹചര്യവും ഉണ്ടായത് അതുകൊണ്ടാണ്.
വ്രതം പൂർവ സമൂഹങ്ങളിലും അനുഷ്ടിക്കപ്പെട്ടിരുന്നതായി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. പക്ഷെ അതിനെ സ്വാഭാവികവും എളുപ്പവും മനുഷ്യ പ്രകൃതിക്കിണങ്ങുന്നതും കാര്യക്ഷമവും ആക്കി മാറ്റിക്കൊണ്ട് ഇസ്ലാം അതിന്റെ അർത്ഥവും ലക്ഷ്യവും ഉള്ളടക്കവുംപുനർനിർണ യിച്ചു. ആ വ്രതത്തിൽ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളെയും അതുല്കൊള്ളിച്ചു. പൂർവ സമുദായങ്ങളിലും ഇതര മതങ്ങളിലും വ്രതം ആത്മ പീഡ യുടെ ഭാഗമായോ ദുഖാ ചരണത്തിന്റെ ഭാഗമായോ ആയിട്ടായിരുന്നു അനുഷ്ടിക്കപ്പെട്ടിരുന്നത് എങ്കിൽ ഇസ്ലാമിൽ പ്രയാശ്ചിത്തത്തിന്റെ ഭാഗമായുള്ള വ്രതം വൈയക്തിക തലത്തിൽ വേറെ തന്നെ യുന്ടെങ്കിലും, റമദാനിലെ നോമ്പ് തിന്മയുടെ ശക്തികൾക്കെതിരിലുള്ള സമരവും വിജയവുമായിട്ടാണ് അനുഷ്ടിക്കപ്പെടുന്നത്. ഫാസ്റ്റിങ്ങിന്നു ശേഷമുള്ള ഇഫ്താർ എന്നതും റമദാൻ മാസത്തിലെ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന്നു ശേഷമുള്ള ഈദ് ആഘോഷം എന്നതും സ്ട്രഗ്ളിന്നു ശേഷം വരുന്ന വിജയത്തെയും പ്രയാസത്തിന്നു ശേഷം വരുന്ന ആയാസത്തെയും കുറിക്കുക മാത്രമല്ല ചെയ്യുന്നത്. മറി ച്ചു വിജയത്തിനു കുറുക്കു വഴികൾ ഇല്ലെന്നും വിജയത്തിന്റെ വഴി കടിനാദ്ധ്വാ നത്തിന്റെതു മാത്രമാണെന്നും പഠിപ്പിക്കുക കൂടി ചെയ്യുകയാണ്. മറ്റു മതങ്ങളിൽ വ്രതം കേവലം ഏതെങ്കിലും നിശ്ചിത ഭക്ഷണ പദാർഥങ്ങളിൽ നിന്ന് മാത്രം വിട്ടു നില്ക്കുക എന്ന അർത്ഥത്തിൽ ഭാഗികമായിട്ടാണ് അനുഷ്ടിക്കപ്പെടുന്നത് എങ്കിൽ ഇസ്ലാമിൽ അത് എല്ലാ അർത്ഥത്തിലും പൂർണമാണ്. ഇസ്ലാമിലെ വ്രതം എല്ലാ വിധ അന്ന പാനീയങ്ങളിൽ നിന്നും വിട്ടു നിൽകലും വ്രതം അനുഷ്ടിക്കുന്നവന്റെ സർവ ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കലുമാണ്. ഇതര മതങ്ങളിലെ വ്രതം ഇസ്ലാമിലെ പോലെ ഒരു സാമൂഹ്യമായി അനുഷ്ടിക്കപ്പെടുന്ന സമ്പൂർണമായ മാറ്റം ലക്ഷ്യം വെച്ചുകൊണ്ടുള്ള നന്മയുടെ ഉത്സവക്കാലമായി ലോകത്തിനു അനുഭവിക്കുവാൻ സാധിക്കുന്നില്ല. യഹൂദ മതത്തിൽനിന്നും ഭിന്നമായി കച്ചവടവും ജോലിയും വ്രതാനുഷ്ടാനത്തിന്റെ നാളുകളിൽ നിർത്തിവെക്കുവാൻ ഇസ്ലാം അനുശാസിക്കുന്നേയില്ല. മറ്റു ചില മതങ്ങളിൽ വ്രതം വെറും പുരോഹിത വർഗത്തിന്നൊ അതെല്ലെങ്കിൽ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്നോ മാത്രമായിരുന്നു നിർബന്ധമായിരുന്നത് എങ്കിൽ സമ്പൂര്ണ സമഭാവനയുടെ വ്യവസ്ഥിതിയായ ഇസ്ലാമിൽ അത് എല്ലാവർക്കും ഒരുപോലെ നിർബന്ധമാണ്. എന്നാൽ എളുപ്പം മാത്രം ഉദ്ദേശിക്കുകയും പ്രയാസം ഒഴിവാക്കുകയും ചെയ്യുന്ന ഇസ്ലാം രോഗികൾക്കും യാത്രക്കാർക്കും ആർതവകാരികളാ യ സ്ത്രീകൾക്കും ഇളവു നൽകുകയും മറ്റു ദിവസങ്ങളിൽ അത് അനുഷ്ടിക്കുവാനുള്ള അനുവാദം നൽകുകയും ചെയ്തു. ഇതര മതങ്ങളിൽ സോളാർ കലണ്ടറിനെ അടിസ്ഥാനമാക്കി വ്രതം അനുഷ്ടിക്കപ്പെടുമ്പോൾ ഇസ്ലാമിൽ അത് ചന്ദ്ര മാസത്തെ അടിസ്ഥാനമാക്കുന്നതിന്റെ വിത്യാസം നേരത്തെ വ്യക്തമാക്കുകയുണ്ടായി. ഒന്ന് കൂടി വ്യക്തമാക്കിയാൽ ചന്ദ്ര മാസം അനുസരിച്ച് വ്രത മനുഷ്ടിക്കുന്ന ഒരു മുസ്ലിം അവന്റെ ശരാശരി ആയുഷ്കാലത്തിന്നിടക്കു രണ്ടു വർഷം പൂര്ണമായി ജനുവരി മുതൽ ഡിസംബർ വരെ എല്ലാ മാസത്തിലും എല്ലാ ദിവസങ്ങളിലും വ്രതം അനുഷ്ടിച്ചിട്ടുണ്ടാവും .

പ്രമേഹരോഗികള്‍ റമദാന്‍ വ്രതമനുഷ്ഠിക്കുമ്പോള്‍

ആത്മീയ സാധനകളുടെ പുണ്യമാസം വരവായി. ലോകത്താകമാനം ഏകദേശം അഞ്ചുകോടി പ്രമേഹരോഗക്കാര്‍ ഈ മാസത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം 1214 മണിക്കൂര്‍ വ്രതമെടുക്കുമ്പോള്‍ പകല്‍ കൂടുതലുള്ള ചില രാജ്യങ്ങളില്‍ 20 മണിക്കൂര്‍ വരെ വ്രതമെടുക്കുന്നു. ഈ സമയത്ത് ആഹാരം, വെള്ളം, മരുന്നുകള്‍ ഒന്നും കഴിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, വളരെയധികം ശ്രദ്ധിച്ചില്‌ളെങ്കില്‍ പ്രമേഹരോഗികള്‍ക്ക് ഈ സമയത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകാനുള്ള സാധ്യത റമദാന്‍ മാസത്തില്‍ കൂടുതലാണ്. ടൈപ് 1 പ്രമേഹരോഗികളിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ് 2 പ്രമേഹക്കാരിലും പ്രവര്‍ത്തന ദൈര്‍ഘ്യം കൂടിയ ഗുളികകള്‍ കഴിക്കുന്നവരിലും പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥയായ ‘ഹൈപ്പോഗൈ്‌ളസീമിയ’ ഉണ്ടാകാനും സാധ്യതയുണ്ട്.

തളര്‍ച്ച, ശരീരം തണുക്കുക, വിറയല്‍ അനുഭവപ്പെടുക, നെഞ്ചിടിപ്പ് കൂടുക, അമിതമായി വിയര്‍ക്കുക, തലവേദന, സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുക മുതലായവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍. വ്രതസമയത്ത് ഇങ്ങനെയുണ്ടായാല്‍ ഉടന്‍ വ്രതം മുറിക്കുകയും മധുരമുള്ള എന്തെങ്കിലും ആഹാരം കഴിക്കുകയും ചെയ്യണം.

പഞ്ചസാര വളരെ കുറഞ്ഞുപോകും എന്ന ഭയത്താല്‍ സ്ഥിരം കഴിക്കുന്ന ഗുളികകളും ഇന്‍സുലിനും നിര്‍ത്തുന്നവരുണ്ട്. ഇത് പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിനും ടൈപ് 1 പ്രമേഹരോഗികളില്‍ ‘കീറ്റോ അസിഡോസിസ്’ എന്ന രോഗസങ്കീര്‍ണതക്ക് വഴിവെക്കുകയും ചെയ്യും. കൃത്യമായി ചികിത്സയില്‌ളെങ്കില്‍ ഇത് മരണത്തിനുപോലും കാരണമായേക്കാം. അതിനാല്‍, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ ഒരിക്കലും ഇന്‍സുലിന്‍ നിര്‍ത്തരുത്. മറിച്ച്, ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അതിന്റെ അളവ് കുറക്കുകയോ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറക്കാന്‍ സാധ്യത കുറഞ്ഞ ചിലതരം പുതിയ ഇന്‍സുലിനുകളിലേക്ക് മാറുകയോ ചെയ്യണം.

വ്രതമനുഷ്ഠിക്കുന്ന പ്രമേഹരോഗികള്‍ വെയിലില്‍ ജോയിചെയ്താലും കഠിനവേലകളില്‍ ഏര്‍പ്പെട്ടാലും ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാം. കൂടാതെ പ്രമേഹം നിയന്ത്രണവിധേയമല്‌ളെങ്കില്‍ മൂത്രത്തിലൂടെയും ജലാംശം നഷ്ടപ്പെടും. ഈ അവസ്ഥ രക്തസമ്മര്‍ദം കുറയുന്നതിനും ചിലപ്പോള്‍ ബോധക്ഷയം, വീഴ്ച മുതലായവ ഉണ്ടാകുന്നതിനും കാരണങ്ങളായേക്കാം. കൂടാതെ, ഇത്തരക്കാരില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുകയും തന്മൂലം ഹൃദയാഘാതം, പക്ഷാഘാതം മുതലായവ ഉണ്ടാകുന്നതിനും കാരണമായേക്കാം. അതിനാല്‍, രാത്രി ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം കഠിനാധ്വാനവും വെയിലില്‍ നിന്നുള്ള ജോലികളും കുറക്കണം.

കൂടാതെ, ഇഫ്താര്‍ സമയത്ത് മധുരപദാര്‍ഥങ്ങളും മധുരപാനീയങ്ങളും കുറക്കണം. അതേസമയം പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന കൃത്രിമ മധുരങ്ങള്‍ ആകാം.

തവിട് നീക്കാത്ത അരി, ഗോതമ്പ്, റാഗി, ഓട്‌സ് മുതലായ അന്നജം അടങ്ങിയ ആഹാരത്തോടൊപ്പം ധാരാളം പച്ചക്കറികളും ഉള്‍പ്പെടുത്തണം. മീന്‍, കോഴിയിറച്ചി എന്നിവയും, പയര്‍, കടല, പരിപ്പ്, പട്ടാണി, ഗ്രീന്‍പീസ് മുതലായ പയറുവര്‍ഗങ്ങളും ധാരാളം കഴിക്കാം.

അതേസമയം പഴച്ചാറുകള്‍ വര്‍ജിക്കണം. പകരം ഫലങ്ങള്‍ മിതമായ അളവില്‍ കഴിക്കാം.

സൂര്യോദയത്തിന് മുമ്പുള്ള അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഇല്‌ളെങ്കില്‍ പകല്‍സമയത്ത് പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാന്‍ ഇടവരും. രണ്ടുതരം ഇന്‍സുലിന്‍ എടുക്കേണ്ട രോഗികള്‍ നോമ്പുതുറക്കുശേഷമുള്ള ആഹാരത്തോടൊപ്പവും അതിരാവിലെയുള്ള അത്താഴത്തോടൊപ്പവും അതെടുക്കുക. എന്നാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ ക്രമീകരണം അളവില്‍ വരുത്തിയിരിക്കണം.

വറുത്തതും പൊരിച്ചതുമായ ആഹാര പദാര്‍ഥങ്ങള്‍ കഴിവതും കുറക്കുക.

60 ശതമാനത്തോളം രോഗികളില്‍ ശരീര ഭാരത്തില്‍ വലിയ വ്യത്യാസം ഈ കാലയളവില്‍ കാണാറില്‌ളെങ്കിലും ഏകദേശം 20 ശതമാനം പേരില്‍ മൂന്നുമുതല്‍ നാല് കിലോ വരെ തൂക്കം കൂടാറുണ്ട്. ഇത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.

സാധാരണ കാലത്തുകഴിക്കുന്ന മരുന്നുകള്‍ നോമ്പ് തുറന്നതിന് ശേഷവും രാത്രി കഴിക്കുന്ന മരുന്നുകള്‍ രാവിലെ നോമ്പ് തുടങ്ങുന്നതിന് മുമ്പും കഴിക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും എല്ലാ മരുന്നുകള്‍ക്കും ഇത് ബാധകമാകണം എന്നില്ല. അതിനാല്‍, ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

പ്രവര്‍ത്തന ദൈര്‍ഘ്യം കൂടിയ മരുന്നുകള്‍ക്ക് പകരം അവ കുറഞ്ഞ ഗുളികകളിലേക്ക് മാറാന്‍ ശ്രമിക്കുക.

വില കൂടുതലാണെങ്കിലും ‘ഹൈപ്പോഗൈ്‌ളസീമിയ’ (പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ) ഉണ്ടാക്കാത്ത ഇന്‍സുലിനുകളിലേക്ക് മാറുന്നതും നല്ലതാണ്.

കഠിനാധ്വാനം ഒഴിവാക്കുക. ഒരിക്കലും മരുന്നുകള്‍ മുഴുവന്‍ നിര്‍ത്തരുത്. ഇതും സങ്കീര്‍ണതകള്‍ക്ക് കാരണമാകും.

(ലേഖകന്‍ കോഴിക്കോട് ഇഖ്‌റ ഇന്റര്‍ നാഷണല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ പ്രമേഹരോഗ വിദഗ്ദനാണ്)

കടപ്പാട് : madhyamam.comkerala_sunset2

വ്രതത്തിന്റെ ആരോഗ്യശാസ്ത്രം

നുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന കേന്ദ്രങ്ങളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഒരു രൂപവും ക്രമവും ശരീരത്തിന് പ്രദാനം ചെയ്യുന്നു.
ഇന്ദ്രിയവ്യവസ്ഥകളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാപിതമായി അവയെ ക്രമീകരിക്കുകയും അതുവഴി ശാരീരികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതില്‍ വ്രതത്തിന്റെ പങ്ക് നിസ്തുലമാണ്.മനുഷ്യപ്രകൃതിയുടെ മതമാണ് ഇസ്‌ലാം. അതിന്റെ ആചാരക്രമങ്ങളും കര്‍മ-അനുഷ്ഠാനങ്ങളും പ്രകൃതിയുടെ പുരോഗമനാത്മകവും നിര്‍മാണാത്മകവുമായ വ്യവഹാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അവ പ്രകൃതിയുടെ താല്‍പര്യവും ശരീരവ്യവസ്ഥയുടെ ചാലകവുമാകുന്നു.
Polyommatus i.MAX DODEMA

ഇസ്‌ലാമിലെ വ്രതം അടിസ്ഥാനപരമായി മതപരവും ആത്മീയവുമായ ജീവിതവിശുദ്ധി ലക്ഷ്യമിടുമ്പോള്‍ തന്നെ, തല്‍ഫലമായി സാധ്യമാകുന്ന ഭൗതികവും ശാരീരികവുമായ നേട്ടങ്ങളെ അത് പാടെ നിരാകരിക്കുന്നില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തി യൗവനയുക്തമായ ശരീരവും മനസ്സും പ്രദാനം ചെയ്യുക എന്നതാണ് വ്രതത്തിന്റെ ഭൗതിക ഫലം. ആരോഗ്യപരിപാലനത്തിനും രോഗശമനത്തിനും വ്രതം അത്യാവശ്യമാണെന്ന് ഇപ്പോള്‍ ആരോഗ്യ ലോകം തത്വത്തില്‍ ആംഗീകരിച്ചിട്ടുണ്ട്.

ഭക്ഷണത്തിലെ പൊരുത്തക്കേടുകള്‍, അമിതാഹാരം, ക്രമരഹിതമായ ഭോജനം എന്നിവയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും ഹേതുവായി ഗണിക്കപ്പെടുന്നത്. അമിതാഹാരം മൂലം ഭക്ഷണം ശരിയാംവണ്ണം ദഹിക്കാത്ത അവസ്ഥ സംജാതമാകുന്നു. ഇത് ഫലത്തില്‍ ദഹനവ്യവസ്ഥയെ താറുമാറാക്കുന്നു. തല്‍ഫലമായി അടിഞ്ഞുകൂടുന്ന ‘മാലിന്യങ്ങള്‍’ ചേര്‍ന്ന് ദുര്‍മേദസ്സ് ആയിത്തീരുന്നു. ഒട്ടേറെ രോഗങ്ങള്‍ക്ക് ഇത് കാരണമായി ഭവിക്കുന്നു. ക്രമരഹിതമായ ആഹാരരീതി ജീവിതത്തിലെ ആഗിരണത്തെയും ദഹനത്തെയും പ്രതികൂലമായി ബാധിക്കുകയും അതുവഴി ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായി മാറുകയും ചെയ്യുന്നു.

സുദീര്‍ഘങ്ങളല്ലാത്ത നിരാഹര-ഉപവാസ രീതികള്‍ ദഹനവ്യവസ്ഥയ്ക്ക് വേണ്ടത്ര വിശ്രമം നല്കുന്നു. ക്ലിപ്തപ്പെടുത്തിയ സമയം വിശന്നിരിക്കുക വഴി, പതിവായി ശരീരത്തില്‍ നടക്കുന്ന ദഹനപ്രക്രിയ എന്ന ജോലിഭാരത്തിന്റെ ബാധ്യതയില്‍ നിന്ന് അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നു. തല്‍ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ ദുര്‍മേദസ്സ് എന്ന മാലിന്യം ദീപനത്തിന് വിധേയമാക്കി നീക്കം ചെയ്യപ്പെടുന്നു. ദഹനപ്രക്രിയയുടെ ജോലിഭാരം ലഘൂകരിക്കുക വഴി കരള്‍, വൃക്ക, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമവും കൂടുതല്‍ കരുത്തും പ്രവര്‍ത്തിനക്ഷമതയും ലഭ്യമാകുന്നു.

വ്രതത്തിന്റെ മറ്റൊരു നേട്ടം, തെറ്റായ രീതിയിലുള്ള പോഷണപരിണാമങ്ങളും ആഗിരണപ്രക്രിയകളും ക്രമീകരിക്കുന്നുവെന്നതാണ്. ആന്തരികാവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടുന്നത് വിസര്‍ജനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ക്രമരഹിതമായ പോഷണ പരിണാമങ്ങള്‍ തടയാനും സഹായകമാകുന്നു. കരളിന്റെയും പിത്താശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ആവശ്യമായ വിശ്രമം നല്കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണം വര്‍ധിക്കുകയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിമത്താക്കുകയും ചെയ്യുന്നു. തലച്ചോറിലെയും ഞരമ്പുകളിലെയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും കൊഴുപ്പ് ഉപയോഗിച്ചൊഴിവാക്കുകയും ചെയ്യുന്നത് വഴി ബുദ്ധിയും ഗ്രഹണശേഷിയും ഞരമ്പുകളുടെ സംവേദനക്ഷമതയും വര്‍ധിപ്പിക്കുന്നു

വ്രതാനുഷ്ഠാനം ആത്മാവിനെ ആരോഗ്യദൃഢമാക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണെങ്കില്‍, ശരീരത്തെ അരോഗമാക്കി ശക്തിപ്പെടുത്താന്‍ ലഭ്യമാകുന്ന ഏറ്റവും നല്ല ഉപാധിയും വ്രതം തന്നെയാണ്. ആമാശയത്തിന് ലഭിക്കുന്ന വിശ്രമവും ഉപദ്രവകരമായ പദാര്‍ഥങ്ങളുടെ പുറംതള്ളലിലും ഒട്ടേറെ രോഗങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്കുകയും പല രോഗങ്ങളുടെയും വ്യാപനം തടയുകയും ചെയ്യുന്നു. ‘നോമ്പനുഷ്ഠിക്കുക, ആരോഗ്യവാന്മാരാകുക’ (ത്വബ്‌റാനി) എന്ന മുഹമ്മദ് നബി(സ)യുടെ വചനം ആത്മീയവും ശാരീരികവുമായി വ്രതം നല്കുന്ന സല്‍ഫലങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ആഹാരത്തിലെ ആവശ്യഘടകങ്ങള്‍

ശരീരവളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുക, അപചയ പ്രവര്‍ത്തനങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും നികത്തുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുക എന്നിവയാണ് ആഹാരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആഹാരത്തില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങള്‍ താഴെ വിവരിക്കുന്നവയാണ്:

1. അന്നജം (carbohydrates), 2. കാല്‍സ്യം(protein), 3. കൊഴുപ്പ് (fat), 4. ലവണങ്ങള്‍ (minerals), 5. വിറ്റാമിനുകള്‍ (vitamins), 6. വെള്ളം (water).

അന്നജം

ഇന്ധനപ്രധാനമായവയാണ് അന്നജങ്ങള്‍. ശരീരതാപമായും ഊര്‍ജമായും ഉപയോഗിക്കപ്പെടുന്നതിന്റെ കലോറിമാനം ആഗിരണം ചെയ്യുന്ന അന്നജത്തിന്റെ കലോറിമാനത്തിന് തുല്യമാണ്. അന്നജ ആഗിരണം കുറയുമ്പോള്‍ ശരീരം അതിന്റെ സൂക്ഷിപ്പു മുതലിലടങ്ങിയ മാംസ്യവും കൊഴുപ്പും അപചയ പ്രവര്‍ത്തനങ്ങള്‍ (catabolism) വഴി ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അന്നജ ആഗിരണം കൂടുമ്പോള്‍ അത് മറ്റു രൂപങ്ങളില്‍ സൂക്ഷിക്കുകയും അത് വര്‍ധിച്ച് ‘പൊണ്ണത്തടി’ (obesity) ഉണ്ടാകുകയും ചെയ്യുന്നു.

ഒരുഗ്രാം അന്നജം 4.1 കലോറി ഊര്‍ജം ഉത്പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 2000 മുതല്‍ 2500 വരെ ഊര്‍ജം ആവശ്യമാണ്. കൂടുതല്‍ അധ്വാനിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ കലോറി ആവശ്യമാണ്. പഞ്ചസാര, ധാന്യങ്ങള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയില്‍ അന്നജം അധികമായുണ്ട്.

മാംസ്യം

ശരീരഭാഗങ്ങളുടെ നിര്‍മിതിക്ക് മാംസ്യം അത്യന്താപേക്ഷിതമാണ്. ശരീരകോശങ്ങള്‍ (സെല്ലുകള്‍) മാംസ്യവും വെള്ളവുമടങ്ങിയ ‘പ്രോട്ടോപ്ലാസം’ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. പുതിയ കോശങ്ങളുടെ നിര്‍മിതിക്കുപുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വഴി കോശങ്ങള്‍ക്ക് സംഭവിക്കുന്ന തേയ്മാനം പരിഹരിക്കലും മാംസ്യങ്ങളുടെ ധര്‍മമാണ്. മുട്ട, മാംസം, മത്സ്യം, നിലക്കടല, ബദാം, പരിപ്പ്, പയര്‍ എന്നിവയില്‍ കൂടുതല്‍ മാംസ്യമുണ്ട്.

കൊഴുപ്പുകള്‍

ശാരീരികാവശ്യത്തിന് ഉപയുക്തമായ ഇന്ധനം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് കൊഴുപ്പിനാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഒരു ഗ്രാം മാംസ്യവും 4.1 കലോറി വീതം ഊര്‍ജം പ്രദാനം ചെയ്യുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9.4 കലോറി ഊര്‍ജം പ്രദാനം ചെയ്യുന്നു. മാംസം, മത്സ്യം, സസ്യ എണ്ണകള്‍ എന്നിവയില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

ലവണങ്ങള്‍

ശാരീരികാവയവങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലവണങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. ശരീരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സന്തുലനത്തിലും ലവണങ്ങള്‍ക്ക് പങ്കുണ്ട്.

വിറ്റാമിനുകള്‍

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെയേറെ ആവശ്യമാണ് വിറ്റാമിനുകള്‍. പ്രധാന വിറ്റാമിനുകള്‍ എ,ബി,സി,ഡി,ഇ,കെ എന്നിവയാണ്. എ,ഡി,ഇ,കെ വിറ്റാമിനുകള്‍ കൊഴുപ്പുലായകമെന്നും മറ്റുള്ളവ ജലലായകമെന്നും അറിയപ്പെടുന്നു.

വെള്ളം

ശരീരത്തിന്റെ അധികഭാഗവും വെള്ളമാണ്. രക്തത്തിന്റെ പത്തില്‍ ഒന്‍പത് ഭാഗവും മാംസത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വെള്ളമാണ്. അകത്തേക്ക് കഴിക്കുന്ന വെള്ളത്തിന് പുറമെ, ശരീരത്തിലെ ഉപാപചയ പ്രക്രിയ വഴിയും ശരീരത്തിന് ജലാംശം ലഭ്യമാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ പദാര്‍ഥങ്ങള്‍ എത്തിക്കാനും ശരീരത്തില്‍ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കള്‍ ഒഴിവാക്കാനും ജലമെന്ന മാധ്യമം ആവശ്യമാണ്.

ആഹാരത്തിലെ അവശ്യഘടകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ശരീരത്തിന് ആവശ്യമാണ്. വ്രതം മൂലം അവശ്യഘടകങ്ങളുടെ നിശ്ചിത തോതും അളവും നിയന്ത്രിക്കപ്പെടുന്നു. ക്രമപരമായ വിശ്രമവും ക്ലിപ്തപ്പെടുത്തിയ ഭക്ഷണരീതിയും അവശ്യഘടകങ്ങളുടെ ആധിക്യത്തെയും അമിതപോഷണത്തെയും തടയുന്നു. അവശ്യഘടകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട വിവിധ അവയവങ്ങള്‍ക്കും കോശകലകള്‍ക്കും (ടിഷ്യു) വേണ്ടത്ര വിശ്രമവും പ്രവര്‍ത്തന ലഘൂകരണവും സാധ്യമാകുന്നു.

നിരാഹാരത്തിന്റെ ഘട്ടങ്ങള്‍

നിരാഹാരം(starvation) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ആഹാരപദാര്‍ഥങ്ങള്‍ ശരീരത്തിന് ലഭ്യമാകാത്ത അവസ്ഥയാണ്. ഇത് പെടുന്നനെയോ(acute form) ക്രമേണയോ (chronic form) ആകാം. പൊടുന്നനെയുള്ള നിരാഹാരം ഗുരുതരവും അപകടകരവുമായ അവസ്ഥയിലേക്ക് നയിക്കുന്നു. ക്രമേണയുണ്ടാകുന്ന നിരാഹാരം ക്ഷണികമായി ഗുരുതരമല്ലെങ്കിലും ദൂരവ്യാപകമായ പ്രതിഫലനങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്.

നിരാഹാരത്തിന്റെ പ്രധാന ഘട്ടം ആദ്യത്തെ 36 മണിക്കൂറുകളാണ്. വിശപ്പ്, ദാഹം, ക്ഷീണം എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങള്‍. ശരാശരി ആരോഗ്യനിലവാരത്തിലും താഴ്ന്ന ഒരാള്‍ക്കുപോലും ഈ ഘട്ടം തരണം ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറിനും 72 മണിക്കൂറിനുമിടയില്‍ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങുന്നു. വിശപ്പിന്റെ വേദന എന്നതാണ് പ്രധാന ലക്ഷണം. വയറിന്റെ മേല്‍ഭാഗത്ത് കഠിനമായ വേദനയനുഭവപ്പെടുകയും അതില്‍ നിന്ന് മുക്തിനേടാനായി വയറിന് മേല്‍ അമര്‍ത്തുകയും സ്വയം ചുരുളുന്ന അവസ്ഥ (curling) ഉണ്ടാവുകയും ചെയ്യുന്നു. ബലക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുക എന്നിവയും അനുഭവപ്പെടും.

നിരാഹാരം തുടരുമ്പോള്‍, മൂന്നാം ദിവസത്തോടെ സ്ഥിതി കൂടുതല്‍ വഷളാവുന്നു. മൂത്രത്തിന്റെ അളവ് കുറയുന്നു. എണ്ണം(frequency) കൂടുന്നു. മലവിസര്‍ജനത്തിന് തടസ്സം നേരിടുന്നു. ശരീരത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്)യുടെ അളവ് കുറയുന്നു. രക്ത സമ്മര്‍ദം, നാഡിമിടിപ്പ്, കൊളസ്‌ട്രോള്‍ അളവ് എന്നിവ ക്രമാതീതമായി കുറയുന്നു.

നിരാഹാരത്തിന്റെ ആറാം ദിവസം ശരീരമാകമാനം ശോഷിക്കുകയും ത്വക്കിന്നടിയിലെ കൊഴുപ്പ്‌ശേഖരം കുറയുകയും ചെയ്യുന്നു. കണ്ണുകള്‍ കുഴിയുകയും പ്യൂപ്പിള്‍ വികസിക്കുകയും ചെയ്യുന്നു. കവിള്‍ ഒട്ടുകയും താടിയെല്ലുകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലുകളും സന്ധികളും കൂടുതല്‍ മുഴച്ചുനില്‍ക്കുന്നു. ശബ്ദം ഇടറുകയും പതര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഉമിനീര്‍ കുറയുകയും കൊഴുക്കുകയും ചെയ്യുന്നു. ചുണ്ട് വരളുകയും വിണ്ടുകീറുകയും ചെയ്യുന്നു. നാവ് പ്രത്യേകതരം ആവരണത്തിന് വിധേയമാകുന്നു.

നിരാഹാരം മൂലം മരണമുണ്ടാകുന്നത് രക്തസംവഹന വ്യവസ്ഥയിലെ തകരാറുകൊണ്ടാണ്(cardio vascular failure). ഏറ്റവും അപകടകരമായ ഘട്ടം ഏഴു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലാണ്. ആഹാരമില്ലാതെ പരമാവധി ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടു മാസത്തോളമാണ്.

ഇസ്‌ലാമിലെ വ്രതരീതി മറ്റ് നിരാഹാര-ഉപവാസ രീതികളില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ക്ലിപ്തപ്പെടുത്തിയ സമയനിഷ്ഠയും മാനസികമായ ഉന്നത നിലവാരവുമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ശരാശരി പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്രതം നിമിത്തം നിരാഹാരത്തിന്റെ (starvation)പൊടുന്നനെയുള്ള അവസ്ഥയോ, നിശ്ചിത ദിവസങ്ങളില്‍ പരിമിതപ്പെടുത്തുന്നതിനാല്‍ നിരാഹാരത്തിന്റെ ക്രമേണയുള്ള അവസ്ഥയോ രൂപപ്പെടുന്നില്ലെന്നു മാത്രമല്ല, ചിട്ടപ്പെടുത്തിയ വ്രതരീതി മറ്റു ഭൗതികവും മാനസികവുമായ നേട്ടങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യുന്നു.

നിരാഹാരത്തിന്റെ പ്രാഥമിക ഘട്ടത്തിന്റെ (36 മണിക്കൂര്‍) മൂന്നിലൊന്നോളം മാത്രമേ ഇസ്‌ലാമിലെ വ്രതത്തിന്റെ സമയം എത്തുന്നുള്ളൂ എന്നതിനാല്‍ നിരാഹാരത്തിന്റെ പ്രത്യക്ഷ ഫലത്തില്‍ നിന്നും പരോക്ഷ ഫലത്തില്‍ (indirect effect) നിന്നും ശരീരം മുക്തമാകുന്നു. സാധാരണയില്‍ താഴ്ന്ന ആരോഗ്യസ്ഥിതിയുള്ള ഒരാള്‍ക്കുപോലും പ്രഥമഘട്ടത്തിലെ നേരിയ വിശപ്പും ദാഹവും തരണം ചെയ്യാനാകുമെന്നത് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ഫലത്തില്‍ ഉപവാസത്തിന്റെ ആദ്യഘട്ടത്തിലെ മുഴുവന്‍ ഗുണവും ഇസ് ലാമിലെ വ്രതരീതി കൊണ്ട് കരഗതമാകുന്നു. എന്നാല്‍ നിരാഹാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ നോമ്പുമൂലം ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

ദഹനത്തിന്റെ പ്രക്രിയകള്‍

മനുഷ്യന്‍ ഭക്ഷിക്കുന്ന ആഹാരപദാര്‍ഥങ്ങളില്‍ നിന്നു പോഷകങ്ങള്‍ വേര്‍തിരിച്ച് രക്തത്തിനും കോശത്തിനും വലിച്ചെടുക്കാവുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ് ദഹനത്തിലൂടെ സാധിച്ചെടുക്കുന്നത്. വായ തൊട്ട് ഗുദം വരെയായി ഏതാണ്ട് മുപ്പതടി നീളമുള്ള അന്നപഥത്തില്‍ വെച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാകുന്നത്.

വായയില്‍ വെച്ചുതന്നെ ദഹനം തുടങ്ങുന്നു. ചവയ്ക്കുമ്പോള്‍ ഭക്ഷണപദാര്‍ഥം വളരെ ചെറുതായി മാറുന്നു. മൂന്ന് ജോഡി ഉമനീര്‍ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഉമിനീര്‍ ഭക്ഷണത്തെ നനച്ച് മൃദുവാക്കുക മാത്രമല്ല, ഉമിനീരിലെ ട്യാലിന്‍ എന്ന ദഹന എന്‍സൈം ഭക്ഷണത്തിലെ അന്നജനങ്ങളെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഉമിനീരിലെ മ്യൂസിന്‍(mucin) എന്ന പദാര്‍ഥമാണ് അയവുള്ള രൂപമാക്കി മാറ്റുന്നത്. വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള വഴി താനെ അടയുകയും ഉദരത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു.

വായില്‍ നിന്ന് തൊണ്ടയിലെത്തിയ ഉടനെ തൊണ്ടയിലെ കുഴല്‍ അമര്‍ത്തിയടയ്ക്കുമ്പോഴാണ് ഭക്ഷണ ഉരുള താഴേക്കിറങ്ങുന്നത്. അതുപോലെ ഭക്ഷണത്തിലുടനീളം കുഴല്‍ അമര്‍ന്നമര്‍ന്ന് ഉരുളയെ തള്ളിക്കൊണ്ടു പോകുന്നു. ഇത്തരം പേശീചലനങ്ങളെ പെരിസ്റ്റാള്‍സിസ് എന്നു പറയുന്നു. ഉപവാസ-വ്രത സമയങ്ങളില്‍ ഈ ചലനം മന്ദഗതിയിലാകുന്നത് മൂലം വിഷാംശങ്ങളടങ്ങിയ മാലിന്യങ്ങള്‍ പുറംതള്ളാന്‍ കരളിന് ആയാസം ലഭിക്കുന്നു.

ഉദരത്തിലെ പേശീചലനങ്ങള്‍ മൂലം തന്നെ ഭക്ഷണം ഉരുള മര്‍ദിക്കപ്പെടുന്നു. മിനുട്ടില്‍ മൂന്നു തവണ ഇങ്ങനെ ശക്തിയായി അമര്‍ത്തപ്പെടുന്ന ഭക്ഷണം ആകെ കുഴഞ്ഞ് കലര്‍ന്ന് ദഹനരസങ്ങളുമായി ലയിച്ചുചേരുന്നു. ഉദരത്തില്‍ മാത്രം ഏകദേശം മൂന്നുകോടി ദഹനരസഗ്രന്ഥികളുണ്ട്. പെപ്‌സിനും ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ന്നാണ് മാംസ്യം വിഘടിപ്പിക്കുന്നത്.

കൊഴുപ്പുകളില്‍ ചിലത് മാത്രമേ ഉദരത്തില്‍ വെച്ച് വിഘടിപ്പിക്കപ്പെടുന്നുളളൂ. കുടലില്‍വച്ചാണ് കൊഴുപ്പുദഹനം നടക്കുന്നത്. ഉദരത്തിലെ ദഹനപ്രക്രിയ തീരുന്നതോടെ ആഹാരം കൊഴുത്ത ഒരു തരം ദ്രാവകമായി മാറുന്നു. കുടലിലെ ‘ഡ്യൂവോഡിന’ ത്തില്‍ വെച്ച് പാന്‍ക്രിയാസ് ഗ്രന്ഥികളിലെ രസങ്ങളുമായി ഇത് ചേരുന്നു. അവയിലെ എന്‍സൈമുകള്‍ ദഹിക്കാന്‍ ബാക്കിയുള്ള അന്നജത്തെയും മാംസ്യത്തെയും ദഹിക്കാനുള്ള കൊഴുപ്പിനെയും ദഹിപ്പിക്കുന്നു. പിത്താശയഗ്രന്ഥി (gail bladder)യില്‍ നിന്നുമുള്ള സ്രവങ്ങള്‍ കൊഴുപ്പിന്റെ വിഘടനത്തിന് ആക്കം കൂട്ടുന്നു. ഭക്ഷ്യാവശിഷ്ടത്തിലെ ജലം വലിച്ചെടുക്കുന്നത് വന്‍കുടലില്‍ വെച്ചാണ്.

ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഉദരത്തിലെ ദഹനപ്രക്രിയ തിരക്കുപിടിച്ച് നടക്കും. മൂന്നു മണിക്കൂറിനകം അത് പൂര്‍ത്തിയാകുന്നു. അമിതാഹാരം മൂലം എട്ടു മണിക്കൂര്‍ വരെ ഉദരത്തില്‍ ഭക്ഷണം കെട്ടിക്കിടക്കാറുണ്ട്. ഇത് പിന്നീട് അജീര്‍ണമായി രൂപപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വ്രതം വഴി ഈ കെട്ടിക്കിടപ്പു വസ്തുക്കളെയും അജീര്‍ണത്തെയും സൂക്ഷിപ്പുമുതലിനെയും ശരിയായി ഉപയോഗപ്പെടുത്താനാകുന്നു.

വിശപ്പിന്റെ നിയന്ത്രണം

മനുഷ്യശരീരത്തിലെ ഭക്ഷ്യധാതുക്കളുടെ അളവും വിശപ്പിന്റെ നിയന്ത്രണവും പ്രധാനമായും നിര്‍വഹിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തിലെ ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗമാണ്. ആഹരിക്കലും ആഹരിക്കാതിരിക്കലും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ രണ്ട് കേന്ദ്രങ്ങളാണ്. പാര്‍ശ്വത്തിലായി സ്ഥിതി ചെയ്യുന്ന ‘ഭക്ഷ്യകേന്ദ്രം’, മധ്യത്തിലായി സ്ഥിതി ചെയ്യുന്ന തൃപ്തി കേന്ദ്രം എന്നിവയാണ് ആ കേന്ദ്രങ്ങള്‍.

ഭക്ഷ്യകേന്ദ്രത്തിന്റെ ഉദ്ദീപനം നിയന്ത്രണമില്ലാത്ത ആഹരിക്കലും, ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ വിശപ്പും പ്രദാനം ചെയ്യുമെന്നും, തൃപ്തികേന്ദ്രത്തിന്റെ ഉദ്ദീപനം ആഹരിക്കലിന്റെ സ്തംഭനവും ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ ഭോജനവും അതുവഴി ഹൈപ്പോതലാമസിന്റെ പൊണ്ണത്തടി എന്ന മാരകരോഗവും ഉണ്ടാക്കുന്നുവെന്നും പരീക്ഷണ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. (ref. The hypothalamus: Haymaker, W, Anderson E, Nauta WJH)

ഭക്ഷ്യ കേന്ദ്രത്തിന്റെയും തൃപ്തികേന്ദ്രത്തിന്റെയും നിയന്ത്രണം പ്രധാനമായും നിര്‍ണിയിക്കുന്നത് ശരീരകോശങ്ങളിലെ പഞ്ചസാര(ഗ്ലൂക്കോസ്)യുടെ അളവിലെ വ്യതിയാനങ്ങളാണ്. ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണ വിഗിരണ തോതിലുള്ള തുലനാവസ്ഥ പ്രസ്തുത കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് മൂലം അത്തരം കോശങ്ങള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളെന്ന് വിളിക്കപ്പെടുന്നു.

മനുഷ്യശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70-110 mg/dl ആണ്. ഗ്ലൂക്കോസിന്റെ കോശ അളവ് കുറയുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു. അപ്പോള്‍ ഭക്ഷ്യ കേന്ദ്രത്തിന്റെ ധര്‍മം തകിടംമറിയുകയും കലശമായ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് കൂടുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ഭക്ഷ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മിതപ്പെടുകയും വ്യക്തിക്ക് ആഹാരം ‘മതിയായതായി’ അനുഭവപ്പെടുകയും ചെയ്യുന്നു.

ശരീരത്തിലെ ഗ്ലൂക്കോസിന്റെ തോത് നിശ്ചിത അനുപാതത്തില്‍ കുറയുമ്പോള്‍ വിവിധ ഗ്രന്ഥികളിലേക്ക് കേന്ദ്ര നാഡീവ്യൂഹത്തില്‍ നിന്നു ‘സന്ദേശ’ ങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുന്നു. കോശങ്ങളിലെ ഊര്‍ജക്കലവറകളില്‍ സംഭരിച്ചുവെച്ചിട്ടുള്ള ഗ്ലൈക്കോജനും കൊഴുപ്പു പദാര്‍ഥങ്ങളും ഗ്ലൂക്കോസാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയ പുനരാരംഭിക്കുന്നു. പ്രധാന അന്തസ്രാവഗ്രന്ഥികളായ പിറ്റിയൂറ്ററി, തൈറോയിഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുവഴി ശരീരകോശങ്ങളിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനില്ക്കുകയും ചെയ്യുന്നു.

ശരീരകോശങ്ങളിലെ ഊര്‍ജക്കലവറ പ്രധാനമായും ഉദരഭാഗത്തും മുതുകിലും പൃഷ്ഠഭാഗത്തുമാണ് കേന്ദ്രീകരിക്കപ്പെട്ടിട്ടുളളത്. ഗ്ലൈക്കോജന്റെയും വിവിധതരം കൊഴുപ്പുകളുടെയും രൂപത്തിലുള്ള സംഭരണികളായാണ് ഊര്‍ജക്കലവറകള്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്.

ദഹനവ്യവസ്ഥ: നിയന്ത്രണവും ഏകോപനവും

ദഹനേന്ദ്രിയ വ്യവസ്ഥയുടെ ക്രമീകൃതമായ പ്രവര്‍ത്തനം പ്രധാനമായും നിയന്ത്രിക്കുന്നത് അന്നപഥമടക്കമുള്ള ആന്തരികാവയവങ്ങളുടെ നാഡീശൃംഖലകളുടെ വിന്യാസവും ദഹനരസങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാംസബന്ധിതമായ ശൃംഖലയടങ്ങുന്ന Auerbach’s plexus ഉം ഉപരിശ്ലേഷ്മ (submucous) ശൃംഖലയടങ്ങുന്ന (Meissner’s plexus)മാണ് ദഹനേന്ദ്രിയ വ്യൂഹത്തിലെ പ്രധാന നാഡീശൃംഖലാ വിന്യാസങ്ങള്‍. ഇവയുടെ ഉദ്ദീപനം (stimulation)വിവിധ ദഹനഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാന്‍ കാരണമായിത്തീരുന്നു.

ദഹനവ്യവസ്ഥയിലെ പ്രധാന ഹോര്‍മോണുകള്‍ രണ്ട് കുടുംബങ്ങളില്‍ പെടുന്നു. ഗാസ്ട്രിന്‍ കുടുംബം, സെക്രിറ്റിന്‍ കുടുംബം എന്നിവയാണവ ഗാസ്ട്രിന്‍ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ഗാസ്ട്രിനും കോലിസിസ്‌റ്റോകൈനിനുമാണ്. സെക്രിറ്റില്‍ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ സെക്രിറ്റിന്‍, ഗ്ലൂക്കഗോണ്‍,ഗ്ലിസെന്റിന്‍, വാസോ ആക്ടീവ് ഇന്റസ്‌റ്റൈനല്‍ പെപ്‌റ്റെഡ് (vip), ഗാസ്റ്റട്രിക് ഇന്‍ഹിബിറ്ററി പെപ്റ്റഡ് എന്നിവയുമാണ്.

വിവിധ ഹോര്‍മോണുകളും എന്‍സൈമുകളുമാണ് ദഹനപ്രക്രിയ രൂപപ്പെടുത്തുന്നതെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണം ഇതിനും ബാധകമാണ്. വിവിധതരം ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതും കേന്ദ്ര നാഡീവ്യവസ്ഥയാകയാല്‍ തന്നെ വ്രതംമൂലം വളര്‍ത്തിയെടുക്കുന്ന ആത്മനിയന്ത്രണത്തിനും മനഃസ്ഥൈര്യത്തിനും മാനസിക സന്തുലിതാവസ്ഥയ്ക്കും ദഹനവ്യവസ്ഥയുടെ ഏകോപനത്തില്‍ പ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു.

വ്രതവും സ്ത്രീകളും

നിശ്ചിത സമയങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വ്രതത്തിന്റെ സമയങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില നാഡീസംവഹനികള്‍ സ്‌ത്രൈണ ലൈംഗികാവയവങ്ങളെ ഉദ്ദീപിപ്പിക്കുന്നുവെന്നും അതുവഴി പ്രത്യുത്പാദനശേഷിയും അതോടൊപ്പം തന്നെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ ഗര്‍ഭസ്ഥശിശുവിനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും വര്‍ധിക്കുന്നതായി ഒരു സംഘം അമേരിക്കന്‍ ആരോശ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു ! (Medicine today: British broadcasting corporation (BBC) channel)

വ്രതം മൂലം സ്ത്രീകളിലെ കൊഴുപ്പിന്റെ അംശം കുറയുകയും പൊണ്ണത്തടി ചുരുങ്ങുകയും ചെയ്യുന്നത് വളരെയധികം രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുതകും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഐച്ഛിക നോമ്പുകളെടുക്കുന്നവരില്‍ താരതമ്യേന കുറവാണ്.

വ്രതത്തിന്റെ ശരീരശാസ്ത്രം

മനുഷ്യന്‍ ആഹരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ ദഹിപ്പിക്കുക എന്നത് ശരീരത്തില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ധാന്യങ്ങളിലും പഴവര്‍ഗങ്ങളിലുമടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്, വിവിധതരം പ്രോട്ടീന്‍ (മാംസ്യം), എണ്ണയിലും കൊഴുപ്പിലുമടങ്ങിയ ഫാറ്റ് എന്നീ വ്യത്യസ്ത രൂപത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള ഭക്ഷ്യപദാര്‍ഥങ്ങളെ ദഹിപ്പിച്ച് ഗ്ലൂക്കോസ്, ഫ്രക്‌ടോസ് തുടങ്ങിയ പഞ്ചസാരകളും, അമിനോ ആസിഡുകള്‍, ഗ്ലിസറോള്‍ തുടങ്ങിയവയുമായി രൂപാന്തരപ്പെടുന്നു. ശരീരത്തിനാവശ്യമായ ഊര്‍ജം ഉപയോഗിച്ച് ബാക്കി വരുന്നവയെ ഗ്ലൈക്കോജന്‍, കൊഴുപ്പ്, പ്രോട്ടീനുകള്‍ തുടങ്ങിയ രൂപങ്ങളില്‍ ശരീരത്തില്‍ നിക്ഷേപിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു. ഒരു പരിധിവരെ ഈ ശേഖരം പഞ്ഞകാലങ്ങളില്‍ ഉപയോഗപ്പെടുത്താമെങ്കില്‍ ആവശ്യത്തിലധികം സൂക്ഷിപ്പുമുതല്‍ വര്‍ധിക്കുമ്പോള്‍ അത് വിവിധ ജൈവപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. metabolic waste എന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിക്കപ്പെടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുകയും തല്‍ഫലമായി രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡിയും എന്‍സൈമുകളും ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയും കഴിവും തീരെ കുറയുകയും ചെയ്യുന്നു.

ഭക്ഷണം ശാരീരികാവശ്യങ്ങള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നത് പോലെത്തന്നെ അത് ദഹിപ്പിക്കാനും അധികമുള്ളവ സംഭരിക്കാനും ശരീരത്തിന് ഊര്‍ജം വ്യയംചെയ്യേണ്ടതുണ്ട്. ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും തല്‍ഫലമായി രൂപംകൊള്ളുന്ന അജീര്‍ണം പ്രതിരോധശേഷി കുറയ്ക്കുകയും വിവിധ രോഗാണുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

വ്രതത്തിന്റെ ഘട്ടത്തില്‍ ദഹനരസോത്പാദനവും ദഹനാവയവങ്ങളുടെ പേശീചലനവും വളരെ മന്ദഗതിയിലാകുന്നു. തല്‍ഫലമായി കരളില്‍ ശേഖരിച്ചുവെച്ചിരുന്ന മാലിന്യങ്ങളും വിഷാംശങ്ങളും വിവിധ metabolite കളായി പിത്തരസത്തോടൊപ്പം ചെറുകുടലിന്റെ ഭാഗമായ ഡുവോഡിനത്തിലൂടെ പുറന്തള്ളപ്പെടുന്നു. കൂടുതല്‍ കൊഴുപ്പ് ഭക്ഷിച്ചിരുന്ന വ്യക്തിയാണെങ്കില്‍ പിത്തരസത്തിന്റെ ഉത്പാദനവും കൂടും. പേശീചലനത്തിന്റെ കുറവുമൂലം ചെറിയതോതില്‍ സ്തംഭനമോ മലബന്ധമോ ഉണ്ടാകാനിടയുണ്ട്.

ശരീരത്തിലെ വിസര്‍ജന-ശുദ്ധീകരണ-അവയവങ്ങളിലെല്ലാം വ്രതത്തോടനുബന്ധിച്ച് വ്യതിയാനങ്ങള്‍ കാണാവുന്നതാണ്. ഉമിനീര്‍രസത്തിന് സാന്ദ്രത കൂടുകയും അളവ് കുറയുകയും കയ്പ് രുചിയും ദുസ്വാദും അനുഭവപ്പെടുകയും ചെയ്യുന്നു. സാധാരണയില്‍ നിന്നും ഭിന്നമായ സ്രവങ്ങള്‍ ഉദരത്തിലും വയറ്റിലുമെത്തുന്നതിന്റെ ഫലമായി അവയ്ക്ക് പുളിപ്പ് പ്രക്രിയ നടക്കുകയും തല്‍ഫലമായി രൂപംകൊള്ളുന്ന വാതകത്തെ പുറംതള്ളുന്നത് മൂലം ഡയഫ്രം മേലോട്ടുയരുകയും നേരിയ നെഞ്ചിടിപ്പും നാഡിമിടിപ്പു വര്‍ധനയുമുണ്ടാകുന്നു. വൃക്കയിലെ സൂക്ഷ്മനാളികളില്‍ എത്തിക്കൊണ്ടിരുന്ന പദാര്‍ഥങ്ങളുടെ സാന്ദ്രതയില്‍ വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായി വരുന്ന അവസ്ഥാന്തരം (phase shift) മൂലം നേരിയ മൂത്രതടസ്സം അനുഭവപ്പെടാവുന്നതാണ്. വിയര്‍പ്പിന്റേതുപോലെ മൂത്രത്തിനും ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്.

വ്രതത്തിന്റെ തുടക്കത്തിലെ രണ്ടുമൂന്നു ദിവസങ്ങളില്‍ മാത്രമേ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരികാരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങുന്നു. ശരീരത്തിലെ ദുര്‍മേദസ്സ് (ഗ്ലൈക്കോജന്‍, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ) ഉപയോഗിച്ചു തീര്‍ന്നാല്‍ പിന്നീട് ശരീരം ഉപയോഗശൂന്യമായ കോശങ്ങളുടെ മേല്‍ കൈവെക്കുന്നു. ഇത് ഏകദേശം പത്ത് ദിവസത്തിനുള്ളിലായിരിക്കും. തുടര്‍ന്നും ഉപവസിച്ചാല്‍ ശരീരം ഗുരുതരമായി പ്രതികരിക്കും. ദീര്‍ഘകാലം ജലപാനം പോലുമില്ലാതെ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിനെ ആത്മപീഡയായി മാത്രമേ കാണാനാകൂ. അതിനാലാണ് ഇസ് ലാമിലെ വ്രതരീതി പ്രഭാതം മുതല്‍ പ്രദോഷം വരെയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിമതം ഒരിക്കലും പ്രകൃതിവിരുദ്ധമായ ആത്മപീഡക്കും സ്വയം നാശത്തിനും വഴിവെക്കില്ലല്ലോ.

ഉപവാസവേളയില്‍ ഹൃദയമിടിപ്പ് അല്പം കുറയുന്നു. ശരീരത്തിന് പ്രാണവായു അല്പം മതിയെന്നത് ഹൃദയത്തിനുള്ള ഒരു താല്‍ക്കാലിക വിശ്രമവും ആശ്വാസവുമാണ്. അതേസമയം തന്നെ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്നു. കാരണം ഓക്‌സീകരണത്തിന്റെ കുറവ് ആകാം. ആര്‍ ബി സിയുടെ എണ്ണം കൂടുന്നതിനാല്‍ പ്രാണവായുവിന്റെ കുറവ് അനുഭവപ്പെടുന്നില്ല. വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുന്നതുമൂലം മജ്ജയ്ക്ക് വിശ്രമം ലഭിക്കുന്നു.

മുപ്പത് ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന വ്രതം മൂലം തലച്ചോറിലെ മടക്കുകളിലെ കൊഴുപ്പുശേഖരം ഉപയോഗപ്പെടുത്താനും അത് ഒഴിവാക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ‘അഗാധ’ ങ്ങളിലേക്ക് സന്ദേശങ്ങള്‍ പ്രവഹിപ്പിക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെയാണ് തെളിഞ്ഞ ബുദ്ധിയും വ്യക്തമായധിഷണയും ഉപവസിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതെന്ന് ആരോഗ്യരംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

രക്തം ശുദ്ധീകരിക്കപ്പെടുന്നത് മൂലവും ദുര്‍മേദസ്സ് ഒഴിവാകുന്നത് മൂലവും അധ്വാനഭാരം കുറയുന്നത് മൂലവും ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുകയും പുതിയ ഓജസ്സും ഉണര്‍വും ശക്തിയും കൈവരികയും ചെയ്യുന്നു. കരളില്‍ ശുദ്ധീകരണവും മിനുക്കുപണികളും നടക്കുന്നു. അതുവഴി കരള്‍വീക്കം പോലുള്ള രോഗങ്ങളില്‍ നിന്ന് കരള്‍ മുക്തമാകുന്നു. മദ്യപാനവും അമിതാഹാരവുമാണ് സിറോസിസിനു (കരള്‍വീക്കം) കാരണം. മുസ്‌ലിം സമുദായത്തില്‍ സിറോസിസ് അളവ് കുറയാനുള്ള പ്രധാന കാരണം മദ്യപാനം നിഷിദ്ധമായതും വര്‍ഷത്തില്‍ ഒരു മാസം വ്രതാനുഷ്ഠാനം നടത്തുന്നതുമാണെന്ന് കണ്ടെത്താം!

വൃക്കയിലെ നെഫ്രോണുകളും ട്യൂബുകളും നല്ലപോലെ ‘കഴുകി’ ശുദ്ധിയാക്കല്‍ വ്രതം മൂലം നടക്കുന്നു. എല്ലിന്റെ മജ്ജക്ക് ആശ്വാസവും പ്രവര്‍ത്തനക്ഷമതയും വീണ്ടെടുക്കാനാകുന്നു. ഹൃദയത്തിന് വേണ്ടത്ര ‘ആശ്വാസ’വും ജോലിഭാരവും കുറയുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുകൊണ്ട് മാത്രമല്ല, വ്രതശുദ്ധി മൂലം തന്നെ ഹൃദയഭിത്തി, ഹൃദയധമനി എന്നിവക്ക് പുതിയ ഉണര്‍വ് ഉണ്ടാകുന്നുവെന്നും അനുമാനിക്കപ്പെടുന്നുണ്ട്. നാഡികളും തലച്ചോറും ശുദ്ധീകരിക്കുന്നത് മൂലം വ്രതകാലത്ത് മാനസികാസ്വാസ്ഥ്യങ്ങള്‍ കുറവാണ്. കാഴ്ചശക്തിയും സ്പര്‍ശശക്തിയും സ്വാദും ഘ്രാണശക്തിയും കേള്‍വിയും വര്‍ധിക്കുന്നു.

ശാരീരികവും മാനസികവുമായ ഒട്ടുവളരെ ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ഒട്ടേറെ രോഗങ്ങള്‍ തടയുകയും ചെയ്യുന്ന വ്രതം പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞപോലെ ഒരു പരിചതന്നെയാണ്, ആത്മീയവും ശാരീരികവുമായ പ്രതിരോധവും സുരക്ഷയും ഒരേസമയം പ്രദാനം ചെയ്യുന്ന പരിച!

ദുര്‍മേദസ്സിനെ പറഞ്ഞുവിടുന്നു

ദുര്‍മേദസ്സ് അനിയന്ത്രിതവും അമിതവും ക്രമരഹിതവുമായ ആഹാരരീതിയുടെ സന്തതിയാണ്. വിവിധതരം രക്ത-ഹൃദ്‌രോഗങ്ങള്‍, പ്രമേഹം, പിത്താശയ രോഗങ്ങള്‍ , രക്തസമ്മര്‍ദം മുതലായ ഒട്ടനവധി രോഗങ്ങള്‍ ദുര്‍മേദസ്സിന്റെ കൂടപ്പിറപ്പാണ്. ഒരു പുരുഷന്റെ തൂക്കത്തിന്റെ 20% ത്തിലധികം കൊഴുപ്പില്‍ നിന്നും സ്ത്രീയുടെ തൂക്കത്തിന്റെ 25% ത്തിലധികം കൊഴുപ്പില്‍ നിന്നുമാകുമ്പോള്‍ ദുര്‍മേദസ്സ് രൂപപ്പെടുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അമിതപോഷണം മൂലം ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, സന്ധിരോഗങ്ങള്‍, പിത്താശയരോഗങ്ങള്‍ തുടങ്ങിയ ഒട്ടനവധി രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിവിധ ശസ്ത്രക്രിയകള്‍ ഗുരുതരവ്യാധികള്‍ എന്നിവയില്‍ നിന്ന് ശരീരം സുഖം പ്രാപിക്കുന്നതിന് ദുര്‍മേദസ്സ് തടസ്സം സൃഷ്ടിക്കുന്നു.

‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; അമിതമാവരുത്’ (വി.ഖു) എന്ന സന്ദേശം അമിതാഹാരവും ധൂര്‍ത്തുമുയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ മാത്രമല്ല; അവ ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധിയും കൂടി അനാവരണം ചെയ്യുന്നു.

‘ ആദമിന്റെ മകന്‍ (മനുഷ്യന്‍) അവന്റെ ഉദരത്തെക്കാള്‍ ചീത്തയായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന് അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മാത്രം മതി. അനുപേഷ്യമാണെങ്കില്‍ ഉദരത്തിന്റെ മൂന്നിലൊരു ഭാഗം അവന്റെ ആഹാരത്തിനും മൂന്നിലൊരു ഭാഗം കുടിനീരിനും മൂന്നിലൊരുഭാഗം സുഗമമായ ശ്വാസോച്ഛ്വാസത്തിനുമായി അവന്‍ നീക്കിവെക്കട്ടെ’ (നസാഈ, തുര്‍മുദി, അഹ്മദ്). അമിതമായ ആഹാരവും ധൂര്‍ത്തും സങ്കീര്‍ണമായ രോഗങ്ങള്‍ക്ക് നിമിത്തമായി പരിണമിക്കുന്നു.

ദുര്‍മേദസ്സ് ഇന്ന് സമ്പന്നരാജ്യങ്ങളുടെ മാത്രമല്ല, മൂന്നാം രാഷ്ട്രങ്ങളിലെപ്പോലും സാമൂഹിക പ്രതിസന്ധിയായി മാറുന്നു. ശരീരഭാഗം കുറയ്ക്കാനും കൊഴുപ്പിന്റെ അംശം കുറയ്ക്കാനും ചിലര്‍ ഭീമമായ തോതില്‍ പണം ചെലവഴിക്കുന്നു.

മനുഷ്യനെ അധ്വാനശീലനും പ്രയാസങ്ങളോട് മല്ലിടേണ്ടവനുമായാണ് ദൈവം സൃഷ്ടിച്ചത്(വി.കു. 90: 4). അലസപൂര്‍ണവും ആഡംബരബന്ധിതവുമായ ഒരു ജീവിതമല്ല, മറിച്ച് ക്ലേശപൂര്‍ണവും അധ്വാനബന്ധിതവുമായ ജീവിതമാണ് ഇസ്‌ലാം വിഭാവനചെയ്യുന്നത്.

കൊല്ലത്തില്‍ ഒരു മാസക്കാലം നിര്‍ബന്ധമായും ഉപവാസമനുഷ്ഠിക്കാനാവശ്യപ്പെടുന്ന ഇസ്‌ലാം മറ്റ് ഏത് ഉപവാസ പദ്ധതികളെക്കാളും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണോപാധിയാണ് കാഴ്ചവെക്കുന്നത്. ഇതിനേക്കാള്‍ ചുരുങ്ങിയ ഇടവേളയാണ് ഉപവാസത്തിന് നിശ്ചയിക്കുന്നതെങ്കില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ‘മെറ്റബൊളൈസ്’ ചെയ്യപ്പെട്ട് ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ലാഘവം നല്കാന്‍ അത് മതിയാകുകയില്ല. കൊല്ലം മുഴുവന്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന (അമിതാഹാരി) ഒരാള്‍ക്കുപോലും ദുര്‍മേദസ്സ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഒരു മാസത്തെ വ്രതം പര്യാപ്തമായിരിക്കും.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരിക്കുന്ന പകല്‍ സമയമാണ് ഇസ്‌ലാം വ്രതത്തിന് നിശ്ചിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഊര്‍ജവിനിയോഗം മന്ദഗതിയിലാകുന്ന രാത്രിയില്‍ വ്രതം പകലത്തെപ്പോലെ ഫലപ്രദമാകില്ല. പകല്‍സമയത്ത് ഉറങ്ങിയാലും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിനാല്‍ നോമ്പ് നോറ്റുകൊണ്ട് പകലുറങ്ങുന്നത് നോമ്പിന്റെ ആരോഗ്യപരമായ പ്രയോജനം കുറയാന്‍ കാരണമാകും.

നോമ്പിന്റെ മര്യാദകള്‍

നോമ്പനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്
ചുവടെ.
1. പാതിരാ ഭക്ഷണം (السحور)

നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി
പാതിയായതുമുതല്‍ പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു:

(പാതിരാഭക്ഷണം അനുഗ്രഹമാണ്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. അത് ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടായാലും മതി. കാരണം, പാതിരാഭക്ഷണം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നു. മലക്കുകള്‍ അവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.)

കിഴക്കെ ചക്രവാളത്തില്‍ പ്രകാശത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രഭാതം. പ്രഭാതമായെന്ന് മനസ്സിലാകുംവരെ ഭക്ഷണം കഴിക്കാം. അതുവഴി നോമ്പിന് ഭംഗം വരുന്നില്ല. പ്രഭോതോദയത്തിനു ശേഷം ഭക്ഷണം കഴിക്കാവതല്ല.

ഖുര്‍ആന്‍ പറയുന്നു:

(കറുത്ത രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളിരേഖ പ്രത്യക്ഷപ്പെട്ടതായി നിങ്ങള്‍ക്ക് വ്യക്തമാകുംവരെ തിന്നുകയുംകുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക البقرة:187))

ഈ ഭക്ഷണം പ്രഭാതോദയത്തിന് തൊട്ടുമുമ്പാവുന്നതാണ് ഉത്തമം. അംറുബ്നുമൈമൂന്‍ (റ) പറയുന്നു:

(നബി (സ)യുടെ അനുചരര്‍ വേഗം നോമ്പ്മുറിക്കുന്നവരും വൈകിമാത്രം പാതിരാഭക്ഷണംകഴിക്കുന്നവരുമായിരുന്നു.)
2. അസ്തമയം ഉറപ്പായാല്‍ വേഗം നോമ്പ് മുറിക്കുക. നബി (സ) പറഞ്ഞതായി സഹ്ലുബ്നു സഅദ് (റ) ഉദ്ധരിക്കുന്നു:(വേഗത്തില്‍ നോമ്പ് മുറിക്കുന്ന കാലത്തോളം ജനങ്ങള്‍ ന•യിലായിരിക്കും.)

നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം തിന്നുകൊണ്ടോ അതില്ലാത്തപക്ഷം വെള്ളം കുടിച്ചുകൊണ്ടോ ആവുന്നതും ഈത്തപ്പഴം ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയാവുന്നതും നല്ലതാണ്. അനസ് (റ) പറയുന്നു:

(നബി(സ) നമസ്കരിക്കുംമുമ്പ് ഏതാനും ‘റുത്വബ്’ തിന്നുകൊണ്ട് നോമ്പു മുറിക്കുകയായിരുന്നു പതിവ്. ‘റുത്വബ്’ ഇല്ലെങ്കില്‍ ഈത്തപ്പഴം തിന്നുകൊണ്ട് . അതുമില്ലെങ്കില്‍ ഏതാനും ഇറക്ക് വെള്ളം കുടിക്കും.)

ഇവ്വിധം ലഘുവായി നോമ്പ് തുറന്ന് നമസ്കരിച്ചശേഷം ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ ഭക്ഷണാനന്തരം നമസ്കരിക്കുന്നതാണ് ഉത്തമം. നബി(സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു:

(ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചിട്ടുണ്ടെങ്കില്‍ മഗ്രിബ് നമസ്കരിക്കും മുമ്പ് നിങ്ങള്‍ അതു കഴിച്ച് തുടങ്ങുക.

ഭക്ഷണത്തിനുമുമ്പ് ധൃതിയില്‍ നമസ്കരിക്കണമെന്നില്ല.)

3. നോമ്പ് സമയങ്ങളിലും നോമ്പ് മുറിക്കുമ്പോഴും പ്രാര്‍ഥിക്കുക. നബി (സ) പറയുന്നു:

(മൂന്നുപേരുടെ പ്രാര്‍ഥന തള്ളിക്കളയുകയില്ല. നോമ്പുകാരന്റെ പ്രാര്‍ഥന, അയാള്‍ നോമ്പുമുറിക്കുംവരെ; നീതിമാനായ ഭരണാധികാരി; മര്‍ദ്ദിതന്‍.)
4. നോമ്പിന് ഇണങ്ങാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു:

(തീനും കുടിയും ഉപേക്ഷിക്കലല്ല വ്രതം. അനാവശ്യവാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കലാണ് വ്രതം. ആരെങ്കിലും നിന്നെ അസഭ്യം പറഞ്ഞാല്‍ അല്ലെങ്കില്‍ നിന്നോട് അവിവേകം ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞേക്കുക.)
5. നോമ്പുള്ളപ്പോള്‍ പല്ലുതേച്ച് വായ വൃത്തിയാക്കുക. ഉച്ചയ്ക്കു മുമ്പ്, ശേഷം എന്ന ഭേദം ഇക്കാര്യത്തിലില്ല. ആമിറുബ്നു റബീഅ (റ) പറയുന്നു:

(കണക്കാക്കാനാവാത്തത്ര തവണ, നോമ്പുകാരനായിരിക്കെ നബി (സ) ദന്തശുദ്ധി വരുത്തുന്നതു ഞാന്‍ കണ്ടിട്ടുണ്ട്്.)
6. ഖുര്‍ആന്‍ പഠന പാരായണവും ദാനവും

ഖുര്‍ആന്‍ പഠനം, പാരായണം, ദാനം എന്നിവയ്ക്ക് നോമ്പുകാലത്ത് സവിശേഷ പ്രാധാന്യമുണ്ട്്. ഇബ്നു അബ്ബാസ് (റ) പറയുന്നു:

(നബി (സ) ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരനായിരുന്നു. നബി(സ) കൂടുതല്‍ ഉദാരനാവുക റമദാനില്‍ ജിബ്രീല്‍ അദ്ദേഹത്തെ വന്നുകാണുമ്പോഴായിരുന്നു. ജിബ്രീലാകട്ടെ റമദാനില്‍ എല്ലാ രാത്രിയിലും നബി(സ)യുടെ അടുക്കല്‍ വന്ന് ഖുര്‍ആന്‍ പാരായണം ചെയ്യിക്കും. അപ്പോള്‍ നബി(സ) അടിച്ചുവീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരിക്കും.)

fastind days
7. റമദാനിന്റെ അവസാനത്തെ പത്തുദിവസങ്ങളില്‍ ആരാധനയില്‍ കൂടുതല്‍ മുഴുകുക. ആയിശ (റ) പറയുന്നു:

(അവസാനത്തെ പത്തുദിവസങ്ങളില്‍ നബി (സ) രാത്രി സജീവമാക്കും. വീട്ടുകാരെ വിളിച്ചുണര്‍ത്തും, അരമുറുക്കിയുടുക്കും.) രാത്രി നമസ്കാരം, ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ എന്നിവ അധികരിപ്പിക്കുകയാണുദ്ദേശ്യം.purpleandgreenflowersinstones

ഫിത്വ്ര്‍ സകാത്ത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം വരെ

ഫിത്വ്ര്‍ സകാത്ത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം വരെ

ലേഖകൻ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ഉഥൈമീന്‍

ഈ അനുഗൃഹീത മാസത്തിലെ പകലുകള്‍ നോമ്പും ഖുര്‍ആന്‍ fitr zakatപാരായണവും, ദിക്‌റും കൊണ്ട് പരിപാലിക്കപ്പെടുകയായിരുന്നു. അതിലെ രാവുകള്‍ നമസ്‌കാരവും, പ്രാര്‍ത്ഥനയും കൊണ്ട് മുഖരിതമായിരുന്നു. ആ പ്രശോഭിതമായ പകലുകള്‍ അവസാനിച്ചിരിക്കുന്നു. നന്മ ചൊരിഞ്ഞ ആ രാവുകള്‍ വിടചൊല്ലിയിരിക്കുന്നു. ദിവസത്തിലെ ഒരു മണിക്കൂര്‍ പോലെ, എത്ര വേഗത്തിലാണ് അത് യാത്രയായത്! അല്ലാഹു നമുക്ക് അനുഗ്രഹം വര്‍ഷിക്കുകയും, കാരുണ്യത്തോടും, പാപമോചനത്തോടും, നരകമോക്ഷത്തോടും കൂടി റമദാന്‍ അവസാനിപ്പിക്കാന്‍ ഉതവിയേകുകയും ചെയ്യുമാറാവട്ടെ.

ഈ മാസത്തിന്റെ അവസാനത്തില്‍ മഹത്തായ ആരാധനകള്‍ അല്ലാഹു നമുക്ക് മേല്‍ നിയമമാക്കിയിരിക്കുന്നു. നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാനും, ആരാധനകളുടെ ന്യൂനതകള്‍ പരിഹരിക്കാനും, അല്ലാഹുവിന്റെ അനുഗ്രഹം നമുക്കുമേല്‍ പൂര്‍ത്തീകരിക്കാനും വേണ്ടിയാണ് അത്.
ഫിത്വ്ര്‍ സകാത്തും, തക്ബീറും, പെരുന്നാള്‍ നമസ്‌കാരവും അല്ലാഹു നമുക്ക് നിയമമാക്കിയിരിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതിനാല്‍ നാം വിശ്വാസികള്‍ പ്രവാചക കല്‍പനപിന്‍പറ്റി, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടതുണ്ട്. ചെറിയവനെന്നോ വലിയവനെന്നോ, ആണെന്നോ പെണ്ണെന്നോ, അടിമയെന്നോ ഉടമയെന്നോ, ഭേദമില്ലാതെ എല്ലാ മുസ്‌ലിമും അത് നല്‍കാന്‍ ബാധ്യസ്ഥനാണ്. ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന് അത് ബാധകമല്ല. അതാത് നാട്ടിലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ഒരു സ്വാഅ് എന്ന നിലക്കാണ് അത് നല്‍കേണ്ടത്.
നല്ല മനസ്സോടെ, ഏറ്റവും ഉത്തമമായ ഭക്ഷണമാണ് നല്‍കേണ്ടത്. വര്‍ഷത്തില്‍ ഒരു സ്വാഅ് മാത്രമായിരിക്കെ അതിന്റെ കാര്യത്തില്‍ ആരും പിശുക്കുകാണിക്കേണ്ടതില്ല.
ദരിദ്രര്‍ക്കാണ് അത് നല്‍കേണ്ടത്. ബന്ധുക്കളില്‍ പെട്ട ദരിദ്രരുണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഒരു ദരിദ്ര കുടുംബത്തിന് മാത്രമായി നല്‍കുകയോ, ഒന്നിലധികം കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കുകയോ ചെയ്യാം. എല്ലാവരും ഒരുമിച്ചുശേഖരിച്ച് വിതരണം ചെയ്യുന്നതും അനുവദനീയമാണ്.
പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്വ്ര്‍ സകാത്ത് നല്‍കുന്നതാണ് ഉത്തമം. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നല്‍കുന്നതിലും കുഴപ്പമില്ല. അതിനേക്കാള്‍ മുമ്പ് നല്‍കാതിരിക്കുന്നതാണ് നല്ലത്. ന്യായമായ കാരണങ്ങളില്ലാതെ പെരുന്നാള്‍ നമസ്‌കാരശേഷമാകാം എന്നു കരുതി പിന്തിക്കാനും പാടുള്ളതല്ല.
നാം ജീവിക്കുന്ന പ്രദേശത്ത് -സ്വന്തം രാജ്യമാണെങ്കിലും അല്ലെങ്കിലും- നല്‍കുകയാണ് നല്ലത്. വിശിഷ്യ മക്കയും മദീനയും പോലുള്ള വിശിഷ്ട സ്ഥലങ്ങളിലാണെങ്കില്‍.
മാസം പൂര്‍ത്തിയായാല്‍ തക്ബീര്‍ ചൊല്ലണമെന്നത് അല്ലാഹു കല്‍പിച്ചതാണ്. :’നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്’.(അല്‍ബഖറ:185)
പെരുന്നാള്‍രാവിലേക്ക് വ്രതമവസാനിക്കുന്ന രാത്രി)സൂര്യന്‍ അസ്തമിക്കുന്നതോടെ നമുക്ക് തക്ബീര്‍ ചൊല്ലിത്തുടങ്ങാം. പള്ളികളിലും വീടുകളിലും അങ്ങാടികളിലും വെച്ച് നമുക്ക് അല്ലാഹുവിനെ മഹത്ത്വപ്പെടുത്താം. അല്ലാഹുവിന്റെ ചിഹ്നത്തെ ഉയര്‍ത്തിപ്പിടിച്ച് നമുക്ക് ഉറക്കെ തക്ബീര്‍ ചൊല്ലാം.
പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം എല്ലാവരും പങ്കെടുത്ത് കൊള്ളട്ടെ. ആര്‍ത്തവക്കാരികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആ സംഗമത്തിന് സാക്ഷികളാവട്ടെ.
നമുക്ക് പെരുന്നാള്‍ നമസ്‌കാരത്തിനായി പുറപ്പെടാം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്, പ്രവാചകകല്‍പന പാലിച്ച് നമുക്ക് പ്രാര്‍ത്ഥനയിലേര്‍പെടാം. നന്മകള്‍ വര്‍ഷിക്കുന്ന, അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്ന, പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്ന ആ സുവര്‍ണനിമിഷങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാം.

ശസ്ത്രക്രിയക്ക് ശേഷം നോമ്പ്

ശസ്ത്രക്രിയക്ക് ശേഷം നോമ്പ്

ramadan-2013-2
ഞാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. വ്രതമനുഷ്ഠിക്കുന്നത് ഡോക്ടര്‍ വിലക്കുകയുണ്ടായി. എങ്കിലും ഓപ്പറേഷനുശേഷം രണ്ടു വര്‍ഷം നോമ്പെടുത്തു. വല്ലാതെ ക്ഷീണിച്ചുവെന്നതായിരുന്നു ഫലം. ഞാന്‍ ബുദ്ധിപരമായ ജോലികളിലേര്‍പ്പെടുന്നവനാണ്. അപ്പോഴെനിക്ക് നോമ്പിനുപകരം തെണ്ടം കൊടുത്താല്‍ മതിയാകുമോ? അത് പണമായി നല്കാമോ?

രോഗിക്ക് നോമ്പൊഴിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. സൂറതുല്‍ ബഖറയില്‍ 185-ാം സൂക്തത്തില്‍ ‘വല്ലവനും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുന്നപക്ഷം മറ്റുദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു’
എന്ന ഭാഗമാണതിന്നാധാരം. അതിനാല്‍ വ്യക്തമായ പ്രമാണങ്ങളും (നസ്സ്വ്) പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായവും രോഗിക്ക് നോമ്പൊഴിക്കുന്നതിനുള്ള അനുമതി നല്കുന്നു. പക്ഷേ, നോമ്പൊഴിക്കല്‍ അനുവദനീയമാകുന്ന രോഗമേത് ? നോമ്പ് നോല്‍ക്കുന്നതുമൂലം അധികരിക്കുന്നതോ ശമനത്തിന് കാലതാമസം നേരിടുന്നതോ നോമ്പുകാരന് കഠിനമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതോ? ഉദാഹരണമായി ഉപജീവനം നേടിക്കൊടുക്കുന്ന തൊഴില്‍ ചെയ്യുവാന്‍ സാധിക്കാതിരിക്കുക- ആയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് നോമ്പൊഴിക്കാന്‍ അനുവാദമുള്ളത്. ഇമാം അഹ്്മദിനോട് ഒരാള്‍ ചോദിച്ചു: ‘രോഗി എപ്പോഴാണ് നോമ്പൊഴിക്കേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘സാധിക്കാതെ വരുമ്പോള്‍’. വീണ്ടും ചോദ്യം: ‘ പനിപോലെ?’ അദ്ദേഹം പറഞ്ഞു: ‘പനിയേക്കാള്‍ കഠിനമായ രോഗം വേറേയേത്?’ രോഗങ്ങള്‍ പല വിധമുണ്ടെന്നര്‍ഥം. അവയില്‍ ചിലത് നോമ്പിനെ ഒട്ടും ബാധിക്കില്ല. പല്ലുവേദന, വിരലിലെ മുറിവ് തുടങ്ങിയ രോഗങ്ങള്‍ ഉദാഹരണം ചില രോഗങ്ങള്‍ക്ക് വ്രതം നല്ലൊരു ചികിത്സയാണ്. ദഹനക്കേട്, വയറിളക്കം തുടങ്ങി വയറിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അതില്‍പ്പെടുന്നു. ഇത്തരം രോഗങ്ങള്‍ക്ക് നോമ്പൊഴിക്കല്‍ അനുവദനീയമല്ല. കാരണം വ്രതം രോഗിക്ക് ദോഷകരമല്ലെന്നു മാത്രമല്ല പ്രയോജനപ്രദം കൂടിയാണ്. നോമ്പെടുക്കുന്നത് രോഗിക്ക് ദോഷം ചെയ്യുമെന്ന് തോന്നുന്നുവെങ്കില്‍ മാത്രമേ നോമ്പൊഴിക്കുന്നത് അനുവദനീയമാകൂ. നോമ്പെടുക്കുന്നതുകൊണ്ട് രോഗം വര്‍ധിക്കുമെന്ന് ആശങ്കയുള്ള രോഗിക്ക് നോമ്പ് ഒഴിക്കാന്‍ അനുവാദമുള്ളത്‌പോലെ, നോമ്പു മൂലം രോഗം വരുമെന്ന് ഭയപ്പെടുന്ന രോഗമില്ലാത്ത ഒരാള്‍ക്കും നോമ്പൊഴിക്കുന്നത് അനുവദനീയമാണ്. ഇതെല്ലാം തീരുമാനിക്കുവാന്‍ ചില മാനദണ്ഡങ്ങളുണ്ട്.
ഒന്നുകില്‍ വ്യക്തിപരമായ അനുഭവപരിചയം; അല്ലെങ്കില്‍, വിദഗ്ധനും വിശ്വസ്തനും മതനിഷ്ഠയുള്ളവനുമായ ഒരു ദിഷഗ്വരന്റെ നിര്‍ദേശം. വിദഗ്ധനും മതനിഷ്ഠയുള്ളവനുമായ ഒരു ഡോക്ടര്‍ ഒരാള്‍ക്ക് വ്രതാനുഷ്ഠാനം ദോഷകരമെന്ന് വിധിക്കുന്നപക്ഷം അയാള്‍ നോമ്പൊഴിക്കേണ്ടത് നിര്‍ബന്ധമാണ്. നോമ്പൊഴിക്കാന്‍ അനുവാദമുള്ള രോഗി ക്ലേശങ്ങള്‍ സഹിച്ച് നോമ്പെടുക്കുന്നുവെങ്കില്‍, അയാള്‍ കറാഹത്തായ കാര്യമാണ് ചെയ്യുന്നത്. കാരണം, സ്വശരീരത്തെ പീഡിപ്പിക്കുകയാണയാള്‍. നോമ്പ് ഒഴിക്കുക എന്നത് അല്ലാഹു അനുവദിച്ച ഒരിളവ് സ്വീകരിക്കലാണ്. അയാളുടെ നോമ്പ് സ്വീകാര്യമായിത്തീരുമെന്നത് മറ്റൊരു കാര്യം. വ്രതം വമ്പിച്ച ദോഷം ചെയ്യുമെന്ന് തീര്‍ച്ചപ്പെട്ടു കഴിഞ്ഞതിനു ശേഷം നോമ്പു നോല്ക്കുമെന്ന് വാശിപിടിക്കുന്നവന്‍ ഒരു ‘ഹറാം’ പ്രവര്‍ത്തിക്കുകയാണ്. ദാസന്റെ ശരീരത്തെ പീഡിപ്പിക്കേണ്ട ഒരാവശ്യവും അല്ലാഹുവിന്നില്ല. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്; നിശ്ചയം, നിങ്ങളോട് ഏറ്റം കരുണയുള്ളവനത്രെ അല്ലാഹു.’
ചോദ്യകര്‍ത്താവുന്നയിച്ച ഒരു പ്രശ്‌നം കൂടിയുണ്ട്. നോമ്പുപേക്ഷിച്ച ദിവസങ്ങള്‍ക്കു പകരം അഗതിക്ക് ആഹാരം നല്കാമോ? രോഗം രണ്ടുവിധമുണ്ട്. നിശ്ചിത കാലത്തിന്നകം ശമനം പ്രതീക്ഷിക്കാവുന്നത്; ഇത്തരം രോഗങ്ങള്‍ക്ക് തെണ്ടം സ്വീകാര്യമല്ല. നഷ്ടപ്പെട്ട നോമ്പ് രോഗം സുഖപ്പെട്ട ശേഷം നോറ്റുവീട്ടുകതന്നെ വേണം. ‘മറ്റു ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. വിട്ടുമാറാത്ത രോഗം ബാധിച്ചവര്‍ നോമ്പൊഴിക്കുന്ന കാര്യത്തില്‍ പടുവൃദ്ധരുടെ കൂട്ടത്തില്‍ പെടുന്നു. രോഗം വിട്ടുമാറാത്തതാണോ എന്നു തീരുമാനിക്കേണ്ടത് സ്വന്തം അനുഭവപരിചയത്തിലൂടെയോ ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരമോ ആവാം. അത്തരക്കാര്‍ തെണ്ടം നല്കണം – ഒരു നോമ്പിന് പകരം ഒരു അഗതിക്ക് ആഹാരം. ഇമാം അബൂഹനീഫയെപ്പോലുള്ള ചില പണ്ഡിതരുടെ വീക്ഷണത്തില്‍ ആഹാരത്തിന്റെ വില പണമായി, ദരിദ്രര്‍ക്കു നല്കിയാല്‍ മതിയാകുന്നതാണ്.

റമദാന്‍ വിടപറയുമ്പോള്‍/ وداع رمضان

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസത്തോട് മുസ് ലിം സമൂഹം വിട പറയുകയാണ്. പെരുന്നാളിനെ സ്വീകരിക്കാനൊരുങ്ങുന്ന മനസ്സിന്റെ കുളിര്‍മ്മയിലും, ഈ വിശുദ്ധ മാസത്തെ വിട്ടു പിരിയുന്നതിന്റെ വേദന സത്യവിശ്വാസികളുടെ ഉള്ളകങ്ങളിലുണ്ട്. ഞങ്ങള്‍ നോറ്റ നോമ്പും, നിന്ന് നമസ്‌കാരവും, ഖുര്‍ആന്‍ പാരായണവും, ഇഅ്തികാഫുമെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കേണമേയെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍ വിശ്വാസികള്‍. റമദാന്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറച്ച ഭയഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും അന്തരീക്ഷത്തിലായിരുന്നു ഇന്നലകളില്‍ നാം. ഇന്ന് നാം നിറ കണ്ണുകളോടെ, വൃണിത ഹൃദയത്തോടെ റമദാനെ യാത്രയാക്കുകയാണ്. ഇനി നമ്മുടെ ഈ മാന്യ അഥിതിയെ സല്‍ക്കരിക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കാണം. ഈ മാന്യ അതിഥിക്ക് ആതിഥ്യമരുളാന്‍ അടുത്ത വര്‍ഷം ആരൊക്കെയുണ്ടാകുമെന്ന് അറിയില്ല. അതുകൊണ്ട് ഈ അതിഥിയോട് വിട പറയുന്നത്, അവസാന ആതിഥ്യവും സ്വീകരിച്ചു വിട പറയുന്നതു പോലെയാണ്. തന്റെ സൃഷ്ടിജാലങ്ങളില്‍ അല്ലാഹുവിന്റെ നടപടികള്‍ ഇപ്രകാരമാണ്. ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നു. വര്‍ഷങ്ങള്‍ അവസാനിച്ചു കൊണ്ടിരിക്കുന്നു. നാളെ ഈ ഭൂമിയുടെ അവകാശികള്‍ നമ്മളല്ല. നമുക്ക് ശേഷം ഈ ഭൂമിയെ അനന്തരമെടുക്കാന്‍ അടുത്ത തലമുറകള്‍ വരികയായി.
ഈ മാസം നമ്മെ വിട്ടു പിരിയുമ്പോള്‍, ഈ മാസത്തിലൂടെ സദ് വൃത്തരായ ആളുകള്‍ നമുക്കിടയിലുണ്ട്. ഈ മാസത്തില്‍ ചില ആളുകള്‍ മോശക്കാരായിത്തീര്‍ന്നിട്ടുമുണ്ട്. സദ്‌വൃത്തരായ വിശ്വാസികള്‍ക്ക് ഈ മാസം അനുകൂലമായി സാക്ഷി പറയും. ഈ വിശുദ്ധ മാസത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും പാപങ്ങളില്‍ നിന്ന് മോചനം നേടാത്തവര്‍ക്കെതിരില്‍ ഈ മാസം സാക്ഷി പറയും. നോമ്പെടുക്കുകയും, എന്നാല്‍ ആ നോമ്പിനെ വേണ്ട വണ്ണം പരിഗണിക്കാതെ അശ്രദ്ധമായി തള്ളിനീക്കിയവര്‍ നോമ്പിനെ ബാധിക്കാവുന്ന ദോഷങ്ങളെ തൊട്ട് അവര്‍ ജാഗരൂകരായിരുന്നില്ല.
ഈ അനുഗ്രഹീത അവസരങ്ങള്‍ ഉപയോഗപ്പെടുത്താതിരുന്നപ്പോള്‍, നാം തീരെ ഓര്‍ത്തില്ല, ഒരിക്കല്‍ കൂടി ഈ സൗഭാഗ്യം നമുക്ക് നേടാന്‍ കഴിയുമോ ഇല്ലയോയെന്ന്?
അല്ലയോ പുണ്യ മാസമേ, നിനക്ക് വിട, നിനക്ക് സലാം. നിന്നെ ഞങ്ങള്‍ എത്ര പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടിയതാണ്. എന്നിട്ട് ഇപ്പോള്‍ നീ വിട പറയുമ്പോള്‍, നിന്റെ സാന്നിധ്യം കണ്ണിമ ചിമ്മും പോലെ ശുഷ്‌ക്കമായി തോന്നുന്നു. സത്യത്തില്‍, നന്മകളില്‍ മുന്നേറി മത്സരിക്കാന്‍ കഴിയുന്നവര്‍ക്ക് നീ എത്ര നല്ല അവസരവും സന്ദര്‍ഭവുമാണ് ഒരുക്കി തന്നത്. ആ ദിന രാത്രങ്ങളില്‍ ഞങ്ങള്‍ കുറെയൊക്കെ നിന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിന്റെ വിശുദ്ധിയും പവിത്രതയും കണക്കിലെടുത്ത് ഞങ്ങള്‍ വിശപ്പും ദാഹവും സഹിച്ചു. കുറേയേറെ ഉറക്കമിളച്ചു. ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍, നിന്ന് നിന്നെ സജീവമാക്കാന്‍ ഞങ്ങള്‍ ദൈവസ്മരണ നില നിര്‍ത്താന്‍ കുറെയേറെ പരിശ്രമിച്ചു. എങ്കിലും പോരാ, ഞങ്ങള്‍ അല്‍പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍, ഇനിയും പുണ്യങ്ങള്‍ യഥേഷ്ഠം നേടാമായിരുന്നു.
ഇപ്പോള്‍ ഞങ്ങള്‍ ഒന്നുകൂടി തിരിച്ചറിയുന്നു, ഈ മാസം ഞങ്ങള്‍ക്ക് മുമ്പില്‍ ചൊരിഞ്ഞ മുഴുവന്‍ അനുഗ്രഹങ്ങളും, ശ്രേഷ്ഠതകളും, നന്മകളും നിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നുവെന്ന്. ഞങ്ങളുടെ ആയുസ്സ് അതിന് സാക്ഷിയാണ്. നീ ഞങ്ങളില്‍ നിന്ന് വിട പറയുമ്പോള്‍, ഞങ്ങള്‍ സ്വയം ഞങ്ങളോട് തന്നെ ചോദിച്ച് നോക്കട്ടെ! മാന്യനായ ഈ അതിഥിയുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെന്ത് നേട്ടമുണ്ടാക്കിയെന്ന്? ഈ മാസത്തില്‍ ഞങ്ങളെന്ത് ചെയ്തുവെന്ന്? ഞങ്ങളുടെ ഹൃദയത്തില്‍ എന്ത് അനുരണനങ്ങളാണ് നീ സൃഷ്ടിച്ചെതെന്ന്? ഞങ്ങളുടെ ഹൃദയത്തില്‍ നീ മൂലമുണ്ടായ സദ് ഫലങ്ങള്‍ എന്താണെന്ന്? ഞങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും നീ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന്? ഞങ്ങളുടെ പ്രിയ മാന്യ അതിഥീ, താങ്കളുടെ സാന്നിധ്യത്തിലും, ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലും ഞങ്ങള്‍ കുറെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു. എന്നാല്‍ താങ്കള്‍ വിട പറയുന്നതോടെ, ആ സല്‍ക്കര്‍മ്മങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെ വരുമോ, ഇതോടെ അവസാനിക്കുമോ ഞങ്ങളുടെ നന്മകള്‍? ഞങ്ങള്‍ ഞങ്ങളോട് തന്നെ ചോദിക്കുകയാണ്, നമ്മുടെ പൂര്‍വ്വ സൂരികളായ സലഫുകളെ പോലെ, റമദാന്‍ വിട വാങ്ങുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നതു പോലെ ദുഃഖവും പ്രയാസവും നമുക്കുണ്ടോ? ഇനിയുമൊരു റമദാന്‍ ലഭിക്കുമോ എന്ന പേടിയുണ്ടായിരുന്നു അവര്‍ക്ക്. അതുകൊണ്ടാണവര്‍ റമദാന് ശേഷവും റമദാനിലെ ഞങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത്.
റമദാന്‍ കഴിഞ്ഞുള്ള ആറു മാസങ്ങളില്‍ കഴിഞ്ഞ റമദാനിലെ തങ്ങളുടെ കര്‍മ്മങ്ങളെ സ്വീകരിക്കണമെന്നവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ആ പൂര്‍വ്വ സൂരികള്‍ അവരുടെ കര്‍മ്മങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റണമെന്ന ശാഠ്യക്കാരായിരുന്നു. എന്നിട്ട് അത് സ്വീകരിക്കാന്‍ അല്ലാഹുവോട് നിരന്തരം പ്രാര്‍ത്ഥിക്കും. തന്റെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുമോ എന്ന ഭയം എന്നിട്ടും അവരില്‍ നിന്ന് വിട്ടകന്നില്ല.
ഒരിക്കല്‍ നബിയുടെ പ്രിയ പത്‌നി ആയിശ (റ) പ്രവാചകനോട് ചോദിച്ചുവല്ലോ. ‘തങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങി ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവര്‍’ ( സൂറ: മുഅ്മിനൂന്‍ 60) എന്ന് സൂറത്തുല്‍ മുഅ്മിനൂനില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും ചെയ്ത ആളുകളായിരുന്നുവോ എന്ന് നബിയോട് ചോദിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘ഒരിക്കലുമല്ല, സിദ്ധീഖിന്റെ പുത്രീ, അവര്‍ നമസ്‌കരിക്കുന്നവര്‍ തന്നെയാണ്. നോമ്പെടുക്കുകയും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാണവര്‍, എന്നാല്‍ അതൊക്കെ അല്ലാഹു സ്വീകരിക്കുമോ എന്ന ഭയാശങ്ക വെച്ചു പുലര്‍ത്തുന്നവരാണവര്‍’.
നമ്മില്‍ നിന്ന് ഈ അതിഥി വിട വാങ്ങുമ്പോള്‍, ഈ അതിഥിയുടെ അഭാവമുണ്ടാക്കുന്ന ദുഃഖത്തിനു പുറമെ നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരിക്കണം. മേല്‍ സൂചിപ്പിച്ച സൂക്തത്തിലെ വിശ്വാസികളെ പോലെ, നമ്മുടെ കര്‍മ്മങ്ങള്‍ എത്രകണ്ട് സ്വീകരിക്കപ്പെടുമെന്ന് നമ്മളും ഭയപ്പെടേണ്ടിയിരിക്കുന്നു.
ഈ വിശുദ്ധ റമദാനിലെ മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍

നോമ്പ് മുറിയുന്ന കാര്യങ്ങള്‍ مبطلات الصوم


താഴെ വിവരിക്കുന്ന ഏതെങ്കിലുെമാരു കാര്യം സംഭവിച്ചാല്‍ അത് നോമ്പ് മുറിയാന്‍ ഇടയാക്കും. അതിനാല്‍ അതു സംഭവിക്കാതെ സൂക്ഷിക്കേണ്ടതു നോമ്പുകാരന്റെ ബാധ്യതയാണ്. അതില്‍തന്നെ ചില സംഗതികള്‍ ചെയ്ത് നോമ്പ് മുറിഞ്ഞാല്‍ ആ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. മറ്റു ചില സംഗതികള്‍ ചെയ്ത് നോമ്പ് മുറിഞ്ഞാല്‍ നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം ചെയ്യുകകൂടി വേണം.
നോമ്പ് മുറിയുകയും നോറ്റുവീട്ടല്‍ നിര്‍ബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങള്‍:
1. ബോധപൂര്‍വം തിന്നുകയോ കുടിക്കുകയോ ചെയ്യുക.
നോമ്പുസമയത്ത് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ടോ, അബദ്ധവശാലോ, നിര്‍ബന്ധിതനായോ ആണ് തിന്നുകയോ കുടിക്കുകയോ ചെയ്തതെങ്കില്‍ നോമ്പ് മുറിയുന്നില്ല.
നബി (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: ‘അബദ്ധം, മറവി, ബലപ്രയോഗത്തിന് വിധേയമായി ചെയ്യുന്ന കാര്യം എന്നിവ അല്ലാഹു എന്റെ സമുദായത്തിന് ഇളവ് ചെയ്തുകൊടുത്തിട്ടുണ്ട്’
2. മനഃപൂര്‍വം ഛര്‍ദ്ദിക്കുക
വായില്‍ വിരലിട്ടോ മറ്റോ ബോധപൂര്‍വം ഛര്‍ദ്ദിക്കുന്നതും നോമ്പ് മുറിയാന്‍ കാരണമാവും. എന്നാല്‍ സ്വാഭാവിക ഛര്‍ദ്ദികൊണ്ട് നോമ്പ് മുറിയുകയില്ല.
നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: ‘ഛര്‍ദ്ദി ആരെയെങ്കിലും കീഴ്‌പ്പെടുത്തിയെങ്കില്‍ അവന്‍ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. ബോധപൂര്‍വം ഛര്‍ദ്ദിച്ചവന്‍ നോറ്റുവീട്ടണം.’
3. ആര്‍ത്തവവും പ്രസവവും
നോമ്പിന്റെ അവസാന നിമിഷങ്ങളിലായാല്‍പോലും, ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെട്ടുതുടങ്ങിയാല്‍ നോമ്പ് മുറിയും. അതു പിന്നീട് നോറ്റുവീട്ടുകയും വേണം.
4. ഇന്ദ്രിയസ്ഖലനം
ലൈംഗികബന്ധം കാരണമായോ ഭാര്യയെ ചുംബിച്ചതു കാരണമായോ ആലിംഗനം ചെയ്തതിനാലോ മുഷ്ടിമൈഥുനം നിമിത്തമോ ഇന്ദ്രിയം സ്ഖലിച്ചാലും നോമ്പ് മുറിയും. എന്നാല്‍ ഭാര്യയെ നോക്കുക മാത്രം ചെയ്തതിനാലാണ് ഇന്ദ്രിയം സ്ഖലിച്ചതെങ്കില്‍ നോമ്പ് മുറിയുകയില്ല. മദ്‌യ് പുറപ്പെട്ടതുകൊണ്ടും നോമ്പ് മുറിയുകയില്ല.
5. മറ്റു വസ്തുക്കള്‍ അകത്തുചെന്നാല്‍
വായ, മൂക്ക് തുടങ്ങിയ സാധാരണ മാര്‍ഗങ്ങളിലൂടെ ഭക്ഷണപാനീയങ്ങളല്ലാത്ത മറ്റു വല്ലതും ഉള്ളില്‍ ചെന്നാലും നോമ്പു മുറിയും.
6. നോമ്പ് മുറിക്കാന്‍ തീരുമാനിച്ചാല്‍
ഒന്നും ഉള്ളില്‍ ചെന്നില്ലെങ്കിലും നോമ്പ് മുറിക്കുകയാണെന്ന് തീരുമാനിച്ചാല്‍ നോമ്പ് മുറിയും.
7. പ്രഭാതമായിട്ടില്ലെന്നോ സൂര്യന്‍ അസ്തമിച്ചെന്നോ ധരിച്ച് ഭക്ഷണം കഴിക്കുകയും പിന്നീട് ധാരണ തെറ്റിയതായി തെളിയുകയും ചെയ്താലും നോമ്പ് മുറിയുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. തെറ്റു പറ്റുന്നതും മറവി സംഭവിക്കുന്നതുമായ കാര്യങ്ങളില്‍ അല്ലാഹു ഇളവു നല്കിയിട്ടുണ്ടെന്ന ഹദീഥിന്റെ അടിസ്ഥാനത്തില്‍ അവമൂലം നോമ്പ് മുറിയുകയില്ലെന്ന് പ്രമുഖ പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തംകൂടി നിര്‍ബന്ധമാവുന്നകാര്യം ഭാര്യയുമായി ലൈംഗിക ന്ധത്തിലേര്‍പ്പെടലാണ്. ഭാര്യ അവളുടെ നോമ്പ് നോറ്റുവീട്ടുകയേ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ പുരുഷന്‍ നോമ്പുനോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കുകയോ, അതു സാധ്യമല്ലാത്ത സാഹചര്യത്തചന്റ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കുകയോ, അതും സാധ്യമല്ലെങ്കില്‍ തന്റെ കുടുംബത്തിന് നല്‍കുന്ന രീതിയില്‍ അറുപത് അഗതികള്‍ക്ക് മാന്യമായ ഭക്ഷണം നല്‍കുകയോ ചെയ്യണം.
അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: ‘റമദാനില്‍ (ഭാര്യാസംസര്‍ഗം വഴി) നോമ്പ് മുറിച്ച ആളോട് ഒരു അടിമയെ മോചിപ്പിക്കാന്‍, അല്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കാന്‍, അതുമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നബി(സ) കല്പിച്ചു.’