Category Archives: കവിതകള്‍

മുസ്ത്വഫസ്സിബാഈയുടെ സംഭാവനകള്‍

പോരാട്ടവീര്യവും പാണ്ഡിത്യവും മേളിച്ച വ്യക്തിത്വമാണ് ഇനിയും വേണ്ടവിധം മലയാളികള്‍ക്ക് പരിചിതനായിക്കഴിഞ്ഞിട്ടില്ലാത്ത ഡോ. മുസ്ത്വഫസ്സിബാഈ(1915-1964). ദമസ്‌കസിലെ ഹിംസ്വില്‍ ആയിരുന്നു ജനനവും പ്രാഥമിക വിദ്യാഭ്യാസവും. ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. പിതാവ് ശൈഖ് ഹസനുസ്സിബാഈയെ കൂടാതെ ത്വാഹിറുല്‍ അത്വാസി, സാഹിദ് അത്വാസി, മുഹമ്മദ് യാസീന്‍, അനീസ് കലാലിബ് എന്നിവരും ദമസ്‌കസില്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. 1933-ല്‍ ഉപരിപഠനത്തിനായി ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലെത്തി.
ഇത് സിബാഈയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ശരീഅത്ത്, ഫിഖ്ഹ്, ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ അടിസ്ഥാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സവിശേഷ പഠനം നടത്തിയതെങ്കിലും അധ്യാപകനായോ മുഫ്തിയായോ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയാറായിരുന്നില്ല. 1948-ല്‍ ഖുദ്‌സ് മോചിപ്പിക്കാന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ആഹ്വാനമുണ്ടായപ്പോള്‍ പോരാളികള്‍ക്കൊപ്പം അദ്ദേഹവും ചേര്‍ന്നു. ‘ആയിരങ്ങള്‍ ഒന്നിച്ച് ചെയ്യേണ്ട ജോലി ഒറ്റക്ക് ചുമലിലേറ്റിയ ആള്‍’ എന്ന് സിബാഈ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. കൊളോണിയല്‍ ശക്തികള്‍ അറബ്‌ലോകത്ത് പിടിമുറുക്കിയ കാലമാണ്. സിറിയയിലെ ഫ്രഞ്ച് കൊളോണിയലിസത്തിനും ഈജിപ്തിലെയും ഫലസ്ത്വീനിലെയും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ അദ്ദേഹം പൊരുതി. അറബ്‌നാടുകളിലെ ഏതാണ്ടെല്ലാ കൊളോണിയല്‍ ഭരണകൂടങ്ങളും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഏക പോരാളിയും ഒരു പക്ഷേ സിബാഈയായിരിക്കും. യൗവനത്തിന്റെ നല്ലൊരു പങ്ക് ഫലസ്ത്വീനിലെയും ഹിംസ്വിലെയും ബൈറൂത്തിലെയും തടവറകളിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. അമ്പത് വയസ്സാകുന്നതിന് മുമ്പ് രോഗിയാവാനും മരണപ്പെടാനും അതും ഒരു കാരണമായിട്ടുണ്ടാകാം.
ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം വ്യാപരിച്ച ധൈഷണിക-പ്രവര്‍ത്തന മേഖലകളുടെ വൈപുല്യവും വൈവിധ്യവും ആരെയും അതിശയിപ്പിക്കും. സിറിയയില്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് മാത്രമല്ല, അവിടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് അടിത്തറയിട്ടതും അദ്ദേഹമാണ് (നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിറിയയിലെ ഇഖ്‌വാന്‍ ഇന്ന് ശക്തമായ ഒരു രാഷ്ട്രീയ ധാരയെ പ്രതിനിധീകരിക്കുന്നു). 1949 മുതല്‍ 1954 വരെ സിറിയന്‍ പാര്‍ലമെന്റില്‍ അംഗവുമായിരുന്നു അദ്ദേഹം.
എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന അക്കാദമിക മേഖലയിലായിരുന്നു. ”നമ്മുടെ നാഗരികതയുടെ ശോഭന ചിത്രങ്ങള്‍ വരച്ചുകാണിക്കുന്നതുകൊണ്ട് അതിലുള്ളതെല്ലാം മനോഹരവും ശോഭനവും ആണെന്ന് നമുക്ക് അഭിപ്രായമില്ല. വീഴ്ചകള്‍ പറ്റാത്ത സംസ്‌കാരമുണ്ടോ ചരിത്രത്തില്‍? മാനുഷികത ഏറ്റവും ശക്തവും സുന്ദരവുമായി പ്രതിഫലിച്ച് കാണുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിലാണ് എന്നേ അര്‍ഥമാക്കുന്നുള്ളൂ. നമ്മുടെ സംസ്‌കാരത്തിലുള്ളതെല്ലാം നിന്ദ്യവും വിലകെട്ടതുമാണെന്ന് ആരോപിക്കുന്നവര്‍ക്കുള്ള, പ്രമുഖ സംസ്‌കാരങ്ങളുടെ പട്ടികയില്‍നിന്ന് ഇതിനെ വെട്ടിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്-” ‘നമ്മുടെ സംസ്‌കാരം: ചില ശോഭന ചിത്രങ്ങള്‍’ (മിന്‍ റവാഇഇ ഹളാറതിനാ) എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ. സിബാഈ എഴുതി. സിബാഈയുടെ അക്കാദമിക പഠനത്തിന്റെയും വിമര്‍ശനത്തിന്റെയും സവിശേഷതകള്‍ ഈ വരികളില്‍ വായിക്കാം. അതിലൊന്നാമത്തേത് നിഷ്പക്ഷതയാണ്. പഠനവിഷയം വൈകാരികമായി നമ്മോട് എത്രമാത്രം അടുത്ത് നില്‍ക്കുന്നതാണെങ്കിലും വസ്തുതകള്‍ മറച്ചുവെക്കാനോ ദുര്‍വ്യാഖ്യാനം ചെയ്യാനോ ശ്രമിക്കരുത്. അതേസമയം ഇസ്‌ലാമിക സംസ്‌കാരത്തെ വേരോടെ പിഴുതു മാറ്റാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുത്തുനില്‍ക്കുകയും വേണം.
ഈ സാംസ്‌കാരിക ചെറുത്തുനില്‍പിന്റെ മികച്ച ഉദാഹരണമാണ് സിബാഈയുടെ മാസ്റ്റര്‍ പീസായ ‘ഇസ്‌ലാമിക നിയമ നിര്‍മാണത്തില്‍ പ്രാവാചകചര്യയുടെ സ്ഥാനം’ (അസ്സുന്നത്തു വ മകാനതുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി) എന്ന കൃതി. പ്രവാചകചര്യക്ക് നിയമനിര്‍മാണത്തിലുള്ള സ്ഥാനം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കാനാണ് ഇതിലെ ആദ്യ അധ്യായങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. അതിലല്ല കൃതിയുടെ ഊന്നല്‍. അക്കാര്യം പൂര്‍വികരും സമകാലികരുമായ നിരവധി പണ്ഡിതന്മാര്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടല്ലോ. യഥാര്‍ഥത്തില്‍, ‘നമ്മുടെ സംസ്‌കാരത്തിലുള്ളതെല്ലാം നിന്ദ്യവും വിലകെട്ടതുമാണെന്ന് ആരോപിക്കുന്നവര്‍ക്കും പ്രമുഖ സംസ്‌കാരങ്ങളുടെ പട്ടികയില്‍നിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെ വെട്ടിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കുമുള്ള മറുപടിയാണിത്.’
ഈ കൃതി രചിക്കാന്‍ ഒരു ചരിത്രപശ്ചാത്തലമുണ്ട്. ഗോള്‍ഡ് സീഹറിനെപ്പോലുള്ള ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ ‘ഇസ്‌ലാമിക പഠനങ്ങള്‍’ എന്ന പേരില്‍ ധാരാളം കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള കടുത്ത പക്ഷപാതിത്വവും ശത്രുതയുമായിരുന്നു ഈ കൃതികളുടെ മുഖമുദ്ര. ഇസ്‌ലാമിക ഭരണക്രമത്തെയും സംസ്‌കാരത്തെയും തകര്‍ക്കുക എന്ന കൊളോണിയല്‍-ക്രൈസ്തവ മിഷനറി ഗൂഢലക്ഷ്യങ്ങളും ഓറിയന്റലിസ്റ്റ് പഠനങ്ങള്‍ക്ക് പ്രേരണയാണ്. ഈ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ പ്രവാചകചര്യയെയും പ്രവാചകന്റെ വ്യക്തിത്വത്തെയും കടന്നാക്രമിക്കുക എന്നതാണ് അവര്‍ സ്വീകരിച്ച രീതി. പ്രവാചകനെ സ്ത്രീലമ്പടനും യുദ്ധക്കൊതിയനുമായി ചിത്രീകരിച്ച് ആ മഹദ്‌വ്യക്തിത്വത്തെ തേജോവധം ചെയ്യാന്‍ ശ്രമിച്ചു. പ്രവാചകചര്യക്കെതിരിലുള്ള ആക്രമണം കൂടുതല്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായിരുന്നു. ഇസ്‌ലാമിക ശരീഅത്തിനെ സംരക്ഷിക്കുന്ന ഇരുമ്പ് കവചം എന്ന് മുഹമ്മദ് അസദ് വിശേഷിപ്പിക്കുന്ന സുന്നത്തിനെതിരെ ബഹുമുഖ ആക്രമണമാണ് അവര്‍ പ്ലാന്‍ ചെയ്തത്. സുന്നത്ത് ഇസ്‌ലാമിക നിയമസംഹിതയുടെയോ സംസ്‌കാരത്തിന്റെയോ അടിസ്ഥാനമല്ല എന്ന് വരുത്തിത്തീര്‍ക്കലാണ് ആത്യന്തിക ലക്ഷ്യം. അതിന് ഹദീസുകള്‍ നിവേദനംചെയ്ത സ്വഹാബിമാരെക്കുറിച്ച് നുണകളും അപവാദങ്ങളും അര്‍ധ സത്യങ്ങളും പ്രചരിപ്പിച്ച് അവരുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ഹീന തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്.
സ്വഹാബിമാരെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന കൃതികള്‍ അറബിയില്‍തന്നെ എഴുതപ്പെട്ടു. ഇതര ഭാഷകളില്‍ ഇറങ്ങിയ ഇത്തരം കൃതികള്‍ ഉടനടി അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ഒടുവിലത്തെ അത്താണിയായ പേരിനുള്ള ഖിലാഫത്തും തകര്‍ന്ന് പറ്റെ ശിഥിലമായിക്കഴിഞ്ഞിരുന്നു മുസ്‌ലിം സമൂഹം. മുസ്‌ലിംലോകത്തെ കൊളോണിയല്‍ ആധിപത്യം ഓറിയന്റലിസ്റ്റ് പ്രചാരണങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശൈശവദശയിലായതിനാല്‍ പ്രതിരോധിക്കാനും ആളുണ്ടായിരുന്നില്ല. മുസ്‌ലിംലോകത്തെ ബുദ്ധിജീവികളില്‍ ബഹുഭൂരിപക്ഷവും ഓറിയന്റലിസ്റ്റ് വാദമുഖങ്ങള്‍ ഏറ്റുപാടി എന്നതാണ് ഇതിന്റെ ദുരന്തഫലം. ഈജിപ്തിലെ ത്വാഹാ ഹുസൈനും അഹ്മദ് അമീനും ഓറിയന്റലിസ്റ്റ് പ്രോപഗണ്ടയുടെ ശക്തരായ വക്താക്കളായിരുന്നു. അഹ്മദ് അമീന്റെ ‘ളുഹല്‍ ഇസ്‌ലാം’ (ഇസ്‌ലാമിന്റെ പൂര്‍വാഹ്നം) എന്ന കൃതിയില്‍ ‘ഹദീസ്’ എന്നൊരു അധ്യായമുണ്ട്. ജൂതനും പ്രമുഖ ഓറിയന്റലിസ്റ്റുമായ ഗോള്‍ഡ് സീഹറിന്റെ വാദങ്ങള്‍ അപ്പടി ആവര്‍ത്തിക്കുക മാത്രമാണ് അഹ്മദ് അമീന്‍. അധ്യായത്തിന്റെ ഘടനയില്‍ പോലും മാറ്റം വരുത്തിയിട്ടില്ല.
ഇസ്‌ലാമിക ചരിത്രത്തിലെ രണ്ട് മഹദ് വ്യക്തിത്വങ്ങളാണ് ഇവരുടെ മുഖ്യ ഉന്നം. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത പ്രശസ്ത സ്വഹാബി അബൂഹുറയ്‌റയാണ് അവരിലൊരാള്‍. ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഹനഫീ മദ്ഹബിന്റെ ഇമാമായ അബൂഹനീഫയാണ് രണ്ടാമത്തെയാള്‍. അബൂഹുറയ്‌റയെ കൊള്ളരുതാത്തവനും ഓര്‍മപ്പിശകുള്ളവനും തമാശക്കാരനുമായി തരംതാഴ്ത്തുകയും ഇമാം അബൂഹനീഫയെ വാനോളം പുകഴ്ത്തുകയുമാണ് ഓറിയന്റലിസ്റ്റ് തന്ത്രം. പുകഴ്ത്താനുള്ള കാരണം കൂടി അറിഞ്ഞാലേ അതൊരു മുഖംമൂടി ആക്രമണമാണെന്ന് വ്യക്തമാവൂ. ‘അബൂഹനീഫ ഇരുപതില്‍ താഴെ ഹദീസുകളേ സ്വീകരിച്ചിട്ടുള്ളൂ’ എന്നാരോ പറഞ്ഞ ഒരു വാചകമെടുത്തുകൊടുത്ത ശേഷം അതിന് മേമ്പൊടിയായാണ് മഹത്വ വര്‍ണന. ഏറ്റവും കൂടുതല്‍ അനുയായികളുള്ള മദ്ഹബിന്റെ ഇമാം ഹദീസുകളെ സ്വീകാര്യമായി കരുതിയില്ല എന്ന് വരുത്തിത്തീര്‍ത്താല്‍ അതോടെ കഴിഞ്ഞില്ലേ സുന്നത്തിന്റെ കഥ!
ഇതാണ് ആ ചരിത്രപശ്ചാത്തലം. ഡോ. സിബാഈ വളരെ വിശദമായിത്തന്നെ ഇക്കാര്യങ്ങള്‍ തന്റെ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് മുസ്‌ലിം ലോകത്തെ പരമ്പരാഗതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും ഓറിയന്റലിസ്റ്റുകളുടെയും അവരുടെ ഫണ്ട് ദാതാക്കളായ പാശ്ചാത്യ ഭരണകൂടങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു. ഹദീസ് നിവേദകന്മാരുടെ വിശ്വാസ്യത തകര്‍ക്കുന്ന പഠനങ്ങള്‍ക്ക് അവര്‍ പ്രത്യേകം പരിഗണന നല്‍കി. ചില സംഭവങ്ങള്‍ സിബാഈ തന്റെ പുസ്തകത്തിന്റെ ആമുഖത്തിലും അനുബന്ധത്തിലും അനുസ്മരിക്കുന്നുണ്ട്. ഉദാഹരണത്തിന്, അബ്ദുല്‍ ഹുസൈന്‍ എന്നൊരാള്‍ ‘അബൂഹുറയ്‌റ’ എന്നൊരു പുസ്തകമെഴുതി. ഓറിയന്റലിസ്റ്റ് നുണ പ്രചാരണങ്ങളല്ലാതെ മറ്റൊന്നും ഇതിലില്ല. ഇങ്ങനെ എഴുതിയാലേ ഗവേഷണ പ്രബന്ധമാവൂ എന്ന നില വരെ വന്നുചേര്‍ന്നു.
തൊള്ളായിരത്തി അമ്പതുകളില്‍ ഏതാണ്ട് അതേ അവസ്ഥ തന്നെയായിരുന്നു ഇന്ത്യാ ഉപഭൂഖണ്ഡത്തിലും. ഹദീസ്‌നിഷേധ പ്രവണത അതിന്റെ പാരമ്യത്തിലെത്തിയ സന്ദര്‍ഭം. 1950-കളില്‍ പാകിസ്താനില്‍ ഇസ്‌ലാമിക ഭരണഘടനക്കു വേണ്ടി പ്രക്ഷോഭം നടക്കുമ്പോള്‍, ഭരണഘടനയുടെ അടിസ്ഥാനമായി സുന്നത്തിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹദീസ്‌നിഷേധികള്‍ ബഹളംവെച്ചു. പ്രക്ഷോഭത്തെ പൊളിക്കുകയായിരുന്നു ലക്ഷ്യം. ഇതിനെ ബുദ്ധിപരമായി നേരിട്ട് പരാജയപ്പെടുത്തിയത് മൗലാനാ മൗദൂദിയായിരുന്നു. അറബ് ലോകത്ത് അതേ റോളാണ് ഡോ. സിബാഈയും ഏറ്റെടുത്തത്. പോരാളികളായ ഈ രണ്ട് പരിഷ്‌കര്‍ത്താക്കള്‍ തമ്മില്‍ പല സാദൃശ്യങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയും. കൊളോണിയലിസത്തിനെതിരെ പോരാടിയും പൊതു മണ്ഡലത്തില്‍ ശക്തമായി ഇടപെട്ടും തന്നെയാണ് പടിഞ്ഞാറ് ഉയര്‍ത്തിയ ബൗദ്ധിക വെല്ലുവിളികളെ ഇവര്‍ നേരിട്ടത്.
അഞ്ഞൂറോളം പേജ് വരുന്ന ഡോ. സിബാഈയുടെ പുസ്തകത്തെ സമഗ്രമായി പരിചയപ്പെടുത്താന്‍ ഈ ചെറിയ കുറിപ്പ് മതിയാവുകയില്ല. ഹദീസുകള്‍ക്കും നിവേദകന്മാര്‍ക്കും എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ എത്ര പണ്ഡിതോചിതമായാണ് അദ്ദേഹം നേരിട്ടത്! യുക്തിഭദ്രമായ അവതരണം. വളരെ മാന്യമായ ശൈലി. സ്വഹാബിമാരെ മോശക്കാരായി ചിത്രീകരിച്ച ഓറിയന്റലിസ്റ്റുകളെയോ അവരുടെ അനുകര്‍ത്താക്കളെയോ അദ്ദേഹം പരിഹസിക്കുകയോ ഇടിച്ചുതാഴ്ത്തുകയോ ചെയ്യുന്നില്ല. പുസ്തകം വായിക്കുന്ന ഏത് നിഷ്പക്ഷമതിയും ഇത് തന്നെയല്ലേ ശരി എന്ന് സമ്മതിച്ചുപോകും. പുസ്തകത്തിന്റെ അവതരണവും ശൈലിയും ഓറിയന്റലിസ്റ്റ് സ്വാധീനത്തില്‍ കുടുങ്ങിയ പലര്‍ക്കും അതില്‍നിന്ന് പുറത്ത് കടക്കാനുള്ള രക്ഷാമാര്‍ഗമായിത്തീര്‍ന്നു.
ഇസ്‌ലാമിക പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു അറബ്‌ലോകത്ത് ആധുനികത ശക്തിപ്പെട്ടത്. സ്വാഭാവികമായും ഹദീസ്‌നിഷേധം അറബ് ആധുനികതയുടെ മുഖമുദ്രകളിലൊന്നായി. ഇന്ന് ഹദീസ്‌നിഷേധ പ്രസ്ഥാനം അറബ് ലോകത്ത് നന്നെ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവമാണ് ഇതിന് മുഖ്യകാരണമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. അതേസമയം സുന്നത്തിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ പണ്ഡിതന്മാരെയും കാണാതിരുന്നുകൂടാ. അവരില്‍ ഒന്നാം സ്ഥാനത്ത് സിബാഈ തന്നെയായിരിക്കും. ‘അസ്സുന്നത്തു വ മകാനതുഹാ….’ക്ക് സമാനമായ ഒരു കൃതി അറബിയില്‍ രചിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം.
സമകാലിക ലോകത്ത് അബൂഹുറയ്‌റയെക്കുറിച്ച് എഴുതപ്പെട്ട ഏതു കൃതിയും സിബാഇയുടെ പുസ്തകത്തെ അവലംബിച്ചാവനല്ലാതെ തരമില്ല. അത്രക്ക് കുറിക്ക് കൊള്ളുന്നതും തെളിവുകളുടെ പിന്‍ബലമുള്ളതുമാണ് ഈ സ്വഹാബിവര്യനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് സിബാഈ നല്‍കുന്ന മറുപടികള്‍. ആ അധ്യായത്തിന്റെ ഒടുവില്‍ അഹ്മദ് അമീനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട് അദ്ദേഹം:
പ്രവാചകന്‍ മരിച്ചുകഴിഞ്ഞ് 47 വര്‍ഷം അബൂഹുറയ്‌റ വിശ്വാസിസമൂഹത്തെ നബിവചനങ്ങള്‍ പഠിപ്പിച്ച് കഴിയുകയായിരുന്നു. മുതിര്‍ന്ന സ്വഹാബികളും പ്രവാചകന്റെ ഭാര്യമാരും അക്കാലത്ത് ജീവിച്ചിരിപ്പുണ്ട്. ഇവരെല്ലാം വളരെ ബഹുമാനത്തോടെ ഈ സ്വഹാബിവര്യനെ സന്ദര്‍ശിക്കുന്നതും നബിവചനങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതുമാണ് നാം കാണുന്നത്. താബിഈ പണ്ഡിതന്മാരാവട്ടെ അദ്ദേഹത്തിന്റെ സമീപത്ത് നിന്ന് ഒഴിഞ്ഞുപോകുന്ന നേരമുണ്ടാവില്ല. താബിഈ പണ്ഡിതരുടെ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഭക്തിയുടെ നിറകുടമായ സഈദുബ്‌നു മുസയ്യബ് അദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത്. അക്കാലത്തെ പ്രശസ്തരായ എണ്ണൂറ് പണ്ഡിതന്മാരാണ് അബൂഹുറയ്‌റയില്‍നിന്ന് ഹദീസ് സ്വീകരിച്ചത്. ഇത്രത്തോളം ഹദീസ് ഉദ്ധരിച്ച വേറൊരു സ്വഹാബിയും ഇല്ലെന്നും നമുക്കറിയാം. അബൂഹുറയ്‌റ വിശ്വസ്തനാണെന്ന കാര്യത്തില്‍ ഇവരിലൊരാള്‍ക്ക് പോലുമില്ല ഭിന്നാഭിപ്രായം. പതിമൂന്ന് നൂറ്റാണ്ട് ഇങ്ങനെ കടന്നുപോയി. ഈ പ്രഗത്ഭ പണ്ഡിതന്മാര്‍ക്കും ഹദീസ് വിശാരദന്മാര്‍ക്കും യഥാര്‍ഥ അബൂഹുറയ്‌റ ആരാണെന്ന് അറിയില്ലായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്?
ഇരുപതില്‍ ചില്ല്വാനം ഹദീസുകളേ ഇമാം അബൂഹനീഫ സ്വീകരിച്ചിരുന്നുള്ളൂ എന്ന ഓറിയന്റലിസ്റ്റ് കുപ്രചാരണത്തെ (ഈ കള്ള പ്രചാരണം നമ്മില്‍ പലരും ഇപ്പോഴും വിശ്വസിക്കുന്നു. അത്രക്കുണ്ട് അവര്‍ നേടിയ സ്വാധീനം)യും പ്രമാണങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തില്‍ സിബാഈ നേരിടുന്നു. ഇസ്‌ലാമിക നിയമസംഹിത വലിയൊരളവോളം രൂപപ്പെട്ടിരിക്കുന്നത് നബിവചനങ്ങളുടെ അടിത്തറയിലാണ്. ഹദീസുകളെ ഏറക്കുറെ പൂര്‍ണമായി അബൂഹനീഫ തള്ളിക്കളഞ്ഞു എന്നാണ് വാദമെങ്കില്‍, അദ്ദേഹത്തിന്റെ മദ്ഹബ് ഹദീസിലെ ആശയങ്ങള്‍ക്ക് കടകവിരുദ്ധമാവേണ്ടതല്ലേ? ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഹനഫീ മദ്ഹബ് ഹദീസ് വിരുദ്ധമാണെന്ന് ഒരാളും പറഞ്ഞിട്ടില്ല. മറിച്ച്, ഹദീസ് ആശയങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ടാണ് ഹനഫീ വീക്ഷണങ്ങള്‍ രൂപപ്പെട്ടത് എന്നും കാണാവുന്നതാണ്. ഇമാം ഹദീസുകള്‍ സ്വീകരിച്ചിരുന്നു എന്നുതന്നെയാണ് ഇതിന്നര്‍ഥം. പിന്നെ ഓറിയന്റലിസ്റ്റ് ആരോപണത്തിന്റെ അടിസ്ഥാനമെന്ത്?
ഇമാ അബൂഹനീഫ, ഇമാം മാലികിനെപ്പോലെയോ ഇമാം അഹ്മദിനെപ്പോലെയോ സ്വന്തമായി ഹദീസുകള്‍ ക്രോഡീകരിക്കുകയോ എഴുതിവെക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, അബൂഹനീഫക്ക് ലഭിച്ച ഹദീസുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഗ്രന്ഥരൂപത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. പത്തോളം വരും ഇത്തരം സമാഹാരങ്ങള്‍. പ്രമുഖ ഹനഫീ പണ്ഡിതനായ അബൂയൂസുഫിന്റെ ‘കിതാബുല്‍ ആസാര്‍’ ഉദാഹരണം. ഇതാണ് യഥാര്‍ഥ വസ്തുത. ഇത് തലകീഴായി പിടിച്ചാണ് ഇമാം അബൂഹനീഫയെ ഓറിയന്റലിസ്റ്റുകള്‍ സുന്നത്തിനെതിരെ സാക്ഷിക്കൂട്ടില്‍ കയറ്റുന്നത്.
ഇതുപോലെ ഓരോ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിനും അക്കമിട്ട് മറുപടി പറയുന്ന ഈ കൃതി പൂര്‍ണരൂപത്തില്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യേണ്ടതുണ്ട് (മര്‍ഹൂം അമാനി മൗലവിയുടെ പരിഭാഷ ഇപ്പോള്‍ വില്‍പനയിലില്ല. പഴയ മലയാളം എന്ന പ്രശ്‌നവുമുണ്ട്). പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോഴേ ഉള്ളടക്കത്തിന്റെ ഗാംഭീര്യവും ശൈലിയുടെ ആര്‍ജവവും അനുഭവപ്പെടുകയുള്ളൂ.

ഖുര്‍ആനിന്റെ യുക്തിപരതയില്‍ ആകര്‍ഷിച്ച് ഇസ് ലാമിലേക്ക്

രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയായിരുന്നു എന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നു എന്റെത്. മെത്തേഡിസ്റ്റുവിശ്വാസിയായിരുന്ന അപ്പന്‍ അമ്മയെ വിവാഹംകഴിക്കാന്‍ കത്തോലിക്കാമതത്തിലേക്ക് മാറുകയായിരുന്നു. കടുത്ത മതഭക്തരായിരുന്നു ഞങ്ങള്‍. ലാറ്റിന്‍ഭാഷയിലുള്ള ചര്‍ച്ചിലെ പരിപാടികളെക്കുറിച്ച് എന്തുചോദിച്ചാലും എനിക്ക് മറുപടി പറയാനാകുമായിരുന്നു. അന്ന് ഞാന്‍ ഇംഗ്ലീഷ് വായിക്കാനോ എഴുതാനോ അഭ്യസിച്ചിട്ടില്ലാത്ത പ്രായമായിരുന്നു.

സ്‌കൂളില്‍ എന്റെ ഇഷ്ടവിഷയം മതമായിരുന്നു. ഞാനതില്‍ നന്നായി ശോഭിക്കുകയുംചെയ്തു. പതിനൊന്നുവയസ്സായപ്പോള്‍ അകലെയുള്ള ജസ്യൂട്ട് പാതിരിമാരുടെ മഠത്തില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നേടുകയുംചെയ്തു. എന്റെ മാതാപിതാക്കള്‍ തങ്ങളുടെ കുടുംബത്തില്‍നിന്ന് ഒരു പുരോഹിതനെ അതിയായി കൊതിച്ചിരുന്ന കാലമായിരുന്നു അത്.

മതപഠനക്ലാസിലും ചരിത്രക്ലാസിലും പഠിപ്പിച്ചിരുന്ന കാര്യങ്ങളില്‍ വൈരുധ്യം കണ്ടത് എന്നെ ചിന്തിപ്പിച്ചു. ഈ രണ്ടുസംഗതികളിലും ഏതാണ് സത്യമെന്ന് ഞാന്‍ ടീച്ചറോട് ചോദിച്ചപ്പോള്‍ ഹിസ്റ്ററി പരീക്ഷയില്‍ പഠിച്ചുപാസാകാനുള്ളതാണെന്നും മതം ജീവിതത്തില്‍ ആവശ്യമുള്ളതാണെന്നും മറുപടി നല്‍കി.

ഈ സമയത്താണ് ക്രൈസ്തവലോകത്തിന്റെ ആത്മീയനേതൃത്വമായ പോപ്പ് പയസ് ഇരുപത്തിരണ്ടാമന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ സ്ഥാനമേറ്റു. പോപ്പിന് തെറ്റുപറ്റില്ലെന്ന് കത്തോലിക്കാമതം വിശ്വസിക്കുന്നത്. എന്നാലും ഓരോ കാലത്തും കനാന്‍നിയമം പുതുക്കിക്കൊണ്ടിരിക്കുന്നു. മുന്‍ഗാമിയായ പോപ്പിന്റെ നിയമങ്ങള്‍ക്ക് പിന്‍ഗാമി ഭേദഗതി നിര്‍ദ്ദേശിക്കുന്നത് തികച്ചും അയുക്തിയായി എനിക്ക് തോന്നി. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഫ്രാന്‍സിലും റോമിലും രണ്ടുപോപ്പായിരുന്നു. രണ്ടുപേരും അന്യോന്യം ഭ്രഷ്ട് കല്‍പിച്ച് ദൂരെ നിര്‍ത്തി. ഇതെല്ലാം തികഞ്ഞ വൈരുധ്യമായാണ് തോന്നിയത്. ഇതെല്ലാം പരിഹരിക്കണമെന്ന് നിശ്ചയിച്ച് അതിനെയെല്ലാം ചോദ്യം ചെയ്യാന്‍ തുടങ്ങി. ശരിയാണെങ്കില്‍ ഉത്തരംനല്‍കാന്‍ മതമേലാളന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.

ടീച്ചര്‍മാര്‍ എന്റെ ചോദ്യങ്ങളാല്‍ വലഞ്ഞു. അവര്‍ എന്നെ അടിക്കാന്‍ തുടങ്ങി. നീ അതില്‍ വിശ്വസിച്ചാല്‍ മാത്രം മതിയെന്നായിരുന്നു അവരുടെ കല്‍പന. ഒരിക്കല്‍ ടീച്ചറിന്റെ അടിയില്‍നിന്നും രക്ഷപ്പെട്ട് ഞാന്‍ വീട്ടിലെത്തി. എന്നാല്‍ സ്‌കൂളില്‍നിന്നും ഓടിപ്പോന്നതിന് അപ്പന്റെ കയ്യില്‍നിന്നും

കണക്കിന് കിട്ടി. ഞാന്‍ സ്‌കൂളിലേക്ക് തിരിച്ചുചെല്ലണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഇനിയും അവിടേക്ക് പോയാല്‍ ഞാന്‍ ഓടിരക്ഷപ്പെടുമെന്ന് അപ്പനോട് തറപ്പിച്ചുപറഞ്ഞു. ആ മഠം വിട്ട് സാധാരണ ഹൈസ്‌കൂളില്‍ചേരുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. വീട്ടിലായിരിക്കുമ്പോഴും ഞാന്‍ ചര്‍ച്ചില്‍ പോയിക്കൊണ്ടിരുന്നു. എന്റെ ഹൃദയം മറ്റെവിടയോ പാറിപ്പടന്നുനടന്നു. ഞാന്‍ തികഞ്ഞ സന്ദേഹവാദിയായി മാറി. എനിക്കറിയാത്ത ഏതോ ഒന്ന് സത്യമായി നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സ് പറഞ്ഞു.

അവസരമൊത്തുവന്നപ്പോള്‍ ഞാന്‍ വീടുവിട്ടിറങ്ങി. റോയല്‍ എയര്‍ഫോഴ്‌സില്‍ചേര്‍ന്ന അക്കാലത്ത് എനിക്ക് പതിനഞ്ചുവയസ്സായിരുന്നു പ്രായം. അന്ന് ചര്‍ച്ചിലൊന്നും പോകാറുണ്ടായിരുന്നില്ല. ആയിടക്ക് കൂട്ടുകാരനോടൊപ്പം അവന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയത് എന്റെ ജീവിതത്തില്‍ പുതിയ ഒരാളെ ക്കൂട്ടാന്‍ വഴിയൊരുക്കി. അവന്റെ സഹോദരി എന്റെ ഭാര്യയായി പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.അവള്‍ പ്രൊട്ടസ്റ്റന്റുകാരിയായിരുന്നു. പള്ളിയില്‍വെച്ച് കല്യാണമൊന്നും വേണ്ടെന്നായിരുന്നു ഞങ്ങളിരുവരുടെയും തീരുമാനം .എന്നാല്‍ അവളുടെ അപ്പന്റെ പിടിവാശിക്കുമുന്നില്‍ ഞങ്ങള്‍ വഴങ്ങി. അങ്ങനെ അടുത്തുള്ള പ്രാദേശികചര്‍ച്ചില്‍ ചെന്നു. അവിടത്തെ മതാധികാരി എന്റെ വിശ്വാസത്തെപ്പറ്റി ചോദിച്ചു. ഞാന്‍ സത്യാവസ്ഥയെല്ലാം തുറന്നുപറഞ്ഞു.

അയാള്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. കാര്യങ്ങളെ നേരെവാ നേരെപോ എന്ന മട്ടില്‍ നോക്കിക്കാണുന്നയാള്‍. ഞാന്‍ അയാളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതില്‍ അയാള്‍ എന്നെ പുകഴ്ത്തി. അദ്ദേഹത്തിന്റെ മതവീക്ഷണത്തോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഞങ്ങളുടെ വിവാഹം നടത്തിത്തരാന്‍ അദ്ദേഹം തയ്യാറായി. പതിവുപോലെ ദമ്പതികള്‍ക്ക് ബൈബിള്‍ സമ്മാനിച്ചു. വിവാഹത്തിന് അവളുടെ അപ്പനും രണ്ടുസാക്ഷികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിലെ സേവനം പൂര്‍ത്തിയാക്കിയശേഷം 1976 ല്‍ ഒരു മുസ്‌ലിംരാജ്യത്ത് അവിടത്തെ എയര്‍ഫോഴ്‌സിലെ ഓഫീസേഴ്‌സിനെ ഇലക്ട്രോണിക്‌സ് പഠിപ്പിക്കുന്ന ജോലിക്കായി ഞാന്‍ പുറപ്പെട്ടു. അതിനുമുമ്പ് ഞാന്‍ മുസ് ലിംകളെ കണ്ടിട്ടുണ്ടായിരുന്നില്ല. അതേസമയം ഇസ് ലാമിനെപ്പറ്റി എനിക്കുണ്ടായിരുന്നത് വളരെ മോശം കാഴ്ചപ്പാടായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദ്യാര്‍ഥികളൊന്നും മതിപ്പുളവാക്കുന്ന പെരുമാറ്റമൊന്നുംകാഴ്ചവെച്ചിരുന്നില്ല. ഇസ് ലാമികമായചിന്തയോ സ്വഭാവസവിശേഷതയോ ഒന്നുമില്ലാതെ മദ്യപിച്ചും വ്യഭിചരിച്ചും അവര്‍ കഴിഞ്ഞുകൂടി.

എന്തുപറഞ്ഞാലും ‘ഇന്‍ ശാ അല്ലാഹ്’ എന്ന് പറഞ്ഞ് തികഞ്ഞ അവഗണനയോടെയാണ് അവര്‍ കാര്യങ്ങളെ കണ്ടത്. അവര്‍ കഠിനാധ്വാനംചെയ്യാന്‍ ഒട്ടുംതയ്യാറായിരുന്നില്ല. എല്ലാം വിധിപോലെ എന്നതായിരുന്നു കാഴ്ചപ്പാട്.

ഞാന്‍ ഖുര്‍ആന്‍ വായന ആരംഭിച്ചു. അവരുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്ന എന്താണ് അതിലുള്ളതെന്ന് അറിയുവാനായിരുന്നു അത്. ഒരു നല്ല അധ്യാപകനാകാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നല്ല, അവരുടെ ചിന്താഗതിയെ സ്വാധീനിക്കുന്ന വിശ്വാസത്തെ ചോദ്യംചെയ്ത് അവരില്‍ സ്ഥിരോത്സാഹം വളര്‍ത്തിയെടുക്കാന്‍ ഞാനുദ്ദേശിച്ചു. എല്ലാറ്റിനുംപുറമെ , ഇസ് ലാം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ഖുര്‍ആന്‍ വായിക്കുന്നുണ്ടെന്നറിഞ്ഞ വിദ്യാര്‍ഥികള്‍ ഒരു ശൈഖിനെ ക്ലാസില്‍കൊണ്ടുവന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. എന്റെ വിശ്വാസകാര്യങ്ങളെപ്പറ്റിയും മറ്റുംചോദിച്ചു. അവസാനം അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ഒരു മുസ ്‌ലിമാണ് പക്ഷേ, താങ്കള്‍ക്ക് അതറിയില്ല.’ ഏറെ മാസങ്ങളോളം ഞാന്‍ ഖുര്‍ആന്‍ വായന തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ യുക്തിപരത എന്നെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ ഞാന്‍ 1976 ല്‍ ഇസ് ലാംസ്വീകരിച്ചു.

ഇസ്‌ലാമിക ചരിത്രം

ഇസ്‌ലാമിക ചരിത്രം
مشكال مسجد كوتي شيرا كالكوت

ഇസ്‌ലാമിന്റെ ആഗമനം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ഇസ്‌ലാമിക ലോകത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം, 14 നൂറ്റാണ്ട് ദൈര്‍ഘ്യവും അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ പസഫിക് സമുദ്രം വരെയുള്ള ഭൂവിസ്തൃതിയും ഉള്‍ക്കൊള്ളുന്നു. മാനവരാശിയുടെ അനുഭവങ്ങളുടെ ശേഖരവും മനുഷ്യവര്‍ഗത്തിന്റെ സ്മരണികയുമാണ് ചരിത്രം. ഭൂതത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ഒരു പാലമായി അതു വര്‍ത്തിക്കുന്നു. മറ്റൊരര്‍ഥത്തില്‍ കാലത്തോടുള്ള മനുഷ്യന്റെ സംവാദമാണ് ചരിത്രം. സമ്പന്നമായ ചരിത്രം വാസ്തവത്തില്‍ നാഗരികതയുടെയും പുരോഗതിയുടെയും ഉത്തമ സാക്ഷ്യമാണ്. ഒരു ജനതയെ അവരുടെ ഭൂതകാല ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്തിയാല്‍ അവര്‍ വേരറ്റവരും സാംസ്‌കാരിക വികാസത്തിന് അവസരം നിഷേധിക്കപ്പെട്ടവരുമായി മാറുന്നു. അതുകൊണ്ടാണ് ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും അവരുടെ ഭൂതകാല ചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയുന്നത്.

ചരിത്ര വ്യാഖ്യാനം
ചരിത്രത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തെ ചലിപ്പിക്കുന്ന പ്രചോദകങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വ്യാഖ്യാനങ്ങളിലധികവും രൂപപ്പെട്ടത്. ഭൗതികവും സാമ്പത്തികവുമായ വ്യാഖ്യാനമാണ് അവയിലൊന്ന്. ഭൗതികവും സാമ്പത്തികവുമായ താല്‍പര്യങ്ങളാണ് മുഴുവന്‍ ചരിത്ര സംഭവങ്ങള്‍ക്കും നിദാനമെന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ആകത്തുക. പൗരാണിക കാലത്ത് ഗ്രീസും പേര്‍ഷ്യയും തമ്മില്‍ നടന്ന സംഘട്ടനവും പിന്നീട് പേര്‍ഷ്യയും റോമും തമ്മില്‍ നടന്ന സംഘട്ടനവും കുരിശുയുദ്ധത്തിലെ സാമ്പത്തിക താല്‍പര്യങ്ങളുമെല്ലാം ഈ വീക്ഷണത്തിനുപോദ് ലകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആര്‍നോള്‍ഡ് ഹെറന്‍ (Arnold Hearn) ആണ് ഈ വ്യാഖ്യാനത്തിന്റെ ആദ്യത്തെ ഉപജ്ഞാതാവ്. പിന്നീട് കാറല്‍ മാര്‍ക്‌സ് ഇതിനെ തന്റെ വ്യാഖ്യാന പാടവമുപയോഗിച്ച് കൂടുതല്‍ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധൈഷണിക പ്രചോദനങ്ങള്‍ക്ക് ചരിത്രത്തില്‍ യാതൊരു സ്വാധീനവുമില്ല. മറിച്ച്, സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമാണ് ചരിത്ര സംഭവങ്ങള്‍ക്ക് നിദാനം. സാമ്പത്തിക താല്‍പര്യങ്ങളുടെ പേരില്‍ നടക്കുന്ന സംഘട്ടനങ്ങളാണ് ചരിത്രം. ഭൂരിപക്ഷം അംഗീകരിക്കുകയും മറ്റ് ഭൗതികശക്തിയില്‍നിന്ന് രക്ഷപ്പെടാനുള്ള എന്തെങ്കിലും ഉപായം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്ര#േമ ഭൗതിക വ്യാഖ്യാനക്കാരുടെ വീക്ഷണത്തില്‍ ചിന്തകള്‍ ചരിത്രത്തെ സ്വാധീനിക്കുകയുള്ളൂ. ശക്തിയെ ശക്തികൊണ്ട് മാത്രമേ നേരിടാനാവൂ. ഭൂരിപക്ഷം അംഗീകരിക്കുന്നതോടെ ചിന്തയും ഒരു ഭൗതിക ശക്തിയായി മാറുന്നു. ചരിത്രത്തെ കേവലം ഭൗതിക സംഘട്ടനം മാത്രമായി പരിമിതപ്പെടുത്തുന്നുവെന്നതാണ് ഈ വ്യാഖ്യാനത്തിന്റെ പോരായ്മ.

മനഃശാസ്ത്രപരമായ ഒരു വ്യാഖ്യാനവും ചരിത്രത്തിന് നല്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മാര്‍ഗത്തില്‍ ആത്മീയമോ ഭൗതികമോ ആയ ആധിപത്യം നേടാന്‍ കെല്പുള്ള വ്യക്തികളുടെ മനസ്സില്‍ നടക്കുന്ന സംഘര്‍ഷമാണ് ചരിത്രത്തിന് നിദാനം എന്നതാണ് ഈ വീക്ഷണത്തിന്റെ കാതല്‍. ധൈഷണികവും ആത്മീയവുമായ വ്യാഖ്യാനമാണ് മൂന്നാമത്തേത്. ചരിത്രത്തിന് നല്കപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു വ്യാഖ്യാനമാണിത്. ലോകചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച മിക്കവാറും സംഭവങ്ങള്‍ക്ക് അടിയാധാരമായി വര്‍ത്തിച്ചത് ആത്മീയതയാണ്. ഖുറൈശികളും മുസ്‌ലിംകളും തമ്മില്‍ നടന്ന സംഘട്ടനവും കുരിശുയുദ്ധവും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും പ്രൊട്ടസ്റ്റന്റ്കാരും തമ്മില്‍ നടന്ന സംഘട്ടനവും മൗലികമായി മതപരമായിരുന്നുവല്ലോ. ചിന്തകള്‍ ചരിത്രത്തെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ ഭൗതിക വാദികള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, മുമ്പ് വ്യക്തമാക്കിയതുപോലെ ഭൂരിപക്ഷം അംഗീകരിച്ചാല്‍ മാത്രമേ അത് പരിഗണനാര്‍ഹമാവുകയുള്ളൂ. എന്നാല്‍ ആത്മീയ വീക്ഷണക്കാര്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതിനു മുമ്പുതന്നെ ചരിത്രത്തിന്റെ ചാലകശക്തിയാകാനും സ്വാധീനിക്കാനുമുള്ള കെല്പും ശക്തിയും ചിന്തക്കുണ്ട് എന്നഭിപ്രായപ്പെടുന്നു. വിഗ്രഹാരാധകരായ റോമക്കാരുടെ മുമ്പില്‍ ക്രിസ്ത്യാനികളും ഖുറൈശികളുടെ ഗണനീയ ശക്തിക്കു മുമ്പില്‍ ന്യൂനപക്ഷ മുസ്‌ലിംകളും ധീരമായി പിടിച്ചുനിന്നത് ചിന്താശക്തിയുടെ ബലംകൊണ്ട് മാത്രമായിരുന്നു.

മാനവരാശിയുടെ ഭാഗധേയവുമായി ബന്ധപ്പെട്ട ദൈവത്തിന്റെ തീരുമാനങ്ങളുടെയും ഇഛകളുടെയും മുദ്രകളാണ് ചരിത്രം എന്നതത്രെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ചരിത്ര ദര്‍ശനത്തിന്റെ കാതല്‍. ഭൗതികവീക്ഷണത്തില്‍ മനുഷ്യന്‍ സ്വയംതന്നെ തന്റെ ചരിത്രത്തിന് രൂപകല്പന നടത്തുമ്പോള്‍ ഖുര്‍ആനിക വീക്ഷണത്തില്‍ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതും രൂപകല്പന ചെയ്യുന്നതും ദൈവത്തിന്റെ അനിഷേധ്യ കരങ്ങളാണ്. ദൈവത്തോട് കൃതജ്ഞതയോ കൃതഘ്‌നതയോ കാണിച്ചതിന്റെ പേരില്‍ അവന്റെ രക്ഷാശിക്ഷകള്‍ക്ക് പാത്രമായ ഒട്ടേറെ ജനപദങ്ങളുടെ ചരിത്രം ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. മാനവരാശിയുടെ ചരിത്രത്തില്‍ ദൈവം നടത്തിയ ശക്തമായ ഇടപെടലുകളുടെ ആധികാരിക രേഖകളാണ് അവയെല്ലാം. ”നാം ഒരു നാടിനെ നശിപ്പിക്കണമെന്നുദ്ദേശിച്ചാല്‍, അതിലെ സുഖലോലുപന്മാരോട് കല്പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ച് തുടങ്ങുന്നു. അപ്പോള്‍ നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹരായിത്തീരുന്നു. അങ്ങനെ നാം അതിനെ തകര്‍ത്ത#ു കളയുന്നു. നോക്കുക: നൂഹിന് ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുള്ളത്”(17:16-17), ”ഒരു ജനത സ്വന്തം ഗുണങ്ങളെ സ്വയം മാറ്റുന്നതു വരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുകയില്ല”(13:11) തുടങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങളും ”കാലത്തെ അധിക്ഷേപിക്കരുത്. കാരണം, കാലം ദൈവത്തിന്റെ മുദ്രകളാണെ”ന്ന നബിവചനവും ചരിത്രത്തില്‍ ദൈവിക കരങ്ങള്‍ക്കുള്ള അനിഷേധ്യമായ പങ്കിനെ സുതരാം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്താണ് ഇസ്‌ലാമിക ചരിത്രം?
മുകളില്‍ പറഞ്ഞ, ചരിത്രത്തെക്കുറിച്ച ഖുര്‍ആനിക സങ്കല്പത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് മാത്രമേ എന്താണ് ഇസ്‌ലാമിക ചരിത്രം എന്ന അന്വേഷണം സാധ്യമാവുകയുള്ളൂ. ചരിത്രം സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണെന്ന കാര്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭൗതികശാസ്ത്രവും സാമൂഹിക ശാസ്ത്രവും തമ്മില്‍ വ്യത്യാസമുണ്ട്. ഭൗതികശാസ്ത്രത്തിലെ സത്യങ്ങള്‍ സാര്‍വ ലൗകികമായിരിക്കും. എന്നാല്‍ സാമൂഹികശാസ്ത്രത്തിലെ സത്യങ്ങള്‍ക്ക് സാര്‍വലൗകികത അവകാശപ്പെടാനാവില്ല. എന്തുകൊണ്ടെന്നാല്‍ ഒരു സമൂഹത്തിലെ സാമൂഹിക സത്യങ്ങള്‍ മറ്റൊരു സമൂഹത്തില്‍ സാമൂഹിക മിഥ്യകളായേക്കാം. തിരിച്ചും ആകാവുന്നതാണ്. സാമൂഹിക മൂല്യങ്ങളാണ് ചരിത്രത്തെ നിയന്ത്രിക്കുന്നത്. ഈ സാമൂഹികമൂല്യങ്ങളാകട്ടെ ഓരോ സമൂഹത്തിലും വ്യത്യസ്തമാണ് താനും. അതിനാല്‍ ഒരു ശുദ്ധ മതേതര സമൂഹത്തിന്റെ ചരിത്രത്തിന് തീര്‍ച്ചയായും ഒരു മതേതര പരിസരമാണുണ്ടാവുക. അതേ സമയം ഒരാദര്‍ശ സമൂഹത്തിന്റെ ചരിത്രം അവിടത്തെ ജനതയെ നയിക്കുന്ന ആദര്‍ശത്തില്‍നിന്നായിരിക്കും രൂപവും ഭാവവും ആര്‍ജിക്കുക. ഇസ്‌ലാമിക സമൂഹം ഒരാദര്‍ശ സമൂഹമാണ്. ദൈവദത്തമായ മൂല്യങ്ങളാണ് പ്രസ്തുത ആദര്‍ശത്തിനാധാരം. ആ മൂല്യങ്ങളാകട്ടെ സാര്‍വലൗകിക സ്വഭാവമുള്ളതാണ്. അപ്പോള്‍ ഇസ്‌ലാമികചരിത്രം ഒരു ജനതയുടെ ചരിത്രമല്ലാതായി മാറുന്നു. മറിച്ച്, ഒരാദര്‍ശത്തിന്റെ ചരിത്രമായത് രൂപാന്തരപ്പെടുന്നു. അഥവാ ഒരു സിദ്ധാന്തത്തിന്റെ ഉത്ഥാനപതനങ്ങളുടെ ചരിത്രമാണത്. ഇസ്‌ലാമിക ചരിത്രം ഇസ്‌ലാമും ജാഹിലിയ്യതും തമ്മിലുള്ള സംഘട്ടനമാണെന്ന് കാണാന്‍ പ്രയാസമില്ല. ഈ സംഘട്ടനം ഭൗതിക തലത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. മറിച്ച്, ആശയതലത്തില്‍ രൂപപ്പെട്ട് വളര്‍ച്ച പ്രാപിച്ചതിന് ശേഷമാണത് ഭൗതിക തലത്തിലേക്ക് ഇറങ്ങി വരുന്നത്. ഇസ്‌ലാമികാദര്‍ശങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന വിഷയത്തില്‍ എപ്പോഴെല്ലാം ദൗര്‍ബല്യങ്ങള്‍ പ്രകടമായിട്ടുണ്ടോ അപ്പോഴെല്ലാം ഭരണകര്‍ത്താക്കളും പരിഷ്‌കര്‍ത്താക്കളും അതിനെതിരെ ഉയര്‍ന്നുവരികയുണ്ടായിട്ടുണ്ട്. അബൂബക്ര്‍ സ്വിദ്ദീഖ് മുതല്‍ ഇങ്ങോട്ട് ഇസ്‌ലാമിക ലോകത്തുടനീളം വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നടക്കുന്ന സത്യാസത്യ സംഘട്ടനങ്ങള്‍ ഇഴമുറിയാത്ത ഈ ആദര്‍ശ സംഘട്ടനത്തിന്റെ ഭാഗമാണ്.

ഇസ്‌ലാമിക ചരിത്രം ഒരു സിദ്ധാന്തത്തിന്റെ ചരിത്രമാണെന്ന് നിര്‍ണയിക്കപ്പെട്ട#ു കഴിഞ്ഞാല്‍ അതിനെ ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ആദര്‍ശ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ പഠിക്കുകയും മുസ്‌ലിംകള്‍ എവിടെയെല്ലാം അവയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട് എന്ന് നോക്കുകയുമാണ് ഒരു ചരിത്രകാരന്റെ കടമ. ഈ കടമ നിര്‍വഹിക്കുന്നതില്‍ ഇസ്‌ലാമിക ചരിത്രം പഠിച്ചവര്‍ക്ക് ചെറുതും വലുതുമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ചകളില്‍ ചിലത് ബോധപൂര്‍വമാണെങ്കില്‍ മറ്റു ചിലത് അബദ്ധവശാല്‍ സംഭവിക്കുന്നതാണ്. ആദര്‍ശാധിഷ്ഠിതമല്ലാത്ത മാനദണ്ഡങ്ങള്‍ ചരിത്രവായനയെ സ്വാധീനിച്ചതാണ് ഈ വീഴ്ചകള്‍ക്കെല്ലാമുള്ള അടിസ്ഥാന കാരണം. ഇബ്‌നുഖല്‍ദൂന്‍ ചൂണ്ടിക്കാണിച്ചതു പോലെ ചരിത്രപഠനം ശാസ്ത്രീയമാകാതിരിക്കുന്നതും ഈ വീഴ്ചക്കൊരു കാരണമായിട്ടുണ്ട്. പൂര്‍വിക ഗ്രന്ഥങ്ങളിലാണ് ശാസ്ത്രീയ ചരിത്രപഠനത്തിന്റെ അഭാവം മൂലമുണ്ടായ വീഴ്ചകള്‍ പ്രധാനമായും കാണപ്പെടുന്നത്. നിരൂപണമോ ചരിത്ര സംഭവങ്ങള്‍ക്കാസ്പദമായ സാമൂഹ#ിക സാഹചര്യങ്ങളോ പഠിക്കാതെ വാമൊഴിയായി കേള്‍ക്കുന്ന കഥകള്‍ അപ്പടി പകര്‍ത്തുന്നതുകൊണ്ടാണ് ഈ വീഴ്ച സംഭവിക്കുന്നത്. ചരിത്രകാരന്റെ രാഷ്ട്രീയ പക്ഷപാതങ്ങള്‍കൊണ്ടുണ്ടാകുന്ന അപകടങ്ങളാണ് ഇതിനെക്കാളെല്ലാം ഗുരുതരം. സത്യസന്ധമായ വാര്‍ത്തകളെക്കൂടാതെ ചില ഗോത്രങ്ങള്‍ തങ്ങളെക്കുറിച്ച് ശേഖരിച്ചു വെച്ച പുരാവൃത്തങ്ങളെയും നിവേദനങ്ങളെയും ആദ്യകാല ചരിത്രഗ്രന്ഥങ്ങള്‍ അവലം മാക്കിയിരുന്നു. ഈ ഗോത്രങ്ങളാകട്ടെ മൂന്നാം
ഖലീഫ ഹദ്‌റത് ഉസ്മാന്റെ വധത്തെത്തുടര്‍ന്ന് ഇസ്‌ലാമിക സമൂഹത്തെ ഗ്രസിച്ച നിര്‍ഭാഗ്യകരമായ വിഭാഗീയ പ്രവണതകളില്‍ ഏതെങ്കിലും ഒരു വിഭാഗത്തോട് പക്ഷം പിടിച്ചവരായിരുന്നു. അലി പക്ഷപാതികളും ഉമവി പക്ഷപാതികളും ഇരു ഭാഗത്തോടും ശത്രുതയുള്ളവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനാല്‍ അവരുടെ രാഷ്ട്രീയ പക്ഷപാതം തങ്ങളുടെ നിവേദനങ്ങളെയും സ്വാധീനിക്കുക സ്വാഭാവികം. മാത്രമല്ല, ഈ ഗോത്ര പുരാവൃത്തങ്ങള്‍ നിവേദനം ചെയ്ത അബൂമിഖ്‌നഫ്, സൈഫുബ്‌നു ഉമര്‍, ഹിശാമുല്‍ കല്‍ബി തുടങ്ങിയവരെയെല്ലാം ഏറിയും കുറഞ്ഞും രാഷ്ട്രീയ പക്ഷപാതം സ്വാധീനിച്ചിരുന്നു. മറ്റൊരു പ്രശ്‌നം നിവേദനത്തിലെ കൃത്യതയും സത്യസന്ധതയും സൂക്ഷ്മമായി പാലിച്ചവര്‍ പോലും ഉള്ളടക്കം സാമാന്യയുക്തിക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും യോജിക്കുന്നുണ്ടോ എന്ന കാര്യം വേണ്ടത്ര പരിഗണിച്ചിരുന്നില്ല എന്നതാണ്. അതുമൂലം അതിശയോക്തി കലര്‍ന്ന അതിവര്‍ണനകള്‍ നമ്മുടെ ചില ക്ലാസിക്കല്‍ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍പോലും സ്ഥാനംപിടിച്ചതായി കാണാം. മുന്‍ഗാമികളായ ഭരണാധികാരി കളുടെയും ഭരണകൂടങ്ങളുടെയും ചരിത്രം എഴുതപ്പെട്ടത് പില്ക്കാലത്ത് അവരുടെ ശത്രുക്കള്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് എന്ന വസ്തുതയും ചരിത്രത്തിലെ നിഷ്പക്ഷതയെ മുറിപ്പെടുത്തുന്നതില്‍ അതിന്റേതായ പങ്ക്‌വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഉമവികളുടെ ചരിത്രം എഴുതപ്പെട്ടത് അബ്ബാസികളുടെ ഭരണകാലത്താണ്. ഉമവികളെ പുറത്താക്കി അധികാരം പിടിച്ചെടുത്ത അബ്ബാസികള്‍ അവരോട് വലുതായൊന്നും നീതി ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ഇങ്ങനെ ചില പോരായ്മകള്‍ എടുത്തു പറയാമെങ്കിലും ഹദീഥിന്റെ ചുവട് പിടിച്ച് എഴുതപ്പെട്ട ആദ്യകാല ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍ ആധികാരികതക്കും വസ്തുനിഷ്ഠതക്കും പേരു കേട്ടവ തന്നെയാണ്.

എന്നാല്‍ പില്ക്കാലത്ത് ഇസ്‌ലാമിക ചരിത്രം കൈകാര്യം ചെയ്തവര്‍ക്ക് ചരിത്രത്തോടുള്ള ഇസ്‌ലാമിക സമീപനം അന്യമായിരുന്നതിനാല്‍ കൂടുതല്‍ ഗുരുതരമായ ഒട്ടേറെ വൈകല്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ വൈകല്യങ്ങളില്‍ ഏറ്റവും ഗുരുതരമായത് ചരിത്രത്തിന്റെ സാമുദായിക വായനയാണ്. സ്വന്തം വംശത്തിന്റെയോ സമുദായത്തിന്റെയോ രാജ്യത്തിന്റെയോ താല്‍പര്യം മാത്രം സംരക്ഷിക്കുക എന്ന വികാരത്തോടെ ചരിത്ര സംഭവങ്ങളെ നോക്കിക്കാണുകയും അതില്‍നിന്ന് തന്റെ താല്‍പര്യങ്ങള്‍ക്കുതകുന്ന അഭിപ്രായങ്ങളും നിലപാടുകളും കണ്ടെത്തുകയും ചെയ്യുക എന്നതാണ് സാമുദായിക വായന. ലോകത്തെ ഏതാണ്ടെല്ലാ സമൂഹങ്ങളെയും ജനതകളെയും രാഷ്ട്രങ്ങളെയും ചരിത്രത്തിലെ ഈ പഠന രീതി വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. പക്ഷേ, ഈ വായനയുടെ പ്രത്യാഘാതം അങ്ങേയറ്റം ഗുരുതരവും സര്‍വവ്യാപകവുമാണ്. പോരടിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ കൈയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായി മാറുന്നു ഇത്തരം ചരിത്രം. മനുഷ്യത്വത്തെ മുറിപ്പെടുത്തുന്നതിലും ഭൂമിയില്‍ കുഴപ്പവും നാശവും രക്തച്ചൊരിച്ചിലും വിതയ്ക്കുന്നതിലും ചരിത്രത്തിന്റെ ഈ സാമുദായിക വായന വഹിച്ച പങ്ക് ചെറുതല്ല. പിശാചുക്കളെ ആരാധനാമൂര്‍ത്തികളാക്കാനും സജ്ജനത്തെ പ്രതിലോമകാരികളാക്കാനും ഇത്തരം ചരിത്രത്തിന് നിഷ്പ്രയാസം സാധിക്കും. മുസ്‌ലിംകളെയും, വിശേഷിച്ചും അവരുടെ അധ#ഃപതനകാലത്ത്, ഈ ചരിത്രവായന കുറേയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. തദ്ഫലമായി എല്ലാ മുസ്‌ലിം ഭരണാധികാരികളെയും അവര്‍ തങ്ങളുടെ മതക്കാരാണെന്ന ഒറ്റക്കാരണത്താല്‍ മഹത്ത്വവല്‍ക്കരിക്കാനും അവരുടെ ഭരണകാലത്തെ സുവര്‍ണ കാലഘട്ടമായി അവതരിപ്പിക്കാനും മുസ്‌ലിം ചരിത്രകാരന്മാരെ പ്രേരിപ്പിച്ചു. അവരുടെ ജീവിതത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്നൊന്നും അവര്‍ നോക്കിയില്ല. അവരുടെ വീക്ഷണത്തില്‍ സ്വലാഹുദ്ദീനില്‍ അയ്യൂബിയും നൂറുദ്ദീനും തിമൂറും നാദിറും അക്‌റും ഔറന്‍ഗസീബും എല്ലാം ഒരുപോലെ മഹാന്‍മാരായ ഭരണാധികാരികളാണ്. തിമൂര്‍ ദുരാഗ്രഹിയായ പടയോട്ടക്കാരന്‍ മാത്രമായിരുന്നുവെന്നതോ അക്ബറില്‍ ഇസ്‌ലാമിനെക്കാള്‍ ഹൈന്ദവ സ്വാധീനമാണ് മുഴച്ചു നിന്നിരുന്നതെന്നതോ അവര്‍ക്ക് പ്രശ്‌നമായില്ല. മുസ്‌ലിം ഭരണാധികാരികളുടെയും ഭരണകൂടങ്ങളുടെയും വൈകല്യങ്ങളുടെയും തെറ്റായ ചെയ്തികളുടെയും ഭാണ്ഡം ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കപ്പെടുകയും തദ്വാരാ ഇസ്‌ലാം ലോകത്തിനു മുമ്പില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിക ചരിത്രത്തിലെ സാമുദായിക വായനയുടെ മാരകമായ അപകടം. ഈ അപകടം മനസ്സിലാക്കിയ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയെയും മൗലാനാ മൗദൂദിയെയും പോലുള്ള പരിഷ്‌കര്‍ത്താക്കള്‍ ഇസ്‌ലാമിക ചരിത്രം, മുസ്‌ലിം ചരിത്രം എന്നീ രണ്ട് സംജ്ഞകള്‍ തന്നെ ഉപയോഗിക്കുകയും അവ തമ്മില്‍ വമ്പിച്ച അന്തരമുള്ളതായി വ്യക്തമാക്കു കയും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തോട് അനീതി ചെയ്ത വേറൊരു കൂട്ടര്‍ ഓറിയന്റലിസ്റ്റുകളും അല്ലാത്തവരുമായ പാശ്ചാത്യന്‍ ചരിത്രകാരന്മാരാണ്. ഇസ്‌ലാമിക ചരിത്രത്തോട് കുറേയൊക്കെ നീതി പുലര്‍ത്തിയവര്‍ അവരില്‍ അപൂര്‍വമായി കണ്ടേക്കാമെങ്കിലും ഭൂരിപക്ഷവും ഇസ്‌ലാമിനോടുള്ള പരമ്പരാഗതമായ വൈരവും പകയും കാരണം ഇസ്‌ലാമിക ചരിത്രത്തെ ബോധപൂര്‍വം വികലമാക്കുകയും മലിനമാക്കുകയും ചെയ്തവരാണ്. പ്രവാചക ചരിത്രമാണ് അവരുടെ കടന്നാക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായത്. ഓറിയന്റലിസ്റ്റുകളുമായും പാശ്ചാത്യരുമായുമുള്ള സഹവാസവും ഇടപെടലും കാരണം മുസ്‌ലിം ചരിത്രകാരന്മാരെപ്പോലും അവരുടെ ചിന്താഗതികള്‍ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ ഈ മുസ്‌ലിം ചരിത്രകാരന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങളിലും ഇസ്‌ലാമിന്റെ ചൈതന്യവും അന്തസ്സത്തയും പലയിടത്തും ചോര്‍ന്നുപോയിട്ടുണ്ട്. ചരിത്രത്തിലെ നന്മതിന്‍മകള്‍ വേര്‍തിരിക്കാനുള്ള ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ വിട്ട് മതേതര മാനദണ്ഡങ്ങളില്‍ അഭയം തേടിയതാണ് ഈ ചരിത്രകാരന്മാരെ അബദ്ധത്തില്‍ ചാടിച്ചത്.

അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

ലോക ഭൗമദിനം

അങ്ങനെ ഒരു 1381769_213643172142698_1744115017_n കൂടി നമ്മെക്കടന്നു പോകുന്നു. തലമുറകള്‍ നമുക്കായ് കരുതിവച്ച മണ്ണും , ജലവും, ശുദ്ധവായുവും ഊറ്റിക്കുടിച്ചും വിറ്റുതിന്നും മുന്നോട്ട് പോകുന്ന ഇന്നത്തെ നമ്മുടെ തലമുറയെ കുലംമുടിച്ചവരെന്ന് വരും തലമുറ വിശേഷിപ്പിച്ചാല്‍ തെറ്റ് പറയാനാകുമോ ? ഇനി അവശേഷിയ്ക്കുന്ന ഭൂവിഭവങ്ങള്‍ സംരക്ഷിയ്‌ക്കേണ്ട ചുമതലയെങ്കിലും മനുഷ്യനുണ്ട്. ആഗോളതാപനം ഉള്‍പ്പടെയുള്ളവ മനുഷ്യരാശിയെ തന്നെ തകര്‍ക്കാന്‍ പാകത്തില്‍ വളര്‍ന്ന് കൊണ്ടിരിയ്ക്കവെ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്താന്‍ നമുക്ക് കഴിയും.
Copy-of-EArth-Day
ഖുർആനും മറ്റു വേദങ്ങളും പ്രക്രതി യെയും ഭൂമിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറയുമ്പോൾ എല്ലാവരും സ്വ താല്പര്യം മാത്രം മുന്നിൽ കാണുന്നു ..
1381769_213643172142698_1744115017_n
മുമ്പ് കഴിഞ്ഞു പോയ പൂർവീ കർ നമ്മെ പോലെ ചിന്ധിചിട്ടുന്ദെകിൽ നമ്മുടെ അവസ്ഥ എന്തായേനെ , രോഗങ്ങളും വരൾച്ചയും ചൂടും തണുപ്പും എല്ലാം നാം വാരത്തി വെക്കുന്ന വിന കളുടെ ഫലമാണ് നാം ഓരോരുത്തരും ഭൂമിയെ സ്നേഹിച്ചാൽ വരുംതലമുറയെങ്കിലും രക്ഷ നേടും ഒന്ന് കൂടി ഓർമിപ്പിക്കുന്നു
ഇതും ഒരു വിശ്വാസിക്ക് പ്രതിഫലർഹാമായ വിശുദ്ധ കർമമാണ്

ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും പെരുന്നാള്‍

944202_479915952076707_1600705541_n
ലേഖകൻ അഹ്മദ് ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അസ്സാഫ്

ജീവിതത്തിന് നവോന്‍മേഷംപകര്‍ന്നുനല്‍കുന്ന പുതിയ ദിനമാണ് പെരുന്നാള്‍. ഇതരദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരേ ഒരു ദിനമാണ് പെരുന്നാള്‍ ദിനം. സുദീര്‍ഘമായ ജീവിതത്തില്‍ നാം അപൂര്‍വമായി അനുഭവിക്കുന്ന ഹ്രസ്വമായ നിമിഷങ്ങളാണ് അവ. അല്ലാഹു ജനങ്ങള്‍ക്ക് നല്‍കിയ മഹത്തായ ഔദാര്യമാണത്. അവന്‍ നമുക്ക് പെരുന്നാള്‍ നിശ്ചയിക്കുകയും അതിനെ പരസ്പര കൂട്ടായ്മക്കുള്ള വേദിയാക്കുകയും ചെയ്തിരിക്കുന്നു. കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കപ്പെട്ട ഏതാനും നാളുകള്‍ക്ക് ശേഷമാണ് അവനത് സമ്മാനിക്കുന്നത്. പെരുന്നാള്‍ ദിനത്തിലാണ് പ്രസ്തുത ദിനങ്ങളോട് വിശ്വാസി യാത്ര പറയുന്നത്. അല്ലാഹു പ്രവാചകന് നല്‍കിയ ദിവ്യബോധനത്തിലൂടെയാണ് പെരുന്നാള്‍ നമ്മിലേക്കെത്തിയത്.
പെരുന്നാള്‍ അതിന്റെ മനോഹരമായ ആശയങ്ങളിലൂടെ ആകാശത്തോളം ഉയരുന്നുവെന്നും, വൃക്തിക്കും സമൂഹത്തിനും നന്മ വര്‍ഷിക്കുമെന്നും ചുരുക്കം.
സമൂഹം മുഴുവന്‍ സന്തോഷിക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പെരുന്നാള്‍. നന്മയില്‍ നിന്ന് കൊളുത്തിയെടുത്ത് പൂര്‍ത്തീകരിക്കേണ്ട ഓരോ സ്വപ്‌നവുമായാണ് എല്ലാവരും പെരുന്നാളിനെ സമീപിക്കാറ്. അവയില്‍ ഏറ്റവും ഉന്നതമായ സ്വപ്‌നം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കലും, ജനസമൂഹത്തിന് സേവനമര്‍പ്പിക്കലും തന്നെയാണ്. എല്ലാവര്‍ക്കും സ്വപ്‌നവും ആശയും ഉണ്ടായിരിക്കും. എന്നാല്‍ വ്യക്തികളുടെ താല്‍പര്യം സമൂഹത്തിന് മുന്നില്‍ പ്രതിബന്ധമാവരുതെന്ന് ചുരുക്കം.
ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്. വിയോജിപ്പുകളിലും, ഭിന്നതകളിലും പരിഹാരത്തിന് ഏകീകൃത-സുസമ്മത കേന്ദ്രമുണ്ടാവുകയെന്നതാണ് അതിന്റെ ഏറ്റവും അഴകാര്‍ന്ന രൂപം. ഭരണാധികാരി ജനതയുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയോ, ഭരണാധികാരിയോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുന്നതില്‍ ജനത അലസത കാണിക്കുകയോ അരുത്. സുബദ്ധമായ അഭിപ്രായത്തിന് -അത് ആരില്‍ നിന്ന് തന്നെ ആയാലും- ചെവി കൊടുക്കുകയെന്നതും ഇതിന്റെ തന്നെ ഭാഗമാണ്. പ്രദേശത്തിന്റെയോ, വര്‍ണത്തിന്റെയോ, നിറത്തിന്റെയോ പേരില്‍ ഏതെങ്കിലും വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ, നിഷേധിക്കപ്പെടുകയോ അരുത്. പരിപാവനമായ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ അണിയില്‍ സമൂഹത്തിലെ ഓരോ പൗരനും ചേര്‍ന്നുനില്‍ക്കേണ്ടതാണ്. അധിനിവിഷ്ട രാഷ്ട്രങ്ങളില്‍ പോരാടുന്ന മുജാഹിദുകളെ ഒന്നിപ്പിക്കാന്‍ ഇസ്‌ലാമിക ശരീഅത്തിനെക്കാള്‍ മഹത്തായ അടിസ്ഥാനമൂല്യം മറ്റെന്തുണ്ട്്?
ദയയും കാരുണ്യവും പ്രക്ഷേപിക്കുകയെന്നതും പെരുന്നാള്‍സന്ദേശങ്ങളില്‍ പെട്ടതാണ്. പരസ്പരം കരുണകാണിക്കുന്ന സമൂഹം എത്ര മനോഹരമായിരിക്കും! നമുക്കിടയില്‍ എത്രയെത്ര ദരിദ്രരും, കഷ്ടപ്പാടനുഭവിക്കുന്നവരുമുണ്ട്? ഒരു നേരത്തെ ഭക്ഷണം കയ്യിലില്ലാത്ത അവര്‍, കുഞ്ഞുങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അല്ലാഹു മനുഷ്യ ഹൃദയത്തില്‍ നിക്ഷേപിച്ച കാരുണ്യം ഭൂമിക്കുമുകളില്‍ ഒരു ദരിദ്രനെയും കണ്ണീരൊലിപ്പിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല. നമ്മുടെ സമൂഹത്തില്‍ അനാഥകളുണ്ട്. മാതാപിതാക്കളുടെ വാല്‍സല്യവും സ്‌നേഹവും ഉപദേശവും നഷ്ടപ്പെട്ടവരാണ് അവര്‍. അനാഥകളോടുള്ള ബാധ്യതയും, അവരെ സംരക്ഷിച്ചാലുള്ള പ്രതിഫലവും നമുക്ക് നന്നായറിയാം. പക്ഷേ പ്രായോഗിക ജീവിതത്തില്‍ നാമത് നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നു.
നമുക്കിടയില്‍ വിധവകളും വിവാഹമോചിതകളുമുണ്ട്. അവരുടെ കണ്ണുകളിലെ പ്രഭ മങ്ങിയിരിക്കുന്നു. ജനങ്ങളുടെ സഹതാപത്തോടെയുള്ള തുറിച്ചുനോട്ടം ആ നിര്‍ഭാഗ്യവതികളുടെ കണ്ണുകളില്‍ അവശേഷിച്ചതിളക്കത്തെയും ഊതിക്കെടുത്തിയിരിക്കുന്നു. നമുക്കിടയില്‍ ഒരുപാട് സാമൂഹികസേവകരും പ്രവര്‍ത്തന കേന്ദ്രങ്ങളും ഉണ്ടായിരിക്കെ തന്നെ ഈ രണ്ടുവിഭാഗങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു. തേങ്ങലുകളടക്കി വിങ്ങുന്ന ഹൃദയവുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് അവര്‍. ജയിലുകളില്‍ തടവിലാക്കപ്പെട്ട, പെരുന്നാള്‍ സന്തോഷം നിഷേധിക്കപ്പെട്ട നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമുണ്ട്. കര്‍ശനമായ നിയമം കാരണം നമുക്കവരെ സന്ദര്‍ശിക്കാന്‍ പോലും സാധിക്കില്ല.
ഐക്യവും ഒരുമയുമില്ലാത്ത പെരുന്നാളിന് മധുരം നല്‍കാനാകുമോ? വിട്ടുവീഴ്ചയും കാരുണ്യവുമില്ലാത്ത പെരുന്നാളിന് അഴകുപ്രസരിപ്പിക്കാനാകുമോ? നമുക്ക് നമ്മുടെ സാംസ്‌കാരിക മിമ്പറുകളെ ഐക്യാഹ്വാനത്തിന്റെ ജിഹ്വകളാക്കി മാറ്റിക്കൂടെ? കാരുണ്യവും നന്മയും പ്രചരിപ്പിക്കാന്‍ സാമൂഹിക ഐക്യം നമുക്ക് മുറുകെ പിടിച്ചുകൂടെ? തിന്മയുടെയും പാപങ്ങളുടെയും കൊട്ടാരങ്ങള്‍ നമുക്ക് തച്ചുതകര്‍ത്തു കൂടെ? സമൂഹത്തിന്റെ ഹൃദയമിടിപ്പറിയാത്ത ഒരു പൗരനും നമുക്കിടയിലുണ്ടാവാന്‍ പാടില്ല. സമൂഹ നിര്‍മാണത്തില്‍ പങ്കാളിയാവാതെ ഒരു സ്ത്രീയും പുരുഷനും എഴുന്നേറ്റുനില്‍ക്കരുത്. കാലം എത്ര തന്നെ കടന്നുപോയാലും, തിന്മകള്‍ എത്ര തന്നെ നിറഞ്ഞൊഴുകിയാലും സത്യം പുറത്തുവരികയും തിന്മയുടെ പ്രതീകങ്ങളെ തകര്‍ത്തുകളയുകയും ചെയ്യുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ എല്ലാ ഊടുവഴികളിലേക്കും, ഗ്രാമത്തിലേക്കും, കുടിലുകളിലേക്കും നന്മയുടെയും ഐക്യത്തിന്റെയും പ്രകാശമെത്തിക്കുകയെന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടുംപ്രയാസകരമല്ല.

പെരുന്നാളിലൊഴുകന്ന നന്മയുടെ അരുവികള്

ലേഖകൻ മുഹമ്മദ് സഅ്ദ് ശഈറ

മനോഹരമായ ആശയങ്ങളും ഉന്നതമായ തത്ത്വങ്ങളുമാണ് ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളായ ചെറിയ പെരുന്നാളും ബലി പെരുന്നാളും സമര്‍പിക്കുന്നത്. മറ്റുസമൂഹങ്ങളുടെ ആഘോഷങ്ങളിലോ, പുതുതായി ആവിഷ്‌കരിക്കപ്പെട്ട ആഘോഷങ്ങളിലോ കാണാന്‍ കഴിയാത്ത, അവയ്ക്കുനല്‍കാന്‍ കഴിയാത്ത സന്ദേശങ്ങളാണ് പെരുന്നാള്‍ നല്‍കുന്നത്. കൂടാതെ ഇസ്്‌ലാമിലെ രണ്ട് ആഘോഷങ്ങളും വൈവിധ്യം നിറഞ്ഞതോടൊപ്പംതന്നെ പരസ്പരം അഴകും ശോഭയും പകര്‍ന്നുനല്‍കുന്നതുമാണ്.
നാമിപ്പോള്‍ ചെറിയ പെരുന്നാളിലാണ് ഉള്ളത്. നാമതിന്റെ നിമിഷങ്ങള്‍ ആസ്വദിക്കുകയും, അതു സമര്‍പിക്കുന്ന ഉദാത്ത ആശയങ്ങളില്‍ നീന്തിത്തുടിക്കുകയും ചെയ്യുന്നു. അതിന്റെ തെളിയുറവകളില്‍ നിന്ന് പാനം ചെയ്യുകയും, അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ മതിവരോളം ആസ്വദിക്കുകയും ചെയ്യുന്നു.
അല്ലാഹു സന്തോഷത്തെ ആരാധനയാക്കിയിരിക്കുന്നു.
പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധവും, ഭക്ഷണം കഴിക്കല്‍ നിര്‍ബന്ധവുമാക്കിയിരിക്കുന്നു. പെരുന്നാളിന്റെ ഏറ്റവും വലിയ സന്തോഷം ഈ നോമ്പുമുറിക്കല്‍ അഥവാ ഭക്ഷണം കഴിക്കല്‍ തന്നെയാണ്. തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പുമുറിക്കുമ്പോഴും അല്ലാഹുവിനെ കണ്ടു മുട്ടുമ്പോഴും അവന്‍ സന്തോഷിക്കുന്നു’. എല്ലാ മനുഷ്യരും ഏതുവിധേനയും നേടിയെടുക്കാന്‍ ശ്രമിക്കുന്ന ലക്ഷ്യമാണ് സന്തോഷമെന്നത്. തനിക്കുമുമ്പിലുളള പ്രതിസന്ധികള്‍ മറികടന്നും സന്തോഷം കരസ്ഥമാക്കാന്‍ അവന്‍ പരിശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു വിശ്വാസികള്‍ക്കേകിയ സന്തോഷം പൂര്‍ണമായ ആഹ്ലാദവും, ആനന്ദവും നിറഞ്ഞതാണ്. അല്ലാഹു നിയമമാക്കിയ ആരാധനകള്‍ നിര്‍വഹിച്ചും, അവന്റെ കല്‍പനകള്‍ പാലിച്ചുമാണ് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിക്കുന്നത്. വിശ്വാസിയുടെ ആഹ്ലാദപ്രകടനത്തിനുപോലും അവന്റെ നാഥന്‍ പ്രതിഫലമൊരുക്കിയിരിക്കുന്നു.
ജനങ്ങളില്‍ ചിലരുണ്ട്, തങ്ങള്‍ക്ക് സന്തോഷത്തിലേക്കും സന്തോഷത്തിന് തങ്ങളിലേക്കും വരാനുള്ള വഴി തെളിച്ചുകൊടുക്കാനറിയാത്ത നിര്‍ഭാഗ്യവാന്‍മാര്‍. വര്‍ഷം മുഴുവന്‍ ദുഖത്തിലും വേദനയിലും കഴിച്ചുകൂട്ടുന്നവരാണ് അവര്‍. അങ്ങനെയിരിക്കെയാണ് അവരിലേക്ക് മഹത്തായ റമദാന്‍ തണല്‍ വിരിക്കുന്നത്. അതിന്റെ സമാപനംകുറിച്ചുകൊണ്ട് ചെറിയ പെരുന്നാള്‍ അവര്‍ക്ക് കുളിരേകുകയാണ്. മനോവ്യഥകള്‍ മാറ്റി വെച്ച്, മാനസികപ്രയാസങ്ങള്‍ മറികടന്ന്, പുതുജീവിതം നയിക്കാന്‍, പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രസരിപ്പിക്കാന്‍ പെരുന്നാള്‍ അവര്‍ക്ക് വഴിതെളിക്കുന്നു. നോമ്പുപൂര്‍ത്തിയ സന്തോഷമായിരിക്കും പെരുന്നാള്‍ രാവില്‍ അവനിലുണ്ടാവുക. അതോടെ പെരുന്നാളിനെ സ്വീകരിക്കാന്‍ അവന്റെ മനസ്സ് വെമ്പല്‍ കൊള്ളുന്നു. പെരുന്നാളിനായി കുളിച്ചുവൃത്തിയായി ഉള്ളതിലേറ്റവും നല്ല വസ്ത്രം ധരിച്ച്, ഏതാനും കാരക്കകള്‍ കഴിച്ച് പ്രഭാതം പുഞ്ചിരിതൂകുമ്പോള്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി അവന്‍ പുറപ്പെടുന്നു. അല്ലാഹുവിനെ പ്രകീര്‍ത്തിച്ച്, പ്രശംസിച്ച്, സ്തുതിച്ച് നമസ്‌കാരത്തിനായി കാത്തു നില്‍ക്കുന്നു. ഉപദേശം കേള്‍ക്കാന്‍ നിര്‍മലമായിരിക്കുന്നു അവന്റെ ഹൃദയം. നമസ്‌കാരത്തിന് ശേഷം കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും കാണാനും ആശ്ലേഷിക്കാനും അവന്‍ വെമ്പല്‍ കൊളളുന്നു. സര്‍വദുഖങ്ങളെയും വേദനകളെയും അലിയിച്ചുകളയുന്ന മനോഹരമായ നിമിഷങ്ങളത്രെ അത്.
കുടുംബ ബന്ധം ചേര്‍ക്കാനും, അയല്‍ക്കാരനെ ആദരിക്കാനും അനുയോജ്യമായ സന്ദര്‍ഭമാണ് പെരുന്നാള്‍. ബന്ധങ്ങള്‍ക്കിടയിലറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനും, പരവിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് ഹൃദയശുദ്ധി വരുത്താനും പെരുന്നാളിനേക്കാള്‍ അനുയോജ്യമായ സന്ദര്‍ഭമേതുണ്ട്?
എത്ര മനോഹരമാണ് ഇസ്ലാമിലെ നിയമങ്ങള്‍! വിശ്വാസികളെ പ്രായോഗിക ജീവിതത്തില്‍ പരസ്പരം ഒന്നിപ്പിക്കുന്ന ആരാധനകളാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. വികാരങ്ങളും, ആശയങ്ങളും അവര്‍ പരസ്പരം പങ്കുവെക്കുന്നു. ഇവിടെ ആരാധനകളും, ആഹ്ലാദങ്ങളും, ആഘോഷങ്ങളുമെല്ലാം ഒന്നായിരിക്കുന്നു. അല്ലാഹുവിന്റെ എത്ര മഹത്തായ കാരുണ്യമാണിത്! ഇവിടെ പെരുന്നാളും സന്തോഷവും ആനന്ദവും എല്ലാവര്‍ക്കുമാണ്. ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ അത് നിഷേധിക്കപ്പെടരുത്. അതിനാലാണ് ദരിദ്രരെ സഹായിക്കാന്‍, അഗതിയെ ഊട്ടാന്‍ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്് . ഇബ്‌നു അബ്ബാസ്(റ) പറയുന്നു:’നോമ്പുകാരനെ ശുദ്ധീകരിക്കാനും, അഗതിയെ ഊട്ടാനുമായി തിരുമേനി(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു’.
ഇപ്രകാരം പെരുന്നാള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ സ്‌നേഹവും കാരുണ്യവും നിറക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ അവനെ പരിശീലിപ്പിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അവനെ പ്രചോദിപ്പിക്കുന്നു. സമൂഹത്തില്‍ ഒരു ദരിദ്രനും അഗതിയും കഷ്ടപ്പെടരുത്, പ്രയാസമനുഭവിക്കരുത്. അവന്റെ പ്രയാസം നമ്മെ വേദനിപ്പിക്കേണ്ടതാണ്. അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും നാമാണ് നല്‍കേണ്ടത്.
ഇസ്‌ലാം സമര്‍പിച്ച നാഗരികമൂല്യമാണിത്. ലോകത്തെ എല്ലാ പ്രത്യയ ശാസ്ത്രവും ഇതിനുമുന്നില്‍ തലകുനിച്ചിരിക്കുന്നു. ഇസ്‌ലാം സ്ത്രീയോട് അതിക്രമം പ്രവര്‍ത്തിച്ചുവെന്ന് വാതോരാതെ പ്രസംഗിക്കുന്നവരാണ് അവര്‍. ഇസ്‌ലാമിലെ പെരുന്നാള്‍ അവര്‍ കണ്ടിട്ടില്ലായിരിക്കാം. സ്ത്രീകള്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പുറപ്പെടുന്നു. പുരുഷന്മാരോട് കലരാതെ, ആഭാസ പ്രകടനങ്ങള്‍ നടത്താതെ, വിനയത്തോടും, വിശ്വാസത്തോടും കൂടി. ആര്‍ത്തവകാരി പോലും പെരുന്നാള്‍ മൈതാനിയില്‍ ഹാജരാണ്. നമസ്‌കരിക്കുകയില്ലെന്ന് മാത്രം. മുസ്‌ലിംകള്‍ പരസ്പരം ഒരുമിക്കുന്നതില്‍, ആശ്വസിപ്പിക്കുന്നതില്‍, ആഹ്ലാദം പ്രകടിപ്പിക്കുന്നതില്‍ അവരും പങ്കു കൊള്ളുന്നു.
ഇസ്‌ലാമിലേക്ക് നമ്മെ വഴി നടത്തിയെന്നതുതന്നെയാണ് അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹം. നാമതിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. പെരുന്നാള്‍ നന്ദി പ്രകടനത്തിനുള്ള മഹത്തായ അവസരമാണ്. നമുക്ക് തക്ബീര്‍ മുഴക്കി, നന്മകള്‍ പങ്കുവെച്ച് അല്ലാഹുവിനോടുള്ള നന്ദി ഐകകണ്‌ഠേന പ്രകടിപ്പിക്കാം.

പ്രതാപത്തെ അറിയിച്ച് പെരുന്നാളോഘോഷിക്കുക

ലേഖകൻ അബ്ദുല്‍ അസീസ് അബ്ദുല്ലാഹ് ആലുശൈഖ്
നോമ്പുകാരന്‍ ആഹ്ലാദിക്കുന്ന ചെറിയ പെരുന്നാളിന്റെ നിറവിലാണ് നാമുള്ളത്. അല്ലാഹു തങ്ങളുടെ മേല്‍ വര്‍ഷിച്ച അനുഗ്രഹങ്ങളുടെ മഹത്ത്വം വിശ്വാസികള്‍ ഈ പെരുന്നാള്‍ സുദിനത്തില്‍ തിരിച്ചറിയുന്നു. ദരിദ്രരെ ആശ്വസിപ്പിച്ചും, അഗതിയുടെ ആവശ്യവും പൂര്‍ത്തീകരിച്ചും അല്ലാഹു മഹത്തായ ഔദാര്യമാണ് നമ്മോട് ചെയ്തിരിക്കുന്നത്.
മറ്റുസമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഘോഷവും പെരുന്നാളുമാണ് മുസ്‌ലിം ഉമ്മത്തിനുള്ളത്. ആരുടെയെങ്കിലും ജനനമോ, മരണമോ പ്രമാണിച്ചുള്ള പെരുന്നാളല്ല അത്. ഭൂമിയില്‍ സംഭവിച്ച ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലിലുള്ളതുമല്ല. മറിച്ച് നോമ്പും രാത്രി നമസ്‌കാരവും പൂര്‍ത്തീകരിച്ചതിന്റെ സന്തോഷപ്രകടനമാണ് അത്. ഇപ്രകാരം ഹജ്ജുപൂര്‍ത്തീകരിച്ചതിന്റെ സന്തോഷമായി ബലി പെരുന്നാളും ആഘോഷിക്കുന്നു.
കേവലം സന്തോഷപ്രകടനം എന്നതിലുപരിയായി അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ആരാധന കൂടിയാണ് അത്.
നമ്മുടെ പെരുന്നാള്‍ കുലീനവും പുതുമയുള്ളതുമാണ്. ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാനഇബാദത്തുകളായ നോമ്പും നമസ്‌കാരവുമായി അതിന് ബന്ധമുണ്ട്.
ബന്ധങ്ങള്‍ പുതുക്കുന്നതിനും, അത്തരം ബന്ധങ്ങളില്‍ സ്‌നേഹവും കാരുണ്യവും പൂത്തുലയുന്നതിനുമുള്ള അവസരമാണത്. ദൈവിക നിയമങ്ങള്‍ ലംഘിച്ചോ, ആരാധനകള്‍ നിര്‍ത്തിവെച്ചോ, സല്‍ക്കര്‍മങ്ങള്‍ നശിപ്പിച്ചോ ഉള്ള ആഹ്ലാദ പ്രകടനങ്ങള്‍ നമുക്കില്ല. ശര്‍ഈ നിമയങ്ങള്‍ പാലിച്ച്, ആരാധനകള്‍ നിര്‍വഹിച്ച്, സുകൃതങ്ങള്‍ നട്ടുവളര്‍ത്തിയുള്ള പെരുന്നാളാണ് ഇസ്ലാമിന്റേത്.
അല്ലാഹു തന്റെ മാലാഖമാരില്‍ നിന്നും, ജനങ്ങളില്‍ നിന്നും സന്ദേശവാഹകരെ തെരഞ്ഞെടുക്കാറുണ്ട്(ഹജ്ജ് 75). മുഹമ്മദ്(സ)യെ തെരഞ്ഞെടുക്കുകയും അദ്ദേഹത്തെ അവസാനത്തെ നബിയും പ്രവാചകനുമാക്കുകയും ചെയ്തു. അദ്ദേഹത്തിന് അവതരിപ്പിച്ച ശരീഅത്തിനെ ഒടുവിലത്തെ നിയമസംഹിതയാക്കി മാറ്റി. അദ്ദേഹത്തിന്റെ സമൂഹത്തെ തെരഞ്ഞെടുക്കുകയും അവരെ ഉത്തമ സമൂഹമാക്കി മാറ്റുകയും ചെയ്തു (ആലുഇംറാന്‍ 110).
സന്മാര്‍ഗത്തിന്റെ ചിഹ്നങ്ങള്‍ വിസ്മൃതമായ, ദൈവിക നിയമങ്ങള്‍ തിരുത്തപ്പെട്ട, ദുര്‍മാര്‍ഗം അധികാരം വാണ സന്ദര്‍ഭത്തിലാണ് പ്രവാചകന്‍(സ) നിയോഗിക്കപ്പെട്ടത്. ജനങ്ങളെ അദ്ദേഹം അല്ലാഹുവിലേക്ക് ക്ഷണിക്കുകയും, ശിര്‍ക്കിനെക്കുറിച്ച് അവരെ താക്കീതുചെയ്യുകയും, ജീവിതത്തില്‍ മൂല്യം മുറുകെ പിടിക്കാന്‍ അവരോട് കല്‍പിക്കുകയും ചെയ്തു.
ദൈവിക സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവരദ്ദേഹത്തെ കളവാക്കുകയും, മാരണക്കാരന്‍, ഭ്രാന്തന്‍, കവി, കെട്ടിച്ചമച്ചവന്‍ തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹത്തിന് മേല്‍ ചാര്‍ത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അവയൊക്കെയും സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. അവര്‍ക്കിടയില്‍ അപരിചിതനപ്പോലെ, പുതിയ സന്ദേശവും വിശ്വാസവുമായി ജീവിച്ചു. ഒടുവില്‍ അല്ലാഹു സത്യസന്ദേശത്തെ വിജയിപ്പിക്കുകയും അദ്ദേഹത്തിന് അധികാരം നല്‍കുകയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് ഈ ഉമ്മത്ത് ദൗര്‍ബല്യത്തിനടിപ്പെട്ടു. ശത്രുക്കള്‍ അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു. വിശ്വാസികള്‍ക്കിടയില്‍ ചിദ്രതയും പിളര്‍പ്പുമുണ്ടായി.
ഇസ്‌ലാമിക നിയമങ്ങളില്‍ നിന്നകന്ന്, എന്നാല്‍ ഇസ്‌ലാംപൈതൃകം അവകാശപ്പെട്ട് ജീവിച്ചവരായിരുന്നു ഈ ഉമ്മത്തിന്റെ ശാപം. അവര്‍ അല്ലാഹുവല്ലാത്ത പലര്‍ക്കും ജീവിതത്തില്‍ നിരുപാധികമായ സ്ഥാനം നല്‍കി. അവരെ സഹായത്തിന്‌വിളിക്കുകയും അവരോട് മാര്‍ഗനിര്‍ദേശം ചോദിക്കുകയും, അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തു.
പലരും നമസ്‌കാരം പാഴാക്കുകയും, സകാത്ത് നല്‍കാതിരിക്കുകയും, ഇസ്‌ലാമിക പ്രതീകങ്ങളെ നിന്ദിക്കുകയും ചെയ്തു. ആരാധനകളില്‍ നിന്നും ഇടപാടുകളില്‍ നിന്നും ഇസ്‌ലാം അപ്രത്യക്ഷമായി. അല്ലാഹു യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നിഷിദ്ധമാക്കിയ പലിശയെ ഇടപാടിന്റെ മാനദണ്ഡമായി അവര്‍ നിശ്ചയിച്ചു. കാലത്തിന്റെ അനിവാര്യതയാണ് അതെന്ന് അവര്‍ വാദിച്ചു.
ഭരണനിയമത്തിന്റെ കാര്യത്തിലും ഇസ്‌ലാം അപ്രത്യക്ഷമായി. ഇസ്‌ലാമിക ലോകത്ത് ഒരേ ഒരു രാഷ്ട്രമാണ് പലപ്പോഴും പ്രതിലോമപരമാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ പല മുസ്‌ലിംകള്‍ക്കും ഇപ്പോഴും അപരിചിതമാണ് എന്നതാണ് വസ്തുത.
ആരാധനകളില്‍ നിന്ന് ഊര്‍ജ്ജം ആവാഹിച്ച്് മുസ്‌ലിം ഉമ്മത്തിന്റെ പ്രതാപം വീണ്ടെടുക്കുന്ന മാര്‍ഗത്തില്‍ അവ പകരാന്‍ റമദാനുശേഷമുള്ള പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

പെരുന്നാളിന്റെ മധുരവും കയ്പും

ലേഖകൻ മുസ്തഫാ ലുത്ഫി മന്‍ഫലൂത്വി

നന്‍മയുടെ പ്രകാശം പരത്തുന്ന ഞാന്‍ കേട്ടതില്‍ വെച്ചേറ്റവും ഹൃദ്യമായ ഒരു കഥയുണ്ട്. ദരിദ്രയായ ഒരു സ്ത്രീ ഒരു പെരുന്നാള്‍ ദിനത്തില്‍ നഗരത്തിലെ കളിപ്പാട്ടങ്ങള്‍ വില്‍ക്കപ്പെടുന്ന ഒരു കടക്കുമുന്നില്‍ നില്‍ക്കുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പെരുന്നാള്‍ സമ്മാനം വാങ്ങാനെത്തിയ ധാരാളം പേരുണ്ടായിരുന്നു അവിടെ. അതിനിടെയാണ് മാര്‍ബിളില്‍ കൊത്തിയ ഒരു പാവയില്‍ ഈ സ്ത്രീയുടെ കണ്ണുകളുടക്കിയത്. ഭംഗിയിലും അഴകിലും ഒരു അല്‍ഭുതം തന്നെയായിരുന്നു ആ പാവ. കാണുന്നവരെ ആകര്‍ഷിക്കാന്‍ മാത്രം മനോഹാരിതയുണ്ടായിരുന്നു അതിന്. കുട്ടികളാഗ്രഹിക്കുന്ന കുട്ടിത്തം വഴിയുന്ന മുഖമായിരുന്നു അതിനുണ്ടായിരുന്നത്. തന്റെ കുഞ്ഞുമകന്റെ കണ്ണുകള്‍ കൊണ്ട് അത് തന്നെത്തന്നെ നോക്കുന്നതായി ആ സ്ത്രീക്ക് അനുഭവപ്പെട്ടു. അവരുടെ മകന്‍ പെരുന്നാള്‍ സമ്മാനവും പ്രതീക്ഷിച്ച് വീട്ടിലിരിക്കുകയാണ്. അവരത് കയ്യിലെടുത്തു. കച്ചവടക്കാരനോട് വിലപേശി.
തന്റെ കൈയിലുള്ള പൈസകൊടുത്ത് അത് വാങ്ങാന്‍ കഴിയില്ലെന്ന് ആ പാവം സ്ത്രീക്ക് ബോധ്യമായി. അതു വാങ്ങാതെ തന്റെ കുഞ്ഞിന്റെയടുത്തേക്ക് തിരിച്ചുപോകാനാവില്ലെന്നും വിങ്ങുന്ന മാതൃഹൃദയത്താല്‍ അവരോര്‍ത്തു. ഗത്യന്തരമില്ലാതെ ആ സ്ത്രീ മറ്റാരുടെയും കണ്ണില്‍പെടാതെ ആ പാവ കൈക്കലാക്കി വീട്ടിലേക്ക് തിരിഞ്ഞുനടന്നു. അപ്പോഴൊക്കെ സമ്മിശ്രവികാരങ്ങളായിരുന്നു അവരുടെ ഹൃദയാന്തരാളത്തില്‍. താന്‍ ചെയ്ത അപരാധത്തെക്കുറിച്ച കുറ്റബോധവും പാവക്കുട്ടിയെ കാണുമ്പോള്‍ തന്റെ കുഞ്ഞിനുണ്ടാകുന്ന ആഹ്ലാദവും ഒക്കെ ആലോചിച്ച് അവര്‍ വീടെത്തി.
കച്ചവടക്കാരന്‍ തികഞ്ഞ സമര്‍ഥനായിരുന്നു. കടയില്‍ വരുന്ന ഓരോ ഉപഭോക്താവിന്റെ ചലനങ്ങളും നീക്കവും അയാള്‍ സദാ നിരീക്ഷിക്കാറുണ്ടായിരുന്നു. സ്ത്രീ പാവ മോഷ്ടിക്കുന്നതും അതുമായി സ്ഥലംകാലിയാക്കുന്നതും കണ്ട അയാള്‍ അവരെ പിന്തുടര്‍ന്ന് വീട് മനസ്സിലാക്കി. എന്നിട്ട് നേരെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സംഭവങ്ങള്‍ വിവരിച്ചു. അവിടെനിന്നും രണ്ടുപോലീസുകാരെയും കൂട്ടി അദ്ദേഹം ആ സ്ത്രീയുടെ വീട്ടിലേക്ക് തള്ളിക്കയറി. കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു അവര്‍ . തന്റെ കുഞ്ഞിന്റെ ആഹ്ലാദവും ആനന്ദവും ആസ്വദിക്കുകയായിരുന്നു ആ പാവം സ്ത്രീ. പോലീസുകാര്‍ സ്ത്രീയെ പിടികൂടി. കച്ചവടക്കാരനാകട്ടെ കുഞ്ഞിന്റെ മേല്‍ ചാടിവീണ് കയ്യില്‍ നിന്ന് പാവ ബലംപ്രയോഗിച്ച് കൈക്കലാങ്ങി. ഇതുകണ്ട കുഞ്ഞ് ഉറക്കെ കരഞ്ഞു. പാവ നഷ്ടപ്പെട്ടതായിരുന്നില്ല അവന്റെ പ്രശ്‌നം. തന്റെ മുന്നില്‍ നിന്ന് വിറക്കുന്ന ഉമ്മയെ കണ്ടപ്പോള്‍ ആ കച്ചവടക്കാരന്റെ കാലിലേക്ക് വീണ് കുട്ടിപൊട്ടിക്കരഞ്ഞു ‘എന്റെ ഉമ്മയോട് കരുണ കാണിച്ചാലും.’ അവന്‍ കരഞ്ഞുകൊണ്ടേയിരുന്നു.
കുട്ടിയുടെ അലമുറയിട്ടുള്ള കരച്ചില്‍ കണ്ട കച്ചവടക്കാരന്റെ മനസ്സ് ആര്‍ദ്രമായി. ജനങ്ങള്‍ മുഴുവന്‍ സന്തോഷിക്കുന്ന പെരുന്നാള്‍ രാവില്‍ ആ ദരിദ്രകുടുംബത്തെ വേദനിപ്പിച്ചത് ശരിയായില്ലെന്ന് അയാളുടെ മനസ്സാക്ഷി മന്ത്രിച്ചുകൊണ്ടിരുന്നു. അദ്ദേഹം കൂടെ വന്ന പോലീസുകാരോട് പറഞ്ഞു ‘ഞാന്‍ ഈ സ്ത്രീയെ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു, ഇത് ഞാന്‍ വില്‍ക്കുന്ന പാവയല്ല’. ഇതുകേട്ട പോലീസുകാര്‍ തിരികെപോയി. കച്ചവടക്കാരന്‍ കുഞ്ഞിനെ പൊക്കിയെടുത്തു അവനോട് ക്ഷമാപണം നടത്തി. പിന്നീട് ആ ഉമ്മയുടെ അടുത്ത് ചെന്ന് തന്റെ പിടിവാശിയിലും പരുഷതയിലും മാപ്പിരന്നു. തന്റെ ചെയ്തിയിലുള്ള ഖേദം അവരുടെ മുഖത്തുണ്ടായിരുന്നു. കച്ചവടക്കാരനോട് വളരെയധികം നന്ദിയുണ്ടെന്ന് ഗദ്ഗദത്തോടെ അവര്‍ മൊഴിഞ്ഞു. ആ ദരിദ്ര കുടുംബത്തിന് പെരുന്നാള്‍ ആഘോഷിക്കാനാവശ്യമായ വിഭവങ്ങള്‍ എത്തിച്ചുകൊടുത്തശേഷമാണ് അയാള്‍ അവിടെ നിന്ന് മടങ്ങിയത്.
സന്തോഷത്തിന്റെയും സന്താപത്തിന്റെയും രണ്ടുവികാരങ്ങളാണ് പെരുന്നാള്‍ രാവില്‍ അന്തരീക്ഷത്തില്‍ പ്രസരിക്കുന്നത്. പെരുന്നാളിന് വേണ്ട വസ്ത്രവും, ആഭരണങ്ങളും ശേഖരിച്ച്, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി, അതിഥികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി സമാധാനത്തോടും നിര്‍വൃതിയോടും കൂടി കിടന്നുറങ്ങുന്നവരാണ് ആദ്യത്തേത്. മനോഹരമായ സ്വപ്‌നങ്ങള്‍ കണ്ട് സുഖനിദ്രയിലാണ് അവര്‍ പെരുന്നാള്‍ രാവ് കഴിച്ചുകൂട്ടുന്നത്. കാര്യങ്ങളെങ്ങനെ മുന്നോട്ടുനീക്കുകയെന്ന കാര്യം ആലോചിച്ച് കനലെരിയുന്ന ഹൃദയവുമായി കഴിയുന്ന ദര്‍ഭാഗ്യവാന്‍മാരാണ് രണ്ടാത്തേത്. വിങ്ങുന്ന ഹൃദയവുമായി നിദ്രാവിഹീനരായി പെരുന്നാള്‍രാവില്‍ അവര്‍ കിടക്കുന്നത്. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ കണ്ണുകളും നാവുകളും കൊണ്ട് പെരുന്നാള്‍ സമ്മാനത്തെയും വസ്ത്രത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാനില്ലാത്തവരാണ് അവര്‍. നാളെ പെരുന്നാള്‍ പ്രഭാതത്തില്‍ കുട്ടികളോട്് എന്ത് ഒഴിവുകഴിവുപറഞ്ഞാണ്് രക്ഷപ്പെടുക എന്നതായിരിക്കും അവരുടെ വേവലാതി.
ദൈവം അനുഗ്രഹിച്ച സൗഭാഗ്യവാന്മാര്‍ ഇത്തരത്തിലുള്ള ദരിദ്ര കുടുംബങ്ങളിലേക്ക് സഹായ ഹസ്തം നീട്ടിയെങ്കില്‍ എത്രനന്നായിരുന്നു. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ വിഭവങ്ങളില്‍ നിന്ന് അല്‍പമെങ്കിലും നല്‍കി നന്ദിയുടെഒരു ചെറിയ അംശമെങ്കിലും പ്രകടിപ്പിച്ചുകൂടെ. പെരുന്നാള്‍ ദിനത്തെ യാത്രക്കിടയില്‍ തേഞ്ഞുനിറംമങ്ങിയ വസ്ത്രം ധരിച്ച്, കണ്ണുനിറച്ച്, മതിലിന് പിന്നില്‍ ലജ്ജയോടെ, അതിലേറെ വേദനയോടെ ഒളിച്ചുനില്‍ക്കുന്ന പിഞ്ചു കുഞ്ഞിനെക്കാണുമ്പോള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും, വേദങ്ങളിലും വിശ്വസിക്കുന്ന, കാരുണ്യവും വാല്‍സല്യവും നിറഞ്ഞ ഹൃദയമുള്ള ഒരാള്‍ക്ക് എങ്ങനെ കരയാതിരിക്കാനാവും!

ആരാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത് ?

ലേഖകൻ ഖാലിദ് അബൂസ്വാലിഹ്

അനുഗ്രഹീതമായ റമദാന്റെ നാളുകള്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. കര്‍മനൈരന്തര്യത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവിക കാരുണ്യവും പാപമോചനവും നരകമോക്ഷവും നേടിയവര്‍ വിജയം വരിച്ചിരിക്കുന്നു. പാപങ്ങളും കുറ്റങ്ങളും സമ്പാദിച്ച് റമദാനെ അവഗണിച്ചവന്‍ പരാജയപ്പെട്ടിരിക്കുന്നു. കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടവന് സ്വാഗതം, കാരുണ്യത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവന്റെ കാര്യം കഷ്ടം തന്നെ.
മിക്ക ആളുകളും മനസ്സിലാക്കുന്നത് പോലെ അശ്രദ്ധയിലും വിനോദത്തിലും പാഴാക്കിക്കളയുന്നതിനുള്ള നിമിഷങ്ങളല്ല പെരുന്നാളിനുള്ളത്. ദൈവിക സ്മരണ നിലനിര്‍ത്തുന്നതിനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സ്മരിക്കുന്നതിനും വേണ്ടി നിശ്ചയിക്കപ്പെട്ട നാളാണ് അത്. റമദാന്‍ പൂര്‍ത്തിയാവുന്നതോടെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കണമെന്നതാണ് ഖുര്‍ആനിക കല്‍പന :’നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്’.(അല്‍ബഖറ 185)
നോമ്പെടുക്കാന്‍, രാത്രിയില്‍ നിന്ന് നമസ്‌കരിക്കാന്‍ സൗഭാഗ്യമേകിയ, പാപങ്ങള്‍ പൊറുക്കുകയും നരകമോക്ഷം പ്രദാനം ചെയ്യുകയും ചെയ്ത, നാഥനോട് നന്ദി കാണിക്കാതിരിക്കാന്‍, അവനെ പ്രകീര്‍ത്തിക്കാതിരിക്കാന്‍, അവന്റെ കല്‍പനകള്‍ അനുസരിക്കാതിരിക്കാന്‍ നമുക്കെന്തുണ്ട് ന്യായം?
പെരുന്നാള്‍ നന്ദിപ്രകാശനമാണ്്, താന്തോന്നിത്തമല്ല. അതിനാല്‍ നാം നമ്മുടെ സന്താനങ്ങളെയും സഹോദരന്മാരെയും സംരക്ഷിക്കുക. നമ്മുടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സഹോദരിമാരുടെയും വസ്ത്രങ്ങള്‍ പരിശോധിക്കുക. ഇസ് ലാമികമായ സംസ്‌കാരം അവരില്‍ നാം കണിശമാക്കുക. ഉമ്മത്തിലെ യുവാക്കള്‍ക്ക് അവരുടെ ധാര്‍മികത മുറുകെ പിടിക്കുന്നതില്‍ നാം സഹായികളാവുക.
അല്ലാഹു റമദാനില്‍ നല്‍കിയ സൗഭാഗ്യങ്ങള്‍ക്ക് അവനോട് നന്ദി കാണിക്കുന്നതിന്റെ തന്നെ ഭാഗമാണ് ശവ്വാലില്‍ ആറ് നോമ്പെടുക്കുകയെന്നത്. അത് കൂടി പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്റെ പ്രതിഫലമാണ് വിശ്വാസിക്ക് ലഭിക്കുന്നത്.
പെരുന്നാള്‍ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസാനവാക്കാണ്. വിശ്വാസികള്‍ ഇഹലോകത്ത് സന്തോഷിക്കുന്നത് അല്ലാഹുവിന്റെ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തിലാണ്. ‘പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം’.(യൂനുസ് 58.)
അല്ലാഹുവിനെ അനുസരിച്ചവര്‍ക്കുള്ളതാണ് പെരുന്നാള്‍. അവനെ ധിക്കരിച്ചവര്‍ക്ക് ആഹ്ലാദമല്ല, ദുഖമാണ് ഉണ്ടാവേണ്ടത്. പകലില്‍ നോമ്പെടുക്കുകയും രാത്രിയില്‍ നമസ്‌കരിക്കുകയും ചെയ്തവര്‍ക്കാണ് പെരുന്നാള്‍. ഖുര്‍ആന്‍ പാരായണത്തിനായി ഉറക്കമൊഴിച്ചവര്‍ക്കാണ്, ഗാനങ്ങള്‍ കേള്‍ക്കാനും ആടിത്തിമിര്‍ക്കാനും വേണ്ടി ഉറക്കമിളച്ചവര്‍ക്കുള്ളതല്ല പെരുന്നാള്‍. ഹസന്‍ ബസ്വരി പറയുന്നു ‘അല്ലാഹുവിനെ ധിക്കരിക്കാത്ത ദിവസങ്ങളാണ് വിശ്വാസിയുടെ പെരുന്നാള്‍’.
പുതുവസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങി വന്നവരുടേതല്ല, അല്ലാഹുവിന് കീഴൊതുങ്ങി ജീവിച്ചവന്റേതാണ് പെരുന്നാള്‍. വസ്ത്രം അലങ്കരിച്ചവനുള്ളതല്ല, പാപങ്ങള്‍ പൊറുക്കപ്പെട്ടവനുള്ളതാണ് പെരുന്നാള്‍. ദിര്‍ഹമും ദീനാറും സമ്പാദിച്ചവര്‍ക്കുള്ളതല്ല, പ്രതാപവാനായ അല്ലാഹുവിനെ അനുസരിച്ചവനുള്ളതാണ് പെരുന്നാള്‍.
അശ്രദ്ധയിലും ആഘോഷത്തിലും തിമിര്‍ത്താടി, മേത്തരം വസ്ത്രങ്ങള്‍ ധരിച്ച്, സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പി പെരുന്നാള്‍ ആഘോഷിക്കുന്ന ഉമ്മത്തിനെ കണ്ട ചില പണ്ഡിതന്മാര്‍ പറഞ്ഞുവത്രെ ‘തങ്ങളുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്ന് അറിയിക്കപ്പെട്ടവരാണ് ഇവരെങ്കില്‍ അല്ലാഹുവിനോട് നന്ദി കാണിച്ച് വിനയത്തോടിരിക്കുകയാണ് ഇവര്‍ ചെയ്യേണ്ടിയിരുന്നത്. അതല്ല, അല്ലാഹു തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളതെങ്കില്‍ കൂടുതല്‍ നന്മകളും പ്രാര്‍ത്ഥനകളും നിര്‍വഹിക്കുകയായിരുന്നു വേണ്ടത്’.

വ്യക്തിവൈജാത്യങ്ങള്‍ ഖുര്‍ആനില്‍

അബ്ദുല്ലാ റമദാനി
Flowers-flowers-34296153-500-313\
ഓരോ മനുഷ്യരുടെയും ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളും അഭിരുചികളും വ്യത്യസ്തമാണ്. ജീവിക്കുന്ന ചുറ്റുപാടും പാരമ്പര്യ ഘടകങ്ങളുമാണ് അതിന്റെ പ്രേരകങ്ങളായി വര്‍ത്തിക്കുന്നതെന്ന് അതിനെ കുറിച്ച് പഠനങ്ങള്‍ നടത്തിയവര്‍ പറയുന്നു. ഈ സവിശേഷതകളാണ് മറ്റു വ്യക്തികളില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത് എന്നാണ് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. അത് അവരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും സാമൂഹിക ഇടപെടലുകളിലും പ്രകടമാവുന്ന ശാരീരികമോ ബുദ്ധിപരമോ ആയ പ്രകൃതമോ ആവാം.

വ്യക്തികളില്‍ കാണുന്ന വൈജാത്യത്തെ കുറിച്ച് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നത് കാണാം. പാരമ്പര്യത്തിന്റെയും ചുറ്റുപാടിന്റെയും ഫലമായി വ്യക്തികളില്‍ കാണുന്ന വ്യതിരിക്തതകളിലേക്കത് വിരല്‍ ചൂണ്ടുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്.’ (അല്‍-അന്‍ആം: 165) ജന്മനാ ഉള്ളതും പിന്നീട് ആര്‍ജ്ജിച്ചതുമായ എല്ലാതരം വൈജാത്യങ്ങളിലേക്കുമുള്ള സൂചനയിത് നല്‍കുന്നു. ഖുര്‍ആന്‍ വിവരിക്കുന്നു: ‘ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്.’ (അസ്സുഖുറുഫ്: 32) സമ്പത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലിലും ആളുകള്‍ക്കിടയിലുള്ള വ്യത്യാസത്തെയാണിത് സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അതിന്റെ വിതരണം നടത്തിയിരിക്കുന്നു. പരസ്പര സഹവര്‍ത്തിത്വത്തിനും സഹകരണത്തിനുമുള്ള വഴികള്‍ ഒരുക്കുക കൂടി അതില്‍ ചെയ്തിരിക്കുന്നു.

‘ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.’ (അര്‍റൂം: 22) പാരമ്പര്യവുമായി ബന്ധപ്പെട്ട ഘടകമാണ് ഓരോരുത്തരുടെയും നിറങ്ങളിലുള്ള വ്യത്യാസം. അപ്രകാരം ജീവിക്കുന്ന ചുറ്റുപാടും സംസ്‌കാരവും സാമൂഹികാവസ്ഥയുമായ ബന്ധപ്പെട്ടതാണ് ഭാഷയിലും ശൈലികളിലുമുള്ള വ്യത്യാസം. മനുഷ്യര്‍ക്കിടയിലെ വേറെയും വ്യത്യാസങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് അവക്ക് ചില ഉദാഹരണങ്ങള്‍ നമുക്ക് പരിശോധിക്കാം.
1. അറിവിലും വിജ്ഞാനത്തിലുമുള്ള വ്യത്യാസം: ബുദ്ധിപരവും ദാര്‍ശനികവുമായ കഴിവില്‍ ആളുകള്‍ക്കിടയില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്.’ (യൂസുഫ്: 76) പ്രസ്തുത സൂക്തത്തെ വിശദീകരിച്ചുകൊണ്ട തഫ്‌സീര്‍ ഇബ്‌നു കഥീറില്‍ പറയുന്നത് ശ്രദ്ധേയമാണ്. ‘ഹസന്‍ ബസ്വരി പറയുന്നു: ഓരോ പണ്ഡിതന്‍മാരുടെയും മുകളില്‍ പണ്ഡിതന്‍മാരുണ്ട്, അതവസാനിക്കുന്നത് മഹാനായ അല്ലാഹുവിലാണ്. സഈദ് ബിന്‍ ജുബൈര്‍ പറയുന്നു: ഞങ്ങള്‍ ഇബ്‌നു അബ്ബാസിന്റെ അടുക്കല്‍ ഇരിക്കുമ്പോള്‍ അദ്ദേഹം വളരെ അത്ഭുതകരമായ ഒരു കാര്യം പറഞ്ഞു. അപ്പോള്‍ ഒരാള്‍ അത്ഭുതത്തോടെ പറഞ്ഞു: ‘അറിവുള്ളവര്‍ക്കെല്ലാം മുകളില്‍ കൂടുതല്‍ നന്നായി അറിയുന്നവനുണ്ട്.’ അപ്പോള്‍ ഇബ്‌നു അബ്ബാസ് പറഞ്ഞു: നീ പറഞ്ഞതെത്ര മോശം! അറിവുള്ളവരേക്കാളെല്ലാം ഏറ്റവും അറിവുള്ളവന്‍ അല്ലാഹുവാണ്. ഇയാള്‍ ഇവനേക്കാള്‍ അറിവുള്ളവനാകും, ഇയാള്‍ മറ്റെവനെക്കാളും അറിവുള്ളവനാകാം. എന്നാല്‍ അല്ലാഹു എല്ലാ അറിവുള്ളവരെക്കേളാളും മുകളിലാണ്.’
2. സ്വഭാവത്തിലും പ്രവര്‍ത്തനത്തിലുമുള്ള വ്യത്യാസം: ജനങ്ങള്‍ അവരുടെ അഭിരുചികളിലും കഴിവുകളിലും ചുറ്റുപാടിലും അനുഭവങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നതുപോലെ തന്നെ അവരുടെ സ്വഭാവത്തിലും വ്യത്യസ്തരാണ്. അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ‘ ഓരോരുത്തരും തങ്ങളുടെ മനോനിലക്കനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.’ (അല്‍-ഇസ്‌റാഅ്: 84) ഓരോരുത്തരും തങ്ങളുടെ പ്രകൃതവും ശൈലിയും അനുസരിച്ചു പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിനെ തഫ്‌സീര്‍ ഇബ്‌നു കഥീറും ജലാലൈനിയും വിശദീകരിക്കുന്നത്.

അഭിരുചികളിലും ശാരീരികവും ബുദ്ധിരവുമായ ശക്തികളിലും വ്യത്യസ്തരായിരിക്കുന്നവര്‍ സ്വാഭാവികമായും ജോലി ചെയ്യുന്നതിലും അറിവ് നേടുന്നതിലും സമ്പാദിക്കുന്നതിലും ഏറ്റവിത്യാസമുള്ളവരായിരിക്കും. അതനുസരിച്ച് അവരുടെ ബാധ്യതകളും ഉത്തരവാദിത്വങ്ങളും വ്യത്യസ്തമാകുന്നു. വ്യക്തികളിലുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (അല്‍-ബഖറ: 286)
‘ആരെയും അവരുടെ കഴിവിനതീതമായതിന് നാം നിര്‍ബന്ധിക്കുന്നില്ല.’ (അല്‍-മുഅ്മിനൂന്‍: 62)
‘അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (അത്വലാഖ്: 7)
വ്യക്തികളില്‍ കാണുന്ന വ്യത്യാസങ്ങളിലേക്കുള്ള വ്യക്തമായ സൂചനയാണ് ഈ സൂക്തങ്ങളില്‍ കാണുന്നത്. ഓരോരുത്തര്‍ക്കും തങ്ങളുടെ കഴിവും ശക്തിയും അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഓരോരുത്തരുടെയും കഴിവുകളിലെ വ്യത്യാസത്തിനനുസരിച്ച് അവര്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസവും വ്യത്യസ്തമായിരിക്കണമെന്ന് മനശാസ്ത്ര വിദഗ്ദരും പറയുന്നു. ആധുനിക വിദ്യാഭ്യാസ രീതികളില്‍ പരിഗണിക്കുന്ന സുപ്രധാനമായ ഒരു തത്വമാണിത്. അപ്രകാരം തന്നെ ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രകൃതത്തിനും കഴിവുകള്‍ക്കും അനുസൃതമായ ജോലികളുണ്ട്.
3. സാമൂഹികമായ വ്യതിരിക്തതകള്‍: അല്ലാഹു പറയുന്നു: ‘ഇവരാണോ നിന്റെ നാഥന്റെ അനുഗ്രഹം വീതംവെച്ചുകൊടുക്കുന്നത്? ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്. ഇവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാളെല്ലാം ഉത്തമം നിന്റെ നാഥന്റെ അനുഗ്രഹംതന്നെ.’ (അസ്സുഖുറുഫ്: 32)
4. സ്വഭാവത്തിലുള്ള വൈജാത്യങ്ങള്‍: ‘വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍പോലും നിനക്ക് അവരത് മടക്കിത്തരില്ല നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ.’ (ആലുഇംറാന്‍: 75)
5. ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലുമുള്ള വ്യത്യാസം: ‘തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്.’ (അല്ലൈല്‍: 4)
6. ബുദ്ധിയിലെ വ്യത്യാസം: അല്ലാഹു പറയുന്നു, ‘അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്മാര്‍ മാത്രമേ ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നുള്ളൂ.’ (അല്‍ബഖറ: 269)
പരസ്പര ആശയവിനിമയത്തിലും മനസിലാക്കുന്നതിലും വ്യക്തി വൈജാത്യങ്ങള്‍ പരിഗണിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഓരോരുത്തരിലുമുള്ള കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞാല്‍ മാത്രമേ ശരിയായ രീതിയില്‍ അവരോട് ആശയവിനിമയം നടത്തല്‍ സാധ്യമാവുകയുള്ളൂ. വ്യക്തികളിലുള്ള വ്യതിരിക്തതകള്‍ ഒരിക്കലും നിഷേധിക്കാന്‍ സാധിക്കാത്ത ജൈവികമായ യാഥാര്‍ത്ഥ്യമാണെന്ന് ജനിതകശാസ്ത്രജ്ഞരും അംഗീകരിക്കുന്നുണ്ട്. അത്തരം വ്യത്യസ്തമായ കഴിവുകളെ തിരിച്ചറിഞ്ഞ് പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
മനുഷ്യരില്‍ മാത്രമല്ല, എല്ലാ ജീവികളിലും പ്രകടമായ പ്രതിഭാസമാണ് ഈ വൈവിധ്യം. എല്ലാ തരത്തിലും പൂര്‍ണ്ണമായ തരത്തില്‍ യോജിക്കുന്ന രണ്ട് ജീവികളെ നമുക്ക് കണ്ടെത്താന്‍ സാധിക്കുകയില്ല. ഒരേ ഇനത്തില്‍പ്പെട്ട ഒരു ജീവി മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമാണെന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ കഴിവുകളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവും വ്യത്യസ്തമായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അപ്രകാരം തന്നെ ഭയം, സ്‌നേഹം, സ്വഭാവങ്ങള്‍ ജിജ്ഞാസ തുടങ്ങിയ കാര്യങ്ങളും വ്യത്യസ്തപ്പെട്ടിരിക്കും.
മനുഷ്യരില്‍ കാണുന്ന വൈജാത്യങ്ങള്‍ ജീവിതത്തെ സുന്ദരമാക്കുന്നതിനും സുഗമമായി മുന്നോട്ട് നയിക്കുന്നതിനും സഹായിക്കുന്നു. ജനങ്ങള്‍ എല്ലാം ഒരേ നിലവാരത്തിലായിരുന്നെങ്കില്‍ ജീവിതം അസാധ്യമാകുമായിരുന്നു. എന്നാല്‍ ഓരോരുത്തരെയും അവരുടെ ബുദ്ധിയിലും സ്വഭാവത്തിലും താല്‍പര്യങ്ങളിലും വ്യത്യസ്തരായിട്ടാണുള്ളത്. മുസ്‌ലിം ചിന്തകര്‍ തങ്ങളുടെ പഠിതാക്കളോട് സംവദിക്കുന്നതില്‍ ഈ വ്യത്യസ്തകളെ പരിഗണിക്കുന്നവരായിരുന്നു. ഒരു പണ്ഡിതന്‍ പഠിക്കുന്ന ആളുകളുടെ വ്യത്യാസങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ പഠിക്കുന്നവര്‍ക്കത് വലിയ പ്രയാസമുണ്ടാക്കും. അതുകൊണ്ട് തന്നെ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ബുദ്ധിയും അവസ്ഥയും മനസിലാക്കുന്നതിന് മുമ്പ് അറിവ് പകര്‍ന്ന് നല്‍കാന്‍ ആരംഭിക്കരുതെന്നവര്‍ നിര്‍ദേശം വെച്ചു. അവരുടെ ചിന്തക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളായിരിക്കണം അവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ടത്.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

ലൈലതുല്‍ ഖദ്ര്‍ മറച്ചു വച്ചതിനു പിന്നിലെ യുക്തി

ശൈഖ് യൂസുഫുല്‍ ഖറദാവി

ലൈലതുല്‍ ഖദ്ര്‍ ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്‌ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന് അ്ല്ലാഹു വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ റമദാനിലെ മറ്റു രാത്രികളും ദിവസങ്ങളും ആരാധനകളില്ലാതെ സാധാരണപോലെയാകുമായിരുന്നു. ഈ മാസത്തില്‍ പൂര്‍ണ്ണമായും വിശ്വാസികള്‍ ആരാധനകളില്‍ സജീവരാകണമെന്നതാണ് അല്ലാഹു ഉദ്യോശിക്കുന്നത്. അവസാന പത്തുകളിലാകട്ടെ വിശ്വാസികളുടെ ആരാധനകര്‍മ്മങ്ങളും ദൈവസ്മരണയും മറ്റു റമദാന്‍ ദിനങ്ങളില്‍ നിന്ന് ഇരട്ടിയാകും. മുസ് ലിം ഒരു വ്യക്തി എന്ന നിലക്കും ഒരു സമുദായം എന്ന നിലയിലും ഈ മറച്ചു വെക്കലിലാണ് കൂടതല്‍ നന്‍മയും അനുഗ്രഹവുമുള്ളത്.

ഇതു പോലെ അല്ലാഹു മറ്റു ചിലതു മറച്ചു വച്ചിരിക്കുന്നു. വെള്ളിയാഴ്ച ദിവസത്തെ സത്യവിശ്വാസികളുടെ പ്രാര്‍ത്്ഥനകളിലും തീര്‍ച്ചയായും ഉത്തരം നല്‍കുന്ന സമയമേതാണെന്ന് അല്ലാഹു മറച്ചു വച്ചിരിക്കുകയാണ്. കാരണം വിശ്വാസികള്‍ ആ ദിവസം മുഴുവനും അല്ലാഹുവോട് പ്രാര്‍ത്ഥിക്കട്ടെ എന്നാണ് അല്ലാഹു ഉദ്യേശിക്കുന്നത്. അല്ലാഹുവിന് ഏറ്റവും സ്രേഷ്ടമായ നാമം ഏതാണെന്ന് അല്ലാഹു മറച്ചു വച്ചിരിക്കുന്നു. ആ നാമം വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഉത്തരം നല്‍കും. അത് വെളിപ്പെടുത്തിയിരുന്നെങ്കില്‍ വിശ്വാസികള്‍
ശൈഖ് യൂസുഫുല്‍ ഖറദാവി

മുഴുവനും ആ ഉന്നത നാമം വിളിച്ച് അല്ലാഹുവോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ അല്ലാഹു കരുതുന്നു. അല്ലാഹുവിന്റെ എല്ലാ സവിശേഷ നാമങ്ങളും വിശ്വാസികള്‍ വിളിച്ച പ്രാര്‍ത്ഥിക്കട്ടെയെന്ന്.
ഉബാദതുബ്‌നു സാമിതില്‍ നിവേദനം. ലൈലതുല്‍ ഖദ് ര്‍ ഏതു രാത്രിയിലാണെന്ന് തിരുമേനി (സ) പറയാന്‍ പോയതായിരുന്നു. അപ്പോഴാണ് രണ്ട് പേര്‍ എന്തൊക്കെയോ പറഞ്ഞു പരസ്പരം തര്‍ക്കിച്ചത്. ഇതു കണ്ട് നബി പറഞ്ഞു. ലൈലതുല്‍ ഖദ് ര്‍ എന്നാണെന്ന് ഞാന്‍ നിങ്ങളോടു പറയാന്‍ പോവുകയാരിന്നു. അപ്പോള്‍ ഇന്നയിന്ന രണ്ട് പേര്‍ പരസ്പരം തര്‍ക്കിച്ചുകളഞ്ഞു. അപ്പോള്‍ അത് എന്റെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു പോയി. അഥവാ ഏത് ദിവസമാണ് അതെന്ന് ഞാന്‍ മറന്നു പോയി. ഒരു പക്ഷേ അതായിരിക്കും നിങ്ങള്‍ക്ക് കൂടുതല്‍ നല്ലത്’
ലൈലതുല്‍ ഖദ് റിന്റെ നിരവധി അടയാളങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂരിഭാഗം അടയാളങ്ങളും അത് കഴിഞ്ഞതിനു ശേഷം മാത്രമാണ് അറിയാന്‍ കഴിയുക. ആ രാത്രി കഴിഞ്ഞു വരുന്ന പ്രഭാതത്തിലെ സൂര്യ പ്രകാശത്തിന് കിരണങ്ങള്‍ ഉണ്ടായിരിക്കുകയില്ല. എന്നത് അതില്‍ ഒന്നാണ്.
ലൈലതല്‍ ഖദ് റിനെ കുറിച്ച് പറയപ്പെടുന്ന അടയാളങ്ങളെല്ലാം കൃത്യവും കണിശവുമാണെന്ന് പറയാന്‍ സാധ്യമല്ല. കാരണം ലൈലതുല്‍ ഖദ് ര്‍ ഭൂമിയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ അവിടത്തെ കാലാവസ്ഥകള്‍ക്കനുസരിച്ചായിരിക്കും. പല ഭാഗങ്ങളിലും അത് വ്യത്യസ്ത സീസണുകളിലായിരിക്കും. തണുപ്പിലും ചൂടിലും വിവിധ രാജ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അവിടങ്ങളിലെ സൂര്യോദയത്തിന്റെയും അസ്തമനത്തിന്റെയും സമയങ്ങള്‍ വ്യത്യാസമുണ്ടാകും. എല്ലാ രാജ്യങ്ങളിലെയും സൂര്യ പ്രകാശത്തിന്റെ ശക്തിയും തീവ്രതയും ഒരു പോലെയല്ല. അതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ലൈലതുല്‍ ഖദറിന്റെ അടയാളങ്ങള്‍ ഒരു പോലെയാകുമെന്ന് പ്രതീക്ഷിക്കാവതല്ല.

laailathul qadr_200_200

വിശുദ്ധ മാസം അവസാനവും

വിടചൊല്ലിപ്പിരിയലിന്റെ നൊമ്പരമുയര്‍ത്തി വിശുദ്ധ മാസം അവസാന പത്തില്‍
വിടചൊല്ലിപ്പിരിയലിന്റെ നൊമ്പരമുയര്‍ത്തി റമദാന്‍ അവസാന പത്തിലെത്തി. നരകമോചന പ്രാര്‍ഥനകളുടെ നാളുകളാണിനി. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമെന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ (വിധിനിര്‍ണയ രാവ്) പ്രതീക്ഷിക്കപ്പെടുന്നുവെന്നതാണു റമദാന്‍ അവസാന പത്തിന്റെ സവിശേഷത. മസ്ജിദുകള്‍ ഇനി ഭജനമിരിക്കുന്നവരെ (ഇഅ്തികാഫ്) കൊണ്ട് നിബിഡമാIMG_8957. അവര്‍ക്കായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ഈ റമദാനിലെ അവസാന വെള്ളിയാഴ്ചയും സമാഗതമായി. അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശുദ്ധ മാസത്തിന് ഔപചാരിക യാത്രാമൊഴി നേരും. റമദാന്‍ 30 ലഭിച്ചാല്‍ രണ്ടാമത്തെ വെള്ളിയാഴ്ച ചെറിയ പെരുന്നാളാണ്. 29നു മാസപ്പിറവി ദൃശ്യമായാല്‍ ആഗസ്ത് 8നു വ്യഴാഴ്ചയാവും ഈദുല്‍ ഫിത്വ്ര്‍.

ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍

482822_529479263781487_2072847225_nഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍
ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട് മനുഷ്യര്‍ അന്ധകാരങ്ങളുടെ അടിത്തട്ടില്‍ ആണ്ടുകഴിഞ്ഞ കാലഘട്ടമായിരുന്നു. വര്‍ഗവിവേചനം, സാമ്പത്തികചൂഷണം, ധര്‍മച്യുതി, അക്രമം, അനീതി…….ഇരുട്ടിനുമേല്‍ ഇരുട്ട്. വിനോദത്തിനായി മനുഷ്യപുത്രരെയും ഹിംസ്രജീവികളെയും പരസ്പരം പോരടിപ്പിച്ച് വരേണ്യവര്‍ഗം വിനോദിച്ചു. അടിമകളും

യുദ്ധത്തടവുകാരും മൃഗീയമായി കൊലചെയ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. മദ്യം, ചൂതാട്ടം, കൊല, കൊള്ള, വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങി സമൂഹത്തിന്റെമുഖമുദ്രകളായിത്തീര്‍ന്ന എന്തെല്ലാം പാതകങ്ങള്‍…….ഇത്തരം ഒരു സാഹചര്യത്തിലാണ് പ്രവാചകന്‍ മുഹമ്മദ്(സ) വിശുദ്ധ ഖുര്‍ആനുമായി രംഗത്തുവരുന്നത്. ഖുര്‍ആന്റെ ദൌത്യം അത് സ്വയം പ്രഖ്യാപിച്ചു:

’ജനങ്ങളെ അവരുടെ നാഥന്റെ അനുവാദപ്രകാരം അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ഈ ഗ്രന്ഥം നാം നിനക്ക് അവതരിപ്പിച്ചു. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം ഏതൊരു അല്ലാഹുവിന്റേതാണോ അതേ അജയ്യനും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്”. (ഇബ്രാഹീം: 1,2)

>വിജ്ഞാനത്തിലേക്ക്; വെളിച്ചത്തിലേക്ക് Continue reading

ശഅ്ബാനിലെ പ്രാര്‍ഥനകള്‍ ?

ശൈഖ് യൂസുഫുല്‍ ഖറദാവി images (6)
ശഅ്ബാന്‍ പകുതിക്കു നടത്താറുള്ള വിശേഷപ്രാര്‍ഥനയുടെ വിധിയെന്താണ് ? അതും അതിനുണ്ടെന്ന് പറയപ്പെടുന്ന പ്രാധാന്യവും സംബന്ധിച്ച് വല്ല തിരുവചനവുമുണ്ടോ ?
………………………………………………………….
ശഅ്ബാന്‍ പതിനഞ്ചിലെ രാത്രിയുടെ സവിശേഷത സംബന്ധിച്ച് സ്വീകാര്യതയുടെ പദവിയുള്ള ഒറ്റ ഹദീസുമില്ല. ചില പണ്ഡിതര്‍ ‘നല്ലത്'(ഹസന്‍) എന്നുവിധിച്ച ഏതാനും ഹദീസുകളുണ്ട്. പക്ഷേ, മറ്റുള്ളവര്‍ അത് തള്ളിക്കളുന്നു. അവരുടെ അഭിപ്രായത്തില്‍ ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയെപ്പറ്റിയുള്ള ഒരൊറ്റ ഹദീസും സ്വീകാര്യമല്ല. അവയ്ക്ക് ‘നല്ലത്'(ഹസന്‍) എന്ന പദവി നല്‍കുകയാണെങ്കില്‍തന്നെ, അവയിലാകെക്കൂടിയുള്ളത് തിരുദൂതര്‍ ആ രാത്രിയില്‍ പ്രാര്‍ഥിക്കുകയും അല്ലാഹുവോട് പാപമോചനത്തിനര്‍ഥിക്കുകയും ചെയ്തിരുന്നു എന്നുമാത്രമാണ്. പ്രാര്‍ഥനയുടെ നിശ്ചിതവാക്യങ്ങളൊന്നുംതന്നെ നിവേദനം ചെയ്തുകാണുന്നില്ല. ചില നാടുകളില്‍ ആളുകള്‍ പാരായണംചെയ്യുന്നതും അച്ചടിച്ച് വിതരണം ചെയ്യുന്നതുമായ പ്രാര്‍ഥനാവാക്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. അവയ്ക്ക് നിവേദനങ്ങളുടെയോ സാമാന്യബുദ്ധിയുടെയോ അംഗീകാരവുമില്ല.
ഒരു മാതൃകയ്ക്ക് അത്തരം ഒരു പ്രാര്‍ഥന പരിശോധിക്കാം: ‘അല്ലാഹുവേ, നീ എനിക്ക് ‘ഉമ്മുല്‍കിതാബില്‍’ നിര്‍ഭാഗ്യമോ കഷ്ടപ്പാടോ നിസ്സഹായതയോ ദാരിദ്ര്യമോ വിധിച്ചിട്ടുണ്ടെങ്കില്‍ നിന്റെ മഹത്തായ ഔദാര്യം കൊണ്ട് അവയെല്ലാം മായ്ച്ചുകളയുകയും പകരം സൗഭാഗ്യവും സമൃദ്ധിയും ഐശ്വര്യവും രേഖപ്പെടുത്തുകയും ചെയ്യേണമേ !കാരണം നീ നിയോഗിച്ചയച്ച പ്രവാചകന്റെ നാവിലൂടെ വെളിപ്പെട്ട നിന്റെ ഗ്രന്ഥത്തില്‍ ‘അല്ലാഹു അവനിഛിക്കുന്നത് മായ്ചുകളയുകയും അവനിഛിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു;അവന്റെ പക്കല്‍ ഉമ്മുല്‍ കിത്താബുണ്ട്’എന്ന് പറഞ്ഞിട്ടുണ്ടല്ലോ.നിന്റെ വചനങ്ങളാകട്ടെ സത്യവുമാണ്.’ഇതാണ് പ്രാര്‍ഥന.

വൈരുധ്യങ്ങള്‍ നിറഞ്ഞതാണീ വാക്യങ്ങള്‍. കാരണം , നിര്‍ഭാഗ്യം മായ്ച് സൗഭാഗ്യം രേഖപ്പെടുത്തണമെന്നതിന് തെളിവായുദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അര്‍ഥംതന്നെ ‘ഉമ്മുല്‍കിതാബി’ല്‍ നിന്ന് ഒന്നും മായ്ക്കുന്നതല്ല; ഒന്നും പുതുതായി രേഖപ്പെടുത്തുന്നതുമല്ല എന്നാണ്. കൂടാതെ ഒരു പ്രാര്‍ഥനയുടെ ശൈലിയോ സ്വഭാവമോ ഇതിനില്ല.

‘നിങ്ങള്‍ അല്ലാഹുവിനോട് വല്ലതും ചോദിക്കുമ്പോള്‍ അത് ദൃഢമായി ആവശ്യപ്പെടുക’ എന്ന് തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. ‘നാഥാ, നീ ഇച്ഛിക്കുന്നുവെങ്കില്‍ പൊറുത്തുതരിക.. നീ ഇച്ഛിക്കുന്നുവെങ്കില്‍ പൊറുത്തുതരിക…നീ ഇച്ഛിക്കുന്നുവെങ്കില്‍ കരുണചൊരിയുക’ എന്ന് പറഞ്ഞുകൂടാ. മറിച്ച്, എനിക്ക് പൊറുത്തുതരേണമേ, കരുണ ചൊരിയേണമേ എന്നതാണ് പ്രാര്‍ഥനയുടെ ശൈലി. ഉറച്ച, ചാഞ്ചല്യമില്ലാത്ത സ്വരം. ‘നീ ഇച്ഛിക്കുന്നുവെങ്കില്‍’എന്ന അനുബന്ധം പ്രാര്‍ഥനക്കു ചേര്‍ന്നതല്ല. ദൈവസഹായം ആവശ്യമായ പതിതന്റെ ശൈലിയുമല്ല. മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന പ്രാര്‍ഥനകളേറെയും ആശയസംവേദനത്തില്‍ പരാജയമടയുന്നു എന്നാണ് ഇത്തരം പ്രാര്‍ഥനകള്‍ കുറിക്കുന്നത്. മാത്രമല്ല, അവ വൈരുധ്യപൂര്‍ണവും കൃത്രിമവും പരുഷവും ആയിരിക്കും. അവയൊന്നുംതന്നെ മുന്‍ഗാമികളില്‍നിന്ന് നിവേദനംചെയ്യപ്പെട്ട പ്രാര്‍ഥനകളേക്കാള്‍ ശ്രേഷ്ഠമല്ല. അവയില്‍ ഗാംഭീര്യവും ആശയസമ്പന്നതയും അര്‍ഥസംവേദനവും കാണും. കുറഞ്ഞ പദങ്ങളില്‍ കൂടുതലര്‍ഥം അടങ്ങിയിരിക്കും. മുന്‍ഗാമികളില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രാര്‍ഥനകളില്‍ അതിശ്രേഷ്ഠം പ്രവാചകന്‍ പഠിപ്പിച്ചവയാണ്. അത് രണ്ടുവിധത്തില്‍ പ്രതിഫലദായകമത്രേ-അനുധാവനത്തിന്റെയും പ്രാര്‍ഥനയുടെയും. അതിനാല്‍ പ്രവാചകപ്രോക്തമായ പ്രാര്‍ഥനകള്‍ ഹൃദിസ്ഥമാക്കുവാനാണ് നാം ശ്രമിക്കേണ്ടത്.
ശഅ്ബാന്‍ പതിനഞ്ചിന് ആളുകള്‍ ചെയ്തുകൂട്ടുന്ന പലതിനും പ്രവാചകന്റെ മാതൃകയില്ല. ചെറുപ്പത്തില്‍ മുതിര്‍ന്നവരെ അനുകരിച്ചു ഞാന്‍ ചെയ്തുവന്ന ചില കാര്യങ്ങളോര്‍ക്കുന്നു: ദീര്‍ഘായുസ്സ് ലഭിക്കാന്‍ രണ്ടുറക്അത്ത് നമസ്‌കാരം; സ്വയംപര്യാപ്തി നേടാന്‍ രണ്ടുറക്അത്ത്; ‘യാസീന്‍’പാരായണം ചെയ്ത് രണ്ടുറക്അത്ത്…. അങ്ങനെ പലതും. ഇതൊന്നും ശരീഅത്ത് ആവശ്യപ്പെട്ടതല്ല. ആവശ്യപ്പെടാത്തത് ചെയ്യാതിരിക്കുക എന്നതാണ് ആരാധനയുടെ സ്വഭാവം. മനുഷ്യര്‍ പുതിയ ആരാധനകള്‍ കണ്ടുപിടിക്കേണ്ടതില്ല. ജനങ്ങളെക്കൊണ്ടു ആരാധനനടത്തിക്കേണ്ടതും അവ നിശ്ചയിച്ചുകൊടുക്കേണ്ടതും അല്ലാഹുവിന്റെ മാത്രം ബാധ്യതയാണ്.’അല്ലാഹു അനുവദിച്ചിട്ടില്ലാത്തത് അവര്‍ സ്വയം ദീനില്‍ നിയമമാക്കുകയോ?’എന്ന് അല്ലാഹു ചോദിക്കുന്നു. അതിനാല്‍ തിരുദൂതരില്‍നിന്നുലഭിച്ച കാര്യങ്ങളിലൊതുങ്ങിനില്‍ക്കുകയും അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്കുപുറമേ മറ്റു പ്രാര്‍ഥനകള്‍ നടത്താതിരിക്കുകയുമാണ് അഭികാമ്യം- അവ നല്ലതാണെങ്കില്‍ പോലും.!
ശഅ്ബാന്‍ പതിനഞ്ചിന് തിരുദൂതര്‍ നിര്‍വഹിച്ചു എന്നുപറയുന്ന മറ്റൊരു പ്രാര്‍ഥനയില്‍ പ്രസ്തുത ദിവസത്തെ എല്ലാ കാര്യങ്ങളും വിവേചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ദിനമായി വിശേഷിപ്പിക്കുന്നുണ്ട്.ഒരു ഭീമാബദ്ധമാണിത്. എല്ലാ കാര്യങ്ങളും വിവേചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ദിനം ഖുര്‍ആന്‍ അവതരിച്ച ദിനമാണ്-ലൈലത്തുല്‍ ഖദ് ര്‍. അതു റമദാന്‍ മാസത്തിലാണെന്ന് ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. ‘അദ്ദുഖാന്‍’ അധ്യായത്തില്‍ പറയുന്നു: ‘ഹാം മീം, സുവ്യക്തമായ ഗ്രന്ഥംകൊണ്ട് സത്യം . അനുഗൃഹീതമായ ഒരു രാത്രിയില്‍, നിശ്ചയം, നാം അതവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ജ്ഞാനപൂര്‍ണമായ രാത്രിയിലാണ് നാം അതവതരിപ്പിച്ചത്’ എന്ന് അല്‍ഖദ് ര്‍ എന്ന അധ്യായത്തില്‍ പറയുന്നു: ‘ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍’ എന്ന് ‘അല്‍ബഖറഃ’ യിലും കാണാം. അപ്പോള്‍ സര്‍വകാര്യങ്ങളും വിവേചിക്കപ്പെടുകയും തീരുമാനിക്കപ്പെടുകയും ചെയ്യുന്ന ദിനം റമദാനിലാണെന്ന് തീര്‍ച്ച. അത് ‘ലൈലത്തുല്‍ഖദ് ര്‍’ ആണെന്നതില്‍ അഭിപ്രായാന്തരമില്ല. അത് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് ഖതാദയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ദുര്‍ബലമാണ്. ലൈലത്തുല്‍ ഖദ്‌റാണെന്ന് ഖതാദയില്‍നിന്നുതന്നെ മറ്റൊരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് . ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയിലാണ് ഒരു ശഅ്ബാന്‍ മുതല്‍ മറ്റൊരുശഅ്ബാന്‍ വരെയുള്ള ആയുസ്സ് നില്‍ണയിക്കുന്നതെന്നും ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നു. അതും ദുര്‍ബലമാണെന്ന് ഇബ്‌നുകസീര്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണത്. ചുരുക്കത്തില്‍, ശഅ്ബാനിലെ ഈ പ്രാര്‍ഥനയും അബദ്ധജടിലമാണ്. തിരുമേനിയില്‍നിന്നോ അനുചരന്‍മാരില്‍ നിന്നോ മറ്റുമാതൃകായോഗ്യരായ പൂര്‍വികരില്‍നിന്നോ ഉദ്ധരിക്കപ്പെട്ടതല്ല അത്. പലമുസ് ലിംനാടുകളിലും കാണുന്ന വിധത്തില്‍ ശഅ്ബാന്‍ പതിനഞ്ചിന് പള്ളികളില്‍ സമ്മേളിക്കുന്നതും പ്രാര്‍ഥിക്കുന്നതും ബിദ്അത്തുകളാണ്.