Tag Archives: ഖുര്‍ആന്‍

ഖുര്‍ആനിലെ കഥകകള്ടെ അന്ത:സത്ത

മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. “മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിതം നന്‍മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്‍മ ദിവ്യമാണ്; തിന്‍മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ ന•യില്‍ന്ിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ ന•യോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. “മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു”. (ഖുര്‍ആന്‍ 91:8-10) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്.

സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാധിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്ളാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു.

ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്.

ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൌതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്ളാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാദ്ധ്യത ദൈവത്തോടുമാത്രമാണ്. ഈ യഥാര്ത്യങ്ങള്‍ സംഭവ കഥകളിലൂടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു , മോസ്സ,ഇബ്രാഹീം , തുടെങ്ങി ഓരോ പ്രവാചകന്മാരുടെയും കഥ കളില്‍ വ്യത്യസ്ത പാഠങ്ങള്‍ നമുക്ക് മസ്സിലാക്കാനുണ്ട് ഖുര്‍ആന്‍ ഏറ്റവും നല്ല കഥയായി അവതരിപ്പിക്കുന്നത് യോസഫ് (യൂസുഫ് നബി) യുടെ കഥയാണ്

ഖുര്‍ആന്‍ പഠനം ആസ്വാദ്യകരമാക്കുന്ന തഫ്ഹീം കമ്പ്യൂട്ടര്‍ പതിപ്പ്

പരിശുദ്ധ ഖുര്‍ആന്‍ പഠനം ആശ്വാസകരവും ആസ്വാദ്യവുമാക്കിത്തീര്‍ക്കുന്ന അനുഭവമാണ് ഡിഫോര്‍ മീഡിയ പുതുതായി പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ് അനുവാചകര്‍ക്ക് സമ്മാനിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അറബി സൂക്തത്തിന്റെ പാരായണം, പരിഭാഷ, വ്യാഖ്യാനം എന്നിവ ശ്രവിക്കാനും അതിലൂടെ കേട്ട് പഠിക്കാനുമുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായം പുതിയ തലമുറയിലെ വിജ്ഞാന കുതുകികളെ ഏറെ ആകര്‍ഷിക്കും. മലയാളക്കരക്ക് മഹത്തായൊരനുഗ്രഹം എന്ന് ഈ സംരംഭത്തെ നമുക്ക് വിശേഷിപ്പിക്കാനാവും.

ഓഡിയോവിഷ്വല്‍ സാങ്കേതികത്തികവോടെ യോഗ്യരായ സംഘത്തിന്റെ ശ്രമഫലമായാണ് പുതിയ വിഭവം ഡിഫോര്‍ മീഡിയ തയ്യാറാക്കിയിട്ടുള്ളതെന്ന് മൗസ് ക്ലിക്കുകളില്‍ നിന്ന് ഉപയോക്താവിന് നന്നായി ബോധ്യപ്പെടും. ഇളം തലമുറയെ ആകര്‍ഷിക്കാനുതകുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ ഇംഗ്ലീഷ് പതിപ്പും പരിഷ്‌കരിച്ച ഡിജിറ്റല്‍ തഫ്ഹീം ഉള്‍ക്കൊള്ളുന്നു. പഴയ പതിപ്പിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളും വിജ്ഞാനീയങ്ങളും അടങ്ങിയതും ഏറെ ആകര്‍ഷകവുമാണ് പുതിയ പതിപ്പെന്ന് സ്‌ക്രീനില്‍ തെളിയുന്ന കെട്ടുംമട്ടും നമ്മെ ബോധ്യപ്പെടുത്തും. സൂക്തങ്ങളോട് ബന്ധപ്പെട്ട വ്യാഖ്യനത്തിന്റെ റഫറന്‍സ് നമ്പറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്തവും അര്‍ഥവും മറച്ചുകളയുന്ന പഴയ പോപ്അപ് ബോക്‌സിന് പകരം വലതു ഭാഗത്ത് സൂക്തവും അര്‍ഥവും ഇടതുഭാഗത്ത് വ്യാഖ്യാനും പ്രത്യക്ഷപ്പെടുന്നതാണ് പുതിയ പതിപ്പിന്റെ പേജ് സെറ്റിങ് പ്രത്യേകത.

അറബ് ലോകത്തെ പ്രശസ്ത ഖാരിഉകളായ മദീന ഹറം ഇമാമും ഖതീബുമായ ശൈഖ് അലി അബ്ദുര്‍റഹ്മാന്‍ അല്‍ഹുദൈഫി, ശൈഖ് സഅദ് അല്‍ഗാമിദി, ശൈഖ് മിശാരി അല്‍അഫാസി എന്നിവരുടെ മാതൃകാപരമായ ഗാംഭീര്യമുള്ള പാരായണം, പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ നൗഷാദ് ഇബ്രാഹീമിന്റെ പ്രൗഡമായ മലയാളം വായന എന്നിവ പുതിയ പതിപ്പിനെ വ്യതിരിക്തമാക്കുന്നു. സൂക്തത്തിന്റെ അര്‍ഥവും വ്യാഖ്യാനും വായിക്കുന്നതില്‍ കാണിച്ച മികവും ടോണ്‍ വ്യത്യാസവും സ്‌ക്രീനില്‍ നോക്കാതെ കേട്ടിരിക്കുന്നവര്‍ക്കും അര്‍ഥവും ആശയവും വേറിട്ട് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സഹായിക്കുന്ന ശൈലിയാണ്. വായന വിരസമാണെന്ന ധാരണ പ്രചരിക്കുന്ന ആധുനിക കാലത്തിന്റെ ന്യായങ്ങളെ മറികടക്കാന്‍ കൂടി ഉപകരിക്കുന്നതാണ് ശ്രവണസുഖം നല്‍കുന്ന, സമ്പൂര്‍ണ ഓഡിയോ ഉള്‍ക്കൊള്ളുന്ന പുതിയ പതിപ്പിന്റെ ആസ്വാദന രീതി.

മദീന കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള മുസ്ഹഫിന്റെ ആധുനിക പേജുകളാണ് പുതിയ പതിപ്പിന്റെ സ്‌ക്രീനില്‍ തെളിയുന്നത്. മുസ്ഹഫ് പേജിനോടൊപ്പം തഫ്ഹീമിന്റെ ഭാഗങ്ങളും ഒരേ സ്‌ക്രീനില്‍ വിവിധ വിന്‍ഡോകളില്‍ ആകര്‍ഷകമായി അടുക്കിവെച്ചിരിക്കുന്നത് കലയും വിജ്ഞാനവും ചേര്‍ന്ന ഡിസൈനിങിന്റെ പിന്‍ബലത്തോടെയാണ്. യൂസര്‍ ഫ്രണ്ട്‌ലി എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സോഫ്റ്റ് വെയര്‍ ഘടനയാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് രണ്ട് ക്ലിക്കിലൂടെ തഫ്ഹീമിന്റെ വിജ്ഞാന ഉള്ളകറകളിലേക്ക് കടന്നുചെല്ലുന്ന രീതി നമ്മെ ബോധ്യപ്പെടുത്തും. ഖുര്‍ആന്‍ വിജ്ഞാനത്തോടൊപ്പം ഒരല്‍പം വിനോദവും എന്നാല്‍ പഠന പരിശോധനയും സമ്മാനിക്കുന്നതാണ് ഡ്രാഗ് ആന്റ് ഡ്രോപ്, പ്രശ്‌നോത്തരി എന്നിവ നല്‍കുന്ന അനുഭവം. ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് ഇത് സെറ്റ് ചെയ്യാമെന്നതും പഠന പരിശോധനക്ക് ഏറെ ഉചിതമാണ്.

തജ്‌വീദ് നിയമങ്ങള്‍ ഉദാഹരണ സഹിതം ആധികാരിക ഖാരിഉകളുടെ പാരായണത്തിന്റെ വെളിച്ചത്തില്‍ കേട്ട് പഠിക്കാനുള്ള സൗകര്യം, വിവിധ വിഷയങ്ങളില്‍ രചിക്കപ്പെട്ട റഫറന്‍സുകളടങ്ങിയ ലൈബ്രറി, സെര്‍ച്ച് സൗകര്യം, ക്ലിപ്പ് ബോര്‍ഡ്, ബുക്മാര്‍ക്ക്, സ്റ്റിക്കി നോട്ട്, യൂനികോഡ് ഫോണ്ട്, കോപ്പി പേസ്റ്റ് സൗകര്യം തുടങ്ങി നിരവധി പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് മലയാളത്തിലെ ഈ ബ്രഹദ്‌സംരഭം. മുസ്‌ലിം ലോകത്തെ ഏറെ ആകര്‍ഷിച്ച അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയും മക്ക, മദീന ഹറമുകളുടെ മേധാവിയുമായ ശൈഖ് അബ്ദുര്‍റഹ്മാന്‍ അസ്സുദൈസിന്റെ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന പുതിയ ഡിജിറ്റല്‍ പതിപ്പിന് തിലകം ചാര്‍ത്തുന്നു.
thafheem
അസ്ഹര്‍ ഭായ്

നോമ്പ്

Ifthaar(1)സംബന്ധമായി ദൈവം ഖുര്‍ആനിലൂടെ അറിയിക്കുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെ തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാവാന്‍.” (2:183)

ഭക്തിയുള്ളവരാവാനുള്ള മാര്‍ഗമായിട്ടാണ് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. റമദാന്‍ മാസത്തിലെ പകലുകളിലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. അന്നേരങ്ങളില്‍ തിന്നു കുടിച്ചു മദിച്ചു നടക്കാനനുവാദമില്ല. കള്ളവും ചതിയും പൊളിവചനങ്ങളും പാടില്ല. സകല തിന്മകളും നോമ്പിനെ തകര്‍ക്കും. അതിനാല്‍ സകലവിധ ഇച്ഛകളോടും സമരം ചെയ്തു കൊണ്ടാണൊരാള്‍ നോമ്പുകാരനാവുന്നത്.

ഇങ്ങനെ സ്വേച്ഛകളോട് അകലം സൂക്ഷിക്കുന്നത് ദൈവത്തോടടുപ്പം വര്‍ധിപ്പിക്കാനാണ്. വേദ പാരായണവും ആരാധനാനുഷ്ഠാനങ്ങളും വര്‍ധിപ്പിച്ചു കൊണ്ടാണത് സാധിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് നോമ്പ് യഥാര്‍ഥത്തില്‍ തന്നെ ഉപവാസം ആവുന്നത്. ഉപവാസം എന്നാല്‍ കൂടെ താമസമാണ്. ദൈവത്തിന്റെ കൂടെ താമസമായി വ്രതം മാറണം. അങ്ങനെ വരുമ്പോള്‍ ദൈവത്തിന്റെ നിലപാടെന്തായിരിക്കുമെന്ന് പ്രവാചകന്‍ ഒരു ദൈവവചനം ഉദ്ധരിച്ച് പറഞ്ഞതിങ്ങനെ:
”എന്റെ ദാസന്‍ ഒരു ചാണ്‍ എന്നോടടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു മുഴം അങ്ങോട്ടടുക്കും; ദാസന്‍ ഒരു മുഴം ഇങ്ങോട്ടടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു മാറ് അങ്ങോട്ടടുക്കും. അവന്‍ എന്നിലേക്ക് നടന്നടുക്കുകയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും.”

മനുഷ്യന്‍ ദൈവത്തോടടുക്കുമ്പോള്‍ അതിനേക്കാള്‍ മനുഷ്യനോടടുക്കുന്നവനാണ് ദൈവം. മനുഷ്യന്‍ ദൈവത്തിന്റെ കൈ പിടിക്കാന്‍ ശ്രമിച്ചാല്‍ ദൈവം മനുഷ്യന്റെ കൈ പിടിക്കുമെന്നര്‍ഥം. ദൈവം കൈ പിടിച്ചാലോ?

പിതാവിന്റെ കൈ പിടിച്ചാണ് കുട്ടി നടക്കുന്നതെങ്കില്‍ കല്ലിലോ മറ്റോ കാല്‍ തട്ടിയാല്‍ പിടിവിട്ട് വീഴാന്‍ സാധ്യതയുണ്ട്. എന്നാല്‍ പിതാവ് കുട്ടിയുടെ കൈ പിടിച്ച് നടത്തുകയാണെങ്കിലോ?

ഈ അര്‍ഥത്തില്‍ ദൈവത്തോടടുക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ ഖുര്‍ആന്‍ പറയുന്നു:
”ആര്‍ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നുവോ അവന് എല്ലാവിധ വിഷമങ്ങളില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗം ദൈവം ഒരുക്കി കൊടുക്കും. അവന്‍ ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവനു വിഭവമരുളുകയും ചെയ്യും.” (65:3)

എന്നാല്‍, ദൈവത്തോടടുക്കാന്‍ മനുഷ്യന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യ ഘടകം ഇച്ഛകളാണ്. മനുഷ്യേച്ഛകളില്‍ നല്ലതും ചീത്തയുമുണ്ട്. ജീവിതത്തെ താളം തെറ്റിക്കുന്നതില്‍, സന്മാര്‍ഗത്തില്‍ നിന്നകറ്റുന്നതില്‍ അവക്ക് പങ്കുണ്ട്. അതിനാല്‍ ഇച്ഛാനിയന്ത്രണം സന്മാര്‍ഗ ജീവിതത്തിന് അനിവാര്യമാണ്. അതിനുള്ള പരിശീലനം കൂടിയാണ് വ്രതം.

വ്രതാനുഷ്ഠാനം എങ്ങനെയാണ് മനുഷ്യന്റെ സന്‍മാര്‍ഗ ജീവിത സംസ്‌കരണത്തിനുതകുന്നത് എന്നതിനുള്ള ഒരു ഉദാഹരണം:
ശരീരത്തെ രാജ്യമായും ആത്മാവിനെ രാജാവായും ഇച്ഛകളെ പ്രജകളായും സങ്കല്‍പിക്കുക. പ്രജകളാകുന്ന ഇച്ഛകളില്‍ നല്ലതും ചീത്തയുമുണ്ട്. ഈ ഇച്ഛകളാകുന്ന പ്രജകള്‍ ആത്മാവാകുന്ന രാജാവിനോട് പല ആവശ്യങ്ങളും പറയുന്നു. ഉദാഹരണത്തിന്, വിശപ്പാകുന്ന ഇച്ഛ പറയുന്നു: ‘എനിക്ക് വിശക്കുന്നു ഭക്ഷണം വേണം.’ ആത്മാവാകുന്ന രാജാവ് അതനുവദിക്കുമ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കുന്നു. ദാഹം എന്ന ഇച്ഛ ആവശ്യപ്പെടുന്നു ‘എനിക്ക് ദാഹിക്കുന്നു വെള്ളം വേണം.’ ആത്മാവാകുന്ന രാജാവ് അതനുവദിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു. ഇതുപോലെ ഒരാളുടെ മദ്യപാനേച്ഛ പറയുന്നു: ‘എനിക്ക് മദ്യപിക്കണം.’ ആത്മാവാകുന്ന രാജാവ് അതനുവദിച്ചാല്‍ അയാള്‍ മദ്യപിക്കുന്നു. ലൈംഗികേച്ഛ പറയുന്നു: ‘എനിക്ക് വ്യഭിചരിക്കണം.’ ആത്മാവാകുന്ന രാജാവ് അതനുവദിച്ചാല്‍ വ്യഭിചരിക്കുന്നു. ഇങ്ങനെ ആത്മാവാകുന്ന രാജാവിനോട് ഇച്ഛകളാകുന്ന പ്രജകള്‍ ആവശ്യപ്പെടുന്നതൊക്കെയും അനുവദിച്ചാല്‍ ഒരാള്‍ തോന്നുന്നതൊക്കെ ചെയ്യുന്ന, തോന്നുന്നതൊക്കെ പറയുന്ന ‘താന്തോന്നി’യാവുന്നു. അവിടെ ആത്മാവാകുന്ന രാജാവ് വെറും നോക്കുകുത്തിയും ഇച്ഛകളാകുന്ന പ്രജകളുടെ അഴിഞ്ഞാട്ടവുമാണുണ്ടാവുക. അങ്ങനെ ശരീരമാകുന്ന രാജ്യത്ത് അരാജകത്വം ഉടലെടുക്കുന്നു. അതിനാല്‍ ആത്മാവാകുന്ന രാജാവിന് ഇച്ഛകളാവുന്ന പ്രജകളെ കടിഞ്ഞാണിടാന്‍, അടക്കി ഭരിക്കാന്‍ കഴിയണം. ഇതാണ് വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്.

നോമ്പുകാരന്റെ വിശപ്പിന്റെ വിളിയോടുള്ള പ്രതികരണം ‘തല്‍കാലം നീ ഭക്ഷണം കഴിക്കണ്ട’, ദാഹത്തിന്റെ വിളിയോട് ‘തല്‍ക്കാലം വെള്ളം കുടിക്കണ്ട’ എന്നായിരിക്കും. മനുഷ്യന്റെ പ്രാഥമികേച്ഛകളെ തന്നെ അടക്കി ഭരിക്കാന്‍ പരിശീലിക്കുന്ന ആത്മാവിന് സകല ഇച്ഛകളെയും വരുതിയില്‍ നിര്‍ത്താന്‍ സ്വാഭാവികമായും കഴിയും.

മാത്രമല്ല, സ്വന്തം ഇച്ഛകളെ ദൈവേച്ഛക്ക് വിധേയപ്പെടുത്തുന്ന മഹത്തായൊരു പരിശീലനം കൂടിയാണ് വ്രതാനുഷ്ഠാനത്തിലൂടെ നടക്കുന്നത്. നോമ്പുകാരന്‍ വിശന്നിട്ടും ഭക്ഷണം ലഭ്യമായിട്ടും ഭക്ഷണം കഴിക്കുന്നില്ല; ദാഹിച്ചിട്ടും വെള്ളം ലഭ്യമായിട്ടും വെള്ളം കുടിക്കുന്നില്ല. കാരണം, ഈ സമയത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ നാഥന്റെ കല്‍പന. പ്രാഥമികേച്ഛകളെ തന്നെ ദൈവേച്ഛക്ക് വിധേയപ്പെടുത്താന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും സകല ഇച്ഛകളെയും ദൈവകല്‍പനക്ക് വിധേയപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിയും. ഇങ്ങനെ സകല തിന്മകളില്‍ നിന്നും അയാള്‍ മുക്തനാകുന്നു.

പിന്‍കുറി: വൃക്ഷങ്ങള്‍ ആഹാരം പാകം ചെയ്യുന്നത് ഇലകളിലാണ്. ശിശിരകാലത്തവ ഇലപൊഴിക്കുന്നു. ഒരു ശിശിരം മുതല്‍ അടുത്ത ശിശിരം വരെയുള്ള കാലയളവിനുള്ളില്‍ മുഴുപ്പും പുഴുക്കുത്തും വന്ന ഇലകള്‍ പൊഴിക്കുന്നു. വ്രതമനുഷ്ഠിക്കുന്നു. പിന്നെ പുതിയ തളിരുകളും പൂക്കളും കായ്കളുമുണ്ടായി അവ ധര്‍മനിര്‍വഹണത്തിനു സജ്ജമാകുന്നു.
വിശ്വാസികള്‍ ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുള്ള കാലയളവിനുള്ളില്‍ സംഭവിച്ച പാപക്കറകള്‍ കഴുകി, വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസത്തിന്റെ പുതിയ തളിരുകളും പൂക്കളും സല്‍ക്കര്‍മങ്ങളാകുന്ന കായ്കനികളുമായി ധര്‍മനിര്‍വഹണത്തിനൊരുങ്ങണമെന്നാണ് ദൈവ കല്‍പന.