Tag Archives: നീതി

വിശുദ്ധ റമദാന്‍ യാത്രയാവുന്നു.

എം ഐ അബ്ദുല്‍ അസീസ്‌

വിശുദ്ധ റമദാന്‍ യാത്രയാവുന്നു. വിടപറയാനാവാത്ത വിധം പുണ്യങ്ങളുടെ വസന്തത്തോട് നാം താദാത്മ്യപ്പെട്ട മാസമായിരുന്നു ഇത്. തഖ്‌വയാര്‍ജിക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് നാം പുതിയ കര്‍മ ഭൂമിയിലേക്ക് പ്രവേശിക്കുന്നത്. ദേഹേഛകളെ അകറ്റി നിര്‍ത്തി ദൈവേഛക്കു വിധേയമാവുകയാണല്ലോ തഖ്‌വ. ആര്‍ജിച്ച തഖ്‌വയുടെ ആഴവും പരപ്പും നമുക്ക് തന്നെ ബോധ്യപ്പെടേണ്ടത് കാത്തിരിക്കുന്ന കാലത്താണ്.

പ്രലോഭനങ്ങളും പ്രകോപനങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടാവും. നന്മ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയാന്‍ വളഞ്ഞ് വട്ടമിട്ട പിശാചുക്കളുടെ വലയം ഭേദിച്ചാണ് റമദാന്‍ പൂര്‍ത്തിയാക്കിയത്. ആ പോരാട്ടമൂല്യം കൈമോശം വരരുത്. ‘കൂനൂ റബ്ബാനിയ്യീന്‍, വലാ തകൂനൂ റമദാനിയ്യീന്‍’ എന്നാണല്ലോ.

വിശുദ്ധ ഖുര്‍ആന്റെ മാസമാണല്ലോ റമദാന്‍. അല്ലാഹു അത് നമുക്ക് വേണ്ടി അവതരിപ്പിച്ചതിന്റെ നന്ദി പ്രകടനമായിരുന്നു നോമ്പും നീണ്ടുനീണ്ട് പോയ രാത്രി നമസ്‌കാരങ്ങളും. ഖുര്‍ആനിന്റെ വചനങ്ങളിലൂടെ കടന്നു പോയപ്പോള്‍ അവനെന്തുമാത്രം നമ്മെ സ്‌നേഹിക്കുന്നുവെന്ന് നാം അറിഞ്ഞു. നമ്മുടെ ഇഹലോക വിജയവും പരലോക മോക്ഷവുമാണല്ലോ ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. റമദാനാനന്തര കാലത്ത് നമ്മുടെ വഴികാട്ടിയായി ആ ദിവ്യവചസ്സുകളെ നാം സ്വീകരിക്കണം. അതിലൊരു മറുചോദ്യം പാടില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവത്തോടും സൃഷ്ടികളിലോരോന്നിനോടുമുള്ള കടപ്പാടുകള്‍ നാം നിര്‍വഹിച്ചേ പറ്റൂ,ശങ്കിച്ചു നില്‍ക്കരുത്.

വേദഗ്രന്ഥത്തിന്റെ പ്രസക്തി ഏറെ വര്‍ധിച്ചിട്ടുണ്ട് ഇന്ന്. ദൈവത്തിന്റെ ഏകത്വവും പ്രപഞ്ചത്തിന്റെ ഏകതയും ഏക മാനവികതയുമാണത് ഉദ്‌ഘോഷിക്കുന്നത്. മത, ജാതി, ലിംഗ, ദേശ, ഭാഷാ സ്വത്വങ്ങള്‍ പോരടിക്കലിന്റെയും രക്തം ചിന്തലിന്റെയും വേര്‍ത്തിരിവുകളാവണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിഹരിക്കുന്ന കാലമാണിത്; മാനവികതയുടെ ഐക്യത്തെ പ്രഘോഷിക്കാന്‍ നമുക്കുള്ള ബാധ്യത ഇരട്ടിക്കുന്ന കാലവും. വിശാല കൂട്ടായ്മകളും സദസ്സുകളും സംവാദങ്ങളും രൂപപ്പെടുത്തി ഭിന്നതകളുടെ മതില്‍കെട്ടുകളെ നാം ഭേദിക്കണം.

നീതിക്കു വേണ്ടിയുള്ള നില്‍പും ദൈവത്തിനു വേണ്ടിയുള്ള നില്‍പും സമീകരിച്ചിട്ടുണ്ടല്ലോ ഖുര്‍ആന്‍. ആയിരക്കണക്കിന് സഹോദരങ്ങള്‍ അന്യായമായി തടവറയില്‍ കഴിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. അവകാശങ്ങളും ജീവിത വിഭവങ്ങളും നിഷേധിക്കപ്പെട്ട പതിത കോടികള്‍ നമുക്ക് ചുറ്റുമുണ്ട്. സമൂഹത്തിന്റെ അര്‍ധപാതി വിമോചനം കാത്തു കഴിയുന്നുണ്ട്. വേട്ടക്കാര്‍ സംഘടിതരാണ്. ചെറുത്തു നില്‍പുകളെ അവര്‍ തൂക്കിലേറ്റും. സ്വപ്നങ്ങളെ അവര്‍ അട്ടിമറിക്കും. പോരാട്ടത്തിന്റെ വരും ദിനങ്ങള്‍ക്ക് പാകമാവാന്‍ തന്നെയാണ് റമദാന്‍ ആഹ്വാനം ചെയ്യുന്നത്. അത്തരം സമരോല്‍സുകതയെ മരവിപ്പിച്ച് നിര്‍ത്താന്‍ റമദാനില്‍ ആര്‍ജിച്ച തഖ്‌വയെ സംബന്ധിച്ച തെറ്റിദ്ധാരണ കാരണമായിക്കൂടാ.

സമൂഹത്തിന്റെ ഓരത്ത് ഒഴിഞ്ഞ വയറുമായി കഴിയുന്നവരെ പരിഗണിക്കാതെയുള്ള ദീന്‍ അല്ലാഹു നിരാകരിച്ചിട്ടുണ്ട്. നമ്മുടെ വിഭവങ്ങളില്‍ അവര്‍ക്ക് അവകാശവും നല്‍കിയിട്ടുണ്ട്. ദാനധര്‍മങ്ങളുടെ കൂടി വസന്തമായിരുന്നല്ലോ റമദാന്‍. പട്ടിണിക്കാരോടുള്ള വികാരവായ്പിനാല്‍ കൈകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ അനേകായിരങ്ങളാണ് പുഞ്ചിരി തൂകിയത്. എത്രയായിരം സാമൂഹിക സ്ഥാപനങ്ങളാണ് അതിജീവനം സാധ്യമാക്കിയത്. മതജാതി പരിഗണനകള്‍ക്കതീതമായി ജനസേവനത്തിന്റെ കൈകള്‍ ആവശ്യക്കാരെ പുണരാന്‍ നീണ്ടു പോകട്ടെ എന്ന് റമദാന്‍ നമ്മില്‍ നിന്ന് പ്രത്യാശിക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങളിലേക്കുള്ള പ്രവേശം പോലും നിര്‍ബന്ധിത ദാനത്തിനു ശേഷമേ ആകാവൂ. വിശക്കാത്ത ലോകത്തെ കുറിച്ച പ്രതീക്ഷ തന്നെയാണ് ഇസ്‌ലാം.

ആഘോഷങ്ങള്‍ക്ക് പശിമ നഷ്ടപ്പെട്ട കാലമാണിത്. വ്യക്തികള്‍ സ്വന്തത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആഘോഷങ്ങളുടെ സാമൂഹികത അന്യം നിന്നു. സാമൂഹികമായ ആഘോഷങ്ങള്‍ അതിരുവിടുകയും ചെയ്തു. സന്തോഷാവസരങ്ങളെ ആഘോഷിക്കാന്‍ പഠിക്കണം. ഈദിനെ പാട്ടുപാടി വരവേറ്റ പെണ്‍കുട്ടികളെ വിലക്കിയ അനുചരന്‍മാരോട് അരുതെന്ന് പ്രവാചകന്‍ പറഞ്ഞു. ആഘോഷങ്ങളുടെ അതിരടയാളങ്ങളാണത്. അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിയിണക്കാനും ദൃഢീകരിക്കാനും അയല്‍പക്കങ്ങളിലെ പുതിയ ബന്ധങ്ങളിലേക്ക് വ്യാപിക്കാനും ഈദ് സഹായകമാവണം. പ്രായം ചെന്നവരെയും അവശരെയും പ്രത്യേകം പരിഗണിക്കുക. കുടുംബത്തിനകവും പുറവും ആഹ്ലാദത്തിന്റെ പുതിയ സ്വരമാധുരികളാല്‍ സാന്ദ്രമാവട്ടെ.

പ്രാര്‍ഥനയുടെ സന്ദര്‍ഭം കൂടിയാവണം ആഘോഷവേളകള്‍. മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മുഴുവന്‍ വിശ്വാസികള്‍, ലോകത്തെല്ലായിടത്തുമുള്ള ആദര്‍ശ സഹോദരങ്ങളും പോരാളികളും, ദൈവമാര്‍ഗത്തില്‍ ജീവന്‍ നല്‍കിയ ത്യാഗിവര്യന്‍മാര്‍, സല്‍കര്‍മികളായ മുന്‍ഗാമികള്‍, മര്‍ദിതര്‍- എല്ലാവര്‍ക്കും വേണ്ടി നമ്മുടെ കൈകള്‍ അല്ലാഹുവിലേക്കുയരട്ടെ.

ഈദ് എന്നാല്‍ മടക്കമെന്നര്‍ഥം. അല്ലാഹുവിലേക്കുള്ള തിരിച്ചു വരവ്. നിശിതമായ ആത്മ വിമര്‍ശത്തിലൂടെ, കണ്ണീരണിഞ്ഞ പ്രാര്‍ഥനകളിലൂടെ, ഇടമുറിയാത്ത സല്‍ക്കര്‍മങ്ങളിലൂടെ, നാം തിരിച്ചു വരികയായിരുന്നു. അല്ലാഹു നമുക്ക് കുറേ വലിയവന്മാരില്‍ ഒന്നല്ല, ഏറ്റവും വലിയവന്‍ തന്നെ. ഈ സദ്പാന്ഥാവിലേക്ക് നയിച്ച അവനാണ് സര്‍വ സ്തുതിയും.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.

കുട്ടികളിലെ അക്രമവാസന പരിഹരിക്കാം

കുദേഷ്യംഅക്രമണോത്സുകമായ പരിപാടികളാണ് അവന്‍ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. മറ്റൊരിക്കല്‍ എന്റെയടുത്തെത്തിയ ഭര്‍ത്താവിന്റെ പ്രശ്‌നം ഭാര്യയുടെ അക്രമണ സ്വഭാവവും പെരുമാറ്റത്തിലെ പരുഷതയുമായിരുന്നു. അവളുടെ ചെറുപ്പകാലത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉമ്മ അവളെ വല്ലാതെ അടിക്കാറുണ്ടായിരുന്നു എന്നതാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നിത്യവും നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. കുട്ടികളില്‍ അക്രമണോത്സുക സ്വഭാവം കാണുമ്പോള്‍ അത് പരിഹരിക്കാന്‍ സഹായകമാകുന്ന ഏതാനും കാര്യങ്ങളാണ് വായനക്കാരന്റെ മുന്നില്‍ വെക്കുന്നത്.

1. അക്രമണോത്സുക സ്വഭാവത്തിന്റെ കാരണമെന്താണെന്ന് നാം അന്വേഷിക്കണം. ഒരുപക്ഷേ അത് അവര്‍ കാണുന്ന അക്രമണോത്സുകത വളര്‍ത്തുന്ന ടെലിവിഷന്‍ പരമ്പരകളോ സിനിമകളോ ആവാം. അക്രമ സ്വഭാവത്തിനുടമകളായ മാതാപിതാക്കളോ ബന്ധുക്കളോ ആയ ആരെങ്കിലും ഉണ്ടാക്കിയ സ്വാധീനമോ ആവാം. ഒരിക്കല്‍ അക്രമത്തിന്റെ രീതി സ്വീകരിച്ച് അതിലൂടെ തന്റെ ആവശ്യം നേടിയെടുത്ത് തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആ രീതി തന്നെ അവംലംബിക്കുന്നവരുമാകാം. അവരുമായി സംസാരിച്ച് ടെലിവിഷന്‍ പരമ്പരകളെയും വ്യക്തികളെയും അനുകരിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് പ്രധാനം.

2. നമ്മുടെ പ്രവാചകന്‍(സ) തന്നോട് ദ്രോഹം ചെയ്തവരോടും തെറ്റുകാരോടും എങ്ങനെയായിരുന്നു പ്രതികരിച്ചിരുന്നതെന്ന് അക്രമണോത്സുക സ്വഭാവമുള്ള വ്യക്തിയെ ബോധ്യപ്പെടുത്തണം. ചില സന്ദര്‍ഭങ്ങില്‍ തന്റെ അവകാശം വാങ്ങിയിരുന്ന നബി(സ) ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണ് ചെയ്തിരുന്നത്. മറ്റു ചിലപ്പോള്‍ പുറമെ നിന്നുള്ള മറ്റൊരാളുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് ചെയ്തിരുന്നത്. എല്ലായ്‌പ്പോഴും ഒരുപോലെയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യം ‘യാതൊന്നിലും സൗമ്യതയുണ്ടാകില്ല, അത് അതിനെ അലങ്കരിച്ചിട്ടല്ലാതെ. യാതൊന്നില്‍ നിന്നും സൗമ്യത ഊരിപ്പോകുന്നില്ല, അതിനെ വിരൂപമാക്കിയട്ടല്ലാതെ’ എന്നാണ്.

3. ഒരു കുട്ടി അല്ലെങ്കില്‍ വ്യക്തി അക്രമസ്വഭാവം വെടിയണമെന്ന നിര്‍ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ അവനിഷ്ടപ്പെട്ട കാര്യങ്ങള്‍ വിലക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ അവന്‍ ശാരീരികമായോ വാക്കുകളാലോ ഉപദ്രവിച്ചവരോട് ക്ഷമാപണം നടത്താന്‍ അവനെ നിര്‍ബന്ധിക്കാം.

4. കുട്ടികളെ അക്രമി, തെമ്മാടി, വികൃതി എന്നൊന്നും വിളിക്കരുത്. മാറ്റിയെടുക്കാന്‍ പറ്റാത്തവിധം ആ ഗുണങ്ങള്‍ കുട്ടിയില്‍ ഉറച്ചു പോകുന്നതിനത് കാരണമാകും.

5. ശക്തി പ്രകടിപ്പിക്കാന്‍ കുട്ടികളില്‍ ഉണ്ടാവുന്ന താല്‍പര്യം കായികശേഷി ആവശ്യമുള്ള വിനോദങ്ങളില്‍ അവരെ പങ്കെടുപ്പിച്ചു കൊണ്ട് പരിഹരിക്കണം. മാര്‍ഷല്‍ ആര്‍ട്‌സുകളും മലകയറ്റം, ഓട്ടമത്സരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണ്. അക്രമപ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്ന കുട്ടിയിലെ ഊര്‍ജ്ജത്തെ ഇത്തരത്തില്‍ തിരിച്ചു വിടാം.

6. കുട്ടിയെ ശ്രവിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കല്‍ അക്രമണോത്സുകതക്ക് ചികിത്സ നല്‍കുന്നതില്‍ വളരെ പ്രധാനമാണ്. അവരിലുള്ള ആത്മസംഘര്‍ഷങ്ങളുമായി അവര്‍ ഒറ്റപ്പെടുന്നതും താന്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നതലും മറ്റുള്ളവരുമായിട്ടുള്ള അമിതമായ താരതമ്യവുമാണ് മിക്കപ്പോഴും അക്രമണോത്സുകതയുടെ കാരണങ്ങളായി മാറാറുണ്ട്.

7. കുട്ടിയുടെ അക്രമണോത്സുകതയെ ചികിത്സിക്കുന്ന ആള്‍ അക്രമണോത്സുകനാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന്റെ പേരില്‍ അവനെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം അക്രമമാണെന്ന പാഠമാണ് പകര്‍ന്നു നല്‍കുന്നത്. കള്ളത്തെ കള്ളം കൊണ്ട് ചികിത്സിക്കുന്നത് പോലെയാണത്. സ്വഭാവം കൂടുതല്‍ ചീത്തയാക്കുകയാണത് ചെയ്യുക. എന്തിന് അത് ചെയ്തു എന്ന് അവനോട് ചോദിക്കുകയും സംവദിക്കുകയുമാണ് വേണ്ടത്. പിന്നെ അക്രമണത്തിന്റേതല്ലാത്ത രീതിയില്‍ എങ്ങനെ തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാമെന്ന് അവനെ പഠിപ്പിക്കണം.

8. പലപ്പോഴും ആക്രമണ സ്വഭാവം ദേഷ്യപ്രകടനത്തിന്റെ ഭാഗമായിട്ടാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ദേഷ്യമെന്ന വികാരത്തെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് കുട്ടിയെ പഠിപ്പിക്കണം. ദേഷ്യം വരുമ്പോള്‍ എന്തു ചെയ്യണമെന്നും അതിന്റെ ശരിയായ പ്രകടനം എങ്ങനെയാണെന്നും അവന് മനസ്സിലാക്കാന്‍ സാധിക്കണം.

9. മക്കളോടുള്ള മാതാപിതാക്കളുടെ ഉച്ചത്തിലുള്ള ശകാരവും അട്ടഹാസവും നിര്‍ത്തേണ്ടത് കുട്ടികളിലെ അക്രമണോത്സുകതക്കുള്ള ചികിത്സയില്‍ വളരെ പ്രധാനമാണ്. സ്വഭാവം മാറ്റുന്നതിലുള്ള പ്രധാന മാര്‍ഗമാണ് അതിന് മാതൃകയാവല്‍.

10. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ പലപ്പോഴും അവഗണിക്കുന്ന ആയുധമാണ് പ്രാര്‍ഥന. സന്താനപരിപാലനത്തില്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹരിക്കാനാവാത്ത കാര്യങ്ങള്‍ പ്രാര്‍ഥനകളാല്‍ പരിഹരിക്കപ്പെട്ട എത്രയോ സംഭവങ്ങളുണ്ട്. മക്കള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന മൂന്ന് പ്രാര്‍ഥനകളിലൊന്നാണെന്ന് പ്രവാചകന്‍(സ) നമ്മോട് പറഞ്ഞിരിക്കുന്നു. മര്‍ദിതന്റെ പ്രാര്‍ഥനയും യാത്രക്കാരന്റെ പ്രാര്‍ഥനയുമാണ് മറ്റു രണ്ടെണ്ണം.