Tag Archives: സ്നേഹം

ഖുര്‍ആനിലെ കഥകകള്ടെ അന്ത:സത്ത

മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. “മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിതം നന്‍മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്‍മ ദിവ്യമാണ്; തിന്‍മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ ന•യില്‍ന്ിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ ന•യോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. “മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു”. (ഖുര്‍ആന്‍ 91:8-10) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്.

സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാധിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്ളാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു.

ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്.

ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൌതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്ളാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാദ്ധ്യത ദൈവത്തോടുമാത്രമാണ്. ഈ യഥാര്ത്യങ്ങള്‍ സംഭവ കഥകളിലൂടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു , മോസ്സ,ഇബ്രാഹീം , തുടെങ്ങി ഓരോ പ്രവാചകന്മാരുടെയും കഥ കളില്‍ വ്യത്യസ്ത പാഠങ്ങള്‍ നമുക്ക് മസ്സിലാക്കാനുണ്ട് ഖുര്‍ആന്‍ ഏറ്റവും നല്ല കഥയായി അവതരിപ്പിക്കുന്നത് യോസഫ് (യൂസുഫ് നബി) യുടെ കഥയാണ്

ചിന്താ സ്വാതന്ത്ര്യമാണ് ഖുര്‍ആന്‍ .

ചിന്താ സ്വാതന്ത്ര്യമാണ് ഖുര്‍ആന്‍

അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യാവസാനം വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുന്ന കാര്യമാണ് അടിച്ചേല്‍പ്പിക്കല്‍ നയമല്ല, ആളുകള്‍ക്ക് ചിന്താ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്നുള്ളത്. ”അദ്ദേഹം പറഞ്ഞു: ‘എന്റെ ജനമേ, ഒന്നു ചിന്തിക്കൂ. ഞാന്‍ എന്റെ റബ്ബിങ്കല്‍നിന്നുളള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്മേല്‍ നിലകൊള്ളുന്നു. കൂടാതെ അവന്റെ സവിശേഷ കാരുണ്യവും എനിക്കരുളിയിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ക്കതു കാണാന്‍ കഴിയുന്നില്ല; എങ്കില്‍ പിന്നെ ഞങ്ങളെന്തു ചെയ്യാന്‍! നിങ്ങള്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നിരിക്കെ, ബലം പ്രയോഗിച്ച് നിങ്ങളെക്കൊണ്ടതംഗീകരിപ്പിക്കുകയോ?’ (ഹൂദ്: 28)

സത്യം ബോധ്യപ്പെട്ട് അംഗീകരിക്കുന്നതിനായി അതിലേക്ക് ക്ഷണിക്കുകയായിരുന്നു മുഴുവന്‍ പ്രവാചകന്‍മാരും ചെയ്തത്. അടിച്ചേല്‍പിക്കാനോ നിര്‍ബന്ധം ചെലുത്താനോ ഉള്ള യാതൊരു കഴിവും അവര്‍ക്കുണ്ടായിരുന്നില്ല. മാത്രമല്ല, ആളുകള്‍ വഴികേടിന്റെ ഉച്ചിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ തന്നെയും സത്യദീന്‍ സ്വീകരിക്കാന്‍ അവര്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്തരുതെന്ന നിര്‍ദേശങ്ങളടങ്ങിയ ആയത്തുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

നബിമാരുടെയും അവരുടെ പിന്‍ഗാമികളായ പ്രബോധകരുടെയും ഉത്തരവാദിത്വം വഴിയടയാളങ്ങള്‍ വിശദീകരിച്ചു കൊടുക്കല്‍ മാത്രമാണ്. തങ്ങള്‍ ഏതൊരു മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് അത് ജനങ്ങളിലേക്ക് എത്തിക്കലാണ് അവരുടെ ജോലി. അതോടൊപ്പം വഴിപിഴച്ച മനുഷ്യനിര്‍മിത കാഴ്ച്ചപ്പാടുകളെ നിരാകരിക്കുകയും ചെയ്യുന്നു. അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് പിന്നെ വേണ്ടത്. ”ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം.” (അല്‍കഹ്ഫ്: 29)

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇക്കാര്യം മുറുകെ പിടിക്കാനാണ് പ്രവാചന്‍ മുഹമ്മദ് നബി(സ)യെ ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നത്:
”അവരെ നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കുക നിന്റെ ദൗത്യമല്ല.” (ഖാഫ്: 45)
”അവരോടു പറയുക: ‘ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനല്ല.” (അല്‍അന്‍ആം: 66)
”നീ അവരുടെ ഉത്തരവാദിത്വമേറ്റെടുത്തവനുമല്ല.” (അല്‍അന്‍ആം: 107)
”ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.” (യൂനുസ്: 108)
”നീ അവരുടെ ചുമതലക്കാരനല്ല.” (അസ്സുമര്‍: 41)
”നാം നിന്നെ ജനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവനായി നിയോഗിച്ചിട്ടില്ല.” (അല്‍ഇസ്‌റാഅ്: 54)
”സ്വേച്ഛയെ ഇലാഹാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ?” (അല്‍ഫുര്‍ഖാന്‍: 43)

ജനങ്ങളെ സന്മാര്‍ഗത്തിലാക്കല്‍ പ്രവാചകന്റെ ഉത്തരവാദിത്വമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം അതിനായി എല്ലാ ശ്രമങ്ങളും വിനിയോഗിച്ചിരുന്നു. തനിക്ക് ചെയ്യാനുള്ളത് നിര്‍വഹിച്ച് അവശേഷിക്കുന്നത് അല്ലാഹുവിന് വിട്ടുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ആ പ്രവര്‍ത്തനത്തിന്റെ ഫലം അവരുടെ ജീവിതകാലത്തു തന്നെ ഉണ്ടായിക്കൊള്ളണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. ”നാം അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് നിന്റെ ജീവിതത്തില്‍ത്തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ നിന്നെ അതിനുമുമ്പായി ഉയര്‍ത്തിയെന്നും വന്നേക്കാം. ഏതു നിലക്കും അവര്‍ക്ക് നമ്മുടെ സമക്ഷത്തിലേക്കു വരേണ്ടതുണ്ട്.

അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.” (യൂനുസ്: 46)
”പ്രവാചകാ, നാം ഈ ജനത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് ഒരുപക്ഷേ, നീ ജീവിച്ചിരിക്കെത്തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അത് പ്രത്യക്ഷത്തില്‍ വരുന്നതിനു മുമ്പ് നാം നിന്നെ തിരിച്ചുവിളിച്ചെന്നും വരാം. ഏതു നിലക്കും നിന്റെ കര്‍ത്തവ്യം സന്ദേശം എത്തിച്ചുകൊടുക്കുക എന്നതു മാത്രമാകുന്നു.” (അര്‍റഅ്ദ്: 40)
” നാം അവരെ താക്കീതു ചെയ്യുന്ന ദുരിതങ്ങളില്‍ ചിലത് നിന്റെ മുന്നില്‍ വെച്ചുതന്നെ കാണിച്ചുകൊടുത്തെന്നുവരാം. അല്ലെങ്കില്‍ (അതിനു മുമ്പായി) നിന്നെ ഇഹത്തില്‍ നിന്നുയര്‍ത്തിയെന്നും വരാം. അവര്‍ തിരിച്ചയക്കപ്പെടുന്നത്, നമ്മിലേക്കുതന്നെയാകുന്നു.” (ഗാഫിര്‍: 77)

ഖുര്‍ആന്‍ പറയുന്നത് പ്രകാരം സന്ദേശം എത്തിച്ചു കൊടുക്കുന്ന ആളാണ് ദൈവദൂതന്‍. അതുണ്ടാക്കുന്ന ഫലത്തിന്റെ കാര്യത്തിലെ തീരുമാനം അല്ലാഹുവിന് മാത്രമാണ്. തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യം അവന് ആളുകള്‍ക്ക് വകവെച്ചു കൊടുത്തിട്ടുണ്ട്. ”ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.” (അല്‍ബഖറ: 256)

വിശ്വാസത്തിന്റെ തണലിലെ ജീവിതത്തിന്റെ മാധുര്യവും തെളിമയും വിശുദ്ധിയും സംബന്ധിച്ച ഖുര്‍ആന്റെ വിവരണം തന്നെ മതിയായതാണ്. നിഷേധത്തില്‍ ജീവിക്കുന്നവര്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അത് വേണ്ട രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പിന്നീട് അതില്‍ നിന്നെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും വിട്ടുനല്‍കിയിരിക്കുകയാണ്.

freedom-of-religion. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സര്‍ തോമസ് ആര്‍ണോള്‍ഡ് അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിലേക്കുള്ള പ്രബോധനം’ എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. ലോകത്ത് ഇസ്‌ലാം പ്രചരിച്ച പതിമൂന്ന് നൂറ്റാണ്ടു കാലം പരിശോധനാ വിധേയമാക്കിയിട്ടും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധം ചെലുത്തിയ ഒരു സംഭവം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത. വിമോചനത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണിത്.

അല്ലാഹുവിന്റെ അടിമകളെ അടിമകളുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും ഐഹിക ലോകത്തിന്റെ കുടുസ്സതയില്‍ നിന്ന് പാരത്രിക ലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ അനീതികളില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും കൊണ്ടു പോകുന്നതിന് നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് റുസ്തമിന്റെയും ഹിര്‍ഖലിന്റെയുമെല്ലാം അടുക്കലേക്ക് അയക്കപ്പെട്ട ദൂതന്‍മാര്‍ പ്രഖ്യാപിച്ചത്.

വിശുദ്ധ റമദാന്‍ യാത്രയാവുന്നു.

എം ഐ അബ്ദുല്‍ അസീസ്‌

വിശുദ്ധ റമദാന്‍ യാത്രയാവുന്നു. വിടപറയാനാവാത്ത വിധം പുണ്യങ്ങളുടെ വസന്തത്തോട് നാം താദാത്മ്യപ്പെട്ട മാസമായിരുന്നു ഇത്. തഖ്‌വയാര്‍ജിക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് നാം പുതിയ കര്‍മ ഭൂമിയിലേക്ക് പ്രവേശിക്കുന്നത്. ദേഹേഛകളെ അകറ്റി നിര്‍ത്തി ദൈവേഛക്കു വിധേയമാവുകയാണല്ലോ തഖ്‌വ. ആര്‍ജിച്ച തഖ്‌വയുടെ ആഴവും പരപ്പും നമുക്ക് തന്നെ ബോധ്യപ്പെടേണ്ടത് കാത്തിരിക്കുന്ന കാലത്താണ്.

പ്രലോഭനങ്ങളും പ്രകോപനങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടാവും. നന്മ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയാന്‍ വളഞ്ഞ് വട്ടമിട്ട പിശാചുക്കളുടെ വലയം ഭേദിച്ചാണ് റമദാന്‍ പൂര്‍ത്തിയാക്കിയത്. ആ പോരാട്ടമൂല്യം കൈമോശം വരരുത്. ‘കൂനൂ റബ്ബാനിയ്യീന്‍, വലാ തകൂനൂ റമദാനിയ്യീന്‍’ എന്നാണല്ലോ.

വിശുദ്ധ ഖുര്‍ആന്റെ മാസമാണല്ലോ റമദാന്‍. അല്ലാഹു അത് നമുക്ക് വേണ്ടി അവതരിപ്പിച്ചതിന്റെ നന്ദി പ്രകടനമായിരുന്നു നോമ്പും നീണ്ടുനീണ്ട് പോയ രാത്രി നമസ്‌കാരങ്ങളും. ഖുര്‍ആനിന്റെ വചനങ്ങളിലൂടെ കടന്നു പോയപ്പോള്‍ അവനെന്തുമാത്രം നമ്മെ സ്‌നേഹിക്കുന്നുവെന്ന് നാം അറിഞ്ഞു. നമ്മുടെ ഇഹലോക വിജയവും പരലോക മോക്ഷവുമാണല്ലോ ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. റമദാനാനന്തര കാലത്ത് നമ്മുടെ വഴികാട്ടിയായി ആ ദിവ്യവചസ്സുകളെ നാം സ്വീകരിക്കണം. അതിലൊരു മറുചോദ്യം പാടില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവത്തോടും സൃഷ്ടികളിലോരോന്നിനോടുമുള്ള കടപ്പാടുകള്‍ നാം നിര്‍വഹിച്ചേ പറ്റൂ,ശങ്കിച്ചു നില്‍ക്കരുത്.

വേദഗ്രന്ഥത്തിന്റെ പ്രസക്തി ഏറെ വര്‍ധിച്ചിട്ടുണ്ട് ഇന്ന്. ദൈവത്തിന്റെ ഏകത്വവും പ്രപഞ്ചത്തിന്റെ ഏകതയും ഏക മാനവികതയുമാണത് ഉദ്‌ഘോഷിക്കുന്നത്. മത, ജാതി, ലിംഗ, ദേശ, ഭാഷാ സ്വത്വങ്ങള്‍ പോരടിക്കലിന്റെയും രക്തം ചിന്തലിന്റെയും വേര്‍ത്തിരിവുകളാവണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിഹരിക്കുന്ന കാലമാണിത്; മാനവികതയുടെ ഐക്യത്തെ പ്രഘോഷിക്കാന്‍ നമുക്കുള്ള ബാധ്യത ഇരട്ടിക്കുന്ന കാലവും. വിശാല കൂട്ടായ്മകളും സദസ്സുകളും സംവാദങ്ങളും രൂപപ്പെടുത്തി ഭിന്നതകളുടെ മതില്‍കെട്ടുകളെ നാം ഭേദിക്കണം.

നീതിക്കു വേണ്ടിയുള്ള നില്‍പും ദൈവത്തിനു വേണ്ടിയുള്ള നില്‍പും സമീകരിച്ചിട്ടുണ്ടല്ലോ ഖുര്‍ആന്‍. ആയിരക്കണക്കിന് സഹോദരങ്ങള്‍ അന്യായമായി തടവറയില്‍ കഴിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. അവകാശങ്ങളും ജീവിത വിഭവങ്ങളും നിഷേധിക്കപ്പെട്ട പതിത കോടികള്‍ നമുക്ക് ചുറ്റുമുണ്ട്. സമൂഹത്തിന്റെ അര്‍ധപാതി വിമോചനം കാത്തു കഴിയുന്നുണ്ട്. വേട്ടക്കാര്‍ സംഘടിതരാണ്. ചെറുത്തു നില്‍പുകളെ അവര്‍ തൂക്കിലേറ്റും. സ്വപ്നങ്ങളെ അവര്‍ അട്ടിമറിക്കും. പോരാട്ടത്തിന്റെ വരും ദിനങ്ങള്‍ക്ക് പാകമാവാന്‍ തന്നെയാണ് റമദാന്‍ ആഹ്വാനം ചെയ്യുന്നത്. അത്തരം സമരോല്‍സുകതയെ മരവിപ്പിച്ച് നിര്‍ത്താന്‍ റമദാനില്‍ ആര്‍ജിച്ച തഖ്‌വയെ സംബന്ധിച്ച തെറ്റിദ്ധാരണ കാരണമായിക്കൂടാ.

സമൂഹത്തിന്റെ ഓരത്ത് ഒഴിഞ്ഞ വയറുമായി കഴിയുന്നവരെ പരിഗണിക്കാതെയുള്ള ദീന്‍ അല്ലാഹു നിരാകരിച്ചിട്ടുണ്ട്. നമ്മുടെ വിഭവങ്ങളില്‍ അവര്‍ക്ക് അവകാശവും നല്‍കിയിട്ടുണ്ട്. ദാനധര്‍മങ്ങളുടെ കൂടി വസന്തമായിരുന്നല്ലോ റമദാന്‍. പട്ടിണിക്കാരോടുള്ള വികാരവായ്പിനാല്‍ കൈകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ അനേകായിരങ്ങളാണ് പുഞ്ചിരി തൂകിയത്. എത്രയായിരം സാമൂഹിക സ്ഥാപനങ്ങളാണ് അതിജീവനം സാധ്യമാക്കിയത്. മതജാതി പരിഗണനകള്‍ക്കതീതമായി ജനസേവനത്തിന്റെ കൈകള്‍ ആവശ്യക്കാരെ പുണരാന്‍ നീണ്ടു പോകട്ടെ എന്ന് റമദാന്‍ നമ്മില്‍ നിന്ന് പ്രത്യാശിക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങളിലേക്കുള്ള പ്രവേശം പോലും നിര്‍ബന്ധിത ദാനത്തിനു ശേഷമേ ആകാവൂ. വിശക്കാത്ത ലോകത്തെ കുറിച്ച പ്രതീക്ഷ തന്നെയാണ് ഇസ്‌ലാം.

ആഘോഷങ്ങള്‍ക്ക് പശിമ നഷ്ടപ്പെട്ട കാലമാണിത്. വ്യക്തികള്‍ സ്വന്തത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആഘോഷങ്ങളുടെ സാമൂഹികത അന്യം നിന്നു. സാമൂഹികമായ ആഘോഷങ്ങള്‍ അതിരുവിടുകയും ചെയ്തു. സന്തോഷാവസരങ്ങളെ ആഘോഷിക്കാന്‍ പഠിക്കണം. ഈദിനെ പാട്ടുപാടി വരവേറ്റ പെണ്‍കുട്ടികളെ വിലക്കിയ അനുചരന്‍മാരോട് അരുതെന്ന് പ്രവാചകന്‍ പറഞ്ഞു. ആഘോഷങ്ങളുടെ അതിരടയാളങ്ങളാണത്. അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിയിണക്കാനും ദൃഢീകരിക്കാനും അയല്‍പക്കങ്ങളിലെ പുതിയ ബന്ധങ്ങളിലേക്ക് വ്യാപിക്കാനും ഈദ് സഹായകമാവണം. പ്രായം ചെന്നവരെയും അവശരെയും പ്രത്യേകം പരിഗണിക്കുക. കുടുംബത്തിനകവും പുറവും ആഹ്ലാദത്തിന്റെ പുതിയ സ്വരമാധുരികളാല്‍ സാന്ദ്രമാവട്ടെ.

പ്രാര്‍ഥനയുടെ സന്ദര്‍ഭം കൂടിയാവണം ആഘോഷവേളകള്‍. മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മുഴുവന്‍ വിശ്വാസികള്‍, ലോകത്തെല്ലായിടത്തുമുള്ള ആദര്‍ശ സഹോദരങ്ങളും പോരാളികളും, ദൈവമാര്‍ഗത്തില്‍ ജീവന്‍ നല്‍കിയ ത്യാഗിവര്യന്‍മാര്‍, സല്‍കര്‍മികളായ മുന്‍ഗാമികള്‍, മര്‍ദിതര്‍- എല്ലാവര്‍ക്കും വേണ്ടി നമ്മുടെ കൈകള്‍ അല്ലാഹുവിലേക്കുയരട്ടെ.

ഈദ് എന്നാല്‍ മടക്കമെന്നര്‍ഥം. അല്ലാഹുവിലേക്കുള്ള തിരിച്ചു വരവ്. നിശിതമായ ആത്മ വിമര്‍ശത്തിലൂടെ, കണ്ണീരണിഞ്ഞ പ്രാര്‍ഥനകളിലൂടെ, ഇടമുറിയാത്ത സല്‍ക്കര്‍മങ്ങളിലൂടെ, നാം തിരിച്ചു വരികയായിരുന്നു. അല്ലാഹു നമുക്ക് കുറേ വലിയവന്മാരില്‍ ഒന്നല്ല, ഏറ്റവും വലിയവന്‍ തന്നെ. ഈ സദ്പാന്ഥാവിലേക്ക് നയിച്ച അവനാണ് സര്‍വ സ്തുതിയും.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.

നല്ല സൗഹൃദം

കൂട്ടുകാര്‍ക്കിടയില്‍വെറുക്കപ്പെട്ടവനാവാതിരിക്കാന്‍

നല്ല സൗഹൃദം
. സൗഹൃദങ്ങളുടെയോ ബന്ധങ്ങളുടെയോ കുഴപ്പമല്ല അത്. മറിച്ച് ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. കണ്ണാടി ഒരാളുടെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്നത് പോലെയാണ് ആളുകളുമായുള്ള നമ്മുടെ ബന്ധങ്ങളും. സൗഹൃദങ്ങളെ നരകവും വേദനയുമാക്കി മാറ്റുകയും കൂട്ടുകാര്‍ക്കിടയില്‍ താങ്കള്‍ വെറുക്കപ്പെട്ടവനാക്കുകയും ചെയ്യുന്ന ആറ് തരം ഇടപഴകലുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആ കാര്യങ്ങള്‍ വെടിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും ഇണക്കത്തിന്റെയും ഉറവകളാക്കി ബന്ധങ്ങള്‍ മാറ്റാം.

ഒന്ന്, മറ്റുള്ളവരെ അമിതമായി ആക്ഷേപിക്കാതിരിക്കുക. ഏത് സമയത്തും കൂട്ടുകാരെ അവരുടെ നിലപാടുകളുടെയും സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും പേരില്‍ ആക്ഷേപിക്കുന്നത് കൂട്ടുകാര്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം ഇല്ലാതാക്കും. എന്നാല്‍ ശാന്തമായും ബുദ്ധിപരമായും നീണ്ട ഇടവേളകള്‍ക്കിടയില്‍ ആക്ഷേപിക്കുന്നതില്‍ തെറ്റില്ല. താങ്കള്‍ ഉന്നയിക്കുന്ന ആക്ഷേപം എത്രതന്നെ ശരിയാണെങ്കിലും അത് അമിതമാകുന്നത് കൂട്ടുകാരെ അകറ്റുകയാണ് ചെയ്യുക. കൂട്ടുകാരന് തെറ്റ് ചെയ്യാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ ബന്ധം നല്ല നിലയില്‍ തുടരുന്നതിന് അവരുടെ ചില വീഴ്ച്ചകള്‍ക്ക് നേരെ നാം കണ്ണടക്കേണ്ടതുണ്ട്.

രണ്ട്, നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ, അവയോട് മറ്റുള്ളവര്‍ വിയോജിക്കുമ്പോള്‍ ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും സ്വാതന്ത്ര്യവും വിശാലതയും അനുവദിക്കുന്നതാണ് സൗഹൃദത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് വാദിക്കുന്നുവെങ്കില്‍ സ്‌നേഹിക്കുന്ന കൂട്ടുകാരനെ ദ്രോഹിക്കല്‍ സ്‌നേഹത്തിന്റെ അടയാളമല്ലെന്ന് അവനോട് പറയുക. ഒരാള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അവനോട് ചെയ്യുന്ന ദ്രോഹമാണ്.

മൂന്ന്, കൂട്ടുകാര്‍ക്ക് മാര്‍ക്കിടുകയോ അവര്‍ക്ക് പ്രത്യേക മുദ്ര ചാര്‍ത്തി കൊടുക്കുകയോ ചെയ്യരുത്. ഈ സ്വഭാവം മറ്റുള്ളവര്‍ നിങ്ങളെ വെറുക്കുന്നതിനും നിങ്ങളില്‍ നിന്ന് അകലുന്നതിനും കാരണമാകും. കൂട്ടുകാരെയെല്ലാം ഒരേ മൂശയില്‍ വാര്‍ത്തെടുത്ത് അതിനനുസരിച്ച് ഇടപഴകാനാണ് ഈ സ്വഭാവത്തിലൂടെ നിങ്ങള്‍ ശ്രമിക്കുന്നത്. ഒരാളെ ദേഷ്യക്കാരനായി നിങ്ങള്‍ മുദ്രകുത്തുന്നു, മറ്റൊരാളെ സ്വാര്‍ഥനായും, മൂന്നാമതൊരാളെ കള്ളം പറയുന്നവനായും, നാലാമതൊരാളെ വഞ്ചകനായും നിങ്ങള്‍ മുദ്രകുത്തുന്നു. കാലം മുന്നോട്ടു പോകുമ്പോള്‍ അനുഭവസമ്പത്തിലൂടെ മാറ്റം വരുന്നതാണ് മനുഷ്യന്റെ ജീവിതം. മുമ്പുണ്ടായിരുന്ന സ്വഭാവം തെറ്റാണെന്ന് അംഗീകരിച്ച് അത് തിരുത്തിയിട്ടു ണ്ടാവും. കൂട്ടുകാരെ നിലനിര്‍ത്തണമെങ്കില്‍ നാം ഇഷ്ടപ്പെടുന്ന രീതിയില്‍ അവരോട് പെരുമാറുന്നതിന് പകരം അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ നാം അവരോട് പെരുമാറേണ്ടത് അനിവാര്യമാണ്.

നാല്, എപ്പോഴും താങ്കള്‍ മാത്രമാണ് ശരി അവര്‍ തെറ്റിലാണ് എന്ന് തോന്നിപ്പിക്കും വിധം അമിതമായി വിമര്‍ശിക്കരുത്. മറിച്ച് നല്ല രീതിയില്‍ സംവദിച്ച് അവരുടെ ഹൃദയം കീഴടക്കാനായിരിക്കണം നമ്മുടെ ശ്രമം. സമ്മര്‍ദം ചെലുത്താതെ, കല്‍പനയുടെ സ്വരവും ദേഷ്യവും ഒഴിവാക്കി തെറ്റും ശരിയും ബോധ്യപ്പെടുത്താന്‍ നാം ശ്രമിക്കണം. നിലപാടുകളുടെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. അത് മനസ്സിലാക്കാതെ അവരെ ഖണ്ഡിക്കാന്‍ മുതിരരുത്.

അഞ്ച്, ഓരോ മനുഷ്യനും ഒട്ടേറെ സവിശേഷതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ധാരാളം നന്മകള്‍ ഓരോരുത്തരിലുമുണ്ടാകും. ഓരോ കൂട്ടുകാരന്റെയും നന്മകളെ ഉപയോഗ പ്പെടുത്താനും അവരിലെ ദോഷവശങ്ങളെ അവഗണിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ഒരു മനുഷ്യനും പൂര്‍ണനല്ല എന്നത് തന്നെ കാരണം. പുതിയ അനുഭവങ്ങളെ ഭയക്കുകയല്ല വേണ്ടത്. ഓരോ കാര്യങ്ങളില്‍ നിന്നും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്ക ണം.

ആറ്, ഭൗതിക വിഭവങ്ങള്‍ ധാരാളമുള്ള സമ്പന്നരായ കൂട്ടുകാര്‍ മാത്രമാണ് സന്തോഷം നല്‍കുകയെന്നത് മൂഢവിശ്വാസമാണ്. കാരണം സന്തോഷത്തിന് സമ്പത്തുമായി ഒരു ബന്ധവുമില്ല. ധനികനാവട്ടെ ദരിദ്രനാവട്ടെ അയാളുടെ മനസ്സ് നിങ്ങളുടെ മനസ്സുമായി ഇണങ്ങുമ്പോഴാണ് നിങ്ങള്‍ സന്തുഷ്ടനാകുന്നത്. അതിലുപരിയായി അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുള്ള സൗഹൃദങ്ങളാണ് ഉത്തമമായ സൗഹൃദം.

ഈ ആറ് കാര്യങ്ങളോടൊപ്പം അവസാനമായി ഓര്‍മപ്പെടുത്താനുള്ളത്, കൂട്ടുകാരുടെ വികാരങ്ങളെ മാനിക്കുകയും അതിനെ വ്രണപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളുടെ വിശേഷണങ്ങള്‍ നബി(സ) വിവരിച്ചപ്പോള്‍ ഉകാശ(റ) ചോദിച്ചു: അക്കൂട്ടത്തില്‍ ഞാനുണ്ടാകുമോ അല്ലാഹുവിന്റെ ദൂതരേ? അതെയെന്ന് നബി(സ) മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സഹാബി ചോദിച്ചു: ഞാന്‍ അക്കൂട്ടത്തിലുണ്ടോ? നബി(സ) പറഞ്ഞു: അക്കാര്യത്തില്‍ ഉക്കാശ നിന്നെ മുന്‍കടന്നിരിക്കുന്നു. സുഹൃത്തുക്കളെ നിലനിര്‍ത്തുന്നതിനുള്ള കഴിവാണിത് പ്രകടമാക്കുന്നത്.