Tag Archives: islam

ഖുര്‍ആനിലെ കഥകകള്ടെ അന്ത:സത്ത

മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. “മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിതം നന്‍മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്‍മ ദിവ്യമാണ്; തിന്‍മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ ന•യില്‍ന്ിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ ന•യോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. “മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു”. (ഖുര്‍ആന്‍ 91:8-10) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്.

സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാധിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്ളാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു.

ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്.

ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൌതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്ളാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാദ്ധ്യത ദൈവത്തോടുമാത്രമാണ്. ഈ യഥാര്ത്യങ്ങള്‍ സംഭവ കഥകളിലൂടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു , മോസ്സ,ഇബ്രാഹീം , തുടെങ്ങി ഓരോ പ്രവാചകന്മാരുടെയും കഥ കളില്‍ വ്യത്യസ്ത പാഠങ്ങള്‍ നമുക്ക് മസ്സിലാക്കാനുണ്ട് ഖുര്‍ആന്‍ ഏറ്റവും നല്ല കഥയായി അവതരിപ്പിക്കുന്നത് യോസഫ് (യൂസുഫ് നബി) യുടെ കഥയാണ്

ലോകാവസാനത്തിന്റെ അടയാളങ്ങള്‍

ലോകാവസാനത്തിന്റെ അടയാളം

കാലത്തിന്റെ മാറ്റം, ധാര്‍മികമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സംഭവിക്കുന്ന ശോഷണം, തിന്‍മയുടെ ആധിക്യവും വളര്‍ച്ചയും, കുഴപ്പങ്ങളുടെ പെരുപ്പം മുതലായ ലോകാന്ത്യത്തിന്റെ സൂചനയായി ഗണിക്കപ്പെടുന്ന സംഭവവികാസങ്ങളെ പണ്ഡിതന്‍മാര്‍ ലോകാവസാനത്തിന്റെ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുഖാരി, അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക:

‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.”

എല്ലാ മനുഷ്യര്‍ക്കുമായി പൊതുവെ ഒരു ലോകാവസാനവും ഓരോ സമുദായത്തിനും പ്രത്യേകഅന്ത്യവുമുണ്ടെന്ന് സയ്യിദ് റശീദ് രിദാ പ്രസ്താവിച്ചിട്ടുണ്ട്. ഒരു സമുദായത്തില്‍ വിശ്വസ്തത നഷ്ടപ്പെടുകയും അനര്‍ഹര്‍ കാര്യം കയ്യാളുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അതിന്റെ പ്രതാപവും വാഴ്ചയും അവസാനിക്കുന്നുവെന്നതുകൊണ്ട് ആ സമുദായത്തിന്റെ അന്ത്യം അടുത്തു എന്നാണര്‍ഥം.

മൂല്യച്യുതി

ലോകാവസാനത്തെക്കുറിച്ച് ജിബ്‌രീല്‍ (അ) ഒരുവേള മുഹമ്മദ് നബി(സ)യോട് ചോദിച്ചപ്പോള്‍ ‘ചോദിക്കപ്പെട്ടയാള്‍ ചോദ്യകര്‍ത്താവിനെക്കാള്‍ ജ്ഞാനിയല്ല’ എന്നാണ് പ്രതികരിച്ചത്. തുടര്‍ന്ന് അതിന്റെ ലക്ഷണങ്ങള്‍ നബിതിരുമേനി വിശദീകരിച്ചത് ഇങ്ങനെയാണ്:
‘അടിമസ്ത്രീ തന്റെ യജമാനനെ അഥവാ യജമാനത്തിയെ പ്രസവിക്കുകയും ദരിദ്രരും നഗ്നരും നഗ്നപാദരും ആട്ടിടയന്‍മാരും ആയിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കിത്തുടങ്ങുന്നതും കണ്ടാല്‍ ലോകാവസാനമായി ‘. സാമൂഹികമൂല്യങ്ങളില്‍ വമ്പിച്ച നിഷേധാത്മകസ്വഭാവത്തിലുള്ള മാറ്റങ്ങളുണ്ടാകുമെന്നാണ് പറഞ്ഞതിനര്‍ഥം. മാതാക്കളോട് മക്കള്‍ നന്‍മ ചെയ്യില്ലെന്നും മക്കള്‍ മാതാക്കളെ വാഴുമെന്നും സാരം. ഒരു കാലത്ത് തീര്‍ത്തും ദരിദ്രരായിരുന്നവര്‍ അധ്വാനമില്ലാതെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികവളര്‍ച്ചയാല്‍ കൊട്ടാരമുടമകളാകുമെന്നാണ് വ്യക്തമായ സൂചന.

വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല.

ആഗോളഗൂഢാലോചന

സൗബാനില്‍ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘തീറ്റക്കൊതിയന്‍മാര്‍ ഭക്ഷണത്തളികയിലേക്കെന്നപോലെ ശത്രുസമൂഹങ്ങള്‍ എല്ലാ ചക്രവാളങ്ങളില്‍നിന്നുമായി നിങ്ങള്‍ക്കെതിരെ ചാടിവീഴാന്‍ കാലമായിരിക്കുന്നു’ അപ്പോള്‍ സ്വഹാബികള്‍ ‘അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടാണോ?’ തിരുമേനി:’അല്ല, അന്ന് നിങ്ങള്‍ ധാരാളം പേരുണ്ടാവും. പക്ഷേ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പുചണ്ടികളെപ്പോലെയായിരിക്കും. ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച ഭയം അല്ലാഹു എടുത്തുകളയും. അവന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരികയുംചെയ്യും.’സ്വഹാബികള്‍ :’അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യം?’ തിരുമേനി:’ഇഹലോകത്തോടുള്ള പ്രേമം. മരണത്തോടുള്ള വെറുപ്പ് ‘ മുസ്‌ലിംകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച വ്യക്തമായ ദീര്‍ഘദര്‍ശനമാണ് ഈ ഹദീസ്. തീറ്റക്കൊതിയന്‍മാര്‍ക്ക് എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുള എന്നതാണ് മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ. പടിഞ്ഞാറും കിഴക്കും വലതും ഇടതും യഹൂദരും ക്രൈസ്തവരും നിരീശ്വരും ഇതില്‍ ഭാഗഭാക്കാണ്. അന്യോന്യം സഹകാരികളാണ്.

സുവാര്‍ത്താ പ്രവചനങ്ങള്‍

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും മാത്രമല്ല, മൊത്തം മാനവസമൂഹത്തിനുതന്നെയും സന്തോഷം പകരുന്ന സുവാര്‍ത്താ പ്രവചനങ്ങളാണ് മറ്റൊന്ന്. ഇസ്‌ലാം യൂറോപ്പിലേക്ക് മടങ്ങുന്നതും റോം വിജയവും സംബന്ധിച്ച പ്രവചനങ്ങളാണ് ഇവയില്‍ പ്രധാനം.

അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം:
‘രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ, റോമോ?’ തിരുമേനി :’ഹിര്‍ഖലിന്റെ നഗരമാണ് ആദ്യം ജയിച്ചടക്കപ്പെടുക.’ ഇപ്പോഴത്ത ഇറ്റലിയുടെ തലസ്ഥാനമാണ് റോം. കോണ്‍സ്റ്റാന്റിനോപ്പിളാകട്ടെ ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്തംബൂളും. മേല്‍പ്പറഞ്ഞ രണ്ട് നഗരങ്ങളും ഇസ്‌ലാമിന്ന് കീഴ്‌പ്പെടുമെന്നും അവിടത്തുകാര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇവയിലേതാണ് ആദ്യം ഇസ്‌ലാമിന് വിധേയമാവുക എന്നതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിര്‍ഖലിന്റെ നഗരമെന്ന് നബിതിരുമേനി മൊഴിഞ്ഞത്. ചരിത്രത്തില്‍ മുഹമ്മദുല്‍ ഫാതിഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരന്‍ മുഹമ്മദ്ബ്‌നു മുറാദ് എന്ന ഉസ്മാനീ യുവാവിന്റെ കൈയ്യാല്‍ അത് യാഥാര്‍ഥ്യമായി.സുവാര്‍ത്തയുടെ രണ്ടാം ഭാഗം പുലരാനിരിക്കുന്നതേയുള്ളൂ. ഒരിക്കല്‍ അന്തുലുസില്‍നിന്നും മറ്റൊരിക്കല്‍ ബാല്‍ക്കണില്‍നിന്നും തുരത്തപ്പെട്ട ശേഷം ഇസ്‌ലാം ഒരിക്കല്‍കൂടി യൂറോപ്പില്‍ വെന്നിക്കൊടി പാറിക്കും.

സര്‍വവ്യാപിയാകുന്ന ഇസ്‌ലാം

ഇസ്‌ലാമിന്റെ സാര്‍വലൗകികപ്രഭാവത്തെക്കുറിച്ച് നബി(സ) ദീര്‍ഘദര്‍ശനംചെയ്യുന്നുണ്ട്. നബി(സ) പ്രസ്താവിച്ചത് കേട്ടതായി തമീമുദ്ദാരി ഉദ്ധരിക്കുന്നു:’ഇക്കാര്യം -ഇസ്‌ലാം- രാവും പകലും എത്തുന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. മണ്ണിന്റെയോ രോമത്തിന്റെയോ എല്ലാ വീടുകളിലും അല്ലാഹു ഈ ദീനിനെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. പ്രതാപിയുടെ പ്രതാപം വഴിയോ നിന്ദ്യനെ നിന്ദ്യനാക്കിയോ ആയിരിക്കും ഇത് സാധിക്കുക. അല്ലാഹു ഇസ്‌ലാമിനെ പ്രതാപത്തിലാക്കുന്ന പ്രതാപം കൊണ്ട്; സത്യനിഷേധത്തെ നിന്ദ്യമാക്കുന്ന നിന്ദ്യതകൊണ്ട്’. രാവും പകലും എത്തുന്നിടം എന്നതിന്റെ ഉദ്ദേശ്യം സാര്‍വലൗകിക തലത്തില്‍ ഇസ്‌ലാം പ്രചരിക്കുമെന്നാണ്. മണ്ണുകൊണ്ടോ കല്ലുകൊണ്ടോ വീടുണ്ടാക്കുന്ന നഗരങ്ങളും രോമങ്ങള്‍കൊണ്ട് തമ്പുകെട്ടിത്താമസിക്കുന്ന ഗ്രാമങ്ങളും ഒന്നൊഴിയാതെ ഇസ്‌ലാമിന് വിധേയമാകും.

ഇസ്‌ലാമികരാഷ്ട്രത്തിന്റെ വിസ്തൃതി

നബി(സ) പ്രസ്താവിച്ചതായി സൗബാന്‍ ഉദ്ധരിക്കുന്നു:
‘തീര്‍ച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ഒന്നടങ്കം ചുരുട്ടിപ്പിടിച്ച് കാണിച്ചുതന്നു. ഞാന്‍ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. തീര്‍ച്ചയായും എന്റെ സമുദായത്തിന്‍െര അധികാരം ഭൂമിയില്‍നിന്ന് അല്ലാഹു എനിക്ക് ഒരുമിച്ചുകൂട്ടി കാട്ടിത്തന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.’ ‘ചുരുട്ടിപ്പിടിച്ചു’ എന്നതിന്റെ വിവക്ഷ നബിക്ക് ഭൂമിയെ മൊത്തത്തില്‍ കാണത്തക്കവിധം സൗകര്യംചെയ്തുകൊടുത്തു എന്നാണ്. ഭൂഗോളം മുഴുവന്‍ ഒരുഘട്ടത്തില്‍ ഇസ്‌ലാമിന്റെതാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നബിവചനം നല്‍കുന്നത്.

സുഭിക്ഷത, നിര്‍ഭയത്വം , ധനസമൃദ്ധി

മറ്റൊരു സുവാര്‍ത്ത ഇങ്ങനെയാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’
അഹ്മദില്‍നിന്ന് റിപോര്‍ട്ടില്‍ ‘മക്കക്കും ഇറാഖിനുമിടയില്‍ , വഴിതെറ്റുമോ എന്ന ഭയമല്ലാതെ മറ്റൊന്നും ആശങ്കിക്കേണ്ടാത്തവിധം യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്നതുവരെ ‘എന്നുമുണ്ട്.
നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.
അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.
ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ സ്വദഖഃ ചെയ്യുക. വിതരണത്തിനുള്ള സ്വദഖഃയുമായി ദാതാവ് നടന്നാലും അത് സ്വീകരിക്കാന്‍ ആളില്ലാത്ത ഒരു കാലം വരും. അപ്പോള്‍ ആളുകള്‍ പറയും:’ഇന്നലെ ഇതുമായി താങ്കള്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനെ. ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല.”
ജനജീവിതത്തില്‍ സത്യവിശ്വാസവും ദൈവഭക്തിയും സൃഷ്ടിക്കുന്ന സല്‍ഫലങ്ങളെയും ഇസ്‌ലാമികനീതിയുടെ അനുഗ്രഹങ്ങളെയും കുറിച്ച വ്യക്തമായ തെളിവാണ് ഈ നബിവചനം.

പ്രവാചകരീതിയെ പിന്തുടരുന്ന ഖിലാഫത്ത്

ഈ ഇനത്തിലെ സുപ്രധാനസുവിശേഷളടങ്ങുന്ന നബിവചനം ഇങ്ങനെ:
ഹുദൈഫത്തുല്‍ യമാനില്‍ നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു:’അല്ലാഹു ഉദ്ദേശിച്ചിടത്തോളം കാലം പ്രവാചകത്വം നിങ്ങളില്‍ നിലനില്‍ക്കും. പിന്നീട് അവന്‍ അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തിക്കളയും അനന്തരം പ്രവാചകത്വരീതിയനുസരിച്ച ഖിലാഫത്തുണ്ടായിരിക്കും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതുണ്ടായിരിക്കും. ശേഷം, അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക പീഡകാധികാരമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. അനന്തരം അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക സ്വേഛാധിപത്യ ഭരണമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. പിന്നീട് അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും.ശേഷം പ്രവാചകത്വമാതൃകയനുസരിച്ച ഭരണമായിരിക്കും. ഇത് പറഞ്ഞ ശേഷം നബി (സ) മൗനം ഭജിച്ചു.’

യഹൂദികള്‍ക്കെതിരെ വിജയം

തിരുമേനി (സ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു:
‘യഹൂദികള്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും. അങ്ങനെ നിങ്ങള്‍ അവരെ ജയിക്കും. പിന്നീട് കല്ല് പറയും. ഓ മുസ്‌ലിം, എന്റെ പിന്നില്‍ ഇതാ ഒരു യഹൂദി. നീ അവനെ കൊല്ലുക’. കല്ലും മരവും സംസാരിക്കുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. എല്ലാ വസ്തുക്കളും യഹൂദികളെ കാണിച്ചുകൊടുക്കുകയും അവരെ കണ്ടെത്തുകയും ചെയ്യുമെന്ന് ആശയം. എല്ലാ വസ്തുക്കളും മുസ്‌ലിംകളുടെ നന്‍മയില്‍ സഹകരിക്കുകയും അവരുടെ ശത്രുക്കളായ യഹൂദികള്‍ക്കെതിരെ സഹായിക്കുകയുംചെയ്യുമെന്ന് സാരം.

എന്നും ജയിക്കുന്ന വിഭാഗം

ചില സ്വഹാബികള്‍ ഉദ്ധരിച്ച നബി(സ)യുടെ മറ്റൊരു ഹദീസ് ഇങ്ങനെയാണ്:
മുആവിയയില്‍നിന്ന്:’എന്റെ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പന പാലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ ഉത്തരവ് വരുന്നത് വരെ അവരെ കൈവിട്ടവരോ എതിര്‍ത്തവരോ അവര്‍ക്കൊരു ഉപദ്രവവും വരുത്തില്ല. അവര്‍ ജനങ്ങള്‍ക്കുമേല്‍ വിജയിച്ചുകൊണ്ടേയിരിക്കും.’
ഉമര്‍, മുഗീറഃ, സൗബാന്‍, അബൂഹുറൈറ, ഖുര്‍റത്തുബ്‌നു ഇയാസ്, ജാബിര്‍, ഇംറാനുബ്‌നു ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍ ജാബിറുബ്‌നു സമുറ എന്നിവരില്‍നിന്നെന്ന പോലെ അബൂ ഉമാമഃയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ) പ്രസ്താവിച്ചു:
‘എന്റെ സമുദായത്തിലെ ഒരു വിഭാഗം മതത്തെ ജയിച്ചുകൊണ്ടേയിരിക്കും. ശത്രുക്കളെ അമര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് ദോഷംചെയ്യില്ല. അവരെ ചില്ലറ കഷ്ടപ്പാടുകള്‍ മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ അവര്‍ ഈ നിലയില്‍ തുടരും.’ സ്വഹാബികള്‍ ചോദിച്ചു:’അവര്‍ എവിടെയാണ്, തിരുദൂതരേ?’ തിരുമേനി’ബൈത്തുല്‍ മുഖദ്ദസിലും ബൈത്തുല്‍ മുഖദ്ദസിന്റെ പാര്‍ശ്വങ്ങളിലും’. മുസ്‌ലിംസമുദായത്തിന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നന്‍മകള്‍ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും അല്ലാഹവിന് വേണ്ടി നിലകൊള്ളുന്നവരും സത്യത്തെ സഹായിക്കുന്നവരും മുറുകെപിടിക്കുന്നവരും ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്നും അവരെ ചില പീഡനങ്ങളും പ്രയാസങ്ങളും ഏല്‍പിക്കാനേ ശത്രുക്കള്‍ക്ക് കഴിയുകയുള്ളൂവെന്നുമാണ് അതിന്റെ സാരം.

നൂറ്റാണ്ടുകള്‍ തോറും പരിഷ്‌കര്‍ത്താക്കള്‍

അബൂഹുറൈറ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു:
തീര്‍ച്ചയായും അല്ലാഹു ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ ഈ സമുദായത്തിന് അതിന്റെ ദീനിനെ നവീകരിക്കുന്നവരെ നിയോഗിച്ചുനല്‍കും( ഇന്നല്ലാഹ യബ്അസു…മന്‍ യുജദ്ദിദു ലഹാ ദീനഹാ). പ്രസ്തുത ഹദീസിലെ ‘മന്‍’എന്നതിന്റെ വിവക്ഷ പരിഷ്‌കര്‍ത്താക്കളായ വ്യക്തികളോ ഒരു സംഘമാളുകളോ, പ്രസ്ഥാനങ്ങളോ ആകാം.
ഇവയ്ക്കുപുറമെ വേറെയും സുവാര്‍ത്തകള്‍ ഹദീസുകളിലുണ്ട്. ഇസ്‌ലാമികശരീഅത്ത് അനുസരിച്ച് ഭരണം നടത്താനായി ഈസാനബി(അ)യുടെ പുനരാഗമനം, അക്രമം നിറഞ്ഞ ഭൂമിയില്‍ നീതിസ്ഥാപിക്കാനായി രംഗപ്രവേശം ചെയ്യുന്ന മഹ്ദീ എന്ന പേരില്‍ അറിയപ്പെടുന്ന ഭരണാധികാരിയുടെ വാഴ്ച മുതലായവ പ്രതിപാദിക്കുന്ന ഹദീസുകള്‍ ഉദാഹരണങ്ങളാണ്

നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും തനിക്ക് വഴിപ്പെടാനായി ജനങ്ങളെ ക്ഷണിക്കുകയും എന്നാല്‍ തികഞ്ഞ ന്യൂനതയായ ഒറ്റക്കണ്ണോടുകൂടിയവനുമായ മനുഷ്യനായ ‘മസീഹുദ്ദജ്ജാല്‍’ പ്രത്യക്ഷപ്പെടലാണ് ഇവയില്‍ പ്രധാനം.

1. ‘പെരുംകള്ളന്‍മാരായ മുപ്പതോളം വ്യാജവാദികള്‍ പ്രത്യക്ഷപ്പെടുന്നതുവരെ ലോകാവസാനം സംഭവിക്കില്ല. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്‍മാരാണെന്ന് അവരെല്ലാം അവകാശപ്പെടും’.
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

‘തങ്ങളുടെ സമുദായത്തെ ഒറ്റക്കണ്ണനും പെരുങ്കള്ളനുമായ ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ ഒരു പ്രവാചകനും നിയോഗിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല. ദജ്ജാലിന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ‘കാഫിര്‍’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കും.’
ഹുദൈഫ (റ) നിവേദനംചെയ്യുന്നു: ‘വെള്ളവും തീയുമായാണ് ദജ്ജാല്‍ പുറപ്പെടുക. ജനം തീയാണെന്ന് മനസ്സിലാക്കുന്നത് തണുത്തവെള്ളമായിരിക്കും. അവര്‍ തണുത്ത വെള്ളമായി കരുതുന്നത് കത്തിക്കാന്‍ ശേഷിയുള്ള തീയായിരിക്കും. ഇത് ആരെങ്കിലും കണ്ടാല്‍ തീയാണ് എന്ന് കാണുന്നതിനെ സമീപിക്കട്ടെ. അത് തണുത്ത വെള്ളമായിരിക്കും.’

മുഗീറഃ (റ) പറയുന്നു: ദജ്ജാലിനെക്കുറിച്ച് ഞാന്‍ ചോദിച്ചത് മറ്റാരും നബി(സ)യോട് ചോദിച്ചിട്ടില്ല. നബി(സ) എന്നോട് ചോദിച്ചു:’ദജ്ജാല്‍ നിന്നെ എന്തുചെയ്യാനാ? അവന്റെ കൂടെ ഒരു റൊട്ടിമലയും ജലനദിയും ഉണ്ടാകുമെന്ന് ആളുകള്‍ പറയുന്നു. നബി;’അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിസ്സാരമത്രെ” ദജ്ജാലിന്റെ പ്രകടനങ്ങള്‍ യാഥാര്‍ഥ്യങ്ങളായിരിക്കില്ലെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആകാശത്തുനിന്ന് ഭൂമിയിലേക്ക് അവതരിക്കുന്ന ഈസാ നബി(അ) ദജ്ജാലിനെ വധിച്ച് ഭൂമിയില്‍ ഇസ്‌ലാമികശരീഅത്ത് സ്ഥാപിക്കും.

2.ഈസാനബിയുടെ പുനരാഗമനം സംബന്ധിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3. ജനങ്ങളോട് സംസാരിക്കുന്ന ഒരു ജന്തുവിന്റെ പുറപ്പാടാണ് ലോകാവസാനത്തിന്റെ മറ്റൊരു ലക്ഷണം. ഖുര്‍ആന്‍ പറയുന്നു: ‘നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍ നാം അവര്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോട് പറയും.’ (അന്നംല് 82)

4. സൂര്യന്‍ പടിഞ്ഞാറ് നിന്നുദിക്കും. പ്രാപഞ്ചികഘടന കീഴ്‌മേല്‍ മറിയുന്നതിന്റെ വ്യക്തമായ അടയാളം. ഇതുണ്ടായിക്കഴിഞ്ഞാല്‍ സത്യനിഷേധികളുടെ ഇസ്‌ലാമാശ്ലേഷം സ്വീകരിക്കപ്പെടില്ല. അധര്‍മികളുടെ പശ്ചാത്താപം പരിഗണിക്കപ്പെടുകയില്ല. (സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക എന്ന നബിവചനത്തിന്റെ വിവക്ഷ പാശ്ചാത്യലോകത്തെ ഇസ്‌ലാമിന്റെ പ്രചാരണവും പ്രഭാവവുമാണെന്ന തരത്തില്‍ പലരും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ ഈ സൂക്തം ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്നിരിക്കെ, വിശ്വസിക്കാനും പശ്ചാത്തപിക്കാനും അവസരം കഴിഞ്ഞിരിക്കെ പിന്നെ എന്ത് ഇസ്‌ലാം പ്രചാരണം ?).

പഠനത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ സാധൂകരിക്കുന്നു.
1. അറിവിനെ സ്‌കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തണം.
2. മനഃപാഠം പഠിക്കുന്ന രീതി ഒഴിവാക്കണം.
3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനത്തെ വികസിപ്പിക്കണം.
4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതാക്കുകയും ക്ലാസുമുറിയിലെ പഠനാനുഭവങ്ങളുമായി അവയെ ഉദ്ഗ്രഥിക്കുകയും വേണം.
5. രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തില്‍ പരസ്പരം താല്‍പര്യമെടുക്കുന്നതും വ്യത്യാസങ്ങള്‍ക്കതീതവുമായ ഒരു സ്വത്വം വളര്‍ത്തിക്കൊണ്ടുവരണം.
പഠനം, പഠനാനുഭവം, അറിവ,് തിരിച്ചറിവ്, അറിവിന്റെ പ്രയോഗം എന്നിവയെ കൃത്യമായി നിര്‍വചിക്കുന്നതിനും ലളിതമായ ഉദാഹരണങ്ങളും സാധ്യമായ വിശദീകരണങ്ങളും നല്‍കി ബോധ്യപ്പെടുത്തുന്നതിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വിജയിച്ചു എന്നുവേണം കരുതാന്‍.
‘അറിയല്‍ ‘ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ‘അതെനിക്കറിയാം ‘ എന്ന് ഒരാള്‍ പറയുമ്പോള്‍ എന്താണതുകൊണ്ട് ലക്ഷ്യമാക്കുന്നത്?

ഏതെങ്കിലും ഭാഷാവ്യവഹാരത്തിലൂടെയോ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിലൂടെയോ പരിസരത്തെപ്പറ്റിയോ വസ്തുപ്രതിഭാസങ്ങളെപ്പറ്റിയോ ലോകത്തെപ്പറ്റിയോ മനസ്സിലാക്കുക എന്നാണ് ‘അറിയല്‍’ എന്നതിന്റെ അര്‍ഥം. പഠനത്തെ ഒരു ആശയപ്രജനനപ്രക്രിയ (Generative process) എന്ന് പറഞ്ഞാലും തെറ്റില്ല. ചെറുപ്പം മുതലേ കുട്ടികള്‍ പഠനം എന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നുണ്ട്. മറ്റുള്ളവരോട് ഇടപഴകിയും മൂര്‍ത്തവസ്തുക്കളുമായി സംവദിച്ചുമൊക്കെയാണ് ഈ പഠനം നടക്കുന്നത് . ഭാഷയും ചിന്തയും പ്രവൃത്തിയുമൊക്കെ ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു എന്നത് ഒരു വിസ്മയമായി തോന്നാം. കുട്ടികള്‍ പ്രായമാകുന്നതോടെ അനുഭവങ്ങളോടൊപ്പം ഭാഷാശേഷിയും ചിന്താശേഷിയും വളരുകയും പഠനം വികസിക്കുകയുംചെയ്യും.

ഓരോ കുട്ടിയും ചിന്തിക്കുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു എന്നും ഓരോ കുട്ടിക്കും അവരുടെതായ ബുദ്ധിവൈഭവം ഉണ്ട് എന്നും വിശ്വസിക്കുന്നവരാണ് നാം. എങ്കിലും എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷം ക്ലാസുമുറിയില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയാതെ പോവുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എത്തിപ്പിടിക്കാവുന്ന അയവുള്ള ഒരു പാഠ്യപദ്ധതി ലഭ്യമാക്കുകയും കുട്ടികളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസുമുറിയിലെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയുമാണ് വേണ്ടത്.

എങ്ങനെയാണ് കുട്ടി അറിവ് നിര്‍മിക്കുന്നത് ?

അറിവ് നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ആണ് പഠനം എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അറിവ് നിര്‍മാണമെന്നത് അത്ര ലളിതമായി ക്ലാസുമുറിയില്‍ നടക്കാവുന്ന ഒരു കാര്യമാണോ എന്ന്. അറിവിനെ പരീക്ഷണശാലയോടും ഗ്രന്ഥാലയത്തോടുമൊക്കെ ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുമ്പോഴാണ് ഈയൊരപകടം സംഭവിക്കുന്നത്. കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ വിഷയം കുറെക്കൂടി ലളിതമാകും. ചെറിയൊരുദാഹരണം പറയാം.

നാലാംക്ലാസിലെ സയന്‍സ് അധ്യാപിക വിവിധതരം സസ്യങ്ങളുടെ ഇലകള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. പൂക്കള്‍ക്കായി വളര്‍ത്തുന്നവ, അലങ്കാരത്തിനായി വളര്‍ത്തുന്നവ, പഴങ്ങള്‍ക്കോ, പച്ചക്കറികള്‍ക്കോ, ഔഷധങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്നവ അങ്ങനെ വിവിധങ്ങളായ സസ്യങ്ങളുടെ ഇലകള്‍ അക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ ഇലകള്‍.
ഇലകള്‍ എടുത്ത് പരിശോധിക്കാനും മണത്ത് നോക്കാനും താരതമ്യം ചെയ്യാനും അധ്യാപിക കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നു. അവരെ ഗ്രൂപ്പുകളാക്കുന്നു. ഓരോ സെറ്റ് ഇലകള്‍ ഓരോ ഗ്രൂപ്പിനും നല്‍കുന്നു. ഗ്രൂപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ അധ്യാപിക നിര്‍ണയിച്ചുനല്‍കുന്നു.
ഓരോ ഇലയും പരിശോധിച്ച് ഏത് ചെടിയുടേതാണെന്ന് തിരിച്ചറിയുക.
ഓരോന്നിന്റെയും പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തുക.
വീടുകളില്‍ കൂടുതലായി വളരുന്നവയെയും അപൂര്‍വമായി വളരുന്നവയെയും വേര്‍തിരിക്കുക.

കയ്യിലുള്ള അനുഭവങ്ങളും അറിവുകളും പരസ്പരം ബന്ധിപ്പിച്ച് കുട്ടികള്‍ ചര്‍ച്ചയാരംഭിക്കുന്നു. ഈ വിവരങ്ങള്‍ കൈമാറി അപരിചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന പഠനപരിമിതികളെ മറികടക്കാന്‍ അധ്യാപിക കുട്ടികളെ ഇടക്കിടെ സഹായിക്കുന്നു.
ഒടുവില്‍ തങ്ങള്‍ കണ്ടെത്തിയ ആശയങ്ങള്‍ ഗ്രൂപ്പുകള്‍ പങ്കുവെക്കുന്നു. ധാരണകള്‍ മെച്ചപ്പെടുത്തുകയും വ്യക്തമായ ആശയരൂപീകരണം നടത്തുകയുംചെയ്യുന്നു.

അധ്യാപിക ‘വിവിധതരം സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും’ എന്നൊരു പാഠഭാഗം വായിച്ചുകേള്‍പ്പിക്കുന്നതും ഇത്തരമൊരു പഠനപ്രവര്‍ത്തനം നടത്തുന്നതും തമ്മില്‍ വ്യത്യാസങ്ങളില്ലേ? ആദ്യത്തേതില്‍ അധ്യാപിക ഏകപക്ഷീയമായി വിജ്ഞാനം അടിച്ചേല്‍പിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തേത് കുട്ടികള്‍ തന്നെ നടത്തുന്ന അന്വേഷണാത്മക പഠനപ്രവര്‍ത്തനമാണ്. ഏതൊരു അന്വേഷണാത്മക പഠനപ്രവര്‍ത്തനവും അറിവ് നിര്‍മാണത്തിലേക്കാണ് ഒടുവില്‍ എത്തിച്ചേരുന്നത്. അധ്യാപികയ്ക്ക് കൃത്യമായി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനും സ്വയം വിലയിരുത്തി മെച്ചപ്പെടുത്താനും കുട്ടികള്‍ക്ക് അവസരമൊരുക്കാനും കഴിഞ്ഞാലേ ഇതൊക്കെ സാധ്യമാവൂ.

പ്രകൃതിയും പരിസരവുമായുള്ള നിരന്തര ഇടപെടലിലൂടെയും ഭാഷയിലൂടെയുമാണ് പഠനം നടക്കുന്നത്. വായിക്കാനും ചോദ്യങ്ങളുന്നയിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സംവദിക്കാനും പ്രതികരിക്കാനും ഒക്കെ ഭാഷ ഉപയോഗിക്കുന്നതും തനതായ പഠനസന്ദര്‍ഭങ്ങളാണ്.
അറിവിന്റെ നിര്‍മാണത്തിന് തീവ്രമായ അനുഭവങ്ങളുടെ കൂട്ട്, ഭാഷാശേഷികള്‍, ചുറ്റുപാടുമായുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ അത്യാവശ്യമാണ്. സ്‌കൂളിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടിയോടൊപ്പം നിരവധി ധാരണകളും ആശയങ്ങളും ഒട്ടും കുറവില്ലാത്ത ഭാഷാസമ്പത്തും ഉണ്ടായിരിക്കും. പലരതരത്തിലുള്ള അറിവുകളും ഇതിനകം അവള്‍/ അവന്‍ നിര്‍മിച്ചിരിക്കും.

വീട്ടുമുറ്റത്തും കിടപ്പുമുറിയിലും അടുക്കളയിലുമെല്ലാം മലമൂത്രവിസര്‍ജ്ജനം ചെയ്തിരുന്ന കുട്ടി ഒരു പ്രായത്തിലെത്തുമ്പോള്‍ അക്കാര്യത്തിന് കക്കൂസ് തന്നെ തെരഞ്ഞെടുക്കുന്നത് യാന്ത്രികമായ ഒരു പരിശീലനത്തെത്തുടര്‍ന്നല്ലല്ലോ. പരിസരവുമായുള്ള പാരസ്പര്യം അവളില്‍ / അവനില്‍ രൂപപ്പെടുത്തിയ ഒരു തിരിച്ചറിവുതന്നെയാണ് അതിന്റെ കാരണം. താഴെകിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍ പെറുക്കിയെടുത്ത് തിന്നുമായിരുന്ന കുട്ടി ഒരു പ്രായത്തില്‍ അവ ‘ചീത്ത’യാണ് എന്ന് വിശ്വസിച്ച് വര്‍ജിക്കുന്നതിന്റെ പിന്നിലും പരിശീലനമല്ല തിരിച്ചറിവുതന്നെയാണ്.
ഇത്തരംകുട്ടികളാണ് ക്ലാസുമുറിയിലേക്ക് എത്തുന്നത് നാമോര്‍ക്കണം. അവരോടൊപ്പം നൈസര്‍ഗികമായ കുറെ അറിവുകളുമുണ്ടാകും. സ്‌കൂള്‍ അനുഭവങ്ങള്‍ അതിനുമേല്‍ കുറെക്കൂടി ആഴത്തിലുള്ള അറിവ് നിര്‍മിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

ഭാഷയും ഭാഷാവിദ്യാഭ്യാസവും

ഭാഷയെക്കുറിച്ചും ഭാഷാവിദ്യാഭ്യാസത്തെക്കുറിച്ചും ദീര്‍ഘവും ശ്രദ്ധേയവുമായ ചില വിശകലനങ്ങള്‍ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തുന്നുണ്ട്. മിക്കകുട്ടികളും വിദ്യാലയങ്ങളിലെത്തുന്നതിന് മുമ്പുതന്നെ ഒരുവിധം ചിട്ടപ്പെടുത്തപ്പെട്ട ഭാഷയെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുകയും ഔചിത്യപൂര്‍വം അത് പ്രയോഗിക്കുകയും ചെയ്യുന്നതായി നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ചില കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പുതന്നെ രണ്ടോ മൂന്നോ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് ആര്‍ജിക്കുന്നു.

പ്രശസ്ത ഗോളശാസ്ത്രജ്ഞനായ അലി മണിക് ഫാന്‍ മകളോടും പേരക്കുട്ടികളോടുമൊപ്പം എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ തമാസിച്ചിരുന്ന കാലം. മണിക് ഫാനെ നേരില്‍ കണ്ട് പരിചയപ്പെടാനായി ഈ ലേഖകന്‍ ഒരിക്കല്‍ താമസസ്ഥലത്ത് ചെന്നപ്പോള്‍ ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ അവരുടെ ഉമ്മയോട് മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ‘ഇവര്‍ക്കെവിടുന്നാണ് ഇത്ര നല്ല ഇംഗ്ലീഷ് കിട്ടിയത്’ കൗതുകത്തോടെ ഞാന്‍ തിരക്കി.
‘സാറിന് അവര്‍ അറബിയില്‍ സംസാരിക്കുന്നത് കേള്‍ക്കണോ?’ എന്നായിരുന്നു അത്ഭുതപ്പെടുത്തുമാറ് ആ ഉമ്മയുടെ മറുപടി. ആ വീട്ടില്‍ ഇംഗ്ലീഷും അറബിയിലുമൊക്കെയായിരുന്നുവത്രെ മുഖ്യമായ സംസാരഭാഷ.
കുട്ടികള്‍ക്ക് മാതൃഭാഷയെ കൂടാതെ വേറെയും ഭാഷകള്‍ സ്വായത്തമാക്കാനും ആ ഭാഷയില്‍ ആശയവിനിമയം നടത്താനും കഴിയുമെന്നതിന് വേറെയും ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും.

. ജീവിക്കുന്ന സാമൂഹികപരിസരവും സാംസ്‌കാരികപരിസരവുമായി ഭാഷയ്ക്ക് ബന്ധമുള്ളതുപോലെ വ്യക്തിയുടെ ചിന്തയുമായും സ്വത്വവുമായും അതിന് ബന്ധമുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഏത് ഭാഷയുടെ കാര്യത്തിലും ഇതൊരു വസ്തുതയാണ്. അതുകൊണ്ട് കുട്ടിക്ക് വശമുള്ളതും ആഭിമുഖ്യമുള്ളതും കുട്ടിക്ക് വൈകാരികമായി അടുപ്പമുള്ളതുമായ ഒരു ഭാഷയെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അവളുടെ/ അവന്റെ ചിന്തയെയും സ്വത്വത്തെയും നിഷേധിക്കുന്നതിന് തുല്യമായിരിക്കും. വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികള്‍ ആര്‍ജിച്ച ഭാഷാശേഷികള്‍ക്ക് അനല്‍പമായ പങ്കാണ് വഹിക്കാനുള്ളത്. അക്കാദമിക ജ്ഞാനത്തിന്റെ വികാസത്തിനും ഭാഷാശേഷികളുടെ വികാസം അനിവാര്യമാണ്.

ഭാഷാക്ലാസ്മുറിയില്‍ മാത്രം പരിമിതമല്ല ഭാഷ എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഏത് വിഷയം പഠിക്കുമ്പോഴും അവിടെ മാധ്യമമായി ഉപയോഗിക്കപ്പെടുന്നത് ഭാഷ തന്നെയാണ്. ഗണിതപ്രക്രിയകള്‍ ചെയ്യുന്ന കുട്ടിക്ക് തന്റെ ഗണിതാശയം പങ്കുവെക്കാന്‍ ഏതെങ്കിലും ഭാഷതന്നെ വേണ്ടതുണ്ട്. അടിസ്ഥാനശാസ്ത്രവുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപോര്‍ട്ട് എഴുതുമ്പോഴും ഭാഷതന്നെ ആശ്രയം. സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനയാത്രയുടെ വിവരണമെഴുതുമ്പോഴും ഭാഷ ഉപയോഗിക്കാതെ തരമില്ല. അപ്പോള്‍ ഭാഷ, സ്‌കൂളിലെ പാഠ്യവിഷയങ്ങളിലും വ്യാപിച്ചുകിടക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംസാരം, ശ്രവണം, വായന, എഴുത്ത് എന്നിവയിലെ പ്രാവീണ്യം സ്‌കൂള്‍ വിജയത്തിലെ ഒരു പ്രധാനഘടകമാണ്. യഥാര്‍ഥത്തില്‍ കുട്ടികളുടെ ഭാഷാവികാസത്തിന്റെ ഭാവി ഭാഷാധ്യാപകരുടെ കൈയില്‍ മാത്രമല്ല, മറ്റ് അധ്യാപകരുടെ കൈകളിലും അര്‍പ്പിതമാണ്.

നൂഹ് നബിയും കുടുംബവും

തന്റെ സൃഷ്ടാവും രക്ഷാധികാരിയുമായ പടച്ചവനെ മറന്ന് സ്വയംപര്യാപ്തനെന്നഹങ്കരിച്ച, ദൈവമാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച മനുഷ്യന്റെ കഥ. ദൈവം ഇഛിക്കുന്നവര്‍ക്കു മാത്രമേ നേര്‍മാര്‍ഗത്തില്‍ ചരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നൂഹ് നബിയുടെ ചരിത്രം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം ദൈവം നീതിമാനാണെന്ന സന്ദേശവും. രാപ്പകല്‍ ദൈവത്തെ സ്മരിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരും ദൈവത്തെ തമസ്‌ക്കരിച്ച നിര്‍ഭാഗ്യവാന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌നേഹനിധിയായ പിതാവിന്റെ ചരിത്രം. ദൈവികസന്ദേശം മാനവര്‍ക്കെത്തിക്കാന്‍ ജീവിതാന്ത്യം വരെ അദ്ധ്വാനിച്ച പ്രബോധകന്‍. പക്ഷെ ഈ പ്രവാചകന്റെ സ്വന്തം മകന്റെ അവസ്ഥ നമ്മെ തെര്യപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സ്വയം ചെയ്ത കര്‍മങ്ങള്‍ക്കു മാത്രമേ നമ്മള്‍ ഉത്തരവാദിയാവുകയുള്ളൂ. തറവാടിത്തമോ, നിറമോ, ഭാഷയോ, ദേശമോ ഒന്നും ആ ഉത്തരവാദിത്തത്തില്‍ നിന്ന് നമ്മെ ഒഴിവാക്കുകയില്ല എന്ന സത്യം.

ആദം നബിക്കും നൂഹ് നബിക്കുമുടയില്‍ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഉലുല്‍ അസ്മില്‍പ്പെട്ട ആദ്യത്തെ പ്രവാചകനായ നൂഹ് നബിക്കാണ് ഏറ്റവും കൂടുതല്‍ ഉപദ്രവമേല്‍ക്കേണ്ടി വന്നത്. ബഹുദൈവവിശ്വാസം കൊടുകുത്തി വാണിരുന്ന സമൂഹത്തിനിടയിലേക്കാണ് ഏകദൈവ സന്ദേശവുമായി അദ്ദേഹം ചെല്ലുന്നത്. എങ്ങിനെയാണ് ആ സമൂഹത്തിലേക്ക് ബിംബാരാധന കടന്നു വന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ‘സച്ചരിതരായ ആളുകള്‍ മരണപ്പെട്ട വേളയില്‍ അവരെ അനുകരിക്കാനും ഓര്‍ക്കാനും വേണ്ടി അവരുടെ ചിത്രങ്ങള്‍ വരച്ച് സൂക്ഷിക്കുകയും, അവരുടെ ഖബറിടങ്ങള്‍ക്കു മുകളില്‍ പള്ളികള്‍ നിര്‍മ്മിക്കുയും ചെയ്തു. കാലക്രമത്തില്‍ അത് ആരാധനയിലേക്ക് തിരിയുകയാണുണ്ടായത്. വദ്ദ്, സുവാഅ്, യഊസ്, യഊഖ്, നസ്‌റ് തുടങ്ങിയ സച്ചരിതരുടെ പ്രതിമകളാണ് ഇങ്ങനെ ആരാധക്കപ്പെട്ടവയില്‍ പ്രമുഖമായത്. ഈ ആരാധന വഴിവിട്ട സന്ദര്‍ഭത്തിലാണ് അവരെ നേര്‍വഴിയിലാക്കാന്‍ നൂഹ് നബിയെ അല്ലാഹു അയച്ചത്. 950 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയില്‍ തന്നാല്‍ കഴിയും വിധം ജനങ്ങളെ ദൈവസരണിയിലേക്ക് ക്ഷണിക്കാന്‍ വ്യതിരിക്ത മാര്‍ഗങ്ങള്‍ അദ്ദേഹം അവലംബിച്ചു. രാപ്പകല്‍ ഭേദമന്യേ രഹസ്യമായും പരസ്യമായും പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആ നാട്ടുകാര്‍ തയാറായില്ല. കല്ലുപോലെ ഉറച്ചുപോയ ഹൃദയങ്ങള്‍ അലിഞ്ഞില്ല. ഒരു കണ്ണും അശ്രുകണങ്ങള്‍ പൊഴിച്ചില്ല. അവര്‍അന്ധരും ബധിരരും മൂകിരുമായിത്തീര്‍ന്ന പോലെയായി.

ആ അവിശ്വാസികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയ പുത്രനുമുണ്ടായിരുന്നു ! പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വന്തക്കാരില്‍ നിന്നും ആരംഭിക്കണമെന്ന ആദ്യ പടി താണ്ടിക്കടക്കാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടി. സ്വന്തം പിതാവിന്റെ വഴിയെ മക്കളും കുടുംബക്കാരും വരണമെന്ന ബോധത്തോടെ എഴുനൂറു വര്‍ഷവും അവര്‍ക്കു പിന്നാലെ ദൈവിക സന്ദേശവുമായി നടന്നെങ്കിലും ആശിച്ച ഫലം ലഭിച്ചില്ല. വിശ്വാസം സ്വീകരിച്ച് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ തന്റെ നാലാമത്തെ മകനായ യാമിനോട് അദ്ദേഹം സ്‌നേഹമസൃണമായി ആവശ്യപ്പെട്ടത് ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു. ‘പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്( കപ്പല്‍ ) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ പൊന്നുമോനേ, നീ ഞങ്ങളോടൊപ്പം കയറക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്. ‘ (ഹൂദ് : 42) സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടു പോകരുതെന്നും ദൈവമാര്‍ഗത്തില്‍ വിശ്വസിച്ച് കപ്പലില്‍ കയറണമെന്നും കേണപേക്ഷിച്ചെങ്കിലും, ധിക്കാരിയായ മകന്‍ അഹങ്കാരത്തോടെ ആ ക്ഷണം നിരസിച്ചു. മലമുകളില്‍ കയറിയാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാമെന്ന വിഢിത്തം നിറഞ്ഞ വ്യാമോഹമാണ് അതിനവനെ പ്രേരിപ്പിച്ചത്. മകന്‍ മുങ്ങി മരിക്കുന്നത് വരെ തന്റെ ഉപദേശം അദ്ദേഹം തുടര്‍ന്നു.

സ്‌നേഹത്തിന് വിലകല്‍പ്പിക്കാത്ത മകനു നേരെയുള്ള സഹതാപത്തേക്കാളുപരി, സ്വയം ചെയ്ത കര്‍മങ്ങളുടെ പരിണിതി എന്തായാലും സ്വയം അനുഭവിക്കണം എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവം നമുക്കു പറഞ്ഞുതരുന്നത്. വെള്ളപ്പൊക്കം അവസാനിച്ചു. നാട് സാധാരണ നിലയിലായി. പക്ഷെ നൂഹ് നബി സഹജമായ പിതൃവികാരത്തോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ‘ എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണു താനും. നീ വിധകര്‍ത്താക്കളില്‍ വച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ് ‘(ഹൂദ് 45 ). കുടുംബാംഗങ്ങളെ മുഴുവന്‍ രക്ഷിക്കാമെന്ന വാഗ്ദാനംചെയ്ത നീതിമാനായ ദൈവം എന്തുകൊണ്ട് വാക്കു പാലിച്ചില്ലെന്ന് ദൈവത്തോടു തന്നെ നൂഹ് നബി പരിഭവം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. ‘അവന്‍ (അല്ലാഹു) പറഞ്ഞു. നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ് ‘ (ഹൂദ് 46) കുടുംബ ബന്ധത്തേക്കാള്‍ ആദര്‍ശ ബന്ധത്തിനാണ് പ്രാധാന്യമെന്ന് ഈ വാചകം തെളിയിക്കുന്നു. എത്ര ഉപദേശിച്ചിട്ടും നന്നാവാതെ വഴികേടില്‍ ജീവിക്കുന്ന മക്കളുള്ള നല്ലവരായ രക്ഷിതാക്കള്‍ക്ക് ഈ സൂക്തം ആശ്വാസമേകുന്നു. അത്തരം രക്ഷിതാക്കള്‍ നൂഹ് നബിയുടെ പാത പിന്‍പറ്റി നിരന്തരമായ ബോധവല്‍ക്കരണം നടത്തി മക്കളെ നേര്‍വഴിയിലാക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നും ഈ ചരിത്രം നമ്മെ തെര്യപ്പെടുത്തുന്നു. കുടുംബ ബന്ധം, നാളെ പരലോകത്ത് സ്വര്‍ഗ പ്രവേശത്തിനാവശ്യമായ യാതൊരു സഹായവും ചെയ്യില്ലെന്നും മറ്റുള്ളവര്‍ നന്നായാല്‍ തനിക്കത് അവിടെ യാതൊരു ഫലവും ഉളവാക്കില്ലെന്നുമുള്ള തിരിച്ചറിവിലൂടെ സ്വന്തം കര്‍മങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കണമെന്ന ചിന്തയും ഈ ചരിത്രം നമ്മെ ഉല്‍ബോധപ്പിക്കുന്നു.

വിവ : ഇസ്മാഈല്‍ അഫാഫ്
l

മനസ്സിന്റെ ഒരുക്കമാണ് പ്രധാനം

ഓരോ വര്‍ഷവും നമ്മെ തേടിയെത്തുന്ന വിശിഷ്ടാതിഥിയാണ് റമദാന്‍ എന്ന് പറയാറുണ്ട്. ഏതൊരു അതിഥിയെ സ്വീകരിക്കാനും മുന്നൊരുക്കം നടത്തുന്നവരാണ് നമ്മള്‍. അതിഥിയുടെ സ്ഥാനത്തിനും പദവിക്കുമനുസരിച്ച് സ്വീകരണത്തിന്റെ ഊഷ്മളതയിലും മുന്നൊരുക്കത്തിലും ഏറ്റവ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികം. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന റമദാന്‍ എന്ന അതിഥിയെ സ്വീകരിക്കാന്‍ എത്രത്തോളം നാം ഒരുങ്ങിയിട്ടുണ്ട്? അതല്ല, നമുക്ക് ഭാരമായിട്ടാണോ ആ വിശിഷ്ടാതിഥി കടന്നു വരുന്നത്? റജബിലും ശഅ്ബാനിലുമെല്ലാം റമദാന് വേണ്ടി നാം പ്രാര്‍ഥിച്ചിട്ടുണ്ടെങ്കില്‍, എത്രത്തോളം ആത്മാര്‍ത്ഥമായിരുന്നു ആ പ്രാര്‍ഥനകള്‍? പ്രവാചകാനുചരന്‍മാരുടെ നാവുകള്‍ ഈ പ്രാര്‍ഥന ഉരുവിട്ടപ്പോള്‍ അതിലുള്ള അവരുടെ ആത്മാര്‍ത്ഥത ശഅ്ബാനിലെ സുന്നത്തു നോമ്പുകളും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കര്‍മങ്ങളുമായി പ്രതിഫലിച്ചു. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രാര്‍ഥനയുടെയും റമദാനിനോടുള്ള താല്‍പര്യത്തിന്റെയും ആത്മാര്‍ത്ഥത ഈ വൈകിയ വേളയിലെങ്കിലും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടതിനെ ചൊല്ലി വിലപിക്കാനോ നിരാശപ്പെടാനോ അല്ല, മറിച്ച് നഷ്ടം നികത്തുന്നതിന് വരുംനാളുകളെ ഉപയോഗപ്പെടുത്താന്‍ നഷ്ടപ്പെട്ടന്ന തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടതുണ്ടല്ലോ.

റമദാനെ സ്വീകരിക്കുന്നതിന് ഭൗതികമായ അര്‍ത്ഥത്തില്‍ നമ്മുടെ ചുറ്റുപാടെല്ലാം ഒരുങ്ങുന്നത് നാം കാണുന്നു. മസ്ജിദുകളും മുസ്‌ലിം വീടുകളും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അങ്ങാടികള്‍ വരെ അതിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ വലിയ ഒരുക്കം നടക്കേണ്ടത് വിശ്വാസിയുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് അതിന് വേണ്ടി എന്ത് ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നാണ് ആത്മവിചാരണക്ക് വിധേയമാക്കേണ്ട കാര്യം. ഇന്നലെകളേക്കാള്‍ നല്ലൊരു ഇന്നിനെയും ഇന്നിനേക്കാള്‍ നല്ലൊരു നാളെയെയും അല്ലാഹുവിനോട് തേടുന്നവരാണ് വിശ്വാസികള്‍. സ്വാഭാവികമായും കഴിഞ്ഞ റമദാനിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു റമദാനിനെ തേടുന്നവരും അതിനായി പണിയെടുക്കുന്നവരും ആയിരിക്കണം വിശ്വാസി. കാരണം ഇന്നലെകളെക്കാള്‍ നല്ലൊരു ഇന്നിനെ തേടുന്ന വിശ്വാസി പരോക്ഷമായി അല്ലാഹുവുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. എന്റെ ഇന്നിനെ ഇന്നലെകളേക്കാള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഏര്‍പ്പെടാം എന്നതാണ് ആ കരാര്‍. യാതൊരു വിധ പ്രവര്‍ത്തനവും ചെയ്യാതെ കേവലം പ്രാര്‍ഥനയെ അവലംബിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

തൊട്ടുമുമ്പിലെത്തി നില്‍ക്കുന്ന റമദാനിനെ ഇതുവരെയുള്ള നമ്മുടെ ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാക്കി മാറ്റണമെന്ന് ആഗ്രഹിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ മറ്റേതൊരു മാസത്തെയുമെന്ന പോലെ നമ്മുടെ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാതെ അത് കടന്നു പോകുമെന്നതില്‍ തര്‍ക്കമില്ല. ആഹാരസമയത്തിലെ മാറ്റത്തിനപ്പുറം മറ്റൊരു സ്വാധീനവും നമ്മുടെ ജീവിതത്തില്‍ അതുണ്ടാക്കുകയില്ല. വിശപ്പിനും ദാഹത്തിനും അപ്പുറം മറ്റൊരു നേട്ടവുമില്ലാത്ത നോമ്പുകാരില്‍ അകപ്പെടാതിരിക്കാന്‍ അതാവശ്യമാണ്. വിശുദ്ധ റമദാനില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ അവനേക്കാള്‍ വലിയ നഷ്ടകാരിയില്ലെന്നാണ് പ്രവാചകവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ മായ്ച്ചുകളയാനുള്ള പല മാര്‍ഗങ്ങളും അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യക്ക് ഏറെ നന്മകളുണ്ടെങ്കിലും നമ്മുടെ ആസൂത്രണങ്ങളെയെല്ലാം തെറ്റിക്കാന്‍ ശേഷിയുള്ള ഇരുതല മൂര്‍ച്ചയുള്ള വാളാണതെന്ന് നാം കരുതിയിരിക്കണം. മൊബൈലും വാട്ട്സപ്പും ഫേസ്ബുക്കുമെല്ലാം നമ്മെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം. അവക്ക് കൃത്യമായ പരിധി നിശ്ചയിച്ച് അതിന്നുള്ളില്‍ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും നിര്‍ബന്ധ നമസ്‌കാരങ്ങളെ പോലും അത് കവര്‍ന്നെടുത്തേക്കും. നമ്മെ അടക്കിഭരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇച്ഛകളെ നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള പരിശീലനം കൂടിയാണ് റമദാന്‍ എന്ന് നാം തിരിച്ചറിയണം. എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മെച്ചപ്പെട്ട ഒരു റമദാനെ സ്വീകരിക്കാനും ഏറ്റവും നന്നായി യാത്രയയക്കാനും അല്ലാഹു നമ്മെ തുണക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

ഇസ്‌ലാമിക നാഗരികതയില്‍ കുടുംബ ബന്ധത്തിനുള്ള വില

ഡോ: രഗിബ് അസ്സര്‍ജാനി
കുടുംബം എന്നത് മാതാപിതാക്കളിലും മക്കളിലും പരിമിതപ്പെട്ട് കിടക്കുന്ന ഒന്നല്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണത്. അതില്‍ പിതൃസഹോദരന്‍മാരും സഹോദരിമാരും അമ്മാവന്‍മാരും അമ്മായിമാരും അവരുടെയെല്ലാം മക്കളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കുടുംബത്തെയാണ് ഇസ്‌ലാമിക നാഗരികത വിഭാവനം ചെയ്യുന്നത്. അവര്‍ക്കെല്ലാം അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് നന്മ ചെയ്യുകയും അവരോട് ബന്ധം പുലര്‍ത്തുകയും ചെയ്യണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. വളരെയധികം പ്രതിഫലമുള്ള അതിനെ ശ്രേഷ്ഠഗുണങ്ങളുടെ അടിസ്ഥാനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല കുടുംബ ബന്ധം മുറിക്കുന്നവന് ശക്തമായ ശിക്ഷയെ കുറിച്ച മുന്നറിയിപ്പും നല്‍കുന്നു. കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ സ്രഷ്ടാവായ അല്ലാഹുവുമായി ചേര്‍ക്കുന്ന ബന്ധമായിട്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ആര്‍ അത് ചേര്‍ക്കുന്നുവോ അവന്‍ അല്ലാഹുവമായി ബന്ധം ചേര്‍ത്തിരിക്കുന്നു, ആര്‍ അത് വിഛേദിക്കുന്നുവോ അല്ലാഹുമായുള്ള ബന്ധം അവന്‍ വിഛേദിച്ചിരിക്കുന്നു.

വിശാലമായ അര്‍ത്ഥത്തിലുള്ള ഈ കുടുംബത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിധികളും വ്യവസ്ഥകളും ഇസ്‌ലാം സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പര ആശ്രയം, ചെലവിന് കൊടുക്കാനുള്ള സംവിധാനം, അനന്തരാവകാശ വ്യവസ്ഥ തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ബന്ധുക്കളോട് നന്മയില്‍ വര്‍ത്തിക്കുകയും സാധ്യമാകുന്നത്ര നന്മകള്‍ അവര്‍ക്ക് വേണ്ടി ചെയ്യുകയുമാണ് കുടുംബ ബന്ധം ചേര്‍ക്കല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്രകാരം അവര്‍ക്ക് ദ്രോഹകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും തടയുകയും ചെയ്യലും അതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഇടക്കിടെ അവരെ സന്ദര്‍ശിക്കലും സുഖവിവരങ്ങള്‍ അന്വേഷിക്കലും സമ്മാനങ്ങള്‍ നല്‍കലും, അവരിലെ ദരിദ്രരെ സഹായിക്കലം രോഗികളെ സന്ദര്‍ശിക്കലും, ക്ഷണം സ്വീകരിക്കലും, അവര്‍ക്ക് ആതിഥ്യമരുളലുമെല്ലാം ഇതിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണ്. അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകുന്നത് പോലെ അവരുടെ വേദനകളില്‍ ആശ്വാസമേകാനും നമുക്ക് സാധിക്കണം. ഇത്തരത്തില്‍ സമൂഹത്തിലെ ചെറിയ ഘടനയായ കുടുംബത്തിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിന് കീഴില്‍ വരുന്നവയാണ്.

വ്യാപകമായ നന്മകളുടെ കവാടമാണിത് തുറക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തെ അത് ശക്തിപ്പെടുത്തുകയും മുറുകെ പിടിക്കുകയും ചെയ്യുന്നു. അതിലെ ഓരോ അംഗത്തിനും ആശ്വാസവും ശാന്തതയും അനുഭവിക്കാന്‍ സാധിക്കുന്നു. കാരണം തന്റെ ബന്ധുക്കള്‍ സ്‌നേഹവും ശ്രദ്ധയുമായി തനിക്ക് ചുറ്റും ഉണ്ടെന്നും ആവശ്യ സമയത്ത് അവര്‍ സഹായിക്കുമെന്നുമുള്ള ബോധമാണ് അവന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുക.

ബന്ധുക്കള്‍ക്ക് നന്മ ചെയ്യണമെന്നും അവരോട് നല്ല ബന്ധം കാത്തു സൂക്ഷിക്കണമെന്നുമുള്ള വിശുദ്ധ ഖുര്‍ആന്റെ കല്‍പനയാണ്. ‘അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (അന്നിസാഅ് : 36)

കുടുംബ ബന്ധം ചേര്‍ക്കുന്ന ഒരാളുമായി അല്ലാഹു ബന്ധം ചേര്‍ക്കുന്നു എന്നാണ് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുന്നത്. അതിലൂടെ അവന് ധാരാളം അനുഗ്രഹങ്ങളും നന്മകളും കൈവരികയും ചെയ്യുന്നു. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ കാണാം : ‘അല്ലാഹു പറഞ്ഞു : ഞാന്‍ കാരുണ്യവാനാണ്, ഇത് റഹ്മ് (കുടുംബബന്ധം), എന്റെ നാമത്തില്‍ നിന്നാണ് ഞാനതിന് പേര് നല്‍കിയിരിക്കുന്നത്. ആര് അതിനെ ചേര്‍ത്തുവോ ഞാന്‍ അവനുമായി ബന്ധം ചേര്‍ത്തിരിക്കുന്നു. ആര്‍ അതിനെ മുറിച്ചുവോ ഞാന്‍ അവനുമായി ബന്ധം മുറിച്ചിരിക്കുന്നു.’

കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് ഐഹിക വിഭവങ്ങളില്‍ വിശാലത ലഭിക്കുമെന്നും ആയുസ്സ് നീട്ടികൊടുക്കുമെന്നും പ്രവാചകന്‍(സ) സന്തോഷ വാര്‍ത്ത് അറിയിച്ചിട്ടുണ്ട്. പ്രവാചകന്‍(സ)യില്‍ നിന്ന് കേട്ടതായി അനസ് ബിന്‍ മാലിക്(റ) റിപോര്‍ട്ട് ചെയ്യുന്നു : ‘വിഭവങ്ങളില്‍ വിശാലത ആഗ്രഹിക്കുന്നവരും, ആയുസ്സ് നീട്ടികിട്ടാന്‍ ആഗ്ഹിക്കുന്നവരും കുടുംബബന്ധം ചേര്‍ക്കട്ടെ.’

അതേസമയം തന്നെ കുടുംബബന്ധം വിഛേദിക്കുന്നതിനെ കടുത്ത പാപമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. കാരണം ജനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധമാണ് അവിടെ മുറിക്കപ്പെടുന്നത്. പകരം അവിടെ ശത്രുതയും വിദ്വേഷവും നിറക്കപ്പെടുന്നു. ബന്ധുക്കള്‍ക്കിടയിലെ കെട്ടുറപ്പിനെ അത് തകര്‍ക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപത്തെ കുറിച്ച ശക്തമായ താക്കീതാണ് ഖുര്‍ആന്‍ നല്‍കുന്നത്. ‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.’ (മുഹമ്മദ് : 22-23)

ജുബൈര്‍ ബിന്‍ മുത്ഇം പ്രവാചകന്‍(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു : ‘കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ബന്ധങ്ങള്‍ ഉപേക്ഷിക്കലും ബന്ധുക്കള്‍ക്ക് ഗുണവും നന്മയും ചെയ്യാതിരിക്കലുമാണ് കുടുംബബന്ധം വിഛേദിക്കല്‍. വളരെ ഗുരുതരമായ പാപമാണിതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. പരസ്പരം സഹകരിച്ചും ഇണങ്ങിയും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടിയാണ് ഇത്തരം വ്യവസ്ഥകളെല്ലാം ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. ‘പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് പ്രയാസമുണ്ടായാല്‍ മുഴുവന്‍ ശരീരവും ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു.’ എന്ന പ്രവാചക വചനം യാഥാര്‍ത്ഥ്യമാക്കേണ്ടതും അതിലൂടെയാണ്.

പ്രബോധകന് വേണ്ടത് യുക്തിബോധവും സൗമ്യതയും

സത്യപ്രബോധനത്തിന്റെ ശരിയായ രീതിശാസ്ത്രത്തെക്കുറിച്ചുള്ള സുഭഗവും കൃത്യവുമായ ഗ്രാഹ്യം പ്രസ്തുത രീതിശാസ്ത്രം പിന്തുടരാനും അതിന്റെ യഥാര്‍ഥഉറവിടങ്ങളില്‍നിന്ന് ഊര്‍ജം നേടിയെടുക്കാനും പ്രബോധകന് സൗകര്യമൊരുക്കിക്കൊടുക്കും. പ്രബോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ലാഹു അന്ത്യപ്രവാചകനുമായി സംവദിക്കുന്ന എണ്ണമറ്റ ഖുര്‍ആന്‍ ആയത്തുകള്‍ പ്രബോധകന്‍ പ്രയോജനപ്പെടുത്തും. പ്രബോധകസരണിയില്‍ ചങ്കുറപ്പോടെ നിന്ന് മുന്നോട്ടുപോകാന്‍ അത് സഹായകമാകും. സത്യപ്രബോധനത്തിനും പ്രവാചകമാര്‍ഗം അനുധാവനം ചെയ്യാന്‍ പ്രബോധകരോട് വിശുദ്ധഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

‘പ്രവാചകകഥനങ്ങളില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠങ്ങളുണ്ട്. ഖുര്‍ആന്‍ കെട്ടിയുണ്ടാക്കപ്പെടുന്ന വചനമല്ല. മുന്‍പ് വന്ന വേദങ്ങളെ സത്യപ്പെടുത്തുകയും വിശദീകരിക്കേണ്ടതിനെ വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണത്. സന്‍മാര്‍ഗവും വിശ്വാസികള്‍ക്ക് കാരുണ്യവുമാണത് ‘(യൂസുഫ് : 111)
‘അല്ലാഹു വഴികാണിച്ചുകൊടുത്തവരാണ് പ്രവാചകന്‍മാര്‍. അവരുടെ വഴികള്‍ നിങ്ങളും പിന്‍പറ്റുക'(അല്‍അന്‍ആം 90).
എവിടെയും ഏതുകാലത്തും ഏതു പരിതസ്ഥിതിയിലുമുള്ള പ്രബോധകന്‍മാര്‍ക്കും ഉത്തമമായ മാതൃക പ്രവാചകചരിത്രത്തിലുണ്ട് . പ്രബോധനത്തിന്റെ വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെയാണ് നേരിടേണ്ടത് എന്നതിലേക്കുള്ള മാര്‍ഗദര്‍ശനവും പ്രവാചകചരിത്രത്തിലുണ്ട്. മക്കാകാലഘട്ടത്തിലും മദീനാകാലഘട്ടത്തിലും പ്രവാചകതിരുമേനിക്ക് വ്യത്യസ്തമായ നിരവധി സ്ഥിതിവിശേഷങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അവയൊക്കെ സമര്‍ഥമായി ദൈവദൂതന്‍ നേരിടുകയും വിദഗ്ധമായി അവയെ അതിജീവിക്കുകയും ചെയ്തു. ഒരു പ്രബോധകന്‍ തന്റെ ദൗത്യത്തിനിടയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഏതൊരു പ്രശ്‌നത്തെയും നാം എടുത്തുനോക്കുക, സമാനമായൊരു പ്രശ്‌നം പ്രവാചകന്റെ ചരിത്രത്തിലും നമുക്ക് കാണാന്‍ കഴിയും. പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥപ്രതിവിധി കണ്ടെത്താന്‍ അതുവഴി സാധിക്കുകയുംചെയ്യും.
വ്യത്യസ്ത ജീവിതസന്ദര്‍ഭങ്ങളിലൂടെ പ്രവാചകതിരുമേനിയെ കടത്തിവിട്ടത് തീര്‍ച്ചയായും അല്ലാഹുവിന്റെ അപാരമായ കാരുണ്യവും യുക്തിയുമാണ്. പ്രബോധനത്തിന്റെ ഭിന്നസാഹചര്യങ്ങളില്‍ എന്ത് നിലപാടെടുക്കണം എങ്ങനെ പ്രതികരിക്കണം എന്നറിയുന്നത് പ്രവാചകന്റെ ചരിത്രം പഠിക്കുമ്പോഴാണ്.
പ്രബോധനദൗത്യങ്ങള്‍ക്കിടയില്‍ ദൈവകല്‍പിതമെന്നോണം പ്രാവര്‍ത്തികമാക്കപ്പെട്ട പ്രായോഗികനടപടിക്രമങ്ങളാണ് അവയെല്ലാമെന്ന് യഥാര്‍ഥത്തില്‍ പ്രവാചകചരിത്രവും അധ്യാപനങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും. അതിനാല്‍ പ്രബോധനവഴിയിലെ പ്രവാചകന്റെ ചരിത്രം ഒരിക്കലും സത്യപ്രബോധകന്‍ അവഗണിക്കാന്‍ പാടില്ല. സത്യപ്രബോധനം എന്നതിന്റെ യഥാര്‍ഥവിവക്ഷ മറ്റാരേക്കാളും ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്നത് പ്രവാചകന്റെ അനുയായികളും അവരെ യഥോചിതം അനുഗമിച്ച പിന്‍തലമുറയുമാണ്. ഏതൊരു പ്രബോധകനും പ്രയോജനപ്പെടുത്താനാവും വിധം പ്രബോധനവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പാഠങ്ങള്‍ ഇപ്പറഞ്ഞവരുടെ ജീവിതചര്യയില്‍ കാണാന്‍ കഴിയും.
പ്രബോധനത്തില്‍ പിന്തുടരേണ്ട നേര്‍വഴി ആവശ്യപ്പെടുന്ന ചില സംഗതികളുണ്ട്. അതിലൊന്നാണ് മുഹമ്മദീയരീതി ശാസ്ത്രത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ. പ്രസ്തുത രീതിശാസ്ത്രം സദാ മനസ്സിലും ചിന്തയിലും കാത്തുസൂക്ഷിച്ചുകൊണ്ട് തന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും കഴിയുന്നത്ര ലാളിത്യവും സൗമ്യതയും പ്രകടമാക്കേണ്ടതുണ്ട്. പ്രബോധനവഴിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍ പ്രയോഗിക്കാന്‍ സത്യപ്രബോധകന് കഴിയേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ കൂടിക്കുഴയുകയും പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം സങ്കീര്‍ണമാവുകയും ചെയ്യുമ്പോള്‍ നല്ലനിലക്ക് അവയെ സമീപിക്കാനും കൃത്യമായ നിലപാടെടുക്കാനും വേണ്ട പ്രാഗത്ഭ്യവും സാമര്‍ത്ഥ്യവും പ്രബോധകന്‍ നേടേണ്ടതുമുണ്ട്.
എന്നും എവിടെയും പലതരത്തിലുള്ള ആളുകളെ പ്രബോധകന് നേരിടേണ്ടിവരും. സത്യം തിരിയാതെ പോയവന്‍, സത്യത്തിനുനേരെ അഹന്തയോടെ പെരുമാറുന്നവര്‍, സത്യത്തോട് വിമുഖത കാട്ടുന്നവര്‍. സത്യത്തോടും അശ്രദ്ധ പുലര്‍ത്തുന്നവര്‍. വീണ്ടുവിചാരമില്ലാതെ ഭൗതികതയിലേക്കും ഭൗതികാസക്തിയിലേക്കും ചേക്കേറിയവര്‍, മതനിഷേധികള്‍ , ദൈവത്തെ തള്ളിപ്പറയുന്നവരും ദൈവത്തില്‍ ബഹുത്വം ആരോപിക്കുന്നവരും. ദൈവവിശ്വാസികള്‍ എന്ന് പറയുമ്പോള്‍ തന്നെ ദൈവത്തിന്റെ ഏകത്വത്തെ നിരാകരിക്കുകയും അവന് മാത്രമായി ആരാധനകള്‍ വകവെച്ചുകൊടുക്കുകയും ചെയ്യാത്തവര്‍.

ഇനി വേറൊരു കൂട്ടരുണ്ടാവും. വിശ്വാസികളെന്ന് നടിക്കുന്ന മുസ്‌ലിങ്ങള്‍. പക്ഷെ, അവരുടെ മതകീയത ജീവിതത്തിലേക്ക് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നൂതനാനുഷ്ഠാനങ്ങളും നുഴഞ്ഞുകയറിയതിന്റെ ഫലമായി ഇസ്‌ലാമിന്റെ സത്യസരണിയില്‍നിന്ന് അവര്‍ വ്യതിചലിച്ചിട്ടുണ്ടാകും . ഇസ്‌ലാമികാധ്യാപനങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ടാകും. ഇപ്പറഞ്ഞതുപോലുള്ള വിവിധതരം ആളുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സത്യപ്രബോധനത്തിന് അനുയോജ്യമായ ശൈലിയും പ്രവര്‍ത്തനപദ്ധതിയും ആവിഷ്‌കരിക്കാന്‍ വേണ്ട കഴിവും പ്രാപ്തിയും ആര്‍ജിക്കേണ്ടതുണ്ട്. അവിടെയെല്ലാം പ്രബോധകരുടെ നേതാവ് മുഹമ്മദ് നബി തിരുമേനിയുടെ അനുപമമായ മാതൃകയാണ് പിന്തുടരേണ്ടത്. പ്രവാചകസരണിയില്‍നിന്നാണ് സന്‍മാര്‍ഗതാരങ്ങളും പ്രബോധകരിലെ ഹീറോകളും ഉയര്‍ന്നുവന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി:’എന്റെ അനുചരന്‍മാര്‍ നക്ഷത്രങ്ങള്‍ പോലെയാണ് അവരില്‍ ആരെ നിങ്ങള്‍ പിന്‍പറ്റിയാലും നിങ്ങള്‍ സന്‍മാര്‍ഗത്തിലായിരിക്കും.’
സത്യപ്രബോധനത്തിന്റെ ഒരു സങ്കീര്‍ണഘട്ടത്തിലും ഭീഷണിയുടെയോ അടിച്ചേല്‍പിക്കലിന്റെയോ ശൈലി നബിതിരുമേനി സ്വീകരിച്ചിട്ടില്ല. പൊതുസമൂഹത്തെ പ്രകോപിപ്പിക്കുകയോ പ്രക്ഷുബ്ധരാക്കുകയോ ചെയ്യുന്ന പാരുഷ്യത്തിന്റെ രീതിയും പ്രവാചകന്‍ പിന്തുടര്‍ന്നില്ല. ശാന്തമായും സൗമ്യമായും ബഹുമാനാദരവോടും കൂടി മാത്രമേ പ്രബോധിതരെ തിരുമേനി അഭിമുഖീകരിച്ചിട്ടുള്ളൂ. ഒരുപക്ഷെ, ഇന്നത്തേതിനെക്കാളും രൂക്ഷവും ശക്തവുമായ അന്തരാളവിഭാഗീയതയും അടിച്ചമര്‍ത്തലും അതിക്രമവും ഉപദ്രവവും പ്രതിയോഗികളുടെ ഭാഗത്തുനിന്ന് പ്രവാചകന് വിവിധസന്ദര്‍ഭങ്ങളില്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.

സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പ്രതിയോഗികളുടെ എതിര്‍പ്പിന്റെ ശക്തി കൂടിയിരിക്കുന്നു. അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മൂര്‍ച്ച വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് പ്രബോധനത്തിനും സമാനമായ രീതി അവലംബിക്കേണ്ടിവരും എന്ന് പറയുന്നതിലര്‍ഥമില്ല. പ്രബോധനത്തിന്റെ തുടക്കം മുതലേ കൃത്യമായ ദൈവികമാര്‍ഗദര്‍ശനം നബിതിരുമേനിക്ക് ലഭിച്ചിരുന്നു. പ്രബോധിതരുടെ നേരെ തീവ്രതയുടെയും തീക്ഷ്ണതയുടെയും ശൈലി സ്വീകരിക്കുന്നതിലെ അപകടവും തന്റെ ക്രാന്തിദര്‍ശിത്വം കൊണ്ട് പ്രവാചകന്‍ തിരിച്ചറിഞ്ഞിരുന്നു. സൗമ്യതയും നയചാതുരിയുമുള്ള യുക്തിഭദ്രമായ അധ്യാപനശൈലിയാണ് നബി തിരുമേനി അവലംബിച്ചിരുന്നത്. അല്ലാഹു പ്രവാചകനെ ഉണര്‍ത്തി:’നീ നിന്റെ രക്ഷിതാവിന്റെ സരണിയിലേക്ക് യുക്തിയോടും സദുപദേശത്തോടും കൂടി ജനങ്ങളെ ക്ഷണിക്കുക. അവരോട് ഏറ്റവും നല്ല നിലയില്‍ സംവദിക്കുകയുംചെയ്യുക’. (അന്നഹ്ല്‍ 125)
നബിതിരുമേനി പ്രബോധനദൗത്യം ആരംഭിച്ചത് തന്നെ തന്റെ അടുത്ത കുടുംബങ്ങളില്‍പെട്ട ശുദ്ധമാനസരായ ആളുകളോടായിരുന്നു. പരസ്യവിളംബരമോ പ്രഖ്യാപനമോ ഒന്നുമില്ലാതെയാണ് ദൈവദൂതന്‍ പ്രബോധനം തുടങ്ങിയത്. വളരെ കുറച്ചുപേരേ ആദ്യനാളുകളില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുള്ളൂ. എങ്കില്‍ പോലും അവരെല്ലാവരും ഉദാത്തമായ വിശ്വാസവും ഉയര്‍ന്ന ചിന്താശേഷിയും ഉള്ളവരായിരുന്നു. ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അവരോട് സംവദിക്കാനും പുതിയദര്‍ശനത്തിന്റെ അടിസ്ഥാനങ്ങള്‍ ബോധ്യപ്പെടുത്തി അവരെ ഉറച്ചവിശ്വാസികളാക്കാനും നബിക്ക് കഴിഞ്ഞു. എന്തായിരുന്നു ഇവിടെയെല്ലാം പ്രവാചകന്‍ അവലംബിച്ച രീതിശാസ്ത്രം? പ്രവാചകരീതിശാസ്ത്രത്തില്‍ നിന്ന് എന്തെല്ലാം ഗുണപാഠങ്ങളാണ് ഇന്നത്തെ സത്യപ്രബോധകന്‍മാര്‍ പിന്തുടരേണ്ടത്?rise-farming-zakath-660x330

ചര്‍ച്ചുകളില്‍ നിന്ന് ബാങ്കൊലി മുഴങ്ങുമ്പോള്‍

ഫഹ്മി ഹുവൈദി
pal3-c
അഞ്ച് നൂറ്റാണ്ട് മുമ്പ് മുസ്‌ലിം സ്‌പെയിന്‍ തകര്‍ന്നതിന് ശേഷം അവിടത്തെ മുസ്‌ലിംകള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മകളാണ് ഖുദ്‌സിലും ഫലസ്തീന്‍ പ്രദേശങ്ങളിലും ബാങ്ക് വിളിക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഇസ്രയേല്‍ ശ്രമം നമ്മിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. അന്ന് മുസ്‌ലിംകള്‍ നിന്ദിക്കപ്പെടുകയും മസ്ജിദുകള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. തങ്ങളുടെ പേരുകളും വസ്ത്രധാരണ രീതികളും വരെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. ചേലാകര്‍മത്തിന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. തങ്ങളുടെ മക്കളെ മാമോദീസ മുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഒന്നുകില്‍ ക്രിസ്തുമതം സ്വീകരിക്കാം, അല്ലെങ്കില്‍ കൊല്ലപ്പെടാം അതുമല്ലെങ്കില്‍ നാടുപേക്ഷിച്ച് പോവാം എന്നീ മൂന്ന് ഓപ്ഷനുകളായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്.

അതേ ഓപ്ഷനുകള്‍ തന്നെയാണ് ഇന്ന് ഫലസ്തീനികള്‍ക്ക് മുന്നിലും വെക്കപ്പെട്ടിരിക്കുന്നത്. അവ മറ്റു പല പേരുകളിലുമാണെന്ന് മാത്രം. ക്രൈസ്തവല്‍കരണത്തിന്റെ സ്ഥാനത്ത് ജൂതവല്‍കരണമാണ് നടക്കുന്നത് എന്ന വ്യത്യാസമാണുള്ളത്. ഖുദ്‌സില്‍ താമസാനുമതി റദ്ദാക്കിയും നെഗവില്‍ വീടുകള്‍ തകര്‍ത്തും ഫലസ്തീനികളെ അവര്‍ ഒഴിപ്പിക്കുന്നു. കൊലയുടെ കാര്യമാണെങ്കില്‍, ചെക്‌പോസ്റ്റുകളില്‍ ഫലസ്തീനികളുടെ രക്തം യഥേഷ്ടം ചിന്തപ്പെടുന്നുണ്ട്. ജൂത പുരോഹിതന്‍മാര്‍ അതിന് വേണ്ട പ്രോത്സാഹനവും പ്രചോദനവും നല്‍കുകയും ചെയ്യുന്നു. ദ്വിരാഷ്ട്ര രൂപീകരണത്തിനുള്ള ആഹ്വാനം വീണ്ടും ഉയര്‍ത്തപ്പെട്ടപ്പോള്‍ ഫലസ്തീനികളെയെല്ലാം പിഴുതെറിഞ്ഞ് ജൂതന്‍മാരുടേത് മാത്രമായ, മറ്റാര്‍ക്കും ഇടമില്ലാത്ത രാജ്യം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ ഇസ്രയേല്‍ മന്ത്രിസഭയിലെ നിയമനിര്‍മാണ സമിതി ബാങ്ക് നിരോധനത്തിന് വിലക്ക് കൊണ്ടുവന്നത് പൊതുവായിട്ടായിരുന്നുവെന്ന് നമുക്കറിയാം. ഖുദ്‌സിനെയും മറ്റ് ഫലസ്തീന്‍ നഗരങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. പ്രത്യേകിച്ചും എക്ക, ഹൈഫ, ലുദ്ദ്, റംലെ, യാഫ തുടങ്ങിയ തീരദേശ നഗരങ്ങളെയാണത് ഉന്നം വെച്ചിരുന്നത്. വിലക്കിന്റെ കാലാവധിയുടെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇസ്രയേല്‍ പാര്‍ലമെന്റ് അത് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

വിഷയത്തെ നാല് കോണുകളില്‍ നിന്നും നാം വിലയിരുത്തേണ്ടതുണ്ട്. ഇസ്രയേലിലെ തീവ്രവലതുപക്ഷ കക്ഷികള്‍ അതിന് കാണിച്ചിരിക്കുന്ന ധൈര്യമാണ് ഒന്നാമത്തേത്. യാതൊരു സന്ദേഹവുമില്ലാതെയാണ് അവര്‍ ഫലസ്തീനികളെ പല രൂപത്തിലും രീതിയിലും അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്നത്. യാതൊരുവിധ നിയന്ത്രണ രേഖയും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് അവരുടെ ഇടപെടലുകള്‍. ഈ ധൈര്യവും അതിക്രമവും തുടരാന്‍ ഇസ്രയേലിന് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊള്ളുന്ന അറബ് ലോകത്തെ വഞ്ചകരുടെ പങ്കാണ് രണ്ടാമതായി വിലയിരുത്തപ്പെടേണ്ടത്.തങ്ങളുടെ കളികള്‍ തുറന്ന മൈതാനത്താണ് നടക്കുന്നതെന്ന് അത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് നല്ല ധാരണയുണ്ട്. അതിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തു നിന്നുയരുന്ന രോഷത്തെ നിശബ്ദമാക്കുകയോ അടിച്ചമര്‍ത്തുകയോ ആണവര്‍ ചെയ്യുന്നത്. അതിര്‍ത്തിക്കപ്പുറം എന്തു സംഭവിക്കുന്നു എന്നത് അവര്‍ക്ക് വിഷയമേ ആവുന്നില്ല.

അതേസമയം ഫലസ്തീനികളുടെ വീക്ഷണകോണിലൂടെ നാമതിനെ നോക്കിക്കാണുമ്പോള്‍ രംഗം ഏറെ ഇരുണ്ടതാണ്. അതില്‍ ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം ബന്ധിയാക്കിയിരിക്കുന്ന റാമല്ല ഭരണകൂടത്തെ കാണാം. പ്രതിരോധത്തെ കുറിച്ച ചോദ്യം പോലും ഉയര്‍ത്താത്തത്ര വിധേയത്വമാണത് കാണിക്കുന്നത്. എന്നാല്‍ അതേ സമയം ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒന്നിച്ച് ബാങ്കുവിളിച്ച് പ്രതിഷേധമറിയിച്ച ചര്‍ച്ചുകളുടെ നിലപാട് നമുക്ക് പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു പുതിയ ഇന്‍തിഫാദക്കുള്ള യുവാക്കളുടെ മുന്നൊരുക്കത്തെ കുറിച്ച സൂചനകളും അതില്‍ കാണാം.

ഇസ്രയേലിനോട് മറ്റാരെക്കാളും ചായ്‌വുള്ള പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പും ഇസ്രയേല്‍ തോന്നിവാസങ്ങളിലുണ്ടായ വര്‍ധനവും നമുക്ക് അവഗണിക്കാനാവുന്നതല്ല. അതാണ് വിഷയത്തിന്റെ നാലാമത്തെ വശം. ഇസ്രയേല്‍ തീരുമാനവും അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടായേക്കാം. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാറ്റമാണ് വാഷിംഗ്ടണിലുണ്ടായിരിക്കുന്നതെന്ന് നമുക്ക് അവഗണിക്കാനാവില്ല.

അറബ് ലീഗ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് പരാമര്‍ശം അര്‍ഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഇസ്രയേല്‍ നടപടിയെ അപലപിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയില്‍ മതിയാക്കിയിരിക്കുകയാണ്. അപകടകരമായ പ്രകോപനവും അംഗീകരിക്കാനാവത്ത കടന്നുകയറ്റവും എന്നാണത് നടപടിയെ പ്രസ്താവന വിശേഷിപ്പിച്ചിരിക്കുന്നത്. അപലപിക്കലിനപ്പുറം അംഗരാഷ്ട്രങ്ങളുടെ യോഗം വിളിക്കാനോ ചര്‍ച്ച ചെയ്യാനോ അവര്‍ മുതിര്‍ന്നിട്ടില്ല. ഒ.ഐ.സി നിലപാടും അതില്‍ നിന്ന് വ്യത്യസ്തമല്ല. അപലപിക്കാനുപയോഗിക്കുന്ന വാക്കുകളുടെ കാര്യത്തില്‍ അറബ് ലീഗിനോട് മത്സരിക്കുക മാത്രമാണര്‍ ചെയ്തിട്ടുള്ളത്. അറബ് ഇസ്‌ലാമിക വേദികളുടെ അവസ്ഥ ഇതാണെങ്കില്‍, ഇസ്രയേലിന് അവരുടെ തോന്നിവാസങ്ങള്‍ തുടരാനുള്ള പച്ചക്കൊടി കാണിക്കലാണതെന്നാണ് എനിക്ക് പറയാനുള്ളത്.

മൊഴിമാറ്റം: നസീഫ്

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്

എന്നേക്കാള്‍ സുന്ദരിയായ ഏതെങ്കിലും സ്ത്രീയുണ്ടോ?’ എന്ന് തമാശയായി അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു. അല്‍പസമയത്തെ മൗനത്തിന് ശേഷം അയാള്‍ പറഞ്ഞു: ‘എനിക്കറിയില്ല’.
അവള്‍: എന്നാല്‍ എന്നേക്കാള്‍ ശ്രേഷ്ഠയായ ഏതെങ്കിലും സ്ത്രീ?
ഭര്‍ത്താവ്: എനിക്കറിയില്ല.
അവള്‍: അല്ലെങ്കില്‍ എന്നേക്കാള്‍ ലാളിത്യമുള്ള ഏതെങ്കിലും സ്ത്രീ?
ഭര്‍ത്താവ്: എനിക്കറിയില്ല.
അവള്‍: എന്തുകൊണ്ട് നിങ്ങള്‍ക്കറിയില്ല?
ഭര്‍ത്താവ് പറഞ്ഞു: അതെ, എനിക്കറിയില്ല. നീ എന്നോടൊപ്പമുണ്ടാകുമ്പോള്‍ എങ്ങനെയാണ് മറ്റു സ്ത്രീകളിലേക്ക് ഞാന്‍ നോക്കുക? എന്റെ കണ്ണുകള്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സുന്ദരിയായ സ്ത്രീ നീയായിരിക്കെ നിന്നേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകളുണ്ടോ എന്ന് എങ്ങനെ എനിക്കറിയും? ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും ശ്രേഷ്ഠയായവള്‍ നീയായിരിക്കെ നിന്നേക്കാള്‍ ശ്രേഷ്ഠയായിട്ടുള്ളവരെ എനിക്കെങ്ങനെ അറിയാനാവും? എന്റെ മുഴുവന്‍ വികാരങ്ങളും നീ കവര്‍ന്നെടുത്തിരിക്കെ നിന്നേക്കാള്‍ നൈര്‍മല്യം മറ്റൊരാളില്‍ എനിക്കെങ്ങനെ കാണാനാവും? പ്രിയപ്പെട്ടവളേ… നിന്റെ സ്‌നേഹം എന്നെ അന്ധനാക്കിയിരിക്കുകയാണ്. അപ്പോള്‍ നീയല്ലാത്തവരെ കാണാന്‍ എനിക്കെങ്ങനെ സാധിക്കും?

ഭാര്യയോട് അവളുടെ ഗുണവിശേഷണങ്ങളെ കുറിച്ച് വളരെയേറെ സംസാരിച്ചു കൊണ്ടിരുന്ന ഒരാളുടെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. തന്നെ അങ്ങേയറ്റം വിശേഷിപ്പിക്കുന്നത് കേട്ട അവള്‍ ചോദിച്ചു: നിങ്ങളെന്നെ അമിതമായി പ്രശംസിക്കുകയാണല്ലോ, അതേസമയം എന്റെ അയല്‍ക്കാര്‍ എന്നെ ഒരു സാധാരണ സ്ത്രീയായിട്ടാണല്ലോ കാണുന്നത്!
അയാള്‍ പറഞ്ഞു: കാരണം, നിന്നെ സ്‌നേഹിക്കുന്ന എന്റെ കണ്ണുകള്‍ കൊണ്ടല്ല അവര്‍ കാണുന്നത്.

ഇടക്കിടെ ഇണക്ക് അപ്രതീക്ഷിതമായി സന്തോഷങ്ങള്‍ സമ്മാനിക്കുന്ന പുരുഷനായി നീ മാറണം. നീ അവളെ സ്‌നേഹിക്കുന്നുവെന്ന് അറിയിക്കുന്ന അപ്രതീക്ഷിത കാര്യങ്ങള്‍ അവള്‍ക്കായി നീ ഒരുക്കണം. അവളിഷ്ടപ്പെടുന്ന ഒരു ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള നിര്‍ദേശം വെക്കാം. അല്ലെങ്കില്‍ അവളിഷ്ടപ്പെടുന്ന സ്ഥലത്തേക്ക് ഒരു യാത്രയാവാം.

mother-daughter-jpg-image-470-246. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പ്രസന്നവദനനായി അവളോട് സലാം ചൊല്ലാന്‍ നിനക്ക് കഴിയണം. പിന്നെ അവളോടുള്ള നിന്റെ സ്‌നേഹം കുറിക്കുന്ന വാക്കുകളുമുണ്ടാവണം. എപ്പോഴും പുഞ്ചിരിയോടെയായിരിക്കണം ഇണയെ അഭിമുഖീകരിക്കേണ്ടത്.

ഇണകളോടുള്ള പെരുമാറ്റത്തില്‍ പ്രവാചകന്‍(സ)യെയാണ് നീ മാതൃകയാക്കേണ്ടത്. പ്രസന്ന വദനനായിരുന്നു അദ്ദേഹം. കണ്ണുകളില്‍ നോക്കി അവളെന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനും അത് പൂര്‍ത്തീകരിച്ചു കൊടുക്കാനും നീ ശ്രമിക്കണം. ഒരു പെരുന്നാള്‍ സുദിനത്തില്‍ പ്രവാചക സന്നിധിയില്‍ അബ്‌സീനിയയില്‍ നിന്നുള്ള സംഘത്തിന്റെ കുന്തങ്ങളും പരിചയുമപയോഗിച്ചുള്ള വിനോദം നടക്കുകയാണ്. അപ്പോള്‍ നബി(സ) പ്രിയ പത്‌നി ആഇശ(റ)നോട് ചോദിക്കുന്നു: ‘നീയിത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ അവരെ പ്രവാചകന്‍(സ) തന്റെ പിന്നില്‍ നിര്‍ത്തി മതിവരുവോളം അത് ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കി. അവര്‍ക്കത് കണ്ടു മടുത്തപ്പോള്‍ നബി(സ) ചോദിച്ചു: ‘മതിയായോ?’ അവര്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ നീ പൊയ്‌ക്കൊള്ളൂ’ എന്ന് അദ്ദേഹം അനുമതി നല്‍കിക്കൊണ്ട് പറഞ്ഞു.

വിടപറഞ്ഞത് ഹദീസുകളുടെ സേവകന്‍:

അമ്മാന്‍: ലോക പ്രശസ്ത ഹദീസ് പണ്ഡിതന്‍ ശുഐബ് അര്‍നഊത്വ് കഴിഞ്ഞ വ്യാഴാഴ്ച്ച ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അന്തരിച്ചു. പ്രവാചക വചനങ്ങളുടെ പഠനത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രമുഖ സൗദി പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അല്‍അരീഫി അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘ഖാദിമുസ്സുന്ന’ (ഹദീസുകളുടെ സേവകന്‍) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

1928ല്‍ സിറിയയിലെ ദമസ്‌കസില്‍ ജനിച്ച അദ്ദേഹം മാതാപിതാക്കളില്‍ നിന്ന് തന്നെ ഇസ്‌ലാമിന്റെ പ്രാഥമികപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ഖുര്‍ആനില്‍ നിന്നും വലിയൊരു ഭാഗം മനപാഠമാക്കുകയും ചെയ്തു. 1926ല്‍ ദമസ്‌കസിലേക്ക് കുടിയേറിയ അല്‍ബേനിയന്‍ വംശജരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. പ്രമുഖ പണ്ഡിതന്‍മാരില്‍ നിന്നും അറബി ഭാഷ സ്വായത്തമാക്കിയ അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടി. പിന്നീട് ഹദീസ് പഠനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ സൂക്ഷ്മപരിശോധന നിര്‍വഹിച്ചിട്ടുണ്ട്.
arnaout3c
ശൈഖ് അല്ലാമാ ശുഐബ് അര്‍നഊത്വ് ആധുനിക മുസ്‌ലിം പണ്ഡിതരില്‍ പ്രഗല്‍ഭനും അമ്പത് വര്‍ഷത്തോളമായി പ്രവാചക സുന്നത്തില്‍ പഠനഗവേഷണ സേവനങ്ങള്‍ നിര്‍വ്വഹിക്കുന്ന ചിന്തകനുമാണ്. മുസ്‌നദ് ഇമാം അഹ്മദ്, സുനന്‍ അര്‍ബഅഃ, സിയറു അഅ്‌ലാമുന്നുബലാഅ് തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തിയിട്ടുണ്ട്. പാരമ്പര്യ കൃതികള്‍ വിശകലനം നടത്താനും അവയെ പുതു രൂപത്തില്‍ സമര്‍പ്പിക്കാനുമായി ഒരു പ്രത്യേക പാഠശാല തന്നെ അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജറിന്റെ ഫതഹുല്‍ ബാരിയാണ് അദ്ദേഹം അടുത്തതായി വിശകലന വിധേയമാക്കുന്നത്.

ചോദ്യം: താങ്കള്‍ പ്രവാചക സുന്നത്തുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ടല്ലോ. എന്തായിരുന്നു താങ്കളുടെ പ്രചോദനം?
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ഒരു ഗ്രന്ഥം എഡിറ്റ് ചെയ്യുന്നത്. അഹ്മദ് ബിന്‍ സഈദ് അല്‍ മര്‍വസിയുടെ മുസ്‌നദ് അബീ ബക്ര്‍ ആയിരുന്നു അത്. പിന്നീട് ധാരാളമായി ഈ ഉദ്യമം തുടര്‍ന്നു വന്നു. അന്ന് മുതലെ സ്വഹീഹും ഹസനുമായ ഹദീസുകളെ ക്കുറിച്ച് വിവരിക്കുന്ന ഒരു ഹദീസ് സൂചിക തയ്യാറാക്കാന്‍ ഞാന്‍ ചിന്തിച്ച് കൊണ്ടേയിരിക്കുകയാണ്. പക്ഷേ, അതിനാവശ്യമായ (15 മില്യണ്‍ ഡോളര്‍) ഭീമമായ ചിലവ് വഹിക്കാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണ് നമ്മുടെ കഴിവനുസരിച്ച് മുഅസ്സസത്തു രിസാല രൂപീകരിച്ചത്. ഈ അമ്പത് വര്‍ഷത്തിനിടില്‍ ആഗ്രഹിച്ചതും ഉദ്ദേശിച്ചതുമായ ഏകദേശം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. 180ലധികം വാള്യങ്ങള്‍ ഇപ്പോള്‍ സാക്ഷാത്കരിച്ചു. കുറച്ച് ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരണത്തോടടുത്തു. മുസ്‌നദ് ഇമാം അഹ്മദ് 52 ഭാഗം, സ്വഹീഹ് ഇബ്‌നി ഹിബ്ബാന്‍ 18 ഭാഗം ഇമാം ബഗവിയുടെ ശറഹുസ്സുന്നഃ 16 ഭാഗം, സാദുല്‍ മആദ് 5 ഭാഗം ഇവയെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണ്. അവയുടെ കയ്യെഴുത്തു പ്രതികള്‍ പരിശോധിച്ചാണ് ഞാന്‍ ഈ ഉദ്യമം നിര്‍വഹിച്ചത്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താല്‍ മറ്റുള്ള പൂര്‍വ്വ പണ്ഡിതര്‍ക്ക് ലഭിക്കാത്ത കോപ്പികള്‍ എനിക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ സുനനു അബീ ദാവൂദ്, സുനന്‍ തിര്‍മിദി, സുനന്‍ ഇബ്‌നു മാജഃ തുടങ്ങിയവയും ഞാന്‍ പരിശോധിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസിദ്ധീകരിക്കപ്പെടാത്ത സുനന്‍ നസാഈ അല്‍ കുബ്‌റായും ഞാന്‍ സൂക്ഷ്മ പരിശോധന നടത്തി. ഇവയെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമായത് കൊണ്ട് സാധ്യമായതാണ്. അവനത് സല്‍ക്കര്‍മ്മമായി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

? പ്രഗല്‍ഭരായ പണ്ഡിതരുള്‍പെടുന്ന ഒരു സംഘത്തിനാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്നത്. ഈ ബൃഹത്തായ പദ്ധതി സുഖകരമായി പൂര്‍ത്തീകരിക്കാന്‍ താങ്കളെ സഹായിച്ചത് അവരുടെ സാന്നിദ്ധ്യവും സഹകരണവുമാണല്ലോ. ഈയൊരു സംഘത്തെ സംബന്ധിച്ച താങ്കളുടെ അഭിപ്രായമെന്താണ്?
ഞാന്‍ വ്യക്തിപരമായാണ് പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍ ഈ പദ്ദതിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരെ കൂടി പങ്ക് ചേര്‍്ക്കുകയാണ് നല്ലതെന്ന് ബോധ്യപ്പെട്ടു. എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ പണ്ഡിതരൊന്നുമല്ല. അവര്‍ സര്‍വ്വകലാ ശാലാ പഠനം പൂര്‍ത്തിയാക്കിയവരാണ്. ഞാനവര്‍ക്ക് പരിശീലനവും അധ്യാപനവും നല്‍കി. എന്റെ കൂടെ വര്‍ഷങ്ങളോളം സേവനമനുഷ്ഠിക്കുകയും അത് മുഖേന നല്ല പ്രാഗല്‍ഭ്യം നേടുകയും ചെയതവര്‍ അവര്‍ക്കിടയിലുണ്ട്. ഇവരുടെ അസാന്നിദ്ധ്യത്തില്‍ നേരത്തെ സൂചിപ്പിച്ച മഹത്തായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. മറിച്ച് ദീനും വിജ്ഞാനവുമുള്ള സല്‍സ്വഭാവികളെക്കൊണ്ട് അല്ലാഹു എന്നെ സഹായിച്ചു. എന്നാല്‍ ഹദീസ് വിജ്ഞാന ശാസ്ത്രം അതിന്റെ പരിശോധന തുടങ്ങിയവയെല്ലാം പണ്ട് മുതലേ ഞാന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. ഞാന്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അവര്‍ നിര്‍വ്വഹിക്കുന്നു. ഈ കാലയളവിലെ പരിശീലനം കൊണ്ട് അവരില്‍ ചിലര്‍ ഹദീസ് ശാസ്ത്രത്തില്‍ സ്വതന്ത്ര രചന നിര്‍വഹിക്കുവാന്‍ കഴിയുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

? ഹദീസ് നിദാന ശാസ്ത്രത്തെ സേവിക്കുന്നതില്‍ താങ്കള്‍ക്ക് അനുഭപ്പെട്ട പ്രതിബന്ധങ്ങള്‍ എന്തെല്ലാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം പ്രസ്താവ്യമായ പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വഴി പൂര്‍ണമായും എനിക്ക് അനുകൂലമായിരുന്നു. അല്ലാഹു വല്ലതും ഉദ്ദേശിച്ചാല്‍ അതിനുള്ള കാരണങ്ങളും അവന്‍ തന്നെ ഒരുക്കിത്തരുമല്ലോ. കയ്യെഴുത്ത് പ്രതികള്‍ കണ്ടെടുക്കാനും അവ പഠിക്കാനും ക്രമീകരിക്കാനും പൗരാണികര്‍ എഴുതിയ രചനകള്‍ വായിച്ചെടുക്കാനും കുറച്ച് പ്രയാസങ്ങള്‍ സഹിക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ചും പകര്‍പ്പെഴുത്തുകളും പേര്‍ഷ്യന്‍ രചനകളും. അവയെല്ലാം അല്ലാഹുവിന്റെ സഹായത്തോടെ അതിജയിച്ചു. മുശ്കിലുല്‍ ആസാര്‍ എന്ന ഗ്രന്ഥം പരിശോധിക്കുന്നതിനിടയില്‍ അതിലെ അവസാന ഭാഗം എനിക്ക് ലഭിച്ചില്ല. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ അതിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. അത് ഇബ്‌നു റുശ്ദിന്റെ സംഗ്രമാണെന്നും പറയപ്പെട്ടു. ഏതായാലും ഒരു സഹോദരന്‍ മുഖേന ബന്ധപ്പെടുകയും അത് എനിക്ക ലഭിക്കുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ ഞാനന്യേഷിക്കുന്ന ബാക്കി ഭാഗം അതിലുണ്ടായിരുന്നു.

? അവസാന മൂന്ന് ദശകങ്ങളില്‍ വൈജ്ഞാനിക ലോകം സ്തുത്യര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇസ്‌ലാമിക പൈതൃകത്തിലെ ധാരാളം കൃതികള്‍ പുനഃ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഈ പരിശ്രമങ്ങളില്‍ ചില പോരായ്മകളും സംഭവിച്ചതായി കാണാവുന്നതാണ്. ഈ മേഖലയില്‍ നിപുണരല്ലാത്ത ചിലരുടെ ഇടപെടല്‍മൂലമാണ് ഇത് സംഭവിച്ചത്. ഇവയെക്കുറിച്ച് താങ്കള്‍ക്ക് എന്തു പറയാനുണ്ട് .
ഗവേഷണത്തിനും പഠനത്തിനും യോഗ്യതയില്ലാത്തവര്‍ അത്തരം ഏര്‍പ്പാടുകള്‍ നടത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാറ്റിനുമുപരിയായി അല്ലാഹുവിനെ ഭയപ്പെടേണ്ടിയിരിക്കുന്നു. പിന്നിടാണ് തങ്ങളുടെ വിജ്ഞാനത്തിനനുസരിച്ചുള്ള ഇടപെടലുകള്‍ നടത്തേണ്ടത്. സാധാരണയായി പറയപ്പെടാറുണ്ട്. തന്റെ പരിമിതി തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ അല്ലാഹു കരുണ ചെയ്തിരിക്കുന്നു. തനിക്ക് പരിചിതമല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുസ്‌ലിം ഉമ്മത്ത് കാലാകാലമായി സംരക്ഷിച്ച് പോരുന്ന പൈതൃകത്തോട് ചെയ്യുന്ന അക്രമമാണ്.
ചില തുടക്കക്കാര്‍ പോലും തങ്ങള്‍ പ്രഗല്‍ഭരാണെന്ന് ധരിക്കുന്നു. അവരുടെ വൈജ്ഞാനിക യോഗ്യതയാവട്ടെ തീര്‍ത്തും പിന്നാക്കവുമാണ്. ഒരു വിദ്യാര്‍ത്ഥി നിപുണനായ ഉസ്താദിന്റെ കൂടെ ജീവിക്കുകയും തനിക്കാവശ്യമായ പരിശീലനം നേടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ഞാന്‍ ഈ മേഖലയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കും എന്ന് ബോധ്യപ്പെടതോടെയാണ് പ്രസിദ്ധീകരണമാരംഭിച്ചത്.

?പ്രാഥമിക വിവരം പോലുമില്ലാത്ത ചില വിദ്യാര്‍ത്ഥികള്‍ ഹദീസുകളെ ദുര്‍ബലവും സഹീഹുമാക്കി മാറ്റാനും പൂര്‍വ്വകാല പണ്ഡിതരെ നിരൂപിക്കാനും തയ്യാറാവുന്നതിനെ സംബന്ധിച്ച് താങ്കള്‍ എന്ത് പറയുന്നു.
അത്തരം ആളുകള്‍ വരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും. അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ആളല്ല. ഇത് സൂക്ഷ്മ പരിശോധനയാണ്. അറബി ഭാഷ, ഹദീസ്, ഫിഖ്ഹ്, താരീഖ് തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം ഇതിനാവശ്യമാണ്. കാരണം ഒരിക്കല്‍ രചിക്കപ്പെട്ട ഗ്രന്ഥമാണ് പുനര്‍വായന നടത്തുന്നത്. അതിനര്‍ത്ഥം അവിടെ നിരൂപണമാണ് നടത്തപ്പെടുന്നത് എന്നാണ്. അത് കൊണ്ട് തന്നെ പ്രസ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവന്റെ വൈജ്ഞാനിക നിലവാരം ഗ്രന്ഥകാരന്റെതിനേക്കാള്‍ ഉയര്‍ന്നതായിരിക്കണം. അത് കൊണ്ട് തന്നെ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നിര്‍വ്വഹിക്കാറില്ല.

? ഹദീസ് ശാസ്ത്രത്തിന് നേരെ ഓറിയന്റലിസ്റ്റുകള്‍ നെയ്ത ചില ആരോപണങ്ങള്‍ സമകാലീനര്‍ ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണുന്നു. ്പ്രത്യേകിച്ചും ഹദീസ് ക്രോഡീകരണത്തിന്റെ കാര്യത്തില്‍. എന്താണ് താങ്കളുടെ അഭിപ്രായം
അക്കൂട്ടര്‍ തെറ്റായ ചിന്താഗതിക്കാരാണ്. നീതിയുടെയും ബുദ്ധിയുടെയും കണ്ണുകള്‍ കൊണ്ട് ഹദീസ് ശാസ്ത്രത്തെ ദര്‍ശിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പൂര്‍വ്വ പണ്ഡിതര്‍ സ്വീകരിച്ച വഴികള്‍ അവര്‍ സ്വീകരിക്കുന്നുമില്ല. അത് കൊണ്ട് അവര്‍ക്ക് ഗവേഷണത്തിന് പ്രത്യേക രീതിയോ ക്രമമോ ഇല്ല. നമുക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിച്ചത് പോലെത്തന്നെ തിരു സുന്നത്തും സംരക്ഷിച്ചിട്ടുണ്ട്. ഹദീസ് ക്രോഡീകരണത്തിനെയും അതിന്റെ രീതിയെയും കുറിച്ച ആക്ഷേപം മുസ്‌ലിങ്ങളില്‍ നിന്നല്ല മറിച്ച് ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ ആവിഷ്‌കരിച്ചതാണ്. അവര്‍ക്കാകട്ടെ ഈ ഉമ്മത്തിലെ പണ്ഡിതര്‍ കൃത്യമായി മറുപടിയും നല്‍കിയിട്ടുണ്ട്.
ഹദീസ് ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അതിലെ ശരി ബോധ്യപ്പെടുമെന്നതില്‍ സംശയമില്ല. കാരണം സനദും മത്‌നും പഠിക്കുന്നവര്‍ക്കു തന്നെ ഈ ലളിതസത്യം ബോധ്യപ്പെടും . ഇതാണ് നാം പ്രസിദ്ധീകരിച്ച എല്ലാ ഗ്രന്ഥങ്ങളിലും നാം ചെയ്തത്. അതിനാല്‍ നമുക്ക് മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. ഇതു വരെ ഒരു ഓറിയന്റലിസ്‌റ്റോ, ആത്മാര്‍ത്ഥതയുള്ള മുസ്‌ലിമോ എനിക്ക് മറുപടി പറഞ്ഞതായി അറിവില്ല. പ്രവാചക സുന്നത്തിനെ ആക്ഷേപിക്കുന്നവര്‍ അവയെ പൂര്‍ണമായും നിരൂപിക്കുന്നില്ല. മറിച്ച് അവയില്‍ ചിലതാണ് അവര്‍ ഉദ്ദേശിക്കുന്നത്.

? ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്തവര്‍ കര്‍മ്മശാസ്ത്ര മേഖലയില്‍ ഇടപെടുകയും ഫത്‌വകള്‍ നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്ത് പറയുന്നു.
ഇത്തരം കാര്യങ്ങള്‍ വിവരമില്ലാത്തവര്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തമല്ല. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരാള്‍ക്ക് ദുര്‍ബലമായ ഹദീസിന് മേല്‍ വിധികള്‍ രൂപപ്പെടുത്താവതല്ല എന്ന് ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. എല്ലാ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഹലാലുകളും ഹറാമുകളും തീരുമാനിക്കുന്നതിന് ദുര്‍ബലമോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകള്‍ ഉപയോഗപ്പെടുത്താവതല്ല. അപ്രകാരം ചെയ്യുന്നവര്‍ അവരുടെ ഗവേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് സാരം.
് പ്രമാണത്തിന്റെ ആധികാരികത ബോധ്യപ്പെടാതെ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുകയെന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല എന്ന് നാം പറയുന്നത് അതുകൊണ്ടാണ.് കാരണം ഇത് ദൈവികമായി ഉത്തരവാദിത്തമാണ്.

? നിലവില്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്? ഞങ്ങള്‍ക്കവ വായനക്കാരെ അറിയിക്കാമല്ലോ.
ഇബ്‌നു ഹജറിന്റെ ഫത്ഹുല്‍ ബാരിയാണ് ഇപ്പോള്‍ പണിപ്പുരയിലുള്ളത്. സനദുമായി ബന്ധപ്പെട്ട അതിന്റെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ ലഭ്യമായിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജര്‍ തന്റെ ഗ്രന്ഥത്തില്‍ തെളിവെടുത്ത ഹദീസുകളെ പരിശോധിക്കുകയാണ് നാം ചെയ്യുന്നത്. അവ ശരിയായവയാണെങ്കില്‍ അവയെ തല്‍സ്ഥാനത്ത് തന്നെ അശേഷിപ്പിക്കുകയും ദുര്‍ബലമായവയുടെ കൂടെ അനുബന്ധം ചേര്‍ക്കുകയും ചെയ്യും.

ചോദ്യം: ഈ പദ്ധതി എപ്പോഴാണ് പൂര്‍ത്തിയാവുക?
ഞങ്ങള്‍ പകുതി ഭാഗത്തോളം ചെയ്തു കഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ (ഇന്‍ ശാ അല്ലാഹ്) അവ മാര്‍ക്കറ്റില്‍ ലഭ്യമാവും. ഈ രചന പ്രസ്തുത മേഖലയിലെ ആദ്യത്തെയും അവസാനത്തെയുമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.

? വിദ്യാര്‍ത്ഥികള്‍ക്ക് എന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?
മുഖല്ലിദുകളായി തുടങ്ങുകയും, തുടരുകയും പിന്നിട് തെളിവുകള്‍ നോക്കി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരായി മാറുകയും ചെയ്യുക. തൊട്ടില്‍ മുതല്‍ ചുടല വരെ വിജ്ഞാനം തേടുന്നവനായിരിക്കും യഥാര്‍ത്ഥ വിദ്യാര്‍ത്ഥി. ഇസ്‌ലാമിലെ വിദ്യാര്‍ത്ഥി തുടക്കത്തില്‍ അനുകരിക്കുന്നവനും പിന്നീട് തെളിവന്വേഷിക്കുന്നവനും ഒടുവില്‍ ഗവേഷണം വരെ നടത്തുന്നവനുമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി